റോഡരികിൽ കുന്നുകൂട്ടിയിരുന്ന കുട്ടക്കല്ലുകൾക്കിടയിലായിരുന്നു, കുറച്ചുനാളായി പെരുമ്പാമ്പിന്റെ വാസം.
രാപകൽ ഇടവിടാതുള്ള ഒച്ചകൾ നിലം കുലുക്കുന്നതുകാരണം തലപോലും പുറത്തുകാണിക്കാൻ ഭയന്നു.
ഒട്ടും പരിചയമില്ലാത്ത ഒളിപാർപ്പ്, ആധിയും അസ്വസ്ഥതയും ഇരച്ചുകയറുന്ന അന്തരീക്ഷം. ചെറുപ്രാണികളെ പോലും നാക്കു നീട്ടി പിടിക്കാൻ പറ്റാത്ത അവസ്ഥ. കത്തിക്കാളുന്ന വിശപ്പ്. പതഞ്ഞു പൊന്തുന്ന പാരവശ്യം.
ഒട്ടും നിനച്ചിരിക്കാതെയായിരുന്നു ഈ ദുർഘടസന്ധി പെരുമ്പാമ്പിനെ ചുറ്റിവരിഞ്ഞത്. അയ്യൻകുന്നിലെ വെളിച്ചം പോലും കടക്കാത്തത്ര ഇടതൂർന്ന മരങ്ങളും വള്ളിപ്പടർപ്പുകളും ഉള്ള കാട്ടിൽ നിർഭയനായി കഴിയുകയായിരുന്നു. നാക്കെത്തുംദൂരത്ത് പ്രാണികളും പക്ഷികളും. ഇടയ്ക്കിടെ കുരങ്ങുകളും കാട്ടുനായ്ക്കളും. ചിലപ്പോൾ കുട്ടിപ്പന്നികളും കാട്ടുമുയലുകളും.
കുറ്റിച്ചെടികൾക്കുള്ളിൽ, കരിയിലക്കൂനകൾക്കിടയിൽ, കാട്ടുപടർപ്പുകൾക്കിടയിൽ പെരുമ്പാമ്പ് നിർബാധം ഇഴഞ്ഞുനടന്നു. ഓരോ മരത്തെയും ശരീരമാസകലം കൊണ്ട് ആശ്ലേഷിച്ച് നിശ്ശബ്ദം ചുറ്റിക്കയറി. ഓരോ ശാഖയിലും പിണഞ്ഞു കിടന്നു. വാൽഭാഗം കൊമ്പിലിറുക്കി, തലഭാഗം വായുവിൽ ചുഴറ്റി ചെറുകിളികളെ വളഞ്ഞു പിടിച്ച് വിഴുങ്ങി. അയ്യൻകുന്നിന്റെ നെറുകയിലൂടെ ഒഴുകിവരുന്ന പുഴയിൽ ഇത്തിരി നേരം ഇരുന്നാൽ മതി, മീൻ കൊത്താനെത്തുന്ന കൊക്കുകളും പൊന്മകളും നാക്കിൻപുറത്ത് വന്നുവീഴും. ആവോളം വയറുനിറച്ച് ദിവസങ്ങളോളം വെളിയിലിറങ്ങാതെ മരപ്പൊത്തിൽ ചുരുണ്ടുകൂടി കിടക്കുമ്പോഴുള്ള സുഖം! ഇരു ജന്മങ്ങൾക്കിടയിലെ നീണ്ട സമാധി. അനുഭവിച്ചവർക്കേ അറിയൂ ആ നിർവൃതി.
എല്ലാം തകർത്തത് കാലവർഷം, അപ്രതീക്ഷിതമായാണ് അത് കനത്തത്.
ദിവസങ്ങളോളം ഭ്രാന്തുമഴ ഇളകിയാർത്തു. പുഴ ഉയർന്നുപൊന്തി. മണ്ണും മരങ്ങളുമായി അയ്യൻകുന്നിലെ വെള്ളം കുതിച്ചിറങ്ങി. മരപ്പൊത്തിൽ സുഷുപ്തിയിലാണ്ടിരുന്ന പെരുമ്പാമ്പ് ഞെട്ടിപ്പിടിഞ്ഞു. ഒന്ന് ചെറുക്കുന്നതിനു മുമ്പേ നിലതെറ്റി. പാഞ്ഞെത്തിയ മഴവെള്ളം പെരുമ്പാമ്പിനെ വളഞ്ഞു പിടിച്ചു. വരിഞ്ഞുമുറുക്കി. വലിച്ചിഴച്ചു. മുങ്ങിയും പൊങ്ങിയും, കല്ലിൽ തട്ടിയും മുള്ളിൽ മുറിഞ്ഞും, ഒഴുകി. തന്റെ വീറും ശൗര്യവും എവിടെയെന്ന് അപ്പോൾ അത് സ്വയം ചോദിച്ചുകാണുമോ എന്തോ. കരയായാലും വെള്ളമായാലും അവയിലെ ജീവജാലങ്ങളായാലും എല്ലാം തന്റെ ഉടൽപിടിയിലായിരുന്നു ഇതേവരെ. ഇപ്പോൾ മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ എതിർത്തുനിൽക്കാൻ പോയിട്ട്, തിരിഞ്ഞുനോക്കാൻ പോലുമാവാതെ ശവതുല്യം ഒഴുകുന്നു. ദിവസങ്ങളോളമുള്ള ഒഴുക്കിന്റെ ഒടുക്കം അർദ്ധപ്രാണനോടെ തങ്ങിനിന്നത് ഈ കൽക്കൂട്ടത്തിനുള്ളിൽ. വേദനയും വിശപ്പുമായി, പുകച്ചിലും പിടച്ചിലുമായി, ആശങ്കയും മരണഭീതിയുമായി ഒട്ടേറെ ദിനരാത്രങ്ങൾ...
മഴ പതുക്കെ അവശയായി. കുത്തൊഴുക്കിന്റെ മൂർച്ച കുറഞ്ഞു. വെള്ളമിറങ്ങിപ്പോയെങ്കിലും പെരുമ്പാമ്പിന് കല്ലിടുക്കിൽ നിന്ന് പുറത്തു കടക്കാനായില്ല. കുറെ കാടും പടലവും കൽക്കൂട്ടത്തെ മൂടി. പുറത്തേക്കിഴയാൻ പറ്റാത്ത വിധമായിരുന്നു നീറ്റൽ. അപരിചിതമായ അന്തരീക്ഷം. അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായുന്ന ഒച്ചയുടെ കുത്തിത്തുളക്കൽ. ഭീതിദമായ മനുഷ്യഭാഷണങ്ങൾ. ഇടവിടാതുള്ള ചവിട്ടടിയൊച്ചകൾ. അവ കല്ലിടുക്കുകളെപ്പോലും വിറപ്പിക്കുന്നത്, പെരുമ്പാമ്പ് നെഞ്ചുകൊണ്ടറിഞ്ഞു. കടുത്ത അവശതയും അരക്ഷിതാവസ്ഥയും പാമ്പിനെ പൊതിഞ്ഞു. കൽക്കൂട്ടത്തിനുള്ളിൽ ആശയറ്റ് ദിവസങ്ങളോളം അത് ചുരുണ്ടുകിടന്നു.
കല്ലുകൾക്കിടയിലുള്ള ചെറുവിടവിലൂടെ പെരുമ്പാമ്പ് പുറംലോകത്തിന്റെ ചെറുകഷ്ണം കാണുന്നുണ്ടായിരുന്നു. കരിമേഘം അകന്ന് ആകാശം നരച്ചുതുടങ്ങിയത് അറിയുന്നുണ്ടായിരുന്നു.
അതിനിടയിലെപ്പോഴോ മോഹിപ്പിക്കുന്ന ഉപ് ഉപ് എന്ന ശബ്ദം അതിന്റെ വാരിയല്ലുകളെ തൊട്ടുണർത്തി. തലയുയർത്തി നോക്കിയപ്പോൾ കല്ലിൻ കൂനമേൽ മലവെള്ളം അവശേഷിപ്പിച്ച അഴുകിയ കാട്ടുവള്ളികളിൽ നിന്ന് ചെറുപ്രാണികളെ കൊത്തിത്തിന്നുന്ന ഉപ്പൻ.
പെരുമ്പാമ്പിന്റെ കുടലിൽ പതിഞ്ഞുകത്തിയിരുന്ന വിശപ്പ് പൊടുന്നനെ ആളിക്കത്തി. ഒന്നുമാലോചിക്കാതെ തല വെളിയിലേക്കിട്ടു. നിശ്ശബ്ദം കാത്തു.
ഏതൊരു ജീവിയും തന്റെ ഇരയോടുള്ള ആർത്തിയിൽ സ്വയം മറക്കുന്ന ഒരു ഘട്ടമെത്തുമെന്ന് പെരുമ്പാമ്പ് അനുഭവത്തിൽ നിന്ന് ആർജിച്ചെടുത്ത അറിവാണ്. താനത് തിരിച്ചറിഞ്ഞ് സ്വയം നിയന്ത്രിക്കാറുള്ളതുപോലെ ഈ ഉപ്പൻ ശ്രമിച്ചാലാണ് കുഴപ്പം. മറിച്ച് താൻ എന്നെങ്കിലും മറക്കാൻ സാധ്യതയുള്ളതുപോലെ ഉപ്പൻ ഇപ്പോൾ മറക്കുകയാണെങ്കിൽ രക്ഷപ്പെട്ടു.
ഉപ്പൻ ആ അവസ്ഥയിലേക്ക് എത്തുന്ന നിമിഷത്തിനായി പെരുമ്പാമ്പ് നിശ്ശബ്ദനായി, നിശ്ചേഷ്ടനായി കാത്തു.
ആ നിമിഷത്തിലേക്കടുത്തെന്ന് ഉറപ്പായപ്പോൾ സർവ്വശക്തിയും ഉപയോഗിച്ച് ഉടൽനീട്ടി ഒറ്റ പിടഞ്ഞുതിരിയൽ. ഉപ്പൻ പക്ഷേ തൂവൽനാരിഴക്ക് രക്ഷപ്പെട്ടു. ഇര തെന്നിമാറുന്ന നിമിഷം ഗണിച്ചെടുത്തത് തെറ്റായിട്ടല്ല, ശരീരം മനസ്സിനൊപ്പം ഓടിയെത്താത്തതുകൊണ്ടാണ്. മുഴുവൻ ശരീരവും ഉപയോഗിക്കാൻ കഴിഞ്ഞെങ്കിൽ ഉപ്പൻ വരുതിയിലായേനെ.
എങ്കിലും പെരുമ്പാമ്പ് പ്രതീക്ഷ കൈവെടിഞ്ഞില്ല. ഇനിയും സമയമുണ്ട്. ഈ ഇത്തിരിവട്ടത്തിൽ നിന്ന് ഉപ്പൻ ഉടനെയൊന്നും അകന്നുപോകില്ല. പോയാലും അപ്പോൾതന്നെ തിരിച്ചെത്തും. ഏതൊരു ജീവിയും തന്റെ ശത്രു ഒളിച്ചിരിക്കുന്ന ഇടം നിമിഷനേരം കൊണ്ട് മറന്നുപോകും, അവിടെ ചെള്ളിപ്പെറുക്കാനെന്തെങ്കിലും ഉണ്ടെങ്കിൽ. ചൂണ്ടക്കൊളുത്തെന്ന അറിവിനുമീതെ, മണ്ണിരപ്പിടച്ചിലിനോടുള്ള ആർത്തി അതിക്രമിക്കുമ്പോഴാണ് മീനുകൾ വെറും ഇരയാവുന്നത്.
കല്ലിൻകൂട്ടത്തിൽ നിന്ന് ഇഴഞ്ഞ് പുറത്തുവന്ന പെരുമ്പാമ്പ് ചുറ്റുംനോക്കി. വിചിത്രമായ ലോകം. താൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഇടം. മറഞ്ഞുനിൽക്കാൻ കുറ്റിക്കാടുകളോ കരിയിലക്കൂട്ടങ്ങളോ ഇല്ല. ഇഴഞ്ഞുകയറി പതുങ്ങി നിൽക്കാൻ ഒരു മരം പോലുമില്ല. മുങ്ങിയൊളിക്കാൻ വെള്ളക്കെട്ടില്ല. വരുന്നത് വരട്ടെ എന്നമട്ടിൽ ഓരം ചേർന്ന് ഇഴഞ്ഞു. ഭാഗ്യത്തിന് മനുഷ്യരുടെ കണ്ണിൽ പെട്ടില്ല. എന്തൊക്കെയോ ചീറിപ്പായുന്ന ശബ്ദം ഉടലിൽ ആഞ്ഞുകൊത്തുന്നുണ്ടായിരുന്നു. ചെറുചരൽക്കല്ലുകൾ മേല് നോവിക്കുന്നുണ്ടെങ്കിലും നിലം പറ്റി നീങ്ങി.
അപ്രതീക്ഷിതമായി ഒരു മരത്തിൽ ദേഹമുടക്കി. അന്നേരമാണ് മുകളിൽ ഉണ്ടായിരുന്ന ഉപ്പന്റെ കൂവൽ മരത്തിന്റെ കടയ്ക്കലുള്ള പെരുമ്പാമ്പ് ചക്ഷുസ്സുകൊണ്ട് ശ്രവിച്ചത്. ഇരയെ വീണ്ടുകിട്ടിയതിന്റെ ആഹ്ലാദത്തിൽ അത് മരത്തിൽ ചുറ്റിക്കയറി. ചെറുതും വലുതുമായ എത്രയോ മരങ്ങൾ കയറിയിറങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ ഉരുൾച്ചയും വഴക്കവും ഇതിനില്ലല്ലോ എന്ന് പെരുമ്പാമ്പ് അതിശയിച്ചു. തടിക്ക് പാറക്കല്ലിന്റെ മുരുമുരുപ്പ്. ശാഖകൾക്ക് വേണ്ടി തലയും വാലും നീട്ടിനോക്കിയെങ്കിലും അങ്ങനെയൊന്ന് തടഞ്ഞതേയില്ല. ഇലകളുടെ ശീതസ്പർശം അനുഭവിക്കാനായില്ല. എങ്കിലും ദേഹമാസകലം ശക്തി സംഭരിച്ച് മേൽപ്പോട്ടിഴഞ്ഞു.
ഇത് മരം തന്നെയല്ലേ എന്ന് ഒരുവേള പെരുമ്പാമ്പിന് സംശയമുണ്ടായി.
മരമല്ലാതെന്ത്? വേര് മണ്ണിലാഴ്ന്നിട്ടുണ്ടല്ലോ. തടി ആകാശത്തേക്ക് നീളുന്നുണ്ടല്ലോ. മുകളിലേതോ കൊമ്പിലിരുന്ന് ഉപ്പൻ കൂകുന്നുണ്ടല്ലോ. പെരുമ്പാമ്പ് ശരീരത്തിലെ സർവ്വ അസ്ഥികളുമുപയോഗിച്ച് മേൽപോട്ടിഴഞ്ഞു. ഉച്ചിയിലെത്തിയപ്പോൾ അസാധാരണമാംവിധം നേർത്തുമെലിഞ്ഞ ഒരു കൊമ്പിലിരുന്ന്, ഉപ്പൻ കൊക്കുകൊണ്ട് തന്റെ ചെമ്മന്നചിറകുകൾ ചിക്കിച്ചികയുന്നു. കണ്ണാടിത്തിളക്കമുള്ള തൂവലുകൾ കോതിമിനുക്കുന്നു. അവനവനിൽ രമിച്ചിരിക്കുമ്പോഴും ഇരയെ അനായാസം കീഴ്‌പെടുത്താനാവുമെന്ന് പെരുമ്പാമ്പിന്റെ അനുഭവപാഠം.
ഉപ്പൻ തന്റെ മേനിയഴകിൽ സ്വയം മറന്നിരിക്കുകയാണ്. അത് തന്നെ കാണുന്നില്ലെന്ന് ഉറപ്പായി. പറ്റിയ അവസരം. അൽപനേരം പെരുമ്പാമ്പ് അനക്കമറ്റുകിടന്നു. ഇനിയും ഉടൽപിഴവ് പറ്റരുത്. കിട്ടിയ തക്കത്തിന് കഴുത്തുവളച്ച് ഉപ്പനെ ഒറ്റപ്പിടുത്തം. കുതറിപ്പറക്കാൻ നോക്കിയപ്പോൾ മുഴുവൻ ദേഹവും കൊണ്ടുവരിഞ്ഞു. കരച്ചിലിന്റെ ഒച്ച പുറത്തുകേൾക്കാനാവാത്തവിധം അമർത്തിഞെരുക്കി. ഉപ്പനെ പച്ചജീവനോടെ പിളർന്ന വായിലേക്ക് തള്ളുന്ന സന്തോഷത്തിൽ സ്വയംമറന്ന് വാൽഭാഗം തുള്ളിപ്പിടഞ്ഞു. പിടയ്ക്കലിന്റെ ഒരു ഘട്ടത്തിൽ വാൽ മറ്റൊരു നേർത്തകമ്പിൽ തട്ടി. അന്നേരം ആരോ നിർദ്ദയമായ കൈകളാൽ കോരിയെടുത്തുകുടയുന്ന അനുഭവം പെരുമ്പാമ്പിനുണ്ടായി. ആലക്തികമായ ആഘാതത്തിൽ ദേഹമാസകലം തരിപ്പ് ഇരച്ചുകയറി. വാരിയെല്ലുകൾ ഞെരുങ്ങിത്തകരുന്നതുപോലെ. ഉഗ്രമായ തീക്കൂനയിൽ ശരീരം വേവുന്നതുപോലെ. ഇരുട്ടിന്റെ ഭീമാകാരമായ വായയിലേക്ക് എടുത്തെറിയപ്പെടുന്നതുപോലെ.
കാലവും ലോകവും, നാളിതുവരെ കണ്ടിട്ടില്ലാത്ത ദംഷ്ട്രകളോടുകൂടിയ ഭീകരജീവിയെപ്പോലെ... ▮