“നിന്റമ്മയ്ക്കു പിന്നേം ഇളകിയെന്നാ തോന്നുന്നെ, ഇപ്പോ കുഴപ്പൊന്നുമില്ല. എന്നാലും എല്ലാം കൂടെ നോക്കുമ്പ എനിക്കൊരു ചെറിയ ഭയം. പറ്റുമെങ്കീ പെട്ടെന്നു വരാൻ നോക്ക്”, സുജീഷിന്റെ മെസേജു കിട്ടിയപ്പോൾ പദ്മ പൊരിവെയിലിന്റെ അരികുപറ്റി മരുഭൂമിയിലെ കോട്ട കാണുകയായിരുന്നു. അഥവാ അവശിഷ്ടങ്ങൾക്കിടയിലൂടെ നടന്ന് പഴയ കോട്ടയെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു.
ഫോൺ ഓഫാക്കി തോൾബാഗിലിട്ട് അവൾ ദൂരെ നിൽക്കുന്ന ഫായിസിനെ നോക്കി.
ഒറ്റ ക്ലിക്കിൽ അപൂർവ്വ ദൃശ്യങ്ങൾ സ്വന്തമാക്കാനായി ഏറ്റവും മെച്ചപ്പെട്ട ആംഗിളും ഫോക്കസും ഒരുക്കുന്ന തിരക്കിലാണവൻ. മെലിഞ്ഞുനീണ്ട വിരലുകൾ ക്യാമറയിൽ ഒഴുകി നടക്കുന്നതു കാണാൻ തന്നെ ഒരു താളമുണ്ട്. രാത്രിയിൽ ടെന്റിനുള്ളിലെ ഇളം വെളിച്ചത്തിൽ ഒറ്റനിഴലുള്ള ശലഭങ്ങളാവുമ്പോഴും അവനിതേ താളമാണ്.
തണുപ്പടിച്ച് ചില്ലുടലായി മാറുന്നയിടങ്ങൾ മാത്രം ഇഷ്ടമുള്ള പദ്മയെ കോട്ടയുടെ ചരിത്രവും ചരിത്രത്തെയപ്പാടെ വെല്ലുവിളിക്കുന്ന പുത്തൻകഥകളും വിവരിച്ചു യാത്രയ്ക്കു പ്രേരിപ്പിച്ചതും അവനാണ്.
‘‘ചില സ്ഥലങ്ങൾ അതിലൂടെ നടന്നു തന്നെയറിയണം പദ്മാ, ആ മണ്ണിൽ കാലുപതിയുമ്പോൾ തന്നെ സത്യം തെളിയും. കെട്ടുകഥകളും തിരുത്തലുകളുമെല്ലാം മാഞ്ഞു പോവും. യാത്രകൾ നൽകുന്ന സമ്പാദ്യവും അതു മാത്രമാണ്’’- സഞ്ചാരവും ഫോട്ടോഗ്രാഫിയും ജീവിതമാക്കിയ ഫായിസിനെ ചങ്ങാതിയാക്കാൻ പദ്മ തീരുമാനമെടുത്തത് മാസങ്ങൾക്കു മുൻപു നടന്ന ഈ സംഭാഷണത്തിനു ശേഷമാണ്.
മണൽക്കുന്നുകളിൽ അസ്തമയസൂര്യന്റെ ചോപ്പിളകിപ്പടരാൻ തുടങ്ങുന്നു. ഈ കുന്നുകൾക്കു ചതിയും കൺകെട്ടും വശമുണ്ട്. ഇമയനക്കുന്ന നേരം മതി, ഒളിച്ചുവച്ച കറുപ്പുകമ്പളമെടുത്തു വീശി താഴേക്കെറിയും. എല്ലാം ഒറ്റയടിക്ക് ഇരുട്ടായി മാറും. അതിനു മുൻപീ കോട്ടയിൽ നിന്ന് ദൂരെയെത്തണം.
ഇരുട്ടു വീണു കഴിഞ്ഞാൽ ഇതിനകത്തെ ഇടനാഴികളിൽ പ്രേതസാന്നിധ്യമുണ്ടാവുമെന്നും ഭീതി ജനിപ്പിക്കുന്ന അലർച്ചകളും അപശബ്ദങ്ങളുമുയരുമെന്നും ഒന്നാം ചെക്ക്പോസ്റ്റിലെ കാവൽക്കാരൻ ഉറപ്പിച്ചു പറഞ്ഞതാണ്. രാത്രിയിൽ കോട്ടയ്ക്കു ചുവപ്പുനിറമാണത്രെ. ഇടനാഴികളിൽ കനത്ത കാലടികൾ പതിയുന്ന ശബ്ദമുയരും, വാതിലുകൾ കുലുങ്ങിവിറയ്ക്കും. പിന്നീടയാൾ ഇതിനു മുൻപ് കോട്ടയിൽ രാത്രി കഴിക്കാനെത്തിയവർക്കു സംഭവിച്ച ദുരന്തങ്ങളെപ്പറ്റി പറയാൻ തുടങ്ങി. പക്ഷേ ഫായിസ് അതു മുഴുവനാക്കാൻ അനുവദിക്കാതെ തടഞ്ഞു.
‘‘കഥ പറച്ചിൽ തുടർന്നോളൂ സാർ, കെട്ടുകഥകളിൽ നിന്നു കെട്ടുകഥകളിലേക്കു മാത്രം സഞ്ചരിക്കൂ. പക്ഷേ ഞങ്ങളെയിപ്പോൾ വെറുതെ വിടൂ. ഞങ്ങൾ കഥയുടെ പുറത്തു നിൽക്കുന്നവരാണ്’’.
അവൻ പറഞ്ഞതു രുചിക്കാതെ അയാളെന്തോ പിറുപിറുക്കുകയും വായിലെ മുറുക്കാൻ ചണ്ടി പുറത്തേക്കു തുപ്പുകയും ആരെയോ ഫോൺ വിളിക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ പദ്മയ്ക്കു ഭയം തോന്നി. ഇരുട്ടു വിഴുങ്ങിക്കിടക്കുന്ന ഇടനാഴികളുടെ വിജനതയിലൂടെയും കാലപ്പഴക്കത്തിന്റെ കനപ്പുഗന്ധമുള്ള നിലവറകളിലൂടെയും അലഞ്ഞു നടക്കുമ്പോഴെല്ലാം പേടിയുടെ നിഴലുകൾ അവൾക്കു മുന്നിൽ നൃത്തം ചവിട്ടി. ഫായിസിനോടു പറഞ്ഞാലവൻ കളിയാക്കുമെന്നുറപ്പായതിനാൽ ഉല്ലാസ ഭാവത്തിൽ കാഴ്ചകൾ കണ്ടു നടക്കുകയാണവൾ.
‘‘ഒരു രാജാവ് കോട്ട നിർമ്മിക്കാൻ തീരുമാനിക്കുന്ന നിമിഷത്തെക്കുറിച്ചു വായിച്ചിട്ടുണ്ടോ?”
പാതിയും മുറിഞ്ഞുവീണെങ്കിലും കാലത്തെ അടയാളപ്പെടുത്തിയിടുന്നൊരു സ്തൂപത്തിനു മുകളിൽ കയറി നിന്നാണ് ഫായിസിന്റെ ചോദ്യം. പദ്മയ്ക്കപ്പോൾ കോളേജ് ലൈബ്രറിയിലെ വരാന്തയ്ക്കു ചുറ്റുപാടും മുഴങ്ങിയിരുന്ന പ്രാവുകളുടെ കുറുകൽ ഓർമ്മ വന്നു.
“ഉണ്ട്. അധികാരസ്ഥാനത്തിരിക്കുന്നവർ ആദ്യം സാമ്രാജ്യം വലുതാക്കും. വലിയൊരു സമ്പത്തിന്റെ ഉടമയായെന്ന തോന്നലുണ്ടാവുന്ന നിമിഷം തന്നെ ഭയവും ഉടലെടുക്കുന്നു. ഭയം വളരാൻ തുടങ്ങുമ്പോഴവർ പ്രതിരോധിക്കാനുള്ള നടപടികൾ ആലോചിക്കുകയും കോട്ടകളും കിടങ്ങുകളും നിർമ്മിക്കുകയും ചെയ്യുന്നു, കുറച്ചുകാലം മുൻപു വായിച്ചതാണ്, ആനന്ദിന്റെ വരികൾ’’.
‘‘യെസ്… ഇവിടെ നിൽക്കുമ്പോൾ നമ്മളോർക്കേണ്ടതും അതാണ്. ഭരിക്കുന്നവരുടെ ഉള്ളിലും മുളച്ചു പടർന്നുപന്തലിക്കുന്ന ഭയത്തെക്കുറിച്ച്. രക്ഷയ്ക്കു വേണ്ടി അവർ സൃഷ്ടിച്ചെടുക്കുന്ന അകൽച്ചയെക്കുറിച്ച്. കുറച്ചു നേരമായി നീയും എന്തോ പ്രതിരോധത്തിലാണല്ലോ’’, ഫായിസ് അടുത്തേക്കു വന്നു.
‘‘വീടിനടുത്തുള്ള ദൈവക്കോട്ടയിൽ ഉഴിഞ്ഞു മാറ്റലും അടക്കം വെപ്പും വേണമെന്നു പ്രശ്നത്തിൽ കണ്ടത്രെ. എന്നോടു ചെല്ലാൻ പറഞ്ഞു വല്യച്ചൻ. അമ്മയ്ക്കു പിന്നേം എന്തോ മാറ്റങ്ങളെന്നു സുജീഷും . മെസേജു വന്നിട്ടുണ്ട്’’.

‘‘പ്രശ്നം വെപ്പും ഉഴിഞ്ഞു കളയലും , അതും ഒരു തരം പ്രതിരോധം തന്നെ. താനിതിലൊക്കെ വിശ്വസിക്കുന്നുണ്ടോ..?”
‘‘വിശ്വാസത്തിന്റെയല്ല ഫായിസ്, എനിക്കെന്റെ അമ്മയുടെ അടുത്തെത്തണം. ഉടനെ. അമ്മയുടെ ഇപ്പോഴത്തെ മാറ്റത്തിന് ദൈവക്കോട്ടയുമായി ബന്ധമുണ്ട്’’.
‘‘ശരിക്കും എന്താണീ ദൈവക്കോട്ട?” ഫായിസ് ചോദിച്ചു.
മണൽപാതയിലൂടെ തിരക്കിട്ടു നടക്കുന്നതിനിടയിൽ പദ്മ ദൈവക്കോട്ടയുടെ കഥ പറഞ്ഞു. ഒപ്പം വർഷത്തിലൊന്നോ രണ്ടോ തവണ അമ്മയെ തേടി വരുന്ന ഉന്മാദത്തിന്റെയും.
ദൈവക്കോട്ട
പുരപ്പുറത്താർത്തു പെയ്യുന്ന മഴത്തുള്ളികളിൽ പാതിയും അടുക്കള നിലത്തേക്കു ചോർന്നു വീഴുന്ന കാലവർഷ രാത്രികളിലൊന്നിലാണ് മാതേയി മുത്തി ദൈവക്കോട്ട എന്ന വാക്കുച്ചരിച്ചത്. ചെമ്പാവിന്റെ പഴയരിയും കുമ്പളവിത്തും മൂപ്പിൽ വറുത്തെടുത്ത് പിഞ്ഞാണത്തിലിട്ടത് ഞങ്ങളുടെ നടുവിലുണ്ടായിരുന്നു.
‘‘തൈവക്കോട്ടേല് കാടു കേറീക്ക്ണ്. വെട്ടിത്തളിച്ചു കളമിട്ട് കള്ളും കുരുതീം കൊട്ക്കണം. മനുഷരായാലും ദെയ് വങ്ങളായാലും ഒറ്റപ്പെട്ടാ കെട്ടുപോവും. ഒച്ചപ്പാടും വെട്ടോം തെളിയണം. അല്ലങ്കി കണ്ടോളീ നിക്കണ പെരകള് കുത്തിയൊലിച്ച് പോവും’’.
ഭയഭക്തിയോടെ മുത്തി പിറുപിറുത്തു. വെള്ളമിറ്റി ചെമ്പുകളിൽ നിറയുന്നതിന്റെ ഒച്ച മാത്രം ഉയർന്നു കേട്ടു. ചോരുന്നിടത്തെല്ലാം പാത്രങ്ങൾ നിരത്തുന്ന അമ്മയതു കേട്ടെങ്കിലും മിണ്ടിയതേയില്ല. അത്തരം ദിവസങ്ങളിൽ രാത്രിയൂണ് മച്ചിട്ട ഇടനാഴിയിലായിരിക്കുമെന്നതു പദ്മയുടെ രഹസ്യ സന്തോഷമാണ്. ആ വീട്ടിലെ വേറേതൊരു സ്ഥലത്തേക്കാളും അവളെ പൊതിഞ്ഞു പിടിച്ചിരുന്ന ചുമരുകളും ഇരുട്ടുമാണവിടുത്തേത്.
ആരും വീട്ടിലില്ലാത്തൊരു ഉച്ചപ്പകലിൽ പദ്മയുടെ നിർബ്ബന്ധത്തിനുവഴങ്ങി ഉമ്മറക്കോലായിൽ പടിഞ്ഞിരുന്നു മുത്തി ദൈവക്കോട്ടയുടെ കഥ പറഞ്ഞു. കോട്ടയിലേതോ ദൈവം പുറത്തിറങ്ങാനാവാതെ കുടുങ്ങിയിരിപ്പുണ്ടാവുമെന്ന അവളുടെ സങ്കൽപ്പം മാഞ്ഞു പോയി.. ഉറക്കം വരാത്ത രാത്രികളിൽ ജനൽപാളികൾക്കിടയിലൂടെ നുഴഞ്ഞു കയറി അപ്പുറത്തെ തൊടിയിലൂടെ കോട്ടയിലേക്കു പാഞ്ഞു ചെന്നിരുന്ന നോട്ടവും അതോടെ വറ്റിപ്പോയി. കാരണം കോട്ടയുടെ കഥ വേറൊന്നായിരുന്നു. മാതേയി മുത്തി പറഞ്ഞ ആ കഥ ഇങ്ങനെയായിരുന്നു.
കളരിയിലും വൈദ്യത്തിലും കേമനായിരുന്നു അമ്മേടച്ഛനായ തെയ്യുണ്ണി. ഒന്നരയാളിന്റെ എകരവും പത്താളിന്റെ വിവരവുമൊത്ത തെയ്യുണ്ണിയുടെ കളരിയും മരുന്നും തേടി നാനാ ദേശങ്ങളിൽ നിന്നും ജനങ്ങളെത്തിയിരുന്നു. സർപ്പദംശം മുതൽ യക്ഷിബാധ വരേയുളള ഏതൊരസുഖവും അയാൾ ചികിത്സിച്ചു മാറ്റി.
യക്ഷിബാധയേറ്റലറിപ്പിടഞ്ഞു വന്ന സുന്ദരികൾ തെയ്യുണ്ണിയുടെ വിരലറ്റത്ത് ദൃഷ്ടിയുറപ്പിച്ച് തലതാഴ്ത്തിനിന്നു. കള്ളിപ്പാലയും കസ്തൂരിയും മണക്കുന്ന എണ്ണത്തോണിയിലും കാട്ടുചമ്പക വേരിന്റെ രസക്കൂട്ടിലും മയങ്ങിയ മേനികളിൽ നിന്നും ഒഴിഞ്ഞകന്ന ബാധകൾ ചെങ്കുരുവികളായി മലകളിലേക്കു പറന്നു കേറി.
ചികിത്സ കഴിഞ്ഞിട്ടും രോഗികൾ മടങ്ങിപ്പോവാൻ മടിച്ചുനിൽക്കുന്ന കാഴ്ചയിൽ തെയ്യുണ്ണി പൊട്ടിച്ചിരിച്ചു. അമ്മേടമ്മയാണെങ്കിൽ രാവും പകലും ഭേദമില്ലാതെ അടുക്കളയിലെ ഇരുട്ടിനോടു മിണ്ടിയും ഇരുട്ടിന്റെ പാകം നോക്കിയും ഇരുട്ടിനെ ഭക്ഷിച്ചും പുറം ലോകമറിയാതെ നിന്നു.
തെയ്യുണ്ണി പാരമ്പര്യത്തുടർച്ചക്കായി മകളെ മന്ത്രവും കളരിയും അഭ്യസിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഭാര്യ എതിർക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തിരക്കുള്ള ചികിത്സാസമയങ്ങളിൽ പലപ്പോഴുമയാൾ മകളെ സഹായിയായി കൂടെ നിർത്തി.
മോഷണശ്രമത്തിനിടയിൽ തട്ടുംപുറത്തു നിന്നു താഴെ വീണ ജയകാന്തനെന്നൊരു കരുത്തനെ അവന്റെ വൃദ്ധമാതാവും സഹായിയും കൂടി ചികിത്സക്കായി കൊണ്ടുവന്നതാണു കളരിയുടെ ചരിത്രത്തിൽ വഴിത്തിരിവായത്. കുപ്പിച്ചില്ലു കുത്തിക്കീറിയ കാലും ഒടിഞ്ഞ നടുവുമായി ജയകാന്തൻ കളരിത്തറയിൽ കിടന്നു ഞരങ്ങി.
അന്നാളുവരെ കട്ടുണ്ടാക്കിയ മുതലെല്ലാം കിഴിയിലാക്കി സഞ്ചിയിൽ കരുതിയിരുന്നതപ്പാടെ തെയ്യുണ്ണിയുടെ മുന്നിൽ നിവർത്തി വെച്ച് കൂടെ വന്നവർ അഭയത്തിനായി കേണു.
കിഴിയിലൊതുങ്ങാതെ പുറത്തേക്കെത്തി നോക്കുന്ന പണത്തിന്റെ ഉന്തും മുഴയും കണ്ടപ്പോൾ മറ്റെല്ലാം മറന്ന് തെയ്യുണ്ണി ചികിത്സയേറ്റു.
ദിവസങ്ങൾ നീങ്ങി ആരോഗ്യം വീണ്ടുകിട്ടാനായപ്പോൾ മോഷണവും ജീവിതവുമൊക്കെ മറന്ന് ജയകാന്തൻ കളരിയിലെ പെൺവെട്ടത്തിലേക്കു മയങ്ങിവീണു.
രാവെട്ടത്തിൽ മറപറ്റി നടന്നു വീട്ടകങ്ങളിൽ കയറിക്കൂടി പൊന്നും പണവും കവർന്നിറങ്ങി തോട്ടിൻ കരയിലെ കൈതക്കാടിന്റെ മറപറ്റി നടന്നു പൊന്നാങ്കായലിന്റെ കരയിലൊളിച്ചു വച്ച കൊച്ചു തോണിയിൽ കയറി വീട്ടിലേക്കുള്ള മടക്കമാണേറ്റവും വലിയ ലഹരിയെന്നായിരുന്നു ജയകാന്തന്റെ അതുവരെയുള്ള തോന്നൽ.
കായലും മാനവും മയങ്ങുന്ന നേരത്തയാൾ മെല്ലെ മെല്ലെ തുഴഞ്ഞു നീങ്ങുമ്പോൾ നേരിയ ആലസ്യത്തിൽ കായലൊന്നിളകുന്നതും ആകാശത്തിന്റെ കടുംനീലയും നക്ഷത്രത്തിളക്കവും ചുറ്റും പരക്കുന്നതും അയാൾക്കു വേണ്ടി മാത്രമായിരുന്നു. എന്നാൽ പദ്മേടമ്മയൊരു കടൽക്കാഴ്ചയായി അയാളിലെ മറ്റെല്ലാ ദൃശ്യങ്ങളെയും മായ്ച്ചു കളഞ്ഞു.
നാടുമൊത്തം മയങ്ങിക്കിടന്നൊരു രാത്രിയിൽ കളരിക്കുപിന്നിലെ ഒറ്റക്കൽ വിളക്കിന്റെ സാക്ഷ്യത്തിൽ നക്ഷത്രങ്ങൾ ഗണം മാറി ഗണം ചേർന്ന മുഹൂർത്തത്തിൽ ജയകാന്തനായിരുന്നു പദ്മയുടെ അച്ഛനാവാനുള്ള യോഗം തെളിഞ്ഞത്.
നിഴലനക്കം കേട്ടുവന്ന മറ്റൊരു നിഴൽ ആലസ്യത്തോടെ പെണ്ണെണീറ്റുപോയ നേരത്ത് അയാളെ ഒളിഞ്ഞിരുന്നു വീഴ്ത്തി ജീവനെടുക്കുകയും കളരിയുടെ തറയിൽ കുഴിച്ചു മൂടുകയും ചെയ്തുവെന്നാണു കേൾവി. നടന്നതെന്തായാലും പിന്നീടാരും അയാളെയും അമ്മയെയും കണ്ടിട്ടില്ല. ജയകാന്തന്റെ സഞ്ചിയിലെ മുതലപ്പാടെ തെയ്യുണ്ണി സ്വന്തമാക്കുകയും ചെയ്തു.
പക്ഷേ പ്രശ്നങ്ങൾ ഒടുങ്ങുകയായിരുന്നില്ല, തുടങ്ങുകയായിരുന്നു.
തെയ്യുണ്ണി കളരി പിന്നെയും നടത്തിയെങ്കിലും ഒന്നും പഴയ പോലെ ആയില്ല. കാരണമില്ലാത്തൊരു ആധിയും ഭീതിയും മാറാനിഴലായി തന്നെയും ചുറ്റുപാടിനെയും മൂടിയതുപോലെ അയാൾക്കു തോന്നി. കളരിക്കും വീടിനും പുത്തൻ വാതിലുകളും പൂട്ടും പണിയിക്കുകയും രാത്രികളിൽ ഉറക്കംമുറിഞ്ഞ് ആധി കയറി പുരയ്ക്കു ചുറ്റും പരിശോധനകൾ നടത്തുകയും ചെയ്തു.
അർദ്ധരാത്രി കളരിയിൽ നിന്നും പുറപ്പെടുന്ന അലമുറകളും ദീനരോദനങ്ങളും ഉച്ചനേരങ്ങളിൽ നിലത്തു നിന്നുറവ പൊട്ടുന്ന രക്തനീരും തെയ്യുണ്ണി മാത്രം കാണുകയും കേൾക്കുകയും ചെയ്തു. നിലാവു മാഞ്ഞ രാത്രികളുടെ ആഴങ്ങളിൽ നിന്നുയിരുപൊട്ടി ദാഹിക്ക്ണ് മൂത്തോരേ എന്ന ഞരക്കത്തോടെ ജയകാന്തനും ന്റെ കുട്ടീന നോക്ക്ണേ മൂത്തോരേ എന്നു കരഞ്ഞു വിളിച്ച് ജയകാന്തന്റമ്മയും തെയ്യുണ്ണിയുടെ മുന്നിലെത്തി.
പുകൾപെറ്റ മന്ത്രവാദികളെ കൊണ്ടു വന്നു കർമ്മങ്ങൾ നടത്തുകയും പ്രേത വേർപാടു നടത്തി കളരിക്കു പുറത്ത് ഉഴിഞ്ഞു പ്രതിഷ്ഠിക്കുകയും ചെയ്തു. കാവലിനൊരു ചൊവ്വയുമിരുന്നോട്ടെ എന്നു പ്രതിവിധിയിൽ കണ്ടതിനാൽ തെക്കുപടിഞ്ഞാറായി അതിനും തറയിട്ടു.

എല്ലാം കഴിഞ്ഞിട്ടും ശല്യം തുടർന്നു വന്നതു കൂടാതെ മകളുടെ ഗർഭ വിവരം കൂടി അറിഞ്ഞതോടെ തെയ്യുണ്ണി മുഴുവനായും തകർന്നു . പിറ്റേന്നു രാവിലെ കളരിയുടെ മുന്നിലെ ഞാറമരത്തിന്റെ കൊമ്പിൽ അയാൾ തൂങ്ങി നിന്നു. ഞാറക്കൊമ്പുകളിൽ നിന്നും അലച്ചു കേട്ട ചെങ്കുരുവികളുടെ ബഹളത്തിനെ പിൻപറ്റിയാണ് നാട്ടുകാർ തെയ്യുണ്ണിയെ കണ്ടെത്തിയത്. അതോടെ കളരിയുടെ തകർച്ച പൂർണ്ണമായി.
പുല വീട്ടിയതിന്റെ പിറ്റേന്ന് അമ്മേടമ്മ ഇരുട്ടിൽ നിന്നു പുറത്തിറങ്ങുകയും അമ്മേടച്ഛൻ ഒളിച്ചു വെച്ചിരുന്ന മുതലെല്ലാം കെട്ടിപ്പൊതിഞ്ഞു കളരിയിലെ പൊട്ടക്കിണറ്റിലെറിയുകയും കളരിയിലേക്കുള്ള വഴിയടച്ചു കൈത നടുകയും ചെയ്തെന്നാണു കഥ.. കൈത പടർന്നു കോട്ട മതിലുപോലെ ഉയർന്നു തുടങ്ങിയ കാലത്ത് ആരോ പറഞ്ഞ വാക്കൊരു പേടി വളർത്തുന്ന ചരിത്രമായി നാടാകെ പറ്റിപ്പിടിച്ചു
അതാണു ദൈവക്കോട്ട. ഒമ്പതു മാസങ്ങൾക്കു ശേഷം അതിനിപ്പുറത്തെ വീട്ടിൽ അമ്മ പ്രസവിക്കുകയും പദ്മ ലോകം കാണുകയും ചെയ്തു. അച്ഛൻ അപകടത്തിൽ മരിച്ചുപോയ കുട്ടിയായി പദ്മ വളർന്നു.
ഉന്മാദം
അമ്മേടമ്മ മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ മുതലാണ് ചില കാലങ്ങളിൽ അമ്മയിൽ വരുന്ന മാറ്റങ്ങളവൾ തിരിച്ചറിഞ്ഞത്. അവളുടെ ശ്രദ്ധപതിയും മുമ്പേ നാട്ടുകാരുടെ കണ്ണുകളവിടെയെത്തിയിരുന്നു.
നാട്ടുവർത്താനങ്ങളുടെ പൊട്ടും പൊടിയും പാറിക്കിട്ടിയ പദ്മ അമ്മയെ അമ്മയറിയാതെ നിരീക്ഷിക്കാൻ തുടങ്ങുകയും ക്രമേണ അവൾക്കതൊരു ശീലമായി മാറുകയും ചെയ്തു. ചില പ്രത്യേക ദിവസങ്ങളിൽ അമ്മയിൽ നിന്നു മുഴുവനായും വേറിട്ടൊരു പെണ്ണായി അമ്മ മാറുന്നത് അത്ഭുതത്തോടെ അവൾ നോക്കിനിന്നു.
മുഷിഞ്ഞ നൈറ്റിയുമിട്ടു പണികളിൽ നിന്നു പണികളിലേക്കു പാറി നടക്കുന്ന അമ്മ ആ ദിവസങ്ങളിൽ പെട്ടി തുറന്ന് കസവു സാരിയെടുത്തുടുക്കുകയും മുടിയിൽ മെഴുക്കിട്ടൊതുക്കി മടഞ്ഞിട്ട് പിച്ചിയും കനകാംബരവും കൂട്ടിക്കെട്ടി മാലയാക്കി ചൂടുകയും ചെയ്തു. കർപ്പൂരത്തിളക്കമുള്ള കൺമഷി നീട്ടിയെഴുതി കറുകച്ചാന്തിന്റെ ഗോപിക്കുറിയും കളഭ ഗന്ധവുമായി നാട്ടിലും വീട്ടിലും അലസം നടക്കുന്ന അമ്മയോടവൾക്ക് അപരിചിതത്വം തോന്നി.
കാമുകൻ തൊട്ടരികിലെത്തിയ പോലെ അവരുടെ മുഖം മിനുങ്ങുകയും കണ്ണിൽ നനവൂറുകയും ചുണ്ട് മെല്ലെ വിറകൊള്ളുകയും ചെയ്യുന്നതു കണ്ടപ്പോൾ പദ്മയുടെ ഉള്ളു കാളി. നനുത്തൊരു പുഞ്ചിരിയും ആലസ്യം നിറഞ്ഞ ചുവടുകളുമായി യുവത്വത്തിലേക്കു തിരിച്ചു കയറിയ അമ്മ തികച്ചും മറ്റൊരാളായി തോന്നിയെങ്കിലും അവൾ സംയമനം പാലിച്ചു.
നിലാവിറങ്ങുന്ന ത്രിസന്ധ്യകളിലേക്ക് കൂസലില്ലാതെയിറങ്ങിച്ചെന്ന് അമ്മയൊരു നിലാവായി മാറുന്നതും നിലാവു മോന്തിയ ലഹരി മിഴികളിൽ നിറച്ചു പൂങ്കുലകളിലേക്കു ചാഞ്ഞു നിന്നൊരു പൂവല്ലിയായി മാറുന്നതും പദ്മ നേരിയ അസൂയയോടെയറിഞ്ഞു.

രാത്രിയാവും മുൻപേ നാണം കലർന്ന നോട്ടവുമായി മുറിക്കകത്തുകയറി വാതിലടക്കുന്ന അമ്മയെയവൾ കണ്ടില്ലെന്നു നടിച്ചു. പിറ്റേന്നു പദ്മ എഴുന്നേൽക്കുമ്പോഴേക്കും അമ്മ പഴയ നൈറ്റിയും പാറിപ്പറന്ന മുടിയുമായി മുറ്റമടിക്കുന്നുണ്ടാവും. സംശയം തീരാതെ പദ്മ അമ്മയുടെ മുറിയിൽ കയറി പരിശോധിച്ചിട്ടുണ്ട്. കിടക്കയിൽ ചിതറിക്കിടക്കുന്ന പൂക്കളും മനം മയക്കുന്നൊരു ഗന്ധവുമല്ലാതെ മറ്റൊന്നും അവളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല.
‘‘ഇതിലെന്താ കുഴപ്പം? നീയവരെ കാണുന്നത് നിന്റെ ചിന്തകളിലൂടെയാണ്. ഒരാൾക്കു സന്തോഷം കണ്ടെത്താൻ പല മാർഗങ്ങളുണ്ടാവുമെന്നും ഏറ്റവുമധികം സ്വയം ഉൾക്കൊള്ളുന്നൊരു വഴി തിരഞ്ഞെടുത്താൽ ജീവിതം അർത്ഥപൂർണമാവുമെന്നും ഓർത്താൽ പോരേ?”
ഫായിസിന്റെ ചോദ്യത്തിനു പദ്മ മറുപടി നൽകിയതു വല്യച്ചന്റെ വീടിനു മുന്നിലെ പടിപ്പുരയിലിരുന്നിട്ടാണ്. വീട്ടിലെത്തിയ ഉടനെ അവളേയും അമ്മയേയും വിളിപ്പിക്കാനായി വല്യച്ചൻ സുജീഷിനെ പറഞ്ഞയച്ചിരുന്നു. അമ്മേടച്ഛന്റെ അനിയനെ വല്യച്ചാ എന്നു വിളിക്കാൻ തുടങ്ങിയതെന്നാണെന്നൊന്നും പദ്മക്കോർമ്മയില്ല. വീട്ടിലും നാട്ടിലുമൊക്കെ വലിയൊരാളായി വല്യച്ചനെന്നുമുണ്ടായിരുന്നു.
‘‘ആ ദിവസങ്ങളിൽ അമ്മയ്ക്കു മാത്രമല്ല, നാടാകെ ചില പ്രശ്നങ്ങളുണ്ടത്രെ’’.
വീട്ടിലെത്തി വിശദമായി വിളിക്കാമെന്നു കൂടി എഴുതിയയച്ചു പദ്മ ഫോൺ പോക്കറ്റിലിട്ടു.
അമ്മ തടിപ്പെട്ടി തുറന്നു വച്ച് സാരി തിരയാൻ തുടങ്ങുന്ന സമയത്തു തന്നെ വല്യച്ചന്റെ മൂത്ത മകനായ രാഹുലൻ സ്ഥലസമയഭേദമില്ലാതെ ഉറങ്ങി വീഴുന്നതിനെക്കുറിച്ചും സുജീഷിന്റെ ചേച്ചി ഉഷ്ണം സഹിക്കാതെ ആടകളെല്ലാമുരിഞ്ഞു പുഴയിലിറങ്ങിക്കിടക്കുന്നതിനെക്കുറിച്ചും ഞെട്ടിയുണർന്നെണീറ്റ പോലെ പാരിജാതത്തിലും പാലക്കൊമ്പിലും പൂക്കൾ നിറയുന്നതിനെ കുറിച്ചും പെരുങ്കുളത്തിൽ അലകളുയരുന്നതിനെക്കുറിച്ചും ഫായിസിനെ പറഞ്ഞു മനസ്സിലാക്കേണ്ടതെങ്ങനെയാണെന്ന് പദ്മ ആധിപ്പെട്ടു.
ആ നേരത്ത് വല്യച്ചന്റെ ഉമ്മറത്ത് ആലോചനാ യോഗം തുടങ്ങുന്നതിന്റെ അറിയിപ്പു കേട്ടു.
പ്രശ്നങ്ങളും പരിഹാരവും
അകത്തും പുറത്തുമായി പ്രശ്നങ്ങൾ ധാരാളമുണ്ടെന്നു വാക്കിലും കവിടിയിലും തെളിഞ്ഞു. രാശിപ്പലകയിലെ വരകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ശുഭകാലത്തിനായി തിരുമേനിമാരും വല്യച്ചനും ഒഴി നോക്കി.
‘‘ഉന്മാദമാണ്.. നാരിക്കും നാടിനും ഒരുപോലെ ദെണ്ണമിളകുന്നത് ദോഷമാണ്. കടുത്ത ദോഷം. . അടക്കം വെച്ചൊതുക്കണം’’, തിരുമേനി നിവർന്നിരുന്നു. അനുയായികൾ ഭവ്യതയോടെ തൊഴുതുനിന്നു. പരിഹാരങ്ങളുടെ നീളൻ പട്ടിക പുറത്തിറങ്ങി.
‘‘ദൈവക്കോട്ടയിൽ പൊളിച്ചുപണി നടത്തണം. കൈതക്കാടു വെട്ടിത്തെളിച്ചു തറമാന്തി ശേഷം വല്ലതുമുണ്ടെങ്കി പുറത്തെടുത്തു ഭസ്മമാക്കി വന്നേരിപ്പുഴയിലൊഴുക്കണം. കിണറു തൂർത്തു കളരിപ്പറമ്പിൽ വിത്തു വീഴണം. ആൾപ്പെരുമാറ്റം വേണം. ചൊവ്വയെ കാളിപ്രതിഷ്ഠയായി വടക്കേ മൂലയ്ക്കു കാവുകെട്ടി വാഴിക്കണം’’.
പദ്മ കുറിപ്പടി വായന നിർത്തി അമ്മയെ നോക്കി.
ഇളം മഞ്ഞ കോട്ടാസാരി അലസമായി ഒഴുക്കിയിട്ട് കോലായ നിലത്തു പടിഞ്ഞിരുന്ന അമ്മ എഴുന്നേൽക്കുകയും വാ പദ്‌മേ എന്നു പറഞ്ഞു വീട്ടിലേക്കു നടക്കുകയും ചെയ്തു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള പൊളിഞ്ഞ കോട്ടകളെ അതേ ഗാംഭീര്യത്തോടെ നിലനിർത്തുന്നതെന്തിനാണെന്നറിയാമോ എന്ന ഫായിസിന്റെ ചോദ്യത്തെക്കുറിച്ചു ചിന്തിച്ചു കൊണ്ട് പദ്മ വീട്ടിലേക്കു കയറി.
അമ്മ മുറിയിൽ കയറി മരപ്പെട്ടി തുറന്നു വെച്ചിട്ടുണ്ട്. ഭൂതാവേശം ഉച്ചമായും മുൻപേ തുടങ്ങിയോ എന്ന ബേജാറിൽ പദ്മ അമ്മയുടെ അടുത്തേക്കു ചെന്നു. പെട്ടിയിൽ അടുക്കി വെച്ച കസവുസാരികൾക്കു മുകളിലായി നിരത്തിയ ആഭരണങ്ങളുടെയും നാണയങ്ങളുടെയും മഞ്ഞത്തിളക്കത്തിൽ പദ്മ വാ പൊളിച്ചുനിന്നു. ഇങ്ങനെയൊരു ബി നിലവറ ഈ വീട്ടിലുണ്ടായിരുന്നതിന്റെ ഒരു ലക്ഷണവും അറിയാനാവാതെ ഇതിനിടയിൽ കഴിഞ്ഞ ഇരുപതിലധികം വർഷങ്ങളെക്കുറിച്ചാണവൾ ഓർത്തത്. അമ്മയുടെ മുഖത്തിന് സ്വർണ്ണത്തേക്കാൾ തിളക്കമുണ്ടായതായി അവളറിഞ്ഞു.

‘‘ദൈവക്കോട്ട… അതങ്ങനെ തന്നെ കിടക്കണം പദ്മേ… എല്ലാം പൊളിക്കാനവർ ശ്രമിക്കുന്നത് ഇതിന്റെ ബാക്കിക്കു വേണ്ടിക്കൂടിയാവും. വല്യച്ചനും കൂട്ടരും മുന്നിട്ടിറങ്ങുന്നതു വേറൊന്നിനുമല്ല, നീയതു തടയണം’’, അമ്മ മന്ത്രിച്ചു.
‘‘ഇത്?, അമ്മേന്റമ്മ കിണറ്റിലെറിഞ്ഞ മുതലല്ലേ?”
‘‘എവിടേം എറിഞ്ഞിട്ടില്ല. നാട്ടാരടെയും കുടുംബക്കാരടെയും കണ്ണു മൂടാൻ ഞങ്ങളു രണ്ടു പെണ്ണുങ്ങളു പറഞ്ഞ കഥയാണത്’’.
‘‘എന്നു വച്ചാൽ എന്റച്ചനെ കൊന്നെടുത്ത പണ്ടോം പണോം നിങ്ങക്കെങ്ങനെ സൂക്ഷിക്കാൻ തോന്നി?”, പദ്മ അരിശപ്പെട്ടു.
‘‘ആരു കൊന്നു? എനിക്കയാളു ചത്ത പോലാ. ചതിയൻ’’, അമ്മയുടെ മുഖത്തു തീയാളി. അകം നിറയുന്ന ഉഷ്ണത്തിനിടയിലുമൊരു സത്യകഥ പദ്മയെ തേടിയെത്തി.
ജയകാന്തന്റെ രാത്രി
പദ്മയെ ഈ ലോകത്തെത്തിക്കാനുള്ള യജ്ഞം വിജയിച്ചത്തിന്റെ ആനന്ദത്തിൽ ജയകാന്തൻ ദേഹത്തൊട്ടിക്കിടക്കുന്ന പെണ്ണുടലിനെ നോക്കി. അഴകും മിനുപ്പുമൊത്ത ദേഹവടിവിനെ തഴുകിയിറങ്ങുന്ന നിലാവലയിലോ ഉള്ളുരുക്കുന്ന മദഗന്ധത്തിലോ ആയിരുന്നില്ല അവന്റെ കണ്ണും മനവും കൊരുത്തത്. പദ്മേടമ്മയുടെ കയ്യിലും കഴുത്തിലും അരയിലും ഞാന്നുകിടക്കുന്ന പൊന്നാഭരണങ്ങളിൽ ജയകാന്തന്റെ വിരലുറച്ചു. തടുക്കാനാവാത്ത പ്രലോഭനത്തിൽ കുടുങ്ങിയ അവൻ പെണ്ണിനെയനക്കാതെ ആഭരണങ്ങളെല്ലാമഴിച്ചു മടിശ്ശീലയിൽ തിരുകുകയും നിഴലു പോലുമനങ്ങാതെ അവളിൽ നിന്നൂർന്നെണീറ്റു ജാഗ്രതയോടെ പിന്നോക്കം നീങ്ങുകയും ചെയ്തു. വാതിൽ തുറന്നു വരാന്തയിലേക്കു കാലെടുത്തു വെച്ച നിമിഷം പിടലിപ്പുറത്തു ചവിട്ടേറ്റയാൾ മണ്ണിലേക്കു പറന്നു വീണു. തലയിലാകെ നക്ഷത്രം ചിന്നിയ വേദനയിലും മടിശീലയഴിഞ്ഞു പൊന്നു മുഴുവനും ചിതറിത്തെറിക്കുന്നതയാൾ കണ്ടു.
നിലത്തു കൈ കുത്തിയെണീക്കാനൊരുങ്ങിയപ്പോൾ മുന്നിൽ പൊന്നണിഞ്ഞ പെണ്ണൊരുത്തി തീയായി ജ്വലിക്കുന്നതു കണ്ടു ജയകാന്തന്റെ കണ്ണു മഞ്ഞളിച്ചു.
‘‘പെണ്ണിനേക്കാൾ ലഹരി പൊന്നിനോടാണെങ്കിൽ നിന്നെയെനിക്കു വേണ്ട. ഈ മണ്ണിനെയും വായുവിനെയും എന്നെയും എന്നേക്കുമായുപേക്ഷിച്ചു നിനക്കു പോകാം. എന്നെ സംബന്ധിച്ചിടത്തോളം നീയവസാനിച്ചു’’.
ഇരുട്ടിനെ വകഞ്ഞു നീക്കിയൊഴുകുന്ന തീജ്വാല പോലെ അവൾ അകന്നു പോവുന്നതയാൾ നിരാശയോടെ നോക്കി നിന്നു. പിന്നെ അമ്മയെ വിളിച്ചുണർത്തി കിഴക്കു ദിശ നോക്കി വേഗം നടന്നു.
‘എന്നിട്ട്?’
‘‘എന്നിട്ടൊന്നൂല്ല. രാവിലെ അച്ഛനയാളെ തെരഞ്ഞ് കളരിക്കു ചുറ്റും നടന്നു..എന്നെ ചോദ്യം ചെയ്യാൻ തുടങ്ങിപ്പോ ദേഷ്യം വന്നു.. അയാളെ ഞാൻ കൊന്നു കുഴിച്ചുമൂടി എന്നു പറഞ്ഞു. പിന്നെയൊരിക്കലും അച്ചനെന്നോട് മിണ്ടീറ്റില്ല’’, അമ്മ ഒരു നിമിഷം നിർത്തി.
‘‘കാലത്തിനു നീങ്ങണമെങ്കിൽ കഥകൾ വേണം പദ്മേ, കഥകൾക്കു മേൽ കഥകളായി കഥകളങ്ങനെ വളർന്നു.. അതെന്റെ ജീവിതത്തിന്റെ ഉറപ്പായി, ഇനിയിപ്പോ കോട്ട തരിശാക്കിയാ എല്ലാം മായിച്ചു പുതിയതെഴുതേണ്ടി വരും. അതിലെനിക്കു സന്തോഷം കിട്ടില്ല പദ്മേ’’, അമ്മ പറഞ്ഞു തീർത്തു.
തീർപ്പ്
പദ്മയുടെ വിരലുകൾ കീബോർഡിൽ അതിദ്രുതം ചലിച്ചുകൊണ്ടിരുന്നു. അവസാന വാക്കുമെഴുതി സെൻഡ് ബട്ടണിൽ വിരലമർത്തും മുൻപ് അവളതൊരിക്കൽ കൂടി വായിച്ചു.
വാനഞ്ചേരി ഗ്രാമത്തിലെ സർവ്വേനമ്പർ - എന്ന സ്ഥലത്തുള്ള ദൈവക്കോട്ടയിൽ പ്രതിഷ്ഠയായി സങ്കൽപ്പിച്ചു വെച്ചിട്ടുള്ള ശിലാഫലകത്തിൽ അത്യപൂർവ്വങ്ങളായ കൊത്തുപണികളുള്ളതായി രേഖകളുണ്ടെന്നും ചില തദ്ദേശവാസികൾ സംഘം ചേർന്ന് സ്ഥലം കൈവശപ്പെടുത്താനും ഫലകം നശിപ്പിക്കാനുമുള്ള ശ്രമം നടത്തുന്നുണ്ടെന്നും ചരിത്രപരമായ പ്രാധാന്യം മുൻ നിർത്തി കോട്ടയും പരിസരവും സംരക്ഷിക്കാൻ സർക്കാരിന്റെ സഹായം ആവശ്യമാണെന്നും കാണിക്കുന്ന കത്തായിരുന്നു അത്. പകർപ്പുകൾ വിവിധ തലങ്ങളിലേക്കും വക്കീലിനും അയച്ചശേഷം ആശ്വാസത്തോടെ അവൾ ഫായിസിന്റെ നമ്പറിലേക്ക് സന്ദേശമയച്ചു.
‘‘ദൈവക്കോട്ടയ്ക്കും ചരിത്രമുണ്ട്. അതു നിലനിർത്തപ്പെടുക തന്നെ ചെയ്യും’’.
തന്റെ പഴയ ചോദ്യത്തിനുത്തരമിപ്പോൾ കിട്ടിയില്ലേ എന്നാണവൻ മറുപടിയായി അയച്ചത്. അൽപ്പം ആലോചിച്ചതിനു ശേഷം അവളാ സന്ദേശപ്പെട്ടിയിലൊരു ചിരിയിമോജി പെറുക്കിയിട്ടു.

