കൃഷ്ണ ബി.എസ്.

മ്യാവൂ

29-07-2026

പേര്: ലാസർ അലോഷ്യസ്
വയസ്സ്: 36
മരണകാരണം: ആത്മഹത്യ
കിട്ടിയ അവയവങ്ങൾ: കണ്ണ്, കരൾ, വൃക്ക, ശ്വാസകോശം...

26-07-2026

ഇണചേരലെന്നു പറയുമ്പോൾ തെറ്റിദ്ധരിക്കരുത്.
ശരീരങ്ങൾ കൃത്യം നാൽപ്പത്തഞ്ച് ഡിഗ്രി കോണളവിൽ കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കുന്ന പരിപാടിയല്ല. സത്യത്തിൽ, ആദ്യം എന്റെയും പിന്നീട് എതിരാളിയുടേയും മറകളൂരി വീഴുമെന്നതൊഴിച്ചാൽ കാമവുമായി നേരിയ ഛായപോലും എന്റെ യാത്രകൾക്കില്ല. പക്ഷേ, എല്ലാ ശീലങ്ങളും ഒരിക്കലെങ്കിലും തലകുത്തനെ നിന്ന്, നാവുപുറത്തേക്കിട്ട്, ലോകത്തിൽ വെച്ചേറ്റവും വികൃതമായ ചിരി ചിരിക്കുമല്ലോ. അതുകൊണ്ട് ഞാൻ ഒരു വിശ്വാസത്തേയും മുഴുവനായി വിശ്വസിക്കാറില്ല.

ലാസർ സാർ സുന്ദരനല്ലാത്തതിനാൽ തന്നെ അയാളെ ഞാൻ കുറച്ചു ദിവസമായി നോട്ടമിട്ടുവെച്ചിരിക്കുകയായിരുന്നു. ഞങ്ങളുടെ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ചേർന്നിട്ട് വെറും മൂന്നാഴ്ചയേ ആയിട്ടുള്ളൂ. അധികം സംസാരിക്കില്ലെങ്കിലും ചുറ്റുമുള്ളവരെ നന്നായി ശ്രദ്ധിക്കുന്ന ആളാണെന്ന് എനിക്ക് വേഗം തന്നെ മനസ്സിലായി. അങ്ങനെയുള്ളവരെയാണ് പൊളിക്കാനെളുപ്പം. വൈകുന്നേരം, കൃത്യമായി പറഞ്ഞാൽ മൂന്ന് മുപ്പതിനും നാലിനുമിടയ്ക്ക് ഏകദേശം ഒന്നരമിനുട്ടുനേരത്തേക്ക്, വെയിലു ചത്ത്, ഒരു വലിയ മരം പോലെ വളർന്ന ആകാശം തണലായി ജനിക്കും. ആ നേരത്തേ ഉള്ളിലേക്ക് കടക്കാനാവൂ. പെട്ടെന്ന് പൊട്ടിമുളയ്ക്കുന്ന തണലിനോട് പൊരുത്തപ്പെടാനാവാതെ കൃഷ്ണമണി ഒരു നിമിഷത്തേക്ക് വിണ്ടുകീറും. ആ കീറലിലൂടെ വേണം അകത്തു കേറാൻ. ശബ്ദമുണ്ടാക്കാതെ. ഖജനാവുകാക്കുന്ന കള്ളനേക്കാൾ സാമർത്ഥ്യത്തോടെ.

നാടിനുപുറത്ത് ഞാൻ പരീക്ഷണങ്ങൾ നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ലാസർ സാറിനെ ഡൽഹിയിലിട്ട് പിടിക്കും എന്നു ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു. നാടകമത്സരത്തിന് അയാളാണ് ഗാർഡിയനായി വരുന്നതെന്നറിഞ്ഞതുമുതൽ തന്നെ ഞാൻ തയ്യാറെടുപ്പുകൾ തുടങ്ങി.

ട്രെയിനിൽ നിന്നുടനീളം ഞാനയാളെ ഇടക്കണ്ണിട്ടു നോക്കിക്കൊണ്ടേയിരുന്നു. വിൻഡോ സീറ്റിലാണിരിക്കുന്നതെങ്കിലും, സ്വന്തം ശരീരത്തിനു പുറമേയുള്ള ഒരു കാഴ്ചയോടും താൽപര്യമില്ലെന്ന പോലെ ജനാലയുടെ മറ താഴ്ത്തി, കൂട്ടി ചേർത്തടച്ചാണ് മുഴുവൻ സമയവുമിരുന്നത്.

എനിക്ക് ആവേശം കൂടുന്നുണ്ടായിരുന്നു. നിലത്താണിയടിച്ച കണ്ണുകൾ കാണാൻ വേണ്ടി ഞാൻ ഇടയ്ക്കിടെ ചെരുപ്പു നേരെയാക്കാൻ കുനിഞ്ഞു.

സമയമായിട്ടില്ല.

ഞങ്ങൾ സ്റ്റേഷനിൽ നിന്നുമിറങ്ങുമ്പോൾ കൃത്യം മൂന്നേ നാൽപത്. അവസരം നഷ്ടമാകുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. പക്ഷേ ബസ്സിലേക്ക് പെട്ടികൾ കയറ്റുമ്പോൾ, വറ്റാവുന്നതിനപ്പുറവും വറ്റിയപോലെ വീണ്ടുകീറിയ അയാളുടെ കൃഷ്ണമണി ഞാൻ കണ്ടു.

ഞാനകത്തുകേറിയതിനെക്കുറിച്ച് യാതൊരറിവും ലാസർ സാറിനില്ലെന്നെനിക്കുറപ്പായിരുന്നു. അയാൾ എപ്പോഴത്തെയും പോലെ ഒച്ചയുണ്ടാകാതെ നടന്നു. ഞാൻ പിത്തസഞ്ചിക്കുപിന്നിലെ അലമാരയിൽ നിന്നും തേച്ചുമടക്കിയ ഒരു ജോഡി വസ്ത്രങ്ങൾ രാത്രിയിലേക്കായി മാറ്റിവച്ച് കാത്തിരുന്നു.

അവസാനത്തെ മുറിയിലെ ലൈറ്റുമണഞ്ഞപ്പോൾ ഞാനിറങ്ങി. അകത്തു കയറിയപ്പോൾ, സാധാരണയിൽ നിന്നും വ്യത്യസ്തമായി വെളിച്ചമുണ്ടായിരുന്നു. അയാൾ ലൈറ്റിട്ടാണ് കിടന്നുറങ്ങുന്നത്. ഇരുട്ടു പേടിയുള്ള കുഞ്ഞിനെപ്പോലെ, കാൽമുട്ടുകൾ മടക്കി, കൈ നെഞ്ചിലോട് ചേർത്തുപിടിച്ച്.

ഞാൻ പതുക്കെ കട്ടിലിലിരുന്നു. കവിളിൽ തൊട്ട് അയാളെ എണീപ്പിക്കാൻ നോക്കി. പിടഞ്ഞെണീറ്റ് എന്നെക്കണ്ടതും ഒന്നു ഞെട്ടി. പിന്നെ, വലിയ വായിൽ കരയാനാരംഭിച്ചു.

"എനിക്ക് പേടിയാവുന്നേ…"

അപ്പോൾ ഞെട്ടിയത് ഞാനാണ്. സാധാരണ ഉള്ളിലൊരാൾ കേറിയെന്നറിഞ്ഞാൽ ആളുകൾ ദേഷ്യപ്പെടാറോ ഓടാറോ ആണ് പതിവ്. ആദ്യമായാണ് ഒരാൾ ഇങ്ങനെ കരയുന്നത്.

ഞാനയാളുടെ തല പതുക്കെ എന്റെ മടിയിലേക്കെടുത്തു വെച്ചു. സാധ്യമായതിൽ വെച്ചേറ്റവും നനുത്ത ശബ്ദത്തിൽ ചോദിച്ചു. "എന്തേ പറ്റി ?"

പൊടുന്നനെ ഞങ്ങളുടെ മറകളൂരിവീഴുകയും, ഞങ്ങൾ എളുപ്പത്തിൽ തയ്യാറായ ഒരു അമാൽഗമായി മാറുകയും ചെയ്തു.

എന്നും അടയിരിക്കാറുള്ള കൂട്ടിൽ നിന്നും, അയാൾ പറന്നുവന്ന് പാത്രം കഴുകി. ഇന്ന് കുറഞ്ഞത് ഇരുപത്തഞ്ച് ഓർഡറെങ്കിലും എടുത്താലേ നാളെ വാടക കൊടുക്കാൻ പറ്റൂ. ബൈക്കിൽ ഇന്നലെയടിച്ച പെട്രോൾ ബാക്കി കാണണം. ആദ്യത്തെ നാലഞ്ചെണ്ണം ദോശകളായിരുന്നു. പല നിറങ്ങളിൽ, പലയുരുവംങ്ങളിൽ- മസാലയൊളിപ്പിച്ചത്, ചീസ് ചേർത്തത്, പേപ്പർ റോസ്റ്റ്, ഊത്തപ്പം... ഉച്ചയ്ക്ക് ബിരിയാണികൾ, ചട്ടിച്ചോറുകൾ. വൈകുന്നേരമായപ്പോഴേക്കും ശരിക്കും കുഴങ്ങി എണീറ്റതിൽ പിന്നെ ഒന്നും അകത്തേക്കു പോയിട്ടില്ല. ക്ലോക്കു സൂചികണക്ക് ഓട്ടം തുടങ്ങിയിട്ട് പതിനൊന്ന് മണിക്കൂറായി.

സെല്ലോടേപ്പുകൊണ്ട് ചേർത്തൊട്ടിച്ച സ്ക്രീനിൽ പിന്നെയും മണിമുഴങ്ങി. പന്ത്രണ്ട് പീസ് ബ്രോസ്റ്റഡ്, ആറ് ബർഗർ, എട്ട് വിങ്സ്, പത്ത് സ്ട്രിപ്സ്, മൂന്ന് ലാർജ് ചിക്കൻ, പോപ്കോൺ, ആറ് ലാർജ് ഡ്രിങ്ക്, പന്ത്രണ്ട് കിലോമീറ്റർ അപ്പുറം.

ബാക്ക് സീറ്റിലുറപ്പിച്ച പെട്ടിയിൽ കവറുകൾ സുരക്ഷിതമായി സ്ഥാപിച്ചശേഷം വണ്ടി മുന്നോട്ടെടുക്കുമ്പോൾ, വയറുകീറുന്ന ശബ്ദം അയാൾ കേട്ടു. നേർരേഖയിൽ നീങ്ങുന്തോറും, മരിച്ച കോഴികളുടെ മദംപിടിപ്പിക്കുന്ന മണം, അയാളുടെ പുറത്ത് മാന്തി വലിച്ചുകൊണ്ടിരുന്നു. അയാൾ പലതവണ വണ്ടി സൈഡാക്കി. ഓരോ പ്രാവശ്യവും അന്നനാളത്തിലുണരുന്ന വികാരങ്ങളെ കുടഞ്ഞെറിഞ്ഞ് ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിച്ചു.

ഡെലിവറി കഴിഞ്ഞ് മെയിൻ റോഡിലേക്കെത്തുമ്പോഴേ തന്നെ സന്ദേശമെത്തി; "ജംബോ ബക്കറ്റിൽ ഒരു സ്ട്രിപ് മിസ്സിംഗാണ്. പാക്ക് പൊട്ടിയിട്ടുണ്ട്. പിരിച്ചുവിട്ടിരിക്കുന്നു. റ്റാറ്റാ".

കടൽക്കരയിൽ അയാളിരുന്നു തിളച്ചു. ഒന്നുറക്കെ ദേഷ്യപ്പെടാനുള്ള ആവതുപോലുമില്ല. ബെഞ്ചിന്റെ കൈവരിയിലേക്ക് അയാൾ ഇത്തിരിയായി ഇറ്റിറ്റുവീണു.

അടുത്തൊരാൾ വന്നിരുന്നതുപോലും അയാളറിഞ്ഞില്ല. കുറച്ചുനേരം അയാളെത്തന്നെ നോക്കിയിരുന്ന അപരിചിതൻ, പതുക്കെ ഒരു സിഗററ്റുനീട്ടി. അയാൾ വേണ്ടെന്നു തലകുലുക്കി.

"നിങ്ങൾ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ഒന്നും കഴിച്ചില്ലേ?", അയാൾ കഷ്ടപ്പെട്ട് കണ്ണുകളുയർത്തി അപരിചിതനെ നോക്കി.

"എനിക്കറിയാം. ഒന്നും കഴിച്ചിട്ടില്ല’’.

കുറച്ചുനേരത്തേക്ക് തിരകളുടെ കരച്ചിൽ മാത്രം.

"നോക്കൂ, എനിക്ക് നിങ്ങളെ പരിചയമൊന്നുമില്ല. പക്ഷേ നമ്മൾ കണ്ടുമുട്ടേണ്ട ആൾക്കാരാണെന്ന് ഇപ്പോൾ തോന്നുന്നു. നിങ്ങളെ കണ്ടാൽതന്നെ അറിയാം, നിങ്ങൾക്ക് ജീവിച്ചുമടുത്തിരിക്കുന്നു. പക്ഷേ മരിക്കാനുള്ള ധൈര്യമില്ല, അല്ലേ?"

അയാൾ തുറിച്ചുനോക്കിക്കൊണ്ടേയിരുന്നു.

"ഇങ്ങനെ ഇടിച്ചുകേറിവന്ന് ഓരോന്ന് പറയുന്നതിൽ മോശം വിചാരിക്കരുതേ, നിങ്ങളെപ്പോലെയുള്ളവരെ സഹായിക്കലാണ് എന്റെ ജോലി. എത്രനാളെന്നുവെച്ചാ ഇങ്ങനെ ചത്തു ജീവിക്കുക? നിങ്ങൾക്കും വേണ്ടേ സമാധാനം, അല്ലേ?”

അയാൾക്കെന്തു പറയണമെന്നറിയില്ലായിരുന്നു. ശരിയാണ്. മടുപ്പ് അസ്ഥികളെ ബാധിക്കുമ്പോൾ കൃത്യമായി ഇടപെട്ട്, മനസ്സിനടിയിലടിഞ്ഞുകൂടിയ ചണ്ടി ഒന്ന് കലക്കി കുലുക്കി വീണ്ടും പഴച്ചാറാക്കാനുള്ള കഴിവ് അയാൾക്ക് വർഷങ്ങൾക്കുമുന്നേ നഷ്ടപ്പെട്ടിരുന്നു.

"ഞാൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കണം. നമ്മുടെ നാട്ടിൽ അത്ര പതിവുള്ളതല്ല. പക്ഷേ പുതിയ പതിവുകളെ ഉണ്ടാക്കിയെടുത്തല്ലേ പറ്റൂ. ഞങ്ങളുടെ കമ്പനി പ്രധാനമായും പ്രവർത്തിക്കുന്നത് ജപ്പാൻ, കൊറിയ പോലുള്ള രാജ്യങ്ങളിലാണ്.യൊനിഗേ യാ. എല്ലാറ്റിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു രാത്രിയാത്ര. ഒന്നുറങ്ങി എണീക്കുമ്പോഴേക്കും നിങ്ങൾ പുനർജനിച്ചിട്ടുണ്ടാവും. പുതിയ പേര്. പുതിയ നാട്. വേണമെങ്കിൽ പ്ലാസ്റ്റിക് സർജറിയും ലഭ്യമാണ്-പുതിയ മുഖം കൂടി കിട്ടും. ഭൂതകാലത്തിന്റെ ഭാരമില്ലാത്ത ഒരു പുതിയ ജീവിതം. ഞങ്ങൾ നൽകുന്ന ജൊഹാറ്റ്സു. ആത്മാവിന്റെ ബാഷ്പീകരണം. നിങ്ങൾക്കിഷ്ടമുള്ള ജീവിതത്തിലേക്ക് ഒരു കൂടുവിട്ടുകൂടുമാറ്റം’’.

ബെഞ്ചിലേക്ക് ഒഴുകിപ്പരക്കാൻ തുടങ്ങിയ അയാൾ ഒറ്റയടിക്ക് ഘനീഭവിച്ചു.

ജൊഹാറ്റ്സു, എന്തു ഭംഗിയുള്ള വാക്ക്.

"സാധാരണ ഞങ്ങൾ പേയ്മെന്റ് മുൻകൂറായി വാങ്ങാറാണ് പതിവ്. പക്ഷേ, പറയുന്നതുകൊണ്ടൊന്നും തോന്നരുത്. അത്ര വലിയ തുക തരാനുള്ള കഴിവ് താങ്കൾക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല’’.

അയാൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി.

"പക്ഷേ വഴിയുണ്ട്. നിങ്ങളെപ്പോലുള്ള കസ്റ്റമേഴ്സിനുവേണ്ടി ഞങ്ങൾ മറ്റൊരു പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. സത്യം പറയാമല്ലോ, ലാഭം നോക്കിയാൽ ഇതുതന്നെയാണ് നല്ലത്. അതായത് നിങ്ങൾ ഞങ്ങൾക്കൊരൊറ്റ രൂപാ തരണ്ട. താമസസ്ഥലത്തിന്റെ അഡ്രസ്സു തന്നാൽ നിങ്ങൾക്ക് സൗകര്യമുള്ള ഒരു ഡേറ്റുറപ്പിച്ച് രാത്രി വന്ന് കൊണ്ടുപോകും. രാവിലെ നിങ്ങളൊരു പുതിയ മനുഷ്യനായിരിക്കും. പുതിയ രേഖകൾ, പുതിയ ഐഡന്റിറ്റി കാർഡുകൾ, എല്ലാം ഞങ്ങൾ തന്നെ പ്രൊവൈഡ് ചെയ്യും."

"അപ്പൊ... അപ്പൊ പൈസയോ?"

അപരിചിതൻ കടലിനേക്കാൾ വലിയൊരു ചിരി ചിരിച്ചു. താൻ അയാളുടെ പല്ലുകൾക്കിടയിലേക്ക് ആവാഹിക്കപ്പെടുമെന്ന പേടി അയാൾ ഒരുനിമിഷം പേടിച്ചു.

"അതുതന്നെയാണ് പ്ലസ് പോയന്റ്. പരിപാടി എങ്ങനെയാണെന്നുവെച്ചാൽ, അന്നു രാത്രിക്കുമുനേ നിങ്ങൾ ചില പേപ്പറുകളിൽ ഒപ്പിട്ടുതരണം. കാര്യം സിമ്പിളാണ്. നിങ്ങൾ മരണപ്പെടുമ്പോൾ, നിങ്ങളുടെ ശരീരത്തിന്റെ പൂർണ്ണാവകാശം ഞങ്ങൾക്കായിരിക്കും. എന്നുവെച്ചാൽ എല്ലും പല്ലുമായ എല്ലാ അവയവങ്ങളും ഞങ്ങൾക്ക് സ്വന്തം."

അപ്പോൾപ്പിടിച്ച മീനിനെ ഇട്ടുവെക്കാൻ പാകത്തിലൊരൈസുകട്ടയായി അയാൾ തണുത്തു. പിന്നെ, ഇനിയും രൂപമുറച്ചിട്ടില്ലാത്തൊരു സ്വപ്നത്തിന്റെ തീയിൽ പതിയെ ചൂടുപിടിച്ചുതുടങ്ങി.

‘‘എനിക്ക് പേടിയാ..... പേടിയാ...", ലാസർസാർ പിന്നെയും ഓലിയിട്ടു കരഞ്ഞു. എന്തുപറയണമെന്നറിയാതെ ഞാൻ അയാളുടെ മുടി കോതി സമാധാനിപ്പിക്കാൻ ശ്രമിച്ചു.

പുറത്ത് വെളിച്ചം വന്നുതുടങ്ങുന്നു.
തിരിച്ചിറങ്ങിയേ പറ്റൂ.

27-07-2026

ഇന്ന് ചെല്ലുമ്പോൾ അയാളെന്നെ കാത്തിരിക്കുന്നുണ്ടാകുമെന്നെനിക്കുറപ്പായിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ, കട്ടിലിൽ ചമ്രം പടിഞ്ഞ്, ശാന്തനായി ലാസർ സാറിരുന്നു.

ഞാൻ ശരിക്കിരിപ്പുറപ്പിക്കുംമുന്നേതന്നെ അയാളെന്റെ മടിയിലേക്കു ചാഞ്ഞു. എന്റെയുള്ളിലേക്ക് മുഖം പൂഴ്ത്തി.

"ലാസറായി ജനിച്ചതിൽപിന്നെ എന്നും പേടിയാ. ഇനി ചെലപ്പോ കണ്ണും കരളും എളുപ്പത്തിൽ കിട്ടാൻ വേണ്ടി അവരെങ്ങാനും വന്നെന്നെ കൊന്നുകളഞ്ഞാലോ?"

ഞാൻ ഗർഭപാത്രത്തിലെ കുഞ്ഞിനെയെന്നോണം അയാളെ തലോടിക്കൊണ്ടിരുന്നു.

"അല്ലേലും ഈ പ്രൊഫസറുപണിയൊന്നും എനിക്കത്ര ശരിയാവുന്നില്ല. എടയ്ക്ക് പണ്ടത്തെയൊക്കെ ഓർമവരും. ഒരിക്കലും എന്റേതായിരുന്നിട്ടില്ലാത്ത ആ വീടോർമ്മവരും. പൊന്നുപോലെ കൊണ്ടുനടന്ന ബൈക്കോർമ്മവരും. മൂന്നുനേരം ചോറുകാണുമ്പോ പണ്ടുകൊണ്ട വെശപ്പത്രയും ഓർമ്മവരും."

ലാസർസാർ ഇത്രയും സംസാരിക്കുന്നത് ഞാനാദ്യമായിട്ടാണ് കേൾക്കുന്നത്.

"എനിക്കറിഞ്ഞുകൂടാ. ഇപ്പൊ ഉള്ള ഞാൻ ഞാനല്ലാനൊരു തോന്നൽ. അല്ല, ശരിക്കും ഞാനല്ലല്ലോ, എന്നാലും, എന്നാലും ഒരു വല്ലായ്ക. എവിടെയോ കെടന്ന ഞാൻ ഇപ്പൊ ഇവിടെ ദാ ഇങ്ങനെ എത്തിയത്.... അതങ്ങ് ദഹിക്കുന്നില്ല’’.

ഞാനയാളുടെ മുഖം എന്റെ കൈകളിലെടുത്തു.

"നിങ്ങളിനി പഴയതൊന്നും ആലോചിക്കണ്ട. അതൊക്കെ കഴിഞ്ഞില്ലേ? ലക്ഷത്തിലൊന്നോ രണ്ടോ ആൾക്കുമാത്രം കിട്ടുന്ന ഒരവസരമാ നിങ്ങൾക്ക് കിട്ടിയത്. പിന്നെന്തിനാ ഓരോന്നാലോചിച്ച് മനസ്സ് വിഷമിപ്പിക്കുന്നേ ? ഒന്നുമില്ല. ഒന്നും പറ്റില്ല. പേടിക്കരുത്."

അയാൾ കണ്ണിലെ വെള്ളത്തിലൂടെ നീന്തിവന്നെന്നെ കെട്ടിപ്പിടിച്ചു. പിന്നെ ചിരിച്ചു.

"ഒന്നുമൊണ്ടാവില്ലല്ലേ?"

28-07-2026

ലാസർസാർ രാവിലെ തന്നെ ലോകത്തോട് ചിരിക്കുകയും സുഖാന്വേഷണം നടത്തുകയും ചെയ്യുന്നത് കണ്ട് എല്ലാവരും ഞെട്ടലിലായിരുന്നു. ഞാനകത്തു കേറിയതിന്റെ മാറ്റമാണെന്ന് അയാൾക്കടക്കം ഇപ്പോഴുമറിയില്ല. എന്തിനെന്നയാൾക്കു പോലും അറിയാത്ത സന്തോഷത്തിൽ തിളങ്ങുന്ന ലാസർസാറിനെ കണ്ട് ഞാൻ ഒളിച്ചിരുന്ന് ചിരിച്ചു.

വേണ്ട. അയാളറിയണ്ട.

നാടകമത്സരത്തിൽ ഞങ്ങൾ വൃത്തിയായി തോറ്റു. എന്നിട്ടും ഏറ്റവും ആവേശം അയാൾക്കായിരുന്നു.

"ഇപ്രാവശ്യം പോയാലെന്താ, ഇനിയും ചാൻസ് കെടക്കുവല്ലേ?"

ക്ലാസിലല്ലാതെ അയാളുടെ വായനങ്ങി വർത്തമാനം വരുന്നത് കണ്ടുശീലമില്ലാത്ത കുട്ടികൾ അസ്വസ്ഥതയോടെ ചിരിച്ചു.

ബസ്സുകിട്ടിയില്ല. ഞങ്ങൾ മൂന്ന് ട്രാവലറുകളായി വണ്ടിത്തിരക്കുകളിൽ കുടുങ്ങിക്കിടന്നു.

ലാസർസാർ മുന്നിലാണിരുന്നത്. ഡ്രൈവറുടെ കുശലങ്ങൾക്കെല്ലാം അയാൾ മുറിവുകൂട്ടിത്തുന്നിയ ഹിന്ദിയിൽ മറുപടി പറഞ്ഞ് രസിച്ചുകൊണ്ടിരുന്നു.

എട്ടുമിനിട്ടായി നിർത്തിയിട്ട വണ്ടികൾക്കിടയിലൂടെ ഒരു പറ്റം കുട്ടികൾ മുഷിഞ്ഞുമടുത്ത കുപ്പായങ്ങളുമായി കേറിവന്നു. ചിലരുടെ കൈകളിൽ നാലോ അഞ്ചോ മാസം മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞുങ്ങളെ പൊതിഞ്ഞുപിടിച്ചിട്ടുണ്ടായിരുന്നു.

"ഈ പിള്ളേരെന്താണ് പൊരിവെയിലത്ത് ഇങ്ങനെ ... അതും കൈയ്യിൽ വേറെ കൊച്ചുങ്ങളേം പിടിച്ചോണ്ട് ..."

ഡ്രൈവർ വണ്ടി കുലുക്കിപ്പൊട്ടിച്ചിരിച്ചു.

"ഇവിടെ സ്ഥിരമായി തെണ്ടുന്നതുങ്ങളാണ് സാബ്. ഇതൊരു ബിസിനസ്സ് ട്രിക്കാണ്. കയ്യിൽ ചെറിയ കുഞ്ഞുങ്ങളുണ്ടെന്നു കണ്ടാൽ അധികം പൈസ കിട്ടും. അതിനാണ്."

ഇഴപിഞ്ഞി നൂലുപുറത്തായൊരു മഞ്ഞടവ്വലിൽ പൊതിഞ്ഞ ഒരു കുഞ്ഞുകുഞ്ഞിനേയും കൊണ്ട് ഒരാൺകുട്ടി ഞങ്ങളുടെ വണ്ടിക്കടുത്തേക്കും വന്നു. ജനാലയിൽ തട്ടിയപ്പോൾ, ലാസർസാർ എ സിയുടെ തണുപ്പു കീറി ഗ്ലാസ് താഴ്ത്തി.

അവൻ കൈനീട്ടി ചിരിച്ചു. എന്തുകൊണ്ടോ ചിരി ചത്ത സാർ പോക്കറ്റിൽ നിന്നും കിട്ടിയ രണ്ട് പത്തുരൂപാനോട്ട് അവനുനേരെ നീട്ടി.

പെട്ടെന്ന്, കുട്ടിയുടെ കൈയിലെ കുഞ്ഞുകുട്ടി കുതറിചാടി റോഡിലേക്കുവീണു. ഞങ്ങളുടെ വണ്ടി കൂട്ടമായി ‘അയ്യോ’ എന്നലറി.

റോഡിൽ വിടർന്ന മഞ്ഞടവ്വലിൽ നിന്നും ഒരോറഞ്ച് പൂച്ചക്കുട്ടി തലപൊക്കി. ഞാൻ ലാസർസാറിനെ നോക്കി. അയാൾ പൊടിയാൻ തുടങ്ങുന്നത് ഞാൻ കണ്ടു. പൂച്ച, വീണതിന്റെ വേദനയിൽ കരയാൻ വാപൊളിച്ചു.

ആ ആൺകുട്ടി ഒരാറുവയസ്സുകാരനുണ്ടാക്കിയെടുക്കാവുന്ന മുഴുവൻ ദയനീയതയോടു കൂടിയും അതിനെ നോക്കി, അവനു മാത്രമറിയാവുന്ന ഭാഷയിൽ, അതിനോടപേക്ഷാസ്വരത്തിൽ കണ്ണിറുക്കിക്കാണിച്ചു.

ദൗത്യം മനസ്സിലാക്കിയ പൂച്ചക്കുട്ടി ഞങ്ങളെ നോക്കി ഉറക്കെ വായ്തുറന്നു കരഞ്ഞു.

‘ള്ളേ ...’

Comments