കെ.എസ്. രതീഷ്

നിങ്ങൾ പോയ് പോയ് പോയ് വരുമ്പോൾ...?

‘കുറച്ചുകാലം കഴിഞ്ഞാൽ നമുക്കിഷ്ടമുള്ളത് തിന്നാനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലുണ്ടാവുമോ?’ വണ്ടി ട്രാഫിക്ക് സിഗ്നലിന്റെ ചുവപ്പിനെ ഭയന്നു.

ജോർജ്ജ് പോൾസാറിന്റെ ഇരിപ്പുകണ്ടാൽ ചെമ്മീൻ സിനിമയിലെ പരീക്കുട്ടി, 'കടാപ്പുറത്ത്' കരയിലേറ്റിയ വള്ളത്തിൽ ചാരിയിരുന്ന്, 'കടലിനക്കരെ പോണോരേ, കാണാപ്പൊന്നിന് പോണോരേ' ന്ന് നീട്ടിനീട്ടി പാടുന്നതായിട്ടേ തോന്നൂ.

തന്റെ കുടുംബത്തിനെ ഇറ്റലിയിലേക്ക് വിമാനവും കയറ്റിവിട്ട്, എന്റെ കാറിൽ കയറിയത് മുതൽ ഇതേ ഇരിപ്പാണ്. മുന്നിലെ തിരക്കുപിടിച്ച കറുത്ത കടലിലൂടെ നിരന്നൊഴുകുന്ന പലതരം വണ്ടികളെ നോക്കിയാണ് സാറിന്റെ ആ പാട്ട്.

ഇന്ന് പകല് മുതൽ ഞാൻ സാറിന്റെ ഒപ്പമുണ്ട്. കാത്തിയെന്ന ഇറ്റലിക്കാരിയായ കാമുകിയോടൊപ്പം ഒറ്റമകൻ അലനും, സാറിന്റെ ഭാര്യ സലോമിയാന്റിയും ഉള്ളിലെ ഇന്ത്യക്കാരെ പറിച്ചുകളഞ്ഞ് ഈ രാജ്യം വിട്ടു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കുടുംബവീടായ എവർഗ്രീനും അമ്പത്തിനാല് സെന്റ് പറമ്പും കച്ചവടമാക്കി പോൾസാറിനും പോകേണ്ടിവരും. അതാണ് കരാറ്. ആറേഴുകൊല്ലമായി ഞാനിവർക്ക് വണ്ടിയോടിക്കുന്നതാ, എനിക്കറിയാം ഇങ്ങേരുടെ ഉള്ളിലെ ഇന്ത്യക്കാരൻ അത്രപെട്ടന്ന് ഇറങ്ങിപ്പോകില്ല. അത് ചിലപ്പോൾ ആളേം കൊണ്ടേപോകൂ.

എന്റെ വീടും എവർഗ്രീനും തമ്മിൽ മൂന്നുനാല് വളവിന്റെ ദൂരമേയുള്ളൂ. ഈ വണ്ടിക്ക് ബാങ്ക് ജാമ്യം നിന്നത് സലോമിയാന്റിയാണ്. ഇവിടുന്ന് ഒരു എഴുപത് കിലോമീറ്റർ, രണ്ടര മണിക്കൂറിന്റെ ഓട്ടം. വേഗം ചെന്നിട്ട് എനിക്കു ചില കാര്യങ്ങളുണ്ട്. സാറിനാണേൽ ഒരു തിടുക്കവും കാണുന്നില്ല.

നാളെ എന്റെ കൊച്ചിന്റെ ചെവിയിൽ പിടിപ്പിച്ച യന്ത്രം സർവീസ് ചെയ്യിക്കാൻ പോകണം. ചെലവിനുള്ള തുക കൈവായ്പ ചോദിക്കണം. സാറിങ്ങനെ മധുവേഷം കെട്ടിപ്പാടിയിരുന്നാൽ അത് ചോദിക്കാനും കഴിയൂല. കാര്യം നടന്നില്ലെങ്കിൽ എന്റെ കൊച്ചിന്റെ സ്കൂളീപ്പോക്കും മുടങ്ങും.'

രണ്ടുമൂന്ന് തവണ ഞാൻ കൈവായ്പ്പക്കാരന്റെ കണ്ണിട്ട് നോക്കി. സീറ്റിലെ പിടിയിലൂന്നിയ കൈയ്ക്കുള്ളിൽ സാറിന്റെ തല ദുഃഖം നിറഞ്ഞ് കുടുങ്ങിയിരിക്കുന്നു. കഴുത്തിലൂടെ വിയർപ്പിന്റെ കുഞ്ഞുപന്തുകൾ ആകുലതകളുമായി ഉരുളുന്നു. അതിനെ അടിച്ചുതെറിപ്പിക്കാൻ ഞാൻ തണുപ്പ് കൂട്ടിവച്ചു. സാറിന്റെ ഉള്ളിൽ ആ പന്തുരുളലിന്റെ കമന്ററി നടക്കുന്നുണ്ടാവും. ചുണ്ട് നനയ്ക്കാനെന്ന ഭാവത്തിൽ ഇളംചുവപ്പൻ തല പുറത്തിടുന്ന നാവിന് കള്ളലക്ഷണം. കൈവായ്പ്പച്ചോദ്യം എന്റെ നാവും തത്കാലം മാറ്റിവച്ചു.

ഓട്ടമുണ്ടെങ്കിൽ 'അലവീ'ന്ന് ഒറ്റ വിളിയാണ്. കാറിന്റെ വാടകയും എന്റെ കൂലിയും കഴിഞ്ഞാൽ സലോമിയാന്റിയുടെ അന്നത്തെ സ്‌പെഷ്യൽ കറികളും പച്ചക്കറിയും പലവ്യഞ്ജനവും ഒന്നും പറയുന്നില്ല, എന്റെ വീട്ടിലെ 'പുതിയ ഫ്രിഡ്ജ്'വരെ എവർഗ്രീനീന്ന് തന്നതാണ്. ഇത്തവണ വീടൊഴിച്ച വകയിൽ ഈ കാറിലും ഒരു പെട്ടിയോട്ടോയിലും കൊണ്ടുപോയാലും തീരാത്തത്ര സാധനങ്ങളുണ്ട്.

റോഡിൽ വണ്ടികൾ നീങ്ങാതായി. സാറിന്റെ മുഖത്തും മുന്നിലെ വണ്ടികളുടെ 'പോകാനാവില്ലെന്ന്' ഉറപ്പുള്ള ചുവപ്പ് ഹോണല്പം നീട്ടിയടിച്ചു. ഗ്ലാസ് തുറന്ന് തലപുറത്തിട്ട് നീണ്ട നിരയെ 'ജാമാ'യെന്ന് ഉറപ്പിച്ചു. അടുത്ത വരിയിലെ വണ്ടിക്കാരനോട് തിരക്കി, ഹോണ് ഒന്നുകൂടെ നീട്ടി മുഴക്കി. മറ്റൊരു വണ്ടിക്കാരൻ അതിലുമുറക്കെ മുഴക്കി. പിന്നെയത് പകർച്ച വ്യാധിയായി മുഴങ്ങി. ഇടയിലൂടെ തിരുകിക്കയറ്റിപ്പോയ ബൈക്കുകാരനെ ചീത്ത വിളിക്കാൻ കൈയും നാവുമോങ്ങി.

‘എന്തിനിങ്ങനെയിട്ടടിക്കണം? ഇവിടെ ഇങ്ങനെയല്ലേ പോവാൻ പറ്റൂ?. പത്തെഴുപത് കിലോമീറ്റർ പോകാൻ ദിവസത്തിന്റെ പകുതി. ചുമ്മാതല്ല പിള്ളേര് മുഴുവൻ രാജ്യം വിടുന്നത്. അവിടെ എന്റെ മോനുംപെണ്ണും പത്ത് നാന്നൂറ് കിലോമീറ്ററപ്പുറത്ത് ജോലിക്കുപോയി വൈകിട്ടഞ്ചിന് വീട്ടിലെത്തും’.
പോൾസാറിന്റെ മുഖം വീണ്ടും കൈക്കുള്ളിൽ ചാഞ്ഞു. ചുണ്ടിന്റെ വിറ നാടിന്റെ മെല്ലെപ്പോക്കിനെ ശപിക്കുന്നുണ്ട്. പല്ലുകടിക്കുന്ന ഭാഗത്തെ മുഴയിൽ മുളച്ച വെളുത്ത താടിയിൽ വിയർപ്പ് തുടച്ച ടിഷ്യു പേപ്പറിന്റെ ഒരല്പം ഒട്ടിനിൽക്കുന്നു.

ശബ്ദത്തിന് പതിവില്ലാത്ത ഗൗരവം. കുടുംബത്തിനെ നാടുകടത്തിയ എല്ലാത്തിനോടും ഇനിയും എന്തൊക്കെയോ പറയാനുള്ളത് പോലെ. ഇതെല്ലാം എന്നോട് പറയുന്നുവെന്നേയുള്ളൂ, ഉള്ളിലെ ഇന്ത്യക്കാരനും നാളെ ഇറ്റലിക്കാരനാവാനുള്ള ജോർജ്ജ് പോളും തമ്മിലുള്ള തർക്കങ്ങളാണത്. നടക്കട്ടെ.

‘നല്ലൊരു ഹോട്ടലു നോക്കി നീ വണ്ടി ചവിട്ടിക്കോ’, അലവീന്നുള്ള സ്നേഹമുള്ള ആ വിളി പോൾസാറിൽ നിന്നുണ്ടാകാത്തത് ഞാൻ ശ്രദ്ധിച്ചു. ഹോട്ടൽ അൽ അമീന്റെ ദംബിരിയാണി മണം വണ്ടിയുടെ ചില്ല് താഴ്‌ത്തിയപ്പോഴേ കിട്ടി. എനിക്കറിയാം, രുചിയുള്ള എന്തെങ്കിലും ചെന്ന് വയറു നിറച്ചാൽ സാറിന്റെ പരിഭവമെല്ലാം മാറും. ഞാൻ വാതില് തുറന്നു കൊടുത്തു.

‘ഓ! ഇത് നിങ്ങളെ കൂട്ടരുടെ കടയാണല്ലേ?’, പോൾ സാറിന്റെ വായിൽ നിന്ന് ഇങ്ങനെയൊരു വിഷ വാചകം ഞാനിന്നുവരെ ശ്വസിച്ചിട്ടില്ല, കണ്ണുനിറഞ്ഞുപോയി. സഹോദരിയുടെ മകനെന്നാണ് വലിയ ആളുകൾക്ക് മുന്നിൽ എന്നെ അവതരിപ്പിക്കാറുള്ളത്. ആ സാറ് എന്റെ മുഖത്ത് നോക്കുന്നതേയില്ല. ഞാനങ്ങ് അന്യനായിപ്പോയി.

വിളമ്പി വച്ചതിൽ മുക്കാൽപ്പങ്ക് പാത്രത്തിലിരിക്കുമ്പോൾ ഹോട്ടലിന്റെ ചിത്രമുള്ള ടിഷ്യൂവിൽ വിരൽ തുടച്ച് പാത്രത്തിലെറിഞ്ഞിട്ട് സാറെഴുന്നറ്റുപോയി. എനിക്ക് രുചി തോന്നിയില്ല. എന്നിട്ടും അതിന്റെ മുന്നിൽ കുറേനേരമിരുന്നു. പേഴ്‌സിലുള്ളതും ഗൂഗിൾപേയിൽ ബാക്കികിടന്നതും കൊടുത്തിട്ടാണ് ബില്ലിന്റെ തുക തികച്ചത്. ഇത് പതിവില്ല, സാറതിന് അനുവദിച്ചിട്ടില്ല.

കാറ് കിടന്നതിന്റെ പിന്നിലെ മരത്തിന് സമീപം സിഗരറ്റിനൊപ്പം എരിഞ്ഞുനിൽക്കുന്ന പോൾ സാറ്. ലോക്കു തുറന്ന ശബ്ദം കേട്ട് അത് നിലത്തിട്ട് ചവിട്ടിക്കെടുത്തി. പിന്നിലെ ഡോറ് ശക്തിയിൽ തുറന്നടച്ച് ചാരിക്കിടന്നു. ഞാനിപ്പോൾ വെറും ഡ്രൈവറായി. സാറ് തന്നെയാണ് ‘കാറിന്റെ മാനേഴ്‌സ്' പലപ്പോഴായി പറഞ്ഞുതന്നത്. ഇതുവരെ മുന്നിൽ ഒപ്പമേ ഇരുന്നിട്ടുള്ളൂ. പിന്നിൽ കയറുന്നവരുടെ അകൽച്ച, ശക്തിയായി വാതിലടയ്ക്കുന്നവരുടെ മനോനില, ഉറക്കം നടിക്കുന്നവരുടെ സംഘർഷം. എല്ലാം ഓർമ്മിച്ചെടുത്ത് ഞാനും കാറും ഇഴയാൻ തുടങ്ങി.

‘സങ്കടമായോടാ അലവീ’, സാറിന്റെ ശബ്ദത്തിന് ക്ഷമാപണസ്വരം.
ഇല്ലെന്ന് ഞാൻ തലയാട്ടിക്കൊടുത്തു.

‘കുറച്ചുകാലം കഴിഞ്ഞാൽ നമുക്കിഷ്ടമുള്ളത് തിന്നാനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലുണ്ടാവുമോ?’ വണ്ടി ട്രാഫിക്ക് സിഗ്നലിന്റെ ചുവപ്പിനെ ഭയന്നു. ഞാൻ തിരിഞ്ഞുനോക്കി. കണ്ണടച്ചിരുന്നാണ് ചോദ്യങ്ങളുണ്ടാക്കുന്നത്. ഇവിടുത്തെ ഭക്ഷണത്തിന്റെ പേരിലും സാറ് സാറിനോട് തർക്കിക്കട്ടെ, എന്നിട്ട് രാജ്യം വിടട്ടെ. എനിക്കെന്തു കാര്യം?.

‘ഇല്ലെടാ, ഇല്ലാ. ഇവിടെ ഭക്ഷണത്തിലും ഒരു സിവിൽക്കോഡ് വരും’, ഞാൻ സിഗ്നലിന്റെ കൗണ്ട് ഡൗൻ എണ്ണാൻ തുടങ്ങി. സാറ് എന്റെ തോളിൽ തൊട്ടു. പൂജ്യം. പച്ച കത്തി, കാറ് മുന്നോട്ട് നീങ്ങി. സാറിന്റെ ശ്വാസം എന്റെ ചെവിയുടെ പിന്നിലുണ്ട്. രഹസ്യഭാഷയിലാണ് ആ വാക്കുകൾ.

‘വായ്ക്ക് രുചിയായി തിന്നാൻ കൊതിയുള്ള എല്ലാ പിള്ളേരും ഈ നാട് വിടും’,
‘മകനും ഭാര്യയും നാട് വിട്ടതിന് സാറോരോ കാരണങ്ങളുണ്ടാക്കുന്നതാണോ? അതോ ഇതിലൊക്കെ സത്യമുണ്ടോ?’, ഞാനെന്റെ സംശയം ബ്രെക്കിന്റെ രൂപത്തിൽ കാറിനോട് ചോദിച്ചു. അത് നിന്നു. ഇതൊക്കെ നമ്മളെന്തിന് ചിന്തിക്കണമെന്ന് കാറ്. ഞാൻ ബ്റേക്കിലെ കാലുയർത്തി. ഞങ്ങള് മുന്നോട്ട് നീങ്ങി.

സാറ് ഉറങ്ങിയോ?
അടഞ്ഞ പോളകൾക്കുള്ളിൽ ഞെളിപിരി കൊള്ളുന്ന കണ്ണുകൾ. ചില്ലുകൾ തുറന്നിട്ടു. കുറേ ദൂരം ഞാനും കാറും മാത്രമായി. സ്വന്തം നഗരത്തിന്റെ മണങ്ങൾ കിട്ടാൻ തുടങ്ങി.

നാടിന്റെ വഴികളെല്ലാം അറിവുള്ളവരെപ്പോലെ എന്റെ കൈ കാറിന്റെ ചക്രങ്ങളെ വളയ്ക്കാനും തിരിക്കാനും തുടങ്ങി. റോഡ്, വാഹനങ്ങളൊഴിഞ്ഞ ശാന്തസമുദ്രം. തലയിൽ കുരിശും ചുമന്ന് ദൂരെ നിന്ന് വലിയ പള്ളി ഞങ്ങളെ എത്തിനോക്കുന്നു. ആ വഴിയിലേക്ക് കാറുകയറി. കുരിശുപള്ളി അതാ ഓടി വരുന്നു. വഴിയരികിൽ കാത്തുനിന്ന പള്ളിയെ പിന്നിലാക്കി കാറിന്റെ കുസൃതി മുന്നോട്ടോടി.

‘അലവീ ഒന്ന് ചവിട്ടെടാ’, ഞാൻ അരികിലേക്ക് നിർത്തി. കാറിന്റെ ഇടത് കണ്ണാടിയിൽ വിഷമിച്ചു നിൽക്കുന്ന കുരിശുപള്ളിയെ എനിക്ക് കാണാം. ഡോറുതുറന്ന് പള്ളിയോട് സങ്കടം പറയാനോടുന്ന സാറിനോട് എനിക്ക് അലിവുണ്ടായി.

പള്ളിയുടെ അവകാശത്തർക്കം നടന്ന കാലം. വാർത്താചാനലിൽ സാറിന്റെ ചർച്ച സലോമിയാന്റി എനിക്ക് വാട്‌സ് ആപ്പിൽ ലിങ്കയച്ചു തന്നിരുന്നു. എനിക്കൊന്നും മനസിലായില്ല. സഭയെ സംരക്ഷിക്കുന്നതിന് വായിൽ കൊള്ളാത്ത പേരുള്ള ഒരു പദവിയും വത്തിക്കാനീന്ന് സാറിന് കിട്ടിയിട്ടുണ്ട്. പള്ളിയുടെ എല്ലാ ഓട്ടങ്ങളും സാറുവഴി എനിക്കാണ് കിട്ടുന്നത്. ചിലരെന്നെ കപ്യാരേന്ന് വിളിക്കാനുള്ള കാരണം അതാണ്.

ആ പള്ളിയിലേക്ക് ചെരുപ്പുകൾ ഊരിയെറിഞ്ഞ്, കുരിശടിയിലെ മെഴുകുതിരികൾ ഊതിയണയ്ക്കുന്ന പോൾസാറിനെ ആരെങ്കിലും കണ്ടാൽ? തീർന്നു. വലിയ അലർച്ചയോടെ സാറ് വേഗത്തിൽ നടന്നുവരുന്നു. ഞാൻ കാറിനെ ഒരുക്കി നിർത്തി. വീണ്ടും പള്ളിയിലേക്ക് തിരിച്ചോടുന്നു. ഫോണെടുത്ത് വാട്‌സ് ആപ്പിൽ സലോമിയന്റിക്ക് അപകടകരമായ ഈ രംഗങ്ങളെ വിവരിച്ച് ശബ്ദ സന്ദേശമയച്ചു. പള്ളിയുടെ തലയിലെ കുരിശിന്റെ ചുറ്റും ദേഷ്യച്ചുവപ്പ്.

കാറു കിടന്നിടത്ത് നിന്നും കുറേ ദൂരം മുന്നോട്ട് ഓടിപ്പോകുന്ന സാറിനെയാണ് ഞാൻ കാണുന്നത്. പള്ളിയുടെ മുറ്റത്ത് ചെറിയ ആൾക്കൂട്ടം. അവർ കാറിലേക്ക് വിരല് ചൂണ്ടുന്നു. ഞാൻ സാറിന്റടുത്ത് സ്ലോ ചെയ്തു. മുൻ സീറ്റിലേക്ക് കയറി ഏ.സി വീണ്ടും കൂട്ടി വച്ചു.

‘നീ വല്ലതും കണ്ടാടാ കപ്യാരേ?’
ഇല്ലെന്ന് ഞാൻ തലയാട്ടി.
‘ഞാനൊരു ബോംമ്പ് പൊട്ടിച്ചിട്ടാണ് വരണത്?’ വിയർത്ത മുഖം തുടച്ചെറിയുന്ന ടിഷ്യൂ പേപ്പറും, കൈയിൽ ഒട്ടിപ്പിടിച്ച മെഴുകുതിരി ഉരുകിവീണ ഭാഗങ്ങളും, ഉടുപ്പിൽ പറ്റിയ ചെളിയും. സാറിനെ നോക്കാനെനിക്കു പേടിതോന്നി. പള്ളി വക വണ്ടികൾ പിന്തുടരുന്നുണ്ടാവുമോ?

‘അത് കൊള്ളമുതല് പങ്കിട്ട കള്ളന്മാരുടെ ഗുഹയാടാ, ഈ നാട്ടീന്ന് പിള്ളേര് ഓടിപ്പോണതിന്റെ ഒന്നാമത്തെ കാരണം ഇവന്മാരാണ്’, കവലയിൽ നിന്ന് വീട്ടിലേക്കുള്ള വളവിലേക്ക് ഞാൻ വണ്ടി കയറ്റി. സാറിന്റെ 'പള്ളി പൊളിക്കൽ' നിർത്തുന്ന ലക്ഷണമില്ല.

"ഇത് മാത്രമല്ല, സകല മതത്തിലും ഗുഹകളുണ്ട്. മടുത്താണ് പിള്ളേര് ജീവനുംകൊണ്ട് പായുന്നത്. ഇഷ്ടമുള്ള വേഷം പറ്റൂല, ഇഷ്ടമുള്ളവരെ കെട്ടാൻ പറ്റൂല, അങ്ങോട്ട് പോവരുത് ഇങ്ങോട്ട് പോവരുത് അത് ചെയ്യരുത്, ഇത് തിന്നരുത്’.
സാറിനിപ്പോൾ ആരും കേൾക്കണമെന്നേയില്ല. ഇറ്റലിക്ക് പോകാനുള്ള മതിയായ കാരണങ്ങൾ മനക്കോടതിയിൽ ഉറക്കെ വാദിക്കുകയാണ്.

കാറൊന്നു മൂളിയതേയുള്ളൂ. എവർ ഗ്രീനിന്റെ ഗേറ്റ് വേലക്കാരി തുറന്നുകൊടുത്തു. പോർച്ചിൽ നിർത്തി അതിന്റെ ഉള്ളിനെ ആക്സിലേറ്റർ വഴി ഒന്നൂടെ ചൂടാക്കി. ഞാനിറങ്ങി ഇത്തിരി നേരം കഴിഞ്ഞിട്ടും സാറ് അതേ ഇരിപ്പുതന്നെ. വാതിൽ തുറന്ന് തോളിലൊന്ന് തൊട്ടു.

‘അലവീ, എന്റെ മരുമോളെ നാട്ടില് പള്ളികള് റിസോട്ടുകളായി വിറ്റുപോണുണ്ട്. അവളെ കഴുത്തിൽ പള്ളിയിൽ വച്ച് മിന്നുകെട്ടിക്കാനാഗ്രഹിച്ച സലോമിയുടെ മനസുമാറി ഇറ്റലിക്ക് പോയി. ഞാനിവിടെ ഈ കള്ളന്മാരുടെ ഗുഹയിൽ ഒറ്റയ്ക്കായി. ഞാനും പോവും. എനിക്കും പോണം’.
സാറ് കരഞ്ഞില്ലെന്നേയുള്ളൂ. എന്നെ തള്ളിമാറ്റി ടീ.വിയുടെ മുന്നിലെ സെറ്റിയിൽ വീണത് കണക്കിന് കിടപ്പ്. വേലക്കാരിയും പോകാനുള്ള തയാറെടുപ്പിലാണ്. അവൾക്കും കൊണ്ടുപോകാൻ ഇത്തിരി സാധനങ്ങളുണ്ട്.

ഫോണിലിതുവരെ ബ്ലൂ ടിക്ക് വീണിട്ടില്ല. സലോമിയാന്റി വിമാനത്തിലാവും. വേലക്കാരി ഓട്ടോ കയറിവരാൻ ഗേറ്റ് തുറക്കുന്ന ശബ്ദം. ഓട്ടോക്കാരന്റെ ചിരിയും ലോഡിങും. രണ്ട് ദിവസത്തെ കൂലിയും ആശുപത്രി ചെലവിനുള്ള തുകയും കിട്ടാതെ ഞാനെങ്ങനെ പോകാനാണ്? ചായയിലും ചോദ്യചിഹ്നങ്ങൾ ബാക്കി. വേലക്കാരി അതവിടെ വച്ചതൊന്നും ഞാനറിഞ്ഞിരുന്നില്ല. സലോമിയന്റിയുടെ പോക്ക് ഞാനും പോൾസാറും ആഘോഷിക്കുന്നതായിട്ടാവും അവർ കരുതിയിട്ടുണ്ടാവുക. സാറിന്റെ കിടപ്പുകണ്ടാൽ അതെല്ലെന്ന് തർക്കിക്കാൻ എനിക്കല്ലാതെ മറ്റാർക്കു കഴിയും?.

ഫോണിലെ കാൽക്കുലേറ്ററിൽ നാളത്തെ ആവശ്യത്തിനുള്ള തുക കൂട്ടിനോക്കി. അതിൽ നിന്ന് കൈയിലുള്ളതും കൂലിയായി കിട്ടാനുള്ളതും കുറച്ചു. ഇനിയുള്ള തുക കൈവായ്പ തരാനുള്ള പോൾ സാറിനെ നോക്കി. ചായയും ചുണ്ടിൽ വച്ച് ജനാലവഴി വേലക്കാരിയുടെ മടക്കം നോക്കിയിരിക്കുന്നു.

ഞാൻ സാറിന്റെ അടുത്തേക്ക് ചെന്നിരുന്നു. കടം ചോദിക്കുന്ന മനുഷ്യർക്കുള്ള വിനയസ്വരം നാവിൽ നിർത്തി. പെട്ടെന്ന് എന്റെ കൈയെടുത്ത് സാറ് നെഞ്ചിൽ ചേർത്തു. ഞാൻ കരുതി വച്ചിരുന്നതിലും വിനയസ്വരത്തിൽ സംസാരിച്ചു.

"അലവീ ഇന്ന് ഇവിടെ കഴിയുമോ, എന്തുവേണോ തരാം. എനിക്കെന്തോ ഒറ്റയ്ക്ക് ഭയം തോന്നുന്നു’’.

ഞാനതിന് സമ്മതിച്ചില്ല, മിണ്ടാതിരുന്നതല്ലേയുള്ളൂ. മുകളിലെ നിലയിലേക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ എന്നെയും വലിച്ചുകൊണ്ട് സാറ് നടന്നു. മകനും മരുമകളും കഴിഞ്ഞിരുന്ന മുറിയാണ് എനിക്കൊരുക്കിയത്. കിടക്ക വിരിച്ച് ജനാലകൾ തുറന്നിട്ടു. ശുചിമുറി തുറന്നുനോക്കി, വെള്ളമുണ്ടെന്നുവരെ ഉറപ്പുവരുത്തി. സാറിനെ ഞാൻ പലതവണ തടയാൻ ശ്രമിച്ചു. എന്നെ കട്ടിലിൽ ഇരുത്തി വാതിലും ചാരി ഇറങ്ങിപ്പോയി.

ആശുപത്രിയിലേക്കുള്ള പോക്കിനെപ്പറ്റിയും പോൾസാറിന്റെ അവസ്‌ഥയും ഭാര്യയോട് ഞാൻ ചാറ്റ് ചെയ്യുകയായിരുന്നു. കൈലിമുണ്ടുമായി സാറ് മുറിയിലേക്ക് വന്നു. "നാളെ എവർഗ്രീനും പറമ്പും വാങ്ങാനുള്ള പാർട്ടികൾ വരും. എനിക്കിതെല്ലാം ഒന്നുകൂടെ നടന്ന് കാണണം, അലവി ഒപ്പം വരുമോ?" കൈലിമുണ്ട് വാങ്ങി കട്ടിലിലിട്ടിട്ട് ഞാനും സാറിനൊപ്പം ഇറങ്ങി നടന്നു.

പടികളിറങ്ങുമ്പോൾ കൈവരിയിലൂടെ സാറിന്റെ വിരലുകൾ ആ വീടിനെ തഴുകി നടക്കുന്നു.

മുന്നിലെ വാതിൽ തുറക്കുമ്പോൾ ഒരു ചെറിയ കരച്ചിൽ. അടുക്കളയിൽ ചെന്ന് എണ്ണയെടുത്ത് വിജാഗിരികളിൽ ഇറ്റിക്കുന്നു. എന്നിട്ടും അതേ കരച്ചിൽ ബാക്കി.
'ഇത് ഈ വീടിന്റെ ഉള്ളീന്നാ അലവീ’
ജനാലയുടെ അരികിൽ എണ്ണക്കുപ്പി വച്ചിട്ട് സാറ് പുറത്തേക്കിറങ്ങി. ഞാനടച്ചപ്പോൾ കരച്ചിലൊന്നും കേട്ടില്ല.

‘എല്ലാം ഉഗ്രൻ തേക്കിന്റെ ഉരുപ്പടികളാ പഴയ വീട്ടിൽ നിന്ന് മാറ്റിവച്ചതാ’.
സാറിന്റെ കണ്ണുകളിൽ എവർഗ്രീൻ നിറഞ്ഞു നില്ക്കുന്നു. ചിരികളിൽ ഇടർച്ച. തലയുയർത്തി നിൽക്കുന്ന സാറും തലകുനിഞ്ഞ വീടും. മുറ്റത്തെ ചെടികളിലും വാട്ടം. മതിലിനരികിലെ മാവിന്റെ ചുവട്ടിൽ കിടന്ന മാമ്പഴത്തിന്റെ നെറ്റിയിൽ ഉമ്മവയ്ക്കുന്ന പോൾ സാറ്. ഞാനും മറ്റൊന്നെടുത്ത് മണപ്പിച്ചുനോക്കി.

‘സലോമിയും ഞാനും ആദ്യ വാർഷികത്തിന് നട്ടതാ, അത് രണ്ടിന് അത് മൂന്നിന്’.
പറമ്പിന്റെ പല കോണുകളിലെ മരങ്ങളിൽ വിരലോടിച്ച് വീടിനോട് പറ്റിനിന്ന കുഞ്ഞൻ പേരയുടെ മുന്നിൽ വന്നു.
‘ഇത് കഴിഞ്ഞ മാസം, ഞങ്ങടെ മുപ്പത്തിയൊന്നാം’, അതും തലകുനിച്ച് നിൽക്കുന്നു.

പൈപ്പിലെ വെള്ളമെടുത്ത് പേരയ്ക്ക് ഒഴിക്കാൻ ശ്രമിക്കുന്ന എന്നോട് പോൾ സാറ് ചിരിച്ചു. രണ്ട് മൂന്ന് മാമ്പഴം മതിലിന്റെ മുകളിൽ വച്ചിട്ട്, ഒന്ന് വിസിലടിച്ചു 'ഒരു കാര്യം കാണിച്ചുതരാ’മെന്ന ഭാവത്തിൽ എന്റെ അരികിൽ വന്നുനിന്നു. കുപ്പിവളയിട്ട ഒരു കൈ വന്ന് മാമ്പഴമെടുക്കുന്നതും ആ കൈ നന്ദി സൂചിപ്പിച്ച് വീശുന്നതും ചിരിയോടെ ചൂണ്ടിക്കാണിക്കുന്നു.

വെയിലുവീഴാത്ത പറമ്പിന്റെ തണുപ്പിലൂടെ ചെരുപ്പഴിച്ചുവച്ച് നടക്കുന്ന സാറിന്റെ ചിത്രം ഞാൻ ഫോണിലാക്കി. മരങ്ങളെല്ലാം സാറിന്റെ ഒപ്പം നിൽക്കാൻ കൊതിക്കുന്നത് പോലുള്ള തിരക്ക്. അതും സലോമിയാന്റിക്കയച്ചു.

ഒരു വലിയ പൂമരത്തിന്റെ ചുവട്ടിൽ സാറിരുന്നു. ഞാനതിന്റെ ചുറ്റും ഒന്ന് നടന്നു. "ഇതിനെ എന്റെ ചെറുക്കന്റെ അതേ പേരിട്ടാ ഞാനും സലോമിയും വിളിച്ചിരുന്നത്" ഞാനതും ഫോണിൽ പകർത്തി.

‘ഈ ഫോണിലും, അങ്ങ് ചെന്നാലും കാണാല്ലോ’, സാറ് ഫോണെനിക്ക് നീട്ടി. പൂമരം സാറിനെ കെട്ടിപ്പിടിച്ചു നിന്നു. ഞാനെടുത്ത ഫോട്ടോ വലുതാക്കി നോക്കി സാറിന്റെ മുഖത്ത് ചെറിയ ഒരു ചിരി. ഒരു കുഞ്ഞു കാറ്റ്, മരത്തിന്റെ ഉള്ളിൽ നിന്നും നാലഞ്ചു തുള്ളി മഞ്ഞപ്പൂക്കൾ.

ചുറ്റുമതിലിനോട് ചേർന്ന് ഒരു വീടിന്റെ ഓടിട്ട തല. സാറ് അങ്ങോട്ടാണ് നടക്കുന്നത്. ഞാനും പിന്നാലെ ചെന്നു. മതിലിൽ ചാരിവച്ച ഒരു വേലിക്കല്ലിൽ കയറിനിന്ന് ആ വീട്ടിലേക്ക് നോക്കി ‘നീതൂ’ന്ന് നീട്ടി വിളിച്ചു. ഞാനും ഒരു കല്ലനെ കുനിച്ചുനിർത്തി വീട്ടിലേക്ക് നോക്കി. കടിച്ചുപിടിച്ച മാമ്പഴവും കുപ്പിവളയുമുള്ള മെലിഞ്ഞ ഒരു പെണ്കുട്ടി. ഞങ്ങളെക്കണ്ട് മാമ്പഴം പാവാടയുടെ പിന്നിലേക്ക് ഒളിപ്പിച്ചു. മറ്റേ കൈകൊണ്ട് മാമ്പഴരുചി ഒലിക്കുന്ന കവിള് തുടച്ചു.

സാറിന്റെ മതിലിനോട് ചാരി അവളെപ്പോലെ മെലിഞ്ഞ ഒരു വഴിയാണ് വീട്ടിലേക്കുള്ളത്. എന്റെ കണ്ണ് ആ വഴിയിലൂടെ പൊതുവഴിയിലേക്കിറങ്ങി. കുറച്ച് മെറ്റലും മണലും കൂനകൂട്ടിയിട്ടിട്ടുണ്ട്. മണലിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഫ്ലെക്സിട്ട് മൂടിയിരുന്നു. സിമന്റ് കല്ലുകൾ അടുക്കിവച്ചിരിക്കുന്നതിന്റെ പുറത്ത് പഴയ ഒരു സാരി വിരിച്ചിട്ടിട്ടുണ്ട്. മെറ്റലിൽ ചാര നിറമുള്ള ഒരു പട്ടി ഉറക്കത്തിലാണ്.

‘എന്നാ പണി തുടങ്ങുന്നത്?’.
നാളെയെന്ന് അവൾ ഇടതു കൈയിൽ മുദ്രകാണിച്ചു.
‘അമ്മ വന്നില്ലേ?’, ഇപ്പൊ വരുമെന്ന് മുദ്ര. എന്റെ ചിരിക്ക് അവളുടെ കൂർത്ത കണ്ണിന്റെ കുത്ത്.

‘വീടുവരെയുള്ള ഭാഗത്തെ മതില് പൊളിച്ച് വഴിക്കുള്ള സ്ഥലം കെട്ടിയെടുക്കാൻ അമ്മയോട് പറയണം കേട്ടോ..?’, പെണ്ണിന്റെ കണ്ണിൽ തെളിഞ്ഞ വെളിച്ചത്തിന് നന്ദിയെന്നും സന്തോഷമെന്നും വായിക്കാൻ മുദ്രകളൊന്നും വേണ്ടായിരുന്നു.

‘നിന്നെ കെട്ടാൻ വരണ കൂട്ടര് വീട്ട് മുറ്റം വരെ വണ്ടിയിൽ വരട്ടെ’.
പെണ്ണിന്റെ മുഖത്ത് നാണം. അവള് മാമ്പഴം കൊണ്ട് മുഖം മറച്ചു. സാറിന്റെ ചിരി ആ മുഖത്തേക്ക് മടങ്ങിവരുന്നത് കണ്ടു.

‘ആ കൊച്ചിന് മിണ്ടാനുള്ള കഴിവില്ല, നല്ലോണം പഠിക്കും. സർക്കാരിന്റെ ഏതോ വകുപ്പിൽ പഠനമുറിക്കുള്ള മൂന്നോ നാലോ ലക്ഷം കിട്ടിയിട്ടുണ്ട്. ഇവരെ കളഞ്ഞിട്ട് സുകു എന്നോ പോയതാണ്. ഇനി ഞാനായിട്ട് അതിന്റെ വഴി തടയരുതല്ലോ..?’

ഇഷ്ടികയിൽ തീർത്ത പഴയ മതില് പൊളിക്കാൻ എത്ര പണിക്കാർ വേണ്ടിവരുമെന്ന് ചിന്തിക്കുന്ന എന്റെ കണ്ണിലേക്ക് മെലിഞ്ഞ ഒരു സ്ത്രീ വിയർപ്പോടെ കയറിവന്നു. അവർക്ക് പിന്നാലെ സന്തോഷം മൂളലായും കുതിച്ചു ചാട്ടമായും അവതരിപ്പിച്ച് ആ പട്ടിയും വന്നു.

‘ശ്യാമേ... നീ ഈ മതില് പൊളിച്ച് വഴി വെട്ടിക്കോ, വേഗം വേണം കേട്ടോ നാളെയോ മറ്റന്നാളോ എവർഗ്രീനും പറമ്പും വിറ്റ് ഞാനും കേറിപ്പോകും’. ആ സ്ത്രീയുടെ മുഖം കരച്ചില് നിറഞ്ഞ കലത്തിന്റെ വക്ക് പൊട്ടിയ ഭാവമായി. മതിലിൽ കാലുകൾ ഉയർത്തി നിൽക്കുന്ന പട്ടിയെ കൈ നീട്ടി തൊടാൻ ശ്രമിക്കുന്ന സാറിനോടുള്ള അതിന്റെ വാലിന്റെ താളം ഞാൻ ശ്രദ്ധിച്ചു.

പോൾസാറ് റോഡിന്റെ ഭാഗത്തുള്ള മതിലിനരികിൽ ചെന്നുനിന്നു. അവിടം മണ്ണിട്ടുയർത്തിയിട്ടുണ്ട്. പതിവായി നിൽക്കുന്ന ഭാഗമെന്ന് കല്ലുകൊണ്ടുള്ള വരയും കുറിയും നോക്കിയാലറിയാം. ചിലർ ചിരിക്കുന്നു, ചിലർ അഭിവാദ്യം ചെയ്യുന്നു. സാറിന്റെ കണ്ണ് അവരെയെല്ലാം കൊതിയോടെ നുണഞ്ഞിറക്കുന്നു.

‘അലവീ ഞാനൊരു രഹസ്യം പറഞ്ഞു തരട്ടെ?’ ഞാനല്പംകൂടെ ചേർന്നു ചെന്നു. വഴിയേ പോയ ഒരു വൃദ്ധ സാറിനോട് എന്തോ ചോദിച്ചു. അതിനും ചിരി. സാറിന്റെ കണ്ണിലപ്പോഴും ആ വൃദ്ധയെ നുണഞ്ഞതിന്റെ ഒരല്പം ബാക്കിയുണ്ട്.

‘ഈ നാട്ടിലെ ഭൂരിഭാഗം വീട്ടിലും അറുപത് കഴിഞ്ഞവരേയുള്ളൂ. ഈ തെരുവിലും യുവാക്കളില്ല. ഈ നാടൊരു വൃദ്ധ സദനമാണ്’.
ആ പറഞ്ഞതിലെനിക്ക് സത്യമുള്ളതായി തോന്നി.

എനിക്ക് കിട്ടുന്ന ഓട്ടങ്ങൾ പലതും മെഡിക്കൽ ചെക്കപ്പുകളാണ്. വിദേശത്തുള്ള മക്കൾ അക്കൗണ്ട് വഴി അയച്ചുതരുന്ന തുകയാണ് ഇടപാട്. ചില നിർദ്ദേശങ്ങളും. നേരെ വീട്ടിൽ ചെല്ലുക, അവരെ ആശുപത്രിയിൽ കാണിക്കുക, വീട്ടിലെത്തിക്കുക. ചിലരെല്ലാം ഇത്തിരി നേരം ഇരുന്നിട്ട് പോകാനും പറയും. ഞാനവിടെയിരുന്ന് ആ വീട്ടിൽ ഒരു കള്ളൻ കയറിയാലുള്ള അവസ്ഥ ഓർക്കും. ഈ കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ഒന്നുറക്കെ വിളിക്കാൻ പാങ്ങില്ലാത്തവരെ കട്ടിലോടെ ചുമന്നതും അവർ മക്കളെയോർത്ത് കരഞ്ഞതും ഓർമ്മവന്നു.

മതിലിന്റെ ഒരു കുഞ്ഞുഭാഗം അടർന്നുവീണു. ശ്യാമയും നീതുവും പൊളിക്കാൻ തുടങ്ങിയിരിക്കുന്നു. സാറിനും ആവേശം. അവരുടെ ചുറ്റിക വാങ്ങി പണി തുടങ്ങി. ഇനിയും ഉപയോഗിക്കാൻ പാകമുള്ള അരയും മുക്കാലും കല്ലുകൾ നീതു അടുക്കിവയ്ക്കുന്നുണ്ട്. ഞാനും കൂടി. ശ്യാമ പിക്കാസ് തന്നു. കല്ലുകൾ പൊട്ടാതെ മുഴുവനായി ഇളക്കിയെടുക്കുന്ന എന്റെ വിധം ശ്യാമയും ശ്രമിക്കുന്നു.

‘വഴി അളന്നുവച്ച് തരാം, ഇത്തിരി കയറ് താ പെണ്ണേ’, അയക്കയറഴിച്ച് ശ്യാമ സാറിന് നീട്ടി. നിലത്ത് വീണ തന്റെ യൂണിഫോമിന്റെ ഉടുപ്പിനെ ഒരു പൂച്ചെടിയുടെ മുകളിൽ നീതു വിരിച്ചിട്ടു. കുറ്റി വയ്ക്കാനുള്ള കമ്പുകൾ ഞാൻ ഒടിച്ചെടുത്തു. അവർക്കുവേണ്ടി വീഴാൻ കാത്തുനിന്ന കണക്കായിരുന്നു മതിലിന്റെ ഭാവം. ഞങ്ങൾ ക്ഷീണിച്ച് ഒരല്പമിരുന്നു. ചാര നിറമുള്ള പട്ടി പൊളിഞ്ഞ ഭാഗത്തിലൂടെ അരികിൽ വന്നുകിടന്നു. സാറതിനെ തടവുന്നു.

ശ്യാമയുടെ ആവേശത്തിന്റെ കാരണം ഒരാൾക്ക് കൂലി കൊടുക്കാനില്ലാത്തത് മാത്രമല്ലെന്ന് എനിക്ക് മനസിലാകും. അളന്നു കുറ്റിവച്ച ഭാഗത്തിലൂടെ കാറിനല്ല ലോറിക്ക് സുഖമായി കയറിവരാം. ഞാൻ നീതുവിനെ നോക്കി. അടുക്കിവച്ച കല്ലിന്റെ പുറത്തിരുന്ന് ആ പെണ്ണ് കിനാക്കുടം നിർമിക്കുന്നു. കുഞ്ഞുകല്ലെടുത്തെറിഞ്ഞ് ഞാനതുടച്ചു.

നീതു മതില് പൊളിഞ്ഞ ഭാഗത്തൂടെ കയറി വന്ന് ഭാവി വഴിയും ഞങ്ങളെയും നോക്കി.
‘നീയും പഠിച്ച് വലുതാവുമ്പോൾ ഈ നാട് വിട്ടു പോവോ പെണ്ണേ....?’, പോൾസാറ് നീതുവിനെ പിടിക്കാൻ കൈ നീട്ടി. ശ്യാമയുടെ പിന്നിലേക്ക് ഓടിയൊളിച്ച് ഇല്ലെന്നവൾ മുദ്ര കാണിച്ചു.

സാറിന് ക്ഷീണം മാറി. മതിലിന്റെ ഒരു വലിയ ഭാഗം കുലുക്കി തള്ളിയിട്ടു. ചാര നിറമുള്ള നായ ഭയന്നോടിപ്പോയി. ഒരു കല്ല് സാറിന്റെ കാലിൽ വീണു. രക്തം പൊടിഞ്ഞു, ചെറിയ മുറിവ്. ഉടുത്തിരുന്ന സാരിയിൽ ഒരു ഭാഗം കീറിയെടുത്ത് ശ്യാമ എനിക്ക് നീട്ടി.

കപ്പിൽ വെള്ളവുമായി ഓടി വന്ന നീതുവിന്റെ കവിളിൽ ഒന്ന് തലോടി. പോക്കറ്റിൽ നിന്ന് ഒരു നോട്ടുകെട്ടെടുത്ത് നെറ്റിയിൽ പതിപ്പിച്ച ഉമ്മയോടൊപ്പം അവൾക്ക് കൊടുത്തു. തിരിഞ്ഞു നോക്കാതെ നടക്കുന്ന സാറിന്റെ ഒപ്പമെത്താൻ ഞാനിത്തിരി പ്രയാസപ്പെട്ടു.

എവർ ഗ്രീനിന്റെ പടിക്കെട്ടിലിരുന്ന് കാലിലെ മുറിവു കെട്ടി. ശ്യാമയും നീതുവും ഇപ്പോഴും കല്ലുകളടർത്തിയെടുക്കുകയാണ്. പൂമരത്തിൽ നിന്ന് പറമ്പിന്റെ മൂലകളിലേക്ക് ഇരുട്ടും കൊഴിഞ്ഞു വീഴാൻ തുടങ്ങുന്നുണ്ട്.

‘ആ വഴി ഞാനെന്നേ തുറന്നു കൊടുക്കേണ്ടതായിരുന്നു’.
പോൾസാറിപ്പോൾ മാവിനോടാണ് സംസാരിക്കുന്നത്. ഞാൻ ഫോണിൽ നോക്കി സലോമിയാന്റി ഇപ്പോഴും എന്റെ സന്ദേശം കണ്ടിട്ടില്ല. പള്ളിയിൽ നിന്ന് വാങ്ക് മുഴങ്ങുന്നു. സാറെന്നയൊന്ന് നോക്കി.

‘ക്ളോക്കും വാച്ചും ഇപ്പൊ സകലർക്കും സ്മാർട്ട് ഫോണുമുണ്ടായിട്ടും ഇത് നിർത്താനായില്ലേ അലവീ.?’, ഞാൻ സാറിനോട് ചിരിച്ചു. നിസ്കരിക്കാനെഴുന്നേറ്റു.

‘സങ്കടായോ?. പരീക്ഷക്കാലമല്ലേടാ, ഇങ്ങനെ എല്ലാവരും മൈക്കുകെട്ടി ദൈവങ്ങളെ വിളിക്കാനിറങ്ങിയാൽ, പഠിക്കാനുള്ള പിള്ളേര് ഈ രാജ്യം വിട്ടുപോകൂലേ..?’, സാറിന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് സമ്മതിച്ചു.

‘ഈ പരീക്ഷക്കാലത്ത് പിള്ളേരുടെ ചെവിയിൽക്കേറ്റി കോളാമ്പിവയ്ക്കുന്നത് ഏതു ദൈവത്തിന്റെ പേരിലായാലും വിവരക്കേടും രാജ്യദ്രോഹവുമാണ്’, അതിനും ഞാൻ തല കുലുക്കി.

‘ഇവിടെ പിള്ളേർക്ക് ഗുണമുള്ളത് വല്ലതും പഠിക്കാനാവുന്നുണ്ടോ? എന്റെ മോൻ അവന്റെ കാമുകിയെ കണ്ടത് കടലിന്റെ അടിയിൽ വച്ചാ. ഏതോ പായലിൽ നിന്ന് മറവിരോഗ മരുന്നിന്റെ ഗവേഷണത്തിന്റെ ഇടയിൽ, ഇപ്പൊ ഒന്നിച്ചായി ഗവേഷണങ്ങൾ. വല്ല സമ്മാനവും കിട്ടുമ്പോ ഇന്ത്യൻ വംശജൻ എന്നൊക്കെ നമുക്ക് പത്രത്തിൽ വായിക്കാം’.

ഇതൊന്നും എനിക്ക് താങ്ങില്ലെന്ന് ചിരിച്ചിട്ട് മുറിയിലേക്ക് നടന്നു. സാറിന്റെ ഉള്ളിലിപ്പോഴും ഇറ്റലിക്കാരനും ഇന്ത്യക്കാരനും തർക്കങ്ങൾ നടക്കുന്നുണ്ടാകും. കുളിയും നിസ്കാരവും കഴിഞ്ഞ് ഒരല്പം കിടന്നു. വിശന്നപ്പോൾ താഴേക്ക് ചെന്നു.

മുറിക്കയ്യൻ ബനിയനും കൈലിമുണ്ടും വേഷം. കഞ്ഞിയുടെ അവസാന രുചിയും ശബ്ദത്തോടെ കുടിക്കുന്ന പോൾ സാറ്. സ്‌പൂണ് പിടിച്ചിരുന്ന കൈകൊണ്ട് എന്നെ മേശയിലേക്ക് വിളിച്ചു. ചപ്പാത്തിയും കറിയും. ഞാൻ കഴിച്ചുതീരുവോളം മിണ്ടാതെ കാത്തിരുന്നു.

‘അലവി നമ്മൾക്കിത്തിരി മിണ്ടിയും പറഞ്ഞുമിരിക്കാം, ചിലപ്പോഴിനി’.
സാറത് പാതിയിൽ നിർത്തി. സെറ്റിയുടെ താഴെ വിരിച്ചിട്ട പത്രത്തിൽ കുപ്പിയും ഗ്ലാസും. പാത്രത്തിൽ മിക്സ്ചർ പൊട്ടിച്ചിട്ടു. എതിർവശത്തെ കസേര എനിക്ക് ചൂണ്ടിക്കാണിച്ചു.

നിലത്തിരുന്ന് കാലുകൾ നീട്ടിവച്ച് തല സെറ്റിയിൽ ചാരി കൈകൾ വിരിച്ചുവച്ച് കണ്ണടച്ചിരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനേരമായി. കുപ്പി പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞു. കാലിലെ കെട്ട് അഴിച്ചുമാറ്റിയിട്ടുണ്ട്. മുറിവിൽ വെളുത്ത പൊടി. അതിൽ ഒരു ചുവന്ന പൊട്ട്. ഫോണിലെ സ്‌ക്രീനിൽ ചെമ്മീനിലെ മധു വള്ളത്തിൽ ചാരിയിരുന്ന് 'കടലിനക്കരെ പോണോരേ' വിളിച്ച് മൂന്നാമതും പാടുന്നു. സാറിന്റെ വിരൽ ആ പാട്ടിനെ അതേ താളത്തിൽ വരയ്ക്കുന്നു.

ഞാൻ സാറിനെ തൊട്ടു.
"ചെന്നു കിടന്നോടാ കണക്കെല്ലാം നാളെപ്പറയാം’’. ബുദ്ധിമുട്ടില്ലെന്ന ഭാവത്തിലിരുന്ന എന്നോട് കണ്ണുതുറന്ന്, പൊയ്ക്കോളൂവെന്ന് ആംഗ്യം കാണിച്ചു. പടികൾ കയറുന്ന എന്നോട് ചിരിച്ചു. ശുഭരാത്രി പറഞ്ഞു.

മതില് പൊളിയുടെ ക്ഷീണത്തിൽ ഞാൻ വല്ലാതെ ഉറങ്ങിപ്പോയി. വേഗത്തിൽ കുളിച്ചൊരുങ്ങി ഇറങ്ങി. ഫോണിൽ ഭാര്യയുടെ വിളികൾ. ദാ എത്തിയെന്ന് മറുപടി മെസേജിട്ടു.

പോൾ സാറ് അതേ ഇരിപ്പാണ്. മുഖത്ത് അതേ ചിരിയും ബാക്കിയുണ്ട്. കുപ്പി പൊട്ടിച്ചിട്ടില്ല. ഫോണിന്റെ പുറത്തും ഉറുമ്പുകൾ കൊണ്ടുപോകാൻ തുടങ്ങിയ മിക്സ്ച്ചറിന്റെ പൊടികൾ.

സെറ്റിയിൽ വിരിച്ചു വച്ചിരുന്ന കൈയിൽ ഞാൻ തൊട്ടു. തണുപ്പ്.
'കടലിനക്കരെ കാണാപ്പൊന്നിന്ന് പോണോരുടെ' ചിത്രം വരച്ച ആ വിരലിന്റെ അറ്റത്ത്, പാട്ടും തണുത്ത് നിൽക്കുന്നുണ്ട്.

പെട്ടെന്ന് പുറത്തിറങ്ങി. ശ്യാമയും നീതുവും പൊളിച്ചിട്ട മതിലിന്റെ ഭാഗത്തിലൂടെ വഴിയിലെത്തി. പ്രഭാതനടത്തക്കാരോടും അയൽവാസികളോടും കാര്യങ്ങൾ വിവരിച്ചു. കേട്ടുനിന്ന നീതുവിന്റെ ഓട്ടത്തിന് ശബ്ദമില്ലാത്ത കരച്ചിലിന്റെ മുഴക്കം. ചിലർ വീട്ടിനുള്ളിലേക്ക് വന്നു. അതിലൊരാൾ നാഡിയുടെ മിടിപ്പ് നോക്കി, ഉറപ്പിച്ചു. മുറ്റത്ത് വീണുകിടക്കുന്ന ശ്യാമയോട് മരണമെന്ന് കുരയ്ക്കുന്ന ചാര നിറമുള്ള പട്ടി.

ആളു കൂടുന്നതിന് മുൻപ് ഫോണിൽ ഒരു ഫോട്ടോയെടുത്ത് സലോമിയാന്റിക്ക് അയച്ചു. ഇന്നലെത്തെ സന്ദേശത്തിന് ഒരു ചിരി സ്മൈലി കിടക്കുന്നു. ഈ ഫോട്ടോയ്ക്ക് പക്ഷേ വിളിവന്നു. ഒരാളുടെ മരണത്തെയാണല്ലോ നമുക്ക് ഏറ്റവും ചുരുക്കി വിവരിക്കാൻ കഴിയുന്നത്.
‘പെട്ടെന്നൊരു മടക്കം സാധിക്കില്ല’, മറുപടി തന്നത് മകനായിരുന്നു. ആശുപത്രിയിലേക്ക് മാറ്റാനും കുറച്ചുകാലം ഫ്രീസറിൽ സൂക്ഷിക്കാനും തണുത്ത നിർദ്ദേശങ്ങൾ.

അതിനുള്ള ചെലവിനെക്കുറിച്ച് ചിന്തിച്ചെങ്കിലും സാറിനെയാദ്യം ഒന്ന് നേരെ കിടത്താനായി ഉയർത്താൻ ശ്രമിച്ചു. ഞാനും സാറും നിലത്തേക്ക് വീണുപോയി. ശ്യാമ ഓടിവന്ന് പിടിച്ചു. കാറിലേക്ക് കയറ്റുമ്പോൾ നീതു കാലിലെ മുറിവിൽ തൊടുന്നത് കണ്ടു.

ഭാരമുള്ള ഒരു തുക എന്റെ ബാങ്കിൽ വീണതിന്റെ സന്ദേശവും, പോൾസാറിന്റെ മകനയച്ച നിർദ്ദേശങ്ങളും, കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാനാകാത്തതിൽ എന്റെ ഭാര്യയുടെ പരിഭവങ്ങളും ഇതാ, ഈ ശവങ്ങൾ സൂക്ഷിക്കുന്ന ഏജൻസിയുടെ മുന്നിലിരുന്നാണ് ഞാനിപ്പോൾ കാണുന്നതും കേൾക്കുന്നതും.


കെ. എസ്. രതീഷ്

കഥാകൃത്ത്, അധ്യാപകൻ. പാറ്റേൺലോക്ക്, ഞാവൽ ത്വലാഖ്, ബർശല്, കബ്രാളും കാശിനെട്ടും, കേരളോൽപത്തി, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments