ഒരു സാധാരണ മലയാളി കുടുംബം

ലയാള സാഹിത്യത്തിൽ ഇതിനുമുമ്പ് പലപ്പോഴും ഞങ്ങൾ കഥ പറഞ്ഞിട്ടുണ്ട്, കഥാപാത്രങ്ങളായിട്ടുണ്ട്. അത് മലയാളി ജീവിതവുമായി ഞങ്ങൾക്കുള്ള അഭേദ്യമായ ബന്ധം കൊണ്ടാണ്.

നിങ്ങൾ ഒരുപക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, മലയാളി കുടുംബങ്ങളിലെ ഏറ്റവും ഹാപ്പനിംഗായ ഇടങ്ങളിലൊക്കെ ഞങ്ങളുണ്ടാവും. പാറ്റയും ഉണ്ടല്ലോ എന്നു നിങ്ങൾക്കു വാദിക്കാം. പക്ഷേ അവർ എന്തെങ്കിലും ശ്രദ്ധിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? എപ്പോഴും നിലത്തേക്കുനോക്കി നടക്കുന്ന ഒന്നിലും ഒരു താൽപ്പര്യവുമില്ലാത്ത ഒരു കൂട്ടം. അതേസമയം നിങ്ങൾ ആരെയെങ്കിലും കുറ്റം പറയുകയോ, ആരോടെങ്കിലും വഴക്കിടുകയോ ഒക്കെ ചെയ്യുമ്പോൾ ഒന്നു മുകളിലേക്കു നോക്കിനോക്കൂ. എത്തിക്കുത്തി നിങ്ങളുടെ നേരേ തലയുംനീട്ടിയിരിക്കുന്ന ഞങ്ങളെ കാണാം. അതുകൊണ്ടെന്താ, നിങ്ങളെക്കുറിച്ച് ഞങ്ങൾക്കറിയാത്ത കാര്യങ്ങളില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇടക്കിയെ കഥകളിൽ വരുന്നത്.

അതെ, ഞാനാണ് പല്ലി.

വർഷങ്ങളായി ഞാനീ മദ്ധ്യവർഗ്ഗ മലയാളി കുടുംബത്തിലാണ് താമസം. പല്ലിവർഷങ്ങളാണു കേട്ടോ ഞാൻ ഉദ്ദേശിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ നവമുതലാളിത്ത ബാങ്കുകളിലൊന്നിൽ ചെറുകിട മാനേജരായ സ്ത്രീയും കാർ സെയിൽസ്മാനായ പുരുഷനും. ശമ്പളം കിട്ടുന്ന ദിവസത്തിൽനിന്നുള്ള ദൂരം വച്ച് അപ്പർ മിഡിൽ ക്ലാസ്സ്, ലോവർ മിഡിൽ ക്ലാസ്സ് രേഖക്കപ്പുറവും ഇപ്പുറവും കയറിയിറങ്ങുന്നവർ. ഇരുവർക്കും നാൽപ്പതിനും നാൽപ്പത്തഞ്ചിനും ഇടക്ക് പ്രായം. നല്ല രീതിയിൽ വീട്ടുകാരായി നടത്തിക്കൊടുത്ത കല്യാണം. ആ കല്യാണത്തിന്റെ ഉപോൽപ്പന്നങ്ങളായ ഒൻപതാം ക്ലാസുകാരി മകളും പതിനൊന്നാം ക്ലാസ്സുകാരൻ മകനും.

സ്ത്രീ രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്കുവരുന്നതുതന്നെ കടുത്ത മടുപ്പോടെയാണ്. യാന്ത്രികമായി തലേദിവസം അരച്ചുവച്ച മാവെടുത്ത് ഇഡ്ഡലിത്തട്ടിൽ നിറക്കുന്നു. സാമ്പാറിന് പരിപ്പ് വേവിക്കാൻ വക്കുന്നു, തലേദിവസം അരിഞ്ഞുവച്ച പച്ചക്കറി കഷ്ണങ്ങൾ ഫ്രിഡ്ജിൽ നിന്നെടുക്കുന്നു. അയാൾ എഴുന്നേറ്റുവരുന്ന ശബ്ദം കേൾക്കുമ്പോഴേക്കും ചായക്കു വെള്ളം വെക്കുന്നു. ഇതിനിടയിലൊക്കെ വാട്ട്‌സാപ്പിൽ പലതും കാണുന്നും കേൾക്കുന്നും ചിലതിനൊക്കെ ചിരിക്കുന്നും ഉണ്ട്. സത്യത്തിൽ വാട്ട്‌സാപ്പ് നോക്കുന്ന അവരും അടുക്കളജോലി ചെയ്യുന്ന അവരും രണ്ടാണ്.

എന്നെപ്പോലെ വളരെ സൂക്ഷ്മമായ നിരീക്ഷണപാടവമുള്ളവർക്കു മാത്രമേ ഈ രണ്ടുപേരേയും വേർതിരിച്ചറിയാൻ കഴിയൂ. ചായയായോ എന്ന് അയാൾ വിളിച്ചുചോദിക്കുമ്പോൾ, 'നാറിക്കു ചായയല്ല, വെഷാ കലക്കികൊടുക്കണ്ടത്' എന്ന് അവർ പല്ലിറുമ്മതും എനിക്കു മാത്രമേ കാണാനും കേൾക്കാനും കഴിയൂ. എത്രയൊക്കെ പല്ലിറുമ്മിയാലും അഞ്ചുമിനിട്ടിനകം അവർ ചായ അയാളുടെ മുന്നിലെത്തിക്കും. കാരണം, കൃത്യം ആറരക്ക് ഭക്തിചാനലിലെ യോഗാചാര്യനൊപ്പം അയാൾക്ക് ലൈവ് യോഗ ചെയ്യാനുള്ളതാണ്. അവർക്കും അതിൽ വളരെയധികം അഭിമാനമുണ്ട്. അയാൾ യോഗ ചെയ്യുന്നതിലും അവർ ചായ എത്തിക്കുന്നതിലും.

എത്രയൊക്കെ പല്ലിറുമ്മിയാലും അയാളെ അടുക്കളപ്പണി ചെയ്യാൻ അവർ സമ്മതിക്കില്ല. കാരണം തങ്ങളുടേത് പരമ്പരാഗത മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്ന ഒരു മലയാളി കുടുംബമാണെന്ന് രണ്ടു പേരും ഉറച്ചുവിശ്വസിക്കുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ അവരുടെ കുടുംബജീവിതത്തെപ്പറ്റി നല്ല മതിപ്പുണ്ട്. ആ സ്ത്രീ തന്നെ വീട്ടിൽ ആരെങ്കിലുമൊക്കെ വരുമ്പോൾ പറയും, 'എന്തു സഹായാ ചെയ്തുതരണ്ടതെന്നു ചോദിച്ച് ചേട്ടൻ എപ്പഴും വരും. ഞാൻ പക്ഷേ ആളെ അടുക്കളേൽ കേറാൻ സമ്മതിക്കില്ല. അത്തരം പരിഷ്‌കാരോന്നും ഇവിടെ വേണ്ടാന്നു പറയും'.

അപ്പോൾ മാത്രമാണ് അയാൾ സ്വന്തം ഭാര്യയെ അഭിമാനത്തോടെ നോക്കുന്നത്. ഇതൊക്കെ കാണുമ്പോ ഞാൻ അറിയാതെ പറഞ്ഞുപോകും, 'അമ്പമ്പോ...എന്തൊരു ഹിപ്പോക്രസി'.
അപ്പോൾ മേലേക്കുകയ്യുയർത്തി അവർ പറയും, 'സത്യം, ദേ പല്ലി ചൊല്ലി'

പറഞ്ഞുവരുമ്പോ, പല്ലിറുമ്മൽ അവർക്കുമാത്രമുള്ളതല്ല.
വൈകീട്ടത്തെ പണികളൊക്കെ ഒതുക്കി അവർ ഏതാണ്ടൊരു ലാസ്യഭാവത്തോടെ സോഷ്യൽമീഡിയയിൽ ലയിക്കുമ്പോൾ അയാൾ പല്ലിറുമ്മിക്കൊണ്ടേയിരിക്കും. ടിവിയിൽ ചാനൽച്ചർച്ച ഉഷാറായി മുന്നോട്ടു പോകുമ്പോഴും അയാളുടെ ശ്രദ്ധ ഭാര്യയിലായിരിക്കും. അതറിയുന്ന അവർ ഫോണിൽ നോക്കി പലപ്പോഴും ആവശ്യമില്ലാതെയും ചിരിക്കും. പല്ലിറുമ്മി പല്ലിറുമ്മി ഉള്ള ഇനാമൽ മുഴുവൻ പോയി അയാൾക്കിപ്പോ എന്തുകഴിക്കുമ്പോഴും പുളിപ്പാണ്.

പല്ലിറുമ്മി സഹി കെടുമ്പോൾ അയാൾ പറയും, 'ഇരുപത്തിനാലു മണിക്കൂറും വാട്ട്‌സാപ്പിലാ... ഇതൊന്നും അത്ര നല്ലതിനല്ല.'
അവർ അത് പരമപുഛത്തോടെ അവഗണിക്കും.
അപ്പോൾ അയാൾക്ക് കലി കൂടും.
'നിന്റെ ഫോൺ ഞാനിന്ന്...' എന്നുപറഞ്ഞ് അയാൾ അവരുടെ നേരേ പാഞ്ഞടുക്കും. അവർ അതേ പുച്ഛത്തോടെ 'എന്തു ചെയ്യും?' എന്നു ചോദിക്കും.
എന്തുചെയ്യും എന്ന് ആരെങ്കിലും പുച്ഛത്തോടെയും ഗർവ്വോടെയും ചോദിക്കുമ്പോൾ തനിക്ക് ഒന്നും ചെയ്യാനാവില്ല എന്ന റിയലൈസേഷൻ ഒരാൾക്കുണ്ടാവുമ്പോഴുള്ള അവസ്ഥയുണ്ടല്ലോ, അത് പരമദയനീയമാണ്. അയാളുടെ എല്ലാ അഹങ്കാരവും അവിടെ തീരും. അയാൾ പിന്നീടെന്തു ചെയ്യണമെന്നറിയാതെ തട്ടിത്തടഞ്ഞ് 'പൊലയാടിമോള്... ഏന്ത്യാനിച്ചി...' എന്നൊക്കെ പിറുപിറുത്ത് തിരികെ വന്നിരുന്ന് വീണ്ടും ന്യൂസ്ചാനൽ കാണും. അവർ ചാറ്റിംഗ് തുടരും.

അയാൾക്ക് സോഷ്യൽ മീഡിയയിൽ പ്രണയത്തോളമെത്താവുന്ന ഒന്നുരണ്ടു സൗഹൃദങ്ങളുണ്ട്. ആവശ്യമില്ലാത്ത പൊല്ലാപ്പൊന്നും തലയിലെടുത്തുവക്കണ്ട എന്ന പ്രാക്ടിക്കൽ ബുദ്ധി ഉള്ളതുകൊണ്ട് ആ ബന്ധങ്ങളിലൊക്കെ അയാളൊരുമാതിരി വരാലിനെപ്പോലെയാണ്.

ഇനി അവരെപ്പറ്റി പറയുകയാണെങ്കിൽ, മലയാളി സ്ത്രീകൾ, അതിപ്പോൾ ഏത് ജാതി- മത- സമുദായത്തിൽപ്പെട്ടവരാണെങ്കിലും, കുലസ്ത്രീ, ലൂസ്‌ സ്ത്രീ വേഷങ്ങൾ അതിശയിപ്പിക്കുന്ന വേഗത്തിൽ, അതിസാമർത്ഥ്യത്തോടെ മാറിമാറി അണിയും. എന്നെപ്പോലെ നിരീക്ഷണപാടവമുള്ളവരെ ഞെട്ടിക്കുന്ന ഒരു കഴിവാണത്. അവരിപ്പോൾ ചാറ്റു ചെയ്തുകൊണ്ടിരിക്കുന്നത് അലൂമ്‌നി മീറ്റിൽ കണ്ടുമുട്ടിയ പഴയൊരു ക്രഷിനോടാണ്. ഇപ്പോൾ നാടുമുഴുവൻ നടക്കുന്ന അലൂമ്‌നി മീറ്റുകൾ പരമ്പരാഗത മലയാളി കുടുംബങ്ങളുടെ കെട്ടുറപ്പിനെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്. പഴയ പ്രണയിതാക്കളും ക്രഷുകളും വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന ആ വൈദ്യുതപ്രസരണം ഉണ്ടല്ലോ, അതിനെ തടഞ്ഞുനിർത്താൻ ഒന്നിനും പറ്റില്ല. പ്രത്യേകിച്ചും ഓഞ്ഞു കുത്തിപ്പോയ ഒരു ദാമ്പത്യജീവിതത്തിനുശേഷം.

പിന്നെ ഗ്രൂപ്പിൽ നിന്ന് ആണ് നമ്പർ എടുക്കുന്നു. ആദ്യ ദിവസം ഇത്രയും വർഷത്തെ മിസ്സിംഗിനെപ്പറ്റി പറയുന്നു. പിന്നെ സ്വന്തം കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളെപ്പറ്റി സൂചിപ്പിക്കുന്നു. പെണ്ണ് ആദ്യ ദിവസം ഒന്നും വിട്ടുപറയില്ല.

രണ്ടാം ദിവസം
Hi
urangiyo...

മൂന്നാംദിവസം
entha ittekkunne...

തീർന്നു.

അയാളുടെ പല്ലിറുമ്മലും അവരുടെ ഉണ്ടാക്കിച്ചിരിയും കണ്ടുമടുത്തപ്പോ ഞാൻ മുകളിലൂടെ പെൺകുട്ടിയുടെ മുറിയിലേക്കു നീങ്ങി. പെൺകുട്ടിയുടെ കാര്യം ശരിക്കും കഷ്ടമാണ്. അഞ്ചു മണിക്ക് ട്യൂഷൻ തുടങ്ങും. വൈകിട്ടത്തെ ട്യൂഷനും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഇരുട്ടിയിട്ടുണ്ടാവും. പെൺകുട്ടിയെ കാണുമ്പോൾ ജീവച്ഛവം വാക്യത്തിൽ പ്രയോഗിക്കാനാണ് എനിക്കു തോന്നുക, 'പെൺകുട്ടി ഒരു ജീവഛവമാണ്.' ഐ സി എസ് സി സിലബസായതുകൊണ്ട് പെൺകുട്ടി ഇപ്പോൾ തിരുത്തിയെഴുതിയ ഇന്ത്യാ ചരിത്രമാണ് പഠിക്കുന്നത്.

പെൺകുട്ടിക്കും ചേട്ടനെപ്പോലെ രാത്രി വൈകിയും പുറത്തു പോകണമെന്നും പറ്റുമെങ്കിൽ കൂട്ടുകാർക്കൊപ്പം ട്രിപ്പു പോകണമെന്നും ഒക്കെ ആഗ്രഹമുണ്ട്. അമ്മയോടതെങ്ങാൻ സൂചിപ്പിച്ചാൽ അവർ ഉറഞ്ഞുതുള്ളും, 'അടങ്ങിയൊതുങ്ങി വീട്ടിലിരുന്നോ. രാത്രീല് കറങ്ങാൻ പോണംത്രേ’
അധികം വൈകാതെ താനിതിനൊക്കെ പകരം വീട്ടുമെന്ന് പെൺകുട്ടി മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അവളത് അവളുടേതായ ഭാഷയിൽ നോട്ട്ബുക്കിൽ ചിത്രസഹിതം കുറിച്ചിടുകയും ചെയ്തു, 'തള്ളേനെ ഞാൻ കൊല്ലും'.

വളരെ ക്രിയാത്മകമായ ഒരു മനസ്സിനുടമയാണ് പെൺകുട്ടി. അനിമേയും കെ പോപ്പും മാത്രമല്ല, ഹാക്കാ ഡാൻസും അഡോളസെൻസും വരെ അവൾക്ക് പരിചയമാണ്. നൂറുനൂറു കാര്യങ്ങളിൽ താൽപ്പര്യമുള്ള അവൾക്കുമുന്നിൽ മാറിയ ഈ ലോകത്ത് ഒത്തിരി ഓപ്ഷനുകളുണ്ട്. പറക്കാനനുവദിച്ചാൽ അവളൊരു ചിത്രകാരിയായേക്കാം, സിനിമാക്കാരിയായേക്കാം, ഡിസൈനറായേക്കാം, എഴുത്തുകാരിയും ആയേക്കാം... പക്ഷേ പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞാൽ അവളെ എൻട്രൻസ് എഴുതിച്ച് ഡോക്ടറാക്കണെന്നാണ് അയാളും അവരും കരുതിയിരിക്കുന്നത്. ട്യൂഷന്റേയും പഠിത്തത്തിന്റേയും പ്രഷർ കൂടുമ്പോഴൊക്കെ അവൾ മനോഹരമായ അനിമേചിത്രത്തോടൊപ്പം നോട്ട്ബുക്കിൽ കുറിച്ചു, 'രണ്ടിനേം ഞാൻ കൊല്ലും.'

ഇനിയിപ്പോൾ ആൺകുട്ടിയുടെ മുറിയിലേക്ക് ചെന്നാലോ? ഉള്ളത് ഉള്ളതുപോലെ പറഞ്ഞാൽ ആൺകുട്ടിയിപ്പോൾ കഞ്ചാവും കടന്ന് സിന്തറ്റിക് ഡ്രഗ്‌സിൽ എത്തിനിൽക്കുന്നു. ആൺകുട്ടിയുടെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി നോക്കിയാൽ രസമാണ്. മെത്ത് കുക്കിംഗ്, ഹൗ ടു കിൽ യുവേഴ്‌സ്സെൽഫ്, സെക്‌സിയെസ്റ്റ് ലാറ്റിനോ, കാൻ എ ലയൺ കിൽ ആൻ എലിഫെന്റ്, സാത്താൻ വർഷിപ്പിംഗ്, കാൻ മാൻ എവർ ഫ്‌ളൈ, ആർ ഗോസ്റ്റ്‌സ് റിയൽ, മാജിക് മഷ്‌റൂംസ്, ഹൗ ടു മെയ്ക് എ ഗൺ...

കഞ്ചാവോ മദ്യമോ ഉപയോഗിക്കുന്ന ഏതെങ്കിലും പരിചയക്കാരുടെ മക്കളെക്കുറിച്ചു പറയുമ്പോൾ അയാൾക്കുള്ള പുച്ഛം കാണണം, '...ന്റെ മോൻ കഞ്ചാവും വലിച്ച് നടക്കുവാ. മക്കളെ ഒണ്ടാക്കിയാ മാത്രം പോര, വളർത്താനും അറിയണം.' അവരാണെങ്കിൽ സ്ഥാനത്തും അസ്ഥാനത്തും മകനെ പുകഴ്ത്തിക്കൊണ്ടിരിക്കും, 'അവന് പഠിത്തം ന്നൊരു വിചാരേ ഉള്ളൂ... ഇപ്പഴത്തെ ചെല പിള്ളേരേപ്പോലെ ചീത്ത ശീലങ്ങളോ ചീത്ത കൂട്ടുകെട്ടോ ഒന്നും ഇല്ല. ചേട്ടനാണെങ്കിൽ അവനോട് ആവശ്യത്തിന് കൂട്ടും കൂടും ആവശ്യത്തിന് സ്ട്രിക്റ്റുമാണ്’.

ഞാനപ്പോൾ മുകളിരുന്ന് വിളിച്ചുപറയും, 'സ്ത്രീയേ, അവനെ നന്നായിട്ടൊന്നു നോക്കിയാൽ നിങ്ങൾക്കു മനസ്സിലാവും അവന്റെ അവസ്ഥ.'
അപ്പോഴും മുകളിലേക്കു കയ്യുയർത്തി അവർ പറയും, 'സത്യം, ദേ പല്ലി ചൊല്ലി'.

ആൺകുട്ടിക്കും പെൺകുട്ടിക്കും അവർ ആവശ്യപ്പെടുന്നതൊക്കെ എത്ര കടം വാങ്ങിയായാലും അവർ വാങ്ങിക്കൊടുക്കാറുണ്ട്. അവർക്ക് ഒന്നിനും ഒരു കുറവും വരരുതെന്ന് ഒട്ടുമിക്ക മലയാളി അച്ഛനമ്മമാരേയും പോലെ അവരും കരുതുന്നു.

മകന് പതിനെട്ടു വയസ്സായപ്പോഴേക്കും അവന്റെ നിർബന്ധത്തിനുവഴങ്ങി ലക്ഷങ്ങൾ വിലയുള്ള സൂപ്പർബൈക്ക് വാങ്ങിക്കൊടുത്തു, അതും ലോണെടുത്ത്. അവന്റെ നിർബന്ധത്തിനു കാരണമിതാണ്, അവന്റെ കൂട്ടുകാർക്കൊക്കെ അത്തരം മുന്തിയ ഇനം ബൈക്കുകളുണ്ടത്രേ. ഇത്രയും വില കൂടിയ ബൈക്ക് വാങ്ങേണ്ടതുണ്ടോ എന്ന് അവരിരുവരും സംശയിച്ചിരുന്നു. പക്ഷേ മകൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അവരെ പേടിപ്പിക്കാൻ പറയുന്നതായിരിക്കാമെങ്കിലും ഇനി എങ്ങാനും ചെയ്താലോ എന്നവർ ഭയന്നു. ഇപ്പോൾ ധാരാളം കുട്ടികൾ അങ്ങനെ ചെയ്യുന്നുണ്ടല്ലോ.

കഴിഞ്ഞ ദിവസം ടി.വിയിൽ ഒരു സ്ത്രീ പറയുന്നതുകേട്ടു, മറ്റുള്ളവരുടെ വീട്ടിൽ എന്താ നടക്കുന്നതെന്നു നോക്കുന്ന സമയം സ്വന്തം വീട്ടിലേക്കു നോക്കിയാൽ മലയാളി രക്ഷപ്പെടുമെന്ന്. ഇന്ററസ്റ്റിംഗ് എന്നു സ്വയം പറഞ്ഞ് കുറച്ചുകൂടി അടുത്തു കാണാനായി ഞാൻ അങ്ങോട്ടു പായുകയായിരുന്നു. പക്ഷേ അപ്പോഴേക്കും ഈ മുടിഞ്ഞ വിപ്ലവകാരികൾ എല്ലാം കൂടി നാടുനശിപ്പിക്കും എന്നുപറഞ്ഞ് അയാൾ ചാനൽ മാറ്റി.

ഞാൻ അറിയാതെ 'ശ്ശേ...' എന്നു പറഞ്ഞ് താടിക്കു കൈ കൊടുത്തുപോയി. വാലുംകുത്തി താഴേവീണു. ഭാഗ്യത്തിന് അവർ അത്താഴത്തിന് മേശപ്പുറത്തുവച്ചിരുന്ന ചിക്കൻകറിയിലാണ് വീണത്. കുശാലായി തിന്ന് ഏമ്പക്കവും വിട്ടാണ് ഞാൻ ചിക്കൻ പാത്രത്തിൽനിന്ന് പുറത്തിറങ്ങിയത്.

അവരപ്പോൾ വീഡിയോകോളിൽ അമേരിക്കയിലുള്ള മൂത്ത ചേച്ചിയോട് സംസാരിക്കുകയാണ്. ചേച്ചിയും കുടുംബവും അമേരിക്കൻ പൗരത്വവുമെടുത്ത് വർഷങ്ങളായി അവിടെയാണ്. രാത്രി മുട്ടത്തോരനും ചിക്കൻ കറിയുമായിരുന്നു എന്ന് അവർ പറഞ്ഞപ്പോൾ ചേച്ചി പറഞ്ഞു, 'ഞങ്ങക്കിവിടെ മുട്ടക്ക് എന്നാ വെലയാന്നോ, സൂപ്പർമാർക്കറ്റിലൊന്നും മുട്ട കിട്ടാനേയില്ല. വെല കുറക്കുംന്ന് ട്രംപ് പറഞ്ഞിട്ടൊണ്ട്. അറിയാല്ലോ, ട്രംപ് പറഞ്ഞാ പറഞ്ഞതാ'.

ട്രംപ് വന്നതിനുശേഷമല്ലേ സ്ത്രീയേ മുട്ടയുടെ വില ഇങ്ങനെ കൂടിയത് എന്നെനിക്കു ചോദിക്കണമെന്നുണ്ടായിരുന്നു. പിന്നെ അവരുടെ പല്ലി ചിലക്കൽ ഡയലോഗോർത്ത് വേണ്ടെന്നുവച്ചു. 'ഞങ്ങളമേരിക്കക്കാർക്ക് ട്രംപ് വന്നേനുശേഷം ലോകത്തില് മുഴുവൻ എന്നാ വെലയാന്നോ…’
മൂത്ത സഹോദരി പിന്നേയും എന്തൊക്കെയോ വിവരദോഷം വിളമ്പിക്കൊണ്ടിരുന്നു. അതെ, ലോകത്തുള്ള ആൾക്കാർ മുഴുവൻ ട്രംപിനെപ്പറ്റി പറഞ്ഞ് ചിരിക്കുകയാണ്.

അയാളാണെങ്കിൽ അവരപ്പോൾ സഹോദരിയോടു സംസാരിക്കുന്നതുകൊണ്ട് പല്ലിറുമ്മലിന് ഒരിടവേള കൊടുത്തിരിക്കുകയാണ്. സത്യത്തിൽ കഷ്ടമാണ്. ഈ വെറുപ്പും വിദ്വേഷവുമെല്ലാം ഉള്ളിൽ അടക്കിവച്ച് ഒരായുഷ്‌കാലം മുഴുവൻ അവർക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു മാതൃകാകുടുംബമായി പുറത്തേക്ക് അഭിനയിക്കേണ്ടതുണ്ട്. ഞങ്ങൾക്കൊന്നും അതൊരിക്കലും പറ്റില്ല. പക്ഷേ ഞങ്ങളുടെ ജീവിതം ഇത്ര കോപ്ലിക്കേറ്റഡ് അല്ലല്ലോ. ഒന്നുറക്കെ ചിലച്ചാൽ തീരാവുന്ന പ്രശ്‌നങ്ങളേ ഞങ്ങൾക്കൊക്കെ ഉള്ളൂ.

ഒരിക്കലവർ പരസ്പരം അലറി ചീത്തവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്തയേയും തള്ളയേയും എന്തിന്, മരിച്ചുപോയ കുടുംബക്കാരെവരെ പറഞ്ഞുകൊണ്ടുള്ള ചീത്തവിളി. പെട്ടെന്നാണ് അടുത്തുള്ള ആരാധനാലയത്തിൽനിന്നും സന്ധ്യാപ്രാർത്ഥനയുടെ മണി മുഴങ്ങിയത്. സ്വിച്ചിട്ടതുപോലെ രണ്ടുപേരും ചീത്തവിളിനിർത്തി പ്രാർത്ഥിക്കാൻ തുടങ്ങി.

'ദൈവമേ, എനിക്കും കുടുംബത്തിനും നല്ലതു വരുത്തണേ...'
'ദൈവമേ, എനിക്കും കുടുംബത്തും ഒരുവിധത്തിലുള്ള പരീക്ഷണങ്ങളും തരരുതേ...'

മണിയൊച്ച നിൽക്കുമ്പോൾ അവർ വീണ്ടും ചീത്ത വിളിക്കാൻ തുടങ്ങും. ഞാൻ 'ഇതെങ്ങനെ സാധിക്കുന്നു' എന്നന്തിച്ചുനിൽക്കും. മനുഷ്യന്റെ ചെയ്തികളെ പ്രതിയുള്ള അന്തിച്ചു നിൽക്കലുകളാണ് ഇപ്പോഴൊരു ശരാശരി പല്ലിയുടെ ജീവിതം തന്നെ.

ഇടക്കൊക്കെ അയാളുടെ കുടുംബം വരുമ്പോഴാണ് ഈ അഭിനയം അതിന്റെ പാരമ്യത്തിലെത്തുക. അഛനും അമ്മയും അവിവാഹിതനായ അയാളുടെ ഏറ്റവും ഇളയ സഹോദരനും. അവർക്കിഷ്ടമുള്ളതൊക്കെ അവർ അതീവ പെർഫെക്ഷനോടെ ഉണ്ടാക്കും, നിർബന്ധിച്ചു കഴിപ്പിക്കും. അവർക്കൊപ്പം ഭർത്താവിനെക്കുറിച്ചുള്ള രസകരമായ കാര്യങ്ങൾ-രസകരമെന്ന് അവർ കരുതിവച്ചിരിക്കുന്ന കാര്യങ്ങൾ- ആവശ്യത്തിലധികം ആവേശത്തോടെ പറഞ്ഞുകൊണ്ടിരിക്കും. അയാളുടെ അമ്മ അവരുടെ എന്തെങ്കിലുമൊക്കെ കുറ്റവും കുറവും കണ്ടുപിടിക്കാൻ ആകുന്നത്ര ശ്രമിക്കുമെങ്കിലും അവർ അതിന് ഒരിക്കലും ഇട കൊടുക്കാറില്ല. എല്ലാത്തിനേയും വളരെ വിമർശനാത്മകമായി കാണുന്ന ഇളയ സഹോദരനുപോലും അവരെപ്പറ്റി വളരെ മതിപ്പാണ്. അയാളുടെ സങ്കൽപ്പത്തിലെ കുലസ്ത്രീ അവരാണ്. അത്തരമൊരു പെൺകുട്ടിയെയാണ് വിവാഹമാർക്കറ്റിൽ അവനിപ്പോൾ തപ്പിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള കാലത്ത് ഒരുപക്ഷേ 'കുലസ്ത്രീയെ ആവശ്യമുണ്ട്, ജാതി, മതം, സാമ്പത്തികം ഒന്നും പ്രശ്‌നമല്ല’ എന്ന രീതിയിൽ വിവാഹപരസ്യങ്ങൾ വന്നേക്കാം. കാരണം, ഏതു മതത്തിലായാലും കുലസ്ത്രീകൾ അന്യംനിന്നു പോയേക്കാവുന്ന ഒരവസ്ഥ സംജാതമാവാനിടയുണ്ട്. പിന്നെ, ഒരു കുലസ്ത്രീ മനസ്സുണ്ടെങ്കിൽ അവരെ ഏതു മതത്തിലേക്കും വിശ്വാസത്തിലേക്കും മാറ്റിയെടുക്കാൻ പറ്റും. ആ മാനസികാവസ്ഥ, അതാണു പ്രധാനം.

മലയാളി പുരുഷന്മാർ അത്തരമൊരവസ്ഥയെ അതിഭയങ്കരമായി ഭയക്കുന്നു. മുൻപറഞ്ഞ ഇളയ സഹോദരൻ അത്തരമൊരാളാണ്. പരമ്പരാഗത മൂല്യങ്ങൾക്കെതിരേയുള്ള എന്തെങ്കിലുമൊരു കാര്യം ഏതെങ്കിലുമൊരു സ്ത്രീ പറഞ്ഞാൽ ഉടൻ അതിനു കീഴേപോയി തെറികമന്റിടുന്നയാൾ. സദാചാരസംരക്ഷണത്തിനു വേണ്ടി ഇരുപത്തിനാലു മണിക്കൂറും സോഷ്യൽ മീഡിയയിൽ അടയിരിക്കുന്ന ദശലക്ഷക്കണക്കിന് മലയാളി പുരുഷന്മാരിൽ ഒരാൾ!
കുലപുരുഷൻ.

അഛനും അമ്മയും സഹോദരനും പോകുന്നതോടെ അതുവരെ അവർക്കുവേണ്ടി കഷ്ടപ്പെട്ടു നടുവൊടിഞ്ഞ സ്ത്രീക്കു ഹാലിളകും. അയാൾക്കാണെങ്കിൽ അവരെ വല്ലാതെ മിസ്സ് ചെയ്യാനും തുടങ്ങും. പ്രത്യേകിച്ചും അമ്മയെ. പിന്നീടുള്ള ഒന്നുരണ്ടുദിവസങ്ങൾ കടുത്ത ശീതസമരമായിരിക്കും. വെറുപ്പ് അതിന്റെ പാരമ്യത്തിലെത്തും.

അങ്ങനെയൊരു പ്രഭാതമായിരുന്നു അത്.
അവർക്കിപ്പോൾ ഇടക്കിടെ വരുന്ന നടുവേദന കഴിഞ്ഞ ദിവസങ്ങളിലെ സദ്യയൊരുക്കലിനെത്തുടർന്ന് അധികരിച്ചിട്ടുണ്ട്. എങ്കിലും അതിരാവിലെ എഴുന്നേറ്റ് അമ്മായിയമ്മക്കും അമ്മായിയച്ഛനും സഹോദരനും ട്രെയിനിൽ കഴിക്കാനുള്ളത് പൊതിഞ്ഞുകെട്ടി കൊടുത്തുവിട്ടതിന്റെ ചാരിതാർത്ഥ്യവുമായി ഭർത്താവിനും മക്കൾക്കും തനിക്കുമുള്ള ഉച്ചഭക്ഷണം പാക്കു ചെയ്യുകയായിരുന്നു അവർ. അപ്പോഴാണ് മുൻവശത്തിരുന്ന് ബ്രെയ്ക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്ന അയാൾ കടലക്കറിക്ക് ഉപ്പു കൂടി, എരുവു കുറഞ്ഞു, ചായ തണുത്തു എന്നിത്യാദി പരാതികളുമായി അടുക്കളയിലേക്ക് വരുന്നത്. അഛനും അമ്മയും പോയതിൽ കടുത്ത വിഷാദവാനായിരുന്ന അയാളുടെ പരാതികൾക്ക് പതിവിലും പുളിച്ചുതികട്ടൽ ഉണ്ടായിരുന്നു.

മറുപടിയായി അവർ പല്ലിറുമ്മുന്നതിന്റെ ശബ്ദം എനിക്ക് നന്നായി കേൾക്കാമായിരുന്നു. നേരാംവണ്ണം ഒരു സാധനം ഉണ്ടാക്കാനറിയില്ല എന്നയാൾ പറയുന്നതും തേങ്ങ പൊട്ടിച്ചതിനുശേഷം സ്ലാബിൽ മറന്നുവച്ച വെട്ടുകത്തിയിൽ അവരുടെ കൈ മുറുകുന്നതു ഞാൻ കണ്ടു. ഞാൻ ചിലച്ച് അപായസൂചന നൽകാൻ നോക്കിയെങ്കിലും രണ്ടുപേരും ശ്രദ്ധിച്ചില്ല. എനിക്കറിയാം, ആ ഒരൊറ്റ നിമിഷത്തിന്റെ തോന്നലിൽ അവരതു ചെയ്താൽ ഒരു ജന്മം മുഴുവൻ കടുത്ത കുറ്റബോധത്തിൽ നീറിനീറി ഇല്ലാതാകേണ്ടിവരും. തന്നേയുമല്ല, ഇത്തരം ഇംപൾസീവ് മർഡറുകളിൽ അപ്പോൾ നടക്കുന്ന ബ്രെയിൻ ഫോഗിംഗ് കാരണം കൃത്യം ചെയ്തവർക്ക് പിന്നീടാ നിമിഷങ്ങൾ പലപ്പോഴും വ്യക്തമായി ഓർമ്മയുണ്ടാവില്ലത്രേ. അവർ വെട്ടുകത്തി എടുക്കാൻ പോയതും എന്റെ വരുംവരായ്കകൾ ആലോചിക്കാതെ ഞാനവരുടെ ദേഹത്തേക്കുവീണു. അവർ ഞെട്ടുകയും അലറുകയും തുള്ളുകയും ഒന്നിച്ചുചെയ്തുവെങ്കിലും വെട്ടുകത്തിയിൽനിന്നുള്ള പിടിവിട്ടു.

അയാളാണെങ്കിൽ 'ഒരു പല്ലി വീണതിനാണ്...' എന്നു പുച്ഛിച്ച് ഓഫീസിൽ പോകാനായി മുറിയിലേക്കു പോയി. പിറകേ വലിയൊരു സമാധാനത്തോടെയും അതിനേക്കാൾ തന്നോടുതന്നെയുള്ള വലിയൊരു ഞെട്ടൽ കലർന്ന അത്ഭുതത്തോടെയും അവരും.

ആ മലയാളി കുടുംബത്തിന്റെ അതിസാധാരണമായ ഒരു ദിവസംകൂടി തുടങ്ങുകയായി.

ഞാനോ?
അസാധാരണമാകുമായിരുന്ന അവരുടെ ജീവിതത്തിലെ ആ ദിവസം തികച്ചും സാധാരണമാക്കി മാറ്റുവാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് ഞാൻ ഊർദ്ധ്വൻ വലിച്ചത്.

അവരുടെ കാലിനിടയിൽപ്പെട്ട് ഞാൻ ചതഞ്ഞരഞ്ഞിരുന്നു.


Summary: oru sadharana malayali kudumbam short story by sandhya mary published in webzine.


സന്ധ്യാ മേരി

കഥാകൃത്ത്​, നോവലിസ്​റ്റ്​. വർഷങ്ങളായി ദൃശ്യ- ശ്രവണ മാധ്യമരംഗത്ത്​ പ്രവർത്തിക്കുന്നു. ​​​​​​​ചിട്ടിക്കാരൻ യൂദാസ് ഭൂത വർത്തമാന കാലങ്ങൾക്കിടയിൽ (കഥ), മരിയ വെറും മരിയ (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments