ചിത്രീകരണം : ദേവപ്രകാശ്

പാലമരച്ചുവട്ടിൽ

രൺജു

നേരമിരുട്ടിയപ്പോൾ അന്നത്തെ ഓട്ടം മതിയാക്കി വീട്ടിലേക്ക് പോകാനായി ഓട്ടോറിക്ഷ മുന്നോട്ടെടുത്തതാണ് ആന്റണി. ഒരിത്തിരി നേരം കൂടിയോടി ഒത്തിരി പണമുണ്ടാക്കിയാലോ എന്നൊരു ചിന്തയപ്പോൾ അത്യാഗ്രഹമായി മനസ്സിൽ പൂത്തുവിടർന്നു. വൃശ്ചിക കാറ്റേറ്റ് കീറിപ്പുകഞ്ഞുനീറിയ ചുണ്ടിലൊരു മൂളിപ്പാട്ട് പൊടിഞ്ഞു.

ഒരു സിഗരറ്റ് കത്തിച്ച് പുകയൂതി വിട്ട് മൂരി നിവർത്തിയപ്പോൾ അങ്ങാടിത്തിരിവിലെ ബസ്സ്‌റ്റോപ്പിനരികിലൊരു നിഴൽ പതുങ്ങിയതു പോലെ തോന്നിച്ചു. ഓട്ടോറിക്ഷ വീണ്ടും സ്റ്റാർട്ടാക്കി പയ്യെ ബസ്സ്‌റ്റോപ്പിനരികിലേക്ക് നീക്കിനിർത്തി നോക്കുമ്പോൾ, നരുന്തു പോലൊരു പെണ്ണ് തോളിലൊരു ബാഗുമായി ഇരുട്ടിൽ പരുങ്ങുന്നു. അവൾക്കരികിൽ ഒരു പാലമരം പൂത്തു വിടർന്നു സൗരഭ്യം പരത്തി നിന്നു.

‘‘എങ്ങട്ടാണ്ട്രിയേയ്... ഇനി ബസ്സൊന്നൂല്യാട്ടാ...,'' അയാൾ വിളിച്ചു പറഞ്ഞു.
ആക്‌സലറേറ്ററിൽ കൈവെച്ച്, വേഗം കൂട്ടിയും കുറച്ചും അയാൾ അവളെ അതറിയിച്ചു കൊണ്ട് അവിടെത്തന്നെ പുകഞ്ഞു നിന്നു.
‘‘എങ്ങാട്ടാ പോണ്ടേ ക്ടാവേ... നീ വെളിച്ചത്തിക്ക് നിക്ക്... നെനക്കെവിട്യാ പോണ്ടേ?''
പെണ്ണ് ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കൊന്ന് നീങ്ങി നിന്നു.
നല്ല ഒത്തൊരു പെണ്ണ്. അയാളുടെ തലയ്ക്കകത്തൊരു അമിട്ട് പൊട്ടി.
‘‘മുറ്റാണല്ലാ,'' എന്ന് മനസ്സിൽ പറഞ്ഞെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ അയാൾ അവളിലേക്ക് തലനീട്ടി.
‘‘ഇനി ബസ് ഇല്യാട്ടാ... എങ്ങാട്ടാച്ചാ പറ. കൊണ്ടാക്കാ...''

അവൾ അയാളെ അൽപ്പം ശങ്കയോടെ നോക്കിയശേഷം ഒന്നും മിണ്ടാതെ വണ്ടിയിൽ കയറിയിരുന്നു. എങ്ങോട്ടെന്ന് അവൾ പറയുമെന്ന ധാരണയിൽ അയാൾ വണ്ടി സ്റ്റാർട്ടാക്കിയൊന്ന് ചിരിച്ചു.

‘‘നെനക്കറിയോ... രാത്രി ഓടണ ഓട്ടോള് ദൈവം പറഞ്ഞയക്ക്ണ പുണ്യരഥങ്ങ്‌ളാ... എത്രാളാ ഈ വണ്ടിയ്ക്ക് കൈ കാട്ടി രക്ഷോട്ട് വീട്ടീ പോയിട്ട്‌ള്ളേന്നറിയ്വാ... നീ പേടിക്കണ്ട്രീ. നെന്നെ ഞ്യാൻ എവിട്യാച്ചാ കൊണ്ടാക്കാ...''

അയാളുടെ കിന്നാരം പറച്ചിൽ കേട്ടിട്ടും അവളൊന്നും മിണ്ടിയില്ല.
അയാൾക്കത് കണ്ട് കലി വന്നു, പെണ്ണിന്റെ നെഗളിപ്പെന്ന് മനസ്സില് പറഞ്ഞു. അയാൾ അവളെ മിണ്ടിക്കാനുറച്ച് വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞ് ശബ്ദിച്ചു കൊണ്ടിരുന്നു.
‘‘നെന്നെപ്പോലൊരുത്തി... പണ്ടൊരിക്കെ... അവളും അവൾടെ മറ്റോനും കൂടി, ഒരു സന്ധ്യക്ക് ഈ ഓട്ടോയിലാ കേറി. കേറീപ്പളേ എനിക്കെന്തോ മണത്തു...''
അതുപറഞ്ഞതും അയാളിലേക്ക് പാലപ്പൂവിന്റെ രൂക്ഷഗന്ധം തുളച്ചുകയറി. തെല്ല് സംശയത്തോടെ അവളെയൊന്ന് കണ്ണാടിയിലൂടെ ചൂഴ്ന്നുനോക്കിക്കൊണ്ട് അയാൾ തുടർന്നു.
‘‘നീയൊന്നും പറഞ്ഞില്ലല്ലാ...''

അവളൊന്നും മിണ്ടാതെ കൂനിക്കൂടിയിരുന്നതേയുള്ളു.
അയാൾ തുടർന്നു: ‘‘ഒരു ചെക്കനും പുതുപ്പെണ്ണും. അവര് ഒളിച്ച്യോടി കല്യാണം കയ്ച്ച് താമസിക്ക്യാർന്ന്. വീട്ടിലിയ്ക്ക് പായും തലയിണേം വാങ്ങി വരണ വഴിയാർന്ന്. ചെക്കൻ കുഞ്ചാക്കോ ബോബനെപ്പോലൊരു ചൊങ്കൻ. പെണ്ണ്...''

ചുണ്ട് കോട്ടി ഒരു അശ്ലീലച്ചിരി വരുത്തി അയാൾ അവളിലേക്ക് ചാഞ്ഞു; ‘‘... പെണ്ണ് നെന്നെപ്പോലൊരു സുന്ദരി!''
അപ്പോൾ അവളൊന്ന് അനങ്ങി. വണ്ടിയ്ക്കുള്ളിൽ വളകിലുക്കം തുളുമ്പി.
‘‘അല്ലേടീ നെന്നെ ഞാൻ മുമ്പ് കണ്ടിട്ടുണ്ടല്ലോടീ...,'' അയാളതു പറഞ്ഞൊരു വളിച്ച ചിരി ചിരിച്ചു.
അതു കണ്ടപ്പോൾ സ്വന്തം അപ്പന്റെ മുഖമാണ് അവൾക്കോർമ്മ വന്നത്. എല്ലാ വഷളൻ ആണുങ്ങൾക്കും ഒരേ മുഖമെന്തിനാണ് ദൈവം കൊടുത്തതെന്ന് അവളന്നേരം വെറുതെ ചിന്തിച്ചു.
‘‘എന്തൂട്ടാ നെന്റെ പേര്?''
‘‘ലിസ!''
അവളൊരു നുണ പറഞ്ഞു.
അതുകേട്ട് അയാൾ കുലുങ്ങിച്ചിരിച്ചു.
‘‘പൊളി പേരാണല്ലാ... നെനക്ക് എങ്ങട്ടാ പോണ്ടേ?''
‘‘റെയിൽവേ ഗേറ്റിന്റടുത്ത് വിട്ടാ മതി.''
‘‘ഏത്? ചങ്ങലഗേറ്റിന്റടുത്താ?''
‘‘ആം...,'' അവൾ മൂളി.
‘‘അവ്‌ടെന്തൂട്ടാന്റ്രീ ഈ അസമയത്ത്? ഒരു അന്തംകുന്തല്ല്യാത്ത സ്ഥലാട്ടാ...’’
അയാൾ അവളെ നെറ്റിചുളിച്ച് നോക്കി.

‘‘അവ്‌ടെ വിട്ടാ മതി...,'' അവൾ ശബ്ദം കനപ്പിച്ചു.

‘‘ആ,'' എന്നു മൂളി മുഖം കോട്ടി, അയാളൊന്ന് അയഞ്ഞിരുന്നു.
എന്നിട്ടും കുറച്ചു കഴിഞ്ഞപ്പോൾ ഇരിക്കപ്പൊറുതി മുട്ടി സീറ്റിലിരുന്ന് പുകഞ്ഞു.

‘‘അല്ലേട്യേയ്... നെന്നെ മുമ്പെവിട്യോ കണ്ട പോലുണ്ടല്ലോടീ...''
അയാൾ വീണ്ടും അവളിലേക്ക് തിരിഞ്ഞൊന്ന് ചാഞ്ഞു.
‘‘അവളും നെന്നെപ്പോലിരുന്ന്... ആ ചെക്കന്റൊപ്പം വന്ന പെണ്ണ്!''

പഴയ ഏതോ ഓർമയിലേക്കൊന്ന് അമർന്നിരുന്ന് അയാൾ തുടർന്നു:
‘‘ചെക്കനും പെണ്ണും വണ്ടീല് മുട്ട്യുരുമ്മിയിരുന്ന്... അവര് ങ്ങ്ട് പുതുപ്പെണ്ണും ചെക്കന്വായി കളീം ചിരീം. പെണ്ണിന്റെ കവിളില് നാണം. ചെക്കന്റെ ചുണ്ടില് ശൃംഗാരം. പെട്ടെന്നങ്ങട് ഓട്ടോയ്ക്ക് പിന്നാലെ ഒരു ജീപ്പാങ്ങ്ട് പാഞ്ഞാ വന്നു. ജീപ്പിലപ്പടി തൃശ്ശൂർ പൂരത്തിന്റാള്. ചെക്കനും പെണ്ണും പേടിച്ച് കിറുങ്ങി... ഞാൻ ണ്ടല്ലാ വണ്ട്യാ കത്തിച്ചങ്ങ്ട് വിട്ടു. മുന്നിൽ ഓട്ടോ, പിന്നില് ജീപ്പ്. കൊറേ ദൂരങ്ങനെ ങ്ങ്ട് പോയി. അവസാനം ണ്ടല്ലാ അവന്മാര് വെട്ടിച്ച് വലംവെച്ചാ നിർത്തി...''

ചങ്ങലഗേറ്റും കടന്ന് റെയിൽവെ ലെയിൻ ക്രോസ് ചെയ്ത്​ കുറച്ചു ദൂരം മുന്നോട്ടു പോയാൽ അപ്പുറത്ത് കാണുന്ന പള്ളിയുടെ പിന്നിൽക്കൂടിയുള്ള കയറ്റം കയറിയിറങ്ങിയാലൊരു മലമ്പ്രദേശത്തേക്കെത്തും. ആ ചെരുവിലെ കാടിനു നടുവിലൂടുള്ള പാതയിൽ അവരുടെ വണ്ടികളങ്ങനെ വിലങ്ങനെ കിടന്നു.
ജീപ്പിൽ നിന്ന്​ ആളുകൾ ചാടിയിറങ്ങി. മുന്നിൽ നടന്നത് പ്രായമായ ഒരാളാണ്. തലമുഴുവൻ നര പടർന്ന് കഷണ്ടി കയറിയ മനുഷ്യൻ. കണ്ണുകൾക്ക് കീഴെ വീർത്ത് തടിച്ച്... ആ കണ്ണിലൊരുപിടി കനലെരിഞ്ഞു കൊണ്ടിരുന്നു.

കുടവയറും കുലുക്കി വന്ന അയാൾക്കു പിന്നാലെ ഒരു പുരുഷാരം ആർത്തലച്ചു വന്നു. അവർക്കു മുന്നിലൊരു ചെക്കൻ കലിപൂണ്ട് കിതച്ചു കുതിച്ചു നടന്നു. അവന്റെ കയ്യിൽ നീണ്ടയൊരു ഇരട്ടക്കുഴൽ തോക്ക് തീതുപ്പാനൊരുങ്ങി നീണ്ടുകൂർത്തിരുന്നു.

നിർത്തിയിട്ട ഓട്ടോയ്ക്കരികിൽ വെടിയേറ്റു വീണ കാട്ടുപന്നിയ്ക്കു ചുറ്റുമെന്ന പോലെ അവർ കൂടിനിന്നു.

‘‘എറങ്ങെടി അറുവാണിച്ചീ...,'' വയസ്സൻ അലറി.
അവൾ ഭയന്നുവിറച്ച് അടുത്തിരുന്ന ചെക്കന്റെ കയ്യിൽ ബലമായി പിടിച്ചു. കൂട്ടിൽ പെട്ട വെരുകിനെപ്പോലെ അവരുടെ ഉള്ളം കിടന്നോടി.

അന്നേരം അപ്പുറത്തെ വശത്തു കൂടെ രോമം നിറഞ്ഞ ഒരു കാല് ഓട്ടോറിക്ഷയ്ക്കുള്ളിലിരുന്ന ചെറുപ്പക്കാരന്റെ ഇടനെഞ്ചിലാഞ്ഞുപതിച്ചു. കാട്ടുപുലിയുടെ ശൗര്യത്തോടെ കാറിക്കൊണ്ട് പുറത്തു നിന്നവരെല്ലാം കൂടി അയാളെ കടിച്ചുവലിച്ച് പുറത്തെടുത്തു.

അയാളെ പൂണ്ടുകെട്ടിപ്പിടിച്ചു കരഞ്ഞാർത്ത അവളുടെ കൈയ്ക്കു പിടിച്ചുതിരിച്ച് ഓട്ടോയ്ക്ക് പുറത്തേക്ക് കൂട്ടത്തിൽ വയസ്സനായയാൾ വലിച്ചെറിഞ്ഞു. അതവളുടെ അപ്പനായിരുന്നു.
‘‘എടീ നെന്നോട് ഞാൻ പറഞ്ഞോടീ... നാലേ നാലു നാള്ക്ക് നെന്റെ പൊറുതി തീർക്കുംന്ന് ഞാൻ പറഞ്ഞാടീ...,'' അയാൾ വിയർത്തു കുതിർന്ന് ഉച്ചത്തിൽ പുലമ്പിക്കൊണ്ടിരുന്നു.

പെണ്ണിനെ അവളുടെ അപ്പൻ കൈകൂട്ടിപ്പിടിച്ച് ഒരു കുറ്റവാളിയെന്നോണം വലിച്ചോണ്ട് പോയി. ചെക്കനെ അവളുടെ അനിയനും കൂട്ടാളികളും ചേർന്ന് അടുത്തുള്ള കാട്ടിലേക്ക്, ഒരു തെരുവുപട്ടിയെ എന്നോണം വലിച്ചിഴച്ചു.
കാട് ശാന്തമായിരുന്നു. മന്ദം കാറ്റിലുലഞ്ഞങ്ങനെ വീശിയാടിക്കൊണ്ടിരുന്നു. അവിടേക്കാണ് കർത്താവിനെപ്പോലെ ക്രൂശിക്കപ്പെട്ട ഒരു മനുഷ്യശരീരവും പേറി അശാന്തമായ അനേകം ശരീരങ്ങൾ കൊടുങ്കാറ്റായി കടന്നു ചെന്നത്.
കാട് പെട്ടെന്ന് പ്രക്ഷുബ്ധമായി. കാടിനു നടുവിലൂടെ ഒരു കൊച്ചരുവി ഒഴുകുന്നുണ്ടായിരുന്നു. വലിയൊരു മരത്തിനു കീഴെ, പുല്ലും ചെളിയും കരിമണ്ണും കൂടിക്കിടന്നിടത്ത് പെണ്ണിന്റെ ചെക്കനെ അവർ ചവുട്ടിക്കൂട്ടിയിട്ടു. പിന്നെ പൊന്തക്കാട്ടിനരികിലെ പുൽത്തകിടിയിൽ മലർന്നു കിടന്നവർ കിതച്ചു. അരയിൽ തിരുകിയ കുപ്പി പൊട്ടിച്ച് വായിലേക്ക് കമിഴ്ത്തി. ഉള്ളാകെ കറ പരത്തുമാറ് കഞ്ചാവും ബീഡിയും പുകച്ചു തള്ളി.

ക്രൂശിതനായ യുവാവിന് അനക്കം വെച്ചു. കിടന്നിടത്തു തന്നെ കിടന്നയാൾ ചലിക്കാൻ തുടങ്ങി. ഒടിഞ്ഞ കാലും ചതഞ്ഞ നെഞ്ചും കൂസാക്കാതെ അയാളൊരു ഉരഗമായി പാഞ്ഞിഴഞ്ഞ് അരുവിയിലേക്ക് എടുത്തുചാടി.
അപ്പനും മോളും തമ്മിൽ റോഡിന് മറുവശത്തായി പാറകൾ നിറഞ്ഞ വെളിമ്പ്രദേശത്ത് മനസ്സുകൾ കൊണ്ടൊരു മൽപ്പിടുത്തം നടത്തുകയായിരുന്നു.
‘‘എന്നെ വിട്... ഞാൻ പൊക്കോട്ടെ. എന്നെ ജീവിക്കാൻ വിടപ്പാ...,'' മകൾ കരഞ്ഞു പറഞ്ഞു.

‘‘നെന്റെ ശവാടീ ഇവ്‌ടെന്നെടുക്കാ... നീയെന്തൂട്ടെണ്ടീ കരുത്യേയ്...''

അയാൾക്ക് കോപം മൂർച്ഛിച്ച് ശ്വാസംമുട്ടാൻ തുടങ്ങി.
മകൾ അയാൾക്കു മുന്നിലൊരു കുഞ്ഞുവാവയായി. അയാളുടെ വിരലിൻ തുമ്പും പിടിച്ച്, ഒരു പെൺകുഞ്ഞായി മാറി, അവൾ പറമ്പു മുഴുവൻ ഓടിനടന്നു. ഒരു കല്ലിൽ തട്ടി അവളൊന്നു വീണു. അപ്പനായി അയാൾ ഓടിയടുത്ത് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. ഉരഞ്ഞുപൊട്ടിയ കാൽമുട്ടിൽ കമ്യൂണിസ്റ്റ്പച്ചയുടെ ഇല പിഴിഞ്ഞ് അതിന്റെ ചാറിറ്റിച്ചു. നീറ്റലിന്റെ നോവലിലും അവൾ അയാളെ പുണർന്ന് ആശ്വസിച്ചൊന്ന് പുഞ്ചിരിച്ചു.

അവളുടെ അമ്മ പ്ലമേനയെ അയാൾക്ക് ഓർമ്മ വന്നു. എന്നും നടുവേദനയായിരുന്നു അവൾക്ക്. തിരിച്ചു കിടത്തി ധന്വന്തരം കുഴമ്പ് ചൂടാക്കി, അവളുടെ പുറവടിവുകളിലൂടെ വിരലമർത്തി തടവുമ്പോൾ അവൾ പുണ്യാളനോട് പ്രാകി: ‘‘ജേക്കബ്ബേട്ടാ നിങ്ങക്കൊരു കൊച്ച്‌നെ പെറ്റുതരാൻ എന്നെക്കൊണ്ട് പറ്റീല്യാലോ... ന്റെ സെബാസ്ത്യാനോസ് പുണ്യാളോ കേട്ടോണേ പ്രാർത്ഥന...''

കർത്താവിന്റെ അനുഗ്രഹം കൊണ്ടാണോ എന്നറിയില്ല, ആ വർഷം പള്ളിപ്പെരുന്നാളിന്റന്ന് പാതിരാ കുർബാനക്ക് എല്ലാവരും പോയ നേരത്ത്, കാമനകൾ കൊണ്ടവൾ അവരുടെ ശരീരങ്ങളുടെ ആഴങ്ങളിലേക്ക്, ഇരുവശവും പൂക്കൾ പൂത്തുവിടർന്നു നിൽക്കുന്നൊരു വഴിവെട്ടി. അതിലൂടെ അയാളെ നഗ്‌നനാക്കി അവൾ ആനയിച്ചു. എന്നത്തേയും പോലെ എണ്ണ ചൂടാക്കി നടുവിന് തടവിക്കാനാകും വിളിക്കുന്നതെന്നാണയാൾ കരുതിയത്. അങ്ങാടീലെ ലോനപ്പൻ കോൺട്രാക്ടറുടെ ബംഗ്ലാവിൽ പെരുന്നാൾ പ്രമാണിച്ച് ഒരുക്കിയിട്ടുള്ള മദ്യസത്ക്കാരത്തെ കുറിച്ചോർത്ത് അയാൾ ഇടയ്ക്കിടെ അക്ഷമനായിക്കൊണ്ടിരുന്നു.
കൂവളത്തിന്റെ ഇലയിട്ട് കാച്ചിയ എണ്ണയുടെ മദഗന്ധത്തിൽ അവളുടെ ശരീരം ആർദ്രമായി തുടിച്ചു. അതിന്റെ ലഹരിയിൽ അയാളുടെ ഇടുപ്പ് ത്രസിച്ചാർത്തു. ലോനപ്പന്റെ ചായ്പ്പിലിരുന്ന് പന്നിയിറച്ചി വരട്ടിയതും നക്കി നല്ല ഒന്നാന്തരം സ്‌കോച്ചും നുണഞ്ഞ്, രാത്രി കൂടെക്കിടക്കാനെത്തുന്ന ചേടത്ത്യാരുടെ ഞൊറിയിട്ട ഒറ്റമുണ്ടിന്റടിയിലെ ചന്തിക്കുലുക്കവും ഓർത്ത് അയാൾ മയങ്ങിക്കിടന്നു.

അയാളുടെ നെഞ്ചിലെ കാട്ടിലൊരു മന്ദമാരുതനായി അവൾ വീശിയടിച്ചു. അതിൽ മതിമറന്ന് വല്ലാത്തൊരു ഭോഗാലസ്യതയിലേക്ക് അയാൾ ഊർന്നൂർന്നു പോയി.
ഇരുംകൈയ്യും കർത്താവിലേക്കുയർത്തി, പുണ്യാളന്റെ അനുഗ്രഹം ചൊരിയുന്ന കുന്തമുനകളായി മുല കൂർപ്പിച്ച് മേലോട്ട് തുള്ളിക്കുതിച്ച്, അയാളുടെ കുടവയറിനെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ഉയർന്നുപൊങ്ങി കിതച്ചു കൊണ്ടവൾ അയാളെ ഭോഗിച്ചു. രതിമൂർച്ഛയുടെ ആദ്യപടിയിലെത്തിയ പ്ലമേന, കാറ്റിലുലഞ്ഞൊരു പൂളമരമായി അയാളിലേക്ക് ചാഞ്ഞു. ബീഡിക്കറ മുറ്റിയ അയാളുടെ കറുത്തു തടിച്ച ചുണ്ടുകളെ അവൾ ഞാവൽപ്പഴമെന്നോണം ഈമ്പിക്കൊണ്ട് കടിച്ചുവലിച്ചു.
മദഗന്ധം മൂക്കിലേക്കടിച്ചു കയറി മത്തുപിടിച്ച് മലർന്നടിച്ചാർത്ത് കിടന്ന് ജേക്കബ്ബ് ഒരുവട്ടം സ്വർഗ്ഗം കണ്ടിറങ്ങി വന്നു. ഒന്നുപൊങ്ങി, തലയുയർത്തി അയാൾ തന്നിലേക്ക് തന്നെ വിശ്വാസം വരാതെ തുറിച്ചുനോക്കി.

അങ്ങാടിയിൽ പന്നിയിറച്ചി വെട്ടി വിറ്റാണ് പ്ലമേനയുടെ അപ്പൻ പണക്കാരനായത്. കുട്ടിക്കാലം മുതലെ, തലക്കടിച്ചു കൊല്ലപ്പെടാനായി വളർന്നു പെരുക്കുന്ന പന്നിക്കൂട്ടങ്ങളെ കാണാനായി അവൾ പന്നിക്കൂട്ടിൽ ഒളിഞ്ഞു നോക്കുമായിരുന്നു. കൂടം കൊണ്ട് തലയ്ക്കടിച്ചു കൊല്ലുംമുമ്പ് പന്നികളുടെ നിറംതലയിലൊരു വിറയൽ വരും. അതു കാണുമ്പോൾ അവൾക്ക് കുളിരുകോരുമായിരുന്നു. അതേ അനുഭൂതിയാണ് ജേക്കബ്ബിന്റെ നഗ്‌നതയിലേക്ക് ഒളിഞ്ഞു നോക്കിയപ്പോൾ പ്ലമേനയിൽ നിറഞ്ഞത്. അത് അവളുടെ മനമാകെ കവിഞ്ഞൊഴുകി. തടിച്ചു കൂർത്ത അവളുടെ ചുണ്ടിൽ, തലയൊന്നുയർത്തി തുപ്പലുകൂട്ടിയൊന്നൂടെ ചുംബിച്ച് അയാൾ വല്ലാത്തൊരു അലർച്ചയോടെ നിലംപതിച്ചു. അതിലാണ് അവൾ നിറവയറായത്.

‘‘എനിക്ക് പേട്യാവണ്. ഇനി വല്ല ഇരട്ടയും പെറുമോ?'' പ്ലമേന അയാളുടെ കാതിൽ മന്ത്രിച്ചു.
അവളുടെ മുലക്കണ്ണുകൾ കുത്തിത്തറച്ച് അയാളുടെ നെഞ്ചിലാകെ തുളകൾ വീണു. അത്തരം അനേകായിരം ഭോഗാലസ്യയാമങ്ങൾക്ക് ശേഷമാണ് അവൾ അയാളെ എന്നന്നേയ്ക്കുമായി വിട്ടുപിരിഞ്ഞു പോയത്. അപ്പോഴേക്കും അവൾ മൂന്ന് പെറുകയും അതിലൊന്ന് ചാപിള്ളയായി മരിച്ചു പോവുകയും ചെയ്തിരുന്നു.

ആസ്മ മൂർച്ഛിച്ച് ശ്വാസം കിട്ടാതെ പിടഞ്ഞാണ് പ്ലമേന മരണപ്പെട്ടത്.
വീട്ടിലുള്ള പിടിപ്പത് പണിയെല്ലാം പോരാഞ്ഞിട്ട് ജേക്കബ്ബിന്റെ രാത്രിക്കുളിരും തീർത്താണ് അവൾ കുരച്ചുകിടന്നു നരകിച്ച് മരിച്ചതെന്ന് അയലത്തുകാർ പറഞ്ഞു പരത്തി. പ്ലമേനയുടെ കാമപൂർത്തിക്കായി കൂട്ടുകിടന്ന ഓർമ്മയിൽ നനഞ്ഞാനന്ദിച്ച് ജേക്കബ്ബ് അവരെ നോക്കി വെറുക്കനെ പുച്ഛിച്ചു ചിരിച്ചതേയുള്ളൂ.

ലിസയ്ക്ക്, അല്ല അതല്ല അവളുടെ യഥാർത്ഥ പേര്. അതവൾ ആന്റണിയോട് പറഞ്ഞ നുണപ്പേര് മാത്രമാണ്. ജേക്കബ്ബിന്റെ അമ്മാമ്മയുടെ ത്രേസ്യ എന്ന പേരാണ് പള്ളിയിൽ വെച്ച് അവർ അവൾക്കിട്ടത്. സ്‌ക്കൂൾ രജിസ്റ്ററിൽ, ഇത്തിരി പരിഷ്‌ക്കാരം മൂത്ത്, ആര്യ ജേക്കബ്ബ് എന്നും ചേർത്തു. എന്നാൽ വീട്ടിൽ അവളെ എല്ലാവരും ‘‘റിൻസാ,'' എന്നാണ് വിളിച്ചിരുന്നത്. അവൾക്ക് താഴെ ഒരു അനിയൻ ചെറുക്കനും പെൺകുഞ്ഞും കൂടി ജേക്കബ്ബിനും പ്ലമേനയ്ക്കും മക്കളായി പിറന്നു.
ജേക്കബ്ബിനു മൂത്തതായി ഒരു ആൺതരി ജനിച്ചത് കുഞ്ഞിലേ ദീനം വന്ന് മരിച്ചു പോയിരുന്നു. അവന് റിൻസൻ എന്നായിരുന്നു പേര്. ഒരു നേർത്ത ബ്ലാക്ക് ആന്റ് വൈറ്റ് ഓർമ്മയായി ജേക്കബ്ബിൽ റിൻസൻ ചേട്ടൻ എന്നും മായാതെ കിടന്നിരുന്നു. മരണക്കിടക്കയിലും ജേക്കബ്ബിന്റെ അമ്മയൊരു ഓർമ്മത്തെറ്റ് പോലെ അവനു വേണ്ടിയാണ് താരാട്ടു പാടിക്കൊണ്ടിരുന്നത്. അതിന്റെ ഓർമ്മയ്ക്കായിട്ടാണ് അവളെ അവർ ‘‘റിൻസാ,'' എന്നു വിളിച്ചത്. അങ്ങനെ വിളിക്കുമ്പോൾ കർത്താവിൽ വിലയംകൊണ്ട മൂത്ത സഹോദരനോടുള്ള സ്‌നേഹം ജേക്കബ്ബിലാകെ തുളുമ്പി നിന്നു.

പത്താം തരത്തിൽ പഠിക്കുന്ന കാലത്താണ് ആര്യയുടെ പ്രണയം ആദ്യമായി വീട്ടുകാരറിഞ്ഞത്. ഞായറാഴ്ചത്തെ വേദേശം ക്ലാസ്സും കഴിഞ്ഞ്, ഓരോരോ കാരണം പറഞ്ഞവൾ ഏതോ ചെക്കനെ കാത്ത് പള്ളിപ്പറമ്പിൽ പരുങ്ങി നിൽക്കാൻ തുടങ്ങി. പള്ളിപ്പറമ്പിന്റെ പുറകിലെ പാടത്തേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങേൽ ചാരിയിരുന്ന് കിന്നരിച്ചു നിന്ന അവളേയും കാമുകൻ ആൽവിനേയും പൊക്കിയത് കപ്യാര് ഉലഹന്നാനാണ്.
‘‘പെണ്ണിനെ നോക്കിക്കോ ജേക്കബ്ബേ...,'' കപ്യാര് ഒരു കൊണസ് നോട്ടത്തോടെ അന്നേ മുന്നറിയിപ്പ് നൽകി.

അതിൽ പിന്നെ അവൾക്കൊപ്പം ആരെയെങ്കിലും കൂട്ടിയേ പുറത്ത് വിടുമായിരുന്നുള്ളൂ. എന്നിട്ടും അവനുമായി അവൾ നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു. വലപ്പാട് കടപ്പുറത്തും ഠാണാ ബസ്സ്റ്റാന്റിലും അവര് രണ്ടാളും മുട്ടിയുരുമ്മി നിൽക്കുന്നത് കണ്ടവരുണ്ട്.

അവർ തമ്മിൽ മിണ്ടാൻ അവസരം കൊടുക്കാഞ്ഞിട്ടും അതെങ്ങനെ സംഭവിച്ചുവെന്ന് എത്രയാലോചിച്ചിട്ടും ജേക്കബ്ബിന് ഒരു എത്തുംപിടിയും കിട്ടിയില്ല. ഒരു ദിവസം, പെണ്ണിനെ മാറ്റി നിർത്തി അവളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അതിനുള്ളിലൊരു മൊബൈൽ ഫോൺ ഒളിപ്പിച്ചു വെച്ചത് കണ്ടുപിടിച്ചത്. അതവൻ വാങ്ങിക്കൊടുത്തതായിരുന്നു. അത് പിടിച്ചു വലിച്ചെടുത്ത് പതിനാല് കഷണമായി വലിച്ചെറിഞ്ഞ് പൊട്ടിച്ചിതറിച്ചപ്പോഴാണ് സമാധാനമായത്.
സൈക്കോളജിക്കൽ കൗൺസലിംഗെന്നും പറഞ്ഞ് ബോർഡും വെച്ചിരിക്കുന്ന ഫാദർ തെക്കന്റെ അടുത്തേക്ക് അവളെ വലിച്ചിഴച്ച് കൊണ്ടുപോയപ്പോഴും ജേക്കബ്ബിന്റെ കലിയടങ്ങിയിരുന്നില്ല.
ഫാദർ തെക്കനാണ്, ‘‘ദേഷ്യപ്പെട്ടതു കൊണ്ട് കാര്യമൊന്നുമില്ല,'' എന്നയാളെ ഉപദേശിച്ചത്.

അവളെ അരികിൽ വിളിച്ച് ഫാദർ സ്‌നേഹപൂർവ്വം ഗുണദോഷിച്ചു: ‘‘മകളേ, പെൺകുട്ടികൾ റോസാപ്പൂച്ചെടി പോലെയാണ്. ചട്ടിയിലായാലും മണ്ണിലായാലും നട്ടു വളർത്തുമ്പോൾ ചുറ്റും കമ്പി കൊണ്ടൊരു വേലി കെട്ടുന്നതെന്തിനാ? ആപത്തൊന്നും കൂടാതെ ചെടി നല്ലോണം വളരാൻ. അതുപോലാ അപ്പനും അമ്മേം നെനക്ക് ചുറ്റുമൊരു കരുതലിന്റെ വേലി കെട്ടുന്നത്. മനസ്സിലായോ?'' അച്ചൻ ചോദിച്ചു.

‘അച്ചോ, കമ്പി വേലിയൊന്നുമില്ലാതെ പള്ളിപ്പറമ്പിലെ മണ്ണിൽ റോസാപ്പൂ തഴച്ചു വളരണുണ്ടല്ലോ. അതുപോരേ?''
അവളുടെ മറുചോദ്യം കേട്ട് അച്ചൻ താൻ പഠിച്ച സൈക്കോളജിയെല്ലാം മറന്നുപോയി. ഫാദർ തെക്കൻ അന്നുവിളിച്ച പച്ചത്തെറി കേട്ട് പള്ളിയങ്കണത്തിലെ പുൽക്കൂമ്പുകൾ പോലും കരിഞ്ഞുണങ്ങി.

അതിനു ശേഷമാണ് ‘‘പഠിത്തത്തിൽ ശ്രദ്ധിക്കെടീ... പ്രേമോം കല്യാണോം അതു കഴിഞ്ഞാകാം... നിനക്കു താഴെയൊരു പെങ്കൊച്ച് വളർന്നു വരുന്നതാ...,'' എന്നൊക്കെയുള്ള അടവുകൾ അവർ പയറ്റി നോക്കിയത്. അതിൽ അവൾ വീണു എന്നാണ് കരുതിയത്.

എന്നാൽ വയസ്സ് പതിനെട്ടു തികഞ്ഞതിന്റെ അടുത്ത ദിവസം അവൾ ആരോടും ഒന്നുംപറയാതെ ഒളിച്ചോടി. അന്വേഷിച്ചപ്പോഴാണറിഞ്ഞത് അതവന്റൊപ്പം തന്നെയായിരുന്നു. ആൽവിൻ! വിശ്വാസികളാണെങ്കിലും അവരുടെ ഇടവക വേറെയായിരുന്നു. മാർഗ്ഗംകൂടിയവരാണ്. വീട് തേടിപ്പിടിച്ച് ഭീഷണിപ്പെടുത്താൻ ചെന്നപ്പോൾ, അവിടെ വല്ല വൃത്തിയും വെടിപ്പും കാണുമോന്നാണ് മനസ്സിലുണ്ടായിരുന്നത്. മൂന്നു സെന്റിലൊരു ചെറിയ വീട്. മുറ്റത്ത് നിറയെ ചെടികളാണ്. ചെറുക്കന് അതിന്റെന്തോ ബിസിനസ്സും ഉണ്ടത്രേ!
‘‘പെണ്ണിനെ ഇറക്കി വിട്ടില്ലേൽ കളി മാറും,'' എന്നൊക്കെ ഭീഷണിപ്പെടുത്തിയിട്ടും അവന്റപ്പൻ ഭയന്നില്ല.
‘‘അവരിവിടില്ല. രജിസ്റ്റർ കഴിയും വരെ അവര് ഇവിടേക്ക് വരികേമില്ല!''
അയാൾ പറഞ്ഞതു കേട്ട് ജേക്കബ്ബിന്റെ ചോര തിളച്ചു. അവളുടെ ഇളയതായി പിറന്നൊരുത്തൻ കയറുപൊട്ടിച്ച് പുറത്ത് നിൽപ്പുണ്ടായിരുന്നു. റിജു. കലി കയറിയാൽ അവൻ തനി ആങ്ങളയാണ്. എന്തിനും മടിക്കില്ല.
‘‘ഒരു കുഞ്ഞൊക്കെയാവുമ്പോ എല്ലാം മറക്കും. അത്രക്കല്ലേള്ളൂന്നൊക്കെ എല്ലാരും കരുതും. എന്തൂട്ട് കാട്ട്യായാലും ഞാൻ വിടൂല്ലാ അവളെ...'', റിജു വെറുതെ കലിതുള്ളി അലറിക്കൊണ്ടിരുന്നു.
‘‘അതാണ്ടാ അങ്ങനെ വേണം ആണായാ. നല്ല തന്തയ്ക്ക് പിറന്ന ആണാണ്ടാ നെന്റെ ചെക്കൻ,'' ജേക്കബ്ബിനെയൊന്ന് തോണ്ടി ലോനപ്പൻ പിരികേറ്റി.

റിജുവിനെ സ്വന്തം ആണഹന്തയിൽ നിന്നിറ്റു വീണ രക്തത്തുള്ളിയായി കരുതി തൊട്ട് നെറുകയിൽ വെച്ച് ജേക്കബ്ബ് കൊണ്ടാടി. അതിന്റെ ആവേശത്തള്ളിച്ചയിലാണ് അവന്റെ സംഘത്തിനൊപ്പം കൊലക്കനമുള്ള മനസ്സുമായി അയാൾ ഇറങ്ങിപ്പുറപ്പെട്ടത്.

ഒരു നിമിഷം ആ ഓർമയിൽ തറഞ്ഞ് വെറുമൊരു ഭർത്താവോ അപ്പനോ എന്നറിയാത്തൊരു തരിപ്പോടെ ജേക്കബ്ബ് പാറപ്പുറത്ത് കാലിടറി നിന്നു. കയ്യിലൊരു കടി കിട്ടിയതിന്റെ വേദന കടുത്തപ്പോഴാണ് ഭൂതകാലത്തെ കുടഞ്ഞെറിഞ്ഞ് അതിൽ നിന്നുമയാൾ എടുത്തുചാടി പുറത്തുകടന്നത്. അയാളുടെ കൈ കടിച്ചുപറിച്ച് നിലത്തുകിടന്ന് ഒരു പെണ്ണായി മകൾ കാറിക്കൊണ്ടിരുന്നു. അവളൊരു കൊച്ചുകുഞ്ഞല്ലെന്നും വളർന്നു വലുതായ ഒത്ത പെണ്ണാണെന്നുമുള്ള ബോധ്യം വന്നപ്പോൾ അയാളിൽ പകയും കോപവും ഒന്നിച്ചു കത്തി.
കയ്യിലിരുന്ന സിംഹത്തലയുള്ള മുനകൂർത്ത വാക്കിംഗ് സ്റ്റിക്ക് അയാൾ അവൾക്കു നേരെ വീശി. അതവളെ തൊടുംമുമ്പെ അയാളുടെ ഇടത്തേ ചെവിയ്ക്ക് മുകളിലായൊരു പാറക്കല്ല് വളകിലുക്കം പോലെ വന്നുപതിച്ചു. അതിലടിപ്പെട്ട് ബോധംനശിച്ച് മലർന്നടിച്ച് അയാൾ വീണു. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം കുടുകുടാ ചീറ്റിയൊഴുകി.

അന്നേരം അപ്പുറത്ത് കാടിനുള്ളിൽ നിന്നും വെടിയൊച്ചയുയർന്നു. ഒന്നിനു പുറകെ മറ്റൊന്നെന്നോണം വീണ്ടും വെടി പൊട്ടി. അത് അവിടമാകെ പ്രതിധ്വനിച്ചു.
‘‘ആൽവീ...,'' അവളിലൊരു കരച്ചിൽ പിടഞ്ഞു.

അപ്പന്റെ ചോരയിൽ കൈകുത്തിയെഴുന്നേറ്റ് അവൾ കാടു തേടി തിരിഞ്ഞോടി. അവൾക്കു മുന്നിൽ പാറക്കൂട്ടങ്ങൾ വഴിമാറി. ചരൽക്കല്ലുകൾ പരന്നുകിടന്ന വഴിത്താരയിൽ താമരമുകുളങ്ങൾ പാദപത്മമായി വിരിഞ്ഞു.
കല്ലും കട്ടയും ഇറക്കങ്ങളും മുടുക്കുകളും താണ്ടി അവൾ കുന്നിറങ്ങി മുന്നിൽ കണ്ടൊരു വഴിയിലേക്കിറങ്ങിച്ചെന്നു. അവിടെ അവളെ കാത്തെന്നോണം അതേ ഓട്ടോറിക്ഷ കിടപ്പുണ്ടായിരുന്നു. അതിനുള്ളിൽ നിന്നും വീണ്ടുമൊരു ഓട്ടോ ഡ്രൈവറായി ആന്റണി തല പുറത്തേക്ക് നീട്ടി.

‘‘എങ്ങാട്ടാൻഡ്രേയ്?... നീയ്യ് അവളല്ലേ? നീ എങ്ങനെ രക്ഷപ്പെട്ടെടീ...''

കത്തിപ്പുകഞ്ഞ സിഗരറ്റിലെ കരിഞ്ഞ സ്‌പോഞ്ച് തുപ്പിക്കളഞ്ഞ് അയാൾ പുറത്തിറങ്ങി. അയാളെ അവളൊരു പെണ്ണിന്റെ സൂക്ഷ്മനോട്ടത്താൽ അളന്നു.
‘‘നീ കേറിക്കോ... എവ്ട്യാച്ചാ കൊണ്ടാക്കാ...,'' അയാളൊരു വഷളൻ ചിരി ചിരിച്ചു.
‘‘ചേട്ടാ എന്നെയാ കാടിന്റടുത്ത് കൊണ്ടോവോ? അവര് ആൽവിനെ അവിടേക്കാ കൊണ്ടോയേ...''

‘‘നീ കേറെടി പെണ്ണേ...,'' അയാളൊരു ചൂളം കുത്തിക്കൊണ്ട് വണ്ടി തിരിച്ചു.
ഓട്ടോയിലേക്ക് കയറുമ്പോൾ അവളുടെ കാലാകെ നീറി. തുടയെല്ലാം ഉരഞ്ഞു പൊട്ടി അവിടമാകെ രക്തം കട്ടപിടിച്ചു കിടന്നു. വേദനയിൽ നൊന്ത് അവളൊന്ന് ഞെരങ്ങി.
‘‘എന്തൂട്ടാടി മോളേ പറ്റീത്?''

അയാളുടെ കഴുകൻ കണ്ണുകൾക്കൊപ്പം രോമം കട്ടപിടിച്ചു കിടന്ന കൈയ്യും പുറകിലേക്ക് നീണ്ടുവന്നു. കീറിപ്പറിഞ്ഞ അവളുടെ വസ്ത്രങ്ങൾക്കുള്ളിലേക്ക് അതൊരു വിഷസർപ്പമായി ഇഴഞ്ഞു കയറി.
‘‘പ്ഫ നാറീ...,'' അവൾ ആ കൈ തട്ടിമാറ്റിക്കൊണ്ട് ചീറി.

അയാളിലെ ആണിന്റെ കൊമ്പ് ഒടിഞ്ഞുവീണു. അതിൽ കെറുവിച്ച് അയാൾ അവളുടെ തുട തന്റെ കയ്യിലിട്ട് ഞെരിച്ചു. ആ നിമിഷത്തിൽ ഞെരിഞ്ഞുപുളഞ്ഞൊന്ന് തിരിഞ്ഞു കൊണ്ടവൾ അയാളുടെ മുഖത്ത് മുട്ടുകൈ കൊണ്ട് ആഞ്ഞിടിച്ചു.

പ്രളയം വന്ന് ബണ്ട് പൊട്ടിയൊലിച്ച പോലൊരു മുഴക്കത്തോടെ അയാളുടെ മൂക്കിന്റെ പാലം പൊട്ടിത്തകർന്നു. മുഖമാകെ രക്തം ഒഴുകിപ്പരന്ന് തോരാമഴയായി താഴോട്ട് പെയ്യാൻ തുടങ്ങി. വണ്ടി അപ്പോഴും കുടുങ്ങിക്കുടുങ്ങി ഓടിക്കൊണ്ടിരുന്നു.

തുടയിൽ നിന്ന്​ അയാളുടെ പിടിയൊന്ന് അയഞ്ഞപ്പോൾ, ‘‘നിർത്തെടാ തെണ്ടീ വണ്ടി,'' എന്ന് അലറിക്കൊണ്ടവൾ വണ്ടിയാകെ പിടിച്ച് കുലുക്കാൻ തുടങ്ങി. അതിൽ ഭയന്നുലഞ്ഞ് അയാൾ വണ്ടിയൊന്ന് അരികിലേക്കൊതുക്കി. വേഗത കുറഞ്ഞ തക്കത്തിന് ഒരു കാട്ടുപൂച്ചയായി അവൾ ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടി.

ചരൽ വീണ വഴിയിൽ തഞ്ചത്തിൽ നിലയുറപ്പിച്ചുകൊണ്ട് അവൾ അയാൾക്കു നേരെ കാർക്കിച്ചു തുപ്പി. എന്നിട്ട് അപ്പുറത്ത് മേലാപ്പ് പോലെ ഉയർന്നു പൊങ്ങിക്കിടന്ന വിതാനത്തിലേക്ക് കാട് തേടി ഏന്തിവലിഞ്ഞ് നടക്കാൻ തുടങ്ങി. രക്തം ചീറ്റുന്നൊരു മനുഷ്യപ്രേതമായി ഓട്ടോയിൽ അയാൾ അവളെ പിന്തുടർന്നു.
കാട്ടിലേക്കവൾ കാലെടുത്ത് വെച്ചതും കാടടക്കി വിറപ്പിച്ചു കൊണ്ട് അവളുടെ ആങ്ങളയും കൂട്ടരും അതിനുള്ളിൽ നിന്നും പുറത്തേക്ക് ചീറി വന്നു. അവരെല്ലാം വല്ലാതെ ആകുലരായിരുന്നു. അവളെ കണ്ടതും ആങ്ങളച്ചെക്കൻ പാഞ്ഞു വന്ന് ചെകിട്ടത്തൊരടി കൊടുത്തു. അതിലൊന്ന് തളർന്ന് നിലത്തിരുന്ന് അവൾ അവന്റെ കാലിൽ ദുർബലമായൊരു അടി തിരിച്ചടിച്ചു. അതിലലിഞ്ഞു കിടന്ന സ്‌നേഹത്തിൽ തറഞ്ഞ് അവൻ നിന്നു.

‘‘എന്തൂട്ടാൻഡ്രാ നോക്കി നിക്കണേ... കൊല്ലടാ ഈ നായിന്റെ മോളേ...,'' പിന്നിൽ നിന്നും ആന്റണി വിളിച്ചു പറഞ്ഞു.

ആങ്ങളച്ചെക്കൻ അയാൾക്കു നേരെ പാഞ്ഞു ചെന്ന്, രക്തം കിനിഞ്ഞൊട്ടിക്കിടന്ന ഷർട്ടിൽ പിടിച്ചുനിർത്തി അലറി: ‘‘എവിട്രാ എന്റപ്പൻ?''
‘‘ഈ ഡേഷ് മോളോട് ചോയ്ക്ക്...,'' ആന്റണിയുടെ വായിൽ നിന്നും ചോര തെറിച്ചു.
‘‘നീയാണ്ടാ അവനും ഇവൾക്കും സഹായം ചെയ്യണത്?'' റിജു അയാളെ ചോദ്യം ചെയ്തു.

അവനിലെ ഇടഞ്ഞ കൊമ്പനു മുന്നിൽ കൈകൂപ്പി വണങ്ങി അയാൾ കെഞ്ചി: ‘‘അല്ല മോനേ... നീയും ഞാന്വൊക്കെ ഒരു ജാത്യല്ലേ? ഞാങ്ങനെ ചെയ്യോ...''
അവർ തമ്മിൽത്തമ്മിൽ നോക്കി. അവരുടെ കണ്ണുകളിൽ വന്യമായൊരു വംശീയക്കലിയുടെ കനലൊളി ചിതറി. നോട്ടത്തിലൂടെ അവരത് പരസ്പരം കൈമാറി.

വർഷങ്ങൾക്കു ശേഷം, അതേ ഓട്ടോക്കുള്ളിലിരുന്നൊന്ന് തിരിഞ്ഞ്, അവളെ നോക്കി ആന്റണി തുടർന്നു: ‘‘അന്ന് ഞാനില്ലാരുന്നേൽ അവരവളെ കൊന്നേനെ...'
അയാളത് പറഞ്ഞു നിർത്തിയതും, കയ്യിൽ കരുതിയിരുന്ന കയറിട്ട് അയാളുടെ കഴുത്തിൽ അവൾ കുരുക്കിട്ട് മുറുക്കിയതും ഒരുമിച്ചായിരുന്നു. ശ്വാസംമുട്ടി പിടയുമ്പോൾ അയാൾ അവളുടെ പ്രേതസമാനമായ തനിസ്വരൂപം അവസാനമായി കണ്ടു.

‘‘ആണോടാ നാറീ... ആണോടാ? അതാണോടാ നീ ചെയ്‌തേ?'' ഭൂതാവേശിതയായ പെണ്ണായി അവൾ കാറിക്കൊണ്ടിരുന്നു.

അന്ന്, സ്വന്തം ആങ്ങളയുടെ അടിയും ചവിട്ടുമേറ്റ് കയ്യും കാലുമൊടിഞ്ഞ് മരണത്തെ പുൽകാനൊരുങ്ങി പൊന്തക്കരികിൽ മരിച്ചു കിടന്ന അവൾക്കരികിലേക്ക് ഒരു അരണയെപ്പോലെ ആന്റണി നിരങ്ങി വന്നു. രക്തം കിനിഞ്ഞു കട്ടപിടിച്ചു കിടന്ന അവളുടെ നഗ്‌നതയിലേക്ക് അയാൾ ആർത്തിപൂണ്ടമർന്നു. പാതിബോധത്തിൽ കിടന്ന അവൾ എന്തൊക്കെയോ അറിഞ്ഞു. ശവഭോഗിയുടെ ആർത്തിയോടെ അയാളവളുടെ ശരീരമാകെ ആക്രാന്തത്തോടെ നക്കിത്തുവർത്തി; കടിച്ചു കുടഞ്ഞു. അവളിലെ ശ്വാസം നിലക്കും വരെ അയാളത് തുടർന്നു.

‘‘ശവഭോഗീ... ഇതാണോടാ നീ നിന്റെ മോളോടും ചെയ്യാ...,'' അയാളുടെ കഴുത്തിൽ പ്രതികാരദാഹത്തോടെ കുരുക്കിട്ട് മുറുക്കുമ്പോൾ അവൾ ആരെല്ലാമോ കേൾക്കാനായി ഉറക്കെയുറക്കെ അലറിക്കൊണ്ടിരുന്നു.

അതിനു ശേഷം, ഓട്ടോറിക്ഷയിൽ നിന്നുമിറങ്ങിയ അവളുടെ പാദങ്ങൾ നിലത്ത് മുട്ടുന്നുണ്ടായിരുന്നു. അവളുടെ അഴിഞ്ഞുലഞ്ഞ മുടി പനങ്കുല പോലെ മുട്ടോളം നീണ്ടതായിരുന്നില്ല. അവളുടുത്തിരുന്നത് വെള്ള സാരിയുമായിരുന്നില്ല. എന്നിട്ടും അപ്പന്റെ വാക്കു കേൾക്കാതെ, കുലം നോക്കാതെ പ്രേമിച്ച് ഓടിപ്പോയി ഒരു അന്യജാതിക്കാരനെ കെട്ടിയ അവളുടെ കുടലു കുത്തിക്കീറി ചങ്ങലഗേറ്റിനടുത്ത് കുഴിച്ചിട്ട കഥ ഒരു പ്രേതകഥയായി അങ്ങാടിയിലാകെ പരന്നു.

വളർന്നുവരുന്ന തലതെറിച്ച തലമുറക്കൊരു താക്കീതായി അവളുടെ തലവെട്ടി അങ്ങാടിത്തിരിവിലെ ബസ്സ്റ്റാന്റിനടുത്തുള്ള പാലമരച്ചുവട്ടിലും കൊണ്ടിട്ടിരുന്നുവത്രെ! അതിൽപ്പിന്നെ പ്രതികാരദാഹിയായ അവൾ, പാതിരാവുകളിൽ അവിടെ നിന്നും ചങ്ങലഗേറ്റിനടുത്തേക്ക് ഓട്ടോറിക്ഷ പിടിച്ചുപോവുകയും ഓട്ടോ ഡ്രൈവർമാരെ ആക്രമിക്കുകയും ചെയ്തു പോന്നു. അവൾക്ക് കലി കയറുന്ന ദിവസങ്ങളിൽ ചങ്ങലഗേറ്റിനടുത്ത് തീവണ്ടികൾ പാളം തെറ്റി. യാത്രികർക്ക് മുന്നിൽ നിലം പിളരുംവിധം ഇടിവെട്ടി.
അതുംപറഞ്ഞ് പിന്നിൽ പതുങ്ങിയിരിക്കുന്ന പെണ്ണിനെയൊന്ന് പേടിപ്പിക്കാനായി തിരിഞ്ഞ ആന്റണി ഞെട്ടിത്തരിച്ചു പോയി. പിൻസീറ്റിൽ ആരുമുണ്ടായിരുന്നില്ല. അവളിരുന്ന സ്ഥാനത്ത് സീറ്റ് പൊളിച്ച് ഉയരത്തിൽ ഒരു പാലമരം വളർന്നു നിന്നിരുന്നു.

ബോധം പോയി പാതി മരിച്ച നിലയിലാണ് ആന്റണിയെ നാട്ടുകാരിലാരോ അടുത്ത ദിവസം കണ്ടെത്തിയത്. കഴുത്തിൽ കയറിട്ട് കുരുക്കിയ പോലത്തെ പാടുകൾ കാണാമായിരുന്നു. ജീവൻ ഏറെക്കുറെ പൊയ്‌പ്പോയ നിലയിലാണ് ആശുപത്രിയിൽ കൊണ്ടു ചെന്നത്.
‘‘എന്താ പറ്റിയത്?'' എന്നു ചോദിച്ചപ്പോ പേടിച്ചരണ്ടതു പോലെ ആകാശത്തേക്ക് തുറിച്ചു നോക്കിക്കൊണ്ട് അയാൾ വിറങ്ങലിച്ച് കിടന്നതേയുള്ളൂ. ജീവൻ തിരിച്ചു കിട്ടിയെങ്കിലും ഒരു വശം മുഴുവനും തളർന്നു പോയിരുന്നു. ജീവച്ഛവമായുള്ള ആ കിടപ്പ് ഇന്നും തുടരുന്നു.

‘‘അന്നെക്കി കെടപ്പിലായത്ണ് അപ്പൻ. പിന്നെക്കി എൺറ്റിട്ടില്ല്യാ... കർത്താവിനെ അനുസരിച്ച് ജീവിച്ച മനുഷേനാ... കിടക്കണ കണ്ടില്ലേ...,'' ആന്റണിയുടെ മകൾ ഡെൽഫി കുടുംബരഹസ്യമായ പഴമ്പുരാണം പറഞ്ഞു നിർത്തി.

‘‘ആ പെണ്ണിനെന്തൂട്ട് പറ്റീടീ? ആ ആങ്ങളച്ചെക്കൻ ഇപ്പഴുണ്ടാ?'' കേട്ടിരുന്ന ക്ലാരാന്റിക്കൊരു സംശയം.
‘‘അവളെ അവര് കൊന്ന് കെട്ടിത്തൂക്കി. തല വെട്ടി അങ്ങാടിത്തിരിവിലെ ആ ബസ്സ്‌റ്റോപ്പിന്റടുത്തേ പാലച്ചോട്ടില് കൊണ്ടിട്ടിരുന്ന്... ആങ്ങളച്ചെക്കൻ കൊറേക്കാലം കഴിഞ്ഞ് ആര്‌ടെയൊ വെട്ടേറ്റ് ചത്ത്!''

എല്ലാവരേയും പോലെ ഡെൽഫിയും അതാവർത്തിച്ചു.
അതുകേട്ട് അവിടെ കൂടിയിരുന്നവരെല്ലാം ഒരു നെടുനിശ്വാസത്തോടെ കുരിശു വരച്ച് സന്ധ്യനേരത്തെ പ്രാർത്ഥനയ്ക്കായി എഴുന്നേറ്റു.

പിന്നീടെപ്പോഴോ ബെംങ്കളൂരുവിലെ മോളുടെ അടുത്തുപോയി കുറച്ചുകാലം നിന്നിട്ടു വന്ന ക്ലാരാന്റിയാണ് ആര്യയെയും ആൽവിനേയും പറ്റിയുള്ള പുതിയ ഗോസിപ്പ് അങ്ങാടിയിൽ പാട്ടാക്കിയത്.

‘‘മ്മ്‌ടെ വല്യങ്ങാടീലെ ജേക്കബ്ബിന്റെ മോളില്ലേ... ആ കോളനീന്നുള്ള കറുത്ത കൃസ്ത്യാനി ചെക്കനൊപ്പം ഓടിപ്പോയി കെടീട്ട് വീട്ടാര് വെട്ടിക്കൊന്നോള്... അവളെപ്പോലൊരുത്തീനെ ബാംഗ്ലൂരിലെ മാളില് വെച്ചു കണ്ടെന്ന് മോള് പറഞ്ഞ്. ഒക്കത്തൊരു കൊച്ചിനേം എടുത്തോണ്ട് പത്രാസില് പോണ്. അവൾടൊപ്പം ആ ചെക്കനും ഉണ്ടായിരുന്നെയ്... എന്തൂട്ടാണ്ടീ അവന്റെ പേര്... ആൽവിനോ കൂൽവിനോ എന്തൂട്ടോ...''

അതു തള്ളി, അങ്ങാടിക്കാരിലൊരാൾ പറഞ്ഞു: ‘‘പെരും നുണ. ചത്തു മണ്ണടിഞ്ഞ്, അങ്ങാടിത്തിരിവിലെ ബസ്സ്‌റ്റോപ്പിനടുത്തുള്ള പാലക്കൊമ്പിൽ താമസിക്കണ അവളെന്തൂട്ട് കാട്ടാനാണ്ടപ്പാ ബാംഗ്ലൂര് പോണേ?! അതും റിജൂന്റെ വെടികൊണ്ട് ചത്ത ചെക്കന്റൊപ്പം!''

അതിനടുത്ത വർഷം, പുതുമോടിയെല്ലാം വിട്ട്, കൊച്ചിനേം കൊണ്ട് ആര്യയും ആൽവിനും അങ്ങാടിയുടെ പടിഞ്ഞാറേ അറ്റത്ത് മാറിയുള്ള കോളനിയിലെ അവരുടെ തറവാട്ട് വീട്ടിൽ വരികയും, വറുത്ത കോഴിയും കുത്തരിച്ചോറും മാങ്ങാക്കറിയും മീനച്ചാറും കൂട്ടി വിരുന്നുണ്ട് തിരിച്ചു പോവുകയും ചെയ്തു. അതിനടുത്ത വർഷങ്ങളിലും അതാവർത്തിച്ചെങ്കിലും, പാലമരത്തിലുള്ള അവളുടെ പാർപ്പിനെ കുറിച്ച് അങ്ങാടിയിൽ പ്രചരിച്ച കഥയ്ക്ക് ശമനമൊന്നുമുണ്ടായില്ല. പൊടിപ്പും തൊങ്ങലും വെച്ച് അങ്ങാടിക്കാരത് ഓരോ തലമുറയോടും ആവർത്തിച്ച് പറഞ്ഞുകൊടുത്തു കൊണ്ടിരുന്നു. എല്ലാ പ്രാവശ്യവും കഥയ്ക്കവസാനമൊന്ന് നിർത്തിയിട്ട്, കുടുംബത്തിലെ പെമ്പിള്ളേരെയൊന്ന് തറപ്പിച്ച് നോക്കി, ഒരുപദേശമെന്നോണം അവർ ഊന്നിപ്പറഞ്ഞു: ‘‘അപ്പനും അമ്മേം പറഞ്ഞത് കേട്ട് നടന്നാ അവൾടെ ഗതി വരില്യാട്രീ!''

അതുകേട്ട് അവരുടെ പിള്ളേർ തലകുലുക്കി സമ്മതം മൂളിക്കൊണ്ട് ഉള്ളിൽ അടക്കിച്ചിരിച്ചു. അതിനു ശേഷം, അവർ വീടുകളുടെ അശാന്തതയിൽ നിന്നും പുറത്തുകടന്ന് അങ്ങാടിയുടെ ഓരത്ത് കൂട്ടം കൂടിയിരുന്ന്, പെണ്ണും ചെക്കനും പ്രണയിച്ച് കല്യാണം കഴിക്കുന്ന ഒരു ഗെയിം നല്ലവണ്ണം രസിച്ച് കളിക്കുന്നതിനുള്ള ചിട്ടവട്ടങ്ങളിലേക്ക് മുഴുകി. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


രൺജു

കഥാകൃത്ത്. 2018-ൽ ചാൾസ് വാലസ് ഫെല്ലോഷിപ്പോടെ ലണ്ടനിൽ ആർക്കൈവൽ ഗവേഷണം ചെയ്തു. Politics of Media ( ലേഖന സമാഹാരം) എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments