“നിനക്കെന്നെ വേണ്ടേ...?”
ഞാൻ കിടന്നിരുന്നത് അയാളുടെ നെഞ്ചിലായിരുന്നു. തൊട്ടു കിടന്നിട്ടും കാണാനും കേൾക്കാനും പറ്റാത്ത ദൂരത്തിൽ തൊടുന്നിടം പെട്ടന്ന് ശൂന്യമായിപ്പോയി. എന്നിട്ടും കാതുകളിലാരോ അട്ടഹസിക്കുന്നു...
“നിനക്കെന്നെ വേണ്ടേ...?”
ആവർത്തനത്തിന്റെ ഓരോ തവണയിലും വാക്കുകൾ അകന്നകന്ന്, അക്ഷരങ്ങൾ വേർപ്പെട്ട്, കൂർത്ത കല്ലുകളുടെ ക്രൂരതയോടെ അവയെന്നെ കുത്തി നോവിക്കാൻ തുടങ്ങി. “നിനക്കെന്നെ വേണ്ടേ...?”
അയാളുടെ വാക്കുകളുടെ കുത്തൊഴുക്കിന് ശമനം വന്നിട്ടില്ല. തുടർച്ച തന്നെയാണത്. എത്രയെല്ലാം ഓർത്തുവെക്കുന്നു, എനിക്കത്ഭുതം തോന്നി. പറഞ്ഞ വാക്കിന്, ചെയ്ത പ്രവൃത്തികൾക്ക് വന്നു ചേരുന്ന അർത്ഥവ്യാപ്തിയിൽ എനിക്കെന്നെ കടിക്കാൻ തോന്നി. ശരീരത്തിന്റെ വേദനകളിൽ ഇഴുകിച്ചേരാൻ പറ്റുന്നത് പോലെ മനസ്സിന്റെ വേദനയിൽ നമ്മളെന്താണ് അലിഞ്ഞിടാത്തത്. നമ്മുടെ മനസ്സിനിത്രയും ക്രൂരമായ ശക്തിയുണ്ടല്ലേ...
“നിനക്കെന്നെ വേണ്ടേ...?” ചോദ്യം വീണ്ടുമാവർത്തിക്കുന്നു..
കൈകൾ കൊണ്ട് ഞാനയാളെ പരതി നോക്കി. ആ ചോദ്യം തിരിച്ചു ചോദിച്ചാലോയെന്ന് മനസ്സ് വെമ്പി. നാവ് തരിച്ചു. വേണ്ടെന്ന് ആരോ പിന്തിരിപ്പിച്ചു. പതിയെ കുത്തൊഴുക്കിലെ വാക്കുകളെ പെറുക്കി വെച്ചു.
“നിനക്ക് ഞാൻ വേണമെന്നൊന്നുമില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. നിനക്ക് നിന്റെ ആവിശ്യങ്ങൾ നിറവേറ്റാൻ വേറാളുകൾ ഉണ്ടായത് കൊണ്ട് മാത്രമാണ് നീ എന്നെ വേണ്ടാതെ ജീവിക്കുന്നത്. ഞാൻ വരുന്നത് വരെ നീ ഉണർന്നിരിക്കും. ഞാൻ വരുന്നതിന്റെ സൂചനകളിൽ നീ ഉറക്കം അഭിനയിക്കും. എന്നേ കാണുമ്പോൾ മാത്രമേ നിനക്ക് ക്ഷീണമുള്ളൂ. അത് വരെ നിനക്ക് ആഘോഷമാണ്...” തുടർച്ചയിൽ എന്റെ ശ്രദ്ധയെ ഞാൻ പടർത്തി വെച്ചു. ഓരോ വാക്കുകളും കയറിനടന്നുല്ലസിക്കട്ടെ. ആഘോഷിക്കട്ടെ...
ചിലവാക്കുകൾ വേഗതയിൽ തെന്നി നീങ്ങുന്നതിനിടയിൽ ചിലത് മാത്രം അമർന്ന് നിന്ന് കൊഞ്ഞനം കുത്തുന്നു. അവ അടിവേര് തേടി പോകുന്ന മാതിരി, നൂൽ കോർക്കാത്ത സൂചികൊണ്ട് തുന്നിപ്പിടിപ്പിക്കുന്ന മാതിരി, ചെറുതെങ്കിലും നോവേറ്റുന്ന സുഷിരങ്ങൾ ബാക്കി നിർത്തി, ഓടുന്ന വാക്കുകളെ പോലും വഴിതെറ്റിക്കുന്നു. അവിടെ തെറ്റിയോടുന്ന, തെന്നി വീഴുന്ന വാക്കുകൾ ഏറെ വേദനിപ്പിക്കുന്നുവോ... ഞാൻ തന്നെയാണോ എന്റെ മിഴികളടച്ചത്...
അയാളെത്ര തവണയാണ് നീയെന്നു പറയുന്നത്. നീ.. നീ... നീ... എന്നിലേക്ക് മാത്രം ചുരുങ്ങിപ്പോവുന്നുണ്ടോ കുറ്റപ്പെടുത്തലുകൾ... എന്തോ വൈകിട്ട് ബസ്സിലൊപ്പം യാത്രക്കുണ്ടായിരുന്ന ആ മനുഷ്യനെ ഓർത്തു. കറുത്ത മുഖത്തിനെ ഏറെ കറുപ്പിക്കുന്ന താളം തെറ്റിയ കണ്ണുകൾ, ആ മനുഷ്യന്റെ നിസ്സഹായതയെ എന്നോട് പറയുംപോലെയാണ് തോന്നിയത്.
പെട്ടന്ന് ശബ്‌ദിച്ച മൊബൈൽ ഫോണിനോടുള്ള അയാളുടെ പ്രതികരണം, ഞാൻ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ വരികളെ കട്ടെടുത്തു. വികസിച്ചും ചുരുങ്ങിയും അപ്രത്യക്ഷമായ അക്ഷരങ്ങളെ കൂർപ്പിച്ചുനോക്കി ഞാനയാളെ മാത്രം കേട്ടു.
“ഞാൻ വരുന്നുണ്ട്... ബസ്സിലാണ്. കൊണ്ടുപോയപ്പോൾ നിനക്കെങ്കിലും എന്നെ വിളിച്ചൂടായിരുന്നോ. ഞാനെത്തുമ്പോഴേക്കും എന്തെങ്കിലും വേണ്ടാത്തത് നടന്നാൽ, ഞാനാരാണെന്ന് നല്ലോണം മനസ്സിലാവും ഇങ്ങക്കൊക്കെ...”
എങ്ങോട്ടായിരിക്കും അയാളിത്ര ദൃതിയിൽ, ഞാനോർത്തപ്പോഴാണ് കണ്ടക്ടർ വന്നത്. ആശുപത്രിയുടെ മുന്നിൽ ബസ് നിർത്തുമോയെന്ന് അയാള് ചോദിക്കുന്നതിലേക്ക് ഞാൻ ചെവികൂർപ്പിച്ചു. മുന്നിൽ നിർത്തില്ലെന്നും, തൊട്ടിപ്പുറത്തിറങ്ങി നടന്നാൽ മതിയെന്നുമുള്ള മറുപടിയിൽ അയാളുടെ കണ്ണിന്റെ ചലനം ഏറിവന്നു.
അടുത്ത തവണ ഫോണെടുത്ത അയാളിൽ പൊട്ടിത്തെറിയാണുണ്ടായത്.
“മരിക്കും, എനിക്കറിയാം മരിക്കുംന്ന്. രാവിലെ ആശുപത്രിയിൽ കൊണ്ടുപോയിട്ട് ഈ നേരം വരെ എന്നോട് പറയാതെ കാത്തില്ലേ. ഇനി കുറച്ച് കൂടി കാക്ക്, ഞാൻ വന്നോളാം. ബസ്സിലാണ് വരുന്നത്, കേറ്റാനുള്ളവരെ കേറ്റിയിട്ടും, ഇറക്കാനുള്ളവരെ ഇറക്കിയിട്ടുമൊക്കെത്തന്നെ അവിടെ എത്തൊള്ളൂ. ഈ നേരം വരെ നിന്നപോലെ എല്ലാരും നിന്നോ, ഞാൻ വന്നോളാം. ന്റെ ഭാര്യ മരിച്ചൂന്നിച്ചിട്ട് ബസ് നേരെ അങ്ങോട്ടൊന്നും വരൂല. കാത്തോളീ, എല്ലാരും ന്നേ കാത്തോളീം...”
അവസാനവാക്കില് എത്രകണ്ണുകളാണ് അയാളിൽ തറച്ചത്. ഡ്രൈവർ ബസ് പതുക്കനെയാക്കുമ്പോൾ അയാളുടെ കണ്ണിന് തീക്ഷണത്ത കൂടി.
“നമുക്ക് ഓട്ടോ വിളിച്ച് പോവാം ചേട്ടാ...” കണ്ടക്ടർ അയാളുടെ തോളിൽ പിടിച്ചപ്പോഴേക്കും ബസ് വശം ചേർത്ത് നിർത്തിയിരുന്നു. അയാൾ പൊട്ടിക്കരയുമ്പോൾ, ആരെല്ലാമോ സ്വന്തം കണ്ണീരിന്റെ വഴി തടയുന്നു. അയാളുടെ പ്രവർത്തനങ്ങൾ യന്ത്രികമാവുകയാണ് ചെയ്‍തത്. ബസ് മുന്നോട്ട് പോവുമ്പോൾ അയാൾ അവശേഷിപ്പിച്ചു പോയ നിശബ്ദതയിൽ ബസ്സിന്റെ ഇരമ്പലിന് ഇതുവരെയില്ലാത്ത തീവ്രത കൈവന്നതായി എനിക്ക് മാത്രമാണോ തോന്നിയത്...

അവിചാരിതമായാണ് ആശുപത്രിയുടെ മുന്നേയുള്ള സ്റ്റോപ്പിൽ ഞാനിറങ്ങിയത്. ആരോ എന്നെ വലിച്ചിറക്കിയത് പോലെ.
എന്നെ കാത്തിരുന്നത് പോലെ, ഞാൻ ചെന്ന് കയറിയപ്പോഴാണ്, തന്റെ ഭാര്യയുടെ നിശ്ചലതയുടെ ഭീകരതയിൽ കണ്ണെടുക്കാതെ അവരെ ആംബുലൻസിലേക്ക് കയറ്റുന്നത് കണ്ടത്. കെട്ടിവെച്ച തലക്കിടയിലേക്ക് ഞാൻ നൂഴ്ന്ന് നോക്കുമ്പോൾ, മൂക്കുത്തി പറിച്ച ദ്വാരമെന്നെ ഇളിച്ചുകാട്ടി. മറ്റൊന്നും ഞാനാമുഖത്ത് കണ്ടില്ല.
എല്ലാം തീർത്ത് വണ്ടിയിലേക്ക് കയറുമ്പോൾ അയാളെന്റടുത്തേക്ക് വന്നു. കീശയിൽ നിന്നും ഒരു പൊതിയെടുത്ത് മാലയും കമ്മലും വളയുമെല്ലാം ചികഞ്ഞ്, ഒരു കുഞ്ഞു മൂക്കുത്തി അയാളെന്റെ കയ്യിൽ നിർബന്ധപൂർവ്വം പിടിപ്പിച്ചു. എനിക്കെന്നെയോ അയാളെയോ ചുറ്റുപാടിനെയോ മനസ്സിലായില്ല. അയാൾ വണ്ടിയിൽ കയറി. അവരിങ്ങനെ ആശുപത്രി മുറ്റം വിട്ട് മുന്നോട്ട് പോവുന്നതിലും വേഗതയിൽ ഞാൻ പിന്നോട്ട് പായുന്നതായി തോന്നി. എപ്പോഴാണ് ഞാൻ തിരിച്ചു പോന്നത്...?
ആ മൂക്കുത്തിക്ക് പറയാനുള്ള കഥകളിലൂടെ എത്ര ദിവസത്തെ സ്വപ്നങ്ങളാണ് എന്നെ ഒപ്പം കൂട്ടിയത്. ഒരാഴ്ചക്കിപ്പുറമാണ്, രാത്രിയുടെ നിശബ്ദതയിൽ നെഞ്ചോരം കിടക്കുമ്പോൾ ഞാൻ മൂക്ക് കുത്തുന്നുവെന്ന് തറപ്പിച്ചു പറഞ്ഞത്. പരിഹാസച്ചിരിയിൽ ആഭരണങ്ങളെ ഇത്രയും വെറുക്കുന്ന നീയോ എന്ന് പറഞ്ഞവസാനിപ്പിച്ചു. അതെ, ഞാൻ തന്നെ.
പിറ്റേന്ന് തന്നെ ജോലികഴിഞ്ഞു മടങ്ങുമ്പോൾ ജ്വല്ലറിയിൽ കയറി. മൂക്ക് കുത്തണമെന്ന് ഞാനെന്നെ തന്നെ തീർച്ചപ്പെടുത്തിയോ. ജ്വല്ലറിയുടെ തണുപ്പിൽ സോഫയിലിരുന്ന് ചായ നുണയുമ്പോൾ അറിയാതെ കണ്ണ് പാഞ്ഞത് ടീവിയിലേക്കാണ്. കാമുകിയുടെ കണ്ണുകളിൽ ലോകം ആസ്വദിക്കുമ്പോൾ, കണ്ണുകളിൽ പ്രണയം നിറക്കുന്ന കാമുകന്റെ കണ്ണിനോടുള്ള ആർത്തിയിൽ എന്ത് ചെയ്യണമെന്നറിയാതെ തകരുന്ന കുഞ്ഞിക്കൂനൻ. ശരീരം വിറച്ചുപൊന്തി. ചായഗ്ലാസുപോലും തിരിച്ചുനൽകാതെയാണവിടെ നിന്നുമിറങ്ങിയത്. വൈകിട്ടെത്തുമ്പോൾ എന്തേ മൂക്ക് കുത്തിയില്ലേന്ന് കളിയാക്കി ചിരിച്ചു.
പിറ്റേന്ന് ബസിൽ കയറുമ്പോൾ ആ മൂക്കുത്തിയെടുത്ത് കയ്യിൽ പിടിച്ചു. ആശുപത്രിക്ക് മുന്നിലെത്തുമ്പോൾ വലിച്ചെറിയണമെന്ന് തീർച്ചപ്പെടുത്തി. ഞാൻ ചെന്നിരുന്ന സീറ്റിന്റെ തൊട്ടിപ്പുറത്ത് അയാളിരിപ്പുണ്ടായിരുന്നു. തിരിച്ചറിഞ്ഞിടം തരിച്ചുപോയി. എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചശേഷം അയാൾ പുറത്തേക്ക് നോക്കിയിരുന്നു. അയാളെന്നെ നോക്കുന്നുണ്ടോയെന്ന് എത്ര തവണയാണ് ഞാൻ ശ്രദ്ധിച്ചത്. അല്ല, ഞാനയാളുടെ മുഖത്തുനിന്നും കണ്ണെടുത്തിരുന്നില്ല. ഒരിക്കൽ പോലും അയാളെന്നെയൊന്ന് നോക്കിയില്ലല്ലോ...
തുടർദിവസങ്ങളിലും ഞാനയാളെ ബസിൽ കണ്ടു. പറഞ്ഞു വെച്ചത് പോലെ, അയാളെ കാണും വിധം ഞാനയാളുടെ അടുത്തിടങ്ങളിൽ ഇരിക്കേണ്ടതായി വന്നു. ഒന്നും മിണ്ടാതെ, ചിലപ്പോൾ പുഞ്ചിരിക്ക പോലും ചെയ്യാതെ, ഒരു നോട്ടം കൊണ്ട് പോലും കടം തീർക്കാതെ ദിവസങ്ങളിങ്ങനെ തുടർന്നു.
ഉറക്കംപോലും നഷ്ടപ്പെട്ടതിന് ശേഷമാണ്, മൂക്കുത്തിയിലെങ്കിലും മൗനം മുറിക്കണമെന്ന ഉറപ്പോടെ ജ്വല്ലറിയിലേക്ക് കയറിയത്. അയാളെന്നെ കാത്തിട്ടെന്ന പോലെ അവിടെയുണ്ടായിരുന്നു. ഒരിടപാടുകാരൻ എന്ന നിലയിൽ ആരും അയാളെ ശ്രദ്ധിക്കുന്നില്ല. അല്ല, അങ്ങനൊരാളുണ്ടെന്ന് ആരും കാണുന്നുപോലുമില്ലെന്ന് തോന്നി മറ്റുള്ളവരുടെ പെരുമാറ്റം കാണുമ്പോൾ. ഞാൻ മാത്രമാണോ അയാളെ കാണുന്നത്, എല്ലാം എന്റെ തോന്നൽ മാത്രമാണോ…

മൂക്ക് കുത്തിയ ഈറനോടെ വീട്ടിലെത്തുമ്പോഴാണ് അയാൾ തന്നെ പിന്തുടരുന്നുവോ എന്ന തോന്നലലട്ടാൻ തുടങ്ങിയത്. അറിഞ്ഞോ അറിയാതെയോ താൻ അയാളെയാണോ പിന്തുടരുന്നതെന്ന തോന്നലിൽ എനിക്ക് ശ്വാസംമുട്ടി തുടങ്ങി.
ബസ്സിൽ അറിഞ്ഞുകൂട്ടി അയാളെന്റടുത്ത് വന്നിരുന്നു. ഇനിയെനിക്ക് ജീവിക്കാൻ നിന്റെ മൂക്കുത്തി മാത്രം മതിയെന്ന് എന്തൊരാധീനതയിലാണയാൾ പറഞ്ഞത്. എനിക്ക് മൂക്ക് വേദനിച്ചു. പിന്നൊരു വാക്കുപോലും ഉരിയാടാതെ അയാൾ തൊട്ടടുത്തിരുന്നു. എനിക്കെന്നെ തന്നെ പൊള്ളി.
പിന്നീട് കുറച്ച് ദിവസങ്ങൾക്ക് അയാളെ കണ്ടതേയില്ല. ബസ് മുഴുവനും എന്തിനിങ്ങനെ തിരയുന്നെന്ന് ഞാനെന്നെ തന്നെ വിലക്കി.
വീർപ്പുമുട്ടലിന്റെ പരമോന്നതയിലാണ് എല്ലാം പറഞ്ഞുതീർക്കാമെന്ന് വെച്ചത്. നെഞ്ചിൽ കിടന്ന് ഓരോന്നും പറഞ്ഞൊപ്പിച്ചു. മൂക്കുത്തിയാരോ പറിച്ചെടുക്കുന്ന നീറ്റൽ. നെഞ്ചിൽ കിടന്ന് തന്നെയാവണം മയങ്ങിയത്.
രാവിലെ മുതലാണ് തോന്നലെന്ന് ഞാൻ തന്നെ മുദ്രകുത്തിയ തോന്നലിൽ ഒരകലം തോന്നിത്തുടങ്ങിയത്. സ്നേഹം വറ്റുന്നത് എന്തെളുപ്പത്തിലാണ് മനസ്സിലാവുന്നതല്ലേ...
സംസാരത്തിന്റെ വേഗത അകലുന്നത്, വാക്കുകൾ ചുരുങ്ങുന്നത്, മൗനം വളരുന്നത് എന്നെയിങ്ങനെ കുത്തി നോവിക്കുന്നത് ഏറ്റം കൂടി വന്നു. ഒരാളെ കാണാത്ത, മറ്റൊരാൾ മിണ്ടാത്ത വിഹായുസ്സിലൂടെ, എന്റെ ഓരോ തരി ശ്വാസോച്ഛ്വാസങ്ങളും പറന്നു നടന്നു. നിങ്ങളൊക്കെ എനിക്കാരായി തീരുകയാണ്...
“നിനക്കെന്നെ വേണ്ടേ...” ചോദ്യം വീണ്ടുമാവർത്തിക്കുന്നു. ഉറക്കമെവിടെപോയാണൊളിച്ചത്...
“നിങ്ങൾക്കെന്നെ വേണ്ടേ...” ആരാണാ ചോദ്യമുതിർത്തത്, ഞാനാണോ... അല്ല... അതെ... ഞാൻ തന്നെയാണ്... അല്ല ഞാനൊരിക്കലും അങ്ങനെ ചോദിക്കാൻ വഴിയില്ല.
“നീ എന്തിനാ മൂക്ക് കുത്തിയത്...?” എന്നെ പിടിച്ചെഴുന്നേൽപ്പിച്ചാണ് ചോദിച്ചത്.
ഞാനെന്റെ മൂക്കുത്തി തൊട്ടുനോക്കി.
“ഞാനെന്തിനാണ് മൂക്ക് കുത്തിയത്... ആരുടെയെല്ലാമോ ചോദ്യങ്ങൾ എന്നെ പൊതിയാൻ തുടങ്ങി. ചിറകുകളില്ലാതെ, നിഗൂഢമായൊരാകാശത്തിലൂടെ ഞാനിങ്ങനെ നിലതെറ്റി വീഴാൻ തുടങ്ങി.
ആരെങ്കിലും എന്നെയൊന്ന് മുറുകെ പിടിച്ചെങ്കിൽ...
ഏതോ കരങ്ങളിങ്ങനെ ചേർന്ന് ചേർന്ന് വരുന്നു... അവയെന്നെ ചേർത്ത് പിടിച്ചതിലും മുറുകെ ഞാനതിനെ ചേർത്ത് വെച്ചു. രണ്ടുപേരും പറന്നുവീഴുന്ന നിരപ്പിലേക്ക് ഞാനെന്റെ കാലുകളൂന്നി. ഞാനെന്നെ ചേർത്തു വെച്ചു.
ആ മുഖം കുറേനേരം നോക്കിയിരിക്കണമെന്നെനിക്ക് തോന്നി. ഞാൻ പതിയെ പിന്തിരിയാൻ തുടങ്ങി.
“ഇതാരാണ്... എന്തിനാണിങ്ങനെ മൂക്കുത്തിയിൽ തറഞ്ഞു നോക്കുന്നത്... അയാൾക്കതിനോട് പ്രണയം തോന്നുന്നുണ്ടോ... വെറുപ്പുതോന്നുന്നുണ്ടോ...
ഏറെ ദേഷ്യത്തോടെ ഞാനെന്റെ മൂക്കുത്തിയെ പറിച്ചെടുത്തു. ചോരയുതിർന്ന് നാവ് ചുവച്ചു. ഞാനത് രുചിച്ചിറക്കി. മൂക്കുത്തി അയാളുടെ കയ്യിൽ വെച്ചുകൊടുക്കുമ്പോഴും ഞാനയാളുടെ കണ്ണുകളിൽ മാത്രം നോക്കി.
അതിലെന്താണ് തുടിക്കുന്നത്...;
പ്രണയമോ, പകയോ...
അതാരായിരുന്നു...
