നീളൻ ഘടികാരത്തിൽ മണി പത്തടിക്കുന്നത് കേട്ടാണ് സാംസൺ ഉറക്കം കളഞ്ഞെഴുന്നേറ്റത്. കല്യാണപ്പുരയിലെ വല്യരുളിയിലിട്ടിളക്കുന്ന ചട്ടുകം പോലുള്ള മണി ബിന്ദുവിൽ നിന്നും ബിന്ദുവിലേക്ക് ഇടത്തോട്ടും വലത്തോട്ടും ആടി സാംസന്റെ ചെവിക്കല്ലിനു തന്നെയടിച്ചു കളഞ്ഞു. മുഖത്ത് ഉറക്കം തൂക്കിയിട്ടുകൊണ്ട് കിടക്കയിൽ വലംകൈ കുത്തി പ്രയാസപ്പെട്ട് അയാൾ എഴുന്നേറ്റിരുന്നു. കണ്ണുകൾ തിരുമ്മി തന്റെ ജീവിതത്തിൽ എപ്പോഴും ദയയില്ലാതെ ഇടപെട്ടു കൊണ്ടിരുന്ന ആ ഉരുപ്പടിയെ തുറന്നു കിടന്ന വാതിലിലൂടെ ഈർഷ്യയോടെ നോക്കി. അമ്പത് കൊല്ലമെങ്കിലുമായിക്കാണും ഈ വീടിനകത്തിരുന്ന് അത് സമയത്തെ ചെവിയിലുരുക്കി ഒഴിക്കാൻ തുടങ്ങിയിട്ട്. കൊളമ്പിൽ നിന്ന് അപ്പൻ കൊണ്ടുവന്നതാണതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഏകദേശം സാംസന്റെ വയസ്സും കാണും. എഴുന്നേറ്റെന്നുറപ്പിക്കാൻ അയാൾ ഒന്നു മൂരി നിവർന്നു. തലയിൽ ബോധം ഇരച്ചു കയറിയപ്പോഴേക്കും സാംസണ് കൈവിറ തുടങ്ങിയിരുന്നു. കൈ നീട്ടി അയാൾ മേശപ്പുറത്ത് നാണം കുണുങ്ങിയിരിക്കുന്ന കുപ്പി എടുത്തു. പതിവുപോലെ തലേ രാത്രിയിലും രണ്ടെണ്ണത്തിൽ വെള്ളം മിക്‌സ് ചെയ്തു വെച്ചിട്ടാണ് അയാൾ കിടന്നത്. പെണ്ണു കെട്ടാത്ത സാംസന്റെ മണവാട്ടിയാണ് "ഹണീബീ' എന്ന് കിടക്കുമ്പോളൊഴികെ കൂടെയുണ്ടാകാറുള്ള ചങ്ങാതി അരവിന്ദൻ പറയും. എണീക്കുമ്പോ കുടിച്ചില്ലെങ്കിൽ കൈ വിറയ്ക്കുന്നത് കൊണ്ടുമാത്രമല്ല, വർഷങ്ങളായി രാത്രികളിൽ സ്വൽപം മദ്യത്തിന്റെ കാവലില്ലാതെ സാംസൺ ഉറങ്ങാറില്ല. ഹണീബിയെ ഒരു പെണ്ണായും രാത്രി അവൾ തന്റെ അരികത്ത് വന്നു കിടക്കുന്നുണ്ടെന്നും അയാൾ സങ്കൽപ്പിച്ചിരുന്നു.
കുറുനാക്ക് കാണുംവിധം അണ്ണാക്ക് പൊളിച്ചു മൂടി തുറന്ന് "അവളെ' വിഴുങ്ങിയതിനുശേഷമാണ് എഴുന്നേൽക്കാൻ മണി പത്തായതിനെക്കുറിച്ച് അയാൾ ആലോചിക്കുന്നത്. എട്ടുമണിക്ക് ശേഷം കിടന്നുറങ്ങാൻ ഘടികാരത്തിന്റെ ഉറ്റ തോഴിയായ അമ്മ മേരി ടീച്ചർ അയാളെ സമ്മതിക്കാറില്ല. രാവിലെ സാംസണെ എഴുന്നേൽപ്പിച്ചിട്ടേ മേരി ടീച്ചർ അടുക്കളയേറുകയോ പള്ളിയിൽ പോവുകയോ ചെയ്യാറുള്ളൂ. തള്ളയ്ക്കിതെന്തുപറ്റി എന്നാലോചിച്ച് അയാൾ രണ്ടുകാലും താഴോട്ടിട്ടു. നിലത്തു വീഴാറായ മുണ്ട് ഒന്നുകൂടി കുടഞ്ഞു അരയിൽ ഉറപ്പിച്ചു. മുണ്ടുടുക്കുന്നതിനിടയിൽ മേശപ്പുറത്തിരുന്ന കാലിക്കുപ്പി കൈതട്ടി നിലത്തുവീണ് "ടട്ടട്ട'മെന്ന് പറഞ്ഞു. കുപ്പി ചില്ലല്ലാത്തതുകൊണ്ട് അത്യാഹിതം ഒഴിവായി എന്നോർത്ത് നിലത്തു നിന്നതിനെ സ്‌നേഹത്തിൽ മേശപ്പുറത്ത് തന്നെ വെച്ചു. അത്രേം കുനിഞ്ഞപ്പോൾ വാരിയെല്ലിൽ കത്തി കേറ്റിയത്‌പോലുള്ള വേദന പതിവുപോലെ ഉണ്ടാവുകയും സാംസണതിനെ പൊലയാട്ട് പറയുകയും ചെയ്തു. വാതിൽ തുറന്ന് ഹാളിലേക്ക് നടന്നു. ഡൈനിങ് ടേബിളിനു പുറത്ത് ചില്ലുമഗ്ഗിൽ ഇന്നലെ രാത്രി കൊണ്ടുവെച്ച ചുക്കുവെള്ളമിരിപ്പുണ്ട്. ഉറച്ചു മൂടിയ പപ്പടത്തിന്റെ പ്ലാസ്റ്റിക് ഡബ്ബ, തോണ്ടി തീർന്ന അച്ചാർ കുപ്പി, തലേരാത്രി കടിച്ചു തുപ്പിയ ചാളമുള്ളുകൾ. ഹാളിലെ ചുവരിലേക്ക് നോക്കിയാൽ "എന്താടാ കോപ്പേ' എന്ന നോട്ടമെറിയുന്ന കർത്താവിന്റെ ഫോട്ടോ, അമ്മച്ചിയുടെ റിട്ടയർമെന്റ് പടം, നിറം പോയ അപ്പന്റെ ഒരു ഫോട്ടോ. എല്ലാം പതിവുപോലെത്തന്നെ.
പക്ഷേ അടുക്കളയിലോട്ടു കടന്ന സാംസണ് ചെറിയൊരു സംശയം വന്നു. ചെരവ മറിഞ്ഞു കിടപ്പുണ്ട്. ചൂലും അടിച്ചുവാരിയും ഒരു മൂലയിൽ ബോറടിച്ചിരിക്കുന്നു. കഴിഞ്ഞ പകലെപ്പോഴോ പെറ്റൊഴിഞ്ഞ തേങ്ങാ മടൽ കമിഴ്ന്നു കിടപ്പുണ്ട്. കഴുകാത്ത പാത്രം മുഴുവൻ സിങ്കിൽ പെണങ്ങിക്കിടക്കുന്നു. ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ പാൽ എടുത്തിട്ടില്ലെന്നും അമ്മച്ചി എഴുന്നേറ്റിട്ടില്ലെന്നും അയാൾക്ക് മനസ്സിലായി. അമ്മച്ചി ഇക്കണ്ട കാലമിങ്ങനെ എഴുന്നേൽക്കാൻ വൈകിയിട്ടില്ലല്ലോ എന്ന ചിന്ത അയാൾക്കുണ്ടായി. ചാരിയിട്ട വാതിൽ തള്ളി അയാൾ അമ്മച്ചി കെടക്കുന്നിടത്തേക്ക് നോക്കി. ആളു കട്ടിലീക്കിടപ്പുണ്ട്. വാതിലിൽ രണ്ടു തട്ടി ഒരു കുടിയന് ചേരുന്ന ഗൗരവം ശബ്ദത്തിൽ വരുത്തി അയാൾ അമ്മച്ചിയെ വിളിച്ചു.
എഴുന്നേൽക്കാത്തതുകൊണ്ട് അകത്തു കടന്ന് ചൊമലീത്തട്ടി വിളിച്ചു. ഒന്നു കുലുക്കി. അനക്കമില്ല. പെട്ടെന്ന് ഒരു "വെറ' സാംസന്റെ കൈക്കുണ്ടായി. അയാൾ അമ്മച്ചിയെ മലത്തിയിട്ടു. വായിച്ചു കട്ടിലീ മടക്കിവെച്ച ബൈബിളിലേക്കാണ് അമ്മച്ചി മലർന്നത്. കണ്ണുകളടഞ്ഞു തന്നെയാണ്. കവിളത്ത് രണ്ടുമൂന്നു തവണ തട്ടി. സാംസന്റെ കയ്യിലെ വെറ ഇപ്പോൾ ദേഹത്തേക്കും കയറിയിരുന്നു. മൂക്കിനു താഴെ പേടിയോടെയാണ് കൈവെച്ച് നോക്കിയത്. വീടിനകത്തെ എല്ലാ നിശബ്ദതയും ഒരുമിച്ചുനിന്ന് തന്നെ നോക്കുന്നത് പോലെ അയാൾക്ക് തോന്നി. അമ്മച്ചി മരിച്ചുപോയെന്ന് അയാൾക്ക് ഉറപ്പായി.
എന്തൊരത്ഭുതമാണ്. അമ്മച്ചി മരിച്ചുപോകുമെന്ന് അയാൾ പ്രതീക്ഷിച്ചിട്ടേയില്ലായിരുന്നു. പിന്നോട്ട് രണ്ടടി വച്ച് നേരെ നിന്ന് അയാൾ അത്ഭുതം വിടാതെ അമ്മച്ചിയെ നോക്കി. അടുത്തതെന്താണ് ചെയ്യേണ്ടതെന്ന് അയാൾ പെട്ടെന്ന് മറന്നുപോയി. ഹാളിലേക്ക് നടന്ന് മഗ്ഗിൽ നിന്ന് കുറച്ച് വെള്ളം എടുത്തു കുടിച്ചു. പഴയ നോക്കിയ കിടന്നിടത്തെടുത്ത് നിന്നെടുത്ത് തപ്പിയെടുത്ത് ഒന്നരയെ വിളിച്ചു. ബാലൻസില്ലാത്തതുകൊണ്ട് വിളി പോയില്ല. അകത്തു വന്ന് അമ്മച്ചിയുടെ ഫോൺ തപ്പിയെടുത്തു. എടിഎം പിൻ നമ്പർ അടിച്ചുമാറ്റി പലതവണ കാശെടുത്തിൽ പിന്നെ മേരി ടീച്ചർ സാംസണ് ഫോൺ കൊടുക്കാറില്ലായിരുന്നു. തേഞ്ഞു തീർന്ന ഫോണിൽനിന്ന് ഒന്നരയുടെ നമ്പർ എടുത്തു വിളിച്ചു. "എന്താ മേരി ടീച്ചറേന്ന്' അവൻ പേടിച്ചു ചോദിച്ചപ്പോഴും "അമ്മച്ചി പോയെ'ന്ന് ഇവിടന്ന് പറഞ്ഞു.
കുറെ നേരത്തെ നിശബ്ദത.
അവൻ: നീയാ തൊട്ടടുത്താരെങ്കിലേം അറീക്ക്.
സാംസൺ: ഇല്ല നീ വന്നിട്ടേ അറീക്കൊള്ള്. നിക്ക് കയ്യും കാലും വെറക്കേണ്.
സാംസന്റെ ജീവിതത്തിലെ ഏതു പ്രതിസന്ധി ഘട്ടത്തിലും ഈ ചങ്ങാതി ഇടപെട്ടിരുന്നു. അമ്മ മേരി ടീച്ചറുടെ കണ്ണുവെട്ടിച്ച് പറമ്പിൽ നിന്ന് തേങ്ങ മോഷ്ടിച്ചു വിക്കുന്നതിലും അടയ്ക്ക മുക്കുന്നതിലും പങ്കുകൊണ്ടു. മദ്യം കിട്ടാത്ത ദുഷിച്ചു നാറിയ ദിവസങ്ങളിൽ ഇരട്ടി വിലയ്ക്ക് ബ്ലാക്കിന് വാങ്ങാൻ മുന്നിട്ടിറങ്ങി. കാണാതായാൽ ഇടയ്ക്ക് ഫോണെടുത്ത് "ഒന്ന് വന്നേരാ' എന്ന് പറയുന്നതിന് മുൻപ് ടിയാനെത്തും. "ഒന്നു വന്നേരാ' എന്നത് മദ്യത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ഒന്നരയായി. പിന്നീട് അരവിന്ദന് ഒന്നരയെന്ന പേര് ഉറച്ചു.
ഒന്നര ദാന്ന് പഴയ സ്‌കൂട്ടറിൽ വന്നു. സ്റ്റാർട്ടാക്കിയാലും ഓടിച്ചാലും രണ്ട് കിലോമീറ്ററിനപ്പുറം ശബ്ദം കേൾക്കുന്ന സ്‌കൂട്ടറായിരുന്നു അത്. ഇന്നലെ കിടന്ന പടിയാണ് ഒന്നര വന്നതെന്ന് കള്ളിമുണ്ടിന്റേം ബനിയന്റേം തുടർച്ച കൊണ്ട് സാംസണ് മനസ്സിലായി. ഒന്നര നേരെ മേരി അമ്മച്ചി കിടക്കുന്നിടത്തേക്ക് ചെന്നു. കുറെ നേരം തറപ്പിച്ചു നോക്കി. തൊട്ടുപിന്നിൽ സാംസൺ വന്നു നിന്നു. ഒന്നര ഒരു വിദഗ്ധനെ പോലെ കുനിഞ്ഞ് അമ്മച്ചിയുടെ കഴുത്തിലെ ഞരമ്പിൽ ചൂണ്ടുവിരലും നടുവിരലും അടുപ്പിച്ചു വച്ച് നോക്കി. കിട്ടാവുന്നത്ര നിർവികാരത മുഖത്ത് വരുത്തി നിവർന്ന് സാംസണെ നോക്കി. "പോയി' എന്ന അർത്ഥത്തിൽ നിശബ്ദമായി തലയാട്ടി. അതൊട്ടും നാടകീയമല്ലാതിരിക്കാനും എന്നാലൊരു ശോകഭാവം ഉണ്ടായിവരാനും ശ്രദ്ധിച്ചു. എന്തോ ആലോചിക്കുന്നത് പോലെ താടി ചൊറിഞ്ഞു. രണ്ടു ചാൽ നടന്നതിനു ശേഷം മിണ്ടാതെ നിൽക്കുന്ന സാംസൺ നോക്കിപ്പറഞ്ഞു:
"നീയൊര് തുണി കീറ്. താടീം തള്ളവെരലും കെട്ടാ'
സാംസൺ അമ്മച്ചിയുടെ അലമാര തപ്പി ഒരു പഴയ വെള്ളമുണ്ടെടുത്തു. അത് കീറിയപ്പോൾ നേരിയ പൊടി പറന്നു. തുണി കീറിയപ്പോൾ അയാൾക്ക് സങ്കടം വന്നു. ജീവന്റെ പെട്ടിയടക്കുന്നതുപോലെ അമ്മച്ചിയുടെ കീഴ്ത്താടി മേൽവായയോട് ചേർത്തടച്ച് അവർ താടിയും തലയും കൂട്ടിക്കെട്ടി. ഒന്നര അലമാരീന്നു തന്നെ ഒരു കൂട് ചന്ദനത്തിരി തപ്പിയെടുത്തു. പഴയൊരു സ്റ്റാന്റ് മേശപ്പുറത്തുണ്ടായിരുന്നു. അതിൽ തിരി കുത്തി നിർത്തി കത്തിച്ചു തലഭാഗത്തെ കട്ടിൽ കാലിൽ ചാരി വെച്ചിട്ട് സാംസണോട് പറഞ്ഞു: "പെങ്ങളെ വിളിച്ച് പറയടാ.. ഇപ്പോ പുറപ്പെട്ടാലല്ലേ ഉച്ച തിരിയുമ്പോഴേക്കും എത്തൂ'
ഇടുക്കീലെ പൂപ്പാറേലൊരിടത്ത് സ്വന്തം കൃഷിയിടത്തിൽ കെഴങ്ങു പറിക്കുകയായിരുന്ന പെങ്ങളും അളിയനും മരണ അറിയിപ്പ് ഫോണിലൂടെ കേട്ടു. പെങ്ങൾ വലിയവായിൽ നെഞ്ചത്തടിച്ചു നിലവിളിച്ചു. അവളുടെ സാമാന്യത്തിലധികം തടിച്ച നെഞ്ചും പുറവുമെല്ലാം ഇടിയുടെ ആഘാതത്തിൽ ഇളകി. വീടിനകത്തുനിന്ന് ഫോൺ കൊണ്ടുവന്നു കൊടുത്ത മൂത്ത പെൺകുട്ടി പേടിച്ച് അമ്മച്ചിയോടൊപ്പം കരച്ചിലിൽ പങ്കുചേർന്നു. പെങ്ങളുടെ ഭർത്താവ് അൽപംപോലും സമയം കളയാതെ കവലയിലേക്ക് വിളിച്ചു കുഞ്ഞുമോന്റെ ജീപ്പ് ഏർപ്പാടാക്കി. ജീപ്പിൽ അപ്പോ പറിച്ച കെഴങ്ങ് കൊറേയെടുത്തിട്ടു. പെങ്ങളും അളിയനും രണ്ടുമക്കളും കുഞ്ഞുമോനും ജീപ്പും സാംസൺ ഫോൺ വെക്കുന്നതിനു മുമ്പ് പൂപ്പാറേന്ന് പുറപ്പെട്ടു.
സാംസൺ: "ഡാ... നീയൊരു പെട്ടി പറയരാ ഒന്നരെ.. ആ പൊറിഞ്ചൂന്റട്ത്ത്ന്ന്..
ഒന്നര: "നല്ല കാര്യായി. പള്ളിക്കാര് നടത്തണ ചിട്ടി അവനെക്കൊണ്ട് വിളിപ്പിച്ചു കാശുമേടിച്ചിട്ട് മൂന്നു കൊല്ലായി. എന്റെ ശവപ്പെട്ടി അവൻ ഫ്രീയായിട്ട് തരാന്ന് കുറേ പേരോട് പറഞ്ഞയച്ചേക്കാ.. നീ പോയിട്ട് വേഗം വാ... പോണവഴിക്ക് പരിചയക്കാരോടൊക്കെ പറഞ്ഞോ...'
ഒന്നരയുടേത് ഈ ലോകത്ത് ഒരാൾക്ക് മാത്രം ഓടിക്കാൻ പറ്റുന്ന സ്‌കൂട്ടറായതിനാൽ സാംസൺ അവനവന്റ സൈക്കിളെടുത്ത് പറമ്പ് കടന്നു. കടക്കുന്നതിനു തൊട്ടുമുൻപ് വീട്ടിൽ കാലങ്ങളായി പണിക്കു വരുന്ന വാസുവണ്ണനെ കണ്ടു. അയാളോട് വീട്ടിലേക്ക് ചെല്ലാനും ബാക്കിയുള്ളവരെ അറിയിക്കാനും പറഞ്ഞേൽപ്പിച്ചു. പഞ്ചായത്ത് റോഡ് കേറി സുരേഷ് മെമ്മോറിയൽ വെയ്റ്റിംഗ് ഷെഡ് കടന്നു. പണിക്കരുപാലമെറങ്ങിയാൽ സ്റ്റാന്റിലോട്ട് പോകുന്ന റോഡായി. ബസ്റ്റാന്റ് എത്തുന്നതിന് തൊട്ടുമുമ്പ് എടതു വശത്താണ് പൊറിഞ്ചുവിന്റെ മഞ്ചക്കട. സ്റ്റാന്റ് റോഡ് കേറിയപ്പോൾ സൈക്കിൾ പതിവു പോലെ നിന്നു. തൊട്ടുമുൻപിൽ സെവൻസീസ് ബാറാണ്. സാംസൺ പോലും അറിയാതെയാണ് സൈക്കിൾ നിന്നത്. സെവൻസീസിന് മുൻപിൽ നിർത്തിപ്പോയല്ലോ എന്ന കുറ്റബോധത്തോടെ അയാൾ സൈക്കിൾ മുന്നോട്ടെടുത്തു. കുറച്ചു ദൂരം പോയപ്പോഴേക്കും വീണ്ടും സൈക്കിൾ നിന്നു. ഒരു തീരുമാനമെടുക്കാനാകാതെ സാംസൺ ഒന്നു രണ്ടു മിനിറ്റ് സ്റ്റക്കായി. എപ്പോഴോ സൈക്കിൾ വളച്ച് അയാൾ ബാർ കോമ്പൗണ്ടിൽ കയറ്റി. സ്റ്റാന്റിട്ട് തുറന്നിട്ടധികനേരമായിട്ടില്ലാത്ത ലോക്കൽ ബാറിലേക്ക് കയറി. ഇപ്പോഴും അമ്മച്ചി മരിച്ചുപോയ അത്ഭുതത്തിൽ നിന്ന് പുറത്തു കടന്നിട്ടില്ലാത്തതുകൊണ്ട് കൗണ്ടറിൽ ചെന്നു നിന്ന് ഹണീബി ലാർജ് സോഡയോട് കൂടി പറഞ്ഞു. സിഗ്‌നലു തൊറന്നു കിട്ടിയ ഹൈവേയിലൂടെയെന്നപോലെ ഹണീബീ സാംസണകത്തൂടെ തലങ്ങും വിലങ്ങും പാഞ്ഞ് അമ്മച്ചി കെടക്കുന്ന തലച്ചോറിന്റെ ചുരുളിൽ ചെന്നു തൊട്ടു. ആ വിതുമ്പലിൽ അയാൾ ഒന്നുകൂടി പറഞ്ഞു. രണ്ടാമത് വന്നത് കുറച്ച് സമയമെടുത്താണ് കുടിച്ചത്. അപ്പോഴയാൾ അമ്മച്ചി തലേദിവസം എന്തെങ്കിലും പറഞ്ഞിരുന്നോ എന്നോർത്തു. ഒന്നും പ്രത്യേകിച്ചുണ്ടായില്ലല്ലോ എന്നോർമിച്ച് ഒന്നുകൂടി പറഞ്ഞു.
വീട്ടിൽ ചങ്ങാതി ഒന്നര ഒന്നക്ഷമനായി. പതിവു തോന്നലുകൾ അദ്ദേഹത്തെയും വന്നു തൊട്ടു. ടീച്ചറുടെ അലമാര രണ്ടെണ്ണം ഒന്നര തുറന്നു നോക്കി. ഒന്നുരണ്ടരിഷ്ടങ്ങളിൽനിന്ന് കുറേശ്ശേ സേവിച്ചു. ഒരു ചെറിയ പഴ്‌സിൽ മടക്കിവെച്ച അഞ്ഞൂറിന്റെ കുറച്ചു നോട്ടുകൾ കണ്ടു. ഒന്നര ടീച്ചറുടെ മുഖത്തേക്ക് നോക്കിയതിനുശേഷം അതവിടെ തന്നെ വെച്ചു. പെട്ടെന്നയാളെ ഞെട്ടിച്ചുകൊണ്ട് മണി പതിനൊന്നടിച്ചു. മേരി ടീച്ചറുടെ ശവവും താനും പതിനൊന്നടിക്കുന്ന ശബ്ദവും പല ആംഗിളുകളിലൂടെ അയാൾ നോക്കിക്കണ്ടു. ഇപ്പോൾ ശവത്തിനും തനിക്കുമിടയിലെ കൊടുക്കൽ വാങ്ങലാണ് ആ മണിയെന്ന് താടി ചൊറിഞ്ഞു ചിന്തിച്ചു. അങ്ങനെ കുടിയന്മാർക്കിടയിലെ വലിയ തത്വചിന്തകനാണ് താനെന്ന് സ്വയം അംഗീകരിക്കുന്നതിനിടയിൽ അവിടെ പണിക്ക് വരാറുള്ള വാസുവണ്ണനും ഭാര്യയും അങ്ങോട്ട് വന്നു.
അമ്മച്ചി മരിച്ചുപോയെന്ന ബോധത്തിൽ നിന്ന് വിടാതെ ബാർ കൗണ്ടറിൽനിന്ന് തന്നത്താൻ വിടുവിച്ച് സാംസൺ പുറത്തേയ്ക്കിറങ്ങിയപ്പോഴാണ് ഒന്നര അകത്തേക്ക് കയറി വന്നത്. "പെറ്റ തള്ള മരിച്ചു കിടക്കുമ്പോഴാണോടാ നിന്റെ കള്ളുകുടി' എന്ന് ഒന്നര ചോദിച്ചപ്പോഴേക്കും അതുവരെ അടക്കിപ്പിടിച്ച കരച്ചിൽ സാംസൺ പുറത്തേക്കിട്ടു. സങ്കടത്തിൽ ഒന്നരയും കരഞ്ഞു. കരഞ്ഞു പോയ വിഷമത്തിൽ അവർ ഒരുമിച്ച് കൗണ്ടറിലേക്ക് നടന്നു. ഇപ്പോൾ നേരത്തെയുള്ളതിനേക്കാൾ ആളുകൂടിയിട്ടുണ്ട്. പയറ്റിന് മുമ്പ് ഗ്ലാസ്സുകൾ കൂട്ടി മുട്ടിച്ചും ചിയേഴ്‌സെന്ന് വായ്ത്താരിയിട്ടും ആൾക്കൂട്ടം പല സംഘങ്ങളായി രൂപപ്പെട്ടു.
"എടാ ഒന്നരേ.. സമയം നോക്കുമ്പോൾ ഇവന്റമ്മ പോയെടക്കണത് മൂലത്തിലാണ്. നല്ല സമയമാ അത്.'
കയ്യിൽ എപ്പോഴുമുള്ള സഞ്ചിയാട്ടിക്കൊണ്ട് അവിടെ എല്ലാദിവസവും ഉണ്ടാവാറുള്ള മേനോനാണത് പറഞ്ഞത്. നെറ്റിയിൽ നീളത്തിലുള്ള നാല് ഭസ്മക്കുറിയുമായി ഭാഗം കിട്ടിയത് മുഴുവൻ വിറ്റു കുടിച്ചു കൊണ്ടിരിക്കുന്ന ഒരു മേനോനായിരുന്നു അത്.
ഒന്നര: "ന്റ മേനോൻന്നേ.. ഇവന്റമ്മ ഒറക്കത്തിലാ പോയതേ... ഭാഗ്യല്ലേ.. നീ സന്തോഷിക്കടാ സാംസേ.. ദൈവത്തിന്റ ചെല തീരുമാനങ്ങള് വല്താടാ... ഇത് നീയിനി ഉത്തരവാദിത്വത്തോടെ ജീവിക്കാൻള്ള ദൈവത്തിന്റ തീര്മാനല്ലേ...'
മേനോൻ: "അതെന്താടോ അവനൊരു ഉത്തരവാദിത്വക്കൊറവ്?'
ഒന്നര: "അങ്ങനല്ല.. സ്വന്തം അമ്മ മരിച്ച് കിടക്കുമ്പോ ആരെങ്കിലും..'
ഒന്നര ഒന്നു നിർത്തി. എല്ലാവരും അയാളെ നോക്കി.
മേനോൻ: "ആരെങ്കിലും'
ഒന്നര: "ആരെങ്കിലും ഇങ്ങനെ കോലം കെട്ടു നടക്കോ.. ഉടുത്ത മുണ്ട് പോലും അവൻ മാറ്റീട്ടില്ല'
ആശ്വാസത്തോടെ മേനോനടക്കമുള്ള ആളുകൾ ചുണ്ടിനുതാഴെ ബ്രേക്കിട്ടു നിർത്തിയ ഗ്ലാസുകൾ അണ്ണാക്കുകുഴിയിലേക്ക് ഒഴിച്ചു.
സാംസൺ: "അമ്മ മരിച്ചു കിടക്കുമ്പോ മദ്യം കുടിക്കുന്നത് തെറ്റാണോടാ ഒന്നരേ?'
ഒന്നര: "ഏയ്..നമ്മളാനന്ദിക്ക്വല്ലേ.. സാംസേ.. മക്കളാനന്ദിക്കണത് ഏത് മാതാവിനാടാ ഇഷ്ടപ്പെടാത്തത്.'
സാംസൺ: "തെറ്റാണോ മേനോഞ്ചേട്ടാ'
മേനോൻ: "തെറ്റും ശരീം ബോധത്തിൽ മാത്രല്ലേ ള്ളൂ... ബോധല്ലെങ്കി ന്ത് തെറ്റ്.. ന്ത് ശരി..'
ഏറെ തത്വജ്ഞാനത്തോടെയുള്ള പറച്ചിലിലിനൊപ്പം മേനോൻ ഒരെണ്ണം കൂടി പറഞ്ഞു. അയാളുടെ സഞ്ചി ചെറുതായി തലയാട്ടികൊണ്ടിരുന്നു. ഭാര്യ പുറത്താക്കിയ, നിത്യദുഃഖിതനായ സുനിലൻ ഒരു പൈന്റിനുള്ള ഷെയർ കൂടാമോ എന്ന് സാംസനോട് ചോദിച്ചു. അവർ മൂവരും കൂടി അത് വാങ്ങിച്ചു. രണ്ട് പെഗ്ഗിന് ശേഷം അമ്മമാരെ ഒരിക്കലും വിശ്വസിക്കരുതെന്ന് സുനിലൻ ഉപദേശിച്ചു. തന്നെ വീട്ടിൽ നിന്ന് പുറത്താക്കാൻ കെട്ടിയവളോട് പറഞ്ഞത് സ്വന്തം അമ്മയാണെന്ന് സുനിലൻ വെളിപ്പെടുത്തി. ഷെയറിനുള്ളത് കുടിച്ചുകഴിഞ്ഞപ്പോൾ ഒന്നര സുനിലനെ അവിടെനിന്ന് പറഞ്ഞയച്ചു. അമ്മച്ചിയെ കുറെ നേരത്തേക്ക് മറന്നു പോയല്ലോ എന്നോർമ്മ വന്നപ്പോൾ ആ ഗ്യാപ്പ് നികത്താൻ സാംസണൊന്ന് കരഞ്ഞു.
ഒന്നര: "ഡാ സാംസേ..നീയിങ്ങനെ കരയാതെ'
സാംസൺ: "അമ്മച്ചി ഇന്നലേം കൂടി പറഞ്ഞതാ. എങ്ങനേലും മരിച്ചാ മതീന്ന്.'
ഒന്നര: "അത് അമ്മമാര്ട ഒരടവാടാ.. ആമ്പിള്ളേര്‌ടെ അട്ത്തുള്ള ഒരു സൈക്കോളജിക്കൽ മൂവ്.'
മേരി ടീച്ചർ പഠിപ്പിച്ച കുറെ പേർ കുടിച്ചുകൊണ്ടും കരഞ്ഞുകൊണ്ടും സാംസന്റെ അടുത്തു വന്നു നിന്നു. ഇടയ്ക്ക് കൗണ്ടറിൽ പോയി വന്നു. അമ്മച്ചിക്കൊപ്പം പഠിപ്പിച്ചിരുന്ന നാരാണൻ മാഷെക്കണ്ടപ്പോൾ സാംസൺ പതുങ്ങാൻ ശ്രമിച്ചു. എങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ അവരൊരുമിച്ച് കുടിച്ചു. സീനിയോറിറ്റിയുള്ള മേരി ടീച്ചറെ മറികടന്ന് ഹെഡ് മാഷായതിൽ നാരായണൻ മാഷ് കുറ്റബോധം പ്രകടിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഗ്രൂപ്പിൽ നിന്ന് ഒന്നരയുടെ പാട്ടു കേട്ടു. സാംസന്റെ അടുത്തുണ്ടായിരുന്ന ഒന്നു രണ്ടുപേർ പാട്ടുള്ളിടത്തേക്ക് പോയി.
സോവീറ്റ് യൂണ്യൻ തകർന്നതാണ് ഇതിനൊക്കെ കാരണമെന്ന് ഏതോ കുടിയൻ ഉറക്കെ പറയുന്നുണ്ട്. ലോട്ടറിയുമായി അടുത്തേക്ക് വന്ന പരിചയക്കാരൻ സാബുവിനെ കൈകാണിച്ച് സാംസൺ പതുക്കെ പുറത്തേക്ക് ചുവടുകൾ വച്ചു. ബാറിന് പിറകിലൂടെ ഇറങ്ങിയത് കൊണ്ട് കുറച്ച് ചുറ്റിയാണ് സൈക്കിളിനടുത്തെത്തിയത്. സൈക്കിളിൽ പിടിച്ച് നേരെ നിൽക്കുമ്പോൾ തന്നെ മറിച്ചിടാൻ അത് പാടുപെടുന്നുണ്ടെന്ന് സാംസണ് തോന്നി. അയാൾ പെരേരയുടെ കടയിരിക്കുന്ന ഭാഗത്തേക്ക് സൈക്കിൾ ഉന്തികൊണ്ട് നടന്നു. ഒന്നുരണ്ടിടത്ത് സൈക്കിൾ മതിലിൽ ചാരി വച്ച് മുണ്ടുടുക്കേണ്ടിവന്നു. ഒരിക്കൽ അനുസരണയില്ലാതെ അത് താഴേയ്ക്ക് ചെരിഞ്ഞു. സാംസൺ സൈക്കിൾ പൊക്കാൻ കുനിഞ്ഞപ്പോഴേക്കും നിലത്തിരുന്നു പോയി. കുറച്ചു നേരം ഇങ്ങനെ ഇരിക്കാമെന്നു വിചാരിച്ചതും മതിലിനോട് ചേർന്നുള്ള ഓടയിലേക്ക് തലവെച്ച് സാംസൺ കിടന്നു.
ഒച്ചയിട്ട് ആർത്തുവിളിച്ചു നടന്ന പകലിനെ രാത്രി പറഞ്ഞയച്ചപ്പോഴും ബസ്റ്റാൻഡ് റോഡിൽ ഓടയ്ക്ക് തലവെച്ച് സാംസൺ കിടപ്പുണ്ടെന്ന് ദൈവം ആരോടും പറഞ്ഞില്ല. കുറേ ബസ്സുകൾ അങ്ങോട്ടുമിങ്ങോട്ടും പോയി. ഓട്ടോറിക്ഷകളും ബൈക്കുകളും സ്‌കൂട്ടറുകളും പോയി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീകൾ ബസ്സിറങ്ങിയും കയറിയും അയാളെ ചവിട്ടാതെ കവച്ചു വച്ച് നടന്നു പോയി. മുനിസിപ്പാലിറ്റിയുടെ എട്ടുമണി സൈറൺ കേട്ടാണ് സാംസൺ ഉണർന്നത്. കണ്ണ് തുറന്നപടി അയാൾക്ക് എഴുന്നേൽക്കാനൊന്നും പറ്റിയില്ല. എന്നാലും അടുത്തനിമിഷം അമ്മച്ചിയുടെ മരണവും ശവപ്പെട്ടിയും അയാളുടെ തലയിലേക്ക് വന്നു. മുഖത്തും മീശയിലും പറ്റിയ ഛർദ്ദിലിന്റെ തരികൾ തുടച്ചു കളഞ്ഞ് മുണ്ടു കുടഞ്ഞുടുത്ത് അയാൾ സൈക്കിളിൽ കയറിപ്പറ്റി. കുറച്ചൊന്ന് ഹാൻഡിൽ വെട്ടിയെങ്കിലും സൈക്കിൾ സാംസണ് വഴങ്ങി. ചവിട്ടി തള്ളുന്നതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ഇപ്പോൾ പഴയ വിറ അയാളെ തേടി വന്നു. ശവം മൂടിയ തുണിപോലെ ഒരു മേഘത്തിൽ മാത്രം നിലാവു കിടപ്പുണ്ട്. മരിച്ചിട്ടും തന്നെ കാത്തിരിക്കുന്ന അമ്മച്ചിയെ അയാൾ സങ്കൽപ്പിച്ചു. സങ്കൽപ്പത്തിൽ അടുക്കളയിലാണ് ആദ്യം കാത്തിരുന്നതെങ്കിലും പെട്ടെന്ന് മനസ്സിൽ തിരുത്ത് വന്നതുകൊണ്ട് അമ്മച്ചി കല്ലറയ്ക്ക് മുകളിലേയ്ക്ക് മാറി. അങ്ങനെ ചിന്തിച്ച ഉടനെ ആരോ പിടിച്ചു തിരിച്ചതുപോലെ പള്ളിവളവെത്തിയപ്പോൾ സാംസന്റെ സൈക്കിൾ അങ്ങോട്ട് തിരിഞ്ഞു. അടക്കിപ്പോൾ കഴിഞ്ഞുകാണുമെന്ന് സാംസണറിയാം. എന്നാലും അമ്മച്ചിയെ അടക്കിയ സ്ഥലം കണ്ടിട്ട് നാടുവിട്ടു പോകാനാണ് അയാൾ തീരുമാനിച്ചിരുന്നത്.
പള്ളിപ്പറമ്പിലേക്ക് സൈക്കിൾ കയറ്റി ഇരുട്ടത്ത് തപ്പി സ്റ്റാന്റിട്ട് അയാൾ കല്ലറകൾക്കിടയിലൂടെയും കുഴിമാടങ്ങൾക്കിടയിലൂടെയും നടന്നു. ഒരു കല്ലറയ്ക്കരികിൽ നിന്ന് മൂന്നുനാല് കൊള്ളിയുള്ള ഒരു തീപ്പെട്ടിയും തീരാറായ മെഴുകുതിരിയും കിട്ടി. അയാളത് കത്തിച്ചു. കുഴിമാടങ്ങൾക്കിടയിലൂടെ പലപാട് നടന്ന് അയാൾ പച്ചമണ്ണിളകിയ പുതിയ കുഴി കണ്ടെത്തി. കുറുക്കനേയോ പട്ടിയേയോ അനുസ്മരിപ്പിക്കുന്ന അയാളുടെ ഓരിയിടൽ കേട്ട് അവകൾ പേടിച്ച് കല്ലറകൾക്കിടയിൽ മറഞ്ഞുനിന്നു.
പഴയ ഗേറ്റിന്റെ ഓടാമ്പലെടുക്കുന്ന ശബ്ദം കേട്ടാണ് സാംസന്റെ പെങ്ങൾ ഭാരിച്ച തടിയുമായി ആയാസപ്പെട്ട് ഉമ്മറത്തിണ്ണയിൽ നിന്ന് എഴുന്നേറ്റത്. കുട്ടികൾ ഇറയത്തോ തിണ്ണയിലോ ഇരുന്ന് കെഴങ്ങും ചമ്മന്തിയും കഴിക്കുന്നുണ്ട്. അളിയൻ പറമ്പിലെവിടെയോ നിന്ന് പൂപ്പാറയിലേക്ക് വിളിച്ചു പണിക്കാരോട് റബർഷീറ്റിന്റെ കണക്കു പറയുന്നു. സാംസൺ സൈക്കിൾ സ്റ്റാൻഡിലിട്ട് കുനിഞ്ഞ തലയോടെ പെങ്ങളുടെ അടുത്തേക്ക് വന്നു. കെട്ടിപ്പിടിച്ച് കരയാനായി മുന്നോട്ടാഞ്ഞ സാംസണോട് പെങ്ങൾ പറഞ്ഞു.
"നീയൊന്നു നേരെ നിന്നേടാ'
സാംസൺ നേരെ നിന്നു. അങ്ങനെ നിന്നതും തേങ്ങാക്കൊല ഇടിഞ്ഞുവീണതുപോലെ പെങ്ങളുടെ കൈ സാംസന്റെ മോന്തയ്ക്ക് പതിച്ചതും ഒരുമിച്ചായിരുന്നു. കുട്ടികൾ പെട്ടെന്ന് നിശബ്ദരായി. അളിയൻ തൽക്കാലം ഫോൺ കട്ട് ചെയ്തു. എല്ലാവരും സാംസണെയും പെങ്ങളെയും നോക്കി.
പെങ്ങൾ: "ഷുഗർ കൊറഞ്ഞ് തളർന്നുപോയപ്പഴേക്കും അമ്മച്ചിയെ നീ താടീം തലേം തള്ളവെരലും കെട്ടി കൊന്നല്ലേടാ'
സാംസൺ കുറച്ചുനേരം ആ നിൽപ്പ് നിന്നു. അളിയനും കുട്ടികളും വീണ്ടും അവർ ചെയ്തിരുന്ന കാര്യങ്ങളിലേക്ക് മടങ്ങി. പൂ പോലത്തെ കെഴങ്ങും ചമ്മന്തിയുമായി അകത്തു നിന്ന് വന്ന അമ്മച്ചി അത് കുട്ടികളുടെ പാത്രത്തിലേക്ക് വെളമ്പിക്കൊണ്ട് പറഞ്ഞു.
"നീ പോയി കുളിച്ചു വാ.. കെഴങ്ങും ചമ്മന്തീം കഴിക്കാ'
സാംസൺ ഒരു ധൈര്യത്തിന് അളിയനോട് "അളിയൻ കുളിച്ചതാണോ'യെന്ന് ചോദിച്ചു. അളിയൻ "അതെ'യെന്ന് തലയാട്ടി. "തോർത്ത് അവിടെയുണ്ടല്ലോ'യെന്ന് പെങ്ങളോട് ചോദിച്ചു. അവളൊന്നു നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല. ദീർഘമായി ഒന്ന് കുളിച്ച് സാംസൺ കുളിമുറിയിൽ നിന്നിറങ്ങി ഒന്നരയെ വിളിച്ചു.
സാംസൺ: "ഡാ മൈരേ.. എന്റമ്മച്ചി മരിച്ചു പോയെന്ന് നീയല്ലേടാ പറഞ്ഞത്?'
ഒന്നര: "ഡാ സാംസേ.. അതിനിപ്പോ സന്തോഷിക്കല്ലേ വേണ്ടത്. ദൈവത്തിന്റെ ചെല സയൻസ് നമ്മക്കറിയില്ല. ചെലപ്പോ ആ നേരത്ത് മരിച്ചിട്ടൊണ്ടാകും. നിന്റെയൊരു ഉൾവെളിവു കൊണ്ട് ദൈവം അമ്മച്ചിയെ തിരിച്ചു പറഞ്ഞയച്ചതാണെങ്കിലോ. നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയില്ലേ. നാളെ നമ്മക്കൊന്ന് ശരിക്കും തകർക്കണം. നീയൊരു ഫുള്ള് മേടിക്ക്'
ഒരു പുഴുത്ത തെറി കൂടി പറഞ്ഞ് സാംസൺ ഫോൺ കട്ട് ചെയ്തു. അമ്മച്ചി ഒരു പാത്രത്തിൽ കെഴങ്ങും ചമ്മന്തിയുമായി വന്ന് അത് ടേബിളിൽ വച്ചു. അഴുക്കുപിടിച്ച അമ്മച്ചിയുടെ കയ്യിൽ നോക്കിക്കൊണ്ട് അയാൾ ചോദിച്ചു.
"പപ്പടമില്ലേ അമ്മച്ചി'
പപ്പടമെടുക്കാൻ അടുക്കളയിലേക്ക് പോയ അമ്മച്ചിയുടെ മുണ്ടിന്റെ ഞൊറിവാലിൽ ജനലിലൂടെ വന്ന നിലാവ് തട്ടിത്തകരുന്നത് അയാൾ നോക്കിയിരുന്നു.▮
ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 27-ൽ പ്രസിദ്ധീകരിച്ചത്.