പുഷ്പാകരൻ കണ്ടാണശ്ശേരി

പാങ്കുഴി

എന്റെ ശരീരത്തിൽ നിന്ന് മുളച്ചുപൊന്തിയ ഉയർന്ന മാറിടമേ, മുടി വാരിക്കെട്ടിയ ചന്തമാർന്ന പിൻകഴു​ത്തേ, നൃത്തം ചെയ്യുന്ന കൈകാലുകളേ, ചാരുതയാർന്ന ചുണ്ടുകളേ… കാമകണ്ണുകൾ ആഴ്ന്നുകൊത്തുന്നു.

ല പല സങ്കേതങ്ങളാൽ തകർത്തെറിയപ്പെട്ട ശരീരം ഒടുവിലാണ് എന്നോട് സംസാരിക്കാൻ ഒരുമ്പെട്ടത്.
അപ്പോഴേക്കും കാമം മോഹിതം ഞാൻ അനുഭവിച്ചു കഴിഞ്ഞിരുന്നു. ഞാൻ എന്നിൽനിന്ന് പിന്തള്ളിയ ദൂരം, കാഴ്ച, അനുഭവം, മനുഷ്യർ, ലോകം അത്രയ്ക്ക് വലുതായിരുന്നു. ഭൂമിയുടെ നിത്യയൗവനതയുടെ ആ ചെരുവിൽ വെച്ച് തന്നെയാണ് അത് സംഭവിച്ചത്. ശരീരമാണ് കാമം മോഹിതമെന്ന അതിവിദ്യയുടെ രഹസ്യ സൂത്രം പഠിപ്പിച്ചുതന്നതും.

ഒരു നാടകനടി എന്ന നിലയ്ക്ക് ശരീരം പല പല വിതാനങ്ങളിലൂടെ ഒഴുക്കിവിടുമ്പോൾ സന്തോഷത്തിന്റെ രതിയായിരുന്നു ഉള്ളിൽ. ദ്രവിച്ചു കിടന്ന മനുഷ്യലോകത്തെ ഞാൻ ഉയർപ്പിച്ചു. ലോകം എന്റെ ഓർമകളാൽ എഴുതപ്പെടുമെന്ന് വിശ്വസിച്ചു. മാറിമാറി വരുന്ന നിമിഷാദ്രസുഖം എന്നിൽ അനുഭൂതി നിറച്ചു. രൂപം ദേഹി ആകാരം മേനി ശരീരത്തിന്റെ പലതരം അർത്ഥഭേദങ്ങൾ. അച്ഛനെ സംസ്കരിച്ചിടത്തെ മണ്ണിൽ കുനിഞ്ഞിരുന്നു. മന്ത്രസീൽക്കാരങ്ങളുടെ മാത്രകൾ. മെനക്കെടി കോലുകൊണ്ട് പണിയായുധം വൃത്തിയാക്കി. വിത്തൊരുക്കിയ വയലിൽനിന്ന് കയറി അച്ഛൻ വരമ്പരികിലൂടെ ഒഴുകിപ്പോകുന്ന ചെറുചാലിൽ ദേഹം കൈക്കാൽ മുഖം കഴുകി. അച്ഛൻ വരുമ്പോൾ എനിക്കുതരാൻ മധുരം കയ്യിൽ കരുതിയിരുന്നു.

അഗ്നി ആചമനം ചെയ്ത ശരീരം.
കമ്പുകൊണ്ട് പുതുകൊട്ടയിലേക്ക് എടുത്തുവെച്ചു. പിന്നീട് ജലം കൊണ്ടും പാലുകൊണ്ടും ആചമനം. കടലിൽ ഒഴുക്കിവിടുമ്പോൾ കാൽമുട്ട്ചിരട്ട എന്ന് തോന്നിപ്പിക്കുന്ന എല്ലിൻകഷണം എന്റെ കാലിൽ തട്ടി കിടന്നു, ഒഴുകിപ്പോകാതെ. ചെറുപ്രായത്തിൽ എന്റെ കുഞ്ഞുകൈ അച്ഛന്റെ കാലുകളിൽ മുറുകെ പിടിക്കുന്നത് ഞാൻ ഓർത്തു. മണ്ണിലും അഗ്നിയിലും കടലിലും അച്ഛൻ ലയിച്ചുകിടക്കുന്നു. അച്ഛനോട് ചേർന്നുനിന്നാണ് ആദ്യമായി ഞാൻ കടലിനെ തൊട്ടത്. എന്റെ ഉള്ളിലെ അത്ഭുതവും ആകാംഷയാർന്ന ഉണർവും അച്ഛനിൽ ഉത്സാഹം നിറച്ചു.

വയലിലെ ചെളിയിലും ഈറ്റ വെട്ടുന്ന കാട്ടിലും പോയി വന്ന അദ്ധ്വാനത്തിന്റെ കാലുകളെ നൃത്തമായി വന്ന് തൊട്ടുപോകുന്ന കടലിനെ സസന്തോഷം അമ്മ നോക്കിനിന്നു. നനവാർന്ന മണലിൽ വിരലുകൊണ്ട് അച്ഛൻ വരച്ച ചിത്രങ്ങളെല്ലാം കടൽ വന്ന് മായ്ച്ചുപോയി. ഞങ്ങളുടെ വീടിനടുത്തെ കാടിനുള്ളിലൂടെ പതിയെ നടന്നുപോകുന്ന ആനയുടെ ചിത്രം മായാതെ ഇപ്പോഴും എന്റെ ഉള്ളിൽ ചാരിനിൽക്കുന്നു.

വയലിൽ നിന്ന് കയറിവരുന്ന അച്ഛനും കാടിനുള്ളിൽ നിന്ന് ഈറ്റ വെട്ടി വരുന്ന അമ്മയ്ക്കും നൃത്തം ചെയ്യുന്ന കടലിനും ഒരേ രസമാണെന്ന് ഞാൻ പറഞ്ഞു. അമ്മയും അച്ഛനും ആനന്ദത്തോടെ എന്നെ ചേർത്തുപിടിച്ചു. ഇനിയും കാണാമെന്ന് പറഞ്ഞ് തിരകൾക്കുനേരെ കൈവീശി മടങ്ങുമ്പോൾ കടലിനെ മുഖത്തും ചുണ്ടിലും വെച്ച് കാറ്റ് അപ്രത്യക്ഷമായി. രക്തച്ചൊവ പടർന്നു കിടന്ന ആകാശത്തിലൂടെ കിളികൾ പറന്നുപോകുന്നത് ഞാൻ നോക്കി നിന്നു. ഒന്നിനു പിറകെ ഒന്നൊന്നായി. പിന്നിട്ട ദൂരം, പിന്നിടാൻ ഇനിയെത്രദൂരം?.

മരങ്ങൾ ഭൂമിയിൽ പക്ഷികൾക്ക് വേണ്ടിയും കാത്തു നിൽക്കുന്നുണ്ടെന്ന് മുതിർന്നപ്പോൾ എനിക്ക് തോന്നി. ഞാൻ കൂടുതലും ചിന്തിച്ചത് ശരീരത്തിന്റെ ഉയർന്നു പറക്കലിന്റെ ആകാശത്തെക്കുറിച്ചായിരുന്നു.

പക്ഷികൾ ചില്ലകളിൽ നിന്ന് പറന്നുയരുമ്പോൾ മരങ്ങൾ കുട്ടികളെപ്പോലെ ആർത്തുചിരിക്കുന്നത് ഞാൻ കണ്ടു.

പോയ് വരൂ...
ഇലകൾ തളിർത്ത് പൂ വിരിയുന്ന കാലം വരുന്നുവെന്ന സന്ദേശം കാറ്റ് നിങ്ങളോട് പറയും. നഗരത്തിന്റെ തെരുവിൽ അനാഥരായ കുട്ടികളെ കാണുമ്പോൾ മധു ഭണ്‌ഡാർക്കറുടെ പേജ് ത്രീ എന്ന സിനിമയാണ് ഓർമയിൽ വരിക. കാർ ഒതുക്കിനിർത്തി ധൃതിയിൽ ഇറങ്ങിയോടുന്ന തടിച്ച മനുഷ്യശരീരങ്ങൾ. പാന്റിന്റെ ബട്ടൺ അഴിച്ച്കുട്ടികളുടെ മുഖത്തേക്ക്. ഞാൻ കണ്ണുകൾ പൊത്തിപ്പിടിച്ചു. ശരീരം തളർന്നു. ഇരുട്ടിലിരുന്ന് വേദനയോടെ ഞാൻ കരഞ്ഞു. അച്ഛന്റെ മരണമാണ് എന്നെ ഇത്രയും തളർത്തിയിട്ടുള്ളത്. ദിവസങ്ങൾക്കുശേഷം പുലർക്കാലം പുത്തനാണെന്ന് പറഞ്ഞ് എന്നെ വന്നു തൊട്ടു. തിയ്യറ്റർ കാണുമ്പോൾ പേടിയാണ്. കാമാർത്തിയായ ശരീരം ബട്ടനഴിച്ച് ഞാൻ മുഖം തിരിച്ചുപിടിക്കും. നഗരത്തിലെ കാഴ്ചകൾ കണ്ട് അങ്ങനെ അങ്ങനെ നടക്കും.

കറുത്തു മെലിഞ്ഞ കുട്ടിയായിരുന്നു ഞാൻ. കൃഷ്ണനെപ്പോലെ നീലനിറമാർന്ന ഓറ എന്റെ മേൽ ചന്തമാർന്ന് കിടപ്പുണ്ടെന്ന് എല്ലാരും പറഞ്ഞു. ഞാനത് വിശ്വസിച്ചു.

ഒരിക്കൽ ആൺപേശി ബലം എന്ന തകർത്തു. കുതറി മാറാനായില്ല. ശരീരത്തെ അവർ ഞെരിച്ചമർത്തി. വേദന കൊണ്ട് ഞാൻ പുളഞ്ഞു. പല പല എടുപ്പുകളുള്ള ആ കുറ്റൻ കെട്ടിട സമുച്ചയം എന്റെ ശബ്ദത്തെ പുറത്തുവിട്ടില്ല. മരിച്ചുപോകുമെന്ന് ഞാൻ വിചാരിച്ചു. കൊടും കാട്ടിലോ, ആഴമാർന്ന പൊട്ടക്കിണറ്റിലോ നദിക്കുള്ളിലേ ചെളിയിലോ അവർ എന്നെ വലിച്ചെറിയും. ഞാൻ നശിച്ചമരും. എന്റെ മരണത്തെ ആചരിക്കാനെന്നപോലെ നദിയിലെ മീനുകൾ കൂട്ടംകൂട്ടമായി വന്ന് അരികിൽ നിൽക്കും.

തൊടിയിറമ്പത്തെ പാങ്കുഴിയിലായിരുന്നെ ങ്കിൽ മീനുകൾ തിരിച്ചറിഞ്ഞേനെ. അമ്മയോടൊപ്പം ഈറ്റ വെട്ടാൻ പോകുമ്പോൾ കല്ലിൽ തട്ടി വീഴാന്നേരം കൈക്ക് കേറിപിടിക്കുന്ന കാട്ടുവള്ളികൾ കിണറാഴത്തിലേക്ക് ഇറങ്ങിവന്ന് സ്നേഹത്താൽ എന്നെ ചുറ്റി പിടിക്കും.മരങ്ങളുടെ നെഞ്ചിടിപ്പും ഭാഷയും ഗ്രഹിക്കാനുള്ള വിദ്യ ഭൂമിയിലെ മനുഷ്യർക്ക് ഇല്ലെന്ന് എനിക്കറിയാം.

അച്ഛനുണ്ടായിരുന്നെങ്കില്ലെന്നാശിച്ച് ഞാൻ ഒരു ചെറിയ കുട്ടിയെ പോലെ കരഞ്ഞു. അമ്മയോട് പറയാൻ തോന്നിയില്ല. ഓർത്തോർത്ത് സങ്കടപ്പെട്ട് ആഴത്തിൽ മുറിപ്പെട്ട വേദന കൊണ്ട് കരഞ്ഞു കരഞ്ഞ് അമ്മ മരിച്ചുപോകുമെന്ന് ഭയന്നു. ശരീരത്തെ ഭദ്രമായി സംരക്ഷിച്ചു, വേദനയോടെ. ഇന്ന് മാർഷൽ ആർട്സ് പെൺകുട്ടികൾ പഠിക്കുന്നത് കാണുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും ഞാനാണ്.

വിത്തുകൊട്ട ചമയ്ക്കുന്ന അമ്മയുടെ താളാത്മകമായ കൈവിരലുകളുടെ നൃത്തച്ചുവട്ടിൽ നിന്നാണ് നടിയുടെ ശരീരഭാഷ ഞാൻ ആദ്യം കണ്ടെടുത്തത്. അടിവട്ടം ഒരുക്കുന്ന മനകണ്ണക്കുകൾ. ചിത്തിമിനുക്കിയ കനമാർന്ന കായ്പകൾക്കിടയിലൂടെ മുളവള്ളികൾ വലിച്ചടിപ്പിക്കുന്നു. കായ്പകൾ അടുക്കി ഒതുക്കി മോളു കൂടട്ടെ. പൂ വിരിയുന്നതുപോലെ വിത്തുകൊട്ട മെല്ലെമെല്ലെ വിടർന്നുവന്നു. ചാഞ്ഞും ചെരിഞ്ഞുമുള്ള ശരീരത്തിന്റെ ചലന മാതൃകകൾ. എന്നെ പുറംതള്ളി ശരീരം അരങ്ങിൽ ഭാഷ സൃഷ്ടിക്കുന്നത് അത്ഭുതത്തോടെ ഞാൻ നോക്കി നിന്നു.

കുന്നുകൾ മലകൾ താഴ് വരകൾ.
അന്നത്തെ അന്നതിനായി ശരീരം ചിതറിക്കിടക്കുന്നു. മുകളിൽനിന്ന് കാഴ്ചകൾ താഴ്‌വരകളിലൂടെ കൂനിക്കൂടി നടന്നുപോകുന്നു.

ശരീരം പലവിധത്തിൽ ഉപയോഗിക്കപ്പെട്ട വ്യത്യസ്തരായ അനേകം മനുഷ്യരുമായി ഞാൻ ഇടപഴകി. അവരുടെ അനുഭവസ്ഥലികളിലേക്ക് അവരോടൊപ്പം യാത്ര ചെയ്തു. അറപ്പുളവാക്കുന്ന തെരുവുകളിലെ ഇടുങ്ങിയ വഴികളിലൂടെ, അമേദ്യം നിറഞ്ഞ ഈച്ചകൾ ആർക്കുന്ന വഴിയരികിലൂടെ. കാമം തുടകളിലേക്ക് ഒലിച്ചിറങ്ങിയ തീട്ടത്തിനരികെ നിന്ന് ഇരുട്ടിലൂടെ ഓടിപ്പോകുന്ന പല ജാതി മനുഷ്യശരീരങ്ങളെ ഞാൻ കണ്ടു. ദ ടെംപെസ്റ്റ് കുറച്ചധികം അരങ്ങിൽ അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ മഡോണയുടെ ശരീരമാണ് മനുഷ്യർ ആർത്തിയോടെ നോക്കുന്നതെന്ന് അനുഭവപ്പെട്ടു. വാക്കുകൾ കൊണ്ട് പ്രകാശിപ്പിക്കാനാവാത്ത പലതരം അനുഭവങ്ങളുടെ അസ്വസ്ഥതകൾ നിറഞ്ഞ കാലത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. മനുഷ്യരുടെ മുഖത്തേക്ക് നോക്കാൻ ഭയമാണ്.
എന്റെ ശരീരത്തിൽ നിന്ന് മുളച്ചുപൊന്തിയ ഉയർന്ന മാറിടമേ, മുടി വാരിക്കെട്ടിയ ചന്തമാർന്ന പിൻകഴു​ത്തേ, നൃത്തം ചെയ്യുന്ന കൈകാലുകളേ, ചാരുതയാർന്ന ചുണ്ടുകളേ… കാമകണ്ണുകൾ ആഴ്ന്നുകൊത്തുന്നു.

എനിക്ക് മടുപ്പുതോന്നി. ഞാൻ അമ്മയുടെ അടുത്തേക്കുതന്നെ തിരിച്ചു പോന്നു. ഒരു ചെറുവാലു പോലെ വയലിലേക്കിറങ്ങിനിൽക്കുന്ന ഞങ്ങളുടെ തൊടിയിറമ്പത്തെ പാങ്കുഴിയിലെ തണുപ്പിൽ മുങ്ങികിടക്കാൻ മോഹം തോന്നി. ഞാൻ നടന്നു. പ്രഭാതം വരുന്നതുകണ്ട് പ്രകൃതി തെളിവാർന്ന പാങ്കുഴിയിലെ ജലത്തിലേക്ക് നോക്കിനിൽക്കുന്നു. ഛായാമുഖിക്കണ്ണാടി എന്റെ ഓർമയിൽ വന്നു. സൂര്യൻ പ്രണയാർദ്രമായി പ്രകൃതിയ്ക്ക് കൊടുത്ത ഛായാമുഖിക്കണ്ണാടിയാണ് ജലമെന്ന് അപ്പോൾ എനിക്കുതോന്നി. കറുപ്പാർന്ന ഭംഗിയുള്ള എന്റെ ശരീരം ആനന്ദത്തോടെ പാങ്കുഴിയിലെ തണുപ്പിൽ ഞാൻ മുക്കിയിട്ടു. ചെറുമീനുകൾ എന്നെ വന്ന് തൊട്ടു, ചെറുപ്പത്തിലെന്ന പോലെ.

Comments