സുധീഷ് കോട്ടേമ്പ്രം

നിങ്ങൾ ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കുന്നില്ല. അല്ല, എഴുന്നേറ്റുടനെ എന്തെങ്കിലും ചെയ്യാനുള്ളതായും നിങ്ങളുടെ സ്റ്റിക്കിനോട്‌സിൽ ഇല്ല. സ്റ്റിക്കി നോട്‌സിലുള്ളതൊന്നുമല്ല, നിങ്ങൾ ചെയ്യുന്നതും. ഇനിയുമെന്തൊക്കെയോ ചെയ്യാനുണ്ടെന്ന വെറും ഓർമ്മപ്പെടുത്തൽ മാത്രമായി അതിങ്ങനെ പോപ് അപ് ചെയ്തുകൊണ്ടിരിക്കുന്നു എന്നുമാത്രം.

മൊബൽ ഫോൺ തൊടാതിരിക്കുക.
ലാപ്‌ടോപ് അടച്ചുവെക്കുക.
പത്രം വായിക്കാതിരിക്കുക.
ചെടികൾക്ക് വെള്ളം നനയ്ക്കുക.
തറ തുടയ്ക്കുക.
ഉണ്ടാക്കിവെച്ച ഓട്‌സ് കഞ്ഞി പതുക്കെ കുടിക്കുക. ഇത്രയും ചെയ്തുകഴിഞ്ഞാൽ നിങ്ങൾ ഒരുപരിധിവരെ നിങ്ങൾക്ക് താങ്ങാവുന്ന മനുഷ്യനാവാൻ തുടങ്ങുന്നു. പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചെയ്യുന്ന ഏതു കാര്യവും സമയമെടുത്ത് അതിന്റെ പരമാവധിയിൽ വേണം ചെയ്യാൻ. ആ ഒരു കണ്ടീഷൻ മാത്രമാണ് മുൻപോട്ട് വെക്കാനുള്ളത്. എന്ത് ചെയ്യുന്നുവെന്നത് പരിപൂർണമായും നിങ്ങളുടെ സ്വാതന്ത്ര്യമാണ്.

മൂട്ടിലേക്കു മാത്രമല്ല, എല്ലാ ഇലകൾക്കും കൂടി ഈർപ്പം കിട്ടാവുന്ന വിധത്തിൽ വെള്ളം സ്‌പ്രേ ചെയ്തുവേണം ചെടിനനയ്ക്കാൻ. ഓരോ തുള്ളിയിലും അതിന്റെ ആഹ്ലാദത്തെക്കൂടി കണ്ടറിഞ്ഞ്. തറ തുടയ്ക്കുമ്പോൾ തറയോടുകൾക്കിടയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ മുഴുവൻ ചുരണ്ടിമാറ്റണം. എല്ലായിടത്തും, ഓരോ ചതുരശ്ര ഇഞ്ചിലും തുണിയിലെ ജലാംശം എത്തുന്നുവെന്ന് ഉറപ്പിക്കണം. ഒരു സ്പൂൺ കഞ്ഞി നാവിൻതുമ്പിലേക്ക് പകരുമ്പോൾ, മധ്യമദ്രാവകാവസ്ഥയിലുള്ള അതിന്റെ ഇളംചൂടിനെ രസമുകുളങ്ങളുമായി സ്പർശിക്കുന്ന സമയത്തെ ഉള്ളാലെ അറിഞ്ഞ്, പതുക്കെ, വളരെ പതുക്കെ.

വേഗത ഒന്നിനെയും ഒരുകാലത്തും സുഖപ്പെടുത്തിയിട്ടെല്ലെന്ന് നിങ്ങൾക്കറിയാം. വേഗത, മറ്റൊന്നിലേക്ക്, മറ്റൊരാളിലേക്ക്, മറ്റൊരവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള വ്യഗ്രതയാണ്. ഇവിടെയിപ്പോൾ അങ്ങനെയൊരു വ്യഗ്രതയുടെ ആവശ്യമേയില്ല. അതുകൊണ്ട് നിങ്ങൾ ഓരോ ചലനത്തെയും ഒരു ശില്പം പോലെ മന്ദഗതിയിൽ കൊത്തിയെടുക്കുന്നു.

സമയം തന്നെ വിചിത്രമായൊരു സങ്കൽപമല്ലേ? ആരണതിനെപ്പിടിച്ച് ക്ലോക്കുകളിലും കലണ്ടറുകളിലും തളച്ചത്. അവ മറന്നേക്കൂ. നിങ്ങളുടെ സമയമെന്നത് നിങ്ങളുടെ ശരീരത്തിലാണ്; അങ്ങനെ ഒന്നുണ്ടെങ്കിൽ. കാലവസ്ഥ മാത്രമേയുള്ളൂ. ശൈത്യകാലത്ത് നിങ്ങൾക്ക് തണുക്കുന്നു. വേനൽക്കാലത്ത് വിയർക്കുന്നു. അതത്രയും സത്യമായി നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്നു.

ശരീരത്തിൽ സംഭവിക്കാത്ത അറിവുകൾക്ക് സത്യത്തിൽ, അളവിൽക്കവിഞ്ഞ പരിഗണനയുടെയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. രോഗം വന്നപ്പോഴല്ലേ നിങ്ങൾ നിങ്ങളിലിരുന്നത്? അത്രയും ശ്രദ്ധയോടെ? അപ്പോൾ എന്തുകൊണ്ട് അരോഗകാലത്തും നിങ്ങൾക്ക് നിങ്ങളിലിരിക്കാൻ കഴിയുന്നില്ല?

പക്ഷേ, എന്താ കാര്യം എന്നുവെച്ചാ, വെറുതെയിരിക്കുക എന്നത് കഠിനമായ ഊർജ്ജം ആവശ്യമുള്ള ഒന്നാണ്. ആ നിമിഷം മുതൽ ഓർമ്മ പ്രവർത്തിച്ച് തുടങ്ങും. അതൊരു കുരുക്കാണ്. പിന്നീട് നിങ്ങൾ ആ ഓർമ്മയുടെ ചുവടുപിടിച്ച് നടക്കും. ഒന്നുകിൽ ആ ചെപ്പിൽ കയറി ഒളിച്ചിരിക്കും, അല്ലെങ്കിൽ ഏതെങ്കിലും ഒരോർമ്മ നിങ്ങളെ നിയന്ത്രിച്ച് തുടങ്ങും. വളരെക്കാലത്തെ ഓർമ്മയുടെ ഒന്നും ആവശ്യമില്ല, ഇന്നലെക്കഴിഞ്ഞ ഒരു സംഗതി ആയാലും മതി.

ഓർമ്മയുടെ തുടർച്ചയാണ് ദൈനംദിനജീവിതത്തിന്റെ തന്നെ കാതൽ. നിർത്തിവെച്ച ഓർമ്മ കൊണ്ട് നിങ്ങൾക്ക് ഒരു ചായപോലും തിളപ്പിക്കാനാവില്ല, അതിലിടാനുള്ള തേയിലപ്പൊടി മുതൽ പാത്രം, ഗ്യാസ്, അടുപ്പ്, കപ്പ്, വെള്ളം, അടുക്കള തുടങ്ങി പലതും ഒരു ചായയിൽ കൂട്ടുചേർന്ന് പ്രവർത്തിക്കുന്നു. അവയ്ക്കെല്ലാം പലതരം ഓർമ്മകൾ. മനുഷ്യരുടേത് പോലെയല്ല, വസ്തുക്കളുടെ ഓർമ്മ നേരെ കയ്യിലേക്ക് പടരും. അത് കറ പോലെയാണ്‌.

ഇതാ ഈ ചായക്കപ്പ് നോക്കൂ. ഇതെന്നോ പൊട്ടേണ്ടതാണ്. തനിയെ പൊട്ടുന്ന ഒരു കപ്പിനെപ്പോലും സ്വാഭാവികമായ അന്ത്യത്തിലേക്കുവിടാത്ത മനുഷ്യന്റെ കടുംപിടുത്തം ഇതിലുണ്ട്. ഒരു ചെറിയ ക്രാക്ക് വീണപ്പോ നിങ്ങളുടെ നാലാമത്തെ കാമുകി ഇതിന്റെ പിടി ഫെവിക്രിൽ കൊണ്ട് ഒട്ടിച്ചതാണ്. അതുകൊണ്ടുമാത്രം അത് ഇത്രയും നാൾ ചായപകർന്നുകൊണ്ടിരിക്കുന്നു. പൊട്ടിത്തീരാതിരിക്കാൻ അവർക്കതിൽ പ്രത്യേക താൽപര്യമുണ്ട്. നിങ്ങളുടെ കണ്ടുമുട്ടലിന്റെ മൂന്നാം വാർഷികത്തിന് അവൾ സമ്മാനിച്ചതാണിത്. പ്രത്യേകതരം ചിത്രപ്പണികളുള്ള ഒന്ന്. ഈജിപ്ഷ്യൻ മമ്മികളുടേതുമാതിരി ഒരുവശത്തേക്ക് മാത്രം ചരിഞ്ഞിരിക്കുന്ന മൂന്ന് രൂപങ്ങൾ, ഒരാൾക്ക് കുറുക്കന്റെ തല, മറ്റേയാൾക്ക് കഴുകന്റെ. മഷ്യത്തലയുള്ള മൂന്നാമൻ ഒരു ഫറവോ ആയിരിക്കണം. അവൾക്കിതെങ്ങനെയാണ് പ്രേമത്തിന്റെ ഐക്കണായി മാറിയതെന്ന് അറിയില്ല. ഒരുപക്ഷേ പ്രേമത്തെ വസ്തുവത്കരിക്കാനുള്ള ഒരെളിയ ശ്രമത്തിന്റെ ഭാഗമായി വന്നതാവും. അതിലെ ഉള്ളടക്കം അപ്രസക്തമാണല്ലോ അപ്പോൾ.

പ്രേമത്തിനു ഉള്ളടക്കമുണ്ടോ? അറിയില്ല. ഒരു പ്രേമത്തെയും ദാമ്പത്യത്തിലേക്ക് വലിച്ചുനീട്ടിയില്ല, അത് അങ്ങനെ വേണമെന്ന് നിങ്ങളിലാർക്കും തോന്നിയതുമില്ല. കാമക്രോധമോഹാദികളടങ്ങിയ ശേഷം നിങ്ങൾക്ക് പ്രേമത്തിൽ ഓർത്തുവെക്കാൻ പ്രത്യേകിച്ച് ഒന്നുമുണ്ടാവണമെന്നില്ല. പക്ഷേ ഒരു വസ്തു എല്ലാ ദിവസവും അതിന്റെ ഓർമ്മയെ പ്രസവിച്ചുകൊണ്ടിരിക്കുന്നു. അത് പൊട്ടുന്നതായിരുന്നു നല്ലത്.

നോക്കൂ, ഒരു ഫറവോ എന്നും നിങ്ങളുടെ ചായയിൽ ഇടപെടുന്നു. ഒരു കുറുക്കനും കഴുകനും നിങ്ങളുടെ ചായയിൽ ഇടപെടുന്നു. നിങ്ങൾക്കതിന്റെ യുക്തിയോ അയുക്തിയോ പിടിക്കിട്ടിക്കാണണമെന്നില്ല. നിങ്ങൾക്ക് വേണമെങ്കിൽ അവരോട് സംസാരിച്ചിരിക്കാം. അല്ലെങ്കി അവ വെറും പടങ്ങളാണല്ലോ എന്നോർത്ത് വെറുതെയിരിക്കാം. പക്ഷേ ഒന്നുണ്ട്, പടങ്ങളാണെന്നോർത്ത് നിങ്ങളൊരിക്കലും നിങ്ങളുടെതന്നെ പഴയ ഫോട്ടോ ആൽബങ്ങൾ നോക്കി മിണ്ടാതിരിക്കുന്നില്ല. ഇത് കന്യാകുമാരിയിൽ വെച്ച്, ഇത് ഗോകർണത്ത് വെച്ച്, ഇത് പിറന്നാളിന്. ഇത് കല്യാണത്തിന്, ഇത് ചാവടിയന്തിരത്തിന്- എന്തെല്ലാം ഓർമ്മകൾ തുന്നിപ്പിടിപ്പിച്ചതാണ് ഒരു ഫോട്ടോ. ആൽബത്തിലെ നിശ്ചലത നിങ്ങളെ ജീവനോടെ വിഴുങ്ങാൻ കാത്തിരിക്കുന്ന ജീവസ്സുറ്റ കെണികളാണ്.

ചുവരിലെ ഈ പടത്തിലേക്ക് നോക്കൂ. നിങ്ങൾ മുൻകാമുകിയുമൊത്ത് ഒരു കടൽക്കരെ നിൽക്കുന്നു. കാറ്റ് നിങ്ങളുടെ ഉടുപ്പിനെ പറത്തിക്കളിക്കുന്നു. വെയിൽകൊണ്ട് തുറക്കാനാവാതെ രണ്ടുപേരുടെയും കണ്ണുകൾ ഇറുങ്ങിയിരിക്കുന്നു. ഇറുങ്ങിയ കണ്ണുകൾ ഉള്ളിലേക്കുള്ള ക്ഷണങ്ങളാണ്. വെയിലേറ്റതുകൊണ്ടാണ് കണ്ണുകളിറുങ്ങിയത്. നിങ്ങൾക്ക് പറയാം, പക്ഷേ പ്രേമത്തിന്റെ വെയിലിനുകൂടി അതിൽ പങ്കുണ്ട്. അവൾ ചെയ്ത എല്ലാ ചെയ്തികൾക്കും നിങ്ങൾ ചിരിച്ചിട്ടുണ്ട്. പരസ്പരം ചിരിച്ചുകൊണ്ടല്ലാതെ പ്രേമത്തെ മുന്നോട്ട് കൊണ്ടുപോവാനാവാത്തതിന്റെ വിധി.

പ്രേമകാലത്തെ ഉറപ്പുകൾ ലോകാവസാനം വരെയുള്ളതാണല്ലോ. നീയെന്റേതല്ലേ എന്ന് എത്രവട്ടം ഉറപ്പിച്ചുനോക്കി യിരിക്കുന്നു നിങ്ങൾ പരസ്പരം! പക്ഷേ, നിങ്ങൾ സ്ഥിരതയിൽ വിശ്വസിച്ചില്ല. അസ്ഥിരത നിങ്ങളുടെ ജീവിതത്തിന്റെ തന്നെ മാർഗ്ഗരേഖ കൂടിയ ആയി. ഈ വാടകവീടുതന്നെ നോക്കൂ. സ്വന്തം പങ്കാളി എന്നതുപോലെ സ്വന്തം വീടും നിങ്ങൾക്ക് അസ്ഥിരമായൊരു ഭാവന മാത്രം.

ഒറ്റയ്ക്കായതിനാൽ ചില സൗകര്യങ്ങളുണ്ട്. മുറിയ്ക്കകത്ത് അടിവസ്ത്രം മാത്രമിട്ടിരിക്കാം. കുളികഴിഞ്ഞ് നഗ്നനായിത്തന്നെ തലതുവർത്താനായി ഇറങ്ങിവരാം. കണ്ണാടിക്ക് മുൻപിൽ എത്രനേരം വേണമെങ്കിലും നിൽക്കാം. ഉടുതുണിയില്ലാതെ കിടന്നുറങ്ങാം. നഗ്നത ശരീരത്തിന്റെ സ്വാഭാവികതയാണെന്ന് തിരിച്ചറിയുംവരെ. ഒരിക്കൽ നിങ്ങൾക്ക് ഒരു തപാൽ വന്നു. കോളിംഗ് ബെൽ മുഴങ്ങിയപ്പോൾ പെട്ടെന്നുതന്നെ വാതിൽ തുറന്നു. സാധാരണഗതിയിൽ അൽപം കഴിഞ്ഞേ നിങ്ങൾ തുറക്കാറുള്ളൂ. വാതിൽ തുറന്നതും തപാൽക്കാരൻ ഒട്ടു ജാള്യതയോടെ തിരിഞ്ഞുനിന്നാണ് നിങ്ങൾക്ക് കത്ത് കൈമാറിയത്. നിങ്ങൾ നഗ്നായിരുന്നുവെന്ന് മറ്റൊരാളുടെ കാഴ്ചയിൽ മാത്രം സംഗതമാവുന്ന കാര്യമായി നിങ്ങൾക്കന്ന് മനസ്സിലായി. അത്ര സ്വാഭാവികത ലോകം വെച്ചുപൊറുക്കാത്ത പോലെ. ചെറുപ്പക്കാരനായ തപാൽക്കാരൻ പക്ഷേ അനിഷ്ടമൊന്നും പ്രകടിപ്പിച്ചില്ല. മുഖത്ത് മാസ്‌ക് വെച്ചിരുന്നതിനാൽ അയാൾക്ക് ലജ്ജ തോന്നിയോ എന്നുമറിയില്ല. സത്യത്തിൽ ലജ്ജ നിങ്ങൾക്കായിരുന്നു തോന്നേണ്ടത്. അതുണ്ടായില്ല എന്നത് നേര്.

വന്ന കത്ത് സാവധാനം നിങ്ങൾ പൊട്ടിച്ച് വായിച്ചു. അതൽപം നീണ്ട എഴുത്തായിരുന്നു. നിങ്ങളുടെ ആദ്യ കാമുകി എഴുതിയത്. അവൾ ഇടക്കിടെ ഇങ്ങനെ എഴുതും.

“ക്ഷേമമെന്ന് കരുതുന്നു.
ഞാനിപ്പോൾ ബുഡാപെസ്റ്റിലാണ്. ഇവിടെയിപ്പോൾ മഞ്ഞുകാലമാണ്. നല്ല പാൽക്കട്ട പോലെയുള്ള മഞ്ഞത്ത് സ്വെറ്ററിന്റെ കവചം മതിയാവാതെ മുറിക്കുള്ളിൽ കൂട്ടിയ നെരിപ്പോടിനടുത്തിരുന്നാണ് ഇതെഴുതുന്നത്. ഇവിടെ ഒരു റൈറ്റേഴ്‌സ് റെസിഡൻസിയിലാണ്.

ജനാലയ്ക്കപ്പുറം ഡാന്യൂബ് നദി ഒരു വെളുത്ത മരക്കഷ്ണം പോലെ നിശ്ചലമായി കിടക്കുന്നു. ഇവിടെ റെസിഡൻസിയിലെ ഒഴിഞ്ഞ കോറിഡോറുകളിൽ വെച്ചാണ് ഞാൻ അയാളെ ആദ്യമായി കാണുന്നത്. ഹംഗേറിയൻ തിയേറ്ററുകളിലെ ഒരു പഴയ നടൻ. ജാനോസ് എന്നാണ് പേര്. പ്രായം എൺപതിനോടടുത്തിരിക്കുന്നു. ഒരുകാലത്ത് യൂറോപ്യൻ സ്റ്റേജുകളിൽ ഷേക്സ്പിയറുടെയും ചെക്കോവിന്റെയും കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മനുഷ്യൻ. പക്ഷേ, അയാളുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ വലിയ സങ്കടം തോന്നും.

തിയേറ്ററുകൾ കൊമേഴ്‌സ്യൽ ആവുകയും സാങ്കേതികവിദ്യ അരങ്ങ് കീഴടക്കുകയും ചെയ്തപ്പോൾ ജാനോസിനെപ്പോലെയുള്ള പഴയ തലമുറയിലെ അഭിനേതാക്കൾക്ക് അവരുടെ ഇടം നഷ്ടപ്പെട്ടു. ലൗഡ്‌സ്പീക്കറുകളോ വലിയ ലൈറ്റുകളോ ഇല്ലാതെ, സ്വന്തം ശബ്ദത്തിന്റെ ഗാംഭീര്യം കൊണ്ട് മാത്രം ആയിരങ്ങളെ നിശബ്ദരാക്കിയിരുന്ന ആ മനുഷ്യൻ ഇന്ന് പൂർണ്ണമായും വിസ്മരിക്കപ്പെട്ടിരിക്കുന്നു. ഈ റെസിഡൻസിയിലെ ഒരു ചെറിയ മുറിയിൽ, പഴയ ചില പത്രക്കട്ടിംഗുകൾക്കും ബ്രോഷറുകൾക്കും നടുവിലാണ് അയാളുടെ താമസം.

കഴിഞ്ഞ ദിവസം വൈകുന്നേരം ലൈബ്രറിയിൽ വെച്ച് അയാൾ എന്നോട് സംസാരിച്ചു. വളരെ പതിഞ്ഞ, എന്നാൽ ഇപ്പോഴും ആഴമുള്ള ശബ്ദത്തിൽ അയാൾ പറഞ്ഞ ഒരു കാര്യം ഞാൻ ഓർത്തുപോയി.

‘ഒരു നടന്റെ ഏറ്റവും വലിയ ശാപം എന്താണെന്നറിയാമോ?' ജാനോസ് ചോദിച്ചു. 'നമ്മൾ അരങ്ങൊഴിയുമ്പോൾ നമ്മുടെ കഥാപാത്രങ്ങൾ നമ്മളെ വിട്ടുപോകില്ല. അവ നമ്മുടെ ശരീരത്തിൽ, പേശികളിൽ, ഓർമ്മകളിൽ പറ്റിപ്പിടിച്ച കറപോലെ അവശേഷിക്കും. ആളുകൾ എന്നെ മറന്നു, പക്ഷേ എന്റെ ഉള്ളിലെ കിംഗ് ലിയറും മാക്ബെത്തും ഇപ്പോഴും വൃദ്ധനായ ഈ ശരീരത്തെ കൊന്നുതിന്നുകൊണ്ടിരിക്കുകയാണ്. എനിക്ക് അവരിൽ നിന്നും മോചനമില്ല.’

ഇന്നലെ രാത്രി റെസിഡൻസിയിലെ ഡൈനിംഗ് ഹാളിൽ വെച്ച് അയാൾക്ക് ഒരു ചെറിയ അപസ്മാരം ഉണ്ടായി. കയ്യിലിരുന്ന കാപ്പിപ്പാത്രം നിലത്തു വീണു പൊട്ടി. വീഴാൻ പോയ അയാളെ താങ്ങാൻ നോക്കിയ റസിഡൻസി ജീവനക്കാരോട് അയാൾ ആക്രോശിക്കാൻ തുടങ്ങി. താൻ ഇപ്പോഴും ഏതോ ഒരു പഴയ കൊട്ടാരത്തിന്റെ നടുവിലാണെന്ന വിഭ്രമത്തിലായിരുന്നു അയാൾ. ഒരു കൊമേഴ്‌സ്യൽ നാടകത്തിലെ ഒടുക്കത്തെ രംഗം പോലെ അയാൾ ആ ഹാളിൽ വീണു കിടന്നു.

ആളുകൾ അയാളെ ആശുപത്രിയിലേക്ക് മാറ്റി. അയാളുടെ ആ വീഴ്ച കാണുമ്പോൾ എനിക്ക് പെട്ടെന്ന് വലിയ ഭയം തോന്നി. കലയും വേഷപ്പകർച്ചകളും ഒരു മനുഷ്യനെ എത്രത്തോളം ഭ്രാന്തനാക്കി മാറ്റാം എന്നതിന്റെ നേർക്കാഴ്ചയായിരുന്നു അത്. വിരമിച്ച ഒരു നടന്റെ ജീവിതം എത്രമേൽ ഏകാന്തവും ദയനീയവുമാണ്.

എന്തോ എനിക്ക് നിന്നെ ഓർമ്മ വന്നു.
അതിനാൽ ഈ എഴുത്ത്.
ഇറ്റലിയിലേക്ക് തിരിക്കുന്നതിന് മുൻപ് നിന്റെ മറുപടി കിട്ടുമെന്ന് കരുതുന്നു.
എന്ന്,
ശർമ്മിള”.

കത്തിന്റെ വരികൾ നിങ്ങളുടെ വിരലുകളിലൂടെ താഴേക്ക് ഊർന്നിറങ്ങി തറയിലെ നനവിലേക്ക് വീഴുന്നതുപോലെ തോന്നുന്നു. ജാനോസ് എന്ന ആ വൃദ്ധ ഹംഗേറിയൻ നടന്റെ പതനം ഒരു ഭാരമായി നിങ്ങളുടെ ഉള്ളിൽ തങ്ങിനിൽക്കുകയാണ്. തറയിൽ വീണുടഞ്ഞ വസ്‌തുക്കളുടെ ചിതറിത്തെറിക്കൽ പോലും ഒരു പ്രത്യേക ജ്യാമിതിയിലാണ് വന്ന് നിലയുറപ്പിച്ചത്. നിങ്ങൾ പതുക്കെ നടന്ന് ആ വലിയ ചുവർക്കണ്ണാടിയുടെ മുന്നിൽവന്നു നിന്നു. ഒരു ശാസ്ത്രജ്ഞൻ സ്വന്തം പരീക്ഷണശാലയിലെ അവസാനത്തെ രാസപ്രവർത്തനത്തെ നോക്കിക്കാണുന്നതുപോലെ.

നിങ്ങൾ നിങ്ങളുടെ പ്രതിബിംബത്തിന്റെ കണ്ണുകളിലേക്ക് നോക്കി.

“ഒരു മനുഷ്യന്റെ രൂപം എന്നത് വെറുമൊരു ബാഹ്യമായ അതിർവരമ്പ് മാത്രമാണ്,” നിങ്ങൾ പതുക്കെ പറഞ്ഞു. "ഈ ചർമ്മവും പേശികളും നമ്മൾ മറ്റുള്ളവർക്ക് കാണാൻ വേണ്ടി എടുത്തുവെച്ചിരിക്കുന്ന ചില താൽക്കാലികമായ മുഖമൂടികളാണ്. വേഷങ്ങളഴിച്ച ഒരു നടൻ യഥാർത്ഥത്തിൽ ആരാണ്?”

“അവനൊരു അസ്ഥിപഞ്ജരമാണ്”, കണ്ണാടിക്കുള്ളിൽനിന്നും നിങ്ങളുടെ അതേ ഭാവമുള്ള രണ്ടാമൻ ഒരു തർക്കശാസ്ത്രജ്ഞന്റെ ഗൗരവത്തോടെ മറുപടി നൽകുന്നു. “ഒരു പാഠത്തിന് പുറത്ത് ജീവിക്കുന്ന കഥാപാത്രത്തെപ്പോലെ അനാഥനാണവൻ. നീ ഇപ്പോൾ മനുഷ്യബന്ധങ്ങളില്ലാത്ത ഒരു ലോകം നിർമ്മിക്കാൻ നോക്കുമ്പോൾ, യഥാർത്ഥത്തിൽ നീ ഭാഷയ്ക്ക് പുറത്തുകടക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യരില്ലെങ്കിൽ പിന്നെ അവിടെ ഭാഷയ്ക്ക് എന്ത് പ്രസക്തി?”

“ഭാഷ എന്നത് വെറുമൊരു വിനിമയ ഉപാധി മാത്രമല്ല,” നിങ്ങൾ നിങ്ങളുടെ നീണ്ട വിരലുകൾ കൊണ്ട് കണ്ണാടിയുടെ തണുത്ത പ്രതലത്തിൽ തൊട്ടുകൊണ്ട് തിരുത്തുന്നു. “അതൊരു ഐസൊലേഷൻ വാർഡാണ്. ഇവിടെ വാക്കുകൾക്ക് കൂടുതൽ മൂർച്ചയുണ്ടാകുന്നു. മറ്റൊരാളിലേക്ക് എത്തുമ്പോഴാണ് വാക്കുകൾക്ക് അർത്ഥവ്യത്യാസങ്ങൾ സംഭവിക്കുന്നതും അത് ആഘാതങ്ങളായി മാറുന്നതും.”

നിങ്ങൾ നിങ്ങളുടെ പ്രതിബിംബത്തിലേക്ക് മുഖം കൂടുതൽ അടുപ്പിക്കുന്നു. നിങ്ങളുടെ ശ്വാസത്തിന്റെ ചൂടേറ്റ് കണ്ണാടിയിൽ ഒരു ചെറിയ മൂടൽ പടരുന്നുണ്ട്. നിങ്ങളുടെ സ്വന്തം രൂപം ആ മൂടലിൽ പതുക്കെ മങ്ങുകയാണ്.

“ഈ മങ്ങലാണ് എനിക്ക് വേണ്ടത്,” നിങ്ങൾ മന്ത്രിക്കുന്നു.
“ഞാൻ എന്നെത്തന്നെ കാണാതാവുന്ന ആ നിമിഷം. ഒരു നടൻ തന്റെ വേഷങ്ങളെല്ലാം പൂർണ്ണമായും അഴിച്ചുവെച്ച്, സ്വന്തം പേര് പോലും മറന്ന്, വെറുമൊരു ശൂന്യമായ പ്രതലമായി മാറുന്ന ആ അവസ്ഥ. അവിടെയാണ് എന്റെ സ്വാതന്ത്ര്യം.”

അത് പറഞ്ഞുകഴിഞ്ഞയുടൻ നിങ്ങളാലോചിച്ചു. വാസ്തവത്തിൽ ഈ ഡയലോഗ് പോലും എന്റേതല്ലല്ലോ. എനിക്കിങ്ങനെ പറയേണ്ടതില്ലല്ലോ.

സത്യത്തിൽ നിങ്ങളുടെ വായിൽനിന്ന് ഒരക്ഷരം പോലും പുറത്തുവന്നിട്ടില്ല.

നിശ്ശബ്ദത ഒരു പ്രത്യേക താളത്തിൽ ചലിക്കുന്നതിന്റെ ശബ്ദരേഖ മാത്രമാണ് ഈ മുറിയിൽ. ഈ മുറി തന്നെ ഇപ്പോൾ സമയത്തിന്റെ ശിൽപം. ഈ മുറിയിലെ ഘടികാരവും അലമാരയും കട്ടിലും പുസ്തകവും കപ്പും പോലെ, നിങ്ങളും ഇതിലെ ഒരു പ്രോപ്പർട്ടി.

പേടിക്കണ്ട.

നിങ്ങളിപ്പോൾ ജീവിക്കുന്നത് ബലാ താറിന്റെ, അതോ സൈ മിംഗ് ലിയാങ്ങിന്റെയോ സിനമയ്ക്കുള്ളിലാണ്. നിങ്ങൾക്കീ സിനിമയിൽനിന്ന് പുറത്തുകടക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരിക്കാം. പക്ഷേ അതുടനെയെങ്ങാനും സാധ്യമാകുമോ എന്നുറപ്പില്ല. കാരണം ആ സിനിമ ഇതുവരെയും എടുക്കപ്പെട്ടിട്ടില്ല. ബലാ താർ മരിച്ചുപോയിരിക്കുന്നു. സൈ മിംഗ് ലിയാങ്ങ് അത് ആലോചിച്ചു തുടങ്ങുന്നെയുള്ളൂ.


Summary: Nadippu Malayalam Short Story written by Sudheesh Kottembram published in Truecopy webzine packet 301.


സുധീഷ് കോട്ടേമ്പ്രം

ചിത്രകാരൻ, കവി, കലാവിമർശകൻ, ക്യുറേറ്റർ. ശരീരസമേതം മറൈൻഡ്രൈവിൽ, ചിലന്തിനൃത്തം (കവിത), നഷ്​ടദേശങ്ങളുടെ കല, ക്വാറൻറയിൻ നോട്ട്​സ്​: തടങ്കൽദിനങ്ങളിലെ കലാചിന്തകൾ, കലാവസ്തുവിൻ്റെ വർത്തമാനം എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments