ഈ ഒറ്റമുറി, യടുക്കള ഫ്ലാറ്റിൽ

മ്പാടി അപ്പാർട്ട്മെന്റ്സ്, സി-3 ഫ്ലാറ്റിന് ഉൾക്കൊള്ളാനാവാത്തത്ര ഇരുണ്ട, കട്ടികൂടിയ ശൂന്യത.
ദിവസങ്ങൾ കഴിയുന്തോറും അതിന്റെ കറുപ്പും കടുപ്പവും കൂടിക്കൂടി വരുന്നു. ശ്വാസംമുട്ടുന്നു.
ഇന്നേയ്ക്ക് മൂന്നു ദിവസം കടന്നുപോയി.
ശരിക്കും മൂന്നു വലിയ ദിവസങ്ങൾ.
മൂന്നു നൂറ്റാണ്ടുനീളമുള്ള രാത്രികൾ.

മരണദിവസങ്ങളിൽ ആളുകളുടെ ചൂടും സ്പർശവും കൊണ്ട് ഒന്നുമറിഞ്ഞില്ല. ആരൊക്കെയോ വന്ന് അടുത്തിരുന്ന് സമാധാനിപ്പിക്കുന്നു. സഹതപിക്കുന്നു. മൂക്കുപിഴിയുന്നു. ഇവർക്കെന്താണിത്ര സങ്കടം. വിവാഹദിവസവും ഇങ്ങനെത്തന്നെയായിരുന്നല്ലോ എന്ന്, ആ നാടകീയ­ മുഹൂർത്തങ്ങളിലും ഞാൻ ഓർ‍ത്തു. അപ്പോൾ ആരൊക്കെയോ വന്ന് ചെവിയിൽ സ്വകാര്യമായി കളിയാക്കുമായിരുന്നു. ഇപ്പോൾ ആരൊക്കെയോ വന്ന് ചെവിയിൽ സ്വകാര്യമായി സമാശ്വസിപ്പിക്കുന്നു. രണ്ടിടത്തും ഞാൻ നിസ്സഹായ.

രണ്ടുദിവസം വേലക്കാരിയോട് നിൽക്കാൻ പറഞ്ഞു. പിന്നെ അവളും ചോദിക്കാൻ തുടങ്ങി, "ചേച്ചീ നിൽക്കണോ? മോന് പത്താം ക്ലാസ്സാണ്, കൂടെയിരുന്നില്ലെങ്കിൽ ഒരുവസ്തു തിരിഞ്ഞുനോക്കില്ല" എന്നൊക്കെ. പൊയ്ക്കോളാൻ പറഞ്ഞു. എനിക്കെന്തിന് കൂട്ട്? മൂപ്പരുള്ളപ്പോഴും ഇതുപോലൊക്കെത്തന്നെയല്ലേ.

എട്ടുവർഷമായി ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. അപ്പുറത്തും ഇപ്പുറത്തും ആൾതാമസമുണ്ട്. പക്ഷേ, ആ വാതിലുകൾ തുറന്നുകിടക്കുന്നത് കണ്ടിട്ടേയില്ല. ആവശ്യമുള്ളപ്പോൾ ബെല്ലടിച്ച് കുറേനേരം കാത്തുനിന്നാൽ തുറക്കും. കണ്ടാൽ രണ്ടുകൂട്ടരും വലിയ ലോഹ്യമാണ്. പക്ഷേ കഴിയുന്നത്ര കാണാതിരിക്കാൻ ശ്രമിക്കും. അപ്പുറത്തുനിന്ന് ഒരു ശബ്ദവും കേൾക്കാൻ കഴിയാറില്ല. ആകെ കേൾക്കുന്നത് ചില പാതിരകളിൽ ബാത്റൂമിൽ പോകുമ്പോൾ, അപ്പുറത്തെ ബാത്റൂമിൽ നിന്ന് ഒരു വയസ്സന്റെ മൂളലും ഞെരക്കങ്ങളും മാത്രം. ബാത്റൂം ജനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു എയർചേമ്പർ ഫ്ലാറ്റിനു നടുവിലൂടെയുണ്ട്. അതിലൂടെയാണ് ശബ്ദം കേൾക്കുക. രാത്രിമുഴുവൻ അയാൾ അവിടെയിരിക്കുകയാണെന്നു തോന്നിപ്പോകും. പേടിയാവും. വർഷങ്ങളായി കേൾക്കുന്ന ആ അസ്വസ്ഥതകളുടെ ഉടമ ആരാണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയും കേട്ടു, അതേ വെപ്രാളങ്ങൾ.

Graphics: AI Generated
Graphics: AI Generated

അടഞ്ഞ വാതിലിനുമുന്നിൽ ആരും കാണാതെ വന്ന് കോലമിടാറുള്ള അപ്പുറത്തെ മാമി, എല്ലാ വർഷവും ദീപാവലിയ്ക്ക് ഒരു പെട്ടി സ്വീറ്റ്സ് തരും. ഇടതുവശത്തെ ത്രേസ്യ ക്രിസ്മസിന് കേക്കും. ഓണത്തിന് എന്റെ വക അടപ്രഥമൻ രണ്ടുകൂട്ടർക്കും കൊടുക്കും. മൂന്നു കുടുംബങ്ങളും തമ്മിലുള്ള സൗഹൃദം മൂന്നു വിഭവങ്ങളിൽ. ഇതേ ഫ്ലോറിൽത്തന്നെയുള്ള നാലാമതൊരു വാതിൽ നിഗൂഢമാണ്. ആവീട്ടിൽ ആളുണ്ടോ എന്നുതന്നെ ആർക്കും അറിഞ്ഞുകൂടാ. ചിലപ്പോൾ വാതിൽക്കൽ പത്രം കിടക്കുന്നതുകാണാം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വള്ളിച്ചെരുപ്പ് അതിനുമുന്നിൽ സ്ഥാനം തെറ്റി കിടക്കുന്നുണ്ട്. അതിനപ്പുറം ആ താമസക്കാരെക്കുറിച്ച് ആർക്കും അറിഞ്ഞുകൂടാ. ഇതാണ് ഞങ്ങളുടെ അയൽപക്കം. മൂപ്പരുപറയും, ശല്യമില്ലല്ലോ. അനാവശ്യമായ എത്തിനോട്ടമോ ഏഷണിയോ ഒന്നുമില്ല. അതുമതി.

ഞാൻ ചൊടിപ്പിക്കും, "ഞാൻ പോയിക്കഴിഞ്ഞാൽ പിന്നെ നിങ്ങൾ ബോറടിച്ചുമരിക്കും".

"ഓ, തുടങ്ങി, കിഴവനും കിഴവിയും തമ്മിലുള്ള സ്ഥിരം നമ്പർ. ആരെങ്കിലും ഒരാൾ ആദ്യം പോവും. അതു വാസ്തവം. അപ്പോൾ മറ്റയാൾ സുഖമായി ജീവിക്കണം; ഹല്ല, പിന്നെ, ഇനിയൊക്കെ നമുക്ക് എന്തെങ്കിലും ഒരു കാരണം കിട്ടിയാൽ മതി, പോവാൻ. പിന്നെ, നിനക്ക് അത്ര ധൈര്യമുണ്ടെങ്കിൽ സമയവും സന്ദർഭവും നോക്കി, നമുക്ക് ഒരുമിച്ചങ്ങു തീർക്കാം. അപ്പോൾപ്പിന്നെ പരാതിയില്ലല്ലോ".

"ശ്ശോ..."
എനിക്ക് നെഞ്ചിൻകൂടിലൂടെ ഒരു ആന്തൽ മേലോട്ടുകയറി.
ഞാൻ പറഞ്ഞു, "എനിക്കു പേടിയാ...."
ധീരൻ എങ്ങോട്ടോ നോക്കി, പാതി ചിരിച്ചു.

എനിക്ക് അടുത്തുചെന്ന് ഒന്നു തൊടാനും നെഞ്ചിൽ തലചായ്ക്കാനും തോന്നി.

കൂടെക്കൂടിയപ്പോൾ മുതൽ മടിയും പേടിയുമായിരുന്നു.
ആലോചിച്ചാൽ ഒരു മഹാജന്മം മുഴുവൻ അതങ്ങനെ തുടർന്നു.
നാൽപ്പത്തെട്ടു വർഷം. ഇങ്ങോട്ടുവന്നു തൊട്ടതല്ലാതെ ഇത്രയും കാലം എനിക്കങ്ങോട്ട് ധൈര്യമില്ലായിരുന്നു. വിഷമം വരുമ്പോൾ കൈതരിക്കും, ഒന്നു പതുക്കെ തൊടാൻ. ആശുപത്രിയിൽ ഐ.സി.യുവിൽ നിലയറ്റു കിടക്കുമ്പോൾപ്പോലും തൊടാതെ, കൈത്തണ്ടയിൽ കണ്ണീർ വീഴ്ത്തിയതല്ലാതെ ഒന്നും നടന്നിട്ടില്ല. പരാതിയും പരിഭവവുമൊന്നുമില്ല. എനിക്ക് ആശ തോന്നുമ്പോഴൊക്കെ, അറിഞ്ഞിട്ടെന്നപോലെ വന്ന് കൂടെ കിടന്നിട്ടുണ്ട്. എന്നിട്ട് മെല്ലെ ചോദിക്കും, "ഉറങ്ങിയോ" എന്ന്.
ഒരിക്കലും ഒരല്പംപോലും വേദനിപ്പിച്ചിട്ടില്ല. എനിക്കായി കാത്തിരുന്നിട്ടുണ്ട്, ക്ഷമയോടെ. എല്ലാം കഴിഞ്ഞ് എന്നെയങ്ങനെ നോക്കിയിരിക്കും…
ഇത്രയേറെ വർഷം കഴിഞ്ഞിട്ടും, എന്റെ നാണം മാറാത്തത് ആ നോട്ടം കാരണമാണ്.

കിടപ്പുമുറിയിൽനിന്ന് നേരേ നീണ്ടുകിടക്കുന്ന വരാന്തയുടെ അറ്റത്ത് ഇരുട്ടിൽ മങ്ങിയും പൊങ്ങിയും, ടി.വി.യുടെ ചുവപ്പും നീലയും നിറത്തിലുള്ള വെളിച്ചം ഇവിടുന്നേ കാണാം. കാത്തുകാത്തിരുന്ന് അറിയാതെ മയങ്ങിപ്പോയി, പിന്നെയെപ്പോഴെങ്കിലും ഞെട്ടിയുണർന്നു നോക്കുമ്പോഴും കാണാം, വെളിച്ചം മിന്നിയും മറഞ്ഞുമങ്ങനെ. വയ്യാതായിട്ടും അവിടത്തെ ഈസി ചെയറിൽ തന്നെ പോയി കിടന്ന്, ന്യൂസ് ചാനലുകൾ ശബ്ദം താഴ്ത്തി കണ്ടുകൊണ്ടിരിക്കും. വന്നു കിടക്കാൻ പറഞ്ഞാൽ, 'നന്നായി ഉറക്കം വന്നിട്ടേ കിടക്കുന്നുള്ളൂ' എന്നു പറഞ്ഞൊഴിയും. കിടക്കാൻ നേരത്ത് കുത്തും കൊലയും കണ്ട് മനസ്സു മടുപ്പിക്കണ്ടാന്ന് പറഞ്ഞുനോക്കും. ആരുകേൾക്കാൻ. അരനൂറ്റാണ്ടോളമെത്തുന്ന സഹവാസമാണ്. ഇതുവരെ അങ്ങനെയൊന്നുണ്ടായിട്ടില്ല.

ചുമരിൽ പിടിച്ചുപിടിച്ചു നടന്നുവന്ന്, ലൈറ്റിടാതെ, ശബ്ദമുണ്ടാക്കാതെ ബാത്റൂമിലേക്കു ചെല്ലുന്നതുകാണാം. കുറച്ചുകാലമായി മൂത്രമൊഴിക്കാനും നല്ല ബുദ്ധിമുട്ടുണ്ട്. അകത്ത് കുറേനേരമെടുക്കുന്നതു കാണുമ്പോൾ ബേജാറാണ്. ക്ലോസറ്റിലേക്ക് ഇറ്റിറ്റുവീഴുന്നതിന്റെ ശബ്ദം കേട്ടുകൊണ്ടിരിക്കും. പിന്നെ പകുതി ഫ്ലഷടിച്ച് മെല്ലെവന്ന്, കുറേനേരം കട്ടിലിലിരിക്കും. എന്നെ നോക്കിയിരിക്കുകയാണ്. അപ്പോൾ ഉണർന്നതായി അഭിനയിച്ച് ഞാൻ ചോദിക്കും, "എന്തേ..."
"ഉം.. ഉം…"
"കക്കോടിമുത്തിയെ നല്ലോണം പ്രാർത്ഥിച്ച് കിടന്നോളൂ."
"ഉം."

ശ്വാസോച്ഛ്വാസം പതുക്കെ താളത്തിലാവുന്നത് ശ്രദ്ധിച്ച് ഞാൻ ഉറങ്ങാതെ കിടക്കും. ഫാനിന്റെ ഇതളുകൾ ഞങ്ങൾക്കിടയിലെ ശൂന്യതയെ ചുഴറ്റിച്ചുഴറ്റിയെടുക്കും. അപ്പുറത്തുനിന്ന് നേരിയ കൂർക്കംവലി തുടങ്ങുംവരെ, ഞാൻ ഓരോന്നോർത്തുകിടക്കും. കാലങ്ങളായി, ആ താളം കേൾക്കാതെ എനിക്ക് ഉറക്കം വരാറില്ല. (തീവണ്ടിപ്പാതയ്ക്കരികിലെ വീടുകളിലെ ഉറക്കം പോലെ.) കുഴപ്പമൊന്നുമില്ല എന്നതിന്റെ തെളിവല്ലേ ആ കൂർക്കംവലി? അത് നിന്നുപോയാൽ പരിഭ്രമമായി. ഞാൻ പാതിരാത്രിയിൽ എണീറ്റിരുന്ന് സൂക്ഷിച്ചുനോക്കും. കുറേനേരത്തേക്ക് ശ്വാസം പോലുമില്ലെന്നു തോന്നിപ്പോകും. ഈശ്വരന്മാരെ വിളിച്ചുകേഴുമ്പോഴായിരിക്കും, കൂർക്കംവലി തുടരുക. എന്തൊരാശ്വാസമായിരിക്കും അപ്പോൾ.

അടുത്തിടെയായി ഈരണ്ടാഴ്ച കൂടുമ്പോഴൊക്കെ അസുഖം കലശലാവാറുണ്ടായിരുന്നു. രാത്രിയിലാണ് മിക്കവാറും കൂടുക. സെബാസ്റ്റ്യന്റെ കാറ് വിളിച്ചാൽ ഉടനെത്തും. അവൻതന്നെ ഇക്കണ്ട പടികൾ മുഴുവൻ പിടിച്ചിറക്കും. അതാണ് കഠിനം. ഫ്ലാറ്റ് അന്വേഷിക്കുമ്പോഴേ ഞാൻ പറഞ്ഞതാ, ലിഫ്റ്റ് സൗകര്യമുള്ള വല്ലടത്തും എടുക്കാമെന്ന്. സ്റ്റെപ്പ് കയറുന്നതിന്റെ ആരോഗ്യം പറഞ്ഞ് അന്നതു മുടക്കി. എനിക്ക് അന്നേവയ്യ, മൂന്നു നില നടന്നു കയറാൻ. അപ്പോൾ വയ്യാത്തയാൾക്കോ? ഒടുവിലത്തെ തവണ ആംബുലൻസു കൊണ്ടുവന്ന്, സ്ട്രെച്ചറിൽ കിടത്തി ഇറക്കാൻ ഒരുപാടു ബുദ്ധിമുട്ടി. ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള ബാഗും സജ്ജീകരണങ്ങളും ഞാൻ എപ്പോഴും തയ്യാറാക്കിവെക്കും. ആശുപത്രിക്കടലാസുകളും എക്സ്റേയും സ്കാനും എല്ലാമടങ്ങുന്ന വലിയ ഫയൽ, രണ്ടുമൂന്നുദിവസമെങ്കിലും ആശുപത്രിയിൽ കഴിയാനുള്ള തുണിയും കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളും, എല്ലാം എടുക്കാൻ പാകത്തിൽ വച്ചിട്ടുണ്ടാവും. പരിഭ്രമത്തിനിടയിൽ തപ്പാനും തിരയാനും നിൽക്കണ്ടല്ലോ.

മുൾമുനയിലായ ആ ദിവസങ്ങളൊക്കെ എങ്ങനെ താണ്ടിപ്പോന്നു എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു. നാടകീയരംഗങ്ങൾക്ക് തിരശ്ശീലവീണപ്പോൾ ഒരുതരം 'ഉത്സവപ്പിറ്റേന്ന്' പ്രതീതിയാണിപ്പോൾ.

ഈശ്വരാ.... ഞാനെന്താണിപ്പോൾ ഓർത്തത്.

മുന്നിലെ മഹാശൂന്യത കാണുമ്പോൾ ഉള്ളിൽ കിറുക്കു മുളക്കുകയായിരിക്കുമോ? ചെന്നുനിൽക്കാൻ പറ്റിയ കുടുംബക്കാർ ആരുമില്ല. മക്കളില്ലാത്ത ഞങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് അസൂയപ്പെടുന്നവർക്ക്, ഇത്തരം ജീവിതസന്ധികളിൽ വന്നുപെടുന്ന അന്തമില്ലായ്മയുടെ ആഴം മനസ്സിലാവില്ല. മരണദിവസങ്ങളിൽ ആരൊക്കെയോ വന്ന് വെറുംവിളി വിളിച്ചിരുന്നു.

"ചേച്ചി ഇനിയിവിടെ ഒറ്റയ്ക്കിരിക്കണ്ട. അങ്ങോട്ടു പോര്. സൗകര്യങ്ങളൊക്കെ കുറവാണ്, എന്നാലും നമുക്ക് ഒപ്പിക്കാം."

അതാരാണെന്നുപോലും ഓർമ്മയില്ല. അങ്ങനെയുള്ളവർക്ക് ഭാരമായി അവിടെയൊക്കെ പോയി നിൽക്കുന്നത് എങ്ങനെയാ? പിന്നെയാരോ പറഞ്ഞു, 'ശാന്തിനികേത'നിലേക്കു പോകാമെന്ന്. വർഷംതോറും ഞങ്ങൾ വിവാഹവാർഷികത്തിനു ചെല്ലാറുള്ള വൃദ്ധസദനമാണ്. അന്ന് അവരോടൊപ്പം ഉച്ചയൂണുകഴിക്കും. കുറേനേരം അവരുടെ കഥകളൊക്കെ കേട്ടിരിക്കും. പക്ഷേ അന്നൊന്നും ഓർത്തില്ല, ഇനിയുള്ള കാലം അവിടെ അവരോടൊത്തു കഴിയേണ്ടിവരുമെന്ന്! ഒറ്റയ്ക്ക് അനുഭവിക്കേണ്ടിവരുന്ന അനാഥത്വത്തേക്കാൾ ആയിരംമടങ്ങ് വലുതാണ് ഒരാൾക്കൂട്ടം മുഴുവൻ ഒന്നിച്ചിരുന്ന് അനാഥത്വം അനുഭവിക്കുന്നത്. വിശേഷദിവസങ്ങളിൽ സനാഥർ വന്ന് മധുരം വിളമ്പിയും ഉത്സാഹം പടർത്തിയും അവരെ കൂട്ടത്തോടെ അനാഥരാക്കുകയാണല്ലോ. രാത്രിയിൽ അവിടെ, ഇരുട്ടത്ത് ദീർഘനിശ്വാസങ്ങളുടെ മഴപൊഴിയും, ആർക്കും വേണ്ടിയല്ലാതെ. ത്യാഗവും സഹനവും കൊണ്ട് പണിത ആ കൂടാരത്തിൽ സ്നേഹവും സ്വാതന്ത്ര്യവും കയറാൻ മടിക്കും. പിന്നെ ഒടുക്കത്തെ ഒരു സഹതാപവും!

എന്തായാലും ആ വഴി ഞാൻ ഉപേക്ഷിച്ചു.
ഇനിയെന്ത്?

ഇവിടെ ഇനിയും അധികനാൾ കഴിഞ്ഞുകൂടാൻ പറ്റില്ലെന്നുറപ്പ്. മണങ്ങൾ, മണങ്ങളാണസഹ്യം. എത്രയൊക്കെ തൂത്തിട്ടും തുടച്ചിട്ടും പോകാത്ത മണങ്ങൾ. ഓർമ്മകളും ചീഞ്ഞുതുടങ്ങിയാൽ സഹിക്കാനാവാതാവും. അതിനുമുമ്പേ ഈ ഫ്ലാറ്റ് വിറ്റൊഴിഞ്ഞ് മറ്റേതെങ്കിലും കൊച്ചുസങ്കേതത്തിലേക്കു മാറണം.

സെബാസ്റ്റ്യൻ പത്രപ്പരസ്യം കൊടുത്ത് ഇതിനകം തന്നെ രണ്ടുമൂന്നുപേർ വീടുകാണാൻ വന്നു. വിലയിലല്ല, രാശിയിലാണ് പലർക്കും ഒക്കാത്തത്. ഗൃഹനാഥൻ മരിച്ച് ദിവസങ്ങൾമാത്രമായ വീട്. മക്കളില്ലാത്ത വീട്. മൂന്നാം നിലയിലേക്ക് ലിഫ്റ്റില്ലാത്ത വീട്. ആളനക്കം കണ്ടാൽ തല ഉള്ളിലേക്കു വലിച്ച് കവചത്തിനകത്തൊതുങ്ങുന്ന ആമകളുടെ ഫ്ലാറ്റ്.

എട്ടുവർഷം ഇവിടെ താമസിച്ചപ്പോഴൊന്നും മാളത്തിൽനിന്നു പുറത്തുവരാത്ത കാരണങ്ങൾ! ഞാനോർത്തു, അതൊന്നുമായിരിക്കില്ല വാസ്തവത്തിലുള്ള തടസ്സം. ഇവിടെയെന്തോ ഒരു മണം തങ്ങിനിൽക്കുന്നുണ്ട്. വരുന്ന ഓരോരുത്തരും അത് പിടിച്ചെടുക്കുന്നുണ്ട്. അതെന്താണെന്ന് അവർക്കും അറിയുന്നില്ല. അതുകൊണ്ടവർ വേറെ കാരണങ്ങൾ കണ്ടെത്തുന്നു എന്നു മാത്രം.

ആദ്യം വന്നത്, ചെറുപ്പക്കാരായ ദമ്പതികളും കൂടെ കളിപ്പാവ പോലൊരു എൽ.കെ.ജി. കുട്ടിയുമായിരുന്നു. ചെറുതും സുരക്ഷിതവുമായ ഒരു ഫ്ലാറ്റാണ് അവരും അന്വേഷിക്കുന്നത്. രണ്ടുപേരും റെയിൽവേ ജോലിക്കാരാണ്. തൊട്ടടുത്ത് റയിൽവേ സ്റ്റേഷനുള്ള കാര്യം ഞാനവരെ ഓർമ്മിപ്പിച്ചു. അവിടെ ഗേറ്റടച്ചാൽ ഫ്ലാറ്റിൻറെ മുന്നിൽ വരെ വാഹനങ്ങൾ നിൽക്കും. അത്രയ്ക്കടുത്ത്. ഗേറ്റാണെങ്കിൽ തുറന്നുകിടക്കുന്ന സമയം കുറവ്. പാതവരെ പ്ലാറ്റുഫോം നീണ്ടുകിടക്കുന്നതുകൊണ്ട്, രാവിലെയും വൈകീട്ടും അതിന്റെ രണ്ടറ്റം നടന്നുതീർത്താൽത്തന്നെ നല്ല വ്യായാമമായി. ലോക്കൽ വണ്ടികൾ മാത്രം നിർത്തുന്ന സ്റ്റേഷനാണ്.

കാലത്ത് വെയിൽ മൂക്കുവോളവും വൈകുന്നേരങ്ങളിൽ ഇരുട്ടുപരക്കുവോളവും ഞങ്ങൾ പ്ലാറ്റുഫോം ബെഞ്ചുകളിൽ ചെന്നിരിക്കാറുണ്ട്. ഏറെനേരം മിണ്ടാതിരിക്കുന്ന ഞങ്ങളുടെ മൗനത്തിനു നടുവിലൂടെ ഇടിമുഴക്കംപോലെ ചില ട്രെയിനുകൾ നിർത്താതെ കടന്നുപോകും. വണ്ടി കടന്നുപോയിക്കഴിയുമ്പോൾ പെട്ടെന്നു വീണ്ടെടുക്കപ്പെടുന്ന നിശ്ശബ്ദതയിൽ ഞങ്ങൾ അറിയാതെ മുഖത്തോടുമുഖം നോക്കി ഒന്ന് ഊറിച്ചിരിക്കും. ദാമ്പത്യത്തിലെ അപൂർവ്വസൗഭാഗ്യങ്ങളിലൊന്ന്! അതുപോലെത്തന്നെയാണ് രാത്രിവണ്ടികൾ. ഉറക്കം വരാത്ത രാത്രികളിൽ, അലറിവിളിച്ച് നിലംകുലുക്കിക്കൊണ്ടു ചീറിപ്പായുന്ന വണ്ടികൾ എത്ര വലിയ ആശ്വാസമാണെന്നോ.

ആത്മഗതങ്ങൾക്കിടയ്ക്ക് ദമ്പതികൾ പോകാൻ തിടുക്കം കൂട്ടുന്നതു കണ്ടു.
‘‘ഇറങ്ങട്ടെ, മോൻ റെസ്റ്റ്ലെസ്സാവും മുമ്പ് ഇറങ്ങിയില്ലെങ്കിൽ വലിയ ബുദ്ധിമുട്ടാ."

റെയിൽവേക്കാർ റയിൽവേ കഥകളിലൊന്നും വീണില്ല. അവർക്കിവിടത്തെ വായുസഞ്ചാരവും വെളിച്ചവുമൊന്നും പറ്റിയില്ലത്രേ. എന്തുപറയാൻ! പോകാൻനേരത്ത് ആ കൊച്ചുകുഞ്ഞൻ അരിപ്പല്ലുകാണിച്ചു ചിരിച്ച്, "മുത്തശ്ശീ, റ്റാറ്റാ" എന്നു പറഞ്ഞതുമാത്രം ഉള്ളിൽ കൊളുത്തിവലിച്ചു.

സെബാസ്റ്റ്യൻ അടുത്തതവണ കൊണ്ടുവന്നത് ഞങ്ങളെപ്പോലെത്തന്നെയുള്ള ഒരു വൃദ്ധദമ്പതികളെയാണ്. ഭർത്താവു സംസാരിക്കുന്നതിനൊക്കെ, 'അതെ', 'അതെ' എന്നു തലയാട്ടി പിന്തുണയ്ക്കുന്ന ഭാര്യ. അവരായിട്ട് ഒന്നും സംസാരിക്കുന്നില്ല. ഭർത്താവാണെങ്കിൽ 'എനിക്ക്', 'എന്റെ', 'ഞാൻ' എന്നൊക്കെയല്ലാതെ ഒരിക്കൽപ്പോലും 'ഞങ്ങൾ' എന്നു പ്രയോഗിക്കുന്നില്ല. അയാൾ അയാളുടെ കാര്യം പറയുന്നതിന് ഈ അമ്മ എന്തിനിങ്ങനെ ശരിവെക്കുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടു. കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ ഭർത്താവു പറയുന്നതു ശ്രദ്ധിക്കാതെ അവരുടെ തലയാട്ടലും സമ്മതം മൂളലും മാത്രം ശ്രദ്ധിച്ചു. അതുകണ്ട് ഉള്ളിൽ ഊറിച്ചിരിച്ചു, പൊട്ടത്തീ, ഈ ചങ്ങാതി നാളെ വടിയാവുമ്പോ പിന്നെ എന്തിന് തലയാട്ടും? അങ്ങേര് ജീവിച്ചിരിക്കുമ്പോഴേ എന്തെങ്കിലും സ്വയം സംസാരിച്ചുപഠിച്ചില്ലെങ്കിൽ പിന്നെ ബബ്ബബ്ബ പറയേണ്ടിവരും...

ആ "ബബ്ബബ്ബ" പുറത്തുചാടിയോ എന്നു സംശയം, വയസ്സൻ പെട്ടെന്നു സംസാരം നിർത്തി. എന്നിട്ടദ്ദേഹം നയം വ്യക്തമാക്കി.

‘‘ഞാൻ അല്പം റിലീജിയസ് ആണ്. ഇക്കാലത്ത് അതൊക്കെ തുറന്നു പറയുന്നത് പ്രശ്നമാണെന്നറിയാം. ഈ വയസ്സാംകാലത്ത് അതൊക്കെയല്ലേ ബാക്കിയുണ്ടാവൂ? പിന്നെ സ്ട്രിക്റ്റ് വെജിറ്റേറിയനും. ഇതു രണ്ടിനും പറ്റിയ താമസമാണ് ഞാൻ അന്വേഷിക്കുന്നത്. ഈ ഫ്ലാറ്റിന്റെ പ്രധാന ആകർഷണം തിരുവമ്പാടി ക്ഷേത്രത്തിന് വളരെയടുത്താണ് എന്നതാണ്".

‘‘അതെയതെ. (ഞാനും ഒരല്പം കച്ചവടക്കാരിയായി.) അതികാലത്ത് അമ്പലത്തിലെ ശംഖുവിളികേട്ട് ഉണരാം. പിന്നെ ജ്ഞാനപ്പാന. നിർമ്മാല്യം, വാകച്ചാർത്ത്, ഉഷപ്പൂജ, ശീവേലി... രാത്രിയിലെ തൃപ്പുകവരെ എല്ലാം ഗുരുവായൂരിലെ അതേ മുറയ്ക്കുതന്നെ. ഓരോ മണിക്കൂറിലും അമ്പലത്തിലെ മണിയടിക്കുന്നതു കേട്ടാൽത്തന്നെ നമ്മൾ ഗുരുവായൂരെത്തിയപോലെ തോന്നും. ഈ ഫ്ലാറ്റിന്റെ മുന്നിൽ റോഡിലേക്കിറങ്ങിനിന്നാൽ മതിയല്ലോ, ഉണ്ണിക്കണ്ണനെ ഇവിടുന്നേ കാണാം".

ഇപ്പോൾ ആ അമ്മ ഞാൻ പറയുന്നതിനാണ് തലയാട്ടുന്നത്. അതുകണ്ട് ഭർത്താവ് അവരെ രൂക്ഷമായി ഒന്നു നോക്കി. തലയാട്ടൽ സ്വിച്ചോഫ് ചെയ്തതുപോലെ നിന്നു.

‘‘പക്ഷേ ഈ ഫ്ലാറ്റിൽ താമസക്കാർ മിക്സ്ഡ് ആണല്ലേ?"
‘‘അതൊന്നും ആരും ശ്രദ്ധിക്കാറേയില്ല. ഇവിടത്തെ മൂപ്പര്ക്ക് വയ്യാതായപ്പൊ അദ്ദേഹത്തെ തൂക്കിയെടുത്തുകൊണ്ട് മൂന്നുനിലയിലെ പടികൾ മുഴുവൻ ഇറക്കിയത് ഒരു നസ്രാണിയാ. കിടപ്പിലായപ്പൊ തീട്ടവും മൂത്രവും കോരിക്കളഞ്ഞത്, ധർമ്മപത്നിയായ ഞാനല്ല, ഹോംനഴ്സായ ഒരു മുസ്‍ലിമാണ്. പിന്നെ വയസ്സായി, വയ്യാതായി മേലോട്ടെടുക്കുമ്പോ, ഒരുകാര്യം ഓർത്താൽ നന്ന്. അവിടെ ചെല്ലുമ്പൊ ഈ ജാതീം മതവും ആണത്തവും ഒന്നും വിലപ്പോവില്ലാന്ന്. ഇജ്ജാതി മാടമ്പിത്തരങ്ങളൊക്കെ ഇവിടുന്നേ പതുക്കെപ്പതുക്കെ ഉപേക്ഷിച്ചാ മരിച്ചു ചെല്ലണടത്ത് ഇത്തിരി സമാധാനം കിട്ടും."

ഇത്തവണ ആ അമ്മ ആത്മാർത്ഥമായാണ് ഞാൻ പറഞ്ഞതിന് തലയാട്ടിയത്. വയസ്സന് അത് വല്ലാതെ കൊണ്ടു. ഐശ്വര്യം നിറഞ്ഞുതുളുമ്പുന്ന ആ പ്രൗഢവൃദ്ധയെ ഒരൊറ്റവാക്കുകൊണ്ട് നിലംപരിശാക്കിക്കൊണ്ട് അയാൾ മുന്നിൽ നടന്നു, "വാടീ..."

സെബാസ്റ്റ്യൻ, പതിഞ്ഞസ്വരത്തിൽ ഒരു മൂളിപ്പാട്ടുപാടി ആ രംഗം ലഘൂകരിച്ചു. വാതിലിനടുത്തെത്തി അവരറിയാതെ തിരിഞ്ഞുനോക്കി, അയാൾ ‘എന്താ ചെയ്യാ’ എന്നൊന്നു കൈമലർത്തി ചിരിച്ചു.

മൂന്നാമതൊരാളെയും കൊണ്ട് അടുത്തദിവസം സെബാസ്റ്റ്യൻ വന്നപ്പോഴേക്കും എനിക്കീ പരിപാടി ഏതാണ്ട് മടുത്തിരുന്നു. വിട്ടുപോവുകയും വേണം, ആളുകൾ ഇവിടെവന്ന് നമ്മുടെ സ്വകാര്യതയ്ക്ക് വില കല്പിച്ച് ഉപേക്ഷിച്ചുപോവുകയും ചെയ്യുന്നു. നമ്മുടെ കാര്യങ്ങൾ മോശമാണെന്ന് മറ്റൊരാൾ പറഞ്ഞാൽ അത് നമുക്കുതന്നെ ഇടുന്ന വിലയാണ്. അസഹ്യമാണത്. ശരിക്കു പറഞ്ഞാൽ അടുത്ത നീക്കം എന്താണെന്നറിയാത്ത നിസ്സഹായതയിലാണ് ഞാനിപ്പോൾ. സ്വന്തമായ താല്പര്യങ്ങളോ ഹോബിയോ ഒന്നുമില്ലാതെ, നെടുനെടുങ്കൻ പകലുകളെ ഇങ്ങനെ നേരിട്ടുകൊണ്ടിരിക്കുക എന്തു ഭീകരമാണെന്നറിയാമോ? ഹാളിലെ ചാരുകസേര മടക്കി ബാൽക്കണിയിൽ കൊണ്ടുവച്ചു. അതങ്ങനെ നിവർന്നുകിടക്കുന്നതു കാണുമ്പോൾ എന്തോ ഒരു അസ്വസ്ഥത. ടി.വി. തുറക്കാനേ തോന്നുന്നില്ല. മറ്റൊരാളുടെ ഇടത്തിൽ അയാളുടെ അനുവാദമില്ലാതെ കഴിഞ്ഞുകൂടുന്ന ഒരു തോന്നലാണിപ്പോൾ, ഓരോ വസ്തുവിലും മുറികളിലും ഒക്കെ. വല്ലാത്ത അപരിചിതത്വം.

അമ്പലത്തിൽ എന്തൊക്കെയോ ആഘോഷങ്ങൾ നടക്കുന്നുണ്ട്. മരിച്ച് ദിവസങ്ങളധികമാകാത്തതുകൊണ്ട് അങ്ങോട്ടുചെല്ലാനും വയ്യ. സന്ദർശകരുടെ വരവ് ഇറ്റിറ്റുവന്ന് ഒടുവിൽ പൂർണ്ണമായും നിലച്ചു. സമയം മുഴുവനുമായി എടുത്ത് കയ്യിൽത്തന്ന് ചിലവഴിക്കാൻ പറഞ്ഞാൽ ഒന്നും ഒന്നും ചെയ്യാനാവില്ലെന്ന് വാസ്തവത്തിൽ ഇപ്പോഴാണറിയുന്നത്. ഹോ! ഭയങ്കരകെണിയാണത്.

സെബാസ്റ്റ്യനോടൊപ്പം നീണ്ടുമെലിഞ്ഞ ഒരു വൃദ്ധൻ വീടുകാണാനെത്തിയപ്പോൾ ഞാൻ നിരുത്സാഹത്തോടെ അവരെ നേരിട്ടു. അദ്ദേഹം അധികമൊന്നും സംസാരിക്കുന്നില്ല. സെബാസ്റ്റ്യൻ എല്ലാം നടന്നു കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ഇനി ഇയാൾ എന്തു കുറ്റമാണാവോ കണ്ടുപിടിക്കാൻ പോകുന്നത് എന്ന മട്ടിൽ ഞാ‍ൻ ചുണ്ടുകോട്ടി നിന്നതേയുള്ളൂ.
‘‘എനിക്കിഷ്ടമായി’’, മുഖത്തുനോക്കി അദ്ദേഹം അതു പറഞ്ഞപ്പോൾ ഒരുനിമിഷം ഞാനൊന്നു പതറിപ്പോയി. തലതാഴ്ത്തിനിന്ന് ഞാൻ ഉദ്ദേശിക്കുന്ന വിലപറഞ്ഞു.

‘‘ഞാൻ ഒരൊറ്റത്തടിയാണ്. എനിക്ക് ഈ സ്ഥലംതന്നെ വളരെ കൂടുതലാണ്. ഇവിടത്തെ ആംബിയൻസ് മൊത്തത്തിൽ എനിക്കിഷ്ടമായി. പിന്നെ അമ്മ ഇതൊരു ദേവാലയം പോലെ വച്ചിട്ടുണ്ടല്ലോ. വീടും ദേവാലയവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്നറിയ്വോ? അവിടെയുള്ളത് പഴകി മെഴുക്കും കറയും പിടിച്ച വസ്തുക്കളായിരിക്കും. അവ വൃത്തിയായും ഭംഗിയായും വച്ചിരിക്കണമെന്നുമില്ല. എങ്കിലും അവിടത്തെ ഓരോ വസ്തുവിനും 'മെറ്റീരിയൽ' അല്ലാത്ത ഒരു മൂല്യമുണ്ടാവും. സാധാരണജീവിതത്തിന്റെ അർത്ഥവും ധർമ്മവും ഒന്നുമായിരിക്കില്ല അവയ്ക്ക്. നിത്യജീവിതത്തിൽ അർത്ഥശൂന്യമായ പലതും അമൂല്യമായി പരിപാലിക്കപ്പെടുന്നുണ്ടാവും. അത് എനിക്ക് ഈ വീട്ടിൽ കാണാൻ കഴിയുന്നുണ്ട്. എന്തിനോ വേണ്ടിയുള്ള ഒരു സമർപ്പണം, അത് ഇവിടത്തെ ഓരോ വസ്തുവിലും, അമ്മയുടെ ഓരോ ചലനത്തിലുമുണ്ട്".

‘ദൈവമേ...' എന്നു ഞാൻ ശബ്ദമില്ലാതെ വിളിച്ചുപോയി.
അദ്ദേഹം എന്നെ കൂടെക്കൂടെ 'അമ്മ' എന്നു വിശേഷിപ്പിച്ചപ്പോൾ അറിയാതൊന്നു ചൂളിപ്പോയെങ്കിലും ആ വിളിയിലെ പരസ്പര ബഹുമാനം ജീവിതത്തിൽ ആദ്യമായി ഞാൻ രുചിച്ചറിഞ്ഞു. ഈ എഴുപത്തിമൂന്നാം വയസ്സിലും എനിക്ക് എന്തെങ്കിലും ഒരു വിലയുണ്ടെന്ന് ആദ്യമായി തിരിച്ചറിയുമ്പോഴുള്ള ഉണർവ്വ് എന്നെ തൊട്ടു. കണ്ണുകളിൽ കൂടുതൽ തെളിച്ചം കിട്ടിയതുപോലെ. മടുപ്പിക്കുന്ന ഈ വീടിന്റെ അതിസാധാരണതയെ അദ്ദേഹം അതീന്ദ്രിയമായ ഒരു ശ്രദ്ധയായി കാണുന്നു.

എനിക്ക് പിന്നെ വിലപേശാൻ പറ്റാതായി.
എനിക്ക് പേശാനേ പറ്റാതായി.
ഞാൻ സെബാസ്റ്റ്യനെ നോക്കി.
‘‘ഒരോ കട്ടൻചായ ഇടട്ടേ ചേച്ചീ?"
അയാൾക്ക് ഈ വീട്ടിൽ അതിനുള്ള സ്വാതന്ത്ര്യമൊക്കെയുണ്ട്. എന്നാലും ഞാൻ ഭംഗിവാക്കു പറഞ്ഞു.
‘‘നിങ്ങളിരിക്ക്. ഞാൻ പോയി ചായയിടാം".
‘‘അതുവേണ്ട. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുമ്പോഴേക്കും ചായ റെഡിയാവും".
സെബാസ്റ്റ്യൻ ഔചിത്യചക്രവർത്തിയാണ്. അയാൾക്കറിയാം, ഞങ്ങൾക്ക് അല്പം സ്വകാര്യതവേണമെന്ന്. അയാൾ അടുക്കളയിലേക്കു ചെന്നപ്പോളുണ്ടായ കടുംസ്വകാര്യതയെ നേരിടാൻ ഞാൻ ശരിക്കു പ്രയാസപ്പെട്ടു. ചെറുചിരിയുമായി എന്നെ നോക്കിയിരിക്കുകയല്ലാതെ അദ്ദേഹം ഒന്നും ഉരിയാടുന്നില്ല. ഞാൻ ഒരു ദുഃസ്വപ്നത്തിൽ ഭാരമേറിയ കാലുകൾ ഏതോ കുടുക്കിൽനിന്ന് വലിച്ചെടുക്കുംപോലെ, അത്രയ്ക്കു ക്ലേശിച്ച് വാക്കുകൾ വലിച്ചുപറിച്ചെടുത്തു.

‘‘അപ്പോൾ എന്താ തീരുമാനം?"
‘‘അമ്മ പറയുമ്പോലെ."
‘‘എന്നെയിങ്ങനെ അമ്മ എന്നു വിളിക്കുമ്പോൾ എന്തോ പോലെ".
‘‘അതെന്താ? മക്കളില്ലാത്തതുകൊണ്ടാണോ?"
എന്റെ മർമ്മേന്ദ്രിയങ്ങളിലൊന്നിൽ ചാട്ടവാറടിയേറ്റതുപോലെ ഞാൻ ചൂളി.

‘‘മക്കളെ പ്രസവിച്ചു വളർത്തിയിട്ടല്ല, ഒരാൾ അമ്മയാവുന്നത്. അത് ജീവിതത്തോടുള്ള ഒരു നിലപാടാണ്. എനിക്ക് എഴുപതു വയസ്സായി. ഇക്കാലത്തിനിടയ്ക്ക് ഞാൻ ഒരുപാടു സ്ത്രീകളെ അടുത്തറിഞ്ഞിട്ടുണ്ട്. മക്കളുള്ളവരും ഇല്ലാത്തവരുമായി ഒരുപാടുപേരെ. പക്ഷേ അവരിൽ 'അമ്മ' എന്ന ഭാവമുള്ളവരെയാണ് എനിക്ക് ബഹുമാനം. അതുകൊണ്ടാണ് ഞാൻ അങ്ങനെ വിളിച്ചത്."

ഇത്രയും കാലത്തിനിടയ്ക്ക് മക്കളില്ലാത്തതിനാൽ സഹതാപമോ പഴിയോ അല്ലാതെ മറ്റൊന്നും എനിക്കു കിട്ടിയിട്ടില്ല. എന്തായാലും വിലയുറപ്പിച്ച് പിരിയാമെന്ന ഘട്ടമെത്തിയപ്പോൾ എനിക്കെന്തോ ഒരു വല്ലായ്മ തോന്നി. ഉള്ളിന്റെയുള്ളിൽ ചെറുപ്പം മുതലേ കൂടെക്കൂടിയ ഒരു പെൺകുട്ടിയെ ഒന്നുകൂടി ജീവിപ്പിച്ചതുപോലെ. ഉറ്റവരാരെങ്കിലുമൊക്കെ പിരിയുമ്പോൾ വാവിട്ടുകരയാറുള്ള പഴയൊരു ഫ്രോക്കുകാരി. സങ്കടം തീരുംവരെ മുറിയുടെ വാതിലടച്ച് മൂലയിൽ കൂനിക്കൂടിയിരുന്ന് നഖംകടിച്ച് സ്വയം പഴിക്കുന്ന ഒരു പൊട്ടിപ്പെണ്ണ്.

എങ്കിലും, എന്റെ മനസ്സ് ശൂന്യമായിരുന്നു.

അമ്പാടി അപ്പാർട്ട്മെന്റ്സ്, സി-3 ഫ്ലാറ്റിന് ഉൾക്കൊള്ളാനാവാത്തത്ര തെളിഞ്ഞ, കട്ടികുറഞ്ഞ ശൂന്യത.


Summary: Ottamuri, yadukkala flatil is a short story by T Sreevalsan on the old age dependency, freedom, loneliness and romance.


ടി. ശ്രീവത്സൻ

കഥാകൃത്ത്​. പാലക്കാട്​ ചിറ്റൂർ ഗവ. കോളേജിൽ മലയാളം അധ്യാപകൻ. ആംബുലൻസ്​, നിസ്സാരോപദേശകഥകൾ, നവ​മനോവിശ്ലേഷണം, മതേതരത്വത്തിനുശേഷം തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments