മീനുകൾ, എത്രയെത്ര മീനുകൾ.
ശരീരത്തിന്റെ ഇരുവശത്തും അലിയാരുടെ വാളിൽ നിന്നുണ്ടാവുന്ന മിന്നലിന്റെ തിളക്കമുളളവ. പള്ളിക്കുളത്തിലെ കഫം തീനികൾ. ഏകദേശം ഒരു കൈകുമ്പിൾ നിറച്ചുണ്ടാവും. കാട്ടുചേമ്പിൽ തട്ടി ഉരുണ്ടുവീഴുന്ന തിളക്കമറ്റ തുള്ളികളെയല്ലാതെ മഴയത്ത് നോക്കിയാൽ അവയെ കാണാറില്ല. നനഞ്ഞാൽ വഴക്ക് പറയുന്ന ഒരു വാപ്പ അവർക്കുമുണ്ടാവാം. ദരിയയുമായി പണ്ടൊക്കെ എത്രയെണ്ണത്തിനെയാണ് പാടത്തിനടുത്തെ ചാലിൽ നിന്നും തോർത്തുമുണ്ടിൽ കോരിയെടുത്തിട്ടുളളത്.
പാതിരാമഴയക്കിടെയുണ്ടാവുന്ന മുഴക്കങ്ങളുടെ തെളിച്ചം.
അഴിക്കപ്പുറം നോക്കി ഉറങ്ങാതെ കിടക്കുകയാണ് സാരിയ. സുബ്ഹി ബാങ്ക് കേൾക്കാൻ ഇനിയധികം കാക്കേണ്ട. ഏറിയാൽ ഒരു മണിക്കൂർ. ഡോർമെട്ടോറിയിൽ കൂർക്കംവലിയുടെ ഉയർന്നുപൊങ്ങുന്ന തരംഗങ്ങൾ. മൂന്നുനാല് മണിക്കൂർ മുമ്പ് വീണ്ടും അവരുടെ കാൽപ്പെരുമാറ്റമറിഞ്ഞപ്പോഴാണ് ഉണർന്നത്. കാതുകൾ ഒന്നുകൂടി കൂർപ്പിച്ചു. മിനുസമുളള വസ്ത്രങ്ങൾ തറയിൽ ഉരസുന്ന പതിഞ്ഞ ശബ്ദം. ഭയംകാരണം പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. ഈയിടെയായി പതിവായി ഇത്തരത്തിലുളള കാലൊച്ചകളും, അത്തറിന്റെ മണവുമടിക്കുന്നു. എല്ലാം അർധരാത്രി കഴിഞ്ഞാണ്. തഹജ്ജുദ് നമസ്‌കരിക്കാൻ ചില വിശേഷദിവസങ്ങളിൽ സഞ്ചാരികളായ ജിന്നുകളെത്തുന്നതാണ്.
കഴിഞ്ഞ ദിവസത്തെ മജ്‌ലിസ്സുന്നൂറിൽ വലിയ ഉസ്താദ് സംസാരിച്ചത് മുഴുവൻ ആത്മീയ ജീവികളെ കുറിച്ചായിരുന്നു. ജിന്നുകളെ കുറിച്ചുളള ചില വാദപ്രതിവാദങ്ങൾ അത്താഴത്തിനിടെ ഹിമാറുകളായ ചില വിദ്യാർത്ഥികൾക്കിടയിലുണ്ടായിയെന്ന വാർത്ത ഉസ്താദിന്റെ ചെവിട്ടിലെത്തിയിരുന്നതിനാലാവണം.
‘മലക്കുകളെ പോലെ തന്നെ നമ്മുടെ ദൃഷ്ടിക്ക് കാണ്മാൻ കഴിയാത്ത ആത്മീയ ജീവികളാണ് ജിന്നുവർഗ്ഗം’, സൂറത്തുൽ ജിന്നിന്റെ മുഖവുര അദ്ദേഹം വിസ്തരിച്ചു.
‘‘മലക്കുകളുടെ ആവാസകേന്ദ്രം ആകാശങ്ങളെങ്കിൽ ജിന്നുകൾ ഭൂവാസികളാവുന്നു. മലക്കുകളെ പ്രകാശം കൊണ്ടും, ജിന്നുകളെ തീകൊണ്ടും, മനുഷ്യരെ മണ്ണുകൊണ്ടുമാണ് പടച്ചവൻ സൃഷ്ടിച്ചിട്ടുളളത്. ഇക്കാര്യം വിശുദ്ധ ഖുർആനിൽ ഒന്നിലധികം സ്ഥലങ്ങളിൽ പ്രസ്താവിച്ചിരിക്കുന്നു. മനുഷ്യരെ പോലെ ജിന്നുകളും സർവ്വശക്തനായ പടച്ചവനെ ആരാധിച്ച് ഭൂമിയിൽ ജീവിക്കുന്നു. മനുഷ്യദൃഷ്ടിക്ക് ഗോചരമല്ലെന്ന കാരണത്താൽ ജിന്ന് സമുദായത്തെ നഖശിഖാന്തം വിമർശിക്കരുത്. ചിലർക്കെല്ലാം ചില പ്രത്യേക സാഹചര്യങ്ങളിൽ സ്വരൂപം വെടിഞ്ഞ് രൂപമാറ്റം വരുത്തുന്ന അവരെ കാണാനും അവരോട് സംസാരിക്കാനും സാധിക്കും. സിഹ്‌റേറ്റ അവസ്ഥയിലും ചിലർക്കൊക്കെ അവരെ കാണാവുന്നതാണ്.
മനുഷ്യന് കാണാൻ കഴിയാത്ത എത്രയോ ജീവജാലങ്ങൾ നമ്മുടെ ഈ ലോകത്തുണ്ട്. സൂക്ഷ്മ ദർശിനികളിലൂടെ ശാസ്ത്രം അവയെ പുറത്തുകൊണ്ടുവരുമ്പോൾ മാത്രമാണ് നാം അവയെ കുറിച്ച് വിശ്വാസിക്കാൻ നിർബന്ധിതരാവാറുളളത്. അത് ശരിയല്ല. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ബോധ്യമുണ്ടാകേണ്ട വിഷയങ്ങളാണ് പടച്ചവനും അവന്റെ പ്രവാചകരും പറഞ്ഞിട്ടുളള പരലോകം, മരണാനന്തര ജീവിതം, ലോകാവസാനം, സ്വർഗ്ഗം, നരകം, ആത്മാവ്, മലക്കുകൾ, ജിന്നുകൾ എന്നിവ. ബാഹ്യേന്ദ്രിയങ്ങൾകൊണ്ട് ഗ്രാഹ്യമല്ലാത്ത വസ്തുതകളെ യുക്തികൊണ്ടോ, ശാസ്ത്രം കൊണ്ടോ, അളന്ന് മനസ്സിലാക്കുവാനും, സ്ഥാപിക്കുവാനും സാധ്യമല്ല. ദൈവികവും, വൈദീകവുമായ മാർഗ്ഗനിർദ്ദേശങ്ങൾ മുഖേനയേ അത് സാധ്യമാവൂ. അള്ളാഹുവിന്റെ വചനങ്ങളും അവന്റെ പ്രവാചകർ മുഖേന ലഭിച്ചിട്ടുളള അറിവുകളും മാത്രമാണ് ഒരു മുസ്ലീമിന്റെ വിശ്വാസത്തിനവലംബം. ഈ രണ്ടിൽ നിന്നും എന്ത് മനസ്സിലാക്കുവാൻ സാധിക്കുമോ അതിനപ്പുറം മറ്റൊരഭിപ്രായവും ഉണ്ടായിരിക്കാൻ മുസ്ലീംങ്ങൾക്ക് പാടില്ല. മുസ്ലീംങ്ങൾക്ക്..? പാ.. ടി.. ല്ല! അങ്ങനെയുണ്ടായാൽ നരകത്തിലാണ് സ്ഥാനം. അവയിൽ നിന്ന് നേർക്കുനേരേ വ്യക്തമായതിനെ മറ്റു പ്രകാരത്തിൽ വ്യാഖാനിക്കുകയും അരുത്—അള്ളാഹു സുബ്ഹാനഹു വതഅലാ അനുഗ്രഹിക്കുമാറാവട്ടെ; ആമീൻ’’.

അതിനുശേഷമൊരിക്കലും മൂരിബിരിയാണി മണക്കുന്ന ദറസിലെ കാന്റീനിൽ ജിന്നുകളെ കുറിച്ചാരും ഒന്നും സംസാരിച്ചിട്ടില്ല. സംസാരിച്ചാലുണ്ടാവുന്ന ഭവിഷ്യത്തുകൾ ചെറുതുമല്ല. വലിയ ഉസ്താദിനേക്കാൾ മുൻപെത്തുന്ന അദ്ദേഹത്തിന്റെ വയറും കറുത്തിരുണ്ട നെറ്റിത്തടത്തിലെ നമസ്കാര തഴമ്പും കണ്ണുകളിലെ തീക്ഷ്ണതയും, ഭയവും ബഹുമാനവും അദ്ദേഹത്തിനൊരുപോലെ ലഭിക്കാനുളള കാരണങ്ങളായിരുന്നു.
ഒരിക്കലും പുറത്തിടാനാവാത്തൊരു പരവേശവുമായി കാൽപ്പെരുമാറ്റം കേട്ട് പാതിരാക്കുണരുമ്പോഴെല്ലാം തനിക്ക് അതീന്ദ്രിയ ശക്തി ലഭിച്ചോയെന്ന് സാരിയ സംശയിച്ചു പോകും. ആരോ ഖുത്ബക്ക് മുൻപുള്ള ഇമാമിനെ പോലെയാണ് നേരത്തെ തൊണ്ടയനക്കിയത്. കഫക്കൂറുളള ഒച്ച, ‘‘ആ, ഇത്തിരി വെളളം കൂടി എടുത്തോ’’.
വലത്തുനിന്നും കിട്ടിയ ഒരു രഹസ്യം സൂക്ഷിക്കേണ്ടുന്ന ജാഗ്രതയോടെ അപ്പോൾ അവൻ ഇടത്തോട്ട് മറിഞ്ഞു. കാൽപ്പെരുമാറ്റം അകന്ന് നീങ്ങി. ഒരു ദീർഘനിശ്വാസത്തോടെയാണ് കണ്ണുകൾ തുറന്നത്. വർഷങ്ങളായി ഇൽമ് പഠിപ്പിക്കുന്ന മുഅല്ലീമുകൾ ഉണ്ടായിട്ടും മറ്റാരും എന്തേ ഇത്തരത്തിലുളള കാലൊച്ചകൾ കേൾക്കാത്തത്? പാതിരാവിൽ മാത്രമുണ്ടാവുന്ന അത്തറിന്റെ മണത്തെ കുറിച്ച് യാതൊന്നും പരാമർശിക്കാത്തത്?
തിരിഞ്ഞുനോക്കാൻ ഭയമുളളതുകൊണ്ടാണ് യാതൊന്നും കേൾക്കാത്ത മട്ടിൽ ഉറക്കം നടിച്ച് കിടന്നത്. ജിന്നിനെ നേരിട്ട് കണ്ട പലർക്കും കിറുക്ക് പിടിച്ചതായി കേട്ടിട്ടുണ്ട്. അതിൽ ദറസിലേറ്റവും പ്രചാരത്തിലുളളത് സത്താർ മൊല്ലാക്കയുടെ കഥയാണ്.
പണ്ടെപ്പോഴോ സുബ്ഹി ബാങ്ക് വിളിക്കുന്നതിന് മുൻപായി വയറിനകത്തുണ്ടായൊരു വിമ്മിഷ്ടം തീർക്കാൻ പുറത്തിറങ്ങിയതായിരുന്നു മൂപ്പർ. കക്കൂസിലേക്ക് നടക്കുന്നതിനിടെയാണ് അറബിയിലുളള സംസാരം കേട്ടത്. അംഗശുദ്ധി വരുത്തുന്ന കുളത്തിനടുത്തെത്തിയപ്പോൾ കണ്ടത് മുട്ടൊപ്പമെത്തുന്ന താടിയുമായി ഇരുന്ന് അവയവശുദ്ധി വരുത്തുന്ന വെളള വസ്ത്രധാരികളായ സംഘത്തെയാണ്. മൊല്ലാക്കയോട് സലാം പറഞ്ഞ് അവരെങ്ങോട്ടോ പോയി, കൂടെ മൊല്ലാക്കയുടെ ബോധവും. അന്ന് മഹല്ലിലാരും സുബ്ഹി ബാങ്ക് കേട്ടില്ല. സ്വന്തം കാതിനെ പഴിച്ച് നമസ്‌കരിക്കാനെത്തിയ ബീഡിയുടെ മണമുളള വയസ്സന്മാർ കാണാനിടയായത് മലമൂത്ര വിസർജ്ജിതനായി ചലനമറ്റ് കിടക്കുന്ന മൊല്ലാക്കയെയാണ്.
‘‘പടച്ചോനെ, നമ്മടെ മൊല്ലാക്കയല്ലേ ഇത്..?’’
ദൂരെനിന്നും ഒരു കുറ്റിച്ചൂലാന്റെ നീണ്ടശബ്ദം കൂടിനിന്നവർ കേട്ടത്രേ. ബോധം മറഞ്ഞ് ജീവശ്ചവമായി കിടക്കുന്നതിലും യുക്തി കാലക്രമേണ പുതുമയറ്റ് പോയേക്കാവുന്ന ഈ ശബ്ദവും ശ്രവിച്ച് വേവലാതിപ്പെട്ട് കിടക്കുന്നതാണ്. സീലിംഗ് ഫാനിന്റെയും പാടവരമ്പത്തു നിന്നും കേൾക്കുന്ന അൽപ്പപ്രാണികളുടെയും ശബ്ദം മാത്രമുയർന്നു കേൾക്കാവുന്ന വീട്ടിൽ നിന്നും പടിയിറക്കിവിട്ട, തന്റെ പുസ്തകങ്ങളെടുത്ത് സിമന്റു ചാക്കുകളിലേക്ക് തിക്കിനിറച്ച് പഴയമാർക്കറ്റിൽ കൊടുത്ത, വാപ്പയോട് അവന് വല്ലാത്ത ഈറ തോന്നി.
‘‘ഹാജിയാൻമാരും, ഫൈസിമാരുമുളള വലിയൊരു തറവാടാണിത്, അന്നെ ഞാൻ വളർത്തിയുണ്ടാക്കിയത് പിരാന്തന്മാർ എഴുതിയ ബുക്കും വായിച്ച് പടച്ചോനെ മറന്ന് കഥയും നോവലും എഴുതുന്ന താന്തോന്നിയായി നടക്കാനല്ല, പള്ളിയിലെ ഇമാം ആക്കാനാ’’.
പിരാന്തന്മാർ; വാപ്പയുടെ നോട്ടത്തിൽ എഴുതുന്നവർക്കെല്ലാം ഭ്രാന്ത്. വായിക്കുന്നവരെല്ലാം ദൈവ നിഷേധികൾ. മതഗ്രന്ഥങ്ങൾക്കുളളിൽ വച്ച് നമസ്‌കാരശേഷം വായിച്ചിരുന്നത് നോവലുകളാണെന്നറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ന് കൈകാലുകൾക്കാവതുണ്ടാവുമോയെന്ന് പോലും സംശയമാണ്. മതഗ്രന്ഥങ്ങളിൽ നിന്നുളളതിനേക്കാൾ സംതൃപ്തി സാഹിത്യം തരുന്നതിനാലാവാം ആളുകൾ വായനക്കാരാവുന്നത്.
സപ്തംബർ 24-ന് വൈകുന്നേരം നാലു മണിക്കാണ് സാരിയയുടെ സമാധാനസൗധത്തിന്റെ ചില്ലു ജാലകത്തിൽ ആദ്യത്തെ കല്ലുവീണത്. കയ്യിൽ കിട്ടിയ മൂന്നാല് പുളളിത്തുണിയും, രണ്ടുമൂന്ന് ടീ-ഷർട്ടും ജെട്ടിയും പൊതിഞ്ഞ് പുസ്തകങ്ങളടുക്കിയ ബാഗിന്റെ മുകളിൽ വച്ചു. കാറിന്റെ പുറകു വശത്തെ ചില്ലിനുളളിലൂടെ ദരിയയും, ഉമ്മയും നോക്കി നിൽക്കുന്ന ചിത്രം വീടുമായി കോർക്കാവുന്ന ഓർമ്മയുടെ അവസാന മുത്ത്. സോപ്പുപൊടി മണക്കുന്ന ഈറൻ തുണികൾ തൂക്കിയിട്ട ഹാളിനുളളിൽ ബാഗ് വച്ച് കട്ടിലിലേക്ക് മലർന്നപ്പോൾ അന്നാദ്യമായി അവന് ജീവിതത്തോട് വെറുപ്പു തോന്നി. ഉച്ചയുറക്കം കഴിഞ്ഞ് ആറുമണിക്ക് എഴുന്നേറ്റവന്റെ മനോനില. വീട്ടിലായിരുന്നെങ്കിൽ കണ്ണേറാണെന്ന് പറഞ്ഞ് അവന്റെ ഉമ്മ കടുകും മുളകും കൂട്ടി അടുപ്പിലേക്കുഴിഞ്ഞിട്ടേനേ.
പിന്നീടിതുവരെ ഒരു ദേശാടനപ്പക്ഷിയെ കൂട്ടിലടച്ചിടാനുളള ശ്രമം പോലെയാണ് അവൻ സ്വയമേ നിയന്ത്രിച്ചു പോന്നത്. തലപ്പാവ് ദാരികളായ മുഖത്ത് പുഞ്ചിരിയും നെറ്റിയിൽ നമസ്‌കാര തഴമ്പുമുളള വെള്ളവസ്ത്രധാരികളുടെ തേജസുറ്റ മുഖങ്ങൾ മാത്രമുളള മദ്രസ. പഠിച്ചാലും പഠിച്ചാലും തീരാത്ത അറിവുകളുടെ അക്ഷയ ഖനിപോലെ അലമാരകളിലിരിക്കുന്ന ഹഥീസും, പ്രമാണങ്ങളും-കിതാബുകൾ വിരിക്കുമ്പോഴുയരുന്ന പൊടിക്കു പോലും അറിവിന്റെ മഹത്വമറിയാമത്രേ- ദിഖ്‌റുകളും, സ്വലാത്തും മുഴങ്ങുന്ന പളളിയുടെ അന്തരീക്ഷം. മൗലിദിന്റെ ഈണം തങ്ങിനിൽക്കുന്ന രാത്രികൾ, മസ്ജിദിന് ചുറ്റും പറങ്കിമാങ്ങയുടെ മനംമടുപ്പിക്കുന്ന ദുർഗന്ധം. മീസാൻ കല്ലുകൾ സമൃദ്ധമായി വളർന്നുനിൽക്കുന്ന കശുമാവിൻ ചുവടുകൾ. അതിനിടെ ഒരു ബോണസെന്ന പോലെ ജിന്നുകളും. പലതരം അസാധാരണ ശബ്ദങ്ങൾ കേട്ട് ബോധം മറഞ്ഞതാണോ അതോ മയങ്ങി പോയതാണോയെന്നോർത്തെടുക്കുന്നതിന് മുൻപേ കേൾക്കുന്ന സുബ്ഹി ബാങ്ക്. പത്തിരിയും കിഴങ്ങും, ബസിലുളള തൂങ്ങി പിടിത്തം, സ്‌കൂൾ - മദ്രസ. വീണ്ടും വീണ്ടും അർത്ഥമറിയാതെ മനഃപാഠമാക്കുന്ന അറബിപുസ്തകങ്ങൾ പോലെ വ്യർത്ഥമായ ആവർത്തന വിരസതയിൽ മണ്ണടിഞ്ഞ് മീസാൻ കല്ലായി പൊന്താനാഗ്രഹിക്കുന്ന വരും ദിവസങ്ങളുടെ മൂടികെട്ടിയ കാലാവസ്ഥ.
പോക്കുവെയിലിന്റെ ആലസ്യത്തിന് വശംവദനായി ചെന്നിക്കുത്തിനെ വകവെക്കാതെ സ്വയം നിന്നുകൊടുക്കുന്നവന്റെ മൗഢ്യതയുമായാണ് ആളുകൾ ആത്മീയജീവിതം മുന്നോട്ട് കൊണ്ടുപോവുന്നതെന്ന നൈരന്തര്യമായ തോന്നൽ. എല്ലാം വെടിഞ്ഞ് ആത്മീയതയിൽ അഭയം തേടണോ അതോ ഭൗതികലോകം കരുതിവെച്ചിരിക്കുന്ന സുഖഭോഗങ്ങളെ തേടി അദ്ധ്വാനിക്കണോ? സർവ്വകോടി മനുഷ്യർക്കും വല്ലപ്പോഴും മാത്രം വരുന്ന ചിന്ത സാരിയക്ക് ദിനവും വന്നു തുടങ്ങി. ഉണ്ടെന്നുറപ്പില്ലാത്ത പരലോക വിജയത്തിനായി ആളുകൾ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. കയ്യിലുളള ജീവിതത്തെ നോക്കാൻ കണ്ണില്ലാത്തവർ. ഭക്തിയെ സന്തോഷമാക്കുന്ന, മനുഷ്യായുസ്സിനെ സ്വയമർപ്പിക്കുന്ന ജീവിതം ജീവതമാണോ?
ആശയക്കുപ്പങ്ങളുടെ ഉത്തരമറിയാത്ത ചോദ്യങ്ങളെല്ലാം ഡയറിയിൽ മാത്രമായി ഒതുക്കി തനിക്ക് തരാൻ അരക്കുത്തിൽ പണം സൂക്ഷിക്കാറുളള കുഞ്ഞെളേമയെ പോലെ അതവൻ തലയിണക്കടിയിൽ പാത്തുവെച്ചു.
പാന്റും ഷർട്ടുമിട്ട് കയ്യിൽ ജി. ഷോക്കിന്റെ വാച്ചുമായി അടുത്തുവന്നിരിക്കുന്ന വിദ്യാർത്ഥികൾക്കിടയിലിരുന്ന് പാഠങ്ങൾ ഗ്രഹിക്കാൻ അവന് വിഷമം തോന്നി. എന്നിട്ടും ഒരിക്കലും അവനെ ജോളി മാഷ് തച്ചില്ല. എങ്ങോട്ടിറങ്ങിയാലും പരസ്പരവിരുദ്ധമായ കാര്യങ്ങളാവർത്തിച്ച് മൂക്കിപ്പൊടിയും വലിച്ചു സൈക്കിളിൽ ചുറ്റുന്ന സത്താർ മൊല്ലാക്കയെ കണ്ടതു പോലെയുളള ആളുകളുടെ തുറിച്ചുനോട്ടമാണ്. നൈമഷികമാണെങ്കിലും എന്തൊരസഹനീയം.
ക്ലാസിലിരുന്നാൽ- കുപ്പിയിൽ വെള്ളമുണ്ടോ? ഹോംവർക്കെഴുതിയോ? പഠിച്ചിട്ടാണോ വന്നത്? ബസ്സിലും വഴിയിലും- മൊയ്‌ല്യാരുട്ടിടെ പോരെന്താ? എവിടെയാ വീട്? എത്രേലാ പഠിച്ച്ണ്? — ചോദ്യങ്ങൾ.
ഞെരിയാണിക്ക് മീതെ നിൽക്കുന്ന കഞ്ഞിമുക്കിയ ഒറ്റമുണ്ടും വെളളത്തലപ്പാവും ധരിച്ചുളള സാമൂഹ്യ സംസർഗം അപകർഷതാബോധം വർധിപ്പിക്കുന്നു. അപഹാസ്യനെന്ന തോന്നൽ. ബുധനാഴ്ച്ചയിൽ മറ്റുളളവർ പല വർണ്ണങ്ങളിലും ഫാഷനിലുമുളള വസ്ത്രങ്ങളിട്ട് വന്നപ്പോൾ, അവൻ യൂണിഫോമിന്റെ കുപ്പായം മാത്രം മാറ്റി വെളള കണ്ടോറ ധരിച്ചു. അപ്പോഴൊക്കെ വെളളയല്ലാത്ത നിറങ്ങളെല്ലാം നിശിദ്ധമാക്കപ്പെട്ടവയാണെന്ന് തോന്നും. പ്രപഞ്ചത്തിൽ പലവർണ്ണങ്ങളുണ്ടാക്കിയ പടച്ചവന് ഈ നിറം മാത്രമെങ്ങനെയാണ് പ്രിയപ്പെട്ടതായത്?
കണ്ടോറയുടെ ബട്ടൻസിന്റെ ദ്വാരത്തിൽ അവൻ ഫാൻസി സ്റ്റോറിൽ നിന്നും ലഭിക്കുന്ന പല വർണ്ണങ്ങളിലുളള—കടും പച്ച, കടും ചോപ്പ്, കടും നീല—റെഡിമെയ്ഡ് മുത്തുകളിടും. കൂടുതൽ മോഡിയില്ല. അസംബ്ലിക്ക് വെയിലത്ത് നിൽക്കുമ്പോൾ മാത്രമാണ് അവ തിളങ്ങിയിരുന്നത് പോലും. എങ്കിലും, ചമൽക്കാരപൂർണ്ണമായ ഒരാഭരണമെന്ന നിലയിൽ ഇടക്കൊക്കെ അൽപ്പം ആത്മവിശ്വാസം അവനിലുണ്ടാക്കാൻ എഴുപ്പത്തിയഞ്ചു രൂപയുടെ ആ മുത്തുകൾക്കാവുമായിരുന്നു. മാത്രവുമല്ല ദൂരെ നിന്നുപോലും തിരിച്ചറിയാനാവുന്ന മൂക്ക് തുളഞ്ഞുപോവുന്ന അത്തറും മിക്കപ്പോഴും അവൻ കുപ്പായത്തിൽ പൂശും. അത് നിത്യാനുഷ്ടാനത്തിന്റെ ഒരു ഭാഗം കൂടിയാണ്. ക്ലാസിലെ പെൺകുട്ടികളിൽ പലർക്കും രൂക്ഷമായ ഗന്ധം തലവേദനയുണ്ടാക്കി. എങ്കിലും വേശത്തെ മാനിച്ച് ആരും പരാതി ഉയർത്തിയില്ലെന്ന് മാത്രമല്ല വെളുത്ത് ചുവന്ന മുഖവും പൊക്കമില്ലായ്മയും അവരിൽ അവനൊരു പ്രത്യേക സഹതാപവും നേടികൊടുക്കാൻ കാരണമായി.
സാരിയ, ഒരു പാവം; പടച്ചോന്റെ കുട്ടി, ഓൻ പൂശട്ടെ– അവർ പറയും.
നേരത്തെ കൈത്തണ്ടയിൽ വാച്ചുണ്ടായിരുന്നു. പാന്റിട്ടിരുന്നു. ബെൽറ്റ് മുറുക്കിയാൽ പിന്നെ മൂത്രമൊഴിക്കാനല്ലാതെ അരയിലേക്ക് നോക്കേണ്ടിയിരുന്നില്ല. ഉച്ഛനേരത്ത് കൂട്ടത്തിനിടയിലൂടെ ചോറ്റുപാത്രം കഴുകി പുറത്തുകടക്കുമ്പോഴും തിരക്കുളള ബസ്സിൽ നിന്നിറങ്ങി വരുമ്പോഴും ഇപ്പോഴാദ്യം ശ്രദ്ധ പോകുന്നത് കീഴോട്ടാണ്. എന്തൊരു കഷ്ടം!
ദുരിതാശ്വാസമായി ലഭിക്കുന്നത് സ്‌കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളാണ്. ഭൂമിയിലെ കഷ്ടതകൾക്കെല്ലാം പ്രതിഫലമുണ്ടെന്ന് ഉസ്താദുമാരിൽ പലരും പറയുന്നു. ദറസിലെ മറ്റ് വിദ്യാർത്ഥികളുടെ കണ്ണിൽപ്പെടാതെ കളളന്റെ കരുതലോടെ വേണം ലൈബ്രറിയിലെത്തി പുസ്തകങ്ങളെടുക്കാൻ. വീട്ടിൽ നിന്നുകൊണ്ടുവന്നതെല്ലാം രണ്ടും മൂന്നും തവണ തലങ്ങും വിലങ്ങും വായിച്ചു. അവസാനമായി വായിച്ചത് ഏകാന്തതയിലിരുന്ന് മടുത്ത് ആത്മഹത്യക്ക് ശ്രമിക്കുന്നതിന് മുൻപെ ഉറങ്ങിപ്പോയി സുന്ദരമായൊരു ലോകം കിനാവുകണ്ട ഒരപാഹസ്യന്റെ കഥയായിരുന്നു. ആരായിരുന്നു അതെഴുതിയത്?
വെള്ളിയാഴ്ച്ച ജുമുഅ കഴിഞ്ഞുളള ദുആക്ക് കാത്തു നിൽക്കാതെ മുന്നിലെത്തിയാൽ സ്കൂൾ ലൈബ്രറിയിൽ കയറാം. പുസ്തകങ്ങൾ വായിക്കുന്നതിന് ദറസിൽ വിലക്കുകളില്ല. പക്ഷേ ദറസിലെ വാർഡൻ കൂടിയായ ചെറിയ ഉസ്താദിന് വാപ്പയുടെ ചിന്താഗതിയാണ്. ആരെങ്കിലും മൂട്ടികൊടുത്താൽ പിന്നതുമതി. തികഞ്ഞ അക്ഷരവൈരി. ദറസിൽ എന്തെങ്കിലുമുണ്ടായാൽ ഒരിത്തിരിയാണെങ്കിലും പൊടിപ്പും തൊങ്ങലും വച്ച് വലിയ ഉസ്താദിന്റെ കാതിലെത്തിക്കും. ചിലപ്പോൾ പുസ്തകത്തിന്റെ പേരും അതിനുളളിലെ വിഷയവും വരെ മാറിയേക്കാനിടയുണ്ട്. പിന്നീടങ്ങോട്ട് മുഷ്ടിമൈഥുനക്കാരനെന്ന ആക്ഷേപവും പേറേണ്ടിവരും.

അറബിമലയാളത്തിലെഴുതിയ ചരിത്ര പുസ്തകങ്ങളല്ലാതെ മറ്റൊന്നും അയാൾ കയ്യിലെടുക്കാറില്ല. അതും പ്രഭാഷണങ്ങൾ തയ്യാറാക്കുന്നതിന് വേണ്ടി മാത്രം. അതികാലത്ത്, ക്ലാസിൽ ചോദ്യങ്ങൾക്ക് മറുപടിയില്ലെങ്കിൽ ചൂരലെടുത്ത് ആഞ്ഞുവീശും. എല്ലാവരെയും തല്ലില്ല. തീർത്തും പക്ഷാഭേദപരമായ ശിക്ഷ.
സ്‌കൂൾ ലൈബ്രറിയിൽ ബാലകഥകളാണേറെയും. നോവലുകൾ തുലോം കുറവാണ്. എങ്കിലും പരുവത്തിനൊപ്പിക്കാൻ എന്തെങ്കിലും തടയും. വെളുത്തുളളി മുതൽ വേതാന്തം വരെ വായിക്കണമെന്നാണല്ലോ. പിടിച്ചതൊരെണ്ണം അരയിൽ തിരുകും. പിന്നെ തലയിണക്കടിയിലേക്ക്.
‘അടിക്കാനും തുടക്കാനും ആളൊഴിഞ്ഞാൽ പണിക്കാരെത്തും. പക്ഷേ, കിടക്കവിരിയും തലയിണക്കവറും, ഇട്ടുടുത്തുമാറാനുളള വേഷവും തിരുമ്പേണ്ടത് ‘അപ്നാ- അപ്നാ' - വന്നുകയറിയതിന്റെ പിറ്റേന്ന് ചെറിയ ഉസ്താദ് പറഞ്ഞു. ഒന്നുരണ്ടുപേർ ചിരിക്കുകയുണ്ടായി. തലയിണച്ചുവട് കശുമാവിൻചുവട്ടിലെ കബറിനുള്ളിലെന്നപോലെ ആരും പരിശോധിക്കാനിടയില്ലാത്ത സുരക്ഷിതമായ ഇടമെന്നാണ് സാരിയ ധരിച്ചിരുന്നത്. സിഗരറ്റും, തമ്പാക്കും, ഉപഗ്രഹങ്ങളും വരെ ചിലർ തലയിണക്കടിയിൽ പൂഴ്ത്തിവെക്കുന്നു. പക്ഷേ പലരും ആളൊഴിയുമ്പോൾ അയൽവക്കങ്ങളിൽ പരിശോധന നടത്താറുണ്ടെന്നറിഞ്ഞത് വൈകിയാണ്.
ഇയ്, നോവല് വായിക്കാറുണ്ടല്ലേ?, ഒരു ശനിയാഴ്ച്ച അയൽവക്കത്തെ കട്ടിലിന്റെ അവകാശിയായ മുഫസ്സിൽ ചോദിച്ചു. പളളിത്തൊടിയിലെ കബറുകൾക്ക് നടുവിൽ ആരുടെയും കണ്ണിൽപ്പെടാതെ പതിയിരുന്ന് പുസ്തകം വായിക്കുന്നതിനിടെ കഴുത്തിൽ പുളിയുറുമ്പ് കടിച്ചപ്പോഴുണ്ടായ ഞെട്ടലോടെയാണ് സാരിയ ആ ചോദ്യത്തെ അഭിമുഖീകരിച്ചത്.
ആരോടും മിണ്ടാതെ മുഖം കറുപ്പിച്ച് നടക്കുന്നത് കണ്ടപ്പോഴെ തോന്നി എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്ന്. ഡയറി മുഴുവൻ ഞാൻ വായിച്ചു.
ആരു പറഞ്ഞു ഇന്റെ കിടക്ക തപ്പാൻ? മൊല്ലാക്കയെയും ഖത്തീബിനെയും മാറ്റി നിർത്തിയാൽ മൂന്നാമതൊരാളുടെ ശബ്ദം അന്നോളം, ദ്രവിച്ചുതുടങ്ങിയ ആ പള്ളി ചുവരുകളിൽ തട്ടിയിരുന്നില്ല.
ഇവിടെ ഒളിയും മറയും ഒന്നും നടക്കൂലാ മോനേ, ഇതൊരു ജയിലുമാതിരിയാ, അനക്ക് സംശയണ്ടോ?
സ്വർഗ്ഗത്തിൽ വിലക്കപ്പെട്ട പഴം കഴിക്കുന്നതിനിടെ ആദം നബിയുടെ തൊണ്ടയിൽ പടച്ചോൻ പിടിച്ചതുപോലെ സാരിയ മുഫസ്സിലിന്റെ കഴുത്തുപിടിച്ച് ഞെരിച്ചു. പിടിവലി മുറുകി. മുഫസ്സിലിന്റെ ഇടതു തോളിൽ പോളിയോ വാക്‌സിനെടുത്ത കലയുടെ താഴെ ചുവന്ന പാടുവീണു. നാലുപല്ലിന്റെ മുദ്ര. പിടിവലിയിൽ സാരിയയുടെ ഉടുമുണ്ടുമഴിഞ്ഞു ഷർട്ടിന്റെ മൂന്ന് ബട്ടൻസും പൊട്ടി. ചെറിയ ഉസ്താദും മറ്റു വിദ്യാർത്ഥികളും ഓടിക്കൂടി. രംഗം അംഗശുദ്ധി വരുത്തിയ ശേഷം ഓളമടങ്ങിയ കുളം പോലെ ശാന്തമായി. അവസാനത്തെ കാഹളം കേൾക്കാനിരിക്കുന്ന ഭൂവാസികളുടെ അങ്കലാപ്പോടെ ദറസിലുളളവർ സ്തബ്ദരായി നിന്നു. ആ നിമിഷം രണ്ടുപേരുടെ കിതപ്പുകൾ മാത്രം അവിടെ ഉയർന്നുകേട്ടു.
വിവരം വിസ്തരിക്കപ്പെട്ടു.
വായിച്ചോ, ഖിതാബ് വായിച്ചോ, ഇജ്ജാതി പുസ്തകങ്ങളൊന്നും വേണ്ട, അതൊക്കെ കളളും കഞ്ചാവും വലിച്ച് ഓരോരുത്തര് എഴുതി കൂട്ടുന്നതാ, ഓന്റൊരു തകയീം,ബഷീറും - ചെറിയ ഉസ്താദിന്റെ ഒന്നാം താക്കീത്.
വലിയ ഉസ്താദ് വീട്ടിൽ പോയ വാരാന്ത്യമായതിനാൽ കൂടുതൽ കുഴപ്പങ്ങളില്ലാതെ തത്കാലത്തേക്ക് എല്ലാം കെട്ടടങ്ങി. അന്ന് മുഴുവൻ വീട്ടിൽ പോകണമെന്ന് വാശിപിടിച്ചു. കിടപ്പ് മറ്റൊരു ഭാഗത്തേക്ക് വഴിയേ മാറ്റി നൽകാമെന്ന ധാരണയിൽ ചെറിയ ഉസ്താദ് സാരിയയെ തത്കാലം അടക്കി. അന്നു രാത്രി കാലടികൾ കേൾക്കുന്നതുവരെ അവൻ ശാന്തമായി ഉറങ്ങി. അർദ്ധരാത്രിക്ക് ശേഷം ജിന്നുകൾ പിറുപിറക്കലാരംഭിച്ചു. ഇത്തവണ ശബ്ദം തന്റെ അടുത്തെത്തിയതായി അവന് തോന്നി. ആയത്തുൽ ഖുർസി മന്ത്രിച്ച് കഴുത്തിലേക്ക് മൂന്നുതവണയൂതി. പിന്നെ കണ്ണുകളടച്ച് കിടന്നു.
'വേദനിച്ചോ?'
കുറച്ച്.
ബാ, നോക്കട്ടെ...
കാലടികൾ അകന്നകന്നു നീങ്ങി. ഒപ്പം അത്തറിന്റെ തീവ്ര ഗന്ധവും. തിങ്കളാഴ്ച്ച പുലർച്ചെ വലിയ ഉസ്താദ് മടങ്ങിയെത്തി. ആവലാതിയോടെയാണ് വൈകുന്നേരം നിസ്‌കാരത്തിന് സഫിൽ നിന്നത്. സാരിയയുടെയും, മുഫസ്സിലിന്റെയും വലത് കൈപ്പളളയിൽ ഓഫീസുമുറിയിൽ വച്ച് നീളത്തിലുളള രണ്ടു ചുവന്ന പാടുവീണു. വിസ്താരമുണ്ടായില്ല. നന്നായെന്ന് സാരിയക്ക് തോന്നി. വലിയ ഉസ്താദിന്റെ സാഹിത്യബോധം അളക്കാനൊരുമ്പെടുന്നത് ബുദ്ധിശൂന്യതയാണ്.
‘അച്ചടക്കമില്ലായ്മ, ഇബടെ വച്ചുപൊറുപ്പിച്ചൂല്ല. അത് ഹാഫിളായാലും ശരി, മുഅല്ലിമായാലും ശരി. ഇതങ്ങാടിയല്ല. ഇൽമ് പഠിപ്പിക്കണ സ്ഥലാ, കടന്നുപോ ശൈത്വാൻമാരെ... വലിയുസ്താദ് ബി.പിയുടെ മരുന്ന് സ്ട്രിപ്പിൽ നിന്നും പൊട്ടിക്കുന്നതിനിടെ ഇരുവരും മുറിവിട്ടു.
തച്ചോ? ചെറിയ ഉസ്താദ് ചോദിച്ചു. ഇരുവരും താഴോട്ടു നോക്കി നിന്നു. മുസ്ലിമീംങ്ങൾ മൂന്ന് ദിവസത്തിൽ കൂടുതൽ തമ്മിൽ മിണ്ടാതിരുന്നുകൂടാ. രണ്ടുപേരും പരസ്പരം കൈ കൊടുത്ത് സലാം പറ. അദ്ദേഹം നിർദ്ദേശിച്ചു. മനസ്സില്ലാ മനസ്സോടെ ഇരുവരും അടികൊണ്ട് ചുവന്ന കൈകൾ മുന്നിലേക്ക് നീട്ടി.
അസ്സലാമു അലൈക്കും,
വ അലൈക്കും മുസ്സലാം.
ചെറിയ ഉസ്താദും കൂടി നിന്നവരും പുഞ്ചിരിച്ചു. അൽഹംദുലില്ലാഹ്..
കൂട്ടം പിരിഞ്ഞപ്പോൾ പൊടിമഴയെ വകവെക്കാതെ സാരിയ പളളികുളത്തിലേക്ക് നടന്നു. ദ്രവിച്ചു തുടങ്ങിയ കൽപ്പടവുകൾ. അടിത്തട്ടിലടിഞ്ഞുകൂടിയ ടയറുകളും, പ്ലാസ്റ്റിക് കുപ്പികളും തെങ്ങിൻ കോച്ചാടകളും. ജലപ്പരപ്പിന് മുകളിലേക്ക് ഇടക്കിടെ പരൽ മീനുകൾ എത്തി നോക്കി മടങ്ങി. തൊണ്ട കാറുന്നതുവരെ അവൻ അവയെ തീറ്റിച്ചു. നന്ദി സുചകമായി അവ കാൽ വിരലുകളിൽ കൊത്തിക്കൂടി നിന്നു. എത്രനേരമങ്ങിനെ ഇരുന്നുവെന്നറിയില്ല. ഇരുട്ട്. മഴ കനത്തപ്പോൾ തലയിലെ വെള്ള തൊപ്പിയൂരി ഡോർമെട്ടറിയിലേക്കോടി. ഞാവൽ നിറത്തിൽ കീഴ്‌പ്പോട്ടൊഴുകുന്ന വെള്ള വരകളുളള യൂണിഫോം കുപ്പായത്തിൽ മഴതുളളികൾ പുള്ളിവച്ചു. കരുമ്പനടിക്കാതിരിക്കാൻ നനഞ്ഞ കുപ്പായം അവൻ അയയിലേക്കിട്ടു. ഹാളിലെ ഫാനിന്റെ കാറ്റുകൊണ്ടുണങ്ങിയേക്കും. രാത്രി നമസ്‌കാരത്തിനു ശേഷം അത്താഴം കഴിച്ചില്ല. നേരെ കട്ടിലിലേക്ക് മലർന്നു.
ഉമ്മയിപ്പോൾ നമസ്‌കാരം കഴിഞ്ഞുളള ഖുർആൻ പാരായണത്തിലാവും. ദരിയയുമുണ്ടാവും അടുത്ത്. നമസ്‌കാര കുപ്പായമിട്ടാൽ അവളെ കാണാൻ എന്തൊരു ചൊറുക്കാണ്. താൻ പോന്നതിൽ പിന്നെ അയൽപ്പക്കങ്ങളില്ലാത്ത വീട്ടിൽ വിരസതയെന്തെന്ന് അവൾ ശരിക്കും അറിഞ്ഞുകാണും. ഷട്ടിലോ, സാറ്റോകളിക്കാൻ ആരുമുണ്ടാവില്ല കൂട്ടിന്. ഒരു ടി.വിയുണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും ആശിച്ചിട്ടുണ്ട്.
ടി.വിയോ? അത് ശൈത്വാന്റെ പെട്ടിയാണ്. വീട്ടില് റഹ്‌മത്തും, ബറക്കത്തും ഉണ്ടാവൂലാ- വാപ്പയുടെ കട്ടായം. ചെറുപ്പത്തിലേ പാടി പടിച്ച ബയ്ത്തുപോലെയാണ് മൂപ്പരുടെ തീരുമാനങ്ങൾ. പറഞ്ഞതൊന്നും മറക്കില്ല, നിലപാടൊട്ട് മാറ്റുകയുമില്ല.
കുഞ്ഞെളേമയുടെ വീട്ടിൽ ടി.വിയുണ്ട്. അന്നൊക്കെ ടി.വി കാണാനായി മാത്രം അവധി ദിവസങ്ങളിൽ ദരിയയെയും കൂട്ടി വിരുന്നിന് പോയിരുന്നു. കഴിക്കാൻ പലവിധമുളള പലഹാരങ്ങളുണ്ടാക്കുന്നതിൽ എളേമയ്ക്ക് പ്രത്യേക വൈഭവമാണ്. എങ്കിലും വിരുന്നുചെല്ലുമ്പോൾ അധികവും പൂവടയാണുണ്ടാക്കുക. അരിപ്പൊടിയിൽ പാകത്തിന് ഉപ്പുചേർത്ത് ചൂടുവെളളത്തിൽ വാട്ടി അമ്മിക്കല്ലിലിട്ട് വെള്ളം തൊട്ട് കുഴക്കും. ഒട്ടിപ്പിടുത്തം മാറിയാൽ ചെറിയ പത്തിരിയുടെ വലിപ്പത്തിൽ പൊടി തടവി പരത്തി ഉള്ളിൽ തേങ്ങയും, ചിരവിയ ശർക്കരയും ചേർത്ത് ഞൊറിയിട്ടടക്കും. പിന്നെ ഇഡ്ഡലി തട്ടിലിട്ട് ആവിയിൽ വേവിക്കും, കുടിക്കാൻ കട്ടൻ ചായയും തരും. അതും കഴിച്ച് സന്ധ്യയാവും വരെ ഓരോരോ പരിപാടികൾ കണ്ടിരിക്കും. മമ്മൂട്ടിയും, മോഹൻലാലും, ജയറാമും, ദിലീപുമൊക്കെയുണ്ടാവും. കുറേനേരം ഇരുന്ന് ചിരിക്കാം. ശകാരങ്ങളോ വിലക്കുകളോ ഇല്ല. തലയിലെ തട്ടം അൽപ്പം നീങ്ങിയാൽ പോലുമുയരുന്ന വാപ്പയുടെ പരുക്കൻ ശബ്ദത്തെ ഭയക്കാതെ ദരിയ സമാധാനമായിരിക്കുന്നത് കണ്ടിട്ടുളളത് അപ്പോൾ മാത്രമാണ്.
വലിയ പെരുന്നാളിനാണ് അവസാനമായി വീട്ടിൽ പോയത്. ദരിയയും ഉമ്മയും കൈ നിറയെ മൈലാഞ്ചിയിട്ടിരുന്നു. വാപ്പയുടെ നരവീണ ചുരുളൻ താടിയിലും കണ്ടു ചുവപ്പിന്റെ അംശം. ജംഗ്ഷനിൽ ബസ്സിറങ്ങിയപ്പോൾ തോളിൽ കയ്യിട്ടു നടന്നിരുന്ന പഴയ സുഹൃത്തുക്കൾ കടിച്ചു പാതിയാക്കിയ പൊരിച്ച പത്തിരി വച്ചുനീട്ടുന്ന ഔദാര്യത്തോടെ ഒന്നു പുഞ്ചിരിക്കുകയുണ്ടായി. ആരും അടുത്തുവരികയോ മിണ്ടുകയോ ഉണ്ടായില്ല. വീട്ടിലേക്കുളള നടത്തത്തിൽ കണ്ണുകൾ ചുവന്നുപോയി. ഹൃദയത്തിൽ ആരോ ആണിയടിച്ച് കയറ്റിയതുപോലെ. പിറ്റേന്ന് വൈകുന്നേരത്ത് കണ്ടത്തിലെ ക്രിക്കറ്റ് കളികഴിഞ്ഞു മടങ്ങുന്ന ചെർക്കൻമാരെ ജനലിലൂടെ അൽപ്പനേരം നോക്കി നിന്നു. ഒന്നിനും മാറ്റമുണ്ടായിട്ടില്ല. ആരുടെയും ചുറുചുറുക്കിന് കോട്ടം പറ്റിയിട്ടില്ല. പുഴമാറി തെളിഞ്ഞ പറമ്പിപ്പോഴും മൈതാനം തന്നെ. രണ്ടറ്റത്തും കവുങ്ങിൻതടികൊണ്ടു കെട്ടിയ ഗോൾ പോസ്റ്റുകൾ. പക്ഷെ ക്രിക്കറ്റാണ് പതിവ്. അതിനും മാറ്റമില്ലെന്ന് സൈക്കിൾ കാരിയറിലെ ബാറ്റുകണ്ടപ്പോൾ അറിഞ്ഞു. മൈതാനത്തിന് തെക്കുഭാഗത്തന്നും ഉശ ചേച്ചിയുടെ പശു നിന്നു പുല്ലു തിന്നുന്നുണ്ടായിരുന്നു. കളികാണാൻ ഞൊണ്ടി രാഘവനെത്തിയിരുന്നു. കുത്തിയിരുന്ന് ബീഡി വലിച്ചിരുന്നു. കളിക്കാർക്ക് മറഞ്ഞിരുന്ന് വലിക്കാനുളള സിഗരറ്റും എടുത്ത് വച്ച് ദേവസ്യേട്ടൻ പീഠിക തിണ്ണയിലിരിപ്പുണ്ടായിരുന്നു, ഇരുട്ടുന്നതിന് മുൻപ് അന്നും ചെറുക്കൻമാർ പുഴയിൽ ചാടി കുളിച്ചു. കനാലിൽ വെളളം വിട്ടാൽ മാത്രമേ കുളിയങ്ങോട്ട് മാറ്റാറുള്ളൂ. സന്ധ്യക്ക് ബാങ്കുവിളി കേട്ട് കര കയറുമ്പോൾ എല്ലാവരുടെയും കണ്ണുകൾ ചുണ്ടപ്പൂ പോലെ ചുവന്നിരിക്കും. എല്ലാം കണ്ട് നിന്നപ്പോൾ, തന്റെ അസാന്നിധ്യം ആരെയും അനക്കിയിട്ടില്ലെന്ന വസ്തുത ഉൾകൊള്ളാൻ തോന്നിയില്ല. സംഘത്തിലെ അവനവന്റെ അഭാവം വേദനയോടെ അംഗീകരിക്കുകയെന്നത് മരണത്തിന്റെ കീഴ്‌പ്പെടുത്തലിന് വഴങ്ങുന്നതിന് സമമാണ്. നഷ്ടപ്പെടലിന്റെ അനിവാര്യത സമയത്തിന്റെ അർത്ഥം മനസ്സിലാക്കി തരുന്നു. ആവർത്തന വിരസമല്ലാത്ത നൈരന്തര്യ ശീലങ്ങളുടെ ചാമ്പയ്ക്കാ നീരുപോലെ മധുരിക്കുന്ന കൗമാരാവശിഷ്ടങ്ങൾ അന്നുമുഴുവൻ ഉള്ളിൽ മനംപിരട്ടി. ഡയറിയെടുക്കാൻ വിട്ടുപോയതിനാൽ അന്നതെല്ലാം ഉള്ളിലെ പൂപ്പലടിച്ചു തുടങ്ങിയ ഏതോ ചുവരിന്റെ കോണിൽ കോറിയിട്ടു. ജീവിതത്തിന്റെ വിരക്തിയറിയാത്തവർ എന്തു ഭാഗ്യവാൻമാർ. വിലക്കുകളില്ലാത്തവർ. അധികാരവലയത്തിൽ ചിട്ടയായി ജീവിക്കേണ്ട ഗതികേടില്ലാത്തവർ. കാലിൽ ചങ്ങലയില്ലാത്തവർ. ഇഷ്ടാനുസരണം ചിരിക്കാൻ സാധിക്കുന്നവർ.
സാരിയ കമിഴ്ന്നു കിടന്നു. കൈകൾ തലയിണയിൽ ഇറുക്കി. ഉറക്കം വന്നതേയില്ല. ഗൃഹാതുരതയുടെ പുതപ്പിന് തന്നെ നിദ്രയിലാഴ്ത്താനുളള ചൂടില്ല. മുറി വൈദ്യന്റെ മരുന്നുപോലെ അത് സൗഖ്യം നൽകുന്നതിന് പകരം തന്നെ കൊന്നുകൊണ്ടിരിക്കുകയാണെന്നവന് തോന്നി.
സാരിയ, ഉറങ്ങിയോ?
അത്തറിന്റെ പരിചിതഗന്ധം. മുഖത്തുവീണ ടോർച്ചിന്റെ വെളിച്ചത്തിൽ ആദ്യം ഉളളിൽ ഭയമാണ് തോന്നിയത്. ചെറിയ ഉസ്താദ് തന്റെ പള്ളയിൽ കൈ വച്ച് പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു. തലപ്പാവില്ല ഒരു വട്ട തൊപ്പി മാത്രം. നമസ്‌കാര തഴമ്പിന് കറുപ്പേറിയതുപോലെ. വയറ്റിലെ കാളലൊഴിഞ്ഞു. സാരിയ എഴുന്നേറ്റിരുന്നു.
എന്തേ അത്താഴം കഴിക്കാഞ്ഞേ? എന്തെങ്കിലും വിഷമമുണ്ടോ? എന്തുണ്ടെങ്കിലും പറയാം.
ഇല്ല, ഉസ്താദേ.. പളളക്ക് നല്ല സുഖല്ല. ഗ്യാസാണെന്നു തോന്നുന്നു. ഇപ്പോ ഭേദായി.
ഹ്‌മ്... ശരി കിടന്നോ, നാളെ ക്ലാസുളളതല്ലേ.. കവിളിലൊന്ന് പതിയെ തട്ടി, ഉസ്താദ് എഴുന്നേറ്റു പോയപ്പോൾ ആദ്യം കരച്ചിലാണ് വന്നത്. ഇപ്പോൾ അയാളോടൊട്ടും വെറുപ്പുതോന്നുന്നില്ല. എത്ര നാളുകൾക്കു ശേഷമാണ് ഒരു മനുഷ്യൻ തന്നെ തൊടുന്നത്?. സാന്ത്വനിപ്പിക്കാൻ തക്കത്തിന് ആളുകളെത്തിയിരുന്നെങ്കിൽ എത്രയോ പേർ ഇന്നും അതിജീവിക്കുമായിരുന്നു. അൽഹംദുലില്ലാഹ്.
പുതപ്പ് നെഞ്ചിലേക്ക് വലിച്ചിട്ടപ്പോൾ ജിന്നുകൾ പൂശുന്ന അത്തറിന്റെ ഗന്ധം. കുറച്ചുനേരം തിരിഞ്ഞും മറിഞ്ഞും, മറിഞ്ഞും തിരഞ്ഞും നേരംകൊന്നു. പെട്ടെന്നാണ് കെട്ടടങ്ങിയ കാളൽ പിന്നെയും മനസ്സിനെ അസ്വസ്ഥമാക്കിയത്. ചെറിയ ഉസ്താദിന്റെ രൂപത്തിൽ എത്തിയത് ജിന്നായിരിക്കുമോ? അതേ സുഗന്ധം, അതേയനക്കം. ഉറപ്പിച്ചില്ലെങ്കിൽ ഉറക്കമുണ്ടാവില്ല. ഉസ്താദിന്റെ മുറി ഹൗളിനോട് ചേർന്നാണ്. അടുത്തകാലം വരെ വലിയ ഉസ്താദ് ആയിരുന്നു അവിടെ പാർത്തിരുന്നത്. പള്ളികാടിന് ചുറ്റും മതിലുകെട്ടാൻ പരേതനായ അഹമ്മദ് ഹാജിയുടെ മകൻ കുഞ്ഞിപ്പ ഇറക്കിയ ഹോളോബ്രിക്‌സ് ബാക്കി വന്നപ്പോൾ മദ്‌റസയോട് ചേർന്ന് അറ്റാച്ച്ഡ് ബാത്രൂമുളള ഒരു മുറികൂടി പണിതുകൊടുത്തു. വലിയ ഉസ്താദിന്റെ മുട്ടുകാല് തേയ്മാനം കൂടി കണക്കിലെടുത്താണ് മഹല്ല്കമ്മറ്റി സംവിധാനം ഏർപ്പെടുത്തിയത്. അതിൽ പിന്നെ മൂപ്പരങ്ങോട്ടുമാറി.

പള്ളിക്കാടിന് ചുറ്റും എന്തിനാ മതില്? മരിച്ചോരാരെങ്കിലും എണീച്ച് ഓടുംന്ന് പേടിച്ചിട്ടാ എന്നു ചോദിച്ച വലിയ ഉസ്താദിനോടുളള കുഞ്ഞിപ്പയുടെ മധുരപ്രതികാരം കൂടിയാണ് ആ മുറി. ദറസ് നടത്തിപ്പിന് ധനസമാഹരണം, മാനേജിംഗ് എന്നിവക്കായി പുതിയ ഉസ്താദെത്തിയപ്പോൾ കമ്മറ്റിക്കാരാണ് പറഞ്ഞത് വലിയ ഉസ്താദിന്റെ മുറി ഒഴിവാണെന്ന്. അറ്റാച്ച്ഡ് ബാത്ത്‌റൂമില്ലെങ്കിലും ഒരു ചുവരിനിരുവശത്തായി മൊല്ലാക്കയും ചെറിയ ഉസ്താദും സുഖമായി കഴിയുന്നു.
മുണ്ട്മുറുക്കി സിഗരറ്റ് ലാമ്പിന്റെ പുറകിലെ എൽഇഡി ബൾബിന്റെ അരണ്ട വെളിച്ചം തെളിച്ച് സാരിയ ചെറിയ ഉസ്താദിന്റെ മുറി ലക്ഷ്യമാക്കി നടന്നു. ലൈറ്റിട്ടാൽ പലരും മതപഠന വിദ്യാർത്ഥികളാണെന്ന കാര്യം തത്കാലത്തേക്ക് മറന്നേക്കും. ചെറിയ ഉസ്താദിന്റെ മുറിക്കകത്ത് ആളനക്കമുണ്ട്; പിറുപിറുക്കലുകൾ. എത്രപേരുണ്ടെന്ന് കൃത്യമായറിയാനാവുന്നില്ല. ജനലിനിടത്തുളള ടേബിൾ ലാംപ് മുനിഞ്ഞ് കത്തുന്നു.
ജനാലയുടെ വാതിൽ തളളി സാരിയ അകത്തേക്കു നോക്കി. പെട്ടെന്ന് അവന്റെ മേലാകെ വിറച്ചു. ശരീരമാകെ കറന്റടിച്ചതുപോലെ തരിച്ചുകയറി. കണ്ണ് രണ്ടും തിരുമ്മി ഒന്നുകൂടി നോക്കി. മുഫസ്സിൽ നൂൽബന്ധമില്ലാതെ കട്ടിലിലിരിക്കുന്നു. ഒരു ദാസനെ പോലെ കാൽ ചുവട്ടിലായി ഇഹലോക കാര്യങ്ങൾ മസ്ജിദിനകത്ത് ചിന്തിച്ചാൽ പരലോകം പോലും നഷ്ടപ്പെടുമെന്ന് പഠിപ്പിച്ച ചെറിയ ഉസ്താദും. അപ്പോഴവർ രണ്ടുപേരാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി. വെള്ളവിരിപ്പിലെ വലിയൊരു ചിത്രം പോലെ. ഒരു വലിയ കുന്നിൻമുകളിലെത്തിയ കിതപ്പോടെ സാരിയ നിശ്ചലനായി.
പടച്ചോനേ…, അറിയാതെ വിളിച്ചുപോയി.
ഒരു കാറ്റുപോലെയെത്തിയ ശബ്ദം കേട്ട് മുഫസ്സിലും, ചെറിയ ഉസ്താദും ജനലിനടുത്തേക്ക് നോക്കി. ഞൊടിനേരത്തേക്ക് ഒരുതരം മരവിപ്പായിരുന്നു ശരീരമാസകലം. മനക്കട്ടിയുടെ അധസ്ഥിതത്വം തന്ന ആവേഗത്തോടെ അവൻ കട്ടിലിലേക്കോടി. ഉറങ്ങിയില്ല. സുബഹി നമസ്‌കാരത്തിനായി എല്ലാം വെറും കിനാവവണേയെന്ന പ്രർത്ഥനയോടെയാണ് കൺതുറന്നത്. എന്നാൽ യാഥാർത്ഥ്യത്തിന്റെ തീവ്രത കണ്ടകാഴ്ച്ച പോലെ ഉയർന്നുതന്നെ നിൽക്കുന്നതായി അവന് തോന്നി. ജനലിനപ്പുറം ഏതാനും വിദ്യാർത്ഥികളുമായി ചെറിയ ഉസ്താദ് വർത്തമാനം പറഞ്ഞു നിൽക്കുന്നു. എല്ലാം തടിച്ചു വെളുത്ത കൗമാരക്കാർ. കൂട്ടത്തിൽ മുഫസ്സിലും. ഇനിയൊരിക്കലും മുഖം കഴുകാൻ സാധിക്കാത്തവന്റെ പരവേശത്തോടെ സാരിയ ശുചിമുറിയിലേക്കോടി. കണ്ണുചുവക്കും വരെ മുഖം നനച്ചു. സർവ്വം സൃഷ്ടിച്ച പടച്ചവന്റെ ദേവലായലത്തിലെത്തി അശരണനായി പോയ വിരോധാഭാസമോർത്തപ്പോൾ ചിരിക്കണോ നിലവിളിക്കണോയെന്ന ആശയകുഴപ്പത്തിൽ അൽപനേരം നിന്നുപോയി.
നേരേ ചെന്ന് വലിയ ഉസ്താദിനെ വിവരമറിയക്കാനാണ് തോന്നിയത്. പക്ഷേ ഉസ്താദിന്റെ മുന്നിൽ നാവനക്കാൻ തന്നെ ബേജാറാണ്. ബിസ്മി ചൊല്ലി പോത്തിന്റെ കഴുത്തിൽ അദ്ദേഹം നിർദ്ദയം കത്തികൊണ്ട് മൂരുന്നത് പലതവണ നടുക്കത്തോടെ നോക്കി നിന്നിട്ടുണ്ട്.
തലേന്ന് കണ്ടത് രണ്ടുപേരുടെ കരുതികൂട്ടിയുളള ചേഷ്ടകളാണ്. പറഞ്ഞവൻ കുറ്റക്കാരനായേക്കും. കണ്ടത് പറഞ്ഞാൽ കഞ്ഞിയില്ലെന്ന് എളേമ പറഞ്ഞുകേട്ടിട്ടുണ്ട്. മാത്രവുമല്ല, ഒന്നിലധികം വിദ്യാർത്ഥികളെ ഇന്നലെ കണ്ട ജിന്നുപിടിച്ചിട്ടുണ്ടെന്നുമുറപ്പാണ്. ആ നിലയ്ക്ക് ഇപ്പോഴെന്ത് വെളിപ്പെടുത്തിയാലും ഒരു സംഘത്തിന്റെ വെറുപ്പ് ഒറ്റക്ക് നേരിടേണ്ടി വരും. അൽപ്പം ധൈര്യമുണ്ടെങ്കിൽ ഒരു വലിയ സമൂഹത്തോട് ഒറ്റക്ക് നിന്ന് പൊരുതുകയെന്നതിനേക്കാൾ ഹരമുളള മറ്റ് പരിപാടിയില്ല, പക്ഷേ..
ഉസ്താദുമാരെ വെറുപ്പിച്ച് പഠിത്തം നിർത്താനുളള മുട്ടുന്യായം, ഇന്നാ പിന്നെ ഓന് ഇവിടെ വന്ന് ബുക്കും വായിച്ച് കുത്തിരിക്കാലോ, തെണ്ടിച്ച് കൊണ്ടുകൊടുക്കാൻ ഞാനില്ലേ..? സംഭവം വീട്ടിലറിഞ്ഞാൽ വാപ്പ പറയും.
മുഖം നനച്ച് മതിയായത് പറയുന്നില്ലെന്ന തീരുമാനത്തോടുകൂടിയായിരുന്നു. ഉച്ഛ്യംങ്ഖലമായ അസ്വസ്ഥചിന്തകൾ മനസ്സിനെ മഥിച്ചു. ബെല്ലടി ശബ്ദം കേട്ടപ്പോൾ ക്ലാസിലേക്ക് നടന്നു. ഒന്നുമറിയാത്തവനെ പോലെ ഉസ്താദിന്റെ മുന്നിലിരുന്നു. കൈസഞ്ചിയിൽ നിന്നും ഖിതാബും, ബോർഡ് തൂക്കാനുളള കൈത്തലതുണിയും പുറത്തെടുത്ത് ഉസ്താദ് അറബി വ്യാഖരണവും, ഉപയോഗിക്കേണ്ട രീതിയും വിശദീകരിച്ചുകൊണ്ടിരുന്നു. അയാളുടെ മുഖത്ത് നോക്കാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു. തിരിച്ചയാളും. എട്ടരമണിക്ക് ക്ലാസ് കഴിഞ്ഞു. കുളിച്ചില്ല. അത്തറടിച്ചാൽ ആരുമറിയില്ല. ഷർട്ടും, മുണ്ടും ഇസ്തിരിയിട്ടില്ല, പത്തിരിയും കിഴങ്ങും കഴിച്ചില്ല, ഉച്ചക്കഞ്ഞി വാങ്ങാനുളള പാത്രവുമെടുത്തില്ല, തലപ്പാവ് ചുറ്റി, മുണ്ടും മുറുക്കി സ്‌കൂളിലേക്ക് ബസ്സ് കയറി. എന്നത്തേയും പോലെ ഏതൊക്കെയോ അധ്യാപകർ എന്തൊക്കെയോ വിളിച്ചു പറഞ്ഞിട്ട് പോയി. എല്ലാവരും എല്ലാം മനസ്സിലായെന്ന നാട്യത്തോടെ തലകുലുക്കി പുസ്തകം മടക്കി വച്ചു.
ക്ലാസ് കഴിഞ്ഞെങ്കിലും ദറസിലേക്ക് തിരികെ മടങ്ങാൻ തോന്നിയില്ല. മൈതാനത്ത് ചട്ടിപന്ത് കളിക്കുന്നവരെ കുറേനേരം നോക്കി നിന്ന് സാരിയ തന്റെ നേരം കളഞ്ഞു. മൈതാനത്തിന് മുകളിലെ മൺതിട്ടയിൽ നിന്നും നോക്കുമ്പോൾ എല്ലാവരും ഉറുമ്പുകൾ. ഒരു നിമിഷത്തേക്ക് മനസ്സിൽ കൗതുകം മാത്രമായി. പിന്നെ വല്ലാത്ത ദുഖം തോന്നി. വെള്ളത്തുണിയുടെ ചന്തിയിൽ ചോന്നമണ്ണ് പറ്റുന്നതോർക്കാതെ കുറച്ചുനേരമിരുന്നു. സന്ധ്യയാവാറയപ്പോഴാണ് തിരിച്ചറിവുണ്ടായത്. മഗ്രിബ് നമസ്കാരത്തിന് മിനുറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ പള്ളിയിൽ തിരിച്ചെത്തി. അംഗശുദ്ധി വരുത്തുന്നവരാരും ഒന്നും ചോദിച്ചില്ല. മുണ്ടൊന്നുമാറ്റിയുടുത്ത് നമസ്‌കരിക്കാൻ നിൽക്കുന്നവരുടെയടുത്ത് വന്നുനിന്നു. കൂട്ടത്തിൽ കൂടാനെന്തെളുപ്പം, വിത്യസ്തനായത് മറയ്ക്കാനാണ് മല്ല്. പ്രാർത്ഥന കഴിഞ്ഞെല്ലാവരും ഡോർമെട്ടറിക്കരികിലെ സ്റ്റഡിറൂമിലേക്ക് നടന്നു. സാരിയ പോയില്ല. കട്ടിലിനടിയിൽ നിന്നും ബാഗെടുത്തു. അടുത്താരുമില്ലെന്നുറപ്പ് വരുത്തി സിബ്ബ് തുറന്നു. അടിപിടിക്ക് ശേഷം ഡയറിയുൾപ്പടെ ബാഗിലേക്ക് മാറ്റിയതാണ്. തുരുമ്പെടുത്ത് തുടങ്ങിയ സിബ്ബിന്റെ അറ്റത്ത് ചെറിയൊരു പൂട്ടുവാങ്ങിയിട്ടിരുന്നു. ആർക്കും എളുപ്പത്തിൽ തകർക്കാനാവുന്നത് പക്ഷേ സമാധാനം തരുന്നത്. പൂട്ട്തുറന്ന് ബാഗിൽ തപ്പിയപ്പോൾ തടഞ്ഞത് ബഷീറിന്റെ യാ ഇലാഹിയാണ്. കയ്യിലെടുത്ത് പേജ് മറിച്ചു. അറിയാതെ മുഴുകി പോയി.
തോളിൽ ആരോ കൈവച്ചപ്പോഴാണ് ഞെട്ടലോടെ തിരിഞ്ഞു നോക്കിയത്. വലിയ ഉസ്താദ്! തലച്ചോറുപോലുമറിയാതെ ശ്വസനപ്രക്രിയ സ്തംഭിച്ചു.
എന്താ കയ്യില്..? സാരിയ മൗനം പാലിച്ച് ഭയഭക്തി ബഹുമാനത്തിൽ വിറക്കുന്ന കൈകളോടെ പുറം ചട്ട കാണിച്ചു.
യാ, ഇ ലാ ഹി.. ഹാ.. നല്ലതാ.. വായിച്ചോ.. സ്‌കൂളുത്തെ ഒന്നൂല്ലെ...?
കയിഞ്ഞു. വളരെ പതിഞ്ഞ ശബ്ദത്തോടെയാണ് പറഞ്ഞൊപ്പിച്ചത്.
ഇവിടെ ആരെങ്കിലും എന്തെങ്കിലും വേണ്ടാദീനം കാണിച്ചാ ഇന്നോട് വന്ന് പറയണം, അക്കാര്യം അന്നേണ് ഏൽപ്പിക്കണത് ട്ടോ..? വലിയ ഉസ്താദ് വാത്സല്യത്തോടെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
തലേന്നാളത്തെ കാഴ്ച്ചയാണ് ആദ്യം ഓർമ്മയിലെത്തിയത്. നല്ലൊരവസരം. പക്ഷേ പറഞ്ഞില്ല.
ആഹ്, വായിച്ചോ സ്‌കൂളുത്തെ ഒക്കെ അത്ര പഠിച്ചാ മതി, പടച്ചോനെ പേടിള്ളോരെ കയ്ച്ചിലാവൊള്ളു, ഭൂമിയിലും അതെ ആഹിറത്തിലും അതെ, വലിയ ഉസ്താദ് നടന്നു. കൂടെ അദ്ദേഹത്തിന്റെ അത്തറ് പരത്തുന്ന രൂക്ഷഗന്ധവും.
വയറും മനസ്സും കൊല്ലപ്പരീക്ഷ അവസാനിച്ചതുപോലെ ശാന്തമായി. മൂപ്പർ പിന്നെയും കുറേ നേരം കട്ടിലുകൾക്കിടയിലൂടെ ചുറ്റി. ഒന്ന് രണ്ട് തലയിണ പൊക്കി നോക്കി. ഒന്നും കിട്ടിയില്ല. അനാവശ്യമായി കറങ്ങുന്ന ഫാനുകളെല്ലാം ഓഫാക്കി വിദ്യാർത്ഥികളുടെ അശ്രദ്ധയെ മനസ്സിൽ പ്രാകി അദ്ദേഹം പുറത്തേക്ക് നടന്നു.
ഉസ്താദിനോട് എന്തേ പറയുന്നുണ്ടായിരുന്നത്? താമസംവിനാ ചെറിയ ഉസ്താദെത്തി സാരിയയോട് ആകാംശയോടെ ചോദിച്ചു. അയാളുടെ മുഖത്ത് നോക്കാൻ അവന് വെറുപ്പ് തോന്നി. ഒന്നൂല്ല, സ്‌കൂളിലെ കാര്യങ്ങള്. അവൻ പുസ്തകം മടക്കിവച്ചു.
അധികം നിൽക്കാതെ അയാൾ തന്റെ മുറിയിലേക്ക് കയറി. പിറ്റേന്നുമുതൽ സാരിയക്ക് യുദ്ധചരിത്രം, അറബി വ്യാകരണം, ഉച്ഛാരണം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വന്നില്ല. അതുകൊണ്ടുതന്നെ വെളുപ്പാൻക്കാലത്ത് കൈവെള്ള ചുവന്നതുമില്ല. നിത്യേന കൂടെ അടിവാങ്ങിയിരുന്നവർ അവനെ തുറിച്ചുനോക്കി തുടങ്ങി. അന്നുതന്നെ മുഫസ്സിലിന്റെ അയൽവക്കത്തുള്ള കിടപ്പും ചെറിയ ഉസ്താദ് മാറ്റി നൽകി. മൊല്ലാക്കയാണ് കട്ടിൽ ചുമന്ന് മൂലയിലേക്കിടാൻ സഹായിച്ചത്. രാത്രികളിൽ ഇനി പള്ളികുളത്തിലേക്കടിക്കുന്ന മിന്നലോ മഴയോ പിശറോ കാണാനാവില്ല. പ്രയാസം അൽപ്പം കുറഞ്ഞെങ്കിലും അവനിൽ മടുപ്പ് അതുപോലെ തന്നെ അവശേഷിച്ചു. ഉള്ളിൽ എന്തൊക്കെയോ ചെയ്യാനുള്ളവന്റെ വ്യഗ്രത, പുറത്താകട്ടെ എന്തെന്നില്ലാത്ത ശൂന്യത.
സ്ഥാനം മാറിയാണ് കിടപ്പെങ്കിലും പിന്നീടും പലതവണ അത്തറുപൂശിയ ജിന്ന് അടുത്തുകൂടി കടന്നുപോയി. എങ്കിലും ചെറിയഉസ്താദിന്റെ മുറിയിലേക്കെത്തി നോക്കാൻ ധൈര്യപ്പെട്ടില്ല. അത് ജിന്നുകൾ തന്നെയാണെന്ന് വിശ്വസിക്കുന്നതായിരുന്നു കൂടുതൽ എളുപ്പം. പതിയെ പതിയെ പള്ളിക്കാട്ടിലെത്തുന്ന മയ്യത്തുകൾ മണ്ണോടു ചേരുന്ന സാധാരണത്വത്തോടെ എല്ലാം മനസ്സിന് സ്വീകാര്യമാക്കി. പിന്നെ പിന്നെ ആരുടെയും രാത്രി സഞ്ചാരമോ അത്തറിന്റെ രൂക്ഷ ഗന്ധമോ അവനിൽ ഏശാതെയായി. രാത്രികളിൽ ഒരു ശിശുവിനെപ്പോലെ ഉറങ്ങി. പകലുകളിൽ ഒരു ദിവ്യന്റെ മൗനം ഭജ്ഞിച്ചു, എന്നിട്ടും മടുപ്പ് അവനെ വേട്ടയാടുന്നത് തുടർന്നുകൊണ്ടേയിരുന്നു. കറുത്തുതുടങ്ങിയ കൺതടങ്ങൾ തെളിഞ്ഞ് മുഖത്ത് വന്ന ശാന്തത, പൊരുത്തപ്പെടലിനെ വെള്ളിയാഴ്ച്ചകളിലെ മൊല്ലാക്കയെ പോലെ വിളിച്ചോതി. ദൂരവ്യാപകമായ ഭാവിയെ പ്രത്യാഘാതപരമാക്കുന്നത് വർത്തമാനകാലത്തെ മനസ്സിന്റെ പിടച്ചിലുകളാണ്. അത് നിയന്ത്രിക്കാനായാൽ പിന്നെ ബേജാറുണ്ടാവില്ല. ഓരോന്നോർത്തങ്ങനെ കിടന്നു. ഉമ്മയും ദരിയയും മുഹിയുദ്ധീൻ മാല ചൊല്ലുകയാണ്.
ജിന്നിനും ഇന്‌സിന്നും മറ്റു മലക്കിന്നും
ഞാനിവയെല്ലാര്ക്കും മേലെശൈഖെന്നോവര്
എല്ലാ ഒലികളും മേലെ ഖുത്തുബാണെന്നോരും
എന്നുടെ വീട്ടില് പിള്ളേരാതെന്നോവര്
ബാശി ഞാനെന്നിയെ ഉള്ളവരും ഞാനും
വാനവും ഭൂമീലും ഏറും നടന്നോവര്
എന്നെയൊരുത്തരെ കൂട്ടീപറയണ്ട
എന്നെ പടപ്പിന്നറിയരുതെന്നോവര്…
മാലപ്പാട്ടിന്റെ ഈണം പനിപിടിച്ച് പറയുന്ന പിച്ചും പേയും പോലെ അവൻ ഉരുവിട്ടു. ഈണത്തിനൊത്ത് തുടയിൽ താളമടിക്കുന്നതിനിടെയാണ് വാപ്പ കയറി വന്നത്. പക്ഷേ അദ്ദേഹത്തിന് പാമ്പിന്റെ രൂപമായിരുന്നു. വഴുവഴുപ്പുള്ള തൊലി. നീളമുള്ള നാക്കുകൾ. മൈലാഞ്ചി മിന്നുന്ന താടിയോ, തലയിൽ തൊപ്പിയോ ഇല്ല. എങ്കിലും വാപ്പ വാപ്പ തന്നെ. നിസ്‌കാര കുപ്പായത്തിലിരിക്കുന്ന ഉമ്മയും ദരിയയും എഴുന്നേറ്റ് തലതാഴ്ത്തി നിന്നു. സാരിയ അദ്ദേഹത്തെ ഒരു തെരുവുപട്ടിയുടെ ദൈന്യതമുറ്റിയ മുഖവുമായി ഒന്നു പാളിനോക്കി.
അന്നെ ഞാൻ വളർത്തിയുണ്ടാക്കിയത് പിരാന്തന്മാർ എഴുതിയ ബുക്കും വായിച്ച് പടച്ചോനെ മറന്ന് കഥയും നോവലും എഴുതുന്ന താന്തോന്നിയായി നടക്കാനല്ല, പള്ളിയിലെ ഖാളി ആക്കാനാ- ആക്രോശത്തിന്റെ നടുക്കത്തിൽ കിതപ്പോടെ അവൻ പിടഞ്ഞെഴുന്നേറ്റു- ദുഃസ്വപ്നം.
ഒച്ചപ്പാടുകൂടിയ ഒരു പകലിനോടുളള പ്രതികാരമെന്ന കണക്കേ നിശ്ശബ്ദമായ രാത്രി. കൂർക്കംവലിയുടെ ഉയർന്നുപൊങ്ങുന്ന തരംഗങ്ങളൊഴിച്ചു നിർത്തിയാൽ ചുറ്റുപ്പാടും എല്ലാം ശാന്തം. തൊണ്ടക്കുഴിയിൽ വരൾച്ച. കൂജയിൽ നിറച്ചുവച്ച വെള്ളം ഗ്ലാസിലെടുത്ത് ജനലിൽ ചാരിയിരുന്നുകൊണ്ട് കുടിച്ചു. തണുപ്പിന്റെ നനവ് തട്ടിയപ്പോൾ ശരീരത്തിൽ മഞ്ഞുകാലം വന്നു പൊതിഞ്ഞു–റൂഹുണർന്നു. സ്വപ്‌നങ്ങളിൽ ദുസ്വപ്‌നങ്ങളാണ് നല്ലതെന്നവന് തോന്നി. ദുസ്വപ്‌നത്തിൽ നിന്നുണരുമ്പോൾ അത് കേവലം സ്വപ്‌നമാണെന്ന ആശ്വാസമായിരിക്കും, നല്ല സ്വപ്‌നമാണെങ്കിൽ അത് കേവലം സ്വപ്‌നമാണെന്ന വ്യസനവും. കിടക്കയിലേക്ക് തിരികെ നടന്നു. പുറത്തെ മഴക്ക് ശക്തിയില്ല. ബാർബർ മഴ! മുടിമുറിക്കാൻ കറങ്ങുന്ന കസേരയിലിരുന്നാൽ ബാർബർ, കുപ്പിയിൽ നിന്നും സ്പ്രേ ചെയ്യുന്ന ശക്തിമത്തായ തുള്ളികൾ.
മിന്നലിൽ പള്ളിക്കുളത്തിലേക്കൊന്നു പാളി നോക്കി. കാട്ടുചേമ്പിൽ നിന്നും നിശ്ചിത ഇടവേളകളിലായി കുളത്തിലേക്കിറ്റിവീഴുന്ന തിളക്കമറ്റ തുള്ളികൾ. തിരികെ കട്ടിലിലേക്ക് നടക്കുന്നതിനിടെയാണ് വിളികേട്ടത്.
സാരിയാ....
ഞെട്ടലോടെ തിരിഞ്ഞപ്പോൾ വയറിനുമുകളിലേക്ക് കയറ്റിയുടുത്ത നീല അറബി ലുങ്കിയും വെള്ള ബനിയനും വട്ടത്തൊപ്പിയുമിട്ട് ചെറിയ ഉസ്താദ് നിൽക്കുന്നു. ഉയരങ്ങളിൽ നിന്നു താഴോട്ടു നോക്കും പോലെ അവന്റെ ഉള്ളൻകാൽ തരിച്ചു. ഉസ്താദ് അടുത്തെത്തും തോറും തരിപ്പ് ശരീരമാസകലം പടർന്നുപിടിച്ചു. എന്തുകൊണ്ടോ അപ്പോൾ സത്താർ മൊല്ലാക്ക പറയുന്ന വിടുവായിത്തങ്ങളോർമ്മവന്നു.

നീർനായ വന്നാലും നീർച്ചാലു വന്നാലും നീട്ടി തുപ്പിയാൽ നീണ്ടുനടക്കാം, ഇജ്ജാത്തൂന്റെ പജ്ജിന്റെ നെജ്ജ് കജ്ജുമ്മായാൽ കഗ്ഗിയാലും കഗ്ഗിയാലും പോഗൂലാ മജ്ജത്തേ....
അവന്റെ കൈയ്യിൽ കടന്നുപിടിച്ച് തുടകൾക്കിടയിലേക്കടുപ്പിക്കാൻ ശ്രമിച്ച ചെറിയ ഉസ്താദിന്റെ മുഖത്ത് സാരിയ നീട്ടി തുപ്പിയതും പുറത്തേക്കോടിയതും അലിയാരുടെ വാള് തിളങ്ങിയതും ഒരുമിച്ചായിരുന്നു. ബാങ്കുവിളി കേൾക്കുന്നതോടെ നോമ്പ് മുറിക്കാനെടുക്കുന്ന വ്യഗ്രത പോലെ എല്ലാം ഞൊടിയിടയിൽ. ജീവനും കൊണ്ട് പുറത്തേക്കോടി. സുബ്ഹിബാങ്ക് കേൾക്കുന്നതുവരെ അവൻ പറങ്കിമാങ്ങയുടെ ചൂരും ശ്വസിച്ച് പള്ളിക്കാട്ടിലിരുന്നു. മരിച്ചവരാണ് കൂടുതൽ ഡീസന്റെന്ന് തോന്നി.
നേരം പുലർന്നപ്പോൾ പല്ലുതേപ്പും, കുളിയും നമസ്‌കാരവും കഴിഞ്ഞ് വീണ്ടും അവൻ കട്ടിലിനടുത്ത് തന്നെ പറ്റിക്കൂടി നിന്നു. ചെറിയ ഉസ്താദിന്റെ ക്ലാസിലിരിക്കുന്നതിനേക്കാൾ മനക്ലേശം അയാളെ ഉസ്താദേ എന്ന് വിളിക്കേണ്ടി വരുന്ന സ്ഥിതിയാണെന്ന് തിരിച്ചറിഞ്ഞു. മണിയടിക്കുന്ന ശബ്ദം കേട്ടപ്പോൾ മടിച്ച് മടിച്ചാണ് ക്ലാസിലേക്ക് നടന്നത്. ഏറ്റവും പുറകിലെ ബെഞ്ചിലിരുന്നു. ഭയംകാരണം അവന്റെ ഉള്ളം കൈ വിയർക്കുന്നുണ്ടായിരുന്നു. ചോദ്യമോ ഉത്തരമോ ഉണ്ടായില്ല. അടിയും കിട്ടിയില്ല. അയാൾ പലതവണ തന്നെ ശ്രദ്ധിക്കുന്നതായി സാരിയക്ക് തോന്നിയെങ്കിലും തിരിച്ചുനോക്കാൻ ഒരുമ്പെട്ടില്ല. എട്ടരക്ക് ബെല്ലടിച്ചപ്പോൾ നാസ്ത കഴിക്കാൻ നിൽക്കാതെ ദറസിൽ നിന്നുമിറങ്ങി. സ്‌കൂൾ ഗ്രൗണ്ടിനുമുകളിലെ റബ്ബർക്കാട്ടിനോട് ചേർന്ന് കുറേനേരം തനിച്ചിരുന്നു. മഴക്കാലമായതുകൊണ്ടാവാം തെളിച്ചമുണ്ടെങ്കിലും വെയിലിന് ഒട്ടും ചൂടുതോന്നിയില്ല. പൊടിയടങ്ങിയ മൈതാനം മുന്നിൽ ശൂന്യമായി കിടക്കുന്നു. കൗമാരത്തിലെ ഏകാന്തത ശിഷ്ടജീവിതത്തിന് പുതിയൊരു മാനം നൽകുന്നു. ലോകം പങ്കിലമാണെന്ന ബോധ്യമുണ്ടാക്കുന്നു. മാതാപിതാക്കളെ വെറുക്കാനാരംഭിക്കുന്നു. മനസ്സ് കടൽപോലെ കലുശിതമാകുന്നു. ലോകത്തിന്റെ ഭാരം മുഴുവൻ ചുമലിലാവുന്നു.
നിസ്‌കാര സമയത്ത് സ്‌കൂളിനടുത്തെ പള്ളിയിൽ കയറാൻ അവന് തോന്നിയില്ല–അതിൽ കുറ്റബോധവും. ജീവിതത്തെ ദുസ്സഹമാക്കുന്നത് ദൈവമാണെങ്കിൽ ആ ശക്തിയെ വണങ്ങുന്നതിന്റെ യുക്തിയെന്ത്?
എഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ അഞ്ചരയായിരുന്നു സമയം. ഒറ്റക്കാലുളള ഒരു ഭിക്ഷാടകൻ ഞൊണ്ടി ഞൊണ്ടി വഴിയരികിലൂടെ നീങ്ങുന്നതു കണ്ടു. വീടില്ലാത്തവരെല്ലാം സന്ധ്യാ നേരത്ത് എങ്ങോട്ടായിരിക്കും പോവുക? കോയമ്പത്തൂരിലേക്കും, തിരുപ്പൂരിലേക്കുമുളള ബസ്സുകൾ തലങ്ങും വിലങ്ങും പായുന്നു. അതിനകത്തെ യാത്രക്കാരെ അവൻ അസൂയയോടെ നോക്കി. പ്രകാശം കാണാത്ത തുരുംഗത്തിലൂടെയുളള ദീർഘദൂരയാത്ര പോലെ പതിനേഴ് വയസ്സുവരെയുളള കനപ്പെട്ട ജീവിതത്തെ കുറിച്ച് പിന്നീടേറെനേരം ചുഴിഞ്ഞാലോചിച്ചു. ഇരുവശത്തേക്കുമായി കിടക്കുന്ന റോഡുകൾ. ഇടതുവശത്തുളള വഴിയാണ് ദറസിലേക്കുളളത്, വലത്തേക്കുളള വഴി വീട്ടിലേക്ക്. വെറുപ്പിന്റെയും മാനസികസംഘർഷങ്ങളുടേയും ഏറ്റക്കുറച്ചിലുകളൊഴിച്ചാൽ രണ്ടിടവും തമ്മിൽ നിലവിൽ വലിയമാറ്റമൊന്നുമുള്ളതായി തോന്നിയില്ല. അതിരുകൾ താണ്ടിയാൽ അന്യനാട്—ഇടത്തേക്ക് തിരിഞ്ഞു.
ദറസിനുമുന്നിൽ ബസ്സിറങ്ങിയപ്പോൾ ആറരയായി. മഗ്രിബ്നമസ്‌കാരത്തിന് പത്തിരുപത് മിനുറ്റ് ബാക്കിയുണ്ട്. ബാങ്കുകേൾക്കുമ്പോൾ എഴുന്നേൽക്കാനായി പള്ളിക്കുളത്തിലേക്ക് നടന്നു. ഉറഞ്ഞുകിടക്കുന്ന സ്ഫടിക ചതുപ്പുപോലെയുളള ഉപരിതലത്തിലേക്ക് ഇടക്കിടെ എത്തിനോക്കി പോവുന്ന മീനുകൾ. കാർക്കിച്ചുനീട്ടി തുപ്പാനിരുന്നപ്പോഴാണ് അയാളുടെ മുഖം ഓർമ്മവന്നത്. ചുണ്ടിലേക്കെത്തിയ കഫം തിരിച്ചിറക്കി. കഫം കാത്ത പരൽമീനുകൾ അവനെ തുറിച്ചുനോക്കി. മീനുകളും താനും തമ്മിൽ വ്യത്യാസമില്ലെന്നവന് തോന്നി. ഇവയ്‌ക്കേതെങ്കിലും ജീവിയുടെ ആമാശയത്തിലേക്കല്ലാതെ എന്നെങ്കിലും ഈ കുളത്തിൽ നിന്നും മോചനമുണ്ടാവുമോ?
ഉച്ചഭാഷിണിയിലൂടെ മൊല്ലാക്കയുടെ ശബ്ദം കേട്ടപ്പോൾ മൂട്ടിലെ പൊടിതട്ടി പതിയെ പള്ളിയിലേക്ക് നടന്നു. നമസ്‌കാരത്തിനായി ഉടുമുണ്ട് മാറ്റിയപ്പോൾ സാരിയക്ക് വയറ്റിനകത്ത് വല്ലാത്ത കടച്ചിൽ തോന്നി. രാവിലെ മുതൽ ജലപാനം കഴിച്ചിട്ടില്ലെന്നപ്പോഴാണ് ഓർത്തത്. ആഹാരത്തേക്കാൾ പ്രാധാനപ്പെട്ട മറ്റെന്താണ് ദിവസം മുഴുവനിരുന്ന് ചിന്തിച്ചതെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടിയില്ല. അംഗശുദ്ധി വരുത്തി കൂട്ടത്തിൽക്കൂടി. യാന്ത്രികമായി നമസ്‌കരിച്ചു. തേങ്ങാച്ചോറും ഇറച്ചിച്ചാറുമായിരുന്നു അത്താഴത്തിന്. വയറുനിറച്ചു കഴിച്ചു. നേരത്തെ കിടന്നു. പിറ്റേന്ന്, പല്ലുതേക്കാൻ പുറത്തിറങ്ങിയപ്പോൾ അന്തരീക്ഷത്തിൽ തണുപ്പിന്റെ ഏങ്ങൽ. നമസ്കാരം കഴിഞ്ഞ് മദ്രസയിലേക്കോടി. തീർത്തും അപ്രതീക്ഷിതമായാണ് ചെറിയ ഉസ്താദ് പ്രഖ്യാപിച്ചത്: ഫിഖ്ഹ് പരീക്ഷയാണ്. മ്മ്..എല്ലാരും പേപ്പറെടുക്ക്.
എല്ലാവരും നോട്ടുബുക്കിന്റെ പുറംചട്ടയോടു ചേർന്നുളള പേജ് പറിച്ച് മുകളിൽ വലതുവശത്തായി പേരും റോൾ നമ്പരും എഴുതി. കോപ്പിയടിക്കാതിരിക്കാൻ വിദ്യാർത്ഥികളെയെല്ലാം പരമാവധി അകലത്തിലിരുത്തി. പാഠപുസ്തകങ്ങൾ മുഴുവൻ വാങ്ങി ചെറിയ ഉസ്താദിന്റെ മുസല്ല വിരിച്ചിട്ട മേശയുടെ ഓരത്തടുക്കി. ബെഞ്ചിൽ സ്ഥലകുറവുണ്ടായതുകൊണ്ട് അപ്പുറത്തെ മുറിയിൽ നിന്നും മറ്റൊരു ബെഞ്ചുകൂടി രണ്ട് മൊയില്യാരുട്ടികൾ കൊണ്ടുവന്നിട്ടു. അതിന്റെ അറ്റത്തായാണ് സാരിയയോടിരിക്കാനാവശ്യപ്പെട്ടത്.
ചോദ്യങ്ങൾ:
1. വഖഫ് എന്നാലെന്ത്?
2. വഖഫ് സഹീഹാകാനുള്ള നിബന്ധനകൾ എന്തെല്ലാം?
3. ഏത് തരം വഖഫ് സഹീഹാകും?
ചോദ്യങ്ങൾക്ക് മുൻപിൽ എന്തുചെയ്യുമെന്ന മറ്റൊരു ചോദ്യചിഹ്നം പോലെ സാരിയ ഇരുന്നു. ചോദ്യങ്ങൾ ആവർത്തിച്ചു വായിച്ചു, ഉസ്താദിന്റെ തുറിച്ചുനോട്ടത്തിൽ എഴുതുന്നതായി ഭാവിച്ചു.
വഖഫ് എന്നാലെന്ത്? പടച്ചോനറിയാം... , ഏത് തരം വഖഫ് സഹീഹാകും? ഹലാലായ വഖഫുകൾ ആവാനാണ് സാധ്യത. മുന്ന് ചോദ്യങ്ങളിൽ ഒന്നിനുമാത്രം ഉത്തരമെഴുതി. മുഫസ്സിലെഴുന്നേറ്റ് ഓരോരുത്തരുടേയും ഉത്തരക്കടലാസുകൾ വാങ്ങിതുടങ്ങിയവസാനിക്കുന്നതോടെ ബെല്ലടിച്ചു. എങ്കിലും ഓരോരുത്തരുടേയും പേപ്പർ ചെറിയ ഉസ്താദ് വേഗത്തിൽ നോക്കി തുടങ്ങി. നോക്കി കഴിഞ്ഞവരിൽ മൂന്നെണ്ണം തെറ്റിയവർക്കെല്ലാം തല്ലുകിട്ടി. സാരിയയുടെ പേപ്പർ അവസാനമാണ് നോക്കിയത്. അന്നേരത്തോടെ ക്ലാസിലെല്ലാവരും പോയികഴിഞ്ഞിരുന്നു. ഉത്തരം വായിച്ചതും, ഉസ്താദ് വിറളി പൂണ്ടപോലെ അവനെ തലങ്ങും വിലങ്ങും തല്ലി. തല്ലുന്നതിന്റെ ഊക്കിൽ അയാൾ എന്തെങ്കിലും വായിക്കുമ്പോൾ മാത്രം മൂക്കിൽ വെക്കുന്ന കണ്ണട തെറിച്ചുനിലത്തുവീണു. ചെറിയ ഉസ്താദിന്റെ ഭാഗ്യത്തിന് ചില്ലുപൊട്ടിയില്ല. സാരിയ ഒരു ശിലപോലെ നിന്ന് തല്ലുകൊണ്ടു. നാസ്ത കഴിക്കാൻ തിടുക്കത്തിൽ വരാന്തയിലൂടെ നടന്നുപോവുകയായിരുന്നു വലിയ ഉസ്താദ്.
ഉസ്താദേ എന്താ ഈ കാട്ടുന്നേ, ഇങ്ങനെയാണോ കുട്ടികളെ തല്ലുന്നത്..?

വലിയ ഉസ്താദിന്റെ ശബ്ദത്തിൽ പതറി ചെറിയ ഉസ്താദ് അടി നിർത്തി. വലിയ ഉസ്താദ് ക്ലാസ്മുറിയിലേക്കു കയറി. സാരിയ ചെല്ല്... അവന്റെ ചുമലിൽ അദ്ദേഹം മൃദുവായി തള്ളി. തുടയിലും തോളിലും നിർത്താതെ ഉഴിഞ്ഞുകൊണ്ട് വഷളായ മുഖവുമായി സാരിയ ഇറങ്ങി നടന്നു. വലിയ ഉസ്താദ് അവന്റെ പോക്ക് അനുതാപത്തോടെ നോക്കിനിന്നു.
തൊട്ടാൽ പൊട്ടുന്ന ക്ഷോഭത്തോടെ പല്ലിറുമ്പിയാണ് അന്നുമുഴുൻ സ്കൂളിലെ ക്ലാസിലിരുന്നത്. ഇനിയുള്ള ദിവസങ്ങളെല്ലാം ദുരിതപൂർണ്ണമായിരിക്കുമെന്നും എത്രതല്ലുകിട്ടിയാലും വാങ്ങിയേക്കാമെന്നും പതം വരാനായി അടിവാങ്ങാനൊരുങ്ങിയ പച്ചിരുമ്പിനെ പോലെ അവൻ നിശ്ചയിച്ചുറപ്പിച്ചു. വരുന്നതിനെ വകവെക്കാതെയാണ് വൈകുന്നേരം ദറസിലേക്ക് മടങ്ങിയത്. പള്ളികുളത്തിലേക്ക് കാലിട്ടിരുന്നു, തൊണ്ടകാറുന്നതുവരെ കുളത്തിലേക്ക് തുപ്പി. മീനുകൾ കഫം കൊത്തിവലിച്ചു കൊണ്ട് പരസ്പരം കലപിലകൂടി. തർക്കത്തിൽ കൂടാത്തവ തള്ളവിരലിനിടയിൽ കൊത്തിക്കൂടി നിന്നു. പച്ചവിതാനത്തിൽ അവ്യക്തമായി തന്റെ മുഖം കണ്ടപ്പോൾ സ്വയമേ വല്ലാത്ത വെറുപ്പുതോന്നി. പടവിനോട് ചേർന്നുകിടക്കുന്ന ചിരലുപെറുക്കി മുഖം കൂടുതൽ അവ്യക്തമാക്കുന്നതിൽ അപ്പോഴെന്തോ വല്ലാത്ത ആവേശം തോന്നി. സന്ധ്യക്കുള്ള ബാങ്കുവിളിക്കുന്നതുവരെ അവനാ പ്രവൃത്തി തുടർന്നുകൊണ്ടേയിരുന്നു. കുളക്കരയിലെ പായലുപച്ച പടർന്ന മൂടുമായി നിസ്‌കാരം കഴിച്ചു.
കൊല്ലപരീക്ഷയടുത്തെത്തിയിരുന്നതിനാൽ നമസ്‌കാര ശേഷം എല്ലാവരും സ്റ്റഡി റൂമിനകത്തേക്ക് പ്രവേശിച്ചു. സ്ഥായീയായ വിമുഖതയോടെ സ്വന്തം കട്ടിലനടുത്തെത്തി പുസ്തകമെടുക്കാനാഞ്ഞ സാരിയയെ ചെറിയ ഉസ്താദ് ചൂരലുമായി സമീപിച്ചു.
സാരിയക്ക് പഠിക്കാനൊന്നുമില്ലേ.. അവൻ തലതാഴ്ത്തി നിന്നു. എല്ലാവരും അവിടെയിരുന്ന് പഠിക്കുമ്പോ അനക്കെന്താ ഇവിടെ പരിപാടി..?
അവൻ കട്ടിലിനടിയിലേക്ക് ഒളികണ്ണിട്ടുനോക്കി. മ്മ്... എന്താ കട്ടിനടീല്....?
അവൻ ഒന്നുമില്ലെയെന്ന അർത്ഥത്തിൽ തോളുകുലുക്കി.
ആ ബാഗെടുത്താ...
മടിച്ചുനിന്ന സാരിയയോട് അയാൾ ഉറച്ച ശബ്ദത്തിൽ ആവർത്തിച്ചു: ബാഗെടുക്കാൻ…
പതിയെ നിലത്തിരുന്നുകൊണ്ട് അവൻ കട്ടിലിനടിയിൽ നിന്നും ബാഗെടുത്തു. ശേഷം വേപഥു പൂണ്ടുകൊണ്ട് അപരാധബോധത്തോടെ മാറി നിന്നു. കുറ്റമറ്റ പാപചിന്തയിൽ മറ്റേതോ ലോകത്താണ് ജീവിക്കുന്നതെന്നവന് തോന്നി. തുണികൾക്കടിയിലൂടെ വേവുനോക്കാനെന്ന പോലെ പലതവണ കുത്തിനോക്കിയ ചൂരൽ പുസ്തകങ്ങളിൽ ചെന്നുമുട്ടി. കയ്യിലെടുത്ത് ഓരോന്നിന്റെയും പുറംചട്ടകൾ അതിസൂക്ഷ്മം പരിശോധിച്ച ശേഷം അയാൾ തറയിലേക്കിട്ടു. കട്ടിയുള്ള പുസ്തകങ്ങൾ തറയിലടിക്കുന്ന ശബ്ദം കേട്ട് ഒന്നിലധികം പേർ കൊല്ലപ്പരീക്ഷ മറന്ന് തടിച്ചുകൂടി. ചെറിയ ഉസ്താദിന്റെ നിർദ്ദേശമനുസരിച്ച് പള്ളിയുടെ പുറകുവശത്ത് പള്ളിക്കാടിനഭിമുഖമായി ഹുക്കിൽ തൂക്കിവച്ചിരിക്കുന്ന മയ്യിത്ത് കട്ടിലിന് താഴെ നിന്നും മുഫസ്സിൽ ഒരു സിമന്റുചാക്ക് എടുത്തുകൊണ്ടുവന്നു. രണ്ടുപേർ ചേർന്ന് പുസ്തകങ്ങൾ ചാക്കിൽ തിക്കി നിറച്ചു.
സാരിയ അവന്റെ വാപ്പയെ ഒന്നുകൂടി മനസ്സിൽ ശപിച്ചു. രാജ്യത്തെ സർവ്വ സിമന്റുകമ്പനി മുതലാളിമാരേയും കൗമാരത്തിനിടെ മനഃപാഠമാക്കിയ സകലമാന അസഭ്യവാക്കുകളുമുപയോഗിച്ച് ആത്മാർത്ഥമായി മനസ്സിൽ പ്രാകി. ചാക്കുകൾ ചുമന്നുകൊണ്ടുപോകുന്നതുകണ്ടപ്പോൾ ഒരവയവം നഷ്ടമായെന്ന തോന്നലാണ് അവനിലാദ്യമുണ്ടായത്. മനോവ്യഥകളിൽ നിന്ന് താത്കാലികമായി രക്ഷപ്പെടാൻ പള്ളിക്കുളത്തിന്റെ കരയല്ലാതെ ഇനി മറ്റുമാർഗ്ഗങ്ങളൊന്നുമില്ലല്ലോയെന്ന ചിന്ത മനസ്സിനെ നേരത്തേ തന്നെ വരാൻപോവുന്ന മടുപ്പിലേക്കടുപ്പിച്ചു. ഭാവിയിലേക്ക് നിവർത്തിനോക്കാൻ പ്രകാശമാനമായ ഒരു ചുരുൾ പോലും ഇനി ബാക്കിയില്ല. എത്രതവണ സ്‌കൂൾ ലൈബ്രറിയിൽനിന്ന് ബുക്കെടുത്താലും ഇതു തന്നെയാവും ഗതി. മരണശേഷം വിശ്രമിക്കാൻ ആഗ്രഹിച്ച് പലരും കുഴിച്ചുവെക്കുന്ന കല്ലറകളിലെല്ലാം നിറയെ മണലാണ്. അല്ലായിരുന്നെങ്കിൽ തന്റെ സ്വപ്‌നങ്ങളെയെന്ന പോലെ പുസ്തകങ്ങളെ അതിനകത്തെ് മറവ് ചെയ്യാമായിരുന്നു.
എനിക്ക് പഠിക്കണ്ട, വായിക്കണം, എഴുതണം എന്നൊക്കെയുറക്കെ വിളിച്ചുപറയാൻ അവന് തോന്നി. പക്ഷേ എല്ലായ്‌പ്പോഴുമെന്നപ്പോലെ ഒരക്ഷരം മിണ്ടാതെ നിന്നു.
ഇനി ഇവിടെ പുസ്തകം കയറ്റുന്നതൊന്ന് കാണട്ടേ..
കൂട്ടംകൂടി നിന്നവരെല്ലാം ചെയ്തുകൊണ്ടിരുന്ന പ്രവർത്തിയിലേക്ക് മടങ്ങി. എന്തൊക്കെയോ നേടിയെന്ന ചാരുതാർത്യത്തോടെ ചെറിയ ഉസ്താദ് തന്റെ മുറിയിലേക്ക് കയറി. നെഞ്ചിലുണ്ടായ വിങ്ങൽ പതിയെ വാരിയെല്ലുകളെ ഇക്കിളിപ്പെടുത്തി അവന്റെ ആമാശയത്തിലേക്കിറങ്ങി. സാരിയക്ക് വയറ്റിൽ വല്ലാത്ത വേദന തോന്നി. കട്ടിലിൽ ചെന്ന് കമിഴ്ന്നടിച്ച് കിടന്നപ്പോൾ ചെറിയ ആശ്വാസം കിട്ടി. തലയിണയിലേക്ക് പതിക്കുന്ന തന്റെ നിശ്വാസത്തിന്റെ താപം അവനറിഞ്ഞു. ഉസ്താദുമാർ പറയുന്ന നരകത്തിലെ തീയേക്കാളും ചൂടതിനുണ്ടെന്ന് അപ്പോഴവന് തോന്നി. തൊണ്ടയിൽ തടഞ്ഞുനിന്ന ഗദ്ഗദം പുറത്തിടാനാവാത്തൊരു പരവേശം അവനിലുണ്ടാക്കി. ചെറുമയക്കത്തിൽ കണ്ണുകളടച്ചപ്പോൾ തിരുപ്പൂരിലേക്കും കോയമ്പത്തൂരിലേക്കുമായി തലങ്ങും വിലങ്ങും പായുന്ന ബസ്സുകൾ. തിരക്കുളള റോഡ്. വിയർത്തൊലിച്ചു നടക്കുന്ന നിരവധി ആളുകൾ.
പതിയെ കണ്ണുതുറന്നപ്പോൾ ഡോർമെട്ടോറിയാകെ ഇരുട്ടിലായിരുന്നു. കൂർക്കംവലിയുടെ നേരിയ അലയൊലികൾ. അത്തറിന്റെ സുദീർഘം നിലനിൽക്കുന്ന ഗന്ധം. മിനുസമുള്ള തുണി തറയിലുരസുന്ന പതിഞ്ഞ ശബ്ദം. ദേഷ്യംകൊണ്ട് പല്ലിറുമ്പിയെങ്കിലും തിരിഞ്ഞുനോക്കിയില്ല. ഉറക്കം നടിച്ചുകിടന്നു. ആരൊക്കെയോ തന്നെ കടന്നുപോകുന്നതവനറിഞ്ഞു. വയറ്റിനകത്തപ്പോഴും വേദനയുള്ളതായി തോന്നി. സിഗരറ്റ് ലൈറ്ററിന്റെ തലപ്പത്തുള്ള ടോർച്ചിന്റെ കുഞ്ഞൻ വെട്ടത്തിൽ ശുചിമുറിയിലേക്ക് നടക്കവേ ചെറിയ ഉസ്താദിന്റെ മുറിയിൽ വെളിച്ചം കണ്ടു. കക്കൂസിനകത്തിരുന്ന് പള്ളയുടെ കനമിറക്കി വെക്കവേ ദീർഘനേരമിരുന്നാലോചിച്ചു. ബാങ്കുവിളിക്കാൻ നേരമൊരുപാട് ബാക്കിയിരിക്കുന്നു. ചാറ്റൽമഴക്കിടെ എവിടെ നിന്നോ നായ്ക്കളുടെ ആവർത്തിച്ചുള്ള കുരകേക്കാം. ഡോർമെട്ടോറിയിലെ കട്ടിലിന് ചുവട്ടിൽ നിന്നും അവൻ ഒഴിഞ്ഞ മയ്യിത്ത് കട്ടിൽ പോലെ ശൂന്യമായ പുസ്തകമില്ലാത്ത ബാഗ് പുറത്തെടുത്തു. സിഗരറ്റ് ലാമ്പ് തെളിച്ച് അയയിൽ വിരിച്ചിട്ട വെള്ളയല്ലാത്ത വസ്ത്രങ്ങളെല്ലാം ശ്രദ്ധാപ്പൂർവ്വം തിരഞ്ഞെടുത്ത് ബാഗിനകത്ത് കുത്തി നിറച്ചു. മൊല്ലാക്കയും സഹപാഠികളുമെല്ലാം ഗാഢമായ ഉറക്കത്തിലാണ്. രാത്രിയിലുണർന്നിരിക്കുന്നത് തിന്മയെ അനുകരിക്കുന്നവർ മാത്രം.
നിങ്ങളിലാരെങ്കിലും വല്ല തിന്മയും കണ്ടാൽ കൈ കൊണ്ടതിനെ തടയട്ടെ. അതിന് അവന് സാധ്യമല്ലെങ്കിൽ തന്റെ നാവുകൊണ്ട്. അതിനും സാധ്യമല്ലെങ്കിൽ തന്റെ ഹൃദയം കൊണ്ട് (വെറുക്കട്ടെ). അതാണ് ഈമാനിന്റെ ഏറ്റവും ദുർബ്ബലമായ അവസ്ഥയെന്ന് ഹദീസിൽ വായിച്ചിട്ടുണ്ട്. കൈ കൊണ്ട് തടുക്കാനാവുന്നില്ലെങ്കിൽ നാവുകൊണ്ട്. നാവുകൊണ്ട് തടുക്കാനുറച്ച് സാരിയ വലിയ ഉസ്താദിന്റെ മുറിയിലേക്ക് നടന്നു. ഹൃദയം കൊണ്ട് എത്രയോ നേരത്തെ തടുത്തതാണ്. അവസാനത്തെ നാമം പടച്ചവന്റേതാകാൻ ദിഖ്‌റ്‌ചൊല്ലി ഉറക്കത്തിൽപ്പെട്ടുപോയ വലിയ ഉസ്താദ് വാതിലിലെ തുടരെ തുടരെയുള്ള മുട്ടുകേട്ട് ഞെട്ടിയുണർന്നു. മഹല്ലിലാർക്കും അത്യാഹിതം വരുത്തല്ലേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹം വാതിൽ തുറന്നു. സാരിയയുടെ നിൽപ്പ് കണ്ട് അദ്ദേഹം ഒന്നുകിടുങ്ങിയെങ്കിലും കഴിയുന്നത്ര സംയവനം വാക്കുകളിൽ കലർത്തികൊണ്ട് ചോദിച്ചു.
എന്താടാ, എന്താ ഈ നേരത്ത്..? വലിയ ഉസ്താദ് കണ്ണു തിരുമ്മിക്കൊണ്ട് ചോദിച്ചു.
അവിടെ ചെറിയ ഉസ്താദിന്റെ റൂമുവരെ ഒന്ന് വര്വോ…?
അത്രയും പറഞ്ഞ് സാരിയ ഇറങ്ങി നടന്നു. മടക്കികുത്തിയിട്ട തന്റെ ചുവന്ന സാൻയോ ഹാലോജൻ ടോർച്ച് പ്ലഗ്ഗിൽ നിന്നും വലിച്ചൂരി വലിയ ഉസ്താദ് അവന് പുറകെ നടന്നു. ഡോർമെട്ടറിയിലൂടെ നിശബ്ദം അദ്ദേഹം ചെറിയ ഉസ്താദിന്റെ മുറിക്കടുത്തെത്തി. ശബ്ദമുയർത്തരുതെന്ന് ആംഗ്യം കാണിച്ച് സാരിയ ജനൽപാളി സസൂക്ഷ്മം തുറന്നുകാണിച്ചു. അദ്ദേഹം ജനലിലൂടെ പാളി നോക്കി. ശേഷം ചുറ്റുപ്പാടും ടോർച്ച് തളിച്ചുനോക്കി. പിന്നെ പള്ളിയുടെ ഹാളിലേക്ക് കടന്ന് മിമ്പറിൽ നിന്നും ജുമാ നമസ്‌കാരത്തിനുപയോഗിക്കുന്ന മരത്തടികൊണ്ടുണ്ടാക്കിയ വാൾ വലിച്ചൂരിയതും പള്ളിക്കുളത്തിലേക്ക് വലിയൊരു മിന്നലടിച്ചത് സാരിയ കണ്ടു. ബാഗെടുക്കാനായി അവൻ ഹാളിലേക്ക് ഓടി.
ചാറ്റൽമഴ ശക്തി പ്രാപിക്കുന്നത് വകവെക്കാതെ അവൻ റോഡിലേക്കോടി. ദറസിൽ നിന്നും സുമാർ രണ്ടരകിലോമീറ്ററാണ് ബസ്സ്‌റ്റോപ്പിലേക്കുള്ള ദൂരം. പുറപ്പെട്ട് പോവാൻ തീരുമാനിച്ചെങ്കിലും എന്തെന്നില്ലാതെ മനസ്സ് കലുഷിതമായിരുന്നു. ഹൃദയത്തിന് വല്ലാത്ത പിടപ്പ്.
ഇനി നിയന്ത്രണങ്ങളില്ല, കാലിൽ ചങ്ങലകളില്ല.
അവന്റെ ഹൃദയത്തിന്റെ വടക്കുഭാഗത്തുനിന്നും അത്യുന്മാദകരമായൊരു സ്വാതന്ത്ര്യത്തിന്റെ ചിറകടിയാരംഭിച്ചു. എങ്കിലും ചിരിക്കാനായില്ല. മഴ തിമിർത്തുപെയ്യുന്നതിനിടെ ബസ്സ്‌റ്റോപ്പിലെത്തി. തലപ്പാവില്ലാത്ത മൂർദ്ധാവിൽ ജലകണങ്ങൾ വന്നുതൊടുമ്പോൾ വല്ലാത്ത ഉന്മേഷം തോന്നി. അരമണിക്കൂറോളം കാത്തുനിന്നിട്ടാണ് കുറ്റിപ്പുറത്തേക്കുള്ള കെഎസ്ആർടിസിയെത്തിയത്. സ്റ്റേഷനടുത്ത് ബസ്സിറങ്ങിയപ്പോൾ പുലർച്ചെ നാലരമണിയായിരുന്നു സമയം. കൗണ്ടറിൽ തിരക്കില്ല. ടിക്കറ്റ് ക്ലർക്ക് വായും തുറന്നുവച്ചുറങ്ങുന്നു. കൗണ്ടറിന് മുന്നിലെ ഇരുമ്പ് ഗ്രില്ലിൽ മൂന്നുനാല് തവണ തട്ടിയപ്പോൾ അയാൾ വായടച്ചുണർന്നു.
ഹാ… പറഞ്ഞോ, എങ്ങോട്ടാ..?
ഇവിടുന്ന് ഏറ്റവും ദൂരം പോണ ട്രെയിനെപ്പളാ..?

അവനെ ഉഴിഞ്ഞുനോക്കാനോ കൂടുതൽ നേരമാലോചിക്കാനോ കൂട്ടാക്കാതെ അയാൾ ചത്രപതി ഷിവാജി ടെർമിനൽ വരെ പോവുന്ന ഒരു വണ്ടിക്ക് ജനറൽ ടിക്കറ്റ് നൽകി കാശും വാങ്ങി ഉറക്കത്തിലേക്ക് തന്നെ മടങ്ങി. ട്രെയിൻ വന്ന് നിറുത്തിയതും അവൻ ആദ്യം കണ്ട ബോഗിയിൽ തന്നെ കയറി. സാമാന്യം നല്ല തിരക്കുണ്ട്. കടുകെണ്ണയുടേയും വിയർപ്പിന്റേയും അസഹ്യതക്കിടയിലൂടെ അവൻ മാതാവിന്റെ ഗർഭത്തിലേക്ക് തന്നെ മടങ്ങാനുള്ള വ്യഗ്രതയോടെ കഴിയുന്നത്ര അകത്തേക്ക് കയറി. ചന്തിവെക്കാനൊരിത്തിരി സ്ഥലം കിട്ടിയപ്പോൾ സമാധാനം തോന്നി. വണ്ടിയിലുള്ളവരിലധികവും ഉറക്കമാണ്. പുസ്തകങ്ങളില്ലാഞ്ഞിട്ട് കൂടി കയ്യിലുള്ള ബാഗ് നെഞ്ചത്തേക്ക് പരാമവധി ചേർക്കും തോറും വല്ലാത്തൊരു സുരക്ഷിതത്വം തോന്നി. ഈർപ്പമുള്ള ബാഗിൻ തൊലിയിലേക്ക് മൂക്കടുപ്പിച്ച് കണ്ണുകളടക്കുമ്പോൾ സാരിയയ്ക്ക് ഭാവിയെ കുറിച്ച് യാതൊരു ചിന്തയുമുണ്ടായില്ല. ഇളയുമ്മയുടെ വീട്ടിലെ ടെലിവിഷനിലെന്ന പോലെ കഴിഞ്ഞുപോയ ദിവസങ്ങളോരോന്നും ചെറു ശകലങ്ങളായി അവനു മുന്നിലൂടെ പാഞ്ഞു. തലപ്പാവ് ദാരികളായ നെറ്റിയിൽ നമസ്‌കാര തഴമ്പുളള വെള്ളവസ്ത്രധാരികളുടെ തേജസുറ്റ മുഖങ്ങൾ മാത്രമുളള മദ്രസ. മാസങ്ങളുടെ സഹനം. ഭൂതകാലത്തിന് മൊയില്യാൻമാരുടെ അത്തറിന്റെ നാറ്റം!
▮
കടപ്പാട്: മുസ്ലിം ജിന്നുമായി ഒരഭിമുഖം (പ്രൊഫ. മഅ്റൂഫ് കണ്ടിയിൽ)
