പാപ്പി നോക്കുമ്പോൾ ചിരുതയ്ക്ക് തുണിയേ ഇല്ല. അവളങ്ങനെ നീണ്ടവയൽവരമ്പിൽ തിട്ടയിലേക്ക് തലചേർത്തുവച്ച്, കാലുകൾ ഇരുവശങ്ങളിലേക്കും അല്പം അകത്തി മലർന്നുകിടക്കുകയാണ്. അവളുടെ മുപ്പത്തിയെട്ടിഞ്ചു മുഴപ്പിന്റെ കൂമ്പലുകൾക്കിടയിലൂടെ ദൂരെ, കൈത്തോലകളുടെ മറവിൽ ചന്ദ്രഗോളം തിളങ്ങുന്നതും നോക്കി പാപ്പിചിരിച്ചു.
‘എന്നാലും ഇത് ഒരൊന്നൊന്നര ആഗ്രഹമായിപ്പോയി?’
‘എന്ത്?’ അവൾ കിടന്നകിടപ്പിൽതന്നെ തലതിരിച്ച് പാപ്പിയോടു ചോദിച്ചു.
‘അതല്ല... ഈ നടുനിലാവത്ത് ഈ പാടത്തിനു നടുവിൽ...ഇങ്ങനെ ഉടുതുണിയില്ലാതെ...അതും കല്യാണത്തിന്റന്നു രാത്രി...’
അതുകേട്ടതും ചിരുത പൊട്ടിച്ചിരിച്ചു. അവളുടെ ചിരികേട്ട്, അങ്കലാപ്പോടെ പാപ്പിയപ്പോൾ വയൽക്കരയിലെ തന്റെ വീട്ടിലേക്ക് ഉറ്റുനോക്കി. വീട് അപ്പോൾ കല്യാണത്തിരക്കിന്റെ ആലസ്യത്തിൽ റ്റ്യൂബ് ലൈറ്റുകൾ അണച്ച് പതിയെ ഉറങ്ങുകയാണ്.
ചിരുത ചിരിയൊന്നമർത്തി പതിയെ കയ്യ് മുട്ടുകളിലൂന്നി കമഴ്ന്നുകിടന്ന്, ഒരു കറുകകൂമ്പിറുത്ത് കടിച്ചുനോക്കി. ചന്ദ്രഗോളം അപ്പോൾ അവളുടെ പിൻമുഴപ്പിന്റെ ഇടയിലേക്ക് അല്പംകൂടി താഴ്ന്നു. പാപ്പി അല്പം ചരിഞ്ഞ്, തന്റെ നഗ്നമായ രോമക്കാല് ചിരുതയുടെ പുറത്തേക്കെടുത്തുവച്ചു. അപ്പോൾ ഞാറ്റുകറ്റയുടെ മറപറ്റി ചുരുണ്ടുകൂടിക്കിടന്ന ഒരു 'പൊട്ടൻചേര' ഒന്നു പുളഞ്ഞ്, കൈതക്കാടിനിടയിലേക്ക് പതിയെ ഇഴഞ്ഞു നീങ്ങി.
‘എന്നാലും ഇങ്ങനൊരു പൂതിയുള്ളത് നീ ഇതേവരെ പറഞ്ഞില്ലല്ലോ?’ പാപ്പിക്ക് പരിഭവം.
‘അതുപിന്നെ, അതൊക്കെ അങ്ങനെ പറയാൻ പറ്റുവോ?. മനസ്സീപൂക്കണത് മനസ്സിൽ തന്നെ വയ്ക്കണോന്നാ തെയ്യാമ്മ ചേച്ചി പറയണത്.’ ചിരുത ചിരിച്ചു.
‘ഹോ! എന്നാലും ഒരു ഓലക്കീറെങ്കിലും മറവയ്ക്കാമായിരുന്നു.’
‘അന്നേരം അതിന്റെ രസം പോവില്ലേ?’ ചിരുത അതും പറഞ്ഞ് പാപ്പിയുടെ മൂക്കിൽ പിടിച്ച് വട്ടം കറക്കി.
‘പാപ്പി അപ്പോൾ മലർന്നു കിടന്ന്, തെളിഞ്ഞു നക്ഷത്രങ്ങൾ പരന്ന ആകാശത്തിലേക്ക് മിഴിച്ചുനോക്കി. വിജനമായ ‘ഇലഞ്ഞിയിൽപാടത്തിന്റെ’ ഒത്തനടുവിൽ രണ്ടു ദേഹങ്ങൾ തുണിയില്ലാതെ മലർന്നു കിടക്കുന്ന ആകാശകാഴ്ച് ഓർത്തപ്പോൾ പാപ്പിക്ക് നാണം വന്നു. ‘മറുതക്കുളത്തിലെ’ പോക്രാംതവള അപ്പോൾ രണ്ടുവട്ടം കരഞ്ഞു. കുളക്കരയിൽ അവൾ അഴിച്ചുവച്ച കല്യാണപ്പുടവയും പാപ്പിയുടെ ‘വരയൻഅണ്ടർവെയറും’ നിലാവത്ത് വെട്ടിത്തിളങ്ങി.
പാപ്പി ഒന്നൂടെ ചേർന്നുകിടന്നു.
‘എന്നാലും ഈ പൂതി നിനക്കെപ്പോ കയറിയെന്നാ?’ അതുകേട്ടു ചിരുത പിന്നേം ചിരിച്ചു.
‘അത്... ഏതാണ്ട് വയസ്സറിയിക്കണേനും മുന്നേ...’ പാപ്പി വായും പൊളിച്ച് ചിരുതയെ നോക്കി. ചിരുത അപ്പോൾ പതിവുചിരി പിന്നേം ചിരിച്ചു.
‘തെയ്യാമ്മ ചേച്ചിയായിരുന്നു ഞങ്ങളുടെ ലീഡറ്’ അവൾ പറഞ്ഞു തുടങ്ങി.
‘സന്ധ്യക്ക് വിളക്കെടുത്തുവച്ചുകഴിഞ്ഞാൽ ഞങ്ങൾ എല്ലാവരും ‘തീട്ടപ്പറമ്പ്’ എന്നു വിളിക്കുന്ന ആ പഞ്ചാരമണൽക്കുന്നു കയറിത്തുടങ്ങും. വടക്കൂന്ന് സരസ്സു, തെക്കൂന്ന് അമ്മിണി, പാൽ സൊസയ്റ്റീപോണ തങ്കന്റെ മോള്, അവസാനം ഞാനും. ചിരുത ഒന്നു ശ്വാസം വിട്ടു.
അവിടവിടായി കപ്പലുമാവുകൾ തഴച്ചുവളർന്ന ആ പഞ്ചാരണൽക്കുന്നിൽ ഞങ്ങൾ എത്തുമ്പോഴേയ്ക്കും തെയ്യാമ്മചേച്ചി സ്ഥാനം പിടിച്ചിരിക്കും. അവസാനം തങ്കന്റെ മോളും കുന്നുകയറിക്കഴിഞ്ഞാൽ തെയ്യാമ്മ അന്നത്തെ കഥ പറഞ്ഞു തുടങ്ങും. ഞങ്ങളങ്ങനെ കഥകേൾക്കാൻ കാതും കൂർപ്പിച്ച്...
സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ചപ്പോൾ കായലിറമ്പത്തെ കക്കാനീറ്റുപുരയിലെ തമിഴന്റെ മോൻ ചന്തിക്ക് പിടിച്ചത്, ശ്രീലക്ഷ്മി ഫ്ലവർ മില്ലിൽ അരിപൊടിപ്പിക്കുമ്പോൾ കുനിഞ്ഞുനിന്ന് അരി സഞ്ചിയുടെ തള പിടിച്ചുനിന്ന തന്റെ നെഞ്ചത്തുനോക്കി മീശക്കാരൻചേട്ടൻ ചിരിച്ചത്... തെയ്യാമ്മചേച്ചിയുടെ കഥകേൾക്കാൻ നല്ല രസമാണ്.
ഞങ്ങൾ അങ്ങനെ കഥകേട്ടു മുഖത്തു തന്നെ തുറിച്ചുനോക്കി ഇരിക്കും. കഥയും കേട്ട് വായും പൊളിച്ച് കുന്തിച്ചിരിക്കുന്ന തങ്കന്റെ മോളെ നോക്കി തെയ്യാമ്മ കഥയുടെ റൂട്ടു മാറ്റും. അവളായിരുന്നു കൂട്ടത്തിൽ തീരെ മെലിഞ്ഞത്. അവളുടെ ഒട്ടിയ നെഞ്ചുംകൂടുനോക്കി തെയ്യാമ്മചേച്ചി, രാസവളപ്രയോഗത്തേയും പിന്നെ, കൂട്ടുകൃഷിയേയും കുറിച്ച് വാതോരാതെ പറയും. ഒന്നും മനസ്സിലാകാതെ തങ്കന്റെമോൾ സ്വന്തം നെഞ്ചിലേക്കും ഞങ്ങളേയും മാറിമാറിനോക്കും. അമ്മിണി അപ്പോൾ അതുകേട്ട് കുലുങ്ങിച്ചിരിക്കും.
തെയ്യാമ്മചേച്ചി ഇരുന്ന ഇരുപ്പിൽത്തന്നെ നെഞ്ചൊന്നു വിരിച്ചുകാണിക്കും. എന്നിട്ട്, പുനലൂരിലെആദ്യത്തെ ‘തൂക്കുപാലത്തെക്കുറിച്ചും’ ഇടിഞ്ഞു തൂങ്ങാതെ ഇപ്പോഴും തുറിച്ചുനിർത്തുന്ന, ‘ഹെൻറി സായിപ്പിന്റെ’ ടെക്നോളജിയെകുറിച്ചും ഞങ്ങൾക്ക് വിശദമായി പറഞ്ഞുതരും.
ഏഴരയുടെ പാസഞ്ചർ നീണ്ടചൂളംവിളിയാൽ പാടം മുറിച്ച് വടക്കോട് പോകുമ്പോൾ തെയ്യാമ്മചേച്ചി പതിയെ എഴുന്നേൽക്കും. പിന്നെ ഞങ്ങൾ കുറച്ചുമാറി കപ്പലുമാവുകൾ അതിരിട്ട ആ വെളുത്ത പഞ്ചാരമണൽതിട്ടയിൽ തുണിയും പൊക്കിപിടിച്ച് വട്ടത്തിലിരിക്കും. അപ്പോൾ തെയ്യാമ്മചേച്ചിപറയും.
‘എല്ലാവരും തീർത്ഥം കൊടുത്തുകഴിഞ്ഞെങ്കിൽ ഇനി തുടങ്ങിക്കോ’
ഒടുക്കം മണൽക്കുന്നിന്റെ താഴെ, പൊട്ടക്കുളത്തിന്റെ ഇത്തിരിവട്ടത്തിലേക്ക് ഞങ്ങൾ ഇറങ്ങി ഇരിക്കും. പരസ്പരം മുട്ടിനിൽക്കുന്ന ഞങ്ങളുടെ തലകൾക്കിടയിലൂടെ നിലാവ് അരിച്ചിറങ്ങി വെള്ളത്തിന്റെ ഓളത്തിൽ പതിയെ ഇളകും. എല്ലാം കഴിഞ്ഞു പതിവുപോലെ ഞങ്ങൾ കുന്നിറങ്ങും.
കഥ കേട്ട് പാപ്പിയൊന്ന് ദീർഘമായി നിശ്വസിച്ചു.
‘എന്നിട്ട് തെയ്യാമ്മ ഇതേവരെ കെട്ടിയില്ലേ?’
‘കെട്ടി. തണ്ടാൻചന്ദ്രന്റെ മൂത്തമോനെ...’
'എന്നിട്ട്?.’ പാപ്പിക്ക് ആകാംക്ഷയായി.
‘എന്നിട്ടെന്താ, ചേച്ചീടെ തെക്കേപ്പറമ്പിന്റെ കന്ന്യേ മൂലേയില് ഒരു പത്തിരുപതു വച്ചുകെട്ടുള്ള ചെത്തുതെങ്ങുണ്ടായിരുന്നു. അങ്ങേര് എന്നും മൂന്നുനേരോം വന്ന് മുടങ്ങാതെ തെങ്ങുചെത്തും.
ഒറ്റത്തോർത്തും ഉടുത്ത് കൊതചവുട്ടി അങ്ങേരു മേൽപ്പോട്ട് കയറിപ്പോവുമ്പോൾ താഴെ, തെയ്യാമ്മ ഞാന്നു കിടക്കുന്ന നീളൻ മുരിങ്ങക്കായ അടർത്തിയെടുത്ത് ഈറമുറത്തിലിട്ട് തൊലിചീകി മിനുക്കിവയ്ക്കും. അന്തിചെത്തി ഇറങ്ങാൻ നേരം അങ്ങേര്, പുറകിൽ തൂക്കിയ ചുരക്കാക്കുടം ചരിച്ച് തെയ്യാമ്മയുടെ വായിലേക്ക് രണ്ടുകവിൾ മധുരക്കള്ള് ഇറ്റിച്ചു കൊടുക്കും. അതങ്ങനെ ഏതാണ്ട് മൂന്നു നാലുമാസം... ഒടുക്കം മിന്നുകെട്ട്.
ചിരുത എന്തോ ഓർത്തു നെടുവീർപ്പിട്ടു.
‘കെട്ടൊറപ്പിച്ചതിന്റെ മൂന്നിന്റന്ന് അങ്ങേര് വെച്ചുകെട്ടും പറിച്ചു തെങ്ങിൽ നിന്നും ഒന്നു വീണായിരുന്നു. ആ കിടപ്പ് അങ്ങനെ ആറുമാസം. കലിമൂത്തു തെയ്യാമ്മ പറമ്പിലെ മുരിങ്ങമരം അടിയോടെ വെട്ടി ചെത്തുതെങ്ങിന്റെ ചുവട്ടിലിട്ടു മൂടി.
പാപ്പി ഒന്നു മൂളി.
‘അങ്ങേരു നടുവിന്റെ ‘പ്ലാസ്റ്റർ’ വെട്ടിയതിന്റെ പിറ്റേന്നാണു അവരുടെ കല്യാണം. തെയ്യാമ്മയ്ക്ക് ആഗ്രഹമുണ്ടായിട്ടല്ല. കാർന്നോന്മാർ പറഞ്ഞപ്പോ...’
‘മാധമൂപ്പന്റെ ഇടമ്പിരിയുള്ള വൈക്കംകയർ വരിഞ്ഞ പുത്തൻ കയറ്റുകട്ടിലിൽ അയാൾ ഒരു വശം ചരിഞ്ഞു കിടക്കും. മലർന്നുകിടന്നാൽ അയാൾക്ക് ചുമവരും. പിന്നെ നിർത്താതെയുള്ള ഒടുക്കത്തെ ചുമ.
ചുമയൊന്ന് അടങ്ങാൻ നേരം, അയാൾ തെയ്യാമ്മയെ കയറ്റുകട്ടിലിന്റെ ഓരത്തേക്കിരുത്തി എന്തൊക്കയോ കാട്ടിത്തുടങ്ങും. തൊട്ടും പിടിച്ചും എവിടെയും എത്താതെ ഒടുക്കം കിതപ്പലോടെ ചെറ്റമറയിലേക്ക് മുഖംചേർത്ത് ചരിഞ്ഞു കിടന്ന്, വീണ്ടും ചുമച്ചു തുടങ്ങും.
ആ സമയം തെയ്യാമ്മയുടെ മനസ്സിലേക്ക് മണ്ണെണ്ണനിറച്ച മൊട്ടവിളക്കിന്റെ തിരിക്കുഴലിലൂടെ ‘തിരിത്തുണി’ കയറ്റാൻ ശ്രമിച്ചു പരാജയപ്പെട്ട പഴയ പാവാടക്കാരിയെ ഓർമ്മ വരും. അന്നേരം തെയ്യാമ്മ വാശിയോടെ ചാടിയെണീറ്റു, കരിപിടച്ചമണ്ണെണ്ണവിളക്കിന്റെ തിരിക്കുഴലിലൂടെ ഞെക്കിയും തിരിച്ചും തിരിനൂൽ കയറ്റിത്തുടങ്ങും. പതംപറഞ്ഞും പിറുപിറുത്തും മണ്ണെണ്ണത്തിരി ഏതാണ്ട് കയറിക്കഴിയുമ്പോൾ ഒരു ദീർഘനിശ്വാസത്തോടെ തെയ്യാമ്മ വിളക്കുകൊളുത്തി മാറിക്കിടന്നുറങ്ങും.’
ചിരുത ഇടയ്ക്കൊന്നു നിർത്തി എന്തോ ആലോചിച്ചു.
‘തെങ്ങേന്ന് വച്ചുകെട്ടു പൊട്ടി വീണവനേം, വള്ളപ്പടിയേൽ കാലുതെറ്റി വീണവനേം കിട്ടീട്ട് കാര്യമില്ലന്നാ തെയ്യാമ്മ പറയണത്. ഒരിക്കൽ പഴയവയറ്റാട്ടി കുഞ്ഞുതങ്കം ‘വിശേഷമൊന്നുമായില്ലേടി’ എന്നു ചോദിച്ചതിന് തെയ്യാമ്മ പറഞ്ഞതോർത്താൽ ചിരിവരും.’
‘ഓ... എന്തുവിശേഷം. മണ്ണെണ്ണവിളക്കിൽ തിരികയറ്റാൻ പഠിച്ചു അത്രതന്നെ.’
അതും പറഞ്ഞു ചിരുത ചിരിച്ചു. കൂടെ പാപ്പിയും ചിരിച്ചുപോയി.
‘അന്ന് തെയ്യാമ്മചേച്ചി മനസ്സീകയറ്റിയ ആഗ്രഹാ...കല്യാണരാത്രിയിൽ... ഇങ്ങനെ നിലാവത്ത്... അതും ഈ ‘ഇലഞ്ഞീപാടത്തിന്റെ’ നടുക്ക്...’ ചിരുത നാണത്തോടെ തലകുനിച്ചു.
പാപ്പി കഥകേട്ട് വലതുകയ്യിൽ തലയുംവച്ച് മലർന്നുകിടന്നു. ചിരുത ഒന്നൂടെ ചേർന്നുകിടന്നു പാപ്പിയുടെ രോമക്കാടുള്ള നെഞ്ചിൽ ചൂണ്ടുവിരൽകൊണ്ടു കറക്കി. അപ്പോൾ സമയം ഏതാണ്ട് അർദ്ധരാത്രി കഴിഞ്ഞിരുന്നു.
പാപ്പി എന്തോ ഓർത്തതുപോലെ ചാടി എഴുന്നേറ്റു ദൂരെ, ‘കുന്നത്ത് അമ്പലത്തിൽ’ പാട്ടുകേൾക്കുന്നുണ്ടോ എന്നു കാതുകൂർപ്പിച്ചു. ചിരുത പാപ്പിയുടെ കയ്യിൽ പിടിച്ച് താഴേയ്ക്ക് വലിച്ചു.
‘ഇല്ലാന്നേ... വെട്ടംവീഴാൻ ഇനിയും ഒരുപാടു നേരോണ്ട്’
ജുബ്ബായുടെ നീളൻകയ്യ് തെറുത്തു മേൽപ്പോട്ട് കയറ്റിവച്ചതുപോലെ നിന്നു പാപ്പി ചിരിച്ചു. അപ്പോൾ വടക്കേതിലെ ശാന്തിക്കുഞ്ഞമ്മയുടെ ഒറ്റപ്പൂവൻ മൂന്നാമത്തെ പിടയേയും ‘മെതിചവിട്ടിയിട്ട്’ ഉച്ചത്തിലൊന്നു കൂവി. എല്ലാം കഴിഞ്ഞ് പാപ്പി ഒരു കിതപ്പലോടെ വരമ്പത്തേക്ക് തലവച്ച് മലർന്നു കിടന്നു. കൂട്ടുകറിവയ്ക്കാൻ ‘ചുവന്നചീരയുടെ’ തണ്ടു ചെത്തിയതു കണ്ടിട്ടെന്നപോലെ, ചിരുത അപ്പോൾ പേടിയോടെ പാപ്പിയെ നോക്കി.
പാപ്പി എന്തോ ആലോചിച്ച് ഒന്നും മിണ്ടാതെ നിലാവത്ത്, ആ നക്ഷത്രക്കൂട്ടങ്ങളിലേക്ക് കണ്ണുംനട്ടു നിവർന്നു കിടന്നു. രണ്ടുപേരും ആ കിടപ്പ് അങ്ങനെ കുറച്ചുനേരം കിടന്നു. ഉറക്കത്തിന്റെ ആലസ്യം കണ്ണുകളിലേക്ക് തുളഞ്ഞുകയറാൻ വെമ്പുന്ന ആ നിശബ്ദതയിൽ, ഇടിവെട്ടേറ്റതുപോലെ രണ്ടുപേരും ഞെട്ടിയുണർന്നു. പാപ്പി കിതപ്പലോടെ ദൂരെ, തന്റെ വീട്ടിലേക്ക് നോക്കി. നിലാവിനെ തോൽപ്പിച്ചിട്ടെന്നപോലെ വേലിയ്ക്കലെ ആ ‘ഹാലജൻ’ ലൈറ്റ് പെട്ടന്ന് മിന്നിത്തെളിഞ്ഞു.
നിശ്ശബ്ദത.
‘എല്ലാവരും ഓടിവായോ...ദേ പാപ്പിനേം ചിരുതേനേം കാണാനില്ലേ...’
പങ്കുവമ്മായി തൊണ്ടകീറി ഒറ്റ അലർച്ച. ചിരുതനോക്കുമ്പോൾ ഉത്സവത്തിനു മൊട്ടബൾബുകൾ തെളിയും പോലെ അവിടവിടായി ലൈറ്റുകൾ തെളിഞ്ഞു തുടങ്ങി. ഇലഞ്ഞിയിൽപാടം അപ്പോൾ സർക്കസ്സു മൈത്താനം പോലെ വെട്ടിത്തിളങ്ങിനിന്നു.
പാപ്പി, മിഴിച്ചുനോക്കിനിൽക്കുന്ന ചിരുതയുടെ കൈയ്യും പിടിച്ച് കൈതക്കാടിന്റെ ഇരുളിലേക്ക് ഓടിക്കയറി. ഞാന്നു കിടക്കുന്ന കൈതോലകൾക്കിടയിലൂടെ അവർ ആകാംക്ഷയോടെ ദൂരേയ്ക്കു നോക്കി. അപ്പോഴേയ്ക്കും നാലുചുറ്റുംനിന്നും കണ്ണും തിരുമ്മികൊണ്ടു പുരുഷാരം പാടത്തേക്ക് ഇറങ്ങി തുടങ്ങി.
ശാന്തിക്കുഞ്ഞമ്മ... തയ്യൽക്കാരൻ സുകു...കറവക്കാരൻ...
ആളുകൾ അങ്ങനെ തൈത്തുണ്ടങ്ങൾക്കു മുകളിലും കപ്പലുമാവിൻ ചില്ലകളിലുമായി ചേക്കേറിത്തുടങ്ങി.
പങ്കുവമ്മായി നെഞ്ചത്തടിച്ചു പതംപറഞ്ഞ് ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു.
ശാന്തിക്കുഞ്ഞമ്മയുടെ കൂട്ടുപുരികങ്ങളുള്ള ആ തെറിച്ചപയ്യൻ, ഇല ഉതിർത്തുകളഞ്ഞ ഒരു ‘ശീമക്കൊന്നപത്തലിന്റെ’ തുമ്പുകൊണ്ടു പാപ്പിയുടെ വരയൻ അണ്ടർവെയർ ഉയർത്തിപ്പിടിച്ച് എല്ലാവരേയും കാണിച്ചു. എല്ലാവരും ഒരുനിമിഷം അങ്ങോട്ടു നോക്കി. പങ്കുവമ്മായി ഒരു നെടുവീർപ്പോടെ താടിക്കു കയ്യ് കൊടുത്തു.
‘ഇതുങ്ങൾക്ക് ഇതെന്തിന്റെ കേടായിരുന്നു?.’
കിഴക്കുനിന്ന് ഒച്ചയെടുത്ത്, ‘കമ്യൂണിസ്റ്റ്പച്ചകളെ’ വകഞ്ഞുമാറ്റി മെമ്പറുമാത്തൻ പാടത്തേക്കിറങ്ങിവന്നു. വന്നപാടെ അണ്ടർവെയറിനു ചുറ്റും കൂടിനിന്നവരെ ഇരുവശത്തേക്കും മാറ്റി. മാത്തൻ കുനിഞ്ഞിരുന്ന് വരയൻ അണ്ടർവെയർ തിരിച്ചും മറിച്ചും നോക്കി. എന്തോ മനസ്സിലുറപ്പിച്ചതുപോലെ തിരിഞ്ഞു പങ്കുവമ്മായിയെ ഒന്നു ഇരുത്തി നോക്കി. പാടത്തിന്റെ അങ്ങേക്കരയിലെ ഗൾഫുകാരൻ ഒരു ‘എമർജെൻസിലാംപ്’ വരമ്പിന്റെ ഒത്തനടുക്കായി സ്ഥാപിച്ചു. മെമ്പറുമാത്തൻ കുളത്തിനെ ഒരു റൗണ്ട് വലംവച്ച്, കൊട്ടത്തേങ്ങവീണു ചിതറിത്തെറിച്ച ആഫ്രിക്കൻപായലിനിടയിലൂടെ കുളത്തിന്റെ ആഴങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി.
‘ഇനിയിപ്പോ ഫയർഫോഴ്സിനെ വിളിക്കാന്നു വച്ചാൽ...’
‘ഓ... അവരീ പാടോംചുറ്റി വരുമ്പോഴേയ്ക്കും നേരം വെളുക്കും. വെട്ടം വീഴാൻ നിന്നാൽ പിന്നെ ശവമായിട്ടേ കിട്ടത്തൊള്ളു.’
അതുകേട്ടതും പങ്കുവമ്മായി ഒരലർച്ചയോടെ ‘എന്നാൽപ്പിന്നെ ഒന്നും നോക്കാതെ ആരെങ്കിലും കുളത്തിലങ്ങ് ഇറങ്ങണം’
പ്രശ്നം പരിഹരിച്ചതുപോലെ മെമ്പറുമാത്തൻ ചുറ്റും നോക്കി. കേട്ടവർ കേട്ടവർ ഓരോരുത്തരായി തലകുനിച്ചു തുടങ്ങി. പണ്ട്, വരമ്പിന്റെ ഇറമ്പത്ത് മുട്ടയിടാൻ കയറിയ കാരാമയെ പിടിച്ച് പുഴുങ്ങിതിന്നിട്ട് ചോരതൂറി ചത്ത അള്ളുകുഞ്ഞിന്റെ കഥ ആരോ പറഞ്ഞു.
‘സന്ധ്യകഴിഞ്ഞാൽ ഇതിലംവഴി മറുതേടെ വരവും പോക്കുമുള്ളതാണ്. വിശേഷദിവസങ്ങളിൽ ഇടക്കുളിക്കായിട്ട് ഇവിടെയാണ് ഇറങ്ങണത്. കുളികഴിഞ്ഞ് വരകാടിത്തറേം ചുറ്റി തെക്കോട്ട്, കാവും തീണ്ടി പോകുന്നു എന്നാ വയ്പ്പ്. അതുകൊണ്ട് കുളത്തിൽ ഇറങ്ങാനും കയറാനും നിൽക്കണത് അത്ര ബുദ്ധിയല്ല.’ തയ്യൽക്കാരൻസുകു പറഞ്ഞു നിർത്തി.
‘പണ്ട് മറുതേടെ, ഇടക്കുളി തെറ്റിക്കാൻ നമ്മുടെ ‘വിപ്ളവകുമാരൻ’ കുളത്തിൽ കരിഓയിൽ ഒഴിച്ചത് ഓർക്കണില്ലേ...?’ പാർട്ടിമീറ്റിംഗിന്റെ ഇടയ്ക്ക് വായീന്ന് നുരയും പതയും വന്നാ തീർന്നത്’ സുകു അതും കൂടി പറഞ്ഞിട്ട് ശ്വാസം വിട്ടു.
എല്ലാവരും പരസ്പരം നോക്കി. എല്ലാവരേയും വകഞ്ഞുമാറ്റി കാപ്പികടക്കാരൻ തന്റെ തൂക്കുകെറ്റിലിൽ നിന്നും ആവശ്യക്കാർക്ക് ചുക്കുകാപ്പി കൊടുത്തുതുടങ്ങി. ആരോ ഒരാൾ എവിടെനിന്നോ ഒരു പ്ലാസ്റ്റിക്ക് ചെയർ കൊണ്ടുവന്ന് വരമ്പത്തേക്കുവച്ചു. മെമ്പർമാത്തൻ ചൂടുചുക്കുകാപ്പി വാങ്ങി അതിലേക്കിരുന്ന് എന്തോ ഗഹനമായി ആലോചിച്ചു തുടങ്ങി. പാപ്പി ദയനീയമായി ചിരുതയെ നോക്കി. അവളുടെ മുഖത്ത് ഇപ്പോഴും ആ പഴയചിരി തങ്ങിനിൽപ്പുണ്ട്. പെട്ടന്ന് എല്ലാവരെയും ഞെടിച്ചുകൊണ്ട് ‘കുന്നത്ത് അമ്പലത്തിലെ‘ പാട്ട് ഉച്ചത്തിൽ കേട്ടുതുടങ്ങി.
‘ബാലസ്ത്രീകടെ തുകിലും വാരി
-ക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ-
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണ്ണാ കണികാണാൻ...’
പാട്ടുകേട്ട് പല്ലും കടിച്ചുകൊണ്ടു പാപ്പി പിന്നേം ചിരുതയെ നോക്കി. അവൾക്ക് ഇപ്പോഴും ആ പഴയചിരി. പാപ്പി ദേഷ്യത്തോടെ അവളുടെ ഇടത്തെചന്തിക്ക് ഒരു പിച്ചുകൊടുത്തു. ചിരുത ചിരി സഹിക്കാൻ വയ്യാതെ രണ്ടു കൈയ്യും ചേർത്ത് വായ പൊത്തി.
വെട്ടം വീണതും സർക്കസ്സിലെ മരണക്കിണറിനു ചുറ്റും എന്ന പോലെ ആൾക്കൂട്ടം കുളത്തിനു ചുറ്റും തടിച്ചു കൂടി. കെട്ടിടം പണിക്കാർ, പൊന്തുവള്ളക്കാർ...അങ്ങനെ ഓരോരുത്തരും അന്നത്തെ പണിമാറ്റിവച്ച് ഓരോരുത്തരായി ആൾക്കൂട്ടത്തിനിടയിലേക്ക് ചേർന്നു തുടങ്ങി. പത്രക്കാരൻ അന്നത്തെ പത്രങ്ങൾ വരമ്പിന്റെ മുകളിലേക്കു നിരത്തിവച്ച് ആൾക്കൂട്ടത്തെ ആകർഷിക്കാൻ അതിലെ പ്രധാനവാർത്തകൾ ഉറക്കെ വായിച്ചു. രക്ഷാപ്രവർത്തനത്തിനായി മെമ്പർമാത്തന്റെ നേതൃത്തത്തിൽ കായൽ കടന്നെത്തിയ ‘മണൽ വാരൽ സംഘം’ ഒറ്റത്തോർത്തും ഉടുത്തു കുളക്കടവിൽ നിന്നു ദേഹത്ത് വെളിച്ചെണ്ണ തേച്ചുതുടങ്ങി. തൈത്തുണ്ടത്തിനു മുകളിൽ പല്ലു തേച്ചുകൊണ്ടു കുത്തിയിരുന്ന ഒരു കിളവൻ, ചുരുട്ടിപ്പിടിച്ച മാവിന്റെ ഇല ദൂരെ എറിഞ്ഞ്, വലിയ വായിൽ ചുമച്ചുതുടങ്ങി. ചുമച്ച്...ചുമച്ച്...പഴുത്തു മഞ്ഞച്ച ഒരു വലിയ കഫക്കട്ട കുളത്തിലെ പായലുമാറിയ തെളിച്ചത്തിലേക്ക് തുപ്പിയിട്ടു. എവിടെനിന്നോ ജലപ്പരപ്പിലേക്ക് പൊന്തിവന്ന് ഒരായിരം ‘തുപ്പലുകൊത്തിമീനുകൾ’ ആ കഫക്കട്ടയെ നിമിഷനേരംകൊണ്ടു കൊത്തിവലിച്ചു കുളത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു. ഇതുകണ്ടതും കിളവൻ ആവേശത്തോടെ എഴുന്നേറ്റ് ഉറക്കെപ്പറഞ്ഞു:
‘ഏതായാലും ശവം കുളത്തിലില്ല.’
എല്ലാവരും കിഴവന്റെ ചുരുണ്ടുകൂടിയ ക്ഷീണിച്ച മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി.
‘കണ്ടില്ലേ? ദേ, ഇതുങ്ങൾക്കൊക്കെ നല്ല വിശപ്പുണ്ട്’
തന്റെ നിരീക്ഷണ ഫലം അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു. അതുകേട്ടതും എല്ലാവരും മുഖത്തോടു മുഖംനോക്കി. മണൽവാരൽ സംഘം അവരുടെ എണ്ണതേപ്പു നിർത്തി മെമ്പറെ നോക്കി. മെമ്പറുമാത്തൻ കസേരയിലേക്കിരുന്നു വീണ്ടും ആലോചിച്ചുതുടങ്ങി.
‘കുളത്തിലില്ലേൽപ്പിന്നെ...?’
എന്തോ വീണ്ടുവിചാരമുണ്ടായതുപോലെ ചാടി എണീറ്റ്, അയാൾ കപ്പലുമാവിൻകൂട്ടങ്ങളുടെ മുകളിലേക്കു നോക്കി. എന്തോശരിവച്ചതുപോലെ ഓരോരുത്തരും ചുറ്റും നോക്കിത്തുടങ്ങി.
വരിയ്ക്കപ്ളാവ്...
മാഞ്ചിയം...
ഒട്ടുമാവിന്മുകള്...
ഇത്രയും ആയപ്പോഴേയ്ക്കും പാപ്പി നെഞ്ചിടിപ്പോടെ ചിരുതയെ ചേർത്തുപിടിച്ചു. അവൾ അപ്പോൾ മുഖത്ത് ഒരുഭാവഭേദവുമില്ലാതെ ആ പഴയ ചിരിയോടെ പാപ്പിയെനോക്കി. കണ്ണിലെ ആ കുസൃതിയുടെ തിരിയിളക്കം നോക്കിനിൽക്കെ, ചിരുത പാപ്പിയുടെ ബലിഷ്ഠമായ വലതുകയ്യിൽ മുറുകെ പിടിച്ചു.
‘നിങ്ങളെന്തിനാ പേടിക്കണെ, നമ്മള്, കെട്ടിയോനും കെട്ടിയോളുമല്ലേ?’ എന്നും പറഞ്ഞ് അവൾ കിലുകിലെ ചിരിച്ചു. പാപ്പി എന്തേലും മറുത്തു പറയും മുൻപേ അവൾ അവനെ വലിച്ചു കൈതക്കാടിന്റെ വെളിയിലേക്കിട്ടു. കൈതമുള്ളുകൾ പാപ്പിയുടെ തുടയ്ക്കു പുറകിലായി ഒരു നീളൻ വരവരച്ചു. പാപ്പിയുടെ കയ്യും പിടിച്ചു ചിരുത ഇലഞ്ഞിപാടത്തിനു നടുവിലൂടെ നടന്നുതുടങ്ങി. പള്ളിപ്പെരുന്നാളിനു നിലയമിട്ടുപൊട്ടിയ ആകാശകാഴ്ച്ച കണ്ടിട്ടെന്നപോലെ പുരുഷാരം അതുകണ്ട് വായപൊളിച്ചു. മെംബറുമാത്തന്റെ തൊണ്ടക്കുഴിയിലൂടെ ഞെരിപിരികൊണ്ട് ഒരിറക്കു തുപ്പൽ കീഴ്പ്പോട്ട് ഇറങ്ങിപ്പോയി. തിടമ്പേറ്റിയ ഒരുകൊമ്പനാനയെ എഴുന്നള്ളികും പോലെ ചിരുത പാപ്പിയുടെ വലതുകയ്യും പിടിച്ച്, ഇരുവശത്തേക്കും വഴിമാറുന്ന ആൾക്കൂട്ടത്തിനിടയിലൂടെ നെളിഞ്ഞു നടന്നു.
അപ്പോഴും ചിരുതയുടെ ചുണ്ടിൽ ആ പഴയചിരി നുരഞ്ഞു പൊന്തുന്നുണ്ട്
വരമ്പിന്റെ അറ്റത്ത്, വീട് അതിരിട്ട വയലിന്റെ ഇറമ്പത്തുവച്ച്, പാപ്പി തല ഉയർത്തി ചിരുതയെ ഒന്നുകൂടെ നോക്കി.
പാപ്പിനോക്കുമ്പോ, ശരിക്കും... ശരിക്കും... ചിരുതയ്ക്കു തുണിയേ ഇല്ല…