ചിത്രീകരണം: ദേവപ്രകാശ്

പറക്കുന്ന ഒരു ചെറിയ പ്രാണി

‘ഈ വീട്ടിലെ ദേശീയ പക്ഷിയായ് എന്നെ പരിഗണിച്ചു കൂടെ? ’

എന്നെ കൊല്ലുന്നത് രാജ്യദ്രോഹമായ് പ്രഖ്യാപിച്ചു കൂടെ?' രണ്ടു കർട്ടനുകൾക്ക് പിറകിലുള്ള ജനൽ കമ്പിയിൽ കുത്തനെ നിന്ന് ഫ്‌ലാറ്റ് നമ്പർ ജെ10 ലെ പെൺകൊതുക് സൂസൻ മേരി വിളിച്ചു ചോദിച്ചു. ആ സമയം മനസ്സില്ലാമനസ്സോടെ തുല്യ ജോലിസമയം എന്ന കടുത്ത തീരുമാനത്തിനു വേണ്ടി ഭാര്യ പറഞ്ഞേൽപ്പിച്ച തേങ്ങ ചിരകുകയായിരുന്നു വിനീത്.

പെൺകൊതുക് ഉറക്കെ ചോദ്യമാവർത്തിച്ചു. പക്ഷെ ഫലമുണ്ടായില്ല.

അടുത്ത സെക്കന്റിൽ രണ്ടു ദിവസത്തെ പ്രവൃത്തിപരിചയമുള്ള കൊതുക് വിഘ്‌നേഷ് പറന്ന് വന്ന് സൂസന് അടുത്തിരുന്നു.

'ഇങ്ങനെ ഇരുന്ന് മാഞ്ഞാളം പറഞ്ഞിട്ടൊന്നും ഒരു കാര്യവുല്ല. ഇബ്‌ടെ കേക്കാൻ ഒരുത്തനുല്ല. രണ്ടാളും അടുക്കളയിലാ... ' വിഘ്‌നേഷ് പുലിവാൽ കല്യാണത്തിലെ സലിം കുമാറിന്റെ സ്റ്റിക്കറെടുത്തിട്ടു.

'അങ്ങനത്തെ വർത്താനൊന്നും നീ എന്നോട് പറയണ്ട. ഞാനീ ഫ്‌ലാറ്റില് വന്നിട്ട് ഇരുപത് ദിവസായി ' സൂസൻ പിടി കൊടുത്തില്ല.

'എന്നാ ചെലച്ചോണ്ടിരുന്നോ ' വിഘ്‌നേഷ് എഴുന്നേറ്റ് കാല് വിറപ്പിച്ച് പറന്നു പോയി.

അത് കേട്ടതും എന്തോ ഉളുത്ത് കേറിയതുപോലെ തോന്നി സൂസന്.

അവിടെത്തന്നെ ഇരിക്കാനും തന്റെ അവസ്ഥയെപ്പറ്റി കൂടുതലായെന്തെങ്കിലും ആലോചിക്കാനും തന്നെയായിരുന്നു അവളുടെ തീരുമാനം. പക്ഷെ ഒരു മര്യാദയുമില്ലാത്ത കച്ചറഭാഷയിൽ വിഘ്‌നേഷ് പറയാതെ പറഞ്ഞത് തന്റെ ദാരിദ്രത്തെക്കുറിച്ച് തന്നെയാണെന്ന് സൂസന് ഉറപ്പുണ്ടായിരുന്നു. കഴിഞ്ഞ ഇരുപത് ദിവസമായി ഇവിടുള്ള ഒരുത്തന്റെയെങ്കിലും ചോര കുടിച്ചിട്ട്. സംഗതി സത്യമാണ്. അവസ്ഥ സങ്കടകരമാണ്. പക്ഷെ പറയാതിരിക്കാനാവില്ല. അതുകൊണ്ടു കൂടിയാണ് അനാവശ്യമാണെങ്കിലും കൂടുതലോരോന്ന് ആഗ്രഹിച്ച് പോവുന്നതെന്ന് സൂസന് നല്ല ബോധ്യമുണ്ടായിരുന്നു. സൂസൻ കുണ്ടിയൊന്നനക്കി. വിശപ്പ് സ്റ്റോക്ക്മാർക്കറ്റ് പോലെ കുതിച്ച് കയറുകയാണ്. ഇവിടെ ഇനിയുമിരുന്നാൽ അടുത്ത കുരിശു വന്ന് കേറുമെന്ന് ഉറപ്പുണ്ടായിരുന്നതു കൊണ്ട് കർട്ടനിടയിലൂടെ വീണ്ടും പുറത്ത് ചാടി മുറികളിലേക്ക് പറന്നു.

ആദ്യമായ് ഈ ഫ്‌ലാറ്റിലേക്ക് ജോലിക്ക് വരുമ്പം എന്ത് വൃത്തിയുള്ള ചുമരുകളായിരുന്നു ഇതെല്ലാം എന്ന് സൂസൻ ഓർത്തു. ഇപ്പോൾ അവിടെവിടെയായ് കറുത്ത ചോരയായ് പറ്റിയൊണങ്ങിയിരിക്കുന്ന ചില സുഹൃത്തുക്കളെക്കണ്ടപ്പോൾ വീണ്ടും സങ്കടവും അഭിമാനവും തോന്നി. അതിൽ പ്രണോയ് റോയിയെപ്പോലുള്ള വളരെ പ്രിയപ്പെട്ട ചിലരുണ്ടെന്നത് തന്നെയായിരുന്നു സങ്കടത്തിന്റെ കാരണം. പക്ഷെ അഭിമാനം ഇത്രയും നാളും പിടികൊടുക്കാതെ താൻ ജീവൻ പിടിച്ചു നിർത്തിയല്ലോ എന്നതു ഓർത്തു തന്നെയായിരുന്നു.

'ഒരർത്ഥത്തിൽ മനുഷ്യർക്കു മാത്രമേ സ്വതന്ത്ര്യം കിട്ടിയിട്ടുള്ളു. കൊതുകൾക്കില്ല ' കൊല്ലപ്പെടുന്നതിനു ഏതാനും മിനുറ്റുകൾ മുമ്പ് പ്രണോയ് റോയ് പറഞ്ഞ വാക്കുകൾ സൂസനിൽ ആദർശത്തിന്റെ വേലിയേറ്റമുണ്ടാക്കി. പ്രണോയുടെ ഭാഷയായിരുന്നു സൂസനെ അവനിലേക്ക് അടുപ്പിച്ച പ്രധാന ഘടകം. അവനെ സംസാരിപ്പിക്കുക എന്നതായിരുന്നു ആ ദിവസങ്ങളിൽ സൂസന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദം. അതൊരു വിനോദം എന്നതിലുപരി പ്രതിരോധത്തിന്റെ ഭാഷ കൂടി തനിക്ക് തരുന്നുണ്ടെന്ന് സൂസന് ആ കാലത്ത് തന്നെ തോന്നിയിരുന്നു. പ്രണോയിയെപ്പോലെ സംസാരിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്.

താരതമ്യേന അത്ര വൃത്തിയില്ലാത്ത ഒരേ പാട്ടവെള്ളത്തിലായിരുന്നു പ്രണോയിയും താനും ജനിച്ചത്. പക്ഷെ അവന് മാത്രമെങ്ങനെ ഇത്ര നല്ല ഭാഷ കിട്ടിയെന്ന് സൂസൻ ആദ്യമാദ്യം അത്ഭുതപ്പെട്ടു. കൂടെയുള്ള ചിലരുടെ കോളനി ഭാഷ കേട്ട് കേട്ട് തന്നത്താൻ ചടച്ച് നിക്കുമ്പഴാണ് കുറച്ചെങ്കിലും വിവരമുള്ള ഒരാളുടെ ഫ്‌ലാറ്റിൻ ഭാവിയിൽ ജീവിതം ചെലവഴിക്കണമെന്ന ഉത്കടമായ ചിന്ത സൂസനെ മദിച്ചു തുടങ്ങുന്നത്. അങ്ങനെയാണ് പുതുതായ് താമസം തുടങ്ങുന്ന പുതിയ അഞ്ചുനില ബിൽഡിങ്ങിലെ ഏറ്റവും വിവരമുള്ള താമസക്കാരുടെ ഫ്‌ലാറ്റന്വേഷിച്ച് സൂസൻ ഇറങ്ങിത്തിരിക്കുന്നത്. അത് അത്ര എളുപ്പമുള്ള പണിയായിരുന്നില്ല. പക്ഷെ മുമ്പിൽ പ്രണോയ് ഉണ്ടായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. കോളനിക്കാരിൽ ആന്റണിയും പാൽപ്പാണ്ടിയും സേവ്യർ കുഞ്ഞും അതിനെ ശക്തിയുത്തം എതിർത്തു.

'നീ വെറുതെ തുള്ളാൻ നിക്കണ്ട. ഏതെങ്കിലും ഗ്രൗണ്ട് ഫ്‌ലോറിത്തന്നെ കേറിക്കിടന്നോ ... എന്നാ അത്യാവശ്യത്തിന് പുറത്തേക്കിറങ്ങി ഓടാ... ആരെങ്കിലുമൊക്കെ സഹായത്തിനും കാണും കൊച്ചേ ' ആന്റണി ചിറകൊന്ന് മടക്കി നിവർത്തി മീശയിളക്കി.

'വേണ്ട, ഞാൻ തീരുമാനിച്ചു ' സൂസൻ കണ്ണുയർത്തി.

'അവനെക്കണ്ടിട്ടാ നിന്റെ നെഗളിപ്പെന്നറിയാം... കൈപ്പത്തി നിര്യാതപുറം തലമണ്ടക്ക് വന്ന് വീഴുമ്പം നിന്റെ പുഴുങ്ങിയ ഭാഷകൊണ്ട് ഒരു വകയും നടക്കില്ല. ' പാൽപ്പാണ്ടി മൂർച്ച കൂട്ടി.

'അതിന് കോളനിക്കാരെന്തിനാ എന്റെ ഭാഷേല് തൊട്ട് കളിക്കുന്നത്. അതെനിക്ക് പിടിക്കത്തില്ലേ. പിന്നെ അവനെ എനിക്ക് ഇഷ്ടാ...മാനം മര്യാദയ്ക്ക് ഒരഞ്ച് മിനിറ്റ് സംസാരിക്കാൻ പറ്റോ പാൽപ്പാണ്ടിക്ക് .... ഈ സേവ്യർ കുഞ്ഞിന് പറ്റുവോ.... ഇല്ലല്ലോ... അപ്പം അതൊരു ശ്രേഷ്ഠത തന്നെയാ... ' അതു കേട്ടതും സേവ്യർ കുഞ്ഞ് കരഞ്ഞ് കൊണ്ട് തൊട്ടപ്പുറത്തെ പറമ്പിലേക്ക് പാഞ്ഞു.

അവന് വിഷമമുണ്ടാവുമെന്ന് സൂസന് അറിയാമായിരുന്നു. മുമ്പ് പ്രണോയിയെ ശ്രദ്ധിക്കുന്നതിന് മുമ്പ് സേവ്യറിന്റെ ഒപ്പമായിരുന്നു സൂസൻ ആ പാട്ടവെള്ളത്തിൽ തൊടാനും പാച്ചിലും കളിച്ചിരുന്നത്. അന്ന് ചിലപ്പോൾ ഒരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ചോ മറ്റോ പറഞ്ഞിട്ടുണ്ടാവാമെന്നും അതൊക്കെ ബാല്യത്തിന്റെ ചാപല്യങ്ങൾ മാത്രമാണെന്നും സൂസൻ കൃത്യമായ് ഇന്ന് തിരിച്ചറിയുന്നുണ്ട്. അക്കാര്യങ്ങൾ നേരിട്ടവസരം കിട്ടുമ്പോഴൊക്കെ സേവ്യറിന്റെ മനസ്സിൽ രേഖപ്പെടുത്താനും സൂസൻ മറന്നിരുന്നില്ല. പക്ഷെ അതൊന്നും ഉൾക്കൊള്ളാനുള്ള മാനസിക വികാസം അവന് സംഭവിച്ചിരുന്നില്ലെന്ന് തന്നെയാണ് സൂസൻ ഉറപ്പിക്കുന്നത്.

ഫസ്റ്റ് ഫ്‌ലോറിലെ താമസക്കാരി യു. ജി.സി. നെറ്റ് പാസായിട്ടില്ല എന്ന ഒറ്റക്കാരണത്താലാണ് സെക്കന്റ് ഫ്‌ലോറിലെ ജെ. 10 ഫ്‌ലാറ്റിൽ താമസമാക്കാമെന്ന് സൂസൻ തീരുമാനിക്കുന്നത്. കൂടാതെ അവിടുത്തുകാർക്കാണെങ്കിൽ മക്കളുമില്ലായിരുന്നു. അതും ഒരനുഗ്രഹമായിരുന്നു. കുട്ടികളെ കടിക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണെന്നായിരുന്നു പ്രണോയിയുടെ ആദർശം.

'നമ്മളതിന് മനുഷ്യരല്ലല്ലോ' എന്ന് അറിയാതെ തിരിച്ചു ചോദിച്ചതിന് ഒരു രാത്രി മുഴുവനുമാണ് പ്രണോയ് മിണ്ടാതിരുന്നത്. അതിന് ശേഷമാണ് പ്രണോയിക്കും ഇഷ്ടപ്പെടാത്ത ചില ചോദ്യങ്ങളുണ്ടെന്ന് സൂസൻ തിരിച്ചറിയുന്നത്. അതേതായാലും പ്രണോയുമൊത്തുള്ള കുടുംബ ജീവിതം തുടങ്ങിയ ശേഷം ആന്വേഷിക്കാമെന്ന് കരുതി മാറ്റിവെക്കുകയായിരുന്നു.

അന്ന് എന്താണ് സംഭവിച്ചതെന്ന് സൂസന് ശരിക്കും ഓർമ്മയുണ്ട്. രാത്രി രണ്ടു മണി കഴിഞ്ഞിരുന്നു. ഗുഡ്‌നൈറ്റ് ലിക്വിഡ് മുറിയിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു. പക്ഷെ ഇലക്ട്രിസിറ്റി ഓഫീസുകാർ സഹായിച്ച് കറന്റ് കുറച്ച് നേരത്തേക്ക് പോയി. ഞങ്ങൾ രണ്ടു പേരും ആശ്വസിച്ചു. ഗുഡ് നൈറ്റിന്റെ മണം ഒന്നൊതുങ്ങിയശേഷം കഴിയാവുന്നത്രയും നിശ്ശബ്ദതയിൽ പറന്ന് കാലിലോ പിൻകഴുത്തിലോ കടിക്കാനായിരുന്നു പരിപാടി. സമയം എൽ.പി.ജി. ഗ്യാസുപോലെ തീർന്നുകൊണ്ടിരുന്നു.

പറന്ന് തുടങ്ങുന്നതിന് മുമ്പ് പ്രണോയ് പറഞ്ഞു: ‘ഇതൊരു വർഗസമരമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലാണ് യുദ്ധം. രക്തം സ്വന്തമായ് ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ ഉത്പത്തിയുടെ ഘട്ടത്തിൽ മനുഷ്യർ സമർത്ഥമായ് മോഷ്ടിച്ചെടുക്കുകയായിരുന്നു. ഇന്നത് അവരുടെ കുത്തക അവകാശമായ് മാറിയിരിക്കുന്നു. ഇതിനെതിരെ പ്രതിരോധം ഉയർന്നുവരേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. നീ അയ്യങ്കാളിയെക്കുറിച്ചു കേട്ടിട്ടുണ്ടോ ... ?.'

'ഇല്ല ' സൂസൻ മറുപടി പറഞ്ഞു.

' ത്രൈലോക്യനാഥ് ചക്രബർത്തിയെക്കുറിച്ച് കേട്ടിട്ടുണ്ടോ ?'

'ഇല്ല ...' സൂസൻ വിശപ്പുകൊണ്ട് അതേക്കുറിച്ചറിയാമായിരുന്നിട്ടും പറയാൻ നിന്നില്ല.

' കഷ്ടം. എന്നാ കേട്ടോ, നമ്മൾ അവരാണ് '

പ്രണോയ് പറഞ്ഞു നിർത്തുമ്പഴേക്കും ചായ കുടിക്കാൻ പോയ കറന്റ് തിരിച്ചു വന്നിരുന്നു. വീണ്ടും ഗുഡ്‌നൈറ്റ് ലിക്വിഡ് മണം കൊക്കക്കോളയെപ്പോലെ നുരയാൻ തുടങ്ങി.

സൂസന് ശരിക്കും സങ്കടമായി. ഇനി എന്ത് ചെയ്യും. വർത്താനം കുറച്ച് കുറച്ചിരുന്നെങ്കിൽ ചോര കിട്ടിയേനെ എന്ന അർത്ഥത്തിൽ ഒരു നോട്ടം സൂസന്റെ ഭാഗത്ത് നിന്ന് ആകാശത്തിലേക്ക് പരന്നതും പ്രണോയ് രണ്ടും കൽപ്പിച്ച് പറന്ന് യു.ജി.സി നെറ്റ് രണ്ടാം വട്ടമെഴുതിയിട്ടും ജെ.ആർ.എഫ് ഒരു ശതമാനത്തിന് നഷ്ടപ്പെട്ട സങ്കടത്തിലുറങ്ങുകയായിരുന്ന സുജിയുടെ ചുണ്ടത്ത് ചെന്ന് ഒറ്റയിരുത്തം.

സൂസന്റെ കണ്ണ് അത് കണ്ട് വിരിഞ്ഞു. ചങ്കൂറ്റം. സുജി ചുണ്ട് ഒന്ന് കോട്ടി. പ്രണോയി ഒന്ന് കൂടി പറന്ന് ഒരു കാല് സുജിയുടെ കഴുത്തിലെ മറുകിലും മറ്റൊരു കാല് സമതലത്തിലും വെച്ച് കുഴൽക്കിണർ കുഴിക്കാൻ തുടങ്ങി. പക്ഷെ അപ്രതീക്ഷിതമായ് ഉറക്കത്തിൽ നിന്ന് പൊന്തിവന്ന കാലൻകൈ ആ മറുകിന് മേൽ വന്ന് നിപതിക്കുകയും തൊട്ടടുത്ത നിമിഷം അതിൽ പറ്റിപ്പിടിച്ച പ്രണോയിയെ ചുമരിൽ ഉരക്കുകയുമായിരുന്നു. പ്രണോയിയുടെ കറുത്തുണങ്ങിയ ചോര കാണുമ്പോഴൊക്കെ അതിൽ കരുത്തുള്ളൊരു ഭാഷ വിങ്ങിപ്പൊട്ടി നിൽക്കുന്നതു പോലെ സൂസന് തോന്നി.

വീണ്ടും തിരിഞ്ഞ് അടുക്കളയിലേക്ക് നല്ല ഉയരത്തിൽ പറന്ന് താഴെ വേലക്കാരികളെപ്പോലെ പണിയെടുക്കുകയായിരുന്ന സുജിയേയും ഭർത്താവ് വിനീതിനേയും ഹൈആങ്കിളിൽ നോക്കി ചുമരിന്റെ ഒരു വശത്ത് തലകുത്തനെ ചെന്നിരിക്കാമെന്ന് സൂസൻ ഉറപ്പിച്ചു. അടുത്ത നിമിഷത്തിൽ അധികം വേഗതയില്ലാതെ പറന്നു വന്ന രാഹുൽ എന്ന കൊതുകിനെ വിനീത് ഒറ്റക്കൈവീശലിന് തന്നെ പിടിച്ച് ഞെരിച്ചു കളഞ്ഞു.

"പകലാണെന്ന ബോധമില്ല... ' വിനീത് കൈ തുറന്ന് കാണിച്ചു കൊടുത്തു.

സുജി തക്കാളി അരിയുന്നതിനിടയിൽ നോക്കി ചിരിച്ചു.

"കൊതുകിനെ പിടിക്കുന്നതിന് ഒരു ട്രിക്കുണ്ട്.'

"ഓഹോ.... ' സുജി കളിയാക്കി.

"സത്യം... വേണ്ടേ വേണ്ട.... '

സൂസന് നിരാശയായ്. ആ ട്രിക്ക് അറിഞ്ഞിരുന്നെങ്കിൽ എന്ത് ഉപകാരമായിരുന്നു.

അന്ന് മറ്റ് കോളനിക്കാരോടൊത്ത് ഇരിക്കുമ്പം സൂസൻ പറഞ്ഞു.

"നമ്മളെ പിടിക്കുന്നതിന് മനുഷ്യന്മാര് ഒരു പുതിയ വിദ്യ കണ്ടുപിടിച്ചിട്ടുണ്ട് '

"എന്തു വിദ്യ' കൊതുക് ഇന്ദിര ചോദിച്ചു.

"അതൊക്കെയുണ്ട്.... ' സൂസൻ കനപ്പിച്ചു.

"ഓ... പിന്നെ ... അവരെ പണി തന്നെ ഇതാണല്ലോ... ' ഇന്ദിര ചൊറിഞ്ഞു.

"പുളു പറയാതെ സൂസാ .... ഇപ്പളള വിദ്യ തന്നെ പോരാഞ്ഞാ.... ' കൊതുക് മാലതി തൊടയിളക്കി.

"ശരിയാ.... ആ കുപ്പീന്റെ മണം വരുമ്പം തന്നെ ഒരു മത്ത് പിടിച്ച പോലെയാ... മനുഷ്യന്റെ മണം കിട്ടാൻ തന്നെ പിന്നെയൊരു താമസാ... ' കൊതുക് ഗിരിജതമ്പി പറഞ്ഞു.

"അറിയുമെങ്കിൽ നീ പറ... ' ഇന്ദിര പ്രകോപിപ്പിച്ചു.

"സമയമാട്ടെ... '

സൂസൻ ഡൈനിംഗ് റൂമിലേക്ക് പറന്നു.

വിനീതും സുജയും അപ്പോൾ ഭക്ഷണം കഴിക്കുകയായിരുന്നു. സൂസൻ പതിയെ ഡൈനിങ്ങ് ടേബിളിന്റെ അടിയിലേക്ക് വന്നു.

"ഇപ്പം ശരിയാക്കിത്തരാം' സൂസൻ മനസിൽ പറഞ്ഞു.

വിനീത് ട്രൗസറാണിട്ടതെങ്കിലും കാൽ ഇളക്കിക്കൊണ്ടിരിക്കുന്നു. സുജയാണെങ്കിൽ പാന്റാണ് ഇട്ടത്. എന്നാലും തനിക്കുള്ള സ്ഥലം കിട്ടുമെന്ന് കരുതി ഒരുങ്ങിയെങ്കിലും സുജ കഴിക്കുന്നിടത്ത് നിന്ന് പെട്ടെന്ന് എഴുന്നേറ്റു.

"നിന്നോടെത്ര പറഞ്ഞതാ... കുടം പുളി ഇടണ്ട ... എനിക്കിഷ്ടല്ലാന്ന്.... ' വിനീത് കനത്തിലാണ്.

സൂസൻ ശ്രദ്ധിച്ചു. വിനീതിന്റെ കാലിന്റെ വേഗത കൂടുന്നു.

"അപ്പം എന്റെ ഇഷ്ടത്തിന് ഒരു വെലയുമില്ലേ... ' സുജ തിരിച്ചു നടന്ന് ചോദിക്കുകയാണ്.

സൂസൻ പറന്ന് ആകാശത്തിലേക്ക് പൊന്തി.

വിനീത് ചാടി എഴുന്നേറ്റു.

"എന്തിന് കൊറച്ചാക്കുന്നു പൊലയാടിച്ചി.... നീ തന്നെ തിന്നോ ഒരുമ്പട്ടോളെ '

വിനീതിന്റെ ഭാഷ കേട്ട് സൂസന് തലച്ചറ്റി. സൂസൻ കേട്ടത് വിനീതിന്റെ വായിൽ നിന്ന് തന്നെയാണോ എന്ന് സൂക്ഷിച്ചു നോക്കി.

അതെ.

നാക്ക് എ പ്ലസ് കിട്ടിയ കോളേജിലെ ഭാഷാധ്യാപകനാണ് വിനീത്. സൂസൻ ഫാനിൽ ഇരുന്ന് കണ്ണ് പുറത്തേക്കിട്ടു.

"ഓഹോ കൊടംപുളിയിട്ടേന് ഞാൻ പൊലയാടച്ചീ.... ഇങ്ങളെപ്പോലെ അണ്ടിക്കുറപ്പില്ലാത്ത മൈരന്റൊപ്പം പൊറുക്കുന്ന എന്നെ പറഞ്ഞാൽ മതി... ' സുജ റോക്കിബായിയായ്. സൂസൻ താൻ ജീവിച്ചിരിക്കുന്ന കാര്യം ഒന്നുകൂടി ഉറപ്പിച്ചു.

"എന്ത് പറഞ്ഞെടീ.... പൂറ്റിച്ചി മോളെ... ' വിനീത് അടുത്ത നിമിഷം ഡൊണാൾഡ് ട്രമ്പായ്. സുജ കണ്ണ് ചിമ്മിയില്ല. വിനീതിന്റെ ആസ്ഥാന മന്ദിരത്തിൽ ഇടതുകാല് വെച്ച് ഒറ്റകേറ്റ്. അതോടെ വിനീത് അടപടലം വിറച്ചു. ശേഷം കഴുത്തിന് പിടിച്ച് മുറിയിൽ കൊണ്ടുപോയി ചുമരിലടിച്ചു. മൂന്നാമത്തെ അടിക്ക് അയാളുടെ നെറ്റി പൊട്ടി. ചോര ചാടി. സുജ തിരിച്ച് നടന്ന് ഫോണുമെടുത്ത് വാതിലടച്ച് ഇറങ്ങിപ്പോയ്. വിനീതിന്റെ ചോര പ്രണോയിയുടെ ഉണങ്ങിയ ചോരയിൽ ചവിട്ടി താഴോട്ട് നടന്നു. പറന്നു പോയി ആ ചോരയിൽ കുഴലിട്ട് എളുപ്പത്തിൽ റീച്ചാർജ് ചെയ്യാൻ എന്തുകൊണ്ടോ സൂസന് ആയില്ല. ▮


വിമീഷ്‌ മണിയൂർ

നോവലിസ്​റ്റ്​, കവി. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ), സാധാരണം (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments