പച്ചക്കിളിയില്‍ നിന്നും പാമ്പിലേക്ക് ഒരു പരിവര്‍ത്തനം!
ഞാനൊരു പച്ചക്കിളിയായിരുന്നു…
മിനുങ്ങുന്ന കഴുത്തുമായ് ..
തിളങ്ങുന്ന കണ്ണുമായ്...
ബലമുള്ള ചിറകുമായ്
നല്ല പച്ച നിറത്തിലെ ഒരു പച്ചപ്പച്ചക്കിളി...
ഞാന്‍ ആകാശത്തേക്ക് ഒറ്റയ്ക്ക് പറക്കാറുണ്ടായിരുന്നു.
അതൊരുതരം ധ്യാനം!
മറ്റു കിളികളോടൊപ്പം കൂട്ടമായും ഞാന്‍ പറന്നിരുന്നു.
അതൊരുതരം ഉന്മത്ത ആഘോഷം.
എന്റെ ചിറകിന്റെ അനന്തതയില്‍, പച്ച നിറത്തില്‍, വലിയ ആത്മവിശ്വാസമായിരുന്നെനിക്ക്. മറ്റു കിളികള്‍ക്കൊക്കെ എന്റെ കൂട്ട് വലിയ ഇഷ്ടം.
ഞാന്‍ ആഹ്ലാദിച്ചു തിമിര്‍ത്തു.

എന്റെ ഭംഗി കണ്ട് നക്ഷത്രങ്ങള്‍ നാണിച്ചു.
ഞാനാകട്ടെ തൂവലുകള്‍ എപ്പോഴും മാടിയൊതുക്കി വെച്ചു.
അവയുടെ തിളക്കം എന്നെ അത്ഭുതപ്പെടുത്തി.
ഭൂമിയിലും ആകാശത്തുമായി പറന്ന് പറന്ന് നടക്കാന്‍എന്തൊരു കരുത്തായിരുന്നെന്നോ.
പിന്നെ...
പിന്നേ...
എന്നുമുതലാണെന്നറിയില്ല,
എന്നോ മുതല്‍...
കാലം കുറേ കടന്നുപോയശേഷം...
ഉയരത്തില്‍, കൂടുതല്‍ ഉയരത്തില്‍ പറക്കുമ്പോള്‍ തളര്‍ച്ച തോന്നിത്തുടങ്ങി.
അപ്പോള്‍ അല്പം വിശ്രമിക്കണം പറക്കലുകള്‍ക്കിടക്കെന്നായി.
പിന്നീട് വിശ്രമം കൂടുതലും, പറക്കല്‍ കുറവുമായി.
അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് എന്റെ തൂവല്‍ഒന്നൊന്നായി കൊഴിയുകയാണ്.
അതിന്റെ തിളക്കവും പച്ചനിറവും കുറഞ്ഞു വരുന്നു, മാത്രമല്ല, കണ്ണുകളുടെ തിളക്കം നഷ്ടപ്പെടുന്നു.
അങ്ങനെ, അങ്ങനെ...
എന്റെ രൂപഭംഗി നന്നായി കുറഞ്ഞു, അല്ല, പൂര്‍ണമായും നഷ്ടപ്പെട്ടു. അത് സാരമില്ല. പക്ഷെ വലിയൊരു രൂപമാറ്റം എന്നില്‍ സംഭവിക്കുന്നുണ്ടായിരുന്നു.
എന്റെ പച്ച തൂവല്‍വാല് മറ്റൊരുതരത്തിലായി. ആദ്യം അത് ഏങ്കോണിച്ചും കീറിച്ചിതറിയും കാണപ്പെട്ടു. പതിയെ തൂവല്‍ മുഴുവന്‍ നഷ്ടപ്പെട്ടു. തൂവലില്ലാവാല് കൂടുതല്‍ നീളം വെക്കാന്‍ തുടങ്ങി. എന്റെ കഴുത്തും കൊക്കും ഉയര്‍ന്നു നിക്കാതെ, ഒരു അവഹേളന ചിഹ്നം പോലെ, ഭൂമിയിലേക്ക്, മണ്ണിലേക്ക്, കല്ലിലേക്ക് താണ് ഉരയാനും തുടങ്ങി.
കാറ്റിനെ എനിക്ക് ചെറുക്കാനാകുന്നില്ല. താഴെ നിരങ്ങിനിരങ്ങിയേ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റുമായിരുന്നുള്ളു. പെട്ടെന്ന് ഞാനൊരു നടുക്കത്തിലേക്ക് വീണു.

എനിക്ക് ഒരു പാമ്പിന്റെ രൂപമായോ?...
അല്ല, പാമ്പായി തന്നെ മാറിയിരിക്കുന്നു.
കിളിയെ പോലെ പറക്കാതെ, പാമ്പിനെപ്പോലെ ഇഴഞ്ഞാല്‍ തീര്‍ച്ചയായും ഒരു പാമ്പായി തീരും.
കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്നൊക്കെ ഒരു ബോധവും ഇല്ലാത്തവര്‍ പ്രചരിപ്പിച്ചതല്ലേ?
ശരീരം കൊണ്ട് ഞാന്‍ ഒരു പാമ്പായി തീര്‍ന്നിരിക്കുന്നു.
എനിക്ക് ഏറ്റവും പേടിയും അറപ്പുമുള്ള, വഴുവഴുപ്പുള്ള പാമ്പ്.
പ്രായമേറെയായിട്ട് വന്ന രൂപമാറ്റം ആയതിനാല്‍ എനിക്കെന്റെ പുതിയ അവസ്ഥയെ മാനസികമായി ഉള്‍ക്കൊള്ളാനായില്ല. അതെന്നില്‍ വലിയ മാനസിക പ്രശ്‌നങ്ങളുണ്ടാക്കി. ഇങ്ങനെയെന്തിന് ഇനിയൊരു ജീവിതം? ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. മുന്നോട്ടിനി ഇങ്ങനൊരു ജീവിതം സാധ്യമല്ല. കിളിയല്ല, പാമ്പല്ല. പറക്കാന്‍ പറ്റില്ല, നികൃഷ്ടമായി ഇഴയാന്‍ ഒട്ട് ഇഷ്ടവുമല്ല. മുമ്പ്, ഞാനാഗ്രഹിച്ച പോലെ എന്തൊരു ഭംഗിയായിരുന്നു എന്നെ കാണാന്‍. എന്തൊരു ശക്തിയായിരുന്നു എന്റെ ചിറകുകള്‍ക്ക്. പറക്കുമ്പോള്‍ തോന്നിയിരുന്നു ഈ ലോകം എന്റേതാണെന്ന്. പച്ച നിറം, ശക്തിയുള്ള ചിറക്, ചുമന്ന ചുണ്ട്… ഒക്കെ പോയി.
ഈ രൂപം, സ്വഭാവം, വയ്യ, കിളിയാണെങ്കിലും, പാമ്പാണെങ്കിലും, തലതല്ലി ചാവാന്‍ പറ്റും.
ആത്മഹത്യ മാത്രമാണ് ഒരു പ്രതിവിധി.
മുന്നോട്ടു പ്രയാസപ്പെട്ടു ഇഴഞ്ഞപ്പോള്‍ എന്റെ മനസറിഞ്ഞപോലെ മണ്ണില്‍ പൊടിച്ചുനിന്നിരുന്ന ഒരു കുഞ്ഞ് പുല്ല് എന്നോട് ചോദിച്ചു; ‘പാമ്പുകള്‍ക്ക് സ്വന്തം പടം പൊഴിക്കാന്‍ സാധിക്കുമല്ലോ, അത് നിനക്കറിയില്ലേ? ജീവശാസ്ത്രപരമായി, നിലനില്‍പ്പിനായി അങ്ങനെ ഒരു സംഭവം ഉണ്ടെന്നുള്ളത് സത്യമാണല്ലോ?
അപ്പോള്‍ പിന്നെ തലതല്ലി ചാവുന്നതിനുപകരം പടം പൊഴിച്ച് പുതിയ സൃഷ്ടിയായി ജീവിച്ചുകൂടെ, ജീവിച്ചു കൂടേ...ന്ന്?
പടം പൊഴിച്ചാല്‍ ഒരു പക്ഷേ നീ പഴയ പച്ചക്കിളി ആകില്ലെന്ന് ആരറിഞ്ഞു?
അഥവാ പാമ്പാകുകയാണെങ്കില്‍, പരിവര്‍ത്തനത്തില്‍ കൂടി ആയതല്ലാത്ത, ശരീരവും മനസും ഒരുപോലെ ചേര്‍ന്ന ഒരു പാമ്പായി മാറിയാലോ നീ? നാഗലോകം മുഴുവന്‍ അറിയാവുന്ന ഒരു പാമ്പ്.

ആ ലോകത്തെ അധികാരി നീയാകാനും സാധ്യത ഇല്ലാതില്ല. ഷൂവിന്റെ ചവിട്ടേറ്റിട്ടും ഞങ്ങള്‍ പുല്ലുകള്‍ വീണ്ടും തല പൊക്കുന്നതു കണ്ടിട്ടില്ലേ? ആത്മഹത്യ ഒന്നിനും പരിഹാരമല്ല ബ്രോ. അവസാന നിമിഷം വരെ വിട്ടുകൊടുക്കരുത്.'
ഞാനൊന്നുണര്‍ന്നു എന്ന് സമ്മതിക്കാതെ വയ്യ. ഒരിക്കല്‍ പച്ചക്കിളിപ്പെണ്ണായിരുന്ന ഞാന്‍, വാര്‍ദ്ധക്യം ബാധിച്ച പാമ്പായി മാറിയത് എപ്പോഴാണ് എന്നൊരു കൃത്യതയുമില്ല. അതൊരു പരിണാമം.
എന്നാല്‍ ഇപ്പോള്‍ കൃത്യമായി ഒന്നറിയാം. അനങ്ങാന്‍ വയ്യാതെ കിടക്കുമ്പോഴും എനിക്ക് പടം പൊഴിക്കാനാകും. പരിവര്‍ത്തനം മാത്രമല്ല, ജീവന്റെയും മരണത്തിന്റെയും പരാവര്‍ത്തനം കൂടിയാണത്.
അവള്‍ പടംപൊഴിച്ച രാത്രിയില്‍, ആ നിമിഷത്തില്‍ , ആകാശം നിറഞ്ഞ ഒരു മിന്നലുണ്ടായി. ആ വെളിച്ചത്തില്‍ കാണാമായിരുന്നു, പച്ചനിറത്തിലെ ഒരു പാമ്പ് അതിമനോഹരങ്ങളായ തന്റെ ചിറകുകള്‍ശക്തമായി വീശി ഉയരുന്നത്, ഉയര്‍ന്നു പറക്കുന്നത്.
മിന്നലിനുപുറകെ എത്തിയ, ഭൂമി പിളരുന്ന ഇടിമുഴക്കം കേട്ട് അന്നവള്‍ പണ്ടത്തെപ്പോലെ
ഞെട്ടിത്തെറിച്ചതേയില്ല.