It's a different thing altogether; even though I degrade and defile myself, I'm still no one's slave; if I want to leave, I will.
_Liza, in Notes from the underground.
പാലായിൽ രണ്ടുമൂന്നിടത്ത് പാലാബേക്കേഴ്സ്സുണ്ട്. ഒന്ന് ടൗണിൽ തന്നെ. രണ്ടാമത്തേത് കൊട്ടാരമറ്റത്ത്. ഇതല്ലാതെ ഒരിടത്തു കൂടിയുണ്ട്. പെട്ടെന്നിപ്പോൾ ഓർമ്മ വരുന്നില്ല.
ടൗണിൽ നഗരസഭ ബിൽഡിങ്ങിന് തൊട്ടടുത്തായുള്ള മൂന്നു നില ബിൽഡിംഗ്. അതിന്റെ ഒത്ത മധ്യത്തിലായാണ് നേരത്തെ സൂചിപ്പിച്ച പാലാബേക്കേഴ്സ്. പാലപ്പമാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ഇലയടയും കൊഴുക്കട്ടയും ഉണ്ടെങ്കിലും വൈകുന്നേരം 7 മണിക്ക് മുമ്പേ തീർന്നു പോകുന്ന പാലപ്പം തന്നെയാണ് സ്പെഷൽ. എട്ടു പത്ത് പടികൾ കയറി വേണം ബേക്കേഴ്സിലെത്താൻ. താഴെ ഓട്ടോ സ്റ്റാൻഡും ടാക്സി സ്റ്റാൻഡുമുണ്ട്.
പാലാ ഇപ്പോൾ വല്ലാത്ത ടൗണാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്തെല്ലാം സാധനങ്ങൾ, വ്യവസായങ്ങൾ, വാണിജ്യങ്ങൾ, നല്ല റോഡ്, താമസിക്കാൻ ഇഷ്ടം പോലെ ഫ്ലാറ്റുകൾ, റബ്ബർകാരുടെ നാട്ടിലിപ്പോൾ വരുത്തന്മാരുടെ മഹാസംഗമമാണ്. എവിടെ നോക്കിയാലും വരുത്തന്മാരെ കാണാം എന്നതാണ് സ്ഥിതി. പാലാടൗണിൽ തന്നെ നാലോ അഞ്ചോ കോച്ചിംഗ് സെൻററുകളുണ്ട്. അവിടെ പഠിക്കാനായി വരുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും. മെഡിക്കലിന്റെയും എൻജിനീയറിംഗിന്റെയും എൻട്രൻസുകളാണ് പ്രധാന ലക്ഷ്യം. അതല്ലാതെ നഴ്സിങ്ങിന്റെയും യൂറോപ്പിലേക്കുള്ള തൊഴിൽപരിശീലനത്തിന്റെയും കേന്ദ്രങ്ങളുമുണ്ട്. ഭാവിയിൽ നന്നാവാൻ ആഗ്രഹിക്കുന്ന എല്ലാവരും പാലായിലേക്ക് വന്ന് സംഗമിക്കുകയാണ്. അതുകൊണ്ട് പാലാക്കാർക്ക് ഒരേയൊരു ഗുണമാണുള്ളത്. നല്ല കച്ചവടം. എന്ത് സാധനവുമായിക്കോട്ടെ വൃത്തിയിൽ പൊതിഞ്ഞു കൊടുത്താൽ ഈ വരുത്തന്മാർ വാങ്ങിച്ചു കൊള്ളും.
വരുത്തൻമാരോട് ചിരിച്ചു ചിരിച്ച് പാലാക്കാരുടെ മുഖത്ത് എപ്പോഴും ഒരു നേർത്ത പുഞ്ചിരി പാതി വിരിയാനായി കാത്തിരിക്കുന്നുണ്ടാവും.
‘എന്നതാടാ നീ ഞങ്ങളെ സുഖിപ്പിക്കാൻ നോക്കുവാണോ?’’
‘ഞങ്ങളെപ്പറ്റി പറഞ്ഞ് നീ ഇങ്ങോട്ട് ഒരുപാട് തള്ളിക്കയറ്റാനൊന്നും വരണ്ട. അത് കയ്യേത്തന്നെ വച്ചിരുന്നാ മതി’
രണ്ട് പാലാക്കാർ എന്നെ നോക്കി പറയുന്നു.
നടന്ന സംഭവത്തിലേക്ക് വരാം.
വെളുവെളുത്ത പാന്റിസും ബ്രായും മാത്രം ധരിച്ച യുവതി സ്റ്റെപ്പ് കയറി എത്തിയത് പാലാ ബേക്കേഴ്സിലല്ല. അതിനു തൊട്ടടുത്തുള്ള സെബിനാലിൽ ഫർണിച്ചർ മാർട്ടിലാണ്.

ഇങ്ങനെയൊരു യുവതി നടന്നുവരുന്നത് ഓട്ടോക്കാരോ ടാക്സിഡ്രൈവർമാരോ കണ്ടില്ലേ? കണ്ടില്ല എന്ന് പറഞ്ഞാൽ അത്ഭുതമാണ്. ഓട്ടോക്കാരൻ ജോയിച്ചനോട് ചോദിക്കാം. ' ഞാന് കെഎസ്ആർടിസി ലേക്ക് ഒരു ഓട്ടം പോയി, അവിടുന്ന് തൊടുപുഴയ്ക്ക് ഒരു അമ്മച്ചിയുടെ ഓട്ടം കിട്ടി പോയി വന്ന്, ഉച്ചയ്ക്കുള്ള ചോറും തെറ്റി നിൽക്കുവാരുന്നു. ഇനി വീട്ടിപ്പോയി ചോറുണ്ണാം എന്ന് വിചാരിച്ചു. നോക്കുമ്പോൾ സമയം 4:15 ആയിക്കഴിഞ്ഞു. അങ്ങനെ നിൽക്കുമ്പോ വണ്ടിയുടെ സൈഡിലൂടെ മിന്നായം പോലെ ഒരുത്തി കടന്നു പോകുന്നതാ കണ്ടത്. കണ്ടോ എന്ന് ചോദിച്ചാൽ അങ്ങനെ മുഴുവനൊന്നും കണ്ടില്ല. എത്രയോ ആളുകൾ പോകുന്നു, നമ്മൾ അത് നോക്കി നിൽക്കുകയല്ലല്ലോ... കടലക്കാരൻ അന്തോണി വായും പൊളിച്ച് അവളുടെ പുറകെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ നോക്കിപ്പോയി. ഇപ്പോഴത്തെ പിള്ളേരല്ലേ, നമുക്ക് അവറ്റകളുടെ ഉടുപ്പും കാര്യങ്ങളും ഒന്നും അറിയത്തില്ല. ചില പെമ്പിള്ളേര് ബെഡ്ഷീറ്റ് പോലെ എന്തോ ഒന്ന് പൊതച്ചിട്ടാണ് നടക്കുന്നത്. ചിലതുകൾക്കാണെങ്കി ട്രൗസറ് മാത്രമേ ഉള്ളൂ. ഇതു പക്ഷേ ഒരു വല്ലാത്ത കാഴ്ചയായിരുന്നു. ഒറ്റനോട്ടം കണ്ടു. വെളുത്ത പാന്റിസാ കണ്ടത്. നേരെ പടികൾ കയറി ഫർണിച്ചർ മാർട്ടിലേക്ക് പോയി.'
‘പട്ടാപ്പകൽ ഇങ്ങനെ സംഭവിക്കുമോ. ഏകദേശം 20- 21 വയസ്സ് കാണുമെന്നാണ് പറയുന്നത്. ഈ പിള്ളേരുടെ പ്രായമൊക്കെ നമുക്കൂഹിക്കാൻ പറ്റുവോ?. അധികം വണ്ണമുള്ള കുട്ടിയല്ല. പക്ഷേ ഉറപ്പാണ് , വെളുത്ത പാന്റിസും ബ്രേസിറും മാത്രമേ അവൾ ധരിച്ചിരുന്നുള്ളൂ’.
‘ബ്രേസിയറല്ല , ബ്രേസിയേഴ്സ്!’ ആരോ തിരുത്തി.
ഓട്ടോ സ്റ്റാൻഡിനും ടാക്സിസ്റ്റാൻഡിനും നടുവിലായി കടലക്കാരൻ അന്തോണി നിൽക്കുന്നുണ്ട്. ഡ്രൈവർമാർക്ക് ബോറടിക്കുമ്പോൾ നല്ല ആശ്വാസമാണ് അന്തോണിയുടെ വറുകടല. ഈരാറ്റുപേട്ടയിൽ നിന്ന് രാവിലെ ഉന്തുവണ്ടി തള്ളിക്കൊണ്ട് വരികയാണ് അന്തോണിയുടെ പതിവ്. ഉച്ചയ്ക്ക് 12 മണിയാവുമ്പോഴേക്കും ചുടുകടല റെഡിയാകും. ഉച്ചനേരത്ത് ആരും വാങ്ങുകയില്ല. വേണ്ട വാങ്ങേണ്ട. ചെറിയ കടലാസിൽ പൊതിയാക്കി വയ്ക്കും. നാലുമണിക്ക് ശേഷം ആളുകൾക്ക് കടല അത്യാവശ്യമായി വരും. എൻട്രൻസിന് പഠിക്കുന്ന ആൺകുട്ടികൾ വൈകിട്ട് നടക്കാൻ വരുമ്പോൾ അന്തോണിയുടെ കടല വാങ്ങിക്കാറുണ്ട്. പിള്ളേർ കടല വാങ്ങിക്കുമ്പോഴും എന്തൊക്കെയോ പഠിക്കുന്ന കാര്യങ്ങളാണ് സംസാരിക്കുക. പരീക്ഷ എഴുതേണ്ട വിധമോ പരീക്ഷയിൽ കാണിച്ച തല്ലുകൊള്ളിത്തരമോ കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ കോടതി ഇടപെട്ടതിനെക്കുറിച്ചോ ഒക്കെ അവർ പറയും. അന്തോണി ഒന്നും മനസ്സിലാവാതെ അവരുടെ മുഖത്തേക്ക് നോക്കും. മിക്കവാറും രണ്ടു കുട്ടികൾ ഒരു കടലപ്പൊതി വാങ്ങി പങ്കിട്ടാണ് കഴിക്കുക. ചിലപ്പോൾ പിള്ളേർ പണം കൊടുക്കാൻ മറന്നുപോകും. അന്തോണിക്ക് നല്ല ഓർമ്മശക്തിയാണ്. തിരിച്ചുവരുമ്പോഴോ അല്ലെങ്കിൽ പിറ്റേന്നോ കണ്ടാൽ തിരിച്ചറിഞ്ഞ് കൃത്യമായി പണം പറഞ്ഞു വാങ്ങിക്കും.
'കടലയുടെ പണം മറന്നു പോകുന്ന നിങ്ങൾ എങ്ങനെയാടാ പരീക്ഷയ്ക്ക് ഓർമ്മച്ചെഴുതുക?' അന്തോണി നല്ല കൊട്ട് കൊടുക്കും. പിള്ളേർ ചമ്മി പോകും.
നാലഞ്ച് പിള്ളേർ വന്ന് അന്തോണിയുടെ കടലവണ്ടിക്ക് ചുറ്റും നിന്നതല്ലാതെ ഒന്നും വാങ്ങിയില്ല. അവർ എന്തൊക്കെയോ പറഞ്ഞു. കടല പൊതിയാനായി അന്തോണി വെച്ചിരിക്കുന്ന കടലാസ്സുകൾ അവരുടെ മോഡൽപരീക്ഷയുടെതായിരുന്നു. കഴിഞ്ഞ ഏതോ വർഷത്തെ കുട്ടികൾ മാനസികസമ്മർദ്ദം അനുഭവിച്ച് എഴുതിയ ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു. അതിലെ ചോദ്യങ്ങളെക്കുറിച്ചും ആ വിഷയം പഠിപ്പിക്കുന്ന കോച്ചിംഗ് സെന്ററിലെ ടീച്ചറിനെക്കുറിച്ചും എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവർ പോയി.

ആ സമയത്താണ് പെൺകുട്ടി നടന്നുപോയത് എന്ന് തോന്നുന്നു. എന്നാലും എന്തൊരു ധൈര്യമാണ് അവൾക്ക്. പാലാ പോലെ ജനങ്ങൾ തിങ്ങി നിറഞ്ഞ ടൗണിൽ ഒറ്റയ്ക്ക് ഇത്തിരി വസ്ത്രം ധരിച്ച് തലയുയർത്തി കടയിലേക്ക് നടന്നുപോകാൻ ഇവൾക്കെങ്ങനെ ധൈര്യം വന്നു?
ഇതൊക്കെ ഫാഷന്റെ ഭാഗമായിരിക്കും. ഇപ്പോഴത്തെ പെൺപിള്ളർക്ക് എന്താണ് കാണിച്ചുകൂടാത്തത്? നിങ്ങൾ ചാനൽ തുറന്നു നോക്കൂ? ഇംഗ്ലീഷ് ആഡുകളിലേക്ക് ഒന്നും പോകണ്ട മലയാളം സംഗീത നൃത്ത ചാനലുകൾ എന്താണ് കാണിക്കുന്നത്? അല്ല, മലയാളം സീരിയലുകളിൽ ശരീരപ്രദർശനമല്ലാതെ പിന്നെ എന്താണ് നടക്കുന്നത്? പുതിയ ഇനം വെബ് സീരീസുകൾ ഇറങ്ങിയിട്ടുണ്ട്. പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ നടക്കുന്ന വൃത്തികേടുകൾ വിശദമായി പങ്കിടുകയാണ് പലതും ചെയ്യുന്നത്? ജീൻസും ടോപ്പും ഇട്ട ഒരു പെൺകുട്ടി, ട്രൗസർ ഇട്ട ഒരു പെൺകുട്ടി, ബോയ്‌ക്കട്ട് അടിച്ച ഒരു പെൺകുട്ടി, അവരുടെ സിഗരറ്റ് വലി, അവരുടെ പിരീഡ്സിന്റെ കാര്യങ്ങൾ, കാമുകനെക്കുറിച്ചുള്ള അശ്ലീല വർത്തമാനങ്ങൾ, വീട്ടുകാരുടെ തന്ത വൈബിനെയും തള്ളവൈബിനെയും കുറിച്ചുള്ള പുച്ഛം കലർന്ന പറച്ചിലുകൾ ..... പിന്നെ പല പല ആംഗിളുകളിൽ ഈ പെൺകുട്ടികളുടെ സീനുകൾ.. ഇതല്ലാതെ എന്താ ഇവന്മാർ കാണിക്കുന്നത്?

ഹൊ, ഇതിപ്പോ ശരിക്കും നടന്നതാണോ അല്ലയോ എന്ന് എങ്ങനെ അറിയാൻ പറ്റും? ആരോട് ചോദിക്കാൻ? ആരോട് പറയാൻ?
എന്തെന്തൊക്കെ സംഭവങ്ങൾ നടന്ന സ്ഥലമാണ്! മനുഷ്യർ ഇത്രയധികം കുടിയേറിപ്പാർത്ത മറ്റൊരു ഇടം കേരളത്തിൽ ഉണ്ടാവുമോ? മനുഷ്യർ പൊടുന്നനെ വരികയും പഠിപ്പും തീർത്ത് പെട്ടെന്ന് തിരിച്ചു പോവുകയും ചെയ്യുന്ന മറ്റൊരു ഹബ് വേറെ കാണുമോ? ഇല്ല,
പാലായിലെ കെ എം മാണി ഹൈവേ കണ്ടിട്ടുണ്ടോ എന്ത് മനോഹരമാണ്! ഒരു വലിയ രക്ഷകൻ നീട്ടിയ നാവു പോലെ തോന്നും. പാലായുടെ താഴെകൂടി മീനച്ചിലാർ ഒഴുകുന്നു. വെള്ളത്തിന് വെള്ളം. റോഡിന് റോഡ്. പള്ളിക്ക് പള്ളി. അമ്പലത്തിന് അമ്പലം. അങ്ങോട്ടുമിങ്ങോട്ടും ചെരിയുന്ന ഫിഫ്റ്റി ഫിഫ്റ്റി. അതാണ് പാലാടൗൺ.
ഇപ്പോൾ ഇത് ചെറുപ്പക്കാരുടെ കളിക്കളമാണ് ‘പഠിപ്പു തീർന്നാൽ പള്ളിക്കൂടം വിട്ടുകഴിഞ്ഞെ ന്നാൽ പറയുക പറയുക പിന്നീടെന്തൊരു പണിക്കു പോകും നീ എന്ന പാട്ടിന്റെ ഉത്തരം ഇവർക്കുണ്ട്. പറന്നുയരാനാണ് ഇവർ പാലായിലേക്ക് വരുന്നത്. ഒരു വിമാനം റൺവേയിൽ നിരങ്ങുന്ന പോലെ അവർ പാഠങ്ങൾ പഠിക്കുന്നു. ഇനി അവരിൽ ഒരാൾ പഠിപ്പ് മൂത്ത് വട്ടായി നഗ്നയായി ഇറങ്ങിത്തിരിച്ചതാണോ?
1965 ലാണ് പാലാ നൈനാൻസ് സ്റ്റുഡിയോ നിൽക്കുന്ന സ്ഥലം ടാറിട്ടത്. അതിന് മുൻപിലുള്ള പാലായുടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പണ്ടേതോ പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ടാൽ ആശ്ചര്യം തോന്നും. വേദനയും തോന്നും. ആർക്കും വേണ്ടാത്ത ഒരു സ്ഥലം. എന്നാൽ ഇന്നോ... സിനിമക്കാർക്ക് വരെ പ്രിയപ്പെട്ട സ്ഥലമായില്ലേ?
കുരിശുപള്ളി തന്നെ എത്ര സിനിമകളിൽ വന്നിട്ടുണ്ട്! കുരിശുപള്ളിയുടെ ഒരു ഭാഗം കാണിച്ചാൽ തന്നെ സിനിമയുടെ വിജയം ഉറപ്പാണെന്ന് ഒരുകാലത്ത് പറച്ചിലുണ്ടായിരുന്നു. ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികത്തിൽ കുരിശുപള്ളി വൃത്തിയായി കാണിക്കുന്നുണ്ട്. പുള്ളി പാലക്കാരനാണല്ലോ അതിന്റെ ഗുണമാണ്. അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം സ്ഫടികം പോലെ ക്ലീനാ. മറ്റ് സിനിമക്കാരെ പോലെയല്ല. എത്ര സിനിമക്കാര് കേസും തല്ലുകൊള്ളിത്തരവുമായി പിന്നീട് നമ്മുടെ മുമ്പിൽ വന്നിട്ടുണ്ട്. പക്ഷേ ഈ പുള്ളി വേറെ തരമാ ..

പിന്നെ കടുവാസിനിമയിൽ കുരിശുപള്ളിയല്ലേ നിറഞ്ഞുനിൽക്കുന്നത്? ഞാൻ കോടീശ്വരൻ എന്ന സിനിമ പാലായിലും പുലിയന്നൂരുമാണ് ഷൂട്ട് ചെയ്തത്. ഒത്തിരി വർഷം പഴക്കമുള്ള സിനിമയാണ്.
ഇനിയൊരു സുരേഷ് ഗോപി പടം വരാനുണ്ട്. കടുവാപള്ളി കറവാച്ചൻ!
അതിന്റെ ഷൂട്ട് കുറെ കാലമായി നടക്കുന്നു. കുരിശുപള്ളിക്ക് ഒരു കിലോമീറ്റർ അകലെ വരെ സെറ്റിട്ടു. പാലക്കാർക്ക് ശരിക്കും രണ്ടാമതൊരു പെരുന്നാളായിരുന്നു. ജൂബിലിയുടെ സെറ്റപ്പിൽ വഴിയിലെ തോരണങ്ങളുമൊക്കെ വന്നപ്പോൾ പാലക്കാര് ഞെട്ടി.
കഴിഞ്ഞിട്ടില്ല, ദുൽഖർ സൽമാൻ അഭിനയിച്ച സിഐഎ എന്നൊരു പടമുണ്ട്. അത് രാമപുരം ഭാഗത്താണ് ഷൂട്ട് ചെയ്തത്. കെ ആർ ബേക്കേഴ്സ്, ബൈപ്പാസ് ഒക്കെ അതിനകത്ത് വന്നിട്ടുണ്ട്. പാലാ സബ് ജയിൽ വൃത്തിയായി കാണിക്കുന്നുണ്ട്.പല സിനിമകളിലെയും ആക്ഷൻസീനുകൾ പാലായിൽ ഷൂട്ട് ചെയ്തതാണ്.
അല്ലാ, ഇങ്ങനെയങ്ങ് പാലായുടെ ചരിത്രം പറഞ്ഞിട്ട് എന്താ കാര്യം? പട്ടാപ്പകൽ ഒരു പെണ്ണ് ഇത്രയും ആണുങ്ങൾ നിറഞ്ഞ നിൽക്കുമ്പോൾ യാതൊരു കൂസലുമില്ലാതെ പടികൾ നടന്നു കയറി.....
അൽഫോൻസാ ആശുപത്രിയിലെ നഴ്സുമാർ പകൽഡ്യൂട്ടി കഴിഞ്ഞ് നടന്നു പോകുന്നു. അവർക്ക് കോട്ടയത്തേക്കും തൊടുപുഴയിലേക്കും ബസ്സ് പിടിക്കണം. തൊടുപുഴയിലേക്ക് പോകേണ്ടവർക്ക് കെഎസ്ആർടിസി തന്നെ ആശ്രയം.
അവരെ കണ്ടപ്പോൾ ബേക്കറിയിലെ കാഷ്യർചേച്ചി ഓർമിച്ചു, അത് യൂറോപ്പീ നഴ്സിംഗിനു പോയ പെണ്ണായിരിക്കുവോ?
10 -15 വർഷം മുമ്പ് തൊടുപുഴയിൽ നിന്ന് വരുമാനവും യോഗ്യതയും ഇല്ലാത്ത കെട്ടിയവനോട് ഞാൻ നിന്റെ അടിമയല്ലെടാ എന്നും പറഞ്ഞു വീടുവിട്ടിറങ്ങിയ ഒരുവളുണ്ടായിരുന്നു.
അവൾ നേരെ ബെസ്റ്റി ലോഡ്ജിൽ മുറിയെടുത്ത് തങ്ങി.വിസ സംഘടിപ്പിച്ച് വിമാനം കേറി നേരെ യൂറോപ്പിലെത്തി. വർഷം ഒന്നു കഴിഞ്ഞ് അവളുടെ വരവുണ്ടായിരുന്നു.ഓ കാണാൻ എന്തൊരു ഗമയായിരുന്നു . അവളുടുത്ത ഫ്രോക്കിനെപ്പറ്റി ആളുകള് പരിഹാസം പറഞ്ഞതാ, കുട്ടികൾ ഇടുന്ന നിക്കറാണല്ലോ..
അവളതൊന്നും മൈൻഡ് ചെയ്തില്ല. പോടാ മറ്റവന്മാരെ എന്ന് പറഞ്ഞില്ലെന്നേ ഉള്ളൂ. അവളാണോ ഇവൾ? ആവാൻ വഴിയില്ല. യൂറോപ്പിൽ തന്നെ രോഗം വന്ന് ചത്തു എന്നാണ് കേട്ടിട്ടുള്ളത്.
പലചരക്ക്കടയിലെ സഹായി ഗിരീശൻ കുറെ നേരം അവിടെ കറങ്ങിനടന്ന് പലരിൽ നിന്ന് വാർത്ത പിടിച്ച് വൈനിന്റെ മണത്തോടെ പ്രതികരിച്ചു: ‘അത്യാവശ്യം വേണ്ട തുണിയൊക്കെ ഉണ്ടല്ലോ? പിന്നെന്ത് നഗ്നയുവതി? ഞാൻ പോട്ടെ, എന്റെ വീട്ടി വേറെയാരും കഞ്ഞി കൊണ്ടുതരത്തില്ല’.
എന്നിട്ട് അവളെ ഇവിടെയെങ്ങും കാണുന്നുമില്ല. ഇപ്പോൾ പാലാക്കാരുടെ എല്ലാ പ്രാദേശിക ചാനൽകാരും നിറഞ്ഞു നിൽക്കുന്നുണ്ട്. ഫർണിച്ചർ ഷോപ്പിന്റെ ഏതോ അറ്റത്തുനിന്ന് അവൾ ഇപ്പോൾ ഇറങ്ങി വരുമെന്നാണ് അവർ കരുതുന്നത്. ചാനൽകാർ, പത്രക്കാർ രാഷ്ട്രീയക്കാർ നാട്ടുകാർ, ടാക്സിഡ്രൈവർമാർ, ഓട്ടോക്കാർ, മിതവാദികൾ, തീവ്രവാദികൾ, അഹിംസവാദികൾ, സസ്യഭുക്കുകൾ, മാംസഭുക്കുകൾ, മിശ്രഭുക്കുകൾ എത്ര പേരാണ് നിറഞ്ഞു നിൽക്കുന്നത്!
പാലാ നഗരസഭബിൽഡിങ്ങിനും പുതിയതായി തുടങ്ങിയ യൂനിസെക്സ് ജിമ്മിനുമിടയിൽ നിന്ന് നരച്ച താടിയും മുടിയും നീട്ടിവളർത്തിയ ഒരാൾ പെട്ടെന്ന് നടന്നു വരുന്ന കണ്ടു. മുഷിഞ്ഞ പാൻസും ജാമിതീയ ചിത്രപ്പണി ചെയ്ത കുപ്പായവും. ആരെയും ശ്രദ്ധിക്കാതെ നടന്നു പോവുകയായിരുന്ന അയാളെ ആളുകൾ പിടിച്ചു നിർത്തി. അയാൾ പറഞ്ഞു: ‘അത് എന്റെ കുട്ടിയാ’. തലമുടി ഒന്ന് കോതി എല്ലാവരെയും നോക്കി തുടർന്നു.
‘മറുജന്മത്തിൽ അവൾ ഒരുപാട് അനുഭവിച്ചതാണ്. ദൂരദേശത്തായിരുന്നു. ഈ ജന്മത്തിലും അവളുടെ അനുഭവം തുടരുന്നു. ആരൊക്കെയോ കീറിപ്പറിച്ചിരിക്കുന്നു അവളെ. എനിക്കെന്തു ചെയ്യാൻ കഴിയും?’
‘എടേ വേല ഞങ്ങളോട് വേണ്ട നീയാരാ’ ജനക്കൂട്ടത്തിൽ നിന്ന് ഒരു ചേട്ടൻ ചോദിച്ചു.
‘ഞാനൊരു പാവം എഴുത്തുകാരൻ, പേര് ദസ്തയെവ്സ്കി!’
നാട്ടുകാർക്ക് സംഗതി മനസ്സിലായില്ല . അവർ മുഖം ചുളിച്ചു.
‘അവൾ ലിസയാണ്. ലിസ! ഞാൻ ഒരുപാട് ഇഷ്ടപ്പെടുകയും പിന്നീട് നിഷ്കരുണം ചവിട്ടിത്തള്ളുകയും ചെയ്തവൾ. ഒരിക്കലും തലകുനിക്കാതെ നട്ടെല്ലുയർത്തി ജീവിച്ചവൾ. അവൾ ഇവിടെയും വന്നു, നിങ്ങളുടെ സുഖാന്വേഷണത്തിനായി’.*

ഒരു മിന്നലിൽ അവൻ അധോതലത്തിലേക്ക് മറഞ്ഞു.
‘എന്നാലും അവൻ അവളെങ്കൊണ്ട് ഒറ്റ നിമിഷത്തിൽ പോയൊളിച്ചല്ലോ’
‘അവനെ നമ്മുടെ കയ്യിൽ കിട്ടും ഈ പാലായീന്ന് അവൻ എവിടെപ്പോകാനാ?’
*ലിസ: ദസ്തയേവ്സ്കിയുടെ Notes from the underground (1864) ലെ നായിക. ആത്മാഖ്യാനരീതിയിലെഴുതിയിരിക്കുന്ന ഈ നോവലിൽ നായകൻ വേശ്യയായ ലിസയെ തീവ്രമായി പ്രാപിക്കുകയും ക്രൂരമായി തിരസ്കരിക്കുകയ്തും ചെയ്യുന്നുണ്ട്.
