ഒരു മിഠായി*-യുടെ പരസ്യമായിരുന്നുവെങ്കിലും അത് കണ്ടനാൾ തൊട്ട് അയാൾ അപമാനിക്കപ്പെട്ട ഒരാളായി മാറിയിരുന്നു.
കുറേക്കാലം മുമ്പാണ് ചവച്ച് വീർപ്പിക്കുന്ന ച്യൂയിംഗ് ഗമ്മിന്റെ പരസ്യം അയാൾ കണ്ടത്.
ഒരു ച്യൂയിംഗ് ഗം വാങ്ങിക്കുമ്പോൾ ഇത്ര ബോറായ ഒരു പരസ്യം കൂടി വാങ്ങണോ എന്നയാൾ ചിന്തിച്ചു. ഇങ്ങനെയാണെങ്കിൽ പട്ടാളത്തിൽ ആജ്ഞകളനുസരിക്കുന്ന "ഓർഡർലി'യും ബാങ്കിലെ സെക്യൂരിറ്റിയും തമ്മിലെന്ത് വ്യത്യാസം?
രവി എന്നായിരുന്നു അയാളുടെ പേര്.
പട്ടാളത്തിൽ നിന്ന് നേരത്തെ പിരിഞ്ഞുപോന്ന ഒരാൾ.
പഴയ സങ്കൽപ്പത്തിലും വരയിലുമെല്ലാമുള്ള പട്ടാളക്കാരെപ്പോലെ അയാൾക്കും കൊമ്പൻ മീശയുണ്ടായിരുന്നു. നല്ല പൊക്കവും തടിയുമുണ്ടായിരുന്നു.
യൗവ്വനത്തിന്റെ മധ്യത്തിൽ പിരിഞ്ഞുപോന്നതുകൊണ്ടാകണം അയാൾക്ക് ആ ബാങ്കിൽ സെക്യൂരിറ്റിയായി ജോലി കിട്ടിയത്. കൂടെ ഒരു ഇരട്ടക്കുഴൽ തോക്കും. പട്ടാളത്തിലുണ്ടായിരുന്നപ്പോൾ ചെയ്തിരുന്നത് പോലെത്തന്നെ തോക്ക് ദിവസവും പൊടി തുടച്ചു മിനുക്കാൻ മാത്രമേ രവിക്ക് കഴിഞ്ഞിരുന്നുള്ളൂ. ഒരു തമാശയ്ക്ക് പോലും ഉന്നം പിടിക്കാൻ പറ്റാത്തതിൽ അയാൾക്ക് കഠിനമായ ദുഃഖവുമുണ്ടായിരുന്നു.
ഇങ്ങനെയെല്ലാം സങ്കടപ്പെട്ടും വിചാരപ്പെട്ടും കാലം തീർക്കുന്നതിനിടയിലാണ് രവി ആ നശിച്ച പരസ്യം കണ്ടത്. ബാങ്കിനുള്ളിൽ എല്ലാവരെയും തോക്കിൻകുഴലിൽ നിർത്തി കൗണ്ടറിൽ നിന്ന് പണം മുഴുവൻ ചാക്കിലാക്കി കടന്നുപോകുന്ന കള്ളനെ പിടിച്ചുകെട്ടാൻ ബാങ്ക് ജീവനക്കാരി സെക്യൂരിറ്റിയെ വിളിക്കുന്നു. സെക്യൂരിറ്റീയെന്നുള്ള നീണ്ട വിളിയിൽ കള്ളൻ തന്നെ തിരികെ വന്ന് "ജീ' മാഡമെന്ന് സല്യൂട്ടടിക്കുന്നു.‘ജീ മാഡം'
അയാൾ പുച്ഛത്തോടെ ദിവസവും പലതവണ അങ്ങനെ ഉരുവിടാറുണ്ട്. അല്ലാതെയും. ബാങ്കിലെ കൗണ്ടറിന് തൊട്ടിപ്പുറത്തിരുന്ന് ഏതുനേരവും സെക്യൂരിറ്റി... സെക്യൂരിറ്റീയെന്ന് നിലവിളിക്കുന്ന തടിച്ചിയുടെ മുമ്പിലും അയാൾക്കത് പറയേണ്ടിവരാറുണ്ട്. മിഠായിയുടെ പരസ്യത്തിന്റെ തുടക്കം അയാൾക്കിഷ്ടമായിരുന്നു.
"ചുപ് ചുപ് സാരാ പൈസേ ഇസ് ബാഗ് മേ ബർദോ'*
കള്ളൻ കടലാസിൽ അങ്ങനെ എഴുതിക്കൊടുത്തപ്പോൾ കൗണ്ടറിലിരിക്കുന്ന കെളവൻ ആത്മവിശ്വാസത്തോടെ "പീഛേ അക്കൗണ്ട് നമ്പർ ലിഖോ'* എന്ന് പറയുന്നു. അത് കേൾക്കുമ്പോൾ അയാൾക്കുതന്നെ തോക്കെടുക്കാൻ തോന്നിയിരുന്നു.
പരസ്യത്തിലെ കെളവന്റെ ആത്മവിശ്വാസത്തിൽ അയാൾക്ക് തീരെ താത്പര്യമില്ലായിരുന്നു. പന്നക്കെളവൻ കാളയുടെ കഷണ്ടിത്തല വെടിവെച്ച് ചിതറിക്കണമെന്ന് അയാൾ പലപ്പോഴും വിചാരിച്ചിരുന്നു. അതുപോലെ തടിച്ചിയുടെ അണ്ണാക്കിനുള്ളിലേക്ക് തോക്കിൻ കുഴലിറക്കണമെന്നും. എത്ര പരിഹാസത്തോടെയാണ് ഒരു സെക്യൂരിറ്റിയുടെ കരുത്തിനെക്കുറിച്ച് ഇവരൊക്കെ വിചാരിച്ചു വച്ചിരിക്കുന്നത്? പെരുച്ചാഴിയുടെ മുരൾച്ച പോലെയുള്ള ഒച്ചയും കോമാളിയുടെ ചലനങ്ങളും അയാൾക്ക് ആ പരസ്യത്തിൽ വരെ കൽപ്പിച്ചു കൊടുത്തിരിക്കുന്നു. അതിന്റെ സംവിധായകനെ കിട്ടിയാലും വെടിവെച്ച് കൊല്ലണമെന്ന് രവി ആലോചിച്ചിരുന്നു.
ഒരു സെക്യൂരിറ്റിയുടെ ബലത്തെക്കുറിച്ചും കഴിവിനെക്കുറിച്ചും ഇവറ്റകൾക്കെന്തറിയാം?
ഒന്നുമറിയാത്തതു കൊണ്ടാണല്ലോ ചവച്ച് വീർപ്പിച്ച് വായിലിട്ട് പല കോണുകളിലേക്കും വലിച്ചു നീട്ടി കുമിളയുണ്ടാക്കി തന്നെയും ഇവർ പൊട്ടിച്ചു കളയുന്നത്. ച്യൂയിംഗ് ഗം വീർപ്പിച്ച് പൊട്ടിക്കുന്ന ശബ്ദം മാത്രമേ ഈ കഴുതകൾ കേട്ടിട്ടുള്ളൂ. ഒരു ഇരട്ടക്കുഴൽ തോക്ക് ശബ്ദിച്ചാലെങ്ങനെയുണ്ടാകുമെന്ന് ഈ നശിച്ചവർക്കറിയില്ല.
എങ്കിലും അനുദിനം ച്യൂയിംഗ് ഗം പോലെ താൻ ബാങ്കിലിട്ട് ചവയ്ക്കപ്പെട്ടു കൊണ്ടിരിക്കയാണെന്നും കൗണ്ടറുകളിലേക്കും ചില്ലുകൂടുകളിലേക്കും അദൃശ്യമായ പല്ലുകളിലരഞ്ഞ് വലിച്ചുനീട്ടപ്പെടുകയാണെന്നും ആ നേരിയ ഒച്ചയുടെ ആനന്ദത്തിന് വേണ്ടി മാത്രം തന്നെയവർ വീർപ്പിച്ച് പൊട്ടിക്കുകയാണെന്നും അയാൾ വിചാരിച്ചു കൊണ്ടിരുന്നു.
മാനേജരുടെ കൂടിനുള്ളിലേക്ക് നോക്കി ഏതുനേരവുമയാൾ ഇരട്ടക്കുഴൽ തോക്കിൽ അമർത്തിപ്പിടിച്ചു. മരത്തിന്റെ മുകളിലിരുന്ന് താഴേക്ക് നോക്കുന്ന മൂങ്ങയെപ്പോലെ മാനേജർ ഇടയ്ക്കിടെ തന്നെ നോക്കുന്നുണ്ടെന്ന് രവി വിചാരിച്ചു.
കൂടിനുള്ളിലേക്ക് വിളിപ്പിച്ചുകൊണ്ട് കൂടെക്കൂടെ മാനേജരയാളോട് പറയും: ‘എപ്പോഴും ജാഗ്രത പാലിക്കണം. നിങ്ങളുടെ കയ്യിൽ തോക്കുള്ളതുകൊണ്ടാണ് ഞങ്ങളിവിടെ സമാധാനത്തോടെയിരിക്കുന്നത്. പിന്നെ. മറ്റൊരു പ്രധാന കാര്യം. ഇതൊരു ബാങ്കാണ്. വരുന്ന ഇടപാടുകാരോട് എപ്പോഴും കൂളായിരിക്കണം, നമ്മുടെ കയ്യിൽ ആയുധമുണ്ടെന്ന് അവർക്ക് തോന്നരുത്.'
ഈ മൂങ്ങ തന്നെ പരിഹസിക്കുകയാണെന്ന് അപ്പോഴൊക്കെ അയാൾ വിചാരിച്ചു. ഇത്ര പൊക്കവും തടിയും മീശയുമുണ്ടായിട്ടും ഇരട്ടക്കുഴലുള്ള തോക്ക് കയ്യിലുണ്ടായിട്ടും വളരെ കൂളായി എല്ലാവരോടും പെരുമാറണമെന്നാണ് ഈ കഴുത പറയുന്നത്. എത്ര കാലമായി ഈ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട്? പട്ടാളത്തിലായിരുന്നപ്പോൾ വെറുതെ എല്ലാ ദിവസവും തോക്കിന്റെ ഭാരം നോക്കാനും തുടയ്ക്കാനും മിനുക്കാനും അതെടുക്കാമെന്നല്ലാതെ ഒരു പ്രയോജനവുമുണ്ടായിട്ടില്ല. വരച്ചടയാളപ്പെടുത്തിയ വട്ടത്തിനുള്ളിലേക്കോ ആകാശത്തേക്കോ ശൂന്യതയിലേക്കോ അല്ലാതെ ഇന്നുവരെയും വെടിവെയ്ക്കാൻ സാധിച്ചിട്ടില്ല.
മിക്ക പട്ടാളക്കാർക്കും വീരസാഹസിക കഥകളുണ്ട്. പലയിടത്തും തോക്കുമായി കാവൽനിന്നിട്ടുണ്ട്. നിയമമനുസരിക്കാത്തവരെ തേടി കൂട്ടത്തോടെ കാടുകളിലോ പർവ്വതങ്ങളിലെ മഞ്ഞിലോ സഞ്ചരിച്ചിട്ടുണ്ട്. ഇവയൊഴിച്ചാൽ ഒരു പട്ടാളക്കാരന് ചേരുന്ന തരത്തിൽ ഒരു വെടി പോലും വെക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. പട്ടാളക്കാരനായത് കൊണ്ട് മാത്രം ക്ഷൗരം ചെയ്യുന്നിടത്തു നിന്നോ, ഭോജനശാലകളിൽ നിന്നോ അയാളെക്കാണുമ്പോൾ ആളുകൾ നീങ്ങിയിരുന്നു. എല്ലാ പട്ടാളക്കാരെയും പോലെ അയാളുടെ കയ്യിലും ഏതെങ്കിലുമൊരു വർഷം സൂചിപ്പിച്ചുകൊണ്ടു തുടങ്ങുന്ന മണ്ടൻ കഥകളുണ്ടാവുമെന്ന് ആളുകൾ വിചാരിച്ചു. അങ്ങനെ എഴുന്നേറ്റ് പോകുന്നവരോട് അയാൾ മനസ്സിൽ പറഞ്ഞു.
" എടാ കഴുതകളേ.. ഒരു വെടി പോലും വയ്ക്കാത്ത പട്ടാളക്കാരനാണ് ഞാൻ. എന്റെ കയ്യിൽ ഒരു വീരസാഹസകഥ പോലുമില്ല.'
ഈയടുത്തകാലത്ത് കൗണ്ടറിന് തൊട്ടപ്പുറത്തിരിക്കുന്ന തടിച്ചി അയാളെ പതിവ് പോലെ അരികിലേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു.
"നിങ്ങളുടെ മീശ ഇത്ര വേണ്ടെന്നാണ് ബാങ്കിലുള്ളവരുടെ പൊതുവായ അഭിപ്രായം. ഇടപാടുകാരോട് കൂളാകുന്നതിന്റെ ഭാഗമായി ഇനിമുതലത് മേലോട്ട് പിരിച്ചുവയ്ക്കണ്ട. നിങ്ങൾക്കുള്ള നോട്ടീസ് തയ്യാറാക്കുന്നതിന് മുമ്പ് കാര്യമറിയിക്കാൻ മാനേജർ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾക്കത് സ്വീകാര്യമല്ലെങ്കിൽ കാരണം കാണിച്ചുകൊണ്ട് ഒരു കത്ത് നിങ്ങൾ തരേണ്ടിവരും.'
"ജീ മാഡം'
അയാൾ എപ്പോഴും പറയുന്നത് പോലെത്തന്നെ പറഞ്ഞു. പക്ഷേ, പെട്ടെന്ന് പരസ്യത്തിലെ സെക്യൂരിറ്റിയുടെ "പെരുച്ചാഴിയൊച്ച' പോലെ തന്റെ ശബ്ദം മാറിപ്പോയതായി അയാൾക്ക് തോന്നി.
"സെക്യൂരിറ്റീ.. സെക്യുരിറ്റീ..'യെന്ന് തടിച്ചി അലറിയപ്പോൾ അങ്ങോട്ടോടിയത് ആ പരസ്യത്തിലെ കോമാളി സെക്യൂരിറ്റിയെപ്പോലെയായിരുന്നുവെന്ന് അയാൾക്ക് തോന്നി. അപ്പോഴേക്കും തടിച്ചിയുടെ അടുത്ത പരിഹാസം വന്നു.
"അല്ല, നിങ്ങൾ എല്ലാം നോക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. ഈ തോക്കും നിങ്ങളുമില്ലെങ്കിൽ ഞങ്ങൾക്കിവിടെ സമാധാനത്തോടെ ജോലി ചെയ്യാൻ കഴിയില്ല.'
മൂങ്ങയും തടിച്ചിയും പലവിധ ചില്ലുകൂടുകളിലിരിക്കുന്നവരും മേശകൾക്ക് പിറികിലിരിക്കുന്നവരുമൊക്കെ താനും ഈ തോക്കുമുള്ളത് കൊണ്ടാണത്രേ ഇവിടെ സമാധാനത്തോടെയിരിക്കുന്നത്.
എന്തൊരപമാനമാണിത്?
ഈ കണ്ട കാലത്തിനിടയ്ക്ക് ബാങ്കിനുള്ളിൽ വെറുതെ തോക്കുയർത്താൻ പോലും അവസരമുണ്ടായിട്ടില്ല. എന്നും വെളുപ്പാൻകാലമാകുമ്പോൾ അയാൾ ബാങ്കിനുള്ളിലേക്ക് ഇരച്ചുകയറുന്ന കള്ളന്മാരെ സ്വപ്‌നം കണ്ടിരുന്നു. പണത്തിന്റെ ശേഖരമത്രയും ചാക്കിൽ നിറച്ച് അവർ പോകാൻ തുടങ്ങുമ്പോഴാണ് അയാൾ തന്റെ ഇരട്ടക്കുഴൽ തോക്കുയർത്തി ഗബ്ബർസിംഗിനെ അനുകരിച്ച് വെടിവെക്കുക. പക്ഷേ, മീശയില്ലാതെ സ്വപ്‌നത്തിലായാലും എങ്ങനെ വെടിവെയ്ക്കും.
വെടിയുണ്ട പുറപ്പെടുന്ന ആഘാതത്തിൽ കൈകൾക്കും തോളിനുമൊപ്പം മീശത്തുമ്പ് കൂടി ഇളകണം. വെടിയുണ്ടയുടെ പാച്ചിലിനുള്ള സമ്മതപത്രമാണ് മീശയുടെ ആ ഇളക്കം. മീശയിളകാതെ എങ്ങനെയാണ് വെടിയുണ്ട കൃത്യമായി ചെന്നുകൊള്ളുക?
അന്നുതന്നെ മൂങ്ങ ചില്ലുകൂടിനുള്ളിൽ നിന്ന് ഇറങ്ങിവന്ന് അയാളോടൊന്ന് കൂടി പറഞ്ഞു. "രവി നമ്മുടെ ബാങ്ക് പഴയതിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ഇടപാടുകൾ നടത്തുന്നുണ്ട്. നിങ്ങൾ ജാഗ്രതയോടെയിരിക്കണം. ഒപ്പം കൂളാവുകയും വേണം.'
ഇനി കൂളെന്ന വാക്ക് മൂങ്ങ ശബ്ദിക്കുന്ന ദിവസം തന്റെ വിധം മാറുമെന്ന് ചിന്തിച്ചുറപ്പിച്ചു കൊണ്ടാണ് അയാൾ മീശയെ കൂളാക്കാൻ ക്ഷുരകന്റെ മുമ്പിലിരുന്നത്. പിരിച്ചുവെച്ച കൊമ്പൻമീശയ്ക്ക് മുമ്പിൽ പകച്ചുപോകുന്ന ഒരാളല്ലായിരുന്നു ആ ക്ഷുരകൻ. എങ്കിലും ഒരു പട്ടാളക്കാരന്റെ മീശയെ എങ്ങനെയാണ് നേരിടേണ്ടതെന്ന് അയാൾ കുഴങ്ങി. ചോദ്യരൂപേണ രവിയെ നോക്കിയ ക്ഷുരകനോട് അയാൾ പറഞ്ഞു.
"ഒട്ടും കൂളാവരുത്'
ക്ഷുരകൻ പ്രതിസന്ധിയിലായി. മീശയുടെ പിരിച്ചുവെച്ച തുമ്പ് മുറിച്ചാൽ സ്വാഭാവികമായും പട്ടാളക്കാരൻ കൂളാകും അതാണെങ്കിൽ മുറിക്കുകയും വേണം. രോമങ്ങളെ അയാൾ ചീർപ്പ് കൊണ്ട് പലവിധത്തിൽ ചുഴറ്റിനോക്കി. ചില പൊടിക്കൈകൾ കാണിച്ച് പ്രത്യേകരീതിയിൽ മീശ ചീകിവെച്ച് അയാൾ പട്ടാളക്കാരനെ കണ്ണാടി കാണിച്ചു.
പക്ഷേ, അടുത്തിടെ കണ്ട സിനിമയിലെ തമാശക്കാരനെ അയാൾക്കോർമ്മവന്നു. തമാശക്കാരെയാണെങ്കിൽ അയാൾക്ക് ഇഷ്ടവുമല്ല. മീശ കനംകുറച്ച് നേരിയതാക്കിയാൽ ഒരു രാജ്യത്തെ മുഴുവൻ വെട്ടിയൊതുക്കിയതുപോലെയാകും. അടിയിലോട്ട് വകഞ്ഞുവെച്ചാൽ പഴയ ഗുമസ്തന്മാരെപ്പോലെയും. ഏത് നേരവും കണ്ണട വെച്ച് കടലാസിലേക്കോ യന്ത്രത്തിലേക്കോ മുഖം പൂഴ്ത്തി താഴേക്ക് വകഞ്ഞുവെച്ച മീശയോടെ ഒരു ഗുമസ്തൻ ബാങ്കിലുമുണ്ടായിരുന്നു.
""ഇത് മുഴുവൻ എടുത്താലെങ്ങനെയുണ്ടാകും?''
ക്ഷുരകന്റെ ചോദ്യം അർഹിക്കുന്ന പുച്ഛത്തോടെ ചിരിച്ചു തള്ളിക്കൊണ്ട് പട്ടാളക്കാരനായ രവി പറഞ്ഞു.
""പട്ടാളത്തിലായിരുന്നപ്പോൾ എന്റെ ഇടതുവശത്തായിരുന്നു ശത്രുരാജ്യത്തിന്റെ അതിർത്തി. വലതുവശത്ത് നമ്മുടെ രാജ്യവും. എന്റെ മീശയുടെ രണ്ടുകരകളെ ഞാൻ ശത്രുരാജ്യമായും നമ്മുടെ രാജ്യമായും സങ്കൽപ്പിച്ചിരുന്നു. ഇടത് അവർ. വലത് നമ്മൾ. അതുകൊണ്ട് മീശയുടെ രണ്ട് കരകളും അവിടെത്തന്നെ വേണം. എങ്കിലേ ഒരു പട്ടാളക്കാരനുള്ളത് കൊണ്ട് കാര്യമുള്ളൂ.. ''
ക്ഷുരകൻ വീണ്ടും കുഴപ്പത്തിലായി.
"എന്തുകൊണ്ടാണ് നിങ്ങൾ മുഖത്ത് നിന്ന് ഗൗരവം ചോർന്നുപോകരുതെന്ന് നിർബന്ധം പിടിക്കുന്നത്?. നോക്കൂ... നിങ്ങളുടെ കൈയിൽ തോക്കുള്ളത് കൊണ്ടാണോ? എങ്കിൽ നല്ല മൂർച്ചയുള്ള കത്തി എന്റെ കൈയിലുമുണ്ട്. പക്ഷേ, ഞങ്ങളാവട്ടെ കഥകൾ പറഞ്ഞും വിവരങ്ങൾ കൈമാറിയും ആളുകളെ ശ്രദ്ധാലുക്കളാക്കുന്നു. നോക്കൂ.. ഈ പത്രവും ടി വിയും വരുന്നതിന് മുമ്പ് പല വിവരങ്ങളും ആളുകൾ അറിഞ്ഞിരുന്നത് ഞങ്ങൾ വഴിയാണ്.'
പട്ടാളക്കാരൻ ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു...""കഥകൾ... നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് നിങ്ങളോരോ കഥകളുണ്ടാക്കുന്നു. പിന്നെ, വിവരങ്ങൾ കൈമാറുന്ന കാര്യം.. അതും നിങ്ങളുടെ ഭാവന കൊണ്ട് നിങ്ങൾ വലുതാക്കുന്നുണ്ട്. എനിക്ക് ഭാവന ഇഷ്ടമല്ല. ഒരു പട്ടാളക്കാരൻ ചോര ചിന്തുന്നത് "മൈര്' വടിച്ചിട്ടല്ല, വെടി വെച്ചാണ്.''
ശേഷം മാനേജരുടെ ചില്ലുകൂട്ടിൽ നിന്നുള്ള ഇറങ്ങിവരവും ഇന്നുവരെ ആരും മര്യാദക്കൊന്ന് തുമ്മിയിട്ട് പോലുമില്ലാത്ത ആ ബാങ്കിൽ താനും തന്റെ തോക്കും ഉള്ളതുകൊണ്ടാണ് സമാധാനം പുലരുതെന്ന നുണയും ഏറ്റവും അവസാനം കൂളാവാനുള്ള ഉപദേശവുമെല്ലാം അയാൾ അതേപടി ക്ഷുരകനെ ധരിപ്പിച്ചു. ഏറെനേരം ആലോചിച്ചിരുന്ന ശേഷം ക്ഷുരകൻ പറഞ്ഞു.
"ഈ മാനേജരുടെ മുതുമുത്തച്ഛൻ ഒരു രാജാവോ പ്രഭുവോ ആയിരുന്നിരിക്കണം. ഏത് നേരവും ശത്രുരാജ്യമോ തൊഴിലാളി വർഗ്ഗമോ ആക്രമിക്കുമെന്ന് ഭയന്നിരുന്ന ഒരാൾ.'
അതുപറയുമ്പോൾ വിപ്ലവത്തെക്കുറിച്ചുള്ള ആശയിൽ അയാളുടെ ഞരമ്പുകൾ എഴുന്നു. പട്ടാളക്കാരനായ രവി മറ്റൊരു ചിന്തയിലായിരുന്നു. യഥാർത്ഥത്തിൽ ബാങ്കിൽ വന്ന ഇടപാടുകാർക്കിടയിൽ വലിയൊരു ഇടപാടുകാരന്റെ കുട്ടി തന്റെ മീശ കണ്ട് കരഞ്ഞതും ബാങ്കുമായി ഇടപാട് നടത്താതെ അയാൾ ഇറങ്ങിപ്പോയതുമായിരുന്നു തടിച്ചിയും മാനേജരും അയാളുടെ മീശ മുറിക്കാൻ പറഞ്ഞതിന്റെ യഥാർത്ഥ കാരണം. എന്തൊരു നാണക്കേടാണ്? കേവലം ഒരു കുട്ടി മാത്രമാണ് അയാളുടെ മീശ കണ്ട് ഇതുവരെ ഭയന്നിട്ടുള്ളത്?
ഏതായാലും ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ക്ഷുരകൻ പട്ടാളക്കാരന്റെ മീശ മുറിച്ച് ഒരുവിധത്തിൽ പരുവപ്പെടുത്തിക്കൊണ്ട് ഒരു ഡോക്ടറെപ്പോലെ പറഞ്ഞു.
"മുകളിലോട്ട് പിരിച്ചു വെച്ച മീശത്തുമ്പ് വെട്ടിക്കളയേണ്ടി വന്നെങ്കിലും ഇതിൽ ഞാനൊരു വേല ചെയ്തിട്ടുണ്ട്.'
പട്ടാളക്കാരൻ ക്ഷുരകനെ എന്താണ് കാര്യമെന്നറിയാൻ നോക്കി. തന്റെ ചുവന്ന തൂവാല ഒന്നുകൂടി തലയിൽ നിന്നഴിച്ച് കെട്ടിക്കൊണ്ട് അയാൾ പറഞ്ഞു. ""ഗൗരവമുണ്ടെന്ന ഭാവം ഞാൻ നിങ്ങളുടെ മുഖത്ത് പണിതുവെച്ചിട്ടുണ്ട്. ഇല്ലാത്ത ചില ഭാവങ്ങൾ ഒരാളുടെ മുഖത്തുണ്ടെന്ന് മറ്റുള്ളവർക്ക് തോന്നുന്ന രീതിയിൽ പണിയെടുക്കാൻ ഞങ്ങളെപ്പോലയുള്ളവർക്കേ കഴിയൂ. പിന്നെ, അതിനും ഞാൻ ഭാവന തന്നെയാണ് ഉപയോഗിച്ചത്.. കേട്ടോ..''
ഏതായാലും അടുത്തദിവസം ക്ഷുരകൻ മുഖത്തുവെച്ചു കൊടുത്ത ഗൗരവഭാവവുമായി പതിവുപോലെ തന്റെ ഇരട്ടക്കുഴൽ തോക്കിന്റെ പാത്തിയിൽ താളമിട്ടുകൊണ്ട് പട്ടാളക്കാരനായ രവി നിന്നു. അയാളെ കടന്നുകൊണ്ട് ചെമ്മണ്ണിന്റെ നിറവും ഏതോ കാലത്തിൽ നിന്ന് ഉറവയെടുക്കുന്ന രണ്ട് കണ്ണുകളും ഒട്ടിയ കവിളുകളും കറുത്തുമെല്ലിച്ച ശരീരവുമായി ഒരു വയസ്സൻ ബാങ്കിനുള്ളിലേക്ക് വന്നു. ആഴ്ചയിലൊരിക്കലുള്ള സന്ദർശകനെന്ന നിലയിൽ അയാളെ ബാങ്കിലെല്ലാവർക്കും അറിയാമായിരുന്നു. വന്നപാടെ പതിവുപോലെ അയാൾ മാനേജറുടെ കൂട്ടിലേക്ക് കയറി.
"യജമാനനേ'
പതിവുപോലെ അയാൾ മാനേജരെ വിളിച്ചു. മാനേജർ മുഖമുയർത്താതെ തന്നെ അയാളോട് പറഞ്ഞു.
"നിങ്ങൾക്ക് ആ ഭൂമിയിലിനി കൃഷി തുടരണമെങ്കിൽ ഞങ്ങളുടെ അനുവാദം വേണം. അതിന് നിങ്ങൾ ഞങ്ങൾക്ക് തരാനുള്ള പണം തന്നുതീർക്കണം.'
"യജമാനനേ,' വൃദ്ധൻ ഒന്നുകൂടി ദൈന്യതയോടെ വിളിച്ചു. " അങ്ങേയ്ക്കറിയാമല്ലോ ഒരു തുള്ളി മഴപെയ്യാതെ ഞങ്ങളുടെ വിളവുകളെല്ലാം കരിഞ്ഞത്. പാടങ്ങൾ വിണ്ടുണങ്ങിയത്. ഞങ്ങളുടെ ചന്തകളെല്ലാം വരണ്ടത്. ഞങ്ങളുടെ പെണ്ണുങ്ങൾ വ്യഭിചാരത്തിനിറങ്ങിയത്. കുഞ്ഞുങ്ങൾ വിശന്നുചത്തത്..'
""അത് ആദ്യത്തെ തവണ.. രണ്ടാമത്തെ തവണയോ? രണ്ടാമത്തെ പ്രാവശ്യം നല്ല മഴ പെയ്തിരുന്നല്ലോ''
യജമാനനേ.. അപ്പോഴും അങ്ങ് അറിഞ്ഞതല്ലേ.. പാകമായ ഞങ്ങളുടെ വിളകൾ മുങ്ങിപ്പോയത്. ഞങ്ങളുടെ കിടപ്പാടങ്ങളെല്ലാം വെള്ളമെടുത്തു കൊണ്ടുപോയത്. ഞങ്ങളുടെ ഭക്ഷണപാത്രങ്ങൾ ഒഴുകിപ്പോയത്? ഞങ്ങളുടെ പെണ്ണുങ്ങൾ വ്യഭിചാരത്തിനിറങ്ങിയത്? കുഞ്ഞുങ്ങൾ വിശന്നു ചത്തത്..?
മാനേജർ ചെറിയൊരു പരിഹാസത്തോടെയെന്ന വണ്ണം വയസ്സനോട് ചോദിച്ചു. "നിങ്ങളുടെ യുവാക്കളോ? അവരാരും ജീവിച്ചിരിപ്പില്ലേ...'
വയസ്സന്റെ കൺതടങ്ങളിൽ നിന്ന് അഗാധമായ വേദനയും ഒപ്പം അഭിമാനവും ഇറങ്ങി വന്നു. ക്ഷീണത്തിലെങ്കിലും ദൃഢതയോടെ അയാൾ പറഞ്ഞു.
""അവരെല്ലാം എത്രയോ കാലമായി ജയിലുകളിലാണ്.''
മാനേജർ അൽപ്പനേരം ആലോചിച്ചതിനുശേഷം എഴുന്നേറ്റ് പോയി അലമാരയിൽ നിന്ന് ഒരു കടലാസെടുത്തു കൊണ്ട് വന്ന വയസ്സന് മുമ്പിൽ തുറന്നു. വരിതെറ്റാതെയുള്ള എഴുത്തിനിടയിൽ നിന്ന് നമ്പരിട്ട ഒരു വാചകം ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു.
"നിങ്ങൾക്കിത് മനസ്സിലാവില്ലെന്നെനിക്കറിയാം. എങ്കിലും ഞാൻ പറയാം. കാറ്റോ മഴയോ ഇടിമിന്നലോ പേമാരിയോ വരൾച്ചയോ അയക്കുന്നത് ബാങ്കല്ല. ദൈവമാണ്. ദൈവം. അതുകൊണ്ട് അതിലൊന്നും നമ്മുടെ ഇടപാട് സ്ഥാപനത്തിനുത്തരവാദിത്വമില്ലെന്ന് എഴുതിച്ചേർത്തതിന് താഴെ താങ്കളുടെ തള്ളവിരലിന്റെ അടയാളം പതിപ്പിച്ചിട്ടുണ്ട്.'
വയസ്സൻ തന്റെ തള്ളവിരലിന്റെ അടയാളത്തിലേക്കുറ്റു നോക്കി. ഉണങ്ങിപ്പോയ മഷിയിൽ തന്നെ പ്രതിനിധീകരിക്കുന്ന ആകെയുള്ള തന്റെ അടയാളം. ജീവിതം മാഞ്ഞും മരവിച്ചും തൊലിയടർന്നും പൊള്ളിയും തന്നെ മുഴുവനായും ഒപ്പിവച്ച ഉണങ്ങിയ അടയാളം. അയാൾ മടിയിൽ നിന്ന് മുഷിഞ്ഞുപറിഞ്ഞ ഒരു കടലാസുപൊതിയെടുത്തു. ദുർബ്ബലമായ ഏതോ വള്ളി കൊണ്ട് ചുറ്റിയിരുന്നു ആ പൊതി. അത് തുറന്ന് പൊടിഞ്ഞു തുച്ഛമായ കുറച്ച് നോട്ടുകളെടുത്ത് മാനേജരുടെ മേശപ്പുറത്ത് വച്ചു. എന്നിട്ട് കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
"" യജമാനനേ.. എന്റെ മകനെ മറവ് ചെയ്തത്. ആ മണ്ണിലാണ്. എന്റെ അച്ഛനെയും, ആ ഭൂമി എനിക്ക് വിട്ടുതരണം.''
ഒരു നിസ്സംഗതയോടെയാണ് മാനേജരത് ശ്രദ്ധിച്ചത്. പക്ഷേ, അൽപ്പനിമിഷം കൊണ്ട് അയാളുടെ ഭാവംമാറി. അട്ടഹസിച്ചുകൊണ്ട് അയാൾ ആ നോട്ടുകളുമായി ചില്ലുകൂടിന് പുറത്തിറങ്ങി. ക്ഷണനേരം കൊണ്ട് ബാങ്ക് മുഴുവൻ സ്തംഭിച്ചു. ബാങ്കിലുള്ളവരെല്ലാം മാനേജരുടെ ചുറ്റുംകൂടി. എല്ലാവരോടുമായി മാനേജർ പറഞ്ഞു.
""നമ്മുടെ നാട്ടിൽ നിലവിലില്ലാത്ത നോട്ടുകളുമായി നടക്കുന്നു ഈ നശിച്ച കെളവൻ. നിരോധിക്കപ്പെട്ടാൽ നോട്ടായാലും മനുഷ്യനായാലും ഒരുപോലെയാണെന്ന് ഇയാൾക്കറിയില്ല.''
വൃദ്ധൻ വല്ലാതെ വിറകൊണ്ടു. ഒരഭയത്തിനായി അയാൾ കൈകൾ വെറുതെ വായുവിലേക്ക് നീട്ടി. എല്ലാവരും അയാളെ വെറുപ്പോടെ നോക്കി. ദൂരെനിന്ന് രവിയെന്ന പട്ടാളക്കാരൻ വയസ്സന്റെ തലയ്ക്ക് നേരെ ഉന്നംപിടിച്ചു വെടിവെച്ചു. വയസ്സന്റെ തലച്ചോറിൽ നിന്ന് വയലുകളുടെ സംഗീതം പോലെ ചോര നാലുപാടും ചിതറി. ഒരു യുഗം മറിഞ്ഞുവീഴുന്നതുപോലെ അയാൾ കടപുഴകി വീണു.
കഴുത്തിൽ മുറുകാൻ തുടങ്ങിയിരുന്ന ടൈ നേരെയിട്ട് ചോരയിൽ ചവിട്ടി നിന്നുകൊണ്ട് മാനേജർ പറഞ്ഞു.
"വെടി ഉന്നം തെറ്റാതെ കൊണ്ടു'
രവിയെന്ന പട്ടാളക്കാരന്റെ ദീർഘനിശ്വാസം പോലെ ഇരട്ടക്കുഴൽ തോക്കിൽ നിന്ന് പുക വന്നുകൊണ്ടേയിരുന്നു. ▮
* സെന്റർ ഫ്രഷിന്റെ പരസ്യം * മിണ്ടാതുരിയാടാതെ പണം മുഴുവൻ ബാഗിൽ നിറക്ക് * പിറകിൽ അക്കൗണ്ട് നമ്പരെഴുതൂ...