എന്റെ പേര് ഡേവിഡെന്നാണ്.
ഫ്ലാറ്റിലേക്ക് കയറുന്ന സ്റ്റെയർകേസിന്റെ അവസാന പടിയിൽനിന്ന് അവനത് പറയുമ്പോൾ കുറച്ചധികം ആത്മവിശ്വാസം സ്ഫുരിച്ചിരുന്നില്ലേയെന്നവൾക്ക് സംശയം തോന്നി. എങ്കിലും അവന്റെ ചാരനിറവും രോമങ്ങൾ നിറഞ്ഞ വാലും കണ്ണിലെ ആലോചനാ ഭാവവും അവളിൽ ഒട്ടും ഭയമുണ്ടാക്കിയില്ല. സാധാരണ ഒരു നായ ആ വഴി പോയാൽ ഈ വഴി രക്ഷപ്പെടാൻ നോക്കുന്ന ആളാണ് അവൾ. പക്ഷേ എന്തോ അവനെ പേടി തോന്നിയില്ല. സ്റ്റെപ്പിറങ്ങി ചെന്ന്, നിന്നെ ഞാനെവിടെയോ കണ്ടിട്ടുണ്ട്, പക്ഷേ അത് ഞാനോർക്കുന്നില്ല എന്നവനോട് പറഞ്ഞു അവൾ.
അവൻ സ്റ്റെയർകേസിൽ നീണ്ടുകിടന്ന് പറഞ്ഞു, ‘‘അതിൽ അത്ഭുതപ്പെടാനില്ല, ചിലപ്പോൾ അങ്ങനെ സംഭവിക്കാം. ചില തോന്നലുകൾ 'ദേജാവു' എന്നു പറയും. ആ നീ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം കണ്ടില്ലേ....?’’
"കണ്ടു, മാത്രമല്ല കരയുകയും ചെയ്തു’’.
മമ്മൂട്ടി ബൈക്കോടിച്ചു പോയ വഴികൾ, അമ്പലം, ചായക്കട, ആ വീട്… എല്ലായിടത്തും ഞാനാണ് പോന്നത് എന്നു തോന്നി കരച്ചിൽ വന്നു. എനിക്ക് ഇടയ്ക്ക് അങ്ങനെ ഉണ്ടാവാറുണ്ട്, അവൾ വാചാലയായി.
‘‘പിന്നങ്ങിനെ കരച്ചിൽ വന്നത്, ഷീജ ചേച്ചിയുടെ കവിത ‘ഊര്ക്ക് പോകലാം കണ്ണേ’ വായിച്ചപ്പോഴാണ്.
‘മാരിക്കൊളുന്തുമായ്
ചാരത്തു നിൽക്കയാണാടിത്തിരുവിഴക്കാലം
തോവാളയിൽ പണ്ടു നമ്മൾ പൂക്കാരായി
ജീവിച്ചൊരാനന്ദലോകം’.
ഈ വരികൾ, കവിത വായിച്ചപ്പോൾ ആനന്ദ കണ്ണീരൊഴുകി....
അങ്ങനെയാണ് ചിലപ്പോൾ കണ്ണീരൊഴുകും...
പക്ഷേ പിന്നെ എന്തിനെന്നറിയാത്ത ആനന്ദാനുഭൂതി പടരും. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യം ഇതനുഭവിച്ചത്. ‘രാജശിൽപ്പി’ സിനിമയിൽ കാവേരി തീരത്തൂടെ ഭാനുപ്രിയ നടക്കുന്നത് കണ്ടപ്പോഴാണ് കാലിലെ ചെറുവിരലിൽനിന്ന് തലയിലേക്ക് പകരുന്ന ആനന്ദാനുഭൂതിയും കണ്ണുനീരുമാദ്യം ഉണ്ടാവുന്നത്. അന്ന് സെക്കൻഡ് ഷോ കണ്ടശേഷം വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു ഞങ്ങൾ. ഞാൻ, അനിയത്തിമാർ, അച്ഛൻ, അമ്മ, അയൽക്കാർ. അക്കാലത്തെ സിനിമായാത്രകൾ അങ്ങനായിരുന്നു. നിലാവത്ത് ഞങ്ങടെ അമ്പൂത്തി മല നീണ്ടുകിടന്നു. അത് മനോഹരമായ ഒരു കാഴ്ചയാണ്. പക്ഷേ ഞാനപ്പോഴും കാവേരി തീരത്ത് ഭാനുപ്രിയയെപ്പോലെ ദാവണിയുടുത്ത്, കൊലുസുകിലുക്കി നടക്കുകയായിരുന്നു. എനിക്ക് ഡാൻസ് പഠിക്കണമെന്ന മോഹം, നിലാവിലെ നടത്തത്തിനിടയിൽ ഞാൻ അനിയത്തിമാരോട് പറഞ്ഞു. അവരപ്പോൾ നിലാവത്തെ അമ്പൂത്തിമല ശരിക്കും ഒരു പെണ്ണാണെന്ന് പറയുകയായിരുന്നു. ഞാനും കണ്ടു. ഉയർന്ന മാറിടങ്ങളുള്ള പരന്ന മുടിയുള്ള കനത്ത കണങ്കാലുകളുള്ള ഒരു സ്ത്രീ മലർന്നു കിടക്കുന്നത്.

അവൾ താടകയാണെന്ന് ഞങ്ങളുടെ നാട്ടിലെ കുഞ്ഞു കുട്ടികൾക്ക് വരെ അറിയാമായിരുന്നു. പെട്ടെന്നുതന്നെ ഞാൻ കാവേരി തീരത്ത് നിന്നു, ഗന്ധമാദന പൂക്കൾ കൊണ്ട് മാലകളണിഞ്ഞ് ശ്രീരാമനെ അന്വേഷിച്ചിറങ്ങിയ താടകയായി...
മുലയിലമ്പേറ്റു വീഴും മുൻപനുഭവിച്ച അപമാനത്തിന്റെ തീവ്രവിഷാദം എന്നെ ചൂഴ്ന്നു. ഞാൻ നിശ്ശബ്ദയായി നടന്നു...
ഇവൾക്കൊരു മിണ്ടാട്ടവുമില്ലല്ലോന്ന് എല്ലാരും കളിയാക്കി. അമ്മ പരാതിപ്പെട്ടു... ഈ കുട്ടിയെപ്പോഴും സ്വപ്നലോകത്താണ്...
അച്ഛൻ തിരുത്തി, അവളൊരു ജാലവിദ്യക്കാരിയെ പോലെ ഒരു സ്വപ്നത്തിൽ നിന്ന് മറ്റൊരു സ്വപ്നത്തിലേക്ക് യാത്രയിലാണ്. എന്റെ കണ്ണുകെട്ടി കളിക്കാരി കുട്ടി, അച്ഛൻ വാത്സല്യത്തോടെ നിറുകയിൽ തലോടി.
പിന്നെ കോളേജിൽനിന്ന് മഹാബലിപുരത്തേക്ക് ടൂർ പോയപ്പോൾ, മുടി രണ്ടായി പിന്നിയിട്ട് അതിൽ ഓറഞ്ച് കനകാംബരങ്ങൾ ചൂടി, ശംഖ് മാല വിറ്റു നടന്ന ഒരുവളായിരുന്നു ഞാൻ എന്നു തോന്നി. ഇപ്പോൾ നിന്നെ കാണുമ്പോഴും അതെ എനിക്കങ്ങിനെ തോന്നുന്നു. നമ്മൾ എന്നോ പരിചിതരാണെന്ന്. എന്റെ ഉള്ളിലെവിടെയോ ഒരു മുറിവിന്റെ നീറ്റം."
ഡേവിഡ് ഒന്നും പറഞ്ഞില്ല. വാലുകൾ ഇളക്കി കരുണാർദ്രമായ കണ്ണുകളാൽ അവളെ നോക്കി നിന്നു. അവൾടെ കഴുത്തിൽ കരച്ചിൽ കുടുങ്ങി.
നീനാ...
നീനാ...
എന്തുപറ്റിയെന്ന രാഹുലന്റെ വിളിയാണ് അവളെയുണർത്തിയത്. നേരം എട്ടുമണിയായിരിക്കുന്നു ഞായറാഴ്ചയാലസ്യത്തിൽ എണീക്കാൻ വൈകി. വെളിച്ചം മുഖത്ത് പതിക്കുന്നു. പതിവു സ്വപ്നങ്ങളാവും എന്ന പുച്ഛചിരി രാഹുലന്റെ മുഖത്ത്.
ഡേവിഡ് എന്ന നായയെ സ്വപ്നം കണ്ട കഥ പറഞ്ഞ്, ആ ചിരി പൊട്ടിച്ചിരിയാക്കണ്ട എന്ന വിചാരത്തിൽ അവൾ വേഗം എണീറ്റു ബാത്ത്റൂമിലേക്ക് നടന്നു.
ഇന്ന് ഗുണ്ടിൽ പേട്ട പോവാമെന്ന്, സൂര്യകാന്തിപ്പാടങ്ങൾ കാണാമെന്ന് രാഹുലൻ വാഗ്ദാനം ചെയ്ത ദിവസമാണ്. വേഗം പിള്ളേരെ ഒരുക്കിയിറങ്ങണം. നീന ദോശ പരത്തി. ചുമന്ന മുളകും കറിവേപ്പിലയുമിട്ട് കടുകു വറുത്ത് ചട്നിയും ഉണ്ടാക്കി. ഇന്നത് മതി. ഉച്ചഭക്ഷണം പോന്ന വഴി കഴിക്കാം, അല്ലെങ്കിൽ സൂര്യകാന്തിപ്പാടങ്ങൾ കണ്ട് തിരിച്ചുവരുമ്പോൾ ബത്തേരി വിൽട്ടനിൽ കേറാം.
നട്ടുച്ച നേരത്തെ സൂര്യകാന്തിപ്പാടങ്ങൾ.
തിളക്കുന്ന പകലിലെ മഞ്ഞപ്പരപ്പ്.
അതാലോചിച്ചു നിൽക്കെ, അവൾ പിളേളരെ വിളിച്ച് വേഗം ഒരുക്കാൻ തീരുമാനിച്ചു.
ഇറങ്ങുമ്പോൾ ചെറിയ മഴ. പക്ഷേ മുത്തങ്ങയെത്തിയപ്പോൾ കുറഞ്ഞു.
വെയിൽ തെളിഞ്ഞു. സീതാദേവി ക്ഷേത്രത്തിൽ ഇറങ്ങിയില്ല. അവിടെയിറങ്ങിയാൽ സീത കരഞ്ഞ് കരഞ്ഞ് കുളമായി തീർന്നതെന്ന് പറയുന്ന കുളക്കരയിൽ എത്ര നേരം നിന്നാലും മതിയാവില്ല. നേരം പോണ്ടല്ലോ എന്നു വിചാരിച്ച് കാർ നിർത്തിയില്ല. നൻ പകൽ നേരത്ത് മയക്കം കണ്ടു കഴിഞ്ഞപ്പോഴാണ് അവൾക്ക് സൂര്യകാന്തിപ്പാടങ്ങൾ കാണണം എന്ന പ്രാന്ത് തുടങ്ങീത്. അത് വളരെ നോർമലായ കാര്യമാണെങ്കിലും പ്രാന്ത് എന്ന് രാഹുലൻ പറയുന്നതിലും കാര്യമില്ലാതില്ല.
കാരണം... ഇടയ്ക്ക് രാഹുലനോട് അവൾ പറയാറുണ്ട്, "രാഹുലാ, സത്യത്തിൽ ഞാൻ നിങ്ങളുടെ ഭാര്യയല്ല. തമിഴ് നാട്ടിലെവിടെയോ എനിക്കൊരു വീടുണ്ട്. അവിടെ...’’.
ബാക്കി പറയാൻ രാഹുലൻ സമ്മതിക്കാറില്ല, ചിരി തുടങ്ങും.
"ഓ പെണ്ണുങ്ങൾക്കും ചിന്നവീടുണ്ടെന്നാണോ നീ പറയുന്നത്...", അല്ല ബാക്കി പറയണമെങ്കിലും അവൾക്ക് ഓർക്കാൻ കഴിയാറില്ല. അവിടെ മുതൽ മനസ്സിൽ മൂടൽമഞ്ഞ് നിറയും.
മോളും മോനും ഒരു ലൈസ് പാക്കറ്റ് പങ്കിട്ടു കഴിച്ചുകൊണ്ട് എന്തൊക്കയോ വർത്താനങ്ങളിൽ ചിരിച്ചുകൊണ്ടിരുന്നു. സാധാരണ അവരുടെ കൂടെ കൂടുന്നതാണ്. പക്ഷേ ഇന്നെന്തോ മിണ്ടാതിരിക്കാൻ തോന്നുന്നു. ഒച്ചകളിൽ നിന്നെല്ലാം അകന്ന്. അങ്ങനെയിരുന്ന്...
ഇരുവശവും സൂര്യകാന്തിപ്പാടങ്ങൾ കാണാൻ തുടങ്ങിയതും രാഹുലൻ ഉൾറോഡിലേക്ക് വണ്ടി തിരിച്ചു. അത് രസമുള്ള കാര്യമാണെന്ന് അവൾക്കും തോന്നി. ഉൾഗ്രാമങ്ങളിലൂടെ പോവുക. കുറച്ചുദൂരം ചെന്നപ്പോൾ കുറച്ചു ഫോട്ടോസ് എടുക്കാനിറങ്ങി. സൂര്യകാന്തി മഞ്ഞപ്പ് ചുറ്റും നിറഞ്ഞു. തോട്ടത്തിൽ ഫോട്ടോ എടുക്കണമെങ്കിൽ പത്തു രൂപ കൊടുക്കണം. അത് വാങ്ങാൻ ക്ഷീണിച്ച ഒരു സ്ത്രീ മുറുക്കാൻ പല്ലുകളാൽ സ്നേഹം നിറഞ്ഞ ചിരി ചിരിച്ചുകൊണ്ട് അവിടെയുണ്ട്. വെയിൽ അവരെ തിന്നുകൊണ്ടിരിക്കുകയാണെന്ന് തോന്നും. അവർ കയ്യിൽ കുറച്ചു മുല്ലപ്പൂവും വിൽക്കാൻ സൂക്ഷിക്കുന്നുണ്ട്. കുട്ടികൾ ഫോട്ടോ എടുക്കുമ്പോൾ അവൾ അവരുടെ അടുത്തിരുന്നു. അവർ ചിരപരിചിതയെന്നവണ്ണം അവളുടെ മുടിയിൽ ഒരു മുഴം മുല്ലപ്പൂവെച്ചു. പിന്നെ പെട്ടെന്ന് കാൽവിരലുകളിൽ പിടിച്ചുകൊണ്ടവർ, "നിന്റെ മിഞ്ചിയെവിടെ’’ എന്നു ചോദിച്ചു.

"എനിക്ക് മിഞ്ചിയുണ്ടായിരുന്നോ...
വെള്ളിമിഞ്ചികൾ...."
അതെപ്പോഴെന്ന് ഓർക്കാനേ അവൾക്ക് പറ്റിയില്ല.
അപ്പോഴാണ് തലവേദന തുടങ്ങിയത്.
എല്ലാ രസങ്ങളുടേയും ഇടയിൽ പ്രാന്തൻ തലവേദന തുടങ്ങും. കണ്ണുകളിൽ മിന്നൽ വെളിച്ചങ്ങൾ, ഛർദ്ദി. പിന്നൊന്നും പറയണ്ട. മൈഗ്രയിൻ ഒരു തുരങ്കമാണ്. തലച്ചോറിന്റെ ആഴങ്ങളിൽ നിന്ന് നിലവിലുള്ള യാഥാർത്ഥ്യങ്ങളിലേക്ക് ഇടക്കിടെ വരുന്ന ക്രമം തെറ്റിയ സിഗ്നലുകൾ.
വേദന... വേദന മാത്രം ഒടുവിൽ ബാക്കിയാവുകയും വേദന മാറിക്കഴിയുമ്പോൾ നനഞ്ഞ പഴന്തുണി കെട്ടുപോൽ എവിടെയെങ്കിലും ചുരുണ്ടു കൂടുകയും ചെയ്യേണ്ടി വരും... ഓർമകൾ ഇടയ്ക്കിടെ വഴുക്കും.
അവൾക്ക് ഛർദിക്കാൻ വന്നു. അവിടെയുള്ള തണൽ മരത്തിന്റെ പുറകിലേക്ക് പോയി മഞ്ഞ വെള്ളം ഛർദ്ദിച്ചു. പുറത്ത് ആരോ തടവുന്നത് അവൾക്ക് മനസ്സിലായി, അവരാണ് ...
അവരുടെ മെലിഞ്ഞ വിരലുകളിൽ സ്നേഹം.
ഛർദ്ദിച്ചപ്പോൾ ആശ്വാസം തോന്നി, ക്ഷീണവും. എവിടേലും കിടക്കണമെന്ന തോന്നൽ.
രാഹുലനും കുട്ടികളും വന്നു.
രാഹുലന്റെ മുഖത്ത് നീരസം നിറഞ്ഞു.
നിന്റെ മുടിഞ്ഞ തലവേദന കൊണ്ട് ഒരു കാര്യത്തിനുമിറങ്ങാൻ പറ്റില്ല.
അവൾക്ക് കുറ്റബോധം തോന്നി. അവരുടെ നല്ല നിമിഷങ്ങൾ ഞാൻ നശിപ്പിച്ചു.
കാറിൽ കയറി കുറച്ചു ദൂരം ഉൾപ്രദേശങ്ങളിലേക്ക് ചെന്നപ്പോൾ.... ക്യാബേജും, ഉള്ളിയും തക്കാളിയും നിറഞ്ഞ കൃഷിത്തോട്ടങ്ങൾ, കരിമ്പിൻ തോട്ടങ്ങൾ ഇവ കണ്ടുതുടങ്ങി...
രാഹുലൻ വിജനമായ തണലുള്ള ഒരിടത്ത് കാർ നിർത്തി. അവിടെ പുരാതനമായ നിറയെ വള്ളികൾ തൂങ്ങിക്കിടക്കുന്ന ഒരാൽമരമുണ്ട്. അതിനടുത്ത് ഒരു പഴയ കാളവണ്ടിയും, ഊരി തെറിച്ച ചക്രവും. കരിമ്പിൻ തോട്ടത്തിൽ നിന്ന് തണുത്തകാറ്റ്. തെളിഞ്ഞ ആകാശം. അവളവിടെ പുല്ലിൽ ഷീറ്റ് വിരിച്ചിരുന്നു കുട്ടികൾക്ക് ആപ്പിൾ മുറിച്ചു. ഓറഞ്ച് അല്ലികൾ അടർത്തി വെച്ചു. ആ പഴയ കാളവണ്ടിയിൽ ചെമ്മൺ വഴികളിലൂടെ പോവുന്നത് അവളുടെ ഓർമയിൽ വന്നു. കുട്ടികളും രാഹുലും ഫോട്ടോ പിടിക്കാൻ മുന്നോട്ട് നടന്നു നീങ്ങി. കുറച്ചകലെ ചെണ്ടുമല്ലി തോട്ടങ്ങളുണ്ട്.
അപ്പോഴാണ് അവൾ ഡേവിഡ് നടന്നുവരുന്നത് കണ്ടത്.
ഓ, നിനക്ക് തലവേദന പിടിച്ചു അല്ലേ, അവൻ ഗൗരവത്തിൽ ചോദിച്ചു.
ചില തലവേദനകൾ ജീവിതകാലം പിന്തുടരും. ഒരു വേദാന്തിയെപ്പോലെ അവൻ സംസാരിച്ചപ്പോൾ അത് ഡേവിഡ് തന്നെയല്ലേയെന്ന് അവൾക്ക് സംശയം തോന്നി. അതുറപ്പിക്കാൻ ചോദിച്ചു, ഡേവിഡ് എങ്ങനെ ഇവിടെത്തി?
"ഡേവിഡോ... ഞാനോ... ഞാൻ ചൊക്ലിയാണ്’’, എന്ന് മറുപടി പറഞ്ഞ് അവൻ കരിമ്പിൻകാട്ടിലേക്ക് നടന്നു മറഞ്ഞു. പക്ഷേ അത് ഡേവിഡ് തന്നെയാണല്ലോയെന്ന് അവൾ അമ്പരന്നു.
വേറൊരു ലോകത്ത് വേറൊരു പേരിൽ സ്വഭാവത്തിൽ '... ഫ്യൂജ്’, അത് നായകൾക്കുമുണ്ടാവുമോ എന്നോർത്തപ്പോൾ അവനെ പിന്തുടരാൻ അവൾക്ക് തോന്നി. അവളെണീറ്റു വയലറ്റിൽ വെള്ളപ്പൂക്കൾ നിറഞ്ഞ സാരി മാടിക്കുത്തി അവന് പുറകെ കരിമ്പിൻ കാട്ടിലൂടെ നടന്നു. കരിമ്പിൻകാടിന് സ്വതസിദ്ധമായ തണുപ്പുണ്ടായിരുന്നു. കരിമ്പിൻകാട് അവസാനിക്കുന്നിടത്ത് നീണ്ടു പരന്ന സൂര്യകാന്തിപ്പാടങ്ങളുടെ മഞ്ഞപ്പ് വീണ്ടും കണ്ണിൽ ഓളം വെട്ടി. അവൾക്ക് പിന്നെയും തലവേദന തുടങ്ങി. വെയിലിന് കീഴെ സൂര്യകാന്തിപ്പാടങ്ങൾക്കിടയിലൂടെയുള്ള തനിക്ക് എന്നോ അറിയാവുന്ന വഴികളിലൂടെ അവൾ വേഗം നടന്നു. വീടെത്തുവാൻ വൈകിയോയെന്ന തിടുക്കം ഉള്ളിൽ തോന്നി. സൂര്യകാന്തിപ്പാടങ്ങൾക്ക് നടുവിലെആ വീടിന്റെ ചാണകം മെഴുകിയ മുറ്റത്തേക്ക് കാലുപതിപ്പിച്ചപ്പോൾ അവളുടെ മനസ്സ് ആ തിളച്ച വെയിലിലും തണുത്തു. അവൾ പതിയെ വീടിന്റെ സൈഡിലൂടെ മണ്ണ് തേച്ചുണ്ടാക്കിയ മൺതിട്ടയിൽ ഇരുന്നു.

മുറ്റത്തിന്റെ ഒരു കോണിൽ ആര്യവേപ്പിന്റെ ചുവട്ടിൽ വിറക് വെട്ടികൊണ്ടിരുന്ന അവൻ വിറക് വെട്ടൽ നിർത്തി ഒരു നിമിഷം അവളെ നോക്കിനിന്ന ശേഷം തലയിൽ കെട്ടിയ തോർത്ത് എടുത്ത് ചുമലും മുഖവും തുടച്ച് അവളുടെ അടുത്ത് വന്നിരുന്നു. അവന്റെ കറുത്തിരുണ്ട ശരീരത്തിൽ ഇപ്പോൾ ഉപ്പു ചുവയ്ക്കുമെന്നോർത്തപ്പോൾ അവൾക്ക് ദാഹിച്ചു. അവൾ അവനോട് ചേർന്നിരുന്നു. മുഖം ആ തോളിൽ ചേർത്തുവെച്ചു. അപ്പോഴും അവനൊന്നും മിണ്ടിയില്ല. അവളെ ചേർത്തുപിടിച്ച് പൊള്ളുന്ന നിറുകയിൽ ഉമ്മവച്ചു. അപ്പോൾ ആര്യവേപ്പിന്റെ തണലിൽ നിന്ന് ചൊക്ളി എണീറ്റുവന്ന് അവരുടെ കാൽക്കീഴിൽ തല ചേർത്തുകിടന്നു. അവൻ എണീറ്റ് ഉള്ളിൽ പോയി റാഗി വെള്ളത്തിൽ ഉപ്പിട്ടു കൊണ്ടു വന്ന് അവൾക്ക് കൊടുത്തു. അവളത് മുഴുവൻ കുടിച്ചു. ഇന്നത്തെ അലച്ചിലിൽ പൂപ്പാടങ്ങളിൽ വെയിൽ കൊണ്ടതിൽ, പൂവ് വിറ്റതിൽ കിട്ടിയതെല്ലാം എപ്പോഴാണ് എന്റെ കയ്യിൽ നിന്ന് വട്ടിപ്പലിശക്കാരൻ വാങ്ങിയതെന്നോർമയില്ലയെന്ന് പറഞ്ഞ് അവൾ നിരാശപ്പെട്ടു. കഴിഞ്ഞ വേനലിൽ വന്ന കൃഷി നഷ്ടം നികത്താൻ കടം വാങ്ങിയത് നമ്മൾ എത്ര കാലമായി തിരിച്ചടയ്ക്കുന്നു തീരുന്നേയില്ലല്ലോന്ന് ഓർത്തിട്ട് അവൾക്ക് തല തരിച്ചു. അവൻ പോട്ടെ സാരമില്ലെന്ന് പറഞ്ഞ് അവൾടെ കാലുകൾ കയ്യിലെടുത്ത് പതുക്കെ തടവി. മണ്ണ് പുരണ്ട, വീണ്ടുകീറിയ, നടന്ന് വേദനിച്ച കാലുകളെ...
പിന്നെ എണീറ്റുനിന്ന് ഇറയത്തെ പനമ്പട്ടകൾക്കുള്ളിൽ തിരുകിയ ഒരു അളുക്കിൽ നിന്ന് രണ്ട് മിഞ്ചികൾ അവളുടെ വിരലുകളിൽ ഇട്ടു. ശ്ശൊ ഇന്ന് ഞാനിത് ഇടാൻ മറന്നോ അതോ ഊരി വെച്ചോ?
ആ എന്തെങ്കിലുമാവട്ടെ...
ഓർമകൾക്ക് ചിലപ്പോൾ ആദിയും അന്തവും ഉണ്ടാവില്ല. അവൾ അമ്പരന്നു, പിന്നെ അന്നത്തെ മുഴുവൻ അലച്ചിലിന്റെ ക്ഷീണത്തോടെയും അവന്റെ നെഞ്ചിലേക്ക് ചേർന്നു. അവന്റെ നെഞ്ചിൽ മുലകൾക്ക് മീതെ അവളുടെ പേര് പച്ച കുത്തിയടുത്ത് ചുണ്ടുകൾ ചേർത്തു. അതെ, കഴിഞ്ഞ പൊങ്കൽ കാലത്താണ് അവൻ ആ പേരു പച്ചകുത്തിയത്. അന്ന് പണിക്കൂലി ചോദിക്കാൻ പോയി വെറും കയ്യോടെ തിരിച്ചുവന്നിരുന്ന് അവനുറക്കെ പറഞ്ഞു,
"തോറ്റുപോയ മനുഷ്യരെ കണ്ടിട്ടുണ്ടോ നിങ്ങൾ....
കണ്ടാലും തിരിയണമെന്നില്ല...
കാരണം, ചിലപ്പോൾ അവർ ആകാശത്തെയും ഭൂമിയേയും പറ്റി മിണ്ടിക്കൊണ്ടിരിക്കും…
നിങ്ങളുടെ കണ്ണിനുനേരെ
നോട്ടം വരുമ്പോൾ
അത് സൂത്രത്തിൽ പിൻവലിച്ച്
പൂത്താംകിരികളെ നോക്കും.
വെറുതെ കാലുകൾ ചലിപ്പിച്ചുകൊണ്ടിരിക്കും.
പുഴുക്കുത്തു വീണ നഖത്തിൽ
ഒട്ടും ചേരാത്ത നിറം തേച്ചിട്ടുണ്ടാവും.
ചിരിച്ചുമറിഞ്ഞ് യാത്ര പറഞ്ഞ്
പിന്തിരിയുമ്പോൾ...
പിന്തിരിയുമ്പോൾ മാത്രം
നിങ്ങൾ ആ കണ്ണുകൾ കാണും.
നിറഞ്ഞ കണ്ണുകളല്ല
ശൂന്യമായ കണ്ണുകൾ....
തോൽപ്പിക്കപ്പെട്ട മനുഷ്യർക്ക്
നിറഞ്ഞ കണ്ണുകളല്ല
ശൂന്യമായ കണ്ണുകളാണുണ്ടാവുക".
എന്തൊക്കെയാണവൻ പറയുന്നതെന്ന ആധിയിൽഅവൾ പിടഞ്ഞു. ഒന്ന് മനസ്സിലായി, അവരുടെ അവസാന തുണ്ട് ഭൂമിയും നഷ്ടപ്പെട്ടുവെന്ന്. എല്ലാം നഷ്ടപ്പെട്ടാലും നിന്നെ ഞാൻ ഹൃദയത്തിൽ പച്ചകുത്തുമെന്ന് പറഞ്ഞ് അവൻ അന്ന് നെഞ്ചിലെ പച്ചകുത്ത് കാണിച്ചു. പക്ഷേ ഇന്നവൻ മൂകനായി അവളെ ഹൃദയത്തിൽ ചേർത്തു മിണ്ടാതിരിന്നു. അവൾക്ക് ഒരു കുസൃതി തോന്നി. അവൾ അവന്റെ മുലക്കണ്ണിൽ നാവ് ചേർത്തു. ഉപ്പ് രുചിച്ചു. അവൾക്ക് അവനെ കടൽ മണത്തു. കടലിലൂടെ പവിഴപ്പുറ്റ് ദ്വീപുകളിലൂടെ അലഞ്ഞുനടക്കുവാൻ വേണ്ടി അവളവനിൽ ചേർന്നലിഞ്ഞു. സ്വപ്നത്തിന് മാത്രം സാധ്യമായ വേഗതയിൽ അവർ കടൽസഞ്ചാരികളായി. ഒടുവിൽ അവൾ ഉറക്കത്തിലേക്ക് വീണു. ഏറ്റവും സമാധാനപൂർണ്ണമായ ഒരുറക്കം.
അത് ദീർഘമായ ഉറക്കമായിരുന്നോ...
അറിയില്ല, പക്ഷേ ഒരു സ്വപ്നവും അവളെ ശല്യം ചെയ്തില്ല. ഉണർന്നപ്പോൾ അവൻ എണീറ്റിട്ടില്ല. അവൾ എഴുന്നേറ്റു. ആര്യവേപ്പിന്റെ തണലിലേക്ക് ചെന്നു. അവിടെ നിന്ന് സൂര്യകാന്തി പ്പാടങ്ങളിലേക്കുള്ള വഴിയിലേക്ക് കാല് വെക്കവെ വീണ്ടും വെയിൽ തിളച്ചു. അവളുടെ തലവേദന ചെറുതായി തിരിച്ചുവന്നു. അവൾ പെട്ടെന്ന് വേഗം നടന്നു. സൂര്യകാന്തിപ്പാടങ്ങൾക്ക് നടുവിലെ പനമ്പട്ട മേഞ്ഞ വീട് അവൾക്ക് പുറകിൽ കാണെ കാണെ ഇല്ലാതായി. കുറെ നടന്നപ്പോൾ അവൾ കരിമ്പു കാട്ടിനിടയിലൂടെ പരിഭ്രാന്തനായി നടന്നുവരുന്ന രാഹുലനെ കണ്ടു.

നീനാ.… നീയിതെവിടെപ്പോയതാണ്....
എത്ര നേരമായി ഞങ്ങൾ തിരയുന്നു.
അവൾക്ക് പാവം തോന്നി.
"രാഹുലാ ഞാൻ ഡേവിഡിനെ കണ്ട് കരിമ്പിൻ കാടിലേക്കിറങ്ങി നോക്കിയതാ", പറയണമെന്ന് തോന്നിയെങ്കിലും അവൾപറഞ്ഞില്ല. എന്റെ നശിച്ച മൈഗ്രയിൻ കാരണം ഇവരെന്ത് ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത് എന്ന കുറ്റബോധത്തിൽ അവൾ മിണ്ടാതെ കാറിലേക്ക് നടന്നു. കുട്ടികൾക്ക് വിശക്കുന്നുണ്ടാവുമല്ലോയെന്ന ആധി അപ്പോഴാണ് വന്നത്. കാറിൽ കയറിയപ്പോൾ മനസ്സിലായി അവർ ഉറങ്ങുകയാണ്. രാഹുലൻ ഡ്രൈവർസീറ്റിൽ വന്നിരുന്നു. അപ്പോഴാണ് അവൾ ഡേവിഡ് വരുന്ന കണ്ടത്. രാഹുലൻ കാറെടുത്തിട്ടും അവൻ കാറിന് പുറകെ കുറച്ചു ദൂരം വന്നു. കണ്ണാടിയിലൂടെ അത് കണ്ടു രാഹുലൻ പറഞ്ഞു, ‘‘നൻപകൽ നേരത്ത് മയക്കം സിനിമയിൽ നിന്ന് നിന്റെ കൂടെ പോന്നതാണോ ആ നായ?"
നിന്റെ ഓരോ കാര്യം... സിനിമ, സൂര്യകാന്തി, ഒരു ദിവസം തുലച്ചു നീ. ഇനിയെങ്കിലും പറയ്, ശരിക്കും നിനക്കെന്ത് കുന്താ നീനാ ഇനി വേണ്ടത്?"
അവളപ്പോൾ കുടുകുടാ ചിരിച്ചു.
രാഹുലാ എനിക്ക് പ്രേമം വേണം.
ജ്വരം പോലെയാവേശിക്കുന്ന,
അഗ്നിപോൽ പടരുന്ന
ഉൾസമുദ്രങ്ങളാൽ തണുപ്പിക്കുന്ന പ്രേമം...
ചിരിച്ചുചിരിച്ചു കുടൽ മറിഞ്ഞ് കുനിഞ്ഞപ്പോൾ മാത്രം അവൾ കാലിലെ വെള്ളിമിഞ്ചികൾ കണ്ടു. ഇതെപ്പോൾ എന്റെ കാലിൽ വന്നു എന്ന ആശയക്കുഴപ്പത്തോടെ അവൾ ആ മിഞ്ചികൾ തൊട്ടു. അപ്പോൾ അകാരണമായ ഒരു വിഷാദം അവളെ മൂടൽമഞ്ഞ് പോലെ മൂടി. ‘ഇന്നലെ’ സിനിമയിലെ ശോഭനയാണോ താൻ എന്ന വെപ്രാളത്തിൽ അവളാ മഞ്ഞ് മുറിച്ചുകടക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
