നൂർ ചാച്ച, ഇവിടെ ഭാഗൽപൂരിൽ കാണാൻ എന്തെങ്കിലും?
അയ്യോ, ഞങ്ങൾക്ക് ഗംഗയുണ്ടല്ലോ, തടം തല്ലി ഒഴുകുന്ന ഗംഗ. വരൂ, നമുക്കവിടെ പോകാം.
ഹാ, നിങ്ങളുടെ പേരുപോലെ, പെട്ടെന്നൊരു പ്രകാശം പരന്നല്ലോ.
ഫട്ഫടിൽ കയറിപ്പോകാമല്ലേ? ഞാൻ ചോദിച്ചു.
ഏയ്, ഫട്ഫട് ഇല്ല. എല്ലാം അപ്രത്യക്ഷമായില്ലേ? അതൊക്കെ പണ്ട്. ഇപ്പോൾ എല്ലാം ബാറ്ററി വണ്ടികളാണ്. അവക്കൊന്നും ഫട് ഫട് ശബ്ദമില്ല. അതുകൊണ്ട് എല്ലാത്തിനേയും ഇ-റിക്ഷ എന്നാണ് വിളിക്കുന്നത്- ചാച്ച എന്നെ തിരുത്തി.
പണ്ട് ഞാൻ ഇവിടെ വന്നിട്ടുണ്ട്. അന്ന് നിറയെ ഫട്ട് ഫട്ടുകളായിരുന്നു.

കാലം മാറുകയല്ലേ, ലോകവും? ചാച്ച എന്നെ വീണ്ടും തിരുത്തി. പലതും ഓർമ്മിപ്പിച്ചു.

ഒരു റിക്ഷക്കാരനോട് പേശി, വിക്രമ ശില എന്നു പറഞ്ഞ് ചാച്ച എന്നോട് റിക്ഷയിൽ കയറാൻ പറഞ്ഞു.

നൂർ ചാച്ചക്ക് തലയിൽ തൊപ്പിയുണ്ട്. നീണ്ട നരച്ച താടിയുണ്ട്. നിസ്ക്കാരത്തഴമ്പ് തീർച്ചയായുമുണ്ട്.
റിക്ഷയിൽ പോകുമ്പോൾ ഭഗൽപൂരിലെ പ്രസിദ്ധമായ മാമ്പഴത്തെക്കുറിച്ച് ചാച്ച പറഞ്ഞു.
കേസർ മാങ്ങ വിഖ്യാതമല്ലേ, ഞാൻ പ്രതികരിച്ചു.
ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും, ചാച്ചയിൽ അൽപം ആവേശം പ്രകടമായി.

ഗംഗാജലത്തിന്റെ നനവിലുണ്ടാകുന്നതല്ലേ? ഗംഗാജലത്തിന്റെ യഥാർഥ ആത്മീയത അതാണ്. എത്രയോ പേർക്ക് ഭക്ഷ്യധാന്യങ്ങളൊരുക്കുന്ന പുഴയൊഴുക്കാണ് ഗംഗ. ഗംഗാജലം വിശുദ്ധമാകുന്നത് ഇക്കാരണം കൊണ്ടാണെന്നാണ് ഞാൻ കരുതുന്നത്. ചാച്ച ഒരു തർക്കത്തിന് കളമൊരുക്കുകയാണോ?
ഞാൻ നിശ്ശബ്ദനായി.

2525 കിലോമീറ്റർ നീളത്തിൽ ഒരു നദി. എത്ര സ്ഥലങ്ങളിൽ ആ വെള്ളം നെല്ലും ഗോതമ്പും റാഗിയും തിനയും മാങ്ങയും പിന്നെയുമെന്തെല്ലാം ഉൽപ്പാദിപ്പിക്കാൻ ഗംഗ നിമിത്തമാകുന്നു. അതു കൊണ്ട്, ആ കാരണം കൊണ്ടുതന്നെ ആ പുഴയെ നമസ്ക്കരിക്കണം. അതിന്റെ പേരിലാണ് ഗംഗ വിശുദ്ധമാക്കപ്പെട്ടിരിക്കുന്നത്- ചാച്ച പറഞ്ഞു.

എന്റെ മൗനം കൂടുതൽ നീണ്ടു.
ഗംഗയിൽ വെള്ളപ്പൊക്കമുണ്ടാകും. പിന്നെ പുഴ ഇറങ്ങും. അപ്പോൾ അടിയുന്ന ചളിയിൽ ഞങ്ങൾ ഭാഗൽപ്പൂരുകാര് ഒന്നിച്ച് കൃഷിയിറക്കും. വലിയ വിളവും കിട്ടും. അങ്ങനെ ഒരു കാലമുണ്ടായിരുന്നു- ചാച്ച നെടുവീർപ്പോടെ പറഞ്ഞു.

റിക്ഷ വിക്രമശില പാലത്തിന് മുകളിലെത്തി. ഗംഗക്ക് മുകളിൽ അഞ്ച് കിലോമീറ്റർ നീളത്തിലാണ് പാലം. 2001-ൽ നിർമിച്ചത്. ശരിക്കുള്ള വിക്രം ശില ഭഗൽപ്പൂരിൽ നിന്ന് 38 കിലോമീറ്റർ അകലെയാണ്. തക്ഷശിലക്കും മുമ്പുണ്ടായിരുന്ന, ഇന്ത്യയിലെ ആദ്യ സർവ്വകലാശാല. ബുദ്ധവിഹാരത്തോടു ചേർന്ന്. ഇപ്പോഴത് ഒരവശിഷ്ട നഗരമാണ്. അതിനെക്കുറിച്ച് വായിച്ചറിവേയുള്ളൂ. കണ്ടിട്ടില്ല. ഭാഗൽപ്പൂര് സ്വദേശിയായിട്ടും നൂർ ചാച്ചയും ആ സ്ഥലം ഇതു വരേയും സന്ദർശിച്ചിട്ടില്ല.
ഓ, അവിടെ കുറെ കല്ലും മുട്ടിയും കരിങ്കൽത്തൂണുകളും മാത്രമേയുള്ളൂ. റോഡും ശരിയല്ല. അതിനാൽ ഞാൻ ഇതു വരെ പോയിട്ടില്ല. കല്ലും മുട്ടിയും എന്ന പ്രയോഗം കേട്ട് ഞാൻ ചിരിച്ചു, ഉള്ളിൽ പൊട്ടിപൊട്ടിച്ചിരിച്ചു.
റിക്ഷ പാലത്തിലെ നടപ്പാതയോട് ചേർത്തുനിർത്തി. ഞങ്ങൾ ഇറങ്ങി. പാലത്തിന്റെ മുകളിൽ നിന്നാൽ വിസ്താരത്തിലൊഴുകുന്ന ഗംഗ കാണാം. താഴെ സ്നാനഘട്ടമുണ്ട്. നിരവധി പേർ കുളിക്കുന്നു, ഗംഗയിൽ മുങ്ങിപ്പൊങ്ങി പ്രാർഥിക്കുന്നു. ചിലർ കുപ്പിയിൽ ഗംഗാജലം ശേഖരിച്ചു കൊണ്ടു പോകുന്നുമുണ്ട്. കട്ടിക്കണ്ണടയുള്ളതുകൊണ്ട് പാലത്തിനു മുകളിൽ നിന്നുതന്നെ ഇതെല്ലാം കാണാൻ പറ്റുന്നുണ്ടായിരുന്നു.

കുളിക്കുന്നവരെ ചൂണ്ടി ചാച്ച പറഞ്ഞു: അസ്നാൻ: സ്നാനം എന്നു തന്നെയർഥം.


ആ കണ്ടില്ലേ, അതാണ് ഗംഗാ ഡോൾഫിൻ. ചെറിയ ഡോൾഫിൻ കൂട്ടത്തെ കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എനിക്കത് വ്യക്തമായി കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ഗംഗയിൽ മാത്രമേ ഈ ഡോൾഫിനെ കാണാൻ പറ്റൂ. കടലിൽ കാണുന്നത് വേറൊരു തരമാണ്. ഇതു പോലെയുള്ളതല്ല- ചാച്ച ഒരധ്യാപകനെപ്പോലെ വിശദീകരിച്ചു.
പെട്ടെന്ന് ചാച്ച താഴെക്ക് വിരൽചൂണ്ടി പറഞ്ഞു: കാണുന്നില്ലേ, മസാർ, ദർഗ ശരീഫ്, അതിന്റെ മിനാരങ്ങൾ? ഗംഗയുടെ സ്നാനഘട്ടത്തോട് വളരെ ചേർന്നുനിൽക്കുന്ന ദർഗ ചാച്ച ശ്രദ്ധ ക്ഷണിക്കുംവരെ എന്റെ കട്ടിക്കണ്ണടയിൽ പതിഞ്ഞിരുന്നതേയില്ല.
മഖ്തൂം ഷാ മുഹമ്മദിന്റെ പേരിൽ 1615-ൽ പണിത ദർഗയാണത് (മസാർ). ബരാരി എന്നാണ് ആസ്ഥലത്തിന്റെ പേര്. മഖ്തൂം ഷാക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗമായിരുന്നു ബരാരി.
ഗംഗയുടെ തീരത്ത്, സ്നാനഘട്ടത്തോടുചേർന്ന് ഒരു മസാർ. അതെന്നെ വലിയ തോതിലൊന്നും അൽഭുതപ്പെടുത്തിയില്ല. പക്ഷെ, തീർച്ചയായും കൗതുകപ്പെടുത്തി. ഇതുപോലെ ആരാധനാലയങ്ങൾ ചേർന്നു നിൽക്കുന്ന എത്രയോ സ്ഥലങ്ങൾ ഈ മഹാരാജ്യത്ത് പല യാത്രകൾക്കിടയിലും ഞാൻ കണ്ടിട്ടുണ്ട്.

ഭാഗൽപ്പൂരിൽ 1989-ൽ ആയിരത്തോളം പേർ കൊല്ലപ്പെട്ട വർഗീയ കലാപ സമയത്ത് മസാറിനു നേരെയോ സ്നാനഘട്ടത്തിലെ പ്രാർഥനാ പീഠങ്ങൾക്കു നേരെയോ ആക്രമണങ്ങൾ ഉണ്ടായോ? ഞാൻ ചാച്ചയോട് ചോദിച്ചു.

ഭാഗൽപൂരിന് ചുറ്റുമുള്ള 250 ഗ്രാമങ്ങളിൽ രണ്ട് മാസത്തോളമായിരുന്നല്ലോ വർഗീയ കലാപമുണ്ടായത്. അല്ലേ? കുപ്രസിദ്ധമായ ഭഗൽപ്പൂർ കണ്ണുകുത്തിപ്പൊട്ടിക്കൽ സംഭവസമയത്ത് അതിലെ ഇരകൾ ഇവിടെ വന്ന് പിന്നീട് പ്രാർഥിച്ചതായും കേട്ടിട്ടുണ്ട്. ശരിയല്ലേ ചാച്ച?

നമ്മൾ എന്തിന് തീർത്തും മോശമായ കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ സംസാരിക്കണം. ഉള്ള പ്രസന്നത കളഞ്ഞിട്ട് എന്തുകിട്ടാൻ? ചാച്ച ഞാൻ പറഞ്ഞ കാര്യത്തിൽ സംസാരിക്കാൻ തീർത്തും വിമുഖനായി.

അതിരിക്കട്ടെ, പാലത്തിന് മുകളിൽ ഇങ്ങിനെ നിന്നിട്ട് എന്തു കാര്യം. നമുക്ക് സ്നാനഘട്ടത്തിലേക്ക് പോകാം. മസാറിൽ ഒന്നു കയറാം. ദർഗയിൽ മയിൽപ്പീലിവിശറി കൊണ്ടുള്ള തഴുകലുണ്ടോ? മയിൽപ്പീലി വിശറികൾ വനം- വന്യജീവി സംരക്ഷണത്തിൽ പെടുത്തി ഉടനെ നിരോധിച്ചേക്കും,
ഞാൻ പറഞ്ഞു.
മറ്റു ചിലയിടങ്ങളിലെ പുലിപ്പല്ലും നിരോധിക്കും അല്ലേ? ചാച്ച തിരിച്ചടിച്ചു.

ഞങ്ങൾ സ്നാനഘട്ടത്തിലേക്ക് ഒതുക്കുകൾ ഇറങ്ങാൻ തുടങ്ങി.

ചാച്ച തൊപ്പി അഴിച്ച് പാന്റ് പോക്കറ്റിൽ നിക്ഷേപിച്ചു.
തൂവാല കൊണ്ട് താടി ഒട്ടും കാണാത്ത വിധത്തിൽ മൂക്ക് വരെ കെട്ടി.
നിസ്ക്കാരത്തഴമ്പിലേക്ക് മുടി നീട്ടിയിട്ടു.

ഭയമുണ്ടല്ലേ? ഞാൻ ചാച്ചയോട് ചോദിച്ചു.

നിങ്ങൾക്ക് ഭയമില്ലേ? ചാച്ച എന്നോട് തിരിച്ചു ചോദിച്ചു.


വി. മുസഫർ അഹമ്മദ്​

കവി, വിവർത്തകൻ, യാത്രികൻ, ‘കേരളീയം’ മാസികയുടെ എഡിറ്റർ. ​​​​​​​മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മരിച്ചവരുടെ നോട്ടുപുസ്​തകം, കുടിയേറ്റക്കാരന്റെ വീട്​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments