കർക്കിടകത്തിലെ കരിമോന്തി നേരത്തിനും അര മണിക്കൂർ മുമ്പ് രമേശൻ പറത്തിയിരുന്ന സൈക്കിൾ കലുങ്കിനടുത്തുള്ള രണ്ടാമത്തെ ഇലക്ട്രിക് പോസ്റ്റും കടന്ന് കൊണ്ടിയാറ രാമൻ്റെ പലചരക്കുകടയുടെ വലത്തുഭാഗത്തു കൂടി പള്ളി പറമ്പിലേക്കു കയറി പരുത്തി മരത്തിനു കുറുകെ സഡൻ ബ്രേക്കിട്ട് നിന്നു. അതിരാവിലത്തെ കർക്കിടകപെയ്ത്ത് പള്ളി പറമ്പിനെ ചെറു തുരുത്തുകളായി അതിർത്തി തിരിച്ച് മുറിച്ചിട്ടിരുന്നു. ആ തുരുത്തുകൾക്കിടയിലുള്ള ജലക്കണ്ണാടികളിൽ രമേശൻ്റെ സൈക്കിൾ പറത്തൽ മിന്നായം പോലെ മുറിഞ്ഞു മുറിഞ്ഞു പാഞ്ഞു പോയി.
പൈങ്ങാക്കൂട്ടത്തിൻ്റെ സൈക്കിൾ പട അവിടെയെങ്ങും കണ്ടില്ല.
പ്രേമയുമായുള്ള ഒന്നും രണ്ടും പറച്ചിലിൻ്റെ ഏറ്റം കത്തി കത്തി രണ്ടു പൊട്ടീരോളം ആളി കയറിപ്പോയപ്പോഴാണ് രമേശൻ്റെ അംഗരക്ഷകനായ സൈക്കിൾ ഇനി മതി രമേശാ എന്ന മട്ടിൽ ഒന്നനങ്ങി വീണത്. പറഞ്ഞു പറഞ്ഞു ചത്തുപോയ അവരുടെ തന്തമാരുടെ പേരും വീട്ടുമ്പേരും പലതവണ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു തട്ടി നൊന്തുനീറി പുകഞ്ഞു തുടങ്ങിയപ്പോൾ രമേശനെ നോക്കി സൈക്കിൾ രഹസ്യമായി ഒച്ചയില്ലാതെ മണിയടിച്ചു " ഇങ്ങു പോരെ " എന്നു കണ്ണിറുക്കി ..
പള്ളിപ്പറമ്പിൻ്റെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന മതിലിലേക്ക് വലതു കാൽ കയറ്റി വച്ച് സൈക്കിളിൽ നിന്നിറങ്ങാതെ അരയിൽ തിരുകിയിരുന്ന കുപ്പിയിൽ നിന്ന് ഒരു തുടം വായിലേക്ക് കമഴ്ത്തി രമേശൻ ചിറി നന്നായി തുടച്ചു കുടഞ്ഞു. പ്രേമ കാണാതെ ചെടിച്ചട്ടിയിൽ ഒളിച്ചു വച്ചിരുന്ന കുപ്പി തപ്പിയെടുക്കാൻ കുനിയുമ്പോൾ അവൾ ഭൂമിയിലെ സകല ചേറുവാക്കുകളും തൻ്റെ മേൽ ചൊരിഞ്ഞൊഴിച്ച് അകത്തേക്ക് കയറി പോയി. രക്ഷപ്പെട്ട കുപ്പിയെ രമേശൻ അരുമയോടെ തടവി മടിക്കുത്തിൽ തിരുകി സൈക്കിൾ പറത്തി.
സൈക്കിൾ സ്റ്റാൻഡിടാതെ പരുത്തി മരത്തിൽ അലസമായ് ചാരി വെച്ച് രമേശൻ പള്ളി പറമ്പിൻ്റെ പടിഞ്ഞാറെ മണൽകൂനയ്ക്കു നേരെ തൻ്റെ മെലിഞ്ഞു നീണ്ട കാലുകൾ അകത്തി വച്ചു ആഞ്ഞു നടക്കാൻ തുടങ്ങി. ദൂരെ ശ്രീകപ്പൻ തൻ്റെ ചുള്ളിക്കാലുമായ് തെക്കേ ഇറക്കത്തിൽ നിന്ന് വലിഞ്ഞു വലിഞ്ഞു മുകളിലേക്കു ഏന്തുന്നതു കണ്ടപ്പോൾ രമേശൻ തിരിച്ചു നടന്ന് തൻ്റെ സൈക്കിൾ ഒന്നുകൂടി പരുത്തി മരത്തിനരികിലേക്ക് ചേർത്തൊതുക്കി വച്ചു പടിഞ്ഞാറെ കൂനയുടെ മറയിലേക്ക് വേഗത്തിൽ നല്ല ഉശിരോടെ മണ്ടി.
ശ്രീകപ്പൻ ഏന്തി വരുമ്പോഴേക്കും തൻ്റെ സ്ഥിരം ഇരിപ്പിടം മണൽ കൂനയ്ക്കു മറയിൽ കെട്ടിയുണ്ടാക്കിയ മരത്തടികളുടെ മധ്യത്തിൽ ഉറപ്പാക്കുകയായിരുന്നു രമേശൻ്റെ വേഗത്തിലുള്ള മണ്ടലിൻ്റെ ലക്ഷ്യം. അവിടെ തന്നെയിരുന്നാലേ പൈങ്ങാക്കൂട്ടത്തിൻ്റെ കളി നേരെ ചൊവ്വേ കാണാനൊക്കൂ. രമേശൻ മരത്തടിയിൽ തൻ്റെ സ്ഥിരം സ്ഥാനത്ത് അമർന്നിരുന്ന കൃത്യസമയത്ത് പള്ളിപ്പറമ്പിൻ്റെ വടക്കേ അതിരിൽ താമസിക്കുന്ന കരിന്തേടത്തെ കുഞ്ഞമ്മ തൻ്റെ അവസാനത്തെ സന്തതി ആൻസിയെ കുരുത്തം കെട്ടവളേ എന്നു് ചുട്ടു പ്രാകി ആഞ്ഞൊരു തുപ്പ് തുപ്പി. ആൻസിക്ക് മൂത്ത രണ്ടു ചെറുക്കന്മാരും വീടുവിട്ട് എന്നോ ഓടിപ്പോയിരുന്നു. പ്രാക്കു കേട്ട ആൻസി തൻ്റെ ഭാരമേറിയ നീണ്ട കാർകൂന്തൽ പെട്ടെന്നഴിച്ച് കുടഞ്ഞ് അമ്മയെ കടുപ്പത്തിലൊരു നോട്ടം നോക്കി വീണ്ടും നെറുകയിൽ തന്നെ ചെറിയ കുടം കമഴ്ത്തിവച്ചതു പോലെ കുത്തനെ കെട്ടിവച്ചു.
തോളിൽ കിടന്ന മുഷിഞ്ഞ തോർത്തെടുത്ത് തൻ്റെ മുപ്പതു വർഷത്തെ നോവുകളും, ചെടിപ്പും ഇരുവശത്തേക്കും ആഞ്ഞു കുടഞ്ഞ് മാറ്റി സാധാരണയിൽ കവിഞ്ഞ് പൊങ്ങി നിറഞ്ഞു നില്ക്കുന്ന തൻ്റെ നൈറ്റിയുടെ മുകൾ ഭാഗത്ത് വിരിച്ചിട്ട് കുഞ്ഞമ്മയെ ഏറു കണ്ണിട്ടു നോക്കി ‘ഇപ്പോൾ സമാധാനമായില്ലേ’ എന്നൊരു നിശ്ശബ്ദ ചോദ്യം അവരുടെ ചുട്ടുപൊള്ളുന്ന മോന്തി പ്രാക്കിലേക്കിട്ട് ടപ്പേന്നത് തണുപ്പിച്ചാറ്റി തൻ്റെ കൊന്ത കോർക്കലിലേക്കു തന്നെ തിരിഞ്ഞു.
‘രമേശാ , പൈങ്ങാക്കൂട്ടത്തെ കണ്ടില്ലല്ലോ’
തൻ്റെ ഇടതു ചുള്ളിക്കാലിൻ്റെ മുട്ടിൽ കൈത്തലമൂന്നി ശ്രീകപ്പൻ രമേശൻ്റെ മടിക്കുത്തിൽ മുഴച്ചു നില്ക്കുന്ന കുപ്പിയിലേക്ക് കൊതിയോടെ നോക്കി ഒരു വശപ്പിശക് ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു .
കാശു വെച്ചു ചീട്ടുകളിക്കുന്ന പൈങ്ങാക്കൂട്ടത്തിനടുത്തിരുന്ന് അവരുടെ കളിയിലേക്കും കളവുകാട്ടലിലേക്കും ഏന്തി നോക്കി രസചരടു മുറുക്കാനാണ് രമേശനും ശ്രീകപ്പനും പള്ളി പറമ്പിൻ്റെ പടിഞ്ഞാറെ മറയിലേക്ക് ദിനവും ആഞ്ഞു പിടിക്കുന്നത്. പൈസ എറിഞ്ഞുള്ള ചീട്ടുകുത്തിൽ അവർ രണ്ടുപേരും കളിക്കാറില്ല. പൈങ്ങാക്കൂട്ടം അവരെ കൂട്ടാറുമില്ല. ചീട്ടുകുത്തുമ്പോൾ അവരുടെ കളിയും കളവു കാണിക്കലും മിണ്ടാതെ നോക്കി കണ്ടോണം എന്നാണ് പൈങ്ങാക്കൂട്ടത്തിൻ്റെ അലിഖിത നിയമം. തെക്കേ ചിറയിൽ നിന്ന് സൈക്കിൾ ആഞ്ഞു ചവിട്ടി ചന്തമുക്കിലെ റോഡ് മുറിച്ചു കടന്ന് പള്ളിപ്പറമ്പിലേക്ക് കളിപ്രാന്തിൻ്റെ പെരുക്കത്തിൽ കളിക്കാനെത്തുന്ന ആ ആറംഗ സംഘത്തിന് ആരാണ് പൈങ്ങാക്കൂട്ടമെന്ന് പേരിട്ടതെന്ന് രമേശനോർമ്മയില്ല.
എന്നാൽ കളിയ്ക്കിടയ്ക്ക് അവർ എയ്യുന്ന അളന്നു മുറിച്ചു മിനുക്കാത്ത നാടൻ അശ്ശീല സൂചനകളുടെ കുപ്പിച്ചില്ലിൻ്റെ കോറൽ കരിന്തേടത്തെ കുഞ്ഞമ്മയുടെ മോന്തി പ്രാക്കിനെയും അമർത്തി ശ്രീ കപ്പൻ്റെ നെഞ്ചിലേക്ക് കുത്തിക്കേറുമ്പോൾ അവർ ആറു പേരും അടയ്ക്കായുടെ ഇളംപ്രായത്തിലുള്ള പൈങ്ങാക്കായകളുടെ തൊപ്പിക്കടിയിലെ കുള്ളത്തത്തിൽ കുറുകി കുറുകി ചേർന്ന് വീണ്ടും ചെറുതാകും .
കാലുകളില്ലാതെ അരയ്ക്കു മുകളിലേക്ക് ആടും.
അന്തിത്തിരിവെട്ടം മങ്ങി മങ്ങി അതിനെ ചുറ്റി ഇരുൾ പരക്കുന്നതു പോലെ അപ്പോൾ ശ്രീകപ്പൻ്റെ മുഖവെട്ടം കെട്ടുപോകും. ചങ്കുറപ്പോടെ ശിരസ്സുയർത്തിപ്പിടിച്ച് അവരോട് രണ്ടു വാക്കു എതിര് പറയണമെന്നുള്ള മുൻകാല തീരുമാനം അവൻ മറക്കും. പൂർണ്ണമായ വ്യക്തതയോടെ തൻ്റെ പ്രജ്ഞയിലേക്ക് ഇനിയും തെളിഞ്ഞു വരാത്ത ഭൂതകാലക്കുഴിലേക്ക് എന്നത്തേയും പോലെ ഉറുക്കു വരിഞ്ഞു കെട്ടിയ പോലെ തന്നെ വരിഞ്ഞു മുറുക്കിയ അപകർഷതയോടെ ശ്രീകപ്പൻ കാലിടറി വീഴും.
അന്നേരം രമേശൻ തൻ്റെ മടിക്കുത്തിൽ തിരുകിയ കുപ്പിയിൽ നിന്ന് ഒരു തുടം മുഖംവാടി കുഴഞ്ഞു നില്ക്കുന്ന ശ്രീകപ്പൻ്റെ വായിലേക്ക് ഒഴിച്ചു കൊടുത്ത് അവൻ്റെ തോളിൽ ചെറുതായി തട്ടും. അപ്പോൾ തല ഒരു വശത്തേക്ക് ചെരിച്ച് രമേശൻ ശ്രീകപ്പനെ നോക്കുന്ന ഏറ്റം ആർദ്രമായ നോട്ടം വിട്ടു പോകാനാവാത്ത വിധം അവനെ വീണ്ടും വീണ്ടും രമേശനോട് കട്ടി പശ തേച്ച പോലെ ഒട്ടിചേർക്കും.
അനിവാര്യമായ നോവടക്കത്തിൻ്റെ പ്രതിരോധിക്കാനാവാത്ത ഐക്യപ്പെടലോടെ അവർ വീണ്ടും ഒരു തുടം കൂടി മോന്തും.
ശ്രീകപ്പൻ്റെ നെഞ്ചിൻ്റകത്തൂന്ന് തികട്ടി മുകളിലേക്ക് കുതിച്ച പൈങ്ങാ ക്കൂട്ടം ഇളക്കിവിട്ട അപമാനത്തിൻ്റെ പുളിച്ച ഏമ്പക്കം രമേശൻ്റെ കുപ്പിയിലെ രണ്ടാം തുടം കുടിച്ചിറക്കുന്നതിനിടയ്ക്ക് വല്ലാതങ്ങ് അമങ്ങി പതിഞ്ഞു ചതഞ്ഞു പോകും.
ചിലപ്പോൾ മാത്രം പൈങ്ങാക്കൂട്ടത്തിൻ്റെ അർത്ഥം വച്ചുള്ള അശ്ലീല സൂചനകൾ അതിരുവിടുമ്പോൾ ശ്രീകപ്പൻ രമേശനു മുഖംകൊടുക്കാതെ തൻ്റെ താമരവള്ളി പോലെ ഒടിഞ്ഞു തൂങ്ങി തളർന്നു കിടക്കുന്ന ഇടതുകാലിൽ കൈതലമൂന്നി ചാടി ചാടിയെന്ന പോലെ ഇറക്കിമിറങ്ങി ചന്തമുക്കിലേക്ക് പായും.
പൈങ്ങാക്കൂട്ടമില്ലെന്നു കണ്ടപ്പോൾ രമേശൻ ഒറ്റക്കറക്കത്തിനു് തൻ്റെ സൈക്കിൾ തിരിച്ച് വച്ച് അതിൽ ചാടിക്കയറിയിരുന്ന് ‘നാളെ കാണാം’ എന്നു് ശ്രീകപ്പനോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് ആഞ്ഞു ചവിട്ടി വടക്കോട്ടു വിട്ടു. ഇങ്ങനെയൊക്കെയാണെങ്കിലും പൈങ്ങാക്കൂട്ടമില്ലെങ്കിൽ അവർക്കു രണ്ടാൾക്കും പള്ളി പറമ്പിൽ നില്ക്കാൻ തോന്നാറില്ല. മുള്ളുപോലെ തൊടുമ്പോഴെല്ലാം കുത്തി മുറിവേൽപ്പിച്ചിരുന്നെങ്കിലും അവരെ ഒഴിവാക്കാനാവാത്തവിധം തങ്ങളിൽ കടുത്തുപോയിരുന്ന ഏകാകിത രമേശനെയും ശ്രീകപ്പനെയും ആരുമില്ലെങ്കിൽ ഒരിക്കലും തങ്ങളെ പരിഗണിക്കാത്ത അവരെങ്കിലും എന്നമട്ടിൽ ദിനവും പള്ളി പറമ്പിലേക്ക് തങ്ങളുടെ കാലുകളെ പായിച്ചു.
രമേശൻ സൈക്കിൾ പറത്തി വടക്കോട്ടു ചെന്നപ്പോൾ കലുങ്കിൽ ശ്രീനിയും ബാലുവും അപ്പുറത്തും ഇപ്പുറത്തുമായ് ഇരിപ്പുണ്ടായിരുന്നു. കലുങ്കിനടിയിലെ സ്ലാബിൻ്റെ ഇടുക്കിൽ പതിവു സ്ഥാനത്ത് ഒളിഞ്ഞിരിക്കുന്ന പാതി ഒഴിഞ്ഞ കുപ്പി അന്തിചോപ്പിലും, പെയ്തു തോർന്ന മഴ ബാക്കിവച്ച ഈർപ്പത്തിലും കുഴഞ്ഞ് കുളിർന്ന് തിളങ്ങുന്നത് പരിചയ സമ്പത്താൽ രമേശൻ ദൂരെ നിന്നേ കണ്ടു. ഇന്ന് അവർക്ക് രണ്ടാൾക്കും പണിയില്ലാത്ത ദിവസമായിരിക്കണം എന്ന് ഊഹിച്ചു. കുറച്ചകലെ കരിന്തേടത്തെ കുഞ്ഞമ്മയുടെ വീടിനടുത്തായി റോഡിൻ്റെ ഓരം ചേർത്ത് ശ്രീനി ഓടിക്കുന്ന മിനിലോറി പാർക്ക് ചെയ്തിരുന്നു.
അടുപ്പിച്ച് നാലോട്ടം കഴിഞ്ഞാൽ ശ്രീനിയുടെ കൈകൾ വണ്ടിയുടെ സ്റ്റിയറിംങ്ങിനോടു പിണങ്ങും. വണ്ടി കേറ്റും. ഫോൺ സ്വിച്ച് ഓഫ് ആക്കും. വാതിലടച്ച് വീട്ടിലൊറ്റയ്ക്കിരുന്നും കലുങ്കിൽ കൂട്ടുകൂടിയിരുന്നും പലതവണ മോന്തും. കലുങ്കിലിരുന്ന് റോഡിൽ കൂടി പോകുന്ന ആളുകളുടെ എണ്ണവും അളവുമെടുത്ത് താനും കൂടി അവരുടെയിടയിൽ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പിക്കും.
അകലെ നിന്ന് രമേശൻ സൈക്കിൾ ചവിട്ടി പാഞ്ഞു വരുന്നതു കണ്ടപ്പോൾ ശ്രീനിയുടെ പരുക്കൻ മുഖപേശികൾ അയഞ്ഞു തെളിഞ്ഞു. കലുങ്കിൽ അറ്റത്തിരിയ്ക്കുന്ന ബാലുവിനരികിലേക്ക് അവൻ ഒന്നൂടി ഉത്സാഹത്തോടെ ഇളകിയിരുന്നു. രമേശൻ ഒരഭ്യാസിയെ പോലെ സൈക്കിൾ സഡൻ ബ്രേക്കിട്ട് കലുങ്കിൻ്റെ ഓരത്തെ മതിലിലേക്ക് തള്ളിയിട്ട പോലെ ചാരി നിർത്തിയപ്പോൾ തൊട്ടടുത്തുള്ള പൊക്കം കൂടിയ വിളക്കുകാലിൻ്റെ ചോട്ടിലായ് ബാലുവിൻ്റെ പെയ്ൻ്റു പണിയ്ക്കുള്ള ബ്രഷും ഉപകരണങ്ങളും മെഷീനും ചേർത്തു വച്ചിരിക്കുന്നത് കണ്ടു.
‘ഇന്ന് പണിയില്ലേ ബാലൂ’
ബാലു മിണ്ടിയില്ല.
ശ്രീനിയെ കണ്ടാൽ പിന്നെ ബാലു പണിക്കു പോകില്ലെന്ന് രമേശനറിയാം. പകൽ ഏറിയ പങ്കും കലുങ്കിൽ ഒട്ടിച്ചേർന്നിരിന്ന് അവർ അവരെ മറന്നു പോയ ലോകത്തെ ഏറെ നേരം പ്രതിഷേധത്താൽ നോക്കിയിരിക്കും.
നിശ്ചിത ഇടവേളയ്ക്കിടയിൽ ഇത് ആവർത്തിച്ചു കൊണ്ടിരുന്നു.
ശ്രീനിയുടെ നിശ്ശബ്ദമായ ലോകം കാണൽ അപ്പോഴൊക്കെ പതിയെ അമ്പലമുക്കും കടന്ന് ഏറെ പോയി കായൽ ചിറയുടെ അരികിലുള്ള പൊളിഞ്ഞു തുടങ്ങിയ മരപ്പാലത്തിലേക്കു കയറി പെട്ടെന്ന് നില്ക്കും. അതിൻ്റെ അടർന്നു വീഴാറായ കൈവരിയിൽ പിടിച്ച് ഇരുട്ടിൽ കായലോ കരയോ എന്നു് വേർതിരിച്ചറിയാനാവാത്ത ഇരുണ്ട പരപ്പിനപ്പുറം മുനിഞ്ഞു കത്തുന്ന വെട്ടത്തിനരികെ വരെ പോയി നോക്കും.
അതിനപ്പുറമില്ലാത്തതു പോലെ തിരിഞ്ഞു നടക്കും.
സന്ധ്യകളിലെ ശ്രീനിയുടെ ഒറ്റയ്ക്കുള്ള നടത്തത്തിനു് ബാലു കൂട്ടുപോകാറില്ല... ദിനവും പാലം വരെ മാത്രം അത് നീണ്ടു പോകും. നിരന്തരം വർത്തമാനം പറഞ്ഞു കൊണ്ട് പ്രിയപ്പെട്ട ആരോ ഒരടി പിന്നിലായ് തന്നെ അനുഗമിക്കുന്നുണ്ടെന്ന് ചിലപ്പോൾ ശ്രീനിക്ക് തോന്നാറുണ്ട്.. അപ്പോൾ പിന്നിൽ നിന്നു ചില ചോദ്യങ്ങൾ ഉയരുന്നതു പോലെ തോന്നും. പിറുപിറുത്തു കൊണ്ട് താല്പര്യമില്ലാതെ മറുപടി പറയും. ചുറ്റും നോക്കാതെ തനിയെ ചിരിച്ചെന്നും വരും..
ശ്രീനിയുടെ അച്ഛൻ വാസുവിനെ അവസാനമായ് കണ്ടത് ഇതു പോലൊരു സന്ധ്യയ്ക്ക് പാലത്തിൻ്റെ നടുക്കുവച്ചായിരുന്നു. കായൽപ്പരപ്പിലേക്ക് അന്തിവെട്ടം പരന്ന് മനസ്സിൻ്റെ വെളിച്ചം കെട്ടുപോയ , ജീവിത മധുവിൻ്റെ ലഹരി തീർത്തും ഒഴിഞ്ഞു പോയ ഏതോ നിമിഷത്തിൽ തൻ്റെ ഭൂതകാല കാഴ്ചകളിൽ വിരസതപ്പെട്ട് വാസു പാലത്തിൻ്റെ നടുക്ക് വച്ച് പൊടുന്നനെ അപ്രത്യക്ഷനായി പോയി.
പകലും രാത്രിയുമല്ലാത്ത നേരത്ത് കരയിലും വെള്ളത്തിലുമല്ലാത്ത സ്ഥലത്ത് ജീവിതത്തിൻ്റെ സകല ആകാംക്ഷകളും വറ്റിപോയ സമയത്ത് ഏതോ അപരിചിതനായ ഒരാളുടെ മാത്രം കണ്ണിലേക്കു തൻ്റെ' ജീവിതത്തിൻ്റെ അവസാന കാഴ്ച ബാക്കിയാക്കി വാസു ഇല്ലാതെയായ്.
അവിടെയെത്തുമ്പോൾ ഒരടി മുന്നോട്ട് വയ്യെന്നാവും ശ്രീനിയുടെ ലോകം കാണലിന്.
‘ശ്രീനീ തിരിച്ചു പോ’
ആരോ മന്ത്രിക്കും.
അപ്പോൾ ഇപ്പുറത്തേക്ക് മാത്രമായി ലോകം ചുരുങ്ങി കൂടും.
ഭാരിച്ച ഹൃദയത്തോടെ ശ്രീനി
കാഴ്ചയുടെ ഭാവനാ ജാലകങ്ങൾ ഊക്കോടെ കൊട്ടിയടയ്ക്കും.
സകല കാഴ്ചകളും കലുങ്കിലേക്കു തിരിച്ചു വരും. കലുങ്കിലേക്ക് കാൽ കയറ്റി വച്ച് പരിമിതമായ് മാത്രം ലോകത്തെ കാണാൻ ശ്രീനി ശ്രമിക്കും.
കലുങ്കിലിരുന്ന് പുഴ കടന്ന് ചുവന്ന്, മങ്ങി, പിന്നെ ഇരുണ്ടു പരന്നു വരുന്ന രാത്രിയെ നോക്കിയിരിക്കാൻ ശ്രീനിക്ക് വലിയ ഇഷ്ടമായിരുന്നു. കൂട്ടിന് ബാലുവില്ലാതെ ഒറ്റയ്ക്കാണെങ്കിൽ വെളുക്കുവോളം ശ്രീനിയവിടെയിരിക്കും. രമേശനും പ്രേമയുമായ് ഒടക്കുണ്ടായിട്ടുണ്ടെങ്കിൽ പാതിര വരെ രമേശൻ കാണും. അതിനപ്പുറത്തേക്ക് പ്രേമയെ ഓർത്ത് രമേശൻ്റെ മുട്ടു വിറയ്ക്കും. മഴക്കാറുണ്ടെങ്കിൽ മറഞ്ഞിരുന്ന സകല ഭൂതകാല വിഷാദങ്ങളും തണുത്ത പാതിരാകാറ്റിലും കുളിരിലും ഈറനിലും പുതഞ്ഞ് ഒന്നിച്ചങ്ങട് എരമ്പം കൊണ്ട് വരും. അത് ശ്രീനിയെ അടങ്കം പൊതിഞ്ഞു നിശ്ചലനാക്കും. പാതിരാ കഴിയുമ്പോൾ കലുങ്കിൽ നീണ്ടു നിവർന്നു കിടന്ന് ഏകനായ് കാറൊഴിഞ്ഞു പോകാത്ത ആകാശത്തിൽ കാണാനിടയില്ലാത്ത നക്ഷത്രങ്ങളെ തിരയും. മഴയുടെ ഇരമ്പം കേൾക്കുമ്പോൾ മാത്രം എഴുന്നേറ്റു പോയ് ഉള്ളിൽ നിന്ന് ആരും വന്നു തുറന്നു തരാനില്ലാത്ത അടഞ്ഞ വാതിൽ പുറത്തു നിന്നു് സ്വയം തള്ളി തുറന്ന് വീടിനകത്തെ ശൂന്യതയിലേക്ക് കയറി കിടക്കും..
ചില പാതിരാവുകളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ കരിന്തേടത്തെ കുഞ്ഞമ്മയുടെ ഉറക്കെയുള്ള ശകാരം ദൂരെ നിന്ന് കേൾക്കും. അതിനിടയിലൂടെ ആൻസിയുടെ ശബ്ദം കേൾക്കുന്നുണ്ടോ എന്നു് ശ്രീനി ചെവിയോർക്കും.അവൾ ഇപ്പോൾ എന്തു ചെയ്യുകയാവും എന്ന് വെറുതെ ഓർക്കും. ഒന്നിനുമല്ല.
വേറെ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് മാത്രം അവളെ അന്നേരം ഓർക്കുന്നു.
ദിനവും ഇതെല്ലാം തന്നെ ആവർത്തിക്കും. വിരസത കൊണ്ട് മാത്രം ചിലപ്പോൾ താല്‍കാലികമായ് മരിക്കാൻ തോന്നും. അലസരായ എല്ലാ സാധാരണ മനുഷ്യരെയും പോലെ.
‘ഇന്നും പ്രേമായിട്ട് ഒരസിയാ രമേശാ’
ബാലു സ്ലാബിനടിയിൽ നിന്നു് കുപ്പിയെടുത്തു നീട്ടികൊണ്ട് രമേശനോടു ചോദിച്ചു. ഇടതു കൈ കൊണ്ട് ഗ്ലാസും. അവരുടെ സംഘത്തിലേക്ക് രമേശൻ വല്ലപ്പോഴും മാത്രമേ ചേരാറുള്ളു. പ്രേമയുമായ് ഒന്നും രണ്ടും പറഞ്ഞ് ഒരസുമ്പോൾ മാത്രം. വഴിയിലൂടെ പോകുന്നവർ കാണാതെ കുപ്പിയും ഗ്ലാസും കൈമാറാനുള്ള അവരുടെ അസാമാന്യ പാടവം കണ്ട് രമേശന് അത്ഭുതം തോന്നാറുണ്ട്. ഇവർക്കെങ്ങനെയാണ് മടുപ്പില്ലാതെ ഇത്രയും നേരം കലുങ്കിൽ ഇരിക്കാൻ കഴിയുന്നതെന്നും.
സൈക്കിൾ വേഗത്തിൽ മുന്നോട്ട് ആഞ്ഞാഞ്ഞു ചവിട്ടി പിന്നെ പെഡലിൽ നിന്ന് കാലെടുത്ത് മാറ്റി ഹാൻഡിലിൽ നിന്ന് കൈവിട്ട് കാറ്റിൽ പിന്നോട്ടു പറക്കുന്ന മുടിയുമായ് കൈ ഇരുവശത്തേക്കും നീട്ടി പായുമ്പോൾ എതിർ ദിശയിലേക്ക് ഓടിപ്പോകുന്ന വായു തന്നെ തണുപ്പിച്ചാറ്റി പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരുന്നത് രമേശൻ വിസ്മയം കലർന്ന ആഹ്ളാദത്തോടെ തിരിച്ചറിയും. ഏറ്റവും സ്വാസ്ഥ്യം നല്കുന്ന ജീവിതാനുഭവമായ് അത് രമേശൻ്റെ ഉള്ളിലേക്ക് ഓടി കയറും. ഒറ്റയ്ക്കാവുമ്പോൾ മാത്രം മനുഷ്യനനുഭവിക്കുന്ന അളക്കാനാവാത്ത ചില പ്രാകൃത സന്തോഷങ്ങളുണ്ട്. പങ്കു വയ്ക്കാനാവാത്ത വിധം വിചിത്രമായ് വേറിട്ടത്. അതായിരുന്നു ഏറ്റവും ഹൃദ്യം. ആഹ്ളാദകരം.
‘അതിന് പ്രേമയ്ക്കെന്തെങ്കിലും കാരണം വേണോ ബാലൂ. മിണ്ടിയാൽ അവളതങ്ങ് കാരണമാക്കും.’
രമേശൻ കുപ്പിയിൽ നിന്നു് നേരിട്ട് വായിലേക്ക് കമഴ്ത്തി കുടിച്ചിട്ട് കുപ്പിയും ഗ്ലാസും ബാലുവിന് തിരിച്ചു നല്കികൊണ്ട് പറഞ്ഞു. രമേശൻ്റെ കൈവിറയ്ക്കുന്നത് ബാലു ശ്രദ്ധിച്ചു. ഈയിടെയായി രമേശൻ്റെ കുടി കുറച്ചു കൂടുതലാണ്. വഴി വിജനമായത് നന്നായെന്നു ബാലുവിനു തോന്നി. രമേശനിന്ന് വീട്ടിൽ പോകാൻ സാധ്യതയില്ല. അത്രയ്ക്ക് ഓവറാണ്.
നേരം രാത്രിയാകാൻ തുടങ്ങിയിരുന്നു. ....
കൈ വേദനിച്ചിരുന്നെങ്കിലും മങ്ങിയ വെളിച്ചത്തിൽ പ്രേമ മറിഞ്ഞു കിടന്നിരുന്ന രണ്ടു ചെടിച്ചട്ടികൾ പൊക്കി നേരെയാക്കാൻ ശ്രമിച്ചു... വീണു പോകുന്ന തൻ്റെ ജീവിതം നേരെയാക്കാൻ നോവേറ്റു പാടു പെടുന്നതു പോലെ . ഒന്നിൻ്റെ വക്കു പൊട്ടിയിരുന്നു,. അതിനി പഴയതുപോലെ ശരിയാവില്ല. രമേശൻ മക്കളെ പോലെ നോക്കുന്ന ചെടികളാണ്. രമേശൻ താല്‌പര്യത്തോടെ ചെയ്യുന്ന ഒരേ ഒരു പ്രവൃത്തി അതാണെന്ന് പ്രേമയ്ക്കറിയാം. രമേശൻ ധൃതിയിൽ ചെടിച്ചട്ടിയിൽ നിന്ന് രഹസ്യമായ് കുപ്പിയെടുക്കുന്നതും സൈക്കിളിൽ കയറി ആഞ്ഞു ചവിട്ടി പാഞ്ഞു പോകുന്നതിനിടയിൽ ചെടിച്ചട്ടികൾ മറിഞ്ഞുവീഴുന്നതും പ്രേമ അകത്തേക്കു കയറി പോകുന്നതിനിടയിൽ ഒളി കണ്ണാൽ കണ്ടിരുന്നു.
ഇന്നത്തെ വഴക്കു തുടങ്ങിയതിനെക്കുറിച്ച് പ്രേമ ഓർത്തെടുക്കാൻ ശ്രമിച്ചു. പുതുമയൊന്നുമില്ലാത്ത പഴക്കം ചെന്ന വിരസ കഥ പോലെയായിരുന്നത്...
ഉടലിനൊത്ത അളവിൽ ദേഹത്തു വച്ചു തയ്ച്ചെടുത്തു എന്നു തോന്നത്തക്കവിധത്തിൽ അത്ര കൃത്യമായ അളവിൽ ജീവിതത്തെ വെട്ടിയൊരുക്കുന്നതു പോലെ മനോഹരമായ ചുരിദാർ തുണി വെട്ടി തുടങ്ങിയപ്പോഴാണ് ടിവി കണ്ടു കൊണ്ടിരുന്ന രമേശന് അപ്രതീക്ഷിതമായി ഹാലിളകിയത്.
‘നിക്ക് ഒരു കുപ്പി വാറ്റെങ്കിലും ഒണ്ടാക്കാൻ താടീ’
രമേശൻ പ്രേമയുടെ തയ്യൽ മെഷീൻ്റെ വലിപ്പ് ബലമായ് തുറക്കാൻ ശ്രമിച്ചു കൊണ്ടു മുരണ്ടു… ഒന്നു രണ്ടു പേർ കൊടുത്ത തയ്യൽകൂലി പ്രേമ വലിപ്പിലിടുന്നത് രമേശൻ കണ്ടിരുന്നു.
രമേശൻ്റെ ഒച്ച കേട്ട് കിറുകൃത്യമായ ഉടലളവുകളിലൂടെ അതി വിദഗ്ധമായ് ഓടികൊണ്ടിരുന്ന പ്രേമയുടെ പഴയ കത്രികയ്ക്ക് ലേശം ദിശതെറ്റിയോ എന്നു സംശയിച്ചെങ്കിലും നിത്യ തൊഴിൽ അഭ്യാസിയെ പോലെ പ്രേമ അതിവൈദഗ്ധ്യത്തോടെ അത് വളച്ചെടുത്തു കൃത്യ സ്ഥാനത്തു കൊണ്ടു വന്നു നിർത്തി..
‘കള്ളു മോന്താൻ തരാൻ എൻ്റേല് നയാ പൈസയില്ല’
രമേശൻ വലിപ്പ് തുറക്കാതിരിക്കാൻ ഹാൻഡിലിൽ ശക്തിയായ് അമർത്തിപ്പിടിച്ചു കൊണ്ട് പ്രേമ പുകഞ്ഞ് കത്തി.
‘ആണുങ്ങളായാ ഇച്ചിരി അടിയ്ക്കോടീ, അതിന് നിനക്കെന്താടീ ദണ്ണം പുല്ലേ’
രമേശൻ പ്രേമയുടെ കൈയ്ക്കിട്ട് ശക്തിയായ് ഒരു തട്ട് വച്ച് കൊടുത്തു കൊണ്ട് അമറി.
‘അത് നിങ്ങ പണിയെടുത്തൊണ്ടാക്കി മോന്തിക്കോ മനുഷ്യാ. അടുപ്പു പൊകയ്ക്കാൻ ഞാൻ പെടണ പാട്’
പ്രേമയും വിട്ടുകൊടുത്തില്ല.
പ്രേമയുടെ കൈ ശക്തിയായി അമർത്തി പിടിച്ചു മാറ്റി വലിപ്പ്
ആഞ്ഞ് വലിച്ച് തുറന്ന് അതിൽ നിന്നു് കൈയ്യിൽ കിട്ടിയ നോട്ടുകളുമായ് ചെടിച്ചട്ടിയിൽ നിന്ന് കുപ്പിയെടുത്ത് സൈക്കിൾ ആഞ്ഞു ചവിട്ടി രമേശൻ പുറത്തേക്കു പാഞ്ഞു.
‘താൻ നശിച്ചു പോകുമെടോ മനുഷ്യാ, ഒരു കാലത്തും ഗുണം പിടിയ്ക്കൂലാ. ൻ്റെ തലേ വിധി’
പ്രേമ തലയിൽ സ്വയം രണ്ടടിയടിച്ച് മോങ്ങി കൊണ്ട് പ്രാകി.
വഴക്കിൻ്റെ എന്നത്തെയും പരിസമാപ്തി പോലെ ചോര ചത്ത കൈയ്യുമായ് രമേശനെ ചീത്ത വിളിച്ചും ശപിച്ചും പ്രേമ അകത്തേക്ക് കയറി പോയി തൻ്റെ ഇരുണ്ട ജീവിതത്തിനു നേരെ ഒരിക്കൽ കൂടി അലമുറയിട്ടു ഉറക്കെ കരഞ്ഞു...
പ്രേമയുടെ അലമുറയ്ക്കും മുകളിൽ കൂടി ദൂരെ നിന്ന് കരിന്തേടത്തെ കുഞ്ഞമ്മയുടെ ഉയർന്ന ഒച്ചയിലുള്ള ശകാരവർഷങ്ങൾ കടന്നു വന്ന് രണ്ടും ഒന്നായി ഒരു പ്രത്യേക താളമായ് നിറഞ്ഞ് അവിടം മുഴുവൻ പരന്നൊഴുകി...
സഹനങ്ങളുടെ പരിധി ഏതാണെന്ന് പ്രേമ ചിന്തിക്കാറുണ്ട്. കപടതകൾ മുഴുവൻ കുടഞ്ഞെറിഞ്ഞു കളഞ്ഞ് നഗ്നരായതു പോലെ സ്വതന്ത്രരായാൽ രണ്ടു പേർ തമ്മിലുള്ള വിനിമയങ്ങൾ എത്ര എളുപ്പമായേനെ. മരിച്ചു പോകുന്നതു വരെയും പൊട്ടാതിരിക്കാൻ കഠിന പ്രയത്നം ചെയ്ത് നീണ്ടുപോകുന്ന വിചിത്രമായ അശാന്ത ദാമ്പത്യ ബന്ധങ്ങളെക്കുറിച്ച് പ്രേമ തമാശയോടെ ഓർത്തു. വഴക്കിടുമ്പോൾ രമേശനെ ശപിക്കുന്നത് തൻ്റെ ഉള്ളിൽ തട്ടി വരുന്നതല്ലെന്ന് പ്രേമയ്ക്കറിയാം. വഴക്കിൽ ഒപ്പത്തിനൊപ്പം നില്ക്കാനും ജയിക്കാനും മാത്രം.. അത് പ്രേമയേക്കാൾ നന്നായി രമേശനും അറിയാം.. അവർക്ക് രണ്ടു പേർക്കും ഇതല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു.. മരിച്ചു പോയ മക്കളെക്കുറിച്ചോർക്കുമ്പോൾ അവരുടെ ഹൃദയം പല കഷണങ്ങളായ് നുറുങ്ങി പറന്നു പോകും.. ആ ഓർമ്മ വരുമ്പോഴെല്ലാം രമേശൻ എന്നത്തേക്കാളും കൂടുതലായ് കുടിച്ച് ലക്കു കെടും.. അപ്പോൾ രണ്ട് കുഞ്ഞുടുപ്പുകൾ രമേശനു ചുറ്റും പറന്നു നടന്നു കൊഞ്ചിക്കുഴയും. മണ്ണപ്പം ചുടും.. അച്ഛാ എന്നു് നീട്ടി വിളിക്കും... രമേശൻ ആ കുഞ്ഞുടുപ്പുകൾക്കു പിന്നാലെ പകുതി ബോധത്തിൽ ഓടി ഓടി തളരുമ്പോൾ സൈക്കിൾ വലിച്ചെറിഞ്ഞ് എവിടെയെങ്കിലും വീണു കിടക്കും..
അന്നേരം പ്രേമ രണ്ടു മക്കളെയും തങ്ങളിൽ നിന്ന് പറിച്ചു മാറ്റിയ ദൈവത്തെയും പിന്നെ രമേശനെയും വാതോരാതെ ശപിക്കും.. ദുരന്തപൂർണ്ണമായ ജീവിത പരിണാമഗതിയിലൂടെ അക്കരെ കടന്നുപറ്റുന്നതെങ്ങനെയെന്നു് ഒരു നിമിഷം പകയ്ക്കും..
നേരം പാതിരാവായിരുന്നു. നേരെ നില്ക്കാനാവുന്നില്ല. രമേശൻ ആടിയാടി കലുങ്കിൽ കയറി തല്ലിയലച്ചു കിടന്നു. അപ്പുറത്ത് ശ്രീനി കിടക്കുന്നുണ്ട്. ഇന്നിനി വീട്ടിൽ പോക്കു നടക്കുമെന്നു തോന്നുന്നില്ല. പ്രേമ ഉറങ്ങി കാണുമോ എന്തോ. മുമ്പാണെങ്കിൽ എത്ര വഴക്കിട്ടാലും രാത്രിയായാൽ അവൾ വന്ന് തന്നെ താങ്ങി കൊണ്ടു പോയേനെ. എത്ര ഭീകരമായ വഴക്കായിരുന്നാലും വീട്ടിൽ പോകാതിരുന്നിട്ടില്ല. രാത്രി വീട്ടിലെത്തി കെട്ടു വിടാതെ അവളിൽ പടർന്നിറങ്ങുമ്പോൾ ഇരുവരുടെയും ശരീരത്തിലെയും മനസ്സിലെയും നോവുകളിലുപ്പുകലർന്ന് നീറിപ്പിടയും.ദീർഘ ചുംബനങ്ങളുടെ കൊഴുത്ത ഉമിനീർ പടർന്ന് പൊറ്റയടർന്ന് മുറിവുകൾ പൊറുത്ത് പാടുകൾ പോലും ഇല്ലാതാകും. അതൊരു പ്രാകൃതമായ ഇണ ചേരലായിരുന്നു. പ്രകൃതിയിലെന്ന പോലെ കാപട്യമില്ലാത്തത്. അബോധത്തിൻ്റെ അസംസ്കൃതമായ രതിചോദനകൾ നിറഞ്ഞത്. എന്നിരുന്നാലും ആനന്ദകരമായ പരിസമാപ്തിയിലെത്തിയിരുന്നത്. അശാന്തതയുടെ പിരിമുറുക്കത്തിലും അതൊരേകപക്ഷീയമായ പ്രവൃത്തിയായിരുന്നില്ല. അതു കഴിഞ്ഞാൽ പിന്നെയും എന്നത്തേയും പോലെ അടുത്ത പ്രഭാതം പൊട്ടി വിടരും.
‘ശ്രീനീ, എന്താണൊന്നും മിണ്ടാതെ ഓർത്തു കെടക്കണത്’
മിണ്ടാതെ കിടക്കുന്ന ശ്രീനിയോട് രമേശൻ നാവു കുഴഞ്ഞു കൊണ്ട് ചോദിച്ചു.
ശ്രീനി ഒരു പൊട്ടുവെട്ടം പോലുമില്ലാത്ത കട്ടി ഇരുട്ടിൻ്റെ ആകാശ മേലാപ്പിലേക്ക് നോക്കി നിശ്ചലനായ് കിടക്കുകയായിരുന്നു. ചിന്തകരെയോ എഴുത്തുകാരെയും പോലെ കാല്പനികമായ ഒരു കഥാ സന്ദർഭത്തിനു വേണ്ടിയായിരുന്നില്ല അത്.ഏകാന്തവും വിരസവുമായ ജീവിതത്തിൻ്റെ അനന്തമായ ഇരുൾ പരപ്പ് തന്നിലേക്ക് പടർന്നിറങ്ങുന്നതറിഞ്ഞ് അന്തിച്ചങ്ങനെ കിടന്നു പോകുന്നതാണ്.
ശ്രീനി സന്ദർഭോചിതമല്ലാതെ വീണ്ടും ആൻസിയെ ഓർത്തു. അവൾ കെട്ട് കഴിഞ്ഞതിൻ്റെ പിറ്റേന്ന് കെട്ട്യൊനെ ഉപേക്ഷിച്ച് ഓടിവരാൻ കാരണമെന്തായിരിക്കും എന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ദൂരെ പുഴയ്ക്കപ്പുറം മരക്കൂട്ടങ്ങൾക്ക് മുകളിലൂടെ പെയ്തു തുടങ്ങിയ കാർമേഘകനവും പേറി എരമ്പം കൊണ്ട് വരുന്ന പെരുമഴയോടൊപ്പം കരിന്തേടത്തെ കുഞ്ഞമ്മയുടെ കലിപ്പിൻ്റെ ഇടിമുഴക്കങ്ങൾ മുഴങ്ങി. ഭയന്നപോലെ ആൻസിയുടെ തുടർ മുഴക്കങ്ങൾ ഉണ്ടായില്ല.രണ്ടു ദിവസമായ് ആൻസിയെ പുറത്തു കാണുകയോ അവളുടെ ശബ്ദം കേൾക്കുകയോ ചെയ്യുന്നില്ല എന്നു് ശ്രീനിക്കോർമ്മ വന്നു. കഴിഞ്ഞ ദിവസം കരിന്തേടത്തെ കുഞ്ഞമ്മയുടെ വീടിനു മുന്നിലൂടെ ലോറിയോടിച്ചു പോകുമ്പോൾ താൻ പലതവണ ഹോൺ മുഴക്കിയിരുന്നു . കത്തുന്ന നോട്ടവുമായ് നൈറ്റിയുടെ മുകളിൽ തോർത്ത് കുടഞ്ഞ് വിരിച്ചിട്ടു കൊണ്ട് ആൻസിയുടെ പുറത്തേയ്ക്കുള്ള പടപ്പുറപ്പാടുണ്ടായില്ല.ഒന്നുകിൽ കരിന്തേടത്തെ കുഞ്ഞമ്മയോട്.
അല്ലെങ്കിൽ പറമ്പിൽ ചിക്കി പരത്തുന്ന കോഴികളോട്.
അതുമല്ലെങ്കിൽ വെറുതെ കുരയ്ക്കുന്ന തെരുവു പട്ടിയോട്.
അവരുടെ വീടിനു ചുറ്റും തഴച്ചുവളർന്നിരുന്ന പത്തലുകളൊടിച്ച് അതിൻ്റെ ഈണത്തിലുലയുന്ന തലച്ചോറിൻ്റെ പുഴുക്കത്തിൽ അവൾ അമ്മയെ പോലെ ഇടയ്ക്കെല്ലാം അളിഞ്ഞു നാറുന്ന പടയൊരുക്കങ്ങൾ നടത്തി. അപ്പോൾ ആൻസി തുടങ്ങി വയ്ക്കുന്ന താളം മുറിയാതെ തന്നെ കരിന്തേടത്തെ കുഞ്ഞമ്മ ചത്തുപോയ കെട്ട്യോൻ്റെ നെറുന്തലയ്ക്കിട്ട് അഞ്ചാറു കൊട്ടു കൊടുത്തു.
വീശിയടിച്ച് വരുന്ന കർക്കിടക കാറ്റിനൊപ്പം ആ നട്ടപ്പാതിരയ്ക്ക് ശ്രീനിക്ക് പെട്ടെന്ന് പെരുമഴ നനയാൻ തോന്നി. വീട്ടിലേക്ക് പോയി
കാലപഴക്കം മണക്കുന്ന അടച്ചിടലിൻ്റെ നനഞ്ഞ ചെങ്കൽ ചൊരുക്കത്തിലേക്ക് ഓടികയറി ശ്വാസം മുട്ടാൻ തോന്നിയില്ല.
പിശറു കാറ്റാണ് അന്തം വിട്ട് ക്ഷോഭിച്ചലറി പുഴയ്ക്കും കലുങ്കിനും ഇടയ്ക്കുള്ള ഷേണായിയുടെ പുരയിടത്തെയും തൊടിയെയും കുലുക്കി വിറപ്പിച്ച് ആദ്യം വന്നത്..
അത് ശ്രീനിയുടെ പെരുവിരൽ തൊട്ട് ശിരസ്സു വരെ ഉലച്ചു കുടഞ്ഞു.,..
ഉടുമുണ്ടഴിച്ച് കഴുത്തിനൊപ്പം വച്ച് അതിന് കൊടുങ്കാറ്റു പിടിച്ചപ്പോൾ ചിറകുകൾ പോലെ വിടർന്നു വന്നു. കാറ്റിൻ്റെ ശക്തിയിൽ ഇലകളും ചെറിയ മരചുള്ളികഷണങ്ങളും പൊടിപടലങ്ങളും ചിറകിലൂടെ ഒരസി പറന്നു പോയി.
ചപ്പുചവറുകളും കടലാസുകഷണങ്ങളും ഉണങ്ങിയ ചുള്ളികൊമ്പുകളും ഇലകളും ശ്രീനിക്കു ചുറ്റും ചുഴലി ചുറ്റാൻ തുടങ്ങിയപ്പോൾ കണ്ണഞ്ചിച്ചു കൊണ്ട് മിന്നലും ഇടിമുഴക്കവുമൊരേ സമയത്തുണ്ടായി. ദശകൾ അടർന്ന് ഞരമ്പു മാത്രമവശേഷിച്ച ഒരു ഉണക്കയില ശ്രീനിയുടെ മുഖത്തു വന്നടിച്ചു താഴേക്ക് പതിച്ച് ആ ദിനത്തിൻ്റെ ഇരുണ്ട് കറുത്ത മൂകതയിലേക്ക് വീണ് വിഷാദപ്പെട്ട് ചുഴലി ചുറ്റാൻ തുടങ്ങി...
ചരൽക്കല്ലുകൾ പോലെ ദേഹത്ത് ശക്തിയായ് മഴവന്നു പതിച്ചപ്പോൾ ശ്രീനി ഉടുമുണ്ട് എറിഞ്ഞു കളഞ്ഞ് നഗ്നനായ് നൃത്തം ചെയ്തു. ശേഷം കലുങ്കിൽ കയറി മലർന്നു കിടന്ന് മഴയെ അപ്പാടെ തൻ്റെ തിളച്ചു പതയ്ക്കുന്ന നഗ്നതയിലേക്ക്ഏറ്റു വാങ്ങി തണുക്കാൻ വിട്ടു.
തിരിഞ്ഞു നോക്കിയപ്പോൾ രമേശനും കലുങ്കിൻ്റെ അങ്ങേവശത്ത് ചുരുണ്ടുകൂടി കിടപ്പുണ്ടായിരുന്നു. ഇത്ര വേഗം ഉറങ്ങി കാണുമോ.
ഈ കൊടുങ്കാറ്റിലും പെരുമഴയിലും എങ്ങിനെയാണ് ഇവനിത്ര ശാന്തനായ് ഉറങ്ങാനാവുന്നത്.. അത്രയ്ക്കുണ്ടാവും ഇന്നു കുടിച്ചതിൻ്റെ കെട്ടും വാടയും.. ഹൃദയത്തിൻ്റെ ഭാരമില്ലായ്മയും...
ഇനി അടുത്ത ദിവസം വേറെ കാരണമൊന്നും വേണ്ട പ്രേമയ്ക്ക്.
എന്നാലും സാരമില്ല അവനും മഴ നനഞ്ഞ് കുതിർന്ന് തണുക്കട്ടെ
ഇരുട്ടിൽ ശ്രീനിക്ക് രമേശൻ്റെ മുഖം വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല.
പെട്ടെന്ന് മുമ്പത്തേതിലും ശക്തിയായ് ഇടിയും മിന്നലും ഒന്നിച്ചുണ്ടായി. മിന്നലിൻ്റെ വെളിച്ചത്തിൽ ദൂരെ കരിന്തേടത്തെ കുഞ്ഞമ്മയുടെ വേലിയ്ക്കരികിൽ പത്തലൊടിച്ചു കൊണ്ട് ആരോ ഇങ്ങോട്ടു തന്നെ സൂക്ഷിച്ചു നോക്കി നില്ക്കുന്നതു പോലെ ശ്രീനിക്കു തോന്നി.
നേരം പോകെ കലുങ്കിൻ്റെ ഇരുവശങ്ങളിലായ് കിടന്നു കൊണ്ട് അവർ തങ്ങളുടെ വ്യത്യസ്ത ജീവിതങ്ങളുടെ ചേറും ചെടിപ്പുമെല്ലാം ഒരേ സമയം കർക്കിടക പെരുമഴയിൽ നനച്ചു കഴുകി വിറങ്ങലിച്ചു കൊണ്ട് ഉറക്കത്തിലാണ്ടു പോയി.
സൂര്യൻ കണ്ണിലേക്ക് കുത്തിയിറങ്ങാൻ തുടങ്ങിയപ്പോൾ ശ്രീനി ചാടിപ്പിടഞ്ഞെഴുന്നേറ്റു. ചളിയും മണ്ണും പുരണ്ട് നനഞ്ഞു കുഴഞ്ഞ ഉടുമുണ്ട് തൻ്റെ മേൽ ആരോ അലക്ഷ്യമായ് വിരിച്ചിട്ടിരിക്കുന്നതായ് കണ്ടു. രമേശനായിരിക്കും. കലുങ്കിൻ്റെ അങ്ങേ വശത്തേക്ക് നോക്കിയപ്പോൾ രമേശൻ ചുരുണ്ടുകൂടി കിടപ്പുണ്ടായിരുന്നില്ല. എഴുന്നേറ്റു പോയിരിക്കണം.
താൻ എങ്ങിനെ കിടന്നാലും മറ്റുള്ളവർ ശ്രദ്ധിക്കാത്ത വിധം മുഖമില്ലാത്ത അപ്രധാന ജീവിയായ് മാറി കഴിഞ്ഞെന്ന് ശ്രീനിക്ക് പെട്ടെന്ന് തോന്നി.
തലേ രാത്രിയിലെ പേമാരിയും കൊടുങ്കാറ്റും പൊഴിച്ച ഇലകളും മരക്കൊമ്പുകളും ചവറുകളും ക്രമമില്ലാതെ റോഡിൽ അങ്ങോളമിങ്ങോളം വീണുകിടന്ന് വിരൂപങ്ങളായ നിറം കെട്ട ചിത്രങ്ങൾ വരച്ചു..
ശ്രീനി കണ്ണു തിരുമ്മി കൈകൾ മുകളിലേയ്ക്കുയർത്തി രണ്ടു തവണ ആഞ്ഞു കുടഞ്ഞ് നിവർന്നിരുന്നു് തലേ രാത്രിയിലെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ ദൂരെ കരിന്തേടത്തെ കുഞ്ഞമ്മയുടെ വീടിനു മുന്നിൽ നിറയെ ആളുകൂടി നില്ക്കുന്നതു കണ്ടു. ചാടി പിടഞ്ഞെഴുന്നേറ്റ് മുണ്ട് വാരി ചുറ്റി വീട്ടിലേക്കോടി പോയി രണ്ടു കപ്പ് വെള്ളം ധൃതിയിൽ മേലൊഴിച്ച് അയയിൽ തൂങ്ങി കിടന്ന കഴിഞ്ഞ ദിവസം മുഷിഞ്ഞുമാറിയിട്ടിരുന്ന ഷർട്ടും മുണ്ടും തന്നെ എടുത്തിട്ട് ശ്രീനി കരിന്തേടത്തെ കുഞ്ഞമ്മയുടെ വീട്ടിലേക്കോടി.
രമേശനും ബാലുവുമുൾപ്പെടെ കുറെ പേർ അവിടവിടെയായി താടിയ്ക്കു കൈ കൊടുത്ത് അടക്കം പറഞ്ഞ് കൂടി നില്ക്കുന്നുണ്ടായിരുന്നു. രമേശൻ്റെ സൈക്കിൾ സ്റ്റാൻഡിടാതെ ഒടിച്ച വേലിപ്പത്തലിൽ ഉടക്കി ചേർത്തു വച്ചിരുന്നു.
‘എന്തു പറ്റി ബാലൂ, എന്താണ് ആളുകൂടിയിരിക്കുന്നത്’
ശ്രീനി ബാലുവിൻ്റെ അരികിൽ ചെന്ന് പതുക്കെ ചോദിച്ചു.
ബാലു ഒന്നും പറയാതെ കരിന്തേടത്തെ കുഞ്ഞമ്മയുടെ വീടിനകത്തേക്ക് വിരൽ ചൂണ്ടി.
ശ്രീനി വീടിനകത്തേക്ക് കയറി ചെന്നു. ആദ്യമായിട്ടായിരുന്നു അവരുടെ വേലിയ്ക്കകത്തേക്ക് കയറുന്നത്. ആൻസി കണ്ണു തുറിച്ച് ചലനമറ്റ് തല ഇടതു വശത്തേക്ക് ചരിഞ്ഞ് തറയിൽ നീണ്ടു കിടക്കുന്നുണ്ടായിരുന്നു. അവളുടെ ഇടത്തേ ചിറിയിലൂടെ നീണ്ട മുപ്പതു വർഷത്തെ സ്നേഹവും അമർഷവും ആസക്തികളും ഉന്മാദവുമെല്ലാം നുരയും പതയും ഈറ്റയുമായി താഴോട്ടൊഴുകി പരന്ന് ഉറുമ്പരിച്ചവസാനിച്ചിരുന്നു. തുറിച്ച കണ്ണുകളിൽ ആ വേലിയ്ക്കകത്തെ സകല യാതനകളും യാചനകളും വിരസതകളും ഘനീഭവിച്ച് മഞ്ഞുറഞ്ഞ തടാകം തീർത്തു. പാതി കോർത്ത കൊന്തമാലയിലെ അവസാനത്തെ കൊന്ത മണി അടുത്ത കൊന്ത മണിയ്ക്കായി മോഹപ്പെട്ട് ചുണ്ടുകൂർപ്പിച്ച് ചുമരിൽ തറച്ച ആണിൽ തൂങ്ങി കിടന്നു.
ആൻസിയുടെ മുഷിഞ്ഞ ജീവിതത്തിൻ്റെ തന്നെ അടയാളമായ തോർത്ത് മാറിടത്തിനു മേലേ നിന്നു മാറി കിടന്ന് അവളുടെ ആർദ്രമായ നെഞ്ചകത്തിൻ്റെ തീവ്ര പ്രണയതുറസ്സുകൾ ആദ്യമായ് അനാവൃതമാക്കി.
‘ആൻസീ, ൻ്റെ പൊന്നേ. എഴുന്നേൽക്കെടീ’
കരിന്തേടത്തെ കുഞ്ഞമ്മ ജീവിതത്തിലാദ്യമായ് സാധാരണ മനുഷ്യരുടെ ശബ്ദത്തിൽ ആൻസിയെ വിളിച്ചു അലമുറയിട്ടു കരഞ്ഞു. ഏതൊരു പരാജിതരെയും പോലെ ഉച്ചസ്ഥായി വെടിഞ്ഞ് നീചസ്ഥായിയിലേക്കു താണ പതിഞ്ഞ ശബ്ദത്തിൻ്റെ അടിയറവായിരുന്നത്.
ആദ്യമായിട്ടായിരുന്നു കരിന്തേടത്തെ കുഞ്ഞമ്മ ആൻസിയുടെ പേരു വിളിക്കുന്നതു കേൾക്കുന്നത്.
ഈ ഭൂമിയുടെ ഭാരം മുഴുവൻ തൻ്റെ നെഞ്ചിനു മുകളിലേക്ക് കയറി കനത്തു തുടങ്ങിയപ്പോൾ ശ്രീനി വല്ലാതെ വേച്ചു. ഇനിയൊരു നിമിഷം അവിടെ നില്ക്കാൻ കരുത്തില്ലാതെ ശ്രീനി വേലിക്കെട്ടിനു പുറത്തേക്കിറങ്ങി.
‘കുറച്ചു ദിവസായിട്ട് പനി പിടിച്ച് കിടപ്പാർന്നെന്ന്. ആര് ആശുപതിയിൽ കൊണ്ടു പോകാനാണ്. ഈ വേലിയ്ക്കകത്ത് നടക്കുന്നത് എന്താണെന്ന് ആർക്കറിയാം. ആരെയും അടുപ്പിക്കില്ലല്ലോ. രണ്ടിനും വെളിവു വേണ്ടേ. ആ തള്ള ഇനി ഒറ്റയ്ക്കായി.’
രമേശനെക്കൂട്ടാൻ വന്ന പ്രേമ ആരോടെന്നില്ലാതെ പറയുന്നതു കേട്ടു. കഴിഞ്ഞ രാത്രി രമേശനെ കാത്തിരുന്നുള്ള ഉറക്കച്ചടവ് പ്രേമയുടെ കണ്ണിനു താഴെ കരുവാളിപ്പായി പടർന്നിരുന്നു.
‘നിങ്ങളിങ്ങോട്ടു വാ മനുഷ്യാ. ഇനീം ഇവിടെ നിക്കണ്ട, വീട്ടീപോവാം’
എന്നു പറഞ്ഞ് തൻ്റെ തോളിൽ കയ്യിട്ട് താങ്ങി നടത്താൻ ശ്രമിച്ച പ്രേമയുടെ കൈ തട്ടിമാറ്റി രമേശൻ ഒടിഞ്ഞ വേലിപ്പത്തലിൽ ഉടക്കി നിർത്തിയിരുന്ന സൈക്കിൾ ഒറ്റ പൊക്കിനെടുത്ത് തിരിച്ചു വച്ച് ആഞ്ഞു ചവിട്ടാൻ തുടങ്ങി. സൈക്കിളിൻ്റെ കാരിയറിൽ ഒറ്റ ചാട്ടത്തിന് കയറിയിരുന്ന ശ്രീനി രമേശൻ്റെ പുറകിലിരുന്ന് സൈക്കിൾ നീങ്ങി തുടങ്ങിയപ്പോൾ ഇന്നലെ മിന്നൽ വെളിച്ചത്തിൽ ഒടിഞ്ഞ പത്തിലിനരികെ തന്നെ തുറിച്ചു നോക്കി കൊണ്ടു നിന്നത് ആൻസി തന്നെയായിരുന്നെന്ന് മനസ്സിലുറപ്പിച്ചു.
പള്ളിപ്പറമ്പിലെ വെള്ളത്തുരുത്തുകൾക്കിടയിലെ ജലകണ്ണാടികളിലൂടെ വീണ്ടും രമേശൻ്റെ സൈക്കിൾ ശ്രീനിയെ ലോഡിരുത്തി മുറിഞ്ഞു മുറിഞ്ഞു മുന്നോട്ടു പായുമ്പോൾ അകലെ ചന്തമുക്കിൽ നിന്ന് പൈങ്ങാക്കൂട്ടത്തിൻ്റെ സൈക്കിൾപ്പട ആറു ചെറിയ പൊട്ടുകൾ പോലെ പുതിയ കളികൾക്കായ് ഒരേ നിരയിൽ വടക്കോട്ടു കുതിയ്ക്കുന്നുണ്ടായിരുന്നു.