സ്മിത ഗിരീഷ്

നരേന്ദ്രേട്ടന്റെ വീട്

തുടർച്ചയായ തരംഗ വ്യാപനം, നമ്മളെ ഹതാശയരാക്കിയിട്ടുണ്ട്. കൊറോണ കഴിഞ്ഞൊരു നാൾ ഉണ്ടാവുമോ എന്നുറപ്പില്ലാത്ത മട്ടിലായി കാര്യങ്ങൾ. തമ്മിൽ കൂടാനും, കാണാനും പങ്കുവെയ്ക്കാനും, ചങ്കുചേർക്കാനുമുള്ള സാമൂഹ്യ ജീവിതത്വരയിൽ നിന്നും ഓരോരുത്തരും സാവധാനം അവനവനിലേയ്ക്ക് മാത്രം ചുരുങ്ങുകയാണ്.

ടൗണിലെ അധികം തിരക്കില്ലാത്ത ഒരു പോക്കറ്റ് റോഡ് പിടിച്ച്, ഒരിടത്ത് പോയി മടങ്ങുകയാണ്. പൂക്കളും, മനുഷ്യരും വാടാത്ത ഓണവെയിലാണ്. ഓണക്കാലമാണ്. ഉച്ചതിരിഞ്ഞ നേരമാണ്. വീടുകളിൽ കാളൻ കുറുക്കുന്നതിന്റേയും ഉപ്പേരി വറക്കുന്നതിന്റെയുമൊക്കെ മിശ്രഗന്ധങ്ങൾ മൂക്ക് പിടിച്ചെടുക്കുന്നുണ്ട്.

അങ്ങനെ നടന്നു വരുമ്പോഴാണ് റോഡിനടുത്തുള്ള മുൻവശം ഗ്രില്ലിട്ട ഒരു പഴയ ഇരുനില വീട് കണ്ടത്. അതിന്റെ മുറ്റത്ത് ഒരു ഭാഗത്തായി ഇളംവലയറ്റ് നിറത്തിൽ, നീണ്ട ഇലക്കുലകളുള്ള ഒരു കരിനെച്ചിമരം റോഡിലേയ്ക്ക് ലേശം ചാഞ്ഞു നിൽപ്പുണ്ട്. ചില്ലകളിൽ അടയ്ക്കാക്കിളികൾ പറന്നു കളിക്കുന്നുണ്ട്.
കരിനെച്ചിയിലയിട്ട് എണ്ണ കാച്ചി മുടിയിൽ തേയ്ക്കണമെന്ന് ഏറെ നാളായി കരുതുന്നു. പച്ചനെല്ലിക്ക കുരു സഹിതം ചതച്ചു നീരെടുത്ത്, കരിംജീരകവും കരിനെച്ചിയിലയും ചേർത്ത് എണ്ണകാച്ചി, തലയിൽത്തേച്ചാൽ നീരുവീഴ്ച പ്രശ്‌നങ്ങൾ ഉണ്ടാവില്ല എന്ന് കേട്ടിട്ടുണ്ട്. പോരാത്തതിന് അമ്മയും വീട്ടിലുണ്ട്.കരി നെച്ചിയിലയിട്ട് എണ്ണകാച്ചിത്തരാൻ ആളായി.

സുബാല, നിർവികാരയായി ഗ്രില്ലിട്ട വരാന്തയിൽ തിരിഞ്ഞു നിന്നുകൊണ്ട് തന്റെ കെട്ടിവെച്ച മുടിക്കെട്ടിളക്കിയഴിച്ചു. എന്റെ കൺമുന്നിലേക്ക് ഒരു കറുത്ത പുഴ, പുളഞ്ഞിറങ്ങി നിലത്തുവീണ് വലിഞ്ഞു നീന്തി

എല്ലായിടവും കാണാത്ത ഒരു മരമാണ് അത്.
എനിക്കാണെങ്കിൽ, ഇത്തിരി തണുപ്പടിച്ചാൽ, ചൂടു കൊണ്ടാൽ തല നീരിറക്ക പ്രശ്‌നങ്ങൾ പെട്ടന്ന് ഇളകും. ജലദോഷം ഒഴിയാത്ത പ്രകൃതമാണ്.

കുറച്ച് കരിനെച്ചിയില വീട്ടുകാരോട് ചോദിക്കാം. അങ്ങോട്ടു കയറി. ബെല്ലടിച്ചപ്പോൾ വീട്ടുടമ പുറത്തേക്കു വന്നു.നരേന്ദ്രൻ എന്നയാളുടെ വീടായിരുന്നു അത്. വീടിന് മുന്നിൽ ചാണകം മെഴുകി അത്തപ്പൂക്കളം ഇട്ടിരുന്നു. അതിൽ ബോൾസും ചെമ്പകവും, തുമ്പയും കൃഷ്ണകിരീടവും വാടിക്കിടന്നു.
എണ്ണ മെഴുക്കുള്ള മുടിയും, കുടവയറുമുള്ള നരേന്ദ്രേട്ടന് 52 വയസുണ്ട്. വിദേശത്തായിരുന്നു. നാട്ടിൽ സെറ്റിലായിട്ട് കുറച്ച് വർഷമായി. സൗഹൃദം തോന്നിപ്പിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. കുറച്ചുസമയത്തിനുള്ളിൽ താൻ ജോലി ചെയ്തിരുന്ന ഒമാന്റെ ഭൂപ്രകൃതി മുതൽ നാട്ടിലെ വിലക്കയറ്റം വരെ സംസാരവിഷയമായി.

കരിനെച്ചി മാത്രമല്ല, വീടിനുപിന്നിൽ താൻ നട്ടുവളർത്തിയ പച്ചക്കറിത്തോട്ടം കൂടി നരേന്ദ്രേട്ടൻ കാണിച്ചു തന്നു. എണ്ണ കാച്ചുന്നതിനായി കയ്യുന്നിയും, കറ്റാർവാഴപ്പോളയും, നീലമരിയും നിലപ്പനയും നരേന്ദ്രേട്ടൻ പൊതിഞ്ഞു തന്നു.

എണ്ണ കാച്ചുവാനാണ് കരിനെച്ചിയില എന്നു പറഞ്ഞപ്പോൾ, താനിതിവിടെ വളർത്തുന്നത് സുബാലയുടെ മുടി സംരക്ഷിക്കാനാണ് എന്നദ്ദേഹം പറഞ്ഞു. സുബാലയുടെ കേശ സംരക്ഷണത്തിനായി, കരിനെച്ചി മാത്രമല്ല, കറ്റാർവാഴയും ബ്രഹ്മിയും കൈയ്യുന്നിയും വീട്ടിൽ വളർത്തുന്നുണ്ട്.

നരേന്ദ്രേട്ടൻ, സുബാലയെ വിളിച്ചു.
അവർ അദ്ദേഹത്തിന്റെ ഭാര്യ എന്നാണ് ഞാൻ കരുതുന്നത്.
സുബാലയാവട്ടെ, വളരെ ചെറുപ്പം തോന്നിച്ച ഒരു സ്ത്രീയായായിരുന്നു.
അവർ പല തട്ടുകളുള്ള പാവാടയാണ് ധരിച്ചിരുന്നത്.
‘നിന്റെ മുടി, ഇവരെ ഒന്നു കാണിച്ചു കൊടുക്കൂ'; നരേന്ദ്രേട്ടൻ, സുബാലയോട് പറഞ്ഞു.

സുബാല, നിർവികാരയായി ഗ്രില്ലിട്ട വരാന്തയിൽ തിരിഞ്ഞു നിന്നുകൊണ്ട് തന്റെ കെട്ടിവെച്ച മുടിക്കെട്ടിളക്കിയഴിച്ചു. എന്റെ കൺമുന്നിലേക്ക് ഒരു കറുത്ത പുഴ, പുളഞ്ഞിറങ്ങി നിലത്തുവീണ് വലിഞ്ഞു നീന്തി. അത്ര വലിയ മുടി ഇക്കാലത്തിനിടയിൽ ഞാൻ മറ്റാർക്കും കണ്ടിട്ടില്ല. അതിശയിച്ചു പോയി.
സുബാല എനിക്ക് മുന്നിൽ നൃത്തം ചെയ്തു തീർന്ന പോലെ വട്ടം കറങ്ങി നിലത്തിരുന്നു. അടുക്കുകളുള്ള പാവാടയും, അഴിഞ്ഞ മുടിയും അവർക്ക് ചുറ്റും പരന്നു. ആ കാഴ്ച അനിർവചനീയമായിരുന്നു. നിലത്തിട്ട തട്ടുകളുള്ള അത്തപ്പൂക്കളം പോലെ അവരെ തോന്നിപ്പിച്ചു. നരേന്ദ്രേട്ടൻ അഭിമാനത്തോടെ എന്നെ നോക്കി. പതിവു നാടകം കളിച്ച മട്ടിൽ സുബാല എഴുന്നേറ്റ് അകത്തേക്ക് കയറിപ്പോയി. അവർ പിന്നീട് ഇറങ്ങിവന്നതേയില്ല.

കരിനെച്ചി മാത്രമല്ല, വീടിനുപിന്നിൽ താൻ നട്ടുവളർത്തിയ പച്ചക്കറിത്തോട്ടം കൂടി നരേന്ദ്രേട്ടൻ കാണിച്ചു തന്നു. എണ്ണ കാച്ചുന്നതിനായി കയ്യുന്നിയും, കറ്റാർവാഴപ്പോളയും, നീലമരിയും നിലപ്പനയും നരേന്ദ്രേട്ടൻ പൊതിഞ്ഞു തന്നു. യാത്രയയയ്ക്കുമ്പോൾ ഇനിയും ഭർത്താവും, മകനുമായി ഈ വഴി വരണമെന്ന് അദ്ദേഹം പറഞ്ഞു.

തമ്മിൽ തൊടാതിരിക്കാൻ ശ്രദ്ധിച്ച് മനുഷ്യർ ക്യൂ നിൽക്കുന്നതു പോലെ കരുതലോടെ പട്ടണത്തെ മെല്ലെ ചലിപ്പിക്കുന്ന കാഴ്ച അപരിചിതമായി തോന്നി. മൂടുപടത്തിൽ നിന്നും ഉണർന്നെഴുന്നേൽക്കാനിഷ്ടമില്ലാത്തൊരു നിശ്ശബ്ദയാണ് അതിന്റെ തീം എന്നുതോന്നി.

അതിനുശേഷം മൂന്നോ, നാലോ വർഷങ്ങളുടെ ഓണക്കാലം കഴിഞ്ഞു. പിന്നീടിതുവരെ അങ്ങോട്ട് പോവാൻ കഴിഞ്ഞിട്ടില്ല. ഇന്നെന്തിനോ നരേന്ദ്രേട്ടന്റെ വീടോർത്തു. കരിനെച്ചിയിട്ടു കാച്ചിയ എണ്ണയുണ്ടാക്കാൻ തോന്നി. ഈ ഓണക്കാലത്ത് എന്റെ സ്‌നേഹിതയുടെ മകന്റെ വിവാഹമാണ്.കൊറോണയായതുകൊണ്ട് പല ദിനങ്ങളിലായാണ് ആഘോഷ സൽക്കാരങ്ങൾ. അതിഥികളെ ചെറിയ കൂട്ടങ്ങളായിട്ടാണ് ക്ഷണിച്ചിട്ടുള്ളത്.
പണ്ടേപ്പോലെ പുറത്തു പോവാൻ മുടി മിനുക്കി, മുഖമൊരുക്കി ഇറങ്ങേണ്ടാത്തതില്ലാത്തതു കൊണ്ട് ഇപ്പോൾ എളുപ്പമാണ് കാര്യങ്ങൾ. മൂക്കു മുതൽ മുഖം മറയ്ക്കുന്ന മാസ്‌ക്കിനു കാണാൻ വേണ്ടി മാത്രം എന്തിന് കവിളിൽ പൗഡറിടണം, ചുണ്ടിൽ ബാം പുരട്ടണം? ഇത്തരത്തിൽ നോക്കിയാൽ കാര്യങ്ങൾ പെണ്ണുങ്ങൾക്ക് എളുപ്പമായിട്ടുണ്ട്.

ആളുകൾ വരന്റെ ഗൃഹത്തിൽ വന്നു പോകുന്നുണ്ട്.
മുഖക്കച്ചവെച്ചത് കൊണ്ട് പരിചയക്കാരെ പലരേയും മനസിലാവുന്നില്ല.
കണ്ണുകൾ കൊണ്ട് ചിരിക്കേണ്ട വിദ്യ നമ്മൾ ഇനി പരിശീലിക്കേണ്ടിയിരിക്കുന്നു. മനുഷ്യർ തമ്മിൽ ഇടപഴകാനും, കൈ പിടിക്കാനും, ചേർന്നു നിൽക്കാനും ഭയക്കുന്നതു പോലെ തോന്നി. എല്ലാ ദിവസവും വന്നുകൂടേണ്ട വിവാഹദിനങ്ങളാണിത്. വൈകീട്ട് മകനുമായി വരാമെന്നുപറഞ്ഞ് ഞാനിറങ്ങി. ഓണമായിട്ട് കുറച്ച് സാധനങ്ങൾ വാങ്ങേണ്ടതുമുണ്ട്.
മൂടിക്കെട്ടിയ കാലാവസ്ഥയാണ്. ടൗൺ അടുത്തായതു കൊണ്ട് നടന്നു പോകാമെന്ന് കരുതി. ‘‘ഉത്രാടരാത്രിയിൽ ഉണ്ണാതുറങ്ങാതെ ഉമ്മറപ്പടിയിൽ ഞാൻ കാത്തിരുന്നു... ''
എന്ന പാട്ടിന്റെ വരികൾ എവിടുന്നോ കേൾക്കുന്നുണ്ട്. തൊടുപുഴയിലെ കുട്ടിക്കാലത്തെ, ഓണങ്ങളുടെ ഓർമയാണിത്. അക്കാല ഓണമെന്നാൽ ‘മിനി പബ്ലിസിറ്റി ബ്യൂറോ' എന്ന കലാ സാഹിത്യ സാംസ്‌ക്കാരികസംഘടനയുടെ പരിപാടികളില്ലാതെ തൊടുപുഴക്കാർക്ക് ഓർത്തെടുക്കാനേ പറ്റില്ല. ധാരാളം മത്സരങ്ങൾ. ഉത്രാട ദിനം വൈകിട്ട് സമാപനം.

ഉത്രാടദിന ആഘോഷങ്ങൾ തൊടുപുഴയാറിനടുത്തുള്ള പഴയ ടൗൺഹാളിലാവും. ഇന്നത്തെ പ്രശസ്ത സംഗീതജ്ഞ ബിന്നികൃഷ്ണകുമാറൊക്കെ അന്നവിടെ പാടാൻ വരുന്ന സമപ്രായക്കാരായ കുട്ടികളിലൊരാളാണ്. ഞങ്ങൾ ഓണത്തിന് വാങ്ങിയ പുതിയ ഉടുപ്പൊക്കെയിട്ട് അങ്ങോട്ടു പോകും. ഉത്രാടരാത്രിയിലുണ്ണാതുറങ്ങാതെ എന്ന ഈ പാട്ടാണ് ഉച്ചഭാഷിണിയിൽ പരിപാടികളുടെ ഇടവേളകളിൽ നാടകഗാനങ്ങൾക്കൊപ്പം വെയ്ക്കുക. ഈ പാട്ടുകേൾക്കുമ്പോൾ, അർത്ഥം ചികഞ്ഞെടുക്കാൻ അറിയില്ലെങ്കിലും എന്തിനെന്നറിയാത്ത വിഷാദം തോന്നിയിരുന്നു.

തൊടുപുഴ ടൗൺഹാൾ

പെരുമ്പാവൂർകാരനായ ഉണ്ണിച്ചേട്ടനായിരുന്നു മിനിയുടെ അമരക്കാരൻ. വിശ്രമമില്ലാതെ ആഘോഷപരിപാടികൾ നടത്തിപ്പിച്ച്, മൈക്ക് സെറ്റ് മുതൽ കർട്ടൻ വരെയുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം കഴിച്ച് വരുമ്പോൾ തിരുവോണത്തിന് ഉണ്ണിച്ചേട്ടന് മിക്കവാറും വീട്ടിൽ പോകാൻ കഴിയാറില്ല. കേരളാ ബേക്കറിക്ക് മുകളിലുള്ള മിനിയുടെ ഇടുങ്ങിയ ഓഫീസിൽ തലേന്നത്തെ ചുളുങ്ങിയ മുണ്ടും ഷർട്ടുമിട്ട് ഉറക്കച്ചടവോടെ കൂനിയിരിക്കുന്ന ഓണം ചുമലിലേറ്റിയ ആ ഒരാളെ, അച്ഛനൊപ്പം അവിടെപ്പോയി, വീട്ടിലേക്ക് ഉണ്ണാൻ വിളിച്ചുകൊണ്ടുവരുന്ന ഓർമ മനസ്സിലുണ്ട്.

ഇന്ന് മഴക്കാറും, കാറ്റുമുണ്ട്.
കൊറോണക്കാലമെങ്കിലും ടൗണിൽ ഓണത്തിരക്കുണ്ട്.

തമ്മിൽ തൊടാതിരിക്കാൻ ശ്രദ്ധിച്ച് മനുഷ്യർ ക്യൂ നിൽക്കുന്നതു പോലെ കരുതലോടെ പട്ടണത്തെ മെല്ലെ ചലിപ്പിക്കുന്ന കാഴ്ച അപരിചിതമായി തോന്നി. മൂടുപടത്തിൽ നിന്നും ഉണർന്നെഴുന്നേൽക്കാനിഷ്ടമില്ലാത്തൊരു നിശ്ശബ്ദയാണ് അതിന്റെ തീം എന്നുതോന്നി.

താലിബാനെതിരെ മുദ്രാവാക്യമെഴുതി എസ്.എഫ്.ഐക്കാർ കെട്ടിയ കറുത്ത ബാനറിൽ ചാരിയിരുന്ന് ഒരു കളിപ്പാട്ടവിൽപ്പനക്കാരൻ മാസ്‌ക്ക് താഴ്​ത്തി ഫോൺ ചെയ്യുന്നുണ്ട്. അയാൾക്ക് മുന്നിൽ നിലത്ത് നിരത്തി വെച്ച വർണക്കടലാസൊട്ടിച്ച വൃത്തത്തിലുള്ള നിറപമ്പരങ്ങൾ കാറ്റിൽ കറങ്ങി.

കടകളെല്ലാം തുറന്നിട്ടുണ്ട്. അവിടെയൊക്കെ കയറണമെങ്കിൽ സാനിറ്റൈസർ കൈകളിൽ തിരുമ്മണം. രജിസ്റ്ററിൽ ഫോൺ നമ്പർ, പേരു സഹിതം എഴുതണം. കച്ചവടക്കാരുടേയും, ജോലിക്കാരുടേയും ഭാവങ്ങളിൽ യാതൊരുത്സാഹവുമില്ല. പലടത്തും ജീവനക്കാർ കുറവാണ്. തുണിപ്പീടികകളിൽ തിരക്ക് കുറഞ്ഞിട്ടുണ്ട്.ചില്ലറ സാധനങ്ങൾ വാങ്ങി അങ്ങനെ നടന്നു. ഉപ്പേരിയും എണ്ണക്കടികളും വിൽക്കുന്ന കടകളിൽ വറവും പായ്ക്കിങ്ങും കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്.

പച്ചക്കറി, പഴക്കടകൾക്ക് മുന്നിൽ നിന്നു. മത്തൻ, ഇളവൻ, പാവയ്ക്ക, കോവയ്ക്ക പച്ചമുളക്, വേപ്പില, ഇഞ്ചി തുടങ്ങി എല്ലാമുണ്ട്. 50 രൂപയ്ക്ക് കിട്ടിയിരുന്ന സാമ്പാർ /അവിയൽ കിറ്റിന് വില കൂട്ടിയിട്ടുണ്ട്. പട്ടാമ്പി റോഡിലെ മാർക്കറ്റ് വഴിയിൽ ധാരാളം കായക്കുല കച്ചവടക്കാരെ കാണാം. ഓണത്തിന് കായക്കുല കുന്നംകുളത്ത് വീടുകളിൽ നിർബന്ധമാണ്.
വഴിവാണിഭക്കാരിയുടെ പച്ചക്കറിക്കൂനയിൽ നിന്ന് ഞാൻ എടുക്കാൻ നോക്കിയപ്പോൾ ഒരു വടുകപ്പുളി നാരങ്ങ ഉരുണ്ട് റോഡിലേക്ക് പോയി. യൂട്യൂബിലെ ക്രഷിങ്ങ് ക്രൻചി മോഡലിൽ നോക്കി നിൽക്കേയത് ഒരു സ്‌ക്കൂട്ടറിന്റെ വീലിനടിയിൽപെട്ട് ചതഞ്ഞുപൊട്ടി. താലിബാനെതിരെ മുദ്രാവാക്യമെഴുതി എസ്.എഫ്.ഐക്കാർ കെട്ടിയ കറുത്ത ബാനറിൽ ചാരിയിരുന്ന് ഒരു കളിപ്പാട്ടവിൽപ്പനക്കാരൻ മാസ്‌ക്ക് താഴ്​ത്തി ഫോൺ ചെയ്യുന്നുണ്ട്. അയാൾക്ക് മുന്നിൽ നിലത്ത് നിരത്തി വെച്ച വർണക്കടലാസൊട്ടിച്ച വൃത്തത്തിലുള്ള നിറപമ്പരങ്ങൾ കാറ്റിൽ കറങ്ങി. പൂവിൽപ്പനക്കാരന്റെ മുന്നിൽ നിരത്തിയിട്ട പൂക്കളപ്പൂക്കളിൽ വരവുകാരായ ജമന്തിയും ബന്ദിയുമാണ് ഏറെയും. പൂക്കളത്തിലെ സ്ഥിരം കക്ഷിയായ വാടാമല്ലിയെ കാണാനേയില്ല. നടന്നും വാഹനങ്ങളിലും പോകുന്ന ഓരോ മനുഷ്യരും കെട്ടിപ്പൊതിഞ്ഞടച്ച ഓരോ പേടകങ്ങളായി തോന്നി. ഒത്തൊരുമയുടേയും, വസന്തത്തിന്റെയും, സന്തോഷത്തിന്റേയും സന്ദേശമാണ് മുൻകാലങ്ങളിലെ ഓണം കൊണ്ടു വന്നിരുന്നതെങ്കിൽ, ഇക്കാലത്തത്, നിശ്ചിത സാമൂഹ്യ അകലം പാലിച്ചുള്ള അനുഷ്ഠാനമായി മാറണമെന്ന നിർദ്ദേശമായി പരിണമിച്ചിട്ടുണ്ട്.

കടകളെല്ലാം തുറന്നിട്ടുണ്ട്. അവിടെയൊക്കെ കയറണമെങ്കിൽ സാനിറ്റൈസർ കൈകളിൽ തിരുമ്മണം. രജിസ്റ്ററിൽ ഫോൺ നമ്പർ, പേരു സഹിതം എഴുതണം. കച്ചവടക്കാരുടേയും, ജോലിക്കാരുടേയും ഭാവങ്ങളിൽ യാതൊരുത്സാഹവുമില്ല.

രണ്ടു വർഷത്തെ തുടർച്ചയായ അടച്ചിരുപ്പ് മനുഷ്യരിൽ അവനവനിലേക്ക് മാത്രം ഒളിച്ചിരുത്താനുതകുന്ന ഇരുട്ട് സൃഷ്ടിച്ചിട്ടുണ്ട്. കൊറോണയുടെ തുടക്കകാലത്ത് ഇക്കാലവും കഴിഞ്ഞുപോകും എന്ന മട്ടിൽ പ്രത്യാശയോടെ നിൽക്കുന്നിടത്ത് സന്തോഷം കണ്ടെത്താനും, ഒരുമിക്കാനും ആളുകൾ ശ്രമിച്ചിരുന്നു. പക്ഷേ തുടർച്ചയായ തരംഗ വ്യാപനം, നമ്മളെ ഹതാശയരാക്കിയിട്ടുണ്ട്. കൊറോണ കഴിഞ്ഞൊരു നാൾ ഉണ്ടാവുമോ എന്നുറപ്പില്ലാത്ത മട്ടിലായി കാര്യങ്ങൾ. തമ്മിൽ കൂടാനും, കാണാനും പങ്കുവെയ്ക്കാനും, ചങ്കുചേർക്കാനുമുള്ള സാമൂഹ്യ ജീവിതത്വരയിൽ നിന്നും ഓരോരുത്തരും സാവധാനം അവനവനിലേയ്ക്ക് മാത്രം ചുരുങ്ങുകയാണ്.

സാധനങ്ങൾ വാങ്ങിക്കഴിഞ്ഞപ്പോൾ, ഒരു ഓട്ടോ പിടിച്ച് നരേന്ദ്രട്ടന്റെ വീടു വഴി തിരികെ മടങ്ങാമെന്നു കരുതി.
ഓണം എന്ന ഉത്സവത്തെ, അതിന്റെ എല്ലാ വിധ മാമൂലുകളോടും ഘോഷിച്ച ഒരോർമ്മയും കുട്ടിക്കാലം മുതൽ ഒരിക്കലുമുണ്ടായിട്ടില്ല. ഞാൻ പരിചയിച്ച തൊടുപുഴ വീട്ടിലെ ഓണമേയായിരുന്നില്ല കുന്നംകുളത്തെ ഓണം. ആനപ്രേമവും പൂരപ്രേമവും മാത്രമല്ല, തൃശൂർക്കാർ പൊതുവെ വലിയ ആഘോഷപ്രിയരാണ്. ഓണമൊക്കെ ഏവരും ഗംഭീരമായി ആഘോഷിക്കും. മത്സ്യ മാംസാദികൾ വരെ സദ്യയ്‌ക്കൊപ്പം വിളമ്പാറുണ്ട്. ഓണസമ്മാനങ്ങൾ, ഓണവസ്ത്രങ്ങൾ, പൂക്കളങ്ങൾ, കായക്കുല, ഓണക്കളികൾ, ഊഞ്ഞാലാട്ടം എന്നിവയൊക്കെ കണിശമാണ്. ഗുരുവായൂരമ്പലത്തിലും പരിസരത്തും ഓണക്കാലം കാഴ്ചകളുടെ സ്വർണ്ണപ്പൂക്കളങ്ങളാണ്.

ഓണക്കാലമല്ലെങ്കിൽ കൂടി, കുന്നംകുളത്ത് ധാരാളം സാംസ്‌ക്കാരിക പരിപാടികൾ കാണും. റീഡേഴ്‌സ് ക്ലബ്ബിൽ പുസ്തക ചർച്ച, കഥകളി ക്ലബ്ബ് നടത്തുന്ന കളിമേളങ്ങൾ, ഫേസ് കൂട്ടായ്മ പോലുള്ള സംഘടനകളുടെ സംഗീത സന്ധ്യകൾ, നാടക മേള എന്നിങ്ങനെ, മനുഷ്യരെ തമ്മിൽ കൈകോർത്തു നിർത്തുന്ന എത്രയേറെ വേദികൾ. കൂടിച്ചേരലുകൾ.

കുന്നംകുളം കോടതിയിലും, ചാവക്കാട് കോടതിയിലും പൂക്കളമിട്ട്, സദ്യയൊരുക്കി കലാപരിപാടികൾ നടത്തി ഓണ ദിവസം കോർട്ടവധിക്ക് മുൻപ് അഭിഭാഷകർ ഘോഷിച്ചിരുന്നു. ഒക്കെയുമിപ്പോൾ കൊറോണക്കാലത്ത് നാമമാത്ര ചടങ്ങുകളായി ചുരുങ്ങി.
ഓട്ടോ നരേന്ദ്രന്റെ വീടിരുന്ന ആ സ്ഥലത്തെത്തിയിട്ടുണ്ട്. കരി നെച്ചിമരം അടയാളമാക്കിയ വീട് കൃത്യമായി കണ്ടെടുക്കാനായില്ല. എങ്കിലും കുറച്ചു സമയം കൊണ്ട് തിരഞ്ഞുപിടിച്ചു. ആ മരം പക്ഷേ അവിടെയുണ്ടായില്ല. എന്നാൽ അതിനോട് ചേർന്ന് പുതിയൊരു വീട് കണ്ടു. അവിടെക്കയറി ചോദിക്കാമെന്ന് കരുതി.

വീട്ടുമുറ്റത്ത് ജമന്തിയും, ബന്ദിയും ചേർത്ത് ചെറുപൂക്കളമിട്ടിട്ടുണ്ട്.
സിറ്റൗട്ടിലിരുന്ന് പത്രം വായിച്ച സ്ത്രീ സുബാല തന്നെയെന്ന് മനസിലായി. അവരുടെ അത്ഭുത കഥകളിലെ പോലുള്ള ആ നീൾമുടി പക്ഷേ ബോയ്ക്കട്ടടിച്ചിരുന്നു!. അവർ പാവാട തന്നെയാണ് ധരിച്ചിരുന്നത്. കണ്ണട വെച്ചിട്ടുണ്ട്. ഭാവങ്ങളിൽ ആത്മവിശ്വാസവും പ്രസന്നതയുമുണ്ട്. അവർക്കെന്നെ തീരെ മനസിലായില്ല. സുബാല അകത്തേക്കുപോയി.

തിരിച്ച് വീട്ടിലേക്ക് പോവുമ്പോൾ മനുഷ്യർ ആത്മവിശ്വാസമില്ലാത്തവരും, അപരിചിതരുമാകുന്ന, ഉള്ളിലേയ്ക്ക് നിഷ്‌ക്രമിക്കുന്ന മഹാമാരിക്കാലത്ത്, നരേന്ദ്രനും, സുബാലയും ഇപ്പോൾ ഉണ്ടോ എന്നും അപ്പോൾ ഉണ്ടായിരുന്നോ എന്നും ഉറപ്പില്ലാത്ത മനുഷ്യരാണല്ലോ എന്നു ഞാൻ ന്യായമായും ചിന്തിച്ചു.

ഉള്ളിൽ നിന്ന് നരേന്ദ്രേട്ടൻ മാസ്‌ക്ക് വെച്ച് ഇറങ്ങി വന്നു. അദ്ദേഹം മെലിഞ്ഞിട്ടുണ്ട്. എന്തൊക്കെയോ മാറ്റങ്ങളുള്ളതുപോലെ തോന്നി.
ഞാൻ എന്നെ പരിചയപ്പെടുത്തി, മുൻപ് വന്നിട്ടുണ്ടെന്ന് ഓർമപ്പെടുത്തി. കരിനെച്ചി കിട്ടുമോയെന്ന് ചോദിച്ചു.

നരേന്ദ്രേട്ടൻ മരിച്ചു പോയെന്നും, ആ വീട്ടിൽ ആൾതാമസമില്ലെന്നും, അവിടെ നിന്ന മരങ്ങൾ വെട്ടിയെന്നും അയാൾ പറഞ്ഞു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അയാൾക്ക് നരേന്ദ്രേട്ടന്റെ അതേ ഛായ തന്നെയായിരുന്നു.!

കൊറോണക്കാലമല്ലേ, നിങ്ങൾ അപരിചിതർ ഇങ്ങനെ വീടുകളിൽ വരുന്നത് ശരിയല്ല എന്നു പറഞ്ഞ് അയാൾ എനിക്കുമുന്നിൽ വാതിലടച്ചുപോയി.
സത്യമാണത്. എനിക്ക് പരിഭവം തോന്നിയില്ല.

പക്ഷേ ജീവിച്ചിരിക്കുന്ന ഒരാൾ, മുൻപ് കണ്ടയാളോട്, താൻ മരിച്ചുപോയി എന്നൊക്കെപ്പറഞ്ഞാലോ? ചിന്തകൾ കുരുക്കി. ഗ്രില്ലിട്ട വീടിന്റെ ഭാഗത്തേക്ക് നടന്നു. അവിടെ ആൾത്താമസമില്ല എന്ന് മനസ്സിലായി. അവിടെ നരേന്ദ്രേട്ടൻ വരാന്തയിലെ ചുമരിൽ ഫ്രെയിം ചെയ്തു വെച്ച ഫോട്ടോയിലിരുന്ന് എന്നെ പരിചയ ഭാവത്തിൽ നോക്കി.

തിരിച്ച് ഓട്ടോയിൽ വീട്ടിലേക്ക് പോവുമ്പോൾ മനുഷ്യർ ആത്മവിശ്വാസമില്ലാത്തവരും, അപരിചിതരുമാകുന്ന, ഉള്ളിലേയ്ക്ക് നിഷ്‌ക്രമിക്കുന്ന മഹാമാരിക്കാലത്ത്, നരേന്ദ്രനും, സുബാലയും ഇപ്പോൾ ഉണ്ടോ എന്നും അപ്പോൾ ഉണ്ടായിരുന്നോ എന്നും ഉറപ്പില്ലാത്ത മനുഷ്യരാണല്ലോ എന്നു ഞാൻ ന്യായമായും ചിന്തിച്ചു. നിശ്ചയമായും മാസ്‌ക്ക് കാലത്തിന്റെ സങ്കീർണ്ണതകൾക്കും ഗൗരവങ്ങൾക്കുമിടയിൽ, ഇത്തരം കാഴ്ചകൾക്കും യുക്തികൾക്കും ഭൂതകാലത്തിനുമൊരു പ്രസക്തിയുമില്ല എന്നുമുറപ്പിച്ചു.

ഇപ്പോൾ മഴയുണ്ട്. തണുപ്പുണ്ട്. പുറത്തുപോയി വീട്ടിൽ കയറിയാലുടൻ കുളിയ്ക്കാൻ ഓടേണ്ട കാര്യമോർത്തപ്പോൾത്തന്നെ മടി തോന്നി. ഓട്ടോ പറഞ്ഞുവിട്ട്, വാങ്ങിയ കവറുകൾ താങ്ങി വീട്ടിലേക്ക് കയറുമ്പോൾ എന്തുകൊണ്ടോ Together in a sudden strangeness എന്ന നെരുദയുടെ വരികൾ, മനസിലേക്ക് തണുത്ത കാറ്റുപോലെ ഇരച്ചെത്തി.

ഈ പേരിൽ അമേരിക്കൻ കവികളുടെ പാൻഡമിക്ക് കവിതകൾ ഇറങ്ങിയിട്ടുണ്ടെന്ന് ഒരു സുഹൃത്ത് വിളിച്ചപ്പോൾ പറഞ്ഞത് ഓർത്തു. ▮

Comments