പാത്തു ജബ്ബാറിനോടുള്ള അത്യഗാധമായ പ്രേമം മൂത്ത്, വെറുതെ ഒന്ന് ബേജാറാക്കാനായി ചുരിദാറിന്റെ ഷാളെടുത്ത് ഫാനിൽ തൂങ്ങിമരിക്കുന്നപോലെ കാണിച്ചതാ!
പാത്തു അപ്പോ തന്നെ മയ്യത്തായി.
പിന്നെ ഒന്നും പറയണ്ടാ, മീസാൻ കല്ലിന്റെ വലിപ്പം നോക്കലും മയ്യത്തിനെ മൈലാഞ്ചിടീപ്പിക്കലുമൊക്കെയായി മൊയിൻകുട്ടി വൈദ്യരുടെ ചായലും മുറുക്കവും പോലെ കുറേ ദിക്കറും, സലാത്തുമൊക്കെ ചൊല്ലി പള്ളിക്കാട്ടിലെ ഏറ്റവും കാതലായ ദിക്കിൽ തന്നെ പാത്തൂനെ കബറടക്കി.
പാത്തൂന്റെ ഖബർസ്ഥാനിൽ വന്ന് ജബ്ബാർ ഭാര്യ കാണാതെ ഫാത്തിഹ ഓതി. പരത്തില് പാത്തൂനെ ഹൈറാക്കി കൊടുക്കണേ റഹ്മാനായ തമ്പുരാനേന്ന് പറഞ്ഞ് കണ്ണീരോടെ മടങ്ങി.
പാലമരത്തിൽനിന്ന് മൈലാഞ്ചി മണമോ എന്നതിശയിച്ച് ജയാ കർത്തയും നീതുവും നോക്കിയപ്പോഴാണ് രണ്ട് കൈകളിലും നിറയെ മൈലാഞ്ചിയിട്ട് പതിനാലാം രാവുദിച്ചതുപോലെ ഒന്നാന്തരം ഒരു പെണ്ണ് ബോധമില്ലാതെ ദേ കിടക്കുന്നു.
കറുത്ത കുപ്പായത്തിനുള്ളിലും ഞങ്ങൾ ഇവിടെയുണ്ടെന്നുപറഞ്ഞ് തലയുയർത്തി നിൽക്കുന്ന മുലകളിലേക്ക് നോക്കി നീതു അന്തംവിട്ടു. ചൈനാ വൻമതിലിനെ തോൽപ്പിക്കാൻ പോരുന്ന ഒരിന്ത്യൻ മതിൽ. ഇവളാര് എന്നസൂയപ്പെട്ട് നീതു മെല്ലെ സ്വന്തം മുലകളിലേക്ക് നോക്കി. യുദ്ധകാലത്തെ ഓർമപ്പെടുത്തുന്ന, സംഘർഷഭരിതമായ അവസ്ഥയിൽ അവളുടെ മുഖം വലിഞ്ഞുമുറുകി.
ജയ ഉറക്കുപിടിച്ചുകിടക്കുന്നവളുടെ അടുത്തുചെന്ന് മണത്തുനോക്കി.
ജന്നത്തുൽ ഫിർദൗസിൽ എത്തിയ അവസ്ഥ.
പിന്നെയും പിന്നെയും മണത്ത്, കുറച്ചുനേരം ആസ്വദിച്ച്, ധ്യാനത്തിലെന്ന പോലെ കണ്ണടച്ചു. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ ജയയെ നീതു തട്ടിവിളിച്ചു; ‘ഇത് Miss. Dior ആണ്. ആരടിച്ചാലും ഈ മണാണ്'
ജയ അവളുടെ ആസ്വാദനധ്യാനം മുടക്കിയ നേരിയ ഒരമർഷത്തിൽ പ്രേതങ്ങൾക്ക് പൊതുവേ ഇല്ലാത്ത ഒച്ചയിൽ പറഞ്ഞു, ‘എന്നാപിന്നെ നിനക്കിത് അടിച്ചാൽ പോരെ? Blueberry Body തന്നെ വേണമെന്നുപറഞ്ഞ് എത്ര പ്രാവശ്യാ നീയെന്നെ ലുലുമാളിലേക്ക് ഓടിച്ചിട്ടുള്ളത്?'
നീതു ഒന്നും മിണ്ടാതെ ബോധമില്ലാപ്പെണ്ണിന്റെ മുലയിലേക്കുതന്നെ നോക്കിയിട്ട് ആശ്വസിച്ചു, ‘ഓ! ഇതൊക്കെ വെറും പാഡാ'
‘പിന്നേ പാഡ്, ഒന്നു പോടീ', ജയ ആ മുലകളിലേക്ക് ഒന്നൂടെ നോക്കിയിട്ട് നീതുവിനെ പുച്ഛിച്ചു. ഈ സംസാരം കേട്ടാണ് ബോധമില്ലാപ്പെണ്ണ് മയക്കത്തിൽ നിന്നുണർന്നത്.
കൂരാക്കുരിരുട്ടിൽ വെള്ളസാരിയുടുത്ത രണ്ട് പെണ്ണുങ്ങളെ കണ്ട് അവൾ പേടിയോടെ ചോദിച്ചു, ‘ആരാ ഇങ്ങളൊക്കെ?'
‘ആഹാ! നീ ആള് കൊള്ളാല്ലോ? ഞങ്ങളുടെ പാലമരത്തിൽ കേറിക്കിടന്നിട്ട്; ഞങ്ങളാരാണെന്നോ? നീയാരാടീ?' -ജയക്ക് ദേഷ്യം വന്നു.
‘ഞാൻ പാത്തു, ഇങ്ങ്ണ്ടാണ് വിസ കിട്ടിയത്, അങ്ങനെ വന്ന്'
‘പാത്തുവോ? അതല്ല, എന്താ ഇവിടേന്നാ ചോദിച്ചേ?' നീതുവിന്റെ ശബ്ദമുയർന്നു.
ബാക്കിയുള്ള പാലമരങ്ങൾ സിൽവർ ലൈനിന് കല്ലിട്ട കൂട്ടത്തിൽ പിഴുതുമാറ്റപ്പെട്ടതാണെന്ന് പറയാൻ ജയയ്ക്ക് നാവു പൊന്തിയെങ്കിലും ഉള്ളിലെ പഴയ വീരസഖാവ് ആ സത്യത്തെ മറച്ചുവെച്ചുകൊണ്ട് പറഞ്ഞു, ‘നിങ്ങളുടെ കൂട്ടർക്ക് പാലമരം ഹറാമല്ലേ? നീ ഊദ് മരം തപ്പിപോകുന്നതാവും നല്ലത്'
‘അതിന് ഊദ് എവിടെയുണ്ട്?', പാത്തു നിഷ്‌കളങ്കമായി ചോദിച്ചു.
‘അത് നീ തപ്പി കണ്ടുപിടിക്കണം'
ഇതുകേട്ട് പാത്തുവിലെ കരച്ചിൽകാരി ഉണർന്നു.
വേഷത്തിൽ വ്യത്യാസമുണ്ടെങ്കിലും നമ്മളൊക്കെ ഒറ്റ കൂട്ടരാണെന്നുറപ്പിൽ പാത്തു അവർ രണ്ടുപേരുടെയും കൈപിടിച്ച് കരയാൻ തുടങ്ങി. നിർത്താതെ തേങ്ങിത്തേങ്ങി കരയുന്ന പാത്തൂനെ സമാധാനിപ്പിക്കാനായി ശ്രമിച്ചെങ്കിലും അവരെല്ലാം വലിയ പരാജയമായി.
‘ന്റെ ജബ്ബാറിനെ വിട്ട് ഇക്ക് ഒരു ‘സെക്കൻറ്' പോലും മാറിനിക്കാൻ കയ്യൂല.
ന്റെ വാരിയെല്ലാണ് ഓന്റേല്. ഇക്കത്രേം ഒറപ്പൂള്ളോണ്ടാ ഓനെത്തന്നെ റൂഹായി കൂട്ടിയത്. പക്ഷെ, അതിന്റെ തന്നെ റൂഹ് ഇട്ക്കുംന്ന് വിചാരിച്ചീല', അതും പറഞ്ഞ് പാത്തു നെഞ്ചത്തടിച്ചു.
നീതു പാത്തുവിന്റെ കൈ തട്ടിമാറ്റി.
‘എന്താണെന്ന് വെച്ചാലും, നമുക്ക് സമാധാനമുണ്ടാക്കാം, ഇങ്ങനെ കരയല്ലേ. നീ ഇവിടെ കൂടിക്കോ, നിന്റെ ഇടി കൊണ്ട് മുല ഇടിച്ചുകളയല്ലേ'
ഇതുകൊണ്ടൊന്നും പാത്തു അടങ്ങിയില്ല.
അവൾ മൂക്കു തുടച്ചുകൊണ്ട്, ഏങ്ങിയേങ്ങി പറയാൻ തുടങ്ങി, ‘ഞാനും ജബ്ബാറും സ്നേഹിക്കണപോലെ ലോകത്താരും സ്നേഹിക്കീണ്ടാവില്ല. ഓനൊരു കടലമുട്ടായി കിട്ട്യാ വരെ അയിന്റെ പക്തി ഇക്കെടുത്ത് വെക്കും. ന്റെ പാതി ജബ്ബാറും, ജബ്ബാറിന്റെ പാതി ഞാനുമാണ്, ഞങ്ങളൊന്നാണ്, പക്ഷേ...'
ജയക്ക് ആ പക്ഷേയുടെ തുടർച്ച കേൾക്കാൻ കൊതിയായി.
പാത്തുവാണെങ്കിൽ കരച്ചിലോട് കരച്ചിൽ.
‘നീ ആ പക്ഷേ ഒന്ന് പൂരിപ്പിക്ക്', ജയക്ക് പൊറുതിമുട്ടി.
പാത്തു വിതുമ്പിക്കൊണ്ട് ചെറിയൊരു നെടുവീർപ്പിൽ ആ പക്ഷേ പൂരിപ്പിച്ചു; ‘ജബ്ബാറൊരിക്കലും ഇന്നെ ഉമ്മ വെച്ചിട്ടില്ല. എന്നും നെറ്റിയിൽ തലോടി തിരിച്ചു പോവും. ഞാനെത്ര പ്രാവശ്യം ജബ്ബാറിന്റെ പിന്നാലെ നടന്നതാന്നെറിയ്യ്വോ? ഒന്നായി തീരുന്ന ഒരു നിമിഷത്തിനുവേണ്ടി ഞാനെത്രപ്രാശ്യം ഓനോട് ചോയ്ച്ചതാന്നറിയ്വോ, ഇങ്ങക്ക്?
ജയക്ക് ആവേശമായി, ‘എന്താ പറയ്'
‘ഓന്ന് ഒന്നും വേണ്ട. ഈ ആയ കാലത്തിന്റെടേല് ഒരിക്കൽ പോലും ഇന്റെ ചുണ്ടില് ഒരുമ്മ വെച്ചീല'
ജയക്ക് ജബ്ബാറിനോട് ദേഷ്യം തോന്നി, ‘ഇവനിതെന്തൊരു പൊട്ടനാ'
‘അതല്ലടീ', നീതു പറഞ്ഞു, ‘‘ഈ ആണുങ്ങൾക്ക് നമ്മള് പെണ്ണുങ്ങള് ‘ഇനിഷ്യേറ്റ്' ചെയ്യുന്നത് ‘ടേൺ ഓഫ്' ആണ്.’’
ടേൺ ഓഫ് ഒന്നും പാത്തുവിന്റെ കരച്ചിലിനെ ഓഫാക്കിയില്ല. അവൾ വീണ്ടും പതം പറയാൻ തുടങ്ങി, ‘‘ഇക്ക്വോനെ കണ്ട് സഹിക്കണ്ടേ? മിനിഞ്ഞാന്ന് വൈന്നേരം ഓൻ വന്നപ്പോ ഓന്റെ നെഞ്ചില് കെടക്കണംന്ന് പറഞ്ഞപ്പോ സമ്മയ്ച്ചില്ല. സങ്കടം സഹിക്കാണ്ടും ഓനെ വെറുതെ ഒന്നും ബേജാറാക്കാനും വേണ്ടി വെറുതെ ഒന്നു തൂങ്ങിയതാ; പക്ഷേ മയ്യത്താവുംന്ന് പടച്ചാനാണേ വിചാരിച്ചില്ല', പാത്തു ഇതും പറഞ്ഞ് തേങ്ങിത്തേങ്ങിക്കരഞ്ഞു.
പാത്തുവിനോട് എന്തു പറയണമെന്നറിയാതെ ജയയും നീതുവും ആകെ എടങ്ങേറിലായി.
പെട്ടെന്ന്, ജയയുടെ ചുണ്ട് വിറക്കാൻ തുടങ്ങി. നീതുവും എണീറ്റു. പാത്തു ഒന്നും മനസ്സിലാവാതെ അവരെ നോക്കി, ‘‘പാതിരാത്രിയാവുമ്പോ, ആരുടേങ്കിലും രക്തം കുടിക്കാൻ പറ്റിയില്ലെങ്കിൽ, അപ്പോ തന്നെ ചുണ്ടു വിറക്കും. നീ ഇവിടെയിരുന്ന് കുറച്ചു നേരം ‘മെഡിറ്റേറ്റ്' ചെയ്യ്. ഞങ്ങളിപ്പോ വരാം’’, ജയ ആശ്വസിപ്പിച്ചു.
പെട്ടെന്ന് പശ്ചാത്തലത്തിൽ ‘പൊട്ടിത്തകർന്ന' പാട്ടു വെച്ച് വെള്ളസാരിയുടുത്ത് പാലയിൽ റെഡിയായി നിന്ന ജയയെയും നീതുവിനെയും കണ്ട് പടച്ചോനെ ഇതെന്താണെന്ന് ഓർത്തു പാത്തു.
‘ഈയൊരൊറ്റ പാട്ടു കാരണാണ് ഈ കോസ്റ്റ്യൂം ഇടേണ്ടിവന്നത്.
ശരിക്കും എന്തൊരു കളർ ഡ്രെസും ഇട്ട് പൂവും ചൂടി നടക്കേണ്ടതാണെന്നറിയിവോ?' എന്നുപറഞ്ഞ് നീതു മൊത്തം മലയാള സിനിമയെയും ശപിച്ചു.
ഈ ശാപാവസ്ഥയെ ഒറ്റ ഞെക്കിൽ ശരിയാക്കാൻ ഉള്ളതേയുള്ളൂവെന്ന് പാത്തുവിനറിയാമായിരുന്നു. കൈയിലെ മാർഷലിൽ ബ്ലൂടൂത്ത് ഓൺ ചെയ്ത് നേരെ കൊറിയയുമായി കണക്ട് ചെയ്തു. പിന്നെ ബി ടി എസിന്റെ പ്രവാഹമായിരുന്നു. പുതിയൊരു താളം കിട്ടിയ സന്തോഷത്തിൽ ജയയും നീതുവും ഫുൾ ഓണായി.
ബി ടി എസ് പാട്ടിനിടയിലൂടെ അപ്പോൾ, ദേ വരുന്നു ഒരു പെണ്ണൊച്ച: ‘‘ജീവിതത്തിന് അവസാനമുണ്ടെങ്കിലും സ്നേഹത്തിന് അവസാനം വേണമെന്നില്ല'', അവർ പരസ്പരം നോക്കി. ആ ശബ്ദം ആരുടേതാണെന്ന് ആർക്കും പിടികിട്ടിയില്ല.
ആമിയിൽ തുടങ്ങി മാധവിക്കുട്ടി വഴി കമലാദാസിലൂടെ കമലാസുരയ്യയായ ആ പെണ്ണൊരുത്തീടെയാണീ സൂഫിയൊച്ചയെന്ന് പാത്തുവിന് തെളിഞ്ഞുവന്നു.
ജയക്കും നീതുവിനും പാത്തുവിന്റെ ‘ജനറൽ നോളജിൽ' സന്തോഷം തോന്നി. ആ സന്തോഷത്തിൽ അവർ ബി ടി എസിന്റെ പാട്ടിനൊത്ത് ചുവടുവെച്ചു. രാത്രി ഷിഫ്റ്റിന്റെ സമയം പോയതറിഞ്ഞ് ധൃതിപ്പെട്ട് നീതുവും ജയയും പാലയിൽ നിന്ന് പറന്നു പൊങ്ങി. ബ്ലൗസ് ശരിക്കാണോ ഇട്ടതെന്ന സംശയത്തിൽ നീതു ഉടൻ തന്നെ താഴേയ്ക്കിറങ്ങി. ഈ ‘പുഷ് അപ് ബ്രാ ഇപ്പോൾ തീരെ വർക്കാകുന്നില്ല. തീരെ ഒരു ഷേപ്പ് കിട്ടുന്നില്ല. ഷിഫോൺ സാരിക്ക് കുറച്ചുകൂടി പുഷ് അപ് വേണം’, എന്നിട്ട് ചെറിയൊരു സംശയത്തോടെ, ‘നിന്റെ ഒറിജിനലാണോ? പാഡാണോ?' നീതു ചോദിച്ചു.
‘‘പടച്ചോനാണേ ഒറിജിനൽ'', പാത്തു പറഞ്ഞു; ‘‘പിന്നെ, Wacoal ന്റെ പുഷ് അപ് ബ്രാ ലുലുവില് കിട്ടും. അതുവെച്ചാ ഒന്നിന്റേം ആവശ്യല്ല. ജബ്ബാറായിട്ട് ‘മേക്കൗട്ട്'ചെയ്യാൻ ഞാനെത്ര ബ്രാ വാങ്ങിയതാണെന്നറിയ്യ്വോ? ഒരു കാര്യോണ്ടായില്ല. ഇംഗ്ലീഷ് ട്യൂഷനെടുത്ത പൈസ മുഴുവനും യൂസഫലി കൊണ്ട്വോയി'', പാത്തു സങ്കടം പറഞ്ഞു.
പാത്തുവിന്റെ ആ സങ്കടത്തോടുകൂടി അവർ പാലവിട്ടിറങ്ങി. പോകുംവഴി നീതു ജയയോട് ചോദിച്ചു, ‘അവളാള് കൊള്ളാല്ലേ? പക്ഷേ ഈ പർദ്ദയൊക്കെയിട്ട് പാലമരത്തില്? അത് പക്ഷേ, പാരമ്പര്യത്തിനെതിരല്ലേ?
‘പാത്തൂന്റെ ഈ സ്നേഹം കണ്ടിട്ട് അവളോട് പോവാൻ പറയാനും തോന്നുന്നില്ല', ജയ പറഞ്ഞു.
‘അതും സത്യാണ്, എന്ത് ഭംഗിയുള്ള സ്നേഹാല്ലേ പാത്തൂന്റെ', നീതു ശരിവെച്ചു.
അങ്ങനെ ആ രാത്രിയിൽ ചുണ്ടുവിറ തീർത്ത് തിരിച്ചു പാലമരത്തിലേക്ക് എത്തിയപ്പോഴേക്കും പാത്തുവിന്റെ മുഖം കരഞ്ഞു വീർത്തിരിക്കുന്നുണ്ട്.
‘നിനക്ക് ജബ്ബാറിനെ കാണാതെ അത്ര സങ്കടമാണെങ്കില്, അവന്റെ വീടുവരെ ഒന്നു പോയിട്ടു വാ. അവനെ കണ്ടാ നിനക്ക് ലേശം ആശ്വാസമാവും', ജയ ആശ്വസിപ്പിച്ചു.
‘പക്ഷെ, അവരൊക്കെ ഇന്നെ കണ്ടാ പേടിക്കൂലേ?', പാത്തുവിന് സംശയമായി.
അന്ന് രാത്രി ചോരകുടിച്ച മൊബൈൽ കടക്കാരൻ അഷ്റഫിന്റെ ‘Apple Watch Series 5' എടുത്തു നോക്കിയിട്ട് നീതു, ‘‘ഇതില് ‘Hide' Press ചെയ്തിട്ട് അവിടെ പോയി ഇരുന്നാ മതി. നിന്നെ ആരും കാണില്ല, ഇനി ജബ്ബാറിന് നിന്നെ കാണിക്കണം എന്ന് തോന്നിയാൽ ഈ ‘Hide' ‘Disable' ആക്കിയാൽ മതി.’’
പാത്തുവിന്റെ കരഞ്ഞു കലങ്ങിയ കണ്ണിൽ പ്രേമവെളിച്ചം ഉദിച്ചു.
പാത്തു Apple Watch Hide ‘Enable' ആക്കി ജബ്ബാറിന്റെ വീട്ടിലെത്തി. അതാ ജബ്ബാർ ഭാര്യയോടൊപ്പം കിടപ്പറയിൽ. ജബ്ബാറിനെ കണ്ട് പാത്തൂന്റെ നെഞ്ചില് പുത്തൻ പള്ളിക്കലെ നേർച്ചേടെ അമിട്ട് പൊട്ടാൻ തുടങ്ങി. എങ്കിലും ജബ്ബാറിന്റെ ഭാര്യ മാറിയാൽ ജബ്ബാറിന്റെ അടുത്തിരിക്കാം എന്നു വിചാരിച്ച് അവളാ കിടപ്പറയിലെ മേശയിലിരിപ്പുറപ്പിച്ചു. ജബ്ബാറിന്റെ നെഞ്ചില് കിടക്കാനും അവന്റെ ചുണ്ടിലുമ്മ വെക്കാനും അവൾ കൊതിച്ചു. ജബ്ബാറിന്റെ ഭാര്യ ജബ്ബാറിനോട് കൊഞ്ചുന്നതുകണ്ട് പാത്തുവിന് ദേഷ്യം വരാൻ തുടങ്ങിയെങ്കിലും അടക്കി. അവർ തമ്മിൽ ഒരു റൊമാൻസും ഇല്ലാന്ന് ജബ്ബാർ പാത്തുവിനോട് യാസീൻ തൊട്ട് സത്യം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പാത്തു അതൊന്നും ഒട്ടും വിലവെച്ചില്ല. പാത്തു ജബ്ബാറിനെ തന്നെ നോക്കിയിരിക്കുമ്പോഴാണ് പാത്തുവിന്റെ നെഞ്ചിൽ പോത്ത് ഓടുന്ന പോലെ ഒരു സംഭവമുണ്ടായത്.
ജബ്ബാറ് ഭാര്യയെ പ്രേമത്തോടെ നോക്കി. അവളുടെ മാക്സി അഴിച്ചു മാറ്റി. ‘H & M' ന്റെ ഏറ്റവും പുതിയ ബ്രേസിയർ നോക്കി, ജബ്ബാറവളുടെ മുലയെ വാഴ്ത്തിക്കൊണ്ടേയിരുന്നു.
‘ഓൺലൈനിൽ ഓർഡർ ചെയ്തപ്പോ; ഇത്ര കറക്റ്റ് ഫിറ്റ് ആവൂംന്ന് തീരെ വിചാരിച്ചില്ല. നല്ല ഭംഗീണ്ട്'
ജബ്ബാറിന്റെ ഭാര്യ നാണത്തോടെ, ജബ്ബാറിന്റെ നെഞ്ചിലേക്ക് ഒറ്റമറിയലാണ്. ജബ്ബാറവളെ കൊതിയോടെ ഉമ്മ വെക്കാൻ തുടങ്ങി.
പാത്തു തളർന്നു പോകാതിരിക്കാൻ ചുമരിൽ ചാരിയിരുന്നു.
അവളുടെ നെഞ്ച് പിളർന്ന് ഒന്ന് കേരളവും മറ്റൊന്ന് കർണാടകയുമായി. ജബ്ബാറിന്റെ ഭാര്യയുടെ മുലകളറുത്ത് മാറ്റിയാലോ എന്നു തോന്നിപ്പോയി. വേണ്ട, അങ്ങനെ ചെയ്താൽ യാതൊരു പ്രസക്തിയുമില്ലാത്ത ഇവൾ ചരിത്രത്തിലെ കഥാപാത്രമായി തീരും. അങ്ങനെ വേണ്ട. ആ പാത്രം അപ്പോൾ തന്നെ പാത്തു വാങ്ങിവെച്ചു. ഇത് Wacoal നെ അട്ടിമറിക്കാനുള്ള ‘H &M'ന്റെ പുതിയ ‘മാർക്കറ്റിങ് ടെക്നിക്’ ആണെന്ന് അവളാശ്വസിക്കാൻ ശ്രമിച്ചു. പക്ഷെ, തീരെ ആശ്വാസം കിട്ടിയില്ല. എന്തായിരുന്നു തനിക്കൊരു കുറവെന്ന് പാത്തു പലമട്ടിലും ആലോചിച്ചു. ഓർത്തോർത്ത് കരഞ്ഞ് തളർന്നവൾ ഒരു വിധത്തിൽ പറന്ന് പാലമരത്തിനടുത്തെത്തി. ജയയെയും നീതുവിനെയും കണ്ടപാടേ, കെട്ടിപ്പിടിച്ച് വീണ്ടും കരയാൻ തുടങ്ങി.
നീതു അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട്, ഇടയ്ക്ക് ഡിപ്രഷന്റെ മരുന്നെടുത്ത് കൊടുത്തിട്ടവൾ പറഞ്ഞു, ‘ഈലോകം ഇങ്ങനെയാണ്. നമ്മൾ സ്നേഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നവരൊന്നും നമ്മളെ സ്നേഹിക്കുന്നുണ്ടാവില്ല. അങ്ങനെയൊരു സ്നേഹം...'
ഇത് പൂർത്തിയാക്കാൻ സമ്മതിക്കാതെ ജയ ഇടയിൽ ചാടിക്കയറി, ‘നീയൊന്ന് പോയേ, അവൾടെയൊരു ഫിലോസഫി. ഇങ്ങനെ സങ്കടപ്പെടാനൊന്നും ഇല്ല പാത്തൂ. ഇപ്പോ എന്റെ കാര്യം തന്നെ നോക്കിക്കേ. കോട്ടയത്തുള്ള ഏറ്റവും യോഗ്യനായവനെ തന്നെ നോക്കി വീട്ടുകാര് കല്യാണമുറപ്പിച്ചു. ഞാനവനെ സ്വപ്നം കാണാൻ തുടങ്ങി. ഒരുമിച്ച്, ഇവൻ തന്നെ എല്ലാമെന്നോർത്ത് എന്നും അവനു വേണ്ടി ഞാനെന്നെ തയാറാക്കിക്കൊണ്ടേയിരുന്നു'.
ജയ കയറിയ പോലെ നീതു ഇടയിൽ കയറി, ‘അയ്യേ'
ജയ ആ ‘അയ്യേ'യിൽ തളരാതെ ഒന്നു നെടുവീർപ്പിട്ട് തുടർന്നു; ‘‘പക്ഷെ, കല്യാണത്തലേന്ന് അവൻ കാമുകിയുമായി ഒളിച്ചോടി. ഇതറിഞ്ഞ് നെഞ്ചുപൊട്ടി ഞാൻ ചാവൂംന്ന് കരുതി. പക്ഷെ പൊട്ടിയില്ല. പിറ്റേദിവസം രണ്ടും കൽപ്പിച്ച് എറണാകുളത്തുള്ള അവന്റെ വീടിന്റെ അടുത്തുള്ള റെയിൽവേ ട്രാക്കിൽ ചാടി ചാവാൻ വേണ്ടി തിരുവല്ലയിൽ നിന്ന് ട്രെയിൻ കേറി. പക്ഷെ ഉറങ്ങിപ്പോയതുകൊണ്ട് എറണാകുളം എത്തിയത് അറിഞ്ഞില്ല. പിന്നെ ഇവിടെ കുറ്റിപ്പുറത്ത് എത്തിയപ്പോഴാ ഉറക്കമെണീറ്റത്. ഒന്നും നോക്കിയില്ല. ഒറ്റച്ചാട്ടം, ആ ചാട്ടത്തിൽ തന്നെ എന്റെ കാറ്റുപോയി''.
പാത്തു പെട്ടെന്ന് കരച്ചിൽ നിർത്തി, ‘അള്ളാ, ഇങ്ങളൊക്കെ ഇപ്പഴും കല്യാണത്തിൽ വിശ്വസിക്കണ് ണ്ടാ?’
‘അതെന്നാ?' ജയ ഞെട്ടി.
‘പണ്ടേതോ ഒരു തെണ്ടി ഇവിടെ കല്യാണം കഴിച്ചെന്ന് വെച്ച് നമ്മളെല്ലാരും അതിങ്ങനെ ആവർത്തിക്കേണ്ട കാര്യണ്ടാ?. ഈ മതം, ദൈവം, കല്യാണം ഒക്കെ ഒരു അന്ധവിശ്വാസാണ്’
നീതു ഡിപ്രഷന്റെ ഗുളിക പാത്തുവിന്റെ കയ്യിൽ നിന്ന് വാങ്ങി അവളുടെ വായിലിട്ട് ചവച്ചുകൊണ്ട് ചോദിച്ചു, ‘പിന്നേ, നീ ഇത്ര മോഡേൺ ആയിട്ടാണല്ലോ പർദ്ദ ഇട്ടു നടക്കുന്നത്; ഒന്നുപോടീ'
പെട്ടെന്ന് എവിടെ നിന്നോ കേറിയ ഉഷാറിൽ പാത്തു പറഞ്ഞു, ‘ഈ പർദ്ദണ്ടല്ലാ, എന്ത് മുത്താണെന്നറിയ്വോ? നമുക്കെന്ത് കുരുത്തക്കേട് വേണേലും ചെയ്യാ. ഒരു മനുഷ്യന്റെ കുട്ടിക്കും നമ്മളെ മനസ്സിലാവൂല്ല. പബ്ബ്, തിയേറ്ററ്, ബാർ അങ്ങനെ എവിടെ വേണങ്കിലും പൂവാ, വേറെ ഒരു കുപ്പായം വേണ്ട. അടീല് പോലും ഒന്നൂട്ടില്ലെങ്കിലും പ്രശ്നല്ലാ. ഈ പർദ്ദ തരുന്ന ഫ്രീഡം ഇല്ലേ, വേറെ ഒരു കുപ്പായത്തിനും ഇല്ല.’
ജയയും നീതുവും പർദ്ദ തൊട്ടുനോക്കിയിട്ട് അതിശയപ്പത്തിരി കഴിച്ച മാതിരി ഒന്നിച്ച് ‘ശരിയാണല്ലോ'എന്ന് പറഞ്ഞു.
ജയ നീതുവിനെ നോക്കി, ‘എന്റെ കാര്യം പോട്ടെ, ഇവൾടെ അവസ്ഥ കേട്ടാലുണ്ടല്ലോ? നമുക്ക് താങ്ങാൻ പറ്റത്തില്ല'
‘എന്താണ്ടായി?', പാത്തു ചോദിച്ചു.
ജയ സാരിയഴിച്ചിട്ട് നന്നായി കാറ്റുകൊണ്ട് പറയാൻ തുടങ്ങി.
‘അവള് വലിയ ഡയറക്ടർ ആവാൻ വേണ്ടി ഈ പുന്നയൂർക്കുളത്ത് നിന്ന് കൊച്ചി വരെ പോയി; ഒരു ‘പ്രൊഡ്യൂസറിന്റെ' അടുത്ത് ചെന്ന് അവളെടുക്കുന്ന സിനിമക്ക് ഓസ്‌കാറവാർഡും നാഷണൽ അവാർഡും കിട്ടുംന്നൊക്കെ പറഞ്ഞ് അവളൊരു സിനിമങ്ങോട്ട് എടുത്ത്. പ്രൊഡ്യൂസർക്കാണെങ്കില് ഇവളെന്ന് പറഞ്ഞാ ജീവനാ. ഇവള് സിനിമാന്നല്ല സിനിമാക്കൊട്ടാരം വേണംന്ന് പറഞ്ഞാലും അവൻ വാങ്ങിക്കൊടുക്കും. അത്രക്ക് പ്രാന്തൻ. അങ്ങനെ അവന്റെ വീടും പറമ്പും ഒക്കെ പണയം വെച്ച് ഇവൾക്ക് സിനിമ എടുക്കാൻ പൈസ കൊടുത്ത്. ഇവളെ സിനിമക്ക് ഓസ്‌ക്കാറ് പോയിട്ട് ഒരു ഓലമടല് പോലും കിട്ടിയില്ലാന്ന് മാത്രല്ല; അതൊരു ലോക ട്രാജഡിയായി. പൈസ മുഴുവൻ പോയി പ്രൊഡ്യൂസറ് കടം കേറി ഒരു വിധായി. അതിന്റെ സങ്കടം കൊണ്ട് ഇവളെ ഫ്രണ്ട് അർച്ചനേടെ ഡിപ്രഷന്റെ ഗുളിക ഒരു ലോഡ് എടുത്ത് കഴിച്ചു. ബ്ലഡ് ക്ലോട്ടായി ഒരീസം ഇവളിവിടെ കിടക്കണ് ഈ അമ്പലപ്പറമ്പില്, പാവം.
ആ സിനിമ കണ്ട് ആളുകൾ ഡിപ്രഷനടിച്ച് ഗുളിക തിന്നേണ്ടിവന്നില്ലല്ലോ? എന്ന് പാത്തു ഓർത്തു. ഈ സമയത്ത് അങ്ങനെ ഓർക്കുകയല്ല കരുണയോടെ, സ്നേഹത്തോടെ ചേർത്ത് പിടിക്കുകയാണ് വേണ്ടതെന്ന് അവളിലെ വിവേകം ശാസിച്ചു. അങ്ങനെ അവൾ നീതുവിനെ കെട്ടിപ്പിടിച്ചു. മാതാ അമൃതാനന്ദമയി പോലും തോറ്റുപോകുന്ന രീതിയിൽ ഒറ്റപ്പിടുത്തം. ആ പിടുത്തത്തിൽ നീതു ഒന്നു ഞെട്ടി. സന്തോഷിച്ചു. ജയയും മൂന്നാമത്തെ കെട്ടിപ്പിടുത്തമായി ചേർന്നു.
‘നമ്മളങ്ങനേം ഇങ്ങനേം ഒന്നും തളരരുത്. നല്ല മിടുക്കികളും സുന്ദരികളുമായിട്ടങ്ങനെ നടക്കണം. നമുക്കൊക്കെ ആകെ ഒരൊറ്റ മരണല്ലേ ഉള്ളൂ. അത് നമ്മളിങ്ങനെ പൂത്തുലഞ്ഞ് അനുഭവിക്കണം', ജയ പറഞ്ഞു.
ഈയൊരൊറ്റ പ്രത്യയശാസ്ത്രത്തിൻമേൽ പിടിച്ചാണ് പാത്തു തന്റെ പ്രണയ നായകനെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയത്. അതൊടുവിൽ ‘ഖലീലിൽ' ചെന്നു മുട്ടി.
പുലർച്ചെയായപ്പോഴാണ് ആരോ ഇരുന്ന് ‘ബദർപ്പാട്ട്' പാടുന്നതുകേട്ട് പാത്തു ഉണരുന്നത്. പാത്തു നോക്കുമ്പോ നല്ല ഒന്നാന്തരം കാരോലപ്പം പോലെ ഒട്ടാറ് കരുത്തുള്ള ഒരു പഹയൻ. അവന്റെ പാട്ടുകേട്ട് പെരുന്നാരാവില് എല്ലാ പെണ്ണുങ്ങളും കൂടി വടക്കേപ്പുറത്തിരുന്ന് കളിക്കുന്ന ഒപ്പന ഓർമ വന്നു. പെട്ടെന്ന് തന്നെ പാത്തു മണവാട്ടിയായി; അവന്റെ അടുത്തെത്തി. അവനെ നാണത്തോടെ നോക്കി. രണ്ടു കവിളുകളും ചുവന്നു തുടുത്തു. പ്രേമത്തോടെ അവന്റെ അടുത്തിരുന്നു.
സുബ്ഹീടെ നേരത്ത് ഒരു പെണ്ണിനെ കണ്ട് അതിശയത്തോടെ ഖലീൽ നോക്കി.
‘ആരാ?'
‘ഇങ്ങളാരാ?' പാത്തു തിരിച്ചു ചോദിച്ചു.
‘എന്താ ഇവിടെ', ഖലീലിന് സംശയമായി.
‘ഇങ്ങളെ കാണാൻ, അല്ലാണ്ടെന്തിനാ?' പാത്തു നാണത്തോടെ പറഞ്ഞു.
ഖലീലിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത്രയും സുന്ദരിയായ ഒരു പെണ്ണ് എന്നെ കാണായി ഇവിടെ കാത്തിരിക്കുകയോ? ഖലീലിന് സ്വയം ഒരു മതിപ്പൊക്കെ തോന്നി.
അങ്ങനെ അവർ മുഹബ്ബത്തിന്റെ സർബത്ത് കുടിക്കാനായി ഇടക്കിടക്ക് കണ്ടുതുടങ്ങി. കണ്ണിമവെട്ടാതെ കൊഴി ബിരിയാണി കാണുന്നതിനേക്കാൾ കൊതിയിൽ പരസ്പരം നോക്കാൻ തുടങ്ങി.
പുതിയ പ്രേമവും ജീവിതവും പാത്തു ജയയോടും നീതുവിനോടും വല്ലാത്ത പോരിശയോടെ ഇടക്കിടക്ക് പറഞ്ഞു. പാത്തുവിനെ പോലെ പ്രേമിക്കാനുള്ള കഴിവ് ഞങ്ങൾക്കും കൂടി കിട്ടിയിരുന്നെങ്കിലെന്നവർ ദിവാസ്വപ്നം വരെ കാണാൻ തുടങ്ങി.
‘ഖലീലിനെ ഞാൻ ഖലീൽ ജിബ്രാനെന്ന് വിളിക്കട്ടെ', ഒരു ദിവസം പാത്തു ഖലീലിനോട് ചോദിച്ചു.
‘ജിബ്രാനെന്നോ? ജിബ് രീലെന്നോ? എന്ത് വേണേലും വിളിച്ചോ. മുത്ത് ന്റെ ജീവനാണ്, ശ്വാസാണ്'
‘ന്നാ ഞാൻ ശ്വാസം മുട്ടിച്ച് കൊല്ലട്ടേ?'
‘എന്താ ഇങ്ങനൊക്കെ പറേണത്?'
തമാശ പറഞ്ഞതല്ലേന്ന് പറഞ്ഞ് മെല്ലെ അവന്റെ കഴുത്തിൽ ഉമ്മ വെച്ചു. ആ സമയം ചോര കുടിക്കുന്ന നീളൻ പല്ലുകൾ ഊരിയെടുത്ത് പർദ്ദക്കുള്ളിൽ തിരുകാൻ പാത്തു മറന്നില്ല.
ഇങ്ങനെ പ്രേമം പൂത്തുതുടങ്ങിയതിനിടയിലാണ് സമയം വില്ലനായവതരിച്ചത്.
രാത്രി പന്ത്രണ്ട് മണിക്കുശേഷം പുറത്തിറങ്ങുന്നത് ഖലീലിന് ലേശം ബുദ്ധിമുട്ടാണ്. ഇറങ്ങിക്കഴിഞ്ഞാ അപ്പോ തന്നെ ബീവി റംലത്ത് വിളിച്ചുകൊണ്ടേയിരിക്കും. ഖലീലിന്റെ തോളിൽ തലചായ്ച്ച് ഒന്നാണെന്ന തോന്നലിൽ പുളകം കൊണ്ടിരിക്കുമ്പോഴായിരിക്കും റംലത്തിന്റെ വിളി, ‘ഇക്ക എപ്പഴാ വെരാ?' റംലത്തിന്റെ കൊഞ്ചിച്ചുള്ള ചോദ്യം കേട്ടാ പാത്തൂന് സങ്കടോം ദേഷ്യോമൊക്കെ വരും. ഇതും പറഞ്ഞ് പാത്തു ഇടക്കിടക്ക് ഖലീലുമായി ഇടിയായി തുടങ്ങി.
ഖലീലിനാണെങ്കിൽ റംലത്തിനെ ഒരു കാര്യോല്ലാണ്ട് പേടിയാണ്. റംലത്ത് വിളിച്ചാ അപ്പോ തന്നെ മാറിനിന്ന് വർത്താനം പറഞ്ഞു കൊണ്ടേയിരിക്കും. ഈ ലോകത്ത് ഞാനെന്നും ഒറ്റക്കാണെന്നും പാത്തൂന് കൂട്ടിന് ഇതുവരെ ഒരു വാരിയെല്ലും ഉണ്ടായിട്ടില്ലെന്ന ഗതികേടോർത്ത് നെഞ്ച് പൊളിയുന്ന പോലെ തോന്നും.
ഖലീൽ തിരിച്ചുവന്ന് വീണ്ടും കെട്ടിപ്പിടിക്കുമ്പോൾ ഖലീലിന്റെ വാരിയെല്ല് എന്നിലുണ്ടെന്നുറപ്പിൽ അവന്റെ നെഞ്ചിലമർന്ന് കിടക്കും.
ജയയോടും നീതുവിനോടും ചെന്ന് റംലത്തിനെ പറ്റി ഒരാവശ്യമില്ലാതെ പാത്തു കുറ്റം പറയാൻ തുടങ്ങി, ‘ഫുൾ സമയം വീട്ടിൽ അവരെ കൂടെ തന്നെ അല്ലേ? പിന്നെന്തിനാ ഇങ്ങനെ വിളിച്ചോണ്ടിരിക്കണത്?'
‘‘നീയെന്തിനാ എപ്പോഴും പോയി ‘Extra Marital' നോക്കുന്നത്. അതുകൊണ്ടല്ലേ?’’, ജയ ചോദിച്ചു.
‘‘അതിപ്പോ നമുക്ക് പ്രേമം വരുമ്പോ, ഇവര് മാരീഡ് ആണോ അൺമാരീഡ് ആണോന്നൊക്കെ നോക്കാൻ പറ്റ്വോ? അല്ലെങ്കി തന്നെ നമ്മളല്ലേ ‘main'?’’
അതിപ്പെങ്ങന് ‘Extra' ആവണത്?' പാത്തുവിന് ദേഷ്യം വന്നു.
‘ഓ, അതൊന്നും പറേണ്ട. ഈ സിനിമാക്കാരിട്ട പേരാ, ഇങ്ങനെ. Extra Artist എന്നൊക്കെ പറേണത് പോലെ', അമ്മ, ഫെഫ്ക, ഡബ്ല്യു. സി.സി. തുടങ്ങി സകല സിനിമാ സംഘടനകളേയും ശപിച്ചുകൊണ്ട്, നീതുവിനുള്ളിലെ സിനിമാ വിരോധി ഉണർന്നു.
‘‘അവർക്ക് ഭാര്യമാരുള്ളതിന് നമ്മളെന്തിന് ‘സഫർ' ചെയ്യണം?'’, പാത്തുവിന് നിയന്ത്രണം വിടാൻ തുടങ്ങി.
‘‘അവർക്ക് കാമുകിമാരുള്ളതിന് ഭാര്യമാരെന്തിന് ‘സഫർ' ചെയ്യണം?’’, ജയ തിരിച്ചും ചോദിച്ചു.
‘ഓ, ഇങ്ങളവരെ സൈഡാണല്ലേ?', പാത്തു നിരാശപ്പെട്ടു.
‘‘ഞാനാരേം സൈഡല്ല; നിന്റെ മാത്രം ‘സൈഡ്' ആണ്. നിനക്ക് സന്തോഷണ്ടാവുന്ന ഒരു പ്രേമം ഉണ്ടാവണംന്ന് മാത്രേള്ളൂ. അതിന് ‘Extra' എങ്കിൽ ‘Extra'’’.
ഇങ്ങനെയൊക്കെയാണെങ്കിലും ഖലീലിന്റെ പ്രശ്നം മനസിലാക്കണം എന്നൊക്കെ വിചാരിച്ച് പലപ്പോഴും പാത്തു, പാത്തുവിന്റെ സങ്കടം ഖലീലിനോട് പറയാതിരുന്നു. എന്നാലവളുടെ ഉള്ളിൽ റംലത്തിനെ പറ്റിയുള്ള ശെയ്ത്താന്റെ വല വലുതായിക്കൊണ്ടിരുന്നു. ഇടക്കിടക്ക് പാത്തു റംലത്തിന്റെ ഇൻസ്റ്റഗ്രാമിൽ പോയി അവരെ ‘Stalk' ചെയ്യാൻ തുടങ്ങി. അവരൊരുമിച്ചുള്ള ഫോട്ടോസ് നോക്കി അസ്വസ്ഥയായി. പാത്തുവിന്റെ ‘പോസിറ്റിവിറ്റി', ‘നെഗറ്റിവിറ്റി' ആവുന്നുണ്ട് എന്ന് നീതു ഒരു പുലർച്ചെ മൂന്ന് മുപ്പത് ആയപ്പോൾ വന്നു പാത്തുവിനോട് പറഞ്ഞു.
പാത്തു അതിനെപ്പറ്റി ആത്മാവിന്റെ അടിത്തട്ടിൽ ചെന്ന് ശരിക്കും ഒന്നാലോചിച്ചു. ഇതെല്ലാം മാറ്റി ‘പോസിറ്റീവ്' ബാറ്ററി ഇടണമെന്നും നെയ്യത്തുറപ്പിച്ചു. ‘പോസിറ്റിവിറ്റി', ‘നെഗറ്റിവിറ്റി' ഒക്കെ ഒരു ‘റിലേറ്റിവിറ്റി' ആണെന്നൊക്കെ ഐൻസ്റ്റീനെ മനസിൽ ധ്യാനിച്ച് അനുനയം വരുത്തി.
അന്ന് രാത്രിയിൽ പാത്തു, മാറ്റിയിട്ട ബാറ്ററിയുടെ വീര്യത്തിൽ ഖലീലിനോട് പറഞ്ഞു, ‘നല്ല നിലാവുള്ള രാത്രീല്, ഇക്കൊരീസം ഖലീലിനൊപ്പം കൊറേ നേരം കെട്ടിപ്പിടിച്ച് വർത്താനം പറഞ്ഞ് ഒന്നായിത്തീരണം.’
‘അയിനെന്താ ഖൽബ്ബേ, ഇയെന്ത് പറഞ്ഞാലും ഞാൻ ചെയൂലേ?', പാത്തുവിന്റെ മുടികൾ തലോടിക്കൊണ്ട് ഖലീൽ തുടർന്നു; ‘ഈ വരുന്ന മുഹറം പത്തിന് നമ്മളീ പൊന്നാനി കടൽത്തീരത്ത് ഒരുമിച്ച് കെട്ടിപ്പിടിച്ച് ഒന്നായിത്തീരുന്ന നിമിഷം ഉണ്ടാവും. അന്നു രാത്രി ഞാനും പാത്തുവും ഒന്നാവും.’
പെരുന്നാളിന് കത്തിക്കണ തലച്ചക്രം പോലെ തിളങ്ങി പാത്തു.
‘‘ഞാനെന്തെങ്കിലും ലോഞ്ചറി കടം തരണോ? എന്റേല് ഇതുവരെ ഉപയോഗിക്കാത്ത ‘വിക്ടോറിയ സീക്രട്ടിന്റെ' ഒരു ഡ്രസ് ഉണ്ട്’’, ആദ്യ രാത്രിക്കായി പാത്തുവിനെ ഒരുക്കാൻ നീതു തിടുക്കം കൊണ്ടു.
‘സെറ്റ് സാരിയായാലോ?' പൊതുവിലുള്ള ഇഷ്ടം കണക്കുകൂട്ടി ജയ ഇടപെട്ടു.
‘പടച്ചോനെ സെറ്റ് സാരിയോ?' പാത്തു ചിരിച്ചു.
‘പടച്ചോനെന്നോ?'' നീതു ഞെട്ടി. മതോം ദൈവോം കല്യാണം ഒന്നൂല്ലാന്ന് നീയല്ലേ പറഞ്ഞത്, എന്നിട്ടിപ്പോ?
‘അയിന്, ഇതൊരു ശീലായിപ്പോയില്ലേ? പെട്ടെന്ന് നമുക്ക് പിണറായി വിജയാന്ന് വിളിക്കാൻ പറ്റ്വോ?' പാത്തു തിരിച്ചുചോദിച്ചു.
അങ്ങനെ ആ വിഷയത്തിന് പെട്ടെന്നൊരു ഫുൾസ്റ്റോപ്പ് ഇട്ടിട്ടു സുന്ദരിയായി, വശീകരണ വസ്ത്രധാരിയായി പോകാൻ തന്നെ പാത്തു തീരുമാനിച്ചു.
മുഹറം പത്തിന് സാധാരണ പഴംപൊരിച്ചും കുമ്പളത്തപ്പം ഉണ്ടാക്കിയും അപ്പുറത്തെ ഖദീജത്താടെ വീട്ടിൽ കൊണ്ടുപോയി കൊടുക്കുന്ന ഒരു ദിവസം എന്നതിനപ്പുറം വിക്ടോറിയ സീക്രട്ടിനും കൂടി ഒരു പ്രസക്തിയുണ്ടെന്ന് പാത്തുവിന് ഒരു അതിശയമായി തോന്നി.
രാത്രിയായപ്പോഴേക്കും പാത്തു ഒരുങ്ങി. ‘ബോബി ബ്രൗണിന്റെ' പുതിയ ‘റെഡ് ഷേഡ്' ലിപ്സ്റ്റിക് ഇട്ട്, ചീക്സ് ഹൈലൈറ്റ് ചെയ്ത് പാത്തു മേല് നല്ല ‘Miss. Dior' പെർഫ്യൂം പൂശി ഇങ്ങനെ നിറഞ്ഞുനിന്നു.
ഒരു ലെസ്ബിയൻ ആവാൻ കഴിയാത്തതിൽ ജീവിതത്തിലാദ്യമായി നിതുവിന് കുറ്റബോധം വന്നു.
പാത്തു കടൽത്തീരത്തൂടെ ഖലീലിന്റെ വരവും കാത്ത് അക്ഷമയോടെ നടന്നു. ഇടക്കിടക്ക് മേല് ‘ക്രീം' തേച്ച് മണം പുതുക്കി.
ഇരുട്ടിലൂടെ നടന്ന പാത്തുവിന് ഖലീൽ കുതിരപ്പുറത്തു വരുന്ന പോലെ തോന്നി. വളരെ പ്രേമത്തോടെ ഖലീലിനെ കൈമാടി വിളിച്ചു. സന്തോഷത്തോടെ വരുന്ന ഖലീലിന്റെ മുഖം അടുത്തെത്തിയപ്പോ ഒരു തെളിച്ചമില്ലായ്മ.
‘എന്താ പറ്റിയത്?', പാത്തു ചോദിച്ചു.
ഈ സമയം ഖലീലിന്റെ ഫോൺ ബെല്ലടിച്ചു.
‘മുത്തേ ഞാനൊരു രണ്ടു മണിക്കൂറിനുള്ളിൽ എത്തും. ഇയ്യൊന്ന് അടങ്ങിയിരിക്ക്',
ഫോൺ വെച്ചിട്ട് ഖലീൽ പ്രണയത്തോടെ പാത്തുവിനെ നോക്കി.
‘ഇങ്ങനെ സമയം വെച്ചൊന്നും ഇന്റെ അടുത്തേക്ക് വരണ്ട. റംലത്തെന്തിനാ ഇങ്ങനെ വിളിച്ചോണ്ടിരിക്കണത്? ഇങ്ങനെ നിയന്ത്രിക്കാൻ വേറെ ഒരാളുണ്ട് എന്നുള്ളത് ഇക്ക് കൊയപ്പാണ്. ഇതെന്താ അവരെ കരുണേണോ നമ്മളെ ജീവിതം?'
പാത്തുവിലെ വിപ്ലവകാരി അവളുടെ പോലും അനുവാദം ചോദിക്കാതെ പുറത്തുചാടി.
‘പാത്തുമുത്തേ, ഇങ്ങനൊന്നും പറയല്ലേ, അവർക്ക് ഞാനല്ലേ ഉള്ളൂ? അവരെ ഞാൻ നോക്കണ്ടേ? '
ഖലീൽ പാത്തുവിന്റെ അരിശം തീർക്കാനായി സൗമ്യനായി.
ഈ പതിഞ്ഞ വർത്തമാനത്തിൽ എല്ലാമലിയിച്ച് ആ നെഞ്ചിലേക്ക് ചായാൻ തുടങ്ങുമ്പോഴാണ് ഖലീലിന്റെ ഫോൺ പിന്നേം റിങ് ചെയ്യാൻ തുടങ്ങിയത്. ‘ഖൽബേ ഇക്ക വരും. കൊറച്ചുനേരം അടങ്ങിരിക്ക്'
ഇയാൾക്കെങ്ങനെ രണ്ടാളേം മുത്തേന്നും ഖൽബേന്നും വിളിക്കാൻ കഴിയുന്നത്. ഇതാലോചിച്ച് പൊന്നാനിക്കടലിൽ നിന്ന് സങ്കടവും ദേഷ്യവും ഒന്നിച്ച് പാത്തുവിലേക്ക് തിരയടിച്ചു.
കുറച്ചുനേരം പാത്തു കണ്ണടച്ചുനിന്നു. കരയരുതെന്ന് തന്നോടുതന്നെ പറഞ്ഞിട്ട് പാത്തു തിരിഞ്ഞുനടന്നു. പാത്തൂ, പാത്തൂ എന്ന് ഖലീൽ വിളിച്ചിട്ടും കേൾക്കാൻ നിൽക്കാതെ പാത്തു ഓടി. സ്പീഡിൽ ഓടിയാൽ കുറച്ചുകഴിഞ്ഞ് ഫ്ലൈറ്റ് പൊങ്ങുംപോലെ പറന്നുപൊങ്ങുമെന്ന് അറിയാവുന്നത് കൊണ്ട് അത്ര വേഗത്തിലല്ല ഓടിയത്. അങ്ങനെ താൻ പറക്കുന്നത് കണ്ട് ഖലീൽ പേടിക്കരുതെന്ന് ആ സമയത്തും അവളുടെ ഉള്ളിലെ സർവംസഹയായ കാമുകി ആഗ്രഹിച്ചുപോയി.
റൗണ്ട്സിലായിരുന്ന ജയയും നീതുവും പാത്തുവിന്റെ പറന്നുവരവ് കണ്ട് ഓടിച്ചെന്നു. അവരെ കണ്ടതും പാത്തു കരയാൻ തുടങ്ങി.
‘നിനക്കെന്നും കരയാനാണല്ലോ മോളെ യോഗം', നീതു സങ്കടപ്പെട്ടു.
‘ഈ നാട്ടിലൊന്നും നമുക്ക് സ്നേഹിക്കാൻ പറ്റിയ ഒരു നായിന്റെ മക്കളും ഇല്ലേ?', കരച്ചിലിനിടയിലൂടെ പാത്തു ചോദിച്ചു.
‘എന്തുണ്ടായീന്ന് പറ, ഇങ്ങനെ കരയല്ലേ', നീതുവിന് സങ്കടമായി.
‘അവള് കരയട്ടെ, കരഞ്ഞ് തീർക്കട്ടെ', ജയ പറഞ്ഞു.
‘ഈ ദുനിയാവില് ന്റെ സ്നേഹം മനസ്സിലാക്കാൻ പറ്റണ ഒറ്റ ആണുങ്ങളും ഇണ്ടായില്ലല്ലോ, റബ്ബേ? ഇക്ക് മതിയായി. നമ്മളൊന്നും രക്ഷപ്പെടാൻ പോണില്ല. നമുക്കൊരുത്തനേം കിട്ടാൻ പോണില്ല. ഒരു ഹലാക്കിലെ പ്രേമം', പാത്തു പിന്നേം പിന്നേം കരച്ചിലായി.
‘‘നീ ഇന്ത്യ വിടണം; ഇന്ത്യയിലൊരിക്കലും നീ ആഗ്രഹിക്കുന്നപോലെ ഒരാളെ കിട്ടാൻ പോണില്ല’’, തന്നെ ആരെങ്കിലും രാജ്യദ്രോഹിയായി മുദ്രകുത്തിയാലും സാരമില്ല എന്ന ധൈര്യത്തിൽ നീതു പറഞ്ഞു.
‘വല്ല യൂറോപ്പിലും പോയാൽ ഷേക്‌സ്പിയറോ വില്യം വേർഡ്‌സ് വർത്തോ അങ്ങനെ ആരെങ്കിലുമൊക്കെ ഉണ്ടാകും. നിനക്ക് നല്ലൊരാളെ കിട്ടും എനിക്കുറപ്പാണ്', ജയ സമാധാനിപ്പിച്ചു.
പാത്തുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവർ രണ്ടുപേരും തേങ്ങാൻ കൂടി. അങ്ങനെ തേങ്ങിത്തേങ്ങി അവർ ഉറങ്ങി.
പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന നീതുവാണ് ആദ്യം ആ കത്ത് കണ്ടത്.
അവൾ ജയയെ തട്ടിയുണർത്തി. അവരൊന്നിച്ച് പാത്തുവിന്റെ കത്ത് വായിച്ചു:
പ്രിയപ്പെട്ട ജയക്കും നീതുവിനും, ഞാൻ ഒന്നുകൂടി തൂങ്ങുന്നു. ഷംഗൺ വിസ കിട്ടണമെങ്കിൽ ഒന്നുകൂടി തൂങ്ങണമത്രെ. രാജ്യങ്ങളുടെ ഓരോരോ നിയമങ്ങളേ. വേർഡ്സ് വർത്തും ഷേക്സ്പിയറും എന്റെ ടേസ്റ്റല്ല. നെരൂദയെയാണ് ഞാൻ ട്രൈ ചെയ്യുന്നത്. മൂപ്പര് നമ്മുടെ സച്ചിദാനന്ദനെ പോലെയാണ്. എന്തുകണ്ടാലും അപ്പോ തന്നെ കവിതയാക്കും. നെരൂദയെ കണ്ടാൽ ആദ്യം ഞാൻ നിങ്ങളെ കാര്യം പറയും. കിടക്കട്ടെ നിങ്ങളെ പേരിലും ഒരു സ്തുതിഗീതം. ‘Insta അള്ളാ!' നമ്മൾ ഇനിയും കാണും. -സ്വന്തം പാത്തു. ▮