ചിത്രീകരണം: രാജേഷ് ചിറപ്പാട്

ചെണ്ടയുടെയും ചിലമ്പിന്റെയും ഒച്ചയില്ലാതെ, തോറ്റംപാട്ടിന്റെ അകമ്പടിയില്ലാതെ, കോട്ടത്തിന്റെ പടികള് കേറുമ്പോൾ പണിക്കരുടെ കണ്ണ് നിറഞ്ഞു.

തോളിലിട്ട തോർത്തെടുത്ത് മുഖത്തെയും കഴുത്തിലെയും വിയർപ്പാറ്റി ആളൊഴിഞ്ഞ അണിയറപ്പുരയുടെ പടിയിൽ ചെന്നിരുന്നു.

അണിയറപ്പുരയുടെ ചുമരിൽ ചോന്ന ഛായം കൊണ്ട് വരച്ച നീലിയോട് ഭഗവതിയുടെ പടം കണ്ടപ്പോൾ പണിക്കർക്ക് അച്ഛമ്മയെ ഓർമ വന്നു. തോടും കാടും കടന്ന് പേറെടുക്കാൻ പോയിരുന്ന വയറ്റാട്ടിയായിരുന്നു അച്ഛമ്മ. പണിക്കരുടെ ഏഴാം വയസ്സിലാണ് അച്ഛമ്മ മരിക്കുന്നത്. പത്ത് മക്കളെ പെറ്റ ആ വയറ്റാട്ടി ഏറ്റവും അവസാനം പെറ്റത് പണിക്കരുടെ അപ്പനെയാണ്. നീലിയോട് ഭഗവതിയെ ഊണിലും ഉറക്കത്തിലും പ്രാർത്ഥിച്ചിരുന്ന സാധുസ്ത്രീ.

‘പണിക്കരെ ഇങ്ങോട്ട് കണ്ടതേയില്ലല്ലോന്ന് ഞാൻ നാരാണനോട് പറഞ്ഞതേയുള്ളൂ', കോട്ടത്തിന്റെ മുറ്റത്തെ പുല്ല് മെഷീൻ വച്ച് ചെത്തിക്കൊണ്ടിരുന്ന രാഘവൻ, പണിക്കരെ കണ്ട് അടുത്തേക്ക് വന്നു.

‘പണിക്കര്‌ടെ ശ്വാസം മുട്ടല് എങ്ങനിണ്ട്?'

‘കുറവ്ണ്ട്...' പണിക്കര് പറഞ്ഞു.

‘ഒരു പ്രായം കയിഞ്ഞാ ഈ ശ്വാസംമുട്ടലൊക്കെ എല്ലാരിക്കും വരും പണിക്കരേ. എനക്കും തൊടങ്ങി. ഈ മെഷീൻ കൊണ്ട്ള്ള പണി തൊടങ്ങിയേ പിന്നെ പൊടി പാറല് കൂടുതലാ. തെയ്യത്തിന് എനി രണ്ട് മൂന്ന് ദിവസല്ലേ ബാക്കീല്ലൂ. അതിന് മുന്നേ മിറ്റോം വളപ്പുമൊക്കെ വൃത്തിയാക്കണം...ആ, അത് പറഞ്ഞപ്പഴാ ഓർത്തെ, തീച്ചാമുണ്ഡി കെട്ട്ന്നത് പണിക്കര്‌ടെ കുടുംബത്തിലെ ചെക്കനാന്നല്ലേ...?'

‘അതേ...', പണിക്കർ പറഞ്ഞു.

പണിക്കർക്ക് എന്തോ വിഷമം തട്ടിയിട്ടുണ്ടെന്ന് രാഘവന് തോന്നി. അണിയറപ്പുരേടെ ചേതിയില് വച്ച മെഷീനും എടുത്ത് അയാൾ കോട്ടത്തിന്റെ പിന്നിലേക്ക് നടന്നു.

മുറ്റത്തെ ഒരു മൂലക്ക് മേലേരിക്ക് കൂട്ടാനുള്ള സ്ഥലം വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. ആ മുറ്റത്ത് ആണ്ടുകൾക്കുമുൻപ് 16-ാം വയസ്സില് താൻ ആദ്യമായി ചിലമ്പ് കെട്ടി, ചാമുണ്ഡിയെ കെട്ടിയാടിയത് പണിക്കരോർത്തു. അന്ന് അപ്പാപ്പനുണ്ടായിരുന്നു. അപ്പന്റേം അപ്പാപ്പന്റേം കൂടെ കണ്ണൂരേം കാസർക്കോട്ടിലെയും കോട്ടങ്ങളിൽ തുലാം പത്ത് മുതൽക്ക് പോകാറുണ്ടെങ്കിലും ചെണ്ട കൊട്ടാനും, തെയ്യത്തിന്റെ പിറകില് ഭസ്മക്കൊട്ട പിടിച്ച് നിൽക്കുന്നതുമല്ലാതെ അന്ന് ചുവടുകളും തോറ്റവും ശ്രദ്ധയോടെ പഠിച്ചിരുന്നില്ല.

നീലിയോട് കോട്ടത്തിൽ ഇക്കൊല്ലം രാമൻ ചാമുണ്ഡി കെട്ടട്ടെ എന്ന് അപ്പാപ്പൻ പറഞ്ഞപ്പോൾ വല്ലാത്തൊരു പേടി തോന്നി. അപ്പനും അപ്പാപ്പനും കെട്ടിയാടുന്ന തെയ്യമാണ്. സ്വന്തം നാടാണ്, തങ്ങളുടെ തട്ടകമാണ്. അപ്പന്റേം അപ്പാപ്പന്റേം കൂടെയിരുന്ന് തോറ്റം പാട്ടും ചുവടുകളുമൊക്കെ പഠിച്ചെടുത്തു. പരദേവതകളുടെ കോട്ടങ്ങളിൽ പോയി അനുഗ്രഹം വാങ്ങി, പെരുംമലയന്മാരുടെ അനുഗ്രഹം വാങ്ങി, കാർന്നോന്മാരുടെ അനുഗ്രഹം വാങ്ങി. ചതിവും പിഴയും വരാതിരിക്കാൻ കഠിനമായ വ്രതം നോറ്റു. തെയ്യം കെട്ടാൻ വീട്ടിൽനിന്നിറങ്ങി മുറ്റം കടന്നപ്പോൾ ഒന്ന് തിരിഞ്ഞുനോക്കി. അമ്മ ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ചു. കണ്ണ് നിറഞ്ഞു. കണ്ണ് തുടച്ചുകൊണ്ട് നടന്നു.അണിയലങ്ങളും ചമയങ്ങളും ഭാണ്ഡങ്ങളിൽ തൂക്കി അപ്പനും അപ്പാപ്പനും പിറകേ നടന്നു.

രാത്രിയിൽ മുഖത്തെഴുതി, തലപ്പാളിയണിഞ്ഞു, കുരുത്തോല കൊണ്ടുള്ള ഒട കെട്ടി ചാമുണ്ഡിത്തോറ്റം അണിയറയിൽ നിന്ന്​ കോട്ടത്തേക്ക് നടന്നു. കുത്തുവിളക്കുമായി അപ്പാപ്പൻ മുൻപിൽ നടന്നു. അന്തിത്തിരിയന്റെ കയ്യിൽ നിന്ന് മഞ്ഞൾക്കുറിയും, ഉണക്കലരിയും, ചന്ദനവും തിരിയും ഇട്ട കൊടിയില വാങ്ങി. ഉണക്കലരിയിൽ നിന്ന് നാലുമണി വായിലിട്ടു. തിരി തൊട്ട് തൊഴുതു. ചന്ദനം കയ്യിലും മാറത്തും പുരട്ടി. അപ്പനേം അപ്പാപ്പനേം വണങ്ങി, ആചാരക്കാരെയും മൂത്ത നായരേയും വണങ്ങി. ചെണ്ട കൊട്ടി, തോറ്റം ചൊല്ലി തുടങ്ങി.

‘ഭക്തിക്കായ് കൊണ്ടു സേവിപ്പളവിലതു സഹിക്കാത്ത മൂഢൻ പിതാവും ഹസ്‌തേ വാളും ധരിച്ചൊന്നലറീ ദിതിസുതനെ കൊലുവാനോങ്ങുമെന്നാൽ പ്രത്യക്ഷം കാണുമാറായ് വിലസിന നൃഹരെ നിത്യവും കൈതൊഴുന്നേൻ....'

ഉച്ചാരണശുദ്ധിയോടെ, തെറ്റാത്ത വാദ്യത്തോടെ തോറ്റം ചൊല്ലി. തോറ്റത്തിൽ ദേവൻ ഉണർന്നു. സാന്നിദ്ധ്യം അറിഞ്ഞു.

പിറ്റേന്ന് പുലർച്ചെ, അണിയറയിൽ ചാമുണ്ഡി ഒരുക്കം തുടങ്ങി. കോഴിപുഷ്പമെന്ന് പേരുള്ള മുഖത്തെഴുത്ത് എഴുതി. സർപ്പമുടി വച്ചു. വാഴപ്പോളയിൽ കുരുത്തോല തുന്നിയ ഒട കെട്ടി. മെലിഞ്ഞ കാൽവണ്ണയിൽ ചെക്കിപൂക്കളുടെ പാടകം കെട്ടി. ഓട്ടുമണികൾ വിതറിയ ചിലമ്പ് കെട്ടി. ഇരുകൈകളും മൂടുന്ന കൈക്കൂട് കെട്ടി. തണ്ടവളയും കൈവളയും ചെക്കിപൂത്തണ്ടയും ഇട്ടു. തലമല്ലികയും ഒടിച്ചുകുത്തിയും തലച്ചമയങ്ങളിലണിഞ്ഞു. കഴുത്തിൽ കൊരലാരം കെട്ടി. വലംകയ്യിൽ തളിരോല ഈർക്കിലിൽ തുന്നിയുണ്ടാക്കിയ ചമയവും ഇടം കയ്യിൽ വെള്ളിനഖങ്ങളും കെട്ടി. ഹിരണ്യകശിപുവിന്റെ ഉദരം പിളർക്കാനുള്ള വ്യഗ്രതയോടെ ചാമുണ്ഡിതെയ്യം അണിയറയിൽ നിന്ന്​ വാദ്യങ്ങളുടെ അകമ്പടിയോടെ കോട്ടത്തേക്ക് നടന്നു. കന്നിക്കാരന്റെ തെയ്യം കാണാൻ ജനങ്ങൾ തൊഴുതു പിടിച്ച കൈകളുമായി കാത്തുനിന്നു. പിഴകളേതുമില്ലാതെ ചാമുണ്ഡിയെ കെട്ടിയാടി. ഉരിയാട്ടം നന്നായി. വാചാലം നന്നായി.

കുഞ്ഞമ്പു പണിക്കരെ പോലെ മോനും ലക്ഷണമൊത്ത തെയ്യക്കാരനാണെന്ന് നാട്ടുകാരും തെയ്യക്കാരും ഒന്നടങ്കം സമ്മതിച്ചു. കൊച്ചുമോന്റെ പേര് നാട് വാഴ്ത്തുന്നതുകേട്ട് സന്തോഷിച്ചത് കോരൻ പണിക്കരാണ്. 33-ാം വയസ്സിൽ, കരളിന് സൂക്കേട് വന്നപ്പോൾ, എനിയൊരിക്കലും തെയ്യം കെട്ടാൻ പാടില്ലെന്ന് വൈദ്യന്മാര് പറഞ്ഞതിനുശേഷം കോരൻ പണിക്കർ തെയ്യം കെട്ടിയിരുന്നില്ല. ആത്മവിശ്വാസമില്ലാത്തതുകൊണ്ടല്ല, സൂക്കേടോടെ തെയ്യം കെട്ടീട്ട് വാചാലവും അടവുകളും തെറ്റി നാടിന് ദോഷം വരുത്തരുതലോ എന്നായിരുന്നു പണിക്കര് ചിന്തിച്ചത്. മോന്റെയും കൊച്ചുമോന്റെയും കളിയാട്ടങ്ങൾ കണ്ട് ആ തീരാദുഃഖം നീക്കാൻ ശ്രമിക്കുകയായിരുന്നു ആ സാധുവൃദ്ധൻ.

അപ്പൻ കെട്ടിയാടാറുള്ള ചില കോലങ്ങളുടെയൊക്കെ അടയാളം പിന്നെ രാമൻ പണിക്കർക്ക് കിട്ടിത്തുടങ്ങി. 20-ാം വയസ്സിൽ തീച്ചാമുണ്ഡി കെട്ടാനുള്ള അടയാളം വാങ്ങി. അത് കാണാൻ അപ്പാപ്പനില്ലാത്തതിന്റെ സങ്കടം വല്ലാതെ അലട്ടി. മഞ്ഞപ്പിത്തം കടുത്ത് കോരൻ പണിക്കർ മരിച്ചിട്ട് കൊല്ലം തികഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. കേവലം നാലുവട്ടം മാത്രം തീച്ചാമുണ്ഡി കെട്ടിയാടിയ ആ തെയ്യക്കാരന്റെ ശരീരം ചുടുകാട്ടിലെ തീയിലെരിയുന്നത് കണ്ടപ്പോൾ, അപ്പാപ്പൻ കെട്ടാറുള്ള പൊട്ടൻ തെയ്യത്തെയാണ് പണിക്കർ ഓർത്തത്. ‘ഹോ, ഈ തീയില് കിടക്കുമ്പോ വല്ലാണ്ട് കുളിരുന്നു' എന്ന് അപ്പാപ്പൻ ഉറക്കെ പറയുന്നതുപോലെ അന്നേരം തോന്നി. തീച്ചാമുണ്ഡിക്ക് അടയാളം വാങ്ങുമ്പോൾ അപ്പാപ്പന്റെ ചിത കത്തുന്ന കാഴ്ച മനസ്സിലേക്കെത്തി.

41 ദിവസത്തെ വ്രതത്തിനുശേഷം തീച്ചാമുണ്ഡി കെട്ടാൻ വീട്ടിൽനിന്നിറങ്ങുമ്പോ അപ്പനെ മുറുകെ കെട്ടിപ്പിടിച്ച് കുറേ നേരം നിന്നു. കണ്ണ് നിറഞ്ഞു. ചുമരിലെ അപ്പാപ്പന്റെ പടം തൊട്ട് വന്ദിച്ചു. രണ്ടു കയ്യിലും ഭാണ്ഡങ്ങളുമായി അപ്പൻ മുന്നിൽ നടന്നു. കോട്ടത്തേക്ക് കേറിയപ്പോ കണ്ടത് പുളിയുടെയും ചെമ്പകത്തിന്റെയും മരക്കുട്ടകൾ കൂട്ടമായി കൊണ്ടിടുന്ന തീയന്മാരെയാണ്. ഉള്ളിൽ ഒരു തീയാളി. ചതിക്കല്ലേ ഗുരുകാരണവന്മാരേ എന്ന് ഉള്ളുരുക്കി പ്രാർത്ഥിച്ചു. തലേന്ന് സന്ധ്യയ്ക്ക് മരക്കുട്ടകൾക്ക് തീ കൊടുക്കുന്നത് അണിയറപ്പുരയിലിരുന്ന് കണ്ടു. ആകാശത്തോളം ആളുന്ന തീയുടെ അടുത്ത് നിറഞ്ഞ കണ്ണുകളോടെ അപ്പൻ നിൽക്കുന്നതുകണ്ടു. കിഴക്ക് ഭാഗത്തൂന്ന് വാദ്യത്തിന്റെ ഒച്ച കേട്ടു. നോക്കിയപ്പോൾ, ഇല്ലത്തേക്ക് പോയ ചാത്തപ്പൻ തെയ്യം കൈതക്കാടുകൾക്കിടയിലൂടെ മടങ്ങിവരുന്നത് കണ്ടു. വാദ്യങ്ങളോടെ, പ്രകൃതിക്കും ഉയരെ, കൈതക്കൂട്ടങ്ങളെ വകഞ്ഞു മാറ്റി, ഓലച്ചൂട്ടിന്റെ വെളിച്ചത്തില്, ജയിക്കാനായി മാത്രം ജനിച്ച യോദ്ധാവിനെ പോലെ വരുന്ന ഉഗ്രമൂർത്തിയായ ചാത്തപ്പനെ കണ്ടപ്പോൾ അളവില്ലാത്ത ഭക്തിയും ആനന്ദവും തോന്നി. മുറ്റത്തെ അരയാലിന്റെ ഇലകളെ മുഴുവൻ കരിക്കാൻ പോന്ന മേലേരിയുടെ തീ ഒരു ചെറിയ തിരിനാളം മാത്രമാണെന്ന് തോന്നി.

അന്ന് രാത്രിയിൽ ചോന്ന പട്ടും തലപ്പാളിയും അണിഞ്ഞ്, കഴുത്തിൽ കൊരലാരം കെട്ടി അണിയറപ്പുരയിൽ നിന്നിറങ്ങി. കുത്തുവിളക്കുമായി അപ്പൻ മുന്നിൽ നടന്നു. അന്തിത്തിരിയന്റെ കയ്യിൽ നിന്ന് കൊടിയില ഏറ്റുവാങ്ങി. ആചാരക്കുറി അണിഞ്ഞു തോറ്റം ചൊല്ലിത്തുടങ്ങി. അപ്പൻ കൂടെ തന്നെയുണ്ടായിരുന്നു. പ്രായം ചെന്ന കുറേ സ്ത്രീകൾ കടുത്ത ഭക്തിയോടെ ഒരരികിലേക്ക് മാറിയിരുന്ന് ശ്രദ്ധയോടെ തോറ്റം കേട്ടു. വലതുവശത്തെ മേലേരിയുടെ ചൂടിനെ തീയന്മാരും കോലധാരികളും ചേർന്ന് പച്ചോല കുത്തിവച്ചും, തോർത്ത് വീശിയും തടഞ്ഞു നിർത്തി. തീയുടെ ചൂടേറ്റ് പച്ചോല നിമിഷങ്ങൾ കൊണ്ട് കരിഞ്ഞുപോയി. ചൂടും തണുപ്പും മറന്നു. മനസ്സും മെയ്യും തോറ്റത്തിൽ അർപ്പിച്ചു. തോറ്റം ചൊല്ലിത്തീർത്തപ്പോഴേക്കും വല്ലാത്തൊരു ധൈര്യം വന്നു. പന്ത്രണ്ട് മണിക്ക് കാഴ്ചക്കുലകളുമായി നനഞ്ഞ ദേഹത്തോടെ തീയന്മാർ വരുന്നതുവരെ പീഠത്തിലിഇരുന്നു. ആർപ്പുവിളികളോടെ ഒറ്റമുണ്ടുടുത്ത തീയന്മാർ കാഴ്ചക്കുലകളുമായി വന്നു. അവർക്കിടയിലേക്ക് ഓടിക്കയറി. കുട പിടിച്ച തീയൻ കാഴ്ചക്കുലയേന്തിവർക്കുചുറ്റിനും പാഞ്ഞു. തീയന് പിന്നാലെ ചാമുണ്ഡിതോറ്റവും പാഞ്ഞു.

തീയ്യനും തോറ്റവും.

വാദ്യം കൊട്ടിക്കയറി. ജനങ്ങളിൽ ആവേശം കൂടി.

ശേഷം തീയന്മാരോടൊപ്പം തിരികെ കോട്ടമുറ്റത്തേക്ക് നടന്നു.

അപ്പോഴേയ്ക്കും മേലേരിയുടെ കുട്ടകള് പകുതിയും കത്തിതീർന്നിരുന്നു. ചിലർ കനല് മുളന്തണ്ടിന്റെ അറ്റം കൊണ്ട് ഇളക്കുന്നുണ്ടായിരുന്നു. മേലേരിയിൽ നിന്നും പാറിയ കനലുകളുടെ ചൂടേറ്റ് ആലിലകളിൽ ചിലത് കരിഞ്ഞു.

പുലർച്ചെ നാലുമണിക്ക് ഒട കെട്ടിത്തുടങ്ങി. അരയിൽ കയറുകെട്ടി. മുടി വച്ചു. തലപ്പാളി കെട്ടി. കമ്പി കെട്ടി. ഒട മുറുകാനായി സഹായികൾ തെയ്യത്തെ രണ്ടുമൂന്നുവട്ടം എടുത്ത് മുകളിലേക്കുയർത്തി. ഒട മുറുകിയിട്ടുണ്ട് എന്നുറപ്പായി. അഗ്‌നിയോട് താണ്ഡവമാടാനുള്ള നേരമടുത്തു.

മനസ്സിലപ്പോൾ പണ്ട് അപ്പാപ്പൻ പറഞ്ഞ വാക്കുകളുടെ കനൽത്തരികൾ തിളങ്ങി; ‘പൊള്ളുമെന്ന ചെറിയൊരു പേടി പോലും ഇണ്ടാകരുത്. കനലാടിമാർക്ക് കനല് പൊള്ളൂലാ... പൊള്ളാൻ പാടില്ല...'

അഗ്‌നിപ്രവേശത്തിന് നേരമായി.

‘എന്നെ ധരിച്ചാൽ ധരിച്ചവർക്കും, എന്നെ കാണാനും കേൾക്കാനും വന്ന ഏവർക്കും, അവരുടെ കന്നുകാലികൾക്കും പൈതങ്ങൾക്കും നാളെ മേലാക്കത്തിന് മേലൈശ്വര്യത്തിനും ഗുണം വരണേ.... ഗുണം...'
എന്ന് പ്രാർത്ഥിച്ചു.

ഹിരണ്യകശിപുവിന്റെ മാറ് കീറുമ്പോൾ, മാറി നിന്ന് പൊട്ടിച്ചിരിച്ച അഗ്‌നിയെ താഡിക്കാൻ നൂറ്റിപ്പതിനെട്ടുവട്ടം അന്ന് മേലേരിയിൽ വീണു. ചൂടും തണുപ്പും വേർതിരിച്ചറിയാൻ പറ്റാതെ, മരിച്ചോ ജീവനുണ്ടോ എന്നുപോലും തിട്ടമില്ലാതെ മനസ്സിനെ ബാധിച്ച കടുത്ത ആവേശത്തോടെ കനലിനെ പുണർന്നു കൊണ്ടേയിരുന്നു.

മതിയോ എന്ന് കോട്ടത്തിന്റെ അവകാശിയോട് ആരോ ചോദിച്ചു. പോരാ എന്ന് ആ നായർ കൽപ്പിച്ചു. എന്റെ ദൈവങ്ങളേ എന്നുവിളിച്ച് വീണ്ടും മേലേരിയിലേക്ക് വീണു. മലയന്മാർ രണ്ടറ്റത്തു നിന്നും അരയിൽ കെട്ടിയ കയർ വലിച്ചുകൊണ്ടേയിരുന്നു. ചുറ്റിനും ആയിരക്കണക്കിന് തൊണ്ടകളിൽനിന്നുള്ള ഗോവിന്ദാ വിളി കേൾക്കുന്നുണ്ടായിരുന്നു. ഏതോ പ്രായം ചെന്ന കോലക്കാരൻ ആത്മാവിൽ തൊട്ട് തോറ്റം ചൊല്ലുന്നത് കേട്ടു. മതിയോ എന്ന് ആരോ വീണ്ടും ചോദിച്ചു. പോരാ എന്ന് ഉത്തരം. കനൽക്കൂനയിലേക്ക് പിന്നെയും വീണു. മതിയോ..? പിന്നെയും ചോദ്യം. മതി എന്ന് നായർ പറഞ്ഞു.

കനലിൽ വീഴുന്നത് നിർത്തി. ആരാധനയുടെ വായ്ത്താരികള് ഒടുങ്ങി. തെയ്യം പിന്നിലേക്കുനടന്ന് പീഠത്തിലിരുന്നു. ഒട അഴിച്ച് അപ്പൻ കനലിലേക്കെറിഞ്ഞു. വെള്ളത്തിൽ മുക്കിയ തുണിയുമായി ആരോ ഓടിവന്ന് മേല് നനച്ചു. വല്ലാത്തൊരു മായയിൽ നിന്ന്​ നേരിലേക്ക് നനവോടെ ഉണർന്നു. തെയ്യം കണ്ട് മടങ്ങിപ്പോകുന്ന കാണികളെയും ഊഴം വച്ച് മേലേരിയിലേക്ക് പാഞ്ഞുകേറുന്ന തീയന്മാരെയും കണ്ടു.

തീച്ചാമുണ്ഡി കെട്ടിക്കഴിഞ്ഞാൽ പെറ്റ പെണ്ണിനേക്കാളും നോട്ടം വേണം. മേലാകെ നെയ്യ്​ തേക്കാനും, വെല്ലവും ഉള്ളിയും ചതച്ച് കട്ടിയുണ്ടാക്കാനും അപ്പൻ ഒറ്റയ്ക്ക് കഷ്ടപ്പെടുന്നത് കണ്ടപ്പോൾ അമ്മയുണ്ടായിരുന്നെങ്കിൽ എന്നോർത്തുപോയി. രണ്ടാമതൊരു കുഞ്ഞ് വേണമെന്ന് അപ്പനും അമ്മയും ആഗ്രഹിച്ചിരുന്നു. കൊറേ കൊല്ലം കാത്തിരുന്നുണ്ടായ ആ കുഞ്ഞ് പ്രസവത്തിൽ ചാപിള്ളയായി പുറത്തേക്ക് വന്നു. രണ്ടു നാൾ കഴിഞ്ഞപ്പോ അമ്മയും മരിച്ചു. വയറ്റാട്ടിയുടെ മോളായി പിറന്ന്, മറ്റൊരു വയറ്റാട്ടിയുടെ മരുമോളായി ജീവിച്ച ആ പെണ്ണ് വയറ്റിലൂടെ ചോരയൊലിപ്പിച്ച് പ്രാണൻ വെടിഞ്ഞു. പൊള്ളലേറ്റ ഭാഗങ്ങളിൽ നെയ് പുരട്ടുമ്പോൾ അമ്മയെ ഓർത്ത് കരഞ്ഞു. കരഞ്ഞുകരഞ്ഞ്​ ചുമച്ചു, ചുമച്ചപ്പോൾ വായയില് വെണ്ണീര് ചുവച്ചു. പിന്നെ കുറേ നാളേക്ക് എപ്പോ ചുമച്ചാലും വെണ്ണീര് ചുവക്കുമായിരുന്നു. കട്ടി മാത്രം കുടിച്ച രണ്ടാഴ്ചകൾ.

അതിനുശേഷമാണ് രാമൻ, രാമൻ പണിക്കരായത്. തളിപ്പറമ്പത്തപ്പന്റെ കൊട്ടുമ്പുറത്തുനിന്ന് നാടുവാഴി പട്ടും വളയും തന്ന് ആചാരപ്പെടുത്തി. പട്ട് അരയിൽ ചുറ്റി, സ്വർണവള അപ്പൻ വലം കയ്യിലേക്കിട്ടുതന്നു. അപ്പന്റെ ചുളിഞ്ഞ കവിളിൽ കണ്ണീർ വീണു. രാമൻ പണിക്കർ, രാമൻ പണിക്കർ, രാമൻ പണിക്കർ എന്ന് മൂന്നുവട്ടം ചൊല്ലി, നാടുവാഴി അരിയെറിഞ്ഞു പണിക്കരായി ആചാരപ്പെടുത്തി. വാദ്യങ്ങളുടെയും ചീനക്കുഴലിന്റെയും അകമ്പടിയോടെ വീട്ടിലേക്ക് മടങ്ങി. അമ്മായിമാരും മറ്റുള്ളവരും ചേർന്ന് വീട്ടില് സദ്യയൊരുക്കി. പട്ട് അപ്പാപ്പന്റെ പെട്ടിയിലേക്കുവച്ചു. അപ്പോൾ കരഞ്ഞുപോയി.

അതിനുശേഷം പണിക്കർ രണ്ടുവട്ടം തീച്ചാംമുണ്ഡി കെട്ടി, അപ്പൻ മരിക്കുന്നത് വരെ. അപ്പൻ പോയതിൽ പിന്നെ തീച്ചാംമുണ്ഡി കെട്ടിയില്ല.

തീരെ അപ്രതീക്ഷിതമായിരുന്നു പണിക്കരുടെ അപ്പന്റെ മരണം. ഒരു വീട്ടിൽ അകന്നാള് നീക്കിയിട്ട്, പാതിരാത്രി മടങ്ങിവരുകയായിരുന്നു രണ്ടാളും. വൃശ്ചിക മാസമായിരുന്നു, എല്ലു കോച്ചുന്ന തണുപ്പ്, തോട് മുറിച്ചു കടക്കുമ്പോ, ‘നെഞ്ചത്തൊരു വേദന തോന്നുന്നു രാമാ' എന്ന് അപ്പൻ പറഞ്ഞു. കയ്യിൽ തൂക്കിപിടിച്ച ചത്ത കോഴിയെ നിലത്തുവച്ച് പണിക്കര് അപ്പനെ തിരികെ കരയിലേക്ക് നടത്തിച്ചു. അപ്പൻ ചരലിൽ മലർന്നുകിടന്നു. വെള്ളത്തിന് ചോദിച്ചു. പണിക്കർ തോട്ടിലേക്കോടി, കൈക്കുമ്പിളിൽ വെള്ളമെടുത്തു വരുമ്പോഴേക്കും അപ്പന്റെ പ്രാണൻ പോയിരുന്നു.

അപ്പൻ മരിച്ചെന്നുറപ്പായപ്പോൾ പണിക്കർക്ക് കാലബോധം നഷ്ടപ്പെട്ടു. അരയോളം വെള്ളത്തിലേക്കിറങ്ങി നിന്ന് പണിക്കര് ഉറക്കെ തോറ്റംപാട്ട് ചൊല്ലി. തോറ്റം കേട്ട്, തോടിന്റെ കരയിൽ താമസിക്കുന്ന അബ്ദുള്ളയാണ് ആദ്യം ഓടിയെത്തിയത്. അബ്ദുള്ളയുടെ കൂവിവിളി കേട്ട് നാട്ടുകാരുണർന്നു. തോടിന്റെ കരയിൽ മരിച്ചു കിടന്ന കുഞ്ഞമ്പുപണിക്കരെയും, തോട്ടിൽ അരയോളം വെള്ളത്തിൽ മുങ്ങി കണ്ണടച്ച് തോറ്റം ചൊല്ലുന്ന രാമൻ പണിക്കരെയും കണ്ട് പ്രായം ചെന്നോരോക്കെ ‘എന്റെ ചാമുണ്ഡി ദെയ്​വേ’ എന്നലമുറയിട്ടുകൊണ്ട് നെഞ്ചത്തടിച്ചു. ആരൊക്കെയോ ചേർന്ന് പണിക്കരെ കരയിലേക്കെത്തിച്ചു. അപ്പോഴും ‘സകല ലോകത്തിനും ഗുണം വരണേ, ഗുണം... 'എന്ന് പണിക്കർ ചൊല്ലിക്കൊണ്ടിരുന്നു.

അപ്പൻ ചിതയിലെരിഞ്ഞു. പണിക്കര് തനിച്ചായി.

അതിൽ പിന്നെ പലരും തീച്ചാമുണ്ഡി കെട്ടാനാവശ്യപ്പെട്ടിരുന്നു. അപ്പോഴൊക്കെ നെയ് പുരട്ടാനും, കട്ടി ഉണ്ടാക്കിത്തരാനും, പെറ്റോളെ പോലെ നോക്കാനും ആരുമില്ല എന്ന് പണിക്കർ ഓർമിപ്പിച്ചു. ചാമുണ്ഡിയും, ഗുളികനും, രക്തചാമുണ്ഡിയും, പൊട്ടൻതെയ്യവും കെട്ടി, ചെണ്ട കൊട്ടി, ചീനക്കുഴലൂതി രാവും പകലും മഞ്ഞൾക്കുറിയുടെ ഗന്ധം പേറി പണിക്കർ ജീവിച്ചു.

അപ്പന്റെ മരണശേഷം നാട് നടത്തലിനുള്ള ചുമതല പണിക്കരേറ്റെടുത്തു. തോടും റോഡും അളന്നു മുറിച്ചതിലെ ഒരു ഭാഗം പണിക്കർക്ക് ലഭിച്ചു. പണിക്കർ ആ ഭാഗത്തെ മലയന്മാരുടെ ജന്മാവകാശിയായി. എളുപ്പമായിരുന്നില്ല അത്. നാട്ടിലെ മലയന്മാരുടെ അടിയന്തിരങ്ങൾക്കും കലശങ്ങൾക്കുമൊക്കെ പിന്നെ രാമൻ പണിക്കരായി മുഖ്യ കർമി. പണിക്കരുടെ ഭാഷയിൽ പറഞ്ഞാൽ, ‘മടിയിൽ എപ്പോഴും ഒരു ബ്ലേഡ് വച്ച് നടക്കുന്നതുപോലെയാന്ന് നാട് നടത്തൽ... സമാധാനത്തോടെ ഒരിടത്തും ഇരിക്കാൻ പറ്റില്ല, ഇരുന്നാൽ അപ്പോൾ മുറിയും...' അത്രയും അപകടം പിടിച്ച കാര്യമാണത്.

ഓടിട്ട പുതിയൊരു വീട് പണിതപ്പോൾ, പഴയ ഓലപ്പുര പുതുക്കി അണിയലങ്ങളും മറ്റു ചമയങ്ങളും പണിക്കർ അതിനകത്തു സൂക്ഷിച്ചു. വീട്ടുവളപ്പിലെ പുളി മുറിച്ചപ്പോൾ അതിന്റെ മരക്കുട്ടകളും ആ ഓലപ്പുരയിൽ സൂക്ഷിച്ചു. തുലാം പത്ത് പിറന്നാൽ വീട്ടിൽ കേറാൻ നേരമില്ലാതെയായി. അല്ലാത്തപ്പോൾ അടിയന്തിരങ്ങൾക്കും കലശങ്ങൾക്കും പോയി.

ആയിടയ്ക്ക് ഒരിക്കൽ രാമൻ പണിക്കരുടെ തെയ്യക്കോലത്തിന്റെ ഖ്യാതി നാട് നീളെ അറിയപ്പെടാൻ പോന്ന ഒരു സംഭവമുണ്ടായി.

കാസർഗോഡിനും കണ്ണൂരിനും ഇടയിലുള്ള ഒരതിർത്തി പ്രദേശത്തെ ഒരു പള്ളിയറയിൽ ഒരിക്കൽ ചാമുണ്ഡി കെട്ടാനുള്ള അടയാളം വാങ്ങിയത് രാമൻ പണിക്കരാണ്. ആ നാട്ടിലെ ഒരാളെയും വ്യക്തിപരമായി പണിക്കർക്ക് അറിയില്ലായിരുന്നു. തെയ്യം കഴിഞ്ഞ്, കുറി വാങ്ങാൻ വന്നവരോടൊക്കെ വാചാലം ചൊല്ലി, പലരുടെയും സങ്കടം കേട്ടും ‘കൂടെ ഞാൻ കാണും കേട്ടോ' എന്ന് സമാധാനിപ്പിച്ചും ഇരിക്കുമ്പോൾ പെട്ടെന്ന് പച്ച മാംസം കത്തുന്ന ഗന്ധം കിട്ടി. തെയ്യത്തിന്റെ മുന്നിലേക്ക് വാരണയുമായി അപ്പോഴൊരു സ്ത്രീ വന്നു. വാരണ അനുഭവിച്ചതിനുശേഷവും ആ ഗന്ധം കിട്ടി. അന്നേരം ആ സ്ത്രീയോട്, ‘നല്ലതല്ലാത്ത ഒരനുഭവം വീട്ടില് നടന്നിട്ടുണ്ട് ' എന്നുരിയാടി. ആ സ്ത്രീ ഭയന്നുപോയി. കുറി വാങ്ങാതെ ഉടൻ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

തെയ്യം കഴിഞ്ഞ് ഒട അഴിച്ചുമാറ്റിയപ്പോഴാണ് പണിക്കരറിഞ്ഞത്, ആ സ്ത്രീ തെയ്യത്തിന് വന്ന നേരത്ത് അവരുടെ മകൾ തീ കൊളുത്തി മരിച്ചെന്ന്. അതറിഞ്ഞപ്പോൾ പണിക്കരുടെ കണ്ണ് നിറഞ്ഞു, തൊണ്ട പൊള്ളി. ഭർതൃവീട്ടിലെ എന്തോ പ്രശ്‌നം കാരണം സ്വന്തം വീട്ടിലേക്ക് മടങ്ങിവന്നതായിരുന്നു ആ കുട്ടി. അതിനുശേഷം രാമൻ പണിക്കരുടെ തെയ്യം ശരിക്കും ദൈവം തന്നെയാണെന്ന് പല നാടുകളിലും കേളി കേട്ടു. കുട്ടികളുണ്ടാവാനും, വ്യാധികൾ മാറാനും പണിക്കരുടെ തെയ്യത്തിന് നേർച്ച കൊടുത്താൽ കൂടുതൽ ഫലമുണ്ടാകുമെന്ന് ആൾക്കാർ വിശ്വസിച്ചു. പണിക്കർ തെയ്യം കെട്ടിയാൽ വാചാലം അച്ചട്ടാണെന്ന് പലരും പറഞ്ഞു.

പണിക്കർക്ക് ഒരു കൂട്ടുകാരിയുണ്ടായിരുന്നു, ലീല.

തന്നെക്കാൾ പത്ത് വയസ്​ കൂടുതലുള്ള പണിക്കരോട് ലീലയ്ക്ക് ചെറുപ്പം തൊട്ടേ ആരാധനയായിരുന്നു. ലീലയുടെ വലിയ കണ്ണുകൾ കാണുമ്പോഴൊക്കെ പണിക്കർക്ക് മുച്ചിലോട്ടമ്മയുടെ പൊയ്ക്കണ്ണുകൾ ഓർമ വരും. ഒരിക്കൽ തീച്ചാമുണ്ഡി കഴിഞ്ഞ് മേലാകെ നെയ്യ് പുരട്ടി കിടക്കുമ്പോൾ ആരുമറിയാതെ ലീല പണിക്കരെ കാണാൻ ചെന്നു.

‘നാട്ടിലെ നമ്പൂതിരിമാരേം നായന്മാരേം തൃപ്തിപ്പെടുത്താൻ എന്തിനാ ഇങ്ങനെ തീയില് വീഴുന്നേ...? നിർത്തിക്കൂടെ ഇത്..?' ശരീരത്തിലെ പൊള്ളലുകൾ കണ്ട് ലീല ദേഷ്യപ്പെട്ടു.

‘മലയന്മാർക്ക് അതിന് ആവൂലാ ലീലേ, ഞങ്ങക്ക് തീച്ചാംമുണ്ഡി കെട്ടുന്നത് ജീവിതത്തിലെ ഏറ്റോം വലിയ കാര്യാ. മലയനായി ജനിച്ചാ ഒരിക്കലെങ്കിലും തീച്ചാമുണ്ഡി കെട്ടണം എന്നൊരു ബോധം ഉള്ളിലുറഞ്ഞു പോയി. അത് മാറ്റാൻ പ്രയാസാ', പണിക്കർ പറഞ്ഞ ഉത്തരത്തിൽ പക്ഷേ ലീല തൃപ്തയായില്ല.

‘എന്തോ, എനിക്കറിഞ്ഞൂടാ. കാണുന്നോർക്ക് കൗതുകവും ആവേശവും ആർപ്പുവിളിയും മാത്രമേയുള്ളൂ. ഒരു മനുഷ്യനെ തീയില് വേവിച്ചെടുത്തിട്ട്, നൂറു കടക്കണം നൂറ്റിപ്പത്തു കടക്കണം എന്നൊക്കെ കേൾക്കുമ്പോ നിങ്ങള് എന്തിനാ ഇതിനൊക്കെ നിന്നുകൊടുക്കണേന്ന് തോന്നും', ലീല മുഖം കറുപ്പിച്ചു.

‘അതൊന്നും പറഞ്ഞാ നിനക്ക് തിരിയൂലാ', പണിക്കർ പറഞ്ഞു.

‘എനക്ക് തിരിയൂലാന്നൊന്നും പറയണ്ട', ലീല വിട്ടുകൊടുത്തില്ല. ‘ശരിക്കും തീച്ചാമുണ്ഡീടെ ഐതിഹ്യം പുരാണത്തിൽ പറയുന്നതുമാതിരി നരസിംഹം അഗ്‌നിയെ മർദിക്കുന്നതാന്നൊന്നും എനക്ക് തോന്നുന്നില്ല. ഏതെങ്കിലും പാവം മലയനെ തീയില് ചുട്ടുകൊല്ലാൻ വേണ്ടീട്ട് തമ്പ്രാക്കളുണ്ടാക്കിയ സൂത്രാരിക്കും ഇതെല്ലം', ലീല അത്രയും പറയുമ്പോഴേക്കും ദോഷം വരുത്തിവെക്കുന്ന വർത്താനം പറയല്ലേ എന്ന് പണിക്കർ വിലക്കി.

ലീലയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം തെയ്യത്തിനുമുന്നിൽ, ഉയർന്ന ജാതിക്കാർ തൊഴുതും കരഞ്ഞും നിൽക്കുന്നതായിരുന്നു.

‘ഓ, അല്ലാത്തപ്പോ നിങ്ങടെ മുഖത്തേക്ക് നോക്കാത്ത ചില ജന്തുക്കള്, തെയ്യം കെട്ടിക്കഴിയുമ്പോ മുന്നില് വന്ന് കരഞ്ഞും തൊഴുതും നിക്കണ കാണുമ്പോ എനക്ക് വല്ലാത്തൊരു സന്തോഷം തോന്നും.’

‘ഭൂമി ഉള്ളിടത്തോളം അയിത്തം ഉണ്ടാവും കുട്ടീ', അപ്പോൾ പണിക്കർ പറയും.

‘ലീലയ്ക്ക് വലിയ കണ്ണുകളുള്ളത് കൊണ്ടാ തെയ്യത്തിനും അപ്പുറം അതിനകത്തുള്ള മനുഷ്യനെ കാണാൻ കഴിയുന്നേ’, ഒരിക്കൽ പണിക്കർ അങ്ങനെ പറഞ്ഞപ്പോൾ ലീല കുറച്ച് നേരം ഒന്നും മിണ്ടാതെയിരുന്നു. പിന്നെ പണിക്കരുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു, ‘എല്ലാരിക്കും ഇതേ പോലത്തെ വെല്ല്യ കണ്ണുകള് വേണാരുന്നു അല്ലേ...?'
പണിക്കർ അതിന് മറുപടി പറഞ്ഞില്ല.

ഒരു ഉടമ്പടിയുമില്ലാതെ അവർ സ്‌നേഹിച്ചു. അപ്പൻ പോയതിന്റെ തീരാദുഃഖത്തിൽ നിന്ന് പണിക്കർ മുക്തനായത് ലീലയുടെ സാമീപ്യമുള്ളതുകൊണ്ടാണ്. ആ സാമീപ്യം എന്നും കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് പണിക്കർ വെറുതെ ആഗ്രഹിച്ചു. പക്ഷേ, 19-ാം വയസ്സിൽ തോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ അപസ്മാരം ഇളകി ലീല വെള്ളത്തിന്റെ അടിത്തട്ടിലേക്കുപോയി. അവളുടെ വലിയ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞതുകാണാൻ പണിക്കർ പോയില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ലീലയുടെ മരണത്തിൽ അകന്നാള് കുടുങ്ങിയിട്ടുണ്ടെന്നും അത് നീക്കണമെന്നും പറഞ്ഞ് അവളുടെ അമ്മാവൻ വന്നു. ഉള്ളിലൊരു പെരുമഴ ഒളിപ്പിച്ച് കൊണ്ട് പണിക്കർ ലീലയുടെ അകന്നാള് നീക്കിക്കൊടുത്തു. കളം വരച്ചു മന്ത്രം ചൊല്ലുമ്പോഴും, വീടിനുചുറ്റും നൂല് കെട്ടുമ്പോഴും, കോഴിയെ ഓടിനുമീതേക്കൂടി എറിയുമ്പോഴുമൊക്കെ പണിക്കരുടെ മേലാകെ വിറച്ചു.

അമ്മയും അപ്പാപ്പനും അപ്പനും ലീലയുമൊക്കെ തന്നെ ഒറ്റയ്ക്കാക്കി പോയപ്പോൾ ഇനിയുള്ള ജീവിതം തെയ്യങ്ങൾക്കും മലയസമുദായത്തിനും നാട്ടുകാർക്കും വേണ്ടി ജീവിക്കാൻ പണിക്കർ തീരുമാനിച്ചു. പല മലയന്മാരും തങ്ങളുടെ പെൺമക്കൾക്കുവേണ്ടി പണിക്കരെ ആലോചിച്ചു. പണിക്കർ ഒഴിഞ്ഞുമാറി. കല്യാണം കഴിക്കില്ലെന്ന് തീർച്ച പറഞ്ഞു. പണിക്കർക്ക് അനന്തരാവകാശി ഉണ്ടാവില്ലെന്നറിഞ്ഞപ്പോ പലർക്കും വിഷമം തോന്നി. യോഗ്യന്മാരായ തെയ്യക്കാരുള്ള ആ പരമ്പര പണിക്കരുടെ മരണത്തോട് കൂടി അവസാനിക്കുമല്ലോ എന്ന് പലരും സങ്കടം പറഞ്ഞു.

കണ്ണേറു ദോഷം തീർക്കാൻ ചരട് ജപിക്കാനും, മന്ത്രിച്ചു ഊതാനും തച്ചുമന്ത്രം ചെയ്യാനും, മറി നീക്കാനുമൊക്കെ പണിക്കരെ തേടി തെക്കുദേശത്തു നിന്നുപോലും ആൾക്കാരെത്തി തുടങ്ങി. പക്ഷേ, ഒരാൾക്കും മാരണം വയ്ക്കാൻ പണിക്കർ തയ്യാറായില്ല. പലരും അത്തരം ആവശ്യങ്ങളുമായി വന്നെങ്കിലും താനത് ചെയ്യില്ല എന്ന് പണിക്കർ തറപ്പിച്ചു പറഞ്ഞു. ജന്മം കൊണ്ട് തന്നിലേക്കെത്തിയ കടമകളിൽ മുഴുകി പണിക്കർ ജീവിച്ചു.

ഇരുട്ട് വീണുതുടങ്ങി.

അണിയറപ്പുരയുടെ പടിയിൽ നിന്ന് പണിക്കർ എഴുന്നേറ്റു. രാഘവന്റെ മെഷീന്റെ ശബ്ദം കേട്ടു. അടച്ചിട്ട നടക്കുനേരെ കണ്ണടച്ച് ഏറെ നേരം പണിക്കർ തൊഴുതു. പിന്നെ പടികളിറങ്ങി.

വീട്ടിലേക്ക് നടക്കുമ്പോൾ പണിക്കർ അപ്പാപ്പനെ ഓർത്തു. അപ്പാപ്പൻ പറയാറുള്ള തെയ്യത്തിന്റെ കഥ ഓർത്തു.

‘അപ്പാപ്പാ... ശരിക്കും ഈ തെയ്യം ഉണ്ടായത് എങ്ങനെയാ?' പത്തോ പതിനൊന്നോ വയസ്സുള്ളപ്പോഴാണ് അപ്പനോട് ആ കഥ ചോദിച്ചത്. ചോദ്യം കേട്ടപ്പോ അപ്പാപ്പനും അപ്പനും ചിരിച്ചു. രണ്ടാളും ചേർന്ന് അണിയലം തുന്നുകയായിരുന്നു. അപ്പാപ്പൻ അവിടുന്നെഴുന്നേറ്റ് അടുത്തേക്കുവന്നിരുന്നു.

‘അത് വലിയൊരു കഥയാ. കൊറേ കൊല്ലങ്ങൾക്കുമുന്നേയുള്ള കഥ. രാമൻ ശ്രദ്ധിച്ചു കേക്കോ...?' ചേർത്തു പിടിച്ചുകൊണ്ട് അപ്പാപ്പൻ ചോദിച്ചു. കേൾക്കാമെന്ന് തലയാട്ടി. അപ്പാപ്പന്റെ കഥപറച്ചിൽ, തോറ്റം ചൊല്ലുന്നതുപോലെയാണ്. ഇടയ്‌ക്കെവിടെയും നിർത്തില്ല. ഒറ്റപ്പറച്ചിലിൽ കഥ തീർക്കും. അതാണ് അപ്പാപ്പന്റെ ശൈലി.

‘പണ്ട്, നമ്മുടെ കൂട്ടർക്ക് അമ്പലത്തിലൊന്നും കേറാൻ അനുവാദമില്ലാണ്ടിരുന്ന കാലത്ത് നടന്ന കഥയാ', അപ്പാപ്പൻ പറഞ്ഞു തുടങ്ങി.

‘അന്ന് നമ്മുടെ കൂട്ടത്തിലെ ഒരു ചെക്കൻ ഒരമ്പലത്തിൽ അറിയാണ്ട് കേറിപ്പോയി. ഓൻ അമ്പലത്തിന്റെ പകിട്ടൊക്കെ നോക്കിനടക്കുന്നത് കുളിച്ചു തൊഴാൻ വന്ന ഒരു നായര് കണ്ടു. അയാൾ അപ്പൊ തന്നെ നാടുവാഴിയുടെ അടുത്തേക്കോടി വിവരം പറഞ്ഞു. ഇതൊന്നുമറിയാണ്ട് ചെക്കനന്നേരം അമ്പലക്കുളത്തിൽ കാല് കഴുകാനിറങ്ങി. ഓനെ പെട്ടെന്ന് പിടിച്ചോണ്ട് വാ എന്ന് നാടുവാഴി കൽപ്പിച്ചു. കുളത്തിലെ പായലുകളിൽ കൈവിരലുകൾ കുടുക്കി കളിച്ചോണ്ടിരുന്ന ചെക്കനെ നാടുവാഴീടെ ആൾക്കാർ പിടിച്ച് വലിച്ചോണ്ടുപോയി നാടുവാഴീടെ മുന്നിലിട്ടു. കളപ്പുരേൽ കൊണ്ടോയി തല്ലിച്ചതക്കാൻ നാടുവാഴി ഉത്തരവിട്ടു. താൻ ചെയ്ത തെറ്റ് എന്താന്നറിയാതെ എല്ലുന്തിയ മുഖത്തോടെ ആ പാവം ചെക്കൻ എല്ലാരേം മാറിമാറി നോക്കി. ആ കണ്ണില് മുഴോനും പേടി നെറഞ്ഞു നിന്നു. എന്നിട്ടും അവർ അതിനെ കളപ്പുരേല് വലിച്ച് കൊണ്ടോയി. കളപ്പുരേന്റെ ഉള്ളില് ഓന്റെ കരച്ചിലുയർന്നു. ഏഴ് നാടും കടന്ന് പോകാവുന്നത്രയും ഉറക്കെ ആ പാവം കരഞ്ഞു. ഇരുമ്പ് വടി കൊണ്ട് നാടുവാഴീടെ ആൾക്കാര് ആ കുഞ്ഞിന്റെ ശരീരം മുഴോനും തല്ലിച്ചതച്ചു. ഓന്റെ മൂത്രവും മലവും ചോരയും കളപ്പുരയുടെ നിലത്ത് പരന്നു. വിവരമറിഞ്ഞോണ്ട് ഓടിയെത്തിയ ഓന്റെ അച്ഛനേം അമ്മേനേം നാടുവാഴീടെ ആൾക്കാർ തടഞ്ഞുവച്ചു. ബോധം പോയ ചെക്കനെ കളപ്പുരേല് പൂട്ടിയിട്ടു. മൂന്ന് രാത്രിയോളം കാറ്റും വെളിച്ചവും കടക്കാത്ത ആ പൊരേല് ചെക്കൻ കിടന്നു. ഉണ്ണാതെ, ഉറങ്ങാതെ, തങ്ങളുടെ വിധിയെചൊല്ലി കരഞ്ഞുകൊണ്ട് ഓന്റെ അച്ഛനും അമ്മേം മറ്റുള്ളോരും നാടുവാഴീടെ വേലിക്കപ്പുറത്തിരുന്ന് കരഞ്ഞു. മൂന്നാം ദിവസം രാത്രി കളപ്പുരയ്ക്കുള്ളിൽനിന്ന് ഉഗ്രമായ ഒരു അലർച്ച കേട്ട് നാടുവാഴിയടക്കം സർവ്വരും ഞെട്ടി. അലർച്ച കൊറേ വട്ടം മുഴങ്ങി. ഉറക്കത്തിലാരുന്ന ജനങ്ങൾ മുഴോനും ഉണർന്നു. കളപ്പുരയുടെ വാതിൽ മെല്ലെ തുറന്ന് അകത്തേക്ക് നോക്കിയ വാല്യക്കാർ വിറച്ചുപോയി. അവർ കണ്ട കാഴ്ച എന്താ... ചത്തെന്നു കരുതിയ ചെക്കൻ മേലാകെ ചോരയോലിപ്പിച്ച് അലറിക്കൊണ്ട് കളപ്പുരയുടെ അകത്തൂടെ നടക്കുന്നത്... ചെക്കൻ ചത്തില്ലെന്നറിഞ്ഞപ്പോ നാടുവാഴി നടുങ്ങി. ചെക്കന്റെ അപ്പനും അമ്മയും പറ്റാവുന്നത്ര കരഞ്ഞു പറഞ്ഞു, ഓനെ തുറന്നുവിടാൻ. കലി പൂണ്ട നാടുവാഴി ആ കളപ്പുരയ്ക്ക് തീയിടാൻ കൽപ്പിച്ചു. വാല്യക്കാര് കളപ്പുരക്ക് തീയിട്ടു. പതിനായിരക്കണക്കിന് അസ്ഥികൾ നുറുങ്ങുന്ന ഒച്ചയോടെ കളപ്പുര നിന്ന് കത്തി. ആ നാടിനെ ഒന്നാകെ കത്തിച്ചേക്കുമെന്ന് നാടുവാഴിക്ക് തോന്നും വിധം തീ ആകാശത്തേക്ക് ആളി. ചെക്കന്റെ അമ്മ ബോധം മറഞ്ഞു വീണു. അപ്പൻ കണ്ണ് പൊത്തിക്കൊണ്ട് അലറിക്കരഞ്ഞു. താഴ്ന്ന ജാതിക്കാരും പെണ്ണുങ്ങളും ശ്വാസമടക്കിപ്പിടിച്ചു. നാടുവാഴിയും കൂട്ടരും ആർത്തുചിരിച്ചു. ആ ചിരിക്കിടയിൽ ഒരു ദൃശ്യം കണ്ട് നാടുവാഴിയുടെ ഉടൽ വിറച്ചു. പാദം മുതൽ മുടി വരെ ചോരയിൽ കുളിച്ചുകൊണ്ട് തീയിനെ കടന്നുവച്ച് ആ ചെക്കൻ പൊറത്തേക്ക് വരുന്നതുകണ്ട് ഓന്റെ അപ്പനും മാളോരും ഞെട്ടിവിറച്ചു. ഓന്റെ ഇടം കയ്യില് ഒരു തീപന്തം ഉണ്ടാരുന്നു. വലം കൈപ്പത്തി വായുവിലേക്കുയർത്തി വിറപ്പിച്ചുകൊണ്ട് ഓൻ നാടുവാഴിയെ നോക്കി. ചോരയിറ്റുന്ന ഓന്റെ കണ്ണിലെ ഭാവം കണ്ട് നാടുവാഴിയുടെ തൊണ്ട വരണ്ടു. പൊറുക്കണേ ദെയ്​വേ എന്നും പറഞ്ഞ് നാടുവാഴി ഓന്റെ അടുത്തേക്കോടി കാൽക്കല് വീണു. മറ്റുള്ള കൂട്ടരും ഓനെ കൈകൂപ്പി തൊഴുതു. നാടുവാഴീടെ തലയിൽ കൈവച്ച് എഴുന്നേൽപ്പിച്ച് ഓൻ അപ്പന്റേം അമ്മേന്റേം അടുത്തേക്ക് നടന്നു. ഓന്റെ കൈകൾ കണ്ണിൽ തൊട്ടപ്പോ അമ്മ ഉണർന്നു. ഓനെ കണ്ടപ്പോ ആർത്തു കരഞ്ഞുകൊണ്ട് അമ്മ മുറുക്കെ കെട്ടിപ്പിടിച്ചു... ഓൻ അമ്മേന്റെ കൈപിടിച്ച് തിരിച്ചുനടന്നു. നാടുവാഴിയും മറ്റുള്ള ജനങ്ങളും കൈകൂപ്പി കൊണ്ട് ഓന്റെ പിന്നാലെ നടന്നു. നാലടി നടന്നപ്പോഴേക്കും ഓൻ ബോധം മറഞ്ഞുവീണു. പന്തം നിലത്തു വീണു കെട്ടു. പിറ്റേന്ന് രാവിലെ ബോധം വന്നപ്പോ നടന്നതൊന്നും ആ ചെക്കന് ഓർമ കിട്ടീലാ. ഓന് വേണ്ടീറ്റ് ഓൻ തന്നെ ദൈയ്​വം ആയതാന്ന് മറ്റുള്ളോര് വിശ്വസിച്ചു. മനുഷ്യക്കുഞ്ഞ് ദൈയ്​വായ കഥ കാടും തോടും കടന്നു, അങ്ങനെയാ തെയ്യം ഉണ്ടായത്.'

ഒറ്റ ഒഴുക്കിൽ അപ്പാപ്പൻ പറഞ്ഞ ആ കഥ സത്യമാണോ, അപ്പാപ്പന്റെ ഭാവനയാണോ എന്ന് പണിക്കർക്ക് കൃത്യമല്ല. പക്ഷേ, ആ കഥക്കുശേഷം എന്താണുണ്ടായതെന്ന് പണിക്കർക്കറിയാം.

കേട്ട കഥകളിലെ വീരപുരുഷന്മാരെയും പ്രേതക്കോലങ്ങളേയുമൊക്കെ കോലം കെട്ടിയാടിച്ച് പ്രാർത്ഥിച്ചു തൊടങ്ങി. നമ്പൂതിരീം നായരും തീയ്യനും പുലയനും ഒരു പോലെ തൊഴുതു. കാലം മാറിയപ്പം തോറ്റം പാട്ട് വന്നു, വാദ്യങ്ങൾ വന്നു, അണിയലങ്ങൾ വന്നു, കാവുകൾ വന്നു, ഓരോ കോലങ്ങൾക്ക് ഓരോരോ രീതികളും ചമയങ്ങളും വന്നു. ഇന്ന ആൾക്കാർ ഇന്ന കോലം കെട്ടണമെന്ന രീതി വന്നു, പള്ളിയറകൾ വന്നു, മഞ്ഞൾക്കുറിയും ചെക്കിപ്പൂവും ചിലമ്പും മുഖത്തെഴുത്തും ഒക്കെ ചേർന്ന് തെയ്യങ്ങൾക്ക് ഉഗ്രമൂർത്തിയുടെ രൂപം കൈവന്നു. അങ്ങനെയങ്ങനെ അന്ന് രാത്രി ആ ചെക്കൻ തുള്ളിയ കോലം, ഇന്ന് കാണുന്ന നൂറ്റിക്ക് മേല് തെയ്യങ്ങളായി മാറി. ചരിത്രപുരുഷന്മാരും, വീരപുരുഷന്മാരും, മാപ്പിളമാരും, ചതിയിൽ കുടുങ്ങിയ പെണ്ണുങ്ങളുമൊക്കെ തെയ്യക്കോലത്തിലൂടെ പിന്നേയും ജീവിച്ചു. ഏത് ജാതീലുള്ളവനും ഏത് മതത്തിലുള്ളവനും ആണിനും പെണ്ണിനും കറുത്തവനും വെളുത്തവനുമൊക്കെ ഒരുപോലെ സങ്കടങ്ങൾ പറയാനും, തൊട്ട് തൊഴാനും ജീവനുള്ള ദൈവങ്ങളുണ്ടായി.

കാലങ്ങൾ മാറി. കാവുകൾക്കും തെയ്യങ്ങൾക്കും മാറ്റം വന്നു. കോട്ടങ്ങൾക്ക് ചുറ്റിലും മതിൽ വന്നു. മതിലുകൾക്കുള്ളിൽ തെയ്യങ്ങൾ വീർപ്പു മുട്ടി. തെയ്യത്തിന്റെ മുടി മുട്ടുന്ന വിധം കോട്ടങ്ങൾക്ക് പന്തലിട്ടു. അണിയലങ്ങളും തലപ്പാളിയുമൊക്കെ റെഡിമെയ്ഡ് കിട്ടിത്തുടങ്ങി. കോട്ടങ്ങളിലും ക്ഷേത്രവൽക്കരണം വന്നു. നമ്പൂതിരിമാർ പൂജ ചെയ്താലേ തെയ്യങ്ങൾക്ക് തുടങ്ങിക്കൂടു എന്ന രീതി വന്നു. ഉയർന്ന ജാതിക്കാരുടെ കയ്യിലെ കോട്ടങ്ങളിൽ പലതും നാട്ടുകാരുടെ കമ്മിറ്റികൾ ഏറ്റെടുത്തു. തോറ്റം പാട്ടിനും ചെണ്ടകൊട്ടിനും മീതേ ഗാനമേളയുടെ ഒച്ച ഉയർന്നു. തെയ്യങ്ങളോടുള്ള മനുഷ്യരുടെ കാഴ്ചപ്പാടിനും മാറ്റം വന്നു. അങ്ങേയറ്റം ഭക്തിയോടെ വന്ന് തൊഴുത പഴയ തലമുറക്കുപകരം ഇന്ന് മുഖത്തെ ചമയങ്ങൾ ഇളക്കുന്ന മട്ടിൽ മൊബൈൽ ക്യാമറകളിൽ പടമെടുക്കാൻ മാത്രം ആൾക്കാർ വരുന്നു. ലുങ്കിയും പായയും എടുത്ത് വന്ന് ഓരോ തെയ്യം കഴിഞ്ഞ് അതിൽ കിടന്ന്, അടുത്ത തെയ്യത്തിന്റെ കൊട്ട് കേൾക്കുമ്പോൾ പിടഞ്ഞെഴുന്നേൽക്കുന്ന ആൾക്കാരൊക്കെ പഴങ്കഥയായിരിക്കുന്നു. പറമ്പുകളിലും വയലുകളിലും തെയ്യങ്ങൾ പൂർണമായും ഇല്ലാതായിരിക്കുന്നു. എല്ലാം മാറിയിരിക്കുന്നു. പക്ഷേ, പണ്ട് ലീലയോട് പറഞ്ഞതുപോലെ അയിത്തം മാത്രം മാറിയിട്ടില്ല.

പണിക്കർ അവസാനം തെയ്യം കെട്ടിയത് ഏഴു വർഷങ്ങൾക്ക് മുൻപാണ്. ചാമുണ്ഡിയായിരുന്നു. തലേന്ന് തോറ്റം ചൊല്ലുമ്പോൾ വല്ലാത്ത സങ്കടം തോന്നി. ചെണ്ടക്കാരും പരികർമിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ, മുറ്റത്ത്. മറ്റുള്ള ജനങ്ങളൊക്കെ ഗാനമേള നടക്കുന്ന പറമ്പിലായിരുന്നു. തോറ്റം ചൊല്ലുമ്പോൾ പറമ്പിൽനിന്നുള്ള അലോസരമായ ശബ്ദം കേട്ട് പണിക്കർക്ക് കണ്ണ് കലങ്ങി. പിറ്റേന്ന് തെയ്യം കെട്ടിയപ്പോഴും ആ മാറ്റം മനസ്സിലായി. വാചാലം മുഴുവനായി കേൾക്കാൻ പോലും പലർക്കും താല്പര്യമുണ്ടായിരുന്നില്ല. അന്ന് ഒട അഴിക്കുമ്പോൾ കുറേ കരഞ്ഞു. അപ്പനെയും അപ്പാപ്പനെയും മനസ്സിൽ വണങ്ങി. അതുവരേയ്ക്കും കെട്ടിയാടിയ സകല തെയ്യക്കോലങ്ങളോടും, കോലം കെട്ടൽ അവസാനിപ്പിക്കാനുള്ള അനുവാദം ചോദിച്ചു. അതായിരുന്നു അവസാനം കെട്ടിയ തെയ്യം.

പ്രായം ശരീരത്തെ തളർത്തി തുടങ്ങിയിരുന്നു. തെയ്യം കെട്ടാൻ പലരും ആവശ്യപ്പെട്ടു, ശരീരത്തിന് വയ്യെന്ന് തീർത്തുപറഞ്ഞു. ഇനിയൊരിക്കലും പണിക്കരുടെ തെയ്യം കാണാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ പലർക്കും വിഷമം തോന്നി. നിങ്ങക്കൊന്നും പണിക്കരുടെ തെയ്യം കാണാനുള്ള യോഗമില്ലല്ലോ എന്ന് പഴയ തലമുറ കുട്ടികളോട് പറഞ്ഞു. അപ്പോഴും തെയ്യക്കാവുകളിലൊക്കെ പണിക്കരുണ്ടായിരുന്നു. മുഖത്തെഴുതാനും, ഒട കെട്ടാനും, ചീനിക്കുഴലൂതാനും, ചെണ്ട കൊട്ടാനും, എല്ലാത്തിനും പണിക്കർ മുന്നിൽ നിന്നു. ചിലരൊക്കെ തെയ്യത്തെ തൊഴുത് കുറി വാങ്ങി മടങ്ങുമ്പോൾ അടുത്തുനിൽക്കുന്ന പണിക്കരെയും ഭക്തിയോടെ തൊഴുതു.

തെയ്യം കെട്ടൽ നിർത്തിയ കാലത്ത്, ദുബായിൽ തെയ്യം കെട്ടാൻ പോരുമോ എന്ന് ചോദിച്ച് ഒരാൾ വന്നപ്പോൾ പണിക്കർ അമ്പരന്നു പോയി. കോട്ടവും വളപ്പും ഇല്ലാണ്ടോ എന്ന് തിരിച്ചുചോദിച്ചപ്പോ, നിങ്ങടെ കൂട്ടരൊക്കെ ഇപ്പം സ്റ്റേജിലും റോഡ് ഷോയിലുമൊക്കെ തെയ്യം കേട്ടുന്നുണ്ട് പണിക്കരേ എന്നയാൾ പറഞ്ഞു. ജീവനുള്ളിടത്തോളം പൈസക്ക് വേണ്ടി തെയ്യത്തിനെ ഞാൻ വിക്കൂലാന്ന് അവരോട് ഉറപ്പിച്ചു പറഞ്ഞു. അയാൾ പറഞ്ഞതൊക്കെ സത്യാന്ന് അറിഞ്ഞപ്പോ അങ്ങനുള്ള കോലക്കാരോട് ദേഷ്യം തോന്നി. പിന്നെ തിരിച്ചറിഞ്ഞു, അവരുടെ ദാരിദ്ര്യത്തിനെ മറ്റുള്ളോര് മുതലാക്കുകയാണെന്ന്. ഇപ്പഴും തങ്ങള് ഇരയാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഓർത്തപ്പോൾ പണിക്കർക്ക് സഹിക്കാനാകാത്ത ദുഃഖം തോന്നി.

ഒറ്റയ്ക്ക് കിടക്കുന്ന രാത്രികളിലൊക്കെ പണിക്കർ ഓരോ തോറ്റം ചൊല്ലും. അപ്പോഴൊക്കെ അപ്പനും അപ്പാപ്പനും സ്വപ്നത്തില് ആ തെയ്യങ്ങളായി വരും. ഗുണം വരണേ എന്നും പറഞ്ഞ് മഞ്ഞൾക്കുറിയെടുത്ത് പണിക്കരുടെ തലയിലേക്ക് വച്ചു കൊടുക്കും. ചിലപ്പോഴൊക്കെ ഒറ്റച്ചിലമ്പ് കാലിലിട്ട് ലീല നടക്കുന്ന സ്വപ്നവും കാണും.

ഇക്കൊല്ലം തീച്ചാമുണ്ഡിയുണ്ട് പണിക്കരേ എന്ന് കമ്മിറ്റിക്കാരറിയിച്ചപ്പോൾ പണിക്കർക്ക് ഒരാശ തോന്നി. കഴിഞ്ഞ മൂന്നാണ്ടുകളായി തോന്നാത്ത ഒരാശ. മരിച്ച് തീയിലേക്ക് വീഴും മുൻപ്, ജീവനോടെ ഒരിക്കലൂടി തീയില് വീഴണം എന്ന്.

‘ഇക്കൊല്ലം ഞാൻ അടയാളം വാങ്ങട്ടെ..?' അവരോട് പണിക്കർ ചോദിച്ചു. ചോദ്യം കേട്ട് കമ്മിറ്റിക്കാര് അമ്പരന്നു.

‘ഈ പ്രായത്തിലാ, പണിക്കര്​ എന്ത്ന്നാ പറയ്ന്ന്, പ്രാന്ത് പറയല്ല', കമ്മിറ്റിക്കാരില് ഒരുവൻ ഒച്ച എടുത്തു.

‘പാലായി കൃഷ്ണൻ പരപ്പേൻ തീച്ചാമുണ്ഡിക്ക് രൂപം കൊടുത്തപ്പോ വയസ്സ് നിർണയിച്ചിട്ടില്ല' പണിക്കർ മഞ്ഞനിറമുള്ള ഉള്ളംകയ്യിൽ നോക്കി.

‘അതാരാ ഈ പരപ്പേൻ' എന്ന് കൂട്ടത്തിലൊരുത്തൻ ചോദിച്ചപ്പോൾ മറ്റുള്ളവരൊക്കെ കൈമലർത്തി. പണിക്കർക്ക് പ്രായമാകുംതോറും ഓരോ പ്രാന്ത് പറയുന്നതാ എന്ന് മറ്റാരോ പറഞ്ഞു. പിന്നൊന്നും എതിർത്തുപറയാൻ പണിക്കർക്ക് തോന്നിയില്ല.

‘തീച്ചാമുണ്ഡി മിനിമം നൂറ്റിപത്തു വട്ടമെങ്കിലും തീയില് തുള്ളിയാലേ കാണുന്നോർക്ക് ഒരു ത്രില്ല് ഉണ്ടാവൂ പണിക്കരേ' വന്നവരിലെ തീരെ ചെറിയ പയ്യൻ അത്രയും പറഞ്ഞപ്പോഴേക്കും മറ്റുള്ളവർ അവനെ വിലക്കി.

‘ചെറിയ ചെക്കനാ, പണിക്കര് ക്ഷമിക്ക്’, മറ്റാരോ പറഞ്ഞു.

‘പണിക്കർക്കൊന്നും എനി ഒരു വട്ടം പോലും തീയില് തുള്ളാൻ പറ്റൂലാ, തീച്ചാംമുണ്ഡി കെട്ടാൻ പോയിട്ട് ചാമുണ്ഡി കെട്ടാൻ പോലും എനി പണിക്കരെ കൊണ്ട് പറ്റുംന്ന് തോന്നുന്നില്ല', കൂട്ടത്തിലാരോ പിറുപിറുത്തു.

‘നമ്മളെ സഞ്ജു ഇല്ലേ? ഓനെ​ക്കൊണ്ട്​ തീച്ചാമുണ്ഡി കെട്ടിക്കാന്നാ വിചാരിക്കുന്ന്. ചെറിയ ചെക്കനാന്ന്. പണിക്കർക്ക് എതിര് വല്ലോമുണ്ടോ...?' ഇല്ലെന്ന് പണിക്കർ തലയാട്ടി. കമ്മിറ്റിക്കാർ എന്തോ പരസ്പരം പിറുപിറുത്തു മുറ്റത്തേക്കിറങ്ങി.

ദിവസങ്ങൾ കഴിഞ്ഞു. കോട്ടത്ത് ഒരുക്കം പൂർത്തിയായി. തെയ്യം തുടങ്ങുന്ന ദിവസം സന്ധ്യയ്ക്ക് മുൻപേ പണിക്കർ കോട്ടത്തെത്തി.

മേടം ഒൻപതിന് സന്ധ്യയ്ക്ക് തീയന്മാര് മേലേരിക്ക് തീ കൊളുത്തി. തോറ്റം ചൊല്ലാൻ ഇറങ്ങുന്നതിനുമുൻപ് കോലക്കാരൻ പണിക്കരുടെ കാലിൽ വീണു നമസ്‌കരിച്ചു. പണിക്കർ അയാളെ നിറഞ്ഞനുഗ്രഹിച്ചു. തീച്ചാമുണ്ഡി തോറ്റം ചൊല്ലി, പണിക്കർ അടുത്തുനിന്ന് തോറ്റം ഏറ്റുപാടി. ആർപ്പുവിളികളോടെ വന്ന കാഴ്ചക്കുലകൾക്കുചുറ്റും ചാമുണ്ഡിത്തോറ്റം പായാൻ തുടങ്ങിയപ്പോൾ ജനങ്ങളൊക്കെ ആവേശത്തോടെ അത് കാണാനോടി. ഏകനായി പണിക്കർ കോട്ടത്തിന്റെ മുറ്റത്തുനിന്നു. ആണ്ടുകൾക്കുമുമ്പ് ആദ്യമായി തീച്ചാമുണ്ഡി കെട്ടുമ്പോൾ ചെയ്തതുപോലെ കോട്ടത്തെ ഭഗോതിയെ താണുവണങ്ങി. പിന്നെ പതിയെ പിന്നോട്ടുനടന്നു. കോട്ടത്തു നിന്ന്​ പണിക്കർ ഇറങ്ങി. പിറകിൽ ആൾക്കാരുടെ ആരവങ്ങൾ കേട്ടു.

പിറ്റേന്ന് പുലർച്ചെ തീച്ചാമുണ്ഡിയുടെ അഗ്‌നിപ്രവേശം കാണാൻ ജനങ്ങൾ അക്ഷമയോടെ കാത്തിരുന്നു. കോട്ടത്തുനിന്ന് ചെണ്ടകൊട്ടും ഗോവിന്ദാ വിളിയും ഉയർന്നപ്പോൾ തോടിനക്കരെ ദൈവമുണർന്നു. അരയിൽ ഒട കെട്ടി, മാറിലും കയ്യിലും ചന്ദനം തേച്ച്, തലച്ചമയങ്ങളോ കൈച്ചമയങ്ങളോ ഇല്ലാതെ, മുഖത്തെഴുത്തില്ലാതെ, നാല്പതോളമാണ്ടുകളായി ചിലമ്പ് കെട്ടി തഴമ്പിച്ച കാലുകളും, പൊള്ളിയും എല്ല് പൊട്ടിയും കേടുവന്ന ദേഹവുമായി നീര് നിറഞ്ഞ വലത്തേ കാലുന്തി പണിക്കർ മുറ്റത്തേക്കിറങ്ങി. കിഴക്കുഭാഗത്തേക്ക് നോക്കി കാർന്നോന്മാരെ വണങ്ങി. പരദേവതകളെ വണങ്ങി. കോട്ടത്തെ കൊട്ട് മുറുകി. പണിക്കരുടെ കണ്ണ് കലങ്ങി. ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ച് പണിക്കര് ചൊല്ലി.

എന്നെ ധരിച്ചാൽ ധരിച്ചവർക്കും, എന്നെ കാണാനും കേൾക്കാനും വന്ന ഏവർക്കും, അവരുടെ കന്നുകാലികൾക്കും പൈതങ്ങൾക്കും നാളെമേലാക്കത്തിന് മേലൈശ്വര്യത്തിനും ഗുണം വരണേ.... ഗുണം.....

കോട്ടത്ത് കനലിലേക്ക് വീഴാനൊരുങ്ങുന്ന തീച്ചാമുണ്ഡിയെ കൈകൂപ്പി തൊഴുത് കണ്ണ് തുടയ്ക്കുന്നതിനിടെ തോടിനക്കരെ ആകാശത്തോളമുയരുന്ന തീ കണ്ട് ഒരു വൃദ്ധ എന്റെ ചാമുണ്ഡി ദെയ്​വേ എന്നലറി വിളിച്ചു. ▮

Comments