പ്രസന്നൻ പൊങ്ങണംപറമ്പിൽ

നാട്ടുകഥകളും
ഇന്ത്യയുടെ ഭൂപടവും

ആമുഖം

ചുംബനം നൽകാനടുത്തപ്പോൾ പുഞ്ചിരി ചോദിച്ചു, "അറിവാണോ, അതോ ഉൾപ്രേരണയോ?"
"ആഗ്രഹം മാത്രം"
ഉടനെ പുഞ്ചിരി മാഞ്ഞു.

ഒരു നെടുവീർപ്പിൽ ചുണ്ടുകളുലയുകയും കാത്തുവെച്ച മധുരം കയ്പ്പിൻ കടലിൽ താഴുകയും ചെയ്തു.
കാലം പിന്നെയും വിശ്വാസങ്ങളുടെ തടവറയിൽ തന്നെ കഴിഞ്ഞു.

അദ്ധ്യായം ഒന്ന്

ത്തുവയസ്സിലെത്തിനിന്നിരുന്ന എന്റെ ബാല്യത്തിന്റെ പരിസരപ്രദേശത്താണ് ദിവാകരേട്ടൻ ആ കഥകളൊക്കെ കൊണ്ടു വന്നിട്ടത്. എന്റെ ഗ്രാമമായ മേടത്തറയുടെ ഒരു വലിയ ഭാഗം അന്ന് റബ്ബർ തോട്ടങ്ങളായിരുന്നു. ബസിറങ്ങി മേടത്തറയിലേക്ക് ഏതാണ്ട് നാലഞ്ചു കിലോമീറ്ററോളം നടക്കണം. നാട്ടുപാതയുടെ ഇരുപുറവും ഇടതൂർന്ന് നിൽക്കുന്ന റബ്ബർതോട്ടങ്ങൾ രാത്രിയുടെ അരണ്ടവെളിച്ചത്തിൽ ഭയാനകമായ ഒരു അധോലോകം തീർക്കും. റബ്ബർ മരങ്ങളുടെയത്രയും പൊക്കത്തിൽ നിഗൂഢമായ ഇരുട്ടിന്റെ കുരുടൻ വ്യാളികൾ വാ പൊളിച്ചു നിൽക്കും. ഏത് നിലാവിനെയും അവ വിഴുങ്ങി അമാവാസിയാക്കികളയും. അധികമാരും രാത്രികാലത്ത് ആ വഴിയേ വരാറില്ല.
അവിടമാണ് ദിവാകരേട്ടന്റെ മിക്ക കഥകളുടെയും പശ്ചാത്തലം.

കഥ തുടങ്ങി കുറച്ചുകഴിയുമ്പോഴാണ് കമ്പനിയിലെ ഷിഫ്റ്റും കഴിഞ്ഞ് ദർശ്യപ്പാട്ടെ ചെല്ലപ്പൻ രാത്രി ഒരു മണിക്ക് ആ വഴിയേ നടന്നുവരുന്നത്. ലേശം വേണ്ടാതീനമൊക്കെയുള്ള നാടൻ പാട്ടും പാടി അല്പം ആടിയാണ് ചെല്ലപ്പന്റെ രാത്രിയിലുള്ള നടപ്പ്. കൈയിലൊരു ടോർച്ചും വടിയുമുണ്ടാകും. പാമ്പോ പട്ടിയോ വന്നാൽ നേരിടാനാണ് വടി.

അന്നാണെങ്കിൽ കൂനാ കൂനിരുട്ട്.
എന്നിട്ടും റബ്ബർ മരങ്ങൾക്കിടയിൽ ഒരു പശു നിൽക്കുന്നതായി ചെല്ലപ്പന് തോന്നി. ടോർച്ചടിച്ചു നോക്കിയപ്പോൾ ലക്ഷണമൊത്ത, എവിടെന്നോ അഴിഞ്ഞുപോയ പശു. എന്നാലൊന്ന് നോക്കിയിട്ടുതന്നെ കാര്യം.
കമ്പിവേലിയിൽ വിടവുള്ള സ്ഥലം നോക്കി അയാൾ കുറച്ചു ദൂരം നടന്നു. ഒരാൾക്ക് കടക്കാവുന്ന വിടവു കണ്ടപ്പോൾ കൈയിലുള്ള വടിയും ടോർച്ചും വേലിയിൽ ചാരിവെച്ച് ഉടുത്ത മുണ്ടഴിച്ച് തലയിൽ കെട്ടി, ട്രൗസറിനകത്ത് നിന്ന് ബീഡിയെടുത്ത് കത്തിച്ച് കുറച്ചുനേരം പുകവലിച്ചുനിന്നു.

'ആത്മാവ്' ഒന്ന് ചൂടായപ്പോൾ അയാൾ ടോർച്ചെടുത്ത് റബ്ബർ തോട്ടത്തിലേക്ക് കടന്നു. ചെല്ലപ്പനെ കണ്ടതും പശു കുറെകൂടി ഇരുട്ടുള്ള ഭാഗത്തേക്ക് മാറി. ടോർച്ചിന്റെ വെളിച്ചമാണെങ്കിൽ പശുവിന്റെ അകിട് വരെയേ എത്തുന്നുള്ളൂ. ചുറ്റും ചീവിടുകളുടെയും, പോക്കാച്ചിത്തവളകളുടെയും ശബ്ദം അന്തരീക്ഷത്തിന്റെ ഭീകരതക്ക് കടുപ്പം കൂട്ടുന്നുമുണ്ട്.

കമ്പനിയിൽ നിന്നിറങ്ങിയാൽ തൊട്ടടുത്തുള്ള ചേരിയിലെ രാവുണ്ണിയെ വിളിച്ചുണർത്തി വയറു നിറയെ വാറ്റുചാരായവും അര പിഞ്ഞാണം മാങ്ങാ അച്ചാറും കപ്പയും കഴിച്ചാണ് ചെല്ലപ്പൻ നടക്കാൻ തുടങ്ങുക. അസമയത്തായതുകൊണ്ട് രാവുണ്ണി പറ്റിൽ കാശൽപം കൂട്ടിയെഴുതും. ചെല്ലപ്പൻ ഒരു സ്ഥിരം കസ്റ്റമറാണ്. അതുകൊണ്ട് രാവുണ്ണി ചെല്ലപ്പനുവേണ്ടി ചാരായം മാറ്റിവച്ചിരിക്കും. വാറ്റ് അകത്തു കയറിയാൽ അസാമാന്യധൈര്യമായി അത് മാറും. പിന്നെ ചെല്ലപ്പൻ റബ്ബർതോട്ടത്തിനിടയിലൂടെയല്ല, വേണമെങ്കിൽ പാലമരത്തിന്റെ മുകളിലൂടെ വരെ നടക്കും.

ആ പ്രദേശത്തൊന്നും വീടുകളില്ല. ഏറ്റവും അടുത്തുള്ളത് തൊഴിലാളികളുടെ യൂണിയൻ ആപ്പീസ്സാണ്. അതുതന്നെ ഒരു കിലോമീറ്റർ പോകണം. ഒന്നോളിയിട്ടാൽ ശബ്ദം റബ്ബർമരങ്ങൾക്കിടയിൽ തട്ടിയുടഞ്ഞുപോകുകയേ ഉള്ളൂ.

റബ്ബർമരത്തിൽ ചെത്തിയുണ്ടാക്കിയിട്ടുള്ള പാല് കിനിഞ്ഞിറങ്ങുന്ന വരകൾ രാത്രിയാകുമ്പോള്‍ വായുവിൽ ഇഴയുന്ന വെളുത്ത പുഴുക്കളാവും. അവ ചിരട്ടയിൽ വീഴുന്ന ശബ്ദവും കരിയിലകളുടെ കാറ്റത്തുള്ള അനക്കവും കൂടിച്ചേർന്ന് ഏതോ അരൂപികൾ നിറുത്താതെ നടക്കുന്നതുപോലെയിരിക്കും. ചെല്ലപ്പനിതൊന്നും അറിയുന്നേ ഇല്ലായിരുന്നു. ചാരായം വലിച്ച് മുറുക്കിയ ഞരമ്പുകൾ കൊട്ടുന്ന ചെമ്പട താളത്തിലാണ് ചെല്ലപ്പൻ.

"ഞാനെത്ര പശുക്കളെ വളർത്തിയിട്ടുള്ളതാ, എന്റടുത്താ ഈ വഴുതിമാറൽ" എന്നുപറഞ്ഞ് ഏകദേശം കണക്ക് വച്ച് കയർ കഴുത്തിൽ വീഴ്ത്താൻ ചെല്ലപ്പൻ ഒന്ന് ആഞ്ഞു.

പെട്ടെന്ന് പശുവിന്റെ സ്ഥാനത്ത് ഒറ്റ കാലും, ഇരട്ടത്തലയുമുള്ള, നാവിൽ നിന്ന് ചോരയിറ്റിറ്റു വീഴുന്ന മേടത്തറ ഒടിയൻ. ഒരു വെളിച്ചം ഇറങ്ങി വന്ന് ഒടിയനെ വലയം ചെയ്തു. ചെല്ലപ്പൻ ഒന്നേ നോക്കിയുള്ളൂ, ചാരായത്തിന്റെ ലഹരിയും, അച്ചാറിന്റെ എരിവും മൂർച്ച കൂട്ടിയ ചെല്ലപ്പന്റെ ധൈര്യം ഒറ്റയടിക്ക് കത്തിത്തീർന്നു.

പിറ്റേദിവസം രാവിലെ റബ്ബർ വെട്ടാൻ വന്നവർ ബോധമില്ലാതെ കിടക്കുന്ന ചെല്ലപ്പനെ കാണുന്നു. ഏഴാം ദിവസം പനിച്ച് ചുഴലിവന്ന് ചെല്ലപ്പൻ രക്തം ശർദ്ദിച്ച് മരിക്കുന്നു.

കഥയുടെ അവസാനം ഒടിയന്റെ ശക്തി എനിക്ക് ബോധ്യപ്പെട്ടില്ലേയെന്നറിയാൻ ദിവാകരേട്ടൻ കഴുത്ത് ചെരിച്ചൊന്ന് നോക്കും. സംശയം തോന്നിയാൽ പറയും, "ഒടിയനോട് കളിച്ചവരാരും അധികകാലം ജീവിച്ചിരുന്നിട്ടില്ല’’.

"അല്ല, ദിവാകരേട്ടൻ ഈ ചെല്ലപ്പനെ കണ്ടിട്ടുണ്ടോ?"
"അത് കഴിഞ്ഞിട്ടിപ്പോ കൊല്ലം പത്തൻപതായില്ലേ, അന്നെനിക്ക് നാല് വയസ്സൊ മറ്റോ ഉള്ളൂ’’.
"എന്നിട്ട് ഇപ്പൊ എന്താ അങ്ങനെയാരും മരിക്കാത്തേ?"
"എന്തുപറഞ്ഞാലും ഒരു തറുതല ചോദ്യം, അത് നല്ലതലാട്ടോ’’.

കുറച്ചുനാളുകൾക്കു ശേഷം ദിവാകരേട്ടൻ വീണ്ടും കഥ പറയും. അപ്പോൾ കഥയിൽ ചെല്ലപ്പനു പകരം തടത്തിപറമ്പിലെ കേശവനാകും.

അദ്ധ്യായം രണ്ട്

മേടത്തറയിൽ എന്റെ വീട്ടിൽ നിന്ന് അര കിലോമീറ്റർ പോയാൽ ഒരമ്പലമുണ്ട്. പേലമ്പം ക്ഷേത്രം എന്നാണ് പേര്. എനിക്കൊരു പതിനഞ്ച് വയസ്സൊക്കെ ആകുന്നതുവരെ തീരെ ഗ്ലാമറില്ലാതെ കിടന്നിരുന്ന ഒരു കുടുസ്സുമുറി അമ്പലമായിരുന്നു അത്. പ്രാധാന്യം കുറയാൻ കാരണം രണ്ട് കിലോമീറ്ററകലെ തീരാണിക്കുളം എന്ന പേരിൽ വലിയ അമ്പലമുണ്ടെന്നുള്ളതായിരുന്നു.

കൊതുവല്ലൂർ ഭദ്രകാളിക്കൊപ്പമോ അല്പം കൂടുതലോ ശക്തിയുള്ള തീരാണികുളം ദേവി വാണരുളുന്ന പ്രദേശത്ത് വേറൊരു പ്രതിഷ്ഠക്ക് പ്രസക്തിയിലെന്നായിരുന്നു കൊല്ലം തോറും പറയെടുക്കാൻ വരുമ്പോൾ വെളിച്ചപ്പാട് തുള്ളിപറഞ്ഞിരുന്നത്.

മേടത്തറ തീരാണികുളം അമ്പലത്തിന്റെ തട്ടകമായതുകൊണ്ട് എല്ലാ നിവാസികളും കൊല്ലത്തിലൊരിക്കൽ മിനിമം ഒരു പറ നെല്ലോ മലരോ അമ്പലത്തിലേക്ക് കൊടുക്കണമെന്നാണ് ആചാരം. പറയെടുക്കാൻ വരുന്ന ചടങ്ങിൽ ദേവി കോപിച്ചാലുള്ള ഭവിഷ്യത്തുക്കളെക്കുറിച്ചും, പ്രസാദിച്ചാലുള്ള കസർത്തുക്കളെ കുറിച്ചും അതിഭീകരമായ ഭാഷാപ്രയോഗങ്ങൾ നടത്തും വെളിച്ചപ്പാട് ശങ്കരൻ.

ഭക്തശിരോമണികളാരെങ്കിലും കൊടുക്കുന്ന ബ്രാണ്ടി അളവില്ലാതെ സേവിക്കുമെങ്കിലും തുള്ളുമ്പോൾ പറയേണ്ട കാര്യങ്ങൾ ശങ്കരൻ മറക്കാറില്ല. ഭക്തിയും ആദരവും മൂത്ത് വിനയപരവശരായി നിൽക്കുന്ന കുടുംബങ്ങൾ ശങ്കരന്റെ ആവേശം ആകാശം കടത്തിവിടും. അഞ്ചരയടിയുള്ള ശങ്കരൻ വാളിനൊത്തു പൊന്തി ചിലപ്പോൾ തറ തൊടാൻ മറക്കും. അപ്പോൾ ശങ്കരന്റെ മുഖത്ത് ഭക്തർ 'ദേവി'യെ കാണും.

ചായക്കടയിൽ സ്ഥിരമായി പോകുന്നത് കൊണ്ട് ശങ്കരൻ റേഡിയോയും, മറ്റുള്ളവരുടെ പത്രം വായനയും കേൾക്കും. ആ ലോകവിവരം വച്ച് വസൂരിയുടെ കാലം കഴിഞ്ഞുവെന്നറിയാം, അതുകൊണ്ട് തുള്ളിപേടിപ്പിക്കുമ്പോൾ വസൂരിക്ക് പകരം മാറാരോഗവും, നാടിന്റെ നാശവും എന്നതിലാണ് ആ കാലത്ത് ശങ്കരൻ ഊന്നൽ കൊടുത്തിരുന്നത്.

അപ്പോഴും പേലമ്പം ക്ഷേത്രം അവിടവിടെ മാറാല പിടിച്ചുകിടന്നു.

ഒരു ലോക്കൽ ശാന്തിക്കാരൻ തന്റെ ഒഴിവിനനുസരിച്ച് വെകുന്നേരങ്ങളിൽ വിളക്ക് കൊളുത്തും. വിശേഷദിനങ്ങളിൽ തീരാണിക്കുളത്തേക്ക് തൊഴാൻ പോകുന്നവർ 'ഇനി അവടന്നുള്ള പുണ്യം കൂടെ കിട്ടിക്കോട്ടെയെന്ന' മട്ടിൽ ഒന്ന് തൊഴുത്, ശാന്തിക്കാരന്റെ പ്രതീക്ഷയിലേക്ക് കുറച്ച് ചില്ലറപൈസയിട്ട് കൊടുക്കും. ഓട്ടുകമ്പനിയിൽ മേസ്ത്രിപ്പണിയുള്ള അയാൾക്കതൊരു സഹവരുമാനം. എണ്ണയും, തിരിയും വാങ്ങിച്ചാലും അല്പം മിച്ചം വരും.

ക്ഷേത്രത്തിനുപിന്നിൽ ഒരു കുളമുണ്ട്. എല്ലാക്കൊല്ലവും പേലമ്പം ഭാഗത്തുള്ളവർ കുളമൊന്ന് വറ്റിക്കും. അപ്പോൾ കിട്ടുന്ന മേൽത്തരം ബ്രാൽ മീനുകളെ നാട്ടുകാർ പങ്കിട്ടെടുക്കും. ആ കൊല്ലവും അത് നടന്നു. അക്കൊല്ലം ബ്രാലുകളോടൊപ്പം ഒരു ലോഹത്തകിടും കൂടെ കിട്ടി.

ഒരു വിദഗ്ധാഭിപ്രായത്തിനുവേണ്ടി മീൻ വാങ്ങാൻ നിന്നിരുന്ന ഗോപാലൻ വൈദ്യരുടെ കൈയിലേക്കെത്തിക്കപ്പെട്ടു ആ തകിട്.

വൈദ്യര് കുറെ നേരം ഭക്തിപുരസ്സരം തകിടിലേക്കുനോക്കി പിന്നെ കുറച്ചുനേരം കണ്ണടച്ചുനിന്നു. അതിനുശേഷം ആ കാലത്ത് തനിക്ക് മേടത്തറയിലുള്ള സ്വീകാര്യതയെ മൊത്തത്തിൽ ആവാഹിച്ചെടുത്ത് വാക്കുകളുടെ ഘനവും, ഗൗരവത്തിന്റെ തീക്ഷ്ണതയും പരമാവധി കൂട്ടി, "നോക്കൂ, വിഷ്ണുഭഗവാനാണിതിൽ തെളിയുന്നത്"

ഫേസ്ബുക്കും വാട്സ്ആപ്പും ഇല്ലാതിരുന്നിട്ടും വാർത്ത അതിവേഗം പരന്നു. പൗരരിൽ മുഖ്യരെന്ന് പറയാവുന്ന ചിലർ ഉണർന്നു. പ്രത്യേകിച്ചും ഒരു ആൺ ദൈവത്തിന് പ്രാമുഖ്യം വേണമെന്ന് ഉള്ളാലെ ആഗ്രഹിച്ചവർ.

നാട്ടുസാഹിത്യകാരന്മാർ ഐതിഹ്യമെഴുതി. വിഷ്ണു തീരാണികുളം ദേവിയെ കാണാൻ വന്ന് മടങ്ങുമ്പോൾ പേലമ്പം കുളത്തിലിറങ്ങി കാലും മുഖവും കഴുകിയതായി പുരാണത്തിലുണ്ടെന്ന് ഒരു സംശയത്തിനും ഇടമില്ലാതെ സ്ഥാപിക്കപ്പെട്ടു.

(എന്തിനാണ് കോടാനുകോടി മൈലുകൾ അകലെ നിന്ന് ദൈവങ്ങളുടെ തലൈവരിൽ തലൈവനായ വിഷ്ണു തീരാണികുളത്തേക്കുവന്നത് എന്ന് ചോദിയ്ക്കാൻ ധൈര്യമുള്ളവരാരും മേടത്തറയിലെ പേലമ്പം ഭാഗത്തുണ്ടായിരുന്നില്ല. ഇനി അഥവാ ചോദ്യം വന്നിരുന്നെങ്കിൽ ഉത്തരം ഉടനെ ഉണ്ടാവും, "ദേവേന്ദ്രനും, തീരാണികുളം ദേവിയും തമ്മിലുള്ള പിണക്കം തീർക്കാൻ". അല്ലെങ്കിലും ദേവേന്ദ്രന്റെ ഗോഡ്ഫാദറാണല്ലോ മൂപ്പര്. എനിക്ക് സംശയം വേറെയായിരുന്നു, പ്രത്യേകിച്ച് ദേവി അതിസുന്ദരിയും, തന്റേടിയും ആണെന്ന കൊല്ലം തോറുമുള്ള വെളിച്ചപ്പാടിന്റെ വിവരണം കേട്ടിട്ട്, പക്ഷെ ഞാൻ പറഞ്ഞില്ല).

പേലമ്പം ഭാഗത്തുള്ള മനുഷ്യരെല്ലാം സാധാരണക്കാരിൽ സാധാരണക്കാരാണ്. എന്നിട്ടും കിട്ടാവുന്ന കാശൊക്കെ പിരിച്ച്, വലിയ കുമ്പയും, തടിയും കഷണ്ടിയുമുള്ള തന്ത്ര-ജ്ഞാനികളെ കേരളത്തിന്റെ മദ്ധ്യപൂർവ്വദേശത്തുനിന്നും പേലമ്പത്തേക്ക് കൊണ്ടുവന്നു.

അവർ വയറുനിറയെ ഭക്ഷണവും കഴിച്ച്, ആർക്കും മനസ്സിലാകാത്ത വിധം ശ്ലോകങ്ങൾ പാടി, ദേവപ്രശ്നം അഭിനയിച്ച്, സാമാന്യം ഉറക്കെ പറഞ്ഞു, "പേലമ്പം ക്ഷേത്രം ഉടനടി പുനരുദ്ധരിക്കണം" ഉദ്ധാരണമാണ് ഈ ചങ്ങാതിമാരുടെ മെയിൻ തൊഴിലെന്ന് എനിക്കന്നേ തോന്നിയിരുന്നു. പക്ഷെ അതും ഞാൻ പറഞ്ഞില്ല.

വർഷം ഒന്ന് കഴിഞ്ഞപ്പോഴേക്കും അമ്പലം പുഷ്ടിപ്പെട്ടു. മേൽക്കൂരയിൽ വലിയ ത്രിശൂലം വന്നു. ചുറ്റുമുള്ള സർക്കാർ ഭൂമി വളച്ചെടുത്ത് ശയനവും അല്ലാതെയുമുള്ള പ്രദക്ഷിണത്തിന് വഴിയുണ്ടാക്കി. വിഷ്ണുവിനെ പ്രതിഷ്ഠിച്ചതോടെ ഭക്തരുടെ എണ്ണം കൂടി. ക്ഷേത്രം കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് മോഹനചന്ദ്രൻ പറഞ്ഞതുപോലെ, "queue ഒന്ന് പിടിച്ചുകിട്ടിയാൽ മതി, പിന്നെ ആളുകൾ വന്നോളും."

പ്രശ്നം വയ്ക്കാൻ വന്നിരുന്ന വന്ന കുമ്പർണ്ണന്മാർക്ക് പഴയ ശാന്തിക്കാരനെ തീരെ പിടിച്ചിരുന്നില്ല. അതുകൊണ്ട് പരിഹാരക്രിയാപട്ടികയിൽ പുതിയ പൂജാരി വരേണ്ട കാര്യം അടിവരയിട്ടെഴുതിയിരുന്നു. പറ്റുമെങ്കിൽ ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ തന്നെ വേണമെന്നും ശഠിച്ചിരുന്നു.

അങ്ങനെയാണ് മുരുകൻ പേലമ്പം ദേശത്തെത്തുന്നത്.

ഇടവേള.

എനിക്ക് പിമ്പേ വന്നവർ,
എനിക്ക് മുമ്പേ പോയവർ.
കണ്ണിലും കനവിലും കായൽക്കരയിലും
കാറ്റു കാത്തിരുന്നവർ!

അദ്ധ്യായം മൂന്ന്

ന്റെ പതിനഞ്ചാം പിറന്നാളിന് പുഷ്പാഞ്ജലി കഴിപ്പിച്ച് മടങ്ങിവന്നപ്പോൾ അമ്മയാണ് പറഞ്ഞത്, "പേലമ്പം ക്ഷേത്രത്തിൽ പുതിയ പൂജാരി വന്നിരിക്കുന്നു, അതിനുള്ള പ്രായമൊന്നും കണ്ടാ തോന്നില്ല അയാൾക്ക്’’.

ദൈവങ്ങളിലുള്ള വിശ്വാസം എന്നിൽ ശോഷിച്ചു തുടങ്ങിയ കാലമായിരുന്നു അത്. അമ്പലത്തിൽ പോകാനുള്ള അമ്മയുടെ ആജ്ഞകളെ പരമാവധി അവഗണിച്ചിരുന്നു. വീട്ടിലെ ക്രമസമാധാനനില തകരാറിലാവുമെന്നും, കണിശമായ ഡിസിപ്ലിനറി ആക്ഷൻ നേരിടേണ്ടിവരുമെന്ന ഘട്ടത്തിൽ അമ്പലത്തിൽ പോകുന്നതായി അഭിനയിച്ചു ഞാൻ അക്കാലത്ത്.
മെഡിക്കൽ കോളേജിൽ കയറിപ്പറ്റിയതോടെ ദൈവങ്ങൾക്കും അമ്പലങ്ങൾക്കും ഞാനെന്ന കസ്റ്റമറിനെ നഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ മുരുകനെ ഞാൻ നേരിട്ട് കണ്ടുമുട്ടാൻ ഏഴ് വർഷങ്ങളെടുത്തു.

അവസാനക്കൊല്ലം പരീക്ഷയെഴുതി റിസൾട്ട് കാത്തിരിക്കുന്ന സമയം. വെറുതെ ഒരു കാര്യവുമില്ലാതെ സ്‌കൂട്ടറെടുത്ത് ഒന്ന് കറങ്ങാൻ പോയതാണ്. വീടിന് ഏതാണ്ട് നാലുകിലോമീറ്റർ അകലെ വച്ച് ടയർ പഞ്ചർ. പരിചയമുള്ള ഒരു വീട്ടിൽ ചേതകിനെ കയറ്റിവച്ച് നടക്കാൻ തീരുമാനിച്ച് പുറത്തിറങ്ങിയതേയുള്ളൂ.

ഒരു പുതിയ Tata Sierra ചേർന്നുനിന്നു. അതിൽ നിന്ന് ഒരു തല പുറത്തേക്ക് വന്നു, "ഹലോ പ്രസന്നൻ, എന്ത് പറ്റി ഈ വഴി? വീട്ടിലേക്കാണെങ്കിൽ ഞാൻ കൊണ്ടുവിടാം’’.
ചിരപരിചിതനായ ഒരാളോടെന്ന പോലെ പെരുമാറിയ ആ തലയുടെ ഉടമസ്ഥൻ മുരുകനായിരുന്നു.

എനിക്കാണെങ്കിൽ ദൂരെ നിന്ന് കണ്ടിട്ടുണ്ടെന്നല്ലാതെ, സംസാരിക്കുന്നത് ആദ്യമായിട്ടാണ്. മഴ വളരെ അടുത്തെത്തി നിൽക്കുന്നതുകൊണ്ട് തൽക്കാലം ആ ഓഫർ സ്വീകരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.

"പരീക്ഷയൊക്കെ കഴിഞ്ഞൂല്ലേ, പദ്മാവതിയമ്മ എല്ലാ കാര്യങ്ങളും പറയാറുണ്ട്"

എന്തായാലും ആ അറിവ് എനിക്കത്ര പിടിച്ചില്ല, ‘ആ കഴിഞ്ഞു’.
‘ഇനിയെന്താ പരിപാടി?’
(കൂടിയാട്ടവും, കുറച്ച് ബ്രേക്ക് ഡാൻസും എന്ന് പറയാനാണ് തോന്നിയത്)
"റിസൾട്ട് വരണം"
"ഓ അത് പ്രസന്നൻ ജയിക്കും, ഞാൻ ചോദിച്ചത് സ്പെഷ്യലൈസേഷനെ പറ്റിയാണ്, ഇപ്പൊ എം.ബി.ബി.എസിനു മാത്രായിട്ട് ഒരു കാര്യവുമില്ലല്ലോ?"
"ചെറുതായിട്ട് കാര്യമുണ്ട്, സ്‌പെഷലൈസ് ചെയ്യണമെങ്കിൽ അത് വേണമല്ലോ? നേരെ പോയി ചെയ്യാൻ പറ്റില്ല ഇപ്പോഴും" തിളച്ചുപൊന്തിയ ദേഷ്യത്തിന്റെ കാൽ ഭാഗം മാത്രമേ ഞാൻ പുറത്ത് വിട്ടുള്ളൂ.

കഴിഞ്ഞ അഞ്ചുകൊല്ലമായിട്ട് ഞാൻ പെടുന്ന പാട് അവനറിയില്ല. ആ ചോദ്യം എനിക്ക് ഇഷ്ടമായില്ലെന്ന് അവന് പെട്ടെന്ന് മനസ്സിലായി. ഇനി ഒരു ചോദ്യത്തിനവൻ മുതിരുന്നതിന് മുമ്പ് ഞാൻ ഒരു pre-emptive strike നടത്തി, "മുരുകൻ ഡിഗ്രി കഴിഞ്ഞിട്ടാണോ പൂജ പരിശീലിച്ചത്?"
"അല്ല ഇത് കുടുംബപരമായിട്ടുള്ളതാണ്" അപ്പോഴേക്കും മഴ ചാറിത്തുടങ്ങി. അന്തരീക്ഷത്തോടൊപ്പം ഞാനും തണുത്തു.
മാത്രമല്ല 'അവന്റെ സഹായം കൈപ്പറ്റിയ നിലക്ക് കുറച്ച് സൗഹാർദ്ദം ആവുന്നതല്ലേ നല്ലത്' എന്നൊരു ചിന്തയും മഴയൊടൊപ്പം എന്നിൽ പെയ്തു.
"ഈ വണ്ടി പുതിയതാണോ?"
"ഒരാഴ്ചയായിട്ടേയുള്ളൂ, പഴയ ജീപ്പ് വിറ്റു’’.
"അത് നന്നായി’’.

അവന് ജീപ്പുണ്ടായിരുന്ന കാര്യമറിഞ്ഞിരുന്നില്ലെങ്കിലും കാര്യങ്ങൾ നന്നായിക്കോട്ടേന്ന് വിചാരിച്ചു. മഴത്തുള്ളികളുടെ കനം കൂടി. ​വൈപ്പറിന്റെ ശബ്ദം കൂടിയായപ്പോൾ സംസാരം നിന്നു. ഞാൻ വെറുതെ പുറത്തോട്ട് നോക്കിയിരുന്നു. എന്റെ ചിന്തകൾ മഴയിൽ കുതിർന്നു.
"ഇതാണ് ഞാൻ താമസിക്കുന്ന വീട്, വാടകക്കാണ്", മുരുകന്റെ ശബ്ദം കേട്ടപ്പോഴാണ് ഞാൻ മഴ തോർന്ന കാര്യമറിഞ്ഞത്.

പേലമ്പത്ത് കിട്ടാവുന്ന ഏറ്റവും വലിയ വീട്. വീടിന് മുമ്പിൽ 'മുരുകൻ ട്രാവൽസ്' എന്നെഴുതിയ ഒരു ടെമ്പോ ട്രാവലറും പുതിയ മോഡൽ പ്രീമിയർ പദ്മിനിയും എൻഫീൽഡ് ബുള്ളറ്റും. ഇതൊക്കെയുണ്ടാക്കിയ അത്ഭുതത്തെ ഡോർ തുറന്നപ്പോള്‍ മുഖത്തുവീണ മഴത്തുള്ളികളോടൊപ്പം തുടച്ചുകളഞ്ഞു.
"വീട്ടിൽ കയറുന്നോ?"
"ഇല്ല മുരുകൻ, പിന്നെയൊരിക്കലാവാം"
മുരുകൻ വീട്ടിൽ കൊണ്ടാക്കാമെന്ന് നിർബന്ധിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല, "ഇനി അഞ്ചു മിനിറ്റേ വേണ്ടൂ, അത് ഞാൻ നടന്നോളാം"

ഇതു തന്നെ വലിയ ഉപകാരമായീ എന്ന് അവനെ ബോദ്ധ്യപ്പെടുത്തി നടന്നുനീങ്ങുമ്പോൾ ആ കൂടിക്കാഴ്ച ചില ചോദ്യങ്ങളായി എനിക്ക് പിന്നാലെ വന്നു. പലപ്രാവശ്യം വേണ്ടെന്ന് വെച്ചിട്ടും ജിജ്ഞാസയിൽ ഒരു കനലെരിഞ്ഞുകൊണ്ടേയിരുന്നു.

ചില അറിവുകൾ അപകടകരമായ പ്രതികരണങ്ങൾക്കും വീണ്ടുവിചാരമില്ലാത്ത പ്രവർത്തികൾക്കും കാരണമാകാം എന്നതാണ് പഠിക്കുന്ന കാലത്തെ അനുഭവങ്ങളിൽ പലതും എന്നെ ഓർമ്മപ്പെടുത്തികൊണ്ടിരുന്നത്. എന്നാലും പിറ്റേ ദിവസം പദ്മാവതിയമ്മയുടെ ശബ്ദം മുറ്റത്തെത്തിയതറിഞ്ഞപ്പോ അടക്കാൻ പറ്റാത്ത ആ ജന്മസ്വഭാവം എന്നിൽ തലപൊക്കി തുടങ്ങി. അതുകൊണ്ടാണ് മുറിയിൽ തന്നെയിരിക്കാമെന്ന് വെച്ചത്‌.
കാര്യമില്ല.

'രണ്ടീസ്സമായി മോനെ കണ്ടിട്ട്' എന്ന് പദ്മാവതിയമ്മ അമ്മയോട് പറയും. 'താഴെ ചെന്നില്ലെങ്കിൽ ഈ മുട്ടും വച്ച് ഞാൻ മുകളിലോട്ട് വരണോന്ന്' ചോദിക്കും.
ഞങ്ങളുടേതടക്കം അഞ്ച് വീടുകളുള്ള ആ വഴിയിൽ പദ്മാവതിയമ്മ എല്ലാവർക്കും അമ്മൂമ്മയാണ്.

ദിവാകരേട്ടന്റെ അമ്മ, ദിവാകരേട്ടൻ മരിച്ചതിനുശേഷം അനിയൻ ശിവരാമന്റെ കൂടെയാണ് താമസം. രമചേച്ചിയെ വീട്ടിലും പറമ്പിലും സഹായിക്കുമെന്ന് മാത്രമല്ല ദിവസത്തിൽ രണ്ടുപ്രാവശ്യം പേലമ്പലത്തും മാസത്തിൽ രണ്ടോ മൂന്നോ തവണ തീരാണികുളത്തും അവരെത്തും. എന്റെ റൂമിലേക്കുള്ള സ്റ്റെയർകേസ് മാത്രമാണ് എൺപത്താറിലേക്കെത്തിനിൽക്കുന്ന പദ്മാവതിയമ്മക്ക് അർഹിച്ച ബഹുമാനം കൊടുക്കാത്തത്.

ഇങ്ങനെയൊക്കെയാണെങ്കിലും ശരീരം മുഴുവനും പ്രത്യേകിച്ച് കാൽമുട്ടിന് ഭയങ്കരവേദനയുണ്ടെന്നും, താനായതുകൊണ്ടാണ് ഇത്രയും പിടിച്ച് നിൽക്കുന്നതും അവർ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തുമായിരുന്നു. ശിവരാമേട്ടനുമായോ, രമചേച്ചിയുമായോ പിണങ്ങുമ്പോഴാണ് ഈ വേദന വല്ലാതെ കൂടുക. ഞാൻ പാസ്സായി പ്രാക്റ്റീസ് ആരംഭിച്ചിട്ട് വേണം വേദനക്ക് പുതിയ മരുന്നെന്തെങ്കിലും കഴിക്കാനെന്ന് പറയാൻ തുടങ്ങിയിട്ട് കൊല്ലം കുറെയായി. അതുകൊണ്ട് തന്നെ എന്നോട് വല്ലാത്ത സ്നേഹമാണ് പദ്മാവതിയമ്മക്ക്.

ആ സ്നേഹം എന്റെ അന്വേഷണത്വരക്ക് വാത്സല്യപൂർണ്ണമായ പര്യവസാനമേകുമെന്ന കാവ്യാൽമകമായ ഒരു ചിന്ത അതുവരെയുണ്ടായിരുന്ന അസ്വസ്ഥതയെ ശാന്തമാക്കി. വർത്തമാനത്തിനിടയിൽ അവസരം കിട്ടിയപ്പോൾ ഞാൻ മുരുകനെ കണ്ട കാര്യം അവരോട് സൂചിപ്പിച്ചു. മുരുകനെ പറ്റി പറഞ്ഞപ്പോൾ അവരുടെ മുഖത്തും കണ്ണിലും അനിർവചനീയമായ ഒരു ഭാവം തെളിയുന്നത് ഞാൻ കണ്ടു.

ആ തെളിച്ചത്തിന്റെ ആഴങ്ങളിൽ നിന്ന് കിട്ടിയ ഇഴകളെ കോർത്തിണക്കിയപ്പോൾ രൂപം കൊണ്ട ചിത്രങ്ങൾ എന്നിൽ അനൽപമായ ഭീതിയുണ്ടാക്കി. ആ ചിത്രങ്ങളിലെല്ലാം ഒരേ രൂപങ്ങളായിരുന്നു.

നയചാതുര്യവും, ആസൂത്രണവൈഭവവും കൊണ്ട് തീർത്ത മുഖംമൂടിയണിഞ്ഞ് വേട്ടക്കാരൻ ഒരു രക്ഷകന്റെ ശാന്തവും നിഷ്കളങ്കവുമായ ഉടയാടകളോടെ നടന്നടുക്കുന്നു. അദമ്യമായ ആഗ്രഹങ്ങളും അതിമോഹങ്ങളും കൊണ്ട് ബുദ്ധിയും യുക്തിയും നഷ്ടപ്പെട്ട ഇരകൾ ഒരു ചെറുത്തുനിൽപ്പുമില്ലാതെ കീഴടങ്ങുന്നു. ഇരകൾ പിന്നെയും പിന്നെയും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.

"വർത്തമാനം പറഞ്ഞിരുന്ന് നേരം പോയതറിഞ്ഞില്ല, ഇനി ഞാൻ പോട്ടെ മോനെ"

പദ്മാവതിയമ്മ ഗെയ്റ്റ് കടന്ന് പോയപ്പോൾ അവർ പറഞ്ഞ വർത്തമാനങ്ങളിലൂടെ ഞാൻ പിന്നോട്ട് നടന്നു. അവിടെ മദ്ധ്യകേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ അതിരാവിലെ അമ്പലത്തിലെ പൂജക്ക് പോകാൻ നിൽക്കുന്ന ശ്രീധരനോട് എട്ടുവയസ്സുള്ള മുരുകൻ ചോദിച്ചു, "ഇന്ന് അമ്പലത്തിൽ തിരക്കുണ്ടാകുമോ അച്ഛാ?"
"ഇന്ന് ഒന്നാം തിയതിയല്ലേ, ഒരു പാട് ആളുകൾ തൊഴാൻ വരും".
"എന്നാ ഞാനിന്ന് സ്കൂളിൽ പോകുന്നില്ല, അച്ഛനെ സഹായിക്കാൻ അമ്പലത്തിൽ വരാം".
"എന്നാ കുളിച്ച് വേഗം വാ".

അങ്ങനെ അമ്പലത്തിൽ തിരക്കുള്ള ദിവസങ്ങളിലൊന്നും മുരുകൻ സ്കൂളിൽ പോയില്ല. അച്ഛനിൽ നിന്ന് അമ്പലത്തിലെ പൂജാരീതികൾ പഠിക്കുന്നതിനോടൊപ്പം, അവിടെ നടക്കുന്ന സകല കാര്യങ്ങളും അവന്റെ കൂർമ്മബുദ്ധി സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. പത്താം ക്ലാസ്സ് പരീക്ഷ തോറ്റെങ്കിലും പൂജാസംബന്ധിയായ കാര്യങ്ങളിൽ അപ്പോഴേക്കും പ്രായോഗികബിരുദം നേടിക്കഴിഞ്ഞിരുന്നു മുരുകൻ.

പിന്നീടുള്ള മുന്ന് നാലുവർഷം ആശ്രമങ്ങൾ, സന്ന്യാസിമാർ, ജ്യോതിഷികൾ, മന്ത്രവാദികൾ, എന്നീ താൻ പയറ്റാൻ പോകുന്ന കളരിയിൽ ഉപയോഗപ്പെടുന്ന വിദ്യകൾ എവിടെയുണ്ടോ അവിടമെല്ലാം മുരുകൻ ഗുരുകുലമാക്കി.
പ്രായത്തിൽ കവിഞ്ഞ പക്വതയും തന്ത്രപരമായ സംസാരരീതിയും, അതിനിണങ്ങുന്ന ശരീരഭാഷയുമായിരുന്നു മുരുകന്റെ മൂലധനം. പ്രശ്‌നം വയ്ക്കാന്‍ വന്ന സംഘത്തിന്റെ തലവന്റെ ശുപാർശയിലാണ് മുരുകൻ ഇരുപത് തികയുന്നതിന് മുമ്പ് പൂജാരിയായി പേലമ്പലത്തെത്തുന്നത്.

കുട്ടികൾക്ക് ചരട് കെട്ടിക്കുക, പേരിടൽ, ഗൃഹപ്രവേശം, ജാതകം വാങ്ങൽ ഇത്യാദി ചെറിയ ചൂഷണങ്ങള്‍ക്ക് ദേശക്കാർ തരുന്ന പ്രതിഫലം എണ്ണിനോക്കാത്ത സ്വഭാവമായിരുന്നു മുരുകന്റെ അച്ഛൻ ശ്രീധരന്റേത്. പിതാവിന്റെ അത്തരം ബലഹീനതകൾ ജീവിതത്തിലുണ്ടാക്കിയ പരാജയം തനിക്കു പറ്റരുതെന്ന കരുതലിന്റെ ഭാഗമായിട്ടാണ് ആദ്യകാലങ്ങളിൽ അമ്പലത്തിലെ ജോലി കഴിഞ്ഞാൽ പഴയൊരു സൈക്കിളിൽ പല പ്രാവശ്യം മുരുകൻ മേടത്തറ ചുറ്റിക്കറങ്ങി കണ്ടത്.

ആ സൈക്കിളിന്റെ മണിയടി കേട്ട് തിരിഞ്ഞുനോക്കിയവരിൽ മുരുകൻ നിക്ഷേപിച്ച പുഞ്ചിരിയും കുശലാന്വേഷണങ്ങളും പേലമ്പം ക്ഷേത്രത്തിൽ വരുന്ന ഭക്തരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടാക്കി. സൈക്കിൾ പര്യടനം വഴി ശേഖരിക്കുന്ന വിവരങ്ങൾ അവൻ കൃത്യമായി രേഖപ്പെടുത്തുകയും അവ ആളും തരവും സന്ദർഭവും നോക്കി ഉപയോഗിക്കുകയും ചെയ്തു.

"പേലമ്പലത്തെ ശാന്തിക്കാരൻ ഒരു മനുഷ്യപ്പറ്റുള്ളോനാ" എന്ന പ്രസ്താവനക്ക് പദ്മാവതിയമ്മയെ പോലുള്ളവർ പല പല എഡീഷനുകളിറക്കി.

"ആ ശാന്തിക്കാരൻ മുരുകനെ കണ്ടു പഠിക്ക്" എന്നതിലേക്ക് കാര്യങ്ങൾ പുരോഗമിച്ചപ്പോൾ താൻ തിരഞ്ഞെടുത്ത പാതകൾ തന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ ദിശയിൽ തന്നെയാണെന്ന് മുരുകൻ വിലയിരുത്തി.

പേലമ്പത്തിന് കിഴക്കുള്ള തിയടം ദേശത്തിന്റെ പ്രത്യേകത അവിടെയുള്ള കുറേയേറെയാളുകൾ ഗൾഫിലാണ് ജോലിചെയ്‌തിരുന്നത് എന്നതാണ്. വിദേശത്താണെങ്കിലും മിക്കവരും താഴേക്കിടയിലോ ഇടത്തരം വരുമാനമുള്ളതൊ ആയ ജോലിയിലാണ്. രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോൾ മാത്രം നാട്ടിൽ വരും. അവരുടെ ഭാര്യമാരാണ് ഏറ്റവും കൂടുതൽ ഉൽക്കണ്ഠയും സമ്മർദ്ദവും അനുഭവിക്കുന്നവർ.

ഭർത്താവിന്റെ ജോലിയുടെയും, അവധിയുടെയും അനിശ്ചിതത്വം, കുട്ടികളെ കുറിച്ചുള്ള ആധി, ഭർത്താവിന്റെ ബന്ധുക്കളിൽ നിന്നുള്ള പ്രശ്നങ്ങൾ- തനിക്ക് പറ്റിയ അസംസ്‌കൃത വസ്തുക്കളുള്ള മണ്ണാണ് തിയടമെന്ന് മുരുകൻ കുറിച്ചിട്ടു. അത്തരം കുടുംബങ്ങളിലെ അംഗങ്ങളിൽ നിന്ന് അവർ പോലുമറിയാതെ ആർ എവിടെ എന്ത് എങ്ങനെയെന്നുള്ള വസ്‌തുതകൾ മുരുകന്റെ ഡാറ്റ ബേസിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അവർ തങ്ങളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും പങ്കുവച്ചപ്പോൾ ദൈവത്തിന്റെ ഇടനിലക്കാരൻ അതിനെ ദോഷങ്ങൾ എന്ന് വിളിച്ചു.

"സരളച്ചേച്ചി, ആ വിശ്വനാഥൻപണിക്കരെ പോയൊന്ന് കാണൂ; നിർദ്ദേശിക്കുന്ന പരിഹാരം എന്നെ കൊണ്ട് പറ്റുന്നതാണെങ്കിൽ അത് വീട്ടിൽ വന്നിട്ടാണെങ്കിലും ചെയ്‌തു തരാൻ എനിക്ക് സന്തോഷമേയുള്ളൂ".

വിശ്വനാഥൻ മുരുകനെ കൊണ്ട് പറ്റുന്നതേ നിർദ്ദേശിക്കൂ. കാരണം അയാളെ അന്വേഷിച്ച് ആളുകൾ വരണമെങ്കിൽ മുരുകൻ ശുപാർശ ചെയ്യണം.

"മാധവിയേടത്തി എന്തിനാ അതിനായിട്ടിപ്പോ ടൗണിൽ പോകുന്നത്, വീട്ടിൽ നൂറുകൂട്ടം കാര്യങ്ങളുള്ളപ്പോൾ. ഞാനേതായാലും അമ്പലത്തിലേക്കുള്ള സാധനങ്ങൾ മേടിക്കാൻ പോണതാണ്. കർമ്മത്തിന് സാധനങ്ങളുമായി ഞാനങ്ങത്തിയേക്കാം"

പരിഹാരകർമ്മങ്ങളും സാധനസാമഗ്രികളും അടങ്ങുന്ന പാക്കേജ് പദ്ധതി തിയടത്ത് മുരുകൻ വിജയകരമായി നടപ്പിലാക്കി.

പച്ചക്കറികടക്കാരോടും, വഴിവാണിഭക്കാരോടും ഒരു രൂപക്ക് വരെ വില പേശുന്ന തിയടത്തുകാർ, ഒന്നിനും, രണ്ടിനും, മൂന്നിനും അപ്പുറത്ത് മൂന്ന് പൂജ്യങ്ങൾ വരെയിട്ട് മുരുകൻ ആവശ്യപ്പെടുന്ന തുകകൾ ദക്ഷിണ എന്ന പേരിൽ സന്തോഷത്തോടെ കൊടുക്കാൻ തുടങ്ങിയപ്പോൾ മേടത്തറയിലെ കണ്ണായ സ്ഥലത്ത് രണ്ടു പറമ്പുകൾ മുരുകന് സ്വന്തമായി.

കർമ്മാനന്തരം സംഭവിച്ച എല്ലാ നല്ല കാര്യങ്ങളും തന്റെ അക്കൗണ്ടിലും ദുരിതങ്ങളും ദുരന്തങ്ങളും "അതേ വിധിച്ചിട്ടുള്ളൂ" എന്ന ദീർഘനിശ്വാസത്തിലും വരവ് വെക്കാൻ മുരുകൻ തിയടത്തുകാരെ പരിശീലിപ്പിച്ചു.

പദ്മാവതിയമ്മയെ പോലെ മക്കളിൽ സ്വാധീനമുള്ള അമ്മൂമ്മമാരായിരുന്നു മുരുകൻ കൈവെള്ളയിലാക്കിയ അടുത്ത ജനവിഭാഗം. ക്രമേണ മേടത്തറയുടെ പല പ്രദേശത്തും വീടുകളിൽ മുരുകന്റെ പതിഞ്ഞ ശബ്ദത്തിലുള്ള മന്ത്രോച്ചാരണങ്ങൾ ദോഷങ്ങളെ കനംകൂടിയ ദക്ഷിണകളാക്കി.

വീട്ടിനകത്ത് നടത്താൻ വൈമുഖ്യമുള്ളവർക്ക് ആകർഷമായ നിരക്കിൽ അമ്പലത്തിൽ നടത്തികൊടുത്തു വിവിധ നാമത്തിലുള്ള പൂജകൾ. തന്റെ വരുമാനത്തിന്റെ ഒരു നിശ്ചിത അനുപാതം അമ്പലത്തിനും ഉറപ്പുവരുത്തിയപ്പോൾ മുരുകൻ കമ്മിറ്റിക്കാരുടെയും ഭക്തരായ നാട്ടുകാരുടെയും പൊന്നോമനയായി.

'മുരുകനെതിരായാൽ അമ്പലത്തിനെതിരായി, നാടിനെതിരായി' എന്ന അലിഖിതനിയമം നിലവിൽ വന്നു.

"മുരുകന് ഇന്ന ജാതിക്കാരെന്നോ, പ്രായക്കാരെന്നോ ഒരു വ്യത്യാസവുമില്ല"- അങ്ങനെയൊരു വർത്തമാനം നാട്ടിൽ പ്രചരിക്കുന്നുണ്ടെന്ന് മുരുകൻ ഉറപ്പുവരുത്തി.

"മുരുകൻ സമ്പാദിക്കുന്നുണ്ടെങ്കിലെന്താ, ആരുടേയും തട്ടിപ്പറിച്ചിട്ടൊന്നുമല്ലലോ, ആളുകൾ സന്തോഷം കൊണ്ട് കൊടുത്തിട്ടല്ലേ" എന്ന് കവലകളിൽ ആവർത്തിക്കപ്പെടുന്നതിനുസരിച്ച് മുരുകൻ തന്റെ ജീവിതനിലവാരമുയർത്തികൊണ്ടിരുന്നു.

തന്റെ ആത്‌മീയ ഇടപെടലുകളെ തള്ളിപ്പറഞ്ഞവരിലൊരാളായ പ്യൂൺ വാസുദേവന്റെ കുട്ടിക്ക് അസുഖം വന്നപ്പോൾ പണം കൊടുത്ത് സഹായിച്ചതോടെ "മുരുകന്റെ നല്ല മനസ്സ് " എന്ന് ചായ നീട്ടി ആറ്റുമ്പോഴോക്കെ ഭാർഗ്ഗവനും, പശുക്കളെ തീറ്റാൻ കൊണ്ടു പോകുന്ന വഴി നീളെ അപ്പുക്കുട്ടനും പറയുമ്പോൾ ‘അതൊരു തട്ടിപ്പല്ലേ’ എന്ന് തോന്നിയെങ്കിലും അമ്മാളു ഏടത്തി പദ്മാവതിയമ്മയോടല്ലാതെ വേറാരോടും അക്കാര്യം ചോദിച്ചില്ല.

പദ്മാവതിയമ്മ അതപ്പഴേ വേരോടെ പിഴുതെറിഞ്ഞു, "ഇതുകൊണ്ടെക്കെയാണ് നിങ്ങടെ തലക്കെന്തോ അസുഖണ്ടെന്ന് മോൻ പരശു പോലും പറഞ്ഞുനടക്കണത്".
അമ്മാളു ഏടത്തിയല്ലാതെ നാട്ടിൽ സമാനമായ അഭിപ്രായമുള്ളവർ ഉണ്ടായിരുന്നൊ എന്നുള്ളത് അജ്ഞാതമായിരുന്നു. അത്തരം വിമതശബ്ദം പദ്മാവതിയമ്മ പിന്നീട് കേട്ടത് എന്നിൽ നിന്നായിരിക്കും, "നോക്കൂ പദ്മാവതിയമ്മൂമ്മേ, ഈ മുരുകനെ പറ്റി ഭയങ്കരകഥകളാണല്ലോ ഞാനറിഞ്ഞത്?"

ആ ചോദ്യം കേട്ടതും പദ്മാവതിയമ്മയുടെ മുഖത്ത് തുടിച്ചിരുന്ന വാത്സല്യം മാഞ്ഞു, "മോനെ ദൈവദോഷം പറയരുത്, മുരുകനെ പറ്റി പ്രത്യേകിച്ചും" അവർക്ക് കലശലായി വന്നെങ്കിലും ദേഷ്യം, അത് എന്നോട് കാണിച്ചില്ല.

മുരുകനെ കുറിച്ചുള്ള എന്റെ അന്വേഷണം തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. അവൻ കടന്നുചെന്നിട്ടുള്ള കൂടുതൽ നിഗൂഢമായ ചില മേഖലകളുടെ നിജസ്ഥിതി ആരായാൻ പറ്റിയ ഒരാളെയും ഞാൻ കണ്ടില്ല. ഇതൊക്കെ പറയാൻ ചങ്കുറപ്പുണ്ടെന്ന് ഞാൻ കരുതിയ രാമേന്ദ്രൻ മാഷ് പോലും ചോദിച്ചത്, ‘പ്രസന്നനെന്തിനാ ഈ ആവശ്യമില്ലാത്ത കാര്യങ്ങൾ അന്വേഷിച്ച് സമയം കളയുന്നത്?’ എന്നാണ്.

ഒരു ദിവസം ബോറടി മാറ്റാൻ ടൗണിലൊക്കെ ഒന്ന് കറങ്ങി തിരിച്ചെത്തിയപ്പോൾ പാറുക്കുട്ടി അമ്മായിയെന്ന് ഞങ്ങൾ കളിയാക്കി വിളിക്കുന്ന പാർവതിചേച്ചി വീട്ടിൽ.

"ദാ പപ്പേട്ടൻ ഇപ്പൊ അങ്ങ്ട്ട് ഇറങ്ങിയേ ഉള്ളൂ, ഇത്രനേരം നിന്നെ കാത്തിരുന്നു".

പദ്മനാഭൻ, നാട്ടുകാര്‍ക്കൊക്കെ പപ്പേട്ടന്‍; അച്ഛന്റെ താവഴിലൊരു ഇളയച്ഛൻ. അടുത്ത ആഴ്ച പപ്പേട്ടന്റെ അച്ഛന്റെ ശ്രാർദ്ധം. അത് ക്ഷണിക്കാനാണ് വന്നിരിക്കുന്നത്.

"കുറെ കാലമായി കാരണവന്മാർക്കുള്ള കർമ്മങ്ങൾ നടത്തിയിട്ട്. അതുകൊണ്ടാണ് ചടങ്ങ് രാത്രിയാകാമെന്ന് വച്ചത്".
"അപ്പൊ സദ്യയില്ലേ?"
"ഉണ്ടെന്റെ പ്രസന്നാ, വൈകുന്നേരത്തെ പൂജയെല്ലാം കഴിഞ്ഞിട്ട്".

അന്ന് പദ്മാവതിയമ്മയെ കണ്ടപ്പോ ഞാൻ വെറുതെയൊന്ന് പ്രകോപിപ്പിച്ചു; "നിങ്ങടെ മുരുകന്റെ തട്ടിപ്പെല്ലാം ഞാൻ കണ്ടുപിടിച്ചുകഴിഞ്ഞു, എല്ലാം ഇന്നത്തോടെ തീരും"

അന്നാദ്യമായി അവരുടെ സ്വരം പരുഷമായി,
"അവനോന് വിശ്വാസമില്ലെങ്കിൽ വേണ്ട, നാടിന് നന്മ ചെയ്യുന്നവരെ ദുഷിക്കരുത്, ഇത്തരം വർത്തമാനാണെങ്കിൽ ഞാനിനി വരില്ല".

വൈകുന്നേരം അമ്മയും അച്ഛനും അനിയത്തിയും പപ്പേട്ടന്റെ വീട്ടിൽ പോകാനിറങ്ങിയപ്പോൾ ഞാൻ പറഞ്ഞു, "ഞാൻ കുറച്ചുകഴിഞ്ഞ് വരാം".
"മഴക്കാറുണ്ട്, നല്ല ഇരുട്ടായിരിക്കും, ടോർച്ചെടുത്തോണം, വഴിയിൽ വല്ല ഇഴജന്തുക്കളുമുണ്ടാകും", അതിൽ ടോർച്ച് ഒരു സ്ഥിരം വാക്കാണ്.

ഞാനിറങ്ങിയപ്പോൾ എട്ട് മണി കഴിഞ്ഞിരുന്നു. നാട്ടുഭാഷയിൽ പറഞ്ഞാൽ നാലു ഫർലോങ് നടക്കാനുണ്ട്. ശരിയാണ് നല്ല ഇരുട്ടുണ്ട്. സ്‌ട്രീറ്റ്‌ ലൈറ്റിനൊന്നും മണ്ണെണ്ണ വിളക്കിന്റെ വെട്ടം പോലുമില്ല.

പപ്പേട്ടന്റെ വീടെത്തുന്നതിന് മുമ്പ് ചെറിയ ഒരു വളവുണ്ട്. അവിടെയുള്ള വീടിന്റെ മതിലിനോട് ചേർത്ത് ഒരു വണ്ടി നിറുത്തിയിട്ടിരിക്കുന്നു. ഞാനൊന്ന് ടോർച്ചടിച്ചു നോക്കി, 'മുരുകൻ ട്രാവൽസ്' ഓ ഇവിടെയും അവൻ തന്നെയാണോ എന്നാലോചിച്ച് രണ്ടു ചുവട് വച്ചതേയുള്ളൂ.

പെട്ടെന്ന് വണ്ടിയിൽ നിന്ന് നാലുപേർ ചാടിയിറങ്ങി. ആ മങ്ങിയ വെളിച്ചത്തിലും മൂന്നുപേരെ എനിക്ക് മനസ്സിലായി. എന്റെ കൂടെ മേടത്തറ പ്രൈമറി സ്‌ക്കൂളിൽ പഠിച്ച സുഗുണൻ, പേലമ്പത്ത് പെട്ടിപ്പീടിക നടത്തുന്ന കണാരന്റെ മോൻ ദേവരാജൻ, ഇഷ്ടികപണിക്കുപോകുന്ന കുമാരൻ, നാലാമൻ തടിമാടനെ മുമ്പ് കണ്ടിട്ടില്ല.

സുഗുണൻ എന്റെ തോളിൽ കൈയിട്ടു, 'എന്താ പ്രസന്നൻ, സുഖാണോ?"
അവന്റെ കൈ അസ്വസ്ഥതയുണ്ടാക്കും വിധം അമരുന്നു. ഒരു പന്തികേട് അനുഭവപ്പെട്ടു, "സുഗുണൻ, നീ തോളീന്ന് കൈ എടുക്ക്"
"എടുത്തില്ലെങ്കിൽ?" ദേവരാജന്റെ ഊഴമായിരുന്നു.
"എന്താ ഭീഷണിയാണോ?"

ഞാൻ പറഞ്ഞുതീരുംമുമ്പേ ആ തടിമാടൻ എനിക്ക് നേരെ മുഖമടുപ്പിച്ചു, "ഫ നായിന്റെ മോനെ, നീയാര് ലോക്കൽ ഡിക്റ്ററ്റീവോ? കളിച്ചാൽ കൊന്നുകളയും".
"ഏയ് രാജേഷേട്ടാ, ചൂടാവാതെ, പ്രസന്നൻ നമ്മടെ ആളല്ലേ, കാര്യം പറഞ്ഞാ മനസ്സിലാകും" കുമാരനും കൂടെ അടുത്തേക്ക് നീങ്ങിയതോടെ ഒരാക്രമണത്തിന്റെ സാദ്ധ്യത എന്നെ വല്ലാതെ ഭയപ്പെടുത്തി. ഞാൻ മിണ്ടാതായി.

"വല്യ പരീക്ഷയൊക്കെ പാസ്സായിട്ടുള്ളതല്ലേ, നീ ബുദ്ധിയുള്ളവനാണ്, പറഞ്ഞാൽ മനസ്സിലാകും, അതുകൊണ്ട്‌ മുരുകനെ വെറുതെ വിട്ടേക്ക്"

"എഞ്ചിനീയർ ഷാജന്റെ അനിയന്റെ കാര്യമറിയാലോ, ആ ഗതി നിനക്ക് വരരുത്. ഡോക്ടറായാൽ ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഈ വഴിയൊക്കെ വരേണ്ടതല്ലേ നിനക്കും".
തോളത്ത് കൈ ഒന്നുകൂടെ അമർത്തികൊണ്ട് സുഗുണൻ അത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി.

രാത്രി സിനിമ കഴിഞ്ഞു വരികയായിരുന്ന ഷിബുവിനെ പിറ്റേദിവസം കണ്ടത് വെട്ടി വികൃതമാക്കി പാടത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. മേടത്തറയെ വിറപ്പിച്ച ആ കൊലപാതകം നടന്ന് ഒരു കൊല്ലം കഴിഞ്ഞിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. പലതരം കഥകൾ ആളുകൾ കൊയ്‌തുകൊണ്ടുപോയതല്ലാതെ.

"സുഗുണാ, നീ പ്രസന്നനെ വീട്, ചങ്ങാതിക്ക് കാര്യം മനസ്സിലായിട്ടുണ്ട്".
കുമാരൻ സുഗുണന്റെ കൈ എടുത്തുമാറ്റുമ്പോൾ ശബ്ദം താഴ്‌ത്തി പിറുപിറുത്തു. “പിന്നെ ഈ നടന്നത് നമ്മൾ ഇത്രയും പേർ അറിഞ്ഞാൽ മതി"

"വാടാ പോകാം" തടിമാടൻ കൈകാണിച്ചു.

എനിക്ക് പിന്നിൽ വണ്ടിയുടെ വാതിലടഞ്ഞു. എന്റെ ശരീരം വിറക്കുന്നുണ്ടായിരുന്നു. വിട്ടുകൊടുക്കില്ലെന്ന ഒരു വാശിയില്‍ ഞാന്‍ നടന്നു.

വളവും കടന്ന് പപ്പേട്ടന്റെ വീട്ടിലേക്ക് ഞാൻ കയറുമ്പോൾ മുരുകൻ ഭക്ഷണം കഴിഞ്ഞ് മുറ്റത്ത് നിന്ന് കൈ കഴുകുന്നു. അവന്റെ ചുണ്ടിൽ വന്യമായ പുഞ്ചിരി. കൺകോണുകളിൽ പരിഹാസം നുരയുന്നു,

"ആ പ്രസന്നൻ, നേരം വൈകിയോ, പിന്നെ എന്തുണ്ട് വിശേഷം?"
ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. ഒരു നിമിഷം കൊണ്ട് ജീവിതത്തിൽ കണ്ടതും, കേട്ടതുമായ എണ്ണമറ്റ കാര്യങ്ങൾ എന്നിലൂടെ കടന്നുപോയി, പണ്ട് ദിവാകരേട്ടൻ പറഞ്ഞ കഥകളുൾപ്പെടെ. പിന്നെ എല്ലാം ഒരമർഷമായി ഉള്ളിലിരുന്നു കത്തി. അന്തമില്ലാത്ത കരുത്തായി അത് എന്റെ കൈകാലുകളിലേക്ക് പടർന്നു.

അപ്രതീക്ഷിതമായതുകൊണ്ട് ഒറ്റയടിക്ക് കളരിയും, രുദ്രാക്ഷവും, ഭസ്‌മവും വാരികെട്ടിയ അഞ്ചേമുക്കാലടി ശരീരം വെട്ടിയിട്ടതുപോലെ താഴെവീണു.

ശബ്ദം കേട്ട് പപ്പേട്ടനും, ബന്ധുക്കളും ഓടിയെത്തുന്നതിന് മുമ്പ് തന്നെ അഭ്യാസി തട്ടിപിടഞ്ഞ് എണീറ്റു. എന്നിട്ട് 'ശാന്തത' കൈവിടാതെ ചുണ്ടിൽ പൊടിഞ്ഞ രണ്ടുതുള്ളി ചോര തുടച്ചു കളഞ്ഞു,

"ആ കല്ലിൽ തട്ടിയപ്പോ ബാലൻസ് പോയതാ, പ്രസന്നൻ കറക്ട് സമയത്ത് പിടിച്ചതുകൊണ്ട് കാര്യമായിട്ടൊന്നും പറ്റിയില്ല"

ഒന്നും സംഭവിക്കാത്ത മട്ടില്‍ ഞാൻ അകത്തേക്ക് നടന്നു. എന്റെ നോട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഒരാൾ ധൃതിയിൽ ഇരുട്ടിലേക്ക് നീങ്ങുന്നുണ്ടായിരുന്നു, വീണതിനെ പറ്റി മുരുകന്‍ പറഞ്ഞത് വിശ്വസിച്ചിട്ടില്ലാത്ത ഒരേ ഒരാള്‍! പദ്മാവതിയമ്മയെ ഞാൻ തൽക്കാലം അവഗണിച്ചു.

ആരോ തലകീഴായി ജനാലക്കരികിൽ തൂക്കിയിട്ട ഇന്ത്യയുടെ ഭൂപടം പ്രതീക്ഷയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

Comments