“പ്രേതപ്പറമ്പീ താമസിക്കാൻ ആളു വന്നല്ലോ ചാണ്ടിച്ചാ”
നൂൽ പുട്ടും മുട്ടക്കറിയും കുഴച്ച് അകത്താക്കിയ ശേഷം ബാക്കി വന്ന ചാറിലേക്ക് മുട്ടയുടെ മഞ്ഞ ഉടച്ചു ചേർക്കുന്നത് നിർത്തി ചാണ്ടിച്ചൻ ചോദിച്ചു.
“ങേ നേരാന്നോ കള്ളമ്പൈലീ?” പിന്നെ കുറച്ച് ചിന്തിച്ച് കയ്യൊന്ന് നക്കി പറഞ്ഞു.
“എന്നാ വല്ല വരത്തനുമാരിക്കും”
കള്ളമ്പൈലീയെന്ന് വിളിച്ചപ്പോൾ കള്ളൻ എന്ന ഭാഗം കടുപ്പിക്കാതെയാണ് ഈ വട്ടവും ചാണ്ടിച്ചൻ വിളിച്ചത്. പണ്ട് ഗൾഫിൽ നിന്നും വരുന്ന പ്രവാസികളിൽ നിന്ന് റിയാലും ദിനാറും വാങ്ങി അത് രൂപയിലേക്ക് മാറ്റി കൊടുക്കലായിരുന്നു പൈലിയുടെ പണി. ഒരു ക്രിസ്മസ് കാലത്ത് കിണറ്റിൽ കെട്ടി താഴ്ത്തിയ ഒരു ഡസനോളം മദ്യക്കുപ്പികൾ പോലീസ് പൊക്കിയപ്പോഴാണ് പൈലിക്ക് കള്ളമ്പൈലീന്നുള്ള പേരു കിട്ടിയത്. സ്റ്റേഷനിൽ നിന്നറങ്ങിയതിൽ പിന്നെ തന്റെ ഉഡായിപ് പരിപാടികൾ ഉപേക്ഷിച്ച് മാന്യമായ രീതിയിൽ ജീവിക്കാൻ ശ്രമിച്ചെങ്കിലും കള്ളമ്പൈലിയെന്നുള്ള വിളി മാത്രം ബാക്കിയായി. പള്ളിക്കുന്നിലെ ഏക പേപ്പർ ഏജൻസി കള്ളമ്പൈലിയുടേതാണ്. ആകെ അഞ്ചോ പത്തോ വീട്ടിലും ചായക്കടയിലും പള്ളിയിലും തുടങ്ങി ഏകദേശം ഒരു പത്തിരുപത് കോപ്പി മാത്രമേ പള്ളിക്കുന്നിൽ വിൽപ്പനയുള്ളൂ.
“അച്ചനറിഞ്ഞോടാ?” വെടിവക്കച്ചനാണ്. കയ്യിൽ ഒരു കട്ടനുണ്ട്.
“അച്ചനറിഞ്ഞാ ഇതു വല്ലോം നടക്കുവോ? ഇതു മിക്കവാറും ആ മറിയേടെ ഏർപ്പാടാരിക്കും”
ചായക്കടേല് പാല് കൊടുത്ത് കുപ്പിക്ക് വേണ്ടി കാത്ത് നിന്ന വെകിളി വർഗീസിനു വിശ്വസിക്കാൻ വയ്യ.
“ആള് ബാക്കി വല്ലോം ഉണ്ടോ എന്തോ?”
അച്ചനറിഞ്ഞാ ഇതൊന്നും നടക്കത്തില്ല എന്ന് പറഞ്ഞതിൽ സത്യമുണ്ടായിരുന്നു. സഭക്ക് കളങ്കം വരുത്തിയ ഒരു കേസ് ആ പ്രേതപ്പറമ്പിലെ വീട്ടിലാണ് പിറന്നത്. അതിനെപ്പറ്റി പറയുമ്പോ ഇന്നും കപ്യാർക്ക് ഉൾക്കിടിലമാണ്. വർഷങ്ങൾക്ക് മുൻപാണ് സംഭവം. ലൂക്കോ അച്ചൻ, പ്രേതബാധയൊഴിപ്പിക്കൽ, പ്രേതങ്ങളുമായി ആശയവിനിമയം നടത്തൽ എന്നിവയിലെല്ലാം പരിശീലനം ലഭിച്ച ഒരാളാണ്. പ്രേതപ്പറമ്പീ താമസിക്കാൻ വന്ന കുടുംബത്തിലെ പതിനാറുകാരിയുടെ ശരീരത്തിൽ ബാധ കേറി. മരുന്നും ഡോക്ടറും ഫലിക്കാതെ വന്നതോടെ ബാധയൊഴിപ്പിക്കാൻ അച്ചൻ വന്നു. പക്ഷെ ബാധയൊഴിപ്പിക്കുന്ന നടപടിക്രമങ്ങൾക്കിടെ കുട്ടി മരിച്ചു പോയി. വീട്ടുകാർക്കൊന്നും പരാതിയില്ലായിരുന്നു.
എന്നാൽ വിദേശത്തു നിന്ന് വന്ന നാസ്തികനായ ഏതോ ഒരു ബന്ധു കാര്യമറിഞ്ഞ് അടിവാരത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഗതി അധികാര കേന്ദ്രങ്ങൾ ഇടപെട്ട് തേച്ചു മായ്ച്ചു കളഞ്ഞെങ്കിലും പെൺകുട്ടിയുടെ മരണം ക്രിസ്തീയ സമൂഹത്തിനു തീർത്താ തീരാത്ത കളങ്കമായിപ്പോയെന്ന് മറ്റിടവകക്കാർ അടിച്ചിറക്കി. അതിനു ശേഷമായിരുന്നു പ്രേതബാധ ഒഴിപ്പിക്കാൻ പോകുമ്പോൾ രഹസ്യമായിട്ടാണെങ്കിലും കാര്യങ്ങൾ ഡോക്യുമെൻറ് ചെയ്യണമെന്ന വ്യവസ്ഥ പള്ളികളിൽ നിലവിൽ വന്നത്.
അന്ന് അച്ചന്റെ മുഖം രക്ഷിച്ചെടുക്കാൻ പള്ളിക്കുന്നിലെ മുഴുവൻ ക്രൈസ്തവരും വീട് വിട്ടിറങ്ങി. അല്ല പള്ളിക്കുന്നിൽ ക്രൈസ്തവരല്ലാത്തവർ ഇന്നാരുമില്ല. മതം മാറാൻ കൂട്ടാക്കാതിരുന്ന മൂന്നോ നാലോ ദലിതരെ അച്ചൻ നേരിട്ട് പോയിക്കണ്ട് മനസ് മാറ്റി മതം മാറ്റിയിരുന്നു. അന്നത്തെ നാട്ടുകാരുടെ പ്രതിഷേധത്തിനു ഫലമുണ്ടായി. ലൂക്കോ അച്ചനെ തിരിച്ച് പള്ളിക്കുന്നിലേക്കു തന്നെ എന്നെന്നേക്കുമായി നിയമിച്ചു. പല നാടുകളിൽ നിന്നും വന്നു ചേർന്നവരാണ് പള്ളിക്കുന്നിലെ നാട്ടുകാർ. അതിന്റെയൊരു സംസ്കാര ബാഹുല്യം അവിടങ്ങളിലും കാണാൻ സാധിക്കുമായിരുന്നു. പള്ളിയെ കേന്ദ്രീകരിച്ചാണ് ആ നാട് നിലനിൽക്കുന്നത്.
ഞായറാഴ്ച കുർബാനക്ക് പോകാത്തവർ കുറവ്. ചായക്കടയും സ്റ്റേഷനറിയും ഒക്കെയായി ഒരു ചെറിയ കവല കൂടി പള്ളിക്കുന്നിനു സ്വന്തമായിട്ടുണ്ട്. മറ്റ് കാര്യങ്ങൾക്ക് പള്ളിക്കുന്ന് പ്രധാനമായും ആശ്രയിക്കുന്നത് കുന്നും പുറത്തിനു താഴെ സ്ഥിതിചെയുന്ന അടിവാരം എന്ന ചെറുപട്ടണത്തെയാണ്.
“വാടാ നമുക്കൊന്ന് പോയി നോക്കിയേച്ചും വരാം”
“അല്ലാ നീയിതെങ്ങനാ ന്യൂസ് പിടിച്ചത്?”
“ഇന്നലെ കള്ളായീന്ന് മോളേം കാണാൻ പോയി അടിവാരത്തെത്തിയപ്പോ ലാസ്റ്റ് ബസ് പോയി. പിന്നെ അവിടുള്ള ഒരുത്തനെ കണ്ട് രണ്ടെണ്ണം വിട്ട് ലോറീം പിടിച്ച് ഇവിടെ എത്തിയപ്പോ രാത്രി പന്ത്രണ്ടര. വീട്ടിലേക്ക് പ്രേതപ്പറമ്പിന്റെ വലതു വശത്തൂടെയൊരു എളുപ്പ വഴിയുണ്ടല്ലോ. ആ വഴിയേക്കേറിയതാ. അന്നേരവാ എവിടന്നങ്ങാണ്ട് ഒരു മിന്നല് ആകാശത്ത്. മഴയൊന്നും ഇല്ലാരുന്നേ. അന്നേരവാ ഞാൻ കണ്ടത്. ഒരു ആറ് ആറര അടിയൊള്ള ശവപ്പെട്ടീം ചുമന്ന് ഒരാൾ പ്രേതപ്പറമ്പിലെ വീട്ടിലോട്ട് കയറുന്ന്. ആളെ കണ്ടാലേ പേടിക്കും. കണ്ട പാടെ ഞാനോടി. ഏതോ വേരിത്തട്ടി വീഴുകേം ചെയ്തു. എല്ലാം സ്വപ്നമാന്നും കരുതി രാവിലെ എണീച്ചപ്പം കണ്ടോ?”
ചോര ചത്തു കിടക്കുന്ന കൈത്തണ്ട കാണിച്ച് കള്ളമ്പൈലി പരാതിപ്പെട്ടു.
“ശവപ്പെട്ടീം കൊണ്ടൊരു മനുഷ്യനാ? അതും പാതി രാത്രി?”
“ഇതെന്നാ ഡ്രാക്കുളാ കോട്ടയോ എന്നാ തള്ളാ കള്ളമ്പൈലീ”
“ഇതിപ്പം പണ്ട് പറക്കും തളിക കണ്ടെന്നും പറഞ്ഞ് വെടിവക്കച്ചൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയ പോലെയായി”
അതുകേട്ട് ചായക്കടയിലെ എല്ലാവരും ചിരിച്ചു.
“ഞാൻ കണ്ടതാന്നെ” കള്ളമ്പൈലി ഉറപ്പിച്ചു പറഞ്ഞു.
മാനക്കേട് പേടിച്ചും ഇനി ചായക്കടയിൽ നിന്നാൽ പേപ്പർ വൈകിയതിനു വീട്ടുകാരുടെ തെറികിട്ടുമെന്ന് മനസിൽ പറഞ്ഞും കള്ളമ്പൈലി സൈക്കിൾ ചവിട്ടിപ്പോയി. പോകുന്ന പോക്കിൽ ഇവന്മാരോട് പറയാൻ പോയ എന്നെ പറഞ്ഞാ മതിയെന്ന് പുലമ്പുകയും ചെയ്തു.
കള്ളമ്പൈലീടെ പത്രമിടീലും വെകിളി വർഗീസിന്റെ പാലു കൊടുപ്പും കഴിഞ്ഞതോടെ സംഭവം നാടു മൊത്തം അറിഞ്ഞു. കേട്ടവർ കേട്ടവർ അതിനെപ്പറ്റി കഥകളുണ്ടാക്കി രസിച്ചു. ഇതെല്ലാമിഷ്ടപ്പെടാതിരുന്ന ഒരാൾ കുരുടി കുര്യനാണ്. കുരുടി കുര്യന്റെ രണ്ടു പെണ്മക്കളും യൂറോപ്പിൽ നഴ്സുമാരാണ്. പ്രേതപ്പറമ്പ് ചുളുവിലക്ക് വാങ്ങാനൊരു പ്ലാൻ കുരുടി കുര്യനുണ്ടായിരുന്നു. അതിനു മുന്നോടിയായി മൂത്ത മകൾ രണ്ട് മാസത്തേക്ക് അവധിക്ക് വന്നപ്പോൾ പ്രേതപ്പറമ്പിലാണ് താമസിപ്പിച്ചത്. പ്രേതപ്പറമ്പുമായി ബന്ധപ്പെട്ട കഥകളൊന്നും അങ്ങേരെ കുലുക്കിയില്ല. അതിനു കാരണമുണ്ട് അയാളുടെ ചെറുപ്പത്തിൽ പ്രേതപ്പറമ്പിന്റെ യഥാർത്ഥ അവകാശികളായിരുന്ന പാലക്കൽ വീടുകാരിൽ നിന്നും ശാരീരികമായും മാനസികവുമായും അധിക്ഷേപങ്ങൾ കുര്യന് ഏൽക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് പാലക്കൽ കുടുംബം പള്ളിക്കുന്നിൽ നാമാവശേഷമായി. മരണങ്ങളും ദുരിതങ്ങളും കൊണ്ട് പൊറുതി മുട്ടിയപ്പോൾ കിട്ടിയ പൈസക്ക് ഉള്ള സ്വത്ത് വിറ്റ് പള്ളിക്കുന്നിൽ നിന്നും രക്ഷപ്പെട്ടോടുകയായിരുന്നു അവർ.
“അവന്മാരു ചെയ്തുകൂട്ടിയത് വച്ച് പ്രേതപ്പറമ്പല്ല ചുടലക്കാടാവേണ്ടതാ ആ ഭൂമി. അമ്മാതിരി ക്രൂരത അല്ലായിരുന്നോ”
എന്നാൽ ഇതൊന്നും കുരുടി കുര്യന്റെ ഉള്ളിലെ നീറ്റൽ കുറച്ചില്ല. കയ്യിൽ പൈസ വന്ന സമയം ആദ്യം ചെയ്ത പണി പ്രേതപ്പറമ്പിനു വില പറയുകയായിരുന്നു. അച്ചന്റേയും ബന്ധുക്കാരുടേയും എതിർപ്പ് വക വക്കാതെയായിരുന്നു കുരുടി മൂത്ത മകളേയും ഭർത്താവിനേയും അവരുടെ കുട്ടിയേയും പ്രേതപ്പറമ്പിൽ രണ്ടു മാസം വാടകക്ക് താമസിപ്പിച്ചത്. എന്നാലാ തീരുമാനം അയാളെ തിരിഞ്ഞുകൊത്തി.
സ്വീഡനിയിൽ നിന്നുവന്ന എൽസിയുടെ നാലു വയസുകാരി കൊച്ച് സൂസന്നയെയാണ് ഈ വട്ടം പ്രേതപ്പറമ്പ് ബാധിച്ചത്. സൂസന്നക്കൊച്ച് ഇവിടെ വന്നേപ്പിന്നെ കളിക്കാനാരുമില്ലാതെ സങ്കടത്തിലായിരുന്നു അപ്പോഴാണ് അവൾക്ക് പുതിയൊരു കൂട്ടുകാരനെ കിട്ടുന്നത്. എളേപ്പൻ. സൂസന്നക്കൊച്ചിന്റെ സാങ്കല്പിക കൂട്ടുകാരനായിരുന്നു എളേപ്പൻ. ഇത് സൂസന്നക്കൊച്ചിന്റെ സ്ഥിരം ഏർപ്പാടാണ്. സ്വീഡനിൽ വച്ചും അവളിത് ചെയ്തിട്ടുണ്ട്. ഒറ്റക്കാവുമ്പോഴൊക്കെ കളിക്കാൻ സാങ്കൽപ്പിക കൂട്ടുകാരെ ഉണ്ടാക്കും. അതുകൊണ്ടു തന്നെ എൽസിക്ക് ഇതിൽ പ്രത്യേകിച്ച് പുതുമയൊന്നും തോന്നിയില്ല. എന്നാൽ അയൽ വീട്ടുകാരി റോസമ്മേച്ചിയുടെ വീട്ടിൽ പോയപ്പോഴാണ് എളേപ്പനെന്ന് പറയുന്നത് ലാസർ എളേപ്പനാണെന്നും. പാലക്കൽ തറവാട്ടിലെ ആദ്യ കാർന്നോർമാരിൽ ഒരാളായിരുന്നു അയാളെന്നും അറിയുന്നത്. ഒരു പത്തെൺപത് വർഷമെങ്കിലും മുൻപ് മരിച്ചു പോയതാണ് ലാസർ എളേപ്പൻ. റോസമ്മ കാണിച്ച കുടുംബ ഫോട്ടോകളിൽ നിന്നും ലാസർ എളേപ്പനെ സൂസന്നക്കൊച്ച് തിരിച്ചറിയുകയും ചെയ്തതോടെ എൽസി ആ വീട്ടിൽ നിന്ന് താമസം മാറി. അന്ന് അച്ചൻ വന്നാണ് എളേപ്പന്റെ ശല്യവും കുരുടിയും മകളും തമ്മിലുണ്ടായ വാക്ക് തർക്കവും ഒതുക്കി തീർത്തത്. പ്രേതപ്പറമ്പ് സ്വന്തമാക്കുക എന്ന കുര്യന്റെ ജീവിതാഭിലാഷം അതോടെ തട്ടിൻപുറത്തായി.
പ്രേതപ്പറമ്പല്ല ഇത്, പിശാശ് പറമ്പാണെന്നാണ് അച്ചൻ പറയുക. പിശാശും പ്രേതവും തമ്മിലുള്ള വ്യത്യാസം എന്നാച്ചോ എന്ന് പള്ളിക്കുന്നുകാർ ചോദിക്കാതിരുന്നില്ല. പ്രേതം മരിച്ചവരുടെ ആത്മാവും പിശാശ് നരകത്തീന്നുള്ള ദുർദേവതയാണെന്നുമുള്ള അറിവ് അവർക്ക് പുതിയതായിരുന്നു. അച്ചന്റെ വാക്കും വിശ്വസിച്ച് പറമ്പിൽ നിന്നും അകന്നു നിന്ന തന്നെ കബളിപ്പിച്ച് ഏതോ വരത്തൻ പറമ്പ് വാങ്ങിയെന്നും താമസമാക്കിയെന്നും കേട്ടത് കുരുടി കുര്യനു സഹിച്ചില്ല. അങ്ങേർ കൂടെയുള്ള നാലാളേം കൂട്ടി അച്ചനടുത്തേക്ക് വിട്ടു. പോകുന്ന പോക്കിലെ കുര്യന്റെ ഭാവം കണ്ട് ‘ഇന്നെന്നതേലും നടക്കും’ എന്ന് കരുതി ആളുകൾ കൂട്ടത്തിൽ ചേർന്നു. പള്ളിയിലെത്തിയപ്പോഴേക്കും അതൊരു പത്ത് പന്ത്രണ്ടു പേരുടെ ജാഥയായി.
“എവിടെ പോയച്ചോ അച്ചൻ പറഞ്ഞ പിശാശ്?” അച്ചനെ കണ്ടപ്പോഴേ കുര്യൻ ചാടി വീണു.
“നീയൊന്നടങ്ങ് കുര്യാ. വന്നവന് അറിയത്തില്ലാരിക്കും ഒന്നും”
“ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. അന്നച്ചൻ പറഞ്ഞതോണ്ട് മാത്രവാ ആ ഡീൽ നടക്കാതെ എൽസി തിരിച്ചു പോയത്”
“ചുമ്മാ ഒന്നുമല്ലല്ലോ അവടെ എന്നാ ഉണ്ടായതെന്ന് നിനക്കും എനിക്കും നാട്ടുകാർക്കും അറിയാം”
“എന്നിട്ടിപ്പോ അച്ചന്റെ വാക്കിനു വല്ല വിലയുമുണ്ടോ? ഒരു വരത്തൻ അത് വാങ്ങുവേം അവിടെ താമസമാക്കുവേം ചെയ്തു. ദേ അയാക്ക് എന്നതേലും പറ്റിയാലുണ്ടല്ലോ, അച്ചൻ സമാധാനം പറയേണ്ടി വരും”
“നീയൊന്നടങ്ങ്. ദേ ഇന്നലെ പള്ളിയിലെ വെള്ളിക്കുരിശ് താഴെ വീണു. അതൊന്ന് ഘടിപ്പിച്ച് കഴിഞ്ഞാ. നമുക്കങ്ങോട്ട് പോകാം. ആരാ വാങ്ങിയതെന്ന് അറിയാമല്ലോ. അയാളെ കാര്യം പറഞ്ഞ് മനസിലാക്കിയാ പോരേ”
“വെള്ളിക്കുരിശൊക്കെ കപ്യാരു നോക്കിക്കോളും അച്ചോ. അച്ചൻ ഞങ്ങടെ കൂടെ വരണം”
കുരുടി കുര്യൻ ഒറ്റാളുടെ കടും പിടുത്തം കാരണം വെള്ളിക്കുരിശ് കപ്യാർക്ക് വിട്ട് കൊടുത്ത് പള്ളിയിലോട്ട് വന്ന സംഘത്തോടൊപ്പം അച്ചൻ പ്രേതപ്പറമ്പിലേക്ക് യാത്രയായി. പ്രേതപ്പറമ്പിനടുത്ത് വന്നതോടെ ആവേശം പതിയെ ചോർന്ന് ജാഥയുടെ ചലനം സാവധാനമായി. ചിലർക്ക് കൂട്ടത്തിൽ കൂടുവാനുള്ള തീരുമാനം പുന:പരിശോധിച്ചാൽ കൊള്ളാമെന്ന് തോന്നി. നദിയുടെ കൈവഴികളിലേക്കൊഴുകിയ വെള്ളം പോലെ ഏതാനും ആളുകൾ വീട്ടിലെന്തോ അത്യാവശ്യ കാര്യമെന്ന് പറഞ്ഞ് കൂട്ടത്തിൽ നിന്നും ഇടവഴികളിലേക്ക് കൊഴിഞ്ഞു.
ഒരു ഏക്കറോളം കാണും പ്രേതപ്പറമ്പ്. ഇപ്പോൾ നോക്കാനാരുമില്ലാതെ കാടുപിടിച്ച് കിടപ്പാണ്. അതിനുള്ളിൽ ഒരു വീട്. മുൻവശത്ത് വലിയൊരു ഇരുമ്പ് ഗേറ്റുണ്ട്. പ്രേത പറമ്പിന്റെ ഗേറ്റിനുള്ളിലേക്ക് കടക്കാൻ മൂന്നു പേരെ ധൈര്യപ്പെട്ടുള്ളൂ. അച്ചനും കുരുടി കുര്യനും ലോഡ് തങ്കച്ചനും. ഗേറ്റ് തുറന്ന സമയം പെട്ടെന്ന് മഴമേഘങ്ങൾ വന്ന് സൂര്യനെ മൂടിയതിനാൽ വെളിച്ചം കുറഞ്ഞ് ഇരുട്ട് പരന്നു. അത് കണ്ട് കുരുടി സ്വകാര്യത്തിൽ ലോഡ് തങ്കച്ചനോട് പറഞ്ഞു.
“ഈ യൂറോപ്പിലൊരു പറച്ചിലുണ്ട് മൂന്നു W കളെ വിശ്വസിക്കരുതെന്ന്.
അതേതൊക്കെയാന്ന് അറിയാവോ?”
“മിണ്ടാതിരിയെടാ. അച്ചൻ കേൾക്കും”
“Weather, Woman, Work”
“ഓ, നിന്റെ പെണ്മക്കളൊന്നും വുമൺ അല്ലാരിക്കും”
മഴ പെയ്യാൻ സാധ്യത കണ്ടതോടെ ഗേറ്റിനുവെളിയിൽ നിൽക്കുന്ന മിക്കവരും മരങ്ങളുടെ ചോട്ടിലേക്ക് മാറി നിന്നു. എന്നാൽ മഴ പെയ്തില്ല, ആ മൂടിക്കെട്ടൽ മാത്രമേ ഉണ്ടായുള്ളൂ. മില്ലിൽ കൊണ്ടു പോയി പൊടിപ്പിക്കാനായി, ഉണക്കാനിട്ട മുഴേൻ മല്ലിയും മുളകും മഴ വരുന്നത് കണ്ട് ഓടി വാരിയെടുത്ത് വീട്ടിനുള്ളിൽ വച്ച് മഴയൊന്നും കാണാഞ്ഞ് ‘മൈര്, മഴ പിന്നേം മൂഞ്ചിച്ചല്ലോ’ എന്ന് പ്രാകി അകലെയുള്ള പ്രേതപ്പറമ്പിലെ കൂട്ടം നോക്കി നിൽക്കുകയായിരുന്നു പ്രാന്തൻ ജോസ്.
അച്ചനും മറ്റ് രണ്ട് പേരും ഗേറ്റ് കടക്കുന്നത് കണ്ട് അയാൾ കെട്ടിയവളായ ടെൽമ്മയോട് ചായയും കൊക്കുവടയും ചോദിച്ച് ഒരു കസേര വലിച്ചിട്ടിരുന്നു. ഓരോ അടി വക്കുമ്പോഴും അച്ചൻ കഴുത്തിലെ കുരിശിൽ പിടിമുറുക്കും. അത് കണ്ട് ലോഡ് തങ്കച്ചൻ ലോഡിറക്കി ഉരുട്ടിക്കൂട്ടിയ മസിലുകൾ ബലം പിടിച്ച് ഒന്ന് പെരുപ്പിക്കും. എന്നാൽ പ്രേതത്തിനോട് കളിക്കുമ്പോൾ മസിലിലൊന്നും വലിയ കാര്യമില്ലെന്ന് ഓർത്ത് വീട്ടിൽ നിന്നും വെള്ളിക്കൊന്തയെടുക്കാഞ്ഞതിൽ മാതാവിനോട് പരാതി പറഞ്ഞു.
“കോളിംഗ് ബെല്ലടിക്ക് കുര്യാ” അച്ചൻ കുര്യനോട് ആവശ്യപ്പെട്ടു.
“എനിക്കേ എത്തത്തില്ല” കുര്യന് മറ്റുള്ളവരെ അപേക്ഷിച്ച് ഉയരം കുറവാണ്.
എന്നാൽ കോളിംഗ്ബെൽ അടിക്കാനുള്ള ഉയരമൊക്ക് കുര്യനുണ്ടെന്ന് കുര്യനും അറിയാം അച്ചനും അറിയാം എന്നിട്ടും അച്ചനൊന്നും മിണ്ടിയില്ല പകരം ലോഡ് തങ്കച്ചനെ ഒന്ന് നോക്കുക മാത്രം ചെയ്തു.
“ഓ കുത്തിത്തിരിപ്പിനു പിന്നെ അതൊന്നും വേണ്ടല്ലോ” ലോഡ് തങ്കച്ചൻ കിട്ടിയ തക്കത്തിനു കുരുടിക്കിട്ട് കുത്തി.
കോളിംഗ് ബെൽ അടിച്ച നിമിഷം തന്നെ ലോഡ് തങ്കച്ചൻ അച്ചനു പിറകിലൊളിച്ചു.
“വെള്ളിക്കൊന്തയില്ല” എന്ന് തന്നോട് തന്നെ പറഞ്ഞ് ലോഡ് തങ്കച്ചൻ സമാധാനിച്ചു.
രണ്ടു വട്ടം കോളിംഗ് ബെല്ലടിച്ചിട്ടും വാതിൽ തുറക്കാതെയായപ്പോൾ പലരും പല രീതിയിൽ പുരികം ചുളിച്ചു. കേട്ട കഥകളൊന്നും സത്യമാവരുതേ എന്നവർ മനസിൽ പ്രാർത്ഥിച്ചു. ചിലർ വചനങ്ങൾ ചൊല്ലി. ലോഡ് തങ്കച്ചനു മാത്രം ഉള്ളിൽ ആശ്വാസം തോന്നി. എന്നാലതയാൾ പുറത്ത് കാണിച്ചില്ല. പകരം ആരും വാതിൽ തുറക്കാഞ്ഞതിൽ കൈകൾ കൂട്ടി ഞെരിച്ച് അക്ഷമ പ്രകടിപ്പിച്ചു.
നാലാമത്തെ കോളിംഗ് ബെല്ല് അടിക്കാൻ കൈ നീട്ടിയ ലോഡ് തങ്കച്ചൻ അപ്രതീക്ഷിതമായി വാതിൽ പാതി തുറന്ന മുഖം കണ്ട് അയ്യോ എന്ന് നിലവിളിച്ച് പുറത്തേക്ക് ചാടി. കാത്തു നിന്നവരെല്ലാം അത് കേട്ട് എന്താ സംഭവം എന്നറിയാൻ മതിലിനു മുകളിലൂടെ എത്തിച്ചു നോക്കി. കുറച്ചു സമയത്തെ അങ്കലാപ്പിനു ശേഷം തങ്കച്ചനു വേണ്ടി അച്ചൻ ക്ഷമാപണം നടത്തിയെങ്കിലും അകത്തു നിന്നുള്ള ആള് മൂവരേയും വീടിനുള്ളിലേക്ക് ക്ഷണിച്ചില്ല. തങ്കച്ചന് ഹൃദയമിടിപ്പിന്റെ വേഗത കുറക്കുവാൻ കുറച്ചു സമയം പറമ്പിലെ മരങ്ങളെ നോക്കി കുനിഞ്ഞിരിക്കേണ്ടി വന്നു.
വാതിലിനു പിറകിലെ വെളിച്ചക്കുറവ് കാരണം ആളെ ശരിക്കും തങ്കച്ചനു കാണാൻ സാധിച്ചിരുന്നില്ല. പക്ഷെ അയാളുടെ മുഖം വിചിത്രമാണെന്ന് ഒരു നോക്ക് കണ്ടതിന്റെ പിൻബലത്തിൽ അച്ചനും കുരുടിയും ഉറപ്പിച്ചു. മുഖത്തിന്റെ വലതു പകുതിയും ഇടതു പകുതിയും തമ്മിൽ വലിപ്പ വ്യത്യാസങ്ങളുണ്ട്. നെറ്റിയിലും താടിയിലും കവിളുകളിലും പലയിടങ്ങളിലായി തുന്നലുകൾ. ലോഡ് തങ്കച്ചൻ ഭയന്നതിൽ അയാളെ കുറ്റം പറയാൻ കഴിയില്ലെന്ന് കുരുടി കുര്യൻ മനസിൽ കരുതി. അച്ചനാണ് സംസാരിച്ചു തുടങ്ങിയത്.
“ഇവിടെ പുതിയ താമസക്കാരു വന്നെന്നറിഞ്ഞു. ഒന്ന് വന്നു കണ്ട് പരിചയപ്പെടാമെന്ന് കരുതി. ഞാൻ ഫാദർ ലൂക്കോ. പള്ളിയിലെ വികാരിയാണ്. പേരെന്താ?”
“പീറ്റർ” കിണറ്റിനുള്ളിലേക്കിട്ട കല്ല് വക്കുകളിൽ തട്ടിയ പോലെ അഗാധവും കടുത്തതുമായ ശബ്ദം.
“ഓ അപ്പോ ക്രിസ്ത്യാനിയാണ്. അച്ചോ ക്രിസ്ത്യാനിയാണ്” കുരുടി കുര്യനു പകുതി ആശ്വാസമായി.
ലോഡ് തങ്കച്ചൻ ഹൃദയമിടിപ്പോടെ പല്ല് പുറത്ത് കാട്ടി ചിരിച്ചെന്ന് വരുത്തി. മുഖം വ്യക്തമാകാതിരുന്ന അയാളുടെ സാന്നിധ്യം വാതുക്കലെ ഇരുട്ടിൽ തന്നെ തങ്ങി നിന്നത് അച്ചനേയും മറ്റു രണ്ടു പേരേയും വീടിനുള്ളിലേക്ക് കയറുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. അച്ചനോടും പള്ളിയോടുമുള്ള ബഹുമാനക്കുറവായാണ് കുര്യനത് തോന്നിയത്.
“പീറ്റർ പള്ളിയിലോട്ട് ഇറങ്ങില്ലേ ഈ ആഴ്ച?”
“ഈ വീടിനേ കുറച്ച് പ്രശ്നങ്ങളുണ്ട്. അതാ അച്ചൻ വിളിക്കുന്നേ”
“വരാം”
തുന്നലിട്ട മുഖം അതു പറഞ്ഞതും ആ വീടിന്റെ വാതിലടഞ്ഞു. തന്റെ മുഖത്താണയാൾ വാതിൽ വലിച്ചടച്ചതെന്ന് അച്ചനു തോന്നി.
“എന്നാ മറ്റേതിലെ പരുപാടിയാ ഇത്” കാര്യം കഴിഞ്ഞതിലെ ആശ്വാസം മറച്ച് വച്ച് ലോഡ് തങ്കച്ചൻ മസിൽ ഒന്നുകൂടെ പെരുപ്പിച്ചു.
“പള്ളീന്ന് കേട്ടപ്പം അവനെന്നാ ഒരു പുച്ഛം?”
“ഇവനെ നമ്മളൊക്കെ കൂടെ തല്ലി ഓടിക്കേണ്ടി വരുമെന്നാ തോന്നുന്നേ”
തിരിച്ചുപോകുന്ന നേരം ദേഷ്യം വന്ന് വഴിയിൽ കിടക്കുന്നുണ്ടായിരുന്ന ഒരു ചകിരി കഷ്ണം കുര്യൻ കാലു കൊണ്ട് ഒരു തൊഴി വച്ചു കൊടുത്തു. അത് പറമ്പിലേക്ക് കറങ്ങി വീണു. അപ്പോഴാണ് ഏങ്ങാണ്ടു നിന്നും ഒരു കറുത്ത മുട്ടനാട് ഓടി വന്ന് കുര്യനെ മുതുകിലിടിച്ച് തെറിപ്പിച്ചത്. മരങ്ങളുടെ ചോട്ടിൽ കണ്ടു നിന്നവർ തലയറഞ്ഞു ചിരിച്ചു. മുട്ടനാടിന്റെ അടുത്ത നോട്ടം ലോഡ് തങ്കച്ചനു നേരെയാണെന്ന് കണ്ട് അയാൾ കയ്യിൽ കിട്ടിയ ഒരു കൊതുമ്പെടുത്ത് എറിഞ്ഞ് ഓടി ഗേറ്റ് കടന്നു. അച്ചൻ മാത്രം കുര്യനെ വാരിയെടുക്കാനായി നിന്നു. അച്ചനെ ഉന്നം വച്ച മുട്ടനാടിന്റെ ലാക്ക് ഈ വട്ടം തെറ്റി. ഇടി പിന്നേയും കുര്യനിട്ടാണ് കിട്ടിയത്. അടുത്ത ഇടിക്കായി മുട്ടനാട് പിറകിലേക്ക് പോയപ്പോഴേക്കും കുര്യനേയും തോളിലേക്ക് ചായ്ച്ചിട്ട് അച്ചൻ ഗേറ്റ് കടന്നു. ചിരി നിർത്തി നാട്ടുകാരിൽ ചിലർ ആടിനെ കയ്യിൽ കിട്ടിയത് വച്ച് എറിഞ്ഞ് ഓടിപ്പിച്ചു. പോകും നേരം ഇനി ചത്താലും ഈ പറമ്പിലേക്കില്ലെന്ന് മനസിൽ കരുതിയിരുന്ന ലോഡ് തങ്കച്ചനു പക്ഷെ അധികം വൈകാതെ തന്നെ തിരികെ വരേണ്ടിവന്നു.
ഗ്രാമത്തിൽ മൂന്നു പേർക്കുണ്ടായ വിചിത്രമായ അനുഭവങ്ങൾ മൂലം പരിഭ്രാന്തരായാണ് നാട്ടുകാർ പിറ്റേ ഞായറാഴ്ച കുർബാനക്ക് പള്ളിയിലെത്തിയത്. ഉടുമ്പ് മത്തായി, നായർ ഇട്ട്യാര, വെകിളി വർഗീസ് എന്നിവരായിരുന്നു പള്ളിക്കുന്നിലെ പുതിയ പ്രശ്നങ്ങളുടെ അവകാശികൾ.
1: വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയ ഉടുമ്പ് മത്തായിയുടെ ഭാര്യയുടെ പഴകാത്ത ജഢം അവരുടെ പ്രേതക്കുഴി തോണ്ടി ആരോ പുറത്തെടുത്തിട്ടിരിക്കുന്നു. 2: ഇടിമിന്നലിൽ മരം വീണ് താഴേപുര ഇട്ട്യാരയുടെ വീട് പൂർണ്ണമായും തകർന്നു. 3: ആടുകളേയും പശുക്കളേയും വളർത്തുന്ന വെകിളി വർഗീസിന്റെ വീട്ടിലെ മുഴുവൻ വളർത്തു മൃഗങ്ങളും അജ്ഞാത മൃഗത്തിന്റെ കടിയേറ്റ് ചത്തു പോയി.
പ്രേതപ്പറമ്പിലേക്കുള്ള പുതിയ താമസക്കാരന്റെ ആഗമനമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം തുടക്കം കുറിച്ചതെന്ന് ഇടവകക്കാർക്കിടയിലൊരു പറച്ചിലുണ്ടായി.
“ഇന്നേ വരെ ഇങ്ങനൊരു പ്രശ്നം ഈ നാട് കണ്ടിട്ടൊണ്ടോ? അല്ലാ നിങ്ങള് പറ. ഒക്കെ ആ ഡ്രാക്കുളയുടെ വരവിനു ശേഷമാ. ഈ പശുക്കളും ആടും എങ്ങനെ ചത്തെന്നാ? അവറ്റകടെ കഴുത്തീ നോക്കിയപ്പം കണ്ടില്ലേ രണ്ട് പാടുകള്? കഴുത്തിലെ ഞരമ്പിൽ കടിച്ച് ചോര വലിച്ചു കുടിച്ചതാ. അയാക്കടെ കോമ്പല്ലിനിടയിൽ ഓട്ട കാണും. അതിലൂടെയാ രക്തം വലിക്കുക”
പുതിയ താമസക്കാരന് പേരിട്ടത് മുട്ട സാറാമ്മയാണ്. ശവപ്പെട്ടിയിലാണ് ഡ്രാക്കുളയുടെ പകലുറക്കം. ഇരുട്ടിലാണ് ഉണർച്ച. അതാണ് പുള്ളിയെ പുറത്തു കാണാത്തത്. രാത്രി ഇരപിടുത്തം. അരിം സാമാനങ്ങളും വാങ്ങാൻ പോലും പുള്ളി പുറത്തിറങ്ങിയിട്ടുണ്ടോ. ഇല്ല.
സാറാമ്മ ഗ്രാമീണ വായനശാലയിലെ പാർട്ട് ടൈം ലൈബ്രേറിയനാണ്. ദിവസേന മൂന്ന് മണിക്കൂറാണ് പ്രവർത്തനം. ബാക്കി സമയം നാടൻ കോഴി പരിപാലനം. മുട്ടകൾ അടിവാരത്തു കൊണ്ടുപോയി വിൽക്കും. അതു വരെ മുട്ട സാറാമ്മ വായിച്ച മുഴുവൻ അപസർപ്പക കഥകളിലേയും അറിവ് അവൾ നാട്ടുകാർക്ക് വച്ചു നീട്ടി.
“ഡ്രാക്കുള തന്നെ”
പള്ളിയിൽ ചെന്ന് പരാതി പറഞ്ഞിട്ടും വെകിളി വർഗീസിനു മാത്രം അച്ചന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ലഭിച്ചില്ല. നായർ ഇട്ട്യാരയുടെ വീട് പുതുക്കി പണിയുന്നതിനു സഹായിക്കാൻ പള്ളിയുടെ വക ഒരു തുക നീക്കി വച്ചതായി അച്ചൻ അറിയിച്ചു. അടിവാരത്തുള്ള ഒരു നായർ കുടുംബത്തിലെ സ്ത്രീയെ പ്രേമിച്ചതിനാൽ മാത്രമല്ല ഇട്ട്യാരക്ക് നായർ ഇട്ട്യാരയെന്ന പേരു വന്നത്. പ്രേമത്തിന്റെ പേരിൽ നായർ സ്ത്രീയുടെ സഹോദരനിൽ നിന്നും ഭീഷണിയുണ്ടായപ്പോൾ തന്നെ പേടിച്ച് പനി പിടിച്ച് ആ സ്ത്രീയെ സ്വന്തം സഹോദരിയായി പ്രഖ്യാപിച്ചതിൽപ്പിന്നെയാണ് അത്. നായർ സഹോദരിയുടെ നായർ സഹോദരൻ. ആ സംഭവത്തിനു ശേഷം സുഹൃത്തുക്കളെല്ലാം അയാളെ നായർ കൂട്ടി വിളിച്ചു വന്നു. തുക ലഭിക്കുമെന്ന അറിവ് ലഭിച്ചതോടെ പൂഴ്ത്തി വച്ച സമ്പാദ്യമെടുത്ത് നായർ വീടിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി. അതോടെ ഡ്രാക്കുളക്കെതിരെ പരാതി പറയാൻ വെകിളിക്കൊപ്പമോ ഉടുമ്പിനൊപ്പമോ ചായക്കട നിരങ്ങാൻ നായർക്ക് സമയമില്ലാതായി.
ഉടുമ്പ് മത്തായിയുടെ പ്രശ്നവും ഒരു വിധമൊക്കെ പരിഹരിച്ചത് അച്ചൻ തന്നെയായിരുന്നു. ഉടുമ്പിന്റെ ഭാര്യയുടെ ജഢം അച്ചന്റെ പ്രത്യേക പ്രാർത്ഥനയിലും പരിഗണനയിലും തിരികെ കുഴിയില് തന്നെ അടക്കി. കൂട്ടിയിട്ട മണ്ണിനു മേൽ സിമന്റ് സ്ലാബുകൾ നിരത്തി ജഢം ഇനിയൊരിക്കലും പൊന്തി വരികയില്ലെന്ന് അച്ചൻ ഉറപ്പു വരുത്തി. രഹസ്യമായി ശവക്കുഴിക്കു ചുറ്റിലും വെളുത്തുള്ളി ചെടികൾ വച്ചു പിടിപ്പിക്കാൻ കപ്യാർക്ക് അദ്ദേഹം നിർദേശം കൊടുത്തു. അതോടെ ഉടുമ്പും നിശബ്ദനായി. വെകിളി മാത്രം ഒറ്റപ്പെട്ടു. രണ്ടു ദിവസം കൂടെ കാത്തു നിൽക്കാൻ മാത്രമേ വെകിളിക്ക് സാധിച്ചുള്ളൂ. മൂന്നാം ദിവസം ചത്തു പോയ സ്വന്തം ആടിന്റെ കുഴി മാന്തി അതിന്റെ ജഢം വെകിളി വർഗീസ് പള്ളിപ്പറമ്പിലിട്ടു.
“ഇനി ഇതൊന്ന് അടക്കി കാണിക്കച്ചോ” വെകിളി അച്ചനെ വെല്ലു വിളിച്ചു.
പള്ളിമുറ്റം മണമെടുത്ത് നാറി. വിശ്വാസികൾ ചിലർ അതോടെ ഇടപെട്ടു. കളി കയ്യാങ്കളിയായി.
“പാവങ്ങളെ സഹായിക്കാൻ അച്ചന് ആവതില്ല” വെകിളി വർഗീസ് ആരോപിച്ചു.
“ചെറ്റ വർത്താനം പറയാതെടാ ചെറ്റേ” അച്ചന്റെ ആരാധകനായ പോൾസനാണ് അടി തുടങ്ങി വച്ചത്. അത് തടയാൻ വന്ന ലോഡ് തങ്കച്ചൻ പോൾസണെ പിടിച്ച് തള്ളി താഴെയിട്ടു. പോൾസൺ അതോടെ ലോഡിനോടായി തർക്കം.
“പ്രശ്നം പരിഹരിച്ചത് കൊണ്ടായില്ല. ഇതിന്റെ വേര് വേണം പിഴുതുകളയാൻ” ഉന്തും തള്ളും കഴിഞ്ഞ് രംഗം ശാന്തമായപ്പോൾ കള്ളമ്പൈലി പറഞ്ഞു.
“ഓ പിന്നേ, നീയേ ആദ്യം നിന്റെ കാലിലെ ആണി പിഴുതുകളയാൻ നോക്ക്. വേര് പിഴുതാൻ വന്നേക്കുന്നു” പോൾസണും വിട്ടു കൊടുത്തില്ല.
“പ്രേതപ്പറമ്പീ വന്നവനെയാണ് തല്ലണ്ടത് അല്ലാതെ തമ്മീത്തമ്മീയല്ല” അത് ചിലർ കയ്യടിച്ച് പാസാക്കി. എന്നാൽ മിക്കവരും അച്ചൻ വന്നതിനു ശേഷം മാത്രം തീരുമാനിച്ചാൽ മതി എന്ന അഭിപ്രായക്കാരായിരുന്നു.
“അച്ചൻ വരട്ടെ”
“ഡ്രാക്കുളക്ക് രണ്ട് പെടയുടെ കുറവുണ്ട്. അതച്ചനറിഞ്ഞാ നടക്കത്തില്ല”
വീണ്ടും അഭിപ്രായ വ്യത്യാസം വന്നതോടെ നാട്ടുകാർ രണ്ട് ചേരിയായി.
അതിലൊരു ചേരി അച്ചനൊപ്പവും മറ്റൊന്ന് വെകിളിക്കൊപ്പവും നിന്നു. വൈകാതെ, ഡ്രാക്കുളയെ പ്രേതപ്പറമ്പിൽ നിന്നും പുകച്ചു പുറത്തു ചാടിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിനായി രണ്ടാമത്തെ ചേരിയിലെ പ്രധാനികൾ ഒരു രഹസ്യ മീറ്റിംഗ് വിളിച്ചു. വെകിളിയുടെ വീട്ടിലായിരുന്നു മീറ്റിംഗ്. വളർത്ത് മൃഗങ്ങളെല്ലാം ചത്തതു കാരണം ഒഴിഞ്ഞു കിടക്കുന്ന തൊഴുത്തിലാണ് യോഗം നടന്നത്. ചത്തു പോയ പശുക്കളുടെ ചാണക കുഴി ഉണങ്ങിത്തുടങ്ങിയിട്ടും മണം പോയിട്ടില്ല.
“ആദ്യം ഉള്ളീക്കേറി എന്നതാ നടക്കുന്നേന്നറിയണം”
“അച്ചനറിയരുത്”
“മനുഷ്യൻ തന്നെയാന്നോെ എന്നാ”
“മനുഷ്യനായാലും രക്ഷസ്സായാലും കളി ഈ നാട്ടി വേണ്ട”
“നല്ല അടി വച്ചു കൊടുക്കണം. പറ്റുവാണേൽ അവന്റെ ശവപ്പെട്ടീം കൂടെ തല്ലിപ്പൊട്ടിച്ചേക്ക്”
കള്ളമ്പൈലി, ലോഡ് തങ്കച്ചൻ, വെകിളി വർഗീസ്, തോന്നിക്കരയിലെ സാജൻ എന്നിങ്ങനെ നാലു പേരെയാണ് ഡ്രാക്കുളയെ നേരിടാൻ മീറ്റിംഗ് അംഗങ്ങളെല്ലാവരും കൂടി തിരഞ്ഞെടുത്തത്. സംഘടനമുണ്ടായാൽ നേരിടാൻ തക്ക ആരോഗ്യമാണ് നിബന്ധനയായി പരിഗണിച്ചത്. തോന്നിക്കരയിലെ സാജൻ അടിവാരത്തെ ജിം മാസ്റ്ററാണ്. കൂട്ടത്തിൽ വെകിളി വർഗീസിനാണ് ഡ്രാക്കുളയോടു കൂടുതൽ കലിപ്പ്. അയാളുടെ ജീവിത മാർഗമാണ് ഡ്രാക്കുള ഇല്ലാതാക്കിയത്.
“ആദ്യത്തെ അടി ഞാൻ അടിക്കും” വെകിളി ഉറപ്പിച്ചു.
ഉള്ളിന്റെയുള്ളിൽ ഭയമുള്ളതിനാൽ നാലു പേർക്കും പള്ളിയിൽ നിന്നും തന്നു വിട്ട വെള്ളിക്കൊന്ത സുരക്ഷാ കവചമായി ഗൂഢസംഘം കൊടുത്തു വിട്ടു.
രാത്രിയിൽ ഡ്രാക്കുള ഉണർന്നിരിക്കാൻ സാധ്യതയുണ്ടെന്നതിനാൽ പകലാണ് ഉദ്യമം നടപ്പിലാക്കാൻ തീരുമാനിച്ചത്.
“അവിടൊരു കാലൻ ആടുണ്ടല്ലോ. അതിനെ നമ്മളെന്നാ ചെയ്യും”
“പൂവൻപഴത്തി മയക്കി വച്ചു കൊടുക്കാം. ഡ്രാക്കുളക്ക് അടി കൊടുത്ത് തിരിച്ച് വരുമ്പം ബ്രാത്ത് ഉണ്ടാക്കാൻ എടുക്കാം. കറുത്ത മുട്ടനാട് നല്ല ബെസ്റ്റാ”
“ആ നശിച്ച മുട്ടനാടിനെ കൊണ്ടു വരുന്നവന് എന്റെ വക ഒരു കുപ്പി വൈൻ”
“വൈൻ താൻ തന്റെ പെമ്പറന്നോത്തിക്ക് കൊട്. മുട്ടനാടിനെക്കൊണ്ടു വന്നാ ഒരു കുപ്പി വിസ്കി. എന്നാ?”
“വിസ്കിയെങ്കി വിസ്കി. നീ പോയി കൊണ്ടു വാ”
തന്നെ ഇടിച്ച് പഞ്ചറാക്കിയ ആടിനെ കുരുടി കുര്യൻ മറന്നിട്ടില്ലായിരുന്നു.
“എല്ലാരും കൂടെ വരണ്ട. അച്ചൻ അറിയും. നിങ്ങൾ ഇവിടിരി. ഞങ്ങൾ പോയേച്ചും വരാം”
ആ വട്ടം ഗേറ്റ് കടന്നപ്പോൾ കറുത്ത മുട്ടനാടിനെ എവിടേയും കണ്ടില്ല. പിറകിൽ നിന്ന് ഇടി കിട്ടാതിരിക്കുവാൻ നാലു പേരും നാലു ദിക്കിലേക്ക് നോക്കിയാണ് മുറ്റം കടന്നത്. പുറകുവശത്തെ പൂട്ട് തൊട്ടപ്പോഴേ ഇളകിപ്പോന്നു. നാലു പേരും വീടിനകത്ത് നൂണ്ടു.
“എന്തൊരു ഇരുട്ട്”
“എന്തൊരു തണുപ്പ്”
അകത്ത് കടന്നതും നാലു പേരും ബൈബിൾ വചനങ്ങൾ ഇടതടവില്ലാതെ താഴ്ന്ന ഒച്ചയിൽ ഉരുവിട്ടു കൊണ്ടിരുന്നു. ഉള്ളിലേക്ക് കാലെടുത്തു വച്ചതും എന്തോ കണ്ട് ഭയന്ന് എന്റെ അമ്മച്ചിയേ എന്നും വിളിച്ച് ജിം മാസ്റ്റർ സാജൻ ഓടി. അവന്റെ കയ്യിൽ നിന്നും തെറിച്ച ടോർച്ച് കൈക്കലാക്കി ലോഡ് തങ്കച്ചൻ ബാക്കി മൂന്നു പേരേയും നയിച്ചു.
“പേടിത്തൊണ്ടൻ”
“ദേ ഇവിടായിപ്പോയി അല്ലേലുണ്ടല്ലോ”
“തന്നെയല്ലെടോ സാജനെയാ”
ഭയത്തോടെയാണെങ്കിലും ആദ്യ രണ്ടുമുറികൾ പരിശോധിച്ച് മൂന്നാമത്തെ മുറിയിൽ ശവപ്പെട്ടി കണ്ട ആവേശത്തിൽ മറ്റു രണ്ടു പേരേയും ഞോണ്ടിയറിയിച്ച് ടോർച്ചും കൊണ്ട് അങ്ങോട്ട് നീങ്ങിയപ്പോളൊരു മിന്നലു മാത്രമേ ലോഡ് തങ്കച്ചന് ഓർമ്മയുള്ളൂ. പിന്നെ കണ്ണു തുറക്കുന്നത് ബന്ധനസ്ഥനായ രീതിയിൽ മറ്റൊരു മുറിയിലാണ്. കൂടെ മറ്റു രണ്ടുപേരുമുണ്ട്. എല്ലാവരുടെ കയ്യും കാലും തൂണിനോട് ചേർത്ത് കെട്ടിയിട്ടിരിക്കുകയാണ്. ശബ്ദം പുറത്ത് പോകാതിരിക്കാൻ വായിൽ തുണിയും തിരികിയിട്ടുണ്ട്.
അടി കൊണ്ട തങ്കച്ചന്റെ തല വേദനയാൽ പൊളിഞ്ഞു. അയാൾ നിലവിളിക്കാൻ വൃഥാ ഒരു ശ്രമം നടത്തി. പിന്നെ കൂടെയുള്ളവന്മാരെ ഉണർത്തുന്നതിനായി തറയിൽ നാലഞ്ച് വട്ടം തട്ടി.
മൂന്നു പേരേയും കാണാതായതോടെ ജനക്കൂട്ടം അക്രമാസക്തരായി. അവർ പുറത്തു നിന്ന് കയ്യിൽ കിട്ടിയ സാധനങ്ങളെടുത്ത് പ്രേതപ്പറമ്പിലെ വീട്ടിലേക്കെറിഞ്ഞു. ചില്ലുകൾ പൊട്ടി കല്ലുകൾ അകത്തു ചെന്നു വീണു. എന്നിട്ടും ഒരു അനക്കവും വീട്ടിൽ നിന്നും ഉണ്ടായില്ല. ഇന്നലെ പോയ മൂവരേയും വീട് വിഴുങ്ങിയ പോലെ തങ്ങളേയും ഉള്ളിലേക്ക് വലിക്കുമോയെന്ന് ഭയന്ന് ആരും ഗേറ്റിനടുത്തേക്ക് പോകാൻ കൂട്ടാക്കിയില്ല. അവസാനം ലൂക്കോ അച്ചൻ വന്നപ്പോഴാണ് നാട്ടുകാരുടെ കുന്തളിപ്പ് ഒന്ന് അടങ്ങിയത്. ഈ വട്ടം തനിയെയാണ് അച്ചൻ ഗേറ്റിനുള്ളിലേക്ക് പോയത്. കോളിംഗ് ബെല്ല് അമർത്തിയപ്പോൾ തന്നെ വാതിൽ തുറന്നു. അകത്തിരുന്നു സംസാരിക്കാം എന്ന അച്ചന്റെ ആംഗ്യത്തിനു മുൻപിൽ വാതിലിന്റെ ഒരു പാളി മുഴുവനായി തുറന്നു. അച്ചൻ അകത്തു കയറി.
അര മണിക്കൂറോളം അച്ചൻ അകത്തിരുന്നു.ആ സമയമൊക്കെ നാട്ടുകാർ പറമ്പിനു വെളിയിൽ പരിഭ്രാന്തരായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. തിരികെ വന്നപ്പോൾ വെകിളി വർഗീസ്, ലോഡ് തങ്കച്ചൻ, കള്ളമ്പൈലി എന്നിവർ അച്ചന്റെ കൂടെ പുറത്തു വന്നു. ക്ഷീണിതരായ മൂവരേയും അവരവരുടെ വീടുകളിലേക്ക് പറഞ്ഞു വിടും മുൻപ് അച്ചൻ ഒരാളെക്കൂടെ ജനക്കൂട്ടത്തിന് പരിചയപ്പെടുത്തി, ‘പീറ്റർ.’
വീടിനുള്ളിൽ നിന്നും ഒരാൾ ഞൊണ്ടിക്കൊണ്ട് ഗേറ്റിലേക്ക് ഇറങ്ങി വന്നു. ഒത്ത ഉയരം. ഒത്ത തടി. മുഖം വൃകൃതം.
“ഇത് പീറ്റർ. ഈ വീട് വാങ്ങിയത് പീറ്ററാണ്. ഒരു വാഹനാപകടത്തിൽ പരിക്ക് പറ്റിയതിനാൽ അയാൾക്ക് മര്യാദക്ക് നടക്കാൻ സാധിക്കില്ല. മുഖത്തെയീ തുന്നൽക്കെട്ട് അതിന്റേയാ. അയാളുടെ ഭാര്യ ക്യാൻസർ വന്ന് മരിച്ചിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. അവരുടെ ഓർമ്മകളിൽ നിന്നും രക്ഷപ്പെടുന്നതിനായിട്ടാണ് സ്വന്തം നാടും വീടും കളഞ്ഞ് പീറ്റർ നമ്മുടെ പള്ളിക്കുന്നിൽ വന്നത്. പീറ്ററിന്റെ മുഴുവൻ സമ്പാദ്യവും ഉപയോഗിച്ച് വാങ്ങിയതാണ് ഈ വീട്. അതു കൊണ്ട് തത്ക്കാലത്തേക്ക് അയാൾക്കിവിടുന്ന് മാറാൻ സാധിക്കില്ല. അല്ലാതെ നിങ്ങൾ കരുതുന്നതു പോലെ ഒന്നുമില്ല”
“അപ്പോ പിന്നെ ആ ശവപ്പെട്ടി എന്നാത്തിനാ ഇയാൾ ചുമന്നോണ്ട് നടക്കുന്നേ?”
“ഇയാക്കടെ ചാവിനാവും”
“അച്ചോ”
“അത് ശവപ്പെട്ടിയൊന്നുമല്ല എന്റെ വക്കച്ചാ. ക്യാൻസർ വന്നാണ് പീറ്ററിന്റെ ഭാര്യ മരിച്ചതെന്ന് പറഞ്ഞല്ലോ. അവർ മരിക്കുന്നതിനു മുൻപ് പീറ്ററിനു നൽകിയ ആകെയുള്ള സമ്മാനമാണതിൽ. ഒരു പാവ. അവരുടെ പ്രതിരൂപം പോലെ അവരുടെ മുഖഛായയുള്ള അവരുടെ ശബ്ദമുള്ള ഒരു പാവ. ഭാര്യയുടെ ഓർമ്മക്ക് കൂടെ കൊണ്ട് നടക്കുന്നെന്നേയുള്ളൂ”
“ശോ പാവം” ഈ പാവത്തിനെയാണല്ലോ കർത്താവേ ഡ്രാക്കുളയെന്നും പറഞ്ഞ് ചീത്ത വിളിച്ചതെന്നോർത്ത് മുട്ട സാറാമ്മക്ക് കുറ്റബോധം തോന്നി.
“പിന്നെ വെകിളിയുടെ ചത്തു പോയ രണ്ട് പശുക്കൾക്ക് പകരം ഒന്നിനെ പീറ്ററും ഒന്നിനെ പള്ളിയും സ്പോൺസർ ചെയ്യുന്നതായിരിക്കും”
അപ്പോഴെന്റെ ആടുകളോ എന്ന് വെകിളിക്ക് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ഇപ്പൊ കിട്ടിയത് പോയാലോ എന്നു കരുതി അയാൾ ക്ഷീണം കാരണം തല കുനിച്ചു നിന്നു.
“ആടുമില്ല ഒരു പൂടേമില്ല” ബ്രാത്തുണ്ടാക്കാനായി വലിയ ചെമ്പും അടിവാരത്തു നിന്നും ഔഷധക്കൂട്ടുകളും സംഘടിപ്പിച്ച കുരുടി കുര്യൻ ശബ്ദം കുറച്ച് ആത്മഗതം ചെയ്തു. ആ സമയം പീറ്റർ എന്തോ അച്ചന്റെ ചെവിയിൽ പറഞ്ഞു. ആളുകൾക്ക് കൗതുകമായി.
“രണ്ടു പേരു വന്നാൽ ആ പെട്ടി തുറന്ന് കാണിക്കാം എന്നു പറയുകയായിരുന്നു”
“ആ തുറക്കച്ചോ”
“എന്നാ ആരാന്ന് വച്ചാൽ പോയി പെട്ടി എടുത്തോണ്ട് വാ. പീറ്ററേ അതെവിടെയാണെന്ന് ഒന്ന് കാണിച്ചു കൊട്”
കൂട്ടത്തിൽ നിന്ന് രണ്ടു പേർ പീറ്ററിനൊപ്പം കയറിപ്പോയി അഞ്ചു മിനിറ്റിൽ ഒരു പെട്ടിയും പൊക്കിക്കൊണ്ട് വന്നു.
അച്ചൻ തന്നെ അതു തുറന്നു. ഒരു അഞ്ചടിയെങ്കിലും കുറഞ്ഞത് കാണും. വസ്ത്രങ്ങളെല്ലാം ധരിപ്പിച്ചിട്ടുണ്ട്. ഒരു മനുഷ്യന്റെ ആകാര വടിവുകൾ തന്നെ.
“നല്ല ഭംഗിയുള്ള പാവ. ഇതിയാന്റെ ഭാര്യയും അപ്പോ നല്ല സുന്ദരി ആയിരിന്നിരിക്കും അല്ലിയോ”
“ഒന്ന് മിണ്ടാതിരിയെന്റെ അന്നമ്മോ”
പീറ്റർ അതിനെ പുറത്തേക്കെടുത്ത് ചാരിനിർത്തി ഏതോ ബട്ടൻ അമർത്തി. പെട്ടന്നത് സംസാരിച്ചു.
“എന്തേലും കഴിച്ചോ എന്റെ മോൻ?” അത് കഴിഞ്ഞ് പാവ മിണ്ടാതായി.
“ശബ്ദം മാത്രേ ഉള്ളല്ലേ. അനങ്ങുന്നില്ലല്ലോ”
“എന്തൊക്കെ അറിയണം ഓരോരുത്തർക്ക്”
“നല്ല ശബ്ദം. ഭാര്യയുടെ”
അരികിൽ നിൽക്കുകയായിരുന്ന ചേന മാത്യൂസിനു അതിനെ ഒന്ന് തൊട്ടു നോക്കണം എന്നുണ്ടായിരുന്നു. അച്ചനുള്ളതിനാൽ ആഗ്രഹം അയാൾ വിഴുങ്ങി. പീറ്റർ ഒരിക്കൽ കൂടി ബട്ടണിൽ ഞെക്കി. പാവ സംസാരിച്ചു.
“കുഞ്ഞനൊരുമ്മ തരട്ടേ? ഉമ്മ”
അതോടെ അവിടെ കൂട്ടച്ചിരി മുഴങ്ങി.
“ഭാര്യമാരുടെ ഓരോ ഗിഫ്റ്റുകളേ. മതി മതി കണ്ടത്. പെണ്ണുങ്ങളൊക്കെ പിരിഞ്ഞു പോയേ”
അടക്കിപ്പിടിച്ച ചിരി അവിടെങ്ങും നിറഞ്ഞു. ജനക്കൂട്ടം സാവധാനത്തിൽ പിരിഞ്ഞു. പീറ്ററും അച്ചനും കൂടെ പാവയും പെട്ടിയും ചുമന്ന് അകത്തേക്ക് കയറ്റി വച്ചു. ചിലരൊക്കെ പ്രേതപ്പറമ്പിൽ കുറച്ചു നേരം കൂടി തങ്ങി നിന്നു.
“ഇങ്ങേരെ ഭാര്യ കുഞ്ഞനെന്നാ വിളിക്കുന്നേ. അതെന്നാ കാരണമെന്ന് മനസിലായോ?”
“അങ്ങേരു ഇതിനൊപ്പമാണോ കിടത്തം?”
“ഭാര്യയുടെ ശബ്ദം എങ്ങനെയാ ഇതിനുള്ളിൽ പിടിപ്പിച്ചേ?”
“എടിയേ നീ ചത്താ എനിക്കിതു പോലെ ഒന്നു മതി കേട്ടോ”
“ആ ശരി പക്ഷെ നിങ്ങളു ചത്താ ഞാൻ ആണൊരുത്തനെ കെട്ടും”
“എന്നാലും ഇതൊക്കെ ആ അച്ചൻ അനുവദിക്കുന്നുണ്ടല്ലോ? ജീവനില്ലാത്ത അതിന്റെ മേലാണോ ഇവന്റെ പണി?”
“ഇതിനൊരെണ്ണത്തിനു എത്ര കാണും?”
“അങ്ങേരുടെ മൊഖത്ത് എന്നാ ഒരു വിഷദാത്മകതയാ അല്ലിയോ?”
“എന്താ ഒരു സ്നേഹം അല്ലേ. അനുഭവിക്കാനും ഒരു യോഗം വേണേ”
“ആ പാവ ഇട്ടേക്കുന്നത് അയാക്കടെ ഭാര്യേടെ ഡ്രസായിരിക്കുമോ?”
“എത്ര കാണും ആ പാവേടെ സൈസ് 34 സി എങ്കിലും കാണും അല്ലേടാ?”
എന്നിങ്ങനെ പല പല ചർച്ചകൾ ഇതിനു ശേഷം പള്ളിക്കുന്നിലുണ്ടായെങ്കിലും പ്രേതപ്പറമ്പിനെക്കുറിച്ചുള്ള ഭയം കുറച്ചു നാളേക്ക് എങ്കിലും ആളുകളിൽ നിന്നും ഒഴിഞ്ഞു കണ്ടു. കുരുടി കുര്യനാണ് ഒടുവിൽ ഇതിന്റെ സത്യം പുറത്ത് കൊണ്ടു വന്നത്. വിദേശത്തുള്ള മക്കളെ വിളിച്ചപ്പം പാവക്കഥ കേട്ട് രണ്ടാമത്തവളാണ് കുര്യനു പറഞ്ഞ് കൊടുത്തത്
“അപ്പാ, എന്നാ പിന്നെ അത് സാധാരണ പാവയാവില്ല. സൗണ്ട് ഒക്കെ ഉണ്ടെങ്കിൽ വല്ല സെക്സ് ഡോൾ കസ്റ്റമൈസ് ചെയ്തത് ആവും”
“അതെന്നായീ സെക്സ് ഡോള്?”
“അതിപ്പോ ഞാൻ എന്നാ പറയാനാ. അപ്പൻ ഇതൊന്നും അധികം ആലോചിച്ച് തല പുണ്ണാക്കണ്ട കേട്ടല്ലോ. അമ്മച്ചിക്ക് ഫോൺ കൊടുത്തേ”
“ഓ അപ്പം വെറും പാവയല്ല അത്. സെക്സ് ഡോള് ആണല്ലേ”
കുരുടി കുര്യൻ തന്റെ അറിവ് പിറ്റേന്ന് കവലയിൽ വച്ച് ചെരിഞ്ഞു.
പിറ്റേ ഞായറാഴ്ച പീറ്റർ പ്രേതപ്പറമ്പിൽ നിന്നും പള്ളിയിലേക്കിറങ്ങി കുർബാന കൂടി. അവിടെ നിന്നും നേരെ ചായക്കടയിലേക്കിറങ്ങി ആളുകളോട് കുശലം പറഞ്ഞു. മുഖത്തെ വൈകൃതം അയാൾക്ക് കൂടുതൽ ശോഭ നൽകുന്നതായി ഏലിയാമ്മക്ക് തോന്നി. സൗമ്യമായ സംസാരം. ഭാര്യയെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും കണ്ണു നിറയും. അത്ര ഇഷ്ടം. പള്ളിക്കുന്നിലെ ഒരുത്തനേം പോലെയല്ല. ഇതിനിടയിലാരോ അയാൾക്ക് സംഭവിച്ച റോഡപകടം ആത്മഹത്യാശ്രമമായിരുന്നോ എന്നൊരു സംശയം പ്രകടിപ്പിച്ചു. ഒറ്റക്ക് ജീവിക്കാൻ കഴിയാതെ ഓർമ്മകളെ വഹിക്കുന്നതിൽ പരാജയപ്പെട്ട ഒരാൾ. അതോടെ നാട്ടുകാരുടെ സഹതാപ തരംഗം അയാൾക്ക് അനുകൂലമായി തിരിഞ്ഞു.
“സ്നേഹത്തിനായി സ്വന്തം ജീവൻ കൊടുത്ത ആളാ”
ആളുകൾ അയാളെ നോക്കുന്ന രീതി തന്നെ മാറിപ്പോയി. ദിവസേന കൊന്ത ചൊല്ലുന്ന വീട്ടുകാരിൽ ചിലർ തങ്ങളുടെ പ്രാർത്ഥനയിൽ അയാളെ ഉൾപ്പെടുത്തി. പതിയെ ആണെങ്കിലും അയാൾ ആളുകൾക്ക് പ്രിയങ്കരനായ പള്ളിക്കുന്നുകാരനായി.
“എന്നതാ ഞാനിപ്പം കണ്ടേ. ആ പാവ പീറ്ററല്ലേ കാറീൽ പോയത്” ചായ അടിക്കുന്നതിനിടെ ഔസേപ്പൂട്ടി സംഭവം കണ്ടു. ഡ്രാക്കുള പീറ്ററെന്ന പേരിൽ നിന്നും മുട്ട സാറാമ്മ അയാൾക്ക് പാവ പീറ്ററെന്ന് നാമക്കയറ്റം നൽകിയിരുന്നു.
“അങ്ങേരുടെ വണ്ടി നിങ്ങൾ കണ്ടില്ലായിരുന്നോ”
“എടാ മത്തേ കാറല്ല. കാറിന്റെ സൈഡ് സീറ്റി ആരാന്ന് കണ്ടാരുന്നോ”
“ആരാ ഔസേപ്പൂട്ടീ?”
“ആ പാവ”
“പോടാ”
“അവനു സ്നേഹം മൂത്ത് പ്രാന്തായതാ”
“പ്രാന്തൻ ജോസ് കേക്കണ്ട”
“ആ വണ്ടി തിരിച്ചു വരുമല്ലോ അപ്പോ കാണാം”
ഔസേപ്പൂട്ടി പറഞ്ഞത് സത്യമായിരുന്നു. കാറിന്റെ സൈഡ് സീറ്റിൽ ഗമ പിടിച്ചിരിപ്പാണ് പാവ. അതു വരെ പെട്ടിയിൽ എടുത്ത് വച്ച പാവയെ നാട്ടുകാർ അംഗീകരിച്ചതോടെ പാവയോട് ചെറിയ ഒരിഷ്ടമൊക്കെ അയാൾക്ക് തോന്നിക്കാണണം. കാരണം അയാൾ അതിനെ സ്വന്തം ഭാര്യയുടെ അതേ പേരു തന്നെയാണിപ്പം വിളിക്കുന്നത്. റീത്ത. പാവയെന്ന് വിളിച്ച കള്ളമ്പൈലിയോട് പാവപ്പീറ്റർ കെറുവിച്ചു.
“റീത്താന്ന് വിളിച്ചാ മതി”
“എന്നാ”
“ഇനി അതിനെ പാവാന്ന് വിളിക്കണ്ട. അവടെ പേരു വിളിച്ചാ മതി. റീത്ത”
“അല്ല ഞാൻ അറിഞ്ഞില്ലായിരുന്നു പേരിട്ടത്”
പഴമ്പൊരി വാങ്ങി ഒന്നും പറയാതെ പാവപ്പീറ്റർ ഇറങ്ങി. അയാൾ കാറോടിച്ച് പോയതിനു ശേഷം ഔസേപ്പൂട്ടി ബാക്കിയുള്ളവരോടായി പറഞ്ഞു.
“ഈ അച്ചൻ കാരണം ആരുടെയൊക്കെ പ്രാന്ത് കാണണം”
കാര്യമറിഞ്ഞപ്പോൾ പള്ളിക്കുന്നിലെ സ്ത്രീകൾ അയാൾക്ക് പൂർണ്ണ പിന്തുണ നൽകി.
“ഒന്നില്ലേലും സ്വന്തം ഭാര്യ മരിച്ചിട്ടും വേറെ പെണ്ണുങ്ങടെ അടുത്തു മണപ്പിക്കാനല്ലല്ലോ അങ്ങേരു പോയത്”
“ഇതൊക്കെയാണ് നിരുപാധികപ്രണയം. നമുക്കിതൊക്കെ അനുഭവിക്കാൻ വല്ല ഭാഗ്യോം ഉണ്ടോ?”
“അങ്ങേരതിനെ കൊണ്ടു നടക്കുകയോ കൂടെക്കിടക്കുകയോ എന്നതേലും ചെയ്യട്ടേ നിങ്ങളെ അത് ബാധിക്കുന്നില്ലല്ലോ പിന്നെയെന്നാ. അങ്ങേരാർക്കും ഒരു ദ്രോഹവും ചെയുന്നില്ല പിന്നെന്നാ?”
“അതെല്ലടീ”
“അതേ ആദ്യം നിങ്ങള് സ്വന്തം കാര്യം നോക്കി ജീവിക്കാൻ പഠിക്ക്. ഒരു സദാചാരക്കമിറ്റിക്കാര് വന്നേക്കുന്നു” ഏലിയാമക്ക് കലിപ്പ് തീരണില്ല.
അതിൽപ്പിന്നെ പാവപ്പീറ്ററിന്റെ കാറ് പലതവണ അങ്ങോട്ടുമിങ്ങോട്ടും പോയി. അപ്പോഴൊക്കെ സൈഡ് സീറ്റിലിരുന്ന് റീത്ത നാട്ടുകാരെ നോക്കി ചിരിച്ചു.
ആരോടോ ഉള്ള വാശിയെന്നോണം പാവപ്പീറ്റർ റീത്തയെ എപ്പോഴും കൂടെക്കൂട്ടി. പലചരക്ക് വാങ്ങാനും ചായ കുടിക്കാനും നടക്കാനും ഒക്കെ കൂട്ടിന് റീത്ത വേണം. അയാൾ റീത്തയെ നാട് കാണിക്കാൻ കൊണ്ടു പോയി. മിന്നാമുനുങ്ങുകളെ കാണിക്കാൻ കൊണ്ടു പോയി. കാട് കാണിക്കാൻ കൊണ്ടു പോയി. മലഞ്ചെരിവും അടിവാരവും കണ്ടു.പൂക്കളേയും തോപ്പുകളേയും വെള്ളച്ചാട്ടത്തേയും കാണാൻ പോയി. ഞൊണ്ടിക്കൊണ്ടാണെങ്കിലും ഇരുവരും ഇടവഴികളിലൂടെ നടക്കാൻ പോയി. അയാൾ റീത്തയെ കൊഞ്ചിക്കുന്നത് കണ്ട് പല ദമ്പതികൾക്കും കൊതി തോന്നി.
എന്റെ കൺമണിയെവിടെ? എന്റെ ടപ്പിർണ്ണു മണിയെവിടെ? എന്റെ ബബ്ളിംഗാ കുഞ്ഞെവിടെ? എന്റെ സുന്ദരി മോളെവിടെ?
പാവയുടെ കൂടെയല്ലാതെ അയാളെ കാണാനാവില്ല എന്നായി അവസ്ഥ. ചായക്കടയിലോട്ട് പോകുമ്പോഴും കൊച്ചു കുഞ്ഞിനെയെന്ന പോലെ അയാളതിനെ പിറകിൽ വച്ചു കെട്ടി കൊണ്ടു വന്നു. അത്യാവശ്യമായി അയാളെ മാനസികാരോഗ്യ വിദഗ്ദനെ കാണിക്കണമെന്ന് പലരും അച്ചനോട് ചെന്ന് അഭിപ്രായപ്പെട്ടു.
“ഇത് നല്ല കൂത്ത്”
“ഭാര്യ മരിച്ച ഷോക്കിലല്ലേ, പോരാത്തതിന് ആക്സിഡന്റും. ഇപ്പോൾ നമ്മൾ പറഞ്ഞാൽ പിന്നെ പുള്ളീയീ ജന്മം വീട് വിട്ടിറങ്ങത്തില്ല. മുഖം ശരിയല്ലെന്ന് തോന്നിയാ തീർന്നു. അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് കാണും. പതുക്കെ പറയാം. അതു വരെ നമുക്കിത് ക്ഷമിക്കാം”
“എന്നാത്തിനാ അച്ചോ. ദേ അയാക്ക് ഇവിടുന്ന് പെണ്ണിനെക്കിട്ടത്തില്ലേ? വേണേൽ സിൻസിയെ അയാക്ക് കെട്ടിച്ചു കൊടുക്കാം.എന്നാലേലും അയാക്കടെ ഈ പാവകളി ഒന്നു നിൽക്കുവല്ലോ”
“അതിനു സിൻസീടെ ഡിവോഴ്സ് കഴിഞ്ഞോ”
“കഴിഞ്ഞാലും ഇല്ലേലും ഇങ്ങേരും ഒന്ന് കെട്ടിയതല്ലേ”
എത്രയൊക്കെ പറഞ്ഞാലും പീറ്ററിന്റെ പാവകളി പള്ളിക്കുന്നിലെ യാഥാസ്ഥിതികരായ വിശ്വാസികൾക്ക് അത്ര പിടിച്ചില്ല. ചില പെണ്ണുങ്ങക്കാണേൽ അതവരുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്ത പോലായി.
“നല്ല കൊഴുവുള്ള പെണ്ണുങ്ങളെ അവൻ കണ്ടിട്ടില്ല അതാ”
“കാണുമ്പോ നമ്മക്ക് തന്നെ ചെറിയ ബുദ്ധിമുട്ടാ”
“എന്നാ ബുദ്ധിമുട്ട്?”
“നമ്മളെയൊന്നും കൊള്ളാഞ്ഞിട്ടല്ലേ എന്നൊരു”
“എന്നാ ആണേലും അതൊരു പാവയാ. കെടന്ന് കൊടുക്കാനല്ലേ പറ്റൂ”
“അല്ലേലിപ്പം ഇവിടുത്തെ പെണ്ണുങ്ങള് മറിക്കും”
“കെടക്കേല് പാവകളല്ലാർന്നോ നമ്മളും”
“അത് പണ്ട്. എന്നാ പറഞ്ഞാലും ഇച്ചരെ സ്നേഹം തിരിച്ചു കൊടുക്കാൻ മനുഷ്യന്മാരെന്നെ വേണേ”
“സ്നേഹം മാത്രവല്ല”
“പാവപീറ്ററൊരു മണ്ടൻ ആയതിന് നമ്മളെന്നാ പെഴച്ചു?”
അച്ചൻ പീറ്ററിനു പിന്തുണയുമായി ഉണ്ടായതു കൊണ്ടു മാത്രം അവരൊന്നും മറുത്തു പറയാതെ ഒതുങ്ങി. എന്നാൽ കാട്ടുമുക്കൻ അവറാന്റെ വീട്ടിലെ പ്രേതബാധ വിഷയമായതോടെ വീണ്ടും പീറ്ററും പ്രേതപ്പറമ്പും വർത്തമാനങ്ങളിൽ പൊന്തി വന്നു.
കാട്ടുമുക്കൻ അവറാൻ ലോറി ഡ്രൈവറാണ്. ഇപ്പോഴും ഓട്ടങ്ങൾക്കൊക്കെ പോകലുണ്ട്. വയസായതിന്റെ ക്ഷീണം പുള്ളിയെ ബാധിച്ച് തുടങ്ങുന്നതേയുള്ളൂ. അങ്ങേരുടെ വീട്ടിലാണ് അസ്വാഭാവികമായ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. ആദ്യഘട്ടത്തിൽ അവറാൻ അതെല്ലാം അവഗണിച്ചെങ്കിലും മകൻ സജിത്തിനും അതേ അനുഭവങ്ങൾ ഉണ്ടായതോടെ അവർക്ക് ചെറിയ ഭയം തോന്നി. അതുവരെ പള്ളിക്കാര്യത്തിൽ ലവലേശം താൽപ്പര്യമില്ലാതിരുന്ന അവറാൻ അച്ചനെ പള്ളിയിൽ പോയി നേരിൽ കണ്ടാണ് കാര്യങ്ങൾ വിശദീകരിച്ചത്. പ്രധാനമായും നാലഞ്ചു കാര്യങ്ങളാണ് അവറാൻ അച്ചന്റെ ശ്രദ്ധയിൽ പെടുത്തിയത്.
ദുർഗന്ധം: ഉറവിടം എവിടെ നിന്നെന്ന് അറിയില്ല. അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. ചില സമയം വെളുത്ത് കൊഴുത്ത ദ്രാവകം കാണാമെന്ന് സജിത്ത് പറയുന്നു.
പാത്രങ്ങളുടെ അനക്കം: ഉറങ്ങിക്കിടക്കുമ്പോൾ പാത്രങ്ങളെല്ലാം ഒരുമിച്ചു വീണ അനുഭവം. വച്ചാൽ വച്ചിടത്ത് കാണില്ല. ഗ്ലാസുകൾ പലതും വീണ് പൊട്ടുന്നുണ്ട്.
കരച്ചിൽ: കരച്ചിലാണോ എന്നുറപ്പില്ലാത്ത അവ്യക്തമായ ശബ്ദങ്ങൾ. എപ്പോഴുമില്ല. പക്ഷെ ഉറവിടം കണ്ടെത്താനായില്ല.
ഊഷ്മാവ് വ്യതിയാനങ്ങൾ: മുറിയിലെ പലയിടങ്ങളിൽ പല ഊഷ്മാവ്. ഒരു മുറിയിൽ മാത്രം കടുത്ത തണുപ്പ്.
ബൾബ് ഫ്യൂസ് ആവൽ, ഫോൺ വർക്ക് ആകാതിരിക്കൽ : അല്ലെങ്കിലേ ഒന്നോ രണ്ടോ റേഞ്ച് കട്ടയേ ആ വീട്ടിലുള്ളൂ. ഇപ്പോഴതുമില്ല.വടക്കേപ്പറത്തെ മുറിയിലെ ബൾബുകൾ പലപ്പോഴായി ഫ്യൂസാവുന്നു.
“ഈ അവറാന്റെ വീട് വക്കുന്നതിനും പണ്ടേ, പണ്ടേന്ന് വച്ചാൽ പണ്ടുപണ്ടേ . ഇത് ഞാൻ പറഞ്ഞു കേട്ടിട്ടുള്ളതാണേ. ഇവിടെ ഒരു ചെറോണ്ണത്തള്ള ഇല്ലാർന്നോ. അവര് പറഞ്ഞ് പേടിപ്പിക്കും കുഞ്ഞിലേ. ഈ പള്ളിക്കുന്ന് പണ്ട് കാടായിരുന്നു. അന്നിവടെ പള്ളിയൊന്നുമില്ല. പട്ടിണി, പ്രേമം അങ്ങനെ പല കുഴപ്പങ്ങൾ കാരണം നാട് വിടേണ്ടി വന്ന ആൾക്കാര് മാത്രം താമസിക്കുന്ന കാട്. ചെറോണത്തള്ളയുടെ അമ്മയും ഇതു പോലൊരു പ്രശ്നത്തീ ഓടിപ്പോന്നതാ. ആ സമയം ഈ കാട്ടിൽ പ്രേതങ്ങളുടേയും പിശാചുക്കളുടേയും വിളയാട്ടമായിരുന്നു. ഇതിനോടൊക്കെ മല്ലിട്ടാ മനുഷ്യർ ഇവിടെ ജീവിക്കാൻ പഠിച്ചേ. കൂടെ കാട്ടുമൃഗങ്ങളും. ഈ പറഞ്ഞ അവറാന്റെ സ്ഥലത്ത് ചില രാത്രി ഏതോ മനുഷ്യർ കൂട്ടിയിട്ട് തീ കത്തിക്കും. കാട്ടുവാസികളാണെന്നാ ആദ്യം കരുതിയേ. അല്ല. അവര് കാട്ടിൽ നിന്നാ ഇറങ്ങി വരിക.. ഡ്രസ്സൊന്നും ഇടാതെ ഇവര് തീക്ക് ചുറ്റും പാട്ടും ഡാൻസും കൂത്തും ആണ്. എന്തൊക്കെയോ ആഭിചാരങ്ങളും മന്ത്രവാദോം ഒക്കെ ആയിരുന്നു എന്നാ പിന്നെ അറിയുന്നേ. അവസാനം പള്ളി എടപെട്ടാ ഇവറ്റകളെ ഒക്കെ ഓടിപ്പിച്ചേ. പള്ളീലെ ആളുകളും നാട്ടുകാരും കൂടി കാത്തിരുന്ന്, തീ കത്തിച്ച് കൂടുന്ന ദിവസം എല്ലാത്തിനേയും വെട്ടിക്കൂട്ടി അതേ തീയിൽ തന്നെ ദഹിപ്പിച്ചെന്നാ കഥ. ആ സ്ഥലത്താ അവറാന്റെ വീടിരിക്കുന്നേ. അപ്പോ ശല്യം ഉണ്ടാവണമല്ലോ”
“അന്നത്തെ ആ പ്രശ്നത്തിനു ശേഷവാ ഇവിടെ പള്ളിയെല്ലാം വന്നതേ”
“അച്ചനിതൊന്നും അറിയത്തില്ലെന്നേ. അവറാനു പോലും അറിവു കാണുകേലാ”
കാര്യം അറിഞ്ഞപ്പോൾ തന്നെ കപ്യാരോടൊപ്പം ലൂക്കോ അച്ചൻ വീട് പരിശോധിക്കുവാനായി എത്തി. അന്ന് കുറച്ചധികം സമയം എല്ലാവരും കൂടെ മുട്ടു കുത്തി കൊന്ത ചൊല്ലി, പ്രാർത്ഥിച്ചു. പള്ളിയിൽ നിന്നും കൊണ്ടു വന്ന തിരുസ്നാനജലം വീട്ടിലെല്ലായിടത്തും തളിച്ചു. നടപടിക്രമങ്ങൾ എല്ലാം കഴിഞ്ഞ് അച്ചൻ അവറാനേയും കുടുംബത്തേയും വിളിച്ച് സംസാരിച്ചു.
“അവറാച്ചാ അപ്പനും അപ്പാപ്പനും ഈ വീട്ടി കിടന്ന് തന്നാ മരിച്ചത് അല്ലേ?”
“അതേ”
“അവരു ഈ വീടിനു കാവലാണെന്നറിയാമോ”
“ഉവ്വ് അച്ചോ”
“എന്നാൽ ഇപ്പം അങ്ങനല്ല. ഇതെല്ലാം അവരുടെ പണിയാ”
“അച്ചൻ കാര്യം പറ അച്ചോ. എന്നതാ ഉണ്ടായേ”
“രണ്ട് പേരുടെ സാന്നിധ്യമാണ് ഈ വീട്ടിൽ മുൻപ് എനിക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് അത് അങ്ങനല്ല“
“വേറെ ആരാണച്ചോ” അവറാച്ചൻ ഉൾക്കിടിലം കൊണ്ടു.
“ആരാണെന്നത് നമുക്ക് പറയാനായിട്ടില്ല. എന്നാൽ ഒന്ന് ഞാൻ പറയാം. നിങ്ങളുടെ അപ്പനും അപ്പാപ്പനും തന്നാ ഈ കാണുന്ന പണികൾ ചെയ്യുന്നത്. അതായത് ഈ അല്ലറ ചില്ലറ പണികൾ. പാത്രം വലിച്ചെറിയുക, ബൾബ് ഫ്യൂസ് ആക്കുക. അവർക്കിഷ്ടമുണ്ടായിട്ടാവില്ല. അവരെക്കൊണ്ട് ആരെങ്കിലും ചെയ്യിക്കുന്നതാവാം. അവർക്കെന്നോട് കമ്യൂണിക്കേറ്റ് ചെയ്യാൻ എന്തോ ഭയം പോലെയാണ് എനിക്ക് തോന്നിയത്. അവർക്ക് ആരെയാണ് ഭയം?”
“ആരെയാണച്ചോ?”
“ഈ സാധാരണ പ്രേതങ്ങളെ അടിമകളാക്കി അവരെ നിരന്തരം പീഡിപ്പിക്കുന്നവർ ആരാണെന്ന് അറിയാമോ?”
“ഇല്ല”
“ഡീമൺസ്. നരകത്തീന്നൊള്ള ദുർദേവതകൾ” അവറാച്ചൻ കാര്യം മനസിലാകാതെ അച്ചനെ നോക്കി
“അങ്ങനെ ചുമ്മാ അവരിവടെ വരത്തില്ല. എന്നതേലും കാരണം കാണും”
“എന്ത് കാരണം?”
“അവരുടേം നമ്മടേം ഇടേലുള്ള വാതില് ആരോ തുറന്നിട്ടുണ്ട് അതാരാവും?”
“ആരാവും?”
“ആരൊക്കെയാ ഇവിടെ വന്നത്?”
“അങ്ങനാരും വന്നില്ലാർന്നു. ആ സജിത്തിന്റെ കൊറച്ച് കൂട്ടുകാരു വന്നാരുന്നു. അടിവാരത്തൊള്ള”
“അവര് നല്ല പയ്യന്മാരാന്നേ”
“പിന്നെ രണ്ടു ദിവസം മുന്ന് പാവപ്പീറ്റർ വന്നാരുന്നു. സജിത്തിനെ അന്വേഷിച്ച്”
മകൻ സജിത്ത് മെക്കാനിക്കാണ്.
“ഉം” അച്ചൻ ഒന്ന് മൂളി പിന്നെ പറഞ്ഞു.
“ഈ വീടാണോ അതോ ഏതെങ്കിലും ശരീരമാണോ മൂന്നാമന് വേണ്ടതെന്ന് മനസിലാകുന്നില്ല. എന്തായാലും നിങ്ങൾ ഇവിടുന്ന് തൽക്കാലം മാറി നിൽക്കണം”
അതോടെ വീടിന്റെ ഈ ദുർഗതിക്ക് കാരണം പീറ്ററിന്റെ വീട്ടിലേക്കുള്ള സന്ദർശനമാണെന്ന് അവറാച്ചൻ വിശ്വസിച്ചു. കള്ളടിച്ച് പൂസായ ഒരു വൈകുന്നേരം കവലയിൽ വച്ച് പീറ്ററിന്റെ കാറ് തടഞ്ഞു നിർത്തി അവറാച്ചൻ ഷോ ഇറക്കി.
“എന്നാ കൂടോത്രമാടാ മൈരേ നീ വീട്ടിൽ വന്ന് ചെയ്തിട്ട് പോയത്. അവന്റെ ഒരു കാറും പാവേം. ഉളുപ്പുണ്ടോടാ നാറീ നിനക്ക്, ഒരു പാവയെ കെട്ടിയവളാന്നും പറഞ്ഞ് കെട്ടി എഴുന്നള്ളിച്ച് കൊണ്ട് നടക്കാനായിട്ട്. ഈ നാട്ടിലേ ചോദിക്കാൻ ആരുമില്ലാന്ന് കരുതിയോടാ നായേ. നാട്ടുകാരെ നിനക്ക് പറ്റിക്കാം. പക്ഷെ ഈ അവറാനെ അതിനു കിട്ടില്ല”
അവറാച്ചനെ പിടിച്ചു മാറ്റാൻ പലരും വന്നെങ്കിലും അവരെയെല്ലാം കുടുംബമടക്കം അധിക്ഷേപിച്ച് പറഞ്ഞു വിടാൻ അങ്ങേർക്ക് വലിയ സമയം വേണ്ടി വന്നില്ല. കുഴിനഖത്തിന്റെ വേദന മറന്ന് അവറാൻ അവിടെ ചവിട്ടുനാടകം കളിച്ചു.
പീറ്റർ വണ്ടി നിർത്തിയിട്ട് ആൾക്കൂട്ടമൊഴിയാൻ കാത്തു നിന്നു.
“മാനോം മര്യാദക്കും ജീവിക്കുന്നോരാടാ ഇവിടെ. കൊച്ചു പിള്ളേരെടെ മുന്നിക്കൂടാ അവന്റെയൊരു പാവ കളി. കത്തിക്കും ഞാനത്”
പീറ്ററിനെ പ്രകോപിപ്പിക്കുന്നതിന്റെ ഭാഗമായി അവറാച്ചൻ കാറിന്റെ ഡോർ തുറന്ന് റീത്തയെ എടുത്ത് പുറത്തേക്ക് എറിഞ്ഞു.
കിട്ടിയ ആദ്യത്തെ അടിയിൽ തന്നെ അവറാച്ചൻ കറങ്ങി താഴെ വീണു. എന്നാൽ ചായ കുടിക്കാൻ അവിടെ വന്നിട്ടുണ്ടായിരുന്ന മകൻ സജിത്ത് കാണികൾക്കിടയിൽ നിന്നും ഇത് കണ്ട് പീറ്ററിനെതിരെ ഇറങ്ങി. സജിത്ത് ഇറങ്ങിയതോടെ അവന്റെ കൂട്ടുകാരുമിറങ്ങി. അടിയോടടിയായിരുന്നു പിന്നീടങ്ങോട്ട്. കരണം പുകക്കുന്ന അടി. പിടിച്ചു മാറ്റാൻ വന്നവർക്കും കിട്ടി. റീത്തയെ തിരിച്ച് കാറിൽ എടുത്ത് വച്ചതിനു ശേഷമായിരുന്നു പീറ്റർ എല്ലാവരേയും നേരിട്ടത്. ഒരു കാലിന് തട്ടുകേടുണ്ടായിരുന്നതു കൊണ്ട് ആ ഭാഗം ഉള്ളിലേക്ക് മറച്ചാണ് പീറ്റർ അടിച്ചിരുന്നത്. സജിത്തിന്റെ കൂട്ടുകാർ ചിതറിയോടുന്ന വരെ പീറ്റർ നിന്നടിച്ചു. സജിത്ത് മാത്രം ഓടിയില്ല. അവനൊറ്റക്ക് വീഴാതെ പിടിച്ചു നിന്നു. അവസാനം സജിത്തിനെ ദൂരേക്ക് തള്ളി മാറ്റി പീറ്റർ കാറിനുള്ളിൽ കയറി ഡോറടിച്ചു. സജിത്ത് വേഗം അപ്പനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ആടിച്ചെന്നു. അങ്ങേരെ എടുത്ത് പൊക്കുന്നതിനിടെ പീറ്റർ കാറോടിച്ച് പോകുന്നത് സജിത്ത് കണ്ണിന്റെ ഒരറ്റം വച്ച് കണ്ടു.
“ഇമ്മാതിരി ഒരടി ഈ കവല ഇന്നേ വരെ കണ്ടിട്ടില്ല”
“ആക്സിഡന്റ് കഴിഞ്ഞ ഒരു ഞൊണ്ടിയടിച്ച അടിയേ. ഇക്കണക്കിനു അവന്റെ നല്ല കാലത്ത് എന്നാ ഒരിതായിരിക്കും അല്ലേ?”
“മാപ്ല ഫിറ്റ് വിട്ട് എഴുന്നേക്കട്ടെ. അവൻ ബാക്കിയുണ്ടാവില്ല. പണ്ടത്തെ അവറാച്ചനെ നിങ്ങക്കറിയൂല”
“ഒരു വരത്തൻ വന്ന് സിമ്പിളായിട്ട് നാട്ടുകാർക്കിട്ട് മേഞ്ഞിട്ട് പോയി”
“ഓ ഇവിടിപ്പാരാ വരത്തൻ അല്ലാത്തേ”
“കളരിയാ പീറ്റർ. കാറിൽ തൊട്ട് ചാടി ഉള്ള ആ ചവിട്ട് എന്നായിരുന്നു”
അടി കാണാത്തവർ കാണാത്തവർ അതിനെപ്പറ്റി കേട്ട് കോരിത്തരിച്ചു. ആണുങ്ങക്ക് പ്രാന്താന്ന് പറഞ്ഞ് പെണ്ണുങ്ങൾ തങ്ങളുടെ പാട് നോക്കി പോയി.
അന്ന് രാത്രി തന്നെ തിരിച്ചടിക്കാൻ സജിത്തും പിള്ളേരും വീട്ടിലിരുന്ന് പ്ലാൻ ചെയ്തു. രണ്ട് കുപ്പി മദ്യമാണ് അതിനാകെ ചിലവായത്. അവന്റെ സുഹൃത്തുക്കൾ അടിവാരത്ത് നിന്നും വണ്ടി കയറി വന്നു. സജിത്തിനു പിന്തുണയുമായി പാവപീറ്ററിനെതിർ ഗ്രൂപ്പിലെ പ്രമുഖർ പലരും വന്നു പോയി. അവർ നൽകിയ സഹായ വാഗ്ദാനങ്ങളെല്ലാം തന്നെ സജിത്ത് നിരാകരിച്ചു.
“ഒരു ഞൊണ്ടിയെ തല്ലിത്തോപ്പിക്കാൻ സജിത്തിന് ഒരുത്തന്റേം സഹായം വേണ്ട. പൊക്കോണം എല്ലാം”
കഴിഞ്ഞ വട്ടത്തെപ്പോലെ പകൽ പോയി പീറ്ററിന്റെ വായിൽ ചെന്നു കേറിക്കൊടുക്കരുതെന്ന് അവർ തീരുമാനിച്ചിരുന്നു. പകരം പാതി രാത്രി മതി. ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം ആ പാവയാണ്. അത് വല്ല വിധേനയും കത്തിക്കണം. സജിത്ത്, ആന്റണി, ജീവൻ, സന്തോഷ് നാലു പേരും അടിവാരത്തെ വർക്ക് ഷോപ്പിലെ പണിക്കാരാണ്. അവരു ചെയ്തു കൂട്ടിയ ഇരപ്പാളിത്തരങ്ങൾ അത്ര ചെറുതൊന്നുമല്ല. പോലീസ് പൊക്കാത്തതു കൊണ്ട് ഒന്നും ആരും അറിഞ്ഞിട്ടില്ലെന്നേയുള്ളൂ. പോകും നേരം അപ്പൻ അവറാൻ സജിത്തിനെ വിളിച്ച് കയ്യിലുണ്ടായിരുന്ന മലപ്പുറം കത്തി അരയിൽ വച്ചു കൊടുത്തു. മണ്ണെണ്ണ പാട്ട, ഇരുമ്പ് വടി, സിഗററ്റ് ലൈറ്റർ, ഇടിക്കട്ട, ക്രാങ്ക് എന്നിങ്ങനെ പലതും അവർ കയ്യിൽ കരുതിയിരുന്നു. രാത്രി പന്ത്രണ്ടിന്റെ പള്ളി മണിയടിച്ചപ്പോൾ അവർ നാലും പ്രേതപ്പറമ്പിലേക്ക് ഇറങ്ങി.
വീട്ടിൽ കയറിയപ്പോഴേ കടുത്ത തണുപ്പ് അവർക്ക് അനുഭവപ്പെട്ടു.
“ഇതിനകത്ത് അങ്ങേരെങ്ങനെ കഴിയുന്നെന്നാ”
“മലര്. അങ്ങേരിതെവിടാ?”
പീറ്ററിനൊപ്പം കിടക്കയിലായിരിക്കും പാവയെന്ന് കരുതിയ അവർക്ക് തെറ്റി. പീറ്റർ കിടക്കയിൽ ഒറ്റക്ക് കിടന്നുറങ്ങുന്നു. അവർ പാവയുടെ ശവപ്പെട്ടി തപ്പി അടുത്ത മുറിയിലേക്ക് പോകുവാൻ തീരുമാനിച്ചു. പീറ്ററിനെ അടിച്ച് ബോധം കെടുത്തിയ ശേഷം മതി പാവയെ കത്തിക്കലെന്ന അഭിപ്രായക്കാരനായിരുന്നു സജിത്ത്. അതു വേണ്ട അയാൾ വരുമ്പോൾ തലക്കടിച്ചു വീഴ്ത്താൻ രണ്ടു പേർ വാതിക്കൽ നിന്നാൽ മതിയെന്ന് ആന്റണി പറഞ്ഞു. സജിത്തും ആന്റണിയും ശവപ്പെട്ടി തപ്പാൻ പോയപ്പോൾ പീറ്ററിനെ അടിച്ചു വീഴ്ത്താൻ ജാക്കി ലിവറുമായി ജീവനും സന്തോഷും ഇരുളിൽ മറഞ്ഞു നിന്നു. സജിത്താണ് ശവപ്പെട്ടി കണ്ടെത്തിയത്. ഇത് അതിനു ശവപ്പെട്ടി ഒന്നുമല്ലല്ലോയെന്ന് സജിത്തിനും ആന്റണിക്കും മനസിൽ തോന്നി. ഈ സാദാ പെട്ടിയെയാണോ നാട്ടുകാരെല്ലാം പറയുന്നത്. അവർ ശബ്ദമില്ലാതെ പെട്ടി തുറക്കാൻ തുടങ്ങിയപ്പോൾ അടുത്ത മുറിയിൽ നിന്നും അടിയുടെ ശബ്ദവും അലർച്ചയും കേട്ടു. അവർ പാഞ്ഞു ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
താഴെ വീണു കിടക്കുന്ന പാവപ്പീറ്ററിന്റെ ജീവൻ പോയോ എന്നു നോക്കുന്ന സന്തോഷിനെയാണ് അവർ കണ്ടത്.
“ചത്തിട്ടില്ല”
സജിത്തിനു ആശ്വാസമായി. നാലു പേരും കൂടി പീറ്ററിനെ വലിച്ചു കൊണ്ട് പെട്ടിയുള്ള മുറിയിലേക്ക് കൊണ്ടു വന്നു. പിന്നെ പഴയ പണിയിൽ വ്യാപൃതരായി. സജിത്ത് തന്നെ പണിപ്പെട്ട് ശവപ്പെട്ടിയിൽ നിന്നും പാവയെ എടുത്ത് പുറത്തേക്ക് വലിച്ചിട്ടു. താഴെ വീണപ്പോഴേ അവനതിനിട്ടൊരു ചവിട്ട് വച്ചു കൊടുത്തു. അതിനു മറുപടിയെന്നോണം ആന്റണി പീറ്ററിനൊരു ചവിട്ട് കൊടുത്തു. പീറ്റർ അനങ്ങിയില്ല. സജിത്ത് മണ്ണെണ്ണ പാട്ടയെടുത്ത് കൊണ്ടു വന്ന് മൂടി തുറന്നപ്പോൾ ആന്റണി തടഞ്ഞു.
“എന്നതാണേലും നീ കത്തിക്കുവാ. അതിനും മുന്ന് ഇതെന്നായെന്ന് നോക്കട്ടെ”
അവനാ പാവയെ എടുത്ത് ഉയർത്തി ചാരിവച്ചു.
“എന്നാ സോഫ്റ്റാടാ ഇത്. പെണ്ണുങ്ങടെ പോലെത്തന്നെ” അവനതിനെ മൊത്തായൊന്നുഴിഞ്ഞു. എന്നിട്ടൊരു വിടൻ ചിരി ചിരിച്ചു. അതിന്റെ പിറകിലെ സ്വിച്ച് ഓൺ ചെയ്തപ്പോൾ അത് സംസാരിച്ചു തുടങ്ങി.
“എന്തേലും കഴിച്ചോ എന്റെ മോൻ?”
“കുഞ്ഞനൊരുമ്മ തരട്ടേ.ഉമ്മ”
“ഒന്നടങ്ങടീ” ആന്റണി ശൃംഗാര ഭാവത്തിൽ റീത്തയുടെ ചെകിടത്ത് പതിയെ അടിച്ചു. എന്നിട്ട് പാവയുടെ വായിൽ വിരലിട്ടു. സജിത്തും മറ്റുള്ളവരും അക്ഷമരായി. ആന്റണി പക്ഷെ അടങ്ങുന്ന മട്ടില്ല.
“എടാ നിങ്ങളാ ഇരുട്ടിലേക്ക് മാറി നില്ല്. ഞാനിവളെയൊന്ന് നോക്കട്ടെ”
“പാതി രാത്രിയാണോടാ നിന്റെ കഴപ്പ്”
“ഡയലോഗ് അടിക്കാതെ നീങ്ങി നില്ല് മൈരേ. നിനക്ക് വേണേൽ ഇത് കഴിഞ്ഞ് തരാം”
ആന്റണി മുണ്ട് ഊരി. അത് കണ്ട് അവർ മൂവരും മുറിയുടെ എതിർ മൂലയിലേക്ക് നീങ്ങി.
“എന്നാ മൈരേലും ചെയ്യ്. വേഗം വേണം”
ആന്റണി ലിംഗം പുറത്തെടുത്ത് ഉദ്ദീപിപ്പിച്ചു. പിന്നെ പാവയെ കിടത്തി അതിനു മേൽ അമർന്നു. അവൻ അതിന്റെ കാലുകൾ രണ്ടും അകത്തി വച്ച് വയറിൽ കൈ വച്ച് ഞെക്കി. പെട്ടന്നത് ശീൽക്കാര ശബ്ദത്തിൽ മൂളി.
“ഫക്ക് മീ ഡാഡി”
“അത് ശരി. വെറുതയല്ല ഇങ്ങേര്”
വായിൽ നിന്നും തുപ്പൽ കൈപ്പത്തിയാൽ എടുത്ത് ലിംഗത്തിൽ തേച്ച് ഉള്ളിലേക്ക് കയറ്റുവാൻ ആന്റണി തയ്യാറായി. പെട്ടെന്ന് പീറ്ററിന്റെ ശരീരം ഒന്ന് അനങ്ങി. അത് കണ്ട് ജീവൻ ലിവറുമായി പാഞ്ഞുവന്നു. ആന്റണി അവനെ തടഞ്ഞു.
“വേണ്ടടാ വേണ്ട എനിക്കവന്റെ മുന്നിലിട്ട് ഇവളെ കളിക്കണം. അതു കണ്ട് അവൻ സുഖിക്കട്ടെടാ”
ജീവൻ ലിവർ വച്ച് പീറ്ററിന്റെ നെഞ്ചാംകൂടത്ത് ഒരടി കൊടുത്തു. അതോടെ പീറ്റർ വേദനയെടുത്ത് പിടഞ്ഞു. പിന്നെ നിശ്ചലമായി. ആന്റണി അത് ശ്രദ്ധിക്കാതെ കാര്യപരിപാടിയിലേക്ക് കടന്നു. പീറ്ററിന്റെ ഭാര്യയുടെ ശബ്ദം കേൾക്കാനായി അവൻ പിന്നേയും അതിന്റെ വയറിൽ പീച്ചി.
“ഫക്ക് മീ ഡാഡി”
അവൻ റീത്തക്കുള്ളിൽ പ്രവേശിച്ചു. പിന്നെ പതിയെ അരക്കെട്ട് ചലിപ്പിച്ചു. ഇടയ്ക്ക് അവളുടെ ചെകിടത്ത് ആഞ്ഞടിച്ചു. പീറ്റർ അനങ്ങിയാൽ അടിച്ച് പൊളിക്കാനായി മൂന്നു പേരോളം തയ്യാറായി നിൽക്കുകയായിരുന്നു. റീത്തയെ മുഖത്ത് അടിച്ചപ്പോൾ പീറ്ററനങ്ങി. വേച്ചു വേച്ചാണെങ്കിലും അവൻ എഴുന്നേറ്റു നിന്നു. അതിനായി കാത്തു നിന്ന മൂവർ സംഘം ഇരുമ്പ് വടി കൊണ്ട് അടി തുടങ്ങി. ആദ്യത്തെ അടിയിൽ പീറ്റർ വീണില്ല. രണ്ടാമത്തെ അടി തെറ്റി മുഖത്താണ് വന്നു വീണത്. തുന്നലിട്ടിരുന്ന മുഖത്തെ തൊലി പറിഞ്ഞു വീണു. തൊലി ഇളകിപ്പോയിട്ടും ഒരു തുള്ളി രക്തമില്ല. സജിത്ത്, വീണുകിടന്ന പീറ്ററിനെ പരിശോധിച്ചു. രക്തവുമില്ല എല്ലുകളുമില്ല. സജിത്ത് ഭയന്ന് കയ്യിൽ കിട്ടിയ ഇരുമ്പ് വടി വച്ച് കൈ കഴക്കുന്നതു വരെ തലയടിച്ചു പൊളിച്ചു. പീറ്ററിന്റെ ശ്വാസം നിലച്ചു.
“എന്തു ഭ്രാന്താടാ കാണിക്കുന്നേ”
ജീവൻ സജിത്തിനെ പിടിച്ചു മാറ്റി.
“അവന്റെ ഒരു പാവ” ആ സമയമൊക്കെ ആന്റണി ഉള്ള ആരോഗ്യം വച്ച് റീത്തക്കു മേൽ ആക്രമണം നടത്തുകയായിരുന്നു. പെട്ടെന്ന് വയറിൽ കൈ വക്കാതെ തന്നെ അത് പാടി...
“ഫക്ക് മീ ഡാഡി ഫക്ക് മീ ഡാഡി ഫക്ക് മീ ഡാഡി”
പാവയുടെ കണ്ണുകൾ ചുവന്ന എൽ ഇ ഡി ബൾബ്ബുകൾ പോലെ ജ്വലിച്ചു. വൈകുന്നേരത്തെ ആകാശം ആ മുറിയിൽ വന്നിറങ്ങിയ പോലെ അവിടമാകെ ചുവന്നു. അതിന്റെ ഇടുപ്പ് ആന്റണിയുടെ ലിംഗത്തെ ഉള്ളിലേക്ക് വലിച്ചു. പാവ ചലിച്ചു. അത് പീറ്ററിലേക്ക് കൈകൾ നീട്ടി. റീത്തയുടെ ശബ്ദത്തിൽ അത് പീറ്ററിനെ ചൂണ്ടിപ്പറഞ്ഞു, ‘എന്റെ പാവ’
ആന്റണി വാവിട്ട് നിലവിളിച്ചു. മുറിഞ്ഞ ലിംഗവുമായി അയാളുടെ ശരീരം കറങ്ങി. ആയുധങ്ങളുമായി പാഞ്ഞു വന്ന മൂന്നു പേരുടെ കഴുത്തിനുള്ളിലൂടെ പാവയുടെ കൈകൾ കയറിയിറങ്ങിപ്പോയി. ചുവപ്പിൽ രക്തം പിന്നേയും കൊഴുത്തു. ഒരിടത്ത് വീണ ആന്റണിയുടെ നെഞ്ച് മുതൽ ഇടുപ്പ് വരെ പൊളിച്ച് അതിനുള്ളിലെ അവയവങ്ങൾ പാവ എടുത്ത് പുറത്തിട്ടു. തകർന്നു കിടക്കുന്ന പീറ്ററിന്റെ അടുത്തു പോയി അവനെ മടിയിൽ വച്ച് കുഞ്ഞിനെയെന്ന പോലെ പാവ തലോടി. അതിന്റെ മടിയിൽ നിന്നും പീറ്ററിന്റെ ശരീരഭാഗങ്ങൾ അടർന്നു വീണു. പെട്ടെന്ന് പിറകിലെ സ്വിച്ച് ഓൺ ചെയ്ത പോലെ പാവ സംസാരിച്ചു തുടങ്ങി.
“എന്തേലും കഴിച്ചോ എന്റെ മോൻ?”
“കുഞ്ഞനൊരുമ്മ തരട്ടേ? ഉമ്മ”
“പോയി കുളിച്ചിട്ട് വാ”
“വാതിലടച്ചാരുന്നോ?”
“വാ കെട്ടിപ്പിടിച്ചുറങ്ങാം”
“എന്നെ ഒന്ന് കൊഞ്ചിക്കാവോ”
“ഞാനൊരു കുഞ്ഞി കുട്ടിയല്ലേ പ്ലീസ്”
“നഖം കടിക്കാതെ”
“എണീക്ക് പോണ്ടെ ഇന്ന്?”
“പറയുന്നത് കേൾക്ക് കുഞ്ഞാ”
“അമ്മിഞ്ഞ വേണോ എന്റെ മോന്?”
“ഫക്ക് മീ ഡാഡി ഫക്ക് മീ ഡാഡി ഫക്ക് മീ ഡാഡി”
അസ്വാഭാവികമായി അപ്പോൾ പള്ളിയിൽ ഒറ്റമണിയടിച്ചു. പിറ്റേന്ന് പുലർച്ചക്ക് തകർന്ന പള്ളി മണിയും അതിനുള്ളിലെ ജഢവും പള്ളിക്കുന്നുകാർ കണികണ്ടു. പള്ളിപ്പറമ്പിനെ ചുറ്റിപ്പറ്റി ഒരു കറുത്ത മുട്ടനാട് അവിടെ കിടന്ന് അയവെട്ടുന്നുണ്ടായിരുന്നു. ▮