ലയ ചന്ദ്രലേഖ

ഒരു മുക്കവലയിൽ
നിന്നുള്ള മടക്കങ്ങൾ

രണ്ടാംതവണ അയാളെന്റെ തുടയിൽ വിരലുരസിയാണ് കടന്നുപോയത്. എനിക്ക് സർപ്പദംശനമേറ്റപോലെ തോന്നി. വിഷം ഞരമ്പുകളിലൂടെ പടർന്നുകയറും മുൻപ് എനിക്കാ ശരീരഭാഗത്തെ മുറിച്ചുനീക്കണം.

ഒന്നാം മടക്കം;
ചിത്രശലഭത്തിൽ നിന്ന് പ്യൂപ്പയിലേക്ക്

വൃദ്ധയെ അങ്ങനെ തുറിച്ചുനോക്കിയിരിക്കുന്തോറും അവൾക്കൊരു ചിത്രശലഭത്തെ ഓർമ്മവന്നു. ആയാസരഹിതമായി, ഭാരമേതുമില്ലാതെ, ഒന്നിൽനിന്നും മറ്റൊന്നിലേക്ക് പറന്നു നീങ്ങിക്കൊണ്ടിരിക്കുന്ന...

‘ആരാ...?’, വൃദ്ധ ചോദിച്ചു.

ലോകത്ത് പുതിയതായി കണ്ടെത്തപ്പെട്ട ഒരു നിറത്തെ ആദ്യമായി കാണുകയാണെന്നിരിക്കട്ടെ. അപ്പോഴതിനോടു തോന്നുന്ന നിരാസമോ അത്ഭുതമോ രണ്ടും കൂടിയ മറ്റെന്തോ ഒന്നോ അവരുടെ മുഖത്തുണ്ടായിരുന്നു.

‘മ...കൾ...’

അവളുടെ ശബ്ദം വിറച്ചു.
തൊണ്ട വേദനിച്ചു.
പാതി കണ്ടുനിറുത്തിയ എന്തിനെയോ തിരയാനായി വൃദ്ധ വീണ്ടും പുറത്തേക്ക് നോക്കി. അവരെല്ലാം മറന്നുതുടങ്ങിയിരുന്നു. വീടും നാടും ഉറ്റവരും ഉടയവരും സ്വന്തം പേരു പോലും...

ജനാലയുടെ പുറത്ത് എന്തിലോ കാഴ്ചയുടക്കി അവർ നിഷ്കളങ്കമായി പുഞ്ചിരിച്ചു. അവരെയങ്ങനെ നോക്കിയിരിക്കുന്തോറും ആ കാഴ്ച ഒരു ചിത്രശലഭത്തെയല്ല, ചിത്രശലഭത്തിന്റെ പ്യൂപ്പയിലേക്കുള്ള മടക്കത്തെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് അവൾക്ക് തോന്നി.

ഒരു ചിത്രശലഭത്തിന്റെ പ്യൂപ്പയിലേക്കുള്ള മടക്കം.

യഥാർത്ഥത്തിൽ എന്താണത്..?

ചിറകുകൾ പൊഴിച്ച് തന്റെ പ്യൂപ്പാവസ്ഥയിലേക്ക് ചേക്കേറുന്ന ഒരു ചിത്രശലഭം ഓർമ്മിപ്പിക്കുന്നത് ഓർമ്മകളുടെ നിരാകരണത്തെ, അഥവാ മറവിയിലേക്കുള്ള ചേക്കേറലിനെ ആണെന്ന് അവൾക്ക് തോന്നി. അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾത്തന്നെ അനന്തമായ ഇരുട്ടിലെ പൂർവാവസ്ഥയിലേക്കുള്ള തിരിച്ചുപോക്ക് അസാധാരണമായ സ്വയം ഓർമ്മപ്പെടുത്തൽ തന്നെയല്ലേ എന്നുമവൾ ചിന്തിച്ചു. മറവിയിൽ നിന്നും ഓർമ്മയിലേക്കുള്ള ചേക്കേറൽ. എന്തൊരു വൈരുദ്ധ്യമാണിത്.

മറവിയെന്നാൽ ഓർമ്മകളുടെ ഒരു സഞ്ചയമാകുന്നു. അല്ലെങ്കിൽ ഓർമ്മ മറവികളുടെ.

മരണത്തിന്റെ ഇരുട്ട് ഏതോ പിറവിയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമാകുന്നു. പിറവിയുടെ അനന്തമായ പ്രകാശം ഒരുകൂട്ടം മരണങ്ങളുടെ നിഴലുകളും.

ചുറ്റും സന്ധ്യ മയങ്ങാൻ തുടങ്ങിയിരുന്നു. ഇപ്പോൾ അവളുടെ ചിറകുകൾ പതിയേ കൊഴിയാൻ തുടങ്ങുന്നു.

മേലെ ആകാശത്ത് മിന്നിത്തിളങ്ങുന്ന ഒറ്റനക്ഷത്രത്തെ ചൂണ്ടിക്കാട്ടി വൃദ്ധ കൈകൊട്ടിച്ചിരിച്ചു.

"നോക്ക്... ആന! ആന!"

അവൾക്കത് കാണാൻ കഴിഞ്ഞില്ല. അപ്പോഴേക്കുമവൾ പരിപൂർണമായ ഇരുട്ടിലേക്ക് മടങ്ങിക്കഴിഞ്ഞിരുന്നു.

രണ്ടാം മടക്കം;
വീട്ടിലേക്ക്

ണം പ്രമാണിച്ചുള്ള തിരക്കിട്ട അവസാന തയ്യൽ പരിപാടികൾക്കു ശേഷം സന്ധ്യയ്ക്ക് വീട്ടിലേക്ക് മടങ്ങുംവഴി എറണാകുളം കെ.എസ്.ആർ.ടി. സി ഓവർബ്രിഡ്ജിന്റെ മുകളിൽ വെച്ച് 'സമയമെത്തിരെയായി..?' എന്ന് ചോദിക്കുന്ന കിഴവനെ ഞാനിന്ന് വീണ്ടും കണ്ടു. അയാളുമായുള്ള എൻറെ മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു അത്.

ഒന്നാം തവണ അതേയിടത്തുവെച്ച് എന്നെ കടന്നുപോയ നേരം ‘സമയമെത്തിരെയായെ’ന്ന് അയാൾ ചോദിച്ചപ്പോൾ ഞാൻ തിരിഞ്ഞു നിന്നു. എനിക്ക് സന്തോഷം തോന്നി. സമയത്തെപ്പറ്റി ധാരണ നഷ്ടമായ ഒരു മനുഷ്യന് ഞാനത് പറഞ്ഞു കൊടുക്കുന്നു.

‘നാല് പതിനഞ്ച്..’ ഞാൻ ചിരിച്ചു.
അയാളത് കേട്ടുവെന്ന് തോന്നിയില്ല. യാതൊന്നും കാണാനോ കേൾക്കാനോ കഴിയാത്ത വിധം, പാവം, അയാളുടെ ക്ഷീണിച്ച ഇളംപച്ച കണ്ണുകൾ എന്റെ മാറിടത്തിൽ ഉടക്കിപ്പോയിരുന്നു. കെട്ടുപിരിഞ്ഞ്...

ഞാൻ വിയർത്തു. എങ്ങനെയാണവയെ വേർപെടുത്തേണ്ടത്..? അയാളുടെ കണ്ണുകളെ രക്ഷപ്പെടുത്തി തിരിച്ചുനൽകേണ്ടത്? എനിക്കൊരു ഉപായം തോന്നി. ഈ നശിച്ച മുലകളെ അറുത്തു മാറ്റുക! നഗരത്തിലെ ഏറ്റവും തിരക്കുള്ള ഇറച്ചി വിൽപ്പനശാല എവിടെയെന്ന് എനിക്കറിയാം. കശാപ്പുകാരന് മുറിച്ചുമുറിച്ച് ചെറുകഷണങ്ങളാക്കി വിൽക്കാം. ആവശ്യക്കാർക്ക് പഞ്ഞമുണ്ടാവില്ല. (വിൽക്കുക എന്ന പദം പൂർണമായും ശരിയല്ല. എനിക്ക് പണം ഒന്നും ആവശ്യമില്ല.)

രണ്ടാംതവണ അയാളെന്റെ തുടയിൽ വിരലുരസിയാണ് കടന്നുപോയത്. എനിക്ക് സർപ്പദംശനമേറ്റപോലെ തോന്നി. വിഷം ഞരമ്പുകളിലൂടെ പടർന്നുകയറും മുൻപ് എനിക്കാ ശരീരഭാഗത്തെ മുറിച്ചുനീക്കണം. അല്ലെങ്കിൽ ഞാൻ പിടഞ്ഞുപിടഞ്ഞു ചത്തുപോകും. അപ്പോൾ വീണ്ടും ഇറച്ചിവില്പനക്കാരനെ ഓർത്തെടുത്തു. ഇടത്തേ തുടയും അയാൾക്ക് നൽകാം. ഇപ്പോഴെനിക്ക് നെഞ്ച് പരന്ന നീളൻ ശരീരത്തിൽ ഒരു കാൽ. അതെന്റെ ദുർബലവും ക്രമരഹിതവുമായ ചലനങ്ങളെ നിയന്ത്രിക്കുന്നു. ഒറ്റക്കാലുകൊണ്ട് പ്രയാസപ്പെട്ട് വേച്ചുവേച്ച്, തുള്ളിത്തുള്ളി, ഞാൻ നടന്നുപോകുന്നു. വീട്ടിലേക്ക്. എങ്കിലും ഞാൻ സന്തുഷ്ടയാണ്. ഞാൻ ഒറ്റയ്ക്കാണ്. മറ്റൊന്നും എന്നെ അദൃശ്യമായി പിന്തുടരുന്നില്ല. വേറെന്തുവേണം?

ഇതിപ്പോൾ മൂന്നാം തവണയാണ്. അയാളെനിക്ക് ഇതിനോടകം ചിരപരിചിതനായിക്കഴിഞ്ഞിരിക്കുന്നു. ഒരു വലിയ ഘടികാരത്തിലെ പരസ്പരം ബന്ധിക്കപ്പെട്ട രണ്ട് നെടുനീളൻ സൂചികളായിരിക്കുന്നു ഞങ്ങളിരുവരും. (അല്ല. രണ്ടും നെടുനീളൻ അല്ല. ഒന്ന് നെടുനീളൻ. മറ്റേത് തീരെ ചെറുത്. വലുതിന്റെ പകുതിയോളം മാത്രം വരുന്ന...)

സൂചികൾ ഒരിടത്തുവെച്ച് കൂടിച്ചേരും പോലെ ഞങ്ങൾ കണ്ടുമുട്ടുന്നു. വൃത്തത്തിന്റെ കേന്ദ്രബിന്ദുവാകുന്ന ഈ പാലത്തിൽ വെച്ച് ഓരോ തവണയും അയാളെന്നെ സ്നേഹത്തോടെ തൊട്ടുരുമ്മി കടന്നുപോകുന്നു. അയാളെങ്ങോട്ടാണ് പോകുന്നത്..?

‘സമയമെത്തിരെയായി...?’ കിഴവൻ ചോദിച്ചു.

ഞാൻ തിരിഞ്ഞുനിന്നു. അയാളെന്നെ നോക്കിനിൽക്കുന്നു. എനിക്ക് കരുണ തോന്നി. ഞാനയാളെയും നോക്കി. പുഞ്ചിരിച്ചു. പിന്നെ സാവധാനത്തിൽ അടുത്തേക്ക് നടന്നു. കിഴവനൊന്ന് വെപ്രാളപ്പെട്ടതുപോലെ തോന്നി.

‘മറന്ന്... വാച്ചു മറന്ന്...’, അയാൾ പിറുപിറുത്തു.

‘ഓ.. സാരമില്ല’ എന്ന് ഞാൻ ആശ്വസിപ്പിച്ചില്ല. ഇതിൽ പുതുമയായി യാതൊന്നുമില്ല. അയാളൊരു വലിയ മറവിക്കാരനാണെന്ന് ഞാൻ ഇതിനോടകം തന്നെ മനസ്സിലാക്കിയിരുന്നു. ഒരുപക്ഷേ യാത്രാവസാനം ചെന്ന് ചേരേണ്ട ഇടത്തെപ്പറ്റിയും അയാൾ മറന്നുപോയിരിക്കാമെന്ന് ഞാൻ ഊഹിച്ചു. പാവം മനുഷ്യൻ. അയാളുടെ ഓർമ്മ തിരിച്ചു നൽകാനുള്ള ഉത്തരവാദിത്തം മുഴുവൻ എന്നിൽ നിക്ഷിപ്തമായിരിക്കുന്നു. എന്തെന്നാൽ ഈയുള്ളവളാണ് ആ സാധുവിന്റെ വിലപ്പെട്ട സമയത്തെ ഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുന്നത്. അയാളെന്നോടാണ് സമയം ചോദിച്ചത്. ഞാനെന്റെ കടുംകാപ്പി നിറമുള്ള സുന്ദരി ഹാൻഡ് ബാഗ് തുറന്നു. കൂർത്ത കത്രികക്കാലുകൾ പിളർത്തി. അയാളുടെ ഇരു കണ്ണുകളിലേക്കും മൃദുലമായി ഇറക്കി കുത്തിവെച്ചു. ഓർമ്മ വന്നുവോ...?

ജലാശയത്തിൽ വിരിഞ്ഞുനിൽക്കുന്ന രണ്ട് ചുവന്ന ആമ്പൽപ്പൂക്കളെ ഇറുത്ത് കുട്ടി കൈയിലെടുത്തു. ആ കുളത്തിന് കുട്ടിയുടെ മൂന്നിരട്ടി പ്രായമെങ്കിലുമുണ്ടായിരുന്നു. പായൽ കെട്ടി നിശ്ചലമായിക്കിടന്ന അതിന്റെ ഇളംപച്ച വെള്ളത്തിൽ കുട്ടിയുടെ കൈകളുണ്ടാക്കിയ ഓളങ്ങളിൽ നിന്നും ആറ്റുചെളി കലങ്ങിമറിഞ്ഞ് കാപ്പിപ്പൊടി നിറമായി. കുട്ടി പ്രതീക്ഷിച്ചപോലെ ആമ്പൽപ്പൂക്കൾക്ക് മണമുണ്ടായിരുന്നില്ല. അവൾ കുഞ്ഞിവിരലുകൾ കൊണ്ട് അവയുടെ ഇതളുകൾ ഓരോന്നായിറുത്ത് കലക്കവെള്ളത്തിലേക്കിട്ടു.

‘ഈ... മനമില്ലാത്ത പൂഗ്’

കിഴവൻ കരഞ്ഞില്ല. സൗമ്യമായി ബ്രിഡ്ജിനു കീഴേയ്ക്ക് വാടിവീഴുക മാത്രം ചെയ്തു. അതിനിടയിൽ ‘സമയമെത്തിരെയായി..?’ എന്ന് ഞാൻ ചോദിച്ചതായി വെറുതേ തോന്നിയതിനാലാവണം ‘കാലന്റെ സമയം..’ എന്നയാൾ ഉപേക്ഷിക്കപ്പെട്ട ഉത്തരമെന്നോണം പിറുപിറുത്തു.

ഞാനപ്പോഴും പുഞ്ചിരിക്കുകയായിരുന്നു.
പക്ഷേ കണ്ണുകളിൽ നിന്നും ചുവന്ന വെള്ളം ഒഴുകിപ്പരന്നതുകൊണ്ട് കിഴവനത് കാണാൻ കഴിഞ്ഞില്ല. ചുവപ്പ് ഉറഞ്ഞുകൂടി അയാൾക്ക് ചുറ്റിലും കാപ്പിപ്പൊടി നിറത്തിലുള്ള ഒരു വലിയ കുളം രൂപപ്പെട്ടപ്പോൾ എനിയ്ക്ക് വല്ലാത്ത ഗൃഹാതുരത്വം തോന്നി. പെട്ടെന്ന് വീടിനെയോർത്ത് ഞാൻ (രണ്ടു കാലുകളിൽ) തിരികെ നടന്നു. ചുറ്റും വീണ്ടും നിരത്തിലൂടെ പായുന്ന വാഹനങ്ങളുടെ ശുദ്ധ സംഗീതം നിറഞ്ഞു. ഇടയിലൂടെ അലമുറയിട്ടൊരു ആംബുലൻസ് സൈറൺ തുളഞ്ഞുപാഞ്ഞ് പാടേ ഇല്ലാതായപ്പോൾ അകലെനിന്നും പതിവ്പോലെ വാങ്ക്‌വിളി ഉയർന്നു. തിടുക്കമേതുമില്ലാതെ, വളരേ ശാന്തമായി…

മൂന്നാം മടക്കം;
എന്നിലേക്ക്

അക്രോഫോബിക് മങ്കി

ഒരു കുരങ്ങൻ
പതനഭയമുള്ള
ഒരു കുരങ്ങൻ
മരക്കൊമ്പുകളിൽ നിന്ന് മരക്കൊമ്പുകളിലേക്ക് ചാടുന്നേരം
അതിന് കാലുകളിടറുന്നു
കൈവെള്ളയിൽ വിയർപ്പ് പൊടിയുന്നു എങ്ങനെയാണ് ഒരു കുരങ്ങന്
ഒരേസമയം ഒരു കുരങ്ങനും
പതനഭയമുള്ള ഒന്നായിരിക്കാനും കഴിയുക..?
ഒരു കുരങ്ങന്റെ കുരങ്ങത്വത്തിന്
നേരെ എതിർദിശയിലാകുന്നു
പതനഭയത്തിന്റെ സഞ്ചാരം
മുകളിലേക്കല്ല അതിന്റെ ഗതി
വശങ്ങളിൽ നിന്ന് വശങ്ങളിലേക്കുമല്ല
നെടുങ്കനെ കുത്തോട്ടാണ്
ആകാശത്തിൽ നിന്നും മണ്ണിലേക്ക്
ഭൂമിക്ക് ലംബമായി
ഒരു നേർരേഖ വരച്ചിട്ടപോൽ…

അയാൾ പറഞ്ഞ എല്ലാ കഥകളിലും ഞാനൊരു കുരങ്ങനായിരുന്നു. അയാൾ പറഞ്ഞ എല്ലാ കഥകളിലും അയാളൊരു സിംഹമായിരുന്നു.

‘ഒരിടത്തൊരിടത്ത് കൊടും കാട്ടിൽ ഒരു സിംഹമുണ്ടായിരുന്നു…’

‘സിൻഡ്രല്ല രാജകുമാരിയുടെ കഥ പറയൂ ഇന്ന്...’ അയാളുടെ തോളോട് ഒന്നുകൂടെ ചേർന്നുകിടന്നുകൊണ്ട് ഞാൻ പറയും.

‘ഇല്ലില്ല. ഇതാണ് നിന്റെ കഥ. ഇക്കഥ കേട്ടാലാണ് നീയുറങ്ങുക’, അയാൾ സ്നേഹത്തോടെ എന്റെ നര കയറിത്തുടങ്ങിയ തലമുടിയിലൂടെ വിരലോടിക്കും.

ശരിയാണ്. എനിയ്ക്ക് വേണ്ടതൊക്കെയും അയാൾക്ക് തിട്ടമുണ്ട്. എനിയ്ക്ക് വേണ്ടാത്തതൊക്കെയും അയാൾ പറഞ്ഞു മാത്രമാണ് ഞാനറിഞ്ഞത്. അയാളൊരു സ്നേഹമുള്ള മനുഷ്യനാണ്. എനിയ്ക്കുറങ്ങാൻ കഥകൾ വേണമെന്ന് അയാളെനിക്ക് പതിനാല് വർഷങ്ങൾ മുന്നേ മുല്ലപ്പൂ മണമുള്ള ഒരു രാത്രിയിൽ പറഞ്ഞുതന്നിരുന്നു. വളരെ ശരിയാണ്. കഥകളില്ലാതെ എനിയ്ക്കുറങ്ങാനേ കഴിയാറില്ല. സത്യത്തിൽ, കഥയില്ലാതെ. അത് ഒരൊറ്റ കഥയാണ്.

‘ഒരിടത്തൊരിടത്ത് കൊടും കാട്ടിൽ ഒരു സിംഹമുണ്ടായിരുന്നു. സിംഹത്തിന് കുറേ ചങ്ങാതിമാർ. കടുവ, മുയൽ, മാൻ, മയിൽ, ചെന്നായ, കൊക്ക്, തത്ത, പിന്നൊരു കുരങ്ങൻ... ഇത്രപേർ മാത്രമേ സിംഹത്തിന്റെ പേഴ്സണൽ സ്‌പേസിൽ ഉള്ളൂ...’

‘കാക്ക, ആന, കരടി, എലികൾ...?’

- എനിയ്ക്ക് ടോം ആൻഡ് ജെറിയിലെ ജെറിയെ ആണിഷ്ടം. അയാൾക്ക് ടോമിനെയും.

‘ഇല്ലില്ല. അവരൊന്നും ഇല്ല. അവരൊക്കെ പേഴ്സണൽ സ്‌പേസിന്റെ അപ്പുറത്ത്.’

ചിലപ്പോൾ ഞാൻ മറ്റ് ചോദ്യങ്ങളാണ് ചോദിക്കാറ്. ആവർത്തിച്ചു വരുന്ന കഥയിൽ ഓരോ രാത്രിയിലും ഞാൻ ഷഹ്‌റാസാദിനെപ്പോലെ എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങൾ കൊണ്ട് എന്റെ വിരസതയകറ്റി.

‘സിംഹം ആരെ ഭക്ഷിക്കും..?’

‘എന്തുകൊണ്ടാണ് കാക്ക കൂട്ടല്ലാത്തത്...?’

‘സിംഹം എന്താണ് എപ്പോഴും രാജാവാകുന്നത്?
14 വർഷമായിട്ടും? കാട് ഒരു മൃഗാധിപത്യരാജ്യം അല്ലെന്നുണ്ടോ?’

‘പ്രിയപ്പെട്ട സിംഹം.. എന്തുകൊണ്ടാണ് എപ്പോഴും ഞാനൊരു കുരങ്ങാനാവുന്നത്? എനിക്കിത്തവണ ഒരു ചെന്നായയായാൽ മതി. എ ലോൺ വൂൾഫ്’

ഞാൻ നികിത ഗില്ലിന്റെ കവിത ഓർത്തെടുത്തു.

Wolf and Woman

Some days
I am more wolf
Than woman
And I am still learning
how to stop apologizing
for my wild…

അയാളെന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പിന്നെ പൊടുന്നനെ ഉച്ചത്തിൽ ചിരിച്ചു. ശബ്ദം കേട്ട് കുട്ടികൾ ഉണരുമോയെന്ന് എനിയ്ക്ക് പേടി തോന്നി.

‘ഒന്നു പതുക്കേ…’, ഞാനയാളുടെ വായ പൊത്തിപ്പിടിച്ചു.

‘ഇല്ലില്ല. നിനക്ക് കുരങ്ങനാണ് നല്ലത്. നിന്റെയീ ഉണ്ടക്കണ്ണും പതിഞ്ഞ മൂക്കും മൂശേട്ട ഭാവവും...’
അയാളെന്നെ ഉറ്റുനോക്കി. വാത്സല്യത്തോടെ നെറുകയിൽ തലോടി.
‘മതി, കുരങ്ങൻ മതി’, ഞാൻ ചിണുങ്ങി, ‘ക്രീ...ക്രീ...’

‘ഇത് കേൾക്കൂ... ഒരിടത്തൊരിടത്ത് കൊടും കാട്ടിൽ...’

എപ്പോഴോ ഞാനുറങ്ങിപ്പോയി.

‘...ഒരു സിംഹമുണ്ടായിരുന്നു. കാട്ടിലെ രാജാവ്. സിംഹത്തിന്റെ പേഴ്സണൽ സർക്കിളിൽ വളരെ കുറച്ചുപേർ. കടുവ, മുതല, മാൻപേട, മയിൽ, മുയൽ, ചെന്നായ, തത്ത, കൊക്ക്, പിന്നൊരു കുരുത്തംകെട്ട വികൃതിക്കുരങ്ങൻ! ഹഹ.. നീ കേൾക്കുന്നുണ്ടോ...?’

‘ഉം...’

‘ഓരോ തവണയും സിംഹത്തോട് വഴക്കുണ്ടാക്കി കുരങ്ങൻ മരച്ചില്ലകളിലേക്ക് ചാടിക്കയറും. ഇനി കൂട്ടില്ലെന്നും തിരിച്ചു വരില്ലെന്നും പറയും. കൊഞ്ഞനം കുത്തും. സിംഹത്തിന് കൈയ്യെത്തിപ്പിടിക്കാൻ പറ്റാത്തത്ര മുകളിലേക്ക് പോകും. എന്നിട്ടോ...?’

‘എന്നിട്ടോ....?’

‘എന്നിട്ടെന്ത്, കുറച്ചു കഴിയുമ്പോ പിന്നേം തിരിച്ചുവരും. ഹഹഹ. കുരങ്ങന് മുകളിൽ ഒറ്റയ്ക്ക് പേടിയാവും. അതൊരു പഞ്ചപാവം അയ്യോപാവി ചക്കരക്കുരങ്ങനാണല്ലോ. സാധു. ഹഹഹ’

അയാളെന്റെ കവിളത്ത് ചക്കരയുമ്മവെച്ചു.

‘ദേ… സിംഹത്തെക്കൂടാതെ കഴിയാൻ കുരങ്ങന് വയ്യല്ലോ! ഹഹഹ’

പാതി മയങ്ങിയ കണ്ണുകളോടെ സിംഹം ഇപ്പോൾ കുരങ്ങനെ ഉറ്റുനോക്കുന്നു. കേട്ടോ, എന്റെ സിംഹം ഒരു സ്നേഹമുള്ള മനുഷ്യനാണ്. എനിക്കിനിയും ചക്കരയുമ്മകൾ തരൂ..

തിരക്കുള്ള നിരത്ത് മുറിച്ചു കടക്കുന്നേരം അയാളെന്റെ വലം കൈയിൽ കരുതലോടെ മുറുകെ പിടിച്ചു. വീട്ടിലേക്കുള്ള വഴിയിൽ അയാൾ കൂടെയുണ്ടെന്ന് ഞാൻ കണ്ണുകൾ ചിമ്മി. കുണ്ടിലും കുഴിയിലും വീഴാതെ കരുണയുള്ള സിംഹം കുരങ്ങനെ വഴിനടത്തുന്നു. കണ്ണ് തുറക്കുന്നേരം ഓരോ വട്ടവും ആദ്യമായി കാണുമ്പോലെ ഞാൻ ആശ്ചര്യപ്പെടുന്നു,

‘വീട്’

വീട്ടിലേക്കുള്ള വഴി മാത്രം ഞാനറിഞ്ഞില്ല.

‘അയ്യേ... കരിങ്കുരങ്ങൻ! ചപ്ലിങ്ങാ മൂക്ക്’,
സിംഹം വിരൽ ചൂണ്ടുന്നു

‘ആടിക്കളിക്കടാ കുഞ്ഞിരാമാ
ചാടിക്കളിക്കടാ കുഞ്ഞിരാമാ…’

മൃഗങ്ങൾ ആർത്തുചിരിക്കുന്നു.
പ്രാവ്, കടുവ, മയിൽ, മുയൽ, കൊക്ക്…

ഒരു കുരങ്ങൻ
പതനഭയമുള്ള
ഒരു കുരങ്ങൻ
ആകാശം കാണണമെന്ന്
ഓരോ തവണയും ചാടിപ്പുറപ്പെടുന്നു
കൂട്ടങ്ങൾ നൽകിയ
വൃത്തത്തിന്റെ പരിധി ഭേദിച്ച്
ആകാശത്തിന്റെ
ചുവരില്ലാത്ത വിശാലതയിലേക്ക്...

ആകാശത്തിന്റെ നിറമെന്തെന്ന്
അതിനറിയണം
നിശ്ചയമായും അത്
നീലയായേക്കില്ല

അയാൾ പറഞ്ഞ എല്ലാ കഥകളിലും
ഞാനൊരു കുരങ്ങനായിരുന്നു…
അയാൾ പറഞ്ഞ എല്ലാ കഥകളിലും
അയാളൊരു സിംഹമായിരുന്നു…

ഓരോ തവണയും പിണങ്ങിപ്പോയ കുരങ്ങൻ പാതിവഴിയിൽ കുറ്റബോധത്തോടെ, കുസൃതിയോടെ, ക്ഷമാപണത്തോടെ, യാചനയോടെ തിരിച്ചെത്തി.

‘എനിക്കു വയ്യ... എന്നെ വിട്ടു പോകരുത്...’

സിംഹം ഒരു ദയാലുവാണ്. അതുകൊണ്ടാണ് അയാൾ പിന്നെയും പിന്നെയും രാജാവാകുന്നത്. പ്രാവിന് ഭംഗിയുണ്ട്. മയിലുകൾക്കും ഭംഗിയുണ്ട്.

സന്ധ്യയാകാശത്തിൽ പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ ചേക്കേറാൻ തുടങ്ങുന്ന പക്ഷികളെക്കണ്ട് ഞാൻ അത്ഭുതപ്പെട്ടു. എത്ര ദൂരം പറന്നിട്ടും വീട്ടിലേക്കുള്ള വഴി ഈ കിളികൾക്കെങ്ങനെ കൃത്യമായി പിടികിട്ടുന്നു! ആകാശം എനിയ്ക്ക് മുന്നിൽ ഒരു സങ്കീർണമായ പദപ്രശ്നത്തിലെ ഒഴിഞ്ഞ കളങ്ങൾ പോലെ നരച്ച് ശൂന്യമായിക്കിടന്നു. എനിയ്ക്ക് വഴികൾ ഓർത്തെടുക്കാനായില്ല.

‘നിനക്ക് ഞാനില്ലേ...?’ അയാളെന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞു.

കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് ഞാനെന്റെ ചെവികൾ വശങ്ങളിലേക്ക് വലിച്ചുപിടിച്ചു. വായ വീർപ്പിച്ചു. കണ്ണുകൾ തുറിച്ച് പുരികം കൂർപ്പിച്ചു. അങ്ങനെ നോക്കിനോക്കി നിൽക്കുമ്പോൾ എനിയ്ക്ക് ചിരിവന്നു.

‘എന്തുകൊണ്ടാണ് ഓരോ തവണയും കുരങ്ങൻ തിരിച്ചുവരുന്നത് എന്നറിയാമോ...?’, സിംഹത്തിന്റെ ഡൈ ചെയ്ത മീശരോമങ്ങളിൽ പിടിച്ചുവലിച്ച് ഞാൻ ചോദിച്ചു.

‘എന്താണ്...?’

‘കാരണം അതൊരു അക്രോഫോബിക്* മങ്കി ആണ്. പതനഭയമുള്ള ഒരു കുരങ്ങൻ’

‘ഹഹഹ’ അയാൾ ഉറക്കെ ചിരിച്ചു.

‘എന്റെ ചക്കര അരുമ കുരങ്ങത്തി ഈസ് സോ ഫണ്ണി. അക്രോഫോബിക് മങ്കിയോ..? അങ്ങനെയൊരു കുരങ്ങൻ ഇല്ല. ഒരു കുരങ്ങന് എങ്ങനെ അക്രോഫോബിക് ആയിരിക്കാൻ കഴിയും? അസംഭവ്യം’

‘സത്യമാണ് ഞാൻ പറയുന്നത്. ഷീ ഈസ് അക്രോഫോബിക്. മരച്ചില്ലകളിൽ നിന്നും മരച്ചില്ലകളിലേക്ക് ചാടുന്നേരം, ഓരോ തവണയും, വീഴുമോ എന്ന ഭയമാണതിന്...’

അയാളുടെ കൂർക്കംവലി ഉയർന്നുകേട്ടു. എനിയ്ക്ക് ഉറക്കത്തിന്റെ നേരിയ ലാഞ്ഛന പോലുമുണ്ടായില്ല. ഈയിടെ അങ്ങനെയാണ്. ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഞാൻ തന്നെ ഉണ്ടാക്കുന്നു.

ഞാൻ എന്നെ പൊതിഞ്ഞ അയാളുടെ കൈകൾ എടുത്തുമാറ്റി മലർന്നുകിടന്നുകൊണ്ട് കഥ പറയാൻ തുടങ്ങി. കുരങ്ങന്റെ കഥ. (അഥവാ അയാൾ പറയുന്ന കഥയിലെ കുരങ്ങന്റെ Perspective.)

ഒരിടത്തൊരിടത്ത് കൊടുംകാട്ടിൽ ഒരു കുരങ്ങനുണ്ടായിരുന്നു. കുരങ്ങനെക്കൂടാതെ മറ്റനേകം മൃഗങ്ങൾ, പക്ഷികൾ. സിംഹം, പുലി, പ്രാവ്, അരയന്നം, കുറുക്കൻ, കൊക്ക്, മയിൽ, ...

ആടിക്കളിക്കെടാ കുഞ്ഞിരാമാ
ചാടിക്കളിക്കെടാ കുഞ്ഞിരാമാ

കുരങ്ങൻ ആടി. പാടി. ചാടി.

‘ഞാൻ നിന്റെ ഏറ്റവും വിശ്വസ്തനായ മിത്രം. എൻറെ കൂടെ പോരൂ.’ സിംഹം പറഞ്ഞു. വേട്ടയാടിക്കിട്ടിയ മാംസക്കഷണം കുരങ്ങന്റെ മുന്നിലേക്കിട്ട് പറഞ്ഞു. ‘ആട്ടത്തിനും പാട്ടിനും നിനക്കുള്ള സമ്മാനം. കഴിക്കൂ. ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം..’

‘എന്റെ കുരങ്ങത്തീ... നീ എത്ര ഭാഗ്യവതിയാണ്. എന്നെപ്പോലെ നിന്നെ മറ്റാര് സ്നേഹിക്കും..?’ ഇറുകെ കെട്ടിപ്പുണർന്ന് അയാൾ ചോദിക്കുന്നു. വാരിയെല്ലുകൾ ഞെരിഞ്ഞമരുന്ന വേദന. (സ്നേഹമെന്നാൽ വേദനയാണെന്ന് അയാൾ പറഞ്ഞുതന്നിട്ടുണ്ട്.) കുരങ്ങൻ മുകളിലേക്ക് നോക്കി. മരങ്ങൾ, പച്ചപ്പ്, വിളഞ്ഞ പഴങ്ങൾ, ആകാശം,... എന്താണ് ആകാശത്തിന്റെ നിറം? അത് നീല തന്നെയാണോ..? പഴങ്ങളുടെ സ്വാദോ..?

‘അവിടെ വരെ ഒറ്റയ്ക്ക് പോവണ്ട’
‘എനിയ്ക്ക് മടുത്തു.’

പഴുപഴുത്ത പഴങ്ങൾ. മേലെയാകാശം. കുരങ്ങൻ ധിക്കാരിയായി മരച്ചില്ലകളിലേക്ക് ചാടിക്കയറി. ഏറ്റവും തുടുത്ത ഒരെണ്ണം കൈയ്യെത്തിപ്പറിച്ചു.

‘ഇച്ചവറൊക്കെ വലിച്ചു കേറ്റുന്നോണ്ടാണ് ഇങ്ങനെ ഉണക്കക്കൊള്ളിപോലെ. പറഞ്ഞാൽ മനസ്സിലാവുമോ. മന്ദബുദ്ധി! മാറ്റിവെയ്ക്ക്. ഈ പ്രോട്ടീൻ കഴിയ്ക്ക്.’

അയാളുടെ ശാസനയിൽ എന്നും സ്നേഹം തുളുമ്പുന്നു. സിംഹം ഇപ്പോൾ മാംസക്കഷണം നീട്ടുന്നു. താനൊരു സസ്യബുക്കായിരുന്നുവോയെന്ന് കുരങ്ങൻ എന്തിനാണ് ഓർത്തെടുക്കുന്നത്? അതിൽ കാര്യമില്ല.

ഒരു ചില്ലയിൽ നിന്നും മറുചില്ലയിലേക്ക്, അവിടെ നിന്നും അടുത്തതിലേക്ക്, കുരങ്ങൻ ചാടുന്നു. ആകാശം കാണണമെന്ന പൂതി അതിനെ ഗ്രസിച്ചിരിക്കുന്നു. ആകാശത്തിന്റെ നിറം നീലയല്ലെന്ന് അതിനുറപ്പാണ്. കുരങ്ങന്റെ മനസ്സിൽ ആകാശത്തിന് മജന്ത നിറമാണ്. കടഞ്ഞെടുത്ത നീലയിലേക്ക് കട്ടച്ചോര പോലെ കടും ചുവപ്പ് ചേർത്തൊഴിച്ച് ഇളക്കിയിളക്കി....

പെട്ടെന്ന്, ഒരു ചില്ലയിൽ നിന്നും മറുചില്ലയിലേക്ക് ചാടുന്നതിൻറെ ഏതോ നൊടിയിടയിൽ ആദ്യമായി കുരങ്ങനൊരു ഉൾക്കിടിലം തോന്നുന്നു. അത് മുകളിലേക്ക് നോക്കുന്നു. കൊമ്പുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ആകാശം ഇപ്പോൾ കൂടുതൽ വ്യക്തമായി കാണാം. കുരങ്ങൻ താഴേക്ക് നോക്കുന്നു. കാലിനടിയിൽ എത്രയോ കിണറുകൾ ഒരുമിച്ച് ചേർന്നപോലെ ആഴം കാണുന്നു.

‘ഒറ്റയ്ക്ക് പോവണ്ട...’

അതിന്റെ ശരീരം വിറയ്ക്കാൻ തുടങ്ങുന്നു. കാൽവണ്ണയിൽ വിയർപ്പ് ഒഴുകിപ്പരന്ന് ശിഖരത്തിൽ നിന്നും വഴുതാൻ തുടങ്ങുന്നു. കുരങ്ങന് ഉച്ചത്തിൽ നിലവിളിക്കണമെന്ന് തോന്നി. ശബ്ദം പുറത്തുവരുന്നില്ല.

അകലെയൊരു പൊട്ട് പോലെ സിംഹം.. അതിന് കരച്ചിൽ വന്നു. പോവരുത്... പോവരുത്... വീഴാതെ... വീഴാതെ.... വീഴാതെ... സൂക്ഷിച്ച്....

‘എന്നിട്ടോ...?’

‘എന്നിട്ട് പിന്നേം തിരിച്ചുവരും. ഹഹഹ. കുരങ്ങന് മുകളിൽ ഒറ്റയ്ക്ക് പേടിയാവും. അതൊരു പഞ്ചപാവം അയ്യോപാവി ചക്കര കുരങ്ങനാണല്ലോ. ഹഹഹ.’

സിംഹം ഒരു ദയാലുവാണ്. അതുകൊണ്ടാണ് അയാൾ പിന്നെയും പിന്നെയും രാജാവാകുന്നത്.

ജനൽക്കർട്ടനുകൾക്കപ്പുറത്ത് നേരം പുലർന്നുവരുന്നത് എനിക്കിപ്പോൾ കാണാം. നിരത്തിലൂടെ ചില്ലറ വാഹനങ്ങളുടെ ശബ്ദം കേട്ടുതുടങ്ങുന്നു. ഞാൻ അയാളെ ഉറക്കമുണർത്താതെ പതിയെ എഴുന്നേറ്റു. വിചിത്രമാണ്, എനിയ്ക്ക് പെട്ടെന്ന് റോഡ് മുറിച്ചുകടക്കണം എന്ന് പൂതി തോന്നി. അതെങ്ങനെയാണ്..? മുടി മാടിക്കെട്ടി ഉലഞ്ഞുപോയ സാരിത്തലപ്പ് അഴിച്ചുകുത്തി. വാതിൽ പതിയെ തുറന്ന് ഞാൻ പുറത്തേക്ക് നടന്നു. റോഡിൽ വാഹനങ്ങളുടെ പെരുപ്പം കൂടിയിരിക്കുന്നു. ഞാൻ ഇടത്തേക്കും വലത്തേക്കും നോക്കി. ഒരു ബൈക്ക് ചീറിപ്പാഞ്ഞുപോയി. കുരങ്ങന്റെ കാലുകളിടറി. അത് പതിയെ... പതിയെ... ഇറക്കമിറങ്ങാൻ തുടങ്ങി.

ഞാൻ, an acrophobic woman,
പതനഭയമുള്ള ഒരുത്തി,
ഒരു കടൽ നോക്കിയിരിക്കുന്നു…

പതിനാല് വർഷം മുൻപ് എന്നെ ആദ്യമായി കടൽ കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു, ‘കൺ നിറയെ കണ്ടോ... വെളുത്ത കടൽ...’
‘വേലിയേറ്റമാണ്. ദൂരേക്ക് പോകരുത്..’
‘ഞാനൊരു ചായ മേടിച്ച് വരും. ഇവിടെയിരിക്കൂ. അവിടെയല്ല. പിറകോട്ട്... പിറകോട്ട്... പിറകോട്ട്... ഈ നായ്ക്കളുടെയും പിറകിൽ.. ആ... അനങ്ങരുത് കേട്ടോ... പേടിക്കണ്ട... ദാ വരുന്നു...’

കടൽ...

എന്തുകൊണ്ടാണ് എനിയ്ക്ക് കടലിനെ ഇത്ര സ്നേഹിക്കാൻ കഴിയുന്നത്..? ഇങ്ങനെ നോക്കിനോക്കിയിരിക്കുമ്പോൾ.... ഒരാളുടെ സമതലങ്ങളോടുള്ള സ്നേഹമാകുന്നു കടൽ... ഒന്നിനും മേലെയോ കീഴെയോ അല്ലാതിരിക്കുക. എത്ര സുന്ദരമാണത്.

അനന്തമായ ആഴം ഉള്ളിലൊതുക്കിയിട്ട് എത്ര സുന്ദരമായാണ് ഇക്കടൽ വിശാലമായ സമതലത്തിന്റെ പ്രതീതി തിരതല്ലിക്കൊണ്ടിരിക്കുന്നത്!

ഞാനിപ്പോൾ മുന്നോട്ട് നടക്കുന്നു. ഒരു ചെറിയ തിര എന്റെ കാലിൽ വന്ന് തൊട്ടു. തണുപ്പ്... വേലിയേറ്റം... കുരങ്ങന്റെ കാലുകളിടറി. അത് വിയർത്തു.

പതനഭയം സമതലങ്ങളോടുള്ള സ്നേഹമാകുന്നു. എത്ര സുന്ദരമാണത്.

കടലിന്റെ നിറമെന്താണ്...?
കുരങ്ങൻ ആകാശത്തേക്ക് നോക്കി. ഇന്നലെ തീണ്ടിയ നീലിമയിലേക്ക് ഉഷസ്സിന്റെ കടും ചുവപ്പ് വന്നു പടരുന്നതുപോലെ അതിന് തോന്നി.

ഞാൻ ഫോണെടുത്തു.
അയാളുടെ വാട്സാപ്പ് ചാറ്റിൽ നിരനിരയായി കിടക്കുന്ന ചുവന്ന ഹാർട്ട് ഇമോജികളുടെ കീഴെ ടൈപ്പ് ചെയ്തു.

‘നിങ്ങൾ പറയുന്നതുപോലെ എന്റെ കടലിന്റെ നിറം വെളുപ്പല്ല…’ സെന്റ് ബട്ടണിൽ വിരലമർത്തി. ഡബിൾ ടിക്ക് വീണില്ല. അയാളിതുവരെ ഉണർന്നിട്ടില്ല.
നോക്ക്... എത്ര ഭംഗിയുള്ള പ്രഭാതം...

ഒരു തിര അലറിപ്പാഞ്ഞ് വന്ന് കാലിലൊരു ചിപ്പി തന്നിട്ട് പോയി. ഞാൻ ദീർഘ നിശ്വാസത്തോടെ കടലിലേക്ക് നോക്കി. ഏറ്റവും ഉയരമുള്ള മരത്തിന്റെ ആകാശത്തോട് ചേർന്ന മുനമ്പിൽ നിന്ന് കുരങ്ങൻ എന്നെ ഉറ്റുനോക്കുന്നു. ഭയം എന്ന ഒറ്റവാക്കിനെ അത് മായ്ചുകളഞ്ഞിരിക്കുന്നുവെന്ന് തോന്നി. ആകാശത്തെ നേർക്കുനേർ നോക്കാൻ തുനിയുകയാണത്. നിഷേധി.

താഴെ മറ്റൊരു മെസേജ് കൂടെ ടൈപ്പ് ചെയ്തു, ‘അത് മജന്തയാണ്...’

അത് പക്ഷേ അയച്ചില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തിരിച്ചുവെച്ച് പരിധി ഭേദിച്ച് തിരകളിലേക്കിറങ്ങി നടന്നു. എന്തെന്നാൽ, ഓരോരുത്തരുടെയും കടലിന് ഓരോ നിറമെന്നാണ് എനിക്കിപ്പോൾ തോന്നുന്നത്.

എന്താണ് നിങ്ങളുടെ കടലിന്റെ നിറം..?

(*അക്രോഫോബിയ - ഉയരങ്ങളോടുള്ള ഭയം)


Summary: Laya Chandralekha's Malayalam short story Oru Mukkavalayil Ninnulla Madakkangal, published in truecopy webzine.


ലയ ചന്ദ്രലേഖ

കവി, കഥാകാരി, എഴുത്തുകാരി. വോയ്‌സ് ഓവർ ആർട്ടിസ്റ്റ്. സ്കൂൾ വിദ്യാഭ്യാസകാലത്ത് 'ഓളങ്ങൾ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലച്ചിത്ര സംവിധാനം, തിരക്കഥാ രചന എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കി. 

Comments