അനന്യ ജി

ഒരു പേനയുടെ ആത്മഹത്യാക്കുറിപ്പ്


ഷി കുടിച്ച് ആത്മഹത്യ ചെയ്ത ലോകത്തെ ആദ്യത്തെ പേന.

റെക്കോർഡിടാനല്ല, നിവൃത്തികേടുകൊണ്ടാണ് ഞാൻ ഈ കടുംകൈ ചെയ്യുന്നത്. നേരിന് നിരക്കാത്ത വരികൾ എഴുതേണ്ടിവന്നിട്ടുണ്ട്. നാണിപ്പിക്കുന്ന പലതിനും സാക്ഷിയായിട്ടുമുണ്ട്. പക്ഷേ, ചക്രവർത്തിയിൽ നിന്ന് വൈരപ്പതക്കം വാങ്ങിയ ശേഷം മുതലാളി നടത്തിയ മറുപടി പ്രസംഗം. ഹോ...! കേട്ടുനിന്നപ്പോൾ എന്റെ മഷിയുറഞ്ഞുപോയി. നിന്ന നിൽപ്പിൽ റീഫിൽ തകർന്ന് മരിച്ചാൽ മതിയെന്നായി.

ദേശാന്തര ഓന്തുകളുടെ സമ്മേളനമായ സമ്മാനവേദി. ചുറ്റുപാടിനൊത്ത് നിറം മാറുന്ന, നാക്കുകൊണ്ട് ഇര പിടിക്കുന്ന, പേരിന് നട്ടെല്ലുള്ള ഉരഗങ്ങളുടെ ഒത്തനടുക്ക്, മുകളിൽ തൂങ്ങിയാടുന്ന വെള്ളിവെളിച്ചത്തിന് തൊട്ടുതാഴെ അടുത്തടുത്തിരിപ്പുണ്ട് ചക്രവർത്തിയും രാജാവും. അറിയാതെ പോലും കൈകൾ കൂട്ടിയുരസാതിരിക്കാനുള്ള ശ്രമത്തിലാണ് രണ്ടുപേരും. പ്രജകൾ നിറുത്താതെ ഘോഷാരവം മുഴക്കുകയാണ്. ചക്രവർത്തി ഇടയ്ക്കിടെ കൈ വീശിക്കാണിക്കും, ചിരിക്കും. അതും നല്ല വിടർന്ന ചിരി. പക്ഷേ, രാജാവിൻ്റ മുഖത്തിന് ഭാവമാറ്റമൊന്നുമില്ല. എപ്പോഴും ഒരേ ലോഹക്കനം. നീണ്ട യാത്രകൾ, ചികിത്സ... അതിന്റെ ക്ഷീണമാകും.

ധാരാളം നാട്ടുരാജ്യങ്ങൾ ഒന്നുചേർന്ന ഈ വിശാലസാമ്രാജ്യത്തിൽ ചക്രവർത്തിയുടെ അടക്കിവാഴ്ച തുടങ്ങിയിട്ട് പതിറ്റാണ്ടൊന്ന് കഴിഞ്ഞു. രാജ്യങ്ങൾ വലുതും ചെറുതും കടലുള്ളതും കടലില്ലാത്തതുമുണ്ട്. അവിടെയൊക്കെ പല ഭാഷ പറയുന്ന, പല ദൈവത്തെ വിളിക്കുന്ന പാവങ്ങളും പണക്കാരുമുണ്ട്. അവരുടെ തലപ്പത്ത് ഒരു രാജാവോ റാണിയോ കാണും. ചക്രവർത്തിക്ക് കപ്പം കെട്ടുന്നവരാണ് ഈ രാജാക്കന്മാർ. മഹാനദികൾ നനയ്ക്കുന്ന സാമ്രാജ്യത്തിന്റെ ഹൃദയഭാഗത്ത് ചക്രവർത്തിക്ക് വലിയ സ്വാധീനമാണ്. തെക്കോട്ട് പോകുന്തോറും അത് കുറഞ്ഞുവരും. അപ്പോൾപിന്നെ തെക്കേ മുനമ്പിനോട് ചേർന്നുകിടക്കുന്ന ഈ നാട്ടുരാജ്യത്തിന്റെ കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. താൻ വെറും നാട്ടുരാജാവാണെന്നും ഈ സാമ്രാജ്യത്തിന്റെ ഭാഗമാണെന്നും ഇടയ്ക്ക് മറന്നുപോകുന്നയാളാണ് ഇവിടുത്തെ രാജാവ്. അടുത്തിടെ രാജാവും ഭരണത്തിൽ പത്തുവർഷം തികച്ചു.

ചുമരിൽ പത്തു കലണ്ടറുകൾ മാറിമാറി ആണിയിൽ തൂങ്ങുന്നതിനിടെ സാമ്രാജ്യവും രാജ്യവും ഒരുപോലെ മാറി. സ്വരചേർച്ചയില്ലെങ്കിലും ചക്രവർത്തിക്കും രാജാവിനും ഇപ്പോൾ ഒരു താളമാണ്. വേദി നിരീക്ഷിച്ചാൽ തന്നെ അത് വ്യക്തം. എത്ര വേഗമാണ് ചടങ്ങ് മുന്നോട്ടുപോയത്. കണ്ണടച്ചുതുറക്കുമ്പോഴേക്കും പ്രാർഥനയും അധ്യക്ഷപ്രസംഗവും കഴിഞ്ഞു. ക്യാമറകളുടെ സൗകര്യത്തിന് പല കോണുകളിൽ നിന്നായി, പലയാവർത്തി ഉപഹാരസമർപ്പണം നടത്തി. കർമം ഒരു മൂളലിലൊതുക്കി മുഖ്യപ്രഭാഷകനും ധിറുതിയിൽ അരങ്ങൊഴിഞ്ഞു. ഒരു വേദിയിലും മറ്റാരും തന്നെക്കാൾ തിളങ്ങുന്നത് ചക്രവർത്തിക്കും രാജാവിനും ദഹിക്കില്ല.

ഒരു നാഴിക നീണ്ട പ്രഭാഷണത്തിൽ ചക്രവർത്തി വാചാലനായത് സാമ്രാജ്യത്തിന്റെ ഉന്നതിയെക്കുറിച്ചാണ്. നെഞ്ചളവ് കാട്ടി, കൈകൾ വിരിച്ച്, തന്നെക്കാണാനെത്തിയ സഹോദരീസഹോദരന്മാരെ ആംഗ്യത്താൽ പുണർന്നുള്ള സംസാരം. അത്യധികം വൈകാരികമായ ഒരു സിനിമാരംഗത്തിന്റെ എല്ലാ ഭാവതീവ്രതകളും അരങ്ങിലുണർന്നു. പശ്ചാത്തലസംഗീതം കൂടി ഉണ്ടായിരുന്നെങ്കിൽ സിനിമ തോറ്റേനേ. എല്ലാവരും ആവേശത്തോടെ ആ വാക്കുകളെ വരവേറ്റു. പകൽ വെളിച്ചത്തിലായതുകൊണ്ടാകണം ആരുടെ കണ്ണിലും സംശയമില്ല, ഭയവും. ഇരുൾ വീണ ശേഷം അദ്ദേഹം പ്രസംഗിച്ചപ്പോഴൊക്കെയും സാമ്രാജ്യം വിറങ്ങലിച്ചിട്ടുണ്ട്. വിഷയം എന്താണെങ്കിലും വാചകക്കസർത്ത് നടത്താൻ അദ്ദേഹത്തിനുള്ള വൈഭവം വിസ്​മയകരമാണ്. വികാരങ്ങളെ തലോടാനും തകർക്കാനും പറ്റുന്ന വായടക്കം.

രാജാവ് കൂർത്ത വാക്കുകൾ കുറച്ചുമാത്രം ഉപയോഗിക്കുന്നയാളാണ്. പക്ഷേ, ഇത് വാക്കുകൾക്ക് പിശുക്ക് കാട്ടേണ്ട വേദിയല്ലെന്ന് അദ്ദേഹത്തിനറിയാം. എല്ലാ തയ്യാറെടുപ്പുകളോടെയുമാണ് രാജാവ് എത്തിയിട്ടുള്ളത്. ഇവിടെപ്പറയാൻ അദേഹം ആവർത്തിച്ചുപഠിച്ച് മനസ്സിലുറപ്പിച്ച പ്രഭാഷണം ഞാൻ തയ്യാറാക്കിയതാണ്. എന്റെ മുതലാളിയുടെ വാക്കുകളാണ് ഈ വേദിയിൽ രാജാവിന്റെ ശബ്ദത്തിലൂടെ മുഴങ്ങാൻ പോകുന്നത്. ചക്രവർത്തിക്കു പിന്നാലെ രാജാവ് പ്രസംഗപീഠമേറിയപ്പോൾ ഞാൻ ഓർമകളിലേക്ക് പിന്തിരിഞ്ഞു.

മഞ്ഞുപെയ്യുന്ന നാട്ടിലാണ് ഞാൻ ജനിച്ചത്. പക്ഷേ, ജന്മനാട് കാണാനുള്ള ഭാഗ്യം കിട്ടിയില്ല. അതിനു മുൻപേ എന്നെ പൊതിഞ്ഞ് പെട്ടിയിലാക്കി ഏതോ കപ്പലിൽ കയറ്റി. തിര എന്നെ ആട്ടിയുറക്കി. കടൽച്ചൂര് എനിക്ക് മുലയൂട്ടി. ഏതേതോ നാടുകളിൽ കപ്പൽ നിറുത്തി. അടുത്തുണ്ടായിരുന്ന പെട്ടികളിൽ പലതിെൻ്റയും യാത്ര അവിടങ്ങളിൽ അവസാനിച്ചു. പെട്ടിക്ക് പുറത്തുള്ള ആകാശം കാണാനുള്ള എന്റെ കാത്തിരിപ്പ് നീണ്ടുപോയി. ഒരുനാൾ പെരുംകടലുകൾ പിന്നിട്ട് കപ്പൽ ഈ തീരത്തണഞ്ഞപ്പോൾ എന്നെയും പുറത്തെടുത്തു. ഞാൻ കപ്പലിറങ്ങിവന്ന കാലത്തൊന്നും ഈ സാമ്രാജ്യത്തിൽ ബോൾപോയിൻ്റ് പേനകളില്ല. മഷി നിറയ്ക്കുന്ന തടിയൻ ഫൗണ്ടൻ പേനകൾ പോലും ഇവിടുത്തുകാർക്ക് ആഡംബരമായിരുന്നു.

കപ്പലിൽ നിന്ന് എന്നെ കൊണ്ടുപോയത് ഒരു ബംഗ്ലാവിലേക്കാണ്. മുമ്പ് ഈ സാമ്രാജ്യം ഭരിച്ചിരുന്ന വെളുത്ത വരത്തന്മാർ ബംഗ്ലാവുകളിലാണ് താമസിച്ചിരുന്നത്. അവർ വിറ്റൊഴിഞ്ഞപ്പോൾ നാട്ടിലെ പ്രമാണിമാരായി ബംഗ്ലാവിന്റെ അധികാരികൾ. മേശപ്പുറത്ത് കൂടെയുണ്ടായിരുന്ന സഹപേനകളിൽ നിന്നാണ് അതികായന്മാരെ നിലംപരിശാക്കിയ പേനക്കരുത്തിന്റെ കഥകൾ കേട്ടത്. കൂർത്തകല്ലും തൂവലും മുളന്തണ്ടുമായിരുന്നെത്ര ഞങ്ങളുടെ പിതാമഹന്മാർ. അധികാരികളെ അടിമുടി വിറപ്പിച്ച പൂർവികരെയോർത്ത് രാത്രികളിൽ മഷിപ്പുളകം കൊണ്ടു. വളർന്നുവലുതായി ഒരു പടവാളാകണമെന്നായിരുന്നു എന്റെ സ്വപ്നം. മുൻനടന്നവരേക്കാൾ മൂർച്ചയുള്ള വാൾ.

വെള്ളക്കാരനിൽ നിന്ന് ബംഗ്ലാവും ചുവപ്പ് കാറും സ്വന്തമാക്കിയ ഒരു മുരടൻ പ്രൊഫസറായിരുന്നു എന്റെ ആദ്യ മുതലാളി. അയാളെ അങ്ങനെ അഭിസംബോധന ചെയ്യാൻ ഇന്നും എനിക്ക് ബുദ്ധിമുട്ടുണ്ട്. ഉത്തരക്കടലാസുകളിൽ അശ്രദ്ധമായി അങ്ങുമിങ്ങും പോറിയതല്ലാതെ ഒരു നല്ലവാക്കുപോലും ആ മനുഷ്യൻ എഴുതിയില്ല. മൂന്നു വർഷം ഞാൻ വേദന കടിച്ചുപിടിച്ചു ജീവിച്ചു. എന്റെ തലയ്ക്കു മേലെ ഭാഗ്യത്തിെൻ്റ മഷി തെളിയുന്നത് സർവകലാശാലയിലെ ആദ്യ വിദ്യാർഥി മാഗസിൻ പുറത്തുവന്നതോടെയാണ്. ക്ലാസ്സിലെ ഒരു മിടുക്കൻ പയ്യൻ മാഗസിനിലെഴുതിയ കവിത പ്രൊഫസർക്ക് ബോധിച്ചു. ‘ഇനി മുതൽ ഈ പേന കൊണ്ടാകട്ടെ നിെൻ്റ മനോഹരമായ എഴുത്ത്’ എന്ന ആശീർവാദത്തോടെ എന്നെ സമ്മാനമായി നൽകി. അന്നുമുതൽ, കഴിഞ്ഞ അറുപത് വർഷമായി അയാളാണ് എന്റെ മുതലാളി.

ചോരത്തിളപ്പിെൻ്റ വിദ്യാർത്ഥി കാലത്ത് മുതലാളി എനിക്ക് പിടിപ്പത് പണി തന്നിരുന്നു. ജീവിതത്തിന് അർഥം വന്നതുപോലെ തോന്നി. പകൽ മുഴുവൻ അക്കാദമികമായ മുഷിപ്പൻ പണി. രാത്രി എന്നിലൂടെ തീ പാറുന്ന വരികൾ ചാലിട്ടൊഴുകി. മുതലാളിയുടെ ചിന്തകളുടെ വേഗത്തിനൊത്ത് ഞാനും കുതിച്ചു. കിതച്ചിട്ടും കുഴഞ്ഞിട്ടും വേഗം കുറച്ചില്ല. ഞാനും ഇതാ ലോകം മാറ്റിമറിക്കാൻ പോകുന്നു, സമൂഹത്തിലെ അസമത്വവും അനീതികളും തുടച്ചെറിയുന്ന മന്ത്രികദണ്ഡായി ഞാൻ പരിണമിക്കും. ഹാ....എന്തൊക്കെ സ്വപ്നങ്ങളായി രുന്നു!

പഠനം കഴിഞ്ഞ് ഉദ്യോഗസ്​ഥജീവിതം തുടങ്ങിയപ്പോഴും മുതലാളി എഴുത്ത് തുടർന്നു. സമൂഹത്തെ പുരളുന്ന വിഷചിന്തകളെപ്പറ്റിയും മനുഷ്യർക്കിടയിലെ മതിലുകളെപ്പറ്റിയും എഴുതി. ദുരാചാരങ്ങൾക്കും അർഥമില്ലാത്ത അനുഷ്ഠാനങ്ങൾക്കും യുക്തിയെ വെല്ലുവിളിക്കുന്ന അന്ധവിശ്വാസങ്ങൾക്കുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ഇപ്പോഴിതാ, ജോലിയിൽനിന്ന് വിരമിച്ച് രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹം എഴുതിക്കൊണ്ടേയിരിക്കുകയാണ്. കാലത്തിനൊപ്പം വിഷയങ്ങളും വിശേഷങ്ങളും മാറി. പേനകൾ പലതരം വിപണിയിലെത്തി. അദ്ദേഹം എന്നെപ്പിരിഞ്ഞില്ല. ഭാഗ്യം കൊണ്ടുവന്ന പേനയാണെന്നും ഒരിക്കലും കൈവിടില്ലെന്നും ആ വിരലുകൾ എന്നെ നെഞ്ചോടമർത്തി താലോലിച്ചു.

പൊന്നാടയും പൊന്നും പണക്കിഴിയും സമ്മാനിക്കാൻ ഇന്ന് അദ്ദേഹത്തിന് ചുറ്റും ആരാധകവലയമുണ്ട്. സമ്മാനങ്ങൾ കൂടുന്തോറും വാക്കുകൾ മയപ്പെട്ടു, വളച്ചുകെട്ടലുകൾ ഏറി. പക്വത വന്നപ്പോൾ പഴയ എടുത്തുചാട്ടം ആറിയതായിരിക്കുമെന്ന് ആദ്യം കരുതി. തത്വചിന്തകൾക്കുള്ളിൽ വല്ലതും ഒളിച്ചുവെച്ചിട്ടുണ്ടാകണം. വായനക്കാരനെ ചിന്തിപ്പിക്കാൻ ദാർശനികത കൊണ്ടുവരുന്നതാകും. വെറുമൊരു പേനയല്ലേ, വിശകലനം ചെയ്തു ഗ്രഹിക്കാനുള്ള എന്റെ കഴിവുകേടുകൊണ്ട് മനസ്സിലാവാത്തതാകും... എന്നൊക്കെ ഭാവനയിൽ ആശ്വാസം തേടി.

പിന്നെപ്പിന്നെ തത്വം കൂടിക്കൂടി വരാൻ തുടങ്ങി. ചിന്തയില്ലാതെയുമായി. എങ്കിലും ഇടയ്ക്കൊക്കെ അദ്ദേഹം അധികാരികൾക്ക് മുറിവേൽക്കുന്ന വാക്കുകൾ എഴുതുമായിരുന്നു. അതില്ലാതെയായത് ഈയിടെയാണ്. നിറം മങ്ങിയ സ്വർണത്തിനുള്ളിൽ നിന്ന് ചെമ്പു തെളിയുംപോലെ കനംപോയ വാക്കുകൾക്കിടയിൽ രാജസ്​തുതി കണ്ടുതുടങ്ങി. പാണപ്പാട്ടിന്റെ ഒഴുക്കിലേക്ക് സ്​തുതികൾ മാറിയപ്പോഴാണ് എന്തോ പന്തികേടുണ്ടെന്ന് എനിക്കുറപ്പായത്. മുതലാളിയുടെ നിറംമാറ്റത്തിനെതിരെ എന്നാലാകും വിധം ഞാൻ പ്രതിഷേധിച്ചു. മഷി പടർത്തിയും ഇടയ്ക്കൊന്നിടറിയും മൂക്ക് ചീറ്റിയും അക്ഷരപ്പിശകുകൾ വരുത്തി. പക്ഷേ, അദ്ദേഹം വെച്ചടിവെച്ചടി കയറി. കീശയിൽ എന്നെ ഞെരുക്കുന്ന തിരക്കായി.

നേരത്തെപ്പറഞ്ഞല്ലോ, രാജാവും ചക്രവർത്തിയും തമ്മിലത്ര സുഖത്തിലല്ല. സാമ്രാജ്യം നിലനിന്നു പോകണമെന്നുള്ളതുകൊണ്ട് മാത്രമാണ് ഇരുവരും ദ്വന്ദയുദ്ധത്തിന് അര മുറുക്കാത്തത്. കൂടുതൽ കപ്പം കെട്ടുന്ന സാമന്തരാജാക്കന്മാരുടെ സദസ്സിലെ സ്​തുതിപാഠകരോടാണ് ചക്രവർത്തിക്ക് പ്രിയം. പരിഗണനയുടെ രണ്ടാംനിരയിൽ പോലും മുതലാളി വരില്ല. കിട്ടില്ലെന്നുറപ്പുള്ള മുന്തിരിക്കായി ചാടാൻ മെനക്കെടാതെ അതുനോക്കി ഓരിയിടാൻ തന്നെ മുതലാളി തീരുമാനിച്ചു. ക്ഷണിക്കുന്ന ചടങ്ങുകളിലും ഒപ്പിക്കുന്ന അഭിമുഖങ്ങളിലും രാജാവിന്റെ അപദാനങ്ങൾ വാഴ്ത്തി, ചക്രവർത്തിയെ വാതോരാതെ ഇകഴ്ത്തി. വണിക്കുകൾ കെട്ടിയരങ്ങേറ്റുന്ന പുസ്​തകമേളകൾ ദേശങ്ങൾ തോറും നടക്കുന്നതിനാൽ അവസരത്തിന് മുട്ടുണ്ടായില്ല. വ്യത്യസ്​ത അഭിപ്രായങ്ങൾ കാണികൾക്കു വിളമ്പി ഒരേ ചഷകത്തിൽ നിന്ന് മധു നുകർന്ന് സർഗ്ഗപ്രമുഖർ ധന്യമാക്കുന്ന വേദികളിൽ അദ്ദേഹം പതിവുകാരനായി.

ഒരിക്കൽ അങ്ങനെയൊരു വേദിയിൽ ഒരു ചെറുപ്പക്കാരൻ മുതലാളിയെക്കാൾ വലിയ രാജഭക്തി കാട്ടി. ആവിപറക്കുന്ന തന്റെ കഞ്ഞിയിലേക്ക് പറന്നടുത്ത ആ പാറ്റയെ മുതലാളി പാതിവഴിയിൽ തടുത്തു. ഇവനാണ് എെൻ്റ പിൻഗാമി എന്ന് പരസ്യമായി കാച്ചി. ഈ പടയുടെ മുന്നിൽ ഞാൻ തന്നെ മതി എന്ന് പറയാതെ പറഞ്ഞു. പുതുപ്രതിഭകളെ ഇരുകയ്യും നീട്ടി വരവേൽക്കുന്ന വിശാലമനസ്സിന് നന്ദി പറയുകയല്ലാതെ അവനെന്ത് ചെയ്യാൻ. ’മിടുക്കൻ. ഇതിരിക്കട്ടെ’ എന്നുംപറഞ്ഞ് മുതലാളി പൊതുജനസമക്ഷം എന്നെ അവന്റെ കൈകളിൽ വെച്ചുകൊടുത്തു. വറചട്ടിയിൽ നിന്ന് കാട്ടുതീയിലേക്കാണല്ലോ, ഈശ്വരാ... എന്നു ഞാൻ ആർത്തുവിളിച്ച നിമിഷം. ’പ്രതീകങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. ‘മനസ്സിലിടം തന്നാൽ മതി’യെന്ന അവെൻ്റ ധൈഷണിക അതിവിനയമാണ് എന്നെ തിരിച്ചെത്തിച്ചത്.

അവസാനം നടന്ന മേളയിൽ മുതലാളിയുടെ എൺപതാം പിറന്നാൾ കൊണ്ടാടി. ഇന്ന് ആശംസാപ്രസംഗത്തിനെത്തിയ മൂന്ന് മഹാരഥികൾ അന്നത്തെ വേദിയിലുണ്ടായിരുന്നവരാണ്. കവി, ചരിത്രകാരൻ, ബുദ്ധിജീവി. ചടങ്ങിലുടനീളം അവർ നിർത്താതെ കുശുകുശുത്തുകൊണ്ടിരുന്നു. കടലിനപ്പുറത്തുള്ള ദുഷ്ടശകതിയെക്കുറിച്ചായിരുന്നു ചർച്ച. ലോകത്തെ സാംസ്​കാരികമായി കീഴ്പ്പെടുത്താനുള്ള സാമ്പത്തികശ്രമമാണ് അവർ നടത്തുന്നതെത്ര. ഏറ്റവുമധികം ചുളിവുകൾ കവിയുടെ നെറ്റിയിലാണ് കണ്ടത്. സംസ്​കാരം നഷ്ടമായാൽ പിന്നെ ആത്മാവില്ലല്ലോ, അനുരാഗമില്ലല്ലോ, ആനന്ദമില്ലല്ലോ. ഒരു കൂട്ടർക്ക് മാത്രം അധികാരമുള്ള വ്യവസ്​ഥിതികളോട് ബുദ്ധിജീവിയുടെ മുഖത്ത് വിടർന്നത് അറപ്പാണ്. ചരിത്രകാരന് നിർവികാരത, ഇത് കുറെ കണ്ടതാണ് എന്ന മരവിപ്പ്. ആ ദുഷ്ടന്മാർക്കിടയിലേക്കാണ് ഇടയ്ക്കിടെ രാജാവ് ചികിത്സ തേടിപോകാറുള്ളത്. അവിടത്തെ പരമാധികാരി ചക്രവർത്തിയുടെ ചങ്ങാതിയാണ്. അദ്ദേഹവും അടുപ്പം പുതുക്കാൻ അവിടേക്കുപോകാറുണ്ട്. ഇവർ ദ്വേഷിക്കുന്ന വില്ലൻ വേറെയായിരിക്കുമെന്ന് ഞാനങ്ങ് സ്വയം സമാധാനിച്ചു.

രാജാവിന്റെ പ്രസംഗം പെട്ടെന്നു തീർന്നോ... കടലാസു മടക്കി അദ്ദേഹം ഇരിപ്പിടത്തിലേക്ക് മടങ്ങുന്നുവല്ലോ. കണ്ണടച്ചു തീരുംമുമ്പെ, മുറിവിൽ തൊടാതെ ചുറ്റിലും മരുന്ന് പുരട്ടിക്കൊണ്ടുള്ള ആശംസകളും അർപ്പിക്കപ്പെട്ടു. മൂവരും പരസ്​പരം സ്​നേഹവാക്കുകൾ കൈമാറി. മുതലാളിയുടെ പ്രതിഭയെ പ്രകീർത്തിക്കുന്നതിന് തമ്മിൽ മഝരിച്ചു. നിലപാടുകൾ വേറെയാണെങ്കിലും മനസ്സിൽ ആദരവ് കവിഞ്ഞൊഴുകുകയാണ് പോലും. കേട്ടവർ കയ്യടിച്ചു. എനിക്ക് പുതുമയൊന്നും തോന്നിയില്ല. ഇവർ എവിടെവെച്ച് കണ്ടുമുട്ടിയായും ഇതൊക്കെത്തെന്നെയാണ് പറയുന്നത്. പതിവിലേറെ വർണനകൾ ഇന്നുണ്ടായെന്ന് മാത്രം.

അടുത്തത് മുതലാളിയുടെ മറുപടി പ്രസംഗമാണ്. അദ്ദേഹം പറയാൻ പോകുന്നതെന്തെന്ന് വള്ളിപുള്ളി വിടാതെ എനിക്കറിയാം. മോടിപിടിപ്പിച്ച സ്വർണത്തൊഴുത്തിെൻ്റ പടിയിലിരുന്ന് രാജാവ് ആവലാതിപ്പെട്ടപ്പോൾ ഞാനുമുണ്ടായിരുന്നു. കൊട്ടാരത്തിൽ കൊള്ള നടക്കുന്നുവെന്ന് പറഞ്ഞുനടക്കുകയാണ് ചില രാജ്യേദ്രാഹിപ്പരിഷകൾ. സിംഹാസനം കൈവിടുന്ന മട്ടാണ്. ചക്രവർത്തിക്ക് വേണമെങ്കിൽ ഇടപെട്ട് കാര്യം വഷളാക്കാം. അതൊഴിവാക്കാൻ ചക്രവർത്തിയുമായി ഒരു സമവായം വേണം. അതിന് എൺപതാം വയസ്സിൽ മുതലാളിക്ക് രാജ്യം ഒരു വൈരപ്പതക്കം നൽകി ആദരിക്കുകയാണെന്ന് പ്രഖ്യാപിക്കും. ഉപഹാരസമർപ്പണത്തിന് ചക്രവർത്തിയെ ക്ഷണിച്ചുവരുത്തി ആതിഥ്യമര്യാദ കാട്ടി സന്തോഷിപ്പിച്ചു വിടുകയാണ് ഉദ്ദേശ്യം. ചടങ്ങിൽ മുതലാളി പറയേണ്ട കാര്യങ്ങൾ രാജാവ് എണ്ണിയെണ്ണി പറഞ്ഞു തന്നു. വിമ്മിട്ടത്തോടെ ഞാനത് പകർത്തിയെഴുതി.

അന്നത്തെ ആ കടലാസുമായാണ് മുതലാളി എഴുന്നേൽക്കുന്നത്. നാവിൽ ശാരികപ്പൈതൽ കൂടുകൂട്ടിയതുപോലെ നിർഗളമൊഴുകി വാഴ്ത്തുകൾ. ഈരിപ്പിടിച്ച കത്തികളും തോക്കും മുതലക്കുഞ്ഞുങ്ങളും ചെങ്കോലും നിറഞ്ഞ സംസാരം കേട്ട് കാണികൾ പുളകം കൊണ്ടു. വേദിയിലിരുന്ന ചക്രവർത്തിയും രാജാവും കോരിത്തരിച്ചു. പ്രപഞ്ചത്തിലാകെ പ്രതിധ്വനിച്ച ഈക്കൻ കയ്യടിയിൽ ഉച്ചമേഘങ്ങൾ ചിതറിത്തെറിച്ചുപോയി. ഇന്നോളം കിട്ടിയിട്ടില്ല ഇങ്ങനെയൊരു കയ്യടി, മുതലാളിയുടെ അവസാനവരികളിൽ ആനന്ദത്തിെൻ്റ വിതുമ്പൽ തിങ്ങി. കയ്യടി നിലയ്ക്കും വരെ അദ്ദേഹം നിന്നിടത്തുനിന്ന് അനങ്ങിയില്ല. ചുരുട്ടിപ്പിടിച്ച നോട്ടീസുമായി അധ്യക്ഷൻ പിന്നിലുണ്ടെന്ന് അറിയാഞ്ഞിട്ടല്ല. എഴുതിയതിൽ ഒരുവരി പോലും പറയാൻ വിട്ടുപോയിട്ടുമില്ല. വിട്ടുകൊടുക്കാൻ മനസ്സില്ലാത്തപോലെ ഉച്ചഭാഷിണി മുറുക്കെപ്പിടിച്ചിട്ടുണ്ട്. എന്തിനുള്ള പുറപ്പാടാണാവോ ?

’’ഈ സൂര്യകായന്മാരുടെ യുഗത്തിൽ ജീവിക്കാനായത് നമ്മുടെയൊക്കെ സുകൃതം. സാക്ഷാൽ സൂര്യനെപ്പോലെ എക്കാലവും ജ്വലിച്ചുദിച്ച് ഇവരുടെ യശസ്സ് കാലാതിവർത്തിയാകും. അനുപമ സ്​നേഹമേ, ഉൽക്കൃഷ്ട പ്രകാശമേ സർവവും അർപ്പിച്ച് ഞാൻ കൈകൂപ്പി വണങ്ങുന്നു. എെൻ്റ പരമാത്മാവായ തൂലിക ഞാനിതാ ഈ കാൽക്കൽ സമർപ്പിക്കുന്നു.’’

പണയപ്പണ്ടമാക്കി പരസ്യമായി തുണിയുരിയാനോ... ഞാൻ ഒറ്റയിറക്കിൽ മഷി കുടിച്ചു. മേലാകെ പിടപ്പ് പടർന്ന് മുന പുറത്തേക്കുന്തി. ആനന്ദലഹരിയിൽ ആറാടുന്ന മുതലാളിയുണ്ടോ ഈ പാവത്തിന്റെ ഒടുക്കം കാണുന്നു! ബോധാബോധം മിന്നിമായുന്ന വേദനയിൽ ദേഹം നീലിച്ചു ചീർത്തു. വലിഞ്ഞയഞ്ഞു വിണ്ടുകീറിയ ഞരമ്പുകളിലൂടെ ചോര പൊട്ടിയൊഴുകുന്നതിന്റെ നോവ്. ചോരയല്ല, വിഷം. ഇക്കാലമത്രയും എെൻ്റയുള്ളിലേക്ക് കുത്തിവെച്ച കൊടുംവിഷം. മരണത്തിന്റെ മധുരസ്​പർശം താങ്ങാനാകാതെ എന്റെ ഉടൽ പതിനായിരം ചീളുകളായി. അലയില്ലാത്ത മഷിക്കടലിൽ സദസ്സിനെ ആഴ്ത്തി ഞാൻ മരണത്തിന്റെ കൈ പിടിച്ചു.


Summary: Oru penayude athmahathyakurippu malayalam short story by Ananya G Published on truecopy webzine packet 240.


അനന്യ ജി.

കഥാകൃത്ത്, നോവലിസ്റ്റ്. മാതൃഭൂമിയിൽ ജേണലിസ്റ്റ്. പാട്ടുപാവാട, ചിരിയുടെ തുടക്കം (കഥകൾ) സ്വസ്തി, ഞാൻ സീത, ചിത്രായനം, കർത്താവ് ആരെയെല്ലാം സംരക്ഷിക്കും (നോവലുകൾ), പെലെ: ഇതിഹാസത്തിന്റെ ഇതിഹാസം (ജീവചരിത്രം) തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments