മുല പൂത്ത യക്ഷി

ശാന്തമായ ആകാശം. പാടത്ത് പണിയ്ക്ക് വന്നവരൊക്കെ പോകാനുള്ള തയ്യാറെടുപ്പിലാണ്. ചെറിയ പക്ഷികൾ മണ്ണിൽ വീണുകിടക്കുന്ന നെല്ലുകൾ കൊത്തിപ്പെറുക്കുന്നതിനടുത്തായി രണ്ട് നായ്ക്കൾ വരമ്പിനറ്റത്തെ കുറ്റിക്കാട്ടിലേക്ക് തുറിച്ച് നോക്കിക്കൊണ്ട് മോങ്ങുന്നു.

കരിമ്പനത്തേങ്ങകൾ നിറഞ്ഞുനിൽക്കുന്ന മൂന്നോ നാലോ മരങ്ങൾ മാത്രമേ അവിടെയുള്ളൂ. അവയ്ക്ക് താഴെ ചിന്നിച്ചിതറിയ നിഴലുകൾ ചലിച്ചുകൊണ്ടിരുന്നു. ദുർഗായാമത്തിൽ പൂക്കുന്ന മുല്ലപ്പൂക്കൾ കാടുപിടിച്ച് കിടക്കുന്ന കാവിന്റെ ഇടതുഭാഗത്ത് അടിയോടെ വെട്ടിക്കളഞ്ഞ പാലമരത്തിന്റെ കുറ്റിയ്ക്കുമേൽ കുട്ടികൾ തായം കളിയ്ക്കുന്നു.

ഒരു കെട്ടമണം കാറ്റിനൊപ്പം അവിടമാകെ പരന്നിട്ടുണ്ട്. ചേന പൂത്തതോ പാമ്പ് ചത്തതോ ആകണം. ഇടവഴിയിൽ ഒരു പശു അനങ്ങാതെ നിൽക്കുന്നു, അതിന്റെ അകിടിൽ നിന്നും പാലൊഴുകുകയും നിലത്തെത്തും മുൻപേ അപ്രത്യക്ഷമാവുകയും ചെയ്തുകൊണ്ടിരുന്നു. കാവിലെ കൽവിളക്ക് നീങ്ങുന്നുണ്ടോ? തോന്നിയതാകും.

വലിയൊരു പക്ഷി പറന്നിറങ്ങി, ആൽമരത്തിനപ്പുറത്തെ പൊട്ടക്കുളത്തിൽ മറഞ്ഞു. ഏതോ ഒരു മുരൾച്ച നിറഞ്ഞുനിൽക്കുന്ന വൈകുന്നേരത്തിലേയ്ക്ക് തിടുക്കപ്പെട്ടിറങ്ങുന്ന പോലെ കട്ടപിടിച്ച ഇരുട്ട് വൃത്താകൃതിയിൽ അവിടെയാകെ പിടഞ്ഞുരുണ്ടു.

അന്തിയാകും മുൻപേ കനത്തു തുടങ്ങിയ ഇരുട്ടിനെ ഭയപ്പാടോടെ നോക്കി സതി ഇറയത്തെ തൂണിൽ ചാരി നിന്നു. മഴക്കാറില്ലായിരുന്നു വൈകുന്നേരം വരെ. തണുത്തൊരു കാറ്റുപോലും ഇല്ല. പിന്നെവിടെ നിന്നാണ് ഇത്രയും ഇരുട്ട് ഉരുണ്ടുകൂടിയത്. അവൾ സംശയത്തോടെ പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.

കാലം മാറുമ്പോ എല്ലാം ഇങ്ങനെ മാറിക്കൊണ്ടിരിക്കും എന്ന് പിറുപിറുത്തുകൊണ്ട് അവൾ ഓരോ ആലോചനയിലേയ്ക്ക് മുഴുകി. ശങ്കറുമായുള്ള വിവാഹം കഴിഞ്ഞുള്ള മൂന്നാമത്തെ സ്ഥലം മാറ്റമാണ് ഇങ്ങോട്ടേയ്ക്ക്. ഈ വീടും പരിസരവും വളരെ ഇഷ്ടപ്പെട്ടിരുന്നു സ്ഥലം കാണാൻ വന്നപ്പോൾ തന്നെ. തൊടി നിറയെ ധാരാളം മരങ്ങളും ചെടികളുമുള്ള പുതുക്കിപ്പണിതൊരു പഴയ വീട്. കഴിഞ്ഞ രണ്ടുതവണയും താമസിച്ചിരുന്നത് ചെറിയ വീടുകളിലായിരുന്നു. പരിസരത്തൊക്കെ ധാരാളം വീടുകളുള്ള ഇടങ്ങൾ. എന്നാലിവിടെ ഒറ്റപ്പെട്ട വീടുകൾ മാത്രമേയുള്ളൂ.

തായ്‌വഴിയിൽ ശങ്കറിന്റെ മുത്തശ്ശിയ്ക്ക് അവകാശമുള്ള സ്ഥലം കൂടിയാണിത്. അതുകൊണ്ടുകൂടിയാണ് ഓഫിസിൽ നിന്നും കുറച്ചധികം ദൂരെയായിട്ടും ഇതുതന്നെ മതിയെന്ന് ശങ്കർ ശഠിച്ചത്. ആരും നോക്കാനില്ലാതെ കാടുപിടിച്ച് കിടന്ന സ്ഥലവും പൊളിഞ്ഞുവീഴാറായ വീടും ശങ്കറിന്റെ അമ്മാമൻ ഒന്നിച്ച് വിലയ്‌ക്കെടുത്ത് വാങ്ങിയിട്ട് ഏതാണ്ട് രണ്ടരവർഷമേ ആയിട്ടുള്ളൂ. അമ്മാമനും കുടുംബവുമെല്ലാം വിദേശത്ത് സ്ഥിരതാമസവുമാണ്. ശങ്കറിനോട് ഈ വീട്ടിൽ താമസിക്കാൻ പറഞ്ഞതും അമ്മാമൻ തന്നെ.

വീട്ടിൽ നിന്ന് ആരും സഹായത്തിനായി വരാനില്ലാത്തതിനാൽ കൂടെ നിൽക്കാനായി ഒരാളെ തിരയുന്നുണ്ട്. അങ്ങാടിയ്ക്കടുത്തുള്ള വീട്ടിലെ ചേച്ചി ഇങ്ങോട്ടേക്ക് ഇന്നോ നാളെയോ ഒരാളെ അയക്കാം എന്നും പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കിനി വയ്യ എന്തായാലും, നല്ല ക്ഷീണമായിത്തുടങ്ങിയിട്ടുണ്ട്. ആറുദിവസം കൂടിയേയുള്ളൂ പ്രസവത്തിന്. അതിന്റെ ആലസ്യവും പേടിയുമെല്ലാം നല്ലോണമുണ്ട്.

ശങ്കർ ഇന്ന് കുറച്ച് വൈകിയേ വരൂ, ഓഫീസിലെ എന്തോ കാര്യവുമായി ബന്ധപ്പെട്ട് മറ്റൊരിടത്തേക്ക് പോയതാണ്. എല്ലാമോർത്തുകൊണ്ട് സതി വയറൊന്ന് താങ്ങിപ്പിടിച്ച് അവിടെ നിന്നും മെല്ലെ എഴുന്നേറ്റ് മുറിയിലേയ്ക്ക് നടന്നു. ഫോൺ കട്ടിലിനരികെയുള്ള മേശമേൽ വെച്ച്, അല്പം വെള്ളവും കുടിച്ച് പതുക്കെ കിടന്നു. ഉറക്കം കാര്യമായി ഇല്ലാത്തതുകൊണ്ട് എഴുന്നേറ്റ് ചാഞ്ഞിരുന്ന് ഓരോന്നാലോചിച്ചും നെടുവീർപ്പിട്ടും രണ്ടുകാലുകളും നീട്ടിവെച്ചു.

സന്ധ്യ ആയതേയുള്ളൂ, എന്നിട്ടും ഇത്രത്തോളം കനക്കുന്ന ഇരുട്ടിനെപ്പറ്റി അവൾ വീണ്ടും സംശയിച്ചു. ഒരൊറ്റ ഇലകൾ പോലും അനങ്ങുന്നുണ്ടായിരുന്നില്ല. തുറന്നിട്ട ജനാലയിലൂടെ അവൾ നോക്കിക്കൊണ്ടിരുന്നു, മരങ്ങളെല്ലാം ആരെയോ തുറിച്ചുനോക്കുന്നതുപോലെ നിശ്ചലമായിരിക്കുന്നു.

ഇത്രയും വലിയ വീട് വേണ്ടായിരുന്നു എന്ന് ഇപ്പൊ തോന്നുന്നു. സ്വന്തം ശബ്ദം തന്നെ പ്രതിധ്വനികളായി ഭയപ്പെടുത്താറുണ്ട് പലപ്പോഴും. പഴയ വീടായതുകൊണ്ട് പൂട്ടിയിട്ട പല മുറികളുണ്ടെന്നും അതൊന്നും തുറന്ന് വൃത്തിയാക്കേണ്ടതില്ലെന്നും ശങ്കറിന്റെ അമ്മാമൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

മുഖത്തേയ്ക്ക് വീണ മുടി ചെവിയ്ക്ക് പിറകിലേക്ക് ഒതുക്കിവെച്ചപ്പോഴാണ് കാറ്റ് വീശുന്നുണ്ടല്ലോ എന്ന് സതി മനസ്സിലാക്കിയത്. കട്ടിലിൽ നിന്നും ഇറങ്ങി സതി ജനാലയ്ക്കരികിലേയ്ക്ക് നടന്നു. ഉവ്വ്, കാറ്റു വീശുന്നുണ്ട് ഇപ്പൊ. മുറ്റത്തെ നിശാഗന്ധി പൂത്തിരിക്കുന്നു. താഴെ നിൽക്കുമ്പോ അത് കണ്ടില്ലല്ലോ എന്ന് അവളോർത്തു. മൊട്ടുകളും കണ്ടിരുന്നില്ല. ചെലപ്പോ ശ്രദ്ധിക്കാഞ്ഞിട്ടാകും.

തൊടികളിൽ നിറയെ മരങ്ങളും ചെടികളുമൊക്കെ ഉള്ളതോണ്ടാകും കാറ്റിനൊപ്പം പല പൂക്കളുടെ മിശ്രിതം പോലെ ഒരു ഗന്ധം വീശിയെത്തുന്നത്. ജനാല തുറന്നുതന്നെ വെച്ച് അവൾ കട്ടിലിൽ വന്ന് കിടന്നു.

അസ്വസ്ഥത തോന്നി, പതിവില്ലാത്ത ഉറക്കത്തിൽ നിന്നും സതി മെല്ലെ കണ്ണുതുറന്നു. സ്വപ്നമോ യാഥാർത്ഥ്യമോ എന്നറിയാതെ തൊണ്ടയിൽ ഒരു നിലവിളി കുരുങ്ങി. അവളുടെ വീർത്ത വയറിൽ ഇരുകൈകളും അമർത്തി കുന്തിച്ചിരിക്കുന്ന ഒരു രൂപം.

മുറിയിലെ ഇരുട്ടിൽ ആ രൂപത്തെ വ്യക്തമായി കാണാൻ അവൾക്ക് കഴിഞ്ഞില്ല. വയറിൽ അമരുന്ന കൈകളുടെ ശക്തി അവളെ ചെറുതായി വേദനിപ്പിച്ചു. ഭയപ്പാടോടെ എഴുന്നേൽക്കാനാഞ്ഞതും അവിടെയാകെ നേരിയ പ്രകാശം പരന്നു. കുറച്ച് മുൻപേ കാറ്റിൽ പരന്ന ഗന്ധം ആ മുറിയിലാകെ നിറഞ്ഞു. കരയാനോ അലറിവിളിക്കാനോ ശേഷിയില്ലാതെ സതി കൈമുട്ടുകൾ കുത്തി തല ലേശം പൊക്കി അങ്ങനെതന്നെ കിടന്നു. അവൾക്കിപ്പോൾ മുന്നിലെ രൂപത്തെ കുറേക്കൂടി വ്യക്തമായി കാണാം.

നിലാവ് പരന്നൊഴുകിയ ദേഹം. കട്ട പിടിച്ച നീളൻമുടികൾ അരയ്ക്കുതാഴേയ്ക്ക് അഴിഞ്ഞു കിടന്നു. നെറുംതലയിൽ കുത്തിക്കെടുത്തിയൊരു പന്തം പുകയുന്നു. കഴുത്തിൽ തൂങ്ങുന്ന, മുറിച്ചെടുത്ത വിരലുകളുടെ മാല. പൂർണ്ണനഗ്നതയെ മറയ്ക്കുന്ന മുടിയിഴകൾക്ക് ഇരുട്ടിനേക്കാൾ കറുപ്പ്. നെറ്റിയിലെ വലിയ വട്ടപ്പൊട്ടിൽ നിന്നും ഒലിച്ചിറങ്ങിയതെന്തോ കട്ടപിടിച്ചിരിക്കുന്നു. ചോരനിറമുള്ള യോനിയിൽ നിന്നും ഒരു തലയോട്ടി വീർത്ത വയറിന് നേരെ തള്ളി നിന്നു.

പൊടുന്നെന്നെ ആ രൂപം സതിയുടെ തുടകളിലേയ്ക്ക് ചാടിക്കയറി. അതിന്റെ ഇരു മുലകളിലും ഓരോ നിശാഗന്ധിപ്പൂക്കൾ വിരിഞ്ഞു നിന്നിരുന്നു. മുലഞെട്ടുകളിൽ വിരിഞ്ഞുനിന്ന നിശാഗന്ധിപ്പൂക്കളുടെ മധ്യത്തിലായി ചുവന്ന കണ്ണ്, കൃഷ്ണമണി ചലിപ്പിച്ചുകൊണ്ടിരുന്നു. രൂക്ഷമായ നോട്ടത്തോടെ സതിയ്ക്ക് നേരെ മുഖമടുപ്പിച്ച് ആ രൂപം ഒന്നുകൂടി വലിഞ്ഞ് ഇരുന്നു. അപ്പോഴവൾ ആ കണ്ണുകളിൽ കത്തുന്ന രണ്ട് കുളങ്ങളെ കണ്ടു. സതിയുടെ വയറിൽ കൈകളമർത്തിക്കൊണ്ട് ആ രൂപം അലറിവിളിച്ചു. കൂർത്ത നഖങ്ങളാൽ വയറുകീറി രക്തം ചീറ്റിച്ച് കുടൽമാല പുറത്തേക്കിട്ടു. ഗർഭപാത്രം ചൂഴ്ന്ന് അതിനുള്ളിൽ നിന്നും കുഞ്ഞിനെ ഒരു കയ്യാൽ തൂക്കിയെടുത്ത് കട്ടിലിൽ നിന്നും ചാടിയിറങ്ങി മുറിയിൽ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നു. ഒരുതരി വേദന പോലും അറിയാതെ അവൾ ഭീതിയാൽ മരവിച്ച് കിടന്നു.

മുറിയുടെ ഒരു കോണിൽ നിലാവ് ചുരുണ്ടു കൂടിയ വെളിച്ചത്തിന്റെ വൃത്തം. നട്ടപാതിരയ്ക്ക് കാവിൽ നിന്നും ദീപാരാധനയുടെ നേർത്ത ശബ്ദം. മീനമാസത്തിലെന്നപോലെ വിയർത്തൊലിയ്ക്കുന്ന രാത്രിയുടെ കിതപ്പിലൂടെ വീടിനു പിറകിലെ കിണറിനടുത്തുള്ള കൈതക്കാടിലേയ്ക്ക് ഒരു ചെന്നായ പകയോടെ പാഞ്ഞു. ഇടിച്ചുകുത്തിക്കൊണ്ടൊരു മഴ എവിടെനിന്നോ പാഞ്ഞെത്തി ഇടിമിന്നലുകളിൽ ഭ്രമാത്മകതയുടെ അനുഭൂതി തീർത്തു. ജനൽപ്പടിയിൽ ഒരു സർപ്പത്തിന്റെ ശീൽക്കാരം.

എന്തോ ശബ്ദം കേട്ട് സതി ഞെട്ടിയുണർന്നു. നേരം കുറേയായെന്നു തോന്നുന്നു മയങ്ങിയിട്ട് എന്ന വിചാരത്തിൽ അവൾ കട്ടിലിൽ നിന്നെഴുന്നേറ്റു. എന്തൊക്കെയോ ദുഃസ്വപ്നങ്ങൾ കണ്ടിരിക്കുന്നു. ആകെ വിയർത്തപോലെ. ജനാലയ്ക്കരികിലെത്തിയപ്പോഴാണ് നല്ല മഴ പെയ്യുന്നത് അവളറിഞ്ഞത്. വയറിൽ തലോടിക്കൊണ്ട് മുറിയ്ക്ക് പുറത്തേയ്ക്ക് നടക്കാനാഞ്ഞതും അവൾ സംശയത്തോടെ നിന്നു, വയറിലേക്ക് നോക്കി. ഒട്ടിയ വയറിലമർന്ന അവളുടെ കൈകൾ വിറച്ചു. വാതിലിനരികെ അവൾ മോഹാലസ്യപ്പെട്ടുവീണു. ഉഗ്രമായൊരു ഇടിമിന്നലിൽ പുറത്തെ മഴ പെട്ടന്ന് നേർത്തു.

നേരം കുറെയാകുന്നു. രാത്രി ഒമ്പതര കഴിഞ്ഞു, ശങ്കർ വരാൻ ഇത്രയും വൈകുന്നത് എന്താണെന്നാലോച്ചിച്ച് ഉമ്മറത്തെ തിണ്ണയിലെത്തി സതി ഒന്നുകൂടി ഒതുങ്ങിയിരുന്നു. നേരമില്ലാത്ത നേരത്ത് ഒന്ന് മയങ്ങിയതോണ്ടാകും നല്ല ക്ഷീണവും തോന്നുന്നു. ഫോണിൽ മെസ്സേജിന്റെ ശബ്ദം. ഇന്നിനി വരികയില്ലെന്നും അവർ ഇപ്പോൾ ഉള്ള സ്ഥലത്ത് കടുത്ത പേമാരിയാണെന്നും വഴിയിലെങ്ങും തടസ്സങ്ങളാണെന്നുമുള്ള സന്ദേശം അവൾ തെല്ലൊരു സങ്കടത്തോടെ വായിച്ചു. സിഗ്നൽ ഒട്ടും ഇല്ലെന്നും ഫോൺ വിളിച്ചാലും കിട്ടില്ലെന്നുമുള്ള രണ്ടാമത്തെ സന്ദേശവും കേട്ട് അവൾ മെല്ലെ വീടിനുള്ളിലേക്ക് കയറാനായി എഴുന്നേറ്റു. ദൂരെ നിന്നും ഒരു വെളിച്ചം വരുന്നതുപോലെ അവൾ കണ്ടു. അതെ, ഇങ്ങോട്ട് തന്നെയാണ്. വീടിന്റെ പടിക്കെട്ടും കടന്ന് ആ വെളിച്ചം മുറ്റത്തേയ്ക്ക് എത്തിയപ്പോഴാണ് ആളെ കാണാൻ പറ്റിയത്. പാതി കത്തിയ ചൂട്ടുമായി ഒരു യുവതി.

അവളുടെ മിഴികളിൽ കണ്മഷി പരന്നിരിക്കുന്നു. ഏതോ ഒരു തേജസ്സ് തളം കെട്ടിയ കവിളുകൾ. വിറകൊള്ളുന്ന ചുണ്ടുകൾക്ക് കടുത്ത ചുകപ്പ് നിറം. തീക്കനലുകളുടെ ജ്വലനം പോലെ, രൗദ്രഭാവത്തിൽ നെറ്റിയിൽ വട്ടപ്പൊട്ട് അമർന്നുകിടന്നു. ഒതുങ്ങിയ അരക്കെട്ടിലേയ്ക്ക് ഇടംകൈ ചേർത്തുവെച്ച് തീക്ഷ്ണതയോടെ അവൾ കൈതക്കാട്ടിലേയ്ക്ക് നോക്കി, പേടിച്ചരണ്ടൊരു ചെന്നായ അടിമയെപ്പോലെ മണ്ണിലേക്ക് ചേർന്നുകിടന്നു. സർപ്പദംശനമേറ്റ പാടുകളെപ്പോലെ രണ്ട് നുണക്കുഴികളെ തെളിയിച്ച് അഴകേറിയ ഭാവത്തോടെ പടികൾക്കുതാഴെ, സൂര്യഗ്രഹണത്തിലെ അകാല ഇരുട്ടുപോലെ അവൾ നിന്നു.

സതിയുടെ ചോദ്യത്തിന് മുന്നേ അവിടെ സഹായത്തിനായി വന്നതാണെന്ന് മധുരമായ ശബ്ദത്തിൽ അവൾ പറഞ്ഞു. ഇത്ര പെട്ടന്ന് ആളെത്തുമെന്ന് സതിയും ഒട്ടും കരുതിയില്ല. സന്തോഷത്തോടെ അവളേയും കൂട്ടി വീടിനുള്ളിലേക്ക് കയറി. നെറുതലയിൽ ചൂട്ട് കുത്തിക്കെടുത്തി വന്യമായ ചിരിയോടെ ആ യുവതി സതിയ്ക്ക് പിറകെ നടന്നു. ഉമ്മറപ്പടി കടക്കും മുൻപേ അവൾ ഇരുട്ടിലേക്ക് തിരിഞ്ഞുനോക്കി ഒന്ന് പുഞ്ചിരിച്ച് മുന്നോട്ട് നടന്നു. അവളുടെ ഉടയാടകൾ അഴിഞ്ഞുവീണു. മുലക്കണ്ണുകളിൽ നിശാഗന്ധികൾ പൂത്തുവിടർന്നു. ചുമരിലെ ഘടികാരത്തിൽ സൂചികൾ പിറകോട്ട് നീങ്ങി ഏഴുമണിയിലെത്തി നിന്നു. തണുത്ത കളഭമണം നിലാവിനെ ഉണർത്തിവിട്ടു.


Summary: Mula Pootha Yakshi, Malayalam short story written by Priya Unnikrishnan.


പ്രിയ ഉണ്ണികൃഷ്​ണൻ

കവി, കഥാകാരി, എഴുത്തുകാരി. അമേരിക്കയിലെ ടെക്​സസിൽ താമസിക്കുന്നു. സൗണ്ട്​ പ്രൂഫ്​, പ്രണയം വിപ്ലവം വീക്ഷണം എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments