ചിത്രീകരണം : രാജേഷ് ചിറപ്പാട്

ഒപ്പ

മേരിമാതാ ഹോസ്പിറ്റൽ, എടക്കര.

ബാംഗ്താൻ സൊന്യോന്ദാൻ; ലോകം മുഴുവൻ ആരാധകരുള്ള മ്യൂസിക്ബാന്റിന്റെ കൊറിയൻ നാമം. ബി.ടി.എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള ബി.ടി.എസ് ആർമിയിലെ പെൺകുട്ടികൾക്ക് അവർ അത്രമേൽ പ്രിയപ്പെട്ടവരായതിനാൽ അവർ ബി.ടി.എസ് ബാന്റിലെ തനിക്ക് പ്രിയപ്പെട്ടവനെ ഒപ്പ എന്ന് സ്നേഹത്തോടെ വിളിക്കുന്നു. ഈ കൊറിയൻ പദത്തിന്റെ അർത്ഥം മുതിർന്ന സഹോദരൻ എന്നാണ്.

Oppa - older brother; term of endearment. Let's start with one of the basic Korean words, Oppa. If you are an avid Korean drama fan, I am sure that you have already heard the Korean word oppa a thousand times. Because of oppa word popularity, foreigners call any cute Korean man an oppa.

പുലർകാലത്തെ തണുത്തകാറ്റ് പച്ചനിറമുള്ള കർട്ടനെ വകഞ്ഞുമാറ്റി ജനൽവഴി കടന്ന് അലസമായി അവളുടെ കവിളിലേക്ക് കിടന്നിരുന്ന മുടിയിഴയിൽ പതിയെ തൊട്ടു. ജെറൂഷ മെല്ലെ കണ്ണുതുറന്നു. വെളുത്തപാട മൂടിയ കാഴ്ചയിലെ ഒരു പഴുതിലൂടെ അവൾ ചുറ്റുപാടുകളെ നോട്ടം കൊണ്ട് എത്തിപ്പിടിക്കാൻ ഒരു ശ്രമം നടത്തി.
ഒന്നും വ്യകതമല്ല. താനിപ്പോൾ എവിടെയാണെന്നു പോലും ഓർമകളുടെ അടരുകളിൽനിന്ന് അവൾക്ക് പരതിയെടുക്കാനായില്ല. മറവിയുടെ കനത്തൊരാവരണം ഓർമകളെ മൂടിക്കിടക്കുന്നു.
കൈകാലുകൾ അനക്കാനായി ഒരു ശ്രമം നടത്തിയപ്പോൾ അവക്കു മുകളിൽ വലിയ എന്തോ ഭാരം കയറ്റിവെച്ചപോലെ അവൾക്കുതോന്നി.
അടുത്തിരിക്കുന്നത് മമ്മി ആഗ്നസാണെന്ന് അവൾ ശ്രമപ്പെട്ട് തിരിച്ചെടുത്തു.
തല പതുക്കെ ചെരിച്ച് നോക്കിയപ്പോൾ അപ്പുറത്തുള്ള ചെറിയകട്ടിലിൽ പിന്റോ ചുരുണ്ടുകൂടി കിടക്കുകയാണെന്നും അവൾക്ക് മനസ്സിലായി. അവളുടെ കട്ടിലിന്നടുത്തായി വെച്ച ഐ.വി. സ്റ്റാൻഡിൽനിന്ന് വെളുത്ത ട്യൂബ് വഴി കിനിഞ്ഞിറങ്ങുന്ന വെള്ളം അവളിൽ കടുത്ത ദാഹമുണർത്തി.

വെള്ളം എന്ന് അവൾ പറഞ്ഞെങ്കിലും അത് പുറത്തേക്ക് വന്നതായി അവൾക്ക് തോന്നിയില്ല. കാറ്റ് മുറിയാകെയൊന്നുചുറ്റി മരുന്നിന്റെ ഗന്ധവുമായി ചാരിയിട്ട വാതിൽ പതിയെ തുറന്ന് പുറത്തിറങ്ങി. അവളുടെ വലതുകൈ സാവധാനം അമ്മ ആഗ്നസിനു നേരെ നീണ്ടു. ജെറൂഷ പതുക്കെ ഒന്നു തൊട്ടതും ആഗ്നസ് ഞെട്ടിയുണർന്നു, അവളുടെ അടുത്തേക്കിരുന്നു.

ജെറൂഷാ, മോനെ, കണ്ണ്​ തൊറക്കെടാ, നോക്കിയെ ഞാനാ, കണ്ണ് തൊറക്ക്...

അവ്യക്തമായി അവളത് കേട്ടെങ്കിലും കൺപോളകളിൽ കനം തൂങ്ങിയതുകൊണ്ട് അവൾക്ക് കണ്ണ് തുറക്കാനായില്ല. ചുണ്ടുകൾ സുഗ... എന്ന് അവ്യകതമായി മന്ത്രിച്ചു. വീണ്ടും പാതിമയക്കത്തിലേക്ക് അവൾ പതിയെ ഒന്നു വഴുതിവീണു. അവിടെ നിന്ന് ശ്രമപ്പെട്ട് എഴുനേൽക്കാൻ ശ്രമിക്കുന്നതിന്നിടെ ബോധാബോധത്തിന്റെ വഴുവഴുപ്പിൽ ചവിട്ടുറക്കാതെ അബോധത്തിന്റെ നിലയില്ലാക്കയത്തിലേക്ക് ഉള്ളിലൊരാളലോടെ അവൾ ചെന്നു പതിച്ചു.

നൈനാൻ കോശി, ജനറൽ സർജൻ.

ഡോക്ടർ നൈനാൻ കോശി അയാളുടെ കസേരയിൽ ഒന്നിരുത്തം വരുത്തി ആഗ്നസിന്റെ മുഖത്തേക്ക് നോക്കി കുറച്ചുനേരം ഒന്നും പറയാതെയങ്ങിനെതന്നെയിരുന്നു. പിന്നെ കൺപുരികമുയർത്തി തലയൊന്ന് ചരിച്ച് സാവധാനം പറഞ്ഞ് തുടങ്ങി. ആഗ്നസ് തലേദിവസത്തെ ഉറക്കം നഷ്ടപ്പെട്ട ചടവിൽ ഉറക്കം തൂങ്ങിയ കണ്ണുമായി അയാൾക്കുമുന്നിൽ നിർവികാരയായിയങ്ങിനെയിരുന്നു.
ബി.ടി.എസ് എന്ന് കേട്ടിട്ടുണ്ടോ?
ഇല്ലെന്നർത്ഥത്തിൽ ആഗ്നസ് തലയിളക്കി.
ഞാനും കേട്ടിട്ടില്ലായിരുന്നു. പക്ഷെ ഇപ്പം കേട്ടു. പാട്ടും കൂത്തുമായി നടക്കുന്ന പീജിയിലെ കുറച്ച് പിള്ളാരുണ്ട്. ജെറൂഷയുടെ കേസ് അവൻമാരോടൊന്ന് ഞാൻ ഡിസ്കസ് ചെയ്തു. പിന്നെ ചടപടാ വാട്സാപ്പിലേക്ക് ലിങ്കുകൾ. കൊറിയയിലെ ഒരു കെ-പോപ്പ് ബാന്റാ...ആ ഏഴ് പിള്ളേര് ചില്ലറക്കാരല്ല. ലോകം മുഴുവൻ കോടിക്കണക്കിന് ആരാധകരാ ഇവർക്ക്. അമേരിക്കൻ വൈസ് പ്രസിഡൻറ്​ കമലാ ഹാരിസ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇവമ്മാരെ ഫോളോ ചെയ്യുന്നതിന്റെ സ്ക്രീൻഷോട്ട് അവൻമാരെന്നെ കാണിച്ചു. അതായത്, ബി.ടി.എസ് ആർമി. അതിലൊരാളാ ജെറൂഷ. അവളുടെ ആ കത്തും ഫോണും ഞാൻ ഇന്റിമേഷൻ എടുക്കാൻ വന്ന പോലീസുകാരന് കൊടുത്തിട്ടുണ്ട്. ഇനി ബാക്കി അവര് നോക്കട്ടെ.

ജെറൂഷ...?

ആഗ്നസിന് ഡോക്ടർ പറഞ്ഞൊതൊന്നും അങ്ങനെ മനസ്സിലായില്ല. അങ്ങനെ മനസ്സിലായില്ല എന്ന് പറഞ്ഞാൽ ശരിയല്ല ഒന്നും മനസ്സിലായില്ല എന്നുതന്നെ പറയണം. അവർക്കപ്പോൾ മകളുടെ നിലവിലെ ആരോഗ്യസ്ഥിതിയെന്താണെന്ന് മാത്രം അറിഞ്ഞാൽ മതിയായിരുന്നു.

അപകടമൊന്നുമില്ല, ബ്ലീഡിംഗ് കാര്യമായത് കൊണ്ടുള്ള ചെറിയൊരു പ്രശ്നം. എന്തോ ചില്ല് കൊണ്ടോ മറ്റോ ആണ്. ഇരുപത്തിനാല് മണിക്കൂർ ഒബ്സർവ്വേഷനിൽ കിടക്കെട്ടെ, നോക്കാം.

കണ്ണിനെമൂടിയ ജലപാളികൾക്കിടയിലൂടെ ആഗ്നസ് ഡോക്ടറെ ഒന്നു നോക്കി. പിന്നെ പതുക്കെ കസേരയിൽ നിന്നെഴുന്നേറ്റു.

സിസ്റ്റർ അഗഥ, പ്രിൻസിപ്പൾ, സെൻറ്​ ജമ്മാസ് ഹൈസ്ക്കൂൾ, മണിമൂളി.

സെൻറ്​ ജമ്മാസ് ഹൈസ്ക്കൂളിലെ പ്രിൻസിപ്പളിന്റെ മുറിയിലിരുന്ന് സിസ്റ്റർ അഗഥ ആ കത്ത് ഇത്തിരി വൈകാരികത കലർത്തി വായിക്കുമ്പോൾ, അപ്പുറത്തായി ഒരു കസേരയിൽ ജെറൂഷയുടെ ക്ലാസ് മിസ് സാമന്തയും അവർക്ക് പിന്നിലായി അവളുടെ ക്ലാസിലെ ബി.ടി.എസ്​ ആർമിയിലെ മെലിൻഡ, എസ്തർ, സ്കാർലറ്റ്, അന്ന, റബേക്ക, ആലിയ, ജാനറ്റ് തുടങ്ങിയ കുട്ടികളും മെഴുകുപ്രതിമകൾ കണക്കെ അങ്ങിനെ നിന്നു.

‘‘പ്രിയപ്പെട്ട സുഗ, മമ്മി, ആർമി ഫ്രണ്ട്സ്, സിസ്റ്റർ സാമന്ത, എനിക്ക് എന്നോടൊഴികെ ആരോടും ദേഷ്യമില്ല. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി, അഫ്ഗാനിലെ യുദ്ധസാഹചര്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ലോകത്തെ പിടിച്ചുകുലുക്കുന്ന നിരവധി പ്രശ്നങ്ങൾ ചർച്ചക്കുവിധേയമാക്കുന്ന നയതന്ത്ര വിദഗ്ധരും ലോകരാഷ്ട്രത്തലവൻമാരും വിദേശകാര്യ പ്രതിനിധികളും മാധ്യമങ്ങളും മാത്രം ശ്രദ്ധിക്കുന്ന യു.എൻ വേദിയായ ന്യൂയോർക്കിലെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് ഞാനടക്കമുള്ള ലോകത്തെ പത്ത്ലക്ഷത്തോളം യൂത്ത് ശ്രദ്ധിച്ചത് ബി.ടി എസ് സംഘം ആ വേദിയിൽ വന്നതുകൊണ്ടുമാത്രമായിരുന്നു. അവർ ഏഴു ​പേരുടെയും ഏഴുമിനിറ്റ്​ ടോക്ക്... പ്രതിസന്ധി ഘട്ടത്തിൽ കരളുറപ്പോടെ നിന്ന യുവതയെ അഭിനന്ദിച്ചതും വാക്സിനെടുക്കാൻ പ്രചോദനമേകിയതും എനിക്ക് മറക്കാനാവില്ല. അവർ എന്റെ ഒപ്പയാണ്. (കൊറിയൻ ഭാഷയിൽ സഹോദരൻ). ഇത്തവണത്തെ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ബി.ടി.എസ്​ ലോകമാകെ എങ്ങനെ പടർന്നുപിടിച്ചു എന്ന ചോദ്യത്തിനും സംഗീതലോകത്തിന് ബി.ടി.എസ്​ നൽകിയ സംഭാവനകളെന്തെല്ലാമാണെന്നുമുള്ള ചോദ്യത്തിനും ഇവരുടെ ആർമിയിലെ ആരേക്കാളും മികച്ച രീതിയിൽ ഞാനുത്തരമെഴുതിയിട്ടുണ്ടാകും. സംശയമുണ്ടെങ്കിൽ മിസ്സിനത് നോക്കാം. അതൊന്നുമല്ല പ്രശ്നം എന്നെനിക്കറിയാം. എന്റെ സ്കിൻടോൺ ബ്രൗണായതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. അതിന്റെ പേരിൽ എന്റെ ഫ്രൻറ്സിൽ നിന്നും സൊസൈറ്റിയിൽ നിന്നും ഒരുപാട് സെപ്പറേഷൻ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ചെറിയ ഉദാഹരണം പറയാം. ഷോപ്പിൽ ഡ്രസ്​ വാങ്ങാനായി ഞാൻ കയറിചെല്ലുമ്പോൾ എന്നെ സെയിൽസ് ഗേൾ കൊണ്ടുപോകുന്നത് വില കുറഞ്ഞ ഫാഷനബിളല്ലാത്ത കൗണ്ടറിലേക്കായിരിക്കും. അമരിക്കാനോ ആഗ്രഹിച്ച് കോഫി ഷോപ്പിൽ ചെന്നാൽ ജസ്റ്റ് നോമൽ ബ്ലാക്ക് കോഫിയായിരിക്കും അവരെന്റെ മുന്നിൽ വെക്കുക. സൊസൈറ്റിയിലെ പലയിടങ്ങളിൽ നിന്നും എനിക്ക് ഈ ഡിസ്ക്രിമിനേഷൻ നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെ എന്നോടുതന്നെ എനിക്ക് വെറുപ്പുതോന്നിതുടങ്ങുന്ന ഘട്ടത്തിലാണ് ആർ.എം യു.എന്നിൽ നടത്തിയ സ്പീച്ചിൽ ഐ ലവ് മൈ സെൽഫ്​ എന്ന സ്ലോഗൻ എന്നെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ഈ ക്യാമ്പസിലെ ആർമിയിൽ സ്കിൻടോണിന്റെ പേരിൽ എന്നെ നിരസിച്ചത് എനിക്ക് സഹിക്കാനാവുന്നില്ല. അതും കുട്ടികളുടെ അവകാശത്തിനും ജാതി-മത-വർണ- വർഗ വിവേചനത്തിനെതിരെ പാടുന്ന ബി.ടി.എസിന്റെ പേരിൽ. ഇന്ന് ഞാൻ എന്നെ അത്രയധികം സ്നേഹിക്കുന്നതുകൊണ്ട്. ബൈ...സ്​നേഹത്തോടെ.’’
ജറൂഷ ആസ്സ്,
പ്ലസ് ടു, എസ് 2 സി,
സെൻറ്​ ജമ്മാസ് ഹൈസ്ക്കൂൾ,
മണിമൂളി.

കത്ത് വായിച്ച് നിർത്തി ഇനി ആര് പറഞ്ഞ് തുടങ്ങും എന്നറിയട്ടെയെന്ന ഭാവത്തിൽ സിസ്റ്റർ അഗഥ ഒന്നും പറയാതെ കാലുകളിളക്കികൊണ്ട് മൊബൈലിലേക്ക് തലതാഴ്ത്തിയങ്ങിനെയിരുന്നു. സിസ്റ്റർ സാമന്ത കുട്ടികളെ ആകെയൊന്നു നോക്കി ദീർഘനിശ്വാസം കൊണ്ടു.

ജാനറ്റ് റിച്ചാർഡ്സ്, എസ് 2 സി . (വിളിപ്പേര്- ആർ. എം)

കൊറിയയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച് യു.എൻ അസംബ്ലിയുടെ വേദിയിൽ ഒരു ഗ്ലോബൽ സിറ്റിസൺ എന്ന നിലയിൽ വന്നുനിൽക്കാനാവും വിധം അനന്തസാധ്യതകളാണ് ജീവിതം എനിക്കുനൽകുന്നത്. അതിനെക്കുറിച്ചോർക്കുമ്പോൾ എന്റെ ഹ്യദയം സന്തോഷവും ആശ്ചര്യവും ചേർന്നാണ് ഇപ്പോൾ മിടിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ് ഞങ്ങളുടെ ഭാവനക്കപ്പുറമായിരുന്നു. വേദിയിൽ ബി.ടി.എസ്സിലെ മറ്റംഗങ്ങളെ പരിചയപ്പെടുത്തികൊണ്ട് ആർ.എം സംസാരിച്ചത് എന്ത് മനോഹരമാണെന്ന് നോക്കൂ മിസ്. അവർ പെൺകുട്ടികളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അല്ലെങ്കിൽ, അങ്ങനെത്തന്നെ ഇവരെ വിശ്വസിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ആർ. എം എന്നാണ് ഇവരെന്നെ സ്നേഹത്തോടെ വിളിക്കുന്നത്. എനിക്കതിഷ്ടമാണ് മിസ്. ജെറൂഷ ഞങ്ങളുടെ ആർമിയിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ നിരസിച്ചുവെന്നത് ശരിയാണ്, കാഴ്ചയിൽ ഒരു ചേർച്ചവേണ്ടേ...? കാരണം, അവരേഴുപേരും വെളുത്തവരായത് ഞങ്ങളുടെ കുറ്റമാണോ സിസ്റ്റർ...

പ്രാക്തനമായ ആ കെട്ടിടത്തിന്റെ ചില്ലോടിനിടയിലൂടെ മഞ്ഞവെയിലിന്റെ ഒരു ചീള് അവളുടെ വെളുത്ത മുഖത്ത് ചില ജ്യാമിതീയ ചിത്രങ്ങൾ വരച്ചു. ജാനറ്റ് പറഞ്ഞുകഴിഞ്ഞപ്പോൾ റബേക്കയുടെ കാലിൽ അവളുടെ കാലുകൊണ്ട് ഒന്നമർത്തി അടുത്ത ഈഴം അവളുടേതാണെന്ന് ഓർമ്മപ്പെടുത്തി.

റബേക്ക സ്റ്റീവ്, എസ് 2 സി. (വിളിപ്പേര്- ജിമിൻ)

സിസ്റ്റർ അഗഥയുടെ മുഖത്തേക്ക് മറ്റേതൊലോകത്തെന്നപോലെ നോക്കിനിന്നുവെന്നല്ലാതെ അവളൊന്നും പറഞ്ഞില്ല. പക്ഷെ, യു. എൻ ആസ്ഥാനത്ത് ജിമിൻ നടത്തിയ സ്പീച്ച് ആ സമയം അവൾക്കുളളിൽ പ്ലേ ആയി.

എനിക്ക് ആദ്യമൊക്കെ നിരാശയായിരുന്നു. എന്റെ മുറിയുടെ ജനൽ തുറക്കാൻ പോലും തോന്നിയില്ല. പക്ഷെ, എന്റെ സുഹൃത്തുക്കൾ എന്റെ കൈപിടിച്ചു. ഞങ്ങൾ പരസ്പരം സമാശ്വസിച്ചു. ഒരുമിച്ച് എന്തെല്ലാം ചെയ്യാനാകും എന്ന് ഞങ്ങൾ സംസാരിച്ചു.

ജിമിൻ യു.എൻ വേദിയിൽ ഇങ്ങനെയാണ് സംസാരിച്ചുനിർത്തിയത്, ഞാൻ സത്യത്തിൽ ഇവന്റെ വാക്കുകളിലാണ് ജീവിച്ച്​ മുന്നോട്ടുപോകുന്നത്. അത്രക്ക് വലിയ ക്രൈസിസിലൂടെയാണ് എന്റെ ജീവിതം പോയികൊണ്ടിരുന്നത്. എന്റെ പേർഷ്യൻ പൂച്ചയെ കല്ല്​ കയറ്റിയ ടിപ്പർവണ്ടിക്കടിപ്പെട്ട് ചത്തതിനുശേഷം ഞാൻ കടുത്ത ഡിപ്രഷനിലേക്ക് വീണുപോകുമോയെന്ന് ഭയന്നിരുന്ന സമയത്ത്, ആർമിയാണ് എന്നെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്. ജിമിന്റെ വാക്കുകളാണ് എന്നെ ഇന്നും ജീവിപ്പിക്കുന്നത്. ഏഴുപേരിൽ കൂടുതൽ ഞങ്ങളുടെ ആർമിയിൽ വേണ്ടയെന്ന് ഞാൻ ജറൂഷയോട് സത്യമായിട്ടും പറഞ്ഞതാണ്...

ആരും ഒന്നും പറയാതെ നിന്നപ്പോൾ സിസ്റ്റർ അഗഥ മൊബൈലിൽ നിന്ന് തലയുയർത്തി റബേക്കയെ നോക്കി ഒന്ന് ദീർഘനിശ്വാസം കൊണ്ടു.
അവൾ തലകുനിച്ച് നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

മെലിൻഡ, എസ് 2 സി. (വിളിപ്പേര്- സുഗ)

ആദ്യമായിട്ടായിരിക്കാം ജീവിതം ഇത്രയേറെ സിംപിളായത്. ഞങ്ങളുടെ മുറിചെറുതായിരിക്കാം. എന്റെ ലോകം, ഞങ്ങളുടെ ലോകം എത്ര വിശാലമാണ്. ഞങ്ങൾക്ക് സംഗീതോപകരണങ്ങളുണ്ട്, ഫോണുകളുണ്ട്, ആരാധകരുണ്ട്. എന്തൊരു പ്രതീക്ഷയിലാണ് സുഗ ആ വേദിയിൽ സംസാരിച്ചത്. മിസ് എനിക്കത് നല്ലവണ്ണം റിലേറ്റ് ചെയ്തു. ജെറൂഷ സുഗയുടെ കട്ടഫാനായിരുന്നു. ഞാനുള്ളപ്പോൾ അവൾക്ക് ഞങ്ങളുടെ ആർമിയിൽ സ്ഥാനമില്ലെന്ന് ഞാൻ പറഞ്ഞതുതന്നെയാണ്. അവൾക്കത് മനസ്സിലായില്ല. അതുംപറഞ്ഞ് ഒന്നു രണ്ടു തവണ എന്നോട് അവൾ വഴക്കിന് വന്നിട്ടുണ്ട്.

എസ്തർ, എസ് 2 സി. (വിളിപ്പേര്- ജെഹോപ്പ്)

ആരാണ് ആദ്യം എന്നെനിക്കോർമയില്ല. പക്ഷെ ഞങ്ങളേഴുപേരും ഒരുമിച്ചിരുന്ന് ഈ വികാരങ്ങളെയെല്ലാം ചേർത്തുപിടിച്ചു. അങ്ങനെ ഞങ്ങൾ പാട്ടെഴുതാൻ തുടങ്ങി. എല്ലാത്തിനും ഉത്തരം നമ്മുടെ കയ്യിലുണ്ടാവില്ല. ഇവിടെയെത്താൻ, ഇവിടെ നിൽക്കാൻ ഞങ്ങൾ ഞങ്ങളെത്തന്നെ പരമാവധി വിശ്വസിച്ചു. കഴിവിന്റെ പരമാവധി ശ്രമിച്ചു. എല്ലാം ഇഷ്ടത്തോടെ ചെയ്തു... യു.എൻ വേദിയിൽ ജെഹോപ്പ് തലയുയർത്തി നിന്നതുപോലെ എസ്തർ നിന്നു.

ഈ ഏഴുപേരിൽ ഒരു വിള്ളലുണ്ടാക്കാനാണ് ജെറൂഷ, അവൾ ശ്രമിച്ചത്. അത് എനിക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. അത് ഞാനവളുടെ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്. അതിന് ഇങ്ങിനെയൊക്കെ പ്രതികരിച്ചാൽ അത് ഷെയിം എന്ന് പറയേണ്ടി വരും... എസ്തർ അഗഥയുടെ മുഖത്തേക്ക് തറപ്പിച്ച് നോക്കികൊണ്ടിരുന്നു.
അവളുടെ ശ്വാസഗതി ക്രമാനുഗതമായി ഉയർന്നിരുന്നു.

ആലിയ, എസ് 2 സി,സെൻറ്​. (വിളിപ്പേര്- ജിൻ)

അനിശ്ചിതത്വം നിറഞ്ഞ ഈ ലോകത്ത് ഞാൻ നീ എന്നില്ലാതെ നമ്മൾ എന്ന് പറഞ്ഞ് നാം ചേർത്തുപിടിക്കണം. നാം നമ്മെതന്നെ മതിക്കണം. പ്രചോദിപ്പിക്കുക, സന്തോഷമായിരിക്കുക എന്നത് പ്രധാനമാണ്. ജിൻ യു.എൻ വേദിയിൽ വെച്ച് പറഞ്ഞ ഈ വാക്കുകൾ ഞാനിവരോട് പറയാറുണ്ട്. ജെറൂഷയേയും ചേർത്തുപിടിക്കണമെന്ന്... പക്ഷെ ഞങ്ങൾക്കതിന്ന് കഴിഞ്ഞില്ല. പാട്ടുകൊണ്ട് ലോകത്തിന്റെ അതിർത്തികളെ മായ്ച്ച്കളഞ്ഞവരാണ് അവർ. അവർ പാടുന്നത് കാതുകൾക്ക് വേണ്ടിയല്ല, മനസ്സുകൾക്ക് വേണ്ടിയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മാറിനിൽക്കുമ്പോഴും ചേർന്നുനിൽക്കാനുള്ള സ്പേസ് ആർമിയിലുണ്ട്. അതവൾക്ക് മനസ്സിലാവാഞ്ഞിട്ടാ മിസ്സ്...
ആലിയ കുറ്റബോധത്തോടെ തലകുനിച്ചു. അഗഥ അവളെ ഒന്നുകൂടി നോക്കി,
ശരിവെക്കുംവണ്ണം തലയിളക്കി.

അന്ന, എസ് 2 സി. (വിളിപ്പേര്- ജംകുക്ക്)

ഞങ്ങൾ പരസ്പരം പറയാനാഗ്രഹിച്ച കാര്യങ്ങളാണ് ഞങ്ങളുടെ പാട്ടുകൾ. കാലം അനിശ്ചിതത്വം നിറഞ്ഞതാണ്. പക്ഷെ സത്യത്തിൽ ഒന്നും മാറിയിട്ടില്ല. എനിക്കെന്തെങ്കിലും ചെയ്യാനാകുമെങ്കിൽ, ഞങ്ങളുടെ വാക്കുകൾക്ക്, ശബ്ദത്തിന് മറ്റുള്ളവർക്ക് ശക്തിയും കരുത്തും പകരാനാകുമെങ്കിൽ, അതാണ് ഞങ്ങൾ ചെയ്യാനാഗ്രഹിച്ചത്. അത് ഞങ്ങൾ ചെയ്തുകൊണ്ടേയിരിക്കും... ജം കുക്ക് ഇത് പറയുമ്പോൾ ഞങ്ങളേഴുപേരും ഇത് മനസ്സിൽ പറയുകയായിരുന്നു. ഇവർ നിരാശയുടെ ആഴങ്ങളിൽ നിന്ന്​ എന്നെ കരകയറ്റി, ഒരു പാട്ടുകേട്ടാൽ ജീവിക്കാൻ തോന്നുമോയെന്ന് പലരും എന്നോട് കളിയാക്കി ചോദിച്ചിട്ടുണ്ട്. നാളെയെക്കുറിച്ച് പ്രതീക്ഷയില്ലാത്തവരിൽ സ്വപ്നം കാണാൻ ഇവർ പ്രേരിപ്പിക്കുമെങ്കിലോ? ചലനശേഷി നഷ്ടപ്പെട്ട ഒരാളുടെ കൈവിരലുകളെ അവർ പാട്ടുകൊണ്ട് ചലിപ്പിച്ചാലോ? വലിഞ്ഞുമുറുകിയ പേശികളുമായിരിക്കുന്ന ഒരാളെ അവർ ചിരിപ്പിച്ചാലോ? ഇതൊക്കെയാണ് ഞങ്ങൾക്ക് ബി.ടി.എസ്​...അടിയിടിബഹളം ഒന്നുമില്ലാതെ സ്​പ്രെഡ്​ ലൗ എന്നതാണ് അവരുടെ പോളിസി. ആർമിയിൽ വലിപ്പച്ചെറുപ്പമില്ല. കാശുള്ളവൻ ഇല്ലാത്തവൻ എന്ന വേർതിരിവില്ല. എല്ലാവരും ഒന്നാണ്. ആർമിയാണെന്നറിയുമ്പോൾ പരസ്പരമൊരു ചിരിയുണ്ട്. ഒരു കുടുംബമാണെന്നാണ് അപ്പോഴുള്ള തോന്നൽ. ഞങ്ങളെല്ലാവരും മെർച്ചൻഡൈസ് പ്ലാറ്റ്ഫോം, വീവേഴ്സ് വഴി അംഗത്വമെടുത്തതാ. ജെറൂഷക്ക് അവളുടെ ശബ്ദം ഞങ്ങളേക്കാൾ ഉച്ചത്തിൽ കേൾപ്പിക്കണമെങ്കിൽ അവൾ അത് തീരുമാനിക്കണം. അപ്പോ അതിന്നുള്ള സ്​പെയ്​സ്​ തുറന്നുകിട്ടും. അത് ചെയ്യാതെ... ഇതൊക്കെ ചീപ്പ് കളിയാ.. .ഡ്രാമാ... അല്ലാതെന്ത് പറയാൻ. ആർമിയിൽ ആള് ചേരുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. ഞങ്ങളുടെ സ്വകാര്യ ഗ്രൂപ്പിൽ അവൾക്കിടമില്ലാന്നേ ഞങ്ങള് പറഞ്ഞൊള്ളൂ...
അന്ന ആത്മരോഷത്തോടെയത് പറഞ്ഞുനിർത്തി.

ചെറിയൊരു നിശ്ശബ്​ദതക്കുശേഷം അഗഥ അവരെ ഏഴുപേരെയും ഒരു നോക്കുകൊണ്ട് ഓഫീസിനുവെളിയിലാക്കി. സിസ്റ്റർ സാമന്ത ലൈഫ് ഗോസ് ഓണിൽ ജെറൂഷയുടെ ജീവിതസമസ്യക്ക് ഉത്തരം തേടി. അത് ഒരു ചെറുമൂളലായോ എന്ന സന്ദേഹത്തിൽ സിസ്റ്റർ അഗഥയുടെ മുഖത്തേക്ക് ചമ്മലോടെ നോക്കി, ശേഷം തലതാഴ്​ത്തി.

ഐസക് ഈപ്പൻ, സ്റ്റേഷൻ ഇൻചാർജ്ജ്, എടക്കര

തോന്നിവാസം അല്ലാതെന്ത് പറയാനാ, ഈ പെംമ്പിള്ളാരെയെല്ലാം തുണിപൊക്കി ചന്തിക്ക് പുളിവടികൊണ്ട് ഓരോന്ന് പൊട്ടിക്കണം. ഇന്ത്യയിലെ പാട്ടുകാരെല്ലാം ചത്തോ? കൊറിയയിലോട്ട് പോകാൻ...

എം.എസ്.പി ക്യാമ്പിൽ ട്രെയ്​നിംഗിനുശേഷം മലപ്പുറം എം.എസ്.പി സ്ക്കൂളിൽ കംമ്പ്യൂട്ടർ സയൻസ് പഠിപ്പിക്കുകയും അവിടെ സ്ഥിരം അദ്ധ്യാപകൻ വന്നപ്പോൾ ലോക്കലിലേക്ക് വന്ന ജെ.പി എന്ന ചുരുക്കപേരിലറിയപ്പെടുന്ന സി.പി.ഒ. ജയപ്രകാശ് മൊബൈലിൽ ഈപ്പൻ സാറിന് മുന്നിൽ ഡൈനാമെറ്റ് കാണിച്ചു. അത് കണ്ടുകഴിഞ്ഞതും ഈപ്പൻ ഒരിക്കൽകൂടി സ്വയം പൊട്ടിത്തെറിച്ചു.

പാന്റ്സിനകത്ത് പഴുതാര കേറിയപോലെ ഒരു പാട്ടും കളിയും, ആ പെങ്കൊച്ച് അവളമാര് ആര്ടേലും പേര് എഴുതിവെച്ചിട്ടുണ്ടെങ്കി... എല്ലാത്തിനേം ഞാൻ കോടതി കേറ്റും...
ഈപ്പൻ കെട്ടടങ്ങിയില്ല.

ഇത് വീട്ടില് പറഞ്ഞാ ഐന്റ പിള്ളാരെന്നെ കത്തിക്കും സാറെ, എയിറ്റീസ് എഫ്.ബി ജനറേഷനാന്നാ മക്കള് കളിയാക്കി പറയാറ്. അവര് ഇൻസ്റ്റായാത്രെ... ഇൻസ്റ്റാ...അപ്പം പെറ്റ് വീണ പിള്ളാര്ടെ നിഷകളങ്കതയാ അവൻമാര്ടെ മൊഖത്തോട്ട് നോക്കിയാ...സത്യം. റൈറ്റർ സുരേന്ദ്രൻ എഴുത്തിനിടെ പറഞ്ഞു.

ഡൈനാമിറ്റ് 24 മണിക്കൂറിനകം 100 മില്ല്യണാ കാഴ്ചക്കാർ. കോവിഡുകൊണ്ട് ലോകം നിശ്ചലമായപ്പം ഇത് കണ്ടുകൊണ്ടാണ് ലോകം ഒന്നിളകിയത്. ഇവര് ലോകം ബി.ടി.എസ്​ ആർമിയും അല്ലാത്തവരും എന്ന് രണ്ടാക്കി പകുത്തതാ. എന്തിനധികം, ഉത്തര കൊറിയൻ ​സ്വേച്​ഛാധിപതി കിം ജോങ്ങ് ഉൻ പോലും ബി.ടി.എസിനെ പരാമർശിച്ചുകഴിഞ്ഞു. ഇന്നവർ താമസിക്കുന്നത് കൊറിയയിലെ അതിസമ്പന്നർ താമസിക്കുന്ന ഹനാം ഹില്ലിലാണ്. ബി.ടി.എസ്​ ലീഡർ ആർ.എമ്മിന് നാം സാംസൻ പർവ്വതത്തിനും ഹാൻ തടാകത്തിനും ഇടയിലായി 42 കോടി വിലയുള്ള വീടുണ്ട്. അവർക്കെല്ലാവർക്കും ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ ഇതുപോലെ വിലപിടിപ്പുള്ള വീടുകൾ സ്വന്തമായുണ്ട്. ആർമി മെമ്പർഷിപ്പ് കളിയല്ല സാർ... ലൈറ്റിംഗ് സ്റ്റിക്ക്, ഷൂ, ഇമോജീസ് ഇവയൊക്കെ പർച്ചേസ് ചെയ്യുന്നതാണ്. ഏകദേശം 4 കോടി ആരാധകരുണ്ടെന്നാണ് യു.എസ് മാസികയായ ‘ടൈം’ വിലയിരുത്തുന്നത്. 2020 ൽ നടന്ന സർവ്വേയനുസരിച്ച് കൊറിയയിൽ മാത്രമുള്ള ആർമിയിൽ 60 പത്തിനും 29 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണെന്ന് സ്റ്റാറ്റിസ്റ്റ റിപ്പോർട്ട് പറയുന്നു. ലൗ യുവർസെൽഫ് എന്നാണ് ഇവന്മാര്​ ആർമിയോട് പറയുന്നത്.
കേസ് സ്റ്റഡിയുടെ ഭാഗമായി ഗൂഗിളിൽ പരതിയ റിപ്പോർട്സ് ജെറൂഷ എന്ന ഫോൾഡറിലേക്ക് സേവ് ചെയ്യുന്നതിന്നിടെ ജെ.പി. ബാൻറിന്റെ പശ്ചാത്തലം വിവരിച്ചു.

അതാ, അതാണ് പ്രശ്നം. അവനവനെ മാത്രം സ്നേഹിക്കുന്നതാ ഇപ്പത്തെ പ്രശ്നം. തന്തേനീം തള്ളേനീം ഈ ലോകത്ത് പിന്നെ ആരീം സ്നേഹിക്കണ്ട. മുതലാളിത്തം അതാ ഈ പുതുതലമുറയെ പഠിപ്പിക്കുന്നേ...

പോലീസ് അസോസിയേഷന്റെ ജില്ലാ പഠനക്യാമ്പിൽ മുതലാളിത്ത കാലത്തെ അധികാരം, ജനാധിപത്യം എന്ന വിഷയം അവതരിപ്പിക്കുന്ന സെഷന് സ്വാഗതം പറയേണ്ടിവന്നപ്പോഴുണ്ടാക്കിയ കുറിപ്പുകൾ ഈപ്പനെ ഇതിനിടയിലൊന്ന് വന്ന് തിരക്കി.

ദെവസൂം ഈ പാട്ട് കേട്ട് നമ്മളും ആ കുട്ട്യോളെ ഇഷ്ടപ്പെട്ട് പോവുന്നേ... ഒരു ദെവസം പാട്ടു കേട്ടില്ലെങ്കിലെന്റെ അമ്മമ്മ ചോയിക്കും, ആ ചെക്കമ്മാരെ കണ്ടില്ലല്ലോന്ന്. സാറേ, ശരിക്കും പോസിറ്റീവ് വൈബാ...ചെല ദെവസം നമ്മളെ ഈ ജോലീം തെരക്കിട്ട ഷെഡ്യൂളും കഴിഞ്ഞ് ചെല്ലുമ്പം ഞാൻ വീട്ടില് ബട്ടർ പ്ലേ ചെയ്യും. ഹൊ, എന്തൊര് എനർജിയാണെന്നോ. കഴിഞ്ഞ പെറന്നാളിന് മോള് ആവശ്യപ്പെട്ട ഒറ്റകാര്യം ബി.ടി.എസ് തീമാ സാറെ...അതുകൊണ്ട് ബി.ടി.എസ് കേക്ക് വാങ്ങി. ഇപ്പം മക്കള് രണ്ടുപേരും കൊറിയൻ ഭാഷ പഠിക്കുന്നുണ്ട്.

പെ​ട്രോൾ വിലവർദ്ധനവിനെതിരെ ഡി.വൈ.എഫ്​.ഐക്കാർ നടത്തിയ റോഡുപരോധത്തിന്റെ ചാർജ്ജ് ഷീറ്റ് തയ്യാറാക്കാനായി വീഡിയോ പ്ലേ ചെയ്ത് കാണുന്നതിന്നിടെ ഒന്ന് പോസടിച്ച് വെച്ച് വുമൺ സി.പി.ഒ ബ്രിനിത അഭിമാനം കൊണ്ടു.

കൊറിയേല് പ്രായപൂർത്തിയായ പുരുഷൻമാര് ഇരുപത്തെട്ട് വയസ്സിനുള്ളില് പതിനെട്ട് മാസമെങ്കിലും നിർബന്ധിത സൈനികസേവനം ചെയ്യണം. ബാന്റിലെ ചിന്നിന് 2020 ൽ 28 വയസ്സ് തികഞ്ഞു. ബി.ടി.എസിന്റെ ജനപ്രീതി മുൻനിർത്തി ചിന്നിന് സർക്കാർ രണ്ട് വർഷത്തെ ഇളവുനൽകിയിരുന്നു. 2022 ല് അത് തീരും. അതോർത്ത് എന്റെ വലിയ മോള് ഒന്നൊറങ്ങീയേച്ച് ഒറക്കത്തീ എഴുന്നേറ്റിരിക്കും

താടിക്ക് കൈകൊടുത്ത് സൈബർ സെല്ലിലെ സതീശൻ നിസ്സംഗനായി.

തെളിക്കണ വഴിക്ക് പോണില്ലെങ്കി പോണ വഴിക്ക് തെളിക്കെന്നെ...അങ്ങനെ കൊറിയൻ ഭാഷപഠിച്ച് സിയൂളിലേക്കെങ്ങാനും പോണെങ്കി ഒപ്പം നമ്മുക്കു പോവാലോ...
വർഷങ്ങളായി ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെൻറ്​ നടത്തികൊണ്ടിരിക്കുന്ന സീനിയർ സി.പി.ഒ ഉദയൻ ശരീരമറിഞ്ഞു ചിരിച്ചു.

ആശുപത്രീല് വിളിച്ചിട്ട് ആ കൊച്ചിന് ബോധം തെളിഞ്ഞാ... പോയി വള്ളിപുള്ളി തെറ്റാതെ മൊഴി എടുത്തേക്കണം. എല്ലാവള്മാരുടീം സൂക്കേട് ഞാനിന്ന് തീർക്കും.
ഈപ്പനെസ്സയ് ഇരിക്കപ്പൊറുതിയില്ലാതെ ഇരുന്ന സീറ്റിൽ നിന്നെഴുന്നേറ്റ് രണ്ടുവട്ടം സിനിമയിലെ എസ്​.ഐമാർ കാണിക്കുംവിധം മേശമേൽ കൈകൊണ്ടിടിച്ചു, എന്നിട്ടും അരിശം തീരാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

മേരിമാതാ ഹോസ്പിറ്റൽ, എടക്കര

ജെറൂഷ പതിയെ കണ്ണുതുറന്നു.
അമ്മ ആഗ്നസിനെ അവൾക്ക് കണ്ടെടുക്കാനായില്ല. പിന്റോയും കട്ടിലില്ല.
അവൾ തുറന്നുപിടിക്കാനായി ശ്രമിച്ചിട്ടും കണ്ണുകളെ അങ്ങനെ നിർത്താൻ അവൾക്കായില്ല. കൺപോളകൾ താനെയടഞ്ഞു. ചുണ്ടുകൾ പതുക്കെയിളകി.
പാട്ട് കാറ്റിനൊപ്പം ഇളംപച്ച കർട്ടനെ വകഞ്ഞ് പുറത്തേക്കൊഴുകി.
അതിനൊപ്പം ആകാശത്തിന്റെ തുറസ്സിലേക്കവൾ പറന്നു.

‘‘Cause I-I-I'm in the stars tonight So watch me bring the fire and set the night alight Shoes on, get up in the morn' Cup of milk, let's rock and roll King Kong, kick the drum, rolling on like a Rolling Stone Sing song when I'm walking home...'’

രാത്രിയിൽ വെൺമേഘങ്ങൾക്കിടയിൽ തയ്യാർ ചെയ്ത വിതാനത്തിൽ ചാരനിറത്തിലും ഇളംപിങ്ക് നിറത്തിലുമുള്ള വസ്ത്രങ്ങളണിഞ്ഞുനിന്ന് അവരേഴുപേരോടും ചേർന്ന് അവൾ പാടി.
പതിയെ ചുവടുകൾ വെച്ചു.
അവളണിഞ്ഞിരുന്ന വസ്ത്രം ആകാശനീലയായിരുന്നു.
നക്ഷത്രങ്ങൾക്കിടയിൽ നിന്ന് കാണികളോടെന്നപോലെ ഭൂമിയിലേക്കുനോക്കി മനോഹരമായി പുഞ്ചിരിച്ചു.
അവൾ പാട്ടിനൊപ്പം മേഘങ്ങൾക്കിടയിൽ പടർന്നു.
പിന്നെ നക്ഷത്രമായി ജ്വലിച്ചു.
ഒടുവിൽ ഭൂമിയിലേക്ക് പ്രകാശവർഷങ്ങൾക്കിപ്പുറത്തേക്ക് പൊഴിഞ്ഞുവീണു. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


അജയ്​കുമാർ എം.

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, സംവിധായകൻ. ‘കോമരം’, ‘കുടചൂടുന്നവർ’ എന്നീ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്​തു. സഹകരണബാങ്ക് ജീവനക്കാരനാണ്.

Comments