ചൊവ്വാഴ്ചയല്ലാത്ത ഒരു ദിവസം

‘ചൊവ്വാഴ്ചയല്ലാത്ത ഒരു ദിവസം അമ്മയുടെ ജീവിതത്തിലുണ്ടാകില്ല'

പോഴ്‌സലേൻ പാത്രം നിലത്തുവീണ് ചിതറിയതുപോലെയുള്ള സ്വരം കേട്ടാൽ മുഖത്തെ ഭാവം എങ്ങനെ തിരിച്ചറിയാനാണ്. നളിനി ശ്രദ്ധയോടെ ചിത്തനെ നോക്കിയപ്പോൾ വെറുമൊരു പ്രസ്താവന മാത്രമായാണ് തോന്നിയത്.

‘അടുത്തമാസം പെൻഷനാകുകയാണ്, അതോടെ എന്റെ ജീവിതം മുഴുവൻ ഞായറാഴ്ചയായിരിക്കും'

‘ഞാനങ്ങനെ കരുതുന്നില്ല....ഒരൊറ്റ ഭാവം മാത്രമുള്ള ഒരു നടനില്ലേ....കഴിഞ്ഞകൊല്ലം മരിച്ചയാളേ...അതുപോലെയാണമ്മ'

പരിഹാസവും നർമ്മവും പുറമേക്കു കവിയാതെ ഒതുക്കിപ്പറയാനുള്ള കരുതലും ബുദ്ധിയും ചിത്തനുണ്ട്.

‘നിനക്കമ്മയേക്കുറിച്ചല്ലാതെ വേറൊന്നും ആലോചിക്കാനില്ലേ...'

നളിനി വേഷം മാറാനായി കിടപ്പുമുറിയിലേക്കു കയറി വാതിൽ ചാരി. പറഞ്ഞ വാചകം ഒരു പൂർണവിരാമ ചിഹ്‌നമാണ്. ഒട്ടും ചിന്തിക്കാതെയാണ് പറഞ്ഞതെങ്കിലും ചിത്തൻ അതേക്കുറിച്ചുതന്നെ ആലോചിക്കുകയായിരുന്നുവെന്ന് വേഷംമാറി വരാന്തയിലേക്കു വന്നപ്പോൾ അവൾ തിരിച്ചറിഞ്ഞു.

ചിത്രീകരണം: ദേവപ്രകാശ്

‘ഞാനമ്മയേക്കുറിച്ചൊരു കഥയെഴുതിക്കൊണ്ടിരിക്കുകയാണ്....തീരാറായി'

‘അതിങ്ങനെ വിളിച്ചുപറയുന്നതെന്തിനാണ്...മിണ്ടാതെയങ്ങ് എഴുതിയാൽപ്പോരേ...'

അവന്റെ മുഖത്തേക്കുനോക്കാതെ നളിനി അടുക്കളയിലേക്കു നടന്നു. രണ്ടു വാചകങ്ങളുടേയും ഉപരിതലത്തിൽ അനിഷ്ടം നിറഞ്ഞിരുന്നുവെന്നു തോന്നുമെങ്കിലും അങ്ങനെയൊരു സാമർത്ഥ്യം അമ്മയ്ക്കില്ലെന്ന് ചിത്തനറിയാം. അതുകൊണ്ടാണല്ലോ അടുക്കളയിലെ വാസനകളാൽ പ്രചോദിതനായി പാത്യമ്പുറത്തു വന്നിരുന്ന് അടുപ്പിൽ നിന്നിറക്കിവെച്ച അടയുടെ വാഴയിലച്ചീന്തു കീറി തിരക്കുപിടിച്ച് അവൻ തിന്നാൻ തുടങ്ങിയത്. കൈയ്യും വായയും പൊള്ളിയിട്ടും താഴേയിടാതെ ചിത്തൻ തിന്നുകൊണ്ടേയിരുന്നു. പിന്നെ ഒതു തുണ്ട് കീറി ഈതിത്തണുപ്പിച്ച് നളിനിയ്ക്കു നേരെ നീട്ടി.

‘ഞാനെഴുതുന്നത് എന്തിനേക്കുറിച്ചാണെന്നറിയോ....അമ്മേടെ പുതിയ പ്രേമത്തെപ്പറ്റി...'

‘അതിനിത്രയ്‌ക്കൊക്കെ ചിരിക്കാനുണ്ടോ...' എപ്പാഴത്തേയും പോലെ ഒന്നും ചിന്തിക്കാതെയാണതും പറഞ്ഞതെങ്കിലും ചിത്തന്റെ മുഖം മാറുന്നത് നളിനി കണ്ടു.

‘ഇഷ്ടമില്ലേൽ പറഞ്ഞോ, ഞാനിപ്പഴേ നിർത്തിയേക്കാം..'

‘അതൊന്നും വേണ്ട....അച്ചടിക്കും മുമ്പ് വായിച്ചു കേൾപ്പിച്ചാ മതി..'
ചിത്തൻ കഥ പറയാൻ തുടങ്ങി.

രണ്ടുദിവസം താമസിക്കാൻ വന്ന മകന്റെ ചങ്ങാതി നിയാസ് അയാളുടെ ജീൻസും വയലറ്റ് നിറമുള്ള ടീഷർട്ടും അയയിൽ ഉപേക്ഷിച്ചാണ് പോയത്. കൂട്ടുകാരിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കാൻ ഓഫീസിൽനിന്ന് ഇത്തിരി നേരത്തേ വന്ന അവൾക്ക് ആ ബനിയനും നിറം മങ്ങിയ ജീൻസും കണ്ടപ്പോൾ കൗതുകം തോന്നി. ആദ്യമായണിഞ്ഞ ജീൻസിലും വയലറ്റ് ടീഷർട്ടിലും അവൾ സന്തുഷ്ടയായിരുന്നെങ്കിലും ബസ്സിലുള്ള പുരുഷന്മാർ അവളുടെ വയലറ്റ് മാറിടത്തിലെ ‘ഐ ആം മച്ച് മോർ മീ വെൻ ഐ ആം ഇൻ ലവ്' എന്ന വാചകം വായിക്കുകയായിരുന്നു.

വാചകത്തേക്കാളുപരി ആ ടീഷർട്ട് അവളുടെ മുലകൾക്ക് ഉള്ളതിലേറെ വലുപ്പം തോന്നിപ്പിച്ചിട്ടുണ്ടാകാം. മദ്ധ്യവയസ്സുള്ള ഒരു സ്ത്രീ ഇങ്ങനെയൊരു വേഷം അണിയുന്നത് പുരുഷന്മാരുടെ ശ്രദ്ധയാകർഷിക്കാനല്ലെങ്കിൽ പിന്നെ എന്തിനായിരിക്കാം എന്നുകൂടി അവർ ചിന്തിച്ചിട്ടുണ്ടാകാം. അതല്ലെങ്കിൽ ആദ്യമായി കച്ചവടത്തിനിറങ്ങിയ രാത്രിക്കൂട്ടുകാരിയാണെന്ന് ധരിച്ചിട്ടുണ്ടാകാനും മതി.

"വാ...നമുക്കു പോകാം...'
അയാൾ പറഞ്ഞു.

"വീട്ടിലേക്കല്ലേ...'
സംശയമേതുമില്ലാതെ അവൾ ചോദിച്ചു.

ഇയാൾക്കവിടെ തടസ്സോന്നുമില്ലെങ്കിൽ വീട്ടിലേക്കു തന്നെ പോകാം...
വീട്ടിലേക്കുവന്ന ആ യുവാവിനെ അവൾ കമ്പ്യൂട്ടറിൽ എഴുതിക്കൊണ്ടിരുന്ന ഭർത്താവിനെയും ടി.വിയുടെ മുന്നിലിരുന്ന് ന്യൂഡിൽസ് കഴിക്കുന്ന ചേടത്തിയമ്മയേയും നാടകം റിഹേഴ്‌സൽ ചെയ്തുകൊണ്ടിരുന്ന മകന്റെ ചങ്ങാതിമാരേയുമൊക്കെ പരിചയപ്പെടുത്തിക്കൊടുത്തു. വലിയൊരു ആൾക്കൂട്ടത്തിലേക്കു വന്നുപെട്ട ആ യുവാവിന് ആകെ സംശയമായി. അവൾ സമനില തെറ്റിയവളാണോ. അതോ യാഥാർത്ഥ്യബോധമില്ലാത്തവളോ...

വീട്ടുകാർ അവളെ ശ്രദ്ധിക്കുന്നേയില്ലായിരുന്നു. മകൻ മാത്രമാണ് അമ്മയുടെ കൂട്ടുകാരനായി വന്ന അയാളോട് കുറച്ചെങ്കിലും സംസാരിച്ചത്. അത്ര ആകർഷകമെന്നു പറയാനാകില്ലെങ്കിലും ഇത്തിരി മേദസ്സുള്ള ആ ശരീരത്തെ മോഹിച്ചു വന്നതിനാൽ നിരാശയുണ്ടായിരുന്നെങ്കിലും അവളുടെ ആ നിഷ്‌ക്കളങ്കത അയാളെ വല്ലാതെ പിടിച്ചുകുലുക്കിയിട്ടുണ്ടാകണം. ഇത്രയ്ക്കു നിഷ്‌ക്കളങ്കത ഈ ലോകത്തിനു തീരെ ഇണങ്ങാത്തതാണെന്ന കാര്യത്തിൽ അയാൾക്കു സംശയമുണ്ടായിരുന്നില്ല.

അങ്ങനെയാണ് ആ പ്രണയത്തിന്റെ തുടക്കം...എന്നാൽ അയാൾക്കറിയില്ലാത്ത കാര്യമുണ്ടായിരുന്നു. ഇതുപോലെ ഏഴോ എട്ടോ പകിട്ടില്ലാത്ത പ്രണയങ്ങളിലൂടെ അവൾ കടന്നുപോയിട്ടുണ്ടെന്ന്....അവൾ പ്രണയിച്ച പുരുഷൻമാരാരും അതു തിരിച്ചുകൊടുത്തിട്ടുണ്ടോ എന്നും സംശയമുണ്ട്. പൊതുവേ പുരുഷൻമാർക്ക് ഇത്തരം നേർമ്മയേറിയതും സമർപ്പിതവുമായ പ്രണയത്തെ ഉൾക്കൊള്ളാൻ കഴിയാറില്ല.

ചിത്തൻ നോക്കുമ്പോൾ നളിനി ആലോചനയിൽ മുഴുകിയിരിക്കുന്നതാണ് കണ്ടത്. അവളുടെ കണ്ണുകൾ അപ്പോഴും മുറ്റത്തെ ചെടിയിൽത്തന്നെ. അപ്പോഴാണ് മകൻ ശ്രദ്ധയോടെ നോക്കിയത്. ചെടിയിലെ രണ്ടു നീളമേറിയ ഇലകൾ രോഗം വന്നതുപോലെ കൂടി ഒട്ടിയിരിക്കുന്നു. കണ്ണുകൾ അവിടെത്തന്നെ കുറച്ചുനേരം തങ്ങിയപ്പോഴാണ് ആ ഇലകൾ പഞ്ഞിപോലുള്ള നേരിയ നാരുകൊണ്ട് കൂട്ടിത്തുന്നിയിരിക്കുകയാണെന്നു തിരിച്ചറിഞ്ഞത്. തിരക്കില്ലാതെ, ധ്യാനമനസ്സോടെ നോക്കിയാൽ മാത്രം കാണാവുന്ന ഒരു കാഴ്ച.

"തുന്നാരൻ കിളീടെ കൂടാണ്...അതിനുള്ളിൽ രണ്ടു കുഞ്ഞുങ്ങളുണ്ട്...'

നെറ്റിയിൽ കുങ്കുമം പൂശിയ ചെറിയടയ്ക്കയുടെ വലുപ്പം പോലുമില്ലാത്ത കിളി ഇപ്പോഴാണ് അയാളുടെ കണ്ണിൽ പതിഞ്ഞത്. ചിത്തന്റെ നോട്ടം അതിലാണെന്നു കണ്ടപ്പോൾ അവൾ ഉൽസാഹത്തോടെ പറഞ്ഞു.

‘കുഞ്ഞിന്റെ പേരിടലാണെന്നാ തോന്നണേ...കുറേ കിളികൾ വിരുന്നുകാരേപ്പോലെ വന്ന് മാറിയിരിക്കുന്നതു കണ്ടോ..'

‘അപ്പോ എന്റെ കഥ കേട്ടില്ലെന്നു ചുരുക്കം..'
നളിനി ചിരിച്ചു.

ഇലകൾ ചേർത്തു തുന്നിയ കൂട്ടിൽ നോക്കി നിൽക്കുമ്പോൾ കറുപ്പിലും വെളുപ്പിലുമുള്ള ഒരു പൂപ്പാത്രം ഓർമ വന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങി നിൽക്കെ യസുജീറോ ഒസു സംവിധാനം ചെയ്ത ‘ലെയ്റ്റ് സ്പ്രിങ്ങ്' എന്ന ചിത്രത്തിലാണ് പൂക്കളില്ലാത്ത ആ പോഴ്‌സലേൻ പൂപ്പാത്രം കണ്ടത്. സിനിമയിൽ ചിത്തെന്റ സ്ഥാനത്ത് സുന്ദരിയായ നൊറീകോ എന്ന ഒരു പെൺകുട്ടിയാണ്. അച്ഛനോടൊപ്പം നടത്തിയ അവസാനത്തെ വിനോദയാത്രയ്ക്കുശേഷം ക്യോട്ടോയിലെ ഒരു സത്രത്തിൽ രാത്രി ഉറങ്ങാൻ കിടന്ന മകൾക്ക് ഉറക്കം വന്നില്ല.

വിഭാര്യനായ അച്ഛനെ പിരിയാതിരിക്കാൻ വേണ്ടി അത്രയും കാലം പറഞ്ഞുവെച്ച കല്യാണങ്ങളിൽ നിന്നെല്ലാം അവൾ ഒഴിഞ്ഞുമാറുകയായിരുന്നു. അവളെ കെട്ടിച്ചയച്ചിട്ടുവേണം അച്ഛന് മറ്റൊരു കല്യാണം കഴിക്കാനെന്ന സത്യം തിരിച്ചറിഞ്ഞതോടെ സങ്കടത്തിലും നിരാശയിലുംപെട്ട മകൾ തനിക്കു പറഞ്ഞുവച്ച കല്യാണാലോചനയ്ക്ക് സമ്മതം മൂളാൻ നിർബ്ബന്ധിതയായി.

എന്നാൽ വല്ലാതെ ദുഃഖിതയായിരുന്ന നൊറീകോ ഉള്ളിലെ മുറിവുകാണാതിരിക്കാൻ നേരിയ പുഞ്ചിരിയുടെ മറപിടിച്ച് തന്റെ മനസ്സു തുറക്കാൻ ഒരുങ്ങിയ നേരത്ത് അച്ഛന്റെ കൂർക്കംവലി കേട്ടു. ഉറക്കം വരാതെ അങ്ങനെ കിടക്കുമ്പോഴാണ് അതുവരെ കണ്ണിൽപ്പെടാതിരുന്ന പൂപ്പാത്രം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. പുഞ്ചിരികൊണ്ടു മറച്ചുപിടിച്ച നൊറീകോ വെളിച്ചവും അച്ഛന്റെ മുഖവും ഇല്ലാത്തയിടത്തേക്കു തിരിയുന്ന നേരത്ത് വൃത്താകാരത്തിലുള്ള ജാലകപ്പടിയിൽ കറുപ്പും വെളുപ്പും ഇടകലർന്ന് വെള്ളിനിറമായ പൂപ്പാത്രം പ്രത്യക്ഷപ്പെടുന്നു. ധ്യാനത്തിലകപ്പെട്ടതുപോലെ കുറച്ചുനേരം ആ കാഴ്ചയങ്ങനെ ചലനമില്ലാതെ നീണ്ടു. മകൾ ഇരുട്ടിൽനിന്ന് മുഖം തിരിച്ച് അച്ഛനെ നോക്കാൻ തുടങ്ങി. അപ്പോൾ അവളുടെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നില്ല. ഇരുണ്ട മേഘം പോലെ ആ മുഖത്തേക്കു സങ്കടം പരന്നു. അവളുടെ നിലവിളി അകലെ നിന്ന് നടന്നടുക്കുന്ന മഴ പോലെ അനുഭവിച്ചറിയാൻ സാധിക്കുമായിരുന്നുവെന്ന് ചിത്തൻ ഓർത്തു.

ചില കാഴ്ചകൾ അങ്ങനെയാണ്. കലുഷമായ മനസ്സിന്റെ കനം എടുത്തുമാറ്റുകയും സത്യത്തെ നേരിടാനുള്ള സാന്നിദ്ധ്യം തരികയും ചെയ്യും. തുന്നാരൻ കിളിയുടെ കൂട്ടിൽ നിന്ന് അവന്റെ കണ്ണുകൾ അമ്മയുടെ മുഖത്തേക്കു തിരിഞ്ഞു. കുറേനേരം ചിത്തനും അമ്മയോടൊപ്പം മിണ്ടാതിരുന്നു. ഭാവങ്ങളേതുമില്ലായിരുന്ന അമ്മയുടെ നനഞ്ഞ ചുണ്ടിൽ നേരിയ പുഞ്ചിരി പതുക്കെ പതുക്കെ കടന്നുവരുന്നത് അവൻ കണ്ടു.

‘എനിക്ക് ചൊവ്വാഴ്ചകൾ മാത്രമേയുള്ളുവെന്നു പറഞ്ഞത് നീ തിരുത്തണം...' അമ്മ പറഞ്ഞു.

‘ശരീരം മോഹിച്ചുവന്ന ഒരാളെ എങ്ങനെ സ്‌നേഹിക്കാൻ കഴിയും?' വികാരങ്ങളെ മയപ്പെടുത്തിക്കൊണ്ട് ചിത്തൻ ചോദിച്ചു.

‘ശരീരമില്ലാതെ മനുഷ്യരെങ്ങനെ സ്‌നേഹിക്കും?'

തീരെ സംശയങ്ങളില്ലാത്ത മുഖത്തുനിന്നാണാ മറുചോദ്യം വന്നതെന്നു കണ്ടപ്പോൾ മകന്റെ മനസ്സ് കൂടുതൽ കലുഷമായി. ആ കഥ എഴുതിയതിനു പിന്നിലെ കാപട്യവും തിരിച്ചറിഞ്ഞു. അവൻ കടലാസുകൾ ചെറുനുറുങ്ങുകളായി ചീന്തി ആകാശത്തേക്കെറിഞ്ഞു. കനമില്ലാത്ത കടലാസുതുണ്ടുകൾ താഴേക്കു പെയ്യുന്നത് നോക്കിനിൽക്കുമ്പോൾ സിനിമയുടെ അവസാനം നൊറീകോയുടെ കല്യാണം കഴിഞ്ഞ രാത്രി തനിച്ചായ അച്ഛൻ പാതിയിരുട്ടിൽ ഒരു ആപ്പിളിന്റെ തോടു ചെത്തുന്ന ദൃശ്യം വല്ലായ്കയോടെ ഓർത്തു.

ആ നിമിഷം മുതൽ കാഴ്ചകൾ പ്രതീകങ്ങളായി മാറാത്ത ജീവിതത്തെ അയാൾ കൂടുതലായി ഇഷ്ടപ്പെടാൻ തുടങ്ങി.

Comments