ഞാനെണ്ണ മണ്ണെണ്ണ
തീപ്പെട്ടിക്കോല്‍

റ്റവാചകത്തില്‍ ഞാനതുമുഴുവന്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം തടഞ്ഞു. ഇന്നുച്ചവരെയുള്ള സമയം ഞാന്‍ നിങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാ. ആദര്‍ശിനും തിരക്കൊന്നുമില്ലല്ലോ?
ഇല്ല സര്‍.
എങ്കില്‍ പറയൂ, ആ സമയത്ത് വല്ല സ്വപ്നവും കാണുന്നുണ്ടോ?
ഇല്ല. മിക്കപ്പോഴും ഞാന്‍ പകുതിവച്ചാണ് ഉണരുന്നത്. അപ്പോഴേക്കും സംഗതി കൈവിട്ടുപോയിരിക്കും. കിടക്കയില്‍നിന്ന് തെറിച്ച് എണീറ്റിരിക്കും. എന്റെതന്നെയാണെന്നു വിശ്വസിക്കാന്‍ പ്രയാസമായ ഒരു ഒച്ചയുടെ ബാക്കിയാണ് ഞാന്‍ കേള്‍ക്കുന്നത്. തൊണ്ട കാറി വിളിച്ചതിന്റെ വേദനയും എരിച്ചിലുമുണ്ടാവും. വല്ലാതെ കിതയ്ക്കും. വെള്ളം ദാഹിക്കും. ശരീരം മുഴുവന്‍ ചുട്ടുപൊള്ളും. പിന്നെ പറയണ്ടല്ലോ, ഒടുക്കത്തെ കുറ്റബോധവും.
കുറ്റബോധമോ? അതെന്തിനാ?
ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലോ?
അതൊന്നും ആര്‍ക്കും മനസ്സിലാവില്ലല്ലോ സര്‍? മുമ്പ് ഹോസ്റ്റലില്‍ താമസിച്ചുപഠിക്കുമ്പോള്‍, രാത്രി ഏറെ വൈകുവോളം മുറിയില്‍ എല്ലാവരും കൂടിയിരുന്ന് വര്‍ത്തമാനവും ബഹളവും പുകവലിയുമൊക്കെയായിരിക്കും. പിന്നെ ഓരോരുത്തരായി തലങ്ങും വിലങ്ങും മുറിയില്‍ കിടന്നു തുടങ്ങും. എന്റെ മുറിയാണ് എല്ലാവരുടെയും താവളം. സത്യജിത് റായിയെ ഓര്‍മ്മിച്ചുകൊണ്ട് ഞാനെന്റെ മുറിയ്ക്ക് ‘ജല്‍സാ ഘര്‍’ എന്നാണ് പേരിട്ടിരുന്നത്. എപ്പോഴും സംഗീതമുണ്ടാവും. എല്ലാവരും ഉറങ്ങിയാല്‍ ഞാന്‍ കുറേനേരം കൂടി വായിച്ചുകൊണ്ടിരിക്കും. വീണ്ടും വൈകിയാണ് കിടക്കുക. കിടന്ന് കുറേക്കഴിഞ്ഞാല്‍ മിക്കപ്പോഴും എന്റെയീ പ്രകടനം ഉണ്ടാകും. കിടന്ന കിടപ്പില്‍ എന്നെ അവര്‍ നല്ല പുളിച്ച തെറികൊണ്ട് അഭിഷേകം ചെയ്യും; ഉറക്കം കളഞ്ഞതിന്. ഒരിക്കല്‍ ആത്മാര്‍ത്ഥ സുഹൃത്തിന്റെ വകയായി അസ്സലൊരു ചവിട്ടും കൊണ്ടിട്ടുണ്ട്.

പക്ഷേ, പിറ്റേന്ന് അവരത് ഓര്‍ക്കുക പോലുമില്ല.

വിവാഹത്തിനുമുമ്പ്, വീട്ടിലായിരുന്നപ്പോള്‍, അസുഖം മൂലം കിടപ്പിലായ അമ്മ കട്ടിലിലും ഞാന്‍ താഴെയുമായി കിടക്കുകയായിരിക്കും. അമ്മയ്ക്ക് ഉറക്കമില്ല. കുറേനേരം ഒച്ചയില്ലാതെ നാമം ജപിക്കുന്നതു കേള്‍ക്കാം. പിന്നെ വെറുതേ ഫാനിന്റെ കറക്കവും നോക്കി അമ്മ രാത്രി കഴിച്ചുകൂട്ടും. ഞാന്‍ ഞെട്ടിച്ചാടിയെഴുന്നേറ്റ് വല്ലാതിരിക്കുമ്പോള്‍ അമ്മ കയ്യെത്തിച്ച് എന്നെ തലോടും.
''പോട്ടെടാ. ഒരുപാടു ക്ഷീണിച്ചിട്ടാ'' എന്നൊക്കെ പറയും.

പക്ഷേ ഇതങ്ങനെയല്ലല്ലോ...
ഇപ്പൊ, പ്രത്യേകിച്ച് എന്തുപറ്റി?
ഇനി എന്തു പറ്റാനാ? ആദ്യരാത്രിയില്‍ത്തന്നെ ഞാനെന്റെ തനിസ്വഭാവം കാണിച്ചില്ലേ? ഡോക്ടറോടു പറയാമോ എന്നറിഞ്ഞുകൂടാ... വിവാഹദിവസം രണ്ടുപേരും ശരിക്കും തളര്‍ന്നു വശായിട്ടുണ്ട്.

ടെക്‌സ്‌റ്റൈല്‍ മണം മാറാത്ത പുതിയ നൈറ്റിയുമായി കുളിച്ചു ഫ്രഷായാണ് അവള്‍ രാത്രി വന്നത്. എനിക്കാണെങ്കില്‍...
('അയ്യോ' എന്നു ഞാന്‍ ഞെട്ടി, പറച്ചില്‍ നിര്‍ത്തി).
ചമ്മലൊന്നും വേണ്ട. പറഞ്ഞോ...
അത്രയ്ക്കു പ്രൈവറ്റായ കാര്യങ്ങളല്ലേ?
ഇതൊക്കെ കുമ്പസാര രഹസ്യങ്ങളാ കേട്ടോ. പേടിക്കുകയേ വേണ്ട. ഞങ്ങളത് ആസ്വദിക്കുകയുമില്ല, മനസ്സില്‍ വയ്ക്കുകയുമില്ല. മറ്റുള്ളവരുടെ സ്വകാര്യതയെക്കുറിച്ചുള്ള ക്യൂരിയോസിറ്റി ഞങ്ങള്‍ക്കൊക്കെ എന്നേ തീര്‍ന്നുപോയി. പിന്നെ, മോന്‍ ഈ പറയുന്ന കാര്യങ്ങളൊക്കെ ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കുമുള്ളതാ... മടിക്കാതെ പറഞ്ഞോ.
അതല്ല സര്‍, എന്റെ അന്നത്തെ അവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. പാലും പഴങ്ങളുമൊക്കെ ടേബിളില്‍ കൊണ്ടുവച്ചിട്ടുണ്ട്. സിനിമയിലൊക്കെ കണ്ട് അറപ്പുള്ള കാര്യമായിരുന്നു ആദ്യ രാത്രിയില്‍, ചെക്കന്‍ കുടിച്ച് എച്ചിലായ ഗ്ലാസ്സ് പെണ്ണ് കുടിക്കുന്നത്. ഞാന്‍ പാല്‍ വായവിട്ടുകുടിച്ച് അവള്‍ക്കു നീട്ടി. അവളതു കുടിച്ച് ലൈറ്റ് ഓഫ് ചെയ്തു. മുറിയില്‍ നല്ല വെളിച്ചമുള്ള ഒരു പച്ച ബെഡ്‌റൂം ലാംപ്. ചെറിയ ഇളക്കത്തിനു പോലും ഒച്ചയില്‍ ഞെരങ്ങുന്ന വലിയ കട്ടില്‍. ചുമരില്‍ തൂക്കിയ കല്യാണമാലയിലെ പിച്ചകപ്പൂക്കളുടെ കുത്തിത്തുളയ്ക്കുന്ന ഗന്ധം...
നല്ല കൂട്ടുകാരില്ലാത്തതിന്റെ കുഴപ്പം ആദ്യരാത്രിയിലാണ് ആണുങ്ങളറിയുക, അല്ലേ സര്‍?
എക്‌സാറ്റ്‌ലി.
ചാകാനും കൊല്ലാനും തയ്യാറായി നില്‍ക്കുന്ന നൂറു സുഹൃത്തുക്കളുണ്ടാവും. പക്ഷേ സ്ത്രീകളെപ്പോലെ തികച്ചും സ്വകാര്യമായ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരൊറ്റ നല്ല സുഹൃത്തിനെ കിട്ടില്ല. വിവാഹജീവിതത്തിലെ സ്വകാര്യതകളെക്കുറിച്ച് തുറന്നു സംസാരിക്കുന്ന എത്ര ആണ്‍സുഹൃത്തുക്കളുണ്ട്? അതൊന്നും ആണത്തത്തിനു ചേരില്ല എന്നാണ് ഭാവം. എനിക്കാണെങ്കില്‍, ഒന്നാം ദിവസം ഏതുവരെയൊക്കെ ആവാമെന്ന് ഒരു ഐഡിയയുമില്ല. ധൃതിവയ്ക്കരുത്. പരിഭ്രമിക്കരുത്. നമ്മള്‍ സ്‌നേഹപ്രകടനമെന്നു കരുതുന്ന പലതും അവര്‍ക്ക് അസഹ്യമായ വേദനയാണുണ്ടാക്കുക; എന്നൊക്കെ കേട്ടിട്ടുണ്ടെന്നു മാത്രം.

ശരീരം നുറുങ്ങുന്ന വേദനയും ക്ഷീണവുമാണെങ്കിലും ഒന്നും അറിയുന്നുണ്ടായിരുന്നില്ല. ആകപ്പാടെ ഒരു എക്‌സൈറ്റ്‌മെന്റ്! വായിച്ച പുസ്തകങ്ങളോ കണ്ട സിനിമകളോ ഒക്കെ മിന്നിമറയുന്നു. ചരിഞ്ഞുകിടന്ന് ഞാന്‍ അവളുടെ മുതുകില്‍ പരതുമ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ അവന്റെ ദാമ്പത്യജീവിതത്തെക്കുറിച്ച് പറഞ്ഞ ഒരേയൊരു സ്വകാര്യം ഓര്‍ത്തു.
''എടാ... കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍, ഒറ്റക്കൈകൊണ്ട് അവളുടെ ബ്രേസിയറിന്റെ കൊളുത്ത് അഴിക്കാന്‍, സത്യം പറഞ്ഞാ ആറുവര്‍ഷം കഴിഞ്ഞിട്ടും ഇനിയും സാധിച്ചിട്ടില്ല’’, അത് അതിശയോക്തിയല്ലെന്ന് എനിക്കു മനസ്സിലായി. ഞാനാ ശ്രമം ഉപേക്ഷിച്ചു.

പച്ചവെളിച്ചത്തില്‍, നേരിയ ചിരിയോടെ കണ്ണടച്ചുകിടക്കുന്ന അവളെ കാണുമ്പോള്‍ എനിക്ക് ചലനമറ്റു. വാസ്തവത്തില്‍, എനിക്കവളെ ഉപദ്രവിക്കാന്‍ തോന്നിയില്ല. അത്രയ്ക്കു ക്ഷീണം അവള്‍ക്കുമുണ്ടായിരുന്നു. എന്റെ കൈത്തണ്ടയില്‍ തലവെച്ച് അവള്‍ പതുക്കെ മയങ്ങുന്നു. ഞാന്‍ ആ കിടപ്പും നോക്കി മനസ്സുനിറച്ചു. എന്തൊരു... എന്തൊരു... വല്ലാത്ത നിമിഷങ്ങളായിരുന്നെന്നോ അത്...
വാസ്തവം. യു ആര്‍ എ ട്രൂ ജെന്റില്‍മാന്‍.

ഈയൊരു നിമിഷത്തിനു വേണ്ടിയാണ് ഇത്രകാലം ജീവിച്ചത് എന്നു തോന്നിപ്പോയി.
എന്നിട്ടോ?
രണ്ടു മണിയൊക്കെ കഴിഞ്ഞുകാണും. ഞാനും മയക്കത്തിലേക്കു വീണു.

കുറേനേരം കഴിഞ്ഞ് ഞാന്‍ കാണുന്നത് മുറിയില്‍ ലൈറ്റിട്ട് വാതിലിനറ്റത്തായി പേടിച്ചുവിറച്ചു നില്‍ക്കുന്ന അവളെയാണ്. അവള്‍ കരയുന്നുണ്ടായിരുന്നു. ഞാന്‍ കട്ടിലിനപ്പുറത്തേക്കു വീണുകിടക്കുന്നു. ഉച്ചത്തില്‍ ആരൊക്കെയോ വാതിലില്‍ തട്ടി വിളിക്കുന്നു. അവളെന്നോട് കരഞ്ഞുകൊണ്ട്, 'വാതില്‍ തുറക്കട്ടെ?' എന്ന് ആംഗ്യം കാണിക്കുന്നു. ഞാനാകെ വിയര്‍ത്തുപോയി. വാതില്‍മുട്ടും ശകാരവും തുടര്‍ന്നതോടെ അവളതു തുറന്നു. അവളുടെ അച്ഛനും അമ്മയും, രാത്രി തങ്ങിയ ബന്ധുക്കളായ സ്ത്രീകളുമൊക്കെ വാതിലിലൂടെ അകത്തേക്ക് ഏന്തിവലിഞ്ഞു നോക്കുന്നു. ഞാനൊരു കുറ്റവാളിയെപ്പോലെ മുറിയുടെ മൂലയിൽ!
ആള്‍ക്കൂട്ടത്തിനു നടുവില്‍ ഉടുതുണിയില്ലാതെ നില്‍ക്കുംപോലെ ഞാന്‍ ഉരുകിത്തീര്‍ന്നു. സ്വപ്നം കണ്ടതായിരിക്കുമെന്നും സ്ഥലം മാറി കിടന്നതിന്റെയാവുമെന്നും ഒക്കെ പരസ്പരം പറഞ്ഞ് ആള്‍ക്കൂട്ടം പിരിഞ്ഞു.
അവള്‍ പതുക്കെ വാതിലടച്ചു.
എനിക്കവളെ ഫേസ് ചെയ്യാന്‍ കഴിയുന്നില്ലായിരുന്നു.
കിടന്നോളൂ. ഞാന്‍ ലൈറ്റണയ്ക്കുന്നില്ല.
ഞാന്‍ കിടന്നു.

അവള്‍ എന്റെ അടുത്തിരുന്ന്, മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട് അമ്മയായി. ഓര്‍ക്കുന്തോറും എനിക്ക് കണ്ണുനീര്‍ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു. ആദ്യരാത്രിയില്‍ത്തന്നെ ഇങ്ങനെയൊരു നാടകം ആര്‍ക്കും ഉള്‍ക്കൊള്ളാനാവില്ലല്ലോ. ചെക്കന്റെ മാനസികപ്രശ്‌നങ്ങള്‍ വീട്ടുകാര്‍ മറച്ചുവെച്ചു എന്നൊക്കെ ബന്ധുക്കള്‍ പറഞ്ഞു നടക്കില്ലേ? നാളെ രാവിലെ ഇനിയൊരു നൂറുചോദ്യങ്ങള്‍ നേരിടേണ്ടിവരിക പാവം അവളായിരിക്കും. വെളിച്ചത്തില്‍ കുളിച്ച് ഞാനവളുടെ മുന്നില്‍ മനസ്സുകൊണ്ടു നഗ്‌നനായി, നാണംകെട്ടു കിടന്നു. രണ്ടുപേരും ഒന്നുംമിണ്ടാതെ, ഉറങ്ങാതെ എങ്ങിനെയോ നേരംവെളുപ്പിച്ചു.

വിവാഹപ്പിറ്റേന്ന് ആചാരമനുസരിച്ച്, ആണ്‍വീട്ടിലേക്കുള്ള വരവായിരുന്നു. രാത്രിയിലെ ഉറക്കമില്ലായ്മയും വീട്ടുകാരെ പിരിയുന്ന സങ്കടവുമൊക്കെയായി അവള്‍ കരഞ്ഞുവിളറി ഒരു പരുവമായിരുന്നു. കാറിന്റെ പിന്‍സീറ്റിലെ സ്വകാര്യതയില്‍ ഞാന്‍ അവളുടെ കൈയെടുത്തുപിടിച്ചു. എന്നിലേക്കു ചാഞ്ഞ് അവള്‍പതുക്കെ മയങ്ങി. ഇനിയീ ജന്മം മുഴുവന്‍ ഇങ്ങനെ... ഇങ്ങനെ...

രാത്രിയിലെ സംഭവം പിന്നെ ആരും സൂചിപ്പിച്ചില്ലല്ലോ?

എന്നോട് നേരിട്ടാരും ഒന്നും പറഞ്ഞില്ലെന്നു മാത്രം. ഇതിന്റെ പേരില്‍ അവളെ എല്ലാവരും ക്രൂശിച്ചിട്ടുണ്ടാവും, തീര്‍ച്ച.

അതൊക്കെ ആദര്‍ശിന്റെ ഓരോ തോന്നലാ... അവരതു മറന്നുകാണും.

മറക്കാന്‍ ഞാന്‍ സമ്മതിച്ചിട്ടുവേണ്ടേ? രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവളുടെ അച്ഛന് പെട്ടെന്നൊരു നെഞ്ചുവേദന വന്ന് ആശുപത്രിയിലാക്കി. രാത്രി കൂട്ടുകിടക്കാന്‍ ഞാനും അവളുടെ അമ്മയും മാത്രം. വലിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയൊക്കെയാണ്. രോഗിയുടെ കൂടെ ഒരാളെയേ നിര്‍ത്തൂ. സെക്യൂരിറ്റി ചെക്കിംഗിനു വരുമ്പോള്‍ ഞാന്‍ ബാത്‌റൂമില്‍ ഒളിച്ചിരിക്കും. ബൈസ്റ്റാന്റര്‍ക്ക് ചെറിയൊരു ബഞ്ചേയുള്ളൂ. അതില്‍ അമ്മ കിടന്നു, ഞാന്‍ നിലത്ത് ഷീറ്റു വിരിച്ചും.

പാതിരാത്രിയില്‍ ഞാന്‍ നിലവിളിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. ആ ബ്ലോക്കു മുഴുവന്‍ കേട്ടുകാണും, എന്റെ പരാക്രമം. നേഴ്‌സുമാരും സെക്യൂരിറ്റിയുമൊക്കെ ഓടിവന്ന് വാതിലില്‍ തട്ടിവിളിച്ചു. പേഷ്യന്റിന് എന്തോ അത്യാഹിതം സംഭവിച്ചു എന്നല്ലേ അവര്‍ കരുതൂ! അവളുടെ അമ്മയാണ് എന്നെ രക്ഷിച്ചത്. അച്ഛനെ ചൂണ്ടി അവര്‍ പറഞ്ഞു, ''ഓപ്പറേഷന്‍ വേണ്ടിവര്വോ എന്നൊക്കെ ആലോചിച്ച് പേടിച്ചു കിടന്നിട്ടാ. ഇത് ഇടയ്‌ക്കൊക്കെ പതിവാ. കാര്യാക്കണ്ട...''
തല്‍ക്കാലം രക്ഷപ്പെട്ടെങ്കിലും സെക്യൂരിറ്റിക്കാരന്‍ എന്നെത്തന്നെ തുറിച്ചുനോക്കി, ഇയാളെങ്ങനെ ഇതിനകത്തു കയറി, എന്ന മട്ടില്‍.

അവര്‍ ഒഴിഞ്ഞുപോയപ്പോള്‍ ഞാനാ അമ്മയുടെ കാല്‍തൊട്ടു നെറുകില്‍ വച്ചു. അച്ഛന്റെ മോണിറ്ററില്‍ വേരിയേഷന്‍ കാണിച്ചപ്പോള്‍ എനിക്ക് അതിലേറെ പേടിയായി. ഞാന്‍ കാരണം ഇനി...

അന്നുരാത്രിമുതല്‍ ഞാന്‍ അപരിചിത സ്ഥലങ്ങളില്‍ഉറങ്ങാതായി. ആവശ്യം വന്നാല്‍ത്തന്നെ കുത്തനെ ഇരുന്ന് നേരം വെളുപ്പിക്കും. പിറ്റേന്ന് ഉറക്കക്ഷീണമുണ്ടാവുമെന്നല്ലേയുള്ളൂ. ഡോക്ടര്‍മാര്‍പറയാറുള്ള 'സ്റ്റിഗ്മ' നേരിടേണ്ടിവരില്ലല്ലോ! ആശുപത്രി വിടുംമുമ്പ് അവളുടെ അച്ഛന്‍, അപ്പോഴേക്കും പരിചയക്കാരിയായ ഒരു നേഴ്‌സിനോട് ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചു. ആരെയെങ്കിലും കാണിക്കാന്‍ വഴിയുണ്ടോ എന്നൊക്കെ ചോദിച്ചു. അവിടെ ആഴ്ചയിലൊരിക്കല്‍ വിസിറ്റുചെയ്യാറുള്ള ഒരു സൈക്കോളജിസ്റ്റിന്റെ പേരുപറഞ്ഞു. അദ്ദേഹമാവുമ്പോള്‍ മരുന്നൊന്നുമില്ലാതെ ഇക്കാര്യത്തിന് എന്തെങ്കിലും പരിഹാരം കാണും. ആഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞതിന്റെ ക്ഷീണത്തിനും വിഷമത്തിനുമിടയില്‍ത്തന്നെ, അച്ഛന്‍ എനിക്കുള്ള അപ്പോയിന്റ്‌മെന്റ് ശരിയാക്കി.

മോളോട് ഇക്കാര്യം സംസാരിക്കുകയൊന്നും വേണ്ട കേട്ടോ. അവള്‍ പരിഭ്രമിക്കണ്ട. ഇത് ചെറിയ വല്ല തെറ്റിദ്ധാരണയുമായിരിക്കും. നിങ്ങള്‍ ചെറുപ്പമല്ലേ? പുറത്തൊക്കെ പോയി തങ്ങേണ്ടിവന്നാല്‍ ഇത് വലിയ ശല്യമായിത്തീരും. പിന്നെ എത്രകാലമെന്നുവച്ചാ ഇങ്ങനെയൊരു പ്രശ്‌നവും കൊണ്ടുനടക്കുക? മോനതില്‍ വിഷമമൊന്നും വിചാരിക്കണ്ട ട്ടോ.

ആ വലിയ മനസ്സിനു ഞാന്‍ വഴങ്ങി.

ഡിസ്ചാര്‍ജ്ജു കഴിഞ്ഞ് വീട്ടിലെത്തിയ അന്നു രാത്രി ഞാന്‍ ഉറങ്ങിയതേയില്ല. ഓര്‍ക്കണം, വിവാഹപ്പുതുമ മാറിയിട്ടില്ലാത്ത രണ്ടുപേരാണ്. ദിവസങ്ങളേ ആയിട്ടുള്ളൂവെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. ശരീരങ്ങളിലെ ചമ്മലൊക്കെ ഒരുവിധം മാറിക്കിട്ടി. സ്ത്രീകളുടെ ഒരു പ്രത്യേകത, ഏറ്റവും കരുതലോടെ കൊണ്ടുനടക്കുന്ന അവരുടെ ശരീരരഹസ്യങ്ങള്‍, അവര്‍ക്ക് പൂര്‍ണ്ണവിശ്വാസം തോന്നുന്നവര്‍ക്കുമുന്നില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കും എന്നതാണല്ലോ. പിന്നെ ഒളിച്ചുകളികളില്ല. നമ്മള്‍ തെറ്റിദ്ധരിക്കില്ല എന്ന് ഉറപ്പായാല്‍ - ഉറപ്പായാല്‍ മാത്രം - അവര്‍ നാണം മൊത്തത്തിലങ്ങ് ഒഴിവാക്കും. ആ ഘട്ടത്തില്‍ ഒരിക്കലും അവര്‍ നമ്മുടെ നീക്കങ്ങളെ ജഡ്ജ് ചെയ്യുകയില്ല. ആണുങ്ങളെപ്പോലെ കേട്ടതും കണ്ടതും അറിഞ്ഞതുമായ ഒരു സംഭവവുമായും ആ നിമിഷങ്ങളെ അവര്‍ താരതമ്യം ചെയ്യില്ല. ഈ നിലപാടു തരുന്ന ഉറപ്പില്‍ മാത്രമാണ് ആണുങ്ങളായ ആണുങ്ങളൊക്കെ എങ്ങനെയൊക്കെയോ പിടിച്ചുനില്‍ക്കുന്നത്.

സംഗമിച്ചതിനു ശേഷമുള്ള അവളുടെ ഉറക്കം കാണാനാണ് എനിക്ക് ഏറെയിഷ്ടം. മലര്‍ന്നുകിടക്കുന്ന എന്റെ നെഞ്ചിനു കുറുകേ തീരെ ഭാരം തോന്നിക്കാതെ കൈയെടുത്തുവച്ച്, തോളിനുചേര്‍ത്ത് മുഖമടുപ്പിച്ച്, ചൂടുള്ള നിശ്വാസങ്ങളുതിര്‍ത്ത് അവള്‍ മധുരമധുരമായി നേരിയ കൂര്‍ക്കം വലിക്കും. വലിയ ക്ഷീണമുണ്ടെങ്കിലും, അറിയാതെ ഉറങ്ങിപ്പോയാല്‍ എന്റെ മറ്റേ പ്രശ്‌നം കാരണം അവള്‍ ഞെട്ടിയുണര്‍ന്നാലോ എന്നു കരുതി, ഞാന്‍ കണ്ണും തുറന്നുപിടിച്ച് മണിക്കൂറുകള്‍ കഴിച്ചുകൂട്ടും. നാലുമണിയൊക്കെ കഴിയുമ്പോള്‍ പിന്നെയൊരാശ്വാസമാണ്, ഇനിയങ്ങനെയുണ്ടാവില്ല എന്ന്. അതേ കിടപ്പില്‍ ചെറുതായൊന്നു മയങ്ങി, കാലത്തേ ഉണരും.

ഉണരുമ്പോള്‍, ശാന്തമായി കിടക്കുന്ന എന്റെ മുഖം രണ്ടുകൈകളിലും കോരിയെടുത്ത് അവള്‍ പറയും, ഇന്നലെയൊന്നും ഉണ്ടായില്ലല്ലോ... ഇനി പേടിക്കണ്ടാട്ടോ... ഒക്കെ മാറി. ആവശ്യമില്ലാത്ത ഓരോന്ന് ആലോചിച്ചുകൂട്ടിയിട്ടാ. ഇനി എന്നും ധൈര്യായിട്ട് ഉറങ്ങിക്കോളൂ. ഞാനുണ്ട് കൂടെ...

ഉറക്കത്തിന്റെ ഉപ്പുമണമുള്ള ഒരുമ്മ തന്ന് അവള്‍ തലമുടി വാരിച്ചുറ്റി അടുക്കളയിലേക്കു പോകും. ഉറക്കമിളപ്പിന്റെ നുറുങ്ങുന്ന ശരീരവേദനയുമായി ഞാന്‍ പതുക്കെ കിടക്കവിടും.

അന്നൊരു ബുധനാഴ്ച. സൈക്കോളജിസ്റ്റിനെ കാണേണ്ട ദിവസം.
ഓഫീസില്‍ ലീവുപറഞ്ഞ്, അഡ്രസ്സു പരതി ഞാനാ കെട്ടിടത്തിലെത്തി. ആശുപത്രിയില്‍വെച്ച് ഇത്തരം സെഷനുകള്‍ ചെയ്യാറില്ല എന്നാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. മൂന്നാം നിലയിലെ ഇടുങ്ങിയ വരാന്തയിലെ രണ്ടു മുറികളില്‍ ഒന്നില്‍ സൈക്കോളജിസ്റ്റും മറ്റതില്‍ സൈക്യാട്രിസ്റ്റും. രണ്ടും തമ്മിലുള്ള വ്യത്യാസമൊന്നും എനിക്ക് അറിയില്ലായിരുന്നു. ഏതായാലും ആദ്യത്തെ മുറിയിലാണ് കയറേണ്ടിയിരുന്നത്. വാതില്‍തട്ടി, തുറന്നപ്പോള്‍ ധാരാളം കണ്ടുപരിചയമുള്ള രൂപഭാവങ്ങളുള്ള ഒരു ഡോക്ടര്‍. എന്നെ കണ്ടതും എഴുന്നേറ്റുവന്ന് കെട്ടിപ്പിടിച്ചു. ഇതെന്താ ഇങ്ങനെയൊരാചാരം എന്നു ഞാന്‍ അത്ഭുതപ്പെട്ടു. പക്ഷേ, അതുണ്ടാക്കിയ അടുപ്പം കാര്യങ്ങളെ കുറേയൊക്കെ ലളിതമാക്കി എന്നു തന്നെ പറയണം.

ആദര്‍ശേ... പിന്നെ എന്തൊക്കെയാ വിശേഷങ്ങള്‍...
(ആദ്യമായി കാണുന്നയാളോട് ഇങ്ങനെ ചോദിച്ചാല്‍...! ഞാനൊന്നു പരുങ്ങി.)
ഡോക്ടര്‍ പിന്നെ എനിക്ക്...
അതൊക്കെ പോട്ടെ. വായനയും എഴുത്തുമൊക്കെ ഉണ്ടെന്നല്ലേ പറഞ്ഞത്? ആരാ ഇഷ്ടപ്പെട്ട എഴുത്തുകാരന്‍, കാരി?
അതിപ്പൊ... മലയാളത്തിലെ എല്ലാ എഴുത്തും ഞാന്‍വായിക്കും. കഥകളാണ് ഇഷ്ടം. പിന്നെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും.
ഓ ഗ്രേറ്റ്... വീട്ടില്‍ ലൈബ്രറിയൊക്കെയുണ്ടോ?
ലൈബ്രറിയെന്നൊന്നും പറയാനില്ല. കുറേ പുസ്തകങ്ങള്‍ വാങ്ങിച്ചുകൂട്ടും. മിക്കതും പകുതിവായിച്ച് മാറ്റിവെയ്ക്കും. വായിച്ച് പകുതിയില്‍അടയാളം വെച്ച പുസ്തകങ്ങളാണ് എന്റെ മേശപ്പുറത്തുള്ള കൂമ്പാരം മുഴുവനും.
അതെന്താ വായിച്ചു മുഴുമിക്കാന്‍ പറ്റാത്തത്?
അതുപിന്നെ, കുറച്ചു വായിക്കുമ്പോള്‍ത്തന്നെ അതിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകും. എഴുത്തിലെ തന്ത്രങ്ങളും തട്ടിപ്പുകളും വെളിപ്പെട്ടാല്‍ പിന്നെ വായന മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല.
അതു നല്ലതാ. സാഹിത്യമെന്ന പേരില്‍ പുറത്തിറങ്ങുന്ന എല്ലാ ചവറും വായിച്ചുകൂട്ടി നമ്മുടെ മനസ്സ് അഴുക്കാക്കണ്ടല്ലോ. പക്ഷേ നല്ല പുസ്തകങ്ങള്‍ക്ക് നമ്മുടെ മാനസികപ്രയാസങ്ങളെ ലഘൂകരിക്കാന്‍ അസാമാന്യമായ കഴിവുണ്ട് കേട്ടോ. പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ഈജിപ്ഷ്യന്‍ രാജാവ്, തന്റെ ഗ്രന്ഥശേഖരം വച്ച മുറിയ്ക്കു പുറത്ത് ഇങ്ങനെ എഴുതിവച്ചിരുന്നത്രേ, 'House of healing for the Soul' പുസ്തകങ്ങളുടെ ശക്തിയെക്കുറിച്ച് അക്കാലംതൊട്ടേ നമ്മള്‍ മനസ്സിലാക്കിയിരുന്നു എന്നര്‍ത്ഥം. ബിബ്ലിയോതെറാപ്പി എന്നൊക്കെ കേട്ടിട്ടില്ലേ? സ്വയം പരിഹരിക്കാന്‍ കഴിയാത്ത ഒരുപാടു പ്രശ്‌നങ്ങള്‍ക്ക് പുസ്തകവായന സമാധാനം നല്‍കും.
എഴുത്തിനെ സംബന്ധിച്ച് എന്തെങ്കിലും വേവലാതിയുണ്ടോ?
എപ്പോഴും എഴുത്തിനെക്കുറിച്ചുതന്നെയാണ് സര്‍ ആലോചന. എഴുതാന്‍ കഴിയാത്തത്, എഴുതിയാല്‍ ശരിയാവാത്തത്, എഴുതി അയച്ചുകൊടുത്താല്‍ പ്രസിദ്ധീകരിക്കാത്തത്, പ്രസിദ്ധീകരിച്ചവ ആരും ശ്രദ്ധിക്കാത്തത്, അങ്ങനെയങ്ങനെ. നല്ലൊരു പുസ്തകം വായിച്ചാല്‍ പിന്നെ എഴുത്ത് ആകപ്പാടെ ഉപേക്ഷിക്കണമെന്നുപോലും തോന്നും.
ഒരുകാര്യം മനസ്സിലാക്കണം, ആഘോഷിക്കപ്പെടുന്ന ഓരോ കൃതിയും ആത്മഹത്യയോളം പോന്ന വലിയ സഹനങ്ങളുടെയും വേദനകളുടെയും സൃഷ്ടിയാണ്.

ലോകപ്രശസ്തമായ പലകൃതികളും എഴുതാനെടുത്ത കാലയളവും അതിനുപിന്നിലെ കഷ്ടപ്പാടുകളും അദ്ദേഹം വിവരിച്ചു.
പിന്നെ കണ്ണടച്ച് മനോഹരമായ ഈണത്തില്‍ രണ്ടുവരികള്‍ ചൊല്ലി.

''പെറ്റെണീക്കുംമുമ്പ് കണ്ണടച്ചാളഹോ
പറ്റേ വിളര്‍ത്തൊരാ കാലവര്‍ഷാംഗന''

ആ വരികള്‍ ഏതുകവിതയിലേതാണെന്ന് ആലോചിക്കുന്ന നേരംകൊണ്ട് അദ്ദേഹം എഴുന്നേറ്റുചെന്ന് സൈഡ് ടേബിളില്‍നിന്ന് എന്റെ ഫയല്‍ തെരഞ്ഞെടുത്തു.
ഈ 'ഹോള്‍ട്ടര്‍ ടെസ്റ്റ്' എന്തിനാ ചെയ്തത്?
അത്, ഡോക്ടര്‍, എനിക്ക് നല്ലവണ്ണം ക്ഷീണിച്ച് കണ്ണടഞ്ഞുപോകുന്നത്ര ഉറക്കംവന്ന് കിടന്നാല്‍പോലും ഉറങ്ങാനാവുന്നില്ല, ഹൃദയം പടപടാ മിടിച്ചുകൊണ്ടിരിക്കും. അപ്പോള്‍ ഞാന്‍ പേടിച്ച് എഴുന്നേറ്റിരുന്ന് കുറേനേരം നെഞ്ചുതടവും. ആകപ്പാടെ ഉള്ളില്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു വിങ്ങലാണ്. ഇതിങ്ങനെ പതിവായപ്പോള്‍ ഒന്നു കാണിക്കാന്‍ ചെന്നതാ. ഇ.സി.ജി.യും എക്കോയും ട്രെഡ്മില്‍ ടെസ്റ്റും ചെയ്തു. കാര്യമായ പ്രശ്‌നമൊന്നും കണ്ടില്ല. പിന്നെ 24മണിക്കൂര്‍ നിരീക്ഷണത്തിനുവേണ്ടി ഹോള്‍ട്ടര്‍ സജസ്റ്റ് ചെയ്തതാ.
എല്ലാം നോര്‍മലാണല്ലോ. അതിനുശേഷം ഇ.ഇ.ജി.യും സ്ലീപ്പ് ടെസ്റ്റും ചെയ്തു അല്ലേ?
അതെ. സ്ലീപ്പ് ടെസ്റ്റിനു ചെന്നപ്പോള്‍ ഞാന്‍ വളരെ സ്വസ്ഥനായിരുന്നു. ഒരു ലേഡീ ഡോക്ടറായിരുന്നു. അവര്‍ വന്ന് കുറേ സംസാരിച്ച് നേരിയ ശബ്ദത്തില്‍ പാട്ടൊക്കെ പാടി എന്നെ ഉറക്കത്തിലേക്ക് നയിച്ചു. ‘സ്ലീപ്പ് ആപ്നിയ’ എന്നൊരു പ്രശ്‌നം ഉണ്ടെങ്കില്‍ ഇതുപോലെ ഉറക്കത്തില്‍ ഞെട്ടി നിലവിളിക്കാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു. നാവിന്റെ പിന്നറ്റത്തെ പേശികള്‍ അയഞ്ഞ്, ഉറക്കത്തില്‍ ശ്വാസനാളം അടഞ്ഞ് ചിലര്‍ മരണവെപ്രാളം വരെ കാണിക്കുമത്രേ. വായ്ക്കകത്ത് എന്തൊക്കെയോ ഉപകരണങ്ങള്‍ കടത്തി പരിശോധിച്ചു. പിന്നെ ഉറക്കത്തിനുള്ള ഒരുക്കങ്ങളായി.

ഉറക്കത്തിന്റെ സ്വാഭാവികതയ്ക്കു വേണ്ടി, ഞാന്‍ വീട്ടില്‍നിന്ന്​ സ്ഥിരം ഉപയോഗിക്കുന്ന തലയിണപോലും സ്ലീപ്പ് ടെസ്റ്റ് സമയത്ത് കൊണ്ടുവന്നിരുന്നു. കാല്‍വിരലുകള്‍മുതല്‍ വയറ്റിലും നെഞ്ചിലും തലയിലും കവിളിലുമൊക്കെ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച്, മുറിയില്‍ വളരെ നേര്‍ത്ത സംഗീതം സെറ്റുചെയ്ത്, ഏ.സി. ഓണ്‍ ചെയ്ത് അവര്‍ അടുത്ത മുറിയിലേക്കു പോയി. ഉറക്കം നിരീക്ഷിക്കാന്‍ ക്യാമറയും മൈക്രോഫോണും ഉണ്ടായിരുന്നു. ഞാന്‍ പതിയെ ഉറക്കത്തിലേക്കു വീണു. തൊട്ടപ്പുറത്തെ മുറിയില്‍ ഡോക്ടറും സിസ്റ്റര്‍മാരും ഉണര്‍ന്നിരിക്കുന്നു എന്നത് എനിക്കൊരു ആശ്വാസമായിരുന്നു. ഏതാണ്ട് മൂന്നുമണിയൊക്കെ കഴിഞ്ഞപ്പോള്‍ ഡോക്ടറും സ്റ്റാഫും ഓടിയെത്തി. എന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ഇലക്ട്രോഡുകളും അത് വയര്‍ വഴി ബന്ധിപ്പിച്ചിട്ടുള്ള മോണിറ്ററുകളുമെല്ലാം മുറിയില്‍ പൊട്ടിച്ചിതറിക്കിടക്കുന്നു. അവര്‍ പറയുന്നത് ഞാന്‍ അപ്പോഴും പൂര്‍ണ്ണമായി ഉണര്‍ന്നിരുന്നില്ല എന്നാണ്.

വലിയൊരു തുക നഷ്ടപരിഹാരം കൊടുത്തിട്ടാണ് ആ പ്രൈവറ്റ് ക്ലിനിക്കില്‍നിന്ന് എനിക്ക് പുറത്തുകടക്കാനായത്. ഇറങ്ങാന്‍ നേരത്ത് ലേഡി ഡോക്ടര്‍ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. ആകപ്പാടെ വല്ലാതായിപ്പോയി ഞാന്‍. ഇനി എനിക്ക് ഇതില്‍നിന്ന് രക്ഷയില്ലേ എന്ന് ആത്മാര്‍ത്ഥമായി ചിന്തിച്ചുപോയി ഡോക്ടര്‍.

ഹേയ്... അങ്ങനെയൊന്നും ചിന്തിക്കാറായിട്ടില്ല. അതിനാണല്ലോ ഞങ്ങളൊക്കെ ഇവിടെയുള്ളത്. ഈ വിഷയത്തില്‍ ചെയ്യാവുന്ന എല്ലാ ഫിസിക്കല്‍ ടെസ്റ്റുകളും ആദര്‍ശ് ചെയ്തുകഴിഞ്ഞു. ഒന്നിലും ഒരു കുഴപ്പവുമില്ല.

ഇനി ഒരേയൊരു പരീക്ഷണം കൂടി ചെയ്തുനോക്കാം, എന്താ?
'ക്ലിനിക്കല്‍ ഹിപ്‌നോതെറാപ്പി' എന്നു പറയും.
നമ്മുടെ മനസ്സിന് പല തട്ടുകളുണ്ടെന്ന് ആദര്‍ശിനറിയാമല്ലോ. ആദര്‍ശിന്റെ കാര്യത്തില്‍ നമ്മള്‍ പുറമേനിന്ന് ഇങ്ങനെ കുറ്റാന്വേഷണം നടത്തിയിട്ട് ഒരു കാര്യവുമില്ല. മനസ്സിന്റെ മേല്‍പ്പാളി മെല്ലെ ഒന്നടര്‍ത്തി നോക്കിയാല്‍ അവിടെ കാണുന്ന കാഴ്ചകള്‍ വിചിത്രമായിരിക്കും.
നമുക്കു നോക്കാം. എന്റെ ഒരു സുഹൃത്തുണ്ട്, ഇക്കാര്യത്തില്‍ ആദര്‍ശിനെ അദ്ദേഹം സഹായിക്കും, ഡോക്ടര്‍ പറഞ്ഞു.

അവിടന്നും ഞാന്‍ പുറത്തിറങ്ങി. നിരന്തരം നീട്ടിവയ്ക്കുന്ന ഒരു കോടതിക്കേസുപോലെ എന്റേത് അനന്തമായി നീണ്ടുകൊണ്ടിരുന്നു. ഇതു ഞാന്‍ ഒറ്റയ്ക്കു പരിഹരിക്കേണ്ട ഒരു പ്രശ്‌നമായിപ്പോയില്ലേ!

നല്ലവണ്ണം ചാഞ്ഞുകിടക്കാന്‍ പാകത്തിലുള്ള ഈ ഇരിപ്പിടത്തില്‍, എന്റെ കൈയെടുത്തുപിടിച്ച് പുറംകൈ അദ്ദേഹം വളരെ മൃദുവായി തടവിക്കൊണ്ടിരുന്നു. എന്നെ മുഴുവനായി ഏറ്റെടുക്കുന്നതായി ആ സ്പര്‍ശത്തില്‍ എനിക്കു തോന്നി. മുങ്ങിത്താഴുന്നവന് കൈത്താങ്ങിന്റെ സാന്ത്വനം എത്ര വിലപിടിച്ചതാണെന്ന് അപ്പോള്‍ ഞാനറിയുകയായിരുന്നു.
മുറിയില്‍ സൗമ്യമായ വെളിച്ചം. ചുമരുകള്‍ ശൂന്യം.
ഒരു ചെറിയ ബോര്‍ഡൊഴികെ.
''It's Okay not to be Okay’’
ഞാനതു വായിക്കുന്നതുകണ്ട് അദ്ദേഹം ചെറുതായി ചിരിച്ചു.
സോ, അറ്റ് ലാസ്റ്റ് യു ആര്‍ ഹിയര്‍, അല്ലേ ആദര്‍ശ്?
അതെ സര്‍. ഇനിയും ഒരു പരീക്ഷണത്തിന് ഞാനില്ല. എനിക്കു മടുത്തു. ഇതുകൂടി പാളിയാല്‍ ഞാനെല്ലാം ഒന്നിച്ചങ്ങ് അവസാനിപ്പിക്കും.
ഡോക്ടറുടെ മുഖഭാവം പെട്ടെന്നുമാറി.
'മിണ്ടരുത്' എന്നാംഗ്യം കാണിച്ച്, ശാസനാരൂപത്തില്‍ എന്റെ നെറ്റിയില്‍ പെരുവിരല്‍ പതുക്കെ അമര്‍ത്തി.
പിന്നെ തലമുതല്‍ കാല്പാദം വരെ ഓരോ ഭാഗങ്ങളേയും എങ്ങനെ 'റിലാക്‌സ്' ചെയ്യാമെന്നു പറഞ്ഞുതന്നു. അദ്ദേഹത്തിന്റെ ആജ്ഞകള്‍ ഏറെ മൃദുവും ശാന്തവും ആയിരുന്നെങ്കിലും ഞാനത് അക്ഷരംപ്രതി അനുസരിക്കുന്നുണ്ടായിരുന്നു. എന്റെ എല്ലാ കണ്‍ട്രോളുകളും അദ്ദേഹം കൈയാളിയിരുന്നു.

അദ്ദേഹം നെറ്റിയില്‍ വച്ച കൈ അനക്കാതെതന്നെ, മൃദുവായ ശബ്ദത്തില്‍ എങ്ങനെ ശരീരം ഭാരരഹിതമാക്കാമെന്ന് പറഞ്ഞുതന്നു. പതുക്കെ പതുക്കെ ഞാനത് അനുഭവിക്കാന്‍ തുടങ്ങി. മുകളിലെ സീലിംഗില്‍ ഒരു മണ്ഡല ചിത്രം ഒട്ടിച്ചുവച്ചിരുന്നു. അതിന്റെ ഇതളുകളിലേക്കും കോണുകളിലേക്കും കണ്ണുപായിച്ച് ഞാന്‍ അദ്ദേഹം പറയുന്ന ആജ്ഞകള്‍ അനുസരിച്ചു.

ആദര്‍ശ് ഇതാ ഉറങ്ങിക്കഴിഞ്ഞു.

അതു കേള്‍ക്കേണ്ട താമസം ഞാന്‍ ഭൂമിയുമായുള്ള ബന്ധം വിട്ട് പാറാന്‍ തുടങ്ങി. ദൂരങ്ങളിലൂടെ കാലങ്ങളിലൂടെ ഞാന്‍ ഒരു അപ്പൂപ്പന്‍താടിപോലെ പാറിനീങ്ങി. ആ പറക്കലില്‍, എന്റെ യൗവനത്തിലേക്കും അവിടന്നും പിന്നിലെ സ്‌ക്കൂള്‍ കാലത്തിലേക്കും ഞാന്‍ ചെന്നു. ഇപ്പോള്‍ ഡോക്ടറുടെ ശബ്ദം വെറും ചില മുഴക്കങ്ങള്‍ മാത്രമായി. വാക്കുകളും അക്ഷരങ്ങളും തിരിച്ചറിയാന്‍ കഴിയുന്നില്ല. എങ്കിലും ഞാന്‍ അവ അനുസരിക്കുന്നുണ്ട്.

നാട്ടിന്‍പുറത്തെ പാടവരമ്പുകളിലൂടെ ഞാനും കൂട്ടുകാരും ഓടിക്കളിക്കുന്നു. പട്ടം പറത്തുന്നു. പാടത്തിനു നടുവിലായി ഉയര്‍ന്നു നില്‍ക്കുന്ന വീട്ടിലെ 'മനോരഞ്ജിതം' എന്നുപേരായി തീക്ഷ്ണമായ മണമുള്ള ഇളംപച്ച പൂക്കള്‍ വിരിയുന്ന മരത്തിന്റെ ചുവട്ടില്‍ ഒത്തുകൂടുന്നു. കളിക്കുമ്പോള്‍ തെറിച്ചുവീണ പന്ത് എടുക്കാനായി തൊട്ടപ്പുറത്തെ നാഗത്തറയിലേക്ക്, പേടിച്ചുപേടിച്ചു ചെല്ലുന്നു.

ഞങ്ങള്‍ ആറുപേരായിരുന്നു. നാലാണും രണ്ടുപെണ്ണും. ഏറ്റവും മുതിര്‍ന്നത് രാജിച്ചേച്ചി. പച്ചയില്‍ തിളങ്ങുന്ന മഞ്ഞപ്പൂക്കളുള്ള പാവാടയാണ് അവര്‍ക്ക് എന്നുമുണ്ടായിരുന്നത്. ഇരുണ്ട തണല്‍വിരിച്ച തൊടിയിലൂടെ പലതരം കളികള്‍ കളിച്ച്, മാമ്പഴവും പേരയ്ക്കയും പറിച്ചുതിന്ന്, പാടത്തിനു നടുവിലെ കുളത്തില്‍ നീന്തിത്തുടിച്ച് ഞങ്ങള്‍ കുട്ടിക്കാലം തിമിര്‍ക്കുകയായിരുന്നു.

കൂട്ടത്തില്‍ പ്രായം കുറഞ്ഞ ഉണ്ണിക്കുട്ടന് എന്നും പരാതിയായിരുന്നു. മുതിര്‍ന്നവരോടൊപ്പം കളിച്ചെത്താന്‍ കഴിയാത്തതിലുള്ള വിഷമം. അവന്‍ ഇടയ്ക്കിടയ്ക്ക് കളിയില്‍നിന്നും പിണങ്ങിപ്പോയി എവിടെയെങ്കിലും മറഞ്ഞിരിക്കും. ഉച്ചനേരത്ത് വിഷപ്പാമ്പുകളുടെ സഞ്ചാരമുള്ള സ്ഥലമാണ്. അവനെ തെരഞ്ഞുകണ്ടുപിടിക്കല്‍ ഞങ്ങള്‍ക്കെപ്പോഴും വലിയൊരു തലവേദനയായി.

ഞങ്ങള്‍ക്ക് കളിക്കാന്‍ ടീമിടുമ്പോള്‍, കാച്ചറെ കണ്ടുപിടിക്കാനും തുടക്കക്കാരനെ തെരഞ്ഞെടുക്കാനുമൊക്കെയായി ഓരോ എണ്ണല്‍രീതികളുണ്ടായിരുന്നു.

ആറുപേരും വട്ടത്തില്‍നിന്ന് ഓരോരുത്തരെയും തൊട്ടുതൊട്ട് ഒരു പാട്ടുപാടും.

''അണ്ടക്ക- മണ്ടക്ക- ഡാമ- ഡൂമ- ഡിഷ്‌ക്ക- ണക്കടി-കോക്ക- ണക്കടി- അല്ലീ- മല്ലീ- സേ- കിഷ്‌ക്ക- ണക്കടി- കോ''

‘കോ’- യിലെത്തിയയാളാണ് കാച്ചര്‍.

കളിക്കുന്ന വേളയിലെ കുട്ടികളുടെ സര്‍ഗ്ഗാത്മകതയാണ് ഇത്തരം വിചിത്രഭാഷകളുണ്ടാക്കുന്നത്. ചില പാട്ടുകള്‍, അതു ചൊല്ലുന്നയാളെത്തന്നെ സ്ഥിരം കാച്ചറാക്കുന്നത് ഒഴിവാക്കാനായി ഓരോതവണയും പാട്ടുകള്‍ മാറ്റിപ്പാടും. അതനുസരിച്ച് കണക്കുകൂട്ടലുകള്‍ തെറ്റിക്കൊണ്ടിരിക്കും. ഇടക്കാലത്ത് പ്രചരിച്ച മറ്റൊരു പാട്ടുണ്ട്,
''ടീ- ടീ- ടീ- കണ്ണന്‍- ദേവന്‍- ടീ- മോഹന്‍- ലാലിന്-ഇഷ്ട- പ്പെട്ട- കണ്ണന്‍- ദേവന്‍- ടീ...''

ഞങ്ങളീവിധത്തില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഉണ്ണിക്കുട്ടനെ കാണാനില്ലെന്ന കാര്യം അറിയുന്നത്.

ഒരുതവണ കിണറ്റിന്‍വക്കത്ത് കാലുയര്‍ത്തി ഏന്തിനിന്ന് താഴേക്ക് നോക്കുന്നതുകണ്ട് കണക്കിന് ശകാരിച്ചതാണ്. മറ്റൊരിക്കല്‍, ഇലക്ട്രിക്ക് വയറിന്റെ ഒരറ്റം പ്ലഗ്ഗില്‍ കടത്തി മറ്റേയറ്റം മൂന്നുചക്ര സൈക്കിളിന്റെ കമ്പിയില്‍കെട്ടി ഇലക്ടിക് സൈക്കിളാക്കാന്‍ ശ്രമിക്കുന്നു. ഭാഗ്യത്തിന് സ്വിച്ച് ഓണ്‍ ആയിരുന്നില്ല. ഇനിയും എന്തു പണിയാണാവോ ഒപ്പിച്ചിട്ടുണ്ടാവുക എന്നോര്‍ത്ത് ഞങ്ങള്‍ വേവലാതിപ്പെട്ടു.

അപ്രാവശ്യം ഞങ്ങള്‍ കാച്ചറെ കണ്ടുപിടിക്കാന്‍ ഉപയോഗിച്ചത്, വിചിത്രമായ ഒരു പാട്ടായിരുന്നു,

''ഞാ- നെണ്ണ- മണ്ണെ- ണ്ണ- തീ- പ്പെട്ടി- ക്കോല്‍''.

ആ വാക്കുകളുടെ അര്‍ത്ഥം ആലോചിക്കാനുള്ള ക്ഷമയോ ബുദ്ധിയോ ഞങ്ങള്‍ക്കില്ലായിരുന്നു. ‘കോല്‍’ വന്നെത്തിയത് രാജിച്ചേച്ചിക്ക്.
‘ഹേ...' എന്ന് എല്ലാവരും ആര്‍ത്തുവിളിച്ച് രാജിച്ചേച്ചിക്കു ചുറ്റും തുള്ളിച്ചാടുമ്പോഴേക്കും പെട്ടെന്ന് എന്തോ കരിയുന്ന മണം കേട്ട് ഞങ്ങള്‍ വീടിനു പിന്നിലേക്ക് ഓടിച്ചെന്നു. അവിടെ മുറ്റത്തുണ്ടാക്കിയ മണ്ണടുപ്പിലെ കനലിലേക്ക് മണ്ണെണ്ണടിന്‍ ചെരിച്ച് തീപ്പെട്ടിയുരച്ച് ഉണ്ണിക്കുട്ടന്‍ കളിക്കുന്നു. ഞങ്ങള്‍ ദൂരേനിന്നു കാണുമ്പോഴേക്കും അവിടമാകെ തീ പടര്‍ന്നിരുന്നു. വീണുകിടക്കുന്ന തെങ്ങോലയിലും അയയില്‍ ഉണക്കാനിട്ട തുണിയിലും തീ പടര്‍ന്നു കഴിഞ്ഞു. അതിനിടയില്‍ ഉണ്ണിക്കുട്ടന്റെ കുഞ്ഞുടുപ്പിലേക്കും തീ പിടിച്ചു.

കണ്ണുപൊട്ടിപ്പോവുന്ന കാഴ്ച!

ഞങ്ങള്‍ നിലവിളിച്ചുകൊണ്ട് ഓടിയടുത്തു. അടുത്തേക്ക് ചെല്ലാന്‍ പറ്റാത്തത്ര ഉയരത്തില്‍ തീ പടര്‍ന്നു കഴിഞ്ഞു. അതിനിടയില്‍ നിലവിളിക്കാന്‍ പോലുമാകാതെ ഉണ്ണിക്കുട്ടന്‍ നിന്നു കത്തുന്നത് ഞങ്ങള്‍ കണ്ടു. ഒന്നും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. നാലുവയസ്സുമാത്രം പ്രായമായ അവന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിക്കരിഞ്ഞ ഒരു ചെറു കൂനയായി മാറി.

ആളുകള്‍ ഓടിക്കൂടി നിലവിളിയും ബഹളവും തുടങ്ങി. കിണറ്റില്‍നിന്നും വെള്ളം എത്രയൊക്കെ കോരിയൊഴിച്ചിട്ടും കെടുത്തിയിട്ടും ഉണ്ണിക്കുട്ടനെ തിരിച്ചുകിട്ടിയില്ല. എല്ലാം കെട്ടടങ്ങിയപ്പോള്‍ രൂപംപോലും തിരിച്ചറിയാത്ത കരിക്കട്ടമാത്രമായി ഞങ്ങളുടെ പാവം ഉണ്ണിക്കുട്ടന്‍...

പിന്നെ വീട്ടുകാരും നാട്ടുകാരും മുഴുവന്‍ ഞങ്ങള്‍ക്കു നേരെ തിരിഞ്ഞു. ഞങ്ങള്‍ പാടത്തുകൂടി നിര്‍ത്താതെ ഓടിക്കൊണ്ടിരുന്നു. തൊണ്ടപൊട്ടിച്ച് നിലവിളിച്ചുകൊണ്ട്... ആ കളിയിലെ അവസാനത്തെ പാട്ട് ഇങ്ങനെ അറംപറ്റുമെന്ന് ഞങ്ങള്‍ക്ക് ഓര്‍ക്കാന്‍ പോലും കഴിഞ്ഞില്ല.

ആദര്‍ശ്.... മോനേ... ആദര്‍ശ്... എഴുന്നേല്‍ക്ക്...

ആ വിളി ഞാന്‍ ഏതോ ഗുഹയില്‍നിന്നെന്ന പോലെ കേട്ടു. മറുപടി പറയാന്‍ നാവു പൊങ്ങുന്നുണ്ടായിരുന്നില്ല. പിന്നെപ്പിന്നെ പതുക്കെ, താന്‍ ഡോക്ടറുടെ മുന്നിലാണെന്ന ബോധ്യം വന്നെങ്കിലും ആ കളിക്കിടയിലെ 'ഹൈക്കു' ഞാന്‍ വീണ്ടും ഉരുവിടുന്നുണ്ടായിരുന്നു...

''ഞാനെണ്ണ മണ്ണെണ്ണ തീപ്പെട്ടിക്കോല്‍.''


ടി. ശ്രീവത്സൻ

കഥാകൃത്ത്​. പാലക്കാട്​ ചിറ്റൂർ ഗവ. കോളേജിൽ മലയാളം അധ്യാപകൻ. ആംബുലൻസ്​, നിസ്സാരോപദേശകഥകൾ, നവ​മനോവിശ്ലേഷണം, മതേതരത്വത്തിനുശേഷം തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments