ഒരു വേനൽക്കാല വൈകുന്നേരമാണ് രാധികയുടെ ഭർത്താവ് വിനയൻ മരിച്ചു പോകുന്നത്. തുടർന്നുള്ള ദിനങ്ങളിൽ, മകൾ ഹോസ്റ്റലിലേക്ക് തിരികെ പോയതോടെ താൻ വല്ലാതെ തനിച്ചായ പോലെ അവൾക്ക് തോന്നി. ജോലിയിലെ തിരക്കുകൾ ഒഴിവാക്കാനും സ്വൽപം സ്വസ്ഥത തേടിയും അങ്ങനെയാണ് അത്തിപ്പുഴയ്ക്ക് ട്രാൻസ്ഫർ വാങ്ങുന്നത്. സ്ഥലംമാറ്റം കിട്ടിയ താലൂക്കിലെ ടൗണും കാടിനോട് ചേർന്നു കിടക്കുന്ന അത്തിപ്പുഴ അങ്ങാടിയും അവൾക്കേറെ ഇഷ്ടപ്പെട്ടു. വേനൽക്കാലത്തിന്റെ തുടക്കത്തിലും അവിടം വല്ലാത്തൊരു കുളിര് ഉള്ളിലേക്ക് ഊർന്നിറങ്ങുന്നതായി അനുഭവപ്പെട്ടു. പ്രകൃതിയുടെ ഈ സാന്ത്വനം അവളെ ശാന്തമാക്കി കൊണ്ടിരുന്നു.
അത്തിപ്പുഴ സെന്റ് ജോസഫ് പള്ളിയും റവന്യൂ വകുപ്പും തമ്മിലുള്ള കേസിൽ റവന്യൂ വകുപ്പിന് അനുകൂലമായ വിധി വന്നതിനാൽ, അവരത് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ വരുന്ന Institute of Forest Studies എന്ന സ്ഥാപനം തുടങ്ങാനായി വിട്ടുകൊടുത്തു. നിർദ്ദിഷ്ട സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് നൽകുന്നതിന്റെ മേൽനോട്ടമായിരുന്നു, അത്തിപ്പുഴ എത്തിയപ്പോൾ ആദ്യം ഏൽപ്പിക്കപ്പെട്ട ചുമതല. രണ്ട് കോൺസ്റ്റബിൾസും ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിക്കുന്ന മറ്റു മൂന്നുപേർക്കുമൊപ്പം പ്രദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള പ്രാരംഭ നടപടികൾക്കായി രാധികയ്ക്ക് ഇറങ്ങേണ്ടി വന്നത് ഇപ്രകാരമാണ്. അതിന് മുമ്പ് തന്നെ അത്തിപ്പുഴയാകെയൊന്ന് ചുറ്റിയടിച്ച് തന്റെ ക്യാമറയിൽ അവൾ അത്തിപ്പുഴയെ പകർത്തിയിരുന്നു. യൂസഫിക്കയുടെ കടയിലെത്തി നോട്ടീസ് പതിക്കുമ്പോൾ, എന്തുകൊണ്ട് തന്റെ ട്രാവൽ ക്യാമറയുടെ കൗതുകത്തിലൊന്നും വിചിത്രരൂപത്തിലുള്ള ഈ ഭക്ഷണശാല പെട്ടില്ലെന്നവൾ ചിന്തിച്ചു.
കടയുടമയായ യൂസഫിന് അത്യാവശ്യം പ്രായം കാണും അയാളുടെ സ്നേഹോഷ്മളമായ പെരുമാറ്റത്തേയും കടയുടെ കൗതുകക്കാഴ്ചയേയും പരിഗണിക്കാതെ രാധികയ്ക്ക് അയാളോട് പെരുമാറേണ്ടി വന്നു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ കാർക്കശ്യത്തിലും ലൈബ്രറിയും ലഘുഭക്ഷണശാലയും വീടും ചേർന്നുള്ള ആ ഇടത്തോട് അവൾക്കൊരിഷ്ടം തോന്നി. അവിടെ നിന്നൊന്നും വായിക്കാനോ കഴിക്കാനോ നിൽക്കാതെ ഇറങ്ങേണ്ടി വന്നതിൽ, അവൾക്കെന്തോ ഒരു നിരാശ തോന്നി. ആ നിരാശയുടെ നീറ്റലാകണം തൊട്ടടുത്ത ദിനത്തിലെ വൈകുന്നേരത്ത്, ഔദ്യോഗികമായ ചുമതലകളില്ലാതെ അവൾ യൂസഫിക്കാന്റെ കടയിൽ ചായ കുടിക്കാനെത്തുകയും ഏറെ നേരം അവിടെ ചെലവഴിക്കുകയും ചെയ്തു. അന്നവൾ യൂസഫിക്കാന്റെ സ്‌പെഷ്യൽ ഉന്നക്കായ കഴിച്ചു.
അത്തിപ്പുഴ സി.ഐ. അച്യുതന്റെ വീടിന് അടുത്താണ് രാധിക വാടകയ്ക്ക് താമസിക്കുന്നത്. താനവിടെ താമസമാക്കുന്നതിനും രണ്ട് മാസം മുമ്പാണ് സി.ഐ.യുടെ പെങ്ങൾ ഉത്തര നാട്ടിലെയൊരു ഫെയ്‌സ്ബുക്ക് ആക്റ്റിവിസ്റ്റായ സുഹൈലിന്റെയൊപ്പം ഒളിച്ചോടിയതെന്ന് അന്തരീക്ഷത്തിലെ അസ്വാരസ്യങ്ങളിൽ നിന്നും പിടിച്ചെടുക്കാൻ കഴിഞ്ഞു. പ്രസ്തുത പ്രണയത്തിന് കൂട്ടുനിന്നതിന് യൂസഫിക്കാനോട് സി.ഐ.യ്ക്ക് തോന്നിയ പകയാണ്, ഷോപ്പിന് നേരെയുണ്ടായ റവന്യൂ നടപടികളെന്ന് ജനങ്ങൾ അടക്കം പറഞ്ഞു. പിന്നീട് കണ്ടപ്പോൾ രാധിക യൂസഫിക്കയോട് അതേക്കുറിച്ച് അന്വേഷിച്ചു. അയാളൊന്ന് പുഞ്ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
വളരെ പെട്ടെന്ന് തന്നെ യൂസഫിക്കയുമായി രാധികയ്‌ക്കൊരു സൗഹൃദം ഉടലെടുത്തിരുന്നു. ഈയൊരു ഘട്ടത്തിലും കൃത്യനിർവ്വഹണത്തിന് സൗഹൃദം ഒരു മറയായില്ല. നിർബന്ധമായും പദ്ധതിപ്രദേശത്ത് നിന്നും ആളുകളെ കുടിയൊഴിപ്പിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാൻ നടപടികൾ കൈക്കൊണ്ടപ്പോൾ വലിയൊരു ചെറുത്തുനിൽപ്പ് ഉണ്ടാകുമെന്ന് രാധികയൊട്ടും പ്രതീക്ഷിച്ചില്ല. ഉത്തരയും സുഹൈലും പിന്നെ രാധികയ്ക്ക് പേര് അറിയാത്ത കുറേ പേരും പ്രതിഷേധവുമായി എത്തി. പൊലീസ് ലാത്തിചാർജിൽ അവസാനിച്ച ആ സമരത്തിൽ NRC വിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നുകേട്ടിരുന്നു. യൂസഫിക്ക അടക്കം ഒച്ച ആർട്‌സ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തകരെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ലാത്തിച്ചാർജിൽ പരിക്കേറ്റ ഉത്തരയെ ആശുപത്രിയിലെത്തിക്കും വഴിയാണ് ഇക്കാര്യങ്ങളെല്ലാം രാധിക അറിയുന്നത്. കൂട്ടത്തിലേറ്റവും കൂടുതൽ പരിക്ക് പറ്റിയത് ഉത്തരയ്ക്കും സുഹൈലിനുമായിരുന്നു. തുടയിടുക്കിലൂടെ രക്തമിറ്റുന്ന പരുവത്തിലാണ് ഉത്തരയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ രംഗത്തിന് സാക്ഷിയായത് കൊണ്ടുകൂടിയാണ് രാധിക പ്രശ്‌നത്തിലിടപെട്ടതും ഉത്തരയെ ആശുപത്രിയിലാക്കാൻ മുൻകൈ എടുക്കുന്നതും. സമരത്തിൽ പങ്കെടുത്തവർക്കെല്ലാം ദേശദ്രോഹക്കുറ്റം ചാർത്തപ്പെട്ടതായി വ്യക്തമായി. ഇതോടൊപ്പം ഉത്തരയ്ക്ക് ഇനി പ്രസവിക്കാൻ കഴിയില്ലെന്ന ഡോക്ടറുടെ സാക്ഷ്യവും ആ സമരത്തിന്റെ അന്നത്തെ പ്രതിഫലനമായി. ആശുപത്രിയിൽ നിന്നും തിരികെ വരുമ്പോൾ രാധികയ്ക്ക് മകൾ അഷിതയെ വിളിച്ചൊന്ന് സംസാരിക്കാൻ തോന്നി.
തന്റെ സോഷ്യോളജി പി.എച്ച്.ഡിയ്ക്കായി മാപ്പിളരാമായണം പാടുന്നൊരു വൃദ്ധയെ കാണാൻ പോയി, അവർക്ക് പാടാൻ കഴിയാത്ത അവസ്ഥയായതിനാൽ തിരിച്ചുവരും വഴിയാണ് അഷിതയെ അമ്മ വിളിക്കുന്നത്. വാക്കുകളിൽ അത്യാവശ്യം ബോധ്യപ്പെട്ടതിനാൽ ഉടനെ തന്നെ അവൾ അത്തിപ്പുഴയിലേക്ക് തിരിച്ചു. എത്തിയപാടെ അവൾ കാര്യങ്ങളെല്ലാം ചോദിച്ച് മനസിലാക്കി. ജോലി രാജിവെച്ച് സമരത്തിനിറങ്ങാൻ അഷിത അമ്മയെ പ്രേരിപ്പിച്ചു. ബന്ധുക്കളറിഞ്ഞാൽ പ്രശ്‌നമാകുമെന്ന് ഒഴിവ് പറഞ്ഞെങ്കിലും ദൃഢമനസോടെ തന്നെ ജോലി രാജിവെക്കാൻ രാധിക തീരുമാനിച്ചു. തഹസിൽദാർ രാജിവെച്ച് സമരക്കാർക്കൊപ്പം ചേർന്നതോടെ മാധ്യമങ്ങൾ സമരം ഏറ്റെടുക്കുകയും തൽഫലമായി ഉടനെ തന്നെ അറസ്റ്റുചെയ്തവരെ വിട്ടയക്കുകയും ചെയ്തു. അറസ്റ്റിലായവരെ സ്വീകരിക്കാൻ സിനിമയിലെ ഗാനരംഗത്തിലെന്നപോലെ അത്തിപ്പുഴ ഒരുങ്ങി നിന്നു. ക്ലബ്ബിലും കഫേയിലും ഉത്സവപ്രതീതി കളിയാടി. വളരെ പക്വമായി ആ നാട് അതിന്റെ പ്രിയപ്പെട്ട മനുഷ്യർക്കായി തുടിക്കുന്നത് കണ്ടപ്പോൾ രാധികയ്ക്ക് അടങ്ങാനാവാത്ത നിർവൃതി അനുഭവപ്പെട്ടു. ആ ഉത്സവത്തിരക്കിൽ അഷിതയും അലിഞ്ഞു ചേർന്നു. അവൾ വളരെ വേഗം തന്നെ ഉത്തരയുമായും സുഹൈലുമായും സൗഹൃദം സ്ഥാപിച്ചു. അവിടെയാകെ ചുറ്റിത്തിരിയുന്നതിനിടയിലാണ്, യൂസഫിക്കയെ രാധിക ശ്രദ്ധിക്കുന്നത്. അയാൾ എന്തിലേക്കോ നോക്കിയിരിക്കുകയാണ്. കൗതുകം പൂണ്ട് അവൾ അടുത്തെത്തുമ്പോളേക്കും അയാളത് മറച്ചു കളഞ്ഞു. എന്ത് പറഞ്ഞു തുടങ്ങണമെന്നറിയാത്തൊരു തിക്ക്മുട്ടലിനൊടുക്കം പറഞ്ഞു തുടങ്ങി "സ്വന്തം സ്ഥലാണെന്ന് തെളിയിക്കാനുള്ള രേഖകൾ ഉണ്ടെങ്കിലിത് സി.ഐ. ഒരുക്കിയ കള്ളക്കേസാണെന്ന് എളുപ്പം പ്രൂവ് ചെയ്യാം'"ഉം' "ആ മൂളലിനൊരു ഉറപ്പില്ലല്ലോ!..മുമ്പൊരിക്കലും ഇതേ കാര്യം പറഞ്ഞപ്പൊ ഒഴിഞ്ഞുമാറി.'
"ആധാരം ചിതലുകളും വെള്ളപ്പൊക്കോം കൊണ്ടോയതാണോ, അതോ ഇതെനിക്ക് ദാനം കിട്ടിയതാണോന്നൊന്നും വല്ല്യ തിട്ടമില്ല. തെരുവില് മാജിക് കളിച്ച് നടന്നേര്ന്ന കാലത്ത് വിശപ്പും ജ്വരവും വന്നൊരു ദിവസം തളർന്നു വീണു. അവിടുന്ന് എന്നെ താങ്ങിയെടുത്ത് ഇവിടെ കൊണ്ടുവന്നിട്ടത് പീറ്ററച്ചനായിരുന്നു. അങ്ങേരാണെങ്കില് മരിച്ചും പോയി. പള്ളിക്കാരുമായി വക്കീല് സംസാരിച്ചോണ്ടിരിക്ക്‌ണേന്റെ എടേലാ, ഫെയ്‌സ്ബുക്ക് സുഹൈല് ഇക്കണ്ട സമരവും പൂക്കാറുമൊക്കെ ഉണ്ടാക്കീത്.' എന്നും പറഞ്ഞ് രാധികയ്‌ക്കൊരു കോഫിയെടുത്ത് നീട്ടുന്നു. ഈ സമയം കഫേയിലേക്ക് വന്ന ആരോ ഒരാൾ യൂസഫിക്കയോട് പാടാൻ പറയുന്നു. അദ്ദേഹം പാട്ട് പാടാൻ തുടങ്ങുന്നു. ആ പാട്ട് അയാൾ തനിക്കായി പാടുന്ന പോലെ രാധികയ്ക്ക് തോന്നി. ഏറെ പ്രശ്‌നങ്ങൾ ബാക്കിവെച്ചു കൊണ്ട് കൊച്ചുകൊച്ചു സന്തോഷങ്ങളുടെ രാവ് ഏറെ നേരം നീണ്ടുനിന്നെങ്കിലെന്ന് അവൾ ആശിച്ചു.
ആളും ആരവുമെല്ലാം ഒഴിഞ്ഞാണ് രാധികയും മകളും യൂസഫിക്കയുടെ കഫേയിൽ നിന്നും പോയത്. പോകുന്നതിന് മുമ്പ് അയാളുടെയൊരു വിലപ്പെട്ട നിധി; ഒരു ഫോട്ടോ, രാധിക കൈക്കലാക്കിയിരുന്നു. ആ ബ്ലാക്ക് ആന്റ് ഫോട്ടോയിലെ വ്യക്തിയെ താനെന്നോ കണ്ടുമറന്ന പോലെ അവൾക്ക് അനുഭവപ്പെട്ടു. നാളെ തന്നെ തിരിച്ചു കൊണ്ടുവന്ന് വെക്കാം എന്നൊരു തീർപ്പിലാണ് അവളാ ഫോട്ടോ എടുത്തത്. പിറ്റേന്ന് രാവിലെ കഫേയിലെത്തി ഫോട്ടോ തൽസ്ഥാനത്ത് വെക്കാനൊരുങ്ങുന്നതിനിടയിലാണ് സുഹൈലും കപ്യാര് ദേവസിയേട്ടന്റെ മകൻ കുഞ്ഞാണ്ടിയും വന്ന് രേഖകളുള്ളവർ ഒഴിഞ്ഞുപോകേണ്ടതില്ലെന്ന തീർപ്പ് ഉണ്ടായെന്നും സമരം ഭാഗികമായി വിജയിച്ചെന്നും അറിയിച്ചത്. അപ്പോളും അവിടെ നിന്നും ഇറങ്ങേണ്ടി വരുമല്ലോ എന്ന പേടിയും നിരാശയും യൂസഫിക്കയിൽ നിഴലിച്ചു.
അമ്മയെ കാണാതെ അഷിത അന്വേഷിച്ച് വരുമ്പോളാണ് അമ്മ യൂസഫിക്കയുടെ പാട്ട് കേട്ടുകൊണ്ടിരിക്കുന്നത് കാണുന്നത്. താൻ റിസർച്ച് ആവശ്യത്തിന് തേടി നടന്നിരുന്ന മാപ്പിള രാമായണത്തിന്റെ ഈരടികൾ കേട്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. യൂസഫിക്കയുടെ ശബ്ദം അന്തരീക്ഷത്തിൽ ലയിച്ചു നിന്നു "കാലൻ കരിങ്കാലൻ രാവണൻ, പത്ത് താടി വടിക്ക്ണ നേരത്ത്...ചാടി ഹനുമാൻ ലങ്കേല്...' അയാളുടെ പാട്ട് അഷിത മൊബൈലിൽ പകർത്തി. തന്റെ അമ്മ പപ്പയുടെ അടുത്തെന്ന പോലെ സന്തോഷവതിയായി ഇരിക്കുന്നത് പോലെ അവൾക്കപ്പോൾ അനുഭവപ്പെട്ടു.
"വാരിയൻകുന്നത്തിന്റെ ഭാര്യ മാളു ഹജ്ജുമ്മാന്റെ സംഘത്തിലുണ്ടായിരുന്ന മലബാർ സമരത്തിൽ പങ്കെടുത്ത ഏറനാട്ടുകാരി തിത്തിവല്ല്യുമ്മയാണ് മാപ്പിള രാമായണം പഠിപ്പിച്ചത്' യൂസഫിക്കയുടെ റെക്കോഡ് ചെയ്ത അഭിമുഖം കേട്ടെഴുതി കൊണ്ടിരിക്കുകയാണ് അഷിത. തുടർന്ന് ടൈപ്പ് ചെയ്യാൻ തുടങ്ങവേ അവളുടെ കീബോർഡ് വർക്ക് ചെയ്യാതായി. അവൾ അമ്മയോട് എക്‌സ്‌റ്റെൻഷൻ കീബോർഡ് എവിടെയെന്ന് ചോദിക്കുന്നു. വായിച്ചു കൊണ്ടിരുന്ന പുറ്റ് എന്ന നോവലും കയ്യിൽ പിടിച്ച് മുറിയിലേക്ക് വരുന്ന രാധിക. "കീബോർഡും കിടുതാപ്പുമെല്ലാം ആലുവേന്നിങ്ങ് കെട്ടിവലിച്ച് കൊണ്ടന്നിട്ടുണ്ട്. നീയാ കാർബോഡില് നോക്കെന്നും' പറഞ്ഞ് അവർ മുറിയിൽ നിന്നും ഇറങ്ങിപ്പോകുന്നു. പതിവില്ലാതെ അമ്മ വായന തുടങ്ങിയതിനെ കുറിച്ച് അഷിതയെന്തോ കളിവാക്ക് പറഞ്ഞപ്പോൾ കൃത്രിമമായൊരു ശുണ്ഠിയെടുക്കാൻ രാധിക മറന്നില്ല. അമ്മ മുറിയിൽ നിന്നും പോയതോടെ അഷിത കീബോർഡ് തപ്പിയെടുക്കാൻ തുനിയുന്നു. തിരച്ചിലിനിടയിൽ, അവൾക്ക് പപ്പയുടെ ഡയറി കിട്ടുന്നു. തന്റെ ജോലികൾ അവസാനിപ്പിച്ച് അവൾ ആ ഡയറി വായിച്ചു തുടങ്ങുന്നു.
ഉറക്കംപിടിച്ച് വരുമ്പോളാണ് മകളെ ഉണർത്തിയതെന്ന് രാധികയ്ക്ക് മനസിലായി. അവൾ മകളോട്, വിനയനൊപ്പം കാണാറുള്ള അയാൾക്കേറെ ഇഷ്ടപ്പെട്ട മെസേജ് ഇൻ എ ബോട്ടിൽ എന്ന സിനിമ വെച്ചു കൊടുക്കാൻ ആവശ്യപ്പെടുന്നു. ഉറക്കം മുറിഞ്ഞതിന്റെ ഈറയെ പുറത്ത് കാട്ടാതെ അഷിതയും അമ്മയ്‌ക്കൊപ്പം സിനിമ കാണാൻ തുടങ്ങുന്നു. സിനിമ കണ്ടുകൊണ്ടിരിക്കേ അഷിത അമ്മയോട് യൂസഫിക്കയെ കുറിച്ചും അയാളോട് അമ്മയ്ക്കുള്ള അടുപ്പത്തെ കുറിച്ചും ആരായുന്നു. അമ്മ അയാളെ പ്രണയിക്കുന്നതായുള്ള സൂചന അഷിതയ്ക്ക് ലഭിക്കുന്നു.
സന്ധ്യയ്ക്ക്, ഇന്റർവ്യു കഴിഞ്ഞ് കഫേയിൽ നിന്നും അഷിത ഇറങ്ങാൻ നേരമാണ്, സി.ഐ.അച്യുതനും ഏതാനം ഉദ്യോഗസ്ഥരും യൂസഫിക്കയുടെ കഫേ പൂട്ടിക്കുന്നത്. അവൾക്കെന്തോ അയാളെ അപ്പൊ ഒപ്പം കൂട്ടാൻ തോന്നി. ഏറെ നിർബന്ധിച്ചിട്ടാണ് യൂസഫിക്ക അവളുടെ കൂടെ ചെന്നത്.
തൊട്ടടുത്ത ദിനത്തിലെ മധ്യാഹ്നത്തിലെ കൗതുകം കണ്ടപ്പോൾ അഷിതയ്‌ക്കൊന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആ കാഴ്ചയൊന്ന് പകർത്തണമെന്ന് തോന്നി. തന്നെ കാണാൻ അത്തിപ്പുഴയിലെത്തിയ ഫ്രണ്ട്‌സും സുഹൈലും ഉത്തരയുമെല്ലാം അവിടെ കൂടി നിൽപ്പുണ്ട്. എല്ലാരും നല്ല ഓളത്തിലാണ്. ഈ ചെറിയ കൂട്ടത്തിനിടയിലൂടെ ബിരിയാണിയ്ക്ക് അറക്കാനുള്ള കോഴിയുടെ പിറകെ ഓടുകയാണ് യൂസഫിക്ക. പെപ്പെയുടെ ജെല്ലിക്കെട്ടിലെ പോത്തോട്ടം പോലെ യൂസഫിക്ക കോഴിയ്ക്ക് പിറകെ ഓടുന്ന ഐതിഹാസിക പ്രകടനം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചു കൊണ്ടിരിക്കുമ്പോളാണ്, സി.ഐ.അച്യുതനും പടയും പത്രക്കാരുമുയി അങ്ങോട്ടേക്ക് ഇരച്ചുകയറിയത്. സദാചാരവിരുദ്ധത ആരോപിച്ച് അയാൾ അവരെ അറസ്റ്റ് ചെയ്യുന്നു. കെട്ടിച്ചമച്ച ആ കേസിൽ നിന്നും അവരെല്ലാവരും വളരെ വേഗം തന്നെ ഊരിപ്പോന്നെങ്കിലും, രാധികയുടെ ആങ്ങളമാരും അഷിതയുടെ പപ്പയുടെ വീട്ടുകാരും കലാപക്കൊടി ഉയർത്തി. അത്തിപ്പുഴയിലെത്തിയ ബന്ധുക്കൾ അമ്മയേയും മകളേയും ചട്ടംപഠിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്നു. താൻ കാരണം രാധികയ്ക്കും കുടുംബത്തിനും കൂടുതൽ ചീത്തപ്പേരും ബാധ്യതയും ഉണ്ടാവാതിരിക്കാൻ അവിടം വിടാൻ യൂസഫിക്ക തീരുമാനിക്കുന്നു. തന്റെ അവശ്യസാധനങ്ങളടങ്ങിയ ബാഗ് എടുക്കാൻ രാധികയുടെ വീട്ടിലെത്തിയ യൂസഫിക്കയെ അവളുടെ ബന്ധുക്കൾ അധിക്ഷേപിക്കുന്നു. ഇടപെട്ടുകൊണ്ട് സംസാരിക്കുന്ന അഷിത ബന്ധുക്കളെ ആട്ടിയിറക്കുകയും യൂസഫിക്കയോട് അവിടെ തുടരാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
പിറ്റേന്ന് പുലർച്ചയ്ക്ക്, യൂസഫിക്കയറിയാതെ കഫേയിൽ നിന്നും എടുത്ത ഫോട്ടോ അയാൾക്ക് തിരികെ നൽകുന്ന രാധിക, അവൾ അയാളോട് ആ ഫോട്ടോയിലെ ആളെ കുറിച്ച് ചോദിക്കുന്നു. "തന്റെ ബാല്യകാല സുഹൃത്തിന്റെ അച്ഛൻ തെങ്ങുകയറ്റക്കാരൻ താമിയെ അറിയുമോ എന്ന് അവൾ ചോദിക്കുന്നു. രാധികയോട് മറുപടി പറയാനായി, ഓർമ്മകളൊന്ന് ചികഞ്ഞ് മിഴിചിമ്മി. എന്തോ ഓർത്തെടുത്ത് കൊണ്ട് യൂസഫിക്ക് അവളെ നോക്കി. പുറത്ത് മഴക്കാലം തുടങ്ങിയിരുന്നു!....
മഴക്കാലം
അന്ന്,
1973ൽ തെങ്ങുകയറ്റക്കാരൻ താമി, തെങ്ങിൽ നിന്നും വീണ് മരിക്കുന്നതോടെ നിത്യവൃത്തിയ്ക്ക് വഴിയില്ലാതെ അമ്മിണി ശരീരം വിൽക്കാൻ തുടങ്ങുന്നു. അമ്മിണിയമ്മയുടെ മകൻ കൃഷ്ണൻ ഏഴാം തരത്തിലാണ് പഠിക്കുന്നത്. ഹൈസ്‌ക്കൂൾ സ്വപ്‌നങ്ങളിലേക്ക് കിനാവ് കണ്ട് നടക്കുന്നതിനിടയിലാണ്, സ്‌ക്കൂളിലേക്ക് പുതിയൊരു പെൺകുട്ടിയെത്തുന്നത്. മഴയും വെയിലുമുള്ളൊരു ദിവസമാണ് കൃഷ്ണൻ രാധികയെ കാണുന്നത്.
ശിപായി ലീവായിരുന്നതിനാൽ പ്രധാന അധ്യാപകനുള്ള ചായയും മുറുക്കാനും വാങ്ങി വരും നേരമാണ്, ചാറ്റൽ മഴയത്ത് ഒരു കറുത്ത ഫിയറ്റ് പത്മിനി കാർ സ്‌ക്കൂളിന്റെ മുറ്റത്ത് വന്ന് നിൽക്കുന്നത്. അതിർത്തിയിൽ നടന്ന വെടിവെപ്പിൽ തടത്തിൽ അധികാരി പത്മനാഭ വർമ്മയുടെ മരുമകൻ കൊല്ലപ്പെട്ടതോടെ ഡൽഹിയിലെ താമസം മതിയാക്കി നാട്ടിലെത്തിയതായിരുന്നു, സരസ്വതിയും മകൾ രാധികയും. ഹെഡ്മാസ്റ്ററോട് രാധികയുടെ കൂടെ വന്ന അമ്മാവൻ സോമശേഖരൻ പറഞ്ഞതെല്ലാം പാത്തുനിന്ന് കേട്ടതാണ്. അവളെ കാണാനായി ഒളിച്ചു നിന്നപ്പോൾ കേട്ടതാണ്. അല്ലാതെ കൃഷ്ണനൊരു ഒളിഞ്ഞുനോക്കിയൊന്നും അല്ല കേട്ടോ!..
വേഷവും നടപ്പും തൊള്ള തുറന്നാൽ ഇംഗ്ലീഷിന്റെ പൂരവും രാധികയെ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തയാക്കി. എല്ലാ ആൺകുട്ടികളുടേയും ആരാധനാപാത്രമായി അവൾ മാറുന്നു. അവളെ മാറിനിന്ന് വീക്ഷിക്കുകയാണ് തന്റെ പ്രധാന ജോലിയെന്ന സിനിമാറ്റിക് നായകത്വത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ കൃഷ്ണൻ കൂടുമാറി. കൂടെയുള്ള ആൺപിള്ളേരെ പോലെ അവനും ഏഴാംതരത്തിലെ ഇംഗ്ലീഷിലെ സംശയങ്ങൾ ചോദിച്ച് രാധികയെ സമീപിച്ച് തുടങ്ങിയിരുന്നു. ആദ്യത്തെ പ്രണയച്ചിരി കൃഷ്ണനിൽ അക്കാലം പ്രകടമായിരുന്നു. ഓർമ്മയിലെ ഏറ്റവും മനോഹരമായ ചിരികളുടെ കാലം കൂടിയായിരുന്നൂ, അന്ന്!....
ഒരു ദിവസം സ്‌കൂൾ വളപ്പിലെ പൂവരശിന്റെ ചുവട്ടിൽ കുത്തിയിരുന്ന് എന്തോ എഴുതി കൊണ്ടിരിക്കുന്ന കൃഷ്ണനെ രാധിക കാണുന്നു. പതിയെ അടുത്ത് ചെന്ന് അവനെന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ചോദിക്കുന്നു. മറുപടി പറയാതെ അവൻ ആ കടലാസ് കഷ്ണം നീട്ടുന്നു. അവളത് വാങ്ങി തപ്പിത്തടഞ്ഞ് വായിക്കുന്നു. ഇതുകേട്ട് കളിയാക്കി ചിരിച്ച ശേഷം തിരുത്തുന്നു. ഇതോടെ മുഖമൊന്ന് വാട്ടിക്കൊണ്ട് "ഡൽഹിയിൽ ഹിന്ദിയായിരുന്നൂ. ഇവിടെ വന്നിട്ടിപ്പൊ കുറച്ചു നാളേ ആയിട്ടൊള്ളപ്പാ. മലയാളം പഠിച്ച് വരുന്നേയുള്ളൂ. പഠിപ്പിച്ച് തരോ?' അവളുടെ ചോദ്യം അതുവഴി പോകുന്ന ഏഴാം തരത്തിലെ രണ്ട് വഷളൻ ചെക്കന്മാർ കേൾക്കുന്നു. അവരിലൊരുവൻ "മന്ദാരം അമ്മിണീടെ മോനാ, നന്നായി പഠിപ്പിച്ചു തരും' എന്ന് അശ്ലീലച്ചുവയോടെ പറയുന്നു. ഇത് കേട്ടതും ദേഷ്യത്തിൽ നിലത്ത് കിടന്നിരുന്നൊരു ഉരുളൻ കല്ലെടുത്ത് കൃഷ്ണൻ ആ വഷളന്മാരെ എറിയുന്നു. ഏറ് കൊണ്ടവൻ കൂടെയുള്ളവനേയും കൂട്ടി കൃഷ്ണനെ തല്ലുന്നു. അവര് തമ്മിലുള്ള വഴക്കും വക്കാണവും തല്ലും പിടിച്ചുമാറ്റാൻ കഴിയാതെ വന്നതോടെ, അവൾ ഓഫീസിന് നേരെ ഓടുന്നു. നവാസ് മാഷെ വിളിച്ചു കൊണ്ടുവരുന്ന രാധിക കാണുന്നത്, നിലത്ത് വീണുകിടക്കുന്ന കൃഷ്ണനെയാണ്. തലയും ചുണ്ടും കൈമുട്ടുമൊക്കെ പൊട്ടിമുറിഞ്ഞ് ചോരയൊലിപ്പിക്കുന്നുണ്ട്. നവാസ് മാഷ് എടുത്ത് ഉയർത്തുമ്പോൾ "ഏഴ് ബിയിലെ സുനീഷും അമീനും എന്റെ അമ്മയ്ക്ക് വിളിച്ചു. അത് ചോദിച്ചേന് ഓര് എന്നെ തല്ലിമാഷേ' എന്നും പറഞ്ഞ് ഏങ്ങലടിക്കുന്നു. കേട്ടപാതി കേൾക്കാത്ത പാതി "സാരല്ല മോനേ, മാഷ് ചോദിച്ചോണ്ട്' എന്ന് കൂട്ടിച്ചേർത്ത് അവനെ ചേർത്തണയ്ക്കുന്നു.
സ്‌ക്കൂളിലെ ആ വഴക്കിന് ശേഷം നാളുകളേറെ കഴിഞ്ഞാണ് രാധിക കൃഷ്ണനെ വീണ്ടും കാണുന്നത്. ലൈബ്രറിയിൽ നിന്നും പുസ്തകമെടുത്ത് നവാസ് മാഷിനടുത്ത് പേര് ചേർക്കുമ്പോളാണ് അവൻ കണ്ണിൽ കുടുങ്ങുന്നത്. "ഏതാ പുസ്തകമെടുത്തതെന്ന്' ചോദിച്ചപ്പോൾ അവന്റെ അടുത്ത് നിന്നിരുന്ന മാക്രി ഭാസ്‌ക്കരനാണ് "പാവപ്പെട്ടവരുടെ വേശ്യ' എന്ന് വിളിച്ചു പറഞ്ഞത്. സംഗതിയത് സത്യം തന്നെയായിരുന്നെങ്കിലും അപമാന ഭാരത്താൽ കൃഷ്ണന്റെ കണ്ണുനിറഞ്ഞു. ആരും കാണാതിരിക്കാൻ കൈപ്പടം കൊണ്ട് കണ്ണ് തുടച്ചപ്പോൾ അവന്റെ കയ്യിലിരുന്നിരുന്ന പുസ്തകത്തിന്റെ പേര് രാധിക വായിച്ചു, പാവപ്പെട്ടവരുടെ വേശ്യ.
പൊതുപരീക്ഷ അടുക്കുമ്പോളേക്കും കൃഷ്ണനും രാധികയും ഒരൊറ്റ ഹൃദയമുള്ള ചങ്ങാത്തത്തിലേക്ക് വഴുതി വീണുകഴിഞ്ഞിരുന്നു. ഒരു ദിവസം സ്‌ക്കൂൾ വിട്ട് വരുമ്പോൾ രാധിക ഋതുമതിയാകുന്നു. ആദ്യമായി തീണ്ടാരിച്ചോര കണ്ട പകപ്പിൽ തലകറങ്ങി വീണ രാധികയെ കൃഷ്ണൻ പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു. ചെറമച്ചെക്കന്റെ ഈയൊരു പ്രവൃത്തി തടത്തിൽ അധികാരിയ്ക്ക് അനിഷ്ടം ഉണ്ടാക്കുന്നു. ഇതോടെ രാധികയുടെ അമ്മാവനും കൂട്ടരും കൃഷ്ണനെ തല്ലുകയും കുടിലിന് തീ വെക്കുകയും ചെയ്യുന്നു. തീപിടുത്തത്തിൽ കത്താതെ ബാക്കിയായ പുസ്തകങ്ങൾ വാരിയെടുത്ത് അമ്മയെയേയും കൊണ്ട് നാടുവിടാൻ തയ്യാറാകുന്ന കൃഷ്ണൻ, അവിടം വിടും മുമ്പ് നവാസ് മാഷെ പോയി കണ്ട്, സ്‌ക്കൂൾ ലൈബ്രറിയിൽ നിന്നും എടുത്ത വൈക്കം മുഹമ്മദ് ബഷീറിന്റെ പാവപ്പെട്ടവരുടെ വേശ്യ എന്ന പുസ്തകം തിരികെ കൊടുക്കുന്നു. തുടർന്ന് മാഷിനോടായി, താൻ നാട് വിടുകയാണെും അമ്മയെ കഷ്ടപ്പെടുത്താതെ പണിയെടുത്ത് പോറ്റുമെന്നും പറയുന്നു. വിധിയുണ്ടെങ്കിൽ കാണാമെന്ന് കൂട്ടിച്ചേർക്കുന്നു. തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയുടെ യാത്രയെ നിസംഗതയോടെ നോക്കി നിൽക്കുന്ന നവാസ് മാഷിലും അവസാനമായി കണ്ട് പിരിയുമ്പോളുള്ള രാധികയുടെ നോട്ടത്തിലുമെത്തി, അയാളുടെ ഓർമ്മ ചെന്ന് മുട്ടുന്നു. അമ്മയേയും കൊണ്ട് നാടുവിട്ട കൃഷ്ണനിപ്പോൾ ഒരു മഴക്കാല രാത്രിയിലൂടെ എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ, 1975 ജൂൺ 25. അന്നത്തെ രാത്രിയിൽ, പത്രങ്ങളെല്ലാം ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായുള്ള വാർത്ത കംമ്പോസ് ചെയ്യുന്ന തിരക്കിലായിരുന്നു. നാളത്തെ പുലരിയുടെ അനിശ്ചിതത്വം പേറി ഇരുട്ടും മഴയും കനത്തു!.........
മഞ്ഞുകാലം
മഞ്ഞുകാലത്തെ ഒരു പ്രഭാതത്തിലാണ് തത്തിയുമ്മ മരിക്കുന്നത്. അവരെ ഖബറടക്കി വരും നേരം അവരുടെ ഏറനാടൻ രുചിപോലുള്ള സ്‌നേഹത്തെ കുറിച്ചോർത്ത് അവന് കണ്ണീര് പൊട്ടി. വല്ല്യുമ്മയുടെ മടിയിൽ കിടന്നുറങ്ങിയുള്ള ആ യാത്ര ഓർത്തു. ഏറനാടുള്ള സ്ഥലം വിറ്റ് പൊന്നാനീല്ക്ക് താമസം മാറ്റാൻ ഇറങ്ങിത്തിരിച്ച് വഴീലങ്ങനെ പെറ്റ് കിടക്കുമ്പോളാണ് തിത്തിയുമ്മയെ മകൻ മജീദ് അടിയന്തരാവസ്ഥ പൊട്ടിപ്പുറപ്പെട്ട വിവരം അറിയിക്കുന്നത്. പണ്ട്, മാപ്പിള സമരം നടന്ന കാലത്ത്, മാളു ഹജ്ജുമ്മയുടെ കയ്യാളായി നിന്ന ഉശിരില് തന്നെ മോനോട് മുമ്പോട്ട് പോകാൻ തിത്തിയുമ്മ കൽപ്പിക്കുകയായിരുന്നു. അങ്ങനെ പഴയ കാലത്തെ ഓർത്ത് അരപ്പട്ടയിൽ ഞാത്തിയിട്ട കത്തീന്റെ ബലത്തില് ഒന്ന് മുറുക്കി, ഈണത്തില് മാപ്പിള രാമായണത്തിന്റെ ശീലുകള് പാടിയത് വല്ല്യുമ്മാന്റെ കുട്ടിയ്ക്ക് ഓർമ്മയുണ്ടോ? അപ്പൊ എന്നും നല്ല കുട്ടിയായിട്ട് ഈമാനോടെ ജീവിക്കണമെന്നും പറഞ്ഞ് തന്നെക്കൊണ്ട് പാട്ട് പാടിപ്പിച്ച് കിടന്നുറങ്ങിയ വെല്ല്യുമ്മയാണ് ഖബറടക്കിപ്പോയതെന്നോർത്ത് അവൻ ക്ലാസിലിരുന്ന് വിതുമ്പി. കുത്തിക്കുത്തി ചോദിച്ചപ്പോൾ വളർത്തുമ്മ മരിച്ചു പോയെന്ന് പറയേണ്ടി വന്നു. പിന്നേം പിന്നേം ഓരോന്ന് ചോദിച്ചപ്പൊ അമ്മ വേശ്യയായിരുന്നതും, നാടുവിട്ടതുമായ സകല കഥകളും പറയേണ്ടി വന്നു. തന്റെ കഥയറിഞ്ഞു പോയവളുടെ പേരറിയാൻ യൂസഫ് ശ്രമിച്ചു. സുഗന്ധിയെന്നാണ് പേരെന്നും അവൾ തിരൂർ മുൻസിഫ് കോടതിയിലെ ജഡ്ജി അങ്ങുന്നിന്റെ മരുമകളാണെന്നും മനസിലാക്കാൻ കഴിഞ്ഞു. പുസ്തക കച്ചവടവുമായി അതുവഴിയൊന്നും പോകാത്തത് കൊണ്ട് അറിയാഞ്ഞതാണ്. ഉമ്മാക്ക് അറിയുമായിരിക്കും. അവൻ ഉമ്മാനോട് ചോദിച്ചപ്പോൾ അവരൊരു കഥ പറഞ്ഞു കൊടുത്തു. "മിസ്‌റിലെ മന്ത്രിയായിരുന്ന അസീസിന്റെ ഭാര്യയായിരുന്നൂ സുലൈഖ. അവർ അസീസിന്റെ അടിമയായ യൂസഫിനെ കാമിച്ചു.
പ്രലോഭനങ്ങൾക്ക് അടിമപ്പെടാതെ നിന്നിട്ടും യൂസഫ് നബി ക്രൂശിക്കപ്പെട്ടു. നേരും ഭക്തിയും അദ്ദേഹത്തെ കരകയറ്റി. നിന്റെ പേരുകാരൻ പ്രവാചകനെ പോലെ തെറ്റിൽ നിന്നും അകന്ന് നിൽക്കാൻ ഉമ്മ യൂസഫിനെ ഉപദേശിച്ചു. പിന്നീട് അവളെ കണ്ടപ്പോൾ, യൂസഫ് നബിയുടെ കഥ അവൾക്ക് പറഞ്ഞു കൊടുത്തു. യൂസഫിന്റെ അഴകിൽ ഭ്രമിച്ച് പ്രഭുകുമാരിമാർ ആപ്പിളിന് പകരം വിരല് മുറിച്ചതും സുലൈഖാബീവി യൂസഫിനെ മോഹിച്ചതും. ആ പ്രണയ കഥകേട്ട് സുഗന്ധി യൂസഫിനെ പ്രണയിക്കാൻ തുടങ്ങി. വലിയൊരു അപകടമായിരൂന്നു ആ പ്രണയത്തിന്റെ അന്ത്യം!...
1984കളുടെ തുടക്കം.
അലീമ ജോലിയെടുക്കുന്നത് ജഡ്ജ് വിശ്വംഭരന്റെ തീപ്പെട്ടി കമ്പനിയിലാണ്. വിശ്വംഭരൻ നല്ലൊരു വായനക്കാരനായതിനാൽ, പുസ്തക കച്ചവടവുമായി യൂസഫും ഇടയ്ക്കിടെ അങ്ങോട്ട് പോകാറുണ്ട്. അവനും ഉമ്മയും അവിടെ ഇടപഴകി പോന്നത് വീട്ടുകാരെ പോലെയാണ്. വിശ്വംഭരന്റെ മൂത്തമകൻ ശശീന്ദ്രന് സുഗന്ധിയെ കെട്ടിയ വകയിൽ സ്ത്രീധനമായി കിട്ടിയത് അക്കാലത്തെ ഏറ്റവും വിലകൂടിയ കാറും ടെലിവിഷനുമായിരുന്നൂ. നാട്ടുകാർക്ക് കാണാനായി പ്രദേശത്തെ ആദ്യത്തെ ടെലിവിഷൻ, ഏറെക്കാലം കല്ല്യാണത്തിനിട്ട പന്തലിൽ രാജകീയമായി ഇരിപ്പുറപ്പിച്ചിരുന്നു. കല്ല്യാണശേഷവും പഠിക്കണമെന്ന സുഗന്ധിയുടെ ആവശ്യത്തിന് വഴങ്ങി ശശീന്ദ്രന് അവളെ കോളേജിൽ ചേർത്ത് പഠിപ്പിക്കേണ്ടതായ അവസ്ഥ വന്നുചേരുന്നു. അങ്ങനെ യൂസഫ് പഠിക്കുന്ന കോളേജിൽ, അവന്റെ അതേ ക്ലാസിൽ സുഗന്ധി പഠിക്കാൻ തുടങ്ങി. ഈ പരിചയമാണ് അവരെ പ്രണയത്തിലാക്കിയത്.
എന്നും മന്ദാരപ്പൂവ് തലയിൽ ചൂടി വരുന്ന തന്നെപ്പോലെ പുസ്തകങ്ങളെ പ്രണയിക്കുന്ന സുഗന്ധിയുമായി പതിയെ യൂസഫ് അടുത്തു കൊണ്ടിരുന്നു. സുഗന്ധിയ്ക്ക്, അവളുടെ ജാരനായ ഗന്ധർവ്വ ഹൃദയമായിരുന്നൂ യൂസഫ്. ഇരുവരും തങ്ങളുടെ ജീവിതത്തെ കഥകളിലും സ്വപ്‌നങ്ങളിലും കണ്ട് കണ്ട്, ജീവിതത്തെ മറന്നു പോയി. നാട്ടിലെ ഉത്സവത്തിന് രഹസ്യമായി വേഴ്ച നടത്തിയ യൂസഫും സുഗന്ധിയും പിടിക്കപ്പെടുന്നു. ചുറ്റുപാടുകളെ മറന്നതിന് അതോടെ അവർക്ക് വലിയ വില കൊടുക്കേണ്ടി വന്നു. പ്രതാപിയായ വിശ്വംഭരന്റെ മരുമകളെ പ്രേമിച്ച മേത്തച്ചെറുക്കന്റെ അഹങ്കാരം തീർക്കാൻ, വിശ്വംഭരന്റെ മകനും കൂട്ടരും ഇറങ്ങിയപ്പോൾ വിധി യൂസഫിനെ അനാഥനാക്കി. ഉമ്മയെ നഷ്ടപ്പെട്ടതോടെ കലാപത്തിന്റെ ചോര മണക്കുന്ന ആ കടപ്പുറം വിട്ട് യൂസഫ് യാത്രയായി....
കൊറോണക്കാലം
അഷിതയും സുഹൈലും ഉത്തരയും കുഞ്ഞാണ്ടിയും രാധികയുമെല്ലാം ഉത്സാഹിച്ചിറങ്ങിയതോടെ അത്തിപ്പുഴയിൽ യൂസഫിക്ക പുതിയൊരു കഫ്റ്റീരിയ തുടങ്ങി. സ്ഥാപനത്തിന്റെ ഉദ്ഘാടന ദിവസം രാജ്യത്തൊട്ടാകെ കൊറോണ കർഫ്യു പ്രഖ്യാപിക്കുന്നു. യൂസഫിക്കയും ഭാര്യയും മകളും ഉദ്ഘാടനം മുടങ്ങിയതിന്റെ നിരാശയിലിരിക്കുമ്പോളാണ്, ആ കൗതുകച്ചോദ്യം പൊട്ടിവീണത്. അഷിത അയാളോടായി ചോദിച്ചു,"അമ്മയെ അല്ലാതെ വേറെ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?'
മന്ദഹസിച്ചൊന്ന് മൂളിയ ശേഷം,"മുരട്ട്കാളെയായി നടക്ക്ണ കാലത്ത്, ഞാനൊരു ലേഡി ഡോണിനെ പ്രേമിച്ചിട്ടുണ്ട്' യൂസഫിക്കയുടെ വാക്കിൽ കൗതുകം പൂണ്ട് ബാക്കി പറയാൻ അഷിത തിടുക്കം കൂട്ടി. അയാൾ "മുരട്ട്കാളെ' കഥ പറഞ്ഞു തുടങ്ങി!...
സിനിമാക്കാലം
അന്ന്,
1984.
കാസർഗോഡ്.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട വർഷം മഞ്ചേശ്വരത്ത് നിലവിലുണ്ടായിരുന്ന ഡോൺ ലോപ്പസ് കൊല്ലപ്പെടുന്നു. ഇതോടെ ലോപ്പസിന്റെ ഗ്യാങ്ങിന്റെ നേതൃത്വം ലോപ്പസിന്റെ ഭാര്യ മാർത്ത ഏറ്റെടുക്കുന്നു. ലോപ്പസിന്റെ എതിർ ഗ്യാങ്ങായ എം.ആർ. നായരുടെ ഗ്യാങ്ങുമായി മാർത്തയ്ക്ക് നിരന്തരം ഏറ്റുമുട്ടേണ്ടി വരുന്നു. അതിജീവിക്കാനായി മാർത്തയുടെ ഗ്യാങ്ങ് തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, അവർക്കുവേണ്ടി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽ പുതിയൊരു ചെറുപ്പക്കാരൻ വന്നുചേരുന്നു. ആരെയും കൂസാത്ത രജനീകാന്ത് സെറ്റൈലും വാടാ പോടാ സ്വഭാവവും ആയിരുന്നൂ, അയാൾക്ക്!...
1980ൽ പുറത്തിറങ്ങിയ രജനീകാന്തിന്റെ "മുരട്ട് കാളെ' സിനിമയുടെ കോസ്റ്റിയൂമിൽ നടക്കുന്നത് കൊണ്ട് എല്ലാവരും ആ ചെറുപ്പക്കാരനെ മുരട്ട് കാളെ എന്ന് വിളിച്ചുപോന്നു. അവന്റെ ശരിയായ പേര് ആർക്കും അറിയില്ലായിരുന്നു.
മാർത്തയുടെ ഡ്രഗ്ഡീലുകളിൽ സഹായിയായ ഊരുംപേരും അറിയാത്ത ആ വരത്തൻ നാല് വർഷങ്ങൾക്കുള്ളിൽ മാർത്തയുടെ വിശ്വസ്തനായി മാറുന്നു. ഇത് സംഘത്തിലുള്ള മറ്റുചിലർക്ക് സ്വാഭാവികമായി കല്ലുകടി ഉണ്ടാക്കുന്നുണ്ട്. കൂടെയുള്ളവരുടെ അസ്വാരസ്യങ്ങളെ അവഗണിച്ചു കൊണ്ട് മാർത്ത തന്റെ വലംകയ്യായി മുരട്ട് കാളെ എന്ന വിളിപ്പേരുള്ളവനെ പരിഗണിക്കുന്നു.
ഡ്രഗ് ഡീലിനിടയിൽ സംഭവിക്കുന്നൊരു അപകടത്തിനിടയിൽ മാർത്തയെ മുരട്ട് കാളെ രക്ഷിക്കുന്നു. അപകടത്തിൽ നിന്നും രക്ഷതേടി അവർക്ക് ഒരു തുരുത്തിൽ മൂന്ന്, രാത്രി ഒളിച്ചു കഴിയേണ്ടി വരുന്നു. മൂന്ന് ദിവസത്തെ ഒളിച്ചു ജീവിതത്തിനിടയിൽ മാർത്ത മുരട്ട് കാളെയുമായി മാനസികമായും ശാരീരികമായും ഒന്നാകുന്നു. ഇതോടെ, തന്നേക്കാൾ എട്ട് വയസ് മൂപ്പുള്ള മാർത്തയെ അയാൾക്ക് മിന്നുകെട്ടേണ്ടി വരുന്നു. മാർത്തയെ മിന്നുകെട്ടിയതോടെ അയാളെ അവൾ ലോപ്പസ്, എന്ന് വിളിക്കാൻ തുടങ്ങുന്നു. അങ്ങനെ മുരട്ട് കാളെ ലോപ്പസാകുന്നു. രണ്ട് വർഷത്തിന് ശേഷം നടന്നൊരു ഡ്രഗ് ഡീലിനിടയ്ക്ക് പൊലീസ് വെടിവെപ്പുണ്ടാകുകയും, വെടിവെപ്പിൽ മാർത്ത കൊല്ലപ്പെടുകയും ലോപ്പസ് അറസ്റ്റിലാകുകയും ചെയ്യുന്നു.
1992 നവംബർ 23. കാസർഗോഡ്.
ജയിലിൽ നിന്നും ഇറങ്ങുന്ന മുരട്ട് കാളെ ഏറെ നാൾ നഗരത്തിൽ കറങ്ങി നടന്നു. ഡിസംബർ ആറോട് തന്നെ കയ്യിലെ പൈസ തീരുകയും മോഷ്ടിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. അങ്ങനെ ആൾക്കൂട്ടം തപ്പി നടക്കുമ്പോളാണ്, ബാബരി മസ്ജിദ് തകർക്കപ്പെട്ട വിവരം മുരട്ട് കാളെ അറിയുന്നത്. പോക്കറ്റടിക്കാൻ നിൽക്കാതെ അയാൾ പ്രസംഗം കേട്ടു. എ.ടി. ജോയ് ആണെന്ന് തോന്നുന്നൂ പ്രസംഗിച്ചിരുന്നത്. ആ പ്രസംഗം കേട്ടുകൊണ്ട് നിന്നപ്പോൾ, മുരട്ട് കാളെയ്ക്ക് തിത്തിയുമ്മയെ ഓർമ്മ വന്നു. അന്ന് മുതൽ, അവൻ യൂസഫായി തുടരാൻ തീരുമാനിച്ചു.
ജയിലിൽ നിന്നും ഇറങ്ങി ജീവിക്കാൻ ഗതിയില്ലാതെയാണ് അയാൾ പോക്കറ്റടിക്കാൻ തുടങ്ങുന്നത്. അന്നത്തെ പ്രസംഗം കേട്ടതോടെ പോക്കറ്റടിയിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു.
ഉച്ചച്ചൂടിന്റെ പകൽ ദിനങ്ങളിലെ വിരസത തള്ളിനീക്കാൻ നഗരത്തിലെ ആളൊഴിഞ്ഞ ലൈബ്രറിയിൽ ഏറെ നേരം ചെലവഴിക്കാൻ തുടങ്ങി. അക്കാലത്ത് അയാൾ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ തെരഞ്ഞെടുത്ത് വായിക്കാൻ ശ്രദ്ധ പുലർത്തിപ്പോന്നു. അങ്ങനെ ജയിലിൽ നിന്നും ഇറങ്ങിയ മുരട്ട് കാളെ എന്ന ഡ്രഗ് പെഡ്‌ലർ പോക്കറ്റടി നിറുത്തി തെരുവ് മാന്ത്രികനാകാൻ തീരുമാനിച്ചു. വായനയുടെ ബഷീറിന്റെ സ്വാധീനമായിരുന്നു, മാന്ത്രികനാകാനുള്ള തീരുമാനത്തിന്റെ ആണിക്കല്ല്. പിന്നീടുള്ള നാളുകളിൽ അയാൾ നഗരത്തിരക്കുകൾക്കിടയിൽ ചെറുകിട മാജിക്കുകളുമായി അലഞ്ഞു നടന്നു.
1993, ഡിസംബർ 13ാം തിയതി. ഒരു ഹർത്താൽ ദിനത്തിൽ മാജിക് കാണിച്ച് പണമൊന്നും കിട്ടാതെ വിശന്ന് വലഞ്ഞ് കുഴഞ്ഞു വീഴുന്ന തെരുവ് മാന്ത്രികൻ. രൂപത മീറ്റിങ്ങിനെത്തിയ പീറ്ററച്ചൻ മീറ്റിങ്ങ് കഴിഞ്ഞ് അത്തിപ്പുഴയിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങും നേരമാണ് ഈ കാഴ്ച കാണുന്നത്. റോഡിൽ കുഴഞ്ഞു വീണ ആളെ പീറ്ററച്ചൻ ഏറ്റെടുത്ത് കൂടെ കൂട്ടി.'
അയാൾ പറഞ്ഞു തീർന്നതും അഷിത കൂട്ടിച്ചേർക്കൽ പോലെ പറഞ്ഞു തുടങ്ങി "നമ്മളെല്ലാരും അത്തിപ്പുഴ എത്തിയ കഥയെന്തായാലും കൊള്ളാം. കൊറോണക്കാലം കഴിഞ്ഞാ നമുക്കിത് സിനിമയാക്കണം.'
ഇതുകേട്ട് രാധികയും യൂസഫിക്കയും ചിരിച്ചു. സന്തുഷ്ടമായ കുടുംബ കഥകൾ അവസാനിക്കുന്ന ഗ്രൂപ്പ് ഫോട്ടോയിലെന്ന പോലെ അവർ എന്തൊക്കെയോ പറഞ്ഞ് ചിരിച്ചു കൊണ്ടിരുന്നു. അവരെ നോക്കി ചിരിച്ചെന്നോണം വീടിന് പുറത്ത് സായാഹ്നം കൂടുതൽ ദീപ്തമായി. ▮