പുതച്ചുമൂടി പാതിമയക്കത്തിൽ കിടക്കുകയായിരുന്നു.
ഒരു നിലവിളിയോടെ ഗെയിറ്റ് തുറക്കുന്നതിൻ്റെ ശബ്ദം കേട്ടപ്പോൾ ചാടിയെഴുന്നേറ്റ് പുറത്തേക്കുനോക്കി. കാവൽക്കാരൻ ബംഗാളിപയ്യൻ ഒഴിഞ്ഞചാക്കും ഒരു കൈക്കോട്ടുമായ് തിരിച്ചുകേറി വരുന്നു. തൊട്ടപ്പുറത്തുള്ള കടലിൽ നിന്ന് അസഹനീയമായ എന്തോരു മണം മൂക്കിലേക്കും തൊണ്ടയിലേക്കും ഇഴഞ്ഞുകേറി ഒന്നുരണ്ടുവട്ടം ഞാൻ ചുമച്ചു. പുതപ്പുകൊണ്ട് ഒന്നുകൂടിമൂടി ടവറിലേക്ക് തിരിഞ്ഞ ബംഗാളിപയ്യനോട് ചെറുതായ് ചിരിക്കാനാഞ്ഞതും ആരെയോ കണ്ടെന്നപോലെ അവൻ നിന്നു.
കുളിച്ച് കുറിതൊട്ട് കുറുപ്പ് മുണ്ടും ഷർട്ടുമിട്ട് പുറത്തേക്കിറങ്ങിയ അമലായിരുന്നു അത്. ഇവനെവിടെയാണ് ഇന്നലെ കിടന്നതെന്നോ എപ്പോഴാണ് എഴുന്നേറ്റതെന്നോ ഒരു ധാരണയുമില്ല.
പരസ്പരമെന്തോ കൈമാറിയതും അമൽ ടവറിനു മുകളിലേക്ക് നോക്കി കൈവീശി. ഞാൻ തിരിച്ചും.
“എണീറ്റുപോടേയ്… പൊതച്ചുമൂടി കെടക്കാൻ ഇത് നിൻ്റെയൊന്നും തറവാട്ടുവക റിസോർട്ടല്ല, സ്കൂളാ… നാട്ടുകാര് കണ്ട് കുനിച്ച് നിർത്തും മുമ്പ് സ്ഥലം വിടുന്നതാ രണ്ടെണ്ണത്തിനും നല്ലത്.”
“ഓ, ശരിയേമാനേ” എന്നും പറഞ്ഞ് ഞാൻ തൊട്ടടുത്ത് കിടക്കുന്ന ദീപക്കിൻ്റെ ലോക്കൽ കമ്മിറ്റിയോഫീസിന് ഒന്ന് ചവിട്ടി.
അമൽ നടന്ന് നെല്ലിമരത്തിന് തൊട്ടപ്പുറത്തായ് പുതുതായി പണിതുകൊണ്ടിരിക്കുന്ന അംബേദ്ക്റിൻ്റെ പ്രതിമയ്ക്കു മുമ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പു തുറന്ന് ബാഗ് അതിനുള്ളിൽ വെച്ചു.
കടൽ കൂടുതൽ തെളിഞ്ഞുവരുന്നേയുള്ളൂ. അകലത്തായ് ഒരു തോണി കടന്നുപോകുന്നതിൻ്റെ കറുപ്പ് തിരിച്ചറിയാനാവുന്നുണ്ട്. ഇന്നലെ രാത്രിയുറങ്ങിയത് പ്ലസ്ടുവരെ പഠിച്ച സ്കൂളിലാണെന്ന് ഇപ്പോഴും വിശ്വാസിക്കാനാവുന്നുണ്ടായിരുന്നില്ല. പത്തുപതിനെട്ട് വർഷങ്ങൾക്കുള്ളിൽ ഒരിക്കൽപോലും കുന്നിനോടും കടലിനോടും ചേർന്നുകിടക്കുന്ന സ്വന്തം സ്കൂളിലേക്ക് വന്നിരുന്നില്ല. ഒരാഘോഷത്തിലും ആയിരത്തിലൊരുവനായ് വന്നിരിക്കാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം.
പഠിക്കുമ്പോൾ ശരാശരിയേക്കാൾ മികച്ചു നിന്നതുകൊണ്ട് മാത്രമല്ല, ഭാവിയിൽ ചുറ്റുമുള്ളവരെ അത്ഭുതപ്പെടുത്തുന്ന, അസൂയപ്പെടുത്തുന്ന ഉയരങ്ങളിൽ ഞാനുണ്ടാവുമുമെന്ന് ടീച്ചർമാരിൽ കുറച്ചുപേരെങ്കിലും ഉറച്ചുവിശ്വസിച്ചിരുന്നു. ഒന്നുമായിത്തീരാത്തതിൻ്റെ ചടപ്പ് എൻ്റെ ശ്വാസത്തിന് പോലുമുണ്ടായിരുന്നു.
“എവിടേക്കാ?”, ഞാൻ കൈവീശിക്കൊണ്ടിരിക്കുന്ന അമലിനു നേരെ വിളിച്ചു ചോദിച്ചു.
“ആദ്യമെന്ന് ഗുരുവായൂര്… പിന്നെ പാലക്കാട് വഴി പളനി, നേർച്ചയും കഴിഞ്ഞ് ചെന്നൈ… തിരിച്ച് സ്വന്തം ഊര്ക്ക്…. ദുഫൈ.”
അമൽ വണ്ടിയിലേക്ക് കേറി. ഇടയ്ക്കൊന്ന് നിർത്തി: “നേതാവിനോട് പറഞ്ഞേക്ക്. ഫ്രീയാവുമ്പം വിളിക്കാം.”
ഞാൻ തലയാട്ടി.
അവൻ്റെ ജീപ്പ് ഏതോ ഭക്തിഗാനത്തോടൊപ്പം റിവേഴ്സ് എടുക്കുകയും കഴിഞ്ഞരാത്രികൊണ്ട് പറ്റിപ്പിടിച്ച സ്കൂളിൻ്റെയും കടലിൻ്റെയും ചുണങ്ങുകളെ എടുത്തുമാറ്റുകയും ചെയ്തുകൊണ്ടിരുന്നു.

സുഖമായി പുതച്ചുറങ്ങുന്ന നേതാവിനെ ഒന്നുകൂടി കിഴുക്കി, പുതപ്പുമാറ്റി, ഞാൻ ടവറിൻ്റെ താഴേക്കിറങ്ങി. കാവൽക്കാരനായ ബംഗാളിപയ്യൻ ഫോണിൽ കളിക്കുകയാണ്. ഓണത്തിൻ്റെ അവധിയായതിനാൽ സ്ഥിരം വാച്ചുമാനായ ശിവേട്ടൻ വല്ലപ്പോഴുമൊക്കെ വന്നുപോകുന്നല്ലാതെ ഇവിടെയുണ്ടാവാറില്ലെന്ന് അമൽ പറഞ്ഞിരുന്നു. അൽപം നടന്ന് തുറന്നിട്ട ഞങ്ങളുടെ പഴയ ക്ലാസ്മുറിയിൽ കയറിയതും ഒരു വെന്തമണം എന്നെ പിടിമുറുക്കി. വേഗത്തിലിറങ്ങി മറ്റൊരു വഴിയിലൂടെ കടലിനോട് ചേർന്നുള്ള മതിലിൻ്റെ അടുത്തേക്ക് നടന്നു.
ചെറുതെങ്കിലും ഭംഗിയുള്ള മൈതാനമാണത്. കളിയിൽ താൽപര്യമില്ലാതിരുന്നതുകൊണ്ട് പണ്ടും നോക്കിനിൽക്കുന്നതായിരുന്നു രസം. ചിലപ്പോഴെങ്കിലും റഫറിയുമാവും. ജീവിതത്തിലും വെറുതെയിങ്ങനെ നോക്കിനിക്കേണ്ടിവരുമെന്ന് അന്ന് കരുതിയിരുന്നില്ല.
ഉച്ചയ്ക്ക് തിരിച്ചെത്തിയാൽ മതി. മൂന്നാമോണമായതിനാൽ ഭാര്യയുടെ ചില കൂട്ടുകാരികൾ വരും. അപ്പോഴേക്കും എത്തുമെന്ന് ഉറപ്പുകൊടുത്തതാണ്. സമയമുണ്ട്.
പഠിക്കുന്നകാലത്തും കടലിനോട് ചേർന്ന് ഇങ്ങനെയൊരു മതിലുണ്ട്. എന്നിരുന്നാലും ഇതുംചാടി കുട്ടികൾ കടലിനടുത്തേക്ക് പോകും. പലർക്കും അന്നത്തെ വലിയ സാഹസികതകളിൽ ഒന്നതായിരുന്നത്. വേഗത്തിൽ തിരിഞ്ഞതും കിണറിനോട് ചേർന്ന് നിന്ന് ബംഗാളിപയ്യൻ ചായ എന്ന് ആംഗ്യം കാണിക്കുന്നത് കണ്ടു. ഇപ്പം വരാമെന്ന് കൈകാണിച്ച് തിരിച്ചുനടക്കുമ്പോൾ ചുറ്റോട് ചുറ്റുമുള്ള മതിലിന് പുറത്തുനിന്ന് ഒരു നായയുടെ കുര കേട്ടു. എൻ്റെ ഉള്ളൊന്ന് കാളി.
ഗ്രില്ലുകൾ കൊണ്ട് ഭംഗിയായ് മൂടിയിട്ട കിണറും കഴിഞ്ഞ് ലക്ഷങ്ങൾകൊണ്ട് പണിത സ്വിമ്മിങ്ങ് പൂളിൻ്റെ മുമ്പിലുള്ള ചുവപ്പൻ പൂരക്കുടയ്ക്കു കീഴിലെത്തിയതും ടേബിളിൽ ചൂടുചായ പാർന്നുവെച്ചിരിക്കുന്നു. കട്ടിയുള്ളതും മനോഹരവുമായ ഒരുതരം റബ്ബർ ഷീറ്റുകൊണ്ട് സ്വിമ്മിങ്ങ് പൂൾ മൂടിയിട്ടിരുന്നു. ഒരിറക്ക് കുടിച്ചതും ഉരുകിയൊലിച്ചതുപോലുള്ള നഖത്തിൻ്റെപാട് ഓറഞ്ച് നിറമുള്ള ആ ഷീറ്റുകളിലൊന്നിൽ കണ്ടു. ഞാൻ ഒന്നുകൂടി തറപ്പിച്ച് നോക്കി.
“പൂളിലിന്ന് കുളിക്കുന്നുണ്ടോ?” ബംഗാളിപയ്യൻ പിറകിൽ നിന്ന് ചോദിച്ചു.
ഞാനൊന്നും പറഞ്ഞില്ല.
“അമൽബായി രാവിലെതന്നെ കടലിൽ കുളിച്ചു. എന്നെയും കൊണ്ടാ പോയത്.”
ഞാൻ അവനെ നോക്കി. അവൻ്റെ കീശയിൽ പുതുമണം മാറാത്ത രണ്ടായിരം രൂപയുടെ നിഴൽ വീണുകിടപ്പുണ്ടായിരുന്നു. ഒരിറക്ക് കൂടി അധികം കുടിക്കാനാവാതെ ഞാനെഴുന്നേറ്റു.
സത്യം പറഞ്ഞാൽ ഇങ്ങനെയൊരു കൂടിച്ചേരലിന് എനിക്കൊട്ടും താൽപര്യമുണ്ടായിരുന്നില്ല. കുറേക്കാലമായ് ആഘോഷങ്ങളോ യാത്രകളോ പതിവില്ല. ചെയ്തുകഴിഞ്ഞ വീഡിയോകളുടെ എഡിറ്റിങ്ങ് പണികളും പുതിയതിനുള്ള വായനകളും നേരംകെട്ട ഉറക്കങ്ങളുമായ് സമയം കളയുകയാണ് രീതി. അങ്ങനെ ഉറങ്ങിത്തുടങ്ങിയ ഒരു രാത്രിയിൽ സന്ദീപ് വിളിക്കുമ്പോൾ ഏതെങ്കിലും തെണ്ടികളുടെ കൂടെ രണ്ടെണ്ണമടിച്ച് പാർട്ടിക്ക് പ്രശ്നമാകാത്തവിധം നാട്ടുകാരെ രണ്ട് തെറിപറയാനായിരിക്കുമെന്നാണ് കരുതിയത്.
“ഡാ, ഓണത്തിന് ഒരുമാതിരി ഉഡായിപ്പ് പറഞ്ഞ് വന്നേക്കരുത്. നമ്മക്ക് വേണ്ടിയാ അവൻ വരുന്നത്.”
“ഓ… നീയൊന്ന് വെച്ചിട്ട് പോന്നുണ്ടോ? ഒന്നുറക്കം പിടിച്ച് വരുമ്പഴാ, അവൻ്റെയൊരു…”
“കാര്യായിട്ടാ… അമൽ ഇപ്പം വിളിച്ച് വെച്ചതേയുള്ളൂ. ഞാനതിൻ്റെ ത്രില്ലിലാ. കൊറേയായ് ഒന്ന് വെറുതെയിരുന്നിട്ട്.”
“ഞാനിവിടെ ഫുൾടൈം വെറുതെയിരിക്കാ… അതുകൊണ്ട് എനിക്കത്ര ത്രില്ല് തോന്നുന്നില്ല. നീയൊന്ന് വെച്ചിട്ട് പോ.”
കൂടുതലൊന്നും പറയാതെ സന്ദീപ് ഫോണുവെച്ചെങ്കിലും രാവിലെ എഴുന്നേൽക്കുമ്പം അതേക്കുറിച്ചൊരു ഓർമപോലും ബാക്കിയുണ്ടായിരുന്നില്ല. കുളിമുറിയിൽ നിന്ന് ഓടി വന്ന് ഫോണെടുത്തത് വല്ല പരിപാടിക്കുമുള്ള വിളിയായിരിക്കുമോ എന്ന പ്രതീക്ഷയിലായിരുന്നു.
“എഡാ, ഇന്നലെ തമാശ പറഞ്ഞല്ല. നീ രാവിലെത്തന്നെ നെഗറ്റീവടിക്കരുത്.”
“നീയെന്താ പറഞ്ഞുവരുന്നത്?”
“ഓഹോ, അപ്പോ ഞാൻ പ്രതീക്ഷിച്ചപോലെ നീയിന്നലെ ഒറക്കത്തിത്തന്നാരുന്നല്ലേ?”
“നീയൊന്ന് വേഗം പറഞ്ഞ് തൊലക്ക്?”
“വേണ്ടടാ, ഞാനൊന്നും പറേന്നില്ല…കൊറേയായി നിൻ്റൊരു കൊച്ചാക്കല് തൊടങ്ങീട്ട്, നിൻ്റെയൊക്കെക്കൂടെ പഠിച്ചു എന്ന കൊറവേ തൽക്കാലം എനിക്കുള്ളൂ… അവൻ്റെയൊക്കൊരു ആറ്റിറ്റ്യൂട്.”
“എൻ്റെ സന്ദീപേ, അല്ലെങ്കിത്തന്നെ മുങ്ങിത്താണോണ്ടിരിക്കാ. അതിൻ്റെടേല് ആരെ ചാവിൻ്റെ കാര്യാ നീ പറേന്നത്?”
“വേണ്ടടാ. ഇനി ഞാൻ നിന്നെ വിളിക്കുന്നില്ല. എന്തോ വല്യ സംഭവാന്നുള്ള വിചാരം പണ്ടേ നിനക്കുള്ളതാ.”
സന്ദീപ് ഫോൺ വെച്ചു. ഉച്ചയ്ക്ക് മുമ്പെ അമൽ വിളിക്കുമെന്നൊരു തോന്നലുണ്ടായിരുന്നു. കൃത്യം പന്ത്രണ്ട് മണിക്ക് അത് സംഭവിച്ചു. ഞാനപ്പോൾ തിമിംഗലങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. പൂർണമായും കരയിൽ ജീവിച്ചിരുന്ന ഒരു ജീവിയിൽ നിന്നാണ് തിമിംഗലങ്ങൾ എന്ന ഭൂമിയിലെ ഇന്ന് ജീവിച്ചിരുപ്പുള്ള ഏറ്റവും വലിയ ജീവി പരിണമിച്ചുണ്ടായതെന്ന വസ്തുത കുറച്ച് ദിവസങ്ങൾക്കു മുമ്പാണ് ശ്രദ്ധയിൽ പെട്ടത്. താമസിയാതെ അത് പുതിയ കണ്ടൻ്റാക്കാനുള്ള ഒരുക്കത്തിനിടയിലാണ് അമൽജിത്ത് എന്ന് ഫോണിൽ തെളിയുന്നത്.

“നിൻ്റെ പ്രശ്നമെന്തായാലും അത് നമക്ക് പരിഹരിക്കാം. അതുപോരേ, നിനക്ക്…”
ഞാനൊന്നും മിണ്ടിയില്ല.
“നീ പറഞ്ഞത് അതുപോലെ സന്ദീപ് എന്നോട് പറഞ്ഞിട്ടുണ്ട്. നിനക്ക് താൽപര്യമില്ല എന്നും എനിക്കറിയാം. പക്ഷേ ഞാൻ നാട്ടിലെത്തുമ്പം നിങ്ങള് രണ്ടാളെയും എനിക്ക് വേണം.”
“ഞാൻ നോക്കാടാ…”
“അതുപറഞ്ഞാ പോര. അടുത്ത സമ്മേളനത്തോടെ പിന്നെ സന്ദീപിനെ പിടിച്ചാ കിട്ടൂല. അതിനുമുമ്പെ നമ്മക്ക് തമർക്കണം. ഒന്നാം ഓണത്തിന് രാവിലെ ഞാനെത്തും. ആദ്യദിവസം ഞാനൊറ്റക്ക് തെണ്ടും. അടുത്ത ദിവസം എനിക്ക് നിങ്ങളെ രണ്ടാളേം കാണണം.”
“എവിടെയാ, ആദ്യം നീയതു പറ.”
“അതുപറയാം. ഇപ്പം ഞാനെൻ്റെ മുമ്പിലുള്ള ചൈനക്കാരൻ്റെ തന്തക്ക് രണ്ട് വിളിച്ച് ഒരു കച്ചോടൊറപ്പിക്കട്ടെ.”
അമലിൻ്റെ പതിവുശൈലിയിൽ ആ സംസാരം അവസാനിപ്പിക്കുമ്പോഴും അവനെ കാണണമെന്നോ കൂടണമെന്നോ ഒരു തീരുമാനം ഞാനെടുത്തിരുന്നില്ല. ആഗസ്റ്റിലെ അവസാന ആഴ്ചകളായിരുന്നു അത്. ഇടയ്ക്ക് സന്ദീപിൻ്റെ ഒരു സോറി വാട്സാപ്പിൽ വന്നുവീണിരുന്നെങ്കിലും എന്തെങ്കിലും മറുപടി കൊടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചില്ല.
ഓണപ്പരിപ്പാടിയുടെയന്ന് മോനെക്കൊണ്ടാക്കാൻ വൈകിയതിൻ്റെ പേരും പറഞ്ഞാണ് അവൾ തുടങ്ങിയത്. ജീവിതം മടുത്തു എന്നായിരുന്നു അതിൻ്റെ ചുരുക്കം. സഹപ്രവർത്തകരെല്ലാം പോവുന്ന സ്ഥലങ്ങളുടെ പേരുകൾകൂടി ഇടയിൽ പറഞ്ഞ് കുറ്റപ്പെടുത്താൻ അവൾ മറന്നിരുന്നില്ല. ഞാൻപോലും ഇങ്ങനെയൊരു ജീവിതമല്ല ആഗ്രഹിച്ചതെന്നിരിക്കെ അവൾ പറയുന്നതിൽ മുമ്പൊന്നുമില്ലാത്തവിധം കാര്യമുണ്ടെന്നും മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും എനിക്കു തോന്നി. അതവളുടെ വാശി കൂട്ടുകയാണ് സത്യത്തിൽ ചെയ്തത്. പിറ്റേന്ന് രാവിലെ മോനെയും എടുത്ത് സ്വന്തം വീട്ടിലേക്ക് പോവുന്നതിനിടയിൽ അവൾ പറഞ്ഞു.
“സമയമുള്ളപ്പം അങ്ങോട്ട് വന്നാൽ മതി.”
അവളിറങ്ങിയതും അമലിൻ്റെ വിളി വന്നു.
“ദാ, ഇപ്പം പരദൂഷണങ്ങളുടെ സ്വന്തം നാട്ടിലെത്തി. ഇന്ന് ചെന്ന് കുറച്ച് നാട്ടുകാരുടെ കുടുംബം കലക്കാനുണ്ട്. നാളെ രാവിലെ സന്ധിക്കാം. പിന്നെ, സന്ദീപ് വന്ന് നിന്നെ പിക്ക് ചെയ്യും.”
ഉച്ചയോടെ സന്ദീപ് വന്ന് കൂടെ കാറിൽ കയറിയിരിക്കുമ്പോഴാണ് സ്ഥലമേതാണെന്ന് അറിയുന്നത്.
“സ്കൂളോ, അയ്യേ? അവിടെച്ചെന്നിട്ട് എന്ത് ചെയ്യാനാ? ഇതൊരുമാതിരി ഊളപ്പരിപ്പരിപാടിയായല്ലോ?”
“നീ സങ്കോചപ്പെടാതിരിയെടാ, അമലല്ലേ നമ്മടെ കൂടെയുള്ളത്. ബാക്കി അവൻ നോക്കിക്കൊള്ളും.”
“അവിടെച്ചെന്നിരുന്നിട്ട് എന്തുണ്ടാക്കാനാ? പൂർവ്വവിദ്യാർത്ഥിയാന്ന് പറഞ്ഞാലും അതിനകത്തുണ്ടോ കേറ്റിയിരുത്തുന്നു. വട്ട്ന്നല്ലാതെ. അത് കേട്ട് തുള്ളാൻ നീയും.”
“ഓഹോ, അപ്പോ നീയീയടുത്തൊന്നും അങ്ങോട്ട് പോയിട്ടില്ലെന്ന് പറ. പണ്ടത്തെ സ്കൂളൊന്നുമല്ല. വല്യ ബിൽഡിങ്ങായി, സ്വിമ്മിങ് പൂളായി, ചുറ്റോട് ചുറ്റ് മതിലായി. പിന്നെ…അത് നീയവിടെ ചെന്ന് കണ്ടാൽ മതി.”
ഞാനൊന്നും പറഞ്ഞില്ല. പക്ഷേ എൻ്റെ മുഖത്തുള്ള അതൃപ്തി സന്ദീപിന് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.
“ടാ, നീയൊന്ന് ചില്ലാവ്, നമുക്ക് വേണ്ടതൊക്കെയും അവിടെയെത്തും. അമലാ വരുന്നതെന്നതറിഞ്ഞാൽ പ്രിൻസിപ്പലുവരെ താലപ്പൊലിയെടുത്ത് നിൽക്കും. അറിയോ, കിണറുമാത്രൊന്നല്ല, ആ സ്വിമ്മിങ്ങ് പൂളിന് പിന്നിലും അവൻ തന്നാ കറുത്തശക്തി. അതുകൊണ്ട് ഒരുത്തന്നും ചൊറിയാൻ വരൂല. ഇടിച്ചുപൊളിച്ചാലും സ്വയമ്പനൊന്ന് അമൽ കെട്ടികൊടുക്കുമെന്ന് അവൻമാർക്ക് നല്ല ബോധ്യണ്ട്.”
ഗെയിറ്റിന് മുമ്പിലെത്തുമ്പഴേക്കും തുറക്കാനായ് അതൊരുങ്ങി നിൽക്കുന്നതുപോലെ തോന്നി. അമലിനെ ഒന്ന് കണ്ട് വേഗത്തിൽ ഇറങ്ങിയേക്കാമെന്ന് കരുതിയാണ് വണ്ടിയിൽ നിന്ന് എഴുന്നേറ്റത്. അപ്പൊഴാണ് ശ്രദ്ധിച്ചത്. ലൈറ്റ് ഹൗസിൻ്റെ മാതൃകയിൽ ഒരു ടവർ. അതിൻ്റെ ഏറ്റവും മുകളിലുള്ള താഴികക്കുടത്തിന് തൊട്ടുതാഴെനിന്ന് വാനനിരീക്ഷണത്തിനും സാധിക്കുമെന്ന് സന്ദീപ് കൂട്ടിച്ചേർത്തു. വണ്ടിയിൽ നിന്ന് ഇറക്കിവെച്ച സാധനങ്ങളിൽ ഗ്രില്ലും, വൃത്തിയാക്കിയ ചൂടുമാറിയിട്ടില്ലാത്ത മൂന്നുനാല് കോഴികളുമുണ്ടായിരുന്നു. മണപ്പിച്ച് പെട്ടെന്നതിനടുത്തേക്കുവന്ന ഒരു തെരുവ് നായയെ കണ്ടപ്പോൾ സന്ദീപ് ഒന്ന് ഞെട്ടി.

“ഇല്ല കടിക്കില്ല. കൊരക്കേംല്ല. തിന്നാൻകിട്ടോന്ന് നോക്കി വന്നതാ…ശല്യമാ. ഗേറ്റിനകത്തേക്ക് കയറ്റാറില്ല. ഇത് അമൽബായി പറഞ്ഞിട്ടാ ഞാൻ…”
ഒരു കല്ലെടുത്തതും നായ പുറകുവശത്തേക്ക് പാഞ്ഞു.
“അമലെവിടെ ?”
“യ്യോ, ഞാൻ പറയാൻ മറന്നു. ആരെയോ ഒന്ന് കാണാൻ പോയതാ. വേഗം എത്തും.”
എനിക്കെന്തോ അത് സത്യമായ് തോന്നിയില്ല. ചുറ്റിക്കളിയാവാനാണ് സാധ്യത. കടൽക്കാറ്റ് അടിച്ചുകേറുന്നുണ്ട്. ഞാൻ പതിയെ വരാന്തയിലൂടെ നടന്നു.
തിരുവോണദിവസമാണ്. വരുന്ന വഴിയാണ് ഊണു കഴിച്ചത്. ഒന്നിനും രുചി തോന്നിയതേയില്ല. ഞാൻ കടലിലേക്ക് നോക്കി.
പ്ലസ്ടു കഴിഞ്ഞ് ഇത്രയായിട്ടും ഇടയ്ക്കിടെ വിളിക്കുന്നതും തല്ലുകൂടുന്നതും കൂടെക്കൂട്ടുന്നതും ഇവൻമാർ മാത്രമാണ്. പഠിക്കുന്ന കാലത്ത് ഞാനിവരോട് മര്യാദക്ക് പെരുമാറിയിരുന്നോ എന്നുപോലും ഇപ്പോഴും സംശയമാണ്. സത്യത്തിൽ എന്നെ സഹിക്കേണ്ട ഒരു ബാധ്യതയും ഇവർക്കില്ല. എന്നിട്ടും ഇടയ്ക്കിടെ ഇവരുടെ അന്വേഷണങ്ങൾ വന്നെത്തുന്നു.
“നിങ്ങളുടെ ക്ലാസ്മുറി തുറന്നിട്ടുണ്ട്. വേറെ ഏതെങ്കിലും മുറി തുറക്കണോ?”
കൊണ്ടുവന്ന സാധനങ്ങൾ മുഴുവനും ഒഴിഞ്ഞ ഒരു സ്റ്റോറൂമിലേക്ക് എടുത്ത് വെച്ച് തിരിച്ചുവന്ന് ബംഗാളിപയ്യൻ ചോദിച്ചു. വേണ്ടെന്ന് സന്ദീപ് തലയാട്ടി. അവൻ്റെ കൈയ്യിലുള്ള ഐഫോൺ കണ്ട് ഞാൻ തുറിച്ച് നോക്കിയതും സന്ദീപ് പറഞ്ഞു.
“അമല് കൊടുത്തതാ…”
അതുകേട്ടതും ബംഗാളിപയ്യൻ ചിരിച്ചു. ഞാൻ നേരെ ടവറിലേക്ക് കേറി. സന്ദീപ് ആരെയൊക്കെയോ വിളിക്കുകയാണ്. ഇടയ്ക്കെന്നെ ശ്രദ്ധിക്കുന്നുമുണ്ട്. ഞാൻ പോയിക്കളയുമോ എന്നൊരു പേടി അവനുണ്ടെന്ന് എനിക്കു തോന്നി. അവൻ്റെ ആംഗ്യങ്ങൾക്ക് മുമ്പൊന്നും കണ്ടിട്ടില്ലാത്ത മൂർച്ച.
ടവറിന് മുകളിലെത്തിയതും എന്തെന്നില്ലാത്ത ഒരു സന്തോഷം എന്നെ വന്നുമൂടി. കടൽ തൊട്ടപ്പുറത്ത് നിന്ന് രസകരമായ ഒരു കാറ്റിനെ നിർത്താതെ പറഞ്ഞിവിട്ടുകൊണ്ടിരുന്നു. ഈ സ്കൂളിന് ഇത്രയും ഭംഗിയുണ്ടായിരുന്നെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. ചെറിയ ചില പ്രഭാഷണങ്ങൾക്ക് പല സ്കൂളുകളിലായ് പങ്കെടുത്തിട്ടുണ്ടെങ്കിലും ഇങ്ങോട്ട് വരാനുള്ള എല്ലാ സാധ്യതകളും നിഷ്കരുണം തള്ളുകയായിരുന്നു. മജ്ജയിൽ പൊറ്റ കെട്ടിക്കൊണ്ടിരിക്കുന്ന പരാജയബോധം തന്നെയായിരുന്നു കാരണം.
പി.ജിക്കിടെ വന്നുപെട്ട പ്രണയം കൂടുതൽ ആലോചനകൾക്കു വഴിവെക്കാതെ ഒരു പാരലൽ കോളേജ് അധ്യാപനാക്കി. വിവാഹം കഴിക്കാൻ പേരിനെങ്കിലും ഒരു ജോലിയില്ലെങ്കിൽ ഞാനതെങ്ങനെ കുടുംബക്കാരോട് പറയും എന്ന അവളുടെ ന്യായം ശരിയാണെന്ന് എനിക്കും തോന്നി. വിവാഹം കഴിഞ്ഞിട്ടും തൊണ്ടകൊണ്ടും ആവർത്തനങ്ങൾകൊണ്ടും മണിക്കൂറുകൾ ഇടതടവില്ലാതെ ഓരോ ക്ലാസ് മുറിയിലും നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് അറുതി വന്നില്ല. അതിനിടയിൽ ഭാര്യ ബി.എഡ് ചെയ്യുകയും ഒരു കുഞ്ഞിനെ പ്രസവിക്കുകയും കുട്ടി എഴുന്നേറ്റ് നടക്കാൻ പാകമായപ്പോഴേക്കും പിഎസ് സി എഴുതി സ്കൂളിൽ അധ്യാപകയായ് ജോലിക്ക് കേറുകയും ചെയ്തു. ഞാനപ്പോഴും ആസ്പറ്റോസുകൾ കൊണ്ട് മറച്ച വലിയൊരു ബിൽഡിങ്ങിൻ്റെ ഏറ്റവും മുകളിലത്തെ നിലയിൽ മറ്റൊരു കച്ചവടവും സാധ്യമല്ലാത്ത ഒരിടത്ത് അനക്കമറ്റ കുട്ടികളെ മലയാളം പഠിപ്പിച്ചുകൊണ്ടിരുന്നു.
ആ സ്ഥാപനത്തിലെ ഏറ്റവും പ്രയോജനക്കുറവുള്ള അധ്യാപകരിലൊരാളാണെന്ന് സ്വയം തിരിച്ചറിയുമ്പഴേക്കും പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞുപോയിരുന്നു. മറ്റെന്ത് എന്നൊരു ചോദ്യം അക്കാലമത്രയും ചോദിച്ചിരുന്നില്ല. ഒടുക്കം അവിടുന്നിറങ്ങി കുറേ വെറുതേയിരുന്നു. ഒരു കണ്ടൻ്റ് ക്രിയേറ്ററായാലോ എന്ന ചിന്ത വരുന്നത് കോവിഡിലാണ്. കുറേ ക്ലാസുകൾക്കും അന്വേഷണങ്ങൾക്കും ശേഷം അതൊറപ്പിച്ചു. ഒന്ന് സെറ്റാവുന്നതെവരെ വരുമാനമൊന്നുമില്ല. എന്നാലും സ്വാതന്ത്ര്യത്തോടെ ജീവിക്കാമല്ലോ എന്ന് കരുതി. ഇടയ്ക്ക് പഴയ അധ്യാപകപരിചയം വെച്ച് ചിലർ പ്രസംഗിക്കാൻ വിളിക്കുന്നത് മാത്രം വരുമാനമായ്. ബാക്കിയുള്ള സമയങ്ങളിൽ വീഡിയോയും വായനകളും മാത്രം. മുറിക്കു പോലും പുറത്തിറങ്ങാത്ത ദിവസങ്ങൾ.
അടുത്ത നിമിഷം അകത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരടിപൊളിപ്പാട്ടിൻ്റേയും ജീപ്പിൻ്റെയും ശബ്ദംകേട്ടാണ് ഗെയിറ്റിലേക്ക് നോക്കുന്നത്. അമലാണ്. തുറന്ന ജീപ്പിൽ പാട്ടും വെച്ച് കൈവീശി വരികയാണ്. തുറന്ന ഗെയിറ്റിലൂടെ അമൽ അകത്ത് കയറ്റി സഡൻ ബ്രയ്ക്കിട്ടു.
“ഹായ് ബഡ്ഡീസ്…”
സന്ദീപ് ഓടിവന്ന് അവനെ കെട്ടിപ്പിടിച്ച് കുറേ തുള്ളി. ഞാൻ പതിയെ താഴേക്കിറങ്ങി. ബംഗാളിപയ്യൻ അപ്പൊഴേക്കും ചായയുമായ് വന്നു. അത് വാങ്ങുന്നതിന് മുമ്പ് അമൽ എന്നെ വന്ന് കെട്ടിപ്പിടിച്ച് കാതിൽ പറഞ്ഞു.
“സ്വാമി നമ്മുടെ കൂടെയുണ്ട്.”
ജീപ്പിൽ കൊണ്ടുവന്ന സാധനങ്ങൾ അകത്തേക്ക് കൊണ്ടുപോകുന്നതിനിടയിൽകേട്ട കുപ്പികളുടെ ഒച്ചയിൽ ഞാനതിൻ്റെ ഉത്തരം കണ്ടെത്തി.
“എന്നിട്ട് പറ, എന്തുണ്ട് വിശേഷം മിസ്റ്റർ കണ്ടൻ്റ് ക്രിയേറ്റർ ആൻ്റ് മിസ്റ്റർ പോളിറ്റ്ബ്യൂറോ?”
“ഇവിടെന്ത് വിശേഷം, ജീവിതം, സമരം സംഘർഷം. അതിൽക്കൂടുതലെന്ത്?”, സന്ദീപ് നയം വ്യക്തമാക്കി.
“നീയെന്താ ഒന്നും മിണ്ടാത്തത്?”
ഞാൻ മിണ്ടാനായ് തുനിഞ്ഞതും അമൽ വീണ്ടും കൂട്ടിച്ചേർത്തു: “നിൻ്റെ തിമിംഗലത്തിൻ്റെ വീഡിയോയില്ലേ, എനിക്കത് ഭയങ്കര ഇഷ്ടായി. പിന്നെ ആ നിയാണ്ടർത്താലിൻ്റെ…ഞാനത് എൻ്റെ കെട്ടിയോളെയും കാണിച്ചു. അവളാദ്യം വിശ്വസിച്ചില്ല. പിന്നെപ്പറയാ സംഗതി സത്യാല്ലേന്ന്, ഏത്…”
അതുകൂടി കേട്ടതോടെ എൻ്റെ സഭാകമ്പം മാറി. ഞങ്ങൾ ക്ലാസ് മുറിയിലൂടെ വിരലോടിച്ചു. അതിലെവിടെയെങ്കിലും എഴുതിവെച്ച പേരുകൾ മാഞ്ഞുപോകാതുണ്ടോ എന്ന് തിരക്കി. നെല്ലിമരത്തിൻ്റെ ചുവട്ടിൽ ചെന്ന് ഒരോന്നെടുത്ത് വായില് വെച്ച് കടിച്ചു. മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞു.
വെയിലുതാണപ്പോൾ കടപ്പുറത്തിൽ നിന്ന് തിരിച്ച് നടക്കുകയായിരുന്നു. അമലിൻ്റെ കമ്പനിക്കഥകൾ പറഞ്ഞ് തീരുന്നുണ്ടായിരുന്നില്ല. തലയാട്ടുകയല്ലാതെ കൂടുതലെന്തെങ്കിലും കൂട്ടിച്ചേർക്കാൻ എനിക്കോ സന്ദീപിനോ ഉണ്ടായില്ല. കുനിഞ്ഞെടുത്തൊരു ചെറിയ ചിപ്പി ഊതിക്കൊണ്ട് അവൻ തുടർന്നു.
“അതൊരു വല്ലാത്ത ലോകാ. തുടക്കത്തില് എൻ്റൊരു തൊലിഞ്ഞ ഡിഗ്രിയും വെച്ച് കേറിയതാ. പക്ഷേ സംഭവം നമ്മടെ കച്ചോടല്ലേ, അതില് നമ്മളെ തോപ്പിക്കാൻ ചൈനക്കാരൻ വളർന്നിട്ടില്ല. ഗുട്ടൻസ് പിടികിട്ടിക്കഴിഞ്ഞതോടെ പിന്നെ എൻ്റൊരു ആർമാദിക്കലാ… അതിനിടെ നാട്ടിലുള്ള നമ്മുടെ ലവറിനെയുംകെട്ടി അങ്ങോട്ടെടുത്തു. അവളും ഹാപ്പി. അറിയോ മാസത്തില് ഒന്ന് റൗണ്ടാക്കിപ്പറഞ്ഞാൽ പത്തുപതിനൊന്ന് ലക്ഷം ഞങ്ങള് വാങ്ങും. പേരേ, ഇടക്ക് നാട്ടില് വന്ന് തെണ്ടിത്തരം കളിക്കാൻ ഇത് പോരേ…”
“ധാരാളം… നീ കളിച്ചില്ലേ നിന്നെക്കൊണ്ട് ഞങ്ങള് കളിപ്പിക്കും.”
തിരിച്ചെത്തി വസ്ത്രങ്ങൾ മാറ്റി പൂളിലിറങ്ങുന്നതിന് മുമ്പ് അമൽ ഒരോന്നൊഴിച്ചു. അതകത്ത് ചെന്നപ്പം സന്ദീപ് ഒച്ചതാഴ്ത്തി.
“അധികം താമസമൊന്നുമില്ല. ഞാനും കയ്ച്ചിലാവും. അടുത്ത സമ്മേളനം ഒന്നു കഴിഞ്ഞോട്ടെ…”
സന്ദീപ് അടുത്ത ഒന്നുകൂടി കാലിയാക്കി. അമൽ എന്നെ നോക്കി ചിരിച്ചു.
“അറിയോ, ഈ കൂത്താടുന്ന ഞാൻ അടുത്ത ജില്ലാപ്രസിഡൻ്റാ, ഇനിയെനിക്ക് സീറ്റ് തരില്ലെന്ന് അവൻമാര് പറയട്ടേ… ഒക്കൂല, അതാ അലിഖിതമായ ചട്ടം. റിസർവേഷനേ അവൻ്റമ്മേടെ ഔദാര്യല്ല.”
പുതിയതൊന്നുകൂടി പിടിപ്പിച്ച് ഞാൻ വെള്ളത്തിലേക്ക് ചാടി. പിന്നാലെ അമലും സന്ദീപും. ഒരരികത്ത് ബംഗാളിപയ്യൻ ചിക്കൻ ഗ്രിൽ ചെയ്യുന്നു. അതിൻ്റെ മസാലയുടെ മണം എന്നെ ആവേശം കൊള്ളിച്ചു.
“എന്നതാ നിൻ്റെ കാര്യം… നീ പറ… തൊറന്ന് പറ, കുഴീത്താഴുമ്പം കൈതരാതിരിക്കാൻ ഞങ്ങള് കണ്ണിൽച്ചോരയില്ലാത്തോരൊന്നല്ല. ഒരു സ്വയമ്പൻ എം. എൽ എയും ഒരു കുഞ്ഞു യൂസഫലിയുമാ നിൻ്റെ കൂടെ… നിന്നെ കെട്ടിപ്പിടിച്ചുറങ്ങലാ ഇന്ന് ഞങ്ങളെ സന്തോഷം… പറ നിനക്കെന്താ വേണ്ടത്… പണം വേണോ, പണി വേണോ?”
“പറടാ, പറ… നമ്മുടെ അമലല്ലേ ചോദിക്കുന്നത്. നീ തൊറന്ന് പറ…”
സന്ദീപ് ഏറ്റുപിടിച്ചു.
“ശരിയാ, ഇപ്പം ഞാൻ കൊറച്ച് മോശം അവസ്ഥേലാ, പക്ഷേ നിങ്ങള് നോക്കിക്കോ, ഞാനും രക്ഷപ്പെടും. വീഡിയോ, ഒറ്റൊരെണ്ണം ക്ലിക്കായാ മതി. പിന്നെ എൻ്റെ ടൈമാ… അല്ലാതെ നിങ്ങള് വിചാരിക്കുമ്പോലെ ഞാൻ ദാരിദ്രത്തിൻ്റെ പടുകുഴീലൊന്നല്ല. അമ്മേടെ പെൻഷൻകൊണ്ട് തന്നെ എനിക്കും ഓൾക്കും സുഖായി ജീവിക്കാം. പക്ഷേ അതിലൊരു ത്രില്ലില്ലല്ലോ… അതാ ഞാൻ. ഒരു ചെറിയ മിസ്സിങ്ങ്”
“എന്നിട്ടാണോ, നായിൻ്റെ മോനെ എടക്ക് നീയൊരുമാതിരി എൽജെപ്പീൻ്റെ പടത്തിലെ എക്സ്പ്രഷനിടുന്നേ…”
അതുംപറഞ്ഞ് അമൽ രണ്ടുപേരെയും കെട്ടിപ്പിടിച്ച് പലവട്ടം മുങ്ങി. കുറേ വെള്ളം കുടിച്ചു. നിലാവുണ്ടായിരുന്നു. കുതുകുന്തം മറിഞ്ഞ് ഒരു പരുവത്തിലായ്.
“നമ്മക്കെല്ലാ വർഷവും ഇതുപോലെ വന്നങ്ങ് തമർത്താലോ?” അമൽ ആവേശത്തിലായ്.
“പിന്നല്ല, അപ്പൊഴേക്കും ഞാൻ സർക്കാർ വക കാറിൽ വന്ന് ഫ്രീയായ് ഉദ്ഘാടനം ചെയ്ത് തരും. എന്താ…”
“എന്ത്?”
“നമ്മുടെ ആഘോഷം…”
അമൽ പൊടുന്നനെ സന്ദീപിനെ വെള്ളത്തിലൊന്നു മുക്കിയുയർത്തി.
“പോര, നീ എം എൽ എ ആയാൽ പോര , മന്ത്രിയാവണം. എന്നിട്ട് ഈ സ്കൂള് പൊളിച്ച് ഇതൊരു സർവകലാശാലയാക്കണം. ദാ, അവനെ നമ്മക്ക് ഇവിടുത്തെ മലയാളം പ്രൊഫസറാക്കണം.”
ബംഗാളിപയ്യൻ അത് കണ്ട് തലയാട്ടി.

“വേണം… വേണം… എന്ത് ഫ്ലുവൻ്റാ ഓൻ്റെ മലര്” ഞാൻ കൂട്ടിച്ചേർത്തു.
പാകമായത് പാത്രത്തിലാക്കി പൂളിനടുത്തേക്ക് നിരക്കിയതും ഇരുട്ടിൽ നിന്ന് തിളങ്ങുന്ന കണ്ണുകൾ ഞാൻ കണ്ടു. ഒരു വലിയ കഷ്ണമെടുത്ത് കടിച്ച് തിന്ന് എല്ല് ആ ഇരുട്ടിലേക്ക് ഞാനെറിഞ്ഞു.
“എന്നാലും ഇങ്ങനൊരു വൈബ് ഈ സ്കൂളിക്കിട്ടുമെന്ന് ഞാൻ സ്വപനത്തിപ്പോലും കരുതിയില്ല.”
“ഞാനപ്പഴേ നിന്നോട് പറഞ്ഞില്ലേ, അമലൊന്നും കാണാതെ ഇവിടെ വരത്തില്ലെന്ന്…അത്യാവശ്യക്കാർക്ക് ശനിയും ഞായറും വാടകക്ക് കൊടുത്താലും നഷ്ടമില്ല.”
അമൽ ഒരു ചിക്കൻ കാലെടുത്തുയർത്തി.
“എത്രയായെന്നോ ഇങ്ങനെയൊരു ദിവസം കൊതിക്കുന്നു. അവിടെ… അവിടെല്ലാമുണ്ട്… പണം, രാത്രി, നിലാവ്, എല്ലാ തെണ്ടിത്തരവും… പക്ഷേ നീ പറഞ്ഞപോലെ എന്തോന്ന് മിസ്സിങ്ങാ…”
“അല്ല, നിനക്കെന്നാത്തിനാ മൈര് മിസ്സിങ്ങ്?” ഞാൻ ചോദിച്ചു.
അപ്പൊഴേക്കും തണുപ്പുകേറി സന്ദീപ് തുമ്മിത്തുടങ്ങിയിരുന്നു.
സന്ദീപിനെ വേഗത്തിൽകേറ്റി ഞങ്ങൾ ഡ്രസ് മാറി ടവറിലേക്ക് കേറി. ഒരിരുമ്പുകൂട്ടിൽ പതിയെ തീ മൂർച്ചിക്കുന്നുണ്ടായിരുന്നു. കൂട്ടിയിട്ടിരുന്ന വിറകുകളിൽ ഒന്നു രണ്ടെണ്ണം കൂടി അമൽ അതിലേക്കുവെച്ചു. തൊട്ടടുത്ത നിമിഷം കുറച്ച് മണ്ണെണ്ണ പതിയെ കത്തുന്ന ഇരുമ്പുകൂട്ടിലേക്ക് തെറിപ്പിച്ചു. അതിനിടയിൽ രാത്രിഭക്ഷണവും ബാക്കികുപ്പികളും രണ്ടു മൂന്നു പായകളിലായ് അവിടേക്കെത്തി. സന്ദീപ് ചൂടിലേക്ക് കൈവെച്ച് തിരുമ്മിക്കൊണ്ടിരുന്നു.
“വമ്പൻ സെറ്റപ്പാണല്ലോ?”
“പിന്നല്ല.”
അമൽ ഫോൺ എടുത്ത് മറുപടി പറഞ്ഞെഴുന്നേറ്റ് താഴേക്ക് നോക്കി. ബംഗാളിപയ്യൻ ഗെയിറ്റ് തുറന്ന് ഡെലിവറി ബോയിയിൽ നിന്ന് ഭക്ഷണപൊതികൾ വാങ്ങി ഗെയിറ്റടച്ച് തിരിച്ചു കേറി. ഒന്ന് ഗ്ലാസിലൊഴിച്ച് പിടിപ്പിച്ചപ്പോഴേക്കും പൊതികളുമായ് അവൻ കേറി വന്നു. കൈയ്യിൽ ഒരു എമർജൻസിയുമുണ്ടായിരുന്നു.
“ഇനിയും കുളിക്കാൻ ഇറങ്ങുമോ ബായി…” ആശങ്കകളുടെ അവൻ ചോദിച്ചു.
അമൽ സന്ദീപിനെയും എന്നെയും ഒന്നു നോക്കി. ഇല്ല എന്ന് ഞങ്ങൾ തീർത്തു പറഞ്ഞു.
“ആ നായ തെണ്ടിത്തിരിഞ്ഞ് നടക്കുന്നുണ്ട്. അതങ്ങാൻ വീണ് ചത്താൽ ബദ്ധിമുട്ടാവും.”
“നീ മൂടിക്കോ.”
ഇറങ്ങിപ്പോവുന്നതിന് മുമ്പ് ഒന്നിക്കിളിയാക്കി ഭക്ഷണവും ഒരു ഗ്ലാസും അവനെ പിടിപ്പിച്ചു. സന്ദീപിൻ്റെ നാവ് കുഴഞ്ഞുതുടങ്ങിയിരുന്നു.
“സത്യം പറയാമല്ലോ അമൽ, ചെറ്റകളാ, എല്ലാവൻമാരും പരമചെറ്റകളാ …”
“നീയാരെ കാര്യാ പറയുന്നത്?”
“എൻ്റെ സ്വന്തം പാർട്ടിക്കാരെക്കുറിച്ച്. അല്ലാണ്ടാര്. ഒന്നാലോചിച്ച് നോക്ക്. ഒരു പാർട്ടി, അതിനുള്ളിൽ തന്നെ ദളിതൻമാർക്ക് മറ്റൊരു പാർട്ടി. ഇതാ നമ്മുടെ ജനാധിപത്യം. ഇലയിട്ടു തരും. പക്ഷേ വേറൊരിടത്ത് പോയി ഉണ്ടോളണം. കഴിഞ്ഞസമ്മേളനത്തിലും അവരെന്നെ തേച്ചു. ഇത്തവണ ഞാൻ വെട്ടും. അവൻമാരുടെ അണ്ടിക്ക് വെച്ച് വെട്ടും. നോക്കിക്കോ.”
“എന്നാത്തിനാടാ തൂങ്ങിപ്പിടിച്ചിരിക്കുന്നത്. നീ ഗൾഫിലേക്ക് വാ. ഞാൻ തരാം, പണി. തിന്നും കുടിച്ചും ഓരോ കോണോത്തെ പെണ്ണുങ്ങക്കൊപ്പം കെടന്നും ജീവിക്കാം. വരുന്നോ?”
“എത്രകാലായെടാ തെണ്ടുന്നു. ഓരോരുത്തമാരുടെ ചന്തിവരെ കഴുകിക്കൊടുക്കുന്നു. ഇനിയിപ്പം ഇട്ടെറിഞ്ഞ് പോരാന്ന് വെച്ചാലും നടക്കത്തില്ല. ശീലായിപ്പോയി. അറിയോ, ഇത്തവണ എനിക്ക് തന്നെ നറുക്ക് വീണേക്കുമെന്ന് കണ്ട് തറവാടികള് പണി തൊടങ്ങിട്ടുണ്ട്.”
“എന്ത് പണി?”
“പെറ്റ തള്ളേനെ മാറ്റിപ്പറയാൻ പറ്റത്തില്ലാലോ. തട്ടം… ഉമ്മച്ചീൻ്റെ തട്ടം… അല്ലാതെന്താ... പണ്ടേ ഉമ്മച്ചി പറഞ്ഞതാ മതം മാറാന്ന്. തന്തപ്പിടീൻ്റെ വിപ്ലവം. പൊലയൻ എന്ത് വിപ്ലവം കാണിച്ചിട്ടെന്താ…”
ഞങ്ങള് ഒന്നും പറഞ്ഞില്ല.
“ഇനിയൊന്നും നടന്നില്ലെങ്കില് ഞാൻ ചെലപ്പം… ചെലപ്പം”
സന്ദീപിൻ്റെ നിയന്ത്രണം വിട്ടു. ഒരു രാഷ്ട്രീയക്കാരൻ കരയുന്നത് ഞാനടുത്ത് നിന്ന് ആദ്യമായ് കാണുകയായിരുന്നു. അമൽ അവനെ ആശ്വസിപ്പിച്ചു.
“പോവാണെങ്കിൽ പോട്ടെടാ. നിന്നെയും കുടുംബത്തെയും ഞാൻ പോറ്റും. എന്താ പോരെ.”
“അല്ലെങ്കിലേ നമ്മള നാട്ടില് രാഷ്ട്രീയപ്രവർത്തനംന്ന് പറഞ്ഞാൽ ശോകാ” ഞാൻ ഇടയിൽക്കേറി.
“ഓ പിന്നെ, അതുകേട്ടതും സന്ദീപ് സടകുടഞ്ഞെഴുന്നേറ്റു.
“പിന്നെ നിന്നെപ്പോലെ കണ്ട പുസ്തകത്തിലെ കാര്യം ചൊരണ്ടിയെടുത്ത് വീഡിയോ ചെയ്താ മതിയല്ലോ. ഒന്ന് പോടാ അവിടുന്ന്. അവൻ്റൊരു ഉണ്ണാക്കിലെ ചൂട്യൂബ് ചാനൽ ?”
“നീയെന്താ പറഞ്ഞത്?”
“എന്താ, എന്താ ഞാൻ പറഞ്ഞതില് തെറ്റ്… ഇവൻ്റെ പെണ്ണുമ്പിള്ളപോലും ഇവൻ്റെ ചാനല് സബ്ക്രൈബ് ചെയ്തിട്ടുണ്ടാവില്ല. പിന്നല്ലേ നാട്ടാര് കാണുന്നത്.”
എൻ്റെ പിടിവിട്ടു. എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല. കുടിച്ചതും തിന്നതുമൊക്കെ ആ ഒറ്റ നിമിഷത്തിൽ ദഹിച്ചു.
തുടങ്ങുമ്പം എന്തൊക്കെ പ്രതീക്ഷയായിരുന്നു. പത്തുപതിനഞ്ച് വർഷംകൊണ്ട് പഠിപ്പിച്ച കാക്കത്തൊള്ളായിരം കുട്ടികൾ. അതിൽ പകുതിപ്പേരെങ്കിലും തീർച്ചയായും ഒപ്പം നിൽക്കും. പ്രോത്സാഹിപ്പിക്കും. ഒന്നുമുണ്ടായില്ല. ഒരിക്കൽ അവള് പറയുകയും ചെയ്തു.
“ഞാൻ ചെയ്തിട്ടെന്തിനാ, സിൽവർബട്ടൺ കിട്ടാൻ ഒരാളെ കുറവുണ്ടാവുമ്പം ഞാൻ ചെയ്തോളാം. നിങ്ങള് ആളെ ചിരിപ്പിക്കാതെ വൃത്തിക്ക് ചെയ്യ്.”
ഞാൻ എഴുന്നേറ്റ് ഒന്നും പറയാതെ ടവറിൻ്റെ കൈവരികളിലൂടെ ഇറങ്ങി താഴെ കോൺക്രീറ്റ് പടിയിലിരുന്നു. എനിക്ക് വീണ്ടും നശിച്ച ദിവസങ്ങളുടെ ഓർമ വന്നു. ഇനിയൊരിക്കലും ഇതുപോലൊരു പരിപാടിയിൽ പങ്കെടുക്കരുതെന്ന് ഉറപ്പിച്ചു. ഒരു കാലത്തും രക്ഷപ്പെടാൻ പോകുന്നില്ലെന്ന തോന്നലുണ്ടായി. അടുത്ത നിമിഷം വേച്ച് വേച്ച് സന്ദീപ് അടുത്തേക്ക് വന്നു.
“സോറി ഡാ, ഞാനറിയാതെ, നീ വേണേങ്കി എൻ്റെ ചെകിട്ടത്ത് രണ്ടടിച്ചോ, വർത്താനം പറയാനറിയാത്ത കൂട്ടാ എൻ്റേത്. അതിൻ്റെ പേരില് എൻ്റെ അപ്പനപ്പാപ്പൻമാര് കൊറേ കൊണ്ടതാ, പുറത്തൊരാള് കാണുന്നില്ലെന്നേയുള്ളൂ. എനിക്കിപ്പഴും ചെകിട്ടത്ത് കിട്ടാറുണ്ട്.”
“നീ ചെല്ല്”
“നീ വരാതെ ഞാൻ പോവില്ല. എടാ സോറിടാ, ഞാൻ കാലുപിടിക്കാം.”
അടുത്ത നിമിഷം ഭാവി എം എൽ എ ഒരുപടി കൂടി ഇറങ്ങി വന്ന് എൻ്റെ കാല് പിടിച്ചു. ഞാൻ അനങ്ങിയില്ല.
“പറ, ഇനിയെന്താ വേണ്ടത്?”
ഞാനൊന്നും പറഞ്ഞില്ല.
“നിൻ്റെ കാല് നക്കണോ, ഞാൻ നക്കാടാ”
അവൻ എൻ്റെ കാല് നക്കുന്നത് ഞാൻ നിർവികാരമായ് കണ്ടു നിന്നു.
“ഇനിയും നമ്മള് മാറിനിന്നാൽ അമലിൻ്റെ മൂഡ് മാറും. പിന്നെ ഒന്നുമുണ്ടാവില്ല. ഈ രാത്രി ഇവിടെ വെച്ച് തീരും. പ്ലീസ്”
ഞാനെഴുന്നേറ്റതും അവൻ എൻ്റെ തോളിൽ കൈയ്യിട്ടു. മുകളിലേക്ക് കയറുമ്പോൾ അമൽ എഴുന്നേറ്റ് നിന്ന് പുറത്തേക്ക് നോക്കുകയായിരുന്നു.
“എന്തൊരു പിണക്കമായിരുന്നെന്നറിയാമോ… ഞാൻ ചെന്ന് കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തപ്പം എല്ലാം സോൾവായി. ഇതേ നമ്മക്കാർമ്മാദിക്കാനുള്ള ദിവസാ, അല്ലേടാ അമലേ…”
“ഒരോന്നൊഴിക്കടാ നീ…”
സന്ദീപ് മൂന്നുഗ്ലാസുകളിലേക്കും പാർന്നു.
“നിനക്കോർമ്മണ്ടോടാ, കൊമേഴ്സിലെ ശ്രീലക്ഷ്മി.”
“നിൻ്റെ ചുറ്റിക്കളിയല്ലേ?”
“അതന്നെ? അവളെ നിങ്ങക്ക് കാണണോ?”
അമൽ ഫോണെടുത്ത് ഗാലറികൾ തുറന്നു.
“ഇത് അവളായിരുന്നോ? ഞാൻ വിചാരിച്ച് നിൻ്റെ ഡിഗ്രിക്കാലത്തെ സെറ്റപ്പിനെയാ റാഞ്ചിയതെന്ന്?”
“അവളിന്നേ, എൻ്റെ രണ്ടു കുട്ടികളെ അമ്മയാ…”
“എന്നാലും നീയാള് ആഫ്രിക്കയാ…”
അത് കേട്ടതും അമൽ മുഖം തീയുടെ അടുത്തേക്ക് കൊണ്ടുപോയി. ഒരു ചിക്കൻ കാല് എടുത്ത് തീയിലിട്ടു. അത് കരിയുന്നതിൻ്റെ മണം പൊന്തിയിട്ടും അവൻ അനങ്ങിയില്ല. ഒരു കമ്പിയിൽ കുത്തി അതെടുത്ത് എഴുന്നേറ്റ് പുറത്തേക്കിട്ടു.
“ഞാനും പിള്ളേരുമെന്ന് വെച്ചാ അവൾക്ക് ജീവനാ. ഇതു തന്നെ നിങ്ങളെ പേരു പറഞ്ഞോണ്ട് മാത്രം കിട്ടിയ ഓഫറാ. കുടിച്ച് കുത്താടുമെന്ന് അവൾക്കറിയാം. എന്നിട്ടും സമ്മതിച്ചു. അതാ പെണ്ണ്. കമ്പനിയിലാണെങ്കില് രസം വേറെ. എൻ്റൊരു മാനേജരുണ്ട്. കെനിയനാ… എല്ലാ മാസവും ചോദിക്കും; ലീവൊന്നും വേണ്ടേന്ന്”
“ഹൊ, നിൻ്റെയൊക്കെയൊരു ഭരണഘടന”
അടുത്ത നിമിഷം അമൽ ഇരുമ്പുകൂടിന് കുറച്ചപ്പുറത്തായ് വെച്ചിരുന്ന മണ്ണെണ്ണ കുപ്പിയെടുത്ത് എഴുന്നേറ്റ് ടവറിന് താഴേക്കൊഴിച്ചു.
“ഡാ, നിനക്കെന്താ വേണ്ടത്? പറ… എന്താ വേണ്ടത്?”
“അത്… അത്.”
“കണ്ടാ, കണ്ണുതള്ളിപ്പോവണം. കണ്ട താടിക്കാരുടെ പ്രഭാഷണമൊക്കെ ഇട്ടോണ്ടിരുന്നാൽ കുണ്ടീല് വരെ പല്ല് മുളക്കും. നിനക്ക് രക്ഷപ്പെടണ്ടേ?’’
“ഉം”
“കത്തണം. കാണുന്നവരുടെ ചങ്ക് കത്തണം.”
ഞാനവനെ തന്നെ നോക്കി.
“വാ എണീക്ക്”
ഞാനും സന്ദീപും എഴുന്നേറ്റു. അമൽ കൈകൊണ്ട് എന്തൊക്കെയോ ആഗ്യം കാണിച്ചു. അടുപ്പിൽ നിന്ന് കത്തിക്കൊണ്ടിരുന്ന ഒരു ചിരട്ടയെടുത്ത് താഴേക്കിട്ടതും പെട്ടെന്ന് എന്തോ ഒന്ന് ആളിക്കത്തിയതും ഒച്ചയില്ലാത്ത ഒരു തീ മരണവെപ്രാളത്തിൽ മതിലിനുള്ളിൽ ഓടാൻ തുടങ്ങി.
സന്ദീപിൻ്റെ കണ്ണ് വിടർന്നു.
“ചെല്ല്, നീയാ ഏകലവ്യൻ… നിൻ്റെ കുതിരയാ ആ ഓടുന്നത്. യുദ്ധം തീരുന്നതുവരെ വിശ്രമിക്കാൻ സമ്മതിക്കരുത്.”
അത് കേട്ടതും സന്ദീപ് ഇറങ്ങിയോടി. അമൽ എതോ നാടകത്തിലെന്നപോലെ ആക്രോശിച്ചുകൊണ്ടിരുന്നു. ഇരുട്ടിൽ ഒരരികിലൂടെ ആ ബംഗാളിപയ്യൻ പച്ചയിറച്ചി ഉരുകിവീഴുന്നത് ഫോണിൽ പകർത്തിക്കൊണ്ടിരുന്നു.
ആക്രോശത്തിനിടയിൽ അമൽ ഒന്ന് ചിരിച്ചു.
“ഒരു ദിവസം മാനേജരെ മുറിയിൽ ചെല്ലുമ്പം ശ്രീലക്ഷ്മി അയാളെ മടിയിലായിരുന്നു. ഞാൻ കണ്ണ് അടച്ചില്ല, എന്ന് വെച്ചാ തുറന്ന് തന്നെ പിടിച്ചു. കണ്ടില്ല എന്നോ കണ്ടു എന്നോ പക്ഷേ ഞാനാരോടും പറഞ്ഞില്ല. അവളോടും. പതിവുപോലെ വീട്ടിലേക്ക് പോയി. കുട്ടികളോടൊപ്പം കളിച്ചു. അവളെ കെട്ടിപ്പിടിച്ചു. പുലർച്ചെ ഓഫീസിലേക്ക് പോയി. ഒരു തവണപോലും ഞാനവളോട് മുഖം കറുപ്പിച്ചില്ല. ഒച്ചയിട്ടാൽ ചെലപ്പം എൻ്റെ ജോലിപോവും. അവളും പോവും. ഉണ്ടെന്ന് വീമ്പ് പറഞ്ഞതൊക്കെയും പൊട്ടിവീഴും. അതുകൊണ്ട് കാണുമ്പോഴൊക്കെ ഞാൻ വീണ്ടും വീണ്ടും അയാളെ മുഖത്ത് നോക്കി ചിരിച്ചു. നീ വീഡിയോയിൽ പറഞ്ഞപോലെ, എടക്ക് തോന്നും, ഞാനൊരു നിയാണ്ടർത്താൽ മനുഷ്യനാണെന്ന്. ചുറ്റുമുള്ള മനുഷ്യരേക്കാൾ കുറഞ്ഞ എന്തോ ഒന്ന്. ആരെയും വിശ്വസമില്ലാതെ, പേടിച്ചും തന്നെത്തന്നെ ചതിച്ചും ചുരുങ്ങിച്ചുരുങ്ങി ഒടുക്കം സാപ്പിയൻസിന് മുന്നിൽ കീഴടങ്ങി സ്വന്തം ഭാഷ മറന്നുപോയ പഴയ മനുഷ്യനാണെന്ന്. പക്ഷേ ഒന്നുണ്ട്… സാലറി കിട്ടുമ്പം അതൊക്കെ മാറും.”

അമൽ ഒരു ഗ്ലാസ് കൂടി ഒഴിച്ചു.
“ നോക്കിക്കോ, ഒരു ദിവസം അവളെയിതുപോലെയിട്ട് കത്തിച്ച് ഞാനയാളെ മുറിയിലേക്ക് കയറ്റിവിടും. അപ്പഴും അയാളവളെ മടിയിലിരുത്തി കെട്ടിപ്പിടിക്കുന്നത് എനിക്ക് കാണണം’’, അതും പറഞ്ഞ് അമൽ ഇറങ്ങിപ്പോയി.
എനിക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു. ഞാൻ ഗ്ലാസുകൾ വീണ്ടും നിറച്ചൊഴിച്ചു. ആ മതിലുകൾക്കിടയിലൂടെ നേർത്ത് നേർത്ത് വരുന്ന ഒരു വെളിച്ചം ഞാൻ കണ്ടു. എപ്പോഴോ കിടന്ന് ഉറങ്ങിപ്പോവുകയും ചെയ്തു.
പുറപ്പെട്ട്, ഉച്ചയ്ക്കുമുമ്പ് വീട്ടിലേക്ക് ഇറങ്ങാൻ നേരം ആ ഐഫോൺ ബംഗാളി പയ്യൻ എനിക്ക് തന്നു.
അവൻ്റെ മുഖം വാടിയിരുന്നു. സന്ദീപ് വെള്ളയും വെള്ളയുമിട്ട് വീണ്ടുമൊരു രാഷ്ട്രീയക്കാരനായി വേഷംമാറിക്കഴിഞ്ഞിരുന്നു. ഞാൻ അംബേദ്കറിൻ്റെ മറവിലേക്ക് നിന്ന് ഒച്ച തീരെകുറച്ച് ഫോൺ തുറന്നു. എൻ്റെ കണ്ണുകളിലേക്ക് വെളിച്ചം കയറി. വണ്ടി പതിയെ ഗെയ്റ്റ് കടന്നു. കടൽക്കാറ്റിൻ്റെ ഒരൂതൽ വണ്ടിയിലേക്ക് പൊട്ടിവീണു. പൊടുന്നനെ ആരെയോ കാണാനായ് കാത്തിരിക്കുന്നമട്ടിൽ ഒരു കറുത്ത തെരുവുനായ വേഗത്തിൽ വണ്ടിമുറിച്ച് കടന്നുപോയതും സന്ദീപ് എന്നെ നോക്കി ചെറുതായ് ചിരിച്ചു.
