ചിത്രീകരണം : ദേവപ്രകാശ്

അഥവാ സിനിമയുടെ സുമതിയായ കാരണങ്ങൾ

സംഘട്ടനം (സി.സുമതി)

മൊട്ടരാജു, ചന്ദ്രന്റെ കഴുത്തിന് കുത്തിപ്പിടിച്ച് വീടിന്റെ ചുവരിലേക്ക് ചാരിയങ്ങ് നിർത്തിയിട്ട്, നട്ടെല്ലുവേദനക്ക് കെട്ടിയിരുന്ന വലിയ ബെൽറ്റിന്റെ ഇടയിൽ ഒളിപ്പിച്ച ടാക്‌സിക്കാറിന്റെ താക്കോൽ വലിച്ചെടുത്തു. ആ രംഗങ്ങൾ കണ്ട് മുറ്റത്തുനിന്ന വട്ടിജോസിന് ‘ക്യാച്ചേന്ന്'കലക്കൻ ചിരിയോടെ എറിഞ്ഞുകൊടുത്തു.
അതിനിടയിൽ ഉടുമുണ്ടഴിഞ്ഞുപോയ ചന്ദ്രന്റെ പൂർണകായ നില്പുകണ്ട് മൊട്ടരാജു നാണിച്ചു, ഒപ്പം ചന്ദ്രന്റെ വിളറിയ മുഖത്തേക്ക് ഇടതുകൈമുറുക്കി ഒന്നങ്ങ് പൊട്ടിച്ചു.
ഗേറ്റിന് പുറത്തേക്ക് ‘അത്രയും മതിയെടാ രാജൂന്നുള്ള'വട്ടിയുടെ തൃപ്തിപ്പെട്ട നടപ്പുകണ്ട മൊട്ട, കൈയയച്ചു.
പരുക്കനിട്ട സിമന്റുതറയിൽ തണ്ണിമത്തൻ കണക്കിന് പ്‌ളക്കോന്ന് വീണ ചന്ദ്രൻ ആഞ്ഞാഞ്ഞ് ചുമച്ചുപോയി.

ഭീകരമായ ഒരു കരച്ചിൽ കേട്ട് മടങ്ങിവന്ന വട്ടിജോസ് കാണുന്ന സീൻ, ചന്ദ്രന്റെ പെണ്ണായ സുമതിയുടെ കാലിനുകീഴെ മൊട്ടരാജുവിന്റെ മിനുസമുള്ള തല. ബീഡി കടിച്ചുപിടിച്ചു അവന്റെ മുഖം മുറ്റത്തെ ചൂടൻ പഞ്ചാരമണലിൽ പുതയുന്നു. അവന്റെ ഇടതുകൈ ഒടിക്കാൻ പാകത്തിന് അവൾ തിരിച്ചു മുകളിലേക്ക് വച്ചിട്ടുണ്ട്. വലതുകൈ മണ്ണിൽ ‘വിട് വിട് വിടേന്ന്' മുറ്റത്തിന് താളം പിടിക്കുന്നു.

‘വീട്ടിക്കേറി പന്നത്തരം കാണിച്ചാൽ, ദേ ജോസേ വണ്ടി ഞാനങ്ങ് കൊണ്ട് തരും. അങ്ങേർക്ക് നട്ടെലിന് കേട്പറ്റി ഇരിക്കുവാർന്ന്...', സുമതിയുടെ പറച്ചില് കേട്ട് മൊട്ടരാജുവിന്റെ വായീന്ന് ഷാപ്പിന്റെ തലക്കറിമണമുള്ള ഛർദ്ദി ‘ഞാൻ ചത്തെടീന്ന്’ ചാടിയിറങ്ങി.
സുമതി മൊട്ടയുടെ കഴുത്തിലെ ചവിട്ട് ഒന്നൂടെ അമർത്തി.
നട്ടെലിന്റെ ബെൽറ്റും കൈലിയും വാരിച്ചുറ്റി ചന്ദ്രനും അവിടേക്ക് ഇഴഞ്ഞുവന്നു. മൊട്ടയുടെ കൈലിമുണ്ടിലൂടെ മൂത്രമണവും അവർക്കിടയിൽ ഒഴുകിപ്പരന്നു.

‘നീ അവനെ വിട് സുമതി. ദാ താക്കോല്, ചന്ദ്രന് വയ്യെങ്കിൽ ഇനിത്തൊട്ട് നീ ഓടിക്കോ.' മൊട്ടയെ വട്ടിജോസ് ദയനീയമായി നോക്കി.
താക്കോല് വാങ്ങുമ്പോൾ ചരിഞ്ഞുവീഴാൻ തുടങ്ങിയ ചന്ദ്രനെ താങ്ങിപ്പിടിച്ച് സുമതി വീടിന്റെ അരപ്‌ളേസിൽ കിടത്തി. ആ തക്കത്തിന് മൊട്ടരാജു കൈലിമുണ്ട് കൈയിൽ ചുറ്റിയെടുത്ത് ഗേറ്റിന് പുറത്തേക്ക് ‘ഞാമ്പോണേന്ന്' വീണെണിറ്റോടി. വട്ടിജോസിന്റെ ചിരിയും അവന്റെ പിന്നാലെപോയി.

‘അങ്ങനെയെങ്കിൽ ചന്ദ്രാ, നിന്റെ പെണ്ണിന് അഗളിക്കൊള്ള റൂട്ട് പറഞ്ഞ് കൊട്..' ഇതു പറയുമ്പോഴും വട്ടിജോസ് മൊട്ടരാജു ഓടിയ ദിക്കിലേക്ക് നോക്കി ചിരിക്കുകയായിരുന്നു. ട്രാവൽ കമ്പനിയുടെ പേരുള്ള വട്ടിജോസിന്റെ കാറ് പാഞ്ഞുപോകുമ്പോൾ ചന്ദ്രന്റെ മുഖം മങ്ങിയിരുന്നു. സുമതി നട്ടെല്ലിന്റെ ബെൽറ്റ് കൃത്യമായി കെട്ടിക്കൊടുത്തു.

ഉപ്പിട്ട കഞ്ഞിവെള്ളവും ബീഡിയുടെ കവറും അടുത്തേക്ക് നീട്ടിവച്ച് സുമതി ആ കാറിനെയൊന്ന് നോക്കി.
‘ഇവിടുന്ന് പത്ത് മുന്നൂറ് കിലോമീറ്ററുണ്ട്. അതുമല്ല നീ, കൊണ്ടാക്കാനുള്ള ആ മൂന്നും പെഴകളാ, പത്രത്തിലൊക്കെ അവരെപ്പറ്റി വാർത്ത വന്നതാണ്...', സുമതിയുടെ ഊക്കൻ നോട്ടത്തിൽ ബീഡിയിലേക്ക് ചന്ദ്രന്റെ ചുണ്ടുകൾ ചുരുങ്ങി. കവിളിൽ നിശബ്ദത കോരിയെടുക്കാവുന്ന വലികുഴി വിരിഞ്ഞു. ഷാമ്പുവും വണ്ടി കഴുകുന്ന മഞ്ഞത്തുണിയുമായി മുഖത്തിന് നേരെ ചെന്നപ്പോൾ ‘നിനക്കിത് പറ്റോ സുമതിന്ന്'ചോദിച്ച ചുവപ്പൻ കാറിന്റെ തലയിലിരുന്ന ബ്ലാക്ക് ആന്റ് വൈറ്റ് കാക്കത്തീട്ടം അവൾ ഉരച്ചുകഴുകി.

ജയിലിന്റെ മുന്നിൽ കൊത്തിത്തിന്നാൻ തക്കംപാർത്തുനിന്ന ബന്ധുക്കൾക്കും ക്യാമറകൾക്കും കൊടുക്കാതെ കറുപ്പ് നിറമുള്ള ജീൻസിട്ട ഒരു പെണ്ണിനെ തന്റെ സാരിയിൽ പുതച്ചുമൂടിക്കൊണ്ട് സ്മിത കാറിലേക്ക് ഓടിവരുന്നത് കണ്ട സുമതി വാതിൽ തുറന്നിട്ടിട്ട് കാറങ്ങ് ഓണാക്കിനിർത്തി.

പാഞ്ഞുവന്ന രണ്ടാളും പിന്നിലേക്ക് കയറി, വാതിലടയുന്നതിന് മുൻപ് വണ്ടി ‘പോകാംപോകാന്ന്' മുന്നോട്ടാഞ്ഞു. ഇടതുവശത്തെ ബോക്‌സിങ് ഗ്ലാസിട്ട ഗ്‌ളാസിന്റെ ഇടികൊണ്ട് മൈക്കും തൂക്കിവന്ന ഒരുത്തൻ ഓടയിലേക്ക് വീഴുന്നത് കണ്ടിട്ട് പിൻസീറ്റിൽ നിന്നുമാത്രമല്ല കാറിനും ആകെ ഒരു ചിരി.
‘കത്തിച്ച് വിട്ടോടി..'സുമതിയുടെ ഇടപെടലിൽ തൃപ്തിയുള്ള വിധം സ്മിത ഒറ്റവാക്കിൽ നിർത്തി.

ജീൻസിട്ട പെണ്ണ് സ്മിതയുടെ മടിയിലേക്ക് ചാഞ്ഞു.
ആ പെണ്ണിന്റെ മുഖമൊന്നു കാണാനായി മുന്നിലെ ഗ്ലാസുവഴി സുമതിയപ്പോൾ ശ്രമിച്ചു. സ്മിതയുടെ കണ്ണുകളിൽ അതിനോടുള്ള വെറുപ്പു കണ്ട് സുമതി പിൻവലിഞ്ഞു. ചന്ദ്രൻ പറഞ്ഞകാര്യങ്ങൾ സുമതി തന്റെ ഉള്ളിലിട്ട് ആക്ഷൻ ത്രില്ലർ സിനിമകണക്കെ ചിത്രീകരിച്ചുനോക്കി.

സംവിധായിക (സ്മിത)

‘ഇതെഴുതിയത് ഗിരീഷ് സാറിന്റെ ഭാര്യയാണെങ്കിൽ വേറെയെന്ത് ചിന്തിക്കാൻ. നമ്മള് തിരക്കഥ തീർത്ത് പടം തുടങ്ങുകയല്ലേ? സാറൊരു പടത്തിന് എന്തോരം ശ്രമിച്ചതാ, ഇതിപ്പോ ഈ അടുക്കളയിൽ തന്നെ അഡാറ് ഐറ്റം ഉണ്ടായിരുന്നല്ലോ..?' സ്മിതയുടെ കഥ സിനിമയാക്കാൻ വന്നവരോട് ഗിരീഷ് ചിരിച്ചെന്നുവരുത്തി. സിനിമാക്കാരുടെ വണ്ടികൾ ഗേറ്റുകടക്കുവോളം അവൾ വാതിലിൽ നിന്നു. അകത്ത്, അവർ കുടിച്ചുവച്ച ചായഗ്ലാസുകൾ വീണുടയുന്ന ശബ്ദം.

ഒന്നര മാസമായി സാഹിത്യവേദികളിലാകെ ആ പ്രമുഖ പതിപ്പിൽ അച്ചടിച്ചുവന്ന ‘ശലഭൻ' എന്ന കഥയാണ് ചർച്ച. എഴുതിയ ആളിതുവരെ പൊതുവേദികളിൽ വരാത്തതും അതിൽ ഒരു സൂപ്പർ ഹിറ്റ് സിനിമയുടെ സാധ്യതകളുമാണ് ചർച്ചകളുടെ ആകെയുള്ള താളം. പക്ഷേ വീടിന്റെ ഉള്ളിലെ താളം വേറെയായിരുന്നു.

‘ആരോട് ചോദിച്ചിട്ടാണ് നീ കഥ അയച്ചത്...', ഗിരീഷ് വിറയ്ക്കുകയായിരുന്നു.
അത് കേട്ടിട്ടും സ്മിത ജനാലവഴി പുറത്തേക്ക് നോക്കിനിന്നു. ഇനിയൊരു സിനിമക്കാരും ഈ വഴി വരാതിരിക്കാൻ അവളാഗ്രഹിച്ചു. അവർ വന്നുപോകുന്ന ആ നിമിഷം ഗിരീഷിന്റെ സ്വഭാവം മാറും, പതിവ് മുറകൾ തുടങ്ങും. മുടിയിൽ ചുറ്റിപ്പിടിക്കാം, പിന്നിൽ നിന്ന് ചവിട്ടാം ചിലപ്പോൾ എന്തെങ്കിലും കൊണ്ടുള്ള ഏറാകാം. ഗിരീഷിന്റെ പ്രതികരണത്തിന്റെ രീതികൾ സ്മിതക്കിപ്പോൾ പരിചിതമാണ്. അവൾ ജനാലയുടെ കമ്പിയിൽ മുറുകെപിടിച്ചു.

അടുത്ത നിമിഷം പിന്നിൽ നിന്ന് തലയിൽ ഒരടി, ജനാലയുടെ കമ്പിയിൽ തട്ടി സ്മിതയുടെ ചുണ്ട് മുറിഞ്ഞു.
"എഡിറ്റർക്ക് കത്തെഴുത്, നിന്റെ പേരിൽ ഈ അച്ചടിച്ചുവന്നത് എന്റെ കഥയാണ്. നീയത് മോഷ്ടിച്ചതാണ്. അതിനു വയ്യെങ്കിൽ നിന്റെ ഒരൊപ്പ്...', ഒരു പേപ്പറും പേനയും മേശപ്പുറത്തിട്ട് ഗിരീഷ് അലറി.

‘നിന്നോട് ഞാൻ ആ കഥയുടെ ത്രെഡ് പറഞ്ഞിരുന്നു. ഇല്ലെങ്കിൽ നീയിങ്ങനെ എഴുതില്ല', ഗിരീഷിന്റെ നടപ്പിനൊത്ത് പുലമ്പലുകൾ കൂടിക്കൂടി വരുന്നു. ജനൽ കമ്പിയിൽ ചേർത്ത് സ്മിതയുടെ കഴുത്ത് ഞെരിച്ചു. നട്ടെല്ലിന് കാൽമുട്ടുചേർത്ത ഇടി, മൂത്രത്തിൽ കലർന്ന്​ മാസമുറയും പോയത് മറയ്ക്കാൻ ടോയിലെറ്റിലേക്ക് ഓടുന്നതിനിടയിൽ സ്മിത മൂത്രനനവിൽ തെന്നിവീണുപോയി. കട്ടിലിന്റെ അടിയിലേക്ക് ഇഴഞ്ഞു കയറാൻ ശ്രമിക്കുമ്പോൾ കൈവെള്ളയിൽ കാലുറപ്പിച്ച് ആ ഇഴച്ചിലും അയാൾ അവസാനിപ്പിച്ചു. മുതുകിൽ പേനകൊണ്ട് കുത്തിക്കൊണ്ടിരുന്നു.

ഒരിക്കലും സ്മിതയോട് കഥയോ എഴുത്തിനെക്കുറിച്ചോ ഗിരീഷ് മിണ്ടിയിട്ടില്ല. കഥയെന്നല്ല മറ്റൊന്നും അവളോട് മിണ്ടാറില്ല. അയാളുടെ പുസ്തകങ്ങൾ വരുന്നതുപോലും അവളറിയാറില്ല. കൂട്ടുകാരികളുമായി കഥയുടെ വളർച്ചകളെപ്പറ്റി മണിക്കൂറുകൾ സംസാരിക്കുന്ന ഗിരീഷ് ഈ അടുത്തകാലത്ത് തന്റെ ഒരു കഥയ്ക്ക് വരച്ച ഒരുത്തിയുമായി കടുത്ത പ്രണയത്തിലുമാണ്. അയാളുടെ ഒരു കഥ ആദ്യമായി വായിക്കാൻ അവൾ ഒരിക്കൽ കൊതിച്ചിരുന്നു. ചുണ്ടിൽ ഊറിനിന്ന രക്തത്തുള്ളിയിലേക്ക് കണ്ണീരൊഴുകി വന്ന് ഉപ്പിട്ടു. അവളത് നുണഞ്ഞു. ഏതു ഗതികെട്ട നേരത്താണ് ആ കഥയെഴുതിപ്പോയതെന്ന് അവൾ സ്വയം ശപിച്ചു.
ഒപ്പിടാൻ വച്ചിരുന്ന പേപ്പറിൽ ഒന്നു നോക്കിയിട്ട് ഗിരീഷ് സ്മിതയുട വിരലുകൾ കട്ടിലിന്റെ പടിയിലേക്ക് എടുത്തുവച്ചു. ചതയുവോളം സ്റ്റീൽ ഗ്ലാസ്സുകൊണ്ട് ഇടിച്ചു. ചൂണ്ടുവിരല് കട്ടിലിന്റെ താഴേക്ക് തെറിച്ചു വീഴുന്നത് കണ്ട നിമിഷം മുതൽ സ്മിത ഭ്രാന്തമായി ചിരിക്കാൻ തുടങ്ങി.

മൂന്നാം ദിവസവും ആ മുറിയിൽ നിന്ന് പലതരം ചിരികൾ ഇറങ്ങി വരുന്നുണ്ടായിരുന്നു. തീയും വെളിച്ചവും കണ്ട് സംശയം തോന്നിയ അയൽവാസികളാണ് പോലീസിനെ വിവരങ്ങൾ അറിയിച്ചത്.
കിടപ്പുമുറിയിലെ ഫാനിൽ തലകീഴായി തൂങ്ങിക്കിടന്ന ഗിരീഷിന് ജീവൻ നഷ്ടമായിരുന്നില്ല. അഴിച്ചു നിലത്തിറക്കി, വായിൽ തിരുകിയ പ്ലാസ്റ്റിക് കവറുകൾ അഴിക്കുമ്പോഴും ‘ആ കഥ എന്റെയാണെന്ന' അയാളുടെ പുലമ്പലുകൾ കേട്ടിരുന്നു. മേശയിലിരുന്ന പേപ്പറിൽ രക്തം കലർന്ന വിരലടയാളവും, മുറിഞ്ഞുപോയ ആ വിരലും. ഗിരീഷിന്റെ ശരീരത്തിൽ ആകെ പേനകൊണ്ട് കുത്തിയ മുറിവുകൾ, ഒരു മൂലയിൽ കത്തിക്കരിഞ്ഞ പുസ്തകങ്ങൾ, മുറിയിൽ നിറയെ പലതരം ഒടിഞ്ഞ പേനകൾ.

അകത്തെ ശുചിമുറിയിൽ ക്‌ളോസറ്റിന്റെ പുറത്ത് ചിരിയുടെ മുരൾച്ചകളുയുമായി സ്മിത. ചുവരിൽ ചോരയിൽ പതിപ്പിച്ച വിരലടയാളങ്ങൾ. അടർന്നുപോയ ചൂണ്ടുവിരലിന്റെ അറ്റം കറുത്തിരുന്നു.

സിനിമയെ വെല്ലുന്ന അവരുടെ കഥാപാത്രങ്ങളും വളരെ നാള് ആഘോഷിച്ചു.
‘ആ ബാറിന്റെ മുന്നിൽ വണ്ടി ഒതുക്കിയിട്,അവിടുന്ന് ജയ കേറും'
​ സുമതി വണ്ടി ഒതുക്കിയിട്ട് സ്മിതയെ തിരിഞ്ഞുനോക്കി. വിരൽ മുറിഞ്ഞുപോയ വലതുകൈ, മടിയിൽ കിടന്നുറങ്ങുന്ന പെണ്ണിന്റെ കവിളിൽ താരാട്ടിന്റെ താളം ശീലിക്കുന്നു.

ജയ വണ്ടിയിലേക്ക് കയറുമ്പോൾ കാറിനുള്ളിൽ മദ്യത്തിന്റെയും പെർഫ്യൂമിന്റെയും മണങ്ങൾ തമ്മിൽ മൽസരിക്കാൻ തുടങ്ങി.
മടിയിൽ കിടന്നിരുന്ന പെണ്ണ് എഴുന്നേറ്റു.
ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന കുഞ്ഞുമദ്യക്കുപ്പി അവൾക്കുനേരെ നീട്ടി. സുമതിക്ക് ആ പെണ്ണിന്റെ സൗന്ദര്യത്തിൽ അസൂയ തോന്നി. ആ പെണ്ണിന്റെ പേര് ചന്ദ്രനും ഓർമ്മയുണ്ടായിരുന്നില്ല.
"നീ വലിക്കോ, കാറിനുള്ളിൽ ഞങ്ങള് വലിച്ചാൽ നിനക്കെന്തെങ്കിലും', ജയക്ക് മറുപടിയെന്നോണം സുമതി ചിരിച്ചു. വിലകൂടിയ ഏതോ ഒരിനം സിഗരറ്റിന്റെ പാക്കറ്റ് കാറിന്റെ മുന്നിലേക്ക് വീണു.
"അവര് ഭയങ്കര ക്യാഷ് ടീമാണ്...', ജയയെക്കുറിച്ച് ചന്ദ്രൻ സൂചിപ്പിച്ച കാര്യങ്ങൾ ഒരു കുഞ്ഞു വളവു തിരിഞ്ഞ് സുമതിയിലേക്ക് കയറിവന്നു.

പ്രൊഡ്യൂസർ (ജയ)

"പോസിറ്റീവായത് നന്നായല്ലേടി', പ്ലാന്റർ വിജയന്റെ ശബ്ദത്തിന് നല്ല പതർച്ചയുണ്ടെന്ന് ഭാര്യ ജയക്ക് തോന്നി.
ഗേറ്റുകൾ താഴിട്ട് പൂട്ടിയതും,കോവിഡ് രോഗികളെന്ന മുന്നറിയിപ്പ് ബോർഡെഴുതി അവിടെ തുക്കിയതും, ഒരു മാസത്തേക്കെങ്കിലുമുള്ള വീട്ടുസാധനങ്ങൾ വാങ്ങിക്കൂട്ടിയതും ഇങ്ങനെയൊരു ഒളിച്ചിരിപ്പിനാണെന്നറിഞ്ഞില്ല. കോവിഡ് പരിശോധനയും, ഫോണുകളുടെ ബന്ധം മുറിച്ചുള്ള ഭർത്താവിന്റെ ഒറ്റയാൻ ഇരിപ്പും എന്തോ വലിയ ബിസിനസ് പദ്ധതിയുടെ ഒരുക്കമാണെന്നും ജയ ചിന്തിച്ചിരുന്നു.

"അവര് നമ്മളെ കൊല്ലുമെടി,അത് വെറും അപകടമല്ല'
"അവർ' മക്കളാണെന്നും രണ്ട് ദിവസം മുൻപ് ഉണ്ടായ അപകടം ആസൂത്രിതമാണെന്നും ഊഹിക്കാൻ ജയയ്ക്ക് കഴിയും.
കിടപ്പുമുറിയുടെ മൂലക്ക് കാൽമുട്ടിൽ മുഖം ചേർത്ത് കുനിഞ്ഞിരിക്കുന്ന ഭർത്താവിനോടവൾക്ക് വാത്സല്യം തോന്നി. അടുത്തു ചെന്നിരുന്നപ്പോൾ വിജയൻ അവളുടെ കഴുത്തിൽ കുട്ടികളെപ്പോലെ കെട്ടിപ്പിടിച്ചു. പതിയെ എഴുന്നേല്പിച്ച് കട്ടിലിൽ കിടത്തി. പുതപ്പിനുള്ളിലേക്ക് വിജയൻ ആ തടിച്ച ശരീരംപൂഴ്ത്തി, കരച്ചിലിന്റെ താളമുള്ള പിറുപിറുക്കലുകൾ ഇടവിട്ടിറങ്ങിവരുന്നു.

മക്കളുടെ ഉത്സാഹത്തോടെ നടത്തിയ അപ്പന്റെ പുനർവിവാഹം. കൊട്ടാരംപോലുള്ള വീട്, വൻ സൗകര്യങ്ങൾ, എല്ലാം ജയക്ക് കൗതുകമായിരുന്നു. അവളിലേക്കും മടുത്തു തുടങ്ങിയ സകല ബിസിനസുകളിലേക്കും ആവേശത്തോടെ കത്തിക്കയറുന്ന വിജയൻ മുതലാളി, മക്കളുടെ പ്രതീക്ഷകൾ തെറ്റിച്ചു. ബാറും തോട്ടവും ഹോട്ടലും തുടങ്ങി വലിയ ആ സ്വത്തിലേക്ക് ജയയെ ഉടമയാക്കിയ ദിവസം മുതൽ സീനുകൾ എല്ലാം മാറി. കോളേജ് അദ്ധ്യാപികയായ ഇളയ മരുമകൾ ഫോണിൽ ആരോടോ രഹസ്യമായി സംസാരിക്കുന്നത് ജയ കേട്ടിരുന്നു..

"വൃദ്ധന്റെ പ്രണയം ചാഞ്ഞു പെയ്യുന്ന മഴ പോലെയാണെന്നല്ലേ കവിത, എന്നിട്ടും ആ കിളവൻ പൂത്തെടി. തീർക്കാനാണ് ഇവിടെത്ത പ്ലാൻ.' ബിരുദമലയാളം സർട്ടിഫിക്കറ്റുള്ള ജയ കവിതയുടെ ബാക്കി വരികൾ ഓർത്തുനോക്കി.
ചായയുടെ തിള നോക്കിനിൽക്കുമ്പോൾ പിന്നിൽ വിജയന്റെ കാൽപ്പെരുമാറ്റം. കൈയിലെ ഫയലുകളിൽ വസ്തുക്കൾ ആധാരമാക്കിയതിന്റെ രേഖകൾ. ജയ അതെല്ലാം വാങ്ങി ഫ്രിഡ്ജിന് മുകളിൽ വച്ചു.വിജയന്റെ നോട്ടം അതിൽ തന്നെ തങ്ങിനിൽക്കുന്നു. ജയ കൈയിൽ തൊട്ടപ്പോൾ വിജയന്റെ മുഖത്ത് ചിരി. കൈവരിയിൽ ഇരിക്കുന്ന വിജയന് പ്രണയത്തിന്റെ യൗവ്വനമുഖം. ഉമ്മവയ്ക്കാനടുത്തപ്പോൾ വിസ്‌കിയുടെ മണം. ജയ ചേർന്നുനിന്നു, അയാൾ നെറ്റിയിൽ ഉമ്മ വച്ചു. ചായ തിളച്ചുതൂവി. രണ്ടാളും ചിരിച്ചു. വിജയന്റെ ചിരിക്ക് അപ്പോഴും തിളക്കമില്ല. കവിളിൽ വെളുത്ത, അമർത്തി വച്ചിരുന്ന വെളുപ്പൻ രോമങ്ങൾ പുറത്തു വന്നിരിക്കുന്നു. അവളതിൽ തലോടി.

"വാ കുളിക്കാം', ഒന്നിച്ച് കുളിക്കുന്നത് ആദ്യമായാണ്.
കച്ചവടത്തിനിടയിൽ ചിലപ്പോഴെല്ലാം തന്നെയും മറന്നെന്ന് ജയയ്ക്ക് തോന്നിയിരുന്നു.
‘അവരുടെ അടുത്ത ലക്ഷ്യം നീയാണ്' ഷവറിന്റെ നൂലിഴകൾക്കിടയിൽ വിജയൻ കരഞ്ഞു.
നനവോടെ അവർ പുറത്തിറങ്ങി.
കട്ടിലിലിരിക്കുമ്പോൾ വിജയൻ വിറയ്ക്കാൻ തുടങ്ങി.
തല തുവർത്തുമ്പോൾ അവളെ കെട്ടിപ്പിടിച്ചു. ഇരുവരും പുതപ്പിനുള്ളിലേക്ക് നൂണുപോകുമ്പോൾ വിറയുടെ താളം പിന്നെയും മുറുകി. പ്രണയക്കിതപ്പിനിടയിൽ തോറ്റുകൊടുക്കില്ലെന്ന് വിജയന്റെ ചുണ്ടുകൾ ആവർത്തിക്കുന്നതായി അവൾക്കു തോന്നി. തോറ്റുപോയ വിജയന്റെ കുതിപ്പിനെ ജയ പൂരിപ്പിച്ചു. വല്ലാതെ വിയർക്കാൻ തുടങ്ങിയ വിജയന്റെ നെറ്റിയിൽ പലതവണ ഉമ്മവച്ചു...

വിജയൻ വീണ്ടും തണുക്കാൻ തുടങ്ങി.
മുഖത്ത് ഭയമുള്ള ഒരു ചിരി നിൽക്കുന്നു.
"നമ്മൾക്ക് രോഗമില്ലെടി’, വിജയന്റെ ചുണ്ടിൽ ഒരു കൗശലക്കാരൻ ചിരി വന്നു, കൊഴിയും മുമ്പ് ജയ ഒപ്പിയെടത്തു. വളരെ നാളുകൾക്ക് ശേഷമാണ് വിജയൻ ഇത്രയും നിശബ്ദമായി ഉറങ്ങുന്നത്.

ഉറക്കത്തിന്റെ ആഴം കണ്ട് ജയക്ക് ഭയമുണ്ടായി.
കറുപ്പ് പടർന്ന് പാതിതുറന്ന ചുണ്ടിൽ "നീ എന്നെ ആഴത്തിൽ പൂരിപ്പിക്കുമോ' എന്ന തണുപ്പൻ ചോദ്യച്ചിരിയുണ്ട്. അവൾ വിജയന്റെ തണുത്ത നെഞ്ചിലേക്ക് ഇനിയെന്തെങ്കിലുമുണ്ടോയെന്നു കേൾക്കാൻ ചെവിചേർത്തുനോക്കി.
വയസ്സൻ കുതിര ഹൃദയക്കുളമ്പടികളെല്ലാം ഒതുക്കിവച്ചാണ് ഉറക്കം.
ഏറ്റവും പുതിയ മുണ്ടുടുപ്പിച്ചു, കൈകാലുകൾ ഒതുക്കി, ഭംഗിയായി പുതപ്പിച്ചു. വിജയൻ കുടിച്ച വിസ്‌കി ഗ്ലാസ്സിൽ ഒരല്പം ബാക്കിയായി മേശയിലിരിക്കുന്നു. ഒരു ചാരുകസേരയിൽ ആ ഗ്ലാസ്സും പിടിച്ച് ജയ പുലരുവോളമിരുന്നു.

പുറത്ത് മഞ്ഞിനെ മാറ്റി വെളിച്ചം വരുന്നതേയുള്ളൂ.
ജയ ജാലകങ്ങൾ തുറന്നു. മരണത്തിന്റെ മണം ജനാലവഴി പുറത്തേക്കൊഴുകി.
ഗേറ്റ് മലർക്കെ തുറന്നിട്ടു. ഫോണുകളെയെല്ലാം തൊട്ടുണർത്തി. കാത്തുനിന്നതുപോലെ ഒരു പാട്ട്, പാട്ടിനൊപ്പം തെളിഞ്ഞുവന്നത് മകന്റെ മുഖം, മറുതലയ്ക്ക് പക്ഷേ ഇളയ മരുമകളുടെ ശബ്ദം. ജയ കരച്ചിലൊതുക്കി, "തെളിവുകളുണ്ടെടീ, നീയൊക്കെ ചേർന്ന് ആ മനുഷ്യനെ കൊന്നതാണ്'.

ഗേറ്റിനുപുറത്ത് ജനക്കൂട്ടത്തിന്റെ ഇടയിൽ മക്കളുണ്ടാകും, ജയ അവർക്ക് നേരെ കാർക്കിച്ചു തുപ്പി. നക്ഷത്രങ്ങൾ കൂടുതലുള്ള ഒരു കാക്കിക്ക് ആധാരപ്പെട്ട ഫയലുകൾ കൈമാറുമ്പോൾ അവൾ പതിയെപ്പറഞ്ഞു... "പ്ലാന്റർ വിജയന്റെ മരണം കോവിഡോ സ്വാഭാവികമോ അല്ല, കൊലപാതകമാണ്'
ജയ അകലം പാലിച്ചു നിൽക്കുന്ന നാട്ടുകാരെ നോക്കി ഒന്നു ചിരിച്ചു, മക്കൾക്കുവേണ്ടി നടുവിരൽ ഉയർത്തിക്കാണിച്ചു. സിഗരറ്റിന്റെ അറ്റത്തുള്ള ജയയുടെ തടിച്ച ചുണ്ടിൽ ആ ചിരിയിപ്പോഴുമുണ്ടെന്ന് സുമതിക്ക് തോന്നി.

"അവിടേക്ക് കയറ്റി നിർത്ത്, ഈ പെണ്ണിന് കുറച്ച് തുണിയെടുക്കണം’, സിഗരറ്റിനെ ചേർത്ത് പിടിച്ച ജയയുടെ വിരൽ ചൂണ്ടിക്കാട്ടുന്നു. ആ വലിയ തുണിക്കടയുടെ കമാനത്തിൽ കല്യാണപ്പെണ്ണിന്റെ വേഷത്തിൽ നിൽക്കുന്ന സിനിമാനടിക്ക്, പിൻസീറ്റിലിരിക്കുന്ന പെണ്ണിന്റെ പകുതി ഭംഗിയില്ലെന്ന് സുമതി ചിന്തിച്ചു.കാറിന്റെ മുന്നിലെ സിഗരറ്റിലേക്ക് കൈനീട്ടുമ്പോൾ രണ്ടാൾക്കും നടുവിലൂടെ നടക്കുന്ന പെണ്ണ് സുമതിയെ ഒരു തവണ തിരിഞ്ഞു നോക്കി...
"അവളാണ് താരം, നാളെ അവള് ജയിലേന്ന് ഇറങ്ങും എന്നിട്ടാണ് അവരെ സിനിമാപിടുത്തം തുടങ്ങുന്നത്', ചന്ദ്രൻ ആ പെണ്ണിന്റെ കഥ സുമതിയുടെ മുന്നിൽ അവസാനിപ്പിച്ചത് അങ്ങനെയാണ്.

നായിക (ആ പെണ്ണ്)

അന്നു വൈകിട്ട് മൂർച്ചയുള്ളൊരു കത്തി വാങ്ങാനിറങ്ങുമ്പോൾ തന്റെ ഭാര്യയെ കൊല്ലണമെന്ന് അയാൾ ഉറപ്പിച്ചിരുന്നു.
പത്രക്കടലാസിൽ പൊതിഞ്ഞ് ബാഗിനുള്ളിലേക്ക് സൂക്ഷ്മതയോടെ ഒളിപ്പിക്കുന്നതിനിടയിൽ വിരലുകൊണ്ടതിൽ മൂർച്ചനോക്കി, അയാളുടെ മുഖത്തൊരു നിരാശ വന്നു. പക്ഷേ തുകൽ ബാഗിനുള്ളിൽ അബദ്ധത്തിൽ കത്തിമുന വീഴ്ത്തിയ ആ ഉഗ്രൻ പിളർപ്പ് അയാളെ ഓട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. വില്പനക്കാരനെ അയാൾ ആദരവോടെ നോക്കി. പറഞ്ഞ തുക കൈമാറുമ്പോൾ അയാളുടെ വിരലിൽ തൊട്ടു. ബാഗിനുപുറത്ത് കത്തിമുനയുടെ തിടുക്കം മുഴച്ചുനിൽക്കുന്നു. അയാളതിൽ സ്നേഹത്തോടെ വിരലോടിച്ചുകൊണ്ടിരുന്നു.

ഭാര്യയെ കൊല്ലാൻ മതിയായ ഒരു കാരണം മാത്രമേ കിട്ടേണ്ടതായിട്ടുള്ളൂ.
കവിത വായന ഒഴികെ മറ്റൊന്നിലും അയാൾക്ക് അവളോട് നീരസം തോന്നിയിട്ടില്ല. എപ്പോഴും അവളുടെ കൈയിലുള്ള പുസ്തകങ്ങളെ അയാൾ വെറുത്തിരുന്നു.
ഒന്നു രണ്ട് പുസ്തകങ്ങൾ ജനാലവഴി വീട്ടിന് പിന്നിലെ ഓടയിലേക്ക് അവളറിയാതെ വലിച്ചെറിഞ്ഞിട്ടുണ്ട്. എന്നിട്ടും ആ പുസ്തകപ്പൂച്ചകൾ കൃത്യമായി അവളുടെ നെഞ്ചിലേക്കുള്ള വഴി കണ്ടുപിടിക്കുന്നു. അതുമല്ല കുളിമുറിയിലും അവൾ കവിതകൾ ചൊല്ലുന്നത് കേട്ടിട്ടുണ്ട്.

നിർത്തിയിട്ടിരുന്ന ബസിലിരുന്ന അയാൾ എതിർ വശത്തെ വലിയ ഹോട്ടലിന്റെ മുകളിലെ ഒരു നിലയിൽ അർദ്ധനഗ്‌നരായ ഒരു സ്ത്രീയും പുരുഷനും ചുംബിക്കുന്നത് കണ്ടു. ആ സ്ത്രീയുടെ കൈയിലും ഏതോ പുസ്തകമുണ്ടായിരുന്നു. അല്ല അതു തന്റെ ഭാര്യ തന്നെയല്ലേ.?. ഒരാൾക്ക് വായിക്കുന്ന ഭാര്യയെ കൊല്ലാൻ ഇതിലും വലിയ കാരണം വേറെയെന്താണ്.?
"അവൾ' തന്നെ കണ്ടിട്ടാവണം അകത്തേക്ക് കയറിപ്പോയത്.
ആ പുരുഷന്റെ നോട്ടം ഭയപ്പെട്ടതാണോ.?
ബസ് മുന്നോട്ട് എടുത്തപ്പോൾ ബാഗിനെ കുത്തിമുറിച്ച് കത്തിമുന പുറത്തേക്ക് വന്നു.
അതിന്റെ വശ്യമായ തിളക്കം "നീയിപ്പോൾ കണ്ടത് അവളെത്തന്നെയാണെന്ന്' ആവർത്തിച്ചു പറയുന്നു.
അയാൾ അതിനെ അഭിനന്ദിച്ച് ബാഗിനുള്ളിലേക്ക് തിരുകിക്കയറ്റി.

കാമുകനെയും വായിച്ച് ക്ഷീണിതയായി വരുന്ന അവളെ ഒറ്റക്കുത്തിനു തന്നെ തീർക്കാൻ സാധിക്കും, അതും വീടിന്റെ മുൻവശത്തു വച്ച്.
പരപുരുഷ ബന്ധത്തോളം ഭാര്യയെ കൊല്ലാൻ മതിയായ കാരണമുണ്ടോ?
ഗേറ്റ് തുറന്നു കിടക്കുന്നു.
അയാൾ കാത്തിരിക്കാൻ ആഗ്രഹിച്ച മുൻവശത്തെ അരച്ചുവരിൽ ചാരിയിരുന്ന് കവിത വായിക്കുന്ന ഭാര്യ.
അവൾ അയാളുടെ ബാഗിന് കൈനീട്ടി.
"കൊടുക്കരുതെന്ന്' ഉള്ളിലിരുന്ന കത്തി മുരണ്ടു.
കവിതാ പുസ്തകത്തിന്റെ പുറംച്ചട്ടയിൽ ചിരിച്ച മുഖമുള്ള ചെറുപ്പക്കാരൻ, അവനെയല്ലേ ഹോട്ടലിൽ കണ്ടത്.?
"തരില്ലെന്ന്' അയാൾ ബാഗിൽ പിടുത്തമുറപ്പിച്ചു.

മേശപ്പുറത്ത് ചൂടൻ ചായയിൽ ആവി പറക്കുന്നു.
സത്യത്തിൽ ഒരു പെണ്ണ് കൊല്ലപ്പെടാൻ പറ്റിയ ഇടം തീൻ മേശയിലാണ്.
അയാൾ ചായ ഊതിക്കുടിച്ചു.
അപ്പോഴും കവിതയുമായി ഇരിക്കുന്ന അവളോട് രുചികളെക്കുറിച്ച് തർക്കിക്കാം. വേറിട്ട രുചികൾ കുത്തിച്ചാകുന്നത് സ്വാഭാവികമല്ലേ.?
അയാൾ ചായ തീർത്തതോ മുറിയിലേക്ക് പോയതോ അവൾ അറിഞ്ഞില്ല.
ബാഗും കെട്ടിപ്പിടിച്ചു കിടക്കുന്ന അയാളുടെ നെറ്റിതൊട്ടുനോക്കുമ്പോഴും അവളുടെ ഒരു കൈയിൽ കവിതാ പുസ്തകമുണ്ട്.
അയാൾ തിരിഞ്ഞു കിടന്നു.
അവളും ചേർന്നുകിടന്നു.

പെണ്ണിനെ കൊല്ലാൻ ഏറ്റവും എളുപ്പത്തിൽ സാധിക്കുന്നത് കിടക്കയിൽ വച്ചുതന്നെയല്ലേ.?
എത്ര സുന്ദരമാണ് അവളുടെ ഉറക്കം. ആ കവിതാ പുസ്തകം അവിടെ ഇല്ലാതിരുന്നുവെങ്കിൽ ഏറ്റവും സുന്ദരമായ ഒരു രതി സംഭവിക്കുമായിരുന്നു. അതിന് ശേഷം ഒറ്റക്കുത്തിന് തീർക്കാം. അടുക്കളയിൽ എന്തോ അപായ മണികേട്ട് എഴുന്നേറ്റ് പോകുന്ന ഭാര്യ. അവൾ കാണാതിരിക്കാൻ അയാൾ തന്റെ കത്തിമൂർച്ച തലയിണയുടെ കീഴിലേക്ക് ഒളിപ്പിച്ചു...

അടുക്കളിൽ ചെന്ന് പെണ്ണിനെ കൊല്ലുക ഏറ്റവും പ്രയാസമാണ്, അവൾക്ക് പ്രതിരോധിക്കാനും തിരികെ ആക്രമിക്കാനും ഒരുപാട് വസ്തുക്കൾ കൈദൂരത്ത് കരുതിയിട്ടുണ്ടാകും. പക്ഷെ കൊല്ലപ്പെടലിന്റെ സൗന്ദര്യം ഏറ്റവും അനുഭവിക്കാൻ കഴിയുന്നത് അടുക്കളയിൽ ചത്തു കിടക്കുന്ന ഭാര്യയെ കാണുമ്പോഴായിരിക്കും. അടുക്കളയിലേക്ക് പതിഞ്ഞ താളത്തിൽ വന്ന അയാളെ നോക്കി ഭാര്യ ചിരിച്ചു. അടുപ്പിനോട് ചേർന്ന് വൃത്തിയുള്ള ഒരു ഭാഗത്ത് ആ കവിതാ പുസ്തകമുണ്ട്. ചുണ്ടിൽ ഏതോ കവിതയുടെ താളം. അയാൾ കത്തി നീട്ടി, അതിന്റെ പിടികൊണ്ട് അവൾ ഏലക്കായ ചതച്ച് ചായയിലിട്ടു. അവൾ ഒരൽപ്പം എണ്ണയെടുത്ത് അയാളുടെ തലയിൽ തേച്ചുകൊടുത്തു. അയാളപ്പോൾ കുഞ്ഞിനെപ്പോലെ കരയാൻ തുടങ്ങി.

അടുക്കളപ്പടിയിൽ അവൾ ഇരുന്നു, ഒപ്പം അയാളും.
കത്തിയുടെ കഥ പറയാൻ അയാൾ ഒരുപാട് ആഗ്രഹിച്ചു. അവളുടെ മടിയിലേക്ക് അയാൾ തലചരിച്ചു. മുടിയിൽ ഓടി നടക്കുന്ന അവളുടെ കൈ, മറ്റേതിൽ കവിതാ പുസ്തകം. അതിലെ സുന്ദരൻ കവി അയാളുടെ മുഖത്തോട് പരിഹസിക്കുന്ന ഒരു നോട്ടമെറിഞ്ഞു.

സന്ധ്യയായി, ഉഷസുമായി ആ ഏഴാം ദിവസവും കടന്നുപോയി.
ആ കത്തി അയാളോട് വല്ലാതെ കയർക്കാൻ തുടങ്ങി.
ആരെയെങ്കിലും കൊന്നേ തീരുവെന്ന് അത് ഏറ്റവും നിർബന്ധംപിടിച്ചു.

കൈ നാഡിയിലെ ഞരമ്പ് മുറിഞ്ഞു ചോരവാർന്ന് മരിച്ചു കിടന്ന അയാളുടെ സമീപത്ത് ഒരു കത്തുണ്ടായിരുന്നു.
ആത്മഹത്യയുടെ കാരണമായി ഭാര്യയുടെ "കവിത വായന' എന്നു മാത്രമാണ് എഴുതിയിട്ടുണ്ടായിരുന്നത്. മൂർച്ചയുള്ള ആ കത്തിയിലവളുടെ വിരലടയാളവും നിറയെ ഏലക്കായ മണവുമുണ്ടായിരുന്നു.

ആ ആത്മഹത്യാ കുറിപ്പ് വളരെ നാളുകൾ പത്രങ്ങൾക്കും ചാനലുകൾക്കും ചർച്ചയായിരുന്നു. കവിതാ പുസ്തകത്തിന്റെ ചിത്രത്തിൽ കാണുന്ന കവി പലതവണ ചോദ്യംചെയ്യപ്പെട്ടു. വീൽ കസേരയിൽ വെറും വീടിനുള്ളിലെ വൃത്തം മാത്രമുള്ള ആ കവിക്ക് അങ്ങനെ ചെയ്യാനാകില്ലെന്ന് നിരൂപകർ പോലും വാദിച്ചു. എന്തായാലും "ഭാര്യയെ കൊല്ലുന്നവിധം' എന്ന അയാളുടെ പുതിയ കവിതാസമാഹാരം ഇപ്പോൾ വളരെ വായിക്കപ്പെട്ടു എന്നതാണ് മറ്റൊരു വാസ്തവം.
തുണിപ്പൊതികളുമായി വന്ന സ്മിതയും ജയയും പിന്നിലാണ് കയറിയത്. ചരിച്ചിട്ട മുൻ സീറ്റിൽ ചാരിക്കിടക്കുന്ന ആ പെണ്ണ് വായിക്കുന്നത് വീൽവൃത്തമുള്ളവന്റെ ഏറ്റവും പുതിയ പുസ്തകമാണ്. ‘പെണ്ണുങ്ങൾ പടം പിടിക്കുമ്പോളുണ്ടാകുന്നത്', പേരിന്റെ കൗതുകം സുമതിയുടെ ചിരിക്ക് ആഴം കൂട്ടി. ആ പെണ്ണ് സുമതിയെ ചിരിയോടെ നോക്കി.


ക്‌ളൈമാക്സ്

റിസോട്ടിലേക്ക് തിരിയുന്ന കവലയിലെ കലുങ്കിന് മുകളിൽ ആ മൂന്നു പുരുഷന്മാരും കുശലം പറഞ്ഞിരിക്കുകയായിരുന്നു. സുമതി അവരുടെ അരികിലേക്ക് വഴിചോദിക്കാനായി നിർത്തിയത് പിന്നിലിരുന്നവർക്ക് അത്ര ഇഷ്ടപ്പെട്ടില്ല. കലുങ്കിന്റെ പിന്നിൽ ശിരുവാണിപ്പുഴ അവരുടെ ഉള്ളിലെ അസ്വസ്ഥതയുടെ താളത്തിലൊഴുകി. പക്ഷേ മുന്നിലിരുന്ന പെണ്ണ് പുസ്തകം പിടിച്ചിരുന്ന കൈ പുറത്തേക്കിട്ട് കാട്ടിനുള്ളിലെ റിസോട്ടിലേക്കുള്ള വഴി അലസമായി ചോദിച്ചു. പുസ്തകത്തിന്റെ പേരുവായിച്ച്, അവളുടെ നേർക്കും പിന്നീട് കാറിനുള്ളിലേക്കും പുരുഷന്മാരുടെ ആർത്തിപിടിച്ച നോട്ടം. ജയ ഒഴിഞ്ഞ ഒരു ബിയറുകുപ്പി പുഴയിലേക്ക് വലിച്ചെറിഞ്ഞു. സ്മിതയപ്പോൾ സിഗരറ്റിന് തീ പിടിപ്പിച്ചു, എന്നിട്ട് അവർക്കുനേരെ പൂജ്യങ്ങളുടെ ആകൃതിയിൽ പുകയൂതിവിട്ടു.

"അത് സംഗതി കൊള്ളാം,നിങ്ങളങ്ങനെ ഒറ്റയ്ക്കുപോയാൽ ഇവിടെ പടമെങ്ങനെ ഓടും. ഞങ്ങളും വരാം', കലുങ്കിന്റെ മുകളിൽ കുന്തിച്ചിരുന്ന ചെറുപ്പക്കാരൻ തുടചൊറിഞ്ഞുചിരിച്ചു. ഒരുത്തൻ കൈലിമുണ്ടഴിച്ച് കുടഞ്ഞുടുത്തു. വേറൊരുത്തൻ കാറിനുള്ളിലേക്ക് കയറാൻ തുടങ്ങി. വാതിൽ തുറന്നിറങ്ങിയ സുമതിയുടെ തകർപ്പൻ ചവിട്ട്, കലുങ്കിലിരുന്നവൻ പുഴയിലേക്ക് തെറിച്ചുപോയി. ഒരുത്തൻ കാറിന്റെ മുന്നിലേക്കും മറ്റവൻ പിന്നിലേക്കും ഓടി.

മുന്നിലേക്ക് പോയവനെ പിടിക്കാനാഞ്ഞ് സുമതി കാറോടിക്കാൻ തുടങ്ങി. റിസോർട്ടിലേക്കുള്ള വഴി സൂചിപ്പിക്കുന്ന പച്ചനിറമുള്ള ബോർഡ് തെളിഞ്ഞു. കാറപ്പോൾ സുമതിയുടെ കാലിൽ അവനെ വിട്ടേക്കെടീന്ന് ഒരു യൂടേണാവശ്യപ്പെട്ടു. ഓടിക്കൊണ്ടിരുന്ന പുരുഷൻ അതിനിടയിൽ കരച്ചിലോടെ കറുപ്പൻ കാട്ടിനുള്ളിലേക്ക് ചാടിമറഞ്ഞു. നീട്ടിയ ഒരു ഹോണും കാറിനുള്ളിൽ നിന്ന് നാലൈറ്റം ചിരിയുമുണ്ടായി.

"നീ കൊള്ളാമല്ലോടി ഈ പടം തീരുംവരെ ഒപ്പം നിക്കാൻ എന്തുവേണം', ജയയുടെ ചോദ്യത്തിന് സുമതി ഒന്നു ചിരിച്ചു, അത്ര തന്നെ. എന്നാലും ഇവരിൽ ആരുടെ കഥ ആദ്യം സിനിമയാക്കുമെന്ന ചന്ദ്രന്റെ സംശയം അവളുടെ മുഖത്തങ്ങനെ നിന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ. എസ്. രതീഷ്

കഥാകൃത്ത്, അധ്യാപകൻ. പാറ്റേൺലോക്ക്, ഞാവൽ ത്വലാഖ്, ബർശല്, കബ്രാളും കാശിനെട്ടും, കേരളോൽപത്തി, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments