‘‘ഹായ് ഫ്രണ്ട്‌സ്, ദിസ് ഈസ് ആഷ്‌ലി. വെൽക്കം ടു ഔർ ന്യൂ റിയൽ ഫിക്ഷൻ ചാനൽ’’.
അവൾ പ്രത്യേകതരം ആഖ്യാനഭംഗിയോടെ, ഉറച്ച ശബ്ദത്തിൽ തന്നെത്തന്നെ പരിചയപ്പെടുത്തി സംസാരിച്ചുതുടങ്ങി. മുഖത്തു വന്നുപോകുന്ന ഭാവങ്ങളും അതിനൊപ്പം വായുവിൽ തുമ്പികളെപ്പോലെ പറന്നുകളിക്കുന്ന നീണ്ട കൈവിരലുകളും ഞാൻ കണ്ണിമ ചിമ്മാതെ നോക്കിനിന്നു. അവൾ തുടർന്നു.
"ഹിസ്റ്റോറിക്കൽ ഫിഗേഴ്‌സുമായുള്ള അഭിമുഖങ്ങളുമായെത്തിയ ഔർ ഹിസ്റ്ററിയൻസ് എന്ന ബി ബി സി പ്രോഗ്രാമിനെ നിങ്ങൾ അത്രമേൽ സ്നേഹത്തോടെ ചേർത്തുപിടിച്ചതിന് ആദ്യം തന്നെ നന്ദി പറയട്ടെ! നിങ്ങളുടെ സ്നേഹമാണ് സ്വന്തമായി ഒരു ചാനൽ തുടങ്ങാനും വളരെ വ്യത്യസ്തമായ ഈ യാത്രക്കൊരുങ്ങാനും ഞങ്ങൾക്കു പ്രചോദനമായത്.
"ഞാനൊരു ജേണലിസ്റ്റാണ്. ജനിച്ചതും വളർന്നതുമൊക്കെ ഇംഗ്ലണ്ടിലാണെങ്കിലും ഇന്ത്യൻ വംശജയാണ്. ഇപ്പോൾ താമസിക്കുന്നത് അമേരിക്കയിലാണ്. മമ്മിയുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ ജീവിക്കുന്നത് വേറേതോ ലോകത്തിലാണ്’’, അവൾ നുണക്കുഴികൾ കാട്ടി ചിരിച്ചു.
ഈ ചിരിയാണ് എന്റെ ഹൃദയം തുളച്ചത്. എന്നെ അന്ധനും അവളുടെ ആരാധകനുമാക്കിയത്.
"ഞാനൊരു ട്രാവൽ വ്‌ളോഗർ കൂടിയാണ്. എന്റെ യാത്രകൾ സാധാരണ യു ട്യൂബ്ഴ്സിനെപ്പോലെ ചന്ദ്രനിലേക്കോ ചൊവ്വായിലേക്കോ മറ്റു ഗ്രഹങ്ങളിലേക്കോ ഒന്നുമല്ല. കാലങ്ങളിലേക്കു സഞ്ചരിക്കാനാണ് എനിക്കിഷ്ടം’’, അവൾ ചിരിമായാത്ത മുഖത്തോടെ തുടർന്നു.
"ആദ്യമൊക്കെ ഭാവിയിലേക്കു സഞ്ചരിക്കാനായിരുന്നു താല്പര്യം. അങ്ങനെയൊരു യാത്രയിലാണ് ഭൂമിയിൽ മനുഷ്യനോ മറ്റു ജീവജാലങ്ങളോ ഇല്ലാത്തതായ ഒരു കാലഘട്ടത്തിലെത്തിപ്പെട്ടത്. ഭൂമി വെള്ളംകൊണ്ടു മൂടിയിരുന്നു. പകൽ അതു ലാവപോലെ തിളക്കുകയും രാത്രി തണുത്തുറയുകയും ചെയ്തു’’.
"ആ അവസ്ഥ അതിഭീകരമായിരുന്നു. വിരലിലെണ്ണാവുന്ന കാലങ്ങൾക്കുള്ളിൽ, എന്റെ പൂർവ്വപിതാക്കന്മാർ ഉത്ഭവിച്ചു പരിണമിച്ച, എന്റെ മക്കളും അവരുടെ തലമുറകളുമൊക്കെ കാലങ്ങളോളം ജീവിക്കുമെന്നു ഞാൻ വിശ്വസിച്ച ഈ വീട് ശൂന്യമായ ഒരു ഗോളമായി തീരുമെന്ന അറിവ് എന്നെ ഭയപ്പെടുത്തി. അതെന്നെ ഡിപ്രഷനിലേക്കു നയിച്ചു. അതില്പിന്നെ യാത്രകൾ ഭൂതത്തിലേക്കു മാത്രമാക്കി’’, അവൾ പറഞ്ഞു നിർത്തി, എന്റെ നേർക്കു നോക്കി. ടേക്ക് ഓക്കെ ആണോ എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം. നന്നായിരുന്നു എന്ന് ഞാൻ ആഗ്യം കാട്ടി.
ആ യാത്രകളിലൊന്നിൽ വച്ചാണ് ഞാനിവളെ ആദ്യമായി പരിചയപ്പെട്ടത്.
ഞാനൊരു ചരിത്രാന്വേഷിയാണ്. അവൾ പഠിച്ച ജേണലിസം കൂടി ഉപകാരപ്പെടുത്തി ചരിത്രം തിരുത്തിക്കുറിച്ചവരെ ഇന്റർവ്യൂ ചെയ്യുന്ന പരിപാടി തുടങ്ങുക എന്നത് എന്റെ ഐഡിയയായിരുന്നു. ഒന്നുരണ്ടു തവണ മാത്രമേ ഞങ്ങൾക്ക് സ്വന്തം ചാനലിലൂടെ ബ്രോഡ്കാസ്റ്റ് ചെയ്യേണ്ടി വന്നുള്ളൂ. അപ്പോഴേക്കും ബിബിസി ആ പ്രോഗ്രാം ഏറ്റെടുത്തു.
ഞങ്ങളൊരുമിച്ച് വർക്ക് ചെയ്യാൻ തുടങ്ങിയിട്ടിപ്പോൾ മൂന്നര വർഷത്തോളമായി. മറ്റു ചാനലുകളും ഞങ്ങളുടെ പാത പിന്തുടർന്നു തുടങ്ങിയപ്പോഴാണ് ഇങ്ങനെയൊരു യാത്രയുടെ സാധ്യതയെക്കുറിച്ച് ഒരു കൊച്ചു കനലെൻറെ മനസ്സിൽ നീറിയത്.
"പ്രോഗ്രാമിന്റെ റേറ്റിംഗ് കുറയാതിരിക്കാൻ നമ്മൾ എന്തെങ്കിലുമൊക്കെ വ്യത്യസ്തതകൾ കൊണ്ടുവന്നേ പറ്റൂ. നമുക്ക് ഈ വേദഗ്രന്ഥങ്ങളിലേക്കൊക്കെ ഒന്നു പോകാൻ ശ്രമിച്ചു നോക്കിയാലോ?" ഒരു ദിവസം, കൃത്യമായി പറഞ്ഞാൽ ഒരു വർഷം മുൻപ് ജൂലിയറ്റ് സീസറിനെ ഇന്റർവ്യൂ ചെയ്തു തിരിച്ചു വരും വഴി ഞാൻ അവളോടു ചോദിച്ചു.
"പക്ഷെ അവയൊക്കെ വെറും കഥകൾ മാത്രമല്ലേ? പിന്നെങ്ങനെ നമുക്ക് അവിടേക്കു സഞ്ചരിക്കാനാകും?" അവൾ അത്ഭുതപ്പെട്ടു.
"സാധാരണയായി കഥകൾ എഴുതപ്പെടുന്നത് അതതു കാലഘട്ടത്തിലെ സമൂഹത്തെക്കുറിച്ചാണ്. അങ്ങനെയെങ്കിൽ, ആ പേരിലല്ലെങ്കിൽ മറ്റൊരു പേരിൽ അതേ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള ആരൊക്കെയോ അവിടെ ജീവിച്ചിരുന്നിട്ടുണ്ട്. അവർ തന്നെയാണ് കഥാപാത്രങ്ങളായി മാറ്റപ്പെടുന്നതും. അതിലെ ഫാന്റസിമാത്രമാണ് റൈറ്ററിന്റെ സൃഷ്ടി’’, ഞാൻ വിശദീകരിച്ചു.
"വൗ ... എങ്കിൽപ്പിന്നെ അടുത്ത ശ്രമം അതാവട്ടെ", അവൾ എക്‌സൈറ്റഡ് ആയി; "പക്ഷെ ആദ്യം എവിടെ പോകണമെന്നു ഞാൻ തീരുമാനിക്കും."
‘‘ജീസസിനെ കാണാനാവും അല്ലെ? അതോ നിന്റെ നാട്ടുകാരായ ദൈവങ്ങളെയോ?", ഞാൻ കളിയാക്കി.
"ദൈവങ്ങളെയല്ല, ചോരയും നീരുമുള്ള മനുഷ്യരെ”, അവൾ ചിരിച്ചു.
‘‘എഴുത്തുകാർ കനിഞ്ഞു നൽകിയ അത്ഭുതങ്ങളുടെ മേമ്പൊടിയില്ലെങ്കിൽ എല്ലാ ദൈവങ്ങളും മനുഷ്യർ തന്നെ", ഞാൻ ചെറുചിരിയോടെ കൂട്ടിച്ചേർത്തു.

അങ്ങനെ, അവിടെ തുടങ്ങിയതാണ് ഈ യാത്രക്ക് വേണ്ടിയുള്ള ശ്രമം. ചെലവു കൂടുതലാണെന്നു പറഞ്ഞ് ചാനലുകളൊന്നും സപ്പോർട്ട് ചെയ്യാത്തതിനാൽ ഞങ്ങൾ തന്നെയാണ് ഇതിനു വേണ്ടിയുള്ള റിസർച്ച് ചെയ്തതും റിസോഴ്സസ് സംഘടിപ്പിച്ചതുമൊക്കെ. വീട്ടുകാരും സഹപ്രവർത്തകരും അകമഴിഞ്ഞു സഹായിച്ചു.
‘‘ഇത് പൈലറ്റ് ഡോക്ടർ ജോനാഥാൻ പാർക്കർ, ഇത് കോ പൈലറ്റ് ഡോക്ടർ കിം ചോവ്, ഇത് എഞ്ചിനീയർ ഡോക്ടർ വനേസ ഹിൽസ്. ഇത് ... എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകൻ മിസ്റ്റർ ജെയിംസ് വെബ്. ജെയ്‌മിയെ നിങ്ങൾക്കു പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നറിയാം... എന്റെ ആത്മസുഹൃത്തും മെന്ററും മാത്രമല്ല, ജീവിതയാത്രയിൽ പ്രചോദനവുമാണ് ജെയ്മി’’, അവൾ എന്നെ ഉറ്റുനോക്കിക്കൊണ്ടു പറഞ്ഞു.
'നീയാണ് എന്റെ എല്ലാം' എന്ന വാക്കുകൾ അവളുടെ കണ്ണുകളിലുണ്ടായിരുന്നു. അതുകണ്ട് ഞാൻ സ്നേഹത്തോടെ പുഞ്ചിരിച്ചു. ആ ചിരി ഏറ്റുവാങ്ങി ഒരൽപം തുടുത്ത മുഖത്തോടെ അവൾ ഞങ്ങളുടെ വാഹനത്തിന്റെ അടുത്തേക്കു നടന്നു.
"അപ്പോൾ ഇതാണ് ഇന്നത്തെ നമ്മുടെ വാഹനം, TM 057. ഇതിനു മുൻപുള്ള എപ്പിസോഡുകളിൽ ഉപയോഗിച്ച ടൈം മെഷീനിനെക്കാൾ കുറച്ചുകൂടി അഡ്വാൻസ്ഡ് ആണ് ഇത്. നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന കഥയിലെ സ്ഥലം ഇതിൽ ഫീഡ് ചെയ്താൽ അത് റിയാലിറ്റിയിലേക്ക് കാൽക്കുലേറ്റ് ചെയ്ത് ആ എക്‌സാറ്റ് ലൊക്കേഷനിലേക്ക് നമ്മളെ കൊണ്ടുപോകും’’, അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു.
ഞാനവളെ അത്ഭുതത്തോടെ നോക്കി. എത്ര ആത്മവിശ്വാസമാണ് ആ മുഖത്ത്! സത്യം പറഞ്ഞാൽ ഇതൊരു ട്രയൽ റൺ ആണ്. എനിക്ക് ആധിയും സംശയങ്ങളുമുണ്ട്. ഒപ്പം മാനുഫാക്ചറിങ്ങിനിലിടയിലുണ്ടായ എറർ മൂലം ഒരു സ്ഥലം ഒറ്റത്തവണ മാത്രമേ ഫീഡ് ചെയ്യാനാകൂ എന്ന ലിമിറ്റേഷനും ഉണ്ട്. എന്നാൽ അതൊന്നും അവളെ അലോസരപ്പെടുത്തുന്നതേയില്ല. പലതവണ പോയി വന്നവളെപ്പോലെയാണ് അവളുടെ ഭാവം. അവൾ പ്രസന്നതയോടെ തുടർന്നു.
"ഇതാ ജോനാഥൻ സ്ഥലം ഫീഡ് ചെയ്തു കഴിഞ്ഞു. ഇന്നു നമ്മൾ പോകുന്നത് ക്രിസ്‌തുവിനും പതിനേഴു നൂറ്റാണ്ടു പിന്നിലേക്കാണ്. ബിസി1725 ലേക്ക് ... ഇത്രയും റിസ്ക് എടുക്കാനായി എന്നെ ഉദ്ദീപിപ്പിച്ച ആ മനുഷ്യരാരാണെന്നു നിങ്ങൾക്കറിയണ്ടേ? പ്ളീസ് സ്റ്റേ ട്യുൺഡ്... "
അവൾ പറഞ്ഞു നിർത്തി. ഞാൻ ക്യാമറ ഓഫ് ചെയ്ത്, റെക്കോർഡിങ് ചെയ്തു കൊണ്ടിരുന്ന ഡ്രോൺ ഓഫ് ചെയ്തു താഴെയിറക്കി, പായ്ക്ക് ചെയ്തെടുത്തശേഷം ഒന്നുകൂടി മൊബൈൽ ഫോണെടുത്തു നോക്കി. ആറു മിസ്സ്ഡ് കാൾസ്. മൂന്നോ നാലോ വോയിസ് മെസ്സേജസ്. അതു കേൾക്കാനൊരുങ്ങിയപ്പോഴേക്കും അവൾ മുഖത്തൊരു ചോദ്യച്ചിഹ്നത്തോടെ കയറിയിരിക്കാൻ കണ്ണുകാട്ടി.
മുന്നിൽ, രണ്ടു സ്പെഷ്യൽ ക്യാബിനുകളിൽ ജോനാഥനും കിമ്മും. ഞങ്ങൾക്കും വെവ്വേറെ ക്യാബിനുകളാണ്. പരസ്പരം കാണാമെങ്കിലും സംസാരിക്കാൻ സാധിക്കില്ല. പൈലറ്റ്‌സിന് നേരിയ ഡിസ്റ്റർബെൻസസ് പോലുമുണ്ടാകാതിരിക്കാനാണ് അത്.
കണ്ണൊന്നടച്ചതേ ഓർമ്മയുള്ളൂ. തുറന്നപ്പോൾ ചുറ്റും പച്ചപ്പുള്ള തുറസ്സായ ഒരു സ്ഥലത്ത് ലാൻഡ് ചെയ്തിരുന്നു. അവളുടെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത ആഹ്‌ളാദം. ഞാൻ ഡ്രോൺ ഉയർത്തിയപ്പോഴേക്കും അവൾ റെക്കോർഡിങ്ങിനായി റെഡിയായി.
"ഗയ്‌സ്, ഇതാ നമ്മളെത്തിക്കഴിഞ്ഞു. വർത്തമാന കാലത്തിൽ ഇവിടം ടർക്കി എന്ന രാജ്യത്തിന്റെ തെക്കുകിഴക്കൻ നഗരമായ അനറ്റോളിയയിലുള്ള ആൾട്ടിൻബാസാക് എന്ന പട്ടണത്തിനടുത്തുള്ള സ്ഥലമാണ്. അന്നിത് പാദാൻ ആരാം എന്നാണറിയപ്പെട്ടിരുന്നത്. നദികൾക്കിടയിലുള്ള സമൃദ്ധമായ വയലുകൾ എന്നാണ് ആ വാക്കിന്റെ അർത്ഥം. എത്ര അർത്ഥവത്തായ പേരാണല്ലേ?’’
"വൗ നോക്കിക്കേ... എന്ത് ഭംഗിയുള്ള പ്രദേശമാണ്! നദികളും നദീതടങ്ങളിലെ പുൽമേടുകളും അവയിൽ മേയുന്ന മേഘച്ചാർത്തുകൾ പോലുള്ള ചെമ്മരിയാടുകളും, വയലേലകളും ചെറിയ ചോലകളും ... വൗ ദിസ് എയർ ഈസ് സോ ഫ്രഷ്. ലുക്ക് അറ്റ് ദ സ്കൈസ്, അലകളിളകുന്ന നീലക്കടൽ പോലെ ! ഇതാണാവോ ഈ പാലും തേനുമൊഴുകുന്ന ദേശം?"
"അങ്ങു ദൂരെ ഒരുകൂട്ടം ടെന്റുകൾ കണ്ടോ? അതാണെന്നു തോന്നുന്നു നമുക്ക് പോകേണ്ട സ്ഥലം. ഇതാ ... ഈ കിണർ കണ്ടോ? ഇവിടെ വച്ചാവണം ജേക്കബ് തന്റെ പ്രിയപ്പെട്ടവളെ കണ്ടുമുട്ടിയത്. അല്ലേ?"
"ഓ സോറി, പറയാൻ മറന്നു. നമ്മളിന്നിവിടെ കാണാൻ പോകുന്നത് ജേക്കബ് എന്ന മനുഷ്യനെയും അയാളുടെ രണ്ടു ഭാര്യമാരേയുമാണ്. ബൈബിളിൽ പഴയ നിയമത്തിലെ അറിയപ്പെടുന്ന ആദ്യത്തെ ലവ് ട്രയാങ്കിളാണവർ. യു നോ ദേ ആർ മൈ ഫേവറൈറ്റ് പീപ്പിൾ ഇൻ ദ ഹോൾ ബൈബിൾ’’.

അവൾ ഒന്നു നിർത്തി അർത്ഥവത്തായി എന്നെയൊന്നു നോക്കി. ആ നോട്ടത്തിന്റെ അർഥം എനിക്കു നന്നായറിയാം. ഞാനതു മനസ്സിലാക്കാത്തതു പോലെ നടിച്ചു.
"കേട്ടിട്ടില്ലാത്തവർക്കായി ഞാനവരുടെ കഥയൊന്നു ചുരുക്കിപ്പറയാം’’, അവൾ അംഗവിക്ഷേപങ്ങളോടെ പറഞ്ഞുതുടങ്ങി.
"ജേക്കബ്, എബ്രഹാമിന്റെ മകൻ ഐസക്കിന്റെയും റബേക്കയുടെയും രണ്ടുപുത്രന്മാരിൽ ഇളയവനായിരുന്നു. അവൻ അമ്മയുടെ സഹായത്തോടെ ചേട്ടനെയും അപ്പനെയും പറ്റിച്ച് കടിഞ്ഞൂലവകാശം കൈക്കലാക്കി. യഹൂദരുടെയിടയിൽ കടിഞ്ഞൂലവകാശമെന്നു പറയുന്നത് അത്ര നിസ്സാര കാര്യമല്ല കേട്ടോ. മൂത്തപുത്രന് പിതാവിന്റെ സ്വത്തിൽ പകുതിയും ബാക്കിയുള്ളവരുടെമേൽ അധികാരവും നൽകുന്നതായിരുന്നു ആ നിയമം. ചതിയുടെ പേരിൽ ചേട്ടൻ അനിയനെ കൊന്നുകളയുമെന്ന് അമ്മ ഭയന്നു. പ്രിയപ്പെട്ട മകനെ രക്ഷിക്കാൻ വേണ്ടി ദൂരെ ഹാരാൻ എന്ന സ്ഥലത്തുള്ള സഹോദരൻ ലാബാന്റെ അടുത്തേക്ക് അവനെ പറഞ്ഞയച്ചു. അവനവിടെ എത്തിയപ്പോൾ ആദ്യം കണ്ടത് ലാബാന്റെ ഇളയ മകൾ റേച്ചൽ എന്ന പെൺകുട്ടിയെയാണ്. ആദ്യ കാഴ്ച്ചയിൽ തന്നെ അവൻ അവളുമായി പ്രണയത്തിലായി. ലാബാന് രണ്ടു പെൺമക്കളായിരുന്നു. ലിയയും റേച്ചലും. ലിയയുടെ കണ്ണുകൾ മങ്ങിയതായിരുന്നു എന്നു മാത്രമേ ബൈബിൾ പറയുന്നുള്ളൂ, എന്നാൽ റേച്ചലിനെക്കുറിച്ചു പറയുന്നത് അവൾ സുന്ദരിയും വടിവൊത്തവളും നന്നായി പെരുമാറാൻ അറിയുന്നവളും ആയിരുന്നു എന്നാണ്.
ജേക്കബ് ലാബാനോട് റേച്ചലിനെ പെണ്ണുചോദിച്ചു. സ്ത്രീധനമായി ഏഴുവർഷം അടിമപ്പണി ചെയ്യണമെന്ന ലാബാന്റെ ആവശ്യം അംഗീകരിച്ച് ഏഴുവർഷം അയാൾക്കുവേണ്ടി ജോലി ചെയ്തു. ഈ ഏഴുവർഷമെന്നൊക്കെ പറയുന്നത് നമ്മുടെ ഇപ്പോഴത്തെ വർഷക്കണക്കൊന്നുമല്ല കേട്ടോ. ഒരുപക്ഷേ നമ്മുടെ വർഷത്തിന്റെ പകുതിയോ മൂന്നിലൊന്നോ ഒക്കെയായിരുന്നു അന്നത്തെ വർഷം.
എന്തായാലും ജേക്കബിനെ ലാബാൻ പറ്റിച്ചു. റേച്ചലിനു പകരം ലിയയെയാണ് അയാൾ കെട്ടിച്ചു കൊടുത്തത്. ബൈബിൾ പറയുന്നത് പ്രകാരം പിറ്റേന്നു രാവിലെയാണ് ജേക്കബിന് ചതി മനസ്സിലായത്. അവൻ പോയി ലാബാനോട് വഴക്കുണ്ടാക്കി. അപ്പോൾ അയാൾ കൂളായി പറഞ്ഞു. മൂത്തവൾ നിൽക്കുമ്പോൾ ഇളയവളെ കെട്ടിച്ചുവിടുന്നത് നമ്മുടെ പാരമ്പര്യത്തിനു ചേർന്നതല്ല. ഒരു കാര്യം ചെയ്യാം. ലിയയുടെ ആഘോഷങ്ങളുടെ ഒരാഴ്ച കഴിയട്ടെ, റേച്ചലിനെക്കൂടി നിനക്കു കെട്ടിച്ചു തരാം. പക്ഷെ നീ ഒരു ഏഴുവർഷം കൂടി എനിക്കു വേണ്ടി ജോലി ചെയ്യണം. ജേക്കബ് അതു സമ്മതിച്ചു. അങ്ങനെ ജേക്കബും റേച്ചലും ആഗ്രഹിച്ചു കാത്തിരുന്ന ആ ദിവസം വന്നെത്തി. ശേഷം കാഴ്ച്ചയിൽ...’’,
അവൾ പറഞ്ഞുനിർത്തി, എങ്ങനെയുണ്ടായിരുന്നു എന്ന് കണ്ണുകളുയർത്തിചോദിച്ചു. തലയൊരല്പം ചെരിച്ച് കണ്ണൊന്നടച്ചു കാട്ടി നന്നായിരിക്കുന്നു എന്ന് ആംഗ്യം കാട്ടിയപ്പോഴേക്കും ചുറ്റും നോക്കി അവൾ തുടർന്നു.

"അവിടെയാകെ ഒച്ചയും ബഹളവുമൊക്കെയാണല്ലോ. ഈ തിരക്കിനിടയിൽ അവരെയൊക്കെ എങ്ങനെ ഇന്റർവ്യൂ ചെയ്യുമോ ആവോ? എന്തായാലും ഒന്നു പോയി നോക്കാം. നമുക്കാദ്യം ഒലിവിലകൾ കൊണ്ട് തോരണങ്ങൾ തൂക്കിയ ആ ടെന്റിനടുത്തേക്കു പോകാം’’, അവൾ മുന്നോട്ടുനടന്നു.
മൃഗങ്ങളുടെ തൊലി കൂട്ടിത്തുന്നിയുണ്ടാക്കിയതായിരുന്നു ആ ടെന്റുകൾ. ഇടയ്ക്കുള്ള വിടവുകൾ പച്ചിലത്തലപ്പുകൾ കൊണ്ട് അടച്ചിരിക്കുന്നു. വാതിലുകൾക്കു പകരമുള്ള വിടവുകളിൽ ചിലതിലൊക്കെ നീളത്തിൽ നെയ്തുണ്ടാക്കിയ തുണികൾ തൂക്കിയിട്ടിട്ടുണ്ട്. ടെന്റുകൾക്കു പുറത്ത് കട്ടിൽ പോലെ എന്തോ ഒന്ന് ഇട്ടിരിക്കുന്നു. മരത്തൊലികൾ ഇഴപിരിച്ചാണ് അതു നെയ്തിരിക്കുന്നത്. ചിലവയ്ക്കു മുകളിൽ ചെറിയ തുകൽമെത്തകളുമുണ്ട്.
"അതാ അകത്ത് മുട്ടിന്മേൽ തലതാങ്ങിയിരിക്കുന്ന ഒരു പെൺകുട്ടിയെ കാണുന്നുണ്ട്. കരയുകയാണെന്നു തോന്നുന്നു. എന്തായാലും നമ്മൾക്കൊന്നു ചെന്നു നോക്കാം’’, അവൾ വാതിൽക്കലെത്തി അകത്തേക്കൊന്നു പാളി നോക്കിയിട്ട് കൂട്ടിച്ചേർത്തു, ‘‘മുൻപ് ചെയ്തുകൊണ്ടിരുന്നത് പോലെ തന്നെ നമ്മൾ കമ്മ്യൂണിക്കേഷനു വേണ്ടി ഗൂഗിൾ ട്രാസ്‌ലേറ്ററാണ് ഉപയോഗിക്കുന്നത്. ഓൾഡ് ഹീബ്രുവാണ് നമ്മൾ സെറ്റ് ചെയ്തിരിക്കുന്നത്’’.
"എസ്ക്യൂസ് മി ... ഹലോ... ", അവളുടെ നേർത്ത ശബ്ദത്തിനൊപ്പം ഉച്ചത്തിൽ മെഷീനിന്റെ സ്വരമുയർന്നു.
"ശാലോം…’’, അകത്തുനിന്ന് ഇടറിയ ശബ്ദം മറുപടി തന്നു.
"ഞങ്ങൾ അകത്തേക്കു വന്നോട്ടെ?"
"അതിനെന്താ? വരൂ ... "
"നന്ദി, നന്ദി"
"നിങ്ങളാരാണ്, ദൈവത്തിന്റെ ദൂതന്മാരാണോ?"
"അയ്യോ അല്ല, ഞങ്ങൾ വർത്തമാനകാലത്തിൽ നിന്നുള്ളവരാണ്. നിങ്ങളാണോ ലിയ?"
"അതെ, പക്ഷെ നിങ്ങളാരാണെന്ന് എനിക്കു മനസ്സിലായില്ല".
"നിങ്ങൾ പറഞ്ഞതു പോലെ ദൂതൻമാർ തന്നെയാണെന്നു കരുതിക്കൊള്ളൂ. നിങ്ങളെന്തിനാണ് കരയുന്നത്?"
"എനിക്കറിയാമായിരുന്നു എന്റെയീ കണ്ണീർ തുടയ്ക്കാനായി എന്റെ ദേവതകൾ ആരെയെങ്കിലും അയക്കുമെന്ന്... സംഭവിച്ചതെല്ലാം നിങ്ങൾക്കറിയാമല്ലോ. പിന്നെന്തിനാണ് എന്നെ വിഷമിപ്പിക്കാനായി വീണ്ടും ചോദിക്കുന്നത്?"
‘‘പറയൂ. പറഞ്ഞാൽ നിനക്കാശ്വാസം ലഭിക്കുമല്ലോ’’.
"എങ്ങനെ കരയാതിരിക്കും? ഏഴു വർഷങ്ങളായി ഞാൻ കേൾക്കുന്നതാണ് എന്റെ മുറച്ചെറുക്കൻ യാക്കോബിനെയാണ് ഞാൻ കല്യാണം കഴിക്കാൻ പോകുന്നതെന്ന്! ഞങ്ങളുടെ പാരമ്പര്യമനുസരിച്ച് വിവാഹത്തിന് മുൻപ് പരസ്പരം സംസാരിക്കാൻ പാടില്ല. അതുകൊണ്ട് എന്നും ഞാൻ ദൂരെ നിന്ന് അദ്ദേഹത്തെ കൊതിതീരെ നോക്കിക്കണ്ടു. കുന്നോളം സ്വപ്‌നങ്ങൾ നെയ്തു. ഏഴു വർഷങ്ങൾ കഴിയാൻ ദിവസങ്ങളെണ്ണി കാത്തിരുന്നു. എന്തു സന്തോഷത്തോടെയാണെന്നോ ഞാൻ മണവറയിലേക്കു പോയത്! എത്ര ആനന്ദത്തോടെയാണെന്നോ എന്നെത്തന്നെ അദ്ദേഹത്തിനു സമർപ്പിച്ചത്! എന്നിട്ടോ? നേരം വെളുത്ത്, എന്റെ മുഖം കണ്ടപ്പോൾ അദ്ദേഹം അലറിക്കരഞ്ഞു. ഒരു ഭൂതത്തെ കണ്ടതുപോലെ എഴുന്നേറ്റോടി. പിന്നീട് ദാസിയിൽ നിന്നാണ് അറിഞ്ഞത്, അദ്ദേഹം എന്നെയല്ല ആഗ്രഹിച്ചത്, എന്റെ അനിയത്തിയെ ആയിരുന്നെന്ന്. അവൾക്കുവേണ്ടിയാണ് ഏഴുവർഷം അടിമയെപ്പോലെ പണിയെടുത്തതെന്ന്. ഞാനിതെങ്ങനെ സഹിക്കും?"
‘‘അവർ തമ്മിൽ സ്നേഹത്തിലായിരുന്നെന്നു നിനക്കറിയില്ലായിരുന്നു അല്ലേ?’’
"ഞാനൊന്നുമറിഞ്ഞില്ല. അദ്ദേഹം അപ്പനോട് പെണ്ണുചോദിച്ചു എന്നും അപ്പൻ സമ്മതിച്ചു എന്നുമറിഞ്ഞു. സ്വാഭാവികമായും മൂത്തവൾ ഞാനായതു കൊണ്ട് അതെന്നെയാകും എന്നു കരുതി. വിഡ്ഢി. പമ്പരവിഡ്ഢി’’.
"ഏയ് ... ഇങ്ങനെ തലയിട്ടിടിക്കാതിരിക്കൂ ... മനസ്സിന്റെ വേദനയുടെ കൂടെ ശരീരത്തിന്റെ വേദനകൂടി സഹിക്കണോ?"
‘‘എനിക്കിനി വേദന മാത്രമല്ലെ വിധിച്ചിട്ടുള്ളൂ. ഇന്നുരാത്രി അവരുടെ കല്യാണമാണ്. പിന്നെ ഞാനാരാ? വെറും കരിമ്പിൻ ചണ്ടി’’.
"അങ്ങനെയൊന്നും പറയാതിരിക്കൂ... ആദ്യഭാര്യയെന്ന മുൻതൂക്കം എന്നും നിങ്ങൾക്കായിരിക്കുമല്ലോ’’.
‘‘ഞാനവളെപ്പോലെ സുന്ദരിയല്ല, പിന്നെങ്ങനെ അംഗീകരിക്കപ്പെടാനാണ്? അദ്ദേഹമെന്നെ തിരിഞ്ഞുനോക്കുക കൂടിയില്ല’’.
"അതൊക്കെ നിന്റെ തോന്നലുകളാണ്".
‘‘നിങ്ങൾ മാലാഖാമാർക്ക് ഭാവി അറിയാൻ പറ്റുമല്ലോ... അദ്ദേഹമെന്നെയും സ്നേഹിക്കുമായിരിക്കും. അല്ലേ? സ്നേഹിച്ചില്ലെങ്കിലും വെറുക്കാതിരുന്നാൽ മതിയായിരുന്നു. അദ്ദേഹത്തെ കണ്ണുനിറയെ കാണാൻ കഴിയുന്നത് തന്നെ ഭാഗ്യമായി ഞാൻ കരുതും’’.
‘‘നിന്റെ കണ്ണുനീർ ദൈവം കാണും. നിന്റെ ഉദരം തുറക്കപ്പെടും. നിന്റെ പുത്രന്മാരിൽ നിന്ന് പുരോഹിത ഗണവും രാജകീയ ഗണവുമുണ്ടാകും. അവർ ഇസ്രയേലിന്റെ ഭരണകർത്താക്കളാകും എന്ന് എഴുതപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ധൈര്യമായിരിക്കൂ…’’
‘‘മക്കൾ നല്ലനിലയിലെത്തും എന്നു കേൾക്കുന്നതിൽപ്പരം സന്തോഷം ഒരു സ്ത്രീയ്ക്ക് മറ്റെന്താണുള്ളത്? അവർക്കുവേണ്ടി ഞാൻ എന്ത് അവഗണനകളും സഹിക്കും. വേണ്ടിവന്നാൽ അനിയത്തിക്കു ദാസ്യവേല ചെയ്യും. അപ്പോൾ അവരിലൂടെയെങ്കിലും അദ്ദേഹമെന്നെ സ്നേഹിക്കും. നിങ്ങളിരിക്കൂ... ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും കൊണ്ടുവരാം’’.
"ഏയ് അതൊന്നും വേണ്ട. നിങ്ങൾ സന്തോഷമായിരിക്കുക. ഞങ്ങൾക്കും അതാണ് സന്തോഷം. ഇപ്പോൾ ഞങ്ങൾ പോയിവരാം. തിരിച്ചു വരുമ്പോൾ നീ ഒരുപാടു സ്നേഹിക്കപ്പെട്ടു എന്നു കേൾക്കാൻ ഇടയാകട്ടെ! നന്ദി’’.
അവൾ കണ്ണുതുടച്ചുകൊണ്ട് വെളിയിലിറങ്ങി. കലങ്ങിയ കണ്ണുകളാൽ മൂർച്ചയോടെ എന്നെ നോക്കിയിട്ടു തുടർന്നു.
"ഗയ്‌സ്, അവിടെ ഒരു നിമിഷം കൂടുതൽ നിന്നാൽ ഞാൻ കരഞ്ഞുപോയേനെ. പാവം പെൺകുട്ടി അല്ലെ? ഇനിയവളെത്ര സഹിക്കാനിരിക്കുന്നു?’’
‘‘നിങ്ങൾ ശ്രദ്ധിച്ചില്ലേ, എന്തു സുന്ദരിയാണവൾ. അല്ലേ? തേൻനിറമുള്ള ഒതുങ്ങിയ ശരീരവും തിളങ്ങുന്ന പൂച്ചക്കണ്ണുകളും തോളൊപ്പമുള്ള ചുരുണ്ട ചെമ്പൻ മുടിയുമൊക്കെയുള്ള ഇവളെയാണോ കണ്ടാൽ കൊള്ളില്ലായിരുന്നു എന്നു പറയപ്പെടുന്നത്? ബൈബിളിൽ പറയുന്ന മങ്ങിയ കണ്ണുകളാണോ ഈ ഇളം നീലക്കണ്ണുകൾ ? അപ്പോൾ അതിസുന്ദരി എന്നു ബൈബിൾ പറയുന്ന റേച്ചൽ എത്രമാത്രം സുന്ദരിയായിരിക്കും. കാന്റ് വെയിറ്റ് ടു സീ ഹെർ’’.

ഞാനും അതുതന്നെ ആലോചിക്കുകയായിരുന്നു. എന്തു ഭംഗിയാണ് ആ കുട്ടിയെ കാണാൻ! ഏറ്റവും ഭംഗി കണ്ണുകൾക്കാണ്. വെള്ളിമേഘം നിറഞ്ഞ ആകാശത്തിലെ ഒരു നീലത്തുണ്ടു പോലെയാണ് കൃഷ്ണമണികൾ. അതിലേക്കു സൂക്ഷിച്ചു നോക്കിയാലോ? ആഴക്കടലിനരികിലിരിക്കുന്നത് പോലെ ... റേച്ചൽ ഇതിലും സുന്ദരിയാണെന്നോ?
"അപ്പോൾ നമുക്ക് അടുത്തതായി ആ സുന്ദരീമണിയുടെ അടുത്തേക്കു പോകാം’’, എന്റെ ചിന്തയെ മുറിച്ചുകൊണ്ട് അവൾ പറഞ്ഞു. ആ ടെന്റിനടുത്തു നിന്ന് കൊട്ടും പാട്ടുമൊക്കെ കേൾക്കുന്നുണ്ട്. അകത്തുനിന്ന് പെണ്ണുങ്ങളുടെ ചിരിയും ബഹളങ്ങളും. അവർ പെണ്ണിനെ ഒരുക്കുന്ന തിരക്കിലാകും.
"വിവാഹവസ്ത്രം ധരിച്ച് ഒരുകൂട്ടം സ്ത്രീകളുടെ നടുവിലിരിക്കുന്ന ആ കുട്ടിയായിരിക്കണം റേച്ചൽ. ആ ആൾക്കൂട്ടത്തിനിടക്ക് ചെന്ന് അവളോടെങ്ങനെ സംസാരിക്കും? എന്തായാലും ഒന്നു പോയി ശ്രമിച്ചു നോക്കാം. അല്ലേ ? എന്തായാലും ആർക്കും സംശയം തോന്നാതിരിക്കാൻ ഈ വസ്ത്രമൊക്കെ മാറി അവരെപ്പോലെയാകാം’’, അവൾ ബാഗിൽ നിന്ന് അവരുടേത് പോലുള്ള വസ്ത്രമെടുത്തു. ഒരെണ്ണം എന്റെ നേരെയും നീട്ടി.
വസ്ത്രം മാറാനായി ഞാനൊരു ടെന്റിന്റെ പിന്നിലേക്കു നടന്നു. ആ വോയിസ് മെസ്സേജസ് കേൾക്കുകയായിരുന്നു ഉദ്ദേശ്യം. അവയെല്ലാം ഒരാളുടേതായിരുന്നു. ആ വ്യക്തിയും വാക്കുകളും എന്നെ വല്ലാതെ ഭാരപ്പെടുത്തി. എത്രയും വേഗം ഒന്നു തിരിച്ചു വിളിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അതിനു സാധിക്കായ്കയാൽ ദുഃഖിച്ചു. മനസ്സ് സംഘർഷഭരിതമായി.
തിരിച്ചെത്തിയപ്പോൾ അവൾ റെക്കോർഡിങ് തുടങ്ങിയിരുന്നു. എന്നെക്കണ്ടതെ അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു, "ആഹാ… ജെയ്മി വേഷമൊക്കെ മാറി നല്ല സമരിയാക്കാരനായി വന്നിരിക്കുകയാണ്. ഇനി ആര് ചോദിച്ചാലും ഞാനും ജെയ്മിയും ഹെർമോനിൽ ജീവിക്കുന്ന, ഇവരുടെ അമ്മൂമ്മയുടെ സഹോദരന്റെ മകനും ഭാര്യയുമാണ്. പരിചയക്കാരെപ്പോലെ നമ്മളവിടെ ചെല്ലുന്നു. ആർക്കും സംശയം തോന്നാത്ത രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നു. രഹസ്യമായി വീഡിയോ എടുക്കുന്നു.... കമ്മോൺ. ലെറ്റസ് ഗോ’’.
അവൾ അകത്തേക്കു കയറാൻ തിരക്കു കൂട്ടി. ഞാൻ ഡ്രോൺ സ്റ്റാൻഡ് ബൈ മോഡിലിട്ട് വനേസയെ ഏൽപ്പിച്ച് ചെറിയ പെൻക്യാമറ ഓൺ ചെയ്ത് ഉടുപ്പിൽ കുത്തി അവളെ അനുഗമിച്ചു.
"ഹലോ റേച്ചൽ, വിവാഹ മംഗളാശംസകൾ’’, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ ഹീബ്രുവിൽ സംസാരിച്ചു തുടങ്ങി. ആർക്കും സംശയം തോന്നാതിരിക്കാൻ ചോദ്യങ്ങളും ചെറിയ ഉത്തരങ്ങളുമൊക്കെ പഠിച്ചു വച്ചിട്ടുണ്ടാകണം. അതാണവൾ!
"നന്ദി നന്ദി ... വരൂ ഇരിക്കൂ ...." വിവാഹവസ്ത്രങ്ങളണിഞ്ഞിരുന്ന പതിനേഴു വയസ്സോളം പ്രായമുള്ള പെൺകുട്ടി പ്രത്യഭിവാദനം ചെയ്തു. വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചു വച്ച ട്രാൻസ്ലേറ്ററിൽ നിന്ന് ആ വാക്കുകൾ ഞങ്ങളുടെ ഭാഷയിൽ ചെവിയിലൊളിപ്പിച്ച ചെറിയ ഇയർഫോണിലൂടെ ഒഴുകി.
"ഞങ്ങൾ നിന്റെ സൗന്ദര്യത്തെക്കുറിച്ച് വളരെയധികം കേട്ടിരിക്കുന്നു. അതിവിടെ എല്ലാ നാടുകളിലും പാട്ടാണല്ലോ! നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇതാ നിന്റെ വല്യമ്മാവൻ തന്നയച്ച സമ്മാനം. അദ്ദേഹം നിന്നെ അഭിവാദനം ചെയ്യുന്നു. അദ്ദേഹത്തിന് ദീർഘദൂരം നടക്കാൻ വയ്യാത്തതിനാൽ വരാൻ സാധിച്ചില്ല’’.
‘‘അമ്മ പറഞ്ഞറിയാം. പക്ഷെ ആരെയും നേരിൽ കണ്ടിട്ടില്ലല്ലോ. വല്യമ്മാവനും വല്യമ്മായിയും സുഖമായിരിക്കുന്നു എന്നു കരുതുന്നു’’.
"ഉവ്വ്... അവിടെയുള്ള എല്ലാവരും നിനക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. അയ്യോ ... ഇതെന്താ മുഖമൊക്കെ വല്ലാതെ? ഇന്നു നിന്റെ സന്തോഷ ദിവസമല്ലേ? പക്ഷെ അതൊന്നും മുഖത്തു കാണുന്നില്ലല്ലോ?"
‘‘ജീവിതപങ്കാളിയെ ഒരു നിമിഷത്തേക്കെങ്കിലും പങ്കുവയ്ക്കാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ? അദ്ദേഹം എന്നും എന്റേതു മാത്രമായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നിട്ടിപ്പോൾ എന്നേക്കുമായി എന്റെ സഹോദരിയുമായി പങ്കുവയ്‌ക്കേണ്ട അവസ്ഥ വന്നില്ലേ? എത്രനാൾ കാത്തിരുന്ന ദിവസമാണിന്ന്! എത്രകാലങ്ങൾ കണ്ട സ്വപ്നമാണ് ഫലിക്കാൻ പോകുന്നത്! എന്നിട്ടോ? ഉള്ളിൽ നെഞ്ചു പറിഞ്ഞുപോകുന്ന വേദനയാണ്. കരയാതിരിക്കാൻ ഞാൻ പാടുപെടുകയാണ്’’.
"എനിക്കു നിന്നെ മനസ്സിലാകും".
"ലിയക്കറിയാമായിരുന്നല്ലോ എന്നെയാണദ്ദേഹം സ്നേഹിക്കുന്നതെന്ന്. എന്നിട്ടും അവളെന്തിന് വിവാഹത്തിനു സമ്മതിച്ചു. എന്നെ തോൽപ്പിക്കാൻ... അല്ലാതെന്ത്? എന്റെ സൗന്ദര്യത്തിൽ ഏറ്റവും അസൂയപ്പെടുന്നത് അവളാണല്ലോ’’.
"നീ അതിസുന്ദരിയാണ്. അവളും സുന്ദരി തന്നെ"
"ഒലിവിൻ കമ്പു പോലിരിക്കുന്ന അവൾ സുന്ദരിയാണെന്നോ? ഹ ഹ മറ്റാരും ഇതു കേൾക്കേണ്ട. നിങ്ങൾക്കറിയാമോ എന്നിൽ ലബനോന്റെ സൗന്ദര്യം മുഴുവനുമുണ്ടെന്നാണ് തോഴിമാർ പറയുന്നത്. അതുകൊണ്ടാണല്ലോ അദ്ദേഹമെന്നെത്തന്നെ തെരഞ്ഞെടുത്തത്"
"ഉറപ്പായും. അതിൽ തർക്കമില്ല".
‘‘ചടങ്ങുകളൊന്നു കഴിഞ്ഞോട്ടെ.... പനിനീർപ്പൂവിന്റെ നിറമുള്ള ഈ ശരീരത്തിൽ ഒരു വണ്ടായി അദ്ദേഹം പാറിനടക്കും. ഈ തുടുത്ത ശരീരം അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളെ അനേകം തവണ ഗർഭം ധരിക്കും. വീതിയേറിയ തുടയെല്ലുകളിലൂടെ അവർ അനായാസേന പുറത്തു വരും. ഈ വലിയ മുലകൾ അവരെ ആവോളം ഊട്ടിവളർത്തും. ഈ വിശാലമായ മടിത്തട്ടിൽ അവർ കൈകാലിട്ടടിച്ചു കളിക്കുകയും മടുക്കുമ്പോൾ വിശ്രമിക്കുകയും ചെയ്യും. അവർ സീയോൻ താഴ്വരയിലെ മഞ്ഞുകണങ്ങൾ പോലെ സൗന്ദര്യമുള്ളവരും അതിവിശുദ്ധ തൈലം പോലെ സത്സ്വഭാവികളുമായി വളരും. അപ്പോൾ എന്റെ ഭർത്താവ് എന്നെ കൂടുതൽ സ്നേഹിക്കും’’.
"ഉറപ്പായും’’.
"പ്രധാന ഭാര്യ ലിയയാണെങ്കിലും ഞാനായിരിക്കും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവൾ. അനേകം കുഞ്ഞുങ്ങളെ ഞാനദ്ദേഹത്തിനു നൽകും. അവർ ഒലിവുതൈകൾ പോലെ കുതിച്ചു വളരും. ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽത്തീരത്തെ മണൽത്തരികൾ പോലെയും പെരുകും. അപ്പോൾ എന്റെ നാമം തലമുറകൾ തോറും പ്രകീർത്തിക്കപ്പെടും".
"തീർച്ചയായും. നീ അനുഗ്രഹിക്കപ്പെട്ടവളാണ്. നിന്റെ ഉദരഫലങ്ങളും അനുഗ്രഹിക്കപ്പെടട്ടെ’’.
"നിങ്ങൾ വന്നതിൽ സന്തോഷം. ഭക്ഷണം തയ്യാറിക്കൊണ്ടിരിക്കുന്നു. അപ്പൻ ലിയയ്ക്കുവേണ്ടി കൊന്നതിലും കൂടുതൽ ആട്ടിൻകുട്ടികളെ എനിക്കുവേണ്ടി കൊന്നിരിക്കുന്നു. ദയവായി ഭക്ഷണം കഴിച്ചിട്ടേ പോകാവൂ’’.
‘‘നീ അപ്പന്റെയും പ്രിയപ്പെട്ടവളെന്നറിയുന്നതിൽ സന്തോഷം. ഇനി കാണുമ്പോൾ ഈ മടി നിറയെ കുഞ്ഞുങ്ങളുണ്ടായിരിക്കട്ടെ’’, ഒരു മുതിർന്ന ഹെബ്രായ സ്ത്രീ ആശീർവദിക്കുന്നതു പോലെ അവൾ റേച്ചലിനെ ആശീർവദിച്ചു. റേച്ചലിനെക്കാൾ നാലായിരത്തിലധികം വർഷങ്ങളോളം ഇളയവളാണല്ലോ ഇവൾ എന്നോർത്തപ്പോൾ എനിക്കു ചിരി വന്നു.
"ഈ വാക്കുകൾ യാക്കോബിന്റെ ദൈവവും എന്റെ ദേവതകളും കേൾക്കുമാകാറാകട്ടെ! ശാലോം’’, റേച്ചൽ തലകുനിച്ച് ആശീർവാദം സ്വീകരിച്ചു.
വെളിയിലിറങ്ങി ഞാൻ ഡ്രോൺ റെക്കോർഡിങ് മോഡിലാക്കിയപ്പോൾ അവൾ പറഞ്ഞു തുടങ്ങി.
"വൗ നമ്മുടെ ബിബ്ളിക്കൽ ബ്യൂട്ടി റേച്ചലിനെയാണ് നമ്മളിപ്പോൾ കണ്ടത്. ഇന്നത്തെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി ഷി ഹാസ് ഗോട്ട് എ വെരി കേർവി ആൻഡ് റിച്ച് ബോഡി. ആ ശരീരഭംഗിയും ഞാവൽപ്പഴം വെള്ളിത്തളികയിൽ വച്ചതുപോലുള്ള വലിയ കണ്ണുകളും മുട്ടൊപ്പമെത്തുന്ന കറുത്തിരുണ്ട മുടിയുമൊക്കെ ഏതൊരാണിന്റെയും മനസ്സിളക്കുന്നത് തന്നെ, സംശയമില്ല. നോ വണ്ടർ ജേക്കബ് ചോസ് ഹെർ ! എങ്കിലും എങ്ങനെയാണ് ജേക്കബിന് ഇവരെ മാറിപ്പോയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. രാത്രി, വിവാഹവസ്ത്രമൊക്കെ ധരിച്ച് മൂടുപടമൊക്കെ അണിഞ്ഞുവരുമ്പോൾ ഒരുപക്ഷേ മനസ്സിലാവില്ലായിരിക്കാം. എന്നാലും സ്പർശിക്കുമ്പോൾ അറിയാതിരിക്കുമോ? രണ്ടുപേരെയും സ്വന്തമാക്കി സ്വത്തു മുഴുവൻ കൈക്കലാക്കാനുള്ള ഒരടവായിരുന്നു ആ മനസ്സിലാകാതിരിക്കൽ എന്നാണ് എനിക്കു തോന്നുന്നത്".
എന്നെ നോക്കിക്കൊണ്ടാണ് അവളതു പറഞ്ഞത്. ഞാൻ വെറുതെ ഊറിച്ചിരിച്ചു. കനപ്പിച്ചൊന്നു നോക്കിയിട്ട് അവൾ തുടർന്നു.
"എന്തായാലും കഥ തുടരുമ്പോൾ ലിയായെക്കാളധികമായി ജേക്കബ് റേച്ചലിനെ സ്നേഹിച്ചു എന്നെഴുതപ്പെട്ടിരിക്കുന്നു. ലിയ അവർക്കിടയിൽ എന്നും ഒരധികപ്പറ്റായിരുന്നു. എങ്കിലും വീമ്പുപറഞ്ഞ റേച്ചലിനെക്കാൾ മുൻപ് ലിയ ഏഴു മക്കളെ പ്രസവിച്ചു. റേച്ചലാകട്ടെ രണ്ടാമത്തെ പ്രസവത്തിൽ മരിക്കുകയും ചെയ്തു. ഒരുപക്ഷെ അതിനുശേഷമെങ്കിലും ലിയ സ്നേഹിക്കപ്പെട്ടിട്ടുണ്ടാവണം’’.
അതെ, റേച്ചലിന്റെ മരണശേഷം ജേക്കബ് ലിയയെ സ്നേഹിച്ചിട്ടുണ്ടാകണം. ഞാൻ ആലോചിച്ചു. ഒരുപാടു മക്കളെ കൊടുത്തിട്ടും ജേക്കബ് ലിയയെ സ്നേഹിക്കുന്നില്ലെന്നു കണ്ടാകണം ദൈവം റേച്ചലിനെ നേരത്തെ വിളിച്ചത്. രണ്ടു സ്ത്രീകളെയും ഒരുപോലെ സ്നേഹിക്കാൻ പുരുഷനു കഴിവില്ല എന്നത് സത്യമല്ലേ? അവൻ ഭാര്യയേക്കാളധികമായി കാമുകിയെ സ്നേഹിക്കുന്നു. എന്നാൽ തന്റെ മക്കളുടെ അമ്മയെന്നതിനാൽ അതിലധികമായി ഭാര്യയെ ബഹുമാനിക്കുന്നു. രണ്ടുപേരുടെയും ഇടയിൽ ഒരു ക്രഷറിൽ എന്നതുപോലെ അവൻ ഞെരുങ്ങുന്നു. അവന്റെ മനസ്സമാധാനവും ഉറക്കവും നഷ്ട്ടപ്പെടുന്നു.
"അടുത്തതായി നമുക്ക് ഇവരുടെ ഹീറോ ജേക്കബിനെ കാണാം. ഈ രണ്ടു ഹൃദയങ്ങളുടെയും ഉടമയ്ക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാമല്ലോ’’, അവൾ മണികിലുങ്ങുന്നതു പോലുള്ള വാക്കുകളാൽ എന്റെ ചിന്തകളെ മുറിച്ചു. പാകമായ ഭക്ഷണത്തിന്റെ മണം അവിടെയെങ്ങും നിറഞ്ഞിരുന്നു. അത് വിശപ്പിനെ ആളിക്കത്തിച്ചു. വല്ലതും കഴിച്ചിട്ട് എട്ടു മണിക്കൂറിലേറെയായി. എന്റെ മനസ്സ് വായിച്ചതുപോലെ അവൾ പറഞ്ഞു.

"ഉം ... നല്ല ചുട്ട ആടിന്റെ മണം വരുന്നുണ്ട്... വായിൽ വെള്ളമൂറുന്നു. ഭക്ഷണം കഴിച്ചിട്ടാവാം അടുത്ത ഇന്റർവ്യൂ. വരൂ നമുക്ക് പോയി അവർ എന്തൊക്കെയാണ് ഒരുക്കിയിരിക്കുന്നതെന്നു നോക്കാം’’.
ഇരുട്ടു വീണു തുടങ്ങിയിരുന്നു. അതിനെ തുരുത്തിയോടിക്കാൻ ആകാശത്തു നിറഞ്ഞു തുളുമ്പുന്ന പൂർണ്ണചന്ദ്രൻ ഭൂമിയിലാളുന്ന തീക്കുണ്ഡങ്ങളോടു മത്സരിച്ചു. ഓരോ തീയ്ക്കു ചുറ്റിനും ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കൂട്ടം വാദ്യോപകരങ്ങൾ വായിക്കുകയും പാട്ടുപാടുകയും നൃത്തം വയ്ക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. അവൾ അവിടേക്കു ചൂണ്ടിക്കാട്ടി പറഞ്ഞു.
"നോക്കൂ, അങ്ങിങ്ങായി കത്തിച്ച തീയ്ക്കു ചുറ്റും ആളുകൾ കൂടിക്കഴിഞ്ഞു. ശരിക്കു പറഞ്ഞാൽ നമ്മുടെ ബാർബിക്യു തന്നെയാണ് ഇവരുണ്ടാക്കുന്നത്. കനലിൽ ചുട്ടെടുത്ത മൂപ്പെത്താത്ത ചെമ്മരിയാടിന്റെ ഇറച്ചിയും, മൺചട്ടിയിൽ ചുട്ടെടുത്ത കട്ടിയുള്ള ഗോതമ്പപ്പവും, പുഴുങ്ങിയ മാൻഡ്രേക് കിഴങ്ങുകളും, ഇലകളും അണ്ടിപ്പരിപ്പുകളൂം മിക്സ് ചെയ്തെടുത്ത സാലഡും, പെരുംജീരകവും മുന്തിരിയുമിട്ടുവാറ്റിയ, വെള്ളം ചേർക്കുമ്പോൾ പാൽനിറമാകുന്ന ചാരായവുമാണ് പ്രധാന വിഭവങ്ങൾ. വരൂ നമുക്കീ അപ്പറ്റൈസർ ഒന്നു രുചിച്ചു നോക്കാം’’.
“ഉം ... പെരുംജീരകത്തിന്റെ മധുരമാണ് മുന്നിൽ നിൽക്കുന്നത്.... അല്ല, മുന്തിരിയുടെ പുളി, അല്ലല്ല നെല്ലിക്കയുടെ ചവർപ്പ് , അയ്യോ അല്ല ... പാവക്കയുടെ കയ്പ്പ്... ഹോ ഈ കയ്പുമാറാൻ ഇനിയും കുടിക്കണം. ഇങ്ങനെയായാൽ ഞങ്ങൾ ഇവിടെത്തന്നെ കിടന്നുപോകുമെന്നാണ് തോന്നുന്നത്’’.
“നല്ല സോഫ്റ്റ് ലാംബ്. ഈ അപ്പം തണുക്കുമ്പോൾ കുറച്ചു കട്ടിയാണ്. പോയി ചൂടുള്ളതൊരെണ്ണം എടുക്കട്ടെ’’.
“ഇതാണ് കേട്ടോ മാൻഡ്രേക് കിഴങ്ങ്. ഈ കിഴങ്ങു തിന്നാൽ ഒരുപാടു മക്കളുണ്ടാകുമെന്നാണ് ഇവരുടെ വിശ്വാസം’’, അവൾ ചുട്ട കിഴങ്ങുകളിലൊരെണ്ണം ഊതിയൂതി തൊലിപൊളിച്ച് എന്റെ നേർക്കു നീട്ടി.
അതുവാങ്ങുമ്പോൾ ഞാനാ വോയിസ് മെസ്സേജിനെക്കുറിച്ചോർത്തു. അതിലെ പരാതികളും പരിഭവങ്ങളും ഭീക്ഷണികളും മനുഷ്യരൂപം പൂണ്ട് എനിക്കു ചുറ്റും മിന്നല്പിണരുകൾ പോലെ കറങ്ങിത്തുടങ്ങി. അതിലെ സ്ത്രീശബ്ദം ഇടിഞ്ഞുതുടങ്ങിയ ശരീരവും കറുത്തുതുടങ്ങിയ കൺതടങ്ങളുമുള്ളൊരുവളായി ആദ്യം നനഞ്ഞ ശബ്ദത്തിലും പിന്നീട് പൊള്ളുന്ന സ്വരത്തിലും വാക്കുകൾ കൊണ്ടാക്രമിച്ചു. ബാക്ക്ഗ്രൗണ്ടിൽ കുഞ്ഞു ശബ്ദങ്ങളുടെ ആരോഹണാവരോഹണങ്ങൾ.
"നിനക്കിതു വേണ്ടേ ജെയ്മി? കഴിക്കെന്നേ… നമുക്ക് ഈ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ എണ്ണിതീരാത്തത്ര മക്കളുണ്ടാകട്ടെ’’.

അവൾ എന്റെ ചെവിയിൽ കുഴഞ്ഞ ശബ്ദത്തിൽ കൊഞ്ചി. ആ മനഃസംഘർഷത്തിനിടയിലും ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് കിഴങ്ങ് വാങ്ങി ഉയർത്തിക്കൊണ്ടു മെല്ലെ പറഞ്ഞു.
"നമുക്ക് പിറക്കാനിരിക്കുന്ന ആയിരം കോടി കുഞ്ഞുങ്ങൾക്കായി’’.
"ചിയേർസ് ... ", അവൾ, നിറയെ കൊത്തുപണികളുള്ള മൺകോപ്പ ഒന്നുയർത്തിയശേഷം ഒറ്റവലിക്കു കുടിച്ചു തീർത്തു. ആ കണ്ണുകൾ കറങ്ങുന്നുണ്ടായിരുന്നു.
"ഹാ എന്താ കത്തൽ??? സാക്ഷാൽ ജാക്ക് ഡാനിയേൽ തോറ്റുപോകും’’, അവൾ പുൽത്തകിടിയിലേക്കു മറിഞ്ഞു.
"വരൂ പ്രിയപ്പെട്ടവനേ... നമുക്കാ ആകാശത്തുകൂടി പറന്നുനടക്കാം. ആ വെളുവെളുത്ത ചെമ്മരിയാടുകൾക്കൊപ്പം പറന്നുയർന്നുയർന്ന് അവയുടെ കൊമ്പിൽ മിന്നുന്ന മിന്നാമിനുങ്ങുകളെ പിടികൂടാം. അല്ലെങ്കിൽ ആ വലിയ ഗോതമ്പപ്പത്തെ ചൂടോടെ കൈക്കലാക്കാം’’, അവൾ പിറുപിറുത്തു.
ഊഫ്... അവൾ ഓഫായ ലക്ഷണമാണ്. അതാ അവിടെ ചുരുണ്ടുകൂടി കിടക്കുന്നുണ്ട്. പാവം, അൽപ്പനേരം വിശ്രമിക്കട്ടെ. ഞാൻ പോയി കുറച്ചു ഫുഡും ഡ്രിങ്കുമെടുത്ത് വണ്ടിയിലുള്ളവർക്കു കൊണ്ടുപോയി കൊടുത്തിട്ടു വരാം. അവരും നന്നായി വിശന്നിരിക്കുകയല്ലേ?
ഞങ്ങളിതാ ഭക്ഷണമൊക്കെ കഴിച്ച്, ഒന്നു വിശ്രമിച്ച് തിരിച്ചുപോകാൻ തയ്യാറായിരിക്കുകയാണ്. കിം 4100 വർഷങ്ങൾ മുന്നോട്ട് ഡയൽ ചെയ്തു കഴിഞ്ഞു. ഈ മദ്യത്തിന്റെ കെട്ടുവിടുന്നതിനു മുൻപ് നമ്മളവിടെ തിരിച്ചെത്തും.
കിം വാഹനം സ്റ്റാർട്ട് ചെയ്തുകഴിഞ്ഞു. എല്ലാവരും നന്നായിത്തന്നെ കുടിച്ചിട്ടുണ്ട്. വഴിതെറ്റി വേറെ കാലത്തിലൊന്നും ചെന്നുപെടാതിരുന്നാൽ മതിയായിരുന്നു.
വൗ ... നമ്മളിതാ സക്സസ്ഫുള്ളായി നമ്മുടെ സ്വന്തം കാലത്തിൽ തിരിച്ചെത്തിയിരിക്കുന്നു. സഹപ്രവർത്തകരെല്ലാം സ്വീകരിക്കാൻ ഓടിവരുന്നുണ്ട്. ഇറ്റ്സ് എ റിയൽ ഗെയിം ചെയ്ഞ്ചർ ആൻഡ് ഓൾ ക്രെഡിറ്റ്സ് ഗോസ് റ്റു ആഷ്‌ലി....
അയ്യോ, ആഷ്‌ലി എവിടെ???
