ഒരിടത്ത് മറ്റൊരു ഫയൽവാൻ ഉണ്ടായിരുന്നു

ർക്കവും കലഹവും ലഹളയും അവസാനിച്ച ദിവസമാണിന്ന്.
അതും ഒന്നും രണ്ടും ദിവസത്തെയല്ല, നീണ്ട 14 വർഷത്തെ. ശുദ്ധനായ ഒരു മനുഷ്യനെ ഒരു വക്രബുദ്ധിക്കാരൻ 14 വർഷം മുൻപോട്ടു കൊണ്ടുപോയി എന്ന് പറയുന്നതാവും ഉചിതം. അതിൽ ശുദ്ധന്റെ പേര് പൗലോസ്. ബുദ്ധികെട്ടവൻ. രണ്ടാമത്തവന്റെ പേര് പ്രഹ്ലാദൻ. വെറും പരാന്നഭോജി.

പൗലോസ്
വയസ്സ് 20
സ്വകാര്യ കമ്പനിയിലെ പ്യൂൺ

പൗലോസ് ഒരു ഫയൽവാനാകാൻ ആഗ്രഹിച്ചു. കുഞ്ഞുനാൾ തൊട്ടേ, തന്റെ ശരീരം അതിനായി ഒരുക്കിക്കൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിച്ചു. സകലവിധത്തിലും കിണഞ്ഞു പരിശ്രമിച്ചിട്ടും അതിൽ കാര്യമുണ്ടായില്ലെന്ന് മാത്രം. ഉരുളൻ വിര കയറി വയറ്റിൽ കൊളുത്തിപ്പിടിച്ച പൗലോസ് കൗമാരം എത്തുമ്പോഴേക്കും മെലിഞ്ഞൊട്ടി ശോഷിച്ചു. ചത്തുപോയ അപ്പൻ ഫയൽവാൻ ഇട്ടൂപ്പിന്റെ പാരമ്പര്യം നിലനിർത്താനുള്ള ഒരേയൊരു മകനാണ്. പറഞ്ഞിട്ടെന്തു കാര്യം, ആരോഗ്യമില്ല. അതോണ്ടെന്താ? നാട്ടിലെ ക്ലബ്ക്കാരും പ്രമാണിമാരും ചേർന്ന് പൗലോസിന്റെ ഫയൽവാൻ എന്ന സ്വപനത്തയങ്ങു കൊന്നു കുഴിച്ചുമൂടിയിട്ടു. അങ്ങനെ വയസ്സ് 20 അടുത്തപ്പോഴേക്കും അമ്മച്ചിയുടെയും ഇളയത് രണ്ട് ഉടപ്പെറന്നോളുമാരുടെയും വയറോർത്ത് പൗലോസിന് സ്ഥലത്തെ ഒരു സ്വകാര്യ ബാങ്കിൽ പ്യൂണായി ജോലിക്കു കയറിവേണ്ടി.

പ്രഹ്ലാദൻ
വയസ്സ് 20
ജോലിയില്ല, കൂലിയില്ല

കള്ളൻ രാജന്റെ മോനാണ്. അധ്വാനിക്കാതെ ജീവിക്കാനാണിഷ്ടം. പക്ഷേ വീട് കയറി കക്കാനുള്ള ധൈര്യമില്ല. പോലീസുകാരുടെ തല്ലുകിട്ടി ചത്ത, തന്റെ തലയ്ക്ക് മീതെ നിൽക്കുന്ന അപ്പനെ ഓർത്തിട്ടാണ്. എന്നാലോ,പാരമ്പര്യം കൈവെടിയാനും താല്പര്യമില്ല. അങ്ങനെ വ്യാധിക്കാർ,മുടന്തർ, കുരുടർ, ക്ഷയരോഗികൾ തുടങ്ങിയ മനുഷ്യർക്കായി അന്യ നാട്ടിൽ പോയി ബക്കറ്റ് പിരിവ് നടത്തി അശേഷം ജാള്യതയില്ലാതെ ആ പൈസയിൽ കയ്യിട്ടുവാരി കള്ളുകുടിച്ചും പെണ്ണുപിടിച്ചും ഒരു ആന്തലുമില്ലാതെ ജീവിച്ചു.

കഥ

ഗോദയിലെ അജയ്യനായ ഒരു ഫയൽവാന്റെ ജീവിത പരാജയത്തിന്റെ കഥ - ഒരിടത്തൊരു ഫയൽവാൻ. ഗൾഫുകാരൻ ഫിലിപ്പോസിന്റെ വി സി ഡി പ്ലെയർ വഴി നാലാമത്തെ മഴയും അതേ സിനിമ കണ്ടു തീർത്ത പൗലോസിന് ദുഃഖം അടക്കാനായില്ല. വിമ്മിട്ടം അടക്കാനാവാതെ പൗലോസ് നേരെ ക്ലാരാ ബാറിലേക്ക് നടന്നു.

പൗലോസും പ്രഹ്ളാദനും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് കോന്നിക്കര ചന്തമുക്ക് ഭാഗത്തെ ക്ലാരാബാറിൽ വച്ചാണ്. കർത്താവ് പ്രസാദിക്കാതെ പോയ തന്റെ സ്വപ്നത്തിൽ വിഷാദം കൊണ്ട പൗലോസ് ഒറ്റയിരിപ്പിന് ഒരു കുപ്പി ജവാനാണ് അടിച്ചു തീർത്തത്. തൊട്ടപ്പുറത്തെ കൈവരിയിലിരുന്ന്, തന്റെ സുഖജീവിതത്തിന് ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ടാണ് പ്രഹ്ലാദൻ ഒരു പെഗ് വിസ്‌കി അകത്താക്കിയത്. അന്ന് രണ്ടുപേർക്കും പ്രായം 25. മദ്യലഹരിയിൽ അലഞ്ഞുഴലുന്ന പൌലോസിനെ ശ്രദ്ധിച്ചിരിക്കുന്ന പ്രഹ്ലാദന് അയാളിലൊരു കൗതുകം തോന്നി. ആ വഴിക്ക് തുടങ്ങിയ പരിചയമാണവർ തമ്മിൽ. ഇച്ഛിച്ചതുപോലൊരു ഫയൽവാനാകാതെ പോയ പൗലോസിന്റെ കോപവും ക്രോധവും കൂറ്റാരവും പ്രഹ്ലാദന് നന്നായങ്ങ് ബോധിച്ചു. അന്ന് തൊട്ട് പ്രഹ്ലാദൻ പൗലോസിന്റെ വലംകൈയായി മാറി. തട്ടിപ്പും വെട്ടിപ്പും നിർത്തി. അതയാൾ സ്വയം നന്നായതുകൊണ്ടല്ല. അതിലും എളുപ്പമുള്ള പണിയാണ് പൗലോസിനെ തൃപ്തിപ്പെടുത്തി ജീവിക്കുന്നതെന്ന് പ്രഹ്ലാദൻ മനസ്സിലാക്കിയത് കൊണ്ടാണ്.

പൗലോസിന് പറയാൻ ഒരു 100 സങ്കടകഥകളുണ്ട്.

നാട്ടുപ്രമാണിമാർക്കിടയിലെ കടുകെട്ട് മത്സരമായ ഗുസ്തിയിലേക്ക് തന്നെയവർ അടുപ്പിക്കാത്തത്.

നിലനിർത്താൻ പറ്റാതെ പോയ അപ്പന്റെ പാരമ്പര്യം.

ഫയൽവാനാവാൻ സ്വപ്നം കണ്ട് പ്യൂണായി തീർന്ന വിധി.

വിരശല്യം കൊണ്ട് ആരോഗ്യം കെട്ടുപോയ മകനെ കുറിച്ചോർത്തുള്ള അമ്മച്ചിയുടെ വേവലാതി.

കെട്ടിക്കാൻ പ്രായമായ പെങ്ങന്മാർ.

എല്ലാത്തിലും ഉപരിയായി നിലനിർത്താൻ പറ്റാതെ പോയ പാരമ്പര്യത്തെ കളിയാക്കിക്കൊണ്ട് നാട്ടുകാർവിളിക്കുന്ന ആ ഇരട്ടപ്പേര് - പയൽവാനേ...

ഹോ! ആ വിളി ഓർക്കുമ്പോൾ മാത്രം പൗലോസിന് രക്തം ഇരച്ചുകയറും. അന്ദബുദ്ധികളുടെ അജ്ഞാനമോർത്ത് പല്ലു ഞെരിക്കും. പക്ഷേ അയാൾ അനങ്ങില്ല. മിണ്ടില്ല. എങ്കിലും അയാളുടെ ഉള്ളിൽ വൈര്യം കുമിഞ്ഞു കൂടും. ആദ്യം വ്യക്തിയോട്. പിന്നെ ആൾക്കൂട്ടത്തോട്. അതും കഴിഞ്ഞു ഒരു നാടിനോട് മൊത്തത്തിൽ.
ആ വൈര്യത്തിന് കൂട്ടുപിടിക്കുക എന്നത് മാത്രമാണ് പ്രഹ്ലാദനുള്ള ജോലി. കള്ളിനൊപ്പം തൊട്ടുകൂട്ടാൻ ചുമ്മാ എരിവും പുളിയും കൊടുക്കുക. അതിനു പ്രതിഫലമായി പൗലോസവന് തിന്നാനും കുടിക്കാനും കൊടുക്കും. പിന്നെ വട്ടച്ചിലവിനുള്ള പണവും. ചുരുക്കിപ്പറഞ്ഞാൽ പ്രഹ്ലാദനിനി പൗലോസിനെ മാത്രം പറ്റിച്ചും വെട്ടിച്ചും ജീവിച്ചാൽ മതിയെന്നർത്ഥം.

അങ്ങനെ വർഷം 19 കഴിഞ്ഞു. പൗലോസിന് 39 വയസ്സായി. അയാൾ രണ്ട് പെങ്ങന്മാരെയും കെട്ടിച്ചയച്ചു. പൗലോസ് കെട്ടി. കെട്ട്യോൾ മോളിക്കുട്ടി നല്ല ഒന്നാന്തരം ഭരണങ്കാനത്ത് നസ്രാണി . ഇപ്പോൾ കൂടെയുള്ളത് അമ്മച്ചിയും മോളികുട്ടിയും രണ്ടാൺമക്കളും. മൂത്തവൻ ജോസൂട്ടി. 14 വയസ്സ്. ഇളയവൻ റാബേൽ. വയസ്സ് 9. വാല് പ്രഹ്ളാദനെ പൗലോസ് കൈവിട്ടില്ല. അവനെ കൈകൊണ്ടു. നാട്ടിലെ മറ്റെല്ലാവരെയും ഉപേക്ഷിച്ചു. പൗലോസിനെ നോക്കി പയൽവാനെ എന്ന് വിളിച്ചു കോക്രി കാണിക്കുന്നവർക്കെല്ലാം വേണ്ടി കഴിഞ്ഞ 19 വർഷം നിർത്താതെ പണി കൊടുത്തത് പ്രഹ്ളാദനാണ്. അങ്ങനെയൊക്കെ പണി കൊടുത്ത് പൗലോസിനെ തൃപ്തിപ്പെടുത്തി അയാളുടെ വാലായി നടന്നാൽ മാത്രമേ തനിക്ക് നിലനിൽപ്പുള്ളൂ എന്ന് പ്രഹ്‌ളാദനും അറിയാം.

പക്ഷേ ഒരു ദിവസം ഒരു സംഭവമുണ്ടായി. പൌലോസ് അയൽപക്കക്കാരുമായി തർക്കിച്ചു. അത്യുച്ചത്തിൽ തെറി വിളിച്ചും, ആളുകളെ തടഞ്ഞുനിർത്തിയും അയാൾ കലഹം കൂട്ടി. അതുകണ്ട അയാളുടെ കെട്ട്യോൾ മോളിക്കുട്ടി മാറത്തടിച്ചു നിലവിളിച്ചു.

‘ഒന്ന് നിർത്തരുതോ മനുഷ്യാ’ എന്നവൾ കെഞ്ചി.
‘പ്ഫാ’ - അയാൾക്ക് മോളിക്കുട്ടിക്ക് നേരെ ഒരു ഒരാട്ടാട്ടി.
തന്റെ പരിചയക്കാർ എല്ലാവരും തന്നെയും പൌലോച്ചായനെയും കൊച്ചുങ്ങളെയും നോക്കി കാർക്കിച്ചു തുപ്പുന്നത് മോളികുട്ടിക്ക് ചിന്തിക്കാൻ കൂടി വയ്യായിരുന്നു. മോളികുട്ടി ഭർത്താവിനെ അടക്കി നിർത്താൻ നോക്കി. അയാൾ അടങ്ങിയില്ല. കോപം കാരണം അയാളുടെ മെല്ലിച്ച ശരീരം നിർത്താതെ വിറച്ചു. കോപം കൊണ്ടണച്ചു പോയ അയാളുടെ ശരീരത്തിൽ എല്ലുന്തി നിന്നു. അയാളെ അത്രമാത്രം ചൊടിപ്പിച്ചത് എന്തായിരുന്നു എന്നല്ലേ, ഒരു തേക്കും, പിന്നൊരു റോഡും.

പൗലോസിന്റെ വീടിനും പൊതുറോഡിനുമിടയിൽ ഒരു ഇടവഴിയുണ്ട്. മഴക്കോള് വന്നാലതിൽ വെള്ളം നിറയും. വെയിൽ ചൂട് വന്നാൽ കാടും. രണ്ടു പൊല്ലാപ്പിനുമിടയിൽ റോഡും വീടും തമ്മിൽ ബന്ധിപ്പിക്കുന്നത് കവുങ്ങ് കെട്ടിയെടുത്ത ഒരു പാലമാണ്. അഞ്ചു കവുങ്ങിൻ തടികളാണ് ചേർത്തു കെട്ടിയിട്ടുള്ളതാണത്. അതും കേറി വേണം പൗലോസിനും കുടുംബത്തിനും വീട്ടിലേക്കെത്താൻ. അവർക്ക് മാത്രമല്ല , പാലം കയറി മുറ്റം കയറി, അവരുടെ വഴിയെ നടന്നു പോകേണ്ടത് പതിമൂന്നോളം കുടുംബങ്ങളാണ്. നടപ്പുശീലം തുടങ്ങി കൊല്ലം കുറെയങ്ങ് കഴിഞ്ഞപ്പോൾ 13 വീട്ടുകാർക്കിടയിലെ ഏതോ ഒരുത്തന്റെ തലയിലുദിച്ച ആശയമാണീ ഇടവഴിയങ് മണ്ണിട്ട് നികത്തി റോഡാക്കാമെന്നത്. ആശയം എല്ലാവർക്കുമങ് ബോധിച്ചു. തീരുമാനിച്ചവണ്ണം തന്നെ കാര്യങ്ങൾ നടന്നു. വീടുകളെയും റോഡിനെയും തമ്മിൽ വിവേചിച്ച ആ ഇടവഴി മണ്ണിട്ടാൽ പിന്നെ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാണ്. വെള്ളമൊഴുകാൻ അല്പം സ്ഥലം ബാക്കി വച്ചുകൊണ്ട് മണ്ണിട്ട് നികത്താമെന്നാണ് പദ്ധതി. പൗലോസിന്റെ വീട്ടുപറമ്പ് മുതലങ്ങോട്ട് തുടങ്ങും പുതിയ മണ്ണിട്ടറോഡ്. കേട്ടപ്പോൾ ആ ആശയത്തെ തടുക്കാൻ പൗലോസിന് തോന്നിയതുമില്ല. വീട്ടുമുറ്റം വരെയും കയറിവരുന്ന വണ്ടികൾ അയാളുടെയും സ്വപ്നമാണ്. പക്ഷേ പയൽവാനെ എന്നുവിളിച്ചാക്ഷേപിക്കുന്ന മനുഷ്യരെ ഓർക്കുമ്പോൾ അയാൾക്ക് കെർവിക്കുന്നുമുണ്ട്. സഹകരിക്കുവാൻ എന്തോ ഒരു മടി. തന്റെ വീട്ടുപരിസരം മുതലങ്ങോട്ടുള്ള റോഡ് അവർക്ക് തരപ്പെടുത്തി കൊടുക്കാൻ എന്തോ ഒരു താല്പര്യമില്ലായ്മ. അയാളുടെ കെറുവിന് മനോബലം നൽകിക്കൊണ്ട് പ്രഹ്ളാദനാണപ്പോൾ ചെവിയിൽ പറഞ്ഞത്; ‘തൽക്കാലം ഓക്കെ പറഞ്ഞോ, കുറച്ചു കഴിഞ്ഞ് എല്ലാത്തിനുമൊരു മുട്ടൻ പണി കൊടുക്കാം.’

ഒരു ഇടവഴി മണ്ണിട്ടു റോഡാക്കാൻ സഹകരണമനോഭാവം മാത്രം വേണ്ടിവന്ന ആ കാലത്ത് പ്രഹ്ളാദനോടൊപ്പം മനസ്സിൽ ചില പദ്ധതികൾ സ്വരുകൂട്ടിവെച്ച പൗലോസ് അങ്ങനെ ആ റോഡ് നിർമ്മാണത്തിന് സമ്മതം മൂളുന്നു. ഭക്തിവിശുദ്ധയായ മോളികുട്ടിക്ക് പൗലോസിന്റെ സമ്മതം നന്ദേയങ്ങ് ബോധിച്ചു. അല്ലെങ്കിലും പൗലോസിനെ ഓർത്ത് അവൾക്ക് ഖേദമുണ്ട്. പയൽവാൻ എന്ന തന്റെ ഇരട്ടപ്പേര് കാരണം 19 വർഷം തല കുമ്പിട്ട് നടന്ന മനുഷ്യനാണ് പൗലോസ്. അതിന്റെ പേരിൽ നാടാകെ കലഹിച്ച മനുഷ്യനാണ് പൗലോസ്. അക്കാരണത്താൽ എല്ലാവരിലും കൂടി വ്യാപരിക്കാൻ ഇഷ്ടമില്ലാതെ ജീവിച്ച പൗലോസ് സ്വകാര്യ ബാങ്കിലെ ജോലിയും തന്റെ വീടും പറമ്പും പിന്നെ ഒരേ ഒരു സുഹൃത്ത് പ്രഹ്ലാദനും മാത്രമായി ഒതുങ്ങി കൂടിയ മനുഷ്യനാണ്. ഒരു കുരുമുളകിന് വേണ്ടിയോ കറിവേപ്പിലയ്ക്ക് വേണ്ടിയോ എന്തിനേറെ പച്ചക്കറികൾക്ക് വേണ്ടി പോലും കടയിൽ പോകാൻ അയാൾ തയ്യാറല്ല. പരമാവധി എല്ലാം വീട്ടു പറമ്പിൽ തന്നെ കൃഷി ചെയ്തുണ്ടാക്കും. അത്രയും നിർബന്ധം എന്ന് തോന്നുന്ന സാധനങ്ങൾക്ക് വേണ്ടി മാത്രമേ കടയിലേക്ക് പോലും പോവൂ. മറ്റു മനുഷ്യരുയി ഇടപഴകുവാനെല്ലാം അയാൾ അത്രത്തോളം വെറുക്കുന്നുണ്ട്. പക്ഷേ 19 വർഷങ്ങൾക്കിടയിൽ പൗലോസിനെ പയൽമാനെ എന്ന് വിളിക്കാത്ത മനുഷ്യരും, അതിന്റെ പേരിൽ പ്രഹ്ലാദന്റെ കുത്തിതിരിപ്പ് മൂലം പൗലോസ് അവരുമായി കലഹിക്കാത്ത ദിവസങ്ങളും കുറവാണ്. പൗലോസിന്റെ അമ്മയ്ക്കും മോളികുട്ടിക്കും പ്രഹ്ലാദനെ ഇഷ്ടമല്ല. അവരുടെ വാക്കുകളെ പൗലോസ് വില കൽപ്പിക്കാറുമില്ല. അങ്ങനെ മര്യാദപ്രകാരം സഹകരണ മനോഭാവത്തോടെ 13 വീട്ടുകാരും പൌലോസിന്റെ വീട്ടുകാരും ചേർന്ന് ഇടവഴി മണ്ണിട്ടു നികത്തി റോഡാക്കുന്നു. പൗലോസ് വാക്കുകൾ കൊണ്ട് തന്റെ പ്രമാണം പറഞ്ഞുവെക്കുന്നു; എന്റെ വീട്ടുപരിസരം മുതൽക്ക് തുടങ്ങുന്ന ഈ റോഡ് നിങ്ങൾക്ക് സ്വന്തം. പൗലോസിന്റെ സൗമനസ്യത്തിൽ സ്തുതി പാടിക്കൊണ്ട് 13 വീട്ടുകാരും അയാളെ വാഴ്ത്തിപ്പാടി. ആ വാഴ്ത്തുപാട്ടിൽ പൗലോസ് ഗർവ്വിച്ചില്ല. പകരം, താൻ മണ്ടന്മാരാക്കിയ ആ മനുഷ്യരെ ഓർത്ത് പൗലോസിന് സംതൃപ്തി തോന്നി.

എന്നാൽ വൈര്യം എപ്പോൾ പിടിമുറുകുന്നുവെന്ന് പൗലോസ് കാണിച്ചു കൊടുത്തത് റോഡ് പണിക്ക് ശേഷമാണ്. ഒരു കുപ്പി കള്ളിന്റെ മുകളിൽ എരിവ് തൊട്ടുനക്കി പ്രഹ്ലാദൻ പറഞ്ഞു ; പൌലോ..നീയാ റോഡങ്ങ് അടച്ചേര്… റോഡ് വേണ്ടത് നിന്റെ വീട്ടുമുറ്റം വരേയ… അവിടന്നങ്ങോട്ട് ഒറ്റൊരുത്തനും റോഡ് വേണ്ട… ‘പയൽവാനെ’ന്ന് നീട്ടി വിളിച്ചവന്മാരിൽ പലരും ഈ പതിമൂന്ന് വീട്ടിലുണ്ടെന്ന കാര്യം നീ മറക്കരുത്ഡാ ഉവ്വേ…

ഉവ്വ്. പ്രഹ്ലാദൻ പറഞ്ഞതാണ് ശരിയെന്ന് പൗലോസിനു തോന്നി. അയാൾ കള്ളുകുടിയും തീർത്ത് , മോളികുട്ടി വക ചുട്ടരച്ച നാടൻ കോഴിക്കറിയും പുത്തരി ചോറും പ്രഹ്ളാദന് വിളമ്പിച്ച്, അയാളെ പിടിച്ചിരുത്തി ഊട്ടി.

ഇപ്പോൾ അധികാരം പൗലോസിന്റെ കൈയിലാണ്. ഒരു സുപ്രഭാതത്തിൽ തന്റെ പരിസരം മുതൽക്കുള്ള 13 വീടുകളിലേക്കുള്ള വഴി പൗലോസ് കൊട്ടിയടച്ചു. കാലത്ത് ബൈക്കും സൈക്കിളും കൊണ്ടുവന്ന യുവാക്കൾ അന്തം വിട്ടു. പൗലോസിന്റെ പരിസരം മുതൽക്കങ്ങോട്ട് റോഡ് വരെയും പോകാൻ വഴിയില്ല. കല്ല്, ഇഷ്ടിക, ചുള്ളിക്കൊമ്പുകൾ, കുപ്പി ഗ്ലാസുകൾ തുടങ്ങി എല്ലാം നിരത്തി വച്ചാണ് പൗലോസ് തന്റെ പ്രതിഷേധമറിയിച്ചത്. 13 വീട്ടുകാർക്കും കലിപ്പുകയറി. കലിപ്പ് ഒച്ചപ്പാടായി. അവർ കൂട്ടമായി പൗലോസിനെ നേരിട്ടു. പൌലോസ് അവരുമായി തർക്കിച്ചു. അത്യുച്ചത്തിൽ തെറി വിളിച്ചും, വഴി നടക്കുന്നവരെ തടഞ്ഞുനിർത്തിയും അയാൾ കലഹം കൂട്ടി. അയാളുടെ കെട്ട്യോൾ മോളിക്കുട്ടി മാറത്തടിച്ചു നിലവിളിച്ചുകൊണ്ട് പറഞ്ഞു, ‘ഒന്ന് നിർത്തരുതോ മനുഷ്യാ.’

‘പ്ഫാ’ - അയാൾക്ക് മോളിക്കുട്ടിക്കുനേരെ ഒരു ഒരാട്ടാട്ടി.
തന്റെ പരിചയക്കാർ എല്ലാവരും തന്നെയും പൌലോച്ചായനെയും കൊച്ചുങ്ങളെയും നോക്കി കാർക്കിച്ചു തുപ്പുന്നത് മോളികുട്ടിക്ക് ചിന്തിക്കാൻ കൂടി വയ്യ. പക്ഷേ അതെല്ലാം അവർക്ക് സഹിക്കേണ്ടി വന്നു. വക്രബുദ്ധിക്കാരനായ പ്രഹ്‌ളാദൻ വയറ്റിപ്പിഴപ്പിനുള്ള അടുത്ത മാർഗ്ഗം കണ്ടെത്തിയ ഗൂഢമായ സന്തോഷത്തിൽ പൗലോസിനെ പിന്നെയും പിരി കയറ്റി വിട്ടു. അപ്പന്റെ ചെയ്തികളിൽ ജോസൂട്ടിക്കും റാബേലിനും മാനക്കേട് തോന്നി. പക്ഷേ അപ്പനെ എതിർക്കാൻ ധൈര്യമില്ല. കലി കയറിയ ഏതോ ഒരുത്തൻ ‘തന്നെ ഞാൻ വെട്ടികൊല്ലുമെടോ പയൽവാനെ’ എന്നും പറഞ്ഞുകൊണ്ട് പൗലോസിന് നേരെ കുതിച്ചു കയറി. പൗലോസിന്റെ എല്ലൊടിയുമെന്ന് പേടിച്ച മക്കൾ അപ്പന് വേണ്ടി അയാളോട് യാചിച്ചു. അതിലയാൾ അടങ്ങി. പ്രശ്നം കയ്യാംകളിയിലെത്തിയില്ലെങ്കിലും സംഗതി വഷളായി. ഇരുകൂട്ടർക്കുമിടയിലെ വൈര്യം കൂടി. ഒടുവിൽ പോലീസ് സ്റ്റേഷനിലെത്തിയ വിഷയം ഒത്തുതീർപ്പിലാണ് അവസാനിച്ചത്. അതിനു മധ്യസ്ഥം വഹിച്ചത് വാർഡ് മെമ്പർ സുലോചനയും മകൻ പ്രിയേഷുമായിരുന്നു. ഒരു വക്കീലെന്ന നിലയിൽ നിയമങ്ങൾ അരച്ചു കലക്കി കുടിച്ച പ്രിയേഷിന് അതിന്റെ ഓരോ വശങ്ങളെക്കുറിച്ചും നാട്ടുകാർക്ക് പറഞ്ഞുകൊടുക്കാൻ എളുപ്പമായിരുന്നു. താഴേത്തട്ടിലുള്ള പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് പ്രിയേഷിന്റെ ആവശ്യം. കുറച്ചുകൂടി വ്യക്തമാക്കിയാൽ അയാൾ നിലവിൽ ഒരു വാർഡ് മെമ്പറാവാൻ ആഗ്രഹിക്കുന്നു. അയാളുടെ രാഷ്ട്രീയഭാവി അവിടെനിന്ന് തുടങ്ങാനാണ് പദ്ധതി. ഗ്രാമങ്ങളുടെ സാമൂഹിക നീതിക്കും സാമ്പത്തിക വികസനത്തിനും വേണ്ടി പ്രവർത്തിച്ച വാർഡ് മെമ്പറായ അമ്മ സുലോചന, പണ്ടത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മൂത്ത സഹോദരൻജയേഷ് എന്നിവർ അയാളുടെ പാരമ്പര്യത്തിൽപ്പെടുന്നു. അടുത്ത ഇലക്ഷൻ വരുമ്പോഴേക്കും ജനസമ്മതി നേടിയെടുക്കുക, പതിനേഴാം വാർഡിന്റെ മെമ്പറായി തീരുക എന്ന ലക്ഷ്യം പ്രിയേഷിനുണ്ട്.

അതുകൊണ്ടയാൾ 13 കുടുംബങ്ങൾക്കും വേണ്ടി പൗലോസുമായി സംസാരിക്കുകയും ആ വിഷയം കൂടുതൽ വഷളാവാതെ അവരെ രമ്യതയിലെത്തിക്കുകയും ചെയ്തു. അങ്ങനെ ആ അടച്ചവഴി പൗലോസ് അവർക്കായി തുറന്നിട്ടു. പോലീസുകാർക്ക് മുമ്പിൽ പൗലോസ് നല്ലവനായെങ്കിലും അയാളുടെ മനസ്സ് പിന്നെയും കെട്ടതാക്കാൻ പ്രഹ്ലാദൻ തുനിഞ്ഞിറങ്ങി. ജോലിയും കൂലിയുമില്ലാത്ത പ്രഹ്ലാദന് ഇതൊക്കെയാണ് നേരം പോക്കുകൾ. പൗലോസിനെ ചൊടിപ്പിക്കുക, അയാളുടെ ചിലവിൽ കള്ളുകുടിക്കുക, അയാളുടെ ചിലവിൽ തിന്നുക, അയാളെ പറഞ്ഞു പിരി കയറ്റി അടുത്ത കുറെ വർഷങ്ങൾ അങ്ങനെ ലാവിഷായി നടക്കുക. 13 വീട്ടിലെ യുവാക്കളിൽ മൂത്തവനായ സൈലേഷിനെ പ്രഹ്ളാദൻ കാണുന്നത് ബാപ്പുട്ടി ഹാജിയുടെ ചായക്കടയിൽ വച്ചാണ്. ചായ കുടിച്ചിരിക്കുന്നതിനിടയിൽ പ്രഹ്ളാദൻ തന്ത്രത്തിൽ വിഷയമങ്ങ് എടുത്തിട്ടു.

‘പൗലോസിന്റെ പറമ്പിനോടും പുത്യേ റോഡിനോടും ചേർന്ന് ഒരു തേക്ക് വളരുന്നുണ്ട്, തേക്കാണ് മരം. ഇപ്പം കേറി മുറിച്ചില്ലെങ്കിൽ അടുത്ത അഞ്ചുവർഷം കൊണ്ട് അത് കേറിയങ് വളരും… അതിന്റെ വണ്ണം റോഡിലേക്കെത്തും… പിന്നെ ഞാൻ പറയാതെ തന്നെ കാര്യങ്ങള് മനസ്സിലാക്കാലോ... 13 വീട് പോയിട്ട് ഒരൊറ്റ വീട്ടിലേക്ക് പോലും നേരെ ചൊവ്വേ ഒരു കാർ പോയിട്ട് ഒരോട്ടോ പോലും എത്തില്ല… വിലങ്ങു തടിയായിട്ട് അതവിടെണ്ടാവും.. ആ തേക്ക്.’

സൈലേഷിനോട് കാര്യം ഒരൊറ്റ പ്രാവശ്യം മാത്രമേ പ്രഹ്ളാദൻ പറഞ്ഞുള്ളൂ. വിഷയമങ് ആളിപ്പിടിച്ചു. ഒരു തേക്കു കാരണം വഴിമുടങ്ങുന്ന സംഭവമാണ്. അതും ഒന്നും രണ്ടുമല്ല. 13 വീട്ടിലേക്കുള്ളതാണ്. സംഗതി നിസാരമല്ല. 13 വീട്ടുകാരും ചേർന്ന് ഒരു ചർച്ച നടത്തി. ആ ചർച്ച തേക്ക് വെട്ടണമെന്ന അന്തിമ തീരുമാനത്തിലെത്തി. അതിലൊരു കാർന്നോര് കേറി മറ്റുള്ളവരുടെ പ്രതിനിധിയായി. അയാൾ പൗലോസിനോട് കാര്യമവതരിപ്പിച്ചു. ഒറ്റവാക്കിൽ കാര്യം കേട്ട പൗലോസിന് തേക്ക് മുറിച്ചാലും വലിയ തരക്കേടില്ല എന്ന് തോന്നി. ഒരു നിരുപദ്രവകാരിയായി മാറുന്നതാണ് നല്ലതെന്ന് തോന്നി. മനസ്സിന് ഒരു ചാഞ്ചാട്ടം. ആ ചിന്തയെ പ്രഹ്ളാദൻ മുടക്കി.

‘തേക്കാണ് മരം.. അടുത്ത 8 - 10 വർഷം കൊണ്ട് വളർന്നു പിടിക്കും. കാതല് വയ്ക്കും. മരം ചോദിച്ചു ആളോള് വരും. പിന്നത്തെ കാര്യം ഞാൻ പറയണ്ടല്ലോ.. ലക്ഷങ്ങളാ കൈയ്യിൽ തടയാ..ലക്ഷങ്ങള്... പയൽവാനേന്ന് വിളിക്കണ തെണ്ടികളെ വാക്ക് കേട്ട് ആ തേക്കെന്തിനാ വെറുതെ മുറിക്കണെ.’

പ്രഹ്ളാദന്റെ വാക്കുകളിൽ പൗലോസിന്റ മനസ്സ് പിന്നേം ഉൾട്ടയായി. തേക്ക് മുറിക്കേണ്ടെന്ന തീരുമാനമെടുത്തു.

അങ്ങനെയാണ് തേക്ക് പ്രശ്നം രൂക്ഷമാകുന്നത്. ആദ്യം പൗലോസുമായി 13 വീട്ടുകാരും കലഹിച്ചു. പൗലോസിനു വേണ്ടി പ്രഹ്ലാദൻ വാദിച്ചു. മനസ്സില്ല മനസ്സോടെ പൗലോസിന്റെ കുടുംബവും അയാൾക്കൊപ്പം ചേർന്നു. പതിയെ 13 വീട്ടുകാർക്കുമൊപ്പം നാട്ടുകാരും ചേർന്നു. കുറച്ചുപേർ പൗലോസിനെ ന്യായീകരിച്ചു. ബാക്കി ആളുകൾ 13 വീട്ടുകാരെയും. രംഗം വഷളായപ്പോൾ മധ്യസ്ഥം വഹിക്കാനായി വീണ്ടും സുലോചനയും മകൻ പ്രിയേഷുമെത്തി. ആരു മധ്യസ്ഥം പറഞ്ഞിട്ടും കാര്യമില്ല, താൻ തേക്ക് മുറിക്കാൻ സൗകര്യപ്പെടുന്നില്ലെന്ന് പൗലോസ് തീർത്തു പറഞ്ഞു. ഫയൽവാൻ ആകാൻ ആഗ്രഹിച്ച തന്നെ പയൽവാനാക്കിയ നാട്ടുകാരോട് തന്റെ പ്രതികാരം പൗലോസ് അങ്ങനെ തീർത്തു.

അങ്ങനെ തുടങ്ങിയ തേക്ക് കേസാണ്. തമ്മിൽ തല്ലും, വഴിത്തർക്കവും, തെറിവിളിയും ആട്ടലും പുലമ്പലുമൊക്കെയായി അതങ്ങനെ മുൻപോട്ട് പോയി. ബാങ്ക് മാനേജർ ശശി ചെറുവട്ടൂരിന്റെ സഹോദരൻ എസ് ഐ വിജയന്റെ പിൻബലം പൗലോസിന് കിട്ടി. അതിന്റെ അഹങ്കാരത്തിലും, പ്രഹ്ളാദന്റെ കുത്തിത്തിരിപ്പിലും, തന്നെ പയൽവാനാക്കിയ നാട്ടുകാരോടുള്ള അമർഷത്തിലും പൗലോസ് കുറെയങ് കേറി മേഞ്ഞു.

പൗലോസിന്റെ പാപപ്രമാണത്തിൽ പങ്കുചേരാൻ ഇഷ്ടമില്ലാത്ത അയാളുടെ കുടുംബം എതിർക്കാൻ ഭയപ്പെട്ട് വീർപ്പുമുട്ടി. നാലാമത്തെ വീട്ടിലെ ഇട്ടൂപ്പാശാന്റ തൊണ്ടക്കുഴിയിൽ ശ്വാസം തടഞ്ഞപ്പോൾ അയാളുടെ മക്കളാണ് ഓട്ടോയിൽ കയറ്റി അപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൊണ്ടുപോകും വഴി ഓട്ടോ പൗലോസിന്റെ വീട്ടുമുറ്റത്തെത്തിയപ്പോൾ മരണവെപ്രാളപ്പെടുന്ന ഇട്ടൂപ്പിനെ നോക്കി പൗലോസ് ഗർവിച്ച സ്വരത്തിൽ വിളിച്ചുപറഞ്ഞു

'താൻ ചാവാണേൽ ഇപ്പൊ ചത്തേക്കെടോ.. അഞ്ചാറു വർഷം കഴിഞ്ഞിട്ട ചാവെങ്കി എന്റെ തേക്ക് കാരണം തന്റെ വീട്ടിലേക്ക് വണ്ടി കയറെംല്ല..തനിക്ക് സമയത്തിന് ആശുപത്രി കേറാനും പറ്റത്തില്ല.. ചാവെടോ ചാവ്...'

ഒമ്പതാം വീട്ടിലെ ഹസ്സൻഹാജിയുടെ വീട്ടിലേക്ക് ബന്ധുക്കൾ കാറിൽ വന്നപ്പോൾ പൗലോസ് പുച്ഛത്തോടെ വിളിച്ചുപറഞ്ഞു

‘തേക്ക് വളർന്ന തീർന്നു അവന്റെയൊക്കെ കാറും പത്രാസും'

13 വീടുകളിൽ പലതിലും ജനനം നടന്നു കല്യാണം നടന്നു തിരണ്ടുകുളിയും കൊച്ചുങ്ങളെ നൂൽക്കെട്ടും മരണവും പതിനാറടിയന്തരവും വരെ കഴിഞ്ഞു. പൗലോസ് ആരോടും സഹകരിച്ചില്ല. ഒന്നിലും പങ്കെടുത്തില്ല.അയാളെ ആരും വിളിച്ചതുമില്ല. പകരം ഓരോ ചടങ്ങിനും മണ്ണിട്ട് റോഡ് വഴി പോകുന്ന വണ്ടിയെയും ആളുകളെയും കണ്ടു അയാൾ പല്ല് ഞെരിച്ചു രോഷം പ്രകടിപ്പിച്ചു. അവർ കേൾക്കെയും കേൾക്കാതെയും വായിൽ തോന്നിയത് പലതും വിളിച്ചുപറഞ്ഞു. തൽക്കാലത്തേക്ക് അതിനെയൊന്നും ആരും ഗൗനിച്ചില്ല.

പൗലോസിന്റെ ആ നിയന്ത്രണമില്ലാത്ത നാക്കിനെപ്പോഴും എരിവ് കൂട്ടിയത് പ്രഹ്ളാദൻ മാത്രമാണ്. അങ്ങനെ പോകുമ്പോഴാണ് പ്രഹ്‌ളാദന്റെ മറ്റൊരു കുത്തിതിരിപ്പ് ഇറങ്ങുന്നത്. 13 വീട്ടുകാരും ചേർന്ന് തന്റെ ഭൂമി കൈയ്യേറ്റം നടത്തി പൊതുറോഡായി ഉപയോഗിക്കുന്നുവെന്ന് പൗലോസിനെക്കൊണ്ട് പ്രഹ്ളാദൻ കേസ് കൊടുപ്പിച്ചു. യാതൊരു ന്യായവുമില്ലാത്ത കേസ്. പോരാത്തതിന് ആ ഇടവഴി മണ്ണിട്ട് മൂടി റോഡ് ആക്കിയത് തന്റെ പണം കൊണ്ടു മാത്രമാണെന്നും അതിൽ 13 വീട്ടുകാർക്കും യാതൊരു ബന്ധം പോലുമില്ലെന്നും പൗലോസ് പോലീസിൽ കളളം പറഞ്ഞു. ഒരോ തവണയും 13 വീട്ടുകാർക്കും വേണ്ടി മധ്യസ്ഥം പറയാൻ പ്രിയേഷ് ഓടിയെത്തി. ഒരുവിധത്തിൽ പറഞ്ഞും സമ്മതിപ്പിച്ചും ഓരോ തവണയും പ്രിയേഷ് പ്രശ്നങ്ങൾ പറഞ്ഞൊതുക്കി.

അങ്ങനെ പോയ തർക്കത്തിനിടയിലാണ് പതിമൂന്നാം വീട്ടിലെക്ക് വെട്ട്കല്ലുമായി പോയ മിനിലോറി പൗലോസിന്റെ തേക്കിൻമേൽ ഉരസുന്നത്. ഉരസലിൽ മരത്തിന്റെ തൊലി ചെറുതായൊന്ന് അടർന്നു വീണു. വാസ്തവത്തിൽ പൗലോസിന്റെ ഗർവ്വിന് മുകളിലാണ് ആ മിനിലോറി പോറലേൽപ്പിച്ചത്. പൗലോസിന് നന്നായി കൊണ്ടു. പിന്നിൽ നിന്നുകൊണ്ടുള്ള പ്രഹ്ളാദന്റെ കുത്തിതിരിപ്പ് കൂടിയായപ്പോൾ പൗലോസ് പിന്നെയൊന്നും നോക്കിയില്ല, നേരെപ്പോയങ് അടുത്ത കേസ് കൊടുത്തു. തന്റെ മുതലായ തേക്ക് അവർ നശിപ്പിക്കാൻ ശ്രമിച്ചെന്നും പറഞ്ഞ്.

പതിവുപോലെ മധ്യസ്ഥം വഹിക്കാൻ പ്രിയേഷ് ഓടിയെത്തി. പൗലോസിനെ അടക്കാൻ ശ്രമിച്ചു അയാൾ പരാജയപ്പെട്ടു. പൗലോസിന്റെ പിടിവാശിക്കും ഗർവിനും മുമ്പിൽ പ്രിയേഷിന് വല്ലാത്ത അനിഷ്ടം തോന്നി. പോരാത്തതിന് വെകിളി പിടിച്ച പൗലോസ് പ്രഹ്ളാദന്റെ പിൻബലത്തിൽ പ്രിയേഷിന്റെ അപ്പനും അപ്പാപ്പനും വരെ തെറി വിളിച്ചു. അത് പ്രിയേഷനെ ചൊടിപ്പിച്ചു. ഇനിയും അയാളെ വെറുതെ വിട്ടാൽ ശരിയാകില്ലെന്ന് പ്രിയേഷ് ചിന്തിച്ചു. തന്നിഷ്ടക്കാരനും അഹങ്കാരിയുമായ പൗലോസിന്റെ തേക്ക് മുറിക്കുക എന്നത് അങ്ങനെ പ്രിയേഷിന്റെ കൂടെ ആവശ്യമായി മാറി. വാശിയും.

പൗലോസിനെ അടക്കി നിർത്തിയില്ലെങ്കിൽ തങ്ങൾക്ക് നാണക്കേടാണെന്നും ഇനിയുമയാൾക്ക് അവസരം കൊടുക്കുന്നതിലും നല്ലത് തേക്ക് വെട്ടുവാനുള്ള അനുമതി കോടതി വഴി തേടലണെന്ന ആശയം 13 വീട്ടുകാരോടും പറയുന്നത് പ്രിയേഷാണ്. അങ്ങനെ തേക്ക് വെട്ടണമെന്ന് ഒരു കൂട്ടരും വെട്ടില്ല എന്ന് പൗലോസും പ്രഹ്ലാദനും വാശി പിടിച്ചു. അങ്ങനെയാണ് കേസ് പോലീസ് സ്റ്റേഷനിൽ നിന്നും നേരെ കോടതിയിലേക്ക് എത്തുന്നത്. പൗലോസിന് വേണ്ടി കേസ് വാദിക്കുവാനായി പ്രഹ്ലാദന്റെ വളരെ അകന്നൊരു ബന്ധു സാബുക്കുട്ടൻ വന്നു. പ്രഹ്ലാദനെക്കാൾ വലിയ പരാന്നഭോജി. പ്രഹ്ളാദന്റെയും സാബുക്കുട്ടന്റെയും വലയിൽ പൗലോസ് വീണു. ഉയർന്ന ഫീസും, അന്തിചർച്ചകളും, പുതിയ പുതിയ പദ്ധതികൾ ആവിഷ്കരിക്കലുമായി പൗലോസും പ്രഹ്ലാദനും സാബുക്കുട്ടനും ക്ലാരാബാറിൽ വെച്ചുള്ള കൂടിക്കാഴ്ചകൾ കൊഴുപ്പിച്ചു. പൗലോസിന്റെ ചിലവിൽ നിത്യവും കള്ള് , വട്ടച്ചിലവിനുള്ള പണം - ഇതിൽപരം എന്തു ഭാഗ്യമാണിനി പ്രഹ്ളാദന് ലഭിക്കാനുള്ളത്.

തന്നോട് പക്കൽ ഞാനെപ്പോഴുമുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ പ്രഹ്ളാദൻ പൗലോസിനെ നന്നായങ്ങ് മുതലെടുത്തു. കൂട്ടിയാൽ കൂടാത്ത വക്കീൽ ഫീസു കൊണ്ട് സാബുക്കുട്ടനും. അങ്ങനെ തുടങ്ങിയ കേസാണ്. ഇതിനിടയിൽ പൗലോസിന്റെ അമ്മച്ചി മരിച്ചു. മൂത്തമകൻ ജോസൂട്ടി പെണ്ണു കെട്ടുകയും ഒരപ്പനായി തീരുകയും ചെയ്തു. ഇളയ മകൻ റാബേൽ നാട്ടിലെ കോൺട്രാക്ട് വർക്കുകളേറ്റെടുത്തു ചെയ്യാൻ പ്രാപ്തനായി. അപ്പനിനി ബാങ്കിലെ പണിക്കു പോകേണ്ടെന്ന മക്കളുടെ തീരുമാനത്തെ അംഗീകരിച്ച് പൗലോസ് വീട്ടിലിരിപ്പ് പതിവാക്കി. നാടിനെ നാട്ടുകാരെയും വെറുപ്പിച്ച പൗലോസിനെ ഓർത്ത് മോളിക്കുട്ടി പരിതപിച്ചു. അപ്പോഴും പൗലോസിന്റെ വീട്ടിലിരിപ്പിനും കള്ളുകുടിക്കും കേസുകൂട്ടത്തിനും പ്രഹ്ലാദൻ ഒപ്പം നിന്നു. മേലനങ്ങാതെ പണിയെടുക്കാനുള്ള ഏറ്റവും എളുപ്പമാർഗമോർത്ത് ഏറ്റവും വിശ്വസ്തനായി . മറുപക്ഷത്ത് രണ്ടു തവണകളായി പ്രിയേഷ്‌ വാർഡ്‌ മെമ്പറായി. ജനസമ്മതി വിട്ടുകളയാൻ ഇഷ്ടമല്ലാത്ത പ്രിയേഷ്‌ 13 വീട്ടുകാർക്കും വേണ്ടി അഹോരാത്രം പണിയെടുത്തു. കേസിന്റെ ഓരോ വശങ്ങളെക്കുറിച്ചും അയാൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. അതും 14 വർഷം. 14 വർഷം കൊണ്ട് പൗലോസിന്റെ ആരോഗ്യം കെട്ടു. തലമുടി നരക്കുകയും രണ്ട് അണപ്പല്ല് കൊഴിഞ്ഞു വീഴുകയും ചെയ്തു. കോടതി വളപ്പ് കയറിയിറങ്ങി അയാൾ ക്ഷീണിച്ചു. പഴയ വീറും വാശിയും പലപ്പോഴും കെട്ടടങ്ങുമെങ്കിലും 13 വീട്ടുകാരുമായി ഒരു സംയമനത്തിന് തയ്യാറെടുത്താലോ എന്ന് ചിന്തിച്ചാലും പ്രഹ്ലാദൻ അതിനെ മുടക്കികൊണ്ടേയിരുന്നു. പൗലോസിനെ മുതലെടുത്ത് മുതലെടുത്ത് ആ പരാന്നഭോജി തടിച്ചുകൊഴുത്തു.

അതിനിടയിൽ, നീണ്ട 14 വർഷം കൊണ്ട് തേക്കുവളർന്നു. തേക്കിന് വണ്ണം കൂടി. വണ്ണം കൂടിയ തേക്ക് വരുന്ന വണ്ടികൾക്ക് വിലങ്ങായി മണ്ണിട്ടറോഡിലേക്ക് കയറി നിന്നു. അതുനിമിത്തം സ്വന്തം വീട്ടുവളപ്പിലേക്ക് നേരെ ചൊവ്വേ ഒരു ഓട്ടോ പോലും കയറ്റാനാകാതെ എല്ലാവരും വിഷമിച്ചു. ആ വിഷമം പൗലോസിനെ അറിയിക്കാൻ അവർ പരമാവധി ശ്രമിച്ചു. പക്ഷേ അവരുടെ വിഷമം കേൾക്കാൻ പൗലോസ് തയ്യാറായില്ല. അയാൾ സ്വപ്നം കണ്ടതത്രയും ഒത്തവണ്ണത്തിൽ,കാതൽ നിറഞ്ഞ തേക്ക് വെട്ടി മാറ്റി ലക്ഷങ്ങൾ നേടുന്ന ആ ദിവസമാണ്. അതിനിടയിൽ വരുന്ന ഒരു ദിവസവും ഒരു മനുഷ്യനും അയാളുടെ ചിന്തയിലില്ല. അയാളെ അങ്ങനെ സ്വപ്നം കാണാൻ പ്രാപ്തനാക്കിയത് പ്രഹ്ളാദനാണ്. അതിനയാൾ പ്രഹ്ലാദനോട് കടപ്പെട്ടു. അതിനിടയിൽ ഒന്ന് രണ്ട് തവണയായി ഒരു തമാശപോലെ വളിച്ച ചിരി ചിരിച്ചുകൊണ്ട് പ്രഹ്ളാദൻ സൂചിപ്പിക്കുകയും ചെയ്തു ' കിട്ടുന്ന ലക്ഷത്തിൽ നിന്ന് ഒരു പാതി എനിക്കൂടെ തരണേന്ന്'. കൊടുക്കുന്നതിൽ പൗലോസിന് കുഴപ്പമില്ല. ഇക്കണ്ട കാലമത്രയും തന്റെ കൂടെ നിന്നവനാണ് പ്രഹ്ലാദൻ. പല രാത്രികളിലും മോളികുട്ടിയും മക്കളും മാനസാന്തരപ്പെടുത്താൻ ശ്രമിച്ചിട്ടും അതിലൊന്നും വീഴാതെ തന്നെ കാത്തുസൂക്ഷിച്ചത് പ്രഹ്ളാദനാണ്. പിന്നെ ആ വക്കീൽ സാബുക്കുട്ടനും. പൗലോസിന്റെ മനസ്സലിഞ്ഞേക്കാവുന്ന എത്രയോ സാഹചര്യങ്ങളിൽ പ്രഹ്ലാദനും സാബുക്കുട്ടനും വിലങ്ങുതടിയായി. വീട്ടധികാരം മക്കൾക്ക് ലഭിച്ചപ്പോൾ പോലും തന്നെ ഒതുക്കാൻ ശ്രമിച്ച മക്കൾക്ക് മുമ്പിൽ തലയെടുപ്പോടെ നിൽക്കാൻ പൗലോസിനെ പ്രാപ്തനാക്കിയതും അവർ തന്നെയാണ്. 13 വീട്ടുകാരുമായി ഒരു സന്ധി ചർച്ച നടത്താൻ വരെ മക്കൾ തയ്യാറെടുത്തതാണ്. അപ്പോൾ പോലും പൗലോസിനോട് പ്രഹ്ളാദൻ പറഞ്ഞു 'തോൽക്കരുത്.. തോറ്റ നഷ്ടാവാ ലക്ഷങ്ങള.. പിന്നെ അഭിമാനവും'. അതു കേട്ടപ്പോഴൊക്കെ പൗലോസ് മക്കളുടെ തീരുമാനങ്ങൾക്ക് കൂട്ടുനിൽക്കാതെ ഒഴിഞ്ഞുമാറി.

അങ്ങനെയാണ് മഞ്ചേരി ജില്ലാ കോടതിയിലെ കേസ് 13 വർഷത്തോളം തകൃതിയായി നടന്നത്. ഇതിനിടയിൽ തേക്കന്വേഷിച്ച് വരവുകാർ തുടങ്ങി. വിലപേശലുകൾ കാര്യമായി മുൻപോട്ടുപോയി. തന്റെ ലാഭത്തിന്റെ വിഹിതം കൂടണമെന്നാഗ്രഹിച്ച പ്രഹ്ലാദൻ നല്ല കോളുക്കാർ വന്നാൽ മാത്രം തേക്ക് കൊടുത്താൽ മതിയെന്ന് പൗലോസിനെ കൂടെ കൂടെ ഓർമ്മിപ്പിച്ചു. ഒരുവിധത്തിൽ പറഞ്ഞാൽ പൗലോസിന്റെ തീരുമാനങ്ങളുടെ നിയന്ത്രണമെല്ലാം പ്രഹ്ലാദന്റെ കയ്യിലായിരുന്നു. അതിനിടയിൽ പ്രിയേഷിന്റെ നേതൃത്വത്തിൽ മറ്റൊരു കണ്ടെത്തൽ നടന്നു. ഏറ്റവും സന്തോഷപ്പെടുത്തുന്നതും പ്രതീക്ഷ തരുന്നതുമായിരുന്നു ആ കണ്ടെത്തൽ. മണ്ണിട്ട് നികത്തി റോഡാക്കിയ ഇടവഴി യഥാർത്ഥത്തിൽ പഞ്ചായത്ത് മുതലാണെന്നും അതിനോട് ചേർന്നുള്ള പൗലോസിന്റെ ഭൂമി പഞ്ചായത്ത് മുതൽ അനധികൃതമായി കയ്യേറി സ്വന്തമാക്കിയതാണെന്നുമായിരുന്നു ആ കണ്ടെത്തൽ. ചുരുക്കിപ്പറഞ്ഞാൽ 13 വീട്ടുകാർക്കൊപ്പം കേസിൽ പഞ്ചായത്തിന്റെ ഇടപെടലും വന്നു. അതോടെ പൗലോസിന്റെ വീറും വാശിയും കുറഞ്ഞു തുടങ്ങി. ബല്ലാത്ത തരത്തിലുള്ള ഒരു പരാജയഭീതി അയാളെ കാർന്നു. അപ്പോഴും പ്രഹ്ലാദനും സാബുക്കുട്ടനും ക്ലാരാബാറിലെ അന്തി ചർച്ച കൊഴുപ്പിച്ചുകൊണ്ട് പൗലോസിനെ സമാധാനപ്പെടുത്തി. എന്നിട്ടും സമാധാനം കിട്ടാതെ പൗലോസിന് ഉറക്കം കെട്ടു. പോയ വർഷങ്ങൾ, ചിലവാക്കിയ പണം , അനുഭവിച്ച മനസമാധാനക്കേടുകൾ തുടങ്ങി ഓരോന്നോരോന്നായി അയാൾ എല്ലാം എണ്ണി പെറുക്കിയെടുത്തു.ചില ദിവസങ്ങളിൽ അയാളുടെ ഹൃദയം വെപ്രാളം പൂണ്ടു. ആരോഗ്യം കെട്ട അയാളുടെ വാർദ്ധക്യ ശരീരത്തിൽ മാത്രമല്ല തലച്ചോറിൽവരെ ഉരുളൻ വിരകൾ കിടന്നു പിടഞ്ഞു. ഇതിനിടയിൽ ഭൂമി അളന്നു തിട്ടപ്പെടുത്താൻ വന്ന പഞ്ചായത്തുകാർ ഒരു സുപ്രധാന സംഭവം കണ്ടെത്തി. അതോടെ കഥയുടെ ട്വിസ്റ്റ് പുറത്തുവന്നു. കേസിനാസ്പദമായ തേക്ക് വണ്ണം വെച്ച് വണ്ണം വെച്ച് അത് പഞ്ചായത്ത് റോഡിലേക്ക് കടന്നുകയറിയിരിക്കുന്നു. അതിനാൽ തേക്കിന്റെ യഥാർത്ഥ അവകാശം പൗലോസിനല്ല അത് പഞ്ചായത്തിന് മാത്രമാണ്, പഞ്ചായത്തിന്!

ശുഭം.

കേസിൽ പൗലോസ് തോറ്റു. തേക്ക് പഞ്ചായത്ത് വെട്ടിയെടുത്തു. 13 വീട്ടിലേക്കുമുള്ള യാത്രാവഴി കൂടുതൽ സുഗമമായി. കേസ് തുടങ്ങിയ ആദ്യ കാലം മുതൽക്ക് ഒപ്പം നിന്ന പ്രിയേഷിന് നാട്ടിൽ കൂടുതൽ ജനസമ്മതി ലഭിച്ചു. പ്രഹ്ലാദന്റെ മിണ്ടാട്ടംമുട്ടി. കേസും കൂട്ടവുമായി ചെലവാക്കിയ തുകയോർത്ത് പൗലോസ് നെഞ്ചത്ത് കൈവച്ചു. അയാൾ തളർന്നു. അയാളുടെ ഹൃദയം ജഡമായി തീർന്നു. ഉള്ളാലെയെങ്കിലും മോളി കുട്ടിയും ജോസൂട്ടിയും റാബേലും ജോസൂട്ടിയുടെ കെട്ടിയോളും സന്തോഷിച്ചു. 13 വീട്ടുകാരും നാട്ടുകാരും ആ വിജയത്തെ പടക്കം പൊട്ടിച്ചാഘോഷിച്ചു.

സമാപനം.
പൗലോസ്
വയസ്സ് 53
ഗൃഹസ്ഥൻ

പരാജയത്തിന്റെ പ്രമാണത്തിനോട് പോരാടുകയാണ് അയാളിപ്പോൾ. ധനനഷ്ടം മാനഹാനി പിന്നെ സമയം നഷ്ടം പോരാത്തതിന് നടന്നു തേഞ്ഞ നൂറുകണക്കിന് ചെരുപ്പുകളും, മുതലെടുത്ത് തിന്നു തടിച്ചുതീർത്ത ഇത്തിൾ കണ്ണികളും. പൗലോസ് പൂർണമായും തളർന്നിരിക്കുന്നു.

പ്രഹ്ലാദൻ
വയസ്സ് 53
ജോലിയില്ല, കൂലിയില്ല

എരന്നു ജീവിക്കുക എന്ന തന്റെ ബലഹീനത നിമിത്തം പ്രഹ്ലാദൻ പിന്നെയും ഒരു ഇത്തിൾക്കണ്ണി പോലെ പൗലോസിന്റെ വീടു കയറിവന്നു . തലചൊറിഞ്ഞു വളിച്ച ചിരി ചിരിച്ചുകൊണ്ട് പ്രഹ്ലാദൻ പൗലോസിനോട് പറഞ്ഞു, 'അങ്ങനെ തോറ്റു കൊടുക്കണ്ട ഒരുത്തനും.. ഞാൻ വേറൊരു വഴി കണ്ടുവെച്ചിട്ടുണ്ട്..പറയട്ടെ.'
പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ. നെഞ്ചത്തോട്ടൊരു ചവിട്ട് ആഞ്ഞുവന്നതും പ്രഹ്ലാദൻ മുറ്റത്തൊട്ട് തെറിച്ചുവീണതും ഒന്നിച്ചായിരുന്നു. പ്രഹ്ലാദന്റെ അലറിച്ചയിൽ 13 കുടുംബങ്ങളും സാക്ഷികളായി. അവർ ഒരുപോലെ ഞെട്ടി വിറച്ചു.

നബി: അതിൽ പിന്നെ ഒരിക്കലും ആരും പൗലോസിനെ പയൽവാനേ എന്ന് വിളിച്ചിട്ടില്ല. പ്രഹ്ലാദന് കിട്ടിയ ചവിട്ട് നാട്ടുകാർ മറന്നതുമില്ല. എല്ലാവരും പൗലോസിനെ പേടിച്ചു. ഒരു ചവിട്ടിന് പ്രഹ്ലാദന്റെ നട്ടെല്ലൊടിച്ച പൗലോസ് അന്നുമുതൽ നാട്ടുകാർക്ക് പയൽവാനായിരുന്നില്ല. മറിച് നാട്ടുകാർ അയാളെ ഇങ്ങനെ വിളിച്ചു -
ഫയൽവാൻ പൗലോസ്.


അനു ചന്ദ്ര

കഥാകൃത്ത്, സ്വതന്ത്ര മാധ്യമപ്രവർത്തക, ചലച്ചിത്ര പ്രവർത്തക. ആന്തോളജി ചിത്രമായ ആമുഖങ്ങൾ എന്ന സിനിമയിൽ സഹ എഴുത്തുകാരിയായിരുന്നു. ന്റുപ്പാന്റെ പേര് (കഥ ), എട്ട് (നോവൽ ), ജൂനിയർ ചാപ്ലിൻ ( ബാലസാഹിത്യം ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments