മുസ്തഫ ദേശമംഗലം

നിലാവിന്റെ ചായ

‘‘ഡോ. കോപ്പേ, നീയെപ്പോഴെങ്കിലും യുക്തിയിൽ നിന്ന് സംസാരിച്ചിട്ടുണ്ടോ?”

“നിന്റെ എല്ലാ വിലയിരുത്തലുകളും അലങ്കരിച്ച അത്യുക്തികളാണ്. സാമാന്യബോധത്തോട് ചേർന്നുനിൽക്കുന്ന എന്തെങ്കിലും പറ.”

മറ്റാരുമല്ല, എന്നിലെ എന്നോടുള്ള സംഭാഷണമാണിത്.

വിചിത്രമായ കഥകൾ തേടിപ്പോവുകയും അവയെ തേച്ചുമിനുക്കുകയും ചെയ്യുന്നതിൽ അമിതതാൽപര്യമുള്ള എന്നിലെ എന്നെ ഞാൻ പലപ്പോഴും പരിഹസിക്കാറുണ്ട്. ചിലപ്പോൾ വഴക്കിടും. “കുറച്ചൊന്ന് അടങ്ങിയിരിക്ക്,” എന്ന് പറയും... പക്ഷേ ചിലപ്പോഴൊക്കെ അവൻ അതൊന്നും കേൾക്കാറില്ല. അങ്ങനെയാണ് നമ്മിലെ നമ്മൾ തമ്മിൽ ആഭ്യന്തര കലഹം സംഭവിക്കാറുള്ളത്.

ഞാൻ കാണുന്ന ലോകങ്ങളിൽ പലതും യുക്തിയുടെ നേർവരകളിൽ ഒതുങ്ങാറില്ല. അതേസമയം, അവയ്ക്ക് അത്യുക്തിയുടെ ചിറകുകളുമില്ല. എനിക്ക് പരിചിതമായതിലും വലുതാണ് ഞാൻ കാണുന്ന ലോകം എന്നതാണ് പ്രശ്നം. അതിനെ എന്നിലെ എന്നോടോ, പുറത്തുള്ള ചങ്ങാതിമാരോടോ കൃത്യമായി ബോധ്യപ്പെടുത്താൻ കഴിയാത്തതുകൊണ്ടാവാം, യുക്തിയെന്നും അത്യുക്തിയെന്നും വേർതിരിച്ച് അതിനെ വായിക്കാൻ ഇന്നും എനിക്ക് സാധിക്കാത്തത്.

വല്ലാത്തൊരു അന്തഃസംഘർഷമാണിത്.
എന്തെങ്കിലുമാകട്ടെ, പുല്ല്.

ഞാനിതൊന്നും ഇപ്പോൾ കാര്യമായി എടുക്കുന്നില്ല. ആലോചിച്ച് തല പുണ്ണാക്കാനും വയ്യ. കാരണം പുസ്തകങ്ങൾ പെരുകി. ഗാഡ്ജറ്റുകൾ പെരുകി. ആപ്പുകൾ പെരുകി. നോട്ടിഫിക്കേഷനുകളുടെ പെരുമഴയായി. വിവരങ്ങളിലേക്കുള്ള വഴികൾ പെരുകിയപ്പോൾ, ജിജ്ഞാസയ്ക്കായി മാറ്റിവെക്കാനുള്ള സമയം കുറഞ്ഞു. ജീവിച്ചുപോകാനുള്ള തിരക്കിൽ പല ചോദ്യങ്ങളെയും ജീവനോടെ കുഴിച്ചുമൂടുന്നത് ഞാനിപ്പോൾ ശീലമാക്കിയിരിക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും  ചില ചോദ്യങ്ങൾ മണ്ണിനടിയിൽ കിടക്കാൻ തയ്യാറായില്ല.

അവ വീണ്ടും കൈ പുറത്തിട്ടു.
ചിലത് ഗന്ധങ്ങളായി തിരിച്ചുവന്നു.
ചിലത് ശബ്ദങ്ങളായി.
ചിലത് മുഖങ്ങളായി.
അങ്ങനെയാണ് നിലാവ് എന്നെ പിടികൂടിയത്.

“നിലാവ് ആരാണ്?”
നിലാവിന് രാത്രിയെ പേടിയുണ്ടായിരുന്നില്ല.

രാത്രി പന്ത്രണ്ടു കഴിഞ്ഞാൽ നാടും നഗരവും പതുക്കെ പുരുഷന്മാരുടെ ശബ്ദത്തിലേക്ക് മാറും. ആ സമയത്താണ് അവൾക്ക് ചായ കുടിക്കാൻ തോന്നുക. മഴയാണെങ്കിലും കുടയെടുക്കില്ല. വെളിച്ചവും ഇരുട്ടും മാറിമാറി വീഴുന്ന വഴികളിലൂടെ അവൾ ഒറ്റയ്ക്ക് നടക്കും. ചിലപ്പോൾ കാണുന്ന വാഹനങ്ങൾക്ക് കൈകാണിച്ച് ഹിച്ച് ഹൈക്കിങ് ഹരമാക്കും. വാഹനത്തിൽ കയറിയ ആദ്യ നിമിഷങ്ങളിൽ തന്നെ ഒരു കാര്യം അവൾ വ്യക്തമാക്കും, എവിടെ ഇറങ്ങണം, എങ്ങനെ പെരുമാറണം, അതിരുകൾ എവിടെയാണ്. അതൊന്നും മനസ്സിലാകാത്തവർക്ക് അവളുടെ കൈയിൽ മറുപടികളുമുണ്ടായിരുന്നു. രാത്രി അവൾക്ക് ഭയത്തിന്റെ സമയമല്ല, സ്വാതന്ത്ര്യത്തിന്റെ യാമമായിരുന്നു.

സ്ത്രീകളെക്കുറിച്ച് ലോകം എഴുതിവെച്ച നിയമങ്ങൾ വായിച്ചല്ല അവൾ ലോകത്തെ കണ്ടത്. അവളുടേതായ ശൈലിയിലായിരുന്നു അവളുടെ നോട്ടം. സ്വന്തം ശരീരവും സ്വന്തം നടപ്പും കൊണ്ടാണ് അവൾ ലോകത്തെ അളന്നത്. അതുകൊണ്ടാകാം, പലരും സ്വാഭാവികമായി അംഗീകരിച്ചിരുന്ന വിലക്കുകൾ അവൾക്ക് ഒരിക്കലും സ്വാഭാവികമായി തോന്നാതിരുന്നത്.

കുഗ്രാമത്തിന്റെ ഓരത്തുള്ള ഒരു വീട്ടിലാണ് നിലാവ് വളർന്നത്. പത്തടി മാറിയാൽ അപ്പുറം നഗരമാണ്. മുനിസിപ്പാലിറ്റിയും പഞ്ചായത്തും അതിർത്തി വരച്ചിട്ടിരിക്കുന്ന ഇടം. അവിടെ അമ്മയുടെയോ അച്ഛന്റെയോ ജ്യേഷ്ഠന്റെയോ ഭാഗത്തുനിന്ന് അവൾക്ക് പ്രത്യേക വിലക്കുകളൊന്നും ഉണ്ടായിരുന്നില്ല. അതേപോലെ, അവൾക്കായി വേറിട്ടൊരു കാവലും ഉണ്ടായിരുന്നില്ല. ആരോടാണ് സംസാരിക്കേണ്ടത്, എവിടെയാണ് പോകേണ്ടത്, എപ്പോൾ തിരിച്ചെത്തണം എന്നിത്യാദിയൊന്നും അവളുടെ ജീവിതത്തെ ചുറ്റിവരച്ച രേഖകളായിരുന്നില്ല. അച്ഛനുമമ്മയും  അറിഞ്ഞിട്ട പേരാണെന്ന് തോന്നുന്നു; ‘നിലാവ്’.

മഴയാണെങ്കിലും കുടയെടുക്കില്ല. വെളിച്ചവും ഇരുട്ടും മാറിമാറി വീഴുന്ന വഴികളിലൂടെ അവൾ ഒറ്റയ്ക്ക് നടക്കും.
മഴയാണെങ്കിലും കുടയെടുക്കില്ല. വെളിച്ചവും ഇരുട്ടും മാറിമാറി വീഴുന്ന വഴികളിലൂടെ അവൾ ഒറ്റയ്ക്ക് നടക്കും.

എല്ലാവരോടും ഒരേ സ്നേഹം പങ്കുവെച്ചാണ് അവൾ വളർന്നത്. ആ സ്നേഹത്തിന് ആൺ- പെൺ വേർതിരിവുകളുണ്ടായിരുന്നില്ല. പരിചയക്കാരനും അപരിചിതനും തമ്മിലുള്ള മതിലുകളും അവളുടെ ലോകത്ത് കാണാനില്ലായിരുന്നു. ജോലിക്കാരായ അച്ഛനും അമ്മയും ജ്യേഷ്ഠനും ചേർന്ന ആ വീട്ടിൽ, ജീവിതം തന്നെ അവൾക്ക് ഒരു തുറന്ന അനുഭവമായിരുന്നു. അതുകൊണ്ടുതന്നെ അവൾക്ക് ലോകം ഒരിക്കലും ഒരു അടച്ച മുറിയായി തോന്നിയില്ല. ഒരു തുറന്ന മൈതാനമായിരുന്നു.

ഈ ജീവിതസംക്രമണത്തിനിടയിൽ നിന്നാണ് അവൾ കോളേജ് പഠനത്തിലേക്ക് നടന്നുകയറിയത്. അവളുടെ കാഴ്ചയിൽ കോളേജ് എന്നത് പുതിയൊരു പാഠ്യവിഷയവും പുതിയൊരു ക്ലാസും മാത്രമായിരുന്നു. അതിലപ്പുറം ഒരു സ്ഥാപനത്തിന്റെയോ അതിന്റെ അച്ചടക്കങ്ങളുടെയോ അധികാരഭാഷയുടെയോ മുൻപരിചയം അവൾക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവിടെ ശീലമായിരുന്ന പല പൊതുനിയമങ്ങളും അവൾക്ക് സ്വാഭാവികമായി പുതിയതായിരുന്നു.

ആദ്യ ദിവസം അവൾ കണ്ടത് ക്ലാസ് മുറിയായിരുന്നില്ല. അച്ചടക്കത്തെക്കുറിച്ചുള്ള മതിലുകളിലെ ഉപദേശങ്ങളായിരുന്നു. പഞ്ചായത്തിലെ സർക്കാർ സ്കൂളിലായിരുന്നു അവളുടെ പഠനം. അവിടെ സൗഹൃദങ്ങൾക്ക് ആൺ-പെൺ അതിരുകൾ ഉള്ളതായി അവൾ കണ്ടിട്ടില്ല. വീട്ടിലും അതിഥികളെ ആൺ, പെൺ എന്ന വേർതിരിവിൽ സ്വീകരിക്കുന്ന പതിവ് അവളുടെ കണ്മുന്നിലില്ലായിരുന്നു.

ഡിഗ്രി ക്ലാസിൽ അവൾക്ക് ഒറ്റപ്പെട്ടതുപോലെ തോന്നി. എങ്കിലും, “ഒരുപക്ഷേ ഈ ലോകത്തിന്റെ രീതി ഇങ്ങനെയായിരിക്കാം,” എന്ന് കരുതി അവൾ സ്വയം ആശ്വസിച്ചു. പക്ഷെ ഇടവേളകളിൽ അവൾക്ക് ആ അതിരുകളൊന്നും ഓർമ്മയുണ്ടായിരുന്നില്ല. ആൺകുട്ടികളോടും പെൺകുട്ടികളോടും ഒരുപോലെ സംസാരിക്കുകയും തമാശകൾ ഇറക്കുകയും ചെയ്തു. 

അവൾക്കുചുറ്റും എപ്പോഴും ഒരു പ്രത്യേക ഊർജ്ജമുണ്ടായിരുന്നു. ആരെയും പ്രത്യേകം ആകർഷിക്കാൻ ശ്രമിക്കാതിരുന്നിട്ടും  അവൾക്കരികിലേക്ക് ആളുകൾ സ്വാഭാവികമായി വന്നുചേരും. ചിരിയിലും സംസാരത്തിലും നടപ്പിലും വന്യമായ ഒരു സ്വാതന്ത്ര്യത്തിന്റെ താളമുണ്ടായിരുന്നു. വിചിത്രമായ ഒരു വൈബ് ആണ് അവൾ പ്രസരിപ്പിച്ചിരുന്നത്. ഒരാഴ്ചത്തെ ക്യാമ്പസ് ജീവിതത്തിനിടെ അവൾക്ക് ലഭിച്ച മികച്ച സൗഹൃദങ്ങൾ സീനിയേഴ്സ് ആയ ആൺകുട്ടികളുമായുള്ളതായിരുന്നു. ഒടുവിൽ ഹോസ്റ്റൽ സെറ്റ് ആയി. കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ഹോസ്റ്റലിലേക്ക് മാറേണ്ട ദിനം ആഗതമായി.

ഹോസ്റ്റലിലെ ആദ്യ സായാഹ്നം.
പുതുതായി ഹോസ്റ്റലിലെത്തിയവരെയെല്ലാം വാർഡൻ ഒരു മുറിയിലേക്ക് വിളിച്ചുകൂട്ടി. പരിചയപ്പെടലിനോ സ്വാഗതം ചെയ്യുന്നതിനോ വേണ്ടിയുള്ള ഒത്തുചേരലായിരിക്കുമെന്നാണ് നിലാവ് കരുതിയത്. 

“വൈകുന്നേരം ഏഴുമണിക്ക് ഗേറ്റ് അടയ്ക്കും.”
“ആരും ഒറ്റയ്ക്ക് പുറത്തിറങ്ങരുത്.”
“ഹോസ്റ്റലിൽ അച്ചടക്കവും മാന്യതയും പാലിക്കണം.”
“പെൺകുട്ടികളുടെ മാനമാണ് അവരുടെ ഏറ്റവും വലിയ സമ്പത്ത്.”
“ഈ കോളേജിന്റെ പേര് കളയുന്ന ഒരു പ്രവൃത്തിയും ഇവിടെ ഉണ്ടാകാൻ പാടില്ല.”

ഒരാഴ്ചത്തെ ക്യാമ്പസ് ജീവിതത്തിനിടെ അവൾക്ക് ലഭിച്ച മികച്ച സൗഹൃദങ്ങൾ സീനിയേഴ്സ് ആയ ആൺകുട്ടികളുമായുള്ളതായിരുന്നു. ഒടുവിൽ ഹോസ്റ്റൽ സെറ്റ് ആയി.
ഒരാഴ്ചത്തെ ക്യാമ്പസ് ജീവിതത്തിനിടെ അവൾക്ക് ലഭിച്ച മികച്ച സൗഹൃദങ്ങൾ സീനിയേഴ്സ് ആയ ആൺകുട്ടികളുമായുള്ളതായിരുന്നു. ഒടുവിൽ ഹോസ്റ്റൽ സെറ്റ് ആയി.

വാർഡന്റെ വാചകങ്ങൾ തുടങ്ങുന്നത് 'പെൺകുട്ടികൾ...' എന്ന വാക്കിൽ നിന്നാണെന്ന കാര്യം ആ രാത്രിയാണ് നിലാവ് ആദ്യമായി മനസ്സിലാക്കിയത്. വാർഡന്റെ ക്ലാസ്, നിയമങ്ങളെക്കുറിച്ചായിരുന്നില്ല. ഭയത്തെക്കുറിച്ചായിരുന്നു. പക്ഷേ, നിലാവ് വാർഡനെ തൂക്കാൻ തീരുമാനിച്ചു.

അടുത്ത ദിവസം രാവിലെ വാർഡൻ ഉണരുമ്പോൾ  മുറിയിലെ മേശപ്പുറത്ത് ഒരു ചായ ഉണ്ടായിരുന്നു.

“ഇതാരാ കൊണ്ടുവന്നത്?”
“ഞാൻ,” നിലാവ് പറഞ്ഞു.
“എന്തിനാ?”
“മാഡം രാവിലെ ചായ കുടിക്കാതെ റൗണ്ടിന് പോകുന്നത് കണ്ടു.”
ഈ ചായ പതിവായി.

വാർഡന്റെ മുറിയിലെ ചെടികൾക്ക് വെള്ളം ഒഴിക്കുക. അവരുടെ സുഖവിവരങ്ങൾ അന്വേഷിക്കുക, മരുന്ന് വാങ്ങിക്കൊടുക്കുക. വീട്ടിൽ നിന്ന് കൊണ്ടുവന്ന പലഹാരം മുന്നിൽ നിരത്തി വയ്ക്കുക. റൗണ്ടിന് ഇറങ്ങുമ്പോൾ ഒപ്പം നടക്കുക. ഒന്നും വലിയ കാര്യങ്ങളായിരുന്നില്ല. എല്ലാം അവൾ സ്വാഭാവികമായി ചെയ്യുന്നതായിരുന്നു. 

വാർഡനും പതുക്കെ നിലാവിനെ ഇഷ്ടപ്പെടാൻ തുടങ്ങി. അവളോട് അലിവുള്ളവളായി. അതായത്, മറ്റുള്ളവരോട് കയർക്കുന്നത്ര അവളോട് കയർക്കാറില്ലെന്ന് മാത്രം. നിലാവ് നിയമങ്ങൾ അനുസരിക്കുന്നതുകൊണ്ടല്ല അത്. നിയമങ്ങൾ ചോദ്യം ചെയ്യുമ്പോഴും വാർഡനെ മനുഷ്യനായി കാണുന്നതുകൊണ്ടായിരുന്നു.

“നിലാവേ, നീ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്,” ഒരു ദിവസം വാർഡൻ പറഞ്ഞു.
“മാഡം, ചോദ്യങ്ങൾ ചോദിക്കാത്തതുകൊണ്ടല്ലേ ആളുകൾക്ക് പേടി കൂടുന്നത്?”
വാർഡൻ ചിരിച്ചു.
“നീ ഞാൻ പറഞ്ഞാൽ കേൾക്കുമോ?”
“മാം പറയുന്നത് ഞാൻ കേൾക്കും.”
“പറയുന്നത് അനുസരിക്കുമോ?”
നിലാവ് ചിരിച്ചു.
“അത് പറയുന്നത് എന്താണെന്നതിനെ ആശ്രയിച്ചിരിക്കും മാം.”
വാർഡനും ചിരിച്ചു.

അവർക്കിടയിൽ അങ്ങനെയൊരു ബന്ധം വളർന്നു. വാർഡൻ അവളുടെ കാവൽക്കാരിയായി. സത്യത്തിൽ നിലാവ്, വാർഡന്റെ കാവൽക്കാരിയാവുകയായിരുന്നു. വാർഡന്റെ ഓരോ ചലനവും അവൾക്ക് ഹൃദിസ്ഥമായി.

ഇവിടെ പഠിപ്പിക്കുന്നത് പാഠപുസ്തകങ്ങൾ മാത്രമല്ല; ഒരു പെൺകുട്ടി എങ്ങനെ ജീവിക്കണം, എങ്ങനെ ചലിക്കണം  എന്നൊക്കെയുള്ള പാഠവും കൂടിയാണെന്നവൾ മനസ്സിലാക്കി. ഡിന്നർ കഴിഞ്ഞാൽ എല്ലാവരും അനുസരണയോടെ അവരവരുടെ പഠിപ്പുമേശയിലേക്കോ ബെഡ് സ്പേസിലേക്കോ പോയി. പക്ഷെ, മിക്ക ദിവസവും നിലാവ് ഹോസ്റ്റലിനകത്തിങ്ങനെ നടക്കും.

“നമ്മുടെ ചലനത്തിന്റെ ലക്ഷ്മണരേഖ മറ്റൊരാൾക്ക് എങ്ങനെ വറക്കാനാകും?”

അവൾ സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. ഈ ചോദ്യത്തിന് വേഗമൊന്നും അവൾക്ക് മറുപടി കിട്ടിയില്ല. പക്ഷേ, ഒരു രാത്രിയിൽ അവളുടെ ഉള്ളിൽ മറ്റൊരു വാതിൽ തുറന്നു. അത് കോളേജിന്റെ ഗേറ്റിനേക്കാൾ വലുതായിരുന്നു.

പുറത്തേക്കുള്ള വഴികൾ അടച്ചുപൂട്ടുമ്പോൾ, മനുഷ്യന്റെ ഉള്ളിലെ വഴികൾ എത്രത്തോളം തുറന്നുകിടക്കുന്നു എന്ന ചോദ്യത്തിലേക്കുള്ള ഒരു വാതിൽ.

അന്ന് മുതൽ ‘നിയമം’ എന്ന വാക്ക് കേൾക്കുമ്പോഴൊക്കെ അവൾ ആദ്യം അന്വേഷിച്ചത് അതിന്റെ പിന്നിലെ ഭയത്തെയായിരുന്നു.

ആരെയാണ് ഭയപ്പെടുന്നത്?
എന്തിനെയാണ് ഭയപ്പെടുന്നത്?
ആ ഭയം ആരുടേതാണ്?
ആ ഭയം എന്റേത് കൂടിയാണോ?

പുറത്തേക്കുള്ള വഴികൾ അടച്ചുപൂട്ടുമ്പോൾ, മനുഷ്യന്റെ ഉള്ളിലെ വഴികൾ എത്രത്തോളം തുറന്നുകിടക്കുന്നു എന്ന ചോദ്യത്തിലേക്കുള്ള ഒരു വാതിൽ.
പുറത്തേക്കുള്ള വഴികൾ അടച്ചുപൂട്ടുമ്പോൾ, മനുഷ്യന്റെ ഉള്ളിലെ വഴികൾ എത്രത്തോളം തുറന്നുകിടക്കുന്നു എന്ന ചോദ്യത്തിലേക്കുള്ള ഒരു വാതിൽ.

നിലാവിന്റെ ജീവിതത്തിൽ അന്നുമുതൽ പല ഗേറ്റുകളും വന്നു. ചിലത് ഇരുമ്പുകൊണ്ടുള്ളവ. ചിലത് വാക്കുകൾകൊണ്ടുള്ളവ. ചിലത് സ്നേഹത്തിൽ ചാലിച്ചവ. ചിലത് സംരക്ഷണത്തിന്റെ പേരിൽ പണിതവ.

പക്ഷേ, അവൾക്ക് അവയെല്ലാം ഒരേ അനുഭവമായിരുന്നു.
ഗേറ്റിൽ താഴ് വീഴുന്ന ശബ്ദം.
ആ ശബ്ദം അവളെ അലോസരപ്പെടുത്തി.
പേടിച്ചതുകൊണ്ടല്ല.
അവൾക്ക് ദേഷ്യമായിരുന്നു.
പക്ഷേ ആ ദേഷ്യം ആരോടാണെന്ന് അവൾക്ക് അന്ന് കൃത്യമായി അറിയില്ലായിരുന്നു.
വാർഡനോടോ?
കോളേജിനോടോ?
മാനേജ്‌മെന്റിനോടോ? അതോ അവരുടെ നിയമങ്ങളോടോ?
അതോ, പെൺകുട്ടികളുടെ ചുറ്റും അദൃശ്യമായ വേലികൾ കെട്ടി അതിനെ സുരക്ഷ എന്ന് വിളിക്കുന്ന ആ ലോകത്തോടോ?

അവൾ കിടക്കയിൽ കിടന്നു.

സഹപാഠികൾ  പതുക്കെ ഉറക്കത്തിലേക്ക് വഴുതിപ്പോയിരുന്നു. ആരുടെയോ മൊബൈലിൽ നിന്ന് ഒരു പാട്ട് പതിഞ്ഞ  ശബ്ദത്തിൽ കേൾക്കുന്നുണ്ടായിരുന്നു. പുറത്ത് ഇടയ്ക്കിടെ നായ കുരയ്ക്കുന്നു. ദൂരെയെവിടെയോ വാഹനങ്ങൾ  വാഹനം കടന്നുപോകുന്ന ശബ്ദം.

നിലാവ് എഴുന്നേറ്റിരുന്നു. ജനലിനരികിലേക്ക് ചെന്നു. ഇരുട്ടിലേക്ക് നോക്കി. ഹോസ്റ്റലിന്റെ ഗേറ്റ് കാണാമായിരുന്നു. അത് അടഞ്ഞുകിടന്നു. ഗേറ്റിനപ്പുറം റോഡ്. റോഡിനപ്പുറം നഗരം. നഗരത്തിനപ്പുറം അവൾക്കറിയാത്ത എത്രയോ വഴികൾ.

അവൾക്ക് ചായ കുടിക്കണമെന്നു തോന്നി. കാരണമൊന്നുമില്ല. ചായ എന്നത് അവൾക്ക് പലപ്പോഴും അങ്ങനെയായിരുന്നു. വിശപ്പുകൊണ്ടല്ല. ദാഹം കൊണ്ടുമല്ല. എവിടെയെങ്കിലും പോകണമെന്നു തോന്നുമ്പോൾ അവൾ ചായയെ ഒരു കാരണമാക്കും.

അവൾ ചെരിപ്പെടുത്തു. മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി. വരാന്ത ശൂന്യമായിരുന്നു. പടികൾ ഇറങ്ങി. താഴത്തെ നിലയിൽ വാർഡന്റെ മുറിക്ക് മുന്നിലൂടെ കടന്നുപോകുമ്പോൾ അകത്ത് വെളിച്ചം കണ്ടു. വാർഡൻ ഉറങ്ങിയിട്ടില്ല. നിലാവ് ഒരു നിമിഷം നിന്നു. പിന്നെ തിരിഞ്ഞുനോക്കാതെ നടന്നു.

ഗേറ്റിനരികിലെത്തിയപ്പോൾ സെക്യൂരിറ്റി അവളെ മിഴിച്ചു നോക്കി. “എങ്ങോട്ടാ?”
“പുറത്തേക്ക്’’.
“ഇപ്പോൾ പോകാൻ പറ്റില്ല.”
“എന്തുകൊണ്ട്?”
“ഗേറ്റ് അടച്ചു.”
“അത് കണ്ടു. അടക്കുന്നപോലെ തുറക്കാനും പറ്റുന്നതാണല്ലോ ലോക്ക്”.
“ഇത് നിയമമാണ്.”

അവൾ കുറച്ചുനേരം ഗേറ്റിലേക്ക് നോക്കി.
“ഈ ഗേറ്റ് ആരുടേതാണ്?”
അയാൾ ചിരിച്ചു.
“കോളേജിന്റേത്.”
“അപ്പോൾ ഞാൻ കോളേജിനകത്താണോ?”
“അതെ.”
“അതോ പുറത്താണോ?”
“അല്ല.”
“പിന്നെ ഈ ഗേറ്റ് ആരെയാണ് തടയുന്നത്?”
അയാൾക്ക് മറുപടി കിട്ടിയില്ല.
അവൾ ചിരിച്ചു.
“ശരി.”

അവൾ തിരിഞ്ഞുനടന്നു. പക്ഷേ പിറ്റേന്ന് രാവിലെ ഹോസ്റ്റലിൽ ഒരു പുതിയ കഥ പിറന്നു.

“നിലാവ് രാത്രി ഗേറ്റ് തുറക്കാൻ പറഞ്ഞത്രേ.”
“വാർഡനുമായി തർക്കിച്ചത്രേ.”
“ഇവൾക്ക് പേടിയൊന്നുമില്ലേ?”
“ആരോടും എന്തും പറയുമത്രേ.”
“ആൺകുട്ടികളോടും അങ്ങനെ തന്നെയാണത്രേ’’.
ത്രേ, ത്രേ ചേർത്ത് പലരും അവരവരുടെ മനോനിലക്കനുസൃതമായത്  പറത്തിവിട്ടു.  

അവൾ ഇതൊന്നും കേട്ടതായി നടിച്ചില്ല. അവൾക്ക് അത്ഭുതമായത് മറ്റൊന്നായിരുന്നു. ഒരു പെൺകുട്ടി രാത്രി ഗേറ്റിനപ്പുറം പോകാൻ ആഗ്രഹിക്കുന്നു എന്നത് എങ്ങനെ ഇത്ര വലിയൊരു വാർത്തയായി മാറുന്നു?

അന്ന് ഉച്ചയ്ക്ക് ക്ലാസിൽ ഇരിക്കുമ്പോഴാണ് അവൾക്ക് സീനിയർ ആയ ഒരു ആൺകുട്ടിയിൽ നിന്ന് മെസേജ് വന്നത്.
“വൈകീട്ട് ലൈബ്രറിയുടെ മുന്നിൽ വരുമോ? ഒരു പുസ്തകം തരാനുണ്ട്.”
അവൾ മറുപടി അയച്ചു; “വരാം’’.
അത് ഒരു സാധാരണ വാക്കായിരുന്നു.
പക്ഷേ അതൊരു അസാധാരണ സംഭവമായി മാറി.
ലൈബ്രറിയുടെ മുന്നിൽ അവൾ എത്തിയപ്പോൾ  സീനിയർ അവിടെ കാത്തുനിന്നിരുന്നു.
പുസ്തകം കൈമാറി.
“ഇത് വായിക്കണം. നിനക്ക് ഇഷ്ടപ്പെടും.”
അവൾ പുസ്തകം മറിച്ചുനോക്കി. ഭാരതി മുഖർജി എഴുതിയ ‘മിസ് ന്യൂ’ ഇന്ത്യ എന്ന പുസ്തകം.  
“എനിക്ക് വായിക്കാൻ ഇഷ്ടമാണ്. പക്ഷേ പെൺകുട്ടികളുടെ കഥകളിൽ എല്ലാവരും എന്തിനാണ് അവരെ രക്ഷിക്കാൻ നോക്കുന്നത്?”
അവൻ ചിരിച്ചു.
“നീ തന്നെ അതേക്കുറിച്ചു എഴുതണം.”
“എന്ത്?”
“രക്ഷിക്കപ്പെടാൻ സമ്മതിക്കാത്ത ഒരു പെൺകുട്ടിയുടെ കഥ.”
അവൾ ചിരിച്ചു.
അത് കേൾക്കാൻ മനോഹരമായിരുന്നു.

അവൾക്ക് ചായ കുടിക്കണമെന്നു തോന്നി. കാരണമൊന്നുമില്ല. ചായ എന്നത് അവൾക്ക് പലപ്പോഴും അങ്ങനെയായിരുന്നു.
അവൾക്ക് ചായ കുടിക്കണമെന്നു തോന്നി. കാരണമൊന്നുമില്ല. ചായ എന്നത് അവൾക്ക് പലപ്പോഴും അങ്ങനെയായിരുന്നു.

പക്ഷേ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ദൂരത്ത് നിന്ന് ഒരു ഒരു അധ്യാപിക അവരെ കണ്ടു.
അവൾ ഒന്നും ശ്രദ്ധിച്ചില്ല.
പക്ഷെ അവൻ ശ്രദ്ധിച്ചു.

അടുത്ത ദിവസം രാവിലെ പ്രിൻസിപ്പലിന്റെ ഓഫീസിൽ അവളുടെ പേര് വീണ്ടും എത്തി.
ഇത്തവണ പരാതി മറ്റൊന്നായിരുന്നു.
“ഹോസ്റ്റൽ വിദ്യാർത്ഥിനി സീനിയർ ആൺവിദ്യാർത്ഥിയുമായി അനാവശ്യമായി ഇടപഴകുന്നു.”
“അനാവശ്യമായി എന്നത് എന്താണ്?”
നിലാവ് ആ വാക്ക് ആവർത്തിച്ചു.
പ്രിൻസിപ്പൽ തല ഉയർത്തി നോക്കി.
“അതെ.”
“അപ്പോൾ ആവശ്യമായ സംസാരം ഏതാണ്?”
“നിലാവേ…”
“പുസ്തകം വാങ്ങുന്നത് ആവശ്യമാണോ?”
“അതൊരു വിഷയമല്ല.”
“പിന്നെ വിഷയം എന്താണ്?”
“നിന്റെ പെരുമാറ്റം.”
അവൾ മിണ്ടാതെ നിന്നു.
“നീ ഇവിടെ പഠിക്കാൻ വന്നതാണ് അല്ലെ?.”
“അതെ.”
“പഠിക്കണം. നല്ല മാർക്ക് വാങ്ങണം. നല്ല പേരുണ്ടാക്കണം.”
“നല്ല പേര്?”
“അതെ.”
“ഈ നല്ല പേര് എന്ന് വെച്ചാ? ആരുടെ നല്ല പേര്?”
പ്രിൻസിപ്പാൾ നിശ്ശബ്ദയായി.
നിലാവ് തുടർന്നു.
“എന്റെതോ?”
“നിന്റേതും.”
ഇടയ്ക്കു പ്രിൻസിപ്പാൾ പറഞ്ഞു.
“അല്ലെങ്കിൽ കോളേജിന്റേതോ?”
“കോളേജ് പ്രധാനം തന്നെ’’. 
മുറിയിൽ വീണ്ടും നിശ്ശബ്ദത.

അവൾ ചെയ്യുന്ന ഓരോ കാര്യവും അവളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പായി കാണപ്പെട്ടില്ല. അവളുടെ ചലനങ്ങൾ സ്ഥാപനത്തിന്റെ പേരിലേക്കാണ് നീട്ടിവായിക്കപ്പെട്ടത്. അവളുടെ ശരീരത്തിനുമേൽ സ്ഥാപനത്തിന്റെ മാനവും ഉത്തരവാദിത്വവും കെട്ടിവെക്കപ്പെട്ടു.

അവൾ ഒരു വിദ്യാർത്ഥിനിയല്ലാതാകുന്നു. ഒരു ‘പെൺകുട്ടി’ ആകുന്നു. അതിന്റെ പിന്നാലെ ഒരു ‘മാനം’ വരുന്നു. പിന്നെ ഒരു ‘കുടുംബം’.
അവസാനം ഒരു ‘കോളേജിന്റെ പേര്’. അങ്ങനെ, അവൾ ഒരിക്കലും സമ്മതിച്ചിട്ടില്ലാത്ത എത്രയോ ഉടമസ്ഥതകൾ അവളുടെ ശരീരത്തിനും ജീവിതത്തിനും ചുറ്റും വന്നു ചേരുന്നു. അന്ന് ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അവൾ കരഞ്ഞില്ല. ദേഷ്യവും തോന്നിയില്ല.

അവൾ ആദ്യമായി ചിന്തിച്ചു: “എന്റെ ജീവിതത്തെക്കുറിച്ച് തീരുമാനിക്കാനുള്ള അവകാശം എനിക്ക് മാത്രമാണെന്ന് തെളിയിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?”

ആ ചോദ്യത്തിന് അന്ന് അവൾക്ക് ഉത്തരമൊന്നും കിട്ടിയില്ല. പക്ഷേ അതിനുശേഷം അവൾ ഒരു കാര്യം ചെയ്തു.

ഹോസ്റ്റലിന്റെ ഗേറ്റിനരികിൽ ദിവസവും കുറച്ചുനേരം നിന്നു. ഗേറ്റ് അടയുന്ന സമയം ശ്രദ്ധിച്ചു. താഴിന്റെ താക്കോൽ തിരിയുന്ന ശബ്ദം കേട്ടു. ആ ശബ്ദത്തെ സംഗീതമാക്കാൻ പോലും അവൾ ശ്രമിച്ചു. താൻ പുറത്താണെന്ന് വിശ്വസിക്കാൻ ശ്രമിച്ചു. വാർഡൻ കടന്നുപോകുന്നത് നോക്കി. സെക്യൂരിറ്റി കസേരയിൽ ഇരിക്കുന്നതും ശ്രദ്ധിച്ചു. ജനലുകൾക്കപ്പുറം പുറത്തേക്ക് നോക്കി നിൽക്കുന്ന പെൺകുട്ടികളെയും കണ്ടു. അവൾ പതുക്കെ മനസ്സിലാക്കുകയായിരുന്നു, ഗേറ്റ് അടയ്ക്കുന്നത് ഇരുമ്പ് വാതിലുകൾ മാത്രമല്ലെന്ന്. ഒരു സമയം. ഒരു ശീലം. ഒരു ഭയം. ഒരു അനുസരണം. അങ്ങനെ, കാണാനാവാത്ത കുറെ വാതിലുകളും അതിനൊപ്പം അടയുന്നുണ്ടെന്ന് അവൾ അറിഞ്ഞു. 

അവൾക്ക് അപ്പോഴും താൻ നേരിടുന്ന പ്രശ്നത്തിന്  ഉത്തരമുണ്ടായിരുന്നില്ല. പക്ഷേ ചോദ്യം അവളുടെ ഉള്ളിൽ വളർന്നുകൊണ്ടിരുന്നു. അവൾ ഒന്നും ചെയ്തില്ല. ഒന്നും പറഞ്ഞില്ല. പക്ഷേ അവൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഒരു ദിവസം, വൈകുന്നേരം ഏഴുമണിക്ക് ഗേറ്റ് അടയ്ക്കാൻ നേരം, അവൾ വാർഡന്റെ അടുത്തേക്ക് ചെന്നു.
“മാം.”
“എന്താ?”
“ഒരു കാര്യം ചോദിക്കട്ടെ?”
“ചോദിക്ക്.”
“ഈ ഗേറ്റ് ഏഴുമണിക്ക് അടയ്ക്കുന്നത് എന്തിനാണ്?”
വാർഡൻ പതിവുപോലെ പറഞ്ഞു, “നിങ്ങടെയൊക്കെ സുരക്ഷയ്ക്ക്.”
നിലാവ് തലയാട്ടി.
“ശരി.”
അവൾ പോകാൻ തിരിഞ്ഞു. രണ്ടടി നടന്നശേഷം തിരിഞ്ഞുനിന്നു.
“മാഡം…”
“എന്താ?”
“എന്നെങ്കിലും ഈ ഗേറ്റ് തുറന്നുവെച്ച് നോക്കിയിട്ടുണ്ടോ?”
വാർഡൻ അവളെ നോക്കി.
“അതെന്തിനാ അങ്ങനെ… ?”
നിലാവ് പറഞ്ഞു:
“അപ്പോൾ ഒരുപക്ഷേ നമുക്ക് മനസ്സിലാകും, പുറത്തുള്ള ലോകമാണോ അപകടം, അതോ നമ്മൾ ഉള്ളിൽ കെട്ടിവെച്ചിരിക്കുന്ന ഭയമാണോ യഥാർത്ഥ അപകടമെന്ന്.  ഒരു ദിവസം ഒന്ന് തുറന്നു വെച്ച് നോക്കെന്നേ…”
വാർഡൻ ഒന്നും പറഞ്ഞില്ല.
ഗേറ്റ് അടഞ്ഞു. നിലാവ് ഹോസ്റ്റൽ മുറിയിലേക്ക് നടന്നു.

പാതിരാത്രിയിലെ ചായകുടി എന്ന ശീലം നിന്നുപോയിട്ട് രണ്ടു മാസം പിന്നിട്ടിരുന്നു. അതിനുശേഷം രാത്രി എന്നത് അവൾക്ക് പതുക്കെ ഉറക്കത്തിന്റെ സമയമായി മാറിയിരുന്നു. 

രാവിലെ ആറുമണിക്ക് ജോഗിംഗിന് പോയി മടങ്ങിയെത്തിയ നിലാവ് മുറിയിലെത്തിയപ്പോൾ ബെന്നറ്റിനെ കണ്ടു. അവൾ വേദനകൊണ്ട് പുളയുകയായിരുന്നു.

“എന്തുപറ്റി?”
ബെന്നറ്റിന് ഒന്നും പറയാനായില്ല. വയറിന്മേൽ കൈവെച്ച് കിടക്കുകയായിരുന്നു. നിലാവ് അവളുടെ ബാഗും മേശയും തുറന്ന് നോക്കി. ഒരു ടാബ്‌ലെറ്റ് പോലും ഇല്ല.

തനിക്ക് ഇത്തരം വേദന വരാറില്ലെങ്കിലും, അങ്ങനെയൊന്ന് വന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് അമ്മ അവളെ പഠിപ്പിച്ചിരുന്നു. അവൾക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല. പുറത്തേക്കോടി. ഗേറ്റിലെത്തുമ്പോൾ സമയം ഏഴുമണി.

രാവിലെ ആറുമണിക്ക് ജോഗിംഗിന് പോയി മടങ്ങിയെത്തിയ നിലാവ് മുറിയിലെത്തിയപ്പോൾ ബെന്നറ്റിനെ കണ്ടു. അവൾ വേദനകൊണ്ട് പുളയുകയായിരുന്നു.
രാവിലെ ആറുമണിക്ക് ജോഗിംഗിന് പോയി മടങ്ങിയെത്തിയ നിലാവ് മുറിയിലെത്തിയപ്പോൾ ബെന്നറ്റിനെ കണ്ടു. അവൾ വേദനകൊണ്ട് പുളയുകയായിരുന്നു.

സെക്യൂരിറ്റി അവളെ കണ്ട് എഴുന്നേറ്റു.
“എങ്ങോട്ടാ ഇത്ര നേരത്തെ?”
“ഒരു മെഡിസിൻ വാങ്ങാൻ.”
“പ്രിസ്ക്രിപ്ഷൻ ഉണ്ടോ?”
“ഇല്ല.”
“മാഡത്തിനോട് പറഞ്ഞോ?”
“ഉവ്വ്.”
അയാൾ അവളെ കുറച്ചുനേരം നോക്കിനിന്നു. പിന്നെ മനസ്സില്ലാമനസ്സോടെ ഗേറ്റ് തുറന്നു.
അപ്പോഴേക്കും റോഡിലൂടെ ഒരു ബൈക്ക് കടന്നുപോയി. നിലാവ് കൈകാണിച്ചു. ബൈക്ക് നിർത്തി. അവൾ കയറി.

അവൾ ബൈക്കിൽ കയറി പോകുന്നതും നോക്കി സെക്യൂരിറ്റി കുറച്ചുനേരം അവിടെത്തന്നെ നിന്നു. പിന്നെ രജിസ്റ്റർ തുറന്ന് എന്തോ എഴുതി. അന്ന് അവളുടെ ആവശ്യപ്രകാരം രാവിലെ ഏഴുമണിക്ക് തുറന്ന ഗേറ്റ്, ഉച്ചയോടെ അവൾക്കായി മറ്റൊരു വാതിൽ തുറക്കാനിരിക്കുകയാണെന്ന് അവൾ അറിഞ്ഞിരുന്നില്ല.

മണിക്കൂറുകൾ കഴിഞ്ഞു. ക്ലാസ് മുറികൾ സജീവമായി. ഇടനാഴികളിൽ കുട്ടികളുടെ ശബ്ദം നിറഞ്ഞു. പക്ഷേ നിലാവ് ക്ലാസിലുണ്ടായിരുന്നില്ല. അവൾ പ്രിൻസിപ്പലിന്റെ ക്യാബിന് മുന്നിൽ നിൽക്കുകയായിരുന്നു. അപ്പോഴേക്കും അവളുടെ അച്ഛനും അമ്മയും എത്തിയിരുന്നു. അവരെയും അകത്തേക്ക് വിളിച്ചു.

പ്രിൻസിപ്പൽ കസേരയിൽ ഇരുന്നു. വാർഡൻ അരികിലുണ്ട്. മേശപ്പുറത്ത് രാവിലെ സെക്യൂരിറ്റി എഴുതിയ രജിസ്റ്റർ തുറന്നുകിടക്കുന്നുണ്ടായിരുന്നു. “നിങ്ങളുടെ മകൾ ചെയ്തത് തെറ്റാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?”

അച്ഛൻ ആദ്യം നിലാവിനെ നോക്കി. പിന്നെ പ്രിൻസിപ്പാളിനേയും.  
“ഇല്ല.”
കുറച്ചുനേരം നിശ്ശബ്ദനായ ശേഷം അദ്ദേഹം തുടർന്നു:
“അതിലൊരു തെറ്റും ഞാൻ കാണുന്നില്ല. സഹപാഠി വേദന കണ്ട് പ്രവർത്തിച്ച അവളെ ഞാൻ അഭിനന്ദിക്കുകയാണ്.”
അമ്മയും തലകുലുക്കി.
“അതെ. ഞാനും.”
അവർ പ്രിൻസിപ്പാളിനെ  നോക്കി.
“നിങ്ങളും അവളെ അഭിനന്ദിക്കുകയല്ലേ വേണ്ടത്?”
പ്രിൻസിപ്പാൾ  കുറച്ചുനേരം അവരെ നോക്കിയിരുന്നു. അവർക്ക് മുൻപിലെത്തിയ നിയമലംഘനത്തിന് അവർക്കു നടപടി എടുക്കണമായിരുന്നു.  
പ്രിൻസിപ്പാൾ രജിസ്റ്ററിലേക്ക് നോക്കി.
പിന്നെ നിലാവിനേയും.
“പക്ഷേ നിയമം…”
അവൾ ആദ്യമായി സംസാരിച്ചു.
“മാം, നിയമം എന്നെ സഹായിക്കാൻ പഠിപ്പിക്കുന്നതാണെങ്കിൽ ഞാൻ അത് അനുസരിക്കും. പക്ഷേ നിയമം എന്നെ സഹായിക്കുന്നതിൽ തടസ്സമാണെങ്കിൽ?”
മുറിയിൽ വീണ്ടും നിശ്ശബ്ദത. പ്രിൻസിപ്പാൾ അവളെ രൂക്ഷമായി നോക്കി. 
“തടസ്സമാണെങ്കിൽ?”
നിലാവ് തുടർന്നു.
ഞാൻ ചെയ്ത തെറ്റ് ഒന്ന് പറഞ്ഞു തന്നാൽ ഇറ്റ് വിൽ  ഹെൽപ്പ് മി എ ലോട്ട്, റിയലി. പ്ലീസ്.
പ്രിൻസിപ്പാൾ വാർഡനോട് കുറ്റം ബോധ്യപ്പെടുത്താൻ പറഞ്ഞു.
“മെഡിസിൻ വാങ്ങിയതും സഹായിച്ചതും എല്ലാം ഓക്കേ, പക്ഷേ…
നിലാവും രക്ഷിതാക്കളും വാർഡന്റെ അടുത്ത വാക്കിനായി അക്ഷമരായി കാത്തു നിൽക്കുകയാണ്. 
“സാനിറ്ററി പാഡ്, പൊതിയുക പോലും ചെയ്യാതെ പബ്ലിക് ആയി ഹോസ്റ്റലിലേക്ക് തിരിച്ചുവന്നത് അംഗീകരിക്കാനാവില്ല”.
നിലാവിന്റെ അച്ഛൻ ചിരി മറയ്ക്കാൻ മുഖം പൊത്തി. അമ്മയ്ക്ക് ചിരിയടക്കാനായില്ല.
നിലാവ് അല്പം കൂടെ നിവർന്ന് നിന്നു.
‘‘ഓഹ് അപ്പൊ…അപ്പോ  അതാണ് കുറ്റം. “അത് എനിക്ക് ഒരു ബ്രെഡ് പാക്കറ്റ് കൊണ്ടുവരുന്നതുപോലെ മാത്രമേ തോന്നിയിട്ടുള്ളൂ. സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു സാധനമല്ലേ അത്? മാം ഉപയോഗിക്കാറില്ലേ?” 
പ്രിൻസിപ്പാൾ  മുഖം കടുപ്പിച്ചു.
നിലാവ് തുടർന്നു:
“പിന്നെ അതെങ്ങനെ ഒരു ക്രൈം ആകും?”
പ്രിൻസിപ്പാളിന്റെ ഊഴമായിരുന്നു.
“ഈ സ്ഥാപനത്തിന്റെ മാന്യത വെച്ച് അത് തെറ്റ് തന്നെയാണ്.”
അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല. അവർ കസേരയിൽ നിന്ന് എഴുന്നേറ്റു. പുറത്തേക്കിറങ്ങുന്നതിനുമുമ്പ് അച്ഛൻ ഒന്ന് തിരിഞ്ഞുനോക്കി.
നിലാവ് ഇപ്പോഴും അവിടെതന്നെ നിൽപ്പാണ്.
പ്രിൻസിപ്പാൾ തുടർന്നു; ‘‘ഇനി ഈ തെറ്റ് ആവർത്തിക്കില്ലെന്ന് എഴുതിത്തന്നാൽ തന്നെ ഞാൻ ക്ലാസ്സിലേക്ക് വിടാം.”
അതുവരെയും നിൽക്കുകയായിരുന്ന നിലാവ് പതുക്കെ പ്രിൻസിപ്പാളിന്റെ മുന്നിലെ കസേരയിൽ ഇരുന്നു.
“മാം…”
അവൾ ശാന്തമായി പറഞ്ഞു.
“എനിക്ക് ഇനി ഈ സ്ഥാപനത്തിൽ തുടർന്ന്  പഠിക്കാൻ താൽപര്യമില്ല.”
പ്രിൻസിപ്പാൾ അവളെ നോക്കി.
“എന്റെ ഒരു വർഷം പോകും. അത് ഞാൻ സഹിച്ചോളാം.”
അവൾ ഒരു നിമിഷം നിശ്ശബ്ദയായി.
“എന്റെ ടി.സി. ഇപ്പോൾ തന്നെ തരാനുള്ള ഏർപ്പാടുകൾ ചെയ്യണം.”
പിന്നെ അവൾ വാച്ചിലേക്ക് നോക്കി.
“വേഗം വേണം.”
പുറത്ത് പിരീഡ് കഴിഞ്ഞതിന്റെ ബെൽ മുഴങ്ങി.  
നിലച്ചുപോയ തന്റെ രാത്രിച്ചായയെക്കുറിച്ചു നിലാവ് വീണ്ടും സ്വപ്നം കണ്ടു. 

നിലാവിന്റെ കഥ പറഞ്ഞുതീർന്നപ്പോൾ, നോട്ട്‌ബുക്കിൽ അവസാനമായി എഴുതിയത് അതേ ചോദ്യം തന്നെയായിരുന്നു. “നിലാവ് ആരാണ്?”

ഒരു പെൺകുട്ടി.
ഒരു ഓർമ്മ.
ഒരു തെറ്റിദ്ധാരണ.
അല്ലെങ്കിൽ എന്റെ സങ്കൽപ്പത്തിന്റെ മറ്റൊരു അത്യുക്തി.

ഒന്നും ശരിയെന്ന് തോന്നിയില്ല.
“ഡോ. കോപ്പേ, വീണ്ടും തുടങ്ങിയോ?” എന്നിലെ ഞാൻ ചോദിച്ചു.
“എങ്കിൽ നീ തന്നെ പറയ്.”
അവൻ ചിരിച്ചു.
“നിലാവ് ആരാണെന്നതല്ല പ്രശ്നം. നീ അവളെ ഒരു ഉത്തരമാക്കാൻ ശ്രമിക്കുന്നതാണ്.”
ഞാൻ മിണ്ടാതിരുന്നു. പിന്നെ എഴുതിയ ഉത്തരങ്ങളെല്ലാം വെട്ടിക്കളഞ്ഞു. ചോദ്യം മാത്രം ബാക്കി.
ചില കഥകൾ ഉത്തരത്തിൽ അവസാനിക്കില്ല. ചില ചോദ്യങ്ങൾക്കൊപ്പം ജീവിക്കാൻ പഠിക്കുമ്പോഴാണ് അവ അവസാനിക്കുന്നത്.

പുറത്ത് നിലാവ് അപ്പോഴും ഉണ്ടായിരുന്നു.


Summary: Nilavinte chaya malayalam short story by Mustafa Desamangalam Published in Truecopy Webzine 305.


മുസ്തഫ ദേശമംഗലം

എഴുത്തുകാരൻ, നാടക- ചലച്ചിത്ര പ്രവർത്തകൻ. കെ. പി. ശശിയെ കുറിച്ച് ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച 'മനുഷ്യവകാശങ്ങളുടെ മൂന്നാം കണ്ണ്', സി. ശരത് ചന്ദ്രനെ കുറിച്ചുള്ള ' പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്, എം.എസ്. ബാബുരാജിനെ കുറിച്ചുള്ള ' ബാബുരാജ്: ചുടുകണ്ണീരാലെൻ ജീവിത കഥ എന്നീ പുസ്തകങ്ങൾ എഡിറ്റ് ചെയ്തു.

Comments