മനുഷ്യൻ കിടക്കയിൽ മയങ്ങുമ്പോൾ, ഗാഢനിദ്രയിൽ അമരുമ്പോൾ, ഒരു സ്വപ്നത്തിൽ. ഒരു നിശാദർശനത്തിൽ അവിടുന്ന് അവന്റെ ചെവികൾ തുറന്ന് മുന്നറിയിപ്പുകൾ കൊണ്ട് അവനെ ഭയപ്പെടുത്തുന്നു. മനുഷ്യൻറെ അഹങ്കാരം അവസാനിപ്പിക്കാനും ദുഷ്പ്രവൃത്തികളിൽ നിന്ന് അവനെ പിൻതിരിപ്പിക്കാനുമാണിത്.
ജോബ് 33: 14 - 17 (ബൈബിൾ )

നിധി. കൊതി

'റാഹേല്കൊച്ചേ ശത്യമായിട്ടും മുണ്ടക്കയത്ത് പറമ്പിൽ നിധിയൊണ്ട്, അതച്ചട്ടാ'.

കറ്റകൾ തന്നെ വണങ്ങുന്നുവെന്ന് ഉൽപത്തിപ്പുസ്‌തകത്തിൽ യാക്കോബിന്റെ മകൻ ജോസഫ് കണ്ട സ്വപ്‍നം സഹോദരന്മാർ അവിശ്വസിച്ചു. അതുപോലെ സ്വപ്നത്തിനും സത്യത്തിനുമിടയിലെ ത്രിശങ്കു സ്വർഗ്ഗത്തിൽ റാഹേൽ ചരിഞ്ഞുകിടക്കുമ്പോൾ മോസസ്സിന്റെ വലതുകൈ, ഉത്തമഗീതത്തിലെ ലില്ലിക്കാടുകൾക്കിടയിൽ മേയുന്ന ഇരട്ടമാൻകുട്ടികളിൽ കരകവചം തീർത്തു. ബീഡിമണമുള്ള സ്വപ്നസ്വകാര്യനിമിഷങ്ങൾ വികാരഭൂമികയിൽ ഉണർവ്വും ഉയിരുമേകിയപ്പോൾ അവളോർത്തു.

ഇതിപ്പോ ആദ്യമായിട്ടല്ല ഉറക്കത്തിൽ ലഭിച്ച അരുളപ്പാടിനെക്കുറിച്ച് മോസസ് ഉത്കണ്ഠാകുലനാകുന്നത്. എന്ത് കഴിക്കും എന്ത് ഭവിക്കും എന്നൊന്നും ഇന്നോളം ആലോചന ഉണ്ടായിട്ടില്ലെങ്കിലും എന്ത് ലഭിക്കും എന്നൊരു ആകുലത വാതായനങ്ങൾ തുറക്കുന്നത് ആദ്യം. മാറിൽ പിടിവിടാതെ കിടന്ന വലതുകരം റാഹേൽ കള്ളപ്പരിഭവത്താൽ തട്ടിമാറ്റി.

മൂന്ന് സ്വപ്‌നങ്ങൾ അഥവാ ദർശനങ്ങൾ. നിധി, കൊതി, വിധി. ഈ മൂന്ന് കാര്യങ്ങളാണ് മോസസിൻറെ മൂന്നാഴ്‌ച്ചത്തെ ഉറക്കത്തെ അപ്പാടെ അപഹരിച്ചിരുക്കുന്നത്. സ്വപ്‌നങ്ങൾ സ്വകാര്യമോ സ്വീകാര്യമോ എന്നറിയാനാകാത്ത വിഭ്രമനിമിഷങ്ങൾ അവരെ വലംചുറ്റിക്കൊണ്ടേയിരുന്നു.

ഒന്നാം ദർശനം

വെളുപ്പിന്, മുണ്ടക്കയത്ത് പറമ്പിനുതാഴെ കൈത്തോട്ടിൽ കാർന്നോർ കൊക്കോച്ചായൻ ഈർക്കിലി നെടുകെ പിളർത്തി നാക്കുവടിച്ച് മുഖം കഴുകി, ഞെളിഞ്ഞുനിന്ന് 'പിർർ...' ശബ്ദത്തിൽ നീട്ടിയൊരു വായുവിട്ട് മോസസിനോട് വാക്കിന്റെ വായ്ത്തല രാകി; 'മോശെ, എല്ലാവന്മാരെയും വിളിക്ക്. കണ്ടത്തീ മടാപൊട്ടി. ഇന്ന് പണിയവിടെ'.

കഴുകി വൃത്തിയാക്കിവച്ച തൂമ്പായുമായി മോസസ് മുന്നിലും അനിയൻ, അച്യുതൻ, തോമാ എന്നിവർ പിന്നിലും വയൽവരമ്പുകൾ താണ്ടി പാങ്ങോട്ട് ഭാഗത്തേക്ക് നടന്നു. നാക്ക് കുത്തി വാക്കുകളും പല്ലിനിടകുത്തി ഭക്ഷണശേഷിപ്പുകളും തുപ്പിക്കൊണ്ട് പുറകെ കൊക്കോച്ചായനും. മലയടിവാരത്തിലെ ഹരിതകമ്പളലോകത്ത് കൃഷിയിൽ വ്യത്യസ്തനും ദീർഘവീക്ഷണമുള്ളവനുമായ കാർന്നോർ, വെറ്റക്കൊടിയും പയറും പാവലും പടവലവും വളർത്തിക്കൊണ്ടു വരികയാണ്. അവിടേക്കാണ് മടാപൊട്ടി കാലവർഷത്തിന്റെ കലാപക്കോള്.

പകലും തൊഴിലും സന്ധ്യയ്ക്ക് വഴിമാറി.

അനിയനും അച്യുതനും തോമായും പണിതീർത്ത് തോർത്ത് അഴിച്ചുടുത്ത്, കൊക്കോച്ചായനൊപ്പം മേലുകഴുകാൻ തോട്ടിലേക്ക് നടക്കവേ, മോസസ് അവസാന പാത്തിയുടെ മിനുക്കുപണിയിലായിരുന്നു. 'ക് ണിം...'. പെട്ടെന്ന് ചെളിവെള്ളത്തിൽ തൂമ്പയുടെ വെട്ടിന് കീഴെ ശബ്‌ദം കേട്ട് അവനൊന്ന് വിരണ്ടു. ഒന്നുകൂടി വെട്ടി. 'ക് ണിം', വീണ്ടും അതേ ഒച്ച. കാലിനു മീതെ, മണ്ണിനടിയിൽ എന്തോ ഉണ്ട്!! ആന്തലോടെ കുത്തിയിരുന്ന് ചെളിവെള്ളത്തിൽ തപ്പി. കൈയിൽ തടഞ്ഞെതെന്തോ, അതെടുത്ത് കൂമ്പൽ കൂട്ടിവച്ച കപ്പത്തടത്തിലേക്കിട്ടു.

നീണ്ടുരുണ്ട രൂപത്തിൽ, ചെളിമൂടി കറുത്തുകനത്ത എന്തോ ഒന്ന്! അതിൽ തൂമ്പായുടെ വെട്ടേറ്റഭാഗം ചക്രവാളത്തിൽ ബാക്കിയായ വെളിച്ചത്തിൽ തെളിഞ്ഞപ്പോൾ ഉള്ളിൽ വിളിയുണർന്നു. നിധി!. മോസസിൻറെ നെഞ്ചിടിച്ചു. ചെളിയിൽത്തന്നെ നിധി താഴ്ത്തി പണി തുടർന്നു. കുളി കഴിഞ്ഞ് കൂട്ടുകാരും കൊക്കോച്ചായനും 'പൂയ്..' വിളിച്ചപ്പോൾ അലസമട്ടിൽ വിളിച്ചുപറഞ്ഞു. 'മേല, ഇനി വീട്ടീച്ചെന്ന് ചൂടുവെള്ളത്തില് മേലുകഴുകാം'.

സന്ധ്യപടർന്ന പാടവരമ്പിലൂടെ ഏറ്റവും പിന്നിൽ പയ്യിനുള്ള പോച്ചക്കെട്ടിൽ നിധിയൊളിപ്പിച്ച് മോസസും നടന്നു പോച്ചക്കെട്ടിൽനിന്നും തുള്ളിയിട്ടുവീഴുന്ന ജലകണികകൾ അവനിൽ സുവർണ്ണമുത്തുകളായി കുളിരിട്ടു. കൂട്ടുകാരും കൊക്കോച്ചായനും വഴി തിരിഞ്ഞപ്പോൾ വീട്ടിലേക്കുള്ള നടത്തം ഓട്ടമായി. 'റാഹേലു കൊച്ചേ, ഡീ റാഹേലേ' നിധി താങ്ങി വാതുക്കലെത്തി, ഓട്ടുവിളക്കിന് മുന്നിൽ ഉത്തമഗീതത്തിൽ ഊഞ്ഞാലാടുന്ന ഭാര്യയെ രഹസ്യക്കാരനെപ്പോലെ തട്ടിവിളിച്ചു.

'പോ പാണ്ടി..' ഇടത് മാൻകുട്ടിയെ ഇക്കിളിപ്പെടുത്തി വിടാതെപിടികൂടിയ വലതുകൈ പറിച്ചെറിഞ്ഞ് ഉറക്കം പൂർത്തിയാക്കാൻ തിരിഞ്ഞുകിടക്കുമ്പോളാണ് യാഥാർഥ്യം മോസസ് തിരിച്ചറിഞ്ഞത്.

കണ്ടതത്രയും സ്വപ്‌നം.

രണ്ടാം ദർശനം

തിരാവിലെ, വെട്ടിവെച്ച വാഴക്കുലകളുമായി ചന്തയ്ക്ക് പോകാൻ തയ്യാറായി മോസസ് തലയിൽ തോർത്ത് കെട്ടിയുറപ്പിച്ചു. കിഴക്ക്, പാങ്ങോട്ടുമലയിടുക്കിൽ നിന്നും സൂര്യകാരണവർ തലനീട്ടും മുമ്പ് കൂടൽ ചന്തയിലെത്തണം. തലേന്ന് രാവുമുതൽ ആകാശത്ത് മാസം തികഞ്ഞുനിൽക്കുന്ന മേഘക്കണ്ണികൾ ഏതുനിമിഷവും പ്രസവിച്ചേക്കാം.

'കൊച്ചേ..' വിളി പൂർത്തിയാകും മുമ്പേ റാഹേൽ കരുപ്പട്ടികാപ്പിയുമായെത്തി. ചുണ്ടത്തെരിയുന്ന, പാതി ഉദ്യമം പൂർത്തിയാക്കിയ കാജാബീഡി മുറ്റത്തെറിഞ്ഞ് അവൻ കാപ്പിയൂതി. ചട്ടപൊക്കി നനഞ്ഞ കൈകൾ റാഹേൽ തുവർത്തുമ്പോൾ ഉദരഫലം ഏന്തുവാനാകാത്ത വയർ ഉയർന്നുതാണു.

'ദാണ്ടെ.. മഴവീണു'. ഇട്ടോ ഇറോന്ന് താഴക്കുവീഴുന്ന മഴകുഞ്ഞുങ്ങളെ നോക്കി റാഹേൽ വിരൽചൂണ്ടി. ചൂടുമാറാത്ത കാപ്പി ഒറ്റപ്പിടിയിൽ തീർത്ത് 'നാശം' എന്നൊരു പഴിയുംചൊല്ലി, തോളിലും കൈകളിലും കുലകൾ തൂക്കി മോസസ് മുന്നോട്ടാഞ്ഞുനടക്കുമ്പോൾ കരുതലിന്റെ വാക്ക് പിന്നിൽ. 'കൊട വേണോ.?.'

'കോപ്പ് വേണം' കാലുകൾ പറിച്ച്, മഴയുടെ വെള്ളിനൂൽ യവനികയ്ക്കപ്പുറത്തേക്ക് മോസസ് ദുരിശത്തിൽ മറയുമ്പോൾ ഉൾഭയം അവളെ പൊതിഞ്ഞു. മഴയുടെ അലർച്ചയിൽ ഗീവറുഗീസ് പുണ്യാളന് ഒരു കോഴിയെക്കൂടി നേർന്നു. പലവഴിക്ക് പുണ്യാളച്ചനിപ്പോൾ നാലു കോഴികൾ കടമായി.

മേഘക്കനപ്പിൽ മുണ്ടക്കയത്ത് പുരയിടത്തിന്റെ കയ്യാല കടന്ന് ഈടിയിറങ്ങവേ, അതുവരെ കണ്ണിൽപ്പെടാത്ത ഒരു പൊത്ത് മോസസിന് മുന്നിൽ തെളിഞ്ഞു. അരണ്ട വെളിച്ചത്തിൽ പൊത്തിൽ നിന്നും മടമടാ വെള്ളമൊഴുകുന്നത് അത്ഭുതം തന്നെ. ഈടി ഇടിഞ്ഞുതാണ് കലക്കവെള്ളം മറിയുന്നു. കഴിഞ്ഞ ദിവസം താൻ കൂടി തച്ചിന്‌പണിഞ്ഞാണ് ഈടി കെട്ടിയത്. അതിടിയുന്ന നൊമ്പരപ്പാടിൽ നോക്കിനിൽക്കെ, കലക്കവെള്ളം ഒന്ന് താണു. പൊത്തിൽ നിന്നും എന്തോ ഉയർന്നു വരുന്ന പോലെ!. കുലകൾ താഴെവച്ച് മോസസ് അതിനടുത്തേക്ക് ചെന്നു.

കർത്താവേ, നിധി.

ഓമക്കായയുടെ രൂപത്തിൽ കറുപ്പിൽ ചെളിപുരണ്ട സ്വർണ്ണക്കട്ട. മണ്ണും വിണ്ണും കണ്ണും വിളങ്ങിയ നേരത്ത് അവിശ്വാസിയാകാതെ വിശ്വാസിയായി മോസസ് നിന്നു. കലക്കവെള്ളത്തിൽ നിന്നും സ്വർണ്ണക്കായ കയ്യിലെടുത്ത് താലോലിച്ചു. കിഴക്കെവിടെയോ ഇടിവെട്ടുന്നതറിഞ്ഞ് ചുറ്റും ആളനക്കമില്ലെന്ന് ഉറപ്പുവരുത്തി നിധി അതേസ്ഥാനത്ത് തിരികെവച്ചു. വെള്ളം ഒഴുകി മാറിയ ഭാഗത്ത് ചെളിവാരി പൊത്തിയശേഷം പടർന്നു കിടന്ന പോച്ച അതിനുമീതെ വലിച്ചിട്ട്, കുലകളുമെടുത്ത് ചന്തയിലേക്ക് പാഞ്ഞു. തിരികെ വരുമ്പോൾ നിധിയെടുത്ത് വീട്ടിൽ കൊണ്ടുപോകുന്ന സുന്ദരനിമിഷലഹരിയിൽ ചന്തയിൽ ആദ്യവില പറഞ്ഞ ആൾക്കുതന്നെ കുലകൾ വിറ്റുമാറ്റി.

തിരികെ എത്തുമ്പോളേക്കും മഴയൊതുങ്ങിമാറിയിരുന്നു. ഇടിഞ്ഞ കയ്യാലഭാഗം പണിക്കാരെയും മഴയേയും പ്രാകികൊണ്ട് കൊക്കോച്ചായൻ പുതുക്കിപ്പണിയുന്നത് നെഞ്ചിടിപ്പോടെ അയഞ്ഞ കണ്ണുകളാൽ നോക്കി മോസസ് വീട്ടിലേക്ക് നടന്നു. മടിയഴിച്ച് പണവും ഉള്ളിലെ രഹസ്യമഴിച്ച് നിധി കണ്ടതും റാഹേലിന് നൽകി. 'അയ്യോ മോസണ്ണാ, നമുക്ക് നിധിയൊന്നും വേണ്ട. അത് മണ്ണിനടിയിൽ ഭൂതം കൊണ്ട് നടക്കുന്നതാ. തട്ടിയെടുത്താൽ ആപത്ത്'.

'ശ്.. തർക്കുത്തരം പറയാതെ കൊച്ചേ, രാത്രിയാകട്ട്. എനിക്കതുമൊത്തം തപ്പിയെടുക്കണം' ചുണ്ടിനു കുറുകെ വിരൽവച്ച് കുരിശുണ്ടാക്കി എൻറെ ദൈവമേ, എന്റെ ദൈവമേ നീയെന്നെ കൈവിടരുതേ എന്ന റാഹേലിന്റെ ആധിയും വ്യാധിയും മോസസ് തടുത്തു.

രാത്രി, ആകാശചന്ദ്രികയിൽ മുണ്ടക്കയത്ത് പറമ്പിൽ മോസസ് പതുങ്ങിപ്പതുങ്ങി കയ്യാലയ്ക്കരുകിൽ താൻ മണ്ണുവാരിപൊത്തിയ ഇടംതേടി. മണ്ണിടിഞ്ഞ ഭാഗമെല്ലാം കൊക്കോച്ചായൻ പണിക്കാരെക്കൊണ്ട് കല്ലടുക്കി കെട്ടിയിരിക്കുന്നു. എങ്കിലും ആ രാത്രി മുഴുവൻ അവൻ മണ്ണുമാന്തൽ തുടർന്നു.

ഉറവയില്ല, പൊത്തുമില്ല. മണ്ണിൻറെ ഗർഭം ശൂന്യം. മോസസ് റാഹേലിനെയോർത്തു. മണ്ണിന്റെ ഗന്ധവും ദേവതാരുവിന്റെ ഉടലും. മണ്ണും മനുഷ്യനും ഒന്നുപോലെ.

ഓട്ടുവിളക്കിന്റെ വെട്ടത്തിൽ സോളമന്റെ ഉത്തമഗീതങ്ങൾ വായിക്കുന്ന റാഹേലിലേക്ക് തളർന്ന മനുഷ്യനായി മോസസ് തിരികെ വന്നുവീണു. 'നമുക്ക് നിധി കാക്കുന്ന ഭൂതത്തിന്റെ ശാപം വേണ്ട മോസണ്ണാ'.
റാഹേലിന്റെ കൊഞ്ചലും കെഞ്ചലും അവനിൽ ആശ്വാസം എത്തിച്ചില്ല. കൺമുന്നിൽ നിധിയുമായി അതിവേഗത്തിൽ ഓടിമറയുന്നൊരു ഭൂതം, കാഴ്ച്ചയെ അകെ മൂടിനിന്നു.

പിറ്റേന്ന്, കെട്ടിവച്ച കയ്യാല വീണ്ടും ഇടിഞ്ഞുകിടക്കുന്നത് കണ്ട കൊക്കോച്ചായൻ ക്രുദ്ധനായി.
'ഏത് പോളീമോനാടാ പിന്നേം മണ്ണിടിച്ചു നിരത്തിയത്!?'
അരുകിൽ ഭവ്യദാസനായി നിന്ന് മോസസ് അഭിപ്രായമിട്ടു; 'പന്നി എറങ്ങിയതായിരിക്കും അച്ചായാ'.
അതുകേട്ട് കൊക്കോച്ചായൻ മണ്ണിൽ പതിഞ്ഞുകിടക്കുന്ന കാൽപ്പാടുകളിൽ നോക്കി ചവിട്ടിത്തുള്ളി; 'പന്നി കാജാബീഡി വലിക്കുമോടാ നത്തെ?'.
ചോദ്യം മോസസിന്റെ വായുടെ പൊത്തടച്ചപ്പോൾ, നെഞ്ചൊന്നിടിച്ചു. ആ മിടിപ്പിന്റെ ആധിയിൽ കണ്ണുകൾ തുറന്നപ്പോൾ താൻ ഉറക്കത്തിലെന്നും അരികിൽ ക്രുദ്ധനായ കൊക്കോച്ചായനല്ല, ശിശുവേപ്പോലെ ശയിക്കുന്ന റാഹേലാണെന്നും തിരിച്ചറിഞ്ഞു.

മേൽപറഞ്ഞതാണ് മോസസിനുണ്ടായ രണ്ട് ദർശനങ്ങൾ. മൂന്നാം ദർശനത്തിന് മുമ്പ് മോസസും റാഹേലും ആരെന്ന് അറിയേണ്ടതുണ്ട്.

ദൈവം മനുഷ്യരെ കൂട്ടിച്ചേർക്കുന്നു

കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയ്ക്ക് വേണ്ടി പോരാടിയ വീരന്മാരിൽ ഒരാളായിരുന്നു പത്മനാഭപുരം മുത്തുവേൽ. അവിടെനിന്നും മുത്തുവണ്ണൻ നാഗർകോവിലിലേക്ക് മാറുകയും പിൻതലമുറക്കാർ ഇംഗ്ലീഷ് മിഷനറിമാരാൽ ജ്ഞാനസ്നാനം പൂണ്ട് ക്രിസ്ത്യാനികളാവുകയും പലദേശങ്ങളിൽ പോയി പാർക്കുകയും ചെയ്തു.

അപ്പനും അമ്മയും ആരെന്നറിയാത്ത മോസസിനെ, ബാല്യത്തിൽ ബന്ധുവായ മൈക്കിളണ്ണൻ ചെങ്കോട്ട, തെന്മല, പുനലൂർ, പത്തനാപുരം വഴി കൂടലിൽ എത്തിച്ചു. അവിടെ, സഹദാപ്പള്ളി പുതുക്കിപ്പണിയാൻ മൈക്കാടായി വന്ന് കണ്ട്രാക്കായി മാറിയ കറമ്പൻ മേശിരിക്ക് ശിങ്കിടിയായി മൈക്കിളണ്ണൻ മോസസിനെ കൈമാറി. കറമ്പൻ മേശിരിയുടെ പിരിച്ച മീശയും ചുവന്ന കണ്ണുകളും പത്മനാഭപുരം മുത്തുവണ്ണന്റെ പിൻതലമുറക്കാരനെ ചകിതനാക്കിയില്ല.

ബാബേൽ ഗോപുരനിർമ്മിതിപോലെ, ചാന്ത് കുഴയ്ക്കാൻ പറഞ്ഞാൽ ചെറുക്കൻ കല്ല് പൊട്ടിക്കും. ചട്ടി എടുക്കാൻ പറഞ്ഞാൽ മണ്ണ് അരിയ്ക്കും. സമയം കിട്ടുമ്പോൾ മലയാളത്തിൽ പഠിച്ച തെറിവാക്കുകൾ പരിശീലിക്കും. കളിച്ചും രസിച്ചും ലക്ഷ്‌മി ടാക്കീസിൽ തമിഴ് സിനിമകൾ കണ്ടും മോസസ് സർവ്വസ്വതന്ത്ര്യത്തോടെ കൂടലിൽ വാണു. കൊക്കോച്ചായന്റെ തൊഴുത്തുകെട്ടാൻ പോയ വഴിക്ക് കറമ്പൻമേശിരി മോസസിനെ മുണ്ടക്കയത്ത് പുരയിടത്തിൽ ദാനം വച്ചു. തെങ്ങേൽ കേറാനും കവുങ്ങേൽ കേറാനും വിദഗ്ദ്ധനായ യൗവനക്കാരനെ കൊക്കോച്ചായൻ അങ്ങേറ്റെടുക്കുകയും ചെയ്‌തു.

ഒരിക്കൽ, കവുങ്ങിൽ പാക്കുപറിക്കാൻ കേറിയിറങ്ങുമ്പോൾ ഉപ്പിട്ട കഞ്ഞിവെള്ളവുമായി വന്നാണ് റാഹേൽ മോസസുമായി ആദ്യം കൊരുത്തത്. ആദ്യ ദർശനത്തിൽത്തന്നെ ഒരൂക്കൻ സൈറ്റടി അവൾക്ക് ദാനം നൽകി. 'പോ പാണ്ടിച്ചെറുക്കാ...' എന്നുപറഞ്ഞ് പഴുക്കാപ്പാക്കെടുത്തെറിഞ്ഞ് പെണ്ണ് ആട്ടിത്തൂറ്റിയെങ്കിലും രാത്രിയായപ്പോൾ തനുവിലും മനസ്സിലും നാഗർകോവിലുകാരന്റെ മുഖം നാഗമായി ഇഴഞ്ഞ് ഉടലുണർന്നു.

പയ്യിന് കാടിവെള്ളം കൊടുക്കാൻ എരുത്തിലിൽ കേറിയപ്പോൾ പുളച്ചിൽ മൂത്ത് റാഹേൽ മൂരിക്കുട്ടനെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്തു. രാത്രികളിൽ നെഞ്ചിലെ അടയ്ക്കാകൾ പഴുത്തുതുടുത്തപ്പോൾ അത് പറിച്ചെടുക്കാൻ ഉന്നതങ്ങളിലേക്ക് മോസസ് കയറിവന്നെങ്കിൽ എന്നവൾ ആശിച്ചു. അടുത്ത ദിവസം കഞ്ഞിവെള്ളം കൊടുക്കുമ്പോൾ അവളും തിരികെ അവനെ സൈറ്റടിച്ചു. രണ്ട് സൈറ്റുകൾ സെറ്റായി നാലാംനാൾ രാവിൽ എരുത്തിലിനോട് ചേർന്ന ചായ്പ്പിൽ റാഹേലും മോസസും ഒന്നായി.

പ്രകൃതിനിയമം തിരിച്ചറിയുന്ന നൽക്കാലികൾ അപായസൂചന വാലാട്ടിയും ചീറ്റിയും അറിയിച്ചിട്ടും റാഹേലിൻറെ തോട്ടത്തിലെ വിളകളെല്ലാം പത്തും അറുപതും നൂറും മേനിയായി മോസസ് കൊയ്തെടുത്തു. കൊക്കോച്ചായന്റെ അടുക്കളപ്പണിക്കാരിയായ ത്രേസ്യാമ്മ ഒരു രാത്രി പെടുക്കാൻ മുറ്റത്തിറങ്ങിയ നേരം അപശബ്ദം കേട്ട് ചായ്പ്പിലേക്ക് ചെന്നു. കുശുമ്പ് മൂത്ത ത്രേസ്യാമ്മ പൂത്തുലഞ്ഞുകിടന്ന നിശാഗന്ധികളെ ഒറ്റി. കൊക്കോച്ചായൻ ഉണർന്നു; പരിവാരങ്ങളും. ഉടുതുണിയഴിഞ്ഞ മോസസിനെ മുറ്റത്ത് നിർത്തി കൊക്കോച്ചായൻ പള്ളുവിളിച്ചു.

'ഫാ, പാണ്ടി പുണ്ടാമോനെ, കൂടൽ ദേശത്ത്, അതും മുണ്ടക്കയത്ത് പറമ്പിൽ കേറി തന്തക്ക് പെറക്കാഴിക കാണിക്കുന്നോ?'
പറമ്പ് കിടുങ്ങി. പരിവാരങ്ങൾ നടുങ്ങി.

ആദ്യ തീ അടങ്ങിയപ്പോൾ മടിയിൽ നിന്ന് ചാർമിനാറെടുത്ത് പുകച്ച് കൊക്കോച്ചായൻ വാടിയ പുഷ്‌പമായി നിന്ന റാഹേലിനോട് ചോദിച്ചു. 'കൊച്ചേ, ഈ പാണ്ടി ചെറുക്കനെ നെനക്ക് കെട്ടണോടീ...??'

'ഉം', തണ്ടുവാടിയ പൂപ്പെണ്ണിന് സമ്മതം.

'ഡാ മോശേ, അവള് പറഞ്ഞ കേട്ടോ? നീയിനി പാണ്ടീലെങ്ങും പോണ്ട. ഈ അയ്യത്ത് ദാണ്ടെ, ആ മൂലയ്ക്ക് കൂരകെട്ടി അവളേം കെട്ടി താമസിക്ക്. എന്താ?'

'ശമ്മതം ശാർ..'

മുണ്ടക്കയത്ത് മുറ്റത്ത് മോസസിന്റെയും റാഹേലിന്റെയും മനസ്സമ്മതം കഴിഞ്ഞനേരത്ത് ത്രേസ്യാമ്മ നിരാശയുടെ നിഴലിൽ അടുത്തുനിന്നവളോട് പിറുപിറുത്ത് കുലുക്കിത്തുള്ളി. 'തമ്മയിച്ചത് നന്നായി. അല്ലേൽ പാണ്ടിയുടെ പുറുങ്ങാ കൊക്കോച്ചായൻ പറിച്ചെടുത്തേനെ.. ങ്‌ഹും’.

ഹവ്വയോട് ആദത്തെയും സാറയോട് അബ്രഹാമിനെയും റബേക്കയോട് ഇസഹാക്കിനെയും ചേർത്ത്, കടൽക്കരയിലെ മണൽത്തരികൾ പോലെയും ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും സന്തതിപരമ്പരകളെ നൽകിയെങ്കിലും മോസസിനോട് ചേർന്ന റാഹേലിൻറെ ഉദരഫലം ദൈവം അനുഗ്രഹീതമാക്കിയില്ല. തന്റെ പ്രിയപെട്ടവൾ അതിസുന്ദരിയെന്നും ലബനോനിലെ ലില്ലിപ്പൂവിന് സമമെന്നും സൗരഭ്യം ഏറുന്നവളെന്നും രുചിച്ചറിഞ്ഞ് മോസസ് പരിഗ്രഹിച്ചെങ്കിലും പത്മനാഭപുരം മുത്തുവേലിൻറെ പിന്മുറക്കാരന് കുഞ്ഞിക്കാൽ പരിഹാരമാകാതെ കിടന്നു. ഗീവറുഗീസ് പുണ്യാളന് കോഴികുഞ്ഞുങ്ങൾ ഒന്നൊന്നായി റാഹേലിനാൽ നേർച്ചകളും നിരന്നു.

ഇതത്രേ ദൈവം യോജിപ്പിച്ചവരുടെ
ഇതുവരെയുള്ള ജീവിതം.

ളയ മകൻ അയർലണ്ടുകാരൻ ഫിലിപ്പിന് വീടുപണിയുന്നതിന് മുന്നോടിയായി പറമ്പിൽ കിണർ കുഴിക്കുവാൻ കൊക്കോച്ചായൻ തീരുമാനിച്ചു. കഞ്ചാവ് കുട്ടച്ചൻ സ്ഥാനം കണ്ട സ്ഥലത്ത്, പണിക്കാരെ കയ്യും മെയ്യും മറന്നു പണിയിപ്പിക്കാൻ മോസസ് മുന്നിൽ നിന്നു. ഭൂമിയുടെ ആഴത്തിലേക്ക് തൊടികൾ ചിത്രം വരച്ചുവരച്ച് താഴ്ന്നിട്ടും നീരനക്കമായില്ല. കുട്ടച്ചനാകട്ടെ, ആകാശത്തിന്റെയും ഭൂമിയുടെയും സ്ഥാനംപിടിച്ച് കൈഞൊടിച്ച് ഉറപ്പിച്ചു. 'കൊക്കൊച്ചായാ, നാല് തൊടികൂടി എറങ്ങിയാൽ.. ആണ്ടിങ്ങോട്ട് നോക്കിയേ, ഉറവപൊട്ടിയിരിക്കും'.

കിണർപണിയുടെ ക്ഷീണത്തിൽ കിടക്കയിൽ രാത്രി ലില്ലിക്കാടുകൾക്കിടയിൽ പരതുമ്പോളാണ് മോസസ് അരുളപ്പാടുപോലെ പറഞ്ഞത്. 'റാഹേല്കൊച്ചേ, ശത്യമായിട്ടും മുണ്ടക്കയത്ത് പറമ്പിൽ നിധിയൊണ്ട്, അതച്ചട്ടാ. ഭൂതം അത് അവിടേം ഇവിടേം കൊണ്ടുനടക്കുവല്ലിയോ'. അവളതിന് 'ഉം' എന്നൊരുത്തരം മാത്രം നൽകി തിരിഞ്ഞുകിടന്നു. 'എൻറെ പ്രിയേ, നീയെത്ര സുന്ദരി. നിൻറെ കേശഭാരവും ദന്തനിരകളും മാതളപ്പഴത്തിന് സമാനമായ കവിളുകളും ഗോപുരം കണക്കെയുള്ള ശിരസ്സും എനിക്കുള്ളത്'. ആശങ്കയിലും നിധിയേക്കാൾ രാത്രി വായിച്ച ഉത്തമഗീതങ്ങളാണ് അവളാഗ്രഹിച്ചത്.

നിധിയുടെ ഭീതി റാഹേലിൻറെ ചിന്തയിലെ ഗൊൽഗോഥായാകുവാൻ* കാരണം, തലമുറകൾ ചങ്ങലക്കണ്ണിയിട്ട് തുടരുന്ന കഥകളാണ്.

പണ്ടൊരിക്കൽ, അയൽരാജ്യാക്രമണഭീതി നാട്ടിൽപ്പരന്നു. നസ്രാണികൾ പേടിച്ച് മുണ്ടക്കയത്ത് തറവാട്ടിലും ആദ്യത്തെ സഹദാപള്ളിയിലും ഒത്തുകൂടി. പുല്ലും ഓലയും മുളയും ചേർന്ന അൾത്താരയ്ക്ക് മുമ്പിൽ ശത്രുവിൽനിന്നും രക്ഷയ്ക്കായി ഭക്തജനങ്ങൾ സങ്കീർത്തനങ്ങളാൽ നെഞ്ചത്തടിച്ചുകേണ് കഠിനനോമ്പുനോറ്റു.

ജീവനും സ്വത്തും നഷ്ടമാകുന്ന ദിനമോർത്തവർ കരഞ്ഞു. കുഞ്ഞുകുട്ടിആബാലവൃദ്ധം കയ്യിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ മുഴുവൻ പകലോമറ്റം പാരമ്പര്യമുള്ള മുണ്ടക്കയത്ത് കാരണവരെ ഏൽപ്പിച്ചുവത്രെ. കാരണവർ സ്വർണ്ണമെല്ലാം ഉരുക്കി കുഴവിരൂപത്തിലാക്കി അതിനുമുകളിൽ കരിതേച്ച് ഒളിച്ചുവച്ചു.

നാട്ടുകാർ ഭയന്ന ദിനമെത്തി. രാജ്യം രാജ്യത്തോടും ജനത ജനതയോടും യുദ്ധം. സഹദാപള്ളി കത്തിക്കപ്പെട്ടു. മുണ്ടക്കയത്ത് തറവാട്ടുമുറ്റത്ത് അഭയത്തിനായി ഓടിക്കൂടിയവരുടെ കബന്ധങ്ങൾ പിടഞ്ഞു. യുദ്ധവെറിയന്മാർ ജീവനുള്ളതും ഇല്ലാത്തതുമായ ശരീരങ്ങൾ പറമ്പിലെ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിച്ചു. അതുകണ്ട കാരണവർ ഉന്നതങ്ങളിലേക്ക് കണ്ണുകളുയർത്തി ഹൃദയവേദനയോടെ ആ കിണറ്റിലേക്ക് എടുത്തുചാടി. ചാടുമ്പോൾ സ്വജനകളുടെ സമ്പത്ത് ചുവന്നതുണിയിൽ കുഴവിരൂപത്തിൽ നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു.

ശത്രുക്കൾ കിണറ്റിലേക്ക് കല്ലും മണ്ണുമിട്ട് മൂടി. ജീവനും വിലാപവും മരണവും മണ്ണിലമർന്നു. പിന്നീട്, ധർമ്മരാജയുടെ കാലത്താണ് ദൂരെദേശത്തെവിടെയോ ഒളിവിൽക്കഴിഞ്ഞിരുന്ന മുണ്ടക്കയത്ത് തറവാട്ടിലെ ഒരു സന്താനം തിരികെവന്ന് കാടുപിടിച്ചു കിടന്നിരുന്ന ഭൂമി വൃത്തിയാക്കി താമസമാക്കിയത്. ജീവനുകൾ കുഴിച്ചുമൂടപ്പെട്ട പൊട്ടക്കിണറും നിധിയും കണ്ടെത്താൻ തലമുറകൾ ശ്രമിച്ചിട്ടും നടന്നില്ല. കേൾക്കുന്നത് വെറുമൊരു ഐതീഹ്യമാണെന്നും മുണ്ടക്കയത്തുനിന്നും കുടിയേറിപ്പാർത്ത നസ്രാണികുടുംബക്കാർ വീരവാദം പറയുന്നതാണെന്നും പുതുതലമുറ കളിയാക്കി ചിരിച്ചു.

ഭീതിയും ദുരൂഹതയും പറിഞ്ഞുപോകാത്ത ഈ കഥകളൊക്കെ അമ്മയിൽ നിന്നും കേട്ടുവളർന്നതാണ് റാഹേൽ. അന്ന് മരിച്ച ആത്മാക്കൾ ഈ പറമ്പിൽ അലഞ്ഞുതിരിയുന്നുണ്ടെന്നും നിധി മണ്ണിനടിയിൽ നിന്നും ഏതോ ഭൂതം തട്ടിക്കൊണ്ടുപോയെന്നും പലസ്ഥലങ്ങളിൽ, പലരൂപത്തിൽ പലരും നിധി കണ്ടിട്ടുണ്ടെന്നും കൈക്കലാക്കാൻ ശ്രമിച്ചാൽ, തലമുറ മുച്ചൂടും മുടിഞ്ഞുപോകുമെന്നും തങ്ക മകളോട് വിവരിച്ചിട്ടുണ്ട്. അതിനാലാണ് നിധിയെന്ന് കേൾക്കുമ്പോൾ കാലത്തിൻറെ മുൾക്കിരീടം റാഹേലിൻറെ ശിരസ്സിലേക്ക് നിപതിയ്ക്കുന്നത്.

മൂന്നാം ദർശനം

രാത്രി മോസസിന് വീണ്ടും ദർശനം കിട്ടി. മുണ്ടക്കയത്ത് പറമ്പിലെ കിണറിന്റെ അവസാന തൊടി കഴിയുമ്പോൾ പൊട്ടുന്ന നീരുറവയിൽ ഭൂതം താഴ്ത്തിക്കൊണ്ടുപോയ നിധി തെളിയുന്നു; കുഴവിരൂപത്തിൽ!. പിക്കാസിന്റെ വെട്ടിൽ 'ക് ണിം' ശബ്‌ദം മുഴങ്ങി. കുഴഞ്ഞ മണ്ണിൽ നിധി തിളങ്ങി. അതെടുത്ത് വൃത്തത്തിൽ മുകളിൽ കാണുന്ന ആകാശത്തേക്ക് കണ്ണുകൾ ഉയർത്തി കൊക്കോച്ചായനിലേക്ക് നോക്കവേ, സ്വപ്നമകന്ന് പുറത്ത് രാത്രിയും അരികെ റാഹേലും മാത്രമുള്ള കിടക്കയിലേക്കവൻ തിരിച്ചെത്തി.

മോസസിൽ ആദ്യമായി ഭീതിപിടഞ്ഞു.

എന്തുകൊണ്ടാണ് സ്വപ്‌നങ്ങൾ ഒരിക്കലും പൂർത്തിയാകാത്തത്?. അപൂർണ്ണത അപായമാണോ?. കാജാബീഡി പുകച്ചെറിഞ്ഞ്, റാഹേലിനെ പറ്റിച്ചേർന്ന് കിടക്കുമ്പോൾ മോസസിൻറെ കണ്ണുകൾ തുടിയ്ക്കുന്നുണ്ടായിരുന്നു.

കാണാത്ത ദർശനം

ഉഷസ്സ്.
റാഹേലിനോട് മാത്രം പറഞ്ഞാൽ മനസ്സിലെ അഗ്നിപർവ്വതം തണുക്കില്ല. നേരം വെളുത്ത്, പണി തുടങ്ങുന്നതിന് മുമ്പ് മോസസ് രഹസ്യമായി, കൊക്കോച്ചായനോട് പലപ്പോഴായി താൻ കണ്ട ദർശനങ്ങൾ ധരിപ്പിച്ചു. 'നീ ഇത് ആരോടേലും പറഞ്ഞോ മോശെ?' കാർന്നോർ കൗതുകവും കൗശലവും ബീഡിപ്പുകയ്‌ക്കൊപ്പം ഊതി.

'അവളോട് മാത്രം പറഞ്ഞ്'
'പൊത്തുവരുത്തമുണ്ട്, അവൾ നമ്മടെ കൊച്ചല്ലിയോ'
കാലത്തികവിൽ കൊക്കോച്ചായന് അടുക്കളക്കാരി തങ്കയിലുണ്ടായ കൈക്കുറ്റപ്പാടാണ് റാഹേൽ എന്ന രഹസ്യം മോസസിൽ മിന്നായംപോലെയൊന്ന് പാഞ്ഞു.

'ഇനി നീയും ഞാനും മാത്രം കിണർ കുത്തിയാ മതി'. ഇതും പറഞ്ഞ് മറ്റെല്ലാ പണിക്കരെയും കുടിശ്ശിക തീർത്ത് കൊക്കോച്ചായൻ പറഞ്ഞുവിട്ടു. മോസസ് കിണറ്റിനകത്തും കാർന്നോർ പുറത്തും പകൽ പണി തുടർന്നു. ചീങ്ക വെട്ടി അവൻ ഇരുമ്പ് തൊട്ടിയിൽ നിറയ്ക്കും. മുകളിൽ നിന്ന് കാർന്നോർ വലിച്ചുകേറ്റും. ഇടയ്ക്കിടെ അകത്തേക്ക് തൊട്ടിയോടൊപ്പം ചോദ്യങ്ങളും വീഴും.

'മോശെ..?'
‘ഓ…'
'വെള്ളം കണ്ടോടാ?'
'ഇല്ല'
'വേറെ വല്ലോം…’
'ഇല്ലേ'

പകൽ പലവട്ടം മുകളിൽ നിന്ന് ചോദ്യവും താഴെനിന്ന് ഉത്തരവും കയറിയിറങ്ങി. വെയിൽ താണപ്പോൾ ഇരുവരും തളർന്നു. ഇനി ബാക്കി നാളെ എന്ന് നിരൂപിച്ച് മോസസ് അവസാനവെട്ട് വെട്ടുമ്പോൾ അതേ ശബ്‌ദം! 'ക് ണിം'. ഉള്ള് പിടച്ചു. കാലിനു താഴെ നീരുറവപൊട്ടുന്നു!. അവൻ ആർത്തിയോടെ നനഞ്ഞുകുതിരുന്ന മണ്ണിലേക്ക് കൈകൾ താഴ്ത്തിയപ്പോൾ... നിധി?

'വല്ലോം കണ്ടോടാ?'
'കണ്ടേ'
'കണ്ടോ..?'
'കണ്ടു കൊക്കൊച്ചായാ, കണ്ടു. ദാണ്ടേ ഇങ്ങോട്ട് നോക്കിയേ.’

ആഴത്തിൽ നിന്ന് മോസസ് ഉയർത്തിക്കാണിച്ചത് കാർന്നോർക്ക് കൃത്യമായില്ല.

'എന്നാലത് തൊട്ടിയിൽ കേറ്റിയിങ്ങ് വിടെടാ' കൊക്കോച്ചായനിൽ ദുരിശം.

മോസസിന് സംശയം. കാർന്നോർ നിധി കൊണ്ടുപോകുന്ന ഭൂതമാകുമോ? പറ്റിക്കുമോ? വിഹിതം തരാതെ ചതിക്കുമോ? ഏയ്, ഒരിക്കലുമില്ല. പാണ്ടിനാട്ടിൽ നിന്ന് വന്നപ്പോൾ ജോലി, വീട്, പെണ്ണ്... എല്ലാം തന്നത് ആരാ? മുണ്ടക്കയം കൊക്കോച്ചായൻ പള്ളിപ്രമാണി മാത്രമല്ല, സത്യക്രിസ്ത്യാനിയുമാണ്.

'പെട്ടെന്ന്... പെട്ടെന്നാട്ടെടാ', മുകളിൽ നിന്നും കേട്ട ശബ്ദത്തിൽ മോസസ് കയ്യിലിരുന്ന നിധി തൊട്ടിയിൽ കേറ്റിവച്ച് ഒച്ചയിട്ടു. തൊട്ടി മുകളിലേക്ക് ഉയർന്നു. പിന്നാലെ തലയിൽ തോർത്ത് കെട്ടി അവനും തൊടികൾ ചവിട്ടിക്കയറുവാനാരംഭിച്ചു. 'കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ മലയോട് ഇളകുവാൻ പറഞ്ഞാൽ അനുസരിക്കും'. റാഹേലിന്റെ വാക്കുകൾ അവനെ തഴുകി.

കപ്പിയിലൂടെ വലിച്ചുകയറ്റിയ നിധി മുറ്റത്തെ പൈപ്പുവെള്ളത്തിൽ കൊക്കോച്ചായൻ കഴുകി. സായന്തനത്തിൽ സൂര്യന് തളിർചുവപ്പ്. മങ്ങിയ വെട്ടത്തിൽ തോളിൽ കിടന്ന തോർത്തിനാൽ സ്വർണ്ണക്കുഴവി മറച്ചുപിടിച്ച് കാർന്നോർ കിണറ്റിനുള്ളിലേക്ക് കണ്ണിറക്കി. തൊടികളിൽ കൈകളൂന്നിയൂന്നി മോസസ് മുകളിലേക്ക് കയറിവരുന്നു. കൊക്കോച്ചായന്റെ കണ്ണിൽ അൽപം മഞ്ഞവെളിച്ചം പരന്ന് കാഴ്ച മങ്ങി. ഒന്നുകൂടി താഴേക്ക് നോക്കിയിട്ട് ധൃതിയിൽ ഇരുമ്പുതൊട്ടിയിൽ വലിയൊരു കല്ലെടുത്തുവച്ച്, കയറിലൊന്ന് അമർത്തിപ്പിടിച്ചു. പിന്നെ കൈവിട്ടു. കപ്പിയിൽ നിന്നും കയറും നിറതൊട്ടിയും അതിവേഗം താഴേക്ക്.... താഴേക്ക്, താഴേക്ക്.

'കൊക്കൊച്ചായോ? അയ്യോ... ന്റെ റാഹേലേ…'

കിണറ്റിൽ, മോസസിൽ നിന്നുയർന്ന അവസാനനിലവിളിയിൽ സൂര്യൻ ഇരുണ്ടു. പള്ളിസെമിത്തേരിയിൽ നിത്യശയങ്ങൾക്കുമീതെ വശവൻ കിളിയുടെ മൂളലിൻറെ പ്രകമ്പനം.

'പുതുജീവൻ നിന്നോടുകൈക്കൊണ്ടാരാക്കൈകൾ
അവസാനദിനേ വിധിസമയത്തെരി-
തീയിൻ രൂക്ഷതിയിങ്കൽ ഞെട്ടീടല്ലേ
നിൻശൈത്യം കൊണ്ടവതാനേ-
ഹാലേലുയ്യ, നീട്ടപ്പെടണേ'

സഹദാപ്പള്ളിയിലെ കുർബ്ബാനാന്ത്യത്തിലെ പ്രൊമിയോൻ-സെദറായുടെ അവസാനവരികളും കഴിഞ്ഞപോലെ ഇളംകാറ്റിലും ഇളകാതെ ദേവാലയത്തിലെ തിരശ്ശീല ചലനമറ്റങ്ങനെകിടന്നു.

തെല്ലകലെ, മണ്ണെണ്ണ വിളിക്കിനുചുറ്റും കരിഞ്ഞുനാറുന്ന കരിംചെള്ളുകളെ തട്ടിക്കളഞ്ഞ് റാഹേൽ വേദപുസ്തകവായന തുടരുകയാണ്. 'എൻറെ പ്രാണപ്രിയൻ തൻറെ ഉദ്യാനത്തിലേക്ക്, സുഗന്ധദ്രവ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയി. അത് തന്റെ ആട്ടിൻപറ്റത്തെ മേയ്ക്കാനും ലില്ലിപ്പൂക്കൾ ശേഖരിക്കാനും തന്നെ....'

ഇരുൾ ഭൂമിയെ മുച്ചൂടും ഭുജിച്ചപ്പോൾ മുണ്ടക്കയത്ത് പറമ്പിൽ മുണ്ടിനുള്ളിൽ ഒളിപ്പിച്ച വിധിയുമായി കൊക്കോച്ചായൻ പത്തായപ്പുരയിലേക്ക് ഭൂതം കണക്കെ നടന്നു. അയാളുടെ കാലുകളും കൈകളും വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

(*ഗൊൽഗോഥാ: യേശുവിനെ ക്രൂശിച്ച സ്ഥലം. തലയോടിടം എന്ന് അർഥം. കാൽവറി എന്നും അറിയപ്പെടുന്നു).


Summary: Nidhi, a Malayalam short story by Joy Daniel.


ജോയ് ഡാനിയേൽ

കഥാകൃത്ത്. ഖിസ്സ-01, ഖിസ്സ-02 എന്നീ കഥാസമാഹാരങ്ങുടെ എഡിറ്റർ. പുക്രൻ (നോവൽ), അമ്മിണിപ്പിലാവ് (കഥാസമാഹാരം) എന്നിവ പുസ്തകങ്ങൾ. ദുബായിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്നു.

Comments