ചെമ്പുറവക്കുന്ന്
“ആനകൾക്ക് മാത്രമല്ല, എല്ലാറ്റിനുമുണ്ട്! എല്ലാറ്റിനും അതിന്റേതായ ഒരു വഴിയുണ്ട്.. മനുഷ്യർക്കുമുണ്ട്.”
വിളവ് കൊണ്ട് കുനിഞ്ഞ കവുങ്ങുപാടത്തിന് ചുറ്റും കറണ്ട് വേലി കെട്ടുമ്പോൾ അപ്പച്ചൻ കരയിൽ നിന്നുകൊണ്ട് പറഞ്ഞു.
“നമ്മള് തന്നെ എത്ര നടന്നാണ് ഈ പറമ്പൊക്കെ കെട്ടിയുണ്ടാക്കിയത്. എത്ര വേലികൾ പൊളിച്ചു. ഒന്ന് ചീയുമ്പോ മറ്റൊന്ന് പൊടിക്കും. മനുഷ്യർക്ക് അങ്ങനങ്ങ് ചീയാനൊക്കത്തില്ല. കാർന്നോമ്മാരോട് എന്നാ പറയും.”
ഞ്ഞൂന് കമ്പി കെട്ടുന്നതിന്റെ മുറുക്കം മുഖത്ത് വരുത്തിക്കൊണ്ട് അപ്പച്ചനെ നോക്കി. അണപ്പല്ലിനും കവിളിലുമിടയിൽ ഉരുട്ടിവെച്ച അടക്കയും പുകയിലയും ഒന്ന് നന്നായി നീറി. അയാളത് നാവുകൊണ്ട് അല്പം സ്ഥാനചലനം വരുത്തി. ആനകളിറങ്ങുന്നത് ആദ്യമല്ല, കരയിറങ്ങിക്കിടക്കുന്ന ഇവിടെ മുതൽ നാലോ അഞ്ചോ കയറ്റമിറങ്ങിയാൽ കാടായി. കാടല്ല, കാടിനുവേണ്ടി പിടിച്ചിട്ട സ്ഥലം. അത് കഴിഞ്ഞാൽ കാടായി. വേനലുവറ്റുമ്പോ അവ ഒറ്റക്കും തെറ്റക്കും പെരുങ്കൂട്ടമായും കാടിറങ്ങിവരും. പറമ്പിൽക്കൂടിയൊക്കെ അഴിഞ്ഞാടിമേഞ്ഞുനടക്കും. സകലതും തിന്നുമുടിക്കും. ഈ പറമ്പേലൊന്നും അപ്പച്ചന് കണ്ണെത്താറില്ലായിരുന്നു. ആദായവുമില്ല. ആന വരുന്ന വഴിക്ക് പണ്ടെങ്ങോ ചതുപ്പ് നികത്താൻ മരങ്ങളാഴ്ത്തിയ വയൽ തരിശായ് കിടക്കുകയായിരുന്നു.ആ മണ്ണ് ചുമ്മാ തരിശിടാൻ അപ്പച്ചന് മനസ്സില്ലായിരുന്നു. അയാൾക്ക് കുറ്റബോധമുണ്ടാവും. കാർന്നോമ്മാരോട് എന്ത് പറയുമെന്ന് അയാൾക്ക് വെപ്രാളവുമുണ്ടാവും.
അങ്ങനെയാണ് കുന്നിന്റെയരിക് വയലിലേക്ക് ഇറക്കുന്നത്. മംഗലാപുരത്ത് നിന്ന് തൈകൾ കൊണ്ടുവന്നാണ് കുത്തിയത്. നിലം കരയാക്കുന്നതിന്റെ ആദ്യപടിയാണിത്. കവുങ്ങുകൾ കരകൾക്കുള്ള സാധൂകരണം കൂടിയാണ്. അപ്പുറം പോവും സംസ്ഥാന പാത വീതികൂട്ടിയാലോ വഴിമാറിയാലോ ഭാവിയിലെങ്ങോ നികത്താനുള്ളതാണ്. കവുങ്ങുപാടം കരതന്നെ എന്ന് കണക്കാക്കി കാശുവാങ്ങാനുള്ളതാണ്. മരിക്കണത് വരെ നടന്നില്ലെങ്കിലും കുട്ടികൾ കാർന്നോന്മാരെ പഴിക്കരുതല്ലോ. അങ്ങനെയൊരു കണക്കുകൂട്ടലും അതിന് പിന്നിൽ അപ്പച്ചനുണ്ടായിരുന്നു.
“ഇനി അവറ്റകൾ കടക്കുന്നത് കാണണമല്ലോ. ഒരെണ്ണം കാഞ്ഞാമതീ… കൂട്ടം തന്നെ തെറ്റിപ്പൊക്കോളും. ചാച്ചനൊക്കെയുണ്ടായിരുന്നപ്പോ വെടീലല്ലാരുന്നോ തീർക്കാറ്. ഉണ്ടവന്ന ദിക്കിലേക്ക് കടക്കില്ലായിരുന്നു.”
വേലി പൂർത്തിയാവാൻ ചില കെട്ടുറപ്പുകൾ കൂടി ശേഷിക്കേ അപ്പച്ചൻ അയാളുടെ ന്യായങ്ങൾ പുറത്തുവിട്ടുകൊണ്ടിരുന്നു.
“ആന നടന്നാൽ, കാട് നടുന്നത് പോലെയാണ്. പാഴും താഴുമെല്ലാം പിറകേ വരും. കര കാടാകും. അതിങ്ങനെ കയറിനെരങ്ങിയാ നമുക്ക് തന്നെ തോന്നും, കെടക്കണത് കാട്ടിലാണെന്ന്, കാർന്നോമ്മാരോട് നമ്മളെന്നാ സമാധാനം പറയും. പിടിച്ചുകെട്ടി ചത്തുമലച്ച് ഒഴുകിയൊന്നും പോയിട്ടില്ല. വിയർപ്പും അങ്ങനങ്ങ് കെട്ടുപോയിട്ടുമുണ്ടാവില്ല. ഇവിടൊക്കെയുണ്ട്. വിളഞ്ഞോ വെളുത്തോ പറിച്ചോ എന്നൊക്കെ നോക്കി പറമ്പിലുണ്ടാവും. ഗതിപിടിക്കുമ്പോ ഓർത്താരുന്നോ എന്ന് എവിടെവെച്ചേലും കണ്ടാൽ ചോദിക്കാൻ കണക്കാക്കി നടക്കുവായിരിക്കും.”

മറുപടിയില്ലാത്ത ആ വർത്തമാനം അപ്പച്ചൻ നിർത്തി. ശരിയാണ്, ചെമ്പുറവക്കുന്നെന്ന് പേരായ ഈ കുന്നുണ്ടായത് ഒരറ്റത്ത് നിന്ന് തീപടർത്തിയാണ്. അന്നിത് കാടാണ്. അതിന്റെ കരിയും ചാരവും കൊണ്ടാണ് ഇവിടെന്തും വളരുന്നത്. അതിനിയും ഒരു കാടാവാൻ അതിന്റെതന്നെ വളം മതി. പഴയ വഴികൾ മാഞ്ഞുവെന്നേയൂള്ളൂ. വഴികളെന്നാൽ ഓർമ്മയാണ്. അതിന് അവകാശികൾ പലതുണ്ടാവും. പലതും ഓർമ്മതേടി വരും. എത്ര മൂടപ്പെട്ടാലും ചെമ്പുറവക്കുന്നിൽ നിന്ന് പുറപ്പെടുന്ന അസ്ഥികളും ചെളിമണ്ണും കൂടിച്ചേർന്ന മണം തടുത്തുനിർത്താനാവില്ലല്ലോ. മനുഷ്യരുടേയും മൃഗങ്ങളുടേയും സമരത്തിൽ കുന്നിലെ വിജയം പോലും താൽക്കാലികമാവാം.
എന്നാൽ എത്ര കാലവർഷം വെടിപൊട്ടിച്ചിട്ടും അവ ഒഴിഞ്ഞുപോയില്ലല്ലോ എന്ന് ഞൂനിന് ചോദിക്കണമെന്നുണ്ടായിരുന്നു. അയാളത് ചോദിച്ചില്ല. വെടിപൊട്ടിച്ചവർ ഓരോന്നായി കൊഴിഞ്ഞു.
കൊല്ലി അങ്ങനെയാണ് കരയായത്. മേലേക്കുന്നിലെ കരയിറക്കികൊണ്ട് വന്ന പണി മൊത്തമെടുത്തത് ഞ്ഞൂനായിരുന്നു. അപ്പച്ചന്റെ കവുങ്ങ് പദ്ധതിയിലേക്ക് പ്രത്യേകം പ്രവേശിപ്പിക്കപ്പെട്ട പണിക്കാരനായിരുന്നു ഞ്ഞൂന്. അയാൾക്കതിലുള്ള മിടുക്ക് തിരിച്ചറിഞ്ഞ് ഗൂഡല്ലൂരിൽ നിന്നോ മറ്റോ ഏതോ കൂപ്പിൽ നിന്ന് അപ്പച്ചൻ കൊണ്ട് വന്ന് പാർപ്പിച്ചതാണ്. അതോ ഒഴിഞ്ഞ വളവണ്ടിയിൽ വിത്തുപോലെ പെട്ടുപോയതോ ആണ്.
എവിടെയും മുളക്കാതെ കൊരണ്ടെങ്കിലും അപ്പച്ചന്റെ വയലിൽ അയാൾ കുരുത്തു. ബന്ധുത്വങ്ങളില്ലാത്ത ഞ്ഞൂനിന് കവുങ്ങുകൾ ആ താങ്ങായി. ഏറെക്കാലം ഒഴിച്ചിട്ട വയലിൽ കവുങ്ങുകൾ ഭ്രാന്തമായി വളർന്നു. ചതുപ്പ് നികത്താൻ ആഴ്ത്തിയിട്ട മരങ്ങളിൽ അതിന്റെ വേരുകൾ ചുറ്റി. കരയാക്കുക മാത്രമേ അപ്പച്ചൻ ഉദ്ദേശിച്ചുള്ളൂ. അതിന് ഇമ്മാതിരിവിളവുണ്ടാവുമെന്നോ, നല്ല കാശുണ്ടാക്കിതരുമെന്നോ കരുതിയില്ല. നല്ല പനപോലത്തെ കവുങ്ങെന്ന് അതിനെ അപ്പച്ചൻ വിശേഷിപ്പിച്ചു. കാപ്പിയിലോ കുരുമുളകിലോ പണിയെടുക്കുന്നവരിൽ നിന്ന് ഞ്ഞൂന് വ്യത്യസ്തനാവുകയും കവുങ്ങ് പാടത്തിൽ അയാൾ ഒരു ചായ്പ്പ് കെട്ടുകയും ചെയ്തു. പിന്നെ ചില്ലറ അടക്കാമോഷണങ്ങളും മറ്റും നടന്നുപ്പോൾ അത് നാല് കവുങ്ങുകളെ കൂട്ടിക്കെട്ടിയുള്ള ഒരു ഏറുമാടമായി പരിഷ്ക്കരിക്കപ്പെടുകയും ചെയ്തു. അന്ന് അപ്പച്ചൻ വേലികെട്ടിയത് ആനകൾക്ക് വേണ്ടി മാത്രമായിരുന്നില്ല എന്ന് ഞ്ഞൂനിന് മനസ്സിലായി. കുഴിച്ചിടുന്നവനാണ് വിളവിന് അവകാശി. അതിന്മേൽ കൂടുതൽ അയാൾക്കൊരു വിശ്വാസമോ ആദർശമോ ഇല്ല. കവുങ്ങെന്നോ, കൊള്ളിയെന്നോ, കിഴങ്ങെന്നോ ഇല്ലാതെ അയാൾ പണിക്കാർക്കൊപ്പം ഇരുന്ന് എല്ലാ നടീലിലും പങ്കാളിയാവും.
പിന്നെ അധികം വൈകാതെ തന്നെ അങ്ങനൊരു ചതുപ്പോ നിലമോ അവിടെയുണ്ടായിരുന്നെന്ന് ആർക്കും ഓർമ്മപോലുമില്ലാതായി. കറണ്ട് വേലികളാൽ അത് ബന്ധിക്കപ്പെടുകയും ചെയ്തു. വലയും കമ്പിയും കൊണ്ട് കെണികളുമൊരുക്കിയാണ് അത് പൂർത്തിയായത്. പന്നികളോ മാനോ മ്ലാവോ വന്ന് അതിൽ കുടുങ്ങിച്ചാവുമ്പോ തോട്ടമൊന്നാകെയിളകും. ഞ്ഞൂന് എഴുന്നേറ്റ് വന്ന് അതിനെ നോക്കിനിൽക്കും. അപ്പച്ചൻ രാവിലെ വന്ന് അതുറ്റുങ്ങളെ വലിച്ച് കുന്നിലേക്ക് കയറിപ്പോകും. ആനകൾക്ക് കറണ്ടേറ്റിരിക്കുമോയെന്നറിയില്ല. ആനകൾ ഇപ്പോൾ അതുവഴി കടക്കാറില്ല. മുരണ്ടും അലറിയും അവയുടെ കൂട്ടം അതിനപ്പുറം വരെ ചില ദിവസങ്ങളിൽ വന്ന് തിരിച്ചുപോയി. ചില ദിവസങ്ങളിൽ ശബ്ദമില്ലാതെ വന്ന് നില്ക്കും. ഞ്ഞൂന് അത് ചായ്പിൽ കിടന്നുകൊണ്ട് കേൾക്കും. ചലിക്കുന്ന സർവ്വതിന്റേയും ശബ്ദങ്ങൾ അയാൾക്കാ കിടപ്പിൽ പരിചയമുണ്ട്.

സ്ഥാനചലനം
അങ്ങനെയിരിക്കെയാണ് കുന്നിലപ്പാടെ വിളവ് കെട്ടത്, വിലയും. വെട്ടി പൂഴ്ത്തിവെച്ചതെല്ലാം പുറത്തേക്ക് പ്രവഹിച്ചു. വിലക്കയറ്റം കൊതിച്ചിരുന്ന രണ്ടോ മൂന്നോ വർഷത്തെ കാപ്പിതന്നെ അപ്പച്ചൻ എടുത്ത് വിറ്റു. അതൊരു പ്രതിഭാസമാണ്. വിലകേറുന്നതും ഇറങ്ങുന്നതും. വിളവ് മൂക്കുമ്പോ, വിലയിടിയും. അല്ലലുണ്ടാവുമ്പോ വില പിടിച്ചാക്കിട്ടില്ല. ദൗർഭാഗ്യവും ഭാഗ്യവുമായി മാത്രമേ അതിനെ കുന്നിലുള്ളവർ കണ്ടുപോന്നുള്ളൂ. അല്ലെങ്കിലും അതിനെ വെല്ലാനുള്ളത് അവർ വിളയിച്ചിട്ടില്ല. വിളവിനൊപ്പം വിലവന്നാൽ അവർ ആഹ്ളാദിക്കും, ഇല്ലെങ്കിൽ ദുഖിക്കും. അത്ര സ്വാഭാവികമാണ് ജീവിതം എന്നേ പലരും കരുതിയുള്ളൂ. അസ്വഭാവികത വലിയ വിളവും വലിയ കൊയ്ത്തുമുളളവർക്കായിരുന്നു.
ഒന്നും പ്രത്യേകിച്ച് അക്കാലത്തെ അതിജീവിച്ചില്ല. കവുങ്ങുകളിലപ്പാടെ മഞ്ഞപ്പ് കയറി. കവുങ്ങുകൾ കുന്നുകളിൽ നിന്ന് ആദ്യമിറങ്ങി. മഞ്ഞച്ചും കൊരണ്ടും ഇല്ലാതായി. കൂട്ടമായി മരിക്കുന്ന സർവ്വതിനോടും അവ ഐക്യപ്പെട്ടു. കൂമ്പൊതുങ്ങി, മണ്ടപോയ് കരവയലിലെ കവുങ്ങുകളെല്ലാം ആകാശത്തേക്ക് ഉന്തി നിന്നു. അപ്പച്ചൻ ഞ്ഞൂനിനോട് എല്ലാത്തിനും വെറുതെ ദേഷ്യപ്പെട്ടു.
വിളവ് വറ്റിയാൽ അപ്പച്ചൻ എല്ലാം വെട്ടിക്കളയും. തൈലപ്പുൽ വെട്ടിയാണ് റബ്ബറുവെച്ചത്, റബ്ബറുവെട്ടിയാണ് തേയിലവെച്ചത്, അതുവെട്ടിയാണ് കാപ്പിവെച്ചത്. ഏതായാലും കവുങ്ങുകളുടെ നാഗരികത ഒടുങ്ങി. ചെമ്പുറവക്കുന്നിലും അതിന്റെ വയലിലും അത് പൗരാണിക ബന്ധുത്വങ്ങളെ തിരഞ്ഞ് നാമാവശേഷമായി. അപ്പച്ചൻ വൈകാതെ ഞ്ഞൂനിനോട് പറഞ്ഞു.
“ഇനി കരയിറങ്ങിയ പാടത്ത് കവുങ്ങുകൾ വേണ്ട, വെട്ടിയേക്കണം. ഇതെന്നാ ദീനമെന്ന് ആർക്കറിയാം, മൊളകിലേക്കും മൊരടിലേക്കും പകരുമോയെന്ന് ആരറിഞ്ഞു…”
ഗൂഡല്ലൂരിൽ നിന്ന് പണിക്കാരെ കൊണ്ടുവന്നാണ് തോട്ടം നെരപ്പാക്കിയത്. വെട്ടിയ കവുങ്ങിൻ തടികൾ പാലത്തിനും, കൊടിമരത്തിനും, ഇടവഴിക്കും നടവഴിക്കും, വൈക്കോൽക്കൂനയ്ക്കും, കോഴിക്കൂടിനും, പാത്തിക്കും, കട്ടിളക്കും, കാവലിനും വരെ ആളുകൾ ദൂരെ നിന്ന് വന്ന് കൊണ്ടുപോയി. തലതല്ലി വീണ തലപ്പുകളുടേയും ചീഞ്ഞ അടക്കകളുടേയും ചളിയുടേയും മുറുക്കിതുപ്പലുകളുടേയും ഗന്ധം അവിടവിടെ ഒഴിഞ്ഞയിടങ്ങളിൽ തങ്ങിനിന്നു. ചതഞ്ഞ ചെമ്പരത്തിച്ചെടികളിൽ അവയുടെ ചുവപ്പും അരഞ്ഞ അടക്കയും പറ്റിയുണങ്ങി.

വേലിക്കരികിൽ വളർന്നുനിന്ന ഒന്നിൽ മഞ്ഞപ്പ് കയറിയിട്ടില്ല. കുലകുലയായി അതിൽ അടക്ക വിളഞ്ഞ് കിടക്കുന്നുണ്ട്. അത് വെട്ടാതെ വിടാൻ ഞ്ഞൂന് തീരുമാനിച്ചു. വെറ്റില മുറുക്കാൻ ശേഷിക്കട്ടെ ഒന്നെന്ന് അയാൾ കരുതി. പണിക്കാരും കവുങ്ങുതടികളും സ്ഥലമൊഴിഞ്ഞപ്പോൾ അപ്പച്ചൻ പറമ്പിലേക്ക് ഇറങ്ങിവന്നു. മൂടോടെ പറിച്ച സ്ഥലങ്ങളിൽ വേരുകൾ ചിതറിക്കിടക്കുന്നു. ആന കയറിയത് പോലെ പറമ്പ് ഇടിച്ചുപരന്നിരിക്കുന്നു. ഒന്നിനും പാകമാവാത്ത ചില തടികൾ മാത്രം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. നിലം കരയായിരിക്കുന്നു!
അപ്പോഴാണയാൾ വേലിയോട് ചേർന്ന് വളർന്ന് വിളഞ്ഞ ഒരേയൊരെണ്ണം വെട്ടാതെ വിട്ടത് കാണുന്നത്. ഇതെന്തെന്ന് അപ്പച്ചൻ ചോദിച്ചു.
“വെറ്റിലക്ക്, പണിക്കാർക്ക് പറമ്പേൽ അലയണ്ടല്ലോ. കാര്യമായ മഞ്ഞപ്പില്ല, അടിത്തണ്ടിനും ഉറപ്പുണ്ട്. നല്ല കായുമുണ്ട്.”
അപ്പച്ചന്റെ മുഖം മാറി. വിറക്കുന്ന ശബ്ദത്തോടെ അയാൾ പറഞ്ഞു.
“ഈ പറമ്പേൽ വേണ്ട.” മുൻപില്ലാത്ത മുഖത്തോടെ ആ ശബ്ദം മുഴങ്ങി.
അപ്പച്ചനും അത് വെട്ടണമെന്നില്ല. വിളവുള്ളത് വെട്ടാൻ അയാൾക്കും കൈപൊങ്ങില്ല. എന്നാൽ ഞ്ഞൂന് ആ തീരുമാനമെടുത്തത് അയാളെ വല്ലാതാക്കി. മറ്റൊന്നും പറയാതെ അയാൾ കുന്ന് കയറിപ്പോയി. പണിക്കാർ പോയിരുന്നു. ഇനിയത് വെട്ടിമാറ്റേണ്ടത് ഞ്ഞൂനാണ്. അയാൾക്ക് നല്ല കനം തോന്നി. ചവിട്ടിന് ഒരു ഉറപ്പില്ലാതായി തോന്നി. പുല്ലരിഞ്ഞ് പോവുന്ന പെണ്ണുങ്ങൾ ധൃതിയിൽ അയാൾക്ക് മുന്നിലൂടെ കടന്നുപോയി. പാളകൊണ്ട് മൂടിയ കുമ്പളങ്ങൾ പുല്ലുകെട്ടിന് മുകളിൽ പുറത്തേക്ക് ഉന്തിനിൽക്കുന്നത് അയാൾ കണ്ടു. ആദ്യമായി അതയാൾ വെറുതെവിട്ടു. കൊരണ്ട് നിൽക്കുന്ന ഒരു കവുങ്ങ് പോലെ തോട്ടത്തിൽ അയാൾ നിന്നു. രാത്രി കനക്കുന്നതിന് മുൻപ് തന്റെ തീരുമാനത്താൽ അൽപ്പനേരം കൂടി ജീവിച്ചുകൂട്ടിയ ഒറ്റക്കവുങ്ങിന്റെ ആ നിൽപിലേക്ക് ഞ്ഞൂന് നോക്കി. അതേ അർത്ഥത്തിലല്ലെങ്കിലും കവുങ്ങ് അയാളെയും നോക്കി. അപ്പച്ചനിലേക്ക് തീരുമാനം വിട്ടിരുന്നേൽ അത് പിന്നെയും ഒരുപക്ഷേ, നിലനിന്നേനെ. രാത്രി കനക്കും മുൻപ് അത് വെട്ടിക്കളയാൻ ഞ്ഞൂന് തീരുമാനിച്ചു.
പകുതിവരെ തളപ്പിട്ട് കവുങ്ങിലേക്ക് കയറി. ഈർന്ന് തുടപൊട്ടി താഴേക്കിറങ്ങി. അടിയിൽ കൈക്കോടാലി കൊണ്ട് വരവെച്ച് വെട്ടി. രണ്ടോ മൂന്നോ വെട്ടിന് തന്നെ അത് വീഴാൻ ഭാവിച്ചു. വേലിയിലേക്കും പുറത്തേക്കും പതിക്കാതെ വീഴാൻ അയാൾ സ്ഥലം ഗണിച്ചു, കയറ് വലിക്കാൻ നീണ്ട് നടന്നു. ലളിതമായി പെട്ടെന്ന് തീർത്ത് ഒന്ന് വിശാലമായി മുറുക്കിയേക്കാം എന്ന നിസ്സാരത എന്നാലയാളെ ആ നടത്തത്തിനും ആ തീരുമാനത്തിനും മുൻപേ തന്നെ ഉപേക്ഷിച്ചിരുന്നു.
കവുങ്ങ് പദ്ധതി അപ്പച്ചൻ അവസാനിപ്പിച്ചു, എന്നതിന്റെ അർത്ഥം ഞ്ഞൂനിനും പറമ്പിലിനി ഇടമില്ലാതായി എന്നാണ്. പത്തോ പതിമൂന്നോ കൊല്ലക്കാലം നിലം കരയാവുന്നത് മുന്നിലൂടെ കടന്നുപോയത് അയാൾക്ക് ഓർമ്മയുണ്ട്. പതും പതും ചതുപ്പായ നിലം ഇന്ന് മുറുക്കമുള്ള മണ്ണായി. കെട്ടുപൊട്ടിച്ചോടുന്ന കാലികൾ അബദ്ധത്തിൽ ആഴ്‌ന്നുപോയ കണ്ടമായിരുന്നു. അതേവിധം അതുങ്ങളവിടെ കിടപ്പുണ്ടാവും. മരങ്ങൾ വെട്ടിയാഴ്ത്തിയാണ് അത് ഒരു പരുവമെങ്കിലുമായത്. ഇപ്പോൾ പൂർണ്ണമായ ആ പ്രക്രിയ കുന്നിലെ തന്നെ ജീവനതാളത്തിന്റെ ചെറുചരിത്രമാണ്. നിലം കരയാവുമ്പോൾ ഒഴിയേണ്ടത് ഒഴിയണമായിരിക്കും. ഇനി ഇക്കാലത്ത് എവിടേക്ക് പോവണമെന്ന് അയാൾക്കറിയില്ല. അയാൾക്ക് കണ്ടുപിടിക്കാനാവുമായിരുന്ന അയാളുടെ ചരിത്രം ഭൂഫലകങ്ങളുടെ തെന്നിമാറ്റത്തിൽ അന്യമായി. ഒന്നും വീണ്ടെടുക്കാൻ ഞ്ഞൂന് ആഗ്രഹിച്ചതുമില്ല. കവുങ്ങുകളുടെ ബന്ധുത്വം മനുഷ്യരേക്കാൾ അയാൾക്ക് മധുരിച്ചു. പണിയെടുത്ത് വിളയിച്ച അടക്കയുടെ നീറ്റൽ കവിളിൽ പുരളുമ്പോൾ അയാൾ നിർവൃതിപൂണ്ടു. കവുങ്ങുകൾ ഞ്ഞൂനിനും മുൻപേ വന്ന പൂർവ്വികർ. അയാൾ ചിരിച്ചുകൊണ്ട് കൈകളിലേക്ക് നോക്കി. വരണ്ട പറമ്പ് പോലെ അത് കാണപ്പെട്ടു. അതിലേക്ക് തുപ്പി നനച്ച് പരസ്പരം ഉരച്ച് ശബ്ദമുണ്ടാക്കി കയർ പിടിക്കാനൊരുങ്ങി. ഇടത് തള്ളവിരലിൽ കത്തികൊണ്ട പാട് ഒരു ശവമാടം പോലെ മൂടിപ്പോയിരിക്കുന്നു. കപ്പക്കും കവുങ്ങിനും കൂടം വെട്ടുന്നത് പോലെ ഒരു മുറിവ് അടഞ്ഞതാണ്. അലഞ്ഞ തലമുറയുടെ പതാകയാണത്. മരത്തിലോ മണ്ണിലോ പാഴായ വെട്ടുകൾ ചെന്നുപതിച്ചാണ് അതുണ്ടാവുക. വെട്ടുമ്പോൾ ഇളകി അതിന്റെ പുറന്തോടിൽ, വെട്ടിയ മരം മൂടിയ മണ്ണിൽ വെള്ളം കിനിയുന്നത് പോലെ ഒരു നനവുണ്ടായി. ചുണ്ടിന്റെ വിടവിൽ നിന്ന് ഒരശ്രദ്ധയിൽ പുറത്തുചാടിയ അരഞ്ഞ് കൊഴുത്ത ചുവപ്പ് വെള്ളം തുടച്ചപ്പോൾ അതിന്റെ ചുവപ്പ് കനത്തു. അന്തിമാനം ഇപ്പോഴവിടെന്നെ പോലെ.

ചോപ്പ് ചീരയുടെ വിത്തുകൾ
ഇളകിവരാത്ത ഒരു കൊടിമരം പോലെ കവുങ്ങ് ആകാശത്ത് വീശിയാടി പുളഞ്ഞു. അതിന്റ വെട്ടേറ്റ പാട് മുരണ്ടു. നാട്ടുവെളിച്ചം പിടി വിടാതിരുന്ന കൊല്ലിയിലെ അന്തി വളർന്ന് ചോലകളെ മൂടി. അയാൾ കയറുവലിക്കാൻ തുടങ്ങിട്ടും സമയം നീണ്ടുപോയിരുന്നു. വായുവിൽ പുളയുകയല്ലാതെ അത് ആട്ടത്തിന്റെ താളത്തിൽ നിന്ന് പിടിവിടുന്നില്ല. പിന്നോട്ടാടുമ്പോൾ ഞ്ഞൂനും പിന്നിലേക്ക് ചായും. മുന്നോട്ടുന്തിവരുമ്പോൾ കാൽ വഴുതും. അയാൾക്ക് നിൽപ്പുറച്ചില്ല. ഞണ്ടുകളൊഴിഞ്ഞ പൊത്തുകളിലപ്പോൾ അയാൾ പെരുവിരലുകളാഴ്ത്തി പിടിച്ചുനിൽക്കാൻ ശ്രമിക്കും. അത് പിളർന്ന് പോവും. അപ്പോൾ അടുത്ത മാളത്തിലേക്ക് കാൽ നീട്ടും. കവുങ്ങും ഞ്ഞൂനും തമ്മിലുള്ള ഒരു പോരായി അത് രൂപാന്തരപ്പെട്ടു. അതുവഴിയേ, പതിവിൽ ചേക്കാറാനെത്തിയ വവ്വാലുകൾ തുറന്ന് കിടന്ന പാടം കണ്ട് ഗതിതിരിച്ചുവിട്ടു. കയറിൽ അയാളുടെ കയ്യുരുകി. തഴമ്പിന്റെ മേൽപ്പാളി തെന്നി നീങ്ങി. ചോപ്പ് ചീരയുടെ വിത്തുകൾ പോലെ അതിൽ നിന്ന് രക്തമുകുളങ്ങൾ പൊടിഞ്ഞ് നിന്നു.
ഇരുട്ടിൽ വെട്ടുകൾ ഏറ്റില്ലെന്ന് കരുതി ഞ്ഞൂന് കയറിൽ പിടിച്ച് കവുങ്ങിനടുത്തേക്ക് ചെന്നു. കൈകൾ കൊണ്ട് പരതി. വെട്ടിയ കീറിൽ നിന്ന് അത് പിടിവിടാതെ നിൽക്കുകയാണ്. അയാൾക്കൽഭുതമായി. മറിഞ്ഞുവീഴാൻ ലളിതമായൊരു അസാധ്യതപോലുമില്ലെങ്കിലും അത് ഇരുട്ടിൽ പിടിച്ചുനിൽക്കുന്നു.
രാത്രി അതിന്റെ ഉടുപ്പിലെ ഒടുവിലെ പകൽപ്പൊടികളും കുടഞ്ഞിട്ട് ഖരരൂപമായി മാറിയിരുന്നു. അത് ആകാശത്തേക്കും നിറഞ്ഞ് കവുങ്ങിൻ തലപ്പിനെ മായ്ക്കുകയോ മൂടുകയോ ചെയ്തു. പകലുന്തിവിട്ട ശബ്ദങ്ങൾക്ക് മീതെ പുതിയ ശബ്ദരൂപങ്ങൾ തലപൊക്കി തുടങ്ങുകയും കവുങ്ങുകളൊഴിഞ്ഞ അപരിചിതമായ ഒഴിവിലേക്ക് തിങ്ങി നീങ്ങുകയും ചെയ്തു. ഇരുട്ട് ഘനീഭവിച്ച ആകാശച്ചുവടെ രണ്ട് രൂപങ്ങളുടെ പോര് കണ്ട് ചുറ്റും പരന്ന് കൂടി. പിന്നെയവ കണ്ണുകളുന്തി രാതിയെ ഇളക്കിയാടുന്ന കവുങ്ങിനും ഞ്ഞൂനിനും നേരെ നോക്കിയിരിപ്പായി. ഒരു കൂട്ടിൽ വന്ന് പെട്ട രണ്ട് ക്ഷുദ്രഭിന്നമായ ജീവികളായി അവർക്ക് മുന്നിൽ ആ പോര് ശക്തിപ്പെട്ടു. അയാൾ ഇരുട്ടിൽ തണ്ട് കണക്കാക്കി കൈക്കോടാലി ആഞ്ഞ് വീശി. അതിൽ ചിലത് പാളി നിലത്തേക്ക് പതിഞ്ഞു, ചിലത് എവിടെയും തട്ടാതെ അയാളുടെ ശരീരത്തിന് നേരെ തന്നെ ചീറിവന്ന് തിരിച്ചുപോയി. അയാൾ ഊക്ക് മൂത്ത് മൂത്ത് വായുവിൽ നിന്നോ നിലത്ത് നിന്നോ അത് വലിച്ചെടുത്ത് വലിച്ചെടുത്ത് വീണ്ടും വീണ്ടും വെട്ടി.
വിയർപ്പിന്റേയും കൈതപ്പൂക്കളുടേയും മണം
അപ്പച്ചന് ഞ്ഞൂനിനോട് സംശയമായി. പാടത്തെ ചായ്പ്പിൽ അയാൾ അവകാശമുന്നയിക്കുമോ എന്നയാൾ ആശങ്കപ്പെട്ടു. പറമ്പ് പറമ്പാണ്. കാർന്നോമ്മാരായി കണ്ണീരും ചോരയും വാറ്റിയുണ്ടാക്കിയതാണ്. അതിൽ കാലവും കണക്കും നോക്കി വിളവുണ്ടാക്കിയതാണ്. ചിലത് തെറ്റി, ചിലത് വിളഞ്ഞു. തിന്നാലും കളഞ്ഞാലും തീരുമാനം ഒന്നേയുള്ളൂ. അത് അപ്പച്ചനുള്ളതാണ്. കാർന്നോമ്മാർക്കുമുള്ളതാണ്. ഇക്കാലത്തിനിടെ അതിന് തടസ്സമുണ്ടായിട്ടില്ല. കവുങ്ങ് പാടത്ത് അത് നഷ്ടമായി. കാപ്പിയിലേയും കുരുമുളകിലേയും പണിക്കാർ അയാളോട് ഐക്യപ്പെടുമോ. ഇല്ല, ഞ്ഞൂനിനോട് അപ്പച്ചൻ കാണിച്ച അകൽച്ച സംശയത്തിന്റെ ആഹ്വാനമാണ്. അകമ്പണിയിലും പുറമ്പണിയിലും ഏർപ്പെട്ട സർവ്വർക്ക് മീതെയും അത് പതിച്ചിരിക്കണം. സംശയത്തിന് അതീതരാവാനേ അവർ ശ്രമിക്കൂ. കവുങ്ങ് പാടത്ത് കാപ്പിയോ, റബ്ബർ തന്നെയോ കുത്തിയേക്കരുതോ എന്ന് അവർ വിനീതപ്പെടുകയേയുള്ളൂ. പുതിയ വിളവെക്കുമ്പോൾ പഴയത് മാന്തിവാരണം. അതിൽ വേരുകൾ പോലും ശേഷിക്കരുതെന്ന് തലമുറകളാൽ അയാൾ ഉപദേശിക്കപ്പെട്ടിരുന്നു. പൂർവ്വനാമ്പുകൾ കളയായോ വളമായോ കരുതാനാവില്ല എന്നും അയാൾ കരുതി.

ശബ്ദനിലകൾ
ഞ്ഞൂന് കവുങ്ങിന് ചുവട്ടിലിരുന്നു. അതിനേക്കാൾ താൻ ദുർബലനായെന്ന ആലോചനയിൽ അയാൾ കണ്ടു, വയലിലേക്കൂർന്ന മണ്ണ്. മുറിഞ്ഞും മുറിപ്പെട്ടും പുറപ്പെട്ട് പോയ ചതുപ്പ്. താനും മുറിപ്പെട്ട് പോവുകയാണ്. ഇനിയൊരു ചായ്പോ ചുവരോ ഈ ലോകത്ത് അയാൾക്കില്ല. പ്രതികാരത്തിനോ, പ്രതിഷേധത്തിനോ അയാൾക്ക് കൂട്ടരില്ല. തവളകളുടേയും ചീവീടുകളുടേയും മുഴക്കം കൂടിവന്നു. കമ്പിവേലിയിലൂടെ കറണ്ട് കടന്നുപോവുന്നതിന്റെ ശബ്ദം അയാൾ കേട്ടു. പെട്ടെന്ന് കുന്നിൽ നിന്നിറങ്ങിവന്ന കാറ്റ് വയലിൽ ചുറ്റിയടിച്ച് കുന്നിലേക്ക് തന്നെ കയറിപ്പോയി. കുളക്കരയിലെ കാട്ടുകൈതകളിലെ പൂവുകളിൽ പിന്നിലായിപ്പോയ അതിന്റെ കുട്ടികൾ പിന്നാലെ പാഞ്ഞു. അതിന്റെ മണം ഞ്ഞൂനിനുമേൽ അവർ ഉപേക്ഷിച്ചു. അയാളുടെ ഉപ്പുരസമുള്ള ചുമലുകളിലേക്ക് അത് പതിയെ പാറിയിരുന്നു. ചളിയുടേയും വിയർപ്പിന്റേയും കൈതപ്പൂക്കളുടേയും മണം അയാളെ മൂടി. അയാൾ മുകളിലേക്ക് നോക്കി എന്തൊക്കെയോ അലറി. അലർച്ചകളുടേയും മുരൾച്ചകളുടേയുമിടയിൽ ആ ശബ്ദം പുതുതായും ഉയർന്നും നിന്നു. പെടുന്നനെ മററുള്ളവ എന്തോ തിരിച്ചറിഞ്ഞെന്ന വിധം തളർന്നു. അതുവരെയുയർന്ന ശബ്ദ നിലകളിൽ പുതിയൊരോളം വെട്ടി, പതിഞ്ഞുയർന്ന് മെല്ലെയൊഴുകി.
കിഴങ്ങുവള്ളികൾ, പഴുതാരകൾ
കാറ്റതിന്റെ കൊടും കുടുംബമടക്കം കുന്നിൽ നിന്ന് തിരിച്ചുവരികയായിരുന്നു. തുറന്ന നിലത്ത് നിന്ന് അത് ഗതികെട്ട് പുറത്തുകടക്കാൻ ആഞ്ഞുശ്രമിക്കവേ, മലർന്ന് കിടന്ന് ഞ്ഞൂന് ഒഴിഞ്ഞ കവുങ്ങുകൾ തുറന്ന ആകാശത്തേക്ക് നോക്കി. അതിലേക്ക് ഒറ്റക്കുന്തി നിൽക്കുന്ന കവുങ്ങ് ഒരു തിറത്തെയ്യം പോലെ ഇരുവശത്തേക്കും ഒച്ചയിട്ട് ആടിക്കൊണ്ടിരിക്കുന്നു. ഇടക്കിടെ മിന്നൽ വെളിച്ചത്തിൽ അതിന്റയാട്ടം കൂടി വരുന്നത് അയാൾ കണ്ടു. ഒരു ഭീകര ജീവി കണക്കേ അവയുടെ തലപ്പുകൾ മുഖത്ത് വന്ന് മുട്ടുന്നതായി അയാൾക്ക് തോന്നി. ചീവീടുകളും തവളകളും പൊടിപൊടിയായ ജീവികളൊക്കെയും കവുങ്ങ് പാടത്തെ വിറപ്പിച്ച് ചുറ്റുനിന്നും ഒച്ചയിട്ടുകൊണ്ടിരുന്നു. കുന്നുകൾ നടന്നുവന്ന ആനകൾ വേലിക്കരികിൽ മുൻ കാലുകളാട്ടി ചെവികളാട്ടി നിൽക്കുന്നത് അയാൾ കേൾക്കുന്നുണ്ടായിരുന്നു. വള്ളിയൂർക്കാവിൽ തിറകഴിഞ്ഞ് നടന്ന് വന്നവരിൽ നടവഴിതെറ്റി വേലിയിൽത്തട്ടി വയലിലേക്ക് മറിഞ്ഞവർ, ആഴങ്ങളിൽ നിന്നുയർന്ന് വന്ന് കിഴങ്ങുവള്ളികൾക്കും പഴുതാരകൾക്കുമൊപ്പം ഞ്ഞൂനിനെ നോക്കി. ദൂരദേശങ്ങളിലേക്ക് മാറിപ്പാർത്ത പെരുച്ചാഴികൾ, ഞണ്ടുകൾ, ചേരകൾ അവയുടെ പൂർവ്വദേശങ്ങളിലേക്ക് മാളങ്ങൾ തുരക്കാൻ തുടങ്ങി. വറ്റിയ ചെമ്പുറവകളിൽ നിന്ന് പരൽ ലോകം ഞെട്ടിയുണർന്ന് ഒഴുകിയ വഴിയെ പുതഞ്ഞ് നീന്തി. ഞ്ഞൂന് ദുർബലനായി കിടന്നു. ഒരു മിന്നലിന്റേയും ശബ്ദങ്ങളുടേയുമിടയിൽ കവുങ്ങ് രണ്ടായി പൊട്ടിയടർന്ന് ഞ്ഞൂനിലേക്കും വേലിയിലേക്കുമായി പൊടുന്നനെ പതിച്ചു. വേലിയിൽ തട്ടി കവുങ്ങിൻ തലപ്പ് പൂത്തിരിപോലെ കത്തിയടങ്ങി.

കറണ്ടുകമ്പികൾ പൊട്ടിപ്പുളഞ്ഞ് തെറിച്ചു. പെരുമഴപ്പൊട്ടിച്ച വരമ്പിൽ നിന്ന് വെള്ളമെന്ന പോലെ പുറത്ത് തടുത്ത് നിർത്തിയ ജീവസമൂഹങ്ങൾ കവുങ്ങ് പാടത്തേക്ക് ആരവത്തോടെ കുതിച്ചു. പതും പതും ശബ്ദത്തോടെ കനത്ത കാലടികൾ ചതുപ്പിനെ കുലുക്കി അയാളെ കടന്നുപൊയ്ക്കൊണ്ടിരുന്നു. അടയുന്ന കണ്ണുകൾ ഞ്ഞൂന് ആഴത്തിൽ തുറക്കാൻ നോക്കി. ചെളിമണ്ണിന്റെ കനം അതിനെ താഴ്ത്തി. കാലികളുടെ വാരിയെല്ലുകൾക്കും മരങ്ങളുടെ ശിഖരങ്ങൾക്കുമിടയിലൂടെ അയാൾ ആഴ്ന്നു. അഴുകിയ മരങ്ങളുടേയും മൃഗങ്ങളുടേയും മനുഷ്യരുടേയും ചതുപ്പ് കവുങ്ങൊഴിഞ്ഞ് തുറന്ന ആകാശം പോലെ അഗാധമായി താഴേക്ക് നീണ്ടുനീണ്ടുകിടന്നു.

