കൃഷ്ണമോഹൻ

നാല് വട്ടങ്ങൾ

'ഗോരി തേര ഗാവ് ബഡാ പ്യാരാ
മേ തൊ ഗയാ മാര, ആകെ യഹാ രേ..' 

ദാസേട്ടനൊരു പ്രത്യേകതയുണ്ട്. ഏത് ഭാഷയിൽ പാടിയാലും ഒരു മലയാളിത്തം ഉണ്ടാവും. ഞാനും കൂടെ പാടി.
ഇന്നത്തെ സഞ്ചാരം കാറിലാണ്. കാറെന്ന് പറഞ്ഞാ സാദാ കാറല്ല. നല്ല ലക്ഷ്വറി കാർ! ഷോറൂമീന്ന് ഇറക്കീട്ട് ആഴ്ച ഒന്നേ ആയിട്ടുള്ളൂ. കണ്ടാലൊരു വെള്ളക്കുതിര പോലിരിയ്ക്കും. മുമ്പിലായി നാല് വട്ടങ്ങൾ. അവ കോർത്തുകിടക്കുന്നു. ആക്സിലറേറ്ററിൽ കാലൊന്ന് മുട്ടിയാൽ പിന്നെ ഒരു കുതിപ്പാ…

എന്റെ എക്സ്പീരിയൻസിൽ നിന്ന് പറഞ്ഞാൽ, ജീവിതത്തിന്റെ വേഗതയ്ക്ക് പറ്റിയ വണ്ടി വേണം തിരഞ്ഞെടുക്കാൻ. ഓട്ടപ്പാച്ചിലിന് വേറെ, മരണപ്പാച്ചിലിന് വേറെ. ഒരു കഷ്ണം വട്ടേപ്പത്തിൽ തുടങ്ങിയ വാതുവെയ്പ്പ് കുതിരപ്പന്തയം വരെ കൊണ്ടെത്തിച്ച നീണ്ടകാലചരിത്രം. ഇപ്പോഴും ഏറ്റവും കൂടുതൽ കാശ് ബെറ്റ് വെച്ച് തോറ്റ റെക്കോർഡ് എന്റെ പേരിലാണ്; മിസ്റ്റർ. റാം, സൺ ഓഫ് കൃഷ്ണൻ.

ഈ പാച്ചിൽ അവസാനിച്ചൊരു നേരമുണ്ടോ? എന്നാൽ ഇതാണാ നേരം. ഈ പൈൻ കാടുകൾ കടന്ന് റോഡും വകഞ്ഞ് ഞാൻ പോകുന്നത് എന്റെ നാട്ടിലേയ്ക്കാണ്. വേണ്ടപ്പെട്ടവരാരും അവിടെയില്ല. വീടിരുന്നിടത്ത് ഇപ്പൊ ഒരു അരിമില്ലാണ്. നാടും നാട്ടുകാരേം കാണാനല്ല ഈ പോക്ക്. കാണിക്കാനാണ്. നീയൊക്കെ നാറ്റിത്തൂറ്റിയ ആ പഴയ പീറച്ചെറുക്കന്റെ ഇന്നത്തെ വിശ്വരൂപം കാണിക്കാൻ.
എല്ലാ മാസവും എത്ര തിരക്കാണെങ്കിലും ഈ യാത്ര മുടക്കാറില്ല. ഓരോ പോക്കിനും ഓരോ പുത്തൻകാർ ഞാൻ നാട്ടിലിറക്കും. അതൊരു വാശിയാണ്.

ഞാൻ ഗ്ലാസ് താഴ്ത്തി. കടൽക്കാറ്റ് പൈൻമരങ്ങളിൽ തട്ടി കാറിനുള്ളിലേക്ക് കയറി. തരിമണൽ പോലെ ഓർമ്മകളും.

അമ്മ ചോറ് വാരിത്തരുമ്പോൾ വായിലിത്തിരി മണ്ണ് കടിച്ചാലും ഞാൻ മിണ്ടില്ല. കയറുപിരിയായിരുന്നു അമ്മയ്ക്ക് പണി. ഒരു ഗുഡ് എംപ്ലോയി. ഈ ചോറിന് ഇത്തിരി സ്വാദ് കൂടുതലാ, ആരെയും പറ്റിച്ചും വഞ്ചിച്ചും ഉണ്ടാക്കിയതല്ല എന്ന് അമ്മ പറയുമായിരുന്നു.

അച്ഛൻ തിന്നാൻ വന്നിരിക്കുമ്പോൾ അമ്മേനെ ചൊടിപ്പിക്കാൻ ഓരോന്ന് പറയും. 'വിയർപ്പൊഴുക്കിയ മീൻ കറി ഇച്ചിരി തന്നേ… ചോര നീരാക്കിയെ മോരിച്ചിരി ഒഴിച്ചേ…' അമ്മ പല്ലിറുമ്മും. അച്ഛനോട് പറഞ്ഞിട്ട് കാര്യമില്ല. അമ്മ തോറ്റുപോയതാ.

അച്ഛൻ മിക്ക ദിവസവും വീട്ടിൽ കാണില്ല. രാത്രി ഞങ്ങൾ രണ്ടാളും ഇരുട്ടത്താ ഇരിയ്ക്കാ.
റാന്തലുണ്ട്, മണ്ണെണ്ണയുണ്ട്. പക്ഷേ, അമ്മ അതിലൊന്നും തൊടില്ല. സ്വന്തമായി പണിക്കു പോയി തുടങ്ങിയപ്പോഴാണ് വീട്ടിൽ വെട്ടം തെളിഞ്ഞത്. അമ്മയ്ക്ക് പണി ശരിയാക്കി കൊടുത്തത് സുധാകരേട്ടനാണ്. മൂപ്പര് തൊഴിലാളി സംഘടനയുടെ വലിയ നേതാവായിരുന്നു. അമ്മയ്ക്ക് അങ്ങേരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടായിരുന്നു.

അച്ഛന്റെ മരണശേഷം മാത്രമേ അമ്മ ആ കടപ്പാട് തീർക്കാൻ നോക്കിയുള്ളൂ. ആ ഒരു കാര്യത്തിൽ എനിക്ക് അമ്മയോട് ബഹുമാനം ഉണ്ട്. സുധാകരേട്ടൻ നല്ല മനുഷ്യനാണ്. എന്നെ വിളിച്ചിട്ടുണ്ട് മൂപ്പരുടെ വീട്ടിലേയ്ക്ക്. അച്ഛനും മരിച്ചു, അമ്മ വേറൊരു വീട്ടിൽ പോയി. ഞാൻ മനസ്സുകൊണ്ട് ഒരു ഓർഫൻ ആയി മാറിയിരുന്നു. അതോണ്ട് ഞാൻ എങ്ങോട്ടും പോയില്ല.

പിന്നീട് അറിയുന്നത് ഒരു സംഘം ആളുകൾ വീട്ടിൽ കയറി സുധാകരേട്ടന്റെ കുടുംബത്തെ ആക്രമിച്ചു എന്നാണ്. സുധാകരേട്ടനും ഭാര്യയും വെട്ടുകൊണ്ട് മരിച്ചു. അപ്പൊ മൂപ്പര്ടെ ഭാര്യ എന്റെ അമ്മയാണ്. പക്ഷേ, അപ്പോഴേക്കും ഞാൻ നാടുവിട്ടിരുന്നു.
കാറിനകത്ത് ഒരു കോട്ട് തൂക്കിയിട്ടിരുന്നു. പച്ച മനുഷ്യനിൽ നിന്ന് ഒരു ബിസിനസ് മാഗ്നറ്റിലേക്കുള്ള ആൾമാറാട്ടത്തിന് ഇങ്ങനെയൊന്നുള്ളത് നല്ലതാണ്. കാറിന്റെ വേഗത കുറഞ്ഞുവന്നു. ഇത്ര തിരക്ക് പിടിച്ച് അവിടെ എത്തിയിട്ട് എന്തിനാ. ചന്ദ്രന്റെ വീട്ടിലെ കോഴി കൂവി, അവനൊരു കാപ്പിയിട്ട് കുടിച്ച്, പത്രമൊക്കെ സൈക്കിളിൽ വാരിക്കെട്ടി, ആ സൈക്കിള് തോട്ടും വക്കത്തെ കലുങ്കിലെത്തുമ്പോ വേണം ഈ കാറ് അവന്റെ മുമ്പിലൂടെ ഗ്ലാസ്‌ താഴ്ത്തി പതുക്കെ പാസ്സ് ചെയ്യാൻ.. നേരത്തെ പറഞ്ഞ വാശിയില്ലേ. ഇത് അതിൽപെടും.

ചന്ദ്രൻ എന്റെ ഉറ്റ ചങ്ങാതിയായിരുന്നു. എനിക്കും മാലിനിയ്ക്കും പ്രേമിക്കാൻ ഒത്താശ ചെയ്തത് അവനാണ്. അവന്റെ ഹാൻഡ്റൈറ്റിംഗ് പോലെ ഭംഗിയുള്ള ഒന്ന് ഞാൻ വേറെ കണ്ടിട്ടില്ല. അല്ല, കണ്ടിട്ടുണ്ട്. ഈ കാറ് അതിലും മനോഹരമാണ്. മാലിനി വായിച്ച പല കത്തുകളും അവൻ എഴുതിയതായിരുന്നു. നല്ല വെയിലുള്ള ഒരു ദിവസം ദേവസിയേട്ടന്റെ വൈക്കോൽത്തുറുവിന് ചോട്ടിലിരുന്ന് ഞങ്ങൾ നല്ലൊരു റൊമാൻസ് പിടിച്ചു വരുവായിരുന്നു.ഞാനന്ന് ചെറിയ പയ്യനല്ലേ.. സല്ലാപങ്ങളെല്ലാം കത്തിൽ എഴുതി തീർത്തതുകൊണ്ട് നേരിട്ട് ആളത്ര പോര എന്ന തോന്നൽ മാലിനിയ്ക്കുണ്ടോ എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.

ചന്ദ്രൻ എന്റെ കീശയിൽ വച്ച് തരുന്ന കത്ത് ഞാൻ വായിക്കാറുപോലുമില്ല. അന്നത്തെ ദിവസം ചൂടു പിടിച്ചു വന്നപ്പോൾ ഞാൻ ആ ചൂടിനെ തീയാക്കാൻ വേണ്ടി പോക്കറ്റിൽ നിന്നും അവനെഴുതിയ കത്തെടുത്തു കൊടുത്തു. വായിച്ചവസാനിപ്പിയ്ക്കുമ്പോൾ എന്റെ പ്രിയതമ എനിക്കൊരു ചുടുചുംബനം തരുമെന്ന പ്രതീക്ഷയെ വെയിലത്തിട്ട് ഉണക്കി, എന്റെ കരണം പുകച്ച് ഒരെണ്ണം തന്നു. ആ കത്തുമായി അവൾ പോയി. ഇന്നും ആ കത്തിൽ എന്താണെന്ന് എനിക്കറിയില്ല. മാലിനി ചന്ദ്രനെ കെട്ടുമെന്നാണ് ഞാൻ വിചാരിച്ചത്. അവളൊരു ഗൾഫുകാരനെ കെട്ടി. നാല് പെറ്റു. ചന്ദ്രന് പെണ്ണ് കിട്ടിയില്ല. അവന് പത്രവിതരണം മാത്രമല്ല, കഞ്ചാവ് വിതരണം കൂടെയുണ്ടെന്ന് നാട്ടിൽ പാട്ടായി. ഇപ്പോൾ അവന്റെ പേര് കഞ്ചൻ ചന്ദ്രനെന്നാ. എല്ലാ മാസവും കഞ്ചന്റെ ദർശനം വാങ്ങിയാണ് നാട്ടിലേയ്ക്ക് കയറുന്നത്. അവന്റെ സൈക്കിളിലുള്ള വരവ് കാണുമ്പോൾ തന്നെ നാല് വീലിലും കാറ്റ് കേറും.

ഒരു പാലം പണിതാ അങ്ങോട്ടുമിങ്ങോട്ടും വേണമല്ലോ. പണിയാൻ ചന്ദ്രന് മാത്രമല്ല, കുറേ പണിതും പണിയിച്ചും തന്നെയാണ് ഞാനീ നിലയിലെത്തിയത്. കാർ ചന്ദ്രനെ പാസ് ചെയ്തു കഴിഞ്ഞാൽ നേരെ പോകുന്നത് താമരത്തമ്പലത്തിലേക്ക്. ദൈവവിശ്വാസം കൊണ്ടൊന്നുമല്ല. സകല തോന്ന്യാസോം കാണിച്ചിട്ട് എല്ലാം ഏറ്റുപറഞ്ഞാൽ ദൈവം ഒക്കേം എഴുതിത്തള്ളും എന്ന് വിചാരിച്ചിരിയ്ക്കുന്ന കുറച്ച് ടീംസുണ്ട് നാട്ടില്. സുധാകരേട്ടൻ വന്ന് വിളിച്ചപ്പോ അമ്മ പോയത് നേരാ. പക്ഷേ വീട്ടുകാരിയായിട്ടാ പോയെ. മൂപ്പര്ടെ കുറ്റിയായിട്ടല്ല. അന്ന് കൈകൊട്ടിച്ചിരിച്ച ചില കൂട്ടർ ഇന്ന് കൈകൂപ്പി നിൽക്കുന്നുണ്ട്. അവരെക്കൂടെ ഒന്ന് കാണിക്കണം. രാമൻ ശ്രീകോവിലിൽ മാത്രമല്ല, തൂണിലും തുരുമ്പിലും ഔഡി കാറിലും ഉണ്ടെന്ന് അവരറിയട്ടെ.

അവിടുന്ന് നേരെ സോമന്റെ ബാർബർ ഷോപ്പിൽ. കഷ്ടി ഒരു ഇരുന്നൂർ മീറ്ററേ ഉള്ളൂ. അവിടെ എത്തുമ്പോ കാറൊന്ന് സ്ലോ ആവും. എന്നിട്ട് നീട്ടിയൊരു ഹോൺ. അത് നിർബന്ധ. അതിരാവിലെ കട തുറന്ന് വെച്ച് കസേരയിൽ കിടന്നുറങ്ങുന്ന സോമനെ എണീപ്പിക്കാൻ അത് മതി. പണ്ട് ഞാനവനെ ഭിത്തിയിൽ ചേർത്തുനിർത്തി ഒരെണ്ണം പൊട്ടിച്ചിട്ടുണ്ട്. കത്തിയ്ക്കാണ് മൂർച്ച കൂട്ടേണ്ടത് അല്ലാതെ നാവിനല്ല എന്ന് പറഞ്ഞ് താടിയ്ക്ക് രണ്ട് തട്ടും കൊടുത്തു. ചെരപ്പന്റെ ചൊറ തീർന്ന് കിട്ടി. അവസാനം വണ്ടി എത്തുന്നത് മണ്ണിട്ട ഇടവഴിയിലാണ്. മഴക്കാലത്ത് ആ വഴി പോകാന്‍ എനിക്കിഷ്ടമല്ല. വട്ടുരുട്ടി വരുന്ന പിള്ളേര് ചെളി തെറിപ്പിക്കും. പക്ഷേ, ചെളിമഴ പെയ്താലും ആ വഴി ഞാൻ മിസ്സാക്കില്ല. കാരണം അവിടെ മഞ്ഞ പെയിന്റടിച്ച ഒരു ടെറസ് വീടുണ്ട്. അതിനകത്ത് അഞ്ചാമതും ഗർഭിണിയായ ഒരു പെണ്ണുണ്ട്. ഓരോ പോക്കിനും അവളുടെ വയറു വലുതായി വരുന്നത് കാണാം. അവൾടെ കെട്ടിയോന് പോലും ആ യോഗം ഉണ്ടായിട്ടുണ്ടാവില്ല. മുറ്റത്ത് വീണ പത്രം എടുക്കാൻ അവള് വരും. ആ വരവിൽ വേലിക്കപ്പുറത്ത് കിടക്കുന്ന കാറും അവള് കാണും. ഞാൻ ഗ്ലാസ്‌ താഴ്ത്താറില്ല. അവളെന്നെ കാണണ്ട. വണ്ടി കണ്ടാ മതി. അവൾക്കറിയാം അകത്തിരിക്കുന്നത് ഞാനാണെന്ന്. ഒരു നിമിഷംഅവളാ കാറ് നോക്കി നിക്കും. എന്നിട്ട് ഒരു നെടുവീർപ്പിടും.അത് കാണുമ്പോ എല്ലാ ആഴ്ചയും വരാൻ തോന്നും. പണ്ട് പുളിയുറുമ്പിനെ തട്ടിക്കളയുന്ന പോലെ അവൾ ഒഴിവാക്കിയ ഞാനിപ്പോ പുളിങ്കൊമ്പാണെന്ന് അവൾക്ക് തോന്നും. എത്ര എത്തിച്ചാലും തൊടാൻ പറ്റാത്ത കൊമ്പ്.



മൊബൈൽ റിംഗ് ചെയ്തപ്പോഴാണ് കാറ് ഇടവഴിയിൽ നിന്നും ഹൈവേയിലേയ്ക്ക് എത്തിയത്. ദാസേട്ടൻ മാറി മുഹമ്മദ് റാഫിയാണ് ഇപ്പോൾ പാടുന്നത്. ഞാൻ ഫോൺ എടുത്തു നോക്കി. രാജപാളയം പട്ടിയുടെ തോളിൽ കയ്യിട്ടിരിക്കുന്ന പടവുമായി സെൽവരാജ് ആണ് വിളിക്കുന്നത്. വാലറ്റത്ത് കോൺട്രാക്ടർ എന്ന് എഴുതിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മണിക്കൂറിനുള്ളിൽ കുറഞ്ഞത് 30 കോളെങ്കിലും വന്നു കാണും. ഞാൻ മൊബൈൽ ഓഫ് ചെയ്തു. ഗ്ലാസ് താഴ്ത്തി ഫോൺ പുറത്തേയ്ക്കെറിഞ്ഞു. കാറിനകത്തേയ്ക്ക് അല്പം ശുദ്ധവായു കയറി. നാടുഭരിക്കുന്നവന്റേം കൂടെ നിന്ന് കാലു വരുന്നവന്റേം കോംപറ്റീറ്റേഴ്സിന്റേം ഒക്കെ തലയിൽ ചവിട്ടി ടോപ്പിൽ എത്താനുള്ള പാച്ചിലിന്റെ ഇടേല് കൂടെക്കിടക്കുന്ന പെണ്ണിന്റെ പേര് വരെ മറന്നു പോവും. വല്ലപ്പോഴുമെങ്കിലും ഒരു ദിവസം അവനവൻറെ മണ്ണിലേക്ക് തിരിച്ചുപോണം. ചെളിയിലൊന്ന് ഉരുളണം. അല്ലെങ്കിൽ പെമ്പറന്നോത്തിയെ പോയിട്ട് പെറ്റ മക്കളെ പോലും മനസ്സിലാവില്ല.

ഡിസ്പ്ലേയിൽ ലോ ഫ്യുവൽ എന്ന് എഴുതി കാണിച്ചപ്പോൾ കാർ ഒരു പമ്പിൽ നിർത്തി.18 വയസ്സ് കഷ്ടി പ്രായം തോന്നിക്കുന്ന ഒരു പൊടിമീശപയ്യൻ വന്നു ചോദിച്ചു;
‘സാറേ, എത്രയ്ക്കാ?’
‘ഫുൾടാങ്കടിച്ചോ?’

പെട്രോൾ നിറച്ച് അവൻ തിരിച്ചുവന്നപ്പോൾ ഡാഷ്ബോർഡിലെ പേഴ്സിൽ നിന്ന് കാർഡ് എടുത്ത് കൊടുത്തു.
‘വൈഫൈ ഉണ്ടോ.?’, അവൻ ചോദിച്ചു.
ഞാൻ ഉണ്ട് എന്ന് തലയാട്ടി.

ഇരുട്ടിലെ വിളക്കുകാലുകളെ താണ്ടിക്കൊണ്ട് വെള്ളക്കുതിര കുതിച്ചു. എന്റെ മനസ്സിലപ്പോൾ ആ പയ്യന്റെ മുഖമായിരുന്നു.
ബോംബെയിൽ വണ്ടിയിറങ്ങുമ്പോൾ എന്റെ മീശയ്ക്കും കട്ടി വെയ്ക്കാൻ തുടങ്ങുന്നേയുള്ളു. രാജാവാകാൻ സ്വപ്നം കണ്ട് വന്നിറങ്ങിയ എനിക്ക് ഏഴാം ദിവസം വയറ്റിലിത്തിരി കാറ്റ് കടന്നാ മതിയെന്നായി. കല്ലട ദേശത്തുനിന്ന് ആരെങ്കിലും ബോംബേല് ഉണ്ടോന്ന് ആദ്യം തിരക്കി. പിന്നെ ഒരു മലയാളിയെ കണ്ടുകിട്ടിയാൽ മതിയെന്നായി. പോകെപ്പോകെ നമ്മളെ പുച്ഛത്തോടെ 'സാല മദ്രാസി' എന്ന് വിളിക്കുന്ന ഏതേലും ഭയ്യമാരുടെ കാലിന്റെ ചോട്ടിൽ അഭയം കിട്ടിയാൽ മതിയെന്നായി. അങ്ങനെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന കാലത്താണ് ഹസൻ ഭായുടെ മുമ്പിലെത്തുന്നത്. എന്റെ നടത്തത്തിൽ പന്തികേട് തോന്നിയ ഹസൻ ഭായ് എന്റെ കുത്തിന് പിടിച്ചു കുടഞ്ഞു. മടക്കികുത്തിയ മുണ്ടിനകത്ത് നിന്നും നാല് വടാപാവ് പുറത്തേക്ക് ചാടി. മാലിനിയിൽ നിന്ന് കിട്ടിയതിനെക്കാൾ ഉഗ്രനൊരടി പ്രതീക്ഷിച്ച എന്നോട് ഹസൻ ഭായ് ചോദിച്ചു;
"ബൂഖ് ലഗി ഹേ ക്യാ.?"



ഞാനാദ്യം തെറിയാണെന്നാണ് കരുതിയത്. ഹസൻ ഭായ് ഒരാവർത്തി കൂടി അല്പം സൗമ്യനായി ചോദിച്ചപ്പോൾ ഞാൻ തലയാട്ടി. വിശപ്പിന് ഭാഷയില്ലല്ലോ. ഭായ് എനിക്ക് ചട്ണി തന്നു. ഞാൻ നാല് വടാപാവും ഇരുന്ന ഇരിപ്പിന് കഴിച്ചു.

"ക്യാ ബോൽത്താ ഹേ, യഹാം കാം കരേഗ.?"
ഹസൻ ഭായ് എന്തുപറഞ്ഞാലും തലയാട്ടാനേ എനിയ്ക്കപ്പോൾ തോന്നിയുള്ളൂ. ചുണ്ടിനുമേലെ മീശയില്ലാത്ത, താടി നീട്ടിവളർത്തിയ ആ നീളൻ മനുഷ്യൻ എന്നെ നോക്കി പുഞ്ചിരിച്ചു. താമരത്തമ്പലത്തിലെ ശ്രീരാമനെ ഹസൻ ഭായുടെ മുഖത്ത് ഞാൻ കണ്ടു.
ഭായുടെ ഹോട്ടലിൽ പാത്രം മോറലായിരുന്നു പണി. വയറുനിറച്ച് ഭക്ഷണം. ഉന്തിയ എല്ലുകളൊക്കെ മാംസത്തിനുള്ളിൽ ഒളിച്ചു. അടുക്കളയുടെ ഒരു മൂലയ്ക്കിരുന്ന് തിന്നുന്ന എന്നെ എണീപ്പിച്ച് ഒരു കസേരയിട്ട് തന്ന് ഭായ് നോക്കിനിൽക്കും. ഹസൻ ഭായുടെ ചിരി അതുപോലെ കിട്ടിയിരിക്കുന്നത് ഇളയമോൾ അസ്മാബിക്കാണ്. മൂത്തചെക്കൻ ഒരു തല്ലിപ്പൊളിയാണ്. അവന് ഭായിയെ ഒരു വിലയുമില്ല. മൂന്നു നേരവും ഭാങ്കാണ് അവന്റെ ഭക്ഷണം. പക്ഷേ, അസ്മാബി അങ്ങനെയല്ല.ഭയ്യാ എന്ന് വിളിച്ച് അടുത്തുവരും. എന്നെ ഹിന്ദി പഠിപ്പിച്ചത് അവളാണ്.അവൾക്ക് ഞാൻ വൈലോപ്പിള്ളിയുടെ മാമ്പഴം ഹിന്ദിയിൽ തർജ്ജമ ചെയ്തു പറഞ്ഞു കൊടുത്തപ്പോൾ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ആദ്യമായി കേട്ടപ്പോൾ ഞാനും കരഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

കണ്ണിൽ നിന്ന് കണ്മഷി വിരലിലെടുത്ത് എന്റെ മീശ കറുപ്പിച്ചു തരുന്നത് അസ്മാബിയുടെ ഇഷ്ട ജോലികളിൽ ഒന്നാണ്. ഒരു ദിവസം എന്റെ കയ്യിൽ രക്ഷാ ബന്ധൻ കെട്ടിയത് മുതൽ ഞാൻ അവളുടെ ഭയ്യ ആയി; ഹസൻ ഭായുടെ മൂത്ത പുത്രനുമായി.
രണ്ടുവർഷംകൊണ്ട് അടുക്കളയിൽ നിന്നും ഞാൻ അരങ്ങത്തെത്തി. കണക്ക്പിള്ളയുടെ കള്ളത്തരം കണ്ടെത്താൻ എൻറെ പത്താം ക്ലാസ് ധാരാളമായിരുന്നു.

ഹോട്ടലിൽനിന്ന് വലിയ വരുമാനമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ,ഹസൻ ഭായുടെ ജീവിതം ലാവിഷായിരുന്നു. അങ്ങനെയിരിക്കെ ഹോട്ടലിൽ കണക്ക് എഴുതിക്കൊണ്ടിരിക്കുമ്പോൾ ഭായ് കയറിവന്നു. അത് അടച്ചുവെച്ച് മൂപ്പരുടെ കൂടെ ചെല്ലാൻ പറഞ്ഞു. ഞങ്ങൾ റിക്ഷ പിടിച്ചു. ഒരു തെരുവിലെത്തി. പൊതുവേ വലിയ ബഹളമില്ലാത്തൊരു സ്ഥലം. വലിയ വാതിലുള്ള ഒരു ഇരുനില കെട്ടിടത്തിലേക്ക് ഞങ്ങൾ കടന്നു. കെട്ടിടത്തിന്റെ ഒത്ത നടുക്ക് ഒരു ആട്ടുകട്ടിലുണ്ടായിരുന്നു. ഹസൻ ഭായ് അതിലിരുന്നു. വായുവിലുയർന്ന കൈകൾ രണ്ടുവട്ടം കൊട്ടിയപ്പോൾ ഓരോ മുറിയുടെയും വാതിലുകൾ തുറന്നു. അതിൽ നിന്നും പട്ടുസാരിയും സൽവാറും ജീൻസും ടോപ്പും ഇട്ട് സ്ത്രീകൾ പുറത്തേക്ക് വന്നു. വലിയ വട്ടപ്പൊട്ട് തൊട്ട ഒരു സ്ത്രീ ഭായുടെ അരികെ വന്നിരുന്നു.ഭായ് എന്നെ കൈകാട്ടി വിളിച്ചു. ഞാൻ ഓടിച്ചെന്നു. എൻറെ കൈയെടുത്ത് വട്ടപൊട്ടുകാരിയുടെ കയ്യിൽ വെച്ചുകൊടുത്തു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ മിഴിച്ചുനിൽക്കുന്ന സമയത്ത് വെറ്റിലച്ചെല്ലത്തിൽ നിന്നും ഒരു പാൻ ഭായ് എന്റെ വായിൽ വെച്ച് തന്നു..എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. ഭായ് സൗമ്യനായി ചിരിച്ചുകൊണ്ട് പറഞ്ഞു;
"സബ് തുമാരാ ഹേ. തുംഹി ഇസ്‌കാ രഖ് വാലാ ഹേ."

ഞാൻ തലയാട്ടി. അന്നുമുതൽ ഹസൻ ഭായുടെ വേശ്യാലയത്തിന്റെ നടത്തിപ്പുകാരൻ കല്ലടക്കാരൻ രാമകൃഷ്ണനായി. ദിവസങ്ങളങ്ങനെ കടന്നുപോയി. ഒരു മഴയുള്ള രാത്രി വാതിലിൽ തട്ട് കേട്ട് ഞാൻ തുറന്ന് നോക്കി. ക്ലൈന്റ് ആയിരിയ്ക്കും എന്ന് വിചാരിച്ച് കതക് തുറന്നപ്പോൾ ഹസൻ ഭായ് മുമ്പിൽ നിൽക്കുന്നു. ഞാൻ പുറത്തേക്കിറങ്ങി. ഈ മഴയത്ത് എന്താണ് ഭായ് എന്ന് ഞാൻ ഹിന്ദിയിൽ ചോദിച്ചു. ഇന്നൊരു പ്രീമിയം ഗസ്റ്റ് വരുന്നുണ്ടെന്നും എന്നോട് പുറത്തു നിൽക്കണമെന്നും ഭായ് ആവശ്യപ്പെട്ടു.സൗമ്യനായി ചിരിച്ചു കൊണ്ട് ഭായ് അകത്തേക്ക് കയറി.ഒന്ന് തിരിഞ്ഞ് പുറത്തെ ഇരുട്ടിലേക്ക് നോക്കി ഭായ് വിളിച്ചു;
"അസ്മാബി.."

എന്റെ നെഞ്ചിലൊരു കൊള്ളിയാൻ വെട്ടി. ആ വെട്ടത്തിൽ മഴയിൽ കുളിച്ചുനിൽക്കുന്ന 13 വയസ്സുള്ള പെൺകുട്ടിയെ ഞാൻ കണ്ടു. മഴയിൽ കണ്ണീരൊലിച്ചു പോയ മുഖവുമായി അവൾ എന്റെ നേരെ നടന്നു. കടന്നു പോവുമ്പോൾ എന്റെ കറുത്ത മീശയിലേക്ക് അവൾ നോക്കി. എന്റെ പുറകിൽ വാതിൽ കൊട്ടിയടഞ്ഞു. കയ്യിൽ കെട്ടിയ ചരട് ഞരമ്പുകളെ വരിഞ്ഞു പൊട്ടിക്കുന്ന പോലെ തോന്നി. ബോംബെയിലെ എന്റെ അവസാന രാത്രിയായിരുന്നു അത്.
സ്റ്റിയറിംഗിൽ നിന്നും കയ്യെടുത്ത് കുടുക്ക് വിടുവിച്ച് കൈ മുകളിലേക്ക് മടക്കിവെച്ചു. പഴകി ദ്രവിച്ച് തുടങ്ങിയ ഒരു ചുവന്ന ചരട് അപ്പോഴും ഞരമ്പുകളെ മുറുക്കുന്നുണ്ടായിരുന്നു. 

വഴിയരികിൽ കണ്ട ദാബയെ നോക്കി കാർ ചെന്നു. സമയമെടുത്താണ് കാർ പാർക്ക് ചെയ്തത്. ഇടയ്ക്കിടയ്ക്ക് റേസ് ആവുന്നുണ്ടായിരുന്നു. കയ്യിൽ കിട്ടിയിട്ടല്ലേ ഉള്ളൂ. മെരുങ്ങി വരാൻ സമയമെടുക്കും. പുറത്തേക്കിറങ്ങിയപ്പോൾ തണുത്തുവിറച്ചു. കോട്ടെടുത്തിട്ട് ഞാൻ ദാബയിലേക്ക് നടന്നു. എന്റെ വഴിമുടക്കി ഒരു വൃദ്ധൻ നാലുകാലിൽ നിന്ന് എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. അയാൾ എൻറെ നേരെ കൈ നീട്ടി. ഷേക്ക്‌ഹാൻഡ് അല്ല അങ്ങേർക്ക് വേണ്ടത്. ഹൺഡ്രഡ് മണീസ് ആണ്. പേഴ്സ് കാറിലായിരുന്നു. ഞാൻ പിന്നേം തിരിച്ചു നടന്നു. സമ്പാദിക്കുന്നതിന്റെ ഒരു പങ്ക് അശരണർക്ക് കൊടുക്കണമെന്നാണല്ലോ.

‘‘കാശായിട്ട് തരില്ല.ഭക്ഷണം വാങ്ങി തരാം’’, ഞാൻ പറഞ്ഞു.
അയാൾ തലയാട്ടി. ദാബയ്ക്ക് സൈഡിലുള്ള ഒരു തട്ട്കടയിലേക്ക് ഞാൻ നടന്നു.അയാളോട് കൂടെ വരാൻ ആംഗ്യം കാണിച്ചു.
"വടാപാവുണ്ടോ?"
 എന്റെ ചോദ്യത്തിന് കടക്കാരൻ തലയാട്ടി. രണ്ട് പാത്രത്തിൽ വടാപാവ് വന്നു. ഒരെണ്ണം വൃദ്ധനും കൊടുത്തു ഒന്ന് ഞാനും എടുത്തു. ചായ കുടിച്ചു കൊണ്ടിരുന്ന ഒരുത്തൻ എന്നെത്തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു. ഞാൻ തിരിഞ്ഞുനിന്നു.കോട്ടിട്ട് വടാപ്പാവ് തിന്നുന്നത് ആദ്യമായി കാണുന്നതാവും.

"അതേ..സാറേ.. ഇവനൊന്നും ഒന്നും വാങ്ങിക്കൊടുക്കല്ലേ."
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ചായ് വാലയാണ്.അയാൾ കാരണവും പറഞ്ഞു.
"മിനിഞ്ഞാന്ന് ആ വളവിലെ കടേല് തല്ലുണ്ടാക്കി. ഇത്തിരി കറി ചോദിച്ചിട്ട് കൊടുക്കാത്തേന്…"

വൃദ്ധന്റെ കയ്യിലിരുന്ന് വടാപാവ് ഞെരുങ്ങി.
"അവനെന്നെ തവിയെടുത്ത് തല്ലാൻ വന്നട്ടല്ലേ.. മൈരൻ..."
വൃദ്ധന് മിനിഞ്ഞാന്ന് നടന്നത് ഓർമ്മയുണ്ട്.
അയാൾ പാത്രം കാലിയാക്കി എന്നെ നോക്കി. ഞാൻ അയാളുടെ തോളിൽ കൈവച്ചു ചോദിച്ചു;
"വിശക്കുന്നുണ്ടല്ലേ... ഒന്നൂടെ പറയട്ടെ?"

അയാൾ തലയാട്ടി. പാത്രത്തിൽ ഒരു വടാപാവ് കൂടെ വന്നു. അപ്പോഴാണ് വെള്ളക്കുതിരയുടെ അടുത്ത് എരുമയെ കെട്ടുന്നത് കണ്ടത്. ഒരു കറുത്ത അംബാസിഡർ. ഈ വണ്ടിയൊക്കെ ഇപ്പോഴും ഉണ്ടോ? കാലിനടിയിൽ നേരിയ തണുപ്പു തോന്നി. ഞാൻ താഴേയ്ക്ക് നോക്കി. നഗ്നപാദനാണ്. പണ്ടേയുള്ള ശീലമാണ്, കാറോടിക്കുമ്പോൾ ചെരിപ്പൂരി മാറ്റിവയ്ക്കും. വല്ലപ്പോഴും മാത്രമേ വണ്ടിയോടിക്കേണ്ടി വരാറുള്ളൂ. അതുകൊണ്ട് ആ ശീലം മാറ്റിയില്ല.ഞാൻ താഴേക്ക് തന്നെ നോക്കി നിന്നു. പാദങ്ങൾ ചെറുതാവുന്ന പോലെ എനിക്ക് തോന്നി.

ഉത്സവസീസൺ ആവുമ്പോ ഓരോ ജോഡി ചെരുപ്പ് അച്ഛൻ കൊണ്ടുവരും. ചിലത് കറക്റ്റ് പാകം ആയിരിക്കും. ചിലത് പൊടിയ്ക്ക് ലൂസ്. പക്ഷേ, അതിടാൻ അമ്മ സമ്മതിച്ചിരുന്നില്ല.
നന്നേ ചെറുപ്പത്തിലേ ഉള്ളംകാല് തഴമ്പിച്ചിരുന്നു. അതെന്തായാലും നന്നായി.ഉള്ളംകാലില് മുള്ളുകുത്തി മുനയൊടിയ്ക്കുന്നത് ചെറുപ്പത്തിലെ എൻറെ മെയിൻ കലാപരിപാടി ആയിരുന്നു. എത്രയോ ബെറ്റുകൾ ജയിച്ചിട്ടുണ്ട്. ഇന്നത് പറഞ്ഞാൽ ആരേലും വിശ്വസിയ്ക്കോ? കയറ് പിരിയ്ക്കാൻ പോയി തുടങ്ങിയപ്പോൾ ചെരുപ്പ് വാങ്ങിത്തരാൻ അമ്മയും മറന്നു.
കല്ലട വേല കഴിഞ്ഞ് നാലാം നാൾ. പുഴക്കരയിലേക്ക് ചാഞ്ഞുനിൽക്കണ കശുമാവിന്റെ കൊമ്പില് കൃഷ്ണൻ ആട്ന്ന്ണ്ടെന്ന് വേലിയ്ക്കല് നിന്ന് ആരോ വിളിച്ചു പറഞ്ഞു. അന്ന് വീട്ടീന്ന് ഞാനൊരു ഓട്ടമോടി. വരമ്പും പാടോം വഴിയും കടന്ന് പുഴക്കര എത്തുന്ന വരെ എത്ര മുള്ളിന്റെ മുനയൊടിഞ്ഞിട്ടുണ്ടാവുംന്ന് ഒരു കണക്കുമില്ല.

ആളുകളെ വകഞ്ഞ് മുന്നിലെത്തിയപ്പോ കണ്ടത് കൊമ്പിന്റെ മേലെ സുധാകരേട്ടനിരുന്ന് കയറ് മുറിക്കുന്നതാ. കൊമ്പിന് നേരെ താഴെ വെള്ളത്തിലൊരു വഞ്ചി. അതിൽ നാല് പേര് വല പിടിച്ച് നിക്കാണ്. സുധാകരേട്ടന്റെ കയ്യീന്ന് പോയി. കയറ് പൊട്ടി നേരെ വീണത് വലയിലേയ്ക്കല്ല. വഞ്ചിയുടെ അരികിൽ തലയടിച്ച് അച്ഛൻ വെള്ളത്തിലേക്ക് മറിയുന്നത് ഞാൻ കണ്ടുനിന്നു. വലിച്ചു കരയ്ക്കിട്ട അച്ഛന്റെ അടുത്ത് പോയി ഞാനിരുന്നു. അമ്മ ഓടിയെത്തുന്നേ ഉണ്ടായിരുന്നുള്ളൂ. ഞാനാകെ വിറങ്ങലിച്ചുപോയി. ഞാനച്ഛന്റെ കൈക്കുള്ളിൽ പിടിച്ചു. ആ ഒരു നിമിഷത്തിൽ അച്ഛന് ജീവനുള്ള പോലെ തോന്നി. തോന്നലല്ല. സത്യമാണ്. അച്ഛന്റെ വിരലുകൾ എന്നെ മുറുക്കിപ്പിടിയ്ക്കുന്നുണ്ടായിരുന്നു.

രാജൻ മുതലാളിയുടെ കറുത്ത അംബാസിഡർ വന്നപ്പോൾ ആളുകളൊക്കെ പതുക്കെ വലിഞ്ഞു.
എന്റേം അച്ഛന്റേം അടുത്തുവന്ന് മുതലാളി നിന്നു. എന്നിട്ട് മീശയൊന്നു മുറുക്കി നാട്ടുകാരെ നോക്കി. അവരെല്ലാം അപ്പോൾ രണ്ടടി മാറി നിന്നു. മുതലാളിയുടെ കാലുപിടിച്ച് ഞാൻ പറഞ്ഞു. അച്ഛന് ജീവനുണ്ട്, ആശുപത്രിയിൽ കൊണ്ടുപോന്ന്. എന്നെ തട്ടിത്തെറിപ്പിച്ച് കസവ് മുണ്ടിലെ ചെളിയും തുടച്ച് അങ്ങേര് പോയി. കറുത്ത കാറിന്റെ ഡോർ അടക്കുന്നതിന് മുമ്പേ അയാളെന്നെ നോക്കി. വായിലെ മുറുക്കാൻ നീട്ടി തുപ്പി ഡ്രൈവറുടെ തോളിൽ തട്ടി വണ്ടിയെടുക്കാൻ പറഞ്ഞു. മുതലാളിമാർ എല്ലാവരും ചെറ്റകളല്ല. പക്ഷേ, രാജൻ ചെറ്റയാണ്. പൊടി പറത്തി പോകുന്ന ആ കറുത്ത അംബാസിഡർ ഇന്നും എന്റെ കണ്ണിലുണ്ട്.
പാർക്ക് ചെയ്ത കാറിൽ ചാരി നിന്ന് മൂന്നാല് കോളേജു പിള്ളേർ സെൽഫി എടുക്കുന്നത് ഞാൻ കണ്ടു. നല്ല പടം കിട്ടുന്നത് വരെ അവർ കാറിൽ ചാരിയും കിടന്നുമൊക്കെ ഫോട്ടോ എടുക്കാൻ തുടങ്ങി. എനിക്കെന്തോ പേടി തോന്നി. ഞാൻ അങ്ങോട്ടേക്ക് ഓടി. എന്റെ വരവ് കണ്ടതും അവർ ദാബയിലേക്ക് കയറി.

വണ്ടി സർവീസ് റോഡ് പിടിച്ചു തന്നെ പോയി. ഇവിടുന്ന് ഒരു 10 മിനിറ്റേയുള്ളൂ ശീമോന്റെ കടയിലേക്ക്. ഒരു പെട്ടിക്കട. അവൻ രാത്രിയിലെ തുറക്കാറുള്ളൂ. ലോറിക്കാര് കേറും അവന്റെ കടേല്. പിന്നെ ഞാനും. എല്ലാർക്കും ഉണ്ടാവൂലോ ഗതി പിടിയ്ക്കാത്തൊരു കൂട്ടുകാരൻ. ശീമോന്റെ കടയിലപ്പോൾ ഒരു എമർജൻസി ലൈറ്റ് കത്തിച്ചു വച്ചിട്ടുണ്ട്. കോട്ടൂരാതെ തന്നെ ഞാൻ കടയിലേക്ക് നടന്നു. നടത്തത്തിനിടയിൽ കോട്ടിന്റെ പോക്കറ്റിൽ കയ്യിട്ടപ്പോൾ ഒരു പാക്കറ്റ് സിഗരറ്റ് തടഞ്ഞു.. ചുണ്ടത്തൊരെണ്ണം എടുത്ത് വെച്ച് ഒരു ജാഡയിൽ അങ്ങോട്ട് പറഞ്ഞു ;
"ഹാ ശീമോനെ.. എന്തുണ്ട്? ഒരു ലൈറ്ററിങ്ങെടുത്തേ.. സിപ്പോ വണ്ടിയിലാ.."
ലൈറ്റർ കിട്ടി. കത്തിച്ചു. രണ്ടാമത്തെ പുകയിൽ ചുമച്ചു. സിഗരറ്റ് നിലത്തിട്ട് ശീമോനെ പാളി നോക്കിയപ്പോൽ അവൻ ആക്കി ചിരിച്ചു.
" പറ്റാവുന്ന പണിക്ക് പോയാൽ പോരെ..?"
ഞങ്ങൾ രണ്ടാളും ചിരിച്ചു. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. ഇനി അങ്ങനെ ഒരാളുണ്ടെങ്കിൽ എനിക്കും മൂപ്പർക്കുമിടയിലെ കുമ്പസാരക്കൂടാണ് ശീമോൻ.

"കുറേ ആയല്ലോ ഈ വഴിയ്ക്ക് കണ്ടിട്ട്.? ഞാൻ പേപ്പറിൽ നോക്കാറുണ്ട് നിന്റെ പടമുണ്ടോന്ന്.."
ശീമോൻ പറഞ്ഞതിന്റെ പൊരുളെനിയ്ക്ക് മനസിലായി.
‘‘ചത്തട്ടില്ല, നിന്റെ പടം ഞാനും നോക്കാറുണ്ട്. "
‘‘പടം വന്നാ തീർന്നില്ലേ’’, ശീമോൻ കൂട്ടിച്ചേർത്തു.
‘‘തീർന്നാലും പടം വരും’’, ഞാനും വിട്ടുകൊടുത്തില്ല.
"ഇതെന്താ ഇരുട്ടത്തിരിക്കുന്നേ.?", ലൈറ്റ് മുഖത്ത് നിന്ന് തിരിച്ചുവെച്ച് ഞാൻ ചോദിച്ചു.
"കുറെ നാളായി ഇരുട്ടിലാണ്’’, മുഖത്തെ ചിരിക്ക് കോട്ടം തട്ടാതെ അവൻ പറഞ്ഞു.
ഞാൻ ജീൻസിന്റെ കീശയിൽ നിന്നും ഒരു കെട്ട് നോട്ടെടുത്ത് അവൻറെ മുൻപിൽ വെച്ചു.
"ഇതെന്താ.?"
 ശീമോൻ ചിരി വിട്ടു.
‘‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക.. "
"കാര്യം പറയടാ"
"എന്ത് കാര്യം?"
"ഇതെന്താന്ന്?"
"കണ്ടില്ലേ, കാശ്’’.
"ഇതെന്തിനാ എനിയ്ക്ക്?"
"കാശെന്തിനാ? കള്ളുകുടിയ്ക്കാം, ചീട്ടുകളിക്കാം, കുതിരപ്പന്തയത്തില് വാതു വയ്ക്കാം, കറണ്ട് ബില്ലടയ്ക്കാം…"

ശീമോൻ വീണ്ടും ചിരിച്ചു; ഞാനും.
കാശെടുത്ത് മേശ വലിപ്പിലിട്ടു. അവൻ വഴിയിലേക്ക് നോക്കി. ഇപ്പോഴാണ് നാറി കാണുന്നത്.
 "ഇതേതാ വണ്ടി? പുതിയതാ?"
"യഹ്… ജസ്റ്റ്‌ 7 ഡേയ്‌സ് ഓൾഡ്."
 "ബെൻസാ?"
"ബെൻസൊക്കെ പണ്ട്, ഇത് ഔഡി"
"ഓഹ്, ഓടി"
"ഓടിയല്ലടാ നാറി, ഔഡി… ഔ. അം.അഃ"
 "ഓൺ റോഡ് എത്രയാ?"!
"ഒരു രണ്ടേകാൽ റുപ്യ വരും".
"ഓഹ്, യോഗം തന്നെ"
"നിന്നെ ഞാൻ പണ്ട് വിളിച്ചതല്ലേ കൂട്ടുകാരാ, നമുക്ക് ഒരുമിച്ച് ഒരു കൈ നോക്കാമെന്ന് പറഞ്ഞതല്ലേ? അങ്ങനെയാണെങ്കിൽ ഇരുട്ടത്ത് ഈ പെട്ടിക്കടയിൽ കൊതുകടി കൊണ്ടിരിക്കേണ്ടിവരുമായിരുന്നോ?"
"വേണ്ടപ്പാ, അതിനുള്ള ധൈര്യം എനിയ്ക്കന്നുമില്ല, ഇന്നുമില്ല. നമുക്ക് കൊതുകടീം മൂട്ടകടീം ഒന്നുമല്ല വിഷയം. രാത്രി കിടക്കുമ്പോൾ ഉറക്കം കിട്ടുന്നുണ്ടോ എന്നാണ് വിഷയം."
"മിസ്റ്റർ ശീമോൻ, റിസ്ക് എടുക്കാതെ റസ്ക് മൂഞ്ചാൻ പറ്റില്ല."
" മൂഞ്ചാതെ ഇരുന്നാൽ മതി’’.
"നാക്കെടുത്ത് വളക്കല്ലേടാ നാറി. ബാ, നമുക്കൊരു ഡ്രൈവ് പോകാം, നീ ഷട്ടറിട്’’
"നിന്റെ കൂടെ, അതും ഈ കാറില്, എന്റെ പൊന്നു രാമാ, എന്നെ വിട്ടേക്ക്…"
‘‘നിന്റെ ഈ പേടിയാണ് എല്ലാത്തിനും പ്രശ്നം. നിനക്കീ കല്ലിന്റേം പുല്ലിന്റേം ഇടേക്കിടന്ന് ചാവാനാ യോഗം’’.
"നീ ചാവുന്നത് പിന്നെ ഓടിയുടെ ഷോറൂമിൽ കിടന്നാണല്ലോ".
ഞാൻ തർക്കിക്കാൻ നിന്നില്ല. ഞങ്ങൾ കുറച്ചുനേരം കാർ നോക്കി നിന്നു.
"നീയീ കാറിന്റെ എംബ്ലം ശ്രദ്ധിച്ചാ?" ഞാൻ ചോദിച്ചു.
"മ്മ്.. പൂജ്യം.."
"പൂജ്യമല്ലടാ.. വട്ടം.. നാല് വട്ടങ്ങൾ. ഓരോന്നും നമ്മുടെ ലൈഫിന്റെ സൈക്കിൾസാണ്. ഓരോ കാലം കഴിയുമ്പോഴും ഓരോ സൈക്കിൾ കമ്പ്ലീറ്റ് ആവും. ഒന്നാമത്തെ വട്ടം നമ്മള് കുഞ്ഞായിരിക്കുമ്പോൾ. ഒന്നും അറിയണ്ട. ഫുൾ ചില്ലായിരിക്കും. എല്ലാവർക്കും സ്നേഹം; എല്ലാവരോടും സ്നേഹം. ഫുൾ ഇന്നസെൻസ്.
ആ വട്ടം കംപ്ലീറ്റ് ആവുമ്പോ അടുത്തത് സ്റ്റാർട്ട് ചെയ്യും. ആ സർക്കിളിൽ നമ്മുടെ മീശ കിളിർക്കാനും കറുക്കാനുമൊക്കെ തുടങ്ങും. അത്രയും കാലം വിശ്വസിച്ചതെല്ലാം തെറ്റായിരുന്നു എന്ന് തോന്നും. നന്മയും തിന്മയുമൊന്നുമില്ല. എല്ലാവരും അവനവനു വേണ്ടി ജീവിയ്ക്കാണെന്ന് മനസ്സിലാവും. ബാലൻസ് ഇന്നസെൻസ് കൂടെ കുത്തിയൊലിച്ചു പോവും. ഈ ലേണിംഗ് എക്സ്പീരിയൻസ് വെച്ചിട്ടാണ് നമ്മള് മൂന്നാമത്തെ വട്ടം സ്റ്റാർട്ട് ചെയ്യുന്നത്. നമ്മള് വിട്വോ? പിന്നെ ഓരോട്ടമല്ലേ. എന്റെ നിന്റെ എന്നൊന്നൂല്യ. ഒക്കെ എന്റെ".

ഞാനും ശീമോനും അവസാനത്തെ വട്ടത്തിലേക്ക് നോക്കി നിന്നു. അവൻ അക്ഷമനായി ചോദിച്ചു;
"അപ്പൊ അവസാനത്തെ വട്ടം?"

ഞാൻ കണ്ണെടുക്കാതെ മറുപടി പറഞ്ഞു;
"ഫൈനൽ ലാപ്. ഫിനിഷിംഗ് പോയിൻറ് എത്താൻ അധികം ദൂരമില്ല എന്ന ഓർമ്മപ്പെടുത്തൽ. ഭൂതകാലത്തിലേക്കുള്ള മടങ്ങിപ്പോക്ക്. പാപഭാരം താങ്ങാനുള്ള മൈൻഡ് സെറ്റ് അപ്പോഴേക്കും വരുമായിരിക്കും".

രണ്ടുപേരും അല്പനേരം നിശ്ശബ്ദരായി നിന്നു.

‘‘ഇത് വല്ലതും ഈ കാറ് അറിയുന്നുണ്ടോ?’’,
ശീമോൻ ആത്മഗതം പോലെ പറഞ്ഞു.
ഞാൻ വാച്ച് നോക്കി. നേരം വെളുക്കാറായി.
"മോനെ, ഞാൻ വിടട്ടെ.അടുത്ത വരവിന് കാണുമ്പോൾ നിന്റെ കട പ്രകാശം പരത്തട്ടെ’’.
"സൂക്ഷിച്ചു പോ."
ശീമോൻ എന്നെ യാത്രയാക്കി. 

തഴമ്പിച്ച കാലുകൾ ആക്സിലേറ്ററിൽ തൊട്ടു. പൂവിൽ തൊടുന്ന മൃദുത്വം. കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ ഞാൻ എവിടെയായിരുന്നു. പുഴക്കരയിലെ കാശുമാവിൻ ചോട്ടിൽ നിന്ന് തുടങ്ങിയ ഓട്ടം എത്തിനിന്നത് ഒരു ബംഗ്ലാവിന്റെ മുമ്പിൽ. കത്തിയെരിഞ്ഞ കറുത്ത അംബാസിഡർ കാറിനകത്ത് രാജൻ മുതലാളിയുടെ നിലവിളി എന്റെ ചെവിയിലുണ്ട്. അവിടന്ന് വെച്ചുപിടിച്ച ഓട്ടം പിന്നെ നിന്നത് സുധാകരേട്ടന്റെ പെരയ്ക്കകത്ത്. അനാഥന്റെ എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ച രാത്രി. ഇരുട്ടിനൊരു മറയുണ്ട്. മുതലാളി- തൊഴിലാളി സംഘർഷത്തിൽ ഇതെല്ലാം പതിവുള്ളതാണെന്ന് പുറംലോകം എഴുതിത്തള്ളിയപ്പോൾ അതുപോലൊരു രാത്രി ഇനി ജീവിതത്തിൽ ഉണ്ടാവില്ല എന്ന് കരുതിയതാണ്. പക്ഷേ ഓട്ടം അവസാനിച്ചില്ല. അതേ കഠാരയുടെ മൂർച്ചയിലാണ് നടുക്കളത്തിലെ ആട്ടുകട്ടിലിൽ ഒരു താടിക്കാരന്റെ കഴുത്തറ്റത്.

ഞാൻ മിററിൽ എന്റെ മുഖം നോക്കി. കണ്ണാടി നോക്കി കള്ളം പറയുന്നത് ഒരു പ്രാക്ടീസ് ആണ്. I'm an expert.

നാടെത്താൻ ഇനി നിമിഷങ്ങളെയുള്ളൂ. സർവീസ് റോഡിൽ നിന്നും വളവുതിരിയാൻ ഇൻഡിക്കേറ്റർ ഇട്ടപ്പോൾ വഴിയിൽ പോലീസ്. ഞാനൊന്ന് സ്തംഭിച്ചു. വണ്ടി നിർത്തിയിട്ട് ആക്സിലേറ്റർ ചവിട്ടിയപ്പോൾ കാലിൽ മുള്ള് കുത്തുന്ന വേദന.വണ്ടി നിന്നു.പിന്നെ അനങ്ങിയില്ല. അവർ ഒരു സംഘം എന്നെ വളഞ്ഞു. ഗ്ലാസ്സിൽ തട്ടി. ഞാൻ ഗ്ലാസ് താഴ്ത്തി, അവരെ നോക്കി ചിരിച്ചു. സി.ഐ എന്റെ കോട്ടിൽ കുത്തിപ്പിടിച്ച് പുറത്തേക്കിട്ടു.
‘‘മോട്ടിച്ച കാറും കൊണ്ട് ഞങ്ങടെ കാലിന്റെ ഇടേന്ന് മുങ്ങാന്ന് വിചാരിച്ചോടാ മൈരേ…’’.

ഓരോരുത്തരായി വന്ന് എന്നെ തൊഴിയ്ക്കാൻ തുടങ്ങി. അഞ്ചെട്ട് പേരടങ്ങുന്ന സംഘം എന്നെ വട്ടത്തിൽ ആക്രമിക്കുകയാണ്. ഞാനാ വട്ടത്തിനുള്ളിൽ മലർന്നു കിടന്നു. നേരം വെളുത്തു. നാളെ ഈ നേരത്ത് മാലിനിയുടെ വീട്ടുമുറ്റത്ത് പത്രമെറിഞ്ഞു പോവുന്ന ചന്ദ്രൻ എന്റെ മനസ്സിൽ വന്നു. അതെടുക്കാൻ വരുന്ന മാലിനിയെ ഞാൻ കണ്ടു. ഉമ്മറത്തിരുന്ന് പത്രം മറിയ്ക്കുമ്പോൾ മൂന്നാമത്തെയോ നാലാമത്തെയോ പേജിന്റെ ഏതെങ്കിലും ഒരു കോണിൽ ഞാൻ ഒളിച്ചിരിക്കുന്നുണ്ടാവും. അതാലോചിച്ചപ്പോൾ ഞാൻ കരഞ്ഞു.

Comments