പി.ജെ.ജെ. ആന്റണി

ഞാൻ അനുവദിക്കാത്തത്

അനേകം മരണങ്ങൾ സൂര്യതാപവും നിഴലുമായി അവിടെ സന്നിഹിതമായിരുന്നു. ഒടുവിൽ കൈകാലുകൾ കഴുകി കേണൽ വീടകങ്ങളിലേക്ക് കടന്നുകയറി. ജനങ്ങൾ തന്താങ്ങളുടെ വീടുകളിലേക്കും. ആകാശമോ ഭൂമിയോ വിളറിയില്ല.

ന്തയിൽ അങ്ങനെയൊന്ന് ആദ്യമായിരുന്നു. മാർക്കറ്റ്, കമ്പോളം എന്നിങ്ങനെയൊക്കെ പേരുകളായി ഈയിടെ ചന്ത മാറിവരുകയായിരുന്നെങ്കിലും ഇങ്ങനെയൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല.
കമ്പോളമാണ് ഭരണക്കാരൻ. ഒരിക്കൽ അവിടെ ഇരുന്നുകഴിഞ്ഞാൽ മാറ്റാൻ ആരുവിചാരിച്ചാലും സാദ്ധ്യമല്ല എന്ന് ഞങ്ങടെ ഉണ്ണിച്ചെക്കൻ പലതവണ പറഞ്ഞതുമാണ്.

ഉണ്ണിച്ചെക്കനെ ആരും കാര്യമായി കാണാറില്ല. കമ്പോളമാകും നമ്മുടെ മുൻസിപ്പൽ കൗൺസിലറും മുഖ്യമന്ത്രിയുമെന്നൊക്കെ ആരുപറഞ്ഞാലും വിഴുങ്ങാൻ ഇത്തിരി ബുദ്ധിമുട്ടാണല്ലോ. മൗലവിയും പള്ളീലച്ചനും വേദാന്താനന്ദ സ്വാമിയും ചേർന്ന് ഗൂഢാലോചന നടത്തുന്നെന്ന് പറഞ്ഞ് മനുഷ്യരെ പേടിപ്പിക്കാൻ ഉണ്ണിച്ചെക്കൻ കുറേ ശ്രമിച്ചതാ. അതേറ്റില്ല. അതിനുശേഷമാണ് ഈ പുതിയ നമ്പർ.

ഇതിനെല്ലാം തടയിട്ടാണ് നാടുവിട്ടോടിയ കേണൽ മുടിഞ്ഞ ഇടവേളയ്ക്ക് ശേഷം ചന്തയിലെത്തിയത്. മകൻ എവിടെയൊന്ന് ഞങ്ങളാരും ചോദിച്ചില്ല. അമ്മയുടെയും മകളുടെ കാര്യം ആരും ഓർമ്മയിൽ നിന്നും ഊതിപ്പറപ്പിച്ചിട്ടില്ലായിരുന്നു. അതവിടെ ചാരം മൂടിയെങ്കിലും നീറിക്കിടന്നിരുന്നു. പഴയ കഥ. വളരെ പഴകിയ കഥ.

യുവജനവിഭാഗവും പോലീസും കലർന്നായിരുന്നല്ലോ അന്ന് വാണിരുന്നത്. എന്തൊരു സമാധാനമുള്ള കാലമായിരുന്നു അത്! ഒന്നും ആലോചിച്ച് വിഷമിക്കേണ്ടതില്ലായിരുന്നു. വേണ്ട ആലോചനകളൊക്കെ അവര്നടത്തുമായിരുന്നല്ലോ. ഒന്നും ആലോചിക്കേണ്ടതില്ല എന്നതോളം സുഖസുന്ദരമായ ഒരു കാലം വരാനുണ്ടോ?
ജനം സത്യമായും ആർമാദിക്കുകയായിരുന്നു.

എല്ലാം പൊതു ഉടമയിലാക്കണം എന്ന് പഴയ താടിക്കാരനാണ് പറഞ്ഞതെങ്കിലും പിള്ളാരാണ് അത് നടപ്പിലാക്കിയത്. കക്ഷിയുടെ ഉശിരുള്ള യുവത ആഴ്ചവട്ടത്തിലെ അന്ത്യദിവസം ഒരുമിച്ചുകൂടി ഉഷാറായപ്പോൾ പൊതു ഉടമ സമ്പ്രദായം പിന്നെയും ചർച്ചയായി. ചർച്ചയുടെ നടുക്ക് ആയിടെ കോളേജിൽ പോകാൻ തുടങ്ങിയ കേണലിന്റെ മകൾ വന്നെത്തിയതോടെ സകലരും സകലതും ഉഷാറായി.

ഏറ്റവും മികച്ചത് എല്ലാവരുമായി പങ്കിടണം. തീരുമാനവും ഉണ്ടായി. പെണ്ണിനെ പൊക്കുക. ഉപഭോഗം കഴിഞ്ഞ് ഭദ്രമായി തിരിച്ചെത്തിക്കുക. കേണലിന്റെ വാതിലിൽ മുട്ടുമ്പോൾ മണി ഒന്ന് കഴിഞ്ഞിരുന്നു. അയാൾ കേണലൊന്നും ആയിരുന്നില്ല. നാട്ടുകാരിട്ട പേരാണ്. ഇരുവശവും പിരിഞ്ഞുയർന്ന മീശയും ഇത്തിരി കനത്ത ശബ്ദവും കലർന്നപ്പോൾ ഞങ്ങൾക്ക് ഒരു കേണലിനെ കിട്ടി. ആജാനുബാഹുവായ കേണൽ അതിനെ മറുത്തെങ്കിലും ഫലിച്ചില്ല.

പെണ്ണിനെ അവർ ഇറക്കിക്കൊണ്ടുപോന്നു. കേണലിന്റെ മറുതലിപ്പൊന്നും ഏശിയില്ല. ശബ്ദകോലാഹലം പാടില്ലെന്ന് നേരത്തെ ന്യായപ്പെടുത്തിയിരൂനു. കനത്ത ഇരുട്ടിലും എല്ലാവരും അത് പാലിച്ചു. ഇരുട്ട് അലിയാൻ തുടങ്ങും മുൻപേ പെണ്ണിനെ അവർ സൗമ്യമായി വീട്ടിൽ തിരികെ എത്തിക്കുകയും ചെയ്തു. അതവിടെ അവസാനിച്ചേനെ. പക്ഷേ അമ്മയും മകളും പുലരും മുൻപേ കെട്ടിഞാന്ന് ഒടുങ്ങി.

മൂന്നുനാല് ദിവസങ്ങൾക്കുള്ളിൽ കേണലും മകനും അപ്രത്യക്ഷരാകുകയും ചെയ്തു. കൊല്ലങ്ങൾ പലത് കടന്നുപോയിട്ടും അന്ന് തുടങ്ങിയ ചർച്ച ഇന്നും തീർത്തും ഒടുങ്ങിയെന്ന് പറയാനാവില്ല. ഇപ്പോൾ എല്ലാ ഓർമ്മരൂപങ്ങളെയും നവപ്പെടുത്തിക്കൊണ്ട് കേണൽ തിരിച്ചെത്തിയിരിക്കുന്നു. അപ്പനും മോനും ചേർന്ന് വീടും പറമ്പുമെല്ലാം വൃത്തിയാക്കുന്നത് ഞങ്ങൾ കണ്ടു. ആരും ഒന്നും ചോദിച്ചില്ല. അല്ലെങ്കിൽത്തന്നെ എന്ത് ചോദിക്കാനാ? ജീവനുള്ളതായാലും കുഴി കുത്തി മൂടിയാൽ പിന്നെ അത് തോണ്ടിയെടുക്കരുത്. അതാണ് നാട്ടുപ്രമാണം.

അപ്പനും മകനും കൂടി പുല്ലെല്ലാം വെട്ടി പറമ്പ് വെടിപ്പുള്ളതാക്കി. പണ്ടൊരു തോട്ടം വീട്ടുമുറ്റത്തുണ്ടായിരുന്നു. കളകൾ ഒഴിഞ്ഞപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ പൊന്തിവന്നു. അവിടവിടെയായി ചില വർണ്ണയിലച്ചെടികളും കുറ്റിവാഴയിനങ്ങളിൽപ്പെട്ട ചിലതുമെല്ലാം ശേഷിച്ചിരുന്നു. അടുത്തദിവസം ഏതോ നഴ്‌സറിയിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന പലവക സസ്യങ്ങൾ ആ മുറ്റത്തെ ഇത്തിരി ആകർഷണീയമാക്കി. മരിച്ചയാളുടെ ഉയിർപ്പ് പോലെ കേണലിന്റെ വീട് ജീവനാർന്നുവന്നു. പക്ഷേ അതിനുള്ളിലെ ഒച്ചകൾ താറിപ്പോയിരുന്നു.

കേണൽ ആകെ മാറിപ്പോയിരുന്നു. ആരോടും മിണ്ടാനും ഉരിയാടാനും ഒട്ടും പ്രിയപ്പെട്ടില്ല. അത്ര പഴക്കം തോന്നിപ്പിക്കാത്ത ഒരു മോട്ടോർബൈക്ക് അവർ കൊണ്ടുവന്നിരുന്നു. അപ്പനും മകനും പോകാനും വരാനും അതാണ് ഉപയോഗിച്ചിരുന്നത്. വീടിന് ചുറ്റുമായി ഒരു സസ്യവേലി വൈകാതെ പൊന്തിവന്നു. കരിമ്പച്ച ഇലകളുള്ള ആ സസ്യം അവിടങ്ങളിൽ അപരിചിതമായിരുന്നു. അത് വൈകാതെ ആളിച്ചുവളർന്ന് പച്ചപ്പിന്റെ കനത്ത പാളിയാൽ കേണലിന്റെ വീടിനെ ലോകകാഴ്ചയിൽ നിന്നും മറച്ചുപിടിച്ചു.

പുറത്തേക്കിറങ്ങാൻ ഒരു തുറവി ആ സസ്യവേലിയിൽ കാണപ്പെട്ടില്ല. പച്ചപ്പിൽ ഒരു രാവണൻ കോട്ടപോലെ ആ വീട് നിന്നു. ഏതോ അദ്രുശ്യമായ തുറവിയിലൂടെ കേണലും മകനും പുറത്തിറങ്ങുകയും അകത്ത് കയറുകയും ചെയ്തുകൊണ്ടിരുന്നു. മെല്ലെ അവരെയും ആ പച്ചച്ച വീടിനെയും അവരുടെ പാട്ടിന് വിടാൻ നാട്ടുകാർ ഒരുങ്ങുമ്പോഴാണ് കേണൽ പുതുവേഷം പൂണ്ടത്.

ചന്തയോട് ചേർന്നുള്ള സ്റ്റാർ ഹോട്ടലോട് ചേർന്ന് വഴിയരുകിൽ കേണൽ വല്ലാത്തൊരിരുപ്പ് തുടങ്ങിവച്ചു. വലിയ ആളനക്കം ഇല്ലാത്ത ഒരിടമായിരുന്നു അത്. നല്ല ബന്തവസ്സിൽ മതിൽ ചുറ്റിയ ഒരിടം. ഇരുവശവും വലിയ ഗേറ്റുകൾ. നാട്ടുകാർ ചെല്ലാതിരിക്കാൻ കൂടിയ വിലയിൽ മദ്യം വിറ്റിരുന്ന ബാർ സാധാരണ കുടിയന്മാരെ അവിടെ നിന്നും അകറ്റിയിരുന്നു. അതുവഴി പോകുമ്പോൾ മദ്യപാനികൾ രണ്ട് തെറി പൂവും പുഷ്പവുമായി പറയാൻ പ്രിയപ്പെട്ടു. അതിനപ്പുറം അവിടം ശാന്തമായിരുന്നു.

ഒന്നാം നിലയിലേക്ക് നേരെ വാഹനങ്ങളെയും ആൾക്കാരെയും കൊണ്ടുപോകുന്ന ഒരു പാത രണ്ട് ഗേറ്റുകളെ ബന്ധിപ്പിച്ചിരുന്നു. രണ്ടിടത്തും നാടൻ ഗൂർഖകൾ കാവലായിരുന്നു. ഹോട്ടലിന് മുന്നിൽ ഒരലങ്കാരവസ്തുപോലെ കേണൽ ഉയർന്ന പീഠത്തിൽ ഇരുന്നിരുന്നു. മുന്നിൽ തീയാളുന്ന ഗ്യാസ് അടുപ്പ്. അതിനുമേൽ പരപ്പും വിസ്താരവുമുള്ള ഒരു തവ. തവയിൽ ഓരങ്ങളോട് ചേർന്ന് ഉള്ളിയും പച്ചമുളകും പച്ചച്ചീരയും ചില പ്രത്യേകതരം കിഴങ്ങുവർഗ്ഗങ്ങളും കുനുകുനെ അരിഞ്ഞതിന്റെ ശേഖരിപ്പുകൾ ഉണ്ടായിരുന്നു. ഒപ്പം ചുട്ട ആട്ടിറച്ചിയും പശുവിറച്ചിയും പോർക്കും ചിക്കനും കരളും ചെറുതായി നുറുക്കിയതും അലങ്കാരങ്ങൾ പോലെ കൂട്ടിയിരുന്നു.

കേണലിന്റെ വലതുവശത്ത് ഓക്കുതടിയിൽ തീർത്ത വീപ്പ. അതിൽ നിറയെ ബിയറും. വീപ്പയുടെ അഗ്രത്തിൽ ബിയർ പകരാനായി ലോഹക്കൂട്ടിൽ തീർത്ത വെള്ളിപോലെ തിളങ്ങുന്ന ടാപ്പും. കേണലിന്റെ ഇടതുവശത്ത് എണ്ണ തിളക്കുന്ന കുഴിയൻ ചീനച്ചട്ടി. അതിനടുത്തായി ഏതൊക്കെയോ ധാന്യപ്പൊടികളിൽ അനേകം ചീരകളും പച്ചമുളകും കുഴച്ചുണ്ടാക്കിയ ബോണ്ടാമാവ്.

ഗേറ്റിലെ നാടൻ ഗൂർഖകൾ അങ്ങോട്ട് കണ്ണയച്ചുകൊണ്ട് നിന്നു. ലോഹം വെന്തുപൊള്ളുന്നതിന്റെയും എണ്ണ തിളകുത്തുന്നതിന്റെയും മണം അവിടെ ഉണ്ടായിരുന്നു. അൽപം അകലങ്ങളിലായി എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയുമായി ലേശം പൊതുജനവും. ഹോട്ടലിന്റെ എക്റ്റൻഷൻ കൗണ്ടറാണെന്ന് ചിലർ അടക്കം പറഞ്ഞു. അതിന് നിയമമില്ലെന്ന് ചിലർ മറുത്തു. ഹോട്ടലുടമയുടെ പിടിപാടുകൾ സകലതിനും പ്രാപ്തമെന്ന് മറ്റുചിലരും മൊഴിഞ്ഞു. കേണലിനെ ഹോട്ടലുടമ വരുത്തിയതാണെന്ന അടക്കമ്പറച്ചിലും ഉണ്ടായി.

ഹോട്ടലിൽ നിന്നും പുറത്തേക്ക് ഇറങ്ങിവന്നവരായിരുന്നു ആദ്യത്തെ കസ്റ്റമഴേസ്. അൽപമായ ഉടയാടകളിൽ അവർ സുന്ദരീസുന്ദരന്മാരായിരുന്നു. ബോണ്ടയാണ് അവർ ആവശ്യപ്പെട്ടത്. അരയ്ക്ക് മുകളിലേക്ക് നൂൽബന്ധമില്ലാതിരുന്ന കേണൽ അവരോട് പുഞ്ചിരിച്ചു. ശേഷം രോമങ്ങൾ നിറഞ്ഞ നെഞ്ച് ഇടത് കൈപ്പത്തിയാൽ തടവിയൊതുക്കി. വലതുകൈയാൽ മാവ് പൊത്തിയെടുത്ത് തിളകുത്തി നിന്നിരുന്ന എണ്ണയിലേക്ക് ആഴ്ത്തി. ഒന്നിനുപുറകേ ഇനിയൊന്ന് എന്ന കണക്കിൽ മൊരിയുന്ന ബോണ്ടകൾ എണ്ണയിൽ പുതഞ്ഞു. താഴേക്ക് മുങ്ങിയ ബോണ്ടകൾ മൊരിഞ്ഞ് പൊന്തിവന്നപ്പോൾ കേണൽ ചട്ടകത്തവിയാൽ അവയെ തിരിച്ചും മറിച്ചും ഇട്ട് മൊരിവിനെ പാകപ്പെടുത്തി.

ഹോട്ടലിൽ നിന്നും ഇറങ്ങിവന്നവരുടെ നാവിൽ ഉമിനീർ പൊടിയാൻ തുടങ്ങി. കോരിയെടുത്ത ബോണ്ടാകളെ കടലാസ് പാത്രത്തിൽ പുളിച്ചമ്മന്തിയുമായി കേണൽ വിളമ്പി. പച്ചമുളകിന്റെ എരിവിൽ പൂത്ത ബോണ്ടയുടെ തരിപ്പിൽ അവർ ബിയറിനായി കൈ നീട്ടി. ടാപ്പിൽ നിന്നും ഒഴുകിയിറങ്ങി മുക്കാൽ ലിറ്ററിന്റെ ഗ്ലാസിൽ പത കിരീടം ചൂടിയ ബിയർ അവരെ ഹരം കൊള്ളിക്കുന്നപോലെ തോന്നി. അതൊരു തുടക്കമായിരുന്നു. നാട്ടുകാരിലൊരുവൻ ബിയറും ലിവർഫ്രൈയും ആവശ്യപ്പെട്ടു. തവയുടെ നടുവിലേക്ക് ഇറ്റിച്ച വെളിച്ചെണ്ണയിലേക്ക് വശങ്ങളിൽ നിന്നും ഉള്ളിയും പച്ചമുളകും കേണൽ ആവാഹിച്ചു. മസാലപ്പൊടികൾ അവയിൽ കലർന്ന് സുഗന്ധം പൊന്തിയപ്പോൾ കരൾ നുറുക്കിയതും അതിൽ കലർന്നു. വിചിത്രമായൊരു പാചക പ്രകടനമായിരുന്നു അത്. നിറവും ഗന്ധവും രുചിയും പിന്നെ മറ്റ് പലതും അവിടെ പൂത്തിറങ്ങി. പ്രപഞ്ചത്തെ ചമയ്ക്കുന്ന ആദിഭൈരവനെപ്പോലെ നടുവിൽ കേണൽ തിളങ്ങി. ആർത്തിപൂണ്ട മനുഷ്യർ അയാൾക്ക് ചുറ്റും വളഞ്ഞുനിന്ന് ആഹരിക്കുകയും മോന്തുകയും ചെയ്തു. നര കയറാത്ത കാഴ്ചയായി അത് തുടർന്നു.

ദിവസവും ഇടവേളകളിൽ മകനും അച്ഛന്റെ സഹായിയായി. ചരിത്രത്തെ മറന്ന് കൽപിതങ്ങളുടെ പ്രണയികളാകാൻ മനുഷ്യർ പഠിക്കുകയായിരുന്നു. ചന്തയും ഹോട്ടലും കേണലിന്റെ പൊലിപ്പുകൾ മാത്രമായിരുന്നു. കേണലും കേണലിന്റെ വിളമ്പുകളും സത്യമായി പരിണാമപ്പെട്ടു. സന്ധ്യ മയങ്ങുന്നത് ജനം കാത്തിരുന്നു. പലർക്കും അതായിരുന്നു ശരിക്കുള്ള പുലരി. ദീർഘകാലം കോമായിൽ കഴിഞ്ഞശേഷം ഉണർന്നവരെപ്പോലെ മനുഷ്യർ കേണലിന് ചുറ്റും പുതുജീവനിൽ ഇരമ്പിയാർത്തു. പാതിരാവിൽ കൃത്യം പന്ത്രണ്ട് എത്തുമ്പോൾ അച്ഛനും മകനും അകത്തെയും പുറത്തെയും തീകൾ അണച്ച് വീട്ടിലേക്ക് മടങ്ങി.

കേണലിന്റെ മകളെ ബലാൽ പ്രാപിച്ച ഏഴുപേരിൽ ഒരുവൻ കാലം കൂടിയിരുന്നു. ബാക്കി ആറുപേരിൽ ഒരുവൻ മാൾട്ടയിലേക്ക് കടന്ന് അവിടത്തുകാരിയായ ഒരുവളെ കെട്ടി മടങ്ങാൻ വയ്യാത്തവിധം അവിടെ കുടുങ്ങിപ്പോയിരുന്നു. ആൾ ജീവനോടെ ഉണ്ടെന്നും ഇല്ലെന്നും നാട്ടുകാർ പറഞ്ഞുപരത്തി. ഈ തലമുറയിൽ ഒന്നിനും വ്യവസ്ഥ ഇല്ലെന്ന് സീനിയർമാർ പരിതാപപ്പെട്ടു. കേണലിന്റെ വരവിൽ പഞ്ചപാണ്ഡവർ ഭീഷണി മണത്തെങ്കിലും ഹോട്ടലിന് മുന്നിലെ വെഞ്ചാമരമായി അയാൾ തിമർക്കാൻ തുടങ്ങിയതോടെ അവരും അയഞ്ഞു. സർവഭക്ഷകനായ കാലം തിന്നുംകുടിച്ചും ആർമാദിച്ചുകൊണ്ടിരിക്കെ ഒരുനാൾ അവരിൽ ഒരാളെ കാണാതായി. നാലുപേർ കിടിലംകൊണ്ടു. കാണാതായവന്റെ ദേഹം കഷണങ്ങളായി നുറുങ്ങിയത് ഹോട്ടലിന്റെ പിന്നിൽ നിന്നും കിട്ടി. പുറം കാണാവുന്ന പ്ലാസ്റ്റിക് ചാക്കിൽ ആയിരുന്നതിനാൽ എല്ലാവർക്കും കാണാനായി. നുറുങ്ങിയവന്റെ മുഖം ആർക്കും കാണാനാവും വിധം ഭംഗിയായി അതിനുള്ളിൽ സ്ഥാപിച്ചിരുന്നു. മുടിചീകിയൊതുക്കി മേക്കപ്പണിഞ്ഞ കല്യാണച്ചെറുക്കന്റെ ഭംഗി ആ മുഖത്തിന് വരുത്തിയിരുന്നു. പുത്തൻ പ്ലാസ്റ്റിക് ചാക്കായിരുന്നതിനാൽ ചോരയൊഴുകി അവിടം വൃത്തികേടായതുമില്ല.

അന്ന് കേണലിന്റെ പ്രകടനം ഗംഭീരമായിരുന്നു. അച്ഛനും മകനും മുമ്പില്ലാത്തവിധം തുള്ളിത്തുളുമ്പി. സകലതിനും രുചി പെരുകിയതായി സകലർക്കും തോന്നി. നാട്ടുകാരും പോലീസുകാരും കേണലിനെയും മകനെയും സംശയിച്ചില്ല. സാമ്പത്തിക വളർച്ചയുടെ പടികൾ അതിവേഗം ചവിട്ടുന്നവർ ആ വിധം അലമ്പായി തടവറ കയറാൻ പ്രിയപ്പെടില്ലെന്ന ന്യായമായിരുന്നു അതിന് കാരണം. കുടുബത്തിന്റെ കശാപ്പിന് കാരണക്കാരായവരിൽ ഒരുവൻ വൃത്തിയായി ഒടുങ്ങുന്നതിൽ കേണലിന്റെയും മകന്റെയും ഉല്ലാസം ന്യായമാണെന്നതും അവർ വകവച്ചുകൊടുത്തു.

കേണലിന്റെ മീശ കുറച്ചുകൂടി കൂർത്തുയർന്നു. കച്ചവടം കനത്തു. നാട്ടുകമ്പോളത്തിന്റെ മുഖമായി കേണലിന്റെ കച്ചവടം. എരിവുള്ള ചൂട് ചീരബോണ്ടയും ബിയറും നാടിന്റെ ട്രേഡ് മാർക്കായി. കൗമാരക്കാർ അതിന്റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി ആഘോഷിച്ചു.കേണലിന്റെ മകളെ ബലാൽ പ്രാപിച്ചവരിൽ മിച്ചമുണ്ടായവർ മാത്രം ഭയങ്ങളിൽ ഉരുകി. ഇരുപുറം കാണാവുന്ന ഒരു പ്ലാസ്റ്റിക് ചാക്ക് അവരെ കൊടും ഭീതിയിലാഴ്ത്തി. അവരിൽച്ചിലർ നാടുപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളിൽ കാര്യമായി മുഴുകി. കേണലിന്റെ വീടിന് ചുറ്റുമുള്ള പച്ചവേലി കനത്തു. ആ വീടാകെ പച്ചപ്പിൽ തഴച്ചുമുങ്ങി.

സഹതാപത്തിന്റെ മേൽക്കൂരയ്ക്ക് കീഴിൽ കേണലും മകനും വ്യാപാരം തുടർന്നു. ആഴ്ചകൾ കടന്നുപോകെ പോലീസിന്റെ അന്വേഷണത്തിലുള്ള നിരവധി കേസുകളിൽ ഒന്നായി അതും മാറി. പക്ഷേ വെള്ളിടി വെട്ടാൻ അധികനേരം ഉണ്ടായിരുന്നില്ല.

കേണലിന്റെ മകൻ ഒത്ത ഒരു യുവാവായിരുന്നു. മീശയില്ലാത്ത കേണൽ തന്നെ. ചന്തയിൽ കേണലിന്റെ കടയിൽ നിന്നും ഇത്തിരി അകലെ റോഡരുകിൽ നാലായി പകുത്ത ആ യുവാവിന്റെ ദേഹം വാഴയിലകൾക്ക് മേൽ അതിപുലർച്ചയിൽകാണപ്പെട്ടു. ശിരസ്സ്, കൈകൾ, കാലുകൾ, ദേഹം അങ്ങിനെയായിരുന്നു ദേഹം പകുത്തത്. തീരെ വൃത്തിയില്ലാത്ത വിധമായിരുന്നു ആ അറുംകൊലയും ഭാഗം വയ്ക്കലും. കേണൽ ശാന്തഗംഭീരവാനായി ആ ദേഹത്തുണ്ടുകൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഏറ്റുവാങ്ങി. കമ്പോളവും നാട്ടുകാരും ആദരവോടെ ഒതുങ്ങിനിന്നു. ആരും വിങ്ങിപ്പൊട്ടുന്ന എന്തോ ഒന്ന് ആ മരണത്തിലുണ്ടായിരുന്നു. ദേഹത്തെ പുതുവസ്ത്രങ്ങൾ ധരിപ്പിക്കാൻ കേണൽ വിസമ്മതിച്ചു. പോസ്റ്റ്‌മോർട്ടം ചെയ്തവർ അവശേഷിപ്പിച്ച ചോരയും പഞ്ഞിയും പരുത്തിയും ആ മകന് ആടകളായി. ഒരു നീണ്ട പെട്ടിയിൽ തുന്നിക്കെട്ടിയ പിണം നീണ്ടുനിവർന്നു.

മനുഷ്യാവസ്ഥയുടെ അനേകം കടന്നുപോകലുകളിൽ ഒന്ന്. കേണൽ ആജാനുബാഹുവായി ആ പെട്ടിയുടെ തലക്കൽ നിന്നു. കണ്ണുനീരോ വിലാപമോ അയാളെ തൊട്ടില്ല. പുരോഹിതന്മാരെ കേണൽ തടുത്തു. മിഴികൾ മകനിലും ലോകത്തിലും ഊന്നി അയാൾ അക്ഷോഭ്യനായി നിവർന്നുനിന്നു. സൂര്യൻ കത്തിജ്വലിച്ച് നെറുകയ്ക്ക് മേൽ എത്തിയപ്പോൾ കേണൽ മൺവെട്ടിയുമായി കുഴിയെടുക്കാൻ തുടങ്ങി. കൃത്യമായ അളവിൽ അത് തെളിഞ്ഞ് ആഴപ്പെട്ടു. പച്ചമണ്ണ് ഭൂമിയുടെ മുലപ്പാലിൽ നനഞ്ഞ് ഈറമായിരുന്നു.

ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധം മൃദുലത അതിനുണ്ടായിരുന്നു. ഭൂമി അച്ഛനെയും മകനെയും കണ്ടു. തന്നോട് ചേരേണ്ടവരെന്ന് മാനിച്ചു. ചുറ്റും നിന്നവരെ സ്തബ്ധരാക്കിക്കൊണ്ട് കേണൽ മകന്റെ ദേഹത്തെ ഒറ്റയ്ക്ക് വഹിച്ചു. മെല്ലെ കുഴിയിലേക്ക് അതിറങ്ങി. പിന്നെ ഒറ്റയ്ക്ക് മണ്ണ് വലിച്ച് കുഴി മൂടി. ചുറ്റും കൂടിയവർ ശ്വാസം അടക്കി സർവവും കണ്ടുനിന്നു. അനേകം മരണങ്ങൾ സൂര്യതാപവും നിഴലുമായി അവിടെ സന്നിഹിതമായിരുന്നു. ഒടുവിൽ കൈകാലുകൾ കഴുകി കേണൽ വീടകങ്ങളിലേക്ക് കടന്നുകയറി. ജനങ്ങൾ തന്താങ്ങളുടെ വീടുകളിലേക്കും. ആകാശമോ ഭൂമിയോ വിളറിയില്ല.

വൈകുന്നേരം പതിവ് സമയത്ത് കേണൽ ഹോട്ടലിന് മുന്നിൽ പതിവിടത്ത് ഉണ്ടായിരുന്നു. എല്ലാം കൃത്യം. ഓക്ക് വീപ്പയിൽ ബിയർ നുരകുത്തി. അതിൽ നിന്നും ടാപ്പ് തുറന്ന് കപ്പ് നിറയെ ബിയറെടുത്ത് അയാൾ തീരാത്ത ദാഹത്തോടെ കുടിച്ചു. ചീരബോണ്ടയുടെ കൂട്ട് പാകപ്പെട്ടിരുന്നു. നുറുക്കപ്പെട്ട ഇറച്ചിയും കരളും എരിവും പുളിയും തയ്യാറായി. എണ്ണ തിളച്ചുമറിയുന്നു. മനുഷ്യർ കണ്ണിമവെട്ടിക്കാതെ അയാളെ നോക്കി. ബോണ്ടാമാവ് പകുത്ത് എണ്ണയിലേക്ക് മറിക്കുമ്പോൾ അയാൾ ലോകത്തോടായി പറഞ്ഞു: 'ഞാൻ അനുവദിക്കാത്തതൊന്നും ഞാൻ അനുഭവിക്കുകയില്ല’.

എരിവ് ചീരബോണ്ട ആഹരിച്ചും ബിയർ മോന്തിയും ജനങ്ങൾ അയാളെ കണ്ടുനിന്നു. അവർക്ക് അയാളെ മനസ്സിലായില്ല. പുലരാനിരിക്കുന്ന അനേകം ദിവസങ്ങൾ അന്നേരം കാതോർക്കുന്നുണ്ടായിരുന്നു. ഇന്ദ്രിയങ്ങൾ തങ്ങളെ കബളിപ്പിക്കുമോയെന്ന് ജനങ്ങൾ ആശങ്കപ്പെട്ടു.


Summary: PJJ Antony's Malayalam Short Story. Njan Anuvadikkathath.


പി.ജെ.ജെ. ആന്റണി

കഥാകൃത്ത്​. മൂന്നു പതിറ്റാണ്ട്​ ഗൾഫ്​ പ്രവാസിയായിരുന്നു. ഗൾഫ്​ മലയാളികളുടെ സാഹിത്യ- സാംസ്​കാരിക ജീവിതത്തിൽ സജീവമായ ഇടപെടലുകൾ നടത്തി. വരുവിൻ നമുക്ക്​ പാപം ചെയ്യാം, ഭ്രാന്ത്​ ചില നിർമാണ രഹസ്യങ്ങൾ, പിതൃക്കളുടെ മുസോളിയം, സ്​റ്റാലിനിസ്​റ്റുകൾ മടങ്ങിവരുന്നുണ്ട്​തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments