വെളുപ്പിന് കൃത്യം മൂന്നേ പതിനാലിനാണ് പ്രണയം അവളെ വിട്ടുപോയത്. ആ പ്രണയനഷ്ടത്തിന് പ്രത്യേകം കാരണങ്ങളില്ലായിരുന്നു.
പതിവില്ലാതെ അന്ന് പുലർച്ചെ മൂന്നു മണിക്ക് അവൾഉണർന്നു, ആരോ വിളിച്ചുണർത്തിയതുപോലെ. കട്ടിലിൽ നിന്നെഴുന്നേറ്റു മുറിയിലെ ലൈറ്റ് ഇടാതെ അവൾ ജനാല തുറന്നു. തണുപ്പ് തിങ്ങിയ മരക്കൂട്ടങ്ങൾ. അലക്ഷ്യമായി വരച്ച ഒരു ഭൂപടത്തിലെ വരകൾ പോലെ മരക്കൂട്ടങ്ങൾക്കപ്പുറം ചരിഞ്ഞും മലർന്നും ഉറങ്ങുന്ന മലകൾ. വിളറിയ നിലാവുണ്ട്. എന്നാൽ കാറ്റ് പോലുമില്ലാത്ത നിശ്ശബ്ദമായ അന്തരീക്ഷം.
അവൾ കുറച്ചു നേരം പുറത്തേക്ക് നോക്കിനിന്നു. അവളുടെ മനസ്സ് ശൂന്യമായിരുന്നു.
സാധാരണ ഉറക്കമുണർന്നാൽ അവൾ ആദ്യം ചെയ്യുന്നത് ഫോൺ തുറന്നു നോക്കലാണ്. അയാളുടെ വല്ല മെസേജും വന്നിട്ടുണ്ടോ എന്നുള്ള തിരച്ചിൽ. എന്നാൽ ഇന്ന് അവൾക്ക് ഫോൺ തുറന്നു നോക്കാൻ തോന്നിയില്ല.
ഇരുട്ടിലേക്ക് നോക്കിനിൽക്കുമ്പോൾ അവൾക്കത് തീർച്ചയായിരുന്നു. സദാ മിടിച്ചു കൊണ്ടിരുന്ന പ്രണയത്തിന്റെ ക്ലോക്ക് നിലച്ചിരിക്കുന്നു. അവൾ ഓർക്കാൻ ശ്രമിച്ചു. ഒരു പുസ്തകം വേഗം മറിച്ചു നോക്കി പ്രിയപ്പെട്ട ഭാഗം കണ്ടെത്താൻ ശ്രമിക്കുന്നത് പോലെ അവൾ തലേന്ന് വരെയുണ്ടായിരുന്ന പ്രണയത്തിന്റെ ദീപ്തമായ ഓർമ്മകളെ കണ്ടെത്താൻ ശ്രമിച്ചു. ഫലം ഒന്നുമുണ്ടായില്ല. നിറഞ്ഞ വെളിച്ചമുണ്ടായിരുന്ന ഉള്ളിലെ ഒരു ദേവാലയം ഇരുട്ടിലാക്കി ആരോ തഴുതിട്ടു പൂട്ടിയത് അവൾ അറിഞ്ഞു.
സ്വെറ്റർ പുതച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ കടന്നു കാപ്പി തിളപ്പിക്കുമ്പോഴും അവൾ ഉള്ളിൽ അപ്രതീക്ഷിതമായി സംഭവിച്ച മാറ്റത്തിനെ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു. വെള്ളം തിളച്ചുയർന്നപ്പോൾ അവൾ പഞ്ചസാരപാത്രം തുറന്നു. പഞ്ചസാരയുടെ വെളുത്ത കടലിനു നടുവിൽ ഒരു ഉറുമ്പ് ഉറക്കം തൂങ്ങിയിരിക്കുന്നത് കണ്ടു അവൾ ഞെട്ടി. മെല്ലെ അവൾ അതിനെ എടുത്തു കളയാൻ ശ്രമിച്ചു. എന്നാൽ അതിനെ തൊട്ടതും അവൾ പോലും അറിയാതെ ഉറുമ്പ് അവളുടെ വിരലുകൾക്കിടയിൽ ഞെരിഞ്ഞു. പഞ്ചസാരത്തരികൾക്കൊപ്പം ചത്ത ഉറുമ്പിനെ അവൾ ജനാലയിലൂടെ പുറത്തെ ഇരുട്ടിലേയ്ക്ക് എറിഞ്ഞുകളഞ്ഞു.

ചിലപ്പോ ഒരു ഉറക്കം കഴിയുമ്പോൾ പ്രണയം തിരിച്ചുവരും, അവൾ സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
കിച്ചൻ ടേബിളിനരികിലെ കസേരയിൽ അവൾ കാപ്പിയുമായി ഇരുന്നു. ഉറക്കം തൂങ്ങുന്നതിനിടയിൽ കാപ്പി മൊത്തിക്കുടിച്ചു കൊണ്ടിരുന്നു. കണ്ണടച്ച് അയാളുടെ മുഖം ഓർമ്മിക്കാൻ അവൾ ശ്രമിച്ചു. അവൾക്ക് അതിനു കഴിഞ്ഞില്ല.
മുറിയിലെ ഫോണിൽ നിന്ന് നോട്ടിഫിക്കേഷൻ ശബ്ദം കേട്ടു. സാധാരണ അവൾ ചെയ്തു കൊണ്ടിരിക്കുന്ന പണി നിർത്തി ഫോണിന്റെ അരികിലേക്ക് ഓടേണ്ടതാണ്. എന്നാൽ ഇപ്പോൾ അവൾക്ക് അങ്ങിനെ തോന്നിയില്ല. അടുക്കളക്കസേരയിലെ സുഖകരമായ ഇരുപ്പ് വിട്ട് മുറിയിലേക്ക് നടക്കുന്നത് അവൾക്ക് ആലോചിക്കാൻ പോലും കഴിഞ്ഞില്ല.
കാപ്പി കുടിച്ച ശേഷം അവൾ മുറിയിലേക്ക് നടന്നു. ഉറക്കം പോയി. ദേഹത്തു പുതച്ചിരുന്ന സ്വെറ്റർ കട്ടിലിലേക്ക് എറിഞ്ഞതിന് ശേഷം അവൾ ഫോൺ എടുത്തു. വാട്സ്ആപ്പിൽ അയാളുടെ മെസേജ് വന്നു കിടപ്പുണ്ട്; “ഹലോ…”
ഒരു വാക്ക് മാത്രം.
എങ്കിലും ആ സന്ദേശം കണ്ടപ്പോൾ അവളുടെ മനസ്സ് പതിവില്ലാതെ ഒന്ന് ഞെട്ടി. ഒരു കള്ളം പിടിക്കപ്പെട്ട കുട്ടിയുടെ ഞെട്ടൽ. അവൾ മെസേജ് റീഡ് ചെയ്തതതും അയാൾ വിളിച്ചു. സാധാരണ ഒറ്റ റിംഗിൽ അയാളുടെ കോൾ അവൾ എടുക്കുന്നതാണ്. എന്നാൽ ഇപ്പോൾ…
“എടുക്ക്. . എടുക്ക്…’’, ഉള്ളിലിരുന്നു മറ്റൊരുവൾ അവളെ നിർബന്ധിച്ചു.
സംസാരിക്കുമ്പോൾ ചിലപ്പോൾ ഫീലിംഗ്സ് തിരിച്ചു വരും. ശിരസ്സിലെ പിണഞ്ഞുപോയ പ്രണയഞരമ്പുകൾ നിവരാൻ ചിലപ്പോൾ ഒരു വാക്ക് , ഒരു നിശ്വാസം, ഒരു നോട്ടം മതിയാകും.
അവൾ ഫോണെടുത്തു.
‘ഹലോ…’, അയാളുടെ ശബ്ദം.
തീക്കട്ടയിൽ തൊട്ടതു പോലെ അവൾ ഫോൺ കട്ട് ചെയ്തു.
ഫോണിൽ അയാളുടെ വോയിസ് മെസേജ്.
അവൾ അത് ഓപ്പൺ ചെയ്തില്ല. പുതപ്പ് തല വഴി മൂടി അവൾ ഉറങ്ങാൻ കിടന്നു. ചിലപ്പോൾ ഒന്നുറങ്ങുമ്പോൾ എല്ലാം ശരിയാകും. പക്ഷേ ഉറക്കം വന്നില്ല.
അയാളെ ആദ്യം കണ്ടനിമിഷം മുതൽ അവൾ ഓർക്കാൻ ശ്രമിച്ചു.
ഗണിതാധ്യാപികയായ അവളുടെ കോളേജിൽ നടത്തിയ ഒരു ട്രെയിനിംഗ് പ്രോഗ്രാമിൽ ക്ലാസ്സെടുക്കാൻ മറ്റൊരു കോളേജിലെ അധ്യാപകനായ അയാൾ വന്നപ്പോഴായിരുന്നു ആദ്യ കാഴ്ച. ഒറ്റ നോട്ടത്തിൽ തന്നെ അവളുടെ മനസ്സ് അവളെ ഉപേക്ഷിച്ച് അയാളുടെ നെഞ്ചിലേക്ക് പോകാൻ മിടിച്ചു. അയാൾ വിവാഹിതനായിരുന്നു. ഭാര്യയുമായി നല്ല ബന്ധത്തിലല്ലാത്തതിനാലാകണം അയാൾ വേഗം അവളുമായി അടുത്തു. എന്നാൽ ഒരു അകലമുള്ള അടുപ്പമായിരുന്നു അയാൾക്ക് അവളോട്. എന്നാൽ അവൾക്കോ, ഓരോ നിമിഷവും അയാളുടെ മുഖം അവളുടെ മുഖം മനസ്സിൽ നിറഞ്ഞു നിന്നു. രാവിലെ എഴുന്നേൽക്കുന്നത് അയാളെ ഓർത്തുകൊണ്ട്. രാത്രി ഉറങ്ങാൻ കിടക്കുന്നത് അയാളെ ഓർത്തുകൊണ്ട്. അവളുടെ സ്വപ്നങ്ങൾക്ക്പോലും അയാളുടെ ഗന്ധമായിരുന്നു. അയാളുടെ അകൽച്ച അവൾ സഹിച്ചു. അറ്റമില്ലാത്ത കാത്തിരിപ്പാണ് പ്രണയം എന്ന് അവൾ അവളെത്തന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഒരിക്കലും വിട്ടുപോകില്ല എന്ന് അവൾ ഉറപ്പിച്ചിരുന്ന ആ പ്രണയമാണ് യാതൊരു കാരണവുമില്ലാതെ ഇന്ന് പുലർച്ചെ തന്നെ വിട്ടുപോയത്. ഒരു പനി വിട്ടുപോയത് പോലെ.

അവൾ ഫോണിലേക്ക് ഒരു വിചിത്രവസ്തു എന്നത് പോലെ നോക്കി. പിന്നെ അയാളുടെ മെസേജ് പ്ലേ ചെയ്തു.
“സോറി. ഇയാളെ ഉറക്കത്തിൽ എഴുന്നേൽപ്പിച്ചതിന്… അറിയാതെ കട്ടായതാണ് എന്ന് മനസ്സിലായി. രാവിലെ നമുക്ക് ഒന്ന് മീറ്റ് ചെയ്യണം. തനിക്ക് ഏറെ സന്തോഷം തരുന്ന ഒരു കാര്യമുണ്ട്. അത് പറയാനാണ്… പാർക്കിൽ വച്ചു കാണാം. ഞാൻ പതിനൊന്ന് മണിക്ക് എത്തും. സ്ഥിരം സ്പോട്ടിൽ’’.
അവൾ ഒന്ന് രണ്ടു പ്രാവശ്യം കൂടി ആ മെസേജ് പ്ലേ ചെയ്തു. ഉള്ളിൽനിന്ന് മധുരമുള്ള എന്തെങ്കിലും ജനിക്കുന്നതിനുവേണ്ടി അവൾ അക്ഷമയോടെ കാത്തു. എന്നാൽ ഒന്നുമുണ്ടായില്ല. പകരം യാതൊരു കാരണവുമില്ലാത്ത ദേഷ്യം രൂപം കൊള്ളുന്നു. അവൾ മെസേജ് ഡിലീറ്റ് ചെയ്തതിനു ശേഷം എഴുന്നേറ്റു.
അവൾ ആദ്യം മുറി വൃത്തിയാക്കി. മേശപ്പുറത്തു ചിതറി കിടന്ന പുസ്തകങ്ങൾ അടുക്കിവച്ചു. അയാൾസമ്മാനം തന്ന പുസ്തകങ്ങളും പേനയും ഒരു കാർഡ് ബോർഡ് ബോക്ക്സിലേക്ക് മാറ്റി. എന്നിട്ടത് അലമാരയുടെ ഒരു മൂലയിലേക്ക് മാറ്റിവച്ചു. അപ്പോഴാണ് അയാൾ സമ്മാനം തന്ന ഡ്രസ്സുകളുടെ കാര്യം അവൾ ഓർത്തത്. അലമാരയുടെ ഒരു അറയിൽ മറ്റു വസ്ത്രങ്ങളുമായി കൂട്ടി കുഴയ്ക്കാതെയാണ് അവൾ അവ സൂക്ഷിച്ചിരുന്നത്.
പിങ്ക് നിറമുള്ള ഒരു ചുരിദാർ ,നീല നിറമുള്ള ഒരു പട്ടുസാരി. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ തന്റെ ജന്മദിനങ്ങൾക്ക് പ്രണയത്തിന്റെ വെയിലേൽപ്പിച്ച സമ്മാനങ്ങൾ. അവൾ അവ എടുത്തു മണപ്പിച്ചു നോക്കി. ഇപ്പോഴും പുതിയതുപോലെ.
പക്ഷേ എപ്പോ തൊട്ടുനോക്കിയാലും നെഞ്ചിടിപ്പുണ്ടാക്കുമായിരുന്ന ആ വസ്ത്രങ്ങൾക്ക് ഇപ്പൊ ആ കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു. അവൾ അവ മടക്കി മറ്റ് വസ്ത്രങ്ങൾക്കൊപ്പം മടക്കിവച്ചു.
ഏറെക്കാലത്തിനു ശേഷം പ്രണയത്തിന്റെ തുടിപ്പില്ലാത്ത ഒരു പ്രഭാതം. അവൾ മുറികൾ വൃത്തിയാക്കി. അലക്കി. ദോശയും ചമ്മന്തിയുമുണ്ടാക്കി. ഉള്ളിൽ നിന്ന് ഒരു ഭാരം അടർന്നു പോയത് അവൾ ആ നിമിഷങ്ങളിൽ അറിയുന്നുണ്ടായിരുന്നു എന്നാൽ അയാളുടെ മുഖം അവളുടെ മനസ്സിൽ വന്നതേയില്ല. പഴയ ഭിത്തിയിൽ നിന്ന് നഖം കൊണ്ട് കുമ്മായത്തിന്റെ അടരുകൾ പൊളിക്കുന്നത് പോലെ മനസ്സിൽ നിന്ന് അയാളുമൊത്തുള്ള നിമിഷങ്ങൾ, അയാളുടെ ശബ്ദം, മണം, സ്പർശം എന്നിവയും അടർന്നടന്നു പോകുന്നതും അവൾ അറിയുന്നുണ്ട്.
സ്ഥിരം ഇരിക്കുന്ന ചാരുബഞ്ചിൽ മരിയ അയാൾക്കായി കാത്തിരുന്നു. മറൈൻഡ്രൈവിൽ ഏറ്റവും കാറ്റ് കിട്ടുന്ന സ്ഥലം. അകലെ നങ്കൂരമിട്ടു കിടക്കുന്ന മണ്ണിന്റെ നിറമുള്ള കൂറ്റൻ കപ്പലുകൾഅവയ്ക്കിടയിൽ ഉയർന്നു നിൽക്കുന്ന ക്രെയിനുകൾ. അത് നോക്കിയിരിക്കെ അവളുടെ മനസ്സ് ശാന്തമായി.
“ഒത്തിരി നേരമായോ വന്നിട്ട്?” അയാളുടെ ശബ്ദം കേട്ടാണ് അവൾ തലയുയർത്തിയത്.
ഇന്ന് അയാൾ താടി വച്ചിട്ടുണ്ട്. താടിയുള്ള അയാളെയായിരുന്നു അവൾ ആദ്യം ഇഷ്ടപ്പെട്ടത്. എന്നാൽ അയാൾ താടി വയ്ക്കാൻ ഇഷ്ടപ്പെട്ടില്ല.
“എങ്ങിനെയുണ്ട് ഇഷ്ടപ്പെട്ടോ?” അയാൾ താടിയിൽ തടവി അവളോട് ചോദിച്ചു.
അവൾ ചിരിച്ചതേയുള്ളൂ.
അയാൾ അവളുടെ അടുത്തിരുന്നു.
“എന്താ ഭയങ്കര ഗൗരവം?” ചോദിച്ചു കൊണ്ട് അയാൾ അവളുടെ താടിയിൽ കളിയായി തട്ടി.
തേള് കുത്തിയത് പോലെ അവൾ ഒന്ന് പിടഞ്ഞു. പിന്നെ അറിയാതെ ഒരടി അയാളിൽ നിന്ന് അകന്ന് മാറിയിരുന്നു.
“ഹോ ഇന്ന് ഭയങ്കര ജാഡയാണല്ലോ, വല്ലാത്ത ഒരു മുഖഭാവം, ഇങ്ങനെ ഒരു ഭാവം ഞാൻ കണ്ടിട്ടില്ല, എന്തുപറ്റി?” അയാൾ ചോദിച്ചു.
“ഒന്നുമില്ല’’, പരിഭ്രമത്തോടെ അവൾ പറഞ്ഞു.
“ഇയാൾടെ ടെൻഷൻ എന്താണ് എന്ന് എനിക്കറിയാം’’, അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. “എന്താ?” അവൾ ഞെട്ടലോടെ ചോദിച്ചു.
“ഞാൻ പറയാൻ പോകുന്ന കാര്യം താൻ ഊഹിച്ചു. ചില കാര്യങ്ങൾ കേൾക്കാൻ ആഗ്രഹിക്കുമെങ്കിലും അത് കേൾക്കുമ്പോൾ ടെൻഷൻ തോന്നും. മനുഷ്യസഹജം’’.
അവൾ ഒന്നും മിണ്ടാതെ മുൻപിലെ ജലപ്പരപ്പിലേക്ക് നോക്കിയിരുന്നു.
“ഓ, ഇപ്പൊ മനസ്സിലായി…’’, അയാൾ എന്തോ കണ്ടുപിടിച്ച മട്ടിൽ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. അവൾ ചോദ്യഭാവത്തിൽ അയാളെ നോക്കി.
“ഇത് ഞാൻ സമ്മാനിച്ച ഡ്രസ് അല്ലേ?, ഈ ചുരിദാർ. . ഇതിട്ടിട്ടും ഞാൻ ചോദിക്കാഞ്ഞതുകൊണ്ട് പിണങ്ങിയതല്ലേ താൻ?” അയാൾ ചോദിച്ചു.
അവൾ ഒരു വിളറിയ ചിരി ചിരിച്ചു.
“അല്ല, ഞാൻ ഗിഫ്റ്റ് തന്ന ഡ്രസ് ഇയാൾ ഇടാറില്ലല്ലോ, എല്ലാ ഭദ്രമായി അലമാരയിൽ വച്ച് പൂട്ടുകയാണല്ലോ പതിവ്’’, അയാൾ സംശയത്തോടെ ചോദിച്ചു.
“ഡ്രസ് ഇടാനുള്ളതല്ലേ, മറ്റു ഡ്രസുകൾ പോലെ, പൂട്ടി വച്ചിട്ട് വല്യ കാര്യമൊന്നും തോന്നിയില്ല’’, അവൾ പറഞ്ഞു. താൻ തന്നെയാണോ അത് പറഞ്ഞതെന്ന് ഒരു നിമിഷം സംശയിച്ചു.

അയാൾ പക്ഷെ അവൾ പറഞ്ഞത് കാര്യമായി ശ്രദ്ധിച്ചില്ല. മുൻപും അവർ തമ്മിലുള്ള വർത്തമാനങ്ങളിൽ അത് പതിവായിരുന്നു. അയാൾ ശ്രദ്ധിക്കണം എന്ന് വിചാരിച്ചു പറയുന്ന പല കാര്യങ്ങളുടെയും അർത്ഥങ്ങൾ അയാൾക്ക് പിടികിട്ടുകയില്ല. അയാൾ ശരിക്കും അവൾ പറയുന്നത് ശ്രദ്ധിക്കുകയില്ല എന്നതായിരുന്നു പ്രശ്നം. അയാൾക്ക് കൂടുതലും അയാളെക്കുറിച്ചുതന്നെയാണ് പറയാൻ ഉണ്ടായിരുന്നത്.
“ഇനിയിപ്പോ ഒന്നും കെട്ടിപ്പൂട്ടി വയ്ക്കേണ്ടിവരില്ല’’, അവളുടെ കൈത്തലം ഗ്രഹിച്ചു കൊണ്ട് അയാൾ പറഞ്ഞുതുടങ്ങി. അട്ട കയ്യിൽ വീണതുപോലെ അവൾ പിൻവലിച്ചു. വെളുപ്പിന് ഉറക്കം വിട്ടു ഞെട്ടി ഉണരുമ്പോൾ ഡിജിറ്റൽ ക്ലോക്കിൽ തെളിഞ്ഞ സമയം വീണ്ടും അവൾ ഓർത്തു.
മൂന്നേ പതിനാല്.
ആ നിമിഷം വിട്ടു പോയ പ്രണയം.
അതിനി ഒരിക്കലും തിരിച്ചുവരില്ല എന്നവൾക്ക് തോന്നി.
“അവൾ ഇന്നലെ എന്നോട് ഡിവോഴ്സ് ആവശ്യപ്പെട്ടു. താൻ കുറച്ചു നാൾ മുൻപ് പറഞ്ഞതു പോലെ അവൾ തന്നെ ഇങ്ങോട്ടുവന്നു. അങ്ങനെ ഐ ആം ഗോയിംഗ് ടൂ ബി ഫ്രീ… ഫ്രീ ഫോർ യുവർസെൽഫ്’’, അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഇപ്രാവശ്യം അവളായിരുന്നു അയാൾ പറഞ്ഞത് ശ്രദ്ധിക്കാഞ്ഞത്.
“നമ്മൾ ആദ്യം കണ്ട ട്രെയിനിംഗ് പ്രോഗ്രാമിൽ നിങ്ങൾ പൈ എന്ന സംഖ്യയെ പറ്റി പറഞ്ഞത് ഓർക്കുകയായിരുന്നു’’.
“ഇത്ര സീരിയസ്സായ ഒരു കാര്യം പറയുമ്പോ അതോർക്കാൻ കാരണം?” അയാൾ അനിഷ്ടത്തോടെ ചോദിച്ചു.
“ആവർത്തനങ്ങളില്ലാത്ത സംഖ്യാശ്രേണി. അതല്ലേ പൈ?” അവൾ സ്വയം പറഞ്ഞു.
അയാൾ അവളെ ആദ്യം കാണുന്നതുപോലെ നോക്കി. ആ നിമിഷം നിനച്ചിരിക്കാതെ മഴ പെയ്യാൻ തുടങ്ങി.
“കുടയില്ലല്ലോ, ഞാനും കുടയെടുത്തില്ല. വാ നമുക്ക് ആ മരങ്ങളുടെ ഇടയിൽ നിൽക്കാം’’, അയാൾ ചാടിയെഴുന്നേറ്റ് പാർക്കിലെ മരങ്ങൾക്കിടയിലേക്ക് വിരൽ ചൂണ്ടി.
മഴക്ക് ശക്തി കൂടി.
“നമ്മൾ ഇത്രയും നാൾ ഇവിടെ വച്ച് കണ്ടിട്ട്, ഇതു പോലെ റൊമാന്റിക്കായ ഒരു മൊമന്റ് ഇതിനു മുമ്പുണ്ടായിട്ടില്ല. ദിസീസ് ജസ്റ്റ് ഫോർ അസ്. ഇത് മിസ്സ് ചെയ്യരുത്, വേഗം വാ’’.
അത് പറഞ്ഞിട്ട് അവൾക്കായി കാത്തു നിൽക്കാതെ അയാൾ മരക്കൂട്ടങ്ങൾക്കിടയിലേക്ക് ഓടി.
അയാൾ ഓടിപ്പോകുന്നതും നോക്കി അവൾ മഴയും നനഞ്ഞ് ഏതാനും നിമിഷം ആ ചാരുബഞ്ചിൽ ഇരിപ്പ് തുടർന്നു. പിന്നെ മെല്ലെ ബാഗിൽ നിന്ന് കുടയെടുത്തു നിവർത്തി നടന്നുതുടങ്ങി. നടക്കുന്നതിനിടയിൽ പാർക്കിലെ രണ്ടു മരങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് തന്നെ നോക്കി കൈ കാട്ടി വിളിക്കുന്ന ഒരു അപരിചിതനെ അവൾ കണ്ടു. കൗതുകപൂർവ്വം അയാളെ ഒരു നിമിഷം നോക്കിയിട്ട് അവൾ ധൃതിയിൽ വീടെത്താൻ നടന്നു.

▮
(*പൈ; ഗണിതശാസ്ത്രത്തിലെ ഒരു വിഖ്യാത സംഖ്യ. നാലായിരത്തോളം വർഷമായി ഗണിതലോകത്തെ വിസ്മയിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്തുവരുന്ന സംഖ്യയാണ് π എന്ന ഗ്രീക്ക് അക്ഷരത്താൽ സൂചിപ്പിക്കപ്പെടുന്ന 3.1415 9265... എന്ന സംഖ്യ)