മുറ്റത്തെ കുടംപുളി മരത്തിന്റെ ചുവട്ടിലായി സുഭാഷ് വണ്ടി നിർത്തി. അൻവർ വണ്ടിയിൽ നിന്ന് വേഗത്തിൽ ചാടിയിറങ്ങി. മഞ്ഞ് മൂടിപ്പുണർന്ന ഓർമ്മകളുടെ മുറ്റത്തെ മണൽ. ഉമ്മ പതുക്കെ ഇറങ്ങി. അകത്തേക്ക് നടന്നു.
“ഉമ്മാ, അൻവർ വന്നോ?”, തിണ്ണയിൽ കൈകുത്തി നിന്നുകൊണ്ട് ഹകീം ചോദിച്ചു.
“പിന്നല്ലാണ്ട്, ഓനല്ലേ അന്റെ മുൻപീ നിക്കണത്’’.
ഉമ്മക്ക് മറുപടിയായി ഹകീം: “ഡാ യാത്രെക്കെ സുഖായിരുന്നോ?”
“ആ, ഇക്ക ഒറ്റക്കിരുന്ന് ബോറടിച്ചിട്ടുണ്ടാകും ല്ലേ?”
അൻവർ ചോദിച്ചു, “എന്ത് ബോറടി…വാ കേറ്, വണ്ടീന്ന് ബാഗൊക്കെ എടുത്തോ?”
ഹകീം കൺപോള തുരുതുരാ ഇളക്കിക്കൊണ്ടിരുന്നു.
വണ്ടിയിൽ നിന്നിറങ്ങി നിന്നപ്പോൾ അവന്റെ തലയിൽ ഇലകൾ തട്ടി. അൻവർ ഒരില പൊട്ടിച്ച്, രുചിച്ചു നോക്കി. കുടംപുളിയിട്ട മീൻ ചാറുണ്ടാക്കാനാണ് ഹകീംക്ക ആ തയ് നട്ടത് എന്ന് അൻവർ ഓർത്തു. അതുവരെ ഉമ്മാക്ക് അറിവില്ലാത്ത ഒരു പുളി ആണ് ഇക്ക പരിചയപ്പെടുത്തിയത്. തൈ നടുമ്പോൾ ഉപ്പയും ഉണ്ടായിരുന്നു. അതിന്റെ കടക്കൽ വെള്ളം ഒഴിച്ച് കൊടുത്തിരുന്നത് രാധ ചേച്ചിയായിരുന്നു. മരത്തിന്റെ ചുവട്ടിൽ നിന്ന് കൊണ്ട് തന്നെ നീട്ടി ഹകീമിന്റെ കൈ പിടിച്ചപ്പോൾ ആ കൈയ്യിന്റെ തണുപ്പ് അൻവർ അറിഞ്ഞു.
“ഇപ്പൊ ഈ മരത്തിന്റെ വലുപ്പം അവൻ അറിയുന്നുണ്ടോ, ആവോ? മരത്തിന്റെ വലുപ്പം അവൻ ചിലപ്പോ വർഷങ്ങൾ കൊണ്ട് അളക്കുന്നുണ്ടാവാം’’, അൻവർ മനസ്സിൽ പറഞ്ഞു.
മതി, നിർത്ത് എന്ന് സ്വയം പറഞ്ഞ് അടക്കി നിർത്താൻ ശ്രമിച്ച അൻവറിന്റെ മനസ്സ് വീണ്ടും പറക്കാൻ തുടങ്ങി.
ഷുഗറിനും കണ്ണ് ദീനത്തിനും ഒറ്റമൂലിയിൽ ചാടിയവനാണ് അവൻ. ആരോ പറഞ്ഞതനുസരിച്ച്, വീട്ടിലുള്ള ആരെയും അറിയിക്കാതെ, ഒരു ടാക്സിക്കാരനെ കൂട്ടുപിടിച്ച് ഒറ്റപ്പോക്കായിരുന്നു. ഒറ്റമൂലിക്കാരൻ എന്തോ കണ്ണിലൊറ്റിച്ചു. അതോടെ മഞ്ഞിൻ മറയിലൂടെ കണ്ടിരുന്ന പകച്ച കാഴ്ച പോലും അവന് ഇല്ലാതായി. മാസങ്ങളും വർഷങ്ങളും പിന്നിട്ടു. കാലങ്ങളായി കാഴ്ച്ചയുടെ ഓർമ്മകളിലിരുന്നാണ് അവൻ എല്ലാം കണ്ടുകൊണ്ടിരിക്കുന്നത്. ആ ഓർമ്മയുടെ മാർഗ്ഗ രേഖകളിലാണ് എല്ലാം വിലയിരുത്തിപ്പോരുന്നത്. സംസാരിക്കുന്നതും അങ്ങനെ തന്നെ. ഏതോ ഭൂഖണ്ഡത്തിൽ നിന്ന് ഒഴിവു നേരങ്ങളിൽ വിളിക്കുമ്പോഴെല്ലാം കാഴ്ചയുള്ളവരുടെ തെളിച്ചത്തേക്കാൾ വ്യക്തമായി, നാടും വീടും ചുമരുകളും വർണ്ണിച്ചു തരാറുള്ളത് ഇവനാണ്.

എന്റെ യാത്രയേക്കാൾ എത്രയോ മുൻപ് ലോകം കറങ്ങിയും പല തരം ജോലികൾ ചെയ്‌തും ശീലിച്ച അവന് കുറേ കാര്യങ്ങളെകുറിച്ച് നല്ല ബോധ്യമുണ്ട്. കുട്ടിക്കാലത്ത് ആക്രി സാമഗ്രികളിൽ നിന്ന് സയൻസ് പറഞ്ഞുതന്നത് അവനായിരുന്നു. ലോകത്തെ ഏറ്റവും പുതിയ ശാസ്ത്ര നേട്ടങ്ങളെക്കുറിച്ച് പോലും അവന് നന്നായിട്ടറിയാമായിരുന്നു. എന്നിട്ടുമവൻ ശാസ്ത്രത്തിന്റെ നേരില്ലാത്ത ചാണകക്കുഴിയിൽ കണ്ണ് കൊണ്ടുകൊടുത്തതെങ്ങനെയെന്ന് കുറെ ആലോചിച്ചു. ശാസ്ത്രസാങ്കേതിക അറിവുകളെ പരാജയപ്പെടുത്തുന്ന ഒരു സാമൂഹ്യ വ്യവസ്ഥയിൽ ഉണ്മ തെറ്റുന്ന ഏതൊരു മനുഷ്യന്റേയും കണ്ണും കാതും ഹൃദയവുമൊക്കെ അടിച്ചുപോകും. അതുറപ്പാണ്. അത് തന്നെയാകും ഹകീമിനും സംഭവിച്ചിട്ടുണ്ടാവുക. അപ്പോഴൊന്നും അവന്റെ കാഴ്ച്ച പോയതിനെക്കുറിച്ചൊന്നും പറഞ്ഞില്ല. ചോദിച്ചപ്പോഴെല്ലാം മറ്റു വിഷയങ്ങൾ എടുത്തിട്ടു.
ഉപ്പയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു. ഉപ്പയുടെ ആബ്സൻസ് അറിഞ്ഞ കുറെ കാര്യങ്ങളിൽ ഒന്നായിരുന്നു ഹക്കീമിക്കയുടെ കാഴ്ചപോക്കും. എപ്പോഴും ഉണർന്നിരിക്കുന്ന ഉപ്പ ഒരു വിഹായസ്സ് തന്നെയായിരുന്നു.
അങ്ങനെയൊക്കെ സംഭവിച്ചുവെങ്കിലും അവന്റെ ഇരുളിലെ വെളിച്ചമായി വർഷങ്ങളാണ് ഉമ്മ എണ്ണ വറ്റാതെ കത്തുന്നത്. വർഷങ്ങൾക്കിപ്പുറം അവൻ പോയ വഴികളിൽ അലഞ്ഞ ഞാനിപ്പോൾ വീണ്ടും അതെ മുറ്റത്തു തിരിച്ചെത്തിയിരിക്കുകയാണ്.
“ഡാ ജ്ജാ മുറ്റത്ത്ന്ന് ത്വരെ കേറീലെ?”, ഉമ്മ വസ്ത്രമെല്ലാം മാറ്റി കോലായിൽ എത്തിയിരിക്കുന്നു. ഇങ്ങനെയുള്ള യാത്രകളാണ് ഉമ്മക്ക് നല്ല വസ്ത്രങ്ങൾ ധരിച്ചു പുറത്തിറങ്ങാനുള്ള ഏക അവസരം. അതുകൊണ്ടുതന്നെയാണ് ഉമ്മ കൂട്ടാൻ വരാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മുടക്കാതിരുന്നത്. മാത്രല്ല ചതിക്കില്ലെന്ന് ഉറപ്പുള്ള സുഭാഷാണ് ഉമ്മയുടെ ഡ്രൈവർ. കുറച്ചുനേരം ഇക്ക ഒറ്റക്കിരുന്നാൽ കുഴപ്പമൊന്നുമില്ലെന്നും ആലോചിച്ചിരുന്നു.
“ഞാൻ പൊരേലെത്തീലെ പിന്നെന്താമ്മാ, ഞാൻ കേറിക്കോളാ”
ഒരാളുടെ ജീവിതം മാറുന്നതിൽ വേറൊരാൾക്ക് പങ്കുവഹിക്കാൻ കഴിയുമോ? പറ്റുമെന്നൊക്കെയാണ് ഭൂതകാലം പറയുന്നത്. ഹക്കീമിന്റെ കാര്യത്തിലും അങ്ങനെ ചിലതുണ്ടെന്ന് ഉമ്മയുടെ ഫോൺ കോളുകളിൽ നിന്ന് തോന്നിയിരുന്നു.സൂചനകൾ മാത്രമായിരുന്നു അതെല്ലാം. അത് എങ്ങനെയായിരിക്കും? അതിന്റെ വഴി ഏതായിരിക്കും? ആഹ്. ഇനി ഇവിടെത്തന്നെ ഉണ്ടല്ലോ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ, അത് വഴിയിൽ നിന്ന് തന്നെ കിട്ടും. ഹക്ക് അങ്ങനെ പലപ്പോഴും വീണുകിട്ടിയിട്ടുണ്ട്.
നാടും വീടും ചേർന്ന ഓർമ്മകളുടെ പടലങ്ങളിൽ അൻവറിന്റെ ചിന്തകൾ തുടർച്ചയില്ലാതെ ചിതറിത്തെറിക്കുകയാണ്. അത് പിടിക്കാനാവില്ലെന്നും എവിടെയും നിൽക്കുന്നില്ലെന്നും അവനറിയാം. അവ ചുഴലിക്കാറ്റുപോലെ കറങ്ങി, ദൂരേക്ക് ചേക്കേറുന്നു. ഒരു ചുമരിൽ തട്ടി അതിന് തിരിച്ചെത്തുന്ന പ്രതിധ്വനിയില്ല. ഫ്‌ളൈറ്റ് ലാൻഡ് ചെയ്യുമ്പോൾ ആകാശത്തിൽ നിന്നു താഴേയ്ക്കൊഴിയുന്ന അനേകായിരം വെളിച്ചരേഖകൾ പോലെ ഓർമ്മകൾ തകർന്നൊടിയുന്നു. ഓരോന്നും തന്റേതായ ദിശയിലേക്കൊരു കനൽ പോലെ പതിക്കുന്നു. തിരികെ നോക്കിയാൽ, അവിടെ തെളിഞ്ഞു നിൽക്കുന്ന ഒന്നുമില്ലതാനും. ദൂരെ ചെറു പ്രകാശങ്ങൾ പോലെ അലഞ്ഞിറങ്ങുന്ന കാഴ്ചകൾ, ആകാശത്തിൽ തുളളിയിറങ്ങുന്ന പേപ്പർ ലാമ്പുകൾ പോലെ അപ്രത്യക്ഷമാകുന്നു.
താനിപ്പോൾ നിൽക്കുന്ന മുറ്റത്തേക്കും വീട്ടിലേക്കുമായി ചിന്തകൾ ചുരുക്കാൻ അൻവർ അതിയായി ആഗ്രഹിച്ചു. ഒടുവിൽ അത് ഉപ്പയുമായി ടാഗ്ലൈൻ ചെയ്യപ്പെട്ട് താഴ്ന്നിറങ്ങി.
ഓലവീട് പുതിയ ഡിസൈനുള്ള ഓടുവീടായി മാറിയ കാലം തെളിഞ്ഞുവന്നു. ഉപ്പാന്റെ തീരുമാനവും മേൽനോട്ടവും ആയിരുന്നു അതിനു പിന്നിൽ.
അന്ന്:
നോക്കിനോക്കി നിന്നപ്പോഴേക്കും ചുമരുപണി തീർന്നു. ചവിട്ടിച്ചവിട്ടി കുഴമ്പ് പരുവത്തിലാക്കുന്ന മണ്ണ് മരത്തിന്റെ ചതുരപ്പെട്ടിയിൽ നിറച്ചു വെയിലത്ത് വെച്ചാണ് ചുമരിനുള്ള കട്ടകൾ ഉണ്ടാക്കിയത്. ചുമരായപ്പോൾ ആശാരിമാർ മുറ്റത്ത് വന്നു. ആദ്യായിട്ടായിരുന്നു ഞാൻ അങ്ങനത്തെ പണിയും പണിക്കാരെയും ഒക്കെ കാണുന്നത്. മുറ്റത്തു കഴുക്കോലും പട്ടികയും കണ്ടപ്പോൾ അവരുടെ ചിന്തേരും ഉളിയും നോക്കി അവരോടൊപ്പം ഇരിക്കുക പതിവാക്കി. സ്കൂളിൽ പോകാതിരിക്കാൻ ഉമ്മാനെ കൂട്ടുപിടിച്ചു. അവർ ചോദിക്കുമ്പോൾ ഉമ്മാന്റെ പക്കൽ നിന്ന് അവർക്ക് വെള്ളവും ചായയും വാങ്ങിക്കൊടുക്കൽ കുറെ ദിവസത്തെ ഒരു പണിയായിരുന്നു. ആ വീട് പണി കഴിഞ്ഞതോർത്താൽ വേറെ കാര്യമായ മറ്റൊന്നും ജീവിതത്തിലുണ്ടായതായി ഓർമ്മയില്ല. അല്ല, മറ്റൊന്ന് കൂടെയുണ്ട്, ഇക്കയെ ഗൾഫിലേക്ക് യാത്രയാക്കിയത്. ആദ്യമായ് പ്ലെയിനും എയർപോർട്ടും കണ്ടത് ഓർമയുണ്ട്. ആറു കൊല്ലം കഴിഞ്ഞു അവൻ തിരിച്ചു വീട്ടിലെത്തിയപ്പോൾ കാണാൻ ഞാനുണ്ടായിരുന്നില്ല. ഇക്കയെ ഇപ്പോൾ കാണുന്നത് ഒൻപത് കൊല്ലങ്ങൾക്ക് ശേഷമാണ്.
പിന്നെന്താ...പിന്നൊന്നുല്ലാ…
ഇപ്പൊരു നാല്പത് കൊല്ലായി, അതേ വീടും പരിസരവും അങ്ങനെ തന്നെ ഉണ്ട്. രണ്ടു അനിയത്തിമാരുടേയും കല്ല്യാണം ഇതേ വീട്ടിൽ വെച്ച് നടന്നു. അവർക്കു കുട്ടികളായി.
ഒന്നിനും പങ്കുകൊള്ളാനായില്ല. ഉപ്പയുടെ ബാധ്യതയും ഇക്കയുടെ കണ്ണ് ചികിത്സയും രണ്ടുപേരുടെ കല്ല്യാണവുമൊക്കെ നടത്താൻ ഇക്ക പോയ വഴിയേ പറക്കേണ്ടിവന്നു. വീട്ടിൽ വേറെ തലമുറ വന്നപ്പോൾ അവരുടെ വളർച്ച കണ്ടത് ക്യാമറയിലൂടെയായിരുന്നു. തലയിലെ മുടിയിഴകൾ ഓരോന്നായി കൊഴിഞ്ഞുകൊണ്ടിരുന്നു. താടി നിറം മാറിത്തുടങ്ങി. മറ്റൊന്നുമില്ല വൃത്യാസം.
പക്ഷേ ശാരീരിക അവശതയുണ്ടെങ്കിലും ഉമ്മയുണ്ടല്ലോ, അതൊരു അതിശയ ലോകമാണ്. വീടും പരിസരവും ഉപ്പയുണ്ടായിരുന്ന കാലത്തെപോലെ തന്നെ നോക്കി പോരുന്നുണ്ട് ഉമ്മ. മുറ്റത്തെത്തിയപ്പോഴേ അത് മനസ്സിലായി.

"ഡാ കേറ്ങ്ങട്ട്, മതി മാനം നോക്കി നിന്നത്’’, ഉമ്മാക്കൊരു മാറ്റവുമില്ല. ലോകത്തിന്റെ മറുപുറത്ത് തെണ്ടി നടന്ന എന്നെ ഉമ്മയിപ്പോഴും കുട്ടിയായിട്ടാണ്‌കാണുന്നത്. ലോകം മുഴുവൻ മാറിയാലും ആരൊക്കെ ഭൂമിയിൽനിന്ന് യാത്ര പോയാലും ഉമ്മാക്ക് ഓരോ ദിവസവും അറിവിന്റെയും ഉണർച്ചയുയും തുടർച്ചയാണ്. എങ്ങനെയാണ് ഉമ്മക്ക് ദിവസങ്ങളെ ഇങ്ങനെ പുതുക്കാൻ പറ്റുന്നത്? ഉമ്മ എന്ന അർത്ഥം പൂർണ്ണമാകുന്നത് ഈ നൈരന്തരൃത്തിലായിരിക്കാം. ആർക്കറിയാം…
കൃത്യതയില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന ചിന്തകൾക്കിടയിൽ അൻവർ അകത്തേക്ക് നടന്നു. ഹകീമിനെ കൈപിടിച്ച് അകത്തെ കസേരയിലേക്ക് എത്തിച്ചു. പെട്ടിയിൽ നിന്ന് അവന് തിന്നാൻ ഇൻസ്റ്റന്റ് പാക്കറ്റുകൾ എടുത്തു കൊടുത്തു.
അകം:
വീടിനകം നല്ല വൃത്തിയുണ്ട്...
പ്രത്യേകിച്ച് അൻവറിന്റെ മുറി. ഒരു പ്രത്യേക അഥിതിക്കുള്ള അറയാണിപ്പോൾ അതെന്നു അൻവറിന് തോന്നി. അകത്ത് ഇനാമൽ പെയിന്റിന്റെയും എമൽഷന്റെയും ഗന്ധമുണ്ട്.
അടുക്കള:
ഗ്യാസ് സ്റ്റൗ ഉണ്ടെങ്കിലും വിറക് കത്തിച്ചാലേ ഉമ്മക്ക്‌തൃപ്തിയാകൂ എന്ന് അടുപ്പ് പറയുന്നുണ്ട്. പാതി കരിഞ്ഞ വിറകുകൾ ഉമ്മയെ കാത്തിരിപ്പുണ്ട്. കഷ്ടപ്പാടിന്റെ കരിപ്പാടെല്ലാം മായ്ച്ചു കളഞ്ഞിട്ടുണ്ട്. വീടിനകം ഒരു വാക്ക്ത്രൂ നടത്തിക്കൊണ്ട് ബാത്റൂമിലേക്ക് അൻവർ എടുത്ത് ചാടി. ക്ളോസറ്റ് വരെ ഉമ്മ ആധുനീകരിച്ചിരിക്കുന്നു.
കാലം ഉമ്മയെ പുതുക്കിയതോ അതോ ഉമ്മ കാലത്തേ മാറ്റിയതോ? അൻവർ ആലോചിച്ചു.
“ഡാ കൊറച് കേങ്ങ്ണ്ട്, അത് വേവിക്കട്ടേ, യ്യ് തിന്നോ?”, തണുത്ത വെള്ളത്തിൽ കുളിച്ചുകൊണ്ടിരിക്കെ അൻവർ ഉമ്മയുടെ ശബ്ദം കേട്ടു.
“വേണ്ടുമ്മാ. നമുക്ക് നാളെണ്ടാക്കാം. ഉമ്മാക്ക് വല്ലോം കഴിക്കാനുണ്ടോ?"
“നിക്കിപ്പൊന്നും മാണ്ട, ഞാൻ കെടക്ക്വണ് ”
“ഉമ്മ കെടന്നോളിൻ, ഇക്ക കിടന്നോ?”
“അവനെ മുറീൽ കൊണ്ടാക്കീരുന്നു, ചെവീല് ആ കുന്തം തിരുകി കിടക്ക്ണ് ണ്ടാകും, തിന്നാനൊന്നും മാണ്ടങ്കി ജ് കെടന്നോ”.
ഉമ്മയുണ്ടാക്കുന്ന കപ്പയുടെ വേവും സ്വാദും നാവു മറന്നുപോയിരിക്കുന്നു. കപ്പയിലുറങ്ങിയും എഴുന്നേൽക്കുകയും ചെയ്ത ഒരു നീണ്ട കാലം ഉണ്ടായിരുന്നിട്ട് പോലും. കലുഷിതമായിരിക്കുന്നു നാക്കും ആമാശയവും. ടെയ്സ്റ്റ്ബഡ്‌സ് സ്വന്തം സ്വത്വം വീണ്ടെടുക്കേണ്ട സമയമാണിത്. ചെയ്യട്ടെ, അത് അതിന്റെ ധർമ്മം ആണല്ലോ. പല നാടുകളിൽ അന്തിയുറങ്ങിയും അനവധി അപരിചിത ഭക്ഷണങ്ങൾ സ്വീകരിക്കുകയും ചെയ്ത സമയങ്ങൾ…അതെല്ലാം ഇപ്പോൾ ഒരു സ്വപ്നം പോലെ തോന്നുന്നു. മനുഷ്യന്റെ സ്വഭാവം എത്ര വേഗത്തിലാണ് മാറുന്നത് ! മാറാതെ മനുഷ്യൻ എവിടെപ്പോകാൻ? മനുഷ്യൻ ലഭ്യമായതിന് അനുസരിച്ച് മാറുന്ന ജീവിയല്ലേ?
കുളി കഴിഞ്ഞ്, മുറിയിലെ ഫാനിട്ടപ്പോൾ പെയിന്റിന്റെയും തിന്നറിന്റെയും ആവി കുത്തിപ്പറക്കുകയാണ്. ജനലുകൾ തുറന്നിട്ടു. പെട്ടിയിൽ നിന്ന് എയർ ഫ്രഷ്‌നർ തപ്പിയെടുത്ത്, മൂക്ക് പൊത്തിപ്പിടിച്ച്, തുരുതുരാ ഗ്യാസ് അടിച്ചു. അത് സെറ്റ്ൽ ആകാൻ വേണ്ടി അൻവർ പുറത്തെ ഹാളിലേക്കിറങ്ങി.
അവിടെയും പെയിന്റിന്റെ മണമുണ്ട്. മുറിയിലെ അത്ര രൂക്ഷത ഇല്ലെന്ന് മാത്രം. കഴിഞ്ഞ കാലത്തിന്റെ തോണ്ടലുകളോ വിയർപ്പുകളോ ചുമരിൽ കാണുന്നില്ല. കുട്ടികളുടെ വികൃതികളില്ല. വീട് ചായം തേച്ചവർ മായ്ച്ചുകളഞ്ഞ കാലങ്ങൾ. തന്റെ വരവറിഞ്ഞ് ഉമ്മ കാലത്തെ പുതുക്കിപ്പണിതിരിക്കുന്നു. പക്ഷെ ഓർമ്മകൾ… അത് എങ്ങനെയാണു പുതുക്കുക?. അത് പുതുക്കണമെങ്കിലും ഓർമ്മകൾ തന്നെ വേണ്ടേ?
അൻവർ ഹക്കീമിന്റെ മുറിയുടെ മുൻപിൽ നിന്ന് പതുക്കെ വാതിൽ പതുക്കെ തുറന്നു നോക്കി. അവൻ മയക്കത്തിലാണെന്നറിഞ്ഞു. വാതിൽ അടച്ചു. അവൻ ഓർമ്മകളുടെ കാമറ തുറന്ന് വീണ്ടും വാക്ത്രൂ ആരംഭിച്ചു. ഹാളിലെ ചുമരിൽ, തൊണ്ടി മുതൽ തടഞ്ഞ പോലീസ് നായയെപ്പോലെ നിന്നു.
ചെമ്പ് 20
പിച്ചള 15
ഇരുമ്പ് 10
നോട്ടു ബുക്ക് 10
തകരം 62
ഓരോ ദിവസവും ആണി കൊണ്ട് ഉപ്പ എഴുതിവെച്ചിരുന്ന കണക്കുകൾ. അവൻ ചുമരിൽ സൂക്ഷിച്ചുനോക്കി. ഒന്നും കാണാഞ്ഞ്, കൈകൾ വെച്ച് ചുമരിലൂടെ നടന്നു. ഉപ്പയുടെ കണക്കു പുസ്തകമായ ചുമർ. കുഞ്ഞും നാളിൽ ചീത്ത കേട്ടാൽ കൈകൊണ്ടു സങ്കടം തുടക്കുമായിരുന്ന അതേ ചുമർ. ദേഷ്യം നിറഞ്ഞ വേദനയുടെ പോറലുകളെവിടെ? ഒന്നും കാണുന്നില്ല. എല്ലാം മാഞ്ഞു പോയിരിക്കുന്നു.
ഉപ്പാന്റെ പരുക്കൻ സ്‌നേഹമുള്ള ചുമരിൽനിന്ന് പഠിച്ച ഗണിതപ്പട്ടിക കാണാതായിരിക്കുന്നു.
ഉപ്പയുടെ ചുമരിലേക്കു അവൻ ചാഞ്ഞിരുന്നു.
ആളുകൾ വേണ്ടെന്നു വെക്കുന്നതായിരുന്നു ഉപ്പയുടെ അന്നം. ഇരുമ്പ് പാട്ടകളും കസേരകളും തുള വന്ന ചെമ്പുകളും തൊണ്ട പൊട്ടിയ റേഡിയോകളും തെളിയാത്തതോ വക്രീകരിച്ചതോ ആയ ടീവികളും ഉപ്പയുടെ പീടികമുറിയിലെത്തും. പലതും ആദ്യമായി കാണുന്നതും അറിയുന്നതും അവിടെ നിന്നായിരുന്നു. സ്‌കുൾ വിട്ടാൽ അവിടെയെത്തിയിരിക്കണം. അത് ഫത്‌വയാണ്. മറ്റു കളികൾ പാടില്ല. ക്‌ളാസ്സ് കഴിഞ്ഞാൽ ഹകീമും അവിടെയെത്തും. ആളുകൾ കൊണ്ടുവരുന്ന പഴയതെല്ലാം തൂക്കി വില കൊടുക്കണം. പഠിക്കാനുള്ളത് അവിടെ ഇരുന്നു വായിച്ചോളണം. പെട്രോമാക്‌സിന്റെ തുള വീണ മാന്റലിൻ നേരെയാക്കാനും കത്തിക്കാനും പഠിച്ചത് അങ്ങനെയാണ്. റേഡിയോ സ്പീക്കറിലെ കാന്തം കാണിച്ചു തന്നത് ഇക്കയാണ്. ഉപ്പയില്ലാത്ത നേരത്ത് അത് പൊട്ടിച്ചെടുക്കും. ആരോ കയറി നിന്നപ്പോൾ നടുചളുങ്ങിയ മേശക്കടിയിൽ കാന്തം ഉരുട്ടിക്കളിക്കും. മുകളിൽ കാലം മാറ്റം വരുത്തിയ തുരുമ്പ് പൊടികൾ അതിനൊപ്പം ചലിക്കും. കാന്തത്തിന് ഇരുമ്പിനോടുള്ള മുഹബ്ബത്ത് അങ്ങനെയാണ് അറിഞ്ഞത്. ചെമ്പിന്റെയോ പിച്ചളയുടെയോ വിലയില്ലെങ്കിലും ഇരുമ്പിന്റെ കാന്തിക സൗഹൃദം അതിശയിപ്പിച്ച നാളുകൾ ആയിരുന്നു അത്. സ്‌കൂളിലെ പാഠങ്ങൾക്ക് മുൻപേ പലതും പഠിച്ചിരുന്നത് അവിടെയെത്തിയിരുന്ന, വലിച്ചെറിയപ്പെട്ടവയിൽ നിന്നായിരുന്നു. തുരുമ്പ് എന്തെന്നും അതിന്റെ രാസനാമം Fe₂O₃·nH₂O എന്നാണെന്നുമൊക്കെ ഇക്ക തെളിവ് വെച്ച്, പഠിപ്പിച്ചത് അവിടെ നിന്നാണ്. പാട്ടകളുടെ കൂടെ വന്നിരുന്ന പുസ്തകങ്ങളിൽ നിന്ന് കഥകളും കവിതകളും വായിച്ചു. അതിൽ കാലപ്പഴക്കം വന്ന എഴുത്തും പുതിയവയും ഒക്കെ ഉണ്ടായിരുന്നു. പൊട്ടിയ ഭൂതക്കണ്ണാടിയിലൂടെ ലോകം വലുതായി കണ്ട കാലം.
തകരഷെഡിൽ കൂട്ടിയിടുന്നവക്കിടയിൽ പല അഹങ്കാരങ്ങളും ഉണ്ടായിരുന്നു. കേടാകുന്നതിനു മുൻപേ വലിച്ചെറിയപ്പെടുന്ന ശീലങ്ങളിൽ നിന്നുള്ളവ. അങ്ങനെയുള്ള പലതും കുടുംബത്തിന്റെ ജീവിതം സുഖമമാക്കി. ഇത്താത്തമാർ അമ്മിയും കപ്പിയും പാട്ടയും വെറുത്തു തുടങ്ങിയത് അങ്ങനെയാണ്. മറ്റു ചിലത്‌ദാരിദ്ര്യം കൊണ്ട് തേഞ്ഞവയായിരുന്നു. നേരെയാക്കാൻ പറ്റാത്തവ. മനുഷ്യർ വേണ്ടെന്ന് വെക്കുന്ന പല സാമഗ്രികളും കുമിഞ്ഞു കൂടുമ്പോൾ ആന്ധ്രാ ലോറി വരും. മൊത്തം കയറ്റിയ ശേഷം ഹിന്ദി എഴുതിയ പെരും വണ്ടി എവിടേക്കോ പോകും. അന്ന് ഉപ്പ മീനോ കോഴിയോ വാങ്ങും. അന്ന് പെരുന്നാളാണ്. പുസ്തകം വാങ്ങിക്കാനുള്ള പൈസയും എസ്കർഷൻ പോകാനുള്ള തുകയും ചോദിച്ചാൽ അപ്പൊ കിട്ടും. അത് പറഞ്ഞു തന്നത് ഇക്കാക്കയാണ്.
ശങ്കരന്റെ മകനും ഇക്കയുടെ ക്ലാസ്മേറ്റുമായ സുരേഷ് ഉപ്പക്ക്, സ്‌കൂളിൽ വെച്ച് ചാർത്തിയ പേരാണ് ആക്രി റഹ്മാൻ. റഹ്മാൻ എന്നാൽ പടച്ചവൻ എന്നും അർത്ഥമുണ്ട്. പടച്ചവൻ ആക്രിക്കാരനാണെന്ന് അവൻ ഉദ്ദേശിച്ചോ എന്നും വ്യക്തമല്ല. അറിഞ്ഞുകൂടാ. അങ്ങനെയാവാനും വഴിയുണ്ട്. പടച്ചവൻ എണ്ണിയാലൊടുങ്ങാത്ത രൂപങ്ങൾ തീർത്തവനാണല്ലോ. എന്തായാലും അവനിട്ട പേര് ഏറെയാളുകൾ ഏറ്റെടുത്തു. അത് പ്രായഭേദമന്യേ കൈമാറി.
അൻവർ ഉമ്മറത്ത് നിന്നു. മുറ്റത്തെ ഷെഡിന്റെ ഇറയത്തു ചാരിവെച്ചിരുന്ന സൈക്കിൾ കാഴ്ചയിൽപ്പെട്ടു. ആക്രികളുടെ കൂട്ടത്തിൽ ഉപ്പക്ക് കിട്ടിയ ഒന്നാണത്. അത് അറ്റകുറ്റപണികൾ ചെയ്ത് ഉപ്പ ആദ്യമായി ഇക്കാക്ക് കൊടുത്തതാണ്. അതിലാണ് രണ്ടുപേരും സൈക്കിൾ ചവിട്ടിപ്പഠിച്ചത്. സുരേഷിനെയും ഇക്ക സൈക്കിൾ പഠിപ്പിച്ചത് അതിലായിരുന്നു. നാൽപതു കൊല്ലത്തോളം പഴക്കമുള്ള സൈക്കിൾ ഉപ്പയുടെ ഓർമ്മക്കായി ഇക്ക ഇന്നും സൂക്ഷിക്കുന്ന മുതലാണ്. അതും തുരുമ്പയിരായി മാറിയിട്ടുണ്ട്.

തുരുമ്പെടുത്ത ഓർമ്മകളൊഴിച്ചാൽ ഇപ്പോൾ വീടും പരിസരവും പുതിയതാണ്. ആറു കൊല്ല ത്തിനിടയിൽ ആളുകൾ എത്രമാത്രം നവീകരിക്കപ്പെട്ടു എന്നറിയില്ല. നേരം വെളുത്താലറിയാം. അവൻ മഞ്ഞു പെയ്യുന്ന മുറ്റത്തേക്കിറങ്ങി വെറുതെ ഉലാത്തി.
“നീ അവളെ ഈ വീട്ടീ കയറ്റിയ അന്ന് തുടങ്ങി, ഈ വീടിന്റെ ശാപം... മര്യാദക്ക് കൊണ്ടുപോയി കളഞ്ഞോളണം ഈ നശിച്ചവളെ.”
മുറ്റത്തിറങ്ങിയ അൻവർ കേട്ട വാചകം ഇങ്ങനെയായിരുന്നു. അവൻ ചുറ്റും നോക്കി. റോഡിലിറങ്ങി ഒച്ചയുടെ ഓരം പിടിച്ചുനടന്നു. മുൻപിലെ വീട്ടിലെ സ്ത്രീകൾ കൂട്ടമായി സോഫയിലിരിക്കുന്നത് ജനലിലൂടെ കണ്ടു. എല്ലാവരുടെയും കണ്ണുകൾ ചുമരിലെ ടീവീയിലേക്കാണ്. മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ ആയിരിക്കണം അതെന്നനുമാനിച്ചു. വീട് കണ്ടിട്ട് അടുത്ത കാലത്തു പണി തീർത്തതാണെന്ന് തോന്നി. ആരെയും പരിചയമുള്ളതായി തോന്നിയില്ല.
പൊടുന്നനെയാണ് ഒരു പെണ്ണിന്റെ നിലവിളി അവന്റെ കാതിലേക്ക് എത്തിയത്. അത് കൂടിക്കൂടി വരുന്ന കരച്ചിലായി മാറുന്നത് അവനറിഞ്ഞു. അൻവർ തൊട്ടു മുൻപിലെ വീട്ടിലേക്കും ദൂരേക്കുമായി കണ്ണ് പായിച്ചു. ടീവി കാണുന്ന സ്ത്രീകൾ കണ്ണുകൾ തുടക്കുന്നത് കണ്ടു. അവരുടെ കരച്ചിൽ ദ്രുത വേഗം മാറി, അവർ കളിതമാശ തുടങ്ങിയിട്ടും തുടർന്ന കരച്ചിൽ കേട്ട അൻവർ കുറച്ചു കൂടി മുൻപോട്ടു നടന്നു. ചുറ്റും തിരിഞ്ഞു നോക്കി. വീടിന്റെ പുറകിലൂടെയുള്ള വഴിയിൽ എത്തി. ദൂരത്തായി കാണുന്ന വെളിച്ചം തുന്നി ചേർത്ത ആകാശത്തെ കൂറ്റൻ കെട്ടിടം കണ്ടു. ഫോക്കസ് പിടിക്കാനായി അവൻ അനങ്ങാതെ നിന്നു. എറ്റവും മുകളിലെ ചതുര ഫ്രെയിമിൽ ഒരാൾ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നു. കണ്ണ് കൂർപ്പിച്ചപ്പോൾ അത് ഒരു ബാൽക്കണിയാണ്. അതിന്റെ ഗ്രില്ലിൽ പിടിച്ചുനിൽക്കുകയാണ് ഒരാളെന്നു ബോധ്യമായി. ചാടും ചാടും എന്ന് നിലവിളിച്ചു കരയുന്നത് കാറ്റിലൂടെ സിലോൺ റേഡിയോ തരംഗമായി കാതിലെത്തുന്നുണ്ട്. അതെ. കേട്ടുകൊണ്ടിരുന്നത് ആ സ്ത്രീയുടെ ശബ്ദം തന്നെയെന്ന് അവൻ ഉറപ്പുവരുത്തി.
അങ്ങോട്ടെത്താനുള്ള വഴി ഏതെന്നവൻ അന്വേഷിച്ചു നടന്നു. റോഡ് തീരും വരെ നീണ്ടു കിടക്കുന്ന മതിൽ. രണ്ടും കൽപ്പിച്ച്, അൻവർ അത് ചാടിക്കടന്നു. മതിലിന് മുകളിൽ പാകിയ കുപ്പിച്ചില്ലുകൾ മേലുരഞ്ഞു. ചാട്ടം ചെന്ന് പതിച്ചത് ടൈൽ പാകിയ വീട്ടു മുറ്റത്താണ്. കൂട്ടിനകത്തു നിന്ന് മറുനാടൻ പട്ടി അവനു നേരെയടുത്തു. സർവ്വ ഈർജ്ജവും സംഭരിച്ച്, അവൻ കുതിച്ചു. ആ വീടിന്റെ പുറകിലെത്തി. അടുക്കള മതിലും ചവിട്ടിയിറങ്ങി. ബോളർ കല്ലുകൾ കൊണ്ടിട്ട പറമ്പിലൂടെ ആകാശത്തേക്ക് നോക്കിക്കൊണ്ട് ശ്വാസം വിടാതെ പാഞ്ഞു. അവൻ ഫ്ലാറ്റിലേക്ക് കണ്ണ് നട്ടു. അതെ അതൊരു സ്ത്രീ തന്നെ. ദൂരെയുള്ള വെളിച്ചത്തിന്റെ സ്ക്വയറിലേക്ക് ചാടല്ലേയെന്നു അവൻ തുടർച്ചയായി ഓരിയിട്ടുവെങ്കിലും അതെവിടെയെങ്കിലും കേൾക്കുന്നുണ്ടെന്നവന് തോന്നിയില്ല. ഓടിക്കിതച്ച് കൂറ്റൻ ഫ്ളാറ്റിന്റെ ഗേറ്റിലെത്തി.
മുന്നിൽ ആറടി പൊക്കവും അതിനനുസരിച്ച തടിയുമുള്ള ഒരു പാറാവുകാരൻ നിൽക്കുന്നു.
“തും കോൻ ഹേ?”
ഹിന്ദിയിലുള്ള അയാളുടെ കുര പെട്ടന്നായിരുന്നു.
“മുകളിലത്തെ നിലയിൽ നിന്ന് ഒരാൾ ചാടാൻ ശ്രമിക്കുന്നു...”
അൻവർ മലയാളത്തിൽ കിതച്ചു.
“അതിന്, അതിന് തനിക്കെന്താ? താൻ ആരാ?”
അയാൾ ഹിന്ദിയിൽ കയർത്തു.
“എനിക്കൊന്നു അവിടെ വരെ പോകാമോ?”
“ഫ്ളാറ്റിൽ അപരിചിതരെ കുയറ്റിവിടാനാവില്ല.” അയാൾ കാർക്കശ്യം കാണിച്ചു നിൽക്കുന്നതിനിടെ അയാളുടെ റീലീവർ ആയ സെക്യൂരിറ്റി അവിടേക്കെത്തി. ഡ്യൂട്ടി കൈമാറി, ഹിന്ദിക്കാരൻ അയാളുടെ സ്‌കൂട്ടർ സ്റ്റാർട്ടാക്കി.
“ഉങ്കൾക്കെന്നാ വേണം?’’, പുതിയ സെക്യൂരിറ്റി തമിഴിൽ സൗമ്യനായി.
“മുകളിലെ നിലയിൽ നിന്നൊരാൾ ചാടാൻ ശ്രമിക്കുന്നു, നിലവിളി കേട്ട് വന്നതാണ്. അവിടെ വരെ ഒന്ന് പോകാൻ അനുവദിക്കണം’’.
സെക്യൂരിറ്റി താടി തടവി, ഭദ്രമായ ചിരി പുറത്തെടുത്തു. ഏതു തരം മനുഷ്യനാണിയാൾ എന്നാലോചിച്ചുനിന്നു.
“അതാ, അത് കവലൈപ്പെടാതിങ്കെ, അത് പത്ത് ബിയിൽ നിന്നാര്ക്കും, അവങ്കെ എപ്പോവും അപ്പടി താൻ”, അയാൾ പറഞ്ഞു.
“പ്ലീസ്…എന്നെയൊന്ന് അവിടെ വരെ പോകാൻ അനുവദിക്കാമോ.” അൻവർ അയാളോട് പറഞ്ഞു. വിസിറ്റേഴ്‌സ് ബുക്കിൽ അഡ്രസ്സ് കുറിച്ചെടുത്തു. അയാളവനെ ലിഫ്റ്റിലേക്കു കൊണ്ടുപോയി.
ശീതീകരിച്ച ലിഫ്റ്റ് മുകളിലേക്ക് കുതിച്ചു. അവനെവിടെയെന്ന് സ്വയം ചോദിച്ചു കൊണ്ടേയിരുന്നു. തുർക്കിയിലാണോ, അതോ നാട്ടിലോ ? ലിഫ്റ്റ് പത്തിൽ നിന്നു. അവൻ പത്തു ബി യിലെ ബെല്ലടിച്ചു.
“ആരാ?’’; അകത്തുനിന്നുള്ള ചോദ്യം കേട്ട്, എന്ത് പറഞ്ഞ് സ്വയം പരിചയപ്പെടുത്തും എന്ന ചോദ്യവുമായി അൻവർ മറുപടിക്ക് വാക്കുകൾ കിട്ടാതെ നിന്നു.

അൽപനേരത്തിനകം വാതിൽ തുറന്നു. നന്നേ അറുപതിലേറെ പ്രായമുള്ള ഒരാൾ വാതിലിൽ പിടിച്ചുകൊണ്ട് അവന്റെ മുൻപിൽ പ്രത്യക്ഷനായി.
അയാൾ എന്തെങ്കിലും ചോദിക്കുന്നതിന് മുൻപേ അൻവർ വീടിനകത്തേക്കും ബാൽക്കണിയിലേക്കും കണ്ണുകളയച്ചു. പുറകിൽനിന്ന് കരഞ്ഞു കലങ്ങിയ കണ്ണുമായി നടന്നു വരുന്ന അമ്പതിലേറെ പ്രായം തോന്നിക്കുന്ന സ്ത്രീയെ കണ്ടു. അവൻ ശ്വാസം വിട്ടു. താഴേക്ക് കരച്ചിൽ കേട്ട് വന്നതാണെന്നവൻ ശ്വാസത്തിനിടയിൽ തുന്നിച്ചേർത്തു. കണ്ണുകൾ തുടച്ച്, ആ സ്ത്രീ കാരണവരുടെ ചുമലിൽ തല ചായ്ച്ചു. അങ്ങനെയൊന്നുമില്ലല്ലോ എന്ന ശൃംഖാര നാണത്തോടെ അയാളെ നോക്കി ചിരിച്ചു. അയാളും അവളെ നോക്കി, ആ ചിരി പൂരിപ്പിച്ചു. അവളുടെ കവിളിൽ അയാൾ കുസൃതിയോടെ തട്ടി.
അൻവറിന്റെ കണ്ണുകൾ ആ ഫ്ളാറ്റിലെ സിറ്റൗട്ടിൽ നിരന്നിരിക്കുന്ന ചിത്രങ്ങളിലേക്ക് അനുവാദ മില്ലാതെ നടന്നു. അവിടെ വാതിലിനഭിമുഖമായി കിടക്കുന്ന മേശപ്പുറത്തെ ലാപ്ടോപ്പ് സ്ക്രീനിൽ സ്കൈപ്പ് തെളിഞ്ഞുവരുന്നത് അവൻ കണ്ടു. അതിലൊരു മുഖം വന്നു. അതേ മുഖം തന്നെ അൻവർ ചുമരിലും കണ്ടു. സ്‌ക്രീനിൽ വെളിച്ചം കണ്ട, അയാൾ സ്ത്രീയെ ചുമലിൽ നിന്നടർത്തി മാറ്റി, കമ്പ്യൂട്ടറിന്റെ മുൻപിലേക്കോടി. പുറകിൽ സ്ത്രീയും. അയാൾ ഹെഡ് ഫോൺ ചെവിയിൽ തിരുകാൻ പണിപ്പെടുകയാണ്. ലാപ്ടോപ്പിന്റെ മുൻപിലെത്തിയ സ്ത്രീ എന്തോ മറന്നിട്ടെന്നപോലെ തിരിച്ച്, അൻവറിന് നേരെ വന്ന് വാതിലടച്ചു. ദൈവ രൂപം കൊത്തിയ കനമുള്ള ലാക്കർ പോളിഷ് വാതിൽ ഒച്ചയോടെ അവനോട് പോകാൻ പറഞ്ഞു.
അൻവർ ലിഫ്റ്റ് വിളിച്ചു. സ്‌കൈയ്പ്പിൽ സ്നേഹം പുകയുന്ന ആകാശത്തെ ഏറുമാടത്തിനു മുന്നിൽ നിന്ന് ഭൂമിയിലേക്ക് നിലകളിറങ്ങുകയാണ്.
താടിയും മുടിയും കോലം മാറ്റിയ തന്നെ അവർ തിരിച്ചറിയാഞ്ഞിട്ടാണോ? അതോ കാലം ഓർമ്മകളെ മുരടിപ്പിച്ചിട്ടോ? രണ്ടായാലും അവർ തന്നെ ഐഡന്റിഫൈ ചെയ്തില്ല എന്നത് അവനെ അതിശയിപ്പിച്ചു. ഏഴെട്ടു കൊല്ലം കൊണ്ട് മറന്നു പോകാവുന്ന അകലമുണ്ടാകുമോ? അല്ല, അതിനു മുൻപേ അകലം പാലിച്ചവരാണല്ലോ അവർ.
അവന്റെ ചോദ്യങ്ങളേക്കാൾ വേഗത്തിൽ ലിഫ്റ്റ് അടിത്തട്ടിൽ മുട്ടി. ശങ്കരന്റെ പുറമ്പോക്കിലെ വീട്ടുമുറ്റത്താണ് അവൻ ഇറങ്ങിയത്. ഉപ്പയോടൊപ്പം കപ്പ ചുമടേറ്റിയിരുന്ന ശങ്കരൻ. ശങ്കരന്റെ നാല് സെന്റ് തരിശുനിലത്തേക്ക് അൻവർ നടന്നു. പക്ഷേ, പഴയപോലെ മേഞ്ഞ് നടക്കാനാവില്ല. ചുറ്റും മതിലുകളാണെന്ന് അവൻ തിരിച്ചറിഞ്ഞു. അതിനാൽ തന്നെ, നിലാവിൽ വെണ്ണയായ് തിളങ്ങുന്ന നടവഴിയിലേക്ക് മതിലുകളോടൊപ്പം അവൻ ദിശ മാറ്റി.
ഉപ്പയ്ക്ക് ആദ്യം കൃഷിപ്പണിയായിരുന്നു. വിശ്രമം മറന്ന കർഷകനായിരുന്നു അദ്ദേഹം.
കപ്പയും മധുരക്കിഴങ്ങും പച്ചക്കറികളും തന്നെയായിരുന്നു പ്രധാനമായി നട്ടിരുന്നത്. എല്ലാം ഉപ്പ ഒറ്റയ്ക്കായിരുന്നു ചെയ്തിരുന്നത്. കൃഷി നനയ്ക്കാൻ ഉപ്പ ഏൽപ്പിച്ചിരുന്നത് രാധചേച്ചിയെ ആയിരുന്നു.
മകനെ ഗർഭം ധരിച്ചിരിക്കുന്ന കാലത്തു തന്നെ രാധചേച്ചിക്ക് ഭർത്താവിനെ നഷ്ടപ്പെട്ടു. മകൻ കുട്ടനും രാധചേച്ചിയും പാതയോരത്തെ കുഞ്ഞു വീട്ടിലാണ് താമസിക്കുന്നത്. ഉപ്പയുടെ കരുതലാണ് രാധചേച്ചിയുടെ ജീവിതം. കുട്ടനും രാധചേച്ചിയും മിക്കപ്പോഴും വീട്ടിൽ തന്നെ ഉണ്ടാകും. ഉമ്മയുടെ രുചിക്കൂട്ടുകളായിരുന്നു രണ്ടുപേർക്കും പ്രിയം.
കാൽമുട്ട് വേദന അസഹ്യമായപ്പോൾ കൃഷി മതിയാക്കി, ഉപ്പ ആക്രി സാധനങ്ങളുടെ കച്ചവടം തുടങ്ങുകയായിരുന്നു. ശങ്കരൻ ഉപ്പയുടെ അടുത്ത ചങ്ങാതിയാണ്. ജാതി മാറി വിവാഹം ചെയ്ത സ്വന്തം നാട്ടിൽ നിൽക്കാൻ പറ്റാണ്ടെ ഇവിടേയ്ക്ക് കുടിയേറി വന്നതാണ് ശങ്കരൻ. പലവിധ പണികൾ ശങ്കരൻ ചെയ്തെങ്കിലും, ഒരിടത്തും അദ്ദേഹത്തിന് ആകാശം തുറന്നു കിട്ടിയില്ല. ഒരു ചെറിയ വാടകപ്പുരയിലായിരുന്നു ഭാര്യ ശാന്തയ്ക്കും മക്കളായ സുരേഷിനും രാകേഷിനുമൊപ്പമുള്ള ശങ്കരന്റെ കുടുംബജീവിതം. ശാന്തചേച്ചിയുടെ സഹോദരൻ വാങ്ങിക്കൊടുത്ത നാലു സെന്റ് സ്ഥലം ശങ്കരേട്ടന് ഉണ്ട്. വീട് വെക്കാൻ ഏറെ ആഗ്രഹിച്ചെങ്കിലും, സാമ്പത്തികമായി കൂട്ടിയാൽ കൂടാതെ കുറേ വേദനിച്ചു. ഉപ്പയോട് ആവശ്യം പറഞ്ഞപ്പോൾ തന്നെ ഉപ്പ ശങ്കരന് സൊസൈറ്റിയിൽ നിന്ന് വീടുവെക്കാൻ ലോൺ എടുത്തുകൊടുത്തു.
“രണ്ട് ആങ്കുട്ട്യേളല്ലേ, നന്നായി അന്തിയൊറങ്ങട്ടെടീ, ഒരടച്ചൊറപ്പില്ലാത്ത അന്യന്റെ പെരേലിങ്ങനെ എത്ര കാലാന്ന് വെച്ചിട്ടാങ്ങനെ, ലോണൊക്കെ ഓനടച്ചോളും.”
ശങ്കരനുവേണ്ടി ലോൺ എടുത്ത കാര്യത്തെക്കുറിച്ച് ഒരു ദിവസം ഉപ്പ ഉമ്മയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.
ശങ്കരൻ എന്നും രാവിലെ വീട്ടിലെത്തും. രാധചേച്ചിയും കുട്ടനും ശങ്കരേട്ടനും ഉമ്മയുടെ പ്രാതൽ ആണ് രാവിലത്തെ ഉണർവ്വ്. ഇടയ്ക്കൊക്കെ സുരേഷും, രാകേഷും ഉണ്ടാകും. വലിയ തറവാട്ടിൽ നിന്നുള്ള ശാന്തേടത്തി കുറേ കാലം കഴിഞ്ഞാണ് പുറത്തേക്കൊക്കെ ഇറങ്ങിത്തുടങ്ങിയത്.
“സാഹിബേ, ങ്ങള് നിർത്തിയ കൃഷി നിക്ക് ചെയ്യണം, ആ ഭൂമ്യൊന്ന് ശെരിയാക്കി തരോ? ന്റെ കയ്യി ലൊന്നൂല്ലാന്നറിയാലോ…”
ശങ്കരന്റെ ചോദ്യത്തിന് ഉപ്പക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി പോലും വന്നില്ല. പരിഹാരം കണ്ടു. നാലു കൊല്ലത്തോളം മനുഷ്യപ്പെരുമാറ്റമില്ലാതെ കിടന്ന ഭൂമിയിൽ ഉപ്പ ശങ്കരന് വേണ്ടി കിളക്കാൻ ഇറങ്ങി. രണ്ടു പേരും മത്സരിച്ചു പണിതു. ശ്വാസം മുട്ടിയും കിതച്ചും ഉപ്പ കൂടെ തന്നെ നിന്നു. വീട്ടിലെ കിണറ്റിൽ നിന്ന് നീണ്ട ചാലു കീറി ഭൂമിയിലേക്ക് വെള്ളം തേവി, മണ്ണ് വീണ്ടും നനച്ചെടുത്തു, കൃഷിയോഗ്യമാക്കി. കാലങ്ങളായി വെണ്ണീറിൽ ഉണക്കിയെടുത്തു വെച്ച വിത്തുകൾ ശങ്കരന്റെ കൈയ്യിൽ കൊടുത്തുകൊണ്ട് ഉപ്പ പറഞ്ഞു:

“പൊന്നു വിളയുന്ന മണ്ണാന്നറിയാലോ, ന്നാ തൊടങ്ങിക്കോ?”
ശങ്കരൻ ആദ്യമായി കപ്പയും പയറും വെണ്ടയും നടുമ്പോൾ, കുട്ടനും രാധയും ഉമ്മയും ഇത്താത്തമാരായ സക്കീനയും സുലൈഖയും ഒക്കെ ചേർന്ന് നിന്നു. ആ കൊല്ലം കുടിവെള്ളത്തിന് ഉമ്മ അല്പം പ്രയാസപ്പെട്ടു. വറ്റാത്ത കിണറിലെ വെള്ളം പാളക്ക് പോലും കിട്ടാൻ ഇല്ലാതെയായി.
പച്ചക്കറിയും ചീരയും പയറും വെണ്ടയുമൊക്കെ തഴച്ച് വളർന്നപ്പോൾ ആക്രിയോടൊപ്പം വന്നിരുന്ന തകര ഷീറ്റുകളും ജി ഐ പൈപ്പുകളും ചേർത്ത് ഉപ്പ ശങ്കരനൊരു പീടിക കെട്ടിക്കൊടുത്തു.
വൈകുന്നേരങ്ങളിൽ പച്ചക്കറികൾ വാങ്ങാൻ ആളുകൾ അവിടെയെത്തിത്തുടങ്ങി. പിന്നെ ശർക്കരയും അരിയും വെച്ചു. അങ്ങനെ ഓരോന്നായി കൂട്ടി. മക്കൾ സ്‌കൂളിൽ പോയ ശേഷം ഭാര്യ ശാന്തയും കടയിൽ വന്നിരിക്കാൻ തുടങ്ങി. അപ്പോൾ ശങ്കരൻ കൃഷിയിൽ ശ്രദ്ധിച്ചു. അധികം വൈകാതെ ശങ്കരൻ കവലയിൽ നിരപ്പലകയിട്ടതും സിമന്റ് വിരിച്ചതുമായ വിശാലമായ പീടികയിലേക്ക് മാറി. അതോടൊപ്പം ശങ്കരേട്ടന്റെ വീടും കുറച്ചുകൂടെ വലുതായി. ക്രമേണ ശങ്കരേട്ടൻ പ്രാതലിന് വീട്ടിൽ വരാതായി.
ആ സമയത്താണ് ശങ്കരന്റെ നാല് സെന്റ് ഭൂമിയിലെ ഒരു മൂലയിൽ വളച്ചുകെട്ടിയ ഒരു കളിസ്ഥലം രൂപപ്പെട്ടത്. പത്താം ക്ലാസ്സുകാരനായ സുരേഷും എട്ടാം ക്ലാസ്സുകാരനായ രാകേഷും സ്കൂളിൽ പഠിക്കുന്ന പരിസര പ്രദേശത്തെ കൂട്ടികളെയെല്ലാം അങ്ങോട്ട് കൊണ്ടുവരാൻ തുടങ്ങി. ശങ്കരന്റെ പീടികയുടെ നിരപ്പലകയിലെ ഒന്ന് രണ്ട് മൂന്ന് എന്നപോലെ കുട്ടികളുടെ എണ്ണവും കൂടിവന്നു. ഇരുളുവോളം വോളിബോളും കബഡിയും ഉണ്ടാകും. പഠിപ്പിക്കാൻ ദൂരെ നിന്നാണ് മുതിർന്ന ആളുകൾ വന്നിരുന്നത്. ഇരുട്ടിയാൽ കുറുവടികൾ കൊണ്ടുള്ള പരിശീലനം തുടങ്ങും. അവിടേക്ക് ചെന്ന രാധചേച്ചിയുടെ മകൻ കുട്ടനെ സുരേഷ് കളിക്കാൻ കൂട്ടിയില്ല. അതിനു സുരേഷ് പറഞ്ഞ കാരണം കുട്ടനൊട്ട് മനസ്സിലായതുമില്ല. കുട്ടൻ വരമ്പത്തിരുന്ന് എല്ലാ ദിവസവും കളി കണ്ടു. അന്നേരമെല്ലാം ഉപ്പയുടെ കടയിൽ ഇക്കയുടെ പ്രാക്ടിക്കൽ ക്ലാസ്സുകളായിരുന്നു.
വാർഷികപ്പരീക്ഷയുടെ കാലത്താണ് ശ്വാസം മുട്ട് കലശലായി ഉപ്പ ആശുപത്രിയിൽ കിടന്നത്. വേദന തിന്ന് ഒരു മാസത്തോളം കിടന്നു. ആക്രികച്ചവടക്കാരും ആന്ധ്രാക്കാരായ ലോറിക്കാരും ഉപ്പയെ കാണാൻ ആശുപത്രിയിൽ വന്നും പോയുമിരുന്നു. ശങ്കരനോ ശാന്തയോ വന്നതേയില്ല.
ഉമ്മ അതിനെക്കുറിച്ചൊന്നും ആലോചിക്കുകയോ ആവലാതിപ്പെടുകയോ ചെയ്തില്ല. ശങ്കരന്റെ കടയിൽനിന്ന് ഉപ്പക്ക് കഞ്ഞി വെക്കാനുള്ള ചീരയും പയറും പൈസ കൊടുത്ത് വാങ്ങി. എന്നത്തേയും പോലെ ഉമ്മ അവരോട് പെരുമാറി. സുരേഷോ രണ്ടാമത്തവൻ രാകേഷോ അവരുടെ സംഘത്തിലില്ലാത്ത ആരോടും കൂട്ടു കൂടാനോ മിണ്ടാനോ വരാതെയായി. പിന്നെ പിന്നെ ശങ്കരനേയും ശാന്തയേയും വല്ലപ്പോഴും വഴിയിൽ വെച്ച് കണ്ടെങ്കിലായി എന്നപോലായി.
ഹകീംക്കയുടെ പത്താം ക്‌ളാസ്സ് പരീക്ഷയടുത്തു. നല്ല മാർക്ക് വാങ്ങാൻ അവൻ കിണഞ്ഞു പഠിച്ചു. ഉപ്പ മരിച്ചത് ഇക്കയുടെ ഒടുവിലത്തെ പരീക്ഷയുടെ അന്നായിരുന്നു. ശങ്കരനോ ശാന്തയോ ഉപ്പ മരിച്ചപ്പോൾ വീട്ടിൽ വന്നില്ല. സുരേഷ് വിടാഞ്ഞിട്ടാണ് അവർ വരാത്തതെന്ന് ഉമ്മയോട് രാധചേച്ചി പറയുന്നത് കേട്ട ഓർമ്മയുണ്ട്. അതിന്നും മനസ്സിൽ മായാതെ കിടക്കുന്നു.
അൻവറിന്റെ മനസ്സ് ശങ്കരന്റെ പഴയ വീട്ടിലാണ്. “എന്നെ മനസ്സിലായില്ലേ?” അൻവർ ആരോടെന്നില്ലാതെ ചോദിച്ചു.
അവൻ ആകാശം നോക്കി. വന്ന വഴിയിലൂടെയല്ല തിരിച്ചുപോകുന്നത് എന്നത് അവനറിയാമായിരുന്നു. ഫ്ലാറ്റിന് പുറകിലൂടെ വളഞ്ഞുപോകുന്ന വെള്ളമണൽ വഴിയാണ് ഇപ്പോഴത്തെ യാത്ര. അബോധത്തിൽ തന്നെ ശരിയായ നടപ്പാതയിലെത്തിയിരിക്കുന്നു. നടവഴിയിലേക്ക് ഇരുവശത്തും നിന്നും തൂങ്ങിനിൽക്കുന്ന പുൽച്ചെടികളിലെ മഞ്ഞുതുള്ളികൾ അവന്റെ കാലുകൾ നനയ്ക്കുന്നു. നിലാവിൽ അതു ചെറു ഗോളങ്ങൾ പോലെ തിളങ്ങുന്നു. വഴിയിലെ പുൽനാമ്പുകളിലേക്കെത്തുന്ന നിലം തൊടുന്ന വെളിച്ചത്തിന്റെ സ്രോതസ്സിലൂടെ അവൻ നടന്നു. “നിലാവേ നന്ദി” അവൻ മനസ്സിൽ പറഞ്ഞു. ഓരോ ചുവടിലും ഓർമ്മകളുടെ നനവുണ്ടായിരുന്നു.
വഴിയോരത്തെ ഓടു മേഞ്ഞ വാതിൽ അടഞ്ഞു കിടക്കുന്നു. വീടിന് മുന്നിലുള്ള പോസ്റ്റിൽ മുനിഞ്ഞും തെളിഞ്ഞും ഒരു വെളിച്ചം കത്തുന്നു. ലൈറ്റിന് താഴേ അടുത്തടുത്തായി നിൽക്കുന്ന കാവി, ചുവപ്പ്, മഞ്ഞ കൊടികൾ മഞ്ഞിൽ കെട്ടിപ്പുണർന്നു കിടക്കുന്നു.
“ഇതിപ്പോഴും രാധചേച്ചിയുടെ വീടാണോ? ചേച്ചിയിപ്പോൾ എവിടെയായിരിക്കും? അത് കണ്ടുപിടിക്കണം”, അൻവർ സ്വയം പറഞ്ഞു.
രാധചേച്ചിയുടെ മകൻ കുട്ടനും സുരേഷും രാകേഷുമെല്ലാം ഒരൊറ്റ സ്‌കൂളിൽ പഠിച്ചവരാണ്. കുട്ടൻ നന്നായി ചിത്രം വരക്കും. അവന് ജന്മനാ കിട്ടിയ വാസനയാണത്. അവൻ വരച്ച അച്ഛന്റെ ചിത്രമാണ് രാധച്ചേച്ചി കുറേ കാലം സൂക്ഷിച്ച അവരുടെ ഭർത്താവ് ചാമി. ആ പെൻസിൽ ഡ്രോയിങ് ഉപ്പ ഒരു ഫ്രേമിലാക്കി കൊടുത്തിരുന്നു. വരയിൽ മാത്രല്ല, പഠിപ്പിലും കുട്ടൻ കേമനായിരുന്നു.
പത്താം ക്ലാസ്സ്. പരീക്ഷയടുക്കുകയാണ്. കുറെ ദിവസം കുട്ടൻ ക്ലാസ്സിൽ വന്നില്ല. ഉമ്മയോടൊപ്പം വന്ന് നോക്കിയപ്പോൾ ഈ വീട്ടിലും ആരുമുണ്ടായിരുന്നില്ല. ഒടുവിൽ പ്രൈമറി ഹെൽത്ത് സെന്ററിൽ അഡ്മിറ്റാണെന്നറിഞ്ഞു.

“ഒന്നൂല്ല്യ”, വേദനയിൽ കുട്ടൻ പറഞ്ഞു.
"കുട്ടാ പറ ന്താപറ്റീത്?”
ഉത്തരമുണ്ടായില്ല.
സ്‌കൂളിൽ വെച്ച് ചോറു പാത്രം തൊട്ടതിന് കുട്ടനെ കൊടിത്തൂവ വള്ളികൊണ്ട് നീര് പൊട്ടുന്ന പ്ലാസ് മരത്തിൽ കെട്ടി. കോമ്പോസ്‌കൊണ്ട് കുത്തി. ദേഹമാസകലം തിണർത്തു പൊന്തി, പനിച്ചു കിടന്നതാണെന്ന് ആശുപത്രിയിലേക്ക് കഞ്ഞി കൊണ്ടുപോകാൻ നേരം രാധചേച്ചി ഉമ്മയോട് പറയുന്നത് കേട്ടു.
“ആരാ ഓനങ്ങനെ കാട്ടീത്?”, ഉമ്മയുടെ ചോദ്യത്തിന് അവർ ഒന്നും പറഞ്ഞില്ല.
സ്കൂളിൽ നടന്നു തിരക്കി. ഒടുവിൽ പത്തു ഡിയിലെ വാസു പറഞ്ഞു.
“പത്തു ബി യിലെ…’’
ആ കിടപ്പിൽ നിന്ന് കുട്ടൻ എഴുന്നേറ്റത് പലവിധ രോഗങ്ങളോടെയായിരുന്നു. പിന്നെ അധിക കാലം അവനുണ്ടായില്ല. ഈ വഴിയിലൂടെയാണ് അവനെയും കൊണ്ടുപോയത്. പൊതുശ്മശാനത്തിൽ കുഴിമാന്താൻ കൂറേ ആൾക്കാർ സമ്മതിച്ചില്ല. അവന്റെ അച്ഛന്റെ പേരിൽ ഉണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലത്തേക്കാണ് അവനെ കൊണ്ടുപോയത്. അതോടെ രാധചേച്ചി എല്ലാ അർത്ഥത്തിലും അനാഥയായി.
രാധചേച്ചിയുടെ വീട് പിന്നിട്ടു. മുൻപിൽ വഴി പെരുംപാമ്പായി കിടക്കുന്നു. നിലാവിനെക്കാൾ കൂടുതൽ വെള്ളപ്പൂഴിയിലേക്ക് കിട്ടുന്ന വെളിച്ചം വലതു ഭാഗത്തെ ഫ്ളാറ്റിലെ ചതുരങ്ങളിൽ നിന്നാണ്.
ഒരാൾ എതിരെ വരുന്നു. നല്ല തരിപ്പിലാണെന്ന് നടത്തം കണ്ടാലറിയാം. വഴിയളന്നാണ് നടപ്പ്. വാസു.
വാസുവിന് ആളെ തിരിഞ്ഞിട്ടില്ല എന്ന് അൻവറിന് മനസ്സിലായി.
“വാസൂ...”
“ആരാത്?"
ആരെന്ന് പറഞ്ഞപ്പോൾ കരച്ചിലായിരുന്നു.
കെട്ടിപ്പിടിച്ചു. ചോദ്യങ്ങൾക്കുത്തരമായി വാസു മുകളിലേക്ക് കൈചൂണ്ടി.
“അതേടാ, അതവന്റെ തന്നേണ്”
നടക്കാൻ പ്രയാസമുള്ള വാസു വഴിയിലെ അത്താണിയിൽ ചാരി നിന്നു. അരയിൽ നിന്ന് കുപ്പിയെടുത്തു. ഒടുവിലെ തുള്ളിയും ആർത്തിയോടെ കുടിച്ചു വറ്റിച്ചു.
വാസു പറഞ്ഞു: "നീ പോയതിന്റെ പിന്നാലെ സുരേഷും നാട് വിട്ടിരുന്നു. അവന്റെ സംഘത്തിലുണ്ടായിരുന്ന ഒരാളാണ് കൊണ്ടുപോയത്...വടക്കേ ഇന്ത്യയിലെ എവിടെയോ ആണെന്ന് കേട്ടു."
വാസുവിന്റെ മദ്യം കലർന്ന പറച്ചിൽ നീണ്ടതായിരുന്നു. അന്തവും കുന്തവും തുടക്കവും ഒടുക്കവുമില്ലാത്ത ആവർത്തനത്തിൽ നിന്ന് ചുരുക്കത്തിൽ ഇങ്ങനെ മനസ്സിലാക്കി.
ശങ്കരനെയും ശാന്തയെയും സുരേഷ് നോയിഡയിലേക്കു കൊണ്ടുപോയി. അവിടുത്തെ രീതികളും ഭക്ഷണവും ഒന്നും ശരിയാകുന്നില്ലെന്ന് ശങ്കരൻ പറഞ്ഞപ്പോൾ ദിവസങ്ങൾക്കകം തന്നെ അവരെ തിരിച്ചു വിട്ടു. നാട്ടിലേക്ക് വിളിക്കുമ്പോഴെല്ലാം പീടിക നടത്തുന്നതിനെക്കുറിച്ച് ശങ്കരൻ വേവലാതി പൂണ്ടപ്പോൾ സുരേഷ് ചുരുങ്ങിയ ദിവസത്തേക്ക് നാട്ടിൽ വന്നു. ശങ്കരേട്ടനോടും ശാന്തേടത്തിയോടും വഴക്കിട്ട സുരേഷ് വീടും പീടികയും കിട്ടിയ വിലക്ക് വിറ്റു. ഫ്ളാറ്റ് വാങ്ങി അവരെ താമസിപ്പിച്ചു. ഒന്നിനും ഒരു മൂട്ടുമില്ല അവർക്ക്. എല്ലാം പത്താം നിലയിലെത്തും. എവിടെയും പോകേണ്ടതില്ല. താഴെയിറങ്ങാൻ അവർക്ക് അനുവാദമില്ല.
“സുരേഷും സുമേഷും എല്ലാ ദിവസവും കമ്പ്യൂട്ടറിൽ അവരുടെ മുൻപിൽ എത്തൂത്രേ. ഇടയ്ക്കിടെ, അത് വാങ്ങിക്കണം ഇത് വാങ്ങിക്കണം എന്നൊക്കെ പറഞ്ഞ് ശങ്കരേട്ടൻ വിളിക്കും...ഞാൻ പോകില്ല’’, വാസു പറഞ്ഞു.
“അതെന്തേ പോകാത്ത്?”
അൻവറിന്റെ ചോദ്യത്തിന് മുൻപേ വാസുവിന്റെ മറുപടി വന്നു, “അത് നമുക്കൊന്നും പോകാമ്പറ്റിയ ഇടല്ലാ”.
അവർക്കടുത്തേക്ക് ഒരു ടോർച്ച് അരിച്ചുവരുന്നത് കണ്ടു. അതിന്റെ വെളിച്ചത്തിൽ ഒരു പെരുച്ചാഴി വഴിമുറിച്ചോടി. പത്തു ബി യിലേക്ക് അൻവർ നിവർന്ന് നിന്നു. ശങ്കരനും ശാന്തയും ബാൽക്കണിയിൽ നിൽക്കുന്നുണ്ട്.
‘’അൻവറേ, ജേത് ഗുദാമിലേക്കാണ് ഈ നേരത്തൊന്നും പറയാതെ പോയത്, ഞാനാകെ ബേജാറായി”
ഉമ്മ തിരക്കിയിറങ്ങിയതാണ്. വാസുവിന്റെ തോളിൽ പിടിച്ച്, അവനെയും കൊണ്ട് ഉമ്മയുടെ അടുത്തേക്ക് ധൃതിയിൽ നടന്നു.
ഫ്ളാറ്റിനായി നക്കാപ്പിച്ചക്കാശിന് പുരയിടം വിറ്റതും പെരുവഴിയിലായതും പറഞ്ഞ്, സങ്കടം തോരാതെ വാസു അൻവറിന്റെ തോളിൽ കിടന്നലച്ചു. അവനെ സമാധാനിപ്പിക്കാൻ അൻവറിന് വാക്കുകൾ ഇല്ലായിരുന്നു.
അവർ ഉമ്മക്ക് പുറകിലായി നടന്നു. മുറ്റമെത്തി. ദൂരെ പഴയ ഓട്ടുകമ്പനിയുടെ പുകക്കുഴൽ അൻവർ കണ്ടു. അതിപ്പോൾ മൊബൈൽ ടവറുകളായി മഞ്ഞിൽ മിന്നുകയാണ്.
ക്ഷീണിച്ച വാസുവിനെ ഉപ്പയുടെ ചാരു കസേരയിലേക്ക് ഇരുത്തി. അതിലേക്ക് ഒന്ന് ചാഞ്ഞ വാസു നിമിഷങ്ങൾക്കകം സടകുടാ എഴുന്നേറ്റു.
“യ്യ് പൊറത്ത്ന്ന് വന്നിട്ട് അന്റെൽ ഒന്നുല്ലേ?”, വാസുവിന്റെ ചോദ്യം കേട്ട്, ഉമ്മ ചുമരിൽ ചാരി നിന്ന് ചിരിച്ചു.
“എന്ത്?”
വാസു കൈമുട്ട് പൊക്കിപ്പിടിച്ച്, അതിന്റെ പേര് പുറത്തിട്ടു.
“ന്ത്…കുപ്പിയോ?”
അൻവർ കാര്യം മനസ്സിലാക്കിയതിൽ വാസുവിന്റെ മുഖം പ്രകാശിച്ചു.
“പിന്നേ…ന്റേലൊന്നും ല്ല. പ്പത്തന്നെ അത്യാവശ്യം കയറ്റീട്ടുണ്ടല്ലോ അത് പോരേ?”
വാസുവിന്റെ മുഖത്തെ വെളിച്ചം മങ്ങി. വാസു നിശ്ശബ്ദനായപ്പോൾ ഉമ്മ ശബ്ദം താഴ്ത്തി അൻവറിനോട് പറഞ്ഞു.
“ണ്ടെങ്കി എടുത്ത് കൊടുക്കെടാ, പാവം”
അൻവർ മുറിയിൽ ചെന്ന്, പെട്ടിയിൽ നിന്ന് ബോട്ടിൽ എടുത്തു. മുറിയുടെ പുറത്തേക്ക് വരുമ്പോൾ ഉമ്മ അതിശയത്തോടെ ചിരിച്ചു.
“ഉമ്മ കെടന്നോളിൻ, ത് കൊറച്ച് നേരം പിടിക്കുംന്നാ തോന്നണത്’’, അൻവർ പറഞ്ഞു.
“ന്തായാലും ഒറക്കം പോയി, ഞ്ഞി കൊറച്ചേരം ഞാൻ ങ്ങടെ കൂടെരിക്കാ, വാസൂന്റെക്കെ വർത്താനം കേട്ടിട്ടന്നെ കൊറേ ആയി”
സിറ്റൗട്ടിൽ എത്തിയ അൻവറിനെക്കണ്ട്, വാസു ഷോക്കടിച്ച പോലെ എഴുന്നേറ്റു. അവനുള്ള കാണിക്കയായി അൻവർ കുപ്പി ടീപ്പോയിൽ വെച്ചു. വാസു മരക്കസേരയിലേക്ക് ഇരിപ്പ് മാറ്റി.

ഉമ്മ ഒരു ഗ്ലാസും വെള്ളവുമായി എത്തി.
“കൊറച്ചു കൊടുത്താ മതീട്ടാ, ഓന്റെ കെട്ട്യോളെ വിളിച്ച്, ഞാൻ പറഞ്ഞ്ക്ക്ണ് ഇവടണ്ടന്ന്”.
ഉമ്മ അൻവറിന്റെ കാതിൽ പറഞ്ഞു. അൻവർ ഒഴിച്ചുകൊടുത്ത പെഗ് ഒന്ന് രുചിച്ച്, വാസു ഗ്ലാസ് ടീപ്പോയിൽ വെച്ചുകൊണ്ട് പറഞ്ഞു, “ഡാ മുന്തിയ സാധനാണല്ലോ, മെല്ലെ മതി, ഇവിടിരിക്കട്ടെ, എത്രകാലം കൂടി കാണ്വ നമ്മള്, നമ്മക്ക് മിണ്ടീമ്പറഞ്ഞും ഇരിക്കാലോ…ല്ലേ മ്മാ? നെനക്ക് ഒറക്കം വരണ് ണ്ടോ?”, വാസുവിന്റെ ശബ്ദം ആഹ്ലാദം കൊണ്ടുയർന്നു.
“ഇല്ല, നീയിന്ന് ഇവിടെ കിടന്നാൽ മതി”, വാസുവിന്റെ ചോദ്യത്തിന് അൻവർ പറഞ്ഞു.
“മ്മാ… ആരാവടെ, വാസ്വാണോ?”, അകത്തു നിന്ന് ഇക്ക വിളിച്ചു ചോദിച്ചു.
“ആ…യ്യ്ങ്ങട്ട് വര്ണ്ടോ?”
“ഇല്ല, ങ്ങള് സംസാരിക്കിൻ.”
കാൽ ഭാഗം മാത്രം കുടിച്ചു വെച്ചിരുന്ന ഗ്ലാസ് എടുത്ത് വാസു ഒറ്റയടിക്ക് ഇറക്കി.
“ക്കാന്റെ കണ്ണിനൊരു വെളിച്ചം കിട്ടിക്കാണാൻ ഞാനൊക്കെ എത്ര ആഗ്രഹിച്ചൂന്നറിയോ. ഒരുപാട് സ്ഥലത്തേക്ക് ഞാൻ കൈപിടിച്ച് നടന്നേർന്നു, ഉമ്മാക്കറിയാ, ചികിത്സക്കൊന്നും ഒരു കാര്യണ്ടായില്ലല്ലോ ന്നോർക്കുമ്പോളാ…”
വാസു ഷർട്ടിന്റെ അറ്റം കൊണ്ട് കണ്ണ് തുടച്ചു.
“ഒക്കെ വിധി’’, അൻവർ പറഞ്ഞപ്പോൾ വാസു ക്ഷുഭിതനായി.
“ന്ത്… അന്ന് വിധിയെന്ന് വിചാരിച്ചു... പക്ഷേ, പിന്നീട് മനസ്സിലായി അത് ചതിയായിരുന്നൂന്ന്. കൊറച്ചെങ്കിലും കാഴ്ചയുണ്ടായിരുന്ന ഹകീംക്കയെ... വടക്കേ ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന കപടവൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയത്…ആരാന്നറിയോ?”
വാസു പിന്നെ പറഞ്ഞത് തീർത്തും അവ്യക്തമായിരുന്നു. ക്രമേണ അത് ലോപിച്ച് വന്നു. പിന്നെ ഒച്ച ഇല്ലാതെയായി.
അൻവർ കണ്ണും കാതും കൂർപ്പിച്ചിരുന്നു.
വാസു നിശ്ശബ്ദനായി.
കണ്ണുകളടച്ചു.
