നബാരുൺ ഭട്ടാചാര്യ

ലാപത്തിന് ചുക്കാൻ പിടിച്ച ലഹളക്കാരിൽ സദാശിവൻ ഉണ്ടായിരുന്നുവെന്ന് പറഞ്ഞാലത് വാസ്തവമാവില്ല. എങ്കിലും, ആ കൂട്ടത്തിൽ അവനില്ലായിരുന്നുവെന്ന് എങ്ങനെ പറയാനാവും?

ഉദ്യോഗസ്ഥന്മാരും അവരുടെ ഭാര്യമാരും കാറുകളിലല്ലെ കടകൾ കൊള്ളയടിക്കാനെത്തിയത്? പോരാത്തതിന് ലഹളയിൽ പോലീസിനും പങ്കുണ്ടായിരുന്നില്ലെ? അവിടെയാണ് പ്രശ്‌നത്തിന്റെ കിടപ്പ്.

ചുരുക്കിപ്പറഞ്ഞാൽ ലഹളക്കാരെയും അല്ലാത്തവരെയും വേർതിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. ശരി, ഇനി സദാശിവനെ ലഹളക്കാരുടെ കൂടെ കൂട്ടിയാൽ തന്നെ അവൻ തീർത്തും നിസ്സാരക്കാരനാണെന്ന് സമ്മതിക്കേണ്ടി വരും. ഏതാനും മാസങ്ങൾക്ക് മുൻപ്, പല അയൽക്കാരും ചെയ്യുന്നത് കണ്ട് സദാശിവനും ഒരു ത്രിശൂലവുമേന്തിക്കൊണ്ട് വീട്ടിലെത്തിയപ്പോൾ അവന്റെ അമ്മ ചോദിച്ചു,

ഇതു കൊണ്ട് നീ എന്തു ചെയ്യാൻ പോണു?
ലഹളയുണ്ടാവും. എല്ലാവരും സംഘം ചേർന്ന് തുരപ്പന്മാരെ കൊല്ലാൻ പോവും.
ശരി, അപ്പോ നീയെന്തു ചെയ്യും?
ഞാനും പോവും.

ചിത്രീകരണം: ദേവപ്രകാശ്

വേറെ ചിലതു കൂടി പറയുമായിരുന്നു സദാശിവന്റെ അമ്മ.
വാക്കുകൾ അവരുടെ നാവിൻതുമ്പത്തുണ്ടായിരുന്നു.
പക്ഷെ അവൻ എത്രത്തോളം കള്ളച്ചാരായം മോന്തിയിട്ടുണ്ടെന്ന് ഉറപ്പില്ലാത്തതു കൊണ്ടവർ കൂടുതലൊന്നും പറഞ്ഞില്ല.

സദാശിവന്റെ അച്ഛൻ മരിച്ചിട്ട് നാലു മാസമായി. അയാളും മുഴുക്കു​ടിയനായിരുന്നു. പക്ഷെ അത് പകലന്തിയോളം പണിയെടുത്തതിനു ശേഷമുള്ള കുടിയായിരുന്നു. കഴിഞ്ഞ കൊല്ലം മില്ല് പൂട്ടിപ്പോയി. അതിനു ശേഷമാണയാൾ കള്ളച്ചാരായം കുടിക്കാൻ തുടങ്ങിയത്. ആളുകൾ ചാരായത്തെക്കാൾ മാരകമായ വാറ്റുകളാണ് കുടിക്കുന്നത്. കുടിച്ച് കുടിച്ച് ചാവും. ഏതോ പെയിന്റ് ഫാക്ടറിയിൽ നിന്ന് കട്ടു കൊണ്ടു വന്ന ഐസോപ്രൊപൈൽ ആൽക്കഹോളാണ് സദാശിവന്റെ അച്ഛൻ കുടിച്ചത്. പണിയ്ക്ക് പോവുമ്പോൾ സദാശിവന്റെ അച്ഛൻ ഇട്ടിരുന്ന കാക്കിപ്പാന്റും പിഞ്ചിയ കോളറുള്ള നീല ഷർട്ടും മുറിയിലെ അഴയിൽ തൂങ്ങിക്കിടന്നിരുന്നു. സദാശിവന്റെ ഒരു കാല് ശോഷിച്ച് പുറത്തോട്ട് വളഞ്ഞിരുന്നു. അല്ലെങ്കിൽ തന്നെ അവൻ മെലിഞ്ഞ് കുറുകിയാണിരുന്നത്. ഇടതുകാൽ പുറത്തോട്ട് വളഞ്ഞിരുന്നതു കൊണ്ട് കാഴ്ച്യ്ക്കവൻ കൂടുതൽ കുള്ളനും വിരൂപനുമായിരുന്നു.

എന്തായാലും, അന്നു വൈകുന്നേരം, വെള്ളവും കൂട്ടി റൊട്ടിതിന്ന് സദാശിവൻ ഉറങ്ങിയപ്പോൾ അവന്റെ അമ്മ ത്രിശൂലം എടുത്ത് പരിശോധിച്ചു. ഒരു വഹയ്ക്കും കൊള്ളില്ല. പഴയ ഇരുമ്പുരുക്കി കാച്ചിയത്. ആക്രിക്കാർക്ക് വിറ്റാൽ ഒരു ചെറിയ കോപ്പയുടെ വില പോലും തരമാവില്ല.

സദാശിവനുറങ്ങിക്കിടന്നപ്പോൾ അവന്റെ കീശയിൽ നിന്ന് സദാശിവന്റെ അമ്മ തീപ്പെട്ടി എടുത്തിരുന്നു. തീപ്പെട്ടിയിൽ ഏതാനും കൊള്ളികൾ കൂടാതെ രണ്ടു ബീഡികളും വലിച്ചു പകുതിയാക്കിയ ഒരു ബീഡികുറ്റിയും ഉണ്ടായിരുന്നു. സദാശിവന്റെ അമ്മ ഒരു ബീഡിയെടുത്ത് കത്തിച്ചു. ബീഡി വലിച്ചു കൊണ്ടിരുന്നപ്പോൾ അവർക്ക് എതിർവശത്തെ മുറിയിൽ കാഞ്ചിയും ഭാര്യയും വഴക്കു കൂടുന്നത് കേൾക്കാമായിരുന്നു.

കഴിഞ്ഞ കൊല്ലം കാഞ്ചിയുടെ ഭാര്യ അവന്റെ സഹോദരന്റെ കൂടെ സൂറത്തിലേക്ക് ഒളിച്ചോടിപ്പോയിരുന്നു. പിന്നീടൊരു നാൾ അവൾ തനിച്ച് മടങ്ങി വന്നു. അവർ എന്നും വഴക്കിടും. വഴക്ക് മറന്നിണങ്ങുകയും ചെയ്യും. പിണക്കം മാറിക്കഴിഞ്ഞാൽ അവർ ടേപ്പ് റെക്കോർഡറിൽ പാട്ടു വയ്ക്കും. ത്രിശൂലം മുറിയുടെ ഒരു മൂലയ്ക്ക് ചുമരിൽ ചാരി വച്ചിരുന്നു. സദാശിവന്റെ മുറിയുടെ കട്ടിളപ്പടി ഒഴിഞ്ഞു കിടന്നു, മുറിയ്ക്ക് കതകില്ലായിരുന്നു. ഗോതമ്പുമാവിന്റെ ഒഴിഞ്ഞ ചാക്കുകൾ ചേർത്തു തുന്നിക്കെട്ടിയ ഒരു മറ അതിൽ തൂക്കിയിട്ടിരുന്നു. ഡീസലിന്റെയും പാചകത്തിന്റെയും മണങ്ങൾ ആ മുറിയെ വീർപ്പുമുട്ടിച്ചു, ഇടയ്ക്ക് വല്ലപ്പോഴും, ദീർഘമായ ഇടവേളകൾക്ക് ശേഷം, ഒരു കാറ്റു വന്ന് ആ മണങ്ങളെ ഊതിപ്പറത്തുമായിരുന്നു.

തൊഴിലാളികളുടെ കോളനിയിലെ ഇടവഴികളിലും ഊടുവഴികളിലും പെട്ടുഴറി റോഡ് തീർത്തും ഇല്ലാതെയായി. വീണ്ടും പുഴുക്കം തുടങ്ങി. ആ പുഴുക്കത്തിൽ ഇളംകാറ്റുകളെല്ലാം അടിയറവു പറഞ്ഞു. സദാശിവന്റെ അമ്മ ഉറങ്ങിയില്ല. കുത്തിയിരുന്നപടി തന്നെ അവർ മയങ്ങി. മയക്കത്തിൽ നിന്ന് പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റ് അവർ മാവുപാട്ടയിൽ മുട്ടി ശബ്ദമുണ്ടാക്കി. എലികളെ പേടിപ്പിച്ചു തുരത്താനായിരുന്നു അത്. മയക്കത്തിന്റെയും ഉണർവ്വിന്റെയും ഇടയ്ക്ക്, ദൂരയെവിടെയോ നിന്ന്, മറ്റൊരു ശബ്ദം അവരുടെ കാതുകളിൽ വന്നലച്ചു കൊണ്ടേയിരുന്നു. ഈ പാതിരാത്രിയിലും എവിടെയോ ഒരു പൊതുസമ്മേളനം നടക്കുന്നുണ്ട്. പ്രസംഗിക്കുന്നയാൾ ഉച്ചത്തിൽ ആക്രോശിക്കുന്നുണ്ട്. ഈ വൈകിയ നേരത്ത് ആരെങ്കിലും പൊതുസമ്മേളനം നടത്തുമോ? ആരെങ്കിലും പങ്കെടുക്കുമോ? വാസ്തവത്തിൽ അതൊരു സമ്മേളനമല്ലായിരുന്നു. നാൽക്കവലയിൽ ഒരു വെളുത്ത അംബാസിഡർ കാർ നിന്നിരുന്നു. മലർക്കെ തുറന്നു കിടന്നിരുന്ന അതിന്റെ പിൻവാതിലുകളിലൂടെ രണ്ട് ലൗഡ്‌സ്പീക്കറുകൾ തള്ളിനിന്നിരുന്നു.

പ്രസംഗം ഒരു ടേപ്പ് റെക്കോർഡറിലൂടെയാണ് പ്രക്ഷേപണം ചെയ്തിരുന്നത്. അതു കൊണ്ടു വന്നയാളുകൾ റോഡരികിൽ നിന്ന് പാൻ മസാല ചവയ്ക്കുകയും തമ്മിൽ കുശുകുശുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതിലൊരാൾ ചന്ദനനിറമുള്ള ഒരു സഫാരി സൂട്ടാണ് ധരിച്ചിരുന്നത്. മറ്റു മൂന്നു പേരും അലക്കിത്തേച്ച വെള്ള കുർത്തയും പൈജാമയും. ഡ്രൈവർ വഴിവക്കിൽ കുന്തിച്ചിരുന്നു. അയാൾക്ക് ഉറക്കം തൂങ്ങുന്നുണ്ട് കാരണം ഇതിനു മുൻപ് മൂന്ന് അയൽപക്കങ്ങളിൽ കാർ നിർത്തിയിരുന്നു. മൂന്നിടത്തും ഇതേ കാസെറ്റ് അരമണിക്കൂർ വീതം വച്ചിരുന്നു. ഇനിയും രണ്ടിടത്ത് കാർ നിർത്തേണ്ടതുണ്ട്, ഇതേ കാസെറ്റ് അരേശ്ശെ മണിക്കൂർ വക്കേണ്ടതുണ്ട്, അതായത് ഒരു മണിക്കുറും കൂടി. ആ കാസെറ്റ് വളരെ വിദഗ്ധമായി തന്നെ സ്റ്റൂഡിയോയിൽ നിന്ന് ഉണ്ടാക്കിച്ചതാണ്.

വികാരമുണർത്താനായി, ചില ഭാഗത്ത്, കഥാപ്രസംഗശൈലിയിൽ സംഗീതം ചേർത്തിട്ടുണ്ട്. ചിലയിടത്ത് ദുഃഖാർത്തരായ കഥാപാത്രങ്ങളെയും ചിലയിടത്ത് പരിഹാസ സൂചകമായ ചിരിയും ചേർത്തിരുന്നു. ടി.വിയിൽ ഹാസ്യപരമ്പരകൾ കണ്ടു ശീലമുള്ളവർക്ക് ആ ചിരി സുപരിചിതമായിരിക്കും. വേണ്ട സമയത്ത് വേണ്ട പോലെ ചിരിക്കാൻ കാണികൾ മറന്നു പോയാൽ അവരെ ഇത്തരത്തിൽ ചിരിക്കാൻ പരിശീലിപ്പിക്കും. ശരി, അതെന്തെങ്കിലും ആവട്ടെ, പ്രസംഗം നടന്നു കൊണ്ടിരുന്നപ്പോൾ ഒരു പോലീസ് വാൻ വന്ന് അവിടെ വട്ടമിട്ടു. സഫാരി സൂട്ട് ധരിച്ച മനുഷ്യൻ മുഖം ആകാശത്തേക്കുയർത്തി, വാ പൊളിച്ച്, പാക്കറ്റിൽ മിച്ചമിരുന്ന പാൻ മസാല വായിലോട്ട് കൊട്ടി.

ഓരോരുത്തർക്കും നിശ്ചയിച്ചിരുന്ന മുന്നൂറു രൂപയും ഓരോ കുപ്പി മദ്യവും അവനും തരപ്പെടുത്തിയിരുന്നുവെങ്കിൽ പോലും, അന്യായമായ യുദ്ധം നയിക്കുന്ന രക്തദാഹികളുടെ സൈന്യമായിരുന്നു ലഹളക്കാർ എന്ന് കരുതിയാൽ സദാശിവനെ അക്കൂട്ടത്തിൽ പെടുത്താനാവില്ല. കൂട്ടക്കൊലയ്ക്കു ശേഷം ആരും എടുത്തു മാറ്റാതെ മൃതദേഹങ്ങൾ തെരുവിൽ കിടന്നപ്പോൾ, ആദ്യം ഒരു കൂട്ടം ചെന്നായ്ക്കളെത്തി, അതുപോലെ തന്നെ വിശന്നു വലഞ്ഞ നായ്ക്കളും, പുറകെ തത്തിത്തത്തി കഴുകന്മാരും. അതിനു ശേഷം എത്തിയ എലികളുടെയും ഈച്ചകളുടെയും ഉറുമ്പുകളുടെയും സംഘത്തോടൊപ്പമായിരുന്നു സദാശിവൻ.

കിട്ടിയ ചാരായം കുടിച്ചർമ്മാദിക്കാം എന്നാണവൻ കരുതിയത്. വീട്ടിലിരുന്ന് തന്നെ പാതിക്കുപ്പി അവൻ കുടിച്ചുതീർത്തു. പക്ഷെ അത്ര‌ക്കൊന്നും ലഹരി പിടിച്ചില്ല. അമ്പതു രൂപ അവൻ അമ്മയ്ക്ക് കൊടുത്തു. ബാക്കിയുള്ള ഇരുന്നൂറ്റമ്പതു രൂപ അവൻ തനിക്കായി മാറ്റി വച്ചു. കുറച്ച് ദിവസത്തേക്ക് കുശാലായി, അല്ല, സത്യത്തിൽ കുറേ ദിവസത്തേക്ക്. പുറത്തേക്കിറങ്ങണ്ട എന്നാണവൻ കരുതിയത്. പക്ഷെ ശങ്കറും കാഞ്ചിയും ഭോജയും കൂടി വന്ന് അവനെ വലിച്ച് പുറത്തിറക്കി.

റിഗ്യാൽ നഗറിൽ ഭീകരമായ ആക്രമണം നടന്നിരുന്നു. വഴിയോരത്ത് നിന്ന് തന്നെ തീജ്വാലകൾ കാണാമായിരുന്നു. ലഹളക്കാർ അട്ടിക്കണക്കിന് ഗ്യാസുകുറ്റികളും കൊണ്ട് ലോറികളിലാണെത്തിയത്. അവരുടെ കൈയ്യിൽ വാളുകളും ദണ്ഡുകളും കത്തികളും ഇറച്ചി പൊരിക്കുന്ന കമ്പികളും ആസിഡും പെട്രോൾ ബോംബുകളുമുണ്ടായിരുന്നു. ഇപ്പോഴവിടെ എത്താൻ കഴിഞ്ഞാൽ, ഒരുപക്ഷെ കൊള്ളയടിക്കാൻ എന്തെങ്കിലുമൊക്കെ കാണുമായിരിക്കും. പക്ഷെ പെട്ടെന്നെത്തണം. അയൽപക്കങ്ങളിൽ നിന്ന് ആളുകൾ പുറപ്പെട്ട് കഴിഞ്ഞിട്ടുണ്ടാവും. ഞൊണ്ടിക്കൊണ്ട് സദാശിവനും സംഘത്തിൽ ചേർന്നു.

മുറിയുടെ ചുമരിൽ ചാരിവച്ചിരുന്ന ത്രിശൂലം അവൻ കൈയ്യിൽ കരുതി. മുഷിഞ്ഞ പൈജാമയുടെ ചരടു മുറുക്കി, കാലു തെറുത്തു വച്ചു. ആവേശപൂർണ്ണമായ ഈ തയ്യാറെടുപ്പിനിടയ്ക്ക് അവൻ ഒരക്ഷരവും ഉരിയാടിയില്ല, മത്തു പിടിച്ചതു പോലെയുള്ള അർത്ഥശൂന്യമായ ഒരു ശബ്ദം മാത്രം പുറപ്പെടുവിച്ചു. ആ ഭാവം പടർന്നു പിടിക്കുന്നതായിരുന്നു. മറ്റുള്ളവരും അവനെ പോലെ തന്നെ മെല്ലിച്ച തെണ്ടികളായിരുന്നു, അവരും മേനി കാട്ടാൻ മടിച്ചില്ല, ഓരോരുത്തരും തന്റേതായ ശൈലിയിൽ ഓളിയിട്ടു. അവർ മിൽത്തൊഴിലാളികളുടെ കോളനിയിലെ ഇടുങ്ങിയ ഊടുവഴിയിലൂടെ നടന്ന്, വീതിയുള്ള ഇടവഴി കടന്ന്, റോട്ടിലെത്തി. പടിഞ്ഞാറ് സൂര്യനസ്തമിക്കാറായ ആകാശത്തേക്ക് ദൃഷ്ടി തിരിച്ചപ്പോൾ, കത്തിക്കൊണ്ടിരുന്ന റിഗ്യാൽ നഗറിൽ നിന്നുയരുന്ന പുകപ്പടലത്തിന്റെ ഗാംഭീര്യം അവർ കണ്ടു.

മുകളിലേക്കുയർന്നിരുന്ന പുക കാറ്റിന്റെ ഒഴുക്കിൽ പെടുമ്പോൾ ചെറുതായി അലിഞ്ഞു കൊണ്ടിരുന്നു. ഇടതുവശത്ത് ജാഥയായി അനിയന്ത്രിതമായ ഒരു സംഘം. അവർ റോഡ് മുഴുവൻ കൈയ്യടക്കിക്കൊണ്ട് ആനന്ദനൃത്തമാടി. അവർക്ക് ഒരു ചുക്കും സംഭവിക്കില്ല. അതു പിന്നെ അങ്ങനെ തന്നെയാണല്ലൊ. പുതുതായി പണി കഴിഞ്ഞ ശിവൻ അപ്പാർട്‌മെന്റ്‌സിനു മുൻപിൽ മാറ്റിസും സാന്റ്രോയും മാരുതിയും ജോഷ്-മഷീനായ ഫോർഡ് ഐക്കണുമൊക്കെ പ്രൗഢിയോടെ നിന്നിരുന്നു. സദാശിവന്റെ സംഘത്തിലുള്ള ഓരോരുത്തനും താനൊരു ജോഷ്-മഷീനാണെന്ന് തോന്നി. ആഹ്ലാദത്തിമിർപ്പിൽ സംഘം കുറച്ചു മുൻപോട്ടു പോയി, നാൽക്കവലയിൽ വച്ച് വലത്തോട്ടു തിരിഞ്ഞയുടനെ അവരൊന്നു നിന്നു.

അതയാളുടെ തന്നെ സൈക്കിളായിരിക്കണം.
അതും നെഞ്ചത്ത് പേറിയാണയാൾ ചത്തുകിടക്കുന്നത്.
മുഷിഞ്ഞ ഒരു ടീ-ഷർട്ടും നിറംമങ്ങിയ, വെളുത്ത, വരയൻ ട്രാക്ക് പാന്റ്‌സുമാണ് വേഷം. അയാളുടെ മുഖം ഒരു സിനിമാപോസ്റ്ററിന്റെ കീറ് വച്ച് മറച്ചിരുന്നു. അതിനു മുകളിൽ ഒരിഷ്ടികയും വച്ചിരുന്നു.

കാറ്റത്ത് പോസ്റ്റർ പറന്നു പോയാൽ അയാളുടെ ചതഞ്ഞരഞ്ഞ മുഖം പുറത്ത് കാണാതിരിക്കാനാവും. ചത്തയാളുടെ കീശയിൽ കൈയ്യിട്ട് ഭോജ ഒരു തൂവാലയൊ മറ്റോ പുറത്തെടുത്തു. അവനത് ദൂരേക്കെറിഞ്ഞു കളഞ്ഞു. കുറച്ചു നേരത്തേക്ക് അവിടെ നിശബ്ദത നിറഞ്ഞു. അവർ വീണ്ടും നടക്കാൻ തുടങ്ങി. ഞൊണ്ടിയായതു കൊണ്ട് സദാശിവൻ സംഘത്തിന്റെ പുറകിലായിപ്പോയി.

എതിർദിശയിൽ നിന്ന് ഒരു ലോറി വന്നു. ഡ്രൈവറുടെ ക്യാബിനു മുകളിൽ ഇരിക്കുന്ന കുറച്ചാളുകൾ വാളുകളും കുന്തങ്ങളും വാക്കത്തികളും വീശി താളത്തിൽ പ്രതികാരത്തെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ വിളിയ്ക്കുന്നുണ്ടായിരുന്നു. ലോറിയിൽ കിടത്തിയിട്ടിരുന്ന അലമാരകളും ഷെൽഫുകളും ഫ്രിഡ്ജുകളും, ടി വികളും സ്യൂട്ട് കേസുകളും പാത്രങ്ങളും കർട്ടനുകളും സ്‌കൂട്ടറുകളും കണ്ണാടികളും പച്ചിരുമ്പ് കൊണ്ടുള്ള കസേരകളും കുത്തിനിറച്ചിരുന്നു. ലോറി അവരുടെ നേർക്കടുത്തപ്പോൾ അവർ റോഡിന്റെ വശങ്ങളിലേക്ക് മാറി വഴി കൊടുത്തു. ലോറിയുടെ വേഗത കൂടി. ലോറിയുടെ പിൻവശത്ത്, താനേ കുടുങ്ങിപ്പോയതോ ആരോ കുടുക്കിയിട്ടതോ ആയ ഒരു ആകാശനീല നൈലോൺ ഷാള് കാറ്റിൽ പാറി. സദാശിവന്റെ സംഘമിപ്പോൾ ഉറക്കെ വിജയത്തിന്റെ മുദ്രാവാക്യങ്ങൾ വിളിച്ചു. അവർ ഓടാൻ തുടങ്ങി. ഓടാൻ കഴിയാത്തതു കൊണ്ട് സദാശിവൻ വളരെ പുറകിലായിപ്പോയി. അവൻ ത്രിശൂലത്തെ ഊന്നുവടിയായി ഉപയോഗിച്ചു. അത് റോഡിൽ തട്ടി ചിലമ്പിക്കൊണ്ടിരുന്നു.

അവരെ പിന്തുടർന്ന് സദാശിവൻ റിഗ്യാലിന്റെ പ്രധാനകവാടത്തിൽ എത്തിയപ്പോൾ, അവർ പുറത്തു നിൽക്കുന്നത് കണ്ടു. സ്ഥലത്തിന് തീയിട്ട്, ആളുകളെ കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത അതെ കൂട്ടർ മുട്ടാളന്മാരായ ഈ കവർച്ചക്കാരെ അകത്തേക്ക് കടക്കാൻ അനുവദിക്കുന്നില്ലായിരുന്നു കാരണം ചുറ്റുമതിലിനികത്തുള്ള രണ്ടു കെട്ടിടങ്ങളും നിന്ന് കത്തുകയായിരുന്നു. തീയിട്ടതിലുള്ള ഹർഷാരവങ്ങൾക്കും മേലെ സാധനങ്ങൾ പൊട്ടിത്തകരുന്ന ശബ്ദങ്ങളുയർന്നു. കതകുകൾ പൊട്ടി വീണു. കട്ടിളകൾ കത്തിപ്പിടിച്ചപ്പോൾ ജനൽപ്പാളികൾ ഇളകിയാടി. തീജ്വാലകളുടെ താണ്ഡവവും പുകച്ചുരുളുകൾ ഉയരുന്നതും കണ്ടു കൊണ്ട് സദാശിവൻ കുറച്ചു നേരം അവിടെ നിന്നു. ചുറ്റുമതിലിനകത്ത് നിർത്തിയിട്ടിരുന്ന ഒരു കാറിനും തീ പിടിച്ചിരുന്നു. ഈ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിലേക്ക് സദാശിവൻ മുൻപൊരിക്കൽ വന്നിട്ടുണ്ട്. പിൻവശത്ത് കുറച്ച് ഒഴിഞ്ഞ സ്ഥലമുണ്ട്. അവിടത്തെ കാടുവെട്ടുന്ന പണി ഭാഗ്യേഷിന് കിട്ടിയിരുന്നു. അന്ന് സദാശിവൻ ഭാഗ്യേഷിനൊപ്പം ഇവിടെ വന്നിരുന്നു. പിൻവശത്ത് ഒരു ഗേറ്റും ഉണ്ടായിരുന്നു. പിൻമതിലിനോടു ചേർന്ന് ആസ്‌ബെസ്റ്റോസ് ഷീറ്റ് മേഞ്ഞ മൂന്ന് ഷെഡ്ഡുകളുണ്ട്, അവിടെയാണ് പണിക്കാരുടെ താമസം. ഒരുപക്ഷെ അവ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടാവില്ല. ആരും കാണാതെ പിൻവശത്തെ ഗേറ്റിലൂടെ കടന്നാൽ എന്തെങ്കിലും കൈയ്യിൽ തടയുമായിരിക്കുമോ?

സദാശിവന് തെറ്റി. പിൻവശത്ത്, കത്തുന്ന മാംസത്തിന്റെ മണം. അവിടെ അതിക്രൂരമായ വിധ്വംസനം നടന്നിട്ടുണ്ട്. കത്തുന്ന ടയറുകൾ ഉപയോഗിച്ച് ശവങ്ങൾക്ക് തീയിട്ടിരുന്നു. ചെരുപ്പുകൾ തലകീഴായി കിടന്നിരുന്നു. ഗേറ്റ് തുറന്നു കിടന്നിരുന്നു. ചിലപ്പോൾ ഈ വശത്തു കൂടി ചിലർ രക്ഷപ്പെട്ട് കാണും. പൊട്ടിയ ചില്ലുപാത്രങ്ങൾ. പഴകിത്തുരുമ്പിച്ച് വളരെക്കാലമായി തലകീഴായി കിടന്നിരുന്ന കുഞ്ഞുങ്ങളെ ഉന്തിക്കൊണ്ടു പോകുന്ന ഒരു വണ്ടി.

ആസ്‌ബെസ്റ്റോസ് ഷീറ്റ് മേഞ്ഞ ഷെഡ്ഡുകളും ഒഴിവാക്കപ്പെട്ടിരുന്നില്ല. അകത്തെ മുറികൾ കത്തുകയായിരുന്നു. ഒരു മുറിയ്ക്കകത്ത് പാതി കരിഞ്ഞ ഒരു കലണ്ടർ കാണാം. വാതിൽക്കൽ നിന്ന്, സദാശിവൻ അകത്തേക്ക് എത്തി നോക്കി. അകത്തെ ചൂട് അവനു മേൽ ആഞ്ഞടിച്ചു. കതക് പൊളിഞ്ഞു വീണിരുന്നു. അതിനടിയിൽ ഒരു കൈ കാണാമായിരുന്നു. അകത്തു കടന്നു തിരഞ്ഞാൽ ചിലപ്പോൾ എന്തെങ്കിലും കിട്ടിയേക്കും. പക്ഷെ അതു ചെയ്യാനുള്ള ധൈര്യം സ്വരുക്കൂട്ടാൻ സദാശിവന് കഴിഞ്ഞില്ല.

പൊടുന്നനെ, ഒരു ഞരക്കമോ ആരോ ഭയം കടിച്ചമർത്തുന്ന പോലുള്ള ഒരു ശബ്ദമോ കേട്ട് സദാശിവൻ ഞെട്ടി, എന്താണെന്ന് നോക്കാൻ അവൻ തിരിഞ്ഞു നോക്കി.
ഇല്ല. ആരുമില്ല.
ആളിക്കത്തുന്ന തീയുടെ ശബ്ദം മാത്രം.
എന്നത്തെയും പോലെ സന്ധ്യ മയങ്ങിത്തുടങ്ങി.
അതോടൊപ്പം തീജ്വാലകളുടെ ശബ്ദവും കുറഞ്ഞു വന്നു. കത്താനൊന്നും തന്നെ ബാക്കിയില്ലായിരിക്കും. എന്തോ ഒരു ശബ്ദം കേട്ടുവെന്ന് സദാശിവനു തോന്നിയത് വെറുതെയായിരിക്കുമോ? അവന് ലേശം ഭയം തോന്നി.

അതു കൊണ്ടായിരിക്കുമോ സദാശിവൻ ത്രിശൂലം കുലുക്കിക്കൊണ്ട് ആക്രോശിച്ചത്,

ആരാണവിടെ?

പ്രതികരണമില്ല.

ആരെങ്കിലുമുണ്ടോ അവിടെ?

അതിനും പ്രതികരണമില്ല.

ഈ മുറികൾക്കുള്ളിൽ ആരും ഉണ്ടാവാൻ എന്തായാലും സാധ്യതയില്ല.
സദാശിവന് ഉടലാകെ പെരുത്തു വന്നു. അവൻ ത്രിശൂലത്തിൽ മുറുക്കെ പിടിച്ചു. ഇങ്ങനെയാണ് മൃഗങ്ങൾ മറ്റു മൃഗങ്ങളുടെ സാന്നിധ്യം മനസ്സിലാക്കിയിരുന്നത്, മനുഷ്യർ മറ്റു മനുഷ്യരുടെയും. ഒരു നിമിഷം, താൻ ഒന്നും കേട്ടിട്ടുണ്ടാവില്ല എന്ന് സദാശിവനു തോന്നി. പക്ഷെ അതു ശരിയാണോ? കതകിനടിയിൽ കാണുന്ന കൈയ്യിന്റെ ഉടമയ്ക്ക് ജീവനുണ്ടോ? അയാളായിരിക്കുമോ ഞരങ്ങിയത്? പക്ഷെ കതക് മാറ്റി നോക്കാനുള്ള ധൈര്യമവനില്ലായിരുന്നു.

സൂക്ഷിച്ചോ! ത്രിശൂലം കണ്ടില്ലെ? കൊന്നുകളയും ഞാൻ.

ഇത്തവണയും പ്രതികരണമൊന്നുമുണ്ടായില്ല.

സന്ധ്യയുടെ വെളിച്ചം മങ്ങിത്തുടങ്ങുന്ന ഈ നേരത്ത് സർവ്വവും അസാമാന്യമായ ചൈതന്യം കൈവരിക്കുന്നതായി സദാശിവനു തോന്നി. ഇരുട്ടിൽ മുങ്ങുന്നതിനു മുൻപ് എല്ലാം അവസാനമായി ഒന്നു ചലിക്കുകയാണോ? അതോ അവയെല്ലാം ഭയചകിതരാണോ? പക്ഷെ അവിടെ ഒന്നുമുണ്ടായിരുന്നില്ല. കുറച്ചു ദൂരത്ത്, പറമ്പിന്റെ ഉയർന്ന ഒരു ഭാഗത്ത് ഒരു വെള്ളത്തൊട്ടി പണിതു വച്ചിരുന്നു. അതെന്തിനാണെന്ന് സദാശിവന് നന്നായി അറിയാം. കെട്ടിടം പണിയ്ക്ക് ഉപയോഗിക്കാനുള്ള ഇഷ്ടികകൾ കുതിർക്കാനാണത്. അവിടെ ഒരു വശത്ത് ഒരു കൂന മരപ്പലകകൾ കൂട്ടിയിട്ടിരുന്നു. മാറിക്കിടന്നിരുന്നത് കൊണ്ട് ആരും അതിന് തീയിട്ടിരുന്നില്ല. എന്നാൽ വെള്ളത്തൊട്ടിയ്ക്കുള്ളിലോ? ഇവിടെ നിന്ന് അതിനകത്തേക്ക് മുഴുവനും കാണാനാവുന്നില്ല.
സദാശിവൻ ത്രിശൂലത്തെ കുന്തം പോലെ ഉയർത്തിപ്പിടിച്ചു. അവൻ തൊട്ടിയുടെ അടുത്തേക്ക് നടന്നു. പായലും പൂപ്പലും. തൊട്ടിയുടെ മണ്ണടിഞ്ഞ അടിത്തട്ടിൽ ഒരിത്തിരി വെള്ളം. അവൻ അവിടെ ചുമരും ചാരി ഇരിയ്ക്കുകയായിരുന്നു. ജട്ടി മാത്രം ഇട്ട ഒരു ചെറിയ കുട്ടി. അവന്റെ തല മൊട്ടയടിച്ചിരുന്നു. തലയിൽ ഒരു ചിരങ്ങുണ്ടായിരുന്നു. സദാശിവനെ കണ്ടപ്പോൾ അവനെഴുന്നേറ്റു. എറിയാനെന്ന പോലെ ത്രിശൂലമുയർത്തിയിരുന്നു സദാശിവൻ. നിശബ്ദനായിരുന്നുവെങ്കിലും കുട്ടിയുടെ വാ തുറന്നിരുന്നു. ഏതാനും നിമിഷങ്ങൾ കടന്നു പോയി, സദാശിവൻ കൈതാഴ്ത്തി. പകൽവെളിച്ചം മങ്ങിക്കൊണ്ടിരുന്നതു കൊണ്ട് എല്ലാം അവ്യക്തമായി തുടങ്ങിയിരുന്നു. സദാശിവൻ തന്നെ കൊല്ലില്ലെന്ന് അവൻ മനസ്സിലാക്കി. കൊല്ലുകയാണെങ്കിൽ പോലും അതിവിടെ വച്ചാവില്ലെന്നും. അവൻ വീണ്ടും ഇരുന്നു.
അവന്റെ ജട്ടി നനഞ്ഞിരുന്നു. താനാ കുട്ടിയെ കൊല്ലില്ലെന്ന് സദാശിവനും തിരിച്ചറിഞ്ഞു. അവന്റെ ലഹരിയൊക്കെ എപ്പോഴേ പമ്പ കടന്നിരുന്നു. ത്രിശൂലം ഒരു വശത്ത് വച്ച് ശോഷിച്ച കാല് മറുവശത്തേക്ക് നീട്ടി സദാശിവനും ഇരുന്നു. ഇപ്പോൾ അവർ രണ്ടാളും ഇരിക്കുകയായിരുന്നു. സദാശിവൻ തൊട്ടിയുടെ വക്കത്തും കുട്ടി അതിനകത്തും. സദാശിവൻ ഒരു ബീഡി കത്തിച്ചിരുന്നു. ഒരു ബീഡി വലിച്ചിട്ട് സ്ഥലം വിടാം എന്നയാൾ തീരുമാനിച്ചിരുന്നു.

കുട്ടിയെ കൊല്ലാനയാൾക്ക് കഴിഞ്ഞില്ലെങ്കിലും എരിയുന്ന ബീഡിക്കുറ്റി അവനിരിക്കുന്ന വെള്ളത്തിലേക്കെറിയാൻ അയാൾക്ക് കഴിയും. പക്ഷെ ബീഡി വലിച്ചു തീരുന്നതിനു മുൻപേ കുട്ടി തന്റെ ചിന്തകളിൽ ഇടം പിടിയ്ക്കുന്നത് സദാശിവനറിഞ്ഞു. താനെന്തിന് കുട്ടിയെ കുറിച്ച് ചിന്തിക്കണം? എത്രയോ ആളുകൾ മരണപ്പെട്ടിരിക്കുന്നു.

അതാ അവിടെ കതകിനടിയിൽ ഒരു കൈ.

അകത്തും ആളുകൾ എരിഞ്ഞു കൊണ്ടിരിക്കുകയായിരിക്കും.

ഓടി രക്ഷപ്പെട്ടവരെയും അടുത്ത തെരുവിൽ വച്ച് ഓടിച്ചിട്ട് പിടിച്ചു കാണും.

സദാശിവൻ വീണ്ടും ആശയക്കുഴപ്പത്തിലായി.

മരിച്ചവരുടെ കൂട്ടത്തിൽ ഈ കുട്ടിയെ ഉൾപ്പെടുത്താൻ കഴിയില്ല. തനിക്ക് വേണമെങ്കിൽ മിണ്ടാതെ സ്ഥലം വിടാം. താൻ ഞൊണ്ടിഞ്ഞോണ്ടി, ത്രിശൂലവും കൈയ്യിൽ പിടിച്ച് നടന്നു പോയാൽ ആരും ഒന്നും പറയില്ല. അവരെല്ലാം മുൻവശത്താണ്.

പക്ഷെ സദാശിവൻ പോയിക്കഴിഞ്ഞാൽ, പൂർണ്ണമായി ഇരുട്ട് വീണുകഴിഞ്ഞാലും, ആ കുട്ടി ഇഷ്ടിക കുതിർക്കാനുണ്ടാക്കിയ തൊട്ടിയിൽ തന്നെയിരിക്കുമായിരിക്കും. എത്ര നേരം? അതോ അവൻ എഴുന്നേറ്റ് പുറത്തേക്ക് വരുമോ? എന്താണുണ്ടാവുക എന്നൂഹിക്കാൻ സദാശിവന് കഴിഞ്ഞില്ല. പക്ഷെ ഒരു കാര്യം അവനുറപ്പായിരുന്നു. പുറത്ത് കാത്തു നിൽക്കുന്നവർക്ക് കുട്ടിയെ കണ്ടു പിടിക്കാൻ കഴിയില്ല. പകൽ വെട്ടം മാഞ്ഞു. തൊട്ടിയ്ക്കകത്ത് ഇരുട്ടായി. അടിത്തട്ടിൽ കുറച്ച് അഴുക്ക് വെള്ളമുണ്ടായിരുന്നു. അവൻ തൊട്ടിയ്ക്കകത്ത് ഒരു മൂലയിൽ ഇരിക്കുകയായിരുന്നു, ജട്ടി മാത്രം ഇട്ട്, തലയിൽ ചിരങ്ങുമായി...

ഏയ്, എഴുന്നേറ്റ് പുറത്ത് വാ!
ഇരുട്ടിൽ നിന്ന് ഒരു പ്രതികരണവുമില്ല.ഞാനൊന്നും ചെയ്യില്ല. പേടിക്കണ്ട. എഴുന്നേറ്റ് വാ.
കലങ്ങിയ വെള്ളത്തിൽ ചെറിയ ചലനമുണ്ടായി.എന്റെ കൈപിടിച്ച് പുറത്തേക്ക് കയറി വാ.

ചെറിയ രണ്ടു കൈകൾ സദാശിവന്റെ കൈകളിൽ പിടിച്ചു. സദാശിവൻ ആ കൈകളിൽ പിടിച്ചു അവനെ കയറ്റി. കുട്ടിയുടെ കഴുത്തിലും, പുറത്തും, ശോഷിച്ച നെഞ്ചത്തും, അരയിലും, ചന്തിയിലും, കാലിലും തന്റെ കൈയ്യോടിച്ചു. അവന്റെ ജട്ടി നനഞ്ഞു കുതിർന്ന് കാലുകളിലൂടെ വെള്ളം ഒലിച്ചിറങ്ങിയിരുന്നു. കാറ്റിൽ കുട്ടി തണുത്ത് വിറച്ചു. അവന്റെ കൊച്ചരിപ്പല്ലുകൾ കൂട്ടിയിടിക്കുന്നത് സദാശിവൻ കേട്ടു. സദാശിവൻ കുട്ടിയെ മാറോട് ചേർത്തു. കുട്ടിയെ ഒന്ന് ചൂടാക്കിയെടുക്കാൻ തന്റെ ചൂടുള്ള കൈ അവൻ കുട്ടിയുടെ പുറത്തോടിച്ചു. കുട്ടിയെ മാറോട് ചേർത്ത് , അവൻ ഇരുട്ടിൽ അലിഞ്ഞിരുന്നു. അവന്റെ ഹൃദയം പടപടാ മിടിച്ചു. കുട്ടിയുടെ ശ്വാസം വേഗതയാർന്നു. എന്നിട്ടവൻ ചുരുണ്ടു കൂടി. അവൻ സദാശിവനെ അള്ളിപ്പിടിച്ചു. അവന്റെ ചെറിയ വിരലുകളും നഖങ്ങളും സദാശിവന്റെ ശരീരത്തിലമർന്നു. അവനയാളെ ഇറുക്കുകയായിരുന്നു. അതു കഴിഞ്ഞവൻ അനങ്ങാതെ ശാന്തനായിക്കിടന്നു.

സദാശിവൻ പിൻ ഗേറ്റിലൂടെ ഇരുട്ടിലേക്കിറങ്ങി. അവന്റെ ഇടതുകാൽ ശോഷിച്ചും മുടന്തിയുമിരുന്നു. വലതു തോളിൽ ഉറങ്ങുന്ന കുട്ടിയെ പിടിച്ചിരുന്നു. ഇടതു കൈയ്യിൽ മുനകൾ മേലോട്ട് ചൂണ്ടികൊണ്ട് ത്രിശൂലം പിടിച്ചിരുന്നു.

റോഡിലേക്കിറങ്ങിയ അവൻ വലത്തോട്ട് നടന്നു. പ്രധാന ഗേറ്റിനടുത്ത് മറ്റൊരു ലോറി വന്നുചേർന്നിരുന്നു. അവർ അവിടെ സംഘമായി കാത്തിരുന്നിരുന്നു. ഒരു പക്ഷെ ഇനിയും സാധനങ്ങൾ കടത്തുമായിരിക്കും. അല്ലെങ്കിൽ മനുഷ്യശരീരങ്ങൾ. കഴുത്തറുക്കപ്പെട്ട നഗ്‌നരായ സ്ത്രീകൾ, അടിച്ചു ചതയ്ക്കപ്പെട്ട പുരുഷന്മാർ. ചിലപ്പോൾ അവർ സദാശിവനെ കണ്ടു കാണും. ഇനിയൊരു പക്ഷെ കണ്ടുവെങ്കിലും അതിലേക്കവരുടെ ശ്രദ്ധ ചെന്നു കാണില്ല. ചിലപ്പോൾ അവർ ത്രിശൂലം മാത്രമെ ശ്രദ്ധിച്ചിട്ടുണ്ടാവൂ.

അപ്പോഴേക്കും കെട്ടിടങ്ങളിലെ തീയണഞ്ഞിരുന്നു. പക്ഷെ നിലവറയിലോ ഏതോ നിലയിലെ അടുക്കളയിലോ മറ്റോ, പെട്ടെന്നൊരു ഗ്യാസുകുറ്റി പൊട്ടിത്തെറിച്ചു. എല്ലാവരും സ്തബ്ധരായി. സദാശിവനും. കുട്ടി ഒരു ഞെട്ടലോടെ എഴുന്നേറ്റു. പുതുതായി പൊട്ടിപ്പുറപ്പെട്ട തീയിലേക്ക് അവൻ ഭയപ്പാടോടെ തുറിച്ചു നോക്കുകയായിരുന്നു. അവൻ അലറിക്കരഞ്ഞു,

ബാപ്പാ!

അവർ ആ അലർച്ച കേട്ടു. ▮

നബാരുൺ ഭട്ടാചാര്യ: വിപ്ലവാത്മകവും മൗലികവുമായ സൗന്ദര്യബോധത്തോട് കൂറുപുലർത്തിയിരുന്ന ബംഗാളി എഴുത്തുകാരനാണ് നബാരുൺ ഭട്ടാചാര്യ (1948-2014). വിഖ്യാതനായ നടനും നാടകകൃത്തുമായ ബിജോൺ ഭട്ടചാര്യയുടെയും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായിരുന്ന മഹാശ്വേത ദേവിയുടെയും ഏകപുത്രനാണ് നബാരുൺ. ഒരു ഡസനോളം പ്രമുഖ നോവലുകളെഴുതിയ അദ്ദേഹം കവി കൂടിയായിരുന്നു. 2002ലെ ഗുജറാത്ത്​ വംശഹത്യക്കുശേഷം എഴുതിയ ഈ കഥ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തമാണ്. അന്നു തൊട്ട് വംശഹത്യയെ കുറിച്ച് ഗുജറാത്തി ബുദ്ധിജീവികൾക്കിടയിലും എഴുത്തുകാർക്കിടയിലും നിലനിൽക്കുന്ന മൗനവും ശ്രദ്ധേയമാണ്.

​​​​​​​​​​​​​​ഇംഗ്ലീഷ് പരിഭാഷ : വി രാമസ്വാമി

Comments