എല്ലാവരും ഉപേക്ഷിച്ച ഒരു യുവാവായിരുന്നു യദു. പ്രത്യേകിച്ച് ഒരു പ്രത്യേകതകളും ഇല്ലാത്ത ഒരു മനുഷ്യനായതുകൊണ്ടുതന്നെ ആരാലും അത്ര പരിഗണിക്കപ്പെടാതിരുന്ന ഒരു ജീവൻ. പലപ്പോഴും ഉറങ്ങി എണീറ്റുവരുമ്പോൾ ഉത്തരത്തിൽ നോക്കി അവൻ അങ്ങനെ കിടക്കും, എഴുന്നേറ്റിട്ട് എന്തുചെയ്യണം എന്നാലോചിക്കും, ഏറെനേരം. എന്തുചെയ്താലും ഇപ്പോഴുള്ള ജീവിതത്തിൽനിന്ന് എന്ത് മാറ്റമായിരിക്കും ഉണ്ടാവുക? എന്നും രാവിലെ ഉണരുന്നു, ഒരു കമ്മ്യൂണിക്കേഷൻ ഏജൻസിയിലെ സെയിൽസ് സ്റ്റാഫ് ആയി നേരം ഇരുളുംവരെ ജോലി ചെയ്യുന്നു, തിരിച്ച് വർഷങ്ങളുടെ പഴക്കമുള്ള, യദുവിനോടുള്ള സ്നേഹം കൊണ്ടുമാത്രം അത്ര പ്രശ്നങ്ങളില്ലാതെ ഓടുന്ന സ്‌കൂട്ടിയിൽ കയറി വീട്ടിൽ വരുന്നു. തുച്ഛമായ ശമ്പളം കൊണ്ട് ഈ മാസത്തിൽ നിന്ന് അടുത്ത മാസത്തിലേക്ക് ജീവിക്കാനുള്ള ഒരു പ്ലാൻ തയ്യാറാക്കുക - ഒന്നുംതന്നെ പുതിയതായി കൂട്ടിച്ചേർക്കപ്പെട്ടിട്ടില്ലാത്ത പ്ലാൻ, വല്ലപ്പോഴും അമ്മയ്ക്ക് വല്ല പാത്രമോ, ഗ്ലാസോ വാങ്ങാൻ കുറച്ച് പൈസ നീക്കിവച്ചാലായി, അല്ലെങ്കിൽ ഒരു ഷർട്ട് വാങ്ങിയാലായി.
ഓർമ്മവച്ച കാലം മുതൽ അച്ഛൻ കള്ളിമുണ്ടാണ് ഉടുക്കുന്നത്, ജനിച്ചതേ ഈ വേഷത്തിൽ, സ്ഥിരം കൊണ്ടുനടക്കുന്ന ബാഗിൽ, സ്ഥിരം ധരിക്കുന്ന ബ്രൗൺ നിറമുള്ള ചെരുപ്പിൽ എന്നപോലെ വാർത്തതാണ് അച്ഛന്റെ ജീവിതം - വീട്ടിൽ ഉണ്ടായിട്ടും വീട്ടിൽ ഇല്ലാത്ത ആൾ. തന്നോട് മിണ്ടാറുണ്ടോ? ഉണ്ട്. മിണ്ടാറില്ലേ എന്നുചോദിച്ചാൽ ഇല്ലതാനും. ഇനി അച്ഛനിൽ നിന്നോ അമ്മയിൽ നിന്നോ കുടുംബമായി താമസിക്കുന്ന മൂത്ത ചേട്ടനിൽ നിന്നോ തനിക്കൊന്നും കിട്ടാനില്ല. എന്നാൽ തന്നിൽ നിന്ന് അവർ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ?
പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ പരിസ്ഥിതിദിനത്തിന് ഒരു തൈ അമ്മ പ്രതീക്ഷിക്കുമായിരുന്നു. അല്ലെങ്കിൽ വല്ലപ്പോഴും കിട്ടിയിരുന്ന അഞ്ച് കിലോ റേഷനരി. യദു പഠിക്കുമെന്നോ, ജോലി ചെയ്യുമെന്നോ ആരും ആഗ്രഹിച്ചിരുന്നില്ല എന്നുതോന്നുന്നു.
ഒരു മന്ദഗതിയിൽ, പതിഞ്ഞ താളത്തിലുള്ള ഒരു ജീവിതമായിരുന്നു യദുവിന്റേത്. എന്തെങ്കിലും നേടാൻ ആരും ഓർമ്മിപ്പിച്ചില്ല, എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരിക്കലും തോന്നിയതുമില്ല.
ഇടയ്ക്ക് ഓർക്കും, ഇങ്ങനെയും മനുഷ്യർ ഉണ്ടാവില്ലേ എന്ന് - വെറുതേ ജീവിക്കുന്നവർ, പ്രത്യേകിച്ച് ഒരു പ്ലാനും ഇല്ലാതെ, കഥകളിലൊന്നും ആരും എഴുതിയിട്ടില്ലാത്തവർ. ആകെയൊരു കൂട്ടുകാരൻ ഉണ്ടായിരുന്നത് ജോലി അന്വേഷിച്ച് ഗൾഫിൽ എവിടെയോ പോയി. അങ്ങനെ യദുവിന് സംസാരിക്കാൻ ഉണ്ടായിരുന്ന ഏകമനുഷ്യജീവിയും ഇല്ലാതായി. പിന്നെയാണ് യദു അലങ്കാരമത്സ്യങ്ങളെ വളർത്തിത്തുടങ്ങിയത്. അവരോടും പതിയെ പതിയെ ഒന്നും പറയാനില്ലാതെയായി. അവർക്ക് എന്നും ഒരേ ഭക്ഷണം, ഒരേ യദു. പിന്നെ അവർ പതിയെ ചത്തും പോയി. എന്തു ജീവനാണെങ്കിലും അതിന് ഇഷ്ടപ്പെടുംപോലെയൊക്കെ പെരുമാറണം, അല്ലെങ്കിൽ അതുപോകുമെന്ന് യദുവിന് തോന്നി.

എങ്ങനെയാണ് ആളുകൾ മറ്റുള്ളവർക്ക് ഇഷ്ടമാകുംപോലെ പെരുമാറുന്നത്? എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. 27 കൊല്ലങ്ങൾ ജീവിച്ചിട്ടും ഒരു പെൺകുട്ടിയെ മര്യാദക്ക് ഇഷ്ടപ്പെടാനോ സംസാരിക്കാനോ തനിക്ക് പറ്റിയിട്ടില്ലല്ലോ എന്ന് യദു ഓർത്തു. എന്താണ് ഒരു പെണ്ണിന്റെ സ്നേഹം? അറിയില്ല. എന്നാൽ അതെന്താണെന്ന് അറിയാൻ ഉത്ഘടമായ ആഗ്രഹമുണ്ട്താനും. തന്റെ ജീവിതത്തിലെ, ഏത് അണുവാണ് അങ്ങനെ ആഗ്രഹിക്കുന്നത്? അതോർക്കുമ്പോൾ യദുവിന് ചിരിവരും. ഒരു പുരുഷൻ ഒരു സ്ത്രീയെ ആഗ്രഹിക്കുന്നത് ഒരു അസാധാരണ കാര്യമൊന്നുമല്ലല്ലോ. പക്ഷേ ഓർക്കുമ്പോൾ എന്തോപോലെയാണ്, കാരണം തുടക്കത്തിലേ പറഞ്ഞല്ലോ, ഒരു പ്രത്യേകതയും ഇല്ലാത്ത ആൾ ഇങ്ങനെയൊക്കെ ആഗ്രഹിക്കുമോ? ആവോ അറിയില്ല. ഇതൊന്നും പങ്കുവയ്ക്കാൻ തക്ക സൗഹൃദം യദുവിനില്ലല്ലോ.
എന്നിട്ടും ധൈര്യം സംഭരിച്ച് ഒരു പെണ്ണിനോട് ഇഷ്ടമാണെന്ന് പറഞ്ഞു യദു. അവളെ അവൻ ഇടയ്ക്കിടെ ഷോപ്പിൽ കാണാറുണ്ട്. അവന്റെ വീട്ടിലെ ഒരു പെണ്ണിനെ പോലെ അവനു തോന്നി - അതായിരുന്നു ഇഷ്ടം തോന്നാനുള്ള കാരണം. യദുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ തിരിച്ചും ഇഷ്ടമാണെന്ന് പറഞ്ഞുകളഞ്ഞു. ഇനിയെന്ത് ചെയ്യണം? വിവാഹം കഴിക്കട്ടെ എന്നുചോദിച്ചാലോ? പക്ഷേ ഒരു പെൺകുട്ടി വരുമ്പോൾ അവൾ ആഗ്രഹിക്കുന്ന ഒന്നുംതന്നെ വീട്ടിൽ ഇല്ലല്ലോ എന്ന് യദു ഓർത്തു. താൻ കിടക്കുന്ന കിടക്കയുടെ അവസ്ഥ തന്നെ ഓർത്താൽ മതിയല്ലോ. അവിടേക്ക് ഒരു പെണ്ണിനെക്കൂടി കൊണ്ടുവരണോ? ആരും ആരുടെയും ബുദ്ധിമുട്ടുകൾ പങ്കുവയ്ക്കുന്നത് ശരിയല്ലെന്ന് യദുവിന് തോന്നി. ആദ്യം സന്തോഷത്തിനുള്ള കാര്യങ്ങൾ വേണം. തിളങ്ങുന്ന ഡൈനിങ് ടേബിൾ, വൃത്തിയുള്ള നിലം, കൊത്തുപണികൾ ചെയ്ത അലമാര, സുഗന്ധമുള്ള വസ്ത്രങ്ങൾ... ഇതൊക്കെ സന്തോഷം കൊണ്ടുവരും, അപ്പോൾ അത് പങ്കുവയ്ക്കപ്പെടുകയും ചെയ്യും. ആദ്യമായിട്ടാണ് യദു ഇങ്ങനെയൊക്കെ ചിന്തിച്ചു നോക്കുന്നത്.
"ഏട്ടൻ എന്നെ കല്യാണം കഴിക്കുന്നില്ലേ?" ഒരിക്കൽ ഊണ് കഴിക്കുന്നതിനിടയ്ക്ക് അവൾ പെട്ടെന്ന് ചോദിച്ചു.
"ഒരു വർഷം കൂടി കഴിഞ്ഞിട്ട് പോരേ?" യദുവിന് അപ്പോൾ പെട്ടെന്ന് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.
"അതെന്തിനാ ഒരു വർഷം? എനിക്ക് എന്റെ പേര് 'ശ്യാമ യദുകൃഷ്ണൻ' എന്നുമാറ്റണം. അതെന്റെ വല്യ ആഗ്രഹമാ’’.
അവനെപ്രതി ഒരാഗ്രഹം കൊണ്ടുനടക്കുന്ന ആ ഇരുപത്തിരണ്ടുകാരി പെൺകുട്ടിയോട് മൂത്ത ജ്യേഷ്ഠനു തോന്നും പോലെ ഒരു കരുതൽ അപ്പോൾ യദുവിന് തോന്നി.
കല്യാണത്തിന് മുൻപ് പുതിയ കിടക്കയും അലമാരയും വാങ്ങണമെന്ന് അമ്മ നിർബന്ധം പിടിച്ചു. അങ്ങനെ പുതിയ ചില കാര്യങ്ങൾ വീട്ടിൽ വന്നു. എല്ലാം അവൾ കാരണമാണ്. ആ അലമാരയിൽ അവളുടെ വസ്ത്രങ്ങൾ അടുക്കി വച്ചിരിക്കുന്നത് യദു ഇടയ്ക്കിടെ നോക്കും. അതിന് അരികിലായി അവളുടെ കമ്മലുകൾ മാത്രമുള്ള ഒരു ബോക്സുണ്ട്. മറ്റൊരു പാത്രത്തിൽ അവളുടെ മേക്കപ്പ് സാധനങ്ങൾ. ഒരു പെണ്ണ് എന്തൊരു അത്ഭുതമാണ്! അവന് ഒരുപാട് സന്തോഷം തോന്നി. ഇപ്പോൾ അവളെയും കൂട്ടിഅമ്പലത്തിൽ പോകാൻ അവനു തോന്നാറുണ്ട്. കൂടെ സ്വന്തമായി ഒരുവൾ ഉണ്ടാവുക, അതൊരു നല്ല കാര്യമാണ്. ഇപ്പോൾ ഒറ്റയ്ക്കിരുന്ന് ചായ കുടിക്കാനോ ഊണ് കഴിക്കാനോ യദുവിന് തോന്നാറില്ല. അവളുടെയൊപ്പമാണ് എല്ലാം നല്ലത്. അവൾ കുറച്ചു മുന്നേ വന്നിരുന്നെങ്കിൽ താൻ ഇത്ര ഒറ്റപ്പെടുമായിരുന്നില്ലല്ലോ!

എന്നാൽ അതൊരു സ്വാർത്ഥതയുമാണല്ലോ എന്ന് യദു ഓർത്തു. സന്തോഷം അല്ലെങ്കിൽ ആനന്ദം അവനവനിൽനിന്ന് ലഭിക്കാത്ത ആൾ മറ്റൊരാളിൽനിന്ന് എടുക്കാൻ നോക്കുന്നത് ദ്രോഹമാണ്. യദു വെറുതെ ശ്യാമയെ നോക്കിയിരുന്നു. നോക്കി നോക്കിയിരിക്കെ അവൾക്ക് കൂടുതൽ സന്തോഷിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് കണക്കുകൂട്ടി. അവൾക്ക് കടൽ കാണാൻ പോവുക എന്നുള്ളതാണ് ഏറ്റവും ഇഷ്ടം. അവിടെ അവൾ എത്ര നേരം വേണമെങ്കിലും ഇരിക്കും. അവൾ അപ്പോൾ വളരെക്കുറച്ചു മാത്രമേ സംസാരിക്കൂ. അതുകൊണ്ട് താനും മൗനം പാലിക്കണമെന്ന് യദുവിന് മനസ്സിലായി.
അവൾ ആരാണെങ്കിലും അങ്ങനെ തന്നെ തുടരട്ടെ, യദുവിന് പരാതിയോ പരിഭവമോ ഇല്ല. അവൾ ഉണ്ടല്ലോ ജീവിതത്തിൽ, അതുമാത്രം മതിയാകും. വെറും സാധാരണ രീതിയിൽ പോയിക്കൊണ്ടിരുന്ന ജീവിതത്തെ മറ്റെന്തോ ആക്കി അവൾ മാറ്റിയതായി യദുവിനു മനസ്സിലായി. ആഴത്തിൽ ചിന്തിക്കുമ്പോൾ എല്ലാ അസാധാരണത്വവും മനുഷ്യർ ഒന്നിക്കുമ്പോഴാണ് സംഭവിക്കുന്നത്. അല്ലെങ്കിൽ ഒരാളെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുമ്പോൾ.
കല്യാണം കഴിച്ചപ്പോൾ യദു പെട്ടെന്ന് അന്നുവരെ ഇല്ലാതിരുന്ന ജീവിതത്തിലേക്ക് തിരികെ വന്നു. എങ്ങനെയാണ് ചില ആണുങ്ങൾ അവരുടെ ഭാര്യമാരെ മാനസികമായും ശാരീരികമായും വേദനിപ്പിക്കുന്നതെന്ന് യദുവിന് തീരെ മനസ്സിലായില്ല. ഒരു സ്ത്രീ, അവളുടെ ജീവിതം മറ്റൊരാൾക്കൊപ്പം തുടരാൻ ആഗ്രഹിക്കുക എന്നതുതന്നെ എത്ര വലിയ കാര്യമാണ്. ഒരു സ്ത്രീയ്ക്ക് ഇഷ്ടമായ ആൾ ആണ് താൻ എന്ന ചിന്ത തന്നെ എത്രയോ മഹത്വമുള്ളതാണ്. ചില ആണുങ്ങൾ അങ്ങനെ ഒരു സ്ത്രീ ജീവിതത്തിലേക്ക് വരുമ്പോൾ അവളിൽ നിന്ന് കിട്ടാവുന്നതെല്ലാം വലിച്ചൂറ്റി എടുക്കുന്നു. അവൾ അന്നുവരെ പഠിച്ച മൂല്യങ്ങൾ, അവളുടെ വൈകാരികപക്വത, അവളുടെ സ്നേഹം, അവളുടെ സാമീപ്യം. അത്തരം ആണുങ്ങളിൽ ഒരുപാട് കാലം ഒരു പെണ്ണും ചേർന്നുനില്ക്കില്ല. അവളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന ഒന്നും അവൾ സഹിക്കില്ല. ഒരാളിൽനിന്നും ഒന്നും ആഗ്രഹിക്കാൻ പാടില്ല.
"ഏട്ടൻ എന്താ ഇങ്ങനെ ചിന്തിച്ചുകൂട്ടുന്നത്?" ശ്യാമ ഒരിക്കൽ കൗതുകത്തോടെ ചോദിച്ചു.
"നിന്നെക്കുറിച്ചാ ചിന്തിക്കുന്നത്, നീ എന്റെ ജീവിതത്തിൽ വന്നതിനെക്കുറിച്ച്. എന്താ നിനക്ക് എന്നെ കല്യാണം കഴിക്കാൻ തോന്നിയേ?"
"ഏട്ടൻ എന്താ എന്നെ കല്യാണം കഴിച്ചേ?"
"അത്, ആണുങ്ങൾക്ക് കാണുമ്പോഴേ അറിയാം. ഏത് പെണ്ണിനെയാ കല്യാണം കഴിക്കേണ്ടത് എന്ന്."
"എനിക്ക് അങ്ങനെയൊന്നും ചിന്തിക്കാൻ അറിയില്ല. എനിക്ക് തോന്നി നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണെന്ന്."
"നിനക്ക് അറിയേണ്ടത് നീ മനസ്സിലാക്കി. എനിക്ക് അറിയേണ്ടത് ഞാനും. അതുചേർന്നാ മതിയല്ലോ."
"ഏട്ടൻ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ഞാൻ ആദ്യായിട്ടാ കേൾക്കുന്നത്."
യദു അവളെ സൂക്ഷിച്ചു നോക്കി നിന്നു. കണ്ണും നിറഞ്ഞ് മനസ്സും നിറഞ്ഞ് ആ പെണ്ണിനെ നോക്കി നിന്നു.

