ഷാഹുൽ ഹമീദ് കെ.ടി.

പർവ്വതങ്ങളിലെ
കാൽപ്പന്തുകളിക്കാർ

ശോകം കൊണ്ടു മഞ്ഞച്ചതാണെന്റെ ഹൃദയം,
എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.
മാതളക്കുരുപോലെ പൊഴിയുകയാണെന്റെ കണ്ണീർ,
എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.
എന്റെ വീട്ടിൽ നടക്കുന്നതൊക്കെ ആരറിയുന്നു..?
എന്റെ വാതിൽപ്പടിയിൽ വീണുകിടക്കുന്നു, ചോരത്തുള്ളികൾ.!
എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.
- ജലാലുദ്ദീൻ റൂമി.

ചെമ്മരിയാട്ടിൻപറ്റങ്ങളുമായി മൂടൽമഞ്ഞിലൂടെ മലഞ്ചെരിവ് കയറുന്ന വൃദ്ധ, ചാക്കുകളുമായി മലയിറങ്ങിവരുന്ന വണിക്കുകളോടും കർഷകരോടും മുഖപടം മുകളിലേക്കുയർത്തി ഓരോന്ന് ചോദിക്കുന്നുണ്ട്. അവരുടെ മറുപടിയിൽ നിരാശ പടരുന്ന മുഖവുമായി, തിക്കിത്തിരക്കി നടക്കുന്ന ആട്ടിൻപറ്റത്തെ നോക്കി. ചാക്കുകെട്ടുകളുമായി അവർ മലയിറങ്ങാൻ തുടങ്ങി. വൃദ്ധ മൺവഴിയിലൂടെ കയറ്റം കയറി. പാറയിടുമ്പുകൾക്കുള്ളിലൂടെ ആട്ടിൻകൂട്ടത്തെ തെളിച്ചു നടക്കുമ്പോൾ കുഞ്ഞാട് നിലത്തുവീണു കരഞ്ഞു. ആടുകളെ തള്ളിമാറ്റി, അവയുടെ കുളമ്പടിയേൽക്കുംമുമ്പ് അതിനെയെടുത്ത് നീളൻകുപ്പായത്തിലേക്ക് ചേർത്തു, മുഖത്ത് ചുംബിച്ചു. കുഞ്ഞാട് കരഞ്ഞു.
അകലെനിന്ന് കാലിക്കൂട്ടങ്ങളുമായി വരുന്ന ചെറുപ്പക്കാരൻ ഫോണിൽ സംസാരിക്കുന്നതുകണ്ട് വൃദ്ധയുടെ ചീമ്പിയ കണ്ണുകൾ വിടർന്നു. ആടുകളെ ഒച്ചവെച്ച് തള്ളിമാറ്റി, അവയ്ക്കിടയിലൂടെ അവനരികിലെത്താൻ വേഗം നടന്നു. കുഞ്ഞാട് വസ്ത്രത്തിനുള്ളിലേക്ക് മുഖം പൂഴ്ത്തി, മുലയിൽ മുഖമുരച്ചു. മലവെള്ളം കുത്തിയൊലിച്ചുണ്ടായ ചാലിലൂടെ ഓടി. ഫോൺ കീശയിലിട്ട്, കാലികളെ ചാട്ടകൊണ്ട് തെളിക്കുന്ന അവനു മുൻപിൽ കിതപ്പോടെ നിന്നു.

നിറകണ്ണുകളോടെ അവനോട് ഏറെനേരം സംസാരിച്ചു. ആടുകളും കന്നുകാലികളും അവരെ നോക്കി അയവെട്ടിക്കൊണ്ട് ചുറ്റും നിൽക്കുമ്പോൾ പർവ്വതങ്ങൾക്കു മുകളിൽ സൂര്യൻ ചിന്നിചിതറാൻ തുടങ്ങി. ഫിർമരങ്ങളിൽനിന്ന് കാട്ടുപുള്ളുകൾ കൂട്ടത്തോടെ ചിലച്ച് സമതലങ്ങളിലേക്ക് താഴ്ന്നുപറന്നു. ഫോൺ കുർത്തയുടെ കീശയിൽനിന്നെടുത്ത അവൻ, വൃദ്ധ പറഞ്ഞുതരുന്ന നമ്പറുകൾ ഓരോന്നായി അമർ ത്തി. മഞ്ഞ് താഴ് വരകളിലേക്ക് ഒഴുകുന്നുണ്ടായിരുന്നു.

അവൻ മൂന്നുതവണ ശ്രമിച്ചപ്പോഴും അങ്ങേത്തലക്കൽ ഫോൺമണിയൊച്ചകൾ ഉയർന്ന് നിലക്കുകയാണുണ്ടായത്. ആകാംക്ഷയോടെ അവനേയും കൈപ്പിടിയിലെ ഫോണിനേയും നോക്കിയ വൃദ്ധയുടെ ചുക്കിച്ചുളിഞ്ഞ മുഖത്ത് നിരാശയുടെ ചുളിവുകൾ തെളിഞ്ഞു. തണുത്ത കാറ്റിൽ മുഖപടം കഴുത്തിലേക്ക് ഊർന്നുവീണു. നരച്ചമുടിയിഴകൾ കാറ്റിൽ ആടിയുലയുമ്പോൾ അവൻ യാത്രപറഞ്ഞ് കാലികളുമായി നടന്നു.
നടന്നുനീങ്ങുന്ന ആടുകൾ വഴിരണ്ടാവുന്നയിടത്തു നിന്ന് വൃദ്ധയെ തിരിഞ്ഞുനോക്കി, കരഞ്ഞു. കുഞ്ഞാടിനെ നിലത്തുവെച്ച്, മുഖപടം തലയിലേക്കുതന്നെ കെട്ടിയിട്ട്, വലത്തോട്ട് തിരിയാൻ ആടുകളോട് കൈയ്യാംഗ്യം കാണിച്ചു ചൂളംവിളിച്ചു. തിരിഞ്ഞുപോവുന്ന ആട്ടിൻപറ്റത്തിലേക്ക് കുഞ്ഞാട് തുള്ളിച്ചാടി പാഞ്ഞു. കാലികളുമായി മലയിറങ്ങുന്ന അവന്റെ കുർത്തക്കുള്ളിൽ നിന്ന് ഫോൺ സംഗീതം മുഴക്കി. ഫോണെടുത്തു നോക്കിയ അവൻ വൃദ്ധയെ ഉച്ചത്തിൽ വിളിച്ചു: 'ലാക്കു... ലിയാഖത്ത്. നാനാ.....ലാക്കൂ....!'

അവൻ വൃദ്ധക്കരികിലേക്ക് ഫോണുമായി ഓടി. പർവ്വതയിടുക്കുകളിൽനിന്ന് മുഴങ്ങുന്ന കാറ്റിൻശബ്ദം പെൺകരച്ചിലായി അവർക്കിടയിലേക്കെത്തി.

വൃദ്ധ ഫോൺ വാങ്ങി, കല്ലുകമ്മലുകൾതൂങ്ങിയാടുന്ന കാതിലേക്ക് ചേർത്തുവെച്ചു. കരഞ്ഞുകൊണ്ട് ഫോണിൽ സംസാരിച്ചു. തേങ്ങലോടെയെല്ലാം കേട്ട് മൂളിക്കൊണ്ടിരുന്നു. വഴിയുടെ ഇരുതലക്കലും നിൽക്കുന്ന ആടുകളും കാലികളും യജമാനന്മാരെ തലചെരിച്ചുനോക്കുമ്പോൾ, പർവ്വതങ്ങൾക്കപ്പുറത്തുനിന്ന് എന്തോ പൊട്ടിത്തെറിക്കു ന്ന ശബ്ദങ്ങളുയർന്നു.
'ലാക്കൂ, പന്തുമായുള്ള നിന്റെ കാലുകളുടെ മുന്നേറ്റങ്ങൾ ലോകം കാണേണ്ടതു തന്നെയാണ്. ഭരണം അവരുടെ കൈകളിലെത്തിയാൽ പാട്ടും കളിയും ആട്ടവും നിലച്ച ഇവിടം ശവപ്പറമ്പാവും. അതിനുമുമ്പ് ഏതെങ്കിലും രാജ്യത്തേക്ക് നീ രക്ഷപ്പെടണം, കുഞ്ഞേ. അല്ലെങ്കിൽ നിന്റെ ഉമ്മയെപ്പോലെ...’, ഫോണിലൂടെ വരുന്ന മറുപടിക്കായി വൃദ്ധ കാതോർത്തു. സമാശ്വാസത്തോടെയെല്ലാംകേട്ട് വിതുമ്പലടക്കിപ്പിടിച്ച് നെഞ്ചു തടവിക്കൊണ്ടിരുന്നു.

'അള്ളാ, എന്റെ കുഞ്ഞിനെ കൈവിടാതിരിക്കട്ടെ’, വൃദ്ധ ഫോൺ ചെവിയിൽനിന്നെടുത്ത് ചുക്കിച്ചുളിഞ്ഞ കൈവെള്ളയിൽ വെച്ചു, അതിലേക്കുറ്റുനോക്കി. ചെമ്പരുന്തുകൾ കരഞ്ഞുകൊണ്ട് അവർക്കു മുകളിലൂടെ ചിറകടിച്ചുപറന്നുപോയി. ഫോൺ അവനു കൊടുത്ത്, നന്ദി പറഞ്ഞു. ആട്ടിൻപറ്റങ്ങൾക്കരികിലേക്ക് പിറുപിറുപ്പോടെയും കരച്ചി ലോടെയും നടന്നു. ചാട്ട വായുവിൽ പുളച്ച് അവൻ കാലിക്കൂട്ടങ്ങൾക്കരികിലേക്ക് ചാടിച്ചാടിനടന്നു, ഒച്ചവെച്ച് തെളിച്ചു.

പുല്ലുകൾ നിറഞ്ഞ മേച്ചിൽപുറങ്ങൾക്കു താഴെ കുട്ടികൾ കാൽപ്പന്തുകളിക്കുന്നുണ്ടായിരുന്നു. ഇലകൾ തിന്നുന്ന ആടുകൾ ഇടക്കിടക്ക് കുട്ടികളുടെ ആർപ്പുവിളി കേട്ട് തലവെട്ടിച്ച് നോക്കി. വൃദ്ധ മരച്ചോട്ടിൽ കല്ലുകൾ കൂട്ടി, മരത്തിനുമുകളിൽനിന്ന് പാത്രമെടുത്ത് അതിനു മുകളിൽവെച്ചു. വിറകുകൊള്ളികൾ അടുപ്പിലേക്ക് വെച്ച് തീ പിടിപ്പിച്ചു. പാറക്കഷ്ണങ്ങൾ ചിതറിക്കിടക്കുന്ന എതിർവശത്തെ മലയിൽ നിന്ന് പാറകൾ ഇടയ്ക്കിടയ്ക്ക് ഉരയുന്ന ശബ്ദം കേൾക്കുന്ന വൃദ്ധ തലയുയർത്തി, ഭീതിയോടെ അങ്ങോട്ട് നോക്കി.

പാറകൾ ചിതറിയതും പുല്ലുകൾ നിറഞ്ഞതുമായ രണ്ടു മലകൾക്കിടയിലെ സമതലത്തിലെ അവരുടെ ഗ്രാമത്തിന്റെ ചെറുരൂപങ്ങൾ താഴെ കാണാം. വിദൂരങ്ങളിലെ പർവ്വതങ്ങളിൽനിന്നു ഉറവയെടുക്കുന്ന പുഴ ഗ്രാമത്തിലൂടെ വെള്ളിവരയായി ഒഴുകുന്നതും നോക്കി വൃദ്ധ **കാവ ഊതിയൂതിക്കുടിച്ച് മരത്തിൽ ചാരിയിരുന്നു. പൊടുന്നനെ, കാൽപന്ത് അരികിലേക്ക് ഉരുണ്ടുവന്നു. അതെടുത്തുതരാൻ കുട്ടികൾ വിളിച്ചുപറഞ്ഞു.

വൃദ്ധ എഴുന്നേറ്റ് പന്തെടുത്തു. അതിനെ നെഞ്ചോടണച്ച് ചുംബിച്ചു. പന്ത് മുകളിലേക്കിട്ട് കാൽകൊണ്ടു വീശിയടിച്ചു. മാനത്തേക്കുയർന്ന് അത് കറങ്ങുന്നത് കുട്ടികളും ആടുകളും തലയുയർത്തി നോക്കി. സൂര്യരശ്മികൾക്കുള്ളിൽ മറഞ്ഞ പന്ത് മൈതാനത്തേക്ക് താഴ്ന്നിറങ്ങുമ്പോൾ കുട്ടികൾ തുള്ളിച്ചാടി ചൂളമടിച്ചു. ആടുകൾ കൂട്ടത്തോടെ കരഞ്ഞു.
'നാനാ.....ഹോ, നല്ല അടിയാണല്ലോ...'
'എന്റെ മക്കൾ പന്തിനെ നെഞ്ചോട് ചേർത്തവരാ… സാക്കിയ, എന്റെ മകൾ, കുഞ്ഞിലെ കളിച്ചുവളർന്ന് നമ്മുടെ രാജ്യത്തിനായി മത്സരിച്ചു. ഉയരങ്ങളിലേക്കെത്തേണ്ടിയിരുന്ന അവളെ ആ ഇബിലീസുകൾ..., എന്റെ കുഞ്ഞിന്റെ സ്വപ്നങ്ങൾ...'
'ലാക്കുവിനെ എനിക്കറിയാം, നാനാ. ഞാനന്ന്...' ഒരുകുട്ടി ഉച്ചത്തിൽ പറഞ്ഞു.

'എന്റെ കൊച്ചുമകനിലാണിപ്പോൾ പ്രതീക്ഷയെല്ലാം. ലാക്കു മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെട്ടാൽ നമ്മുടെ ഗ്രാമത്തിലെ നല്ല കളിക്കാരെയെല്ലാം അവൻ കൊണ്ടുപോവും...'
വൃദ്ധ കപ്പിലെ കാവ ചുണ്ടോടടുപ്പിച്ചു, ഊതിക്കുടിച്ചു.

'മക്കളേ... കളിച്ചുകളിച്ച് അടവുകളെല്ലാം പഠിക്ക്. ലാക്കു നിങ്ങളേയും വിദേശത്തേക്ക് കൊണ്ടുപോകും....'

കുട്ടികൾ കളി തുടർന്നു.
അവരുടെ കാലുകൾക്കിടയിലൂടെ പന്ത് തെന്നിതെന്നി നീങ്ങി. വൃദ്ധ നീളൻകുപ്പായത്തിനുള്ളിൽനിന്ന് ഖുർആൻ എടുത്തു, മരച്ചോട്ടിലിരുന്ന് വായിക്കാൻ തുടങ്ങി. ചില്ലയിൽ തലയുയർത്തിനിൽക്കുന്ന ഓന്തുകളുടെ നിറങ്ങൾ പച്ചയും മഞ്ഞയും ഓറഞ്ചുമായി മാറിമറിഞ്ഞുകൊണ്ടിരുന്നു. പല വർണ്ണങ്ങളിലുള്ള പൂമ്പാറ്റകൾ കാട്ടിനുള്ളിൽനിന്നു ആ മരത്തിലേക്കു ചിറകടിച്ചെത്തി, ഖുർആൻ പാരായണവും കേട്ട് ഇലകൾക്കിടയിലൂടെ പാറിപ്പറന്നു. ആടുകളെല്ലാം പുൽമേട്ടിൽനിന്ന് തലയുയർത്തി, കുറ്റിക്കാടുകൾക്കുള്ളിൽ കാട്ടുനായ്ക്കളുടെ തലകൾ കണ്ടയുടനെ അവ മലഞ്ചരിവിറങ്ങി വൃദ്ധക്കരികിലേക്ക് നടന്നു.

സൂര്യൻ മറ്റൊരുമലയിലേക്ക് പതിയെ ചായാൻ തുടങ്ങി. ആടുകൾ മരച്ചോട്ടിൽ വൃദ്ധക്ക് ചുറ്റുമിരുന്ന് അയവെട്ടുകയും ചെവികൾപിടപ്പിക്കുകയുംചെയ്ത് ചുറ്റും നോക്കി. ചിലവ തല കുനിച്ചുകൊണ്ട് ഖുർ ആൻ സൂക്തങ്ങൾ കേൾക്കുകയാണ്. ഗോൾ എന്ന കുട്ടികളുടെ ആർപ്പുവിളികൾ കേട്ട് ചില ആടുകൾ പിടഞ്ഞെഴുന്നേറ്റ് മൈതാനത്തേക്ക് നോക്കി. വൃദ്ധ ഖുർആൻ മരപ്പൊത്തിൽ വെച്ച് എഴുന്നേറ്റു, കുട്ടികളെ നോക്കി കൈയ്യടിച്ചു. പർവ്വതമുകളിൽനിന്ന് വരിവരിയായി പറന്നു വരുന്ന ദേശാടനകൊക്കുകൾ ആടുകളെ നോക്കി കരഞ്ഞ് മല കടന്നുപോവുന്നു. കുട്ടികൾ കളി അവസാനിപ്പിക്കാനൊരുങ്ങുകയാണ്. വൃദ്ധ തടിച്ച പെണ്ണാടിന്റെ മുല കറക്കാൻ തുടങ്ങി. നടന്നുവരുന്ന കുട്ടികളുടെ ചെളിപുരണ്ട വസ്ത്രങ്ങൾകാറ്റിൽ വിറകൊള്ളുന്നുണ്ട്.

പാൽനുരകളോടെ പാത്രത്തിൽ പതഞ്ഞുയരുന്നത് കുട്ടികൾ നോക്കി. വൃദ്ധ പാൽപ്പാത്രം കുട്ടികൾക്ക് കുടിക്കാനായി കൊടുത്തു. അവരത് മാറിമാറി കുടിക്കുമ്പോൾ വൃദ്ധ കുന്തിച്ചിരുന്ന് അവരുടെ കണങ്കാലുകൾ പിടിച്ചുനോക്കി ചിരിക്കുകയും ചിലകാലുകൾ പിടിച്ച് നിരാശയോടെ മുഖം കോട്ടുകയും ചെയ്തു. ഒരു കുട്ടി പന്ത് നിലംതൊടാതെ ഇരുകാലുകളിലുമായി ഏറെനേരം തട്ടിക്കളിച്ചപ്പോൾ വൃദ്ധ അവനെ അണച്ചുപിടിച്ച് നെറ്റിയിൽ ചുംബിച്ചു. നടന്നുനീങ്ങുന്നതിനിടയിൽ മറ്റൊരു കുട്ടി ചോദിച്ചു; ‘എന്താണ് ആ മലയിൽ നിറയെ പാറക്കഷണങ്ങളും ഈ മലയിൽ നിറയെ പുൽമേടും, നാനാ..?'
'അത്.. ആ പാറക്കല്ലുകൾ ഇബിലീസിന്റെ നെഞ്ചിൽ തറച്ച് ചിന്നിച്ചിതറിയ കരിങ്കൽപന്താണ്, മക്കളേ..!' 'കരിങ്കൽപന്തോ...?'
'പണ്ട് അള്ളാഹുവും ഇബിലീസും മലമുകളിൽവെച്ച് പന്ത് കളിച്ചു. നല്ല പൊരിഞ്ഞ പോരാട്ടം. ഒടുവിൽ, അള്ളാഹുവിന്റെ കൂറ്റൻ അടിയിൽ പാറപ്പന്ത് ഇബിലീസിന്റെ നെഞ്ചിൽത്തട്ടി ചിന്നിച്ചിതറുകയും ഇബിലീസ് ആ ഭാഗത്തേക്ക് മലർന്നടിച്ചുവീഴുകയും ചെയ്തു. രണ്ടായി പിളർന്ന മലകൾക്കിടയിൽ നമ്മുടെ ഗ്രാമം അങ്ങനെ ഉണ്ടായി, മക്കളേ....' അസ്തമയ രശ്മികൾ ചിതറിവീണ പാറക്കഷ്ണങ്ങൾ ഭയത്തോടെ നോക്കി കുട്ടികൾ മലയിറങ്ങാൻ തുടങ്ങി. വൃദ്ധ ആടുകളെ എഴുന്നേൽപ്പിച്ച് വീണ്ടും മേച്ചിൽപ്പുറത്തേക്ക് തെളിച്ചു.

മൂടൽമഞ്ഞ് അകലങ്ങളിൽനിന്ന് തലനീട്ടാൻ തുടങ്ങി. ആണാടുകൾ കൊമ്പുകോർത്ത് പുൽപ്പടർപ്പുകളിലേക്ക് മറിഞ്ഞുവീണു. തുള്ളിച്ചാടി മേയുന്ന കുഞ്ഞാടുകൾ മുലകുടിക്കാനായി തള്ളാടുകളുടെ കാലുകൾക്കിടയിലേക്ക് ഇടക്കിടക്ക് തിക്കിത്തിരക്കി തലകൾ നീട്ടി. വൃദ്ധ മരച്ചോട്ടിലേക്ക് നടന്നു. അടുപ്പിലെ തീഅണച്ച് ഒരു തീക്കൊള്ളി കൊണ്ട് റാന്തൽ കത്തിച്ചു. അതിന്റെ തിരിനീട്ടി, വെളിച്ചം കൂട്ടി. പാത്രം മരപ്പൊത്തിനുള്ളിലേക്ക് വെച്ചു. ഒച്ചയുണ്ടാക്കി ആടുകളെ വിളിച്ചു. കുഞ്ഞാടുകൾ പിറകിലെ കാലുകൾ മുകളിലേക്കു പുളച്ചുകൊണ്ട് ഓടി വന്നു. മറ്റുള്ളവയും ഒന്നൊന്നായി അരികിലേക്കു വന്നുകൊണ്ടിരുന്നു.

സന്ധ്യ പരക്കാൻ തുടങ്ങിയപ്പോൾ വൃദ്ധ ആടുകളുമായി മലയിറങ്ങാൻ തുടങ്ങി. തൊട്ടപ്പുറത്തെ മലയിൽനിന്ന് പാറകളുടെ ഇരമ്പങ്ങൾ പിന്തുടരുന്നതായി കേട്ടു. റാന്തൽ ഉയർത്തിപ്പിടിച്ചുനോക്കി. അസ്തമയചുവപ്പിൽ, ആ മലയിലെ പാറകൾ വിറച്ചുവിറച്ച് ഉയർത്തെഴുന്നേൽക്കുന്നത് അത്ഭുതത്തോടെ കണ്ടു. അതും നോക്കി ആടുകൾക്കൊപ്പം കൊല്ലിക്കരികിലൂടെ നടന്നു. താഴെനിന്ന് അരുവിയുടേയും ചേക്കേറുന്ന പറവകളുടേയും ശബ്ദങ്ങൾ ഉയർന്നുവരുന്നുണ്ടായിരുന്നു. കുത്തനെ നിൽക്കുന്ന പാറകൾക്കിടയിലൂടെ പന്തുമായി വെട്ടിച്ചുവെട്ടിച്ചു മുന്നേറുന്ന പെൺകുട്ടികൾ വൃദ്ധയുടെ മങ്ങിയ കാഴ്ചകളിൽ നീറ്റൽ പടർത്താനെത്തി. കിതപ്പോടെ അനക്കമറ്റുനിന്നു. വിറ കൊള്ളുന്ന മുഖപേശികളും വരണ്ടുണങ്ങിയ ചുണ്ടുകളുമായി അവരെ നോക്കി, കണ്ണുരുട്ടി.

'സാകിയ...സാകിയാ.!' വൃദ്ധ ഉച്ചത്തിൽ വിളിച്ചു. റാന്തലുയർത്തി ആട്ടിക്കൊണ്ടിരുന്നു. പന്തുമായി പാറകൾക്കിടയിലൂടെ നീങ്ങുന്ന അവൾ കുത്തനെ നിൽക്കുന്ന പാറയിലേക്ക് പന്ത് ആഞ്ഞടിച്ചപ്പോൾ പാറ മറിഞ്ഞുവീഴുകയും പെൺകുട്ടികൾ ഗോൾ... എന്നലമുറയിടുകയും ചെയ്തു. വൃദ്ധയും റാന്തൽ കുലുക്കി ഗോൾ എന്നാർപ്പുവിളിച്ചു.

'സാകിയ… സാകിയാ...'
'മമാ...' അവൾ കൈവീശി കാണിച്ചു.

'സാകിയ, നിന്റെ കാലുകൾക്കുള്ളിൽനിന്ന് വിടരുന്ന ഗോളുകൾ ലോകം കാണേണ്ടതായിരുന്നു. നിങ്ങളുടെയെല്ലാം സ്വപ്നങ്ങളെ..!'

'കാൽപ്പന്തുമായി ഞങ്ങൾ പോരാടുകയാണ്. ഉയർത്തെഴുന്നേൽക്കുന്ന പാറകളെയെല്ലാം ഞങ്ങൾക്ക് മറിച്ചിടാനുണ്ട്. ഇനിയൊരിക്കലും ഇബിലീസുകൾ ഈരാജ്യത്ത് തലയുയർത്തരുത്.' അവൾ പന്തിനുപിറകെ പായുന്ന പെൺകുട്ടികൾക്കൊപ്പം ചേർന്നു. പന്ത് കൈമാറാൻ അലറിക്കൊണ്ടിരുന്നു. അകലെ മറയുന്ന ആട്ടിൻപ്പറ്റങ്ങൾക്കരികിലേക്ക് റാന്തലും പിടിച്ച് വൃദ്ധ വേഗം നടന്നു. ഇരുട്ട്, പർവ്വതങ്ങൾക്ക് മുകളിൽനിന്ന് കൂറ്റൻപക്ഷിയെപ്പോലെ ചിറകുകൾ വിടർത്തി സമതലങ്ങളിലേക്ക് പറന്നിറങ്ങുകയാണ്.

വീണ്ടും, അതേ മേച്ചിൽപ്പുറത്തേക്ക് വൃദ്ധ പോവുന്നത് മൂന്നു ദിവസങ്ങൾ കഴിഞ്ഞുള്ള ഒരു പുലർകാലത്താണ്. ഇരുട്ടു വിട്ടകന്നു പോവാത്ത മലഞ്ചെരുവിലൂടെ റാന്തലും പിടിച്ച് ആട്ടിൻപറ്റത്തെ തെളിച്ചു. പക്ഷികളുടെ പലതരം ചിലപ്പുകളുമായി ഫിർമരങ്ങൾ ചില്ലകളുലച്ച് മഞ്ഞിൻകണങ്ങൾ കുടഞ്ഞു. മിക്ക ആടുകളുടെയും രോമങ്ങൾ മുറിച്ചു മാറ്റപ്പെട്ടിരുന്നു. മൂടൽമഞ്ഞിലെ തണുപ്പിൽ അവ മേനികൾ ഇടയ്ക്കിടക്ക് കുടഞ്ഞ് കയറ്റം കയറാൻ തുടങ്ങി. ആട്ടിൻകാട്ടങ്ങൾ മണിമണിയായി മൺവഴിലേക്ക് വീണുകൊണ്ടിരുന്നു.

കൊല്ലിക്കരികിലൂടെ പോകുമ്പോൾ പാറയിരമ്പങ്ങൾവീണ്ടും വൃദ്ധയെ തേടിവന്നു. റാന്തലുയർത്തി നോക്കുമ്പോൾ തൊട്ടടുത്ത മലയിലെ വലിയ പാറകൾപോലും കുത്തനെ നിൽക്കുന്നത് കണ്ടു. ആരുടെയോ കൂവൽ മലമ്പള്ളങ്ങളിൽനിന്നു മുഴങ്ങുന്നു. പന്തുമായിപായുന്ന പെൺകുട്ടികൾക്കിടയിൽ ആൺകുട്ടിയെ കണ്ട് വൃദ്ധ അനക്കമ റ്റുനിന്നു. അവൻ രണ്ടുതവണ പന്തുമായി മുന്നേറി ആഞ്ഞടിച്ചിട്ടും പാറ മറിഞ്ഞു വീണതേയില്ല. നിരാശയോടെ തലകുനിച്ച് നിലത്തിരുന്ന ആൺകുട്ടിയെ വൃദ്ധ വിളച്ചു.

'ലാക്കു.... ലാക്കൂ..'
'നാനാ... നാനാ...'
'നീയും....'
'രക്ഷപ്പെടാൻ ആവതും ശ്രമിച്ചു. പറന്നിറങ്ങിയ വിമാനത്തിലേക്ക് ആൾക്കൂട്ടത്തിനൊപ്പം ഞാനും പാഞ്ഞു. തിക്കിലും തിരക്കിലും പെട്ട് എനിക്കകത്തേക്ക് കയറിക്കൂടാനായില്ല, നാനാ. വിമാനത്തിന്റെ ചിറകിൽ ഞാൻ തൂങ്ങി...'
വൃദ്ധ കൊല്ലിക്കരികിൽ വിറങ്ങലിച്ചുനിന്നു. നീളൻകുപ്പായം കാറ്റിലുലഞ്ഞു. താഴെ, അരുവിയുടെ ശബ്ദങ്ങൾ. ചെമ്മരിയാടിൻ പറ്റങ്ങൾ കോടക്കുള്ളിൽ മറയുന്നു.

'കൈകഴക്കുമ്പോൾ ഇനിയധികം പിടിച്ചുനിൽക്കാനാവില്ലെന്ന് ഞാനറിഞ്ഞു. നമ്മുടെ ഗ്രാമം വരെയെങ്കിലും എത്താൻ കൈകൾ മാറ്റിമാറ്റി പിടിച്ചു. കാറ്റിൽ ആടിയുലഞ്ഞു. മലമുകളിൽ സ്ത്രീകൾ പന്തുകളിക്കുന്നത് കണ്ടു. അവരുടെ കാലുകളിൽ നിന്നുയർന്ന പന്തിനെ പിടിച്ച് ഞാൻ നെഞ്ചിലേക്ക് ചേർക്കുമ്പോൾ എന്നെ നോക്കി അവരെല്ലാം കൈകളുയർത്തി, ആ കൈകളിലേക്ക് ഞാൻ പന്തുമായി മലർന്നടിച്ചുവീണു,
‘നാനാ...' വൃദ്ധ റാന്തൽ കൊല്ലിയിലേക്ക് വീശിയെറിഞ്ഞു. പാറക്കെട്ടുകൾക്കുള്ളിലത് ചിന്നിച്ചിതറി. തീനാളങ്ങൾ ആഴങ്ങളിലേക്കുരുണ്ടുപോവുമ്പോൾ, ഇരുളുന്ന മാനത്തേക്കുനോക്കി വൃദ്ധ കരഞ്ഞു, പർവ്വതങ്ങൾക്കുള്ളിൽ നിലവിളി മാറ്റൊലികൊള്ളുന്നു....

(**കാവ: കാപ്പി
ഓർമ്മകൾ ഉണ്ടായിരിക്കണം: വിമാനത്തിൽനിന്ന് വീണു മരിച്ച അഫ്ഗാൻ യുവ ഫുട്‌ബോളറെ, താലിബാനിൽനിന്നു വധഭീഷണി നേരിടുന്ന വനിത ഫുട്‌ബോളർമാരെ.)

Comments