ചിത്രീകരണം : ഷാഹിന

ഫിലാഡൽഫിയ

‘ദി ട്രയൽ ഓഫ് ചിക്കാഗോ സെവൻ' കണ്ടുകഴിഞ്ഞപ്പോഴേക്കും നേരം പാതിരാ കഴിഞ്ഞിരുന്നു. എങ്കിലും പതിവുപോലെ നേരത്തേ ഉണർന്നു.

‘We're not going to jail because of what we did. We're going to jail because of who we are!'

ഉറക്കം കഴിഞ്ഞെഴുന്നേറ്റിട്ടും ചിത്രത്തിലെ ഈ ‘പഞ്ച്' ഡയലോഗ് മനസ്സിൽനിന്നു പോകുന്നില്ല. കൊറോണപോലെ ഈ സിനിമ എന്നെ പിടികൂടിയിരിക്കുന്നു!

ഫിലാഡൽഫിയയിലും പ്രാന്തപ്രദേശങ്ങളിലും സാമൂഹ്യവ്യാപനം തടയാൻ അടച്ചുപൂട്ടൽ ഉത്തരവു നിലവിലുണ്ടായിരുന്നു. അതിനാൽ കുറേനാളായി, പുറത്തിറങ്ങിയിട്ട്. ഇപ്പോൾ കടുത്ത നിയന്ത്രണങ്ങളില്ല. അതിനാൽ നേരം പുലർന്നപ്പോഴേ കാറെടുത്ത് ഒന്നു കറങ്ങാൻ തീരുമാനിച്ചു.

ഡോർ തുറക്കുമ്പോൾ ശബ്ദം കേട്ട്​ മീനുവും മോനും ഉണർന്നെങ്കിലോ എന്നുകരുതി, മുൻവശത്തെ ഡോർ മൃദുലമായി തുറന്നടച്ചിട്ടാണു പുറത്തേക്കിറങ്ങിയത്. സ്ഥിരമായി ഞാൻ ഡ്രൈവേയിൽ കാറിടുന്നതുകൊണ്ട് ഗരാജ് ഡോർ തുറക്കുമ്പോഴുള്ള കരകരാശബ്ദമൊഴിവാകുമെന്നതുൾപ്പെടെ ചില സൗകര്യങ്ങളൊക്കെയുണ്ട്.

പുറത്ത് വിചാരിച്ചതിനേക്കാൾ തണുപ്പുണ്ടായിരുന്നു.
​കുളിർകാറ്റിൽനിന്നു രക്ഷപ്പെടാനായി, പെട്ടെന്നു ഡോർ തുറന്ന് ഡ്രൈവർസീറ്റിലേക്കിരുന്നു. സീറ്റ് ബെൽറ്റ് വലിച്ചിട്ടപ്പോൾ കാറിനുള്ളിൽ തടവിലാക്കപ്പെട്ട തണുപ്പും ശരീരത്തെ വരിഞ്ഞുമുറുക്കുന്നതുപോലെ തോന്നി.

എൻജിൻ സ്റ്റാർട്ട് ചെയ്തയുടൻതന്നെ ഹീറ്ററിട്ട്, ഒരുമിനിട്ടു കഴിഞ്ഞപ്പോൾ കാർ ഡ്രൈവേയിൽനിന്നിറക്കി. റസിഡൻഷ്യൽ റോഡിലൂടെ മെല്ലെ ഓടിച്ച് എക്സ്പ്രസ്സ് ഹൈവേയിൽ കയറാൻ അഞ്ചുമിനിട്ടേ വേണ്ടിവന്നുള്ളു. വളഞ്ഞുപുളഞ്ഞു ദൂരേക്കു പോകുന്ന വിജനമായ വീഥി, ചത്ത പെരുമ്പാമ്പിനെപ്പോലെ അനക്കമറ്റുകിടന്നു. പുലർകാലത്തിന്റെ സഹസ്രദലങ്ങളെ, മലനിരകളിലെ മഞ്ഞു പുണരുന്നതു കണ്ടപ്പോൾ ഓർമയിലെത്തിയത് വയലാറിന്റെ ഒരു സിനിമാഗാനമായിരുന്നു. അപ്പോൾത്തന്നെ യൂട്യൂബിൽ തിരഞ്ഞു. ബ്ലൂടൂത്തിലൂടെ ഗാനം ഒഴുകിയെത്തി: ‘സരസ്വതീയാമം കഴിഞ്ഞു- ഉഷസ്സിൻ സഹസ്രദലങ്ങൾ വിടർന്നു...'

ചെറുതായി പെയ്തുകൊണ്ടിരുന്ന മഴ ശമിച്ചപ്പോൾ, യേശുദാസ് പാടിയ ഈ മനോഹരഗാനം ഓർമയിൽ വരാൻ എന്താവാം കാരണമെന്നു ചിന്തിച്ചു. ഓർമകൾക്കു കയറിവരാൻ അങ്ങനെ പ്രത്യേകകാരണമൊന്നും വേണ്ടല്ലോ!
പ്രഭാതകിരണങ്ങളേറ്റു വെട്ടിത്തിളങ്ങുന്ന മഞ്ഞുമലകൾ മനംകുളിരെക്കണ്ടുകൊണ്ട് കുറേനേരം ഡ്രൈവ് ചെയ്തുകഴിഞ്ഞപ്പോൾ മീനു വിളിച്ചു. പ്രതീക്ഷിച്ചതുപോലെ അവളുടെ ചോദ്യം, പ്രതിഷേധത്തിൽ പൊതിഞ്ഞ ഒരു പാക്കേജായി ബ്ലൂടൂത്ത് സ്പീക്കറിലൂടെ മുഴങ്ങി: ‘ഈ കൊച്ചുവെളുപ്പാൻകാലത്ത് എങ്ങോട്ടാ പോയേ?'
‘ഞായറാഴ്ചയല്ലേ? വെറുതേ ഒരു ഡ്രൈവ്. നിന്നേം മോനേം ഉണർത്തേണ്ടെന്നു കരുതി. ഇങ്ങനെ അടച്ചുപൂട്ടി എത്ര ദിവസമാ വീട്ടിലിരിക്കുന്നത്?'

‘അപ്പോൾ എന്റെ കാര്യമോ, അലക്സ് മോനാണെങ്കിൽ സ്‌ക്കൂളിൽപ്പോയിട്ട് ഒരു വർഷമാകുന്നു...' എന്നൊക്കെയുള്ള പരാതികളാണു പ്രതീക്ഷിച്ചത്. പക്ഷേ അവൾ പറഞ്ഞതിങ്ങനെ: ‘ഞാനിപ്പോൾ വിളിച്ചതു പരാതി പറയാനൊന്നുമല്ല. ജിമ്മിയെ ഞാനിന്നൊന്നുമല്ലല്ലോ അറിയുന്നത്!'

അവളുടെ കൊള്ളിവാക്കുകൾ എനിക്കും കുറേയൊക്കെ മനസ്സിലാകും. അതു തിരിച്ചറിഞ്ഞിട്ടായിരിക്കണം, അവൾ കാര്യം പറഞ്ഞു: ‘‘ഫാദർ ഇമ്മാനുവേൽ വിളിച്ചു. അത്യാവശ്യമായി എന്തോ സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഫെയ്സ്ബുക്കിൽ ജിമ്മിയുടെ പുതിയ ‘ലാൽസലാം' ഗ്രൂപ്പ് കണ്ടിട്ടായിരിക്കണം. ഈയിടെയായി ദൈവനിഷേധം ഇത്തിരി കൂടുന്നുണ്ട്. ഏതായാലും എന്നോടൊന്നും ചോദിച്ചില്ല. ജിമ്മിയുടെ മൊബൈൽ നമ്പറിൽ വിളിക്കാൻ ഞാൻ പറഞ്ഞു. ഒന്നു കരുതിയിരുന്നോ.'’

അതൊക്കെ അടച്ചുപൂട്ടലിലെ ഓരോരോ തമാശകൾ! അതൊന്നും അവൾക്കുപോലും മനസ്സിലാവില്ല. പറഞ്ഞിട്ടെന്താ കാര്യം! അച്ചൻമാരെയൊക്കെ എങ്ങനെയും കൈകാര്യം ചെയ്യാം. കരുതൽ വേണ്ടത് ഭാര്യമാർ വിളിക്കുമ്പോഴാണ്. അങ്ങനെയൊരു സാരോപദേശം കൊടുക്കണമെന്നുണ്ടായിരുന്നെങ്കിലും മഞ്ഞുമലകളുടെ സാന്നിധ്യം എന്നെ വിനയാന്വിതനാക്കി.
‘വന്നിട്ടു സംസാരിക്കാം’, ഞാൻ പറഞ്ഞു. അവൾ കട്ട് ചെയ്തു.

പുരോഹിതൻമാരുടെ പൊതുവേയുള്ള സ്വഭാവമറിയുന്നതുകൊണ്ടായിരിക്കണം, അവൾ അങ്ങനെയൊരു മുന്നറിയിപ്പു തന്നതെന്നൂഹിച്ചു. സത്യക്രിസ്ത്യാനിയായ അവളെ പ്രബലകുടുംബത്തിൽനിന്നു കെട്ടിയെടുത്തുകൊണ്ടുവന്നതാണെങ്കിലും എന്റെകൂടെച്ചേർന്നപ്പോൾ സകലതാളവും തെറ്റി. കാര്യമെന്തായാലും ഞായറാഴ്ചക്കുർബ്ബാന മാത്രം മുടക്കില്ല. അതിനു ഞാൻ എതിരൊന്നും പറയാറുമില്ല. കാരണം, ആ പുണ്യദിവസമാണ് ഞങ്ങൾ മലയാളികൾ ഈപ്പച്ചന്റെ വീട്ടിൽ അമ്പത്താറു കളിക്കാൻ ഒത്തുകൂടുന്നത്. സ്പ്രിങ് ഫീൽഡിൽ താമസിക്കുന്ന കുഞ്ഞാങ്ങളയായതുകൊണ്ട് അവൾ പ്രതിഷേധിക്കാറില്ല.

വീക്കെൻഡായാൽ അളിയന്റെ വീട്ടിൽ ഓപ്പൺ ബാറാണ്. ഒരു പക്കാ കാഞ്ഞിരപ്പള്ളിക്കാരൻ. ഇപ്പോഴും അങ്ങേർക്കു റബ്ബറിന്റെ മണമാണ്!
ഈപ്പച്ചൻ മുതലാളിയെപ്പറ്റി കൂടുതൽ ഓർക്കുമ്പോഴേക്കും വിളി വന്നു. സ്‌ക്രീനിൽ ഫാദർ ഇമ്മാനുവൽ കോട്ടയ്ക്കൽ!

സ്​പ്രിങ്​ ഫീൽഡിലെ മലയാളം പള്ളിയിൽ പുതുതായി വന്ന അച്ചനാണെങ്കിലും മുൻപരിചയമുണ്ട്. പള്ളിയിൽ പോകില്ലെങ്കിലും എനിക്കു സുഹൃത്തുക്കളായി ധാരാളം അച്ചൻമാരുണ്ട്. എന്റെ സ്വഭാവമറിയാവുന്നതുകൊണ്ട് അവരാരും കുമ്പസാരിക്കാനോ പള്ളിയിൽ പോകാനോ പ്രാർത്ഥിക്കാനോ ഇന്നേവരെ ഉപദേശിച്ചിട്ടില്ല. ഇമ്മാനുവലച്ചന്റെ ഉദ്ദേശ്യം എനിക്കു പിടികിട്ടി. മീനുവിന്റെ മുന്നറിയിപ്പുംകൂടിയായപ്പോൾ ഏതാണ്ടുറപ്പായിരുന്നു.
‘ഹലോ ഫാദർ...'
‘ജിമ്മി ജോയിയല്ലേ?'
‘അതേ.'
‘കുറേനാളായല്ലോ കണ്ടിട്ട്? ലാൽസലാം എന്ന പേരിൽ ദൈവനിഷേധികളുടെ പുതിയ ഗ്രൂപ്പു തുടങ്ങിയെന്നു ഞാനറിഞ്ഞു. അത്രയൊക്കെ വേണോ? പള്ളീലൊട്ടൊന്നും വരവില്ലെന്നറിയാം. എന്നാലും...'
‘അച്ചനറിയാല്ലോ എന്റെ കാര്യം? പോരാഞ്ഞിട്ടിപ്പം കോവിഡ്കാലംകൂടിയല്ലേ? അല്ലെങ്കിലും കുർബ്ബാനയും ദൈവവും ദൈവാനുഗ്രഹവുമൊക്കെ ഇപ്പോൾ ഓൺലൈനിലല്ലേ ഫാദർ?'
‘അതൊക്കെ ദൈവത്തിന്റെ ഓരോരോ പരീക്ഷണങ്ങളല്ലേ? കർത്താവുതന്നെ അതിനൊക്കെ പരിഹാരം കാണാതിരിക്കില്ല.'
‘കർത്താവു മാത്രമല്ല, എല്ലാ ദൈവങ്ങളും നമ്മളെ കൈവിട്ടെന്നാ തോന്നുന്നത്. ഇപ്പോഴത്തെ കാണപ്പെട്ട ദൈവം വാക്സിന്റെ രൂപത്തിലല്ലേ വന്നിരിക്കുന്നത്? അതും മാനവരാശിയുടെ മുഴുവൻ രക്ഷകനായി! യേശുക്രിസ്തുവും ലോകത്തിന്റെ രക്ഷകനായെന്നല്ലേ ബൈബിളിലും പറഞ്ഞിരിക്കുന്നത്?'
‘നീയെന്നെ വേദപാഠമൊന്നും പഠിപ്പിക്കണ്ട. ചോദിക്കുന്നതിനുള്ള ഉത്തരം പറഞ്ഞാൽ മതി.'

എന്റെ പ്രസ്താവന, വേദപുസ്തകം പഠിച്ചു ഡോക്ടറേറ്റെടുത്ത പുരോഹിതനു പിടിച്ചില്ലെന്നു മനസ്സിലായി. 'മോനേ, മീനിനെ നീന്താൻ പഠിപ്പിക്കല്ലേ' എന്നല്ലേ അച്ചൻ പറഞ്ഞതിന്റെ ധ്വനി?
അൽപ്പനേരത്തേക്ക് അനക്കമൊന്നും കേൾക്കാഞ്ഞതുകൊണ്ട് ഞാൻ ചോദിച്ചു: ‘ഹലോ ഫാദർ, ആർ യൂ ദെയർ?'
‘എനിക്കിപ്പോൾ അത്യാവശ്യമായി ജിമ്മിയെ ഒന്നു നേരിൽ കാണണം.'
ചുരുങ്ങിയ വാക്കുകളിലാണെങ്കിലും ആ മറുപടിയിൽ ചില വികാരിയച്ചൻമാരുടെ സ്വതഃസിദ്ധമായ മൂശ്ശേട്ടസ്വഭാവം പതിഞ്ഞിരുന്നു. അതൊന്നു ലഘൂകരിക്കാൻ ഞാൻ തമാശയായിപ്പറഞ്ഞു: ‘വിവാഹവും വിവാഹമോചനവും ശവസംസ്‌ക്കാരവും വരെ ഓൺലൈനല്ലേ അച്ചോ? മാത്രമല്ല, ഫോണും സൂമും വാട്സാപ്പുമൊക്കെയുള്ളപ്പോൾ വെറുതേയേന്തിനാ റിസ്‌ക്കെടുക്കുന്നത്?'

ഫാദർ ഇമ്മാനുവേലിന് അതിഷ്ടപ്പെട്ടില്ലെന്നു മനസ്സിലായെങ്കിലും ഈ കോവിഡ് കാലത്ത് ഒരു കൂടിക്കാഴ്ച ഒഴിവാക്കാനുള്ള വകുപ്പാണു ഞാനാലോചിച്ചത്. എന്നാൽ അച്ചനതു വിടാൻ ഭാവമില്ല: ‘നേരിട്ടു പറഞ്ഞാലേ ശരിയാകൂ. പറയുന്നിടത്തു വരാം. അല്ലെങ്കിൽ പള്ളിമേടയിലേക്കു വന്നാലും മതി.'

അച്ചന്റെ ഔദാര്യം കേട്ടിട്ടു ദേഷ്യം വന്നെങ്കിലും ഒന്നും മിണ്ടിയില്ല. എന്തോ മനസ്സിലായ മട്ടിൽ അച്ചൻ തുടർന്നു: ‘പേടിക്കണ്ട. പണപ്പിരിവിനൊന്നുമല്ല. കുറേ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാനാണ്.'

അച്ചന്റെ മുൻകൂർ ജാമ്യത്തിനു ഞാൻ വഴങ്ങിയില്ല. കോവിഡിന്റെ പേരുപറഞ്ഞ് ഞാനും ജാമ്യമെടുത്തു. അവസാനം പുരോഹിതൻ തോൽവി സമ്മതിച്ചു. ആവശ്യം അദ്ദേഹത്തിന്റേതു മാത്രമാണെന്നു മനസ്സിലായതുകൊണ്ട് മറ്റു മാർഗങ്ങളൊന്നുമില്ലായിരുന്നു. എന്റെ എഴുത്തുകളിലെ ഈശ്വരനിഷേധവും എഫ് ബി പോസ്റ്റുകളും വായിച്ചുണ്ടായ ആകുലതയാണ് അച്ചനുള്ളതെന്നു മനസ്സിലായി.
‘ആർ യൂ ഡ്രൈവിംഗ്? ഇപ്പോൾ തുടർന്നു സംസാരിക്കുന്നതിന്​തടസ്സങ്ങളൊന്നുമില്ലല്ലോ?'
‘ഇല്ലച്ചോ... യാത്രയിലാണെങ്കിലും സ്പീക്കർഫോണിലാ.'

ഞാൻ മഞ്ഞപ്പൂക്കളുള്ള കടുകുപാടത്തിന്റെ സൗന്ദര്യമാസ്വദിച്ചുകൊണ്ടു വണ്ടിയോടിച്ചു. നോക്കെത്താദൂരത്തു ദൃശ്യമായ വലിയ കാറ്റാടിയന്ത്രങ്ങൾ പ്രഭാതപ്രകൃതിക്കു ചാരുത സമ്മാനിച്ചിരുന്നു.

‘ഞാൻ പറയാതെതന്നെ നിനക്കു കാര്യങ്ങളൊക്കെ മനസ്സിലായെന്നറിയാം. എന്നാലും എനിക്കു ചില കാര്യങ്ങളറിയണമെന്നുണ്ട്.'
‘അച്ചന് എന്തു വേണമെങ്കിലും ചോദിക്കാമല്ലോ.'
അൽപ്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അച്ചൻ തുടർന്നു: ‘നീ കൂട്ടംതെറ്റിയ കുഞ്ഞാടാണ്; തെറ്റായ മാർഗത്തിലാണ്. നിന്നെ കൂട്ടത്തിലേക്കു കൊണ്ടുവരേണ്ടത് സഭയുടെ ആവശ്യവും അതിലേറെ എന്റെ കടമയുമാണ്.'
‘അച്ചോ, ഭൂമിയിലെ ഭൂരിപക്ഷത്തിനും ആരോടും ഒരു കടമയുമില്ല. എല്ലാവരും അവരവരുടെ നിലനിൽപ്പിനും സുഖത്തിനുംവേണ്ടിമാത്രം ജീവിക്കുന്നു. എല്ലാം ഒരു കൊടുക്കൽവാങ്ങൽ- അതായത് ഗിവ് ആൻഡ് ടെയ്ക്ക്. അതല്ലേ സത്യം? പള്ളികൾ മാത്രമല്ല, ആൾക്കൂട്ടമില്ലെങ്കിൽ ഏതു പ്രസ്ഥാനവും പൂട്ടേണ്ടിവരും.'
‘നിന്റെ തത്വശാസ്ത്രം കേൾക്കാനല്ല ഞാൻ വിളിച്ചത്. പാപങ്ങൾ ഏറ്റുപറയിച്ചു മാനസാന്തരപ്പെടുത്താനാ.'

അച്ചൻ ഫോണിലൂടെത്തന്നെ ഒന്നു കുമ്പസാരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാമിപ്പോൾ സൂമിലും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലുമാണല്ലോ! അപ്പോൾപ്പിന്നെ കുമ്പസാരവും അങ്ങനെയാക്കാനാണോ പദ്ധതി എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും വേണ്ടെന്നുവച്ചു.

അറിവായതിൽപ്പിന്നെ ഒരച്ചനോടും ഞാൻ കുറ്റങ്ങൾ ഏറ്റുപറഞ്ഞിട്ടില്ല; കുമ്പസാരിച്ചിട്ടുമില്ല. ആദ്യരാത്രിയിൽ ഭാര്യയോടുമാത്രം എല്ലാം തുറന്നുപറയാനുള്ള ഒരു ശ്രമം നടത്തിയതിന്റെ പുകിൽ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതൊക്കെ പെണ്ണുകെട്ടാത്ത കത്തനാരോടു പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നറിയാം. എങ്കിലും ന്യായമായ ഒരു സംശയം ചോദിച്ചു: ‘അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും ഞാനൊരു മഹാപാപിയാണെന്നാണോ ഫാദർ പറയുന്നത്?'

‘ആണ്ടുകുമ്പസാരം മുടക്കുന്നതുതന്നെ പാപമല്ലേ ജിമ്മിച്ചാ? പള്ളീൽ വരാത്തവരെ വീട്ടിൽവന്നു കുമ്പസാരിപ്പിക്കാനുള്ള വകുപ്പൊന്നും സഭാ നിയമങ്ങളിലില്ലെന്നറിയാമല്ലോ?'

ഞാൻ മാസ്‌ക് ഒന്നു നേരേയാക്കി, വണ്ടിയുടെ സ്പീഡ് കുറച്ചു. മഞ്ഞപ്പാടം അവസാനിച്ചിരുന്നു. ഇനി പുല്ലുമേയുന്ന പശുക്കൾ മാത്രമുള്ള മലനിരകളാണ്. പലയിടത്തും പച്ചപ്പ് ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. പരസ്പരം പോരടിക്കുന്ന കൂറ്റൻപശുക്കളിലേക്ക് ഒരു നിമിഷം എന്റെ ശ്രദ്ധ പാളി.
‘ഞാൻ പറയുന്നതു നീ കേൾക്കുന്നില്ലേ? ഹലോ...'

അച്ചന്റെ ശബ്ദത്തിൽ നേരിയ ദേഷ്യം. അതറിഞ്ഞുകൊണ്ട് അൽപ്പം നിയമപരമായിത്തന്നെയാണു പിന്നെ ഞാൻ സംസാരിച്ചത്.
‘അതൊക്കെ സഭാനിയമങ്ങളല്ലേ? ഒരു ജനാധിപത്യരാജ്യത്ത് പള്ളിയിൽ പോകുന്നതും പോകാതിരിക്കുന്നതുമൊക്കെ വ്യക്തിയുടെ പൗരസ്വാതന്ത്ര്യത്തിൽപ്പെട്ട കാര്യങ്ങളല്ലേ? അതെങ്ങനെ തെറ്റാകും?'

അതൊന്നും അച്ചനറിയാഞ്ഞിട്ടല്ല. യൂറോപ്പിലെ പല രാജ്യങ്ങളിലും ആളുകൾ കയറാത്തതുകൊണ്ടു പള്ളികൾ വിൽപ്പനയ്ക്കിട്ടിരിക്കുന്നു. അമേരിക്കയിലാണെങ്കിൽ വിൽപ്പനയ്ക്കിടുന്ന പള്ളികളൊക്കെ വാങ്ങുന്നതു പുറംനാട്ടുകാരാണ്. ആ കച്ചവടക്കാരിൽ പ്രധാനികൾ ഇന്ത്യക്കാരും ഫിലിപ്പിനോകളും മെക്സിക്കോക്കാരുമാണ്. ചില പള്ളികളൊക്കെ മോസ്‌ക്കുകളും അമ്പലങ്ങളുമൊക്കെയായി മാറ്റാറുണ്ട്. അതിലൊന്നും ഇവിടെയാരും പ്രതിഷേധിക്കാറില്ല.
‘ഇതിപ്പം പറഞ്ഞുപറഞ്ഞ് അച്ചനെന്നെ പാപിയാക്കി ഒന്നൂടെ മാമോദീസ മുക്കണം, അത്രയേയുള്ളു!'
ഞാൻ അറിയാതെ പറഞ്ഞുപോയി. പതുക്കെയാണു പറഞ്ഞതെങ്കിലും സ്പീക്കർഫോണിലൂടെ അച്ചനതു കേട്ടോ എന്നൊരു സംശയം.
‘എടാ ജിമ്മീ, നിന്റെ മനസ്സിലിരിപ്പ് എനിക്കു മനസ്സിലായി. സാത്താൻ പല രൂപത്തിലും ഭാവത്തിലും വരും. നിന്നിൽ കൂടിയിരിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിലാണെന്നു മാത്രം.'

എനിക്കെതിരേ ഒരു ട്രക്ക് കടന്നുപോയി. പ്രതീക്ഷിക്കാത്ത ഒരു മുഴക്കം അതിനുണ്ടായിരുന്നു. ചെറുതായി ഗ്ലാസ്സ് താഴ്ത്തി നോക്കി. പുറത്തു നല്ല കാറ്റാണ്. വണ്ടി ചെറുതായി പാളുന്നുണ്ട്. ഞാൻ ഗിയർ ഡൗൺ ചെയ്തു.

‘ശരിയാണ്. പണ്ട് ഏദൻതോട്ടത്തിൽ പാമ്പു വന്നതുകൊണ്ട് ഭൂമിയിൽ മനുഷ്യരുണ്ടായി, സഭയുണ്ടായി, അതിലേക്ക് ആളെപ്പിടിക്കാൻ തോമാശ്ലീഹ കേരളത്തിൽ വന്നെന്നു കഥയുണ്ടായി, ആ കഥയൊക്കെ വിശ്വസിച്ച ക്രിസ്ത്യാനികൾ ക്രിസ്തുമതമുണ്ടാക്കി. അല്ലായിരുന്നെങ്കിൽ ഇതെന്നോടു ചോദിക്കാൻ അച്ചൻ പോയിട്ട് ഒരു കപ്യാരുപോലും ഈ ഭൂമിയിൽ കാണില്ലായിരുന്നു.'

ഇമ്മാനുവേൽ കോട്ടയ്ക്കലച്ചൻ അൽപ്പനേരം കഴിഞ്ഞിട്ടും മറുപടിയൊന്നും പറഞ്ഞില്ല. അച്ചൻമാരങ്ങനെയാണ്, ഉത്തരം മുട്ടുമ്പോൾ മിണ്ടാതിരിക്കും. കുമ്പസാരക്കൂട്ടിലാണെങ്കിൽ കൈകൂപ്പി കണ്ണടച്ചിരിക്കും.

അവസരത്തിനൊത്തു ഞാനൊരു കഥ പറഞ്ഞു. കാറിലെ ഏകാന്തത അതിനെനിക്കു ധൈര്യം തന്നു: ‘പണ്ടൊരു മത്തായിയുടെ ആടിനെ ചാക്കോ കട്ടോണ്ടുപോയ കഥ അച്ചൻ കേട്ടിട്ടുണ്ടോ?'

മറുപടി കിട്ടാതിരുന്നപ്പോൾ ബാക്കികൂടിപ്പറഞ്ഞു: ‘മരണശേഷം രണ്ടുപേരും ആടുമായി ശുദ്ധീകരണസ്ഥലത്തു ചെന്നു. അവിടെവച്ചു ന്യായാധിപൻ പത്രോസ് ചോദ്യം ചെയ്തപ്പോഴേ ആ തിരുമുമ്പിൽവച്ച് ചാക്കോ ആടിനെ മത്തായിക്കു തിരിച്ചുകൊടുത്തു. അങ്ങനെ ആ മൂന്നാത്മക്കളും സ്വർഗത്തിലെത്തി. അതാണു കള്ളൻമാരുടെ ബുദ്ധി.'

അച്ചൻ മൂളുന്നതായി എനിക്കു തോന്നി. കാറ്റിനു ശക്തി പ്രാപിക്കുന്നില്ലായിരുന്നു.
‘അല്ലെങ്കിലും കർത്താവിനു കള്ളൻമാരോടൊരു ബലഹീനതയുണ്ടച്ചോ. അല്ലെങ്കിൽ കുരിശേൽക്കിടന്നുകൊണ്ട്, ‘നീയും എന്നോടൊപ്പം സ്വർഗത്തിലുണ്ടാവും'' എന്നൊക്കെ ഒരു പെരുങ്കള്ളനോടു പറയുമോ?!'

ഞാൻ കാറൊതുക്കി. ഇനിയും മുന്നോട്ടു പോയാൽ പെട്ടുപോകും. തിരിച്ചു വീട്ടിലേക്ക് ഒരുപാടു ഡ്രൈവ് ചെയ്യേണ്ടിവരും.
എന്നോടു തർക്കിച്ചു ജയിക്കാൻപറ്റില്ലെന്ന് അച്ചനേതാണ്ടുറപ്പായിക്കഴിഞ്ഞിരുന്നു.
ഇപ്പോഴത്തെ പ്രശ്നങ്ങൾ, ജിമ്മിയുടെ നിരീശ്വരത്വവും പള്ളിയേയും പട്ടക്കാരനേയും ഉപേക്ഷിക്കാനുള്ള പ്രചോദനവുമാണ്. അവയെപ്പറ്റിയാണ് ഇമ്മാനുവേലച്ചനറിയേണ്ടത്. നാട്ടിൽനിന്നു വരുന്ന സത്യക്രിസ്ത്യാനികൾ മതമുപേക്ഷിച്ചാൽ കത്തനാർമാരുടെ പണി പാളും. ഇവിടത്തെ പള്ളികളിൽ പുരോഹിതൻമാരുടെ ദൗർലഭ്യമുള്ളതുകൊണ്ട് അച്ചൻമാർക്ക് എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാം. മറ്റുള്ള സമുദായക്കാരുടെ കാര്യമാണു കഷ്ടം.
‘നല്ലവർക്ക് എന്നുമെന്നും നല്ലകാലം വരും. അവരെ അവൻ അവനോടൊപ്പം സ്വർഗത്തിൽ പ്രവേശിപ്പിക്കും.'

അങ്ങനെയൊരു വചനമുണ്ടോ എന്നൊന്നും എനിക്കറിയില്ല. എന്നാലും എനിക്കു പറയാനുള്ളതു ഞാൻ പറഞ്ഞു. അപ്പോഴും അച്ചൻ നിശ്ശബ്ദത പാലിച്ചു. ഞാൻ വിട്ടില്ല: ‘ഭൂമിയിൽ സഭയുടെ നിയമമനുസരിച്ചു ജീവിച്ചാൽ മാത്രമേ നന്നാവൂ എന്നുണ്ടെങ്കിൽ എനിക്കു നമ്മുടെ സ്വർഗത്തിലും ഏദൻതോട്ടത്തിലുമൊന്നും പോകേണ്ടച്ചോ. ഈ ഭൂമിയിൽ വലിയ കുഴപ്പമൊന്നുമില്ല. അടിച്ചുപൊളിച്ചുള്ള ജീവിതമാ. മദ്യപ്പുഴയൊന്നുമില്ലെങ്കിലും കാശുണ്ടെങ്കിൽ എന്തു വേണമെങ്കിലും സുലഭം. ഇനിയിപ്പം അന്ത്യകൂദാശയും കഴിഞ്ഞിട്ട് അന്തരിച്ചങ്ങോട്ടു ചെല്ലുമ്പോൾ സ്വർഗമില്ലെങ്കിൽ നമ്മൾ നൊയമ്പു പിടിച്ചതും കുഞ്ഞാടായിട്ടു ജീവിച്ചതുമൊക്കെ വെറുതേയാവില്ലേ? അഥവാ ഇനി ഉണ്ടെങ്കിൽത്തന്നെ നരകവും പിശാചുമൊക്കെ അവിടടുത്തൊക്കെത്തന്നെയായിരിക്കുമല്ലോ. ഞാനങ്ങോട്ടേ പോവുകയുള്ളു. എന്റെ കൂട്ടുകാരൊക്കെ അവിടെയേ കാണുകയുള്ളു. ശരീരമില്ലാത്തതുകൊണ്ട് ചാട്ടവാറുകൊണ്ടടിച്ചാൽ നോവുകേലെന്നും തീയിലിട്ടാൽ പൊള്ളുകേലെന്നും ഉറപ്പുണ്ട്.'

ഇതിനിടയിൽ ഞാൻ കാർ തിരിച്ചു.
കോട്ടയ്ക്കലച്ചൻ അൽപ്പനേരം ആലോചിച്ചാണു മറുപടി പറഞ്ഞത്: ‘എന്നാലും ക്രിസ്ത്യാനിയായി ജനിച്ചാൽ സഭാനിയമങ്ങളനുസരിച്ചു ജീവിക്കുക എന്നൊരു കടമയും കടപ്പാടുമൊക്കെയില്ലേ?'

‘ഓരോ മനുഷ്യനും ഓരോ ജാതിയിലോ മതത്തിലോ ജനിക്കുന്നത് അവന്റെ അറിവോടെയോ സമ്മതത്തോടെയോ ഒന്നുമല്ലല്ലോ.'
‘ജിമ്മിച്ചാ, ഞാൻ വിളിച്ചത് നിന്നോടു തർക്കിച്ചു ജയിക്കാനൊന്നുമല്ല. സഭാനിയമങ്ങളൊന്നും മറക്കരുതെന്നു പറയാനാ.'
‘സഭയുടെ നിയമങ്ങളൊക്കെ വച്ചുനോക്കിയാൽ മതത്തിനുവേണ്ടി യുദ്ധം ചെയ്യുന്ന എല്ലാ രാജ്യങ്ങളിലെ ജനങ്ങളും പാപികളാ. ഇന്ത്യയെ രണ്ടായി വിഭജിച്ചതും ലക്ഷങ്ങളെ കൊന്നൊടുക്കിയതും മതങ്ങളല്ലേ? അമേരിക്ക എത്രപേരെയാ കൊന്നൊടുക്കിയിരിക്കുന്നത്? വിയറ്റ്നാം, നോർത്ത് കൊറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ... എന്തിനുവേണ്ടിയാണെങ്കലും മനുഷ്യനെ കൊല്ലുന്നതു പാപംതന്നെയാ. അങ്ങനെ അമേരിക്കൻപൗരനായ ഞാനും മഹാപാപിയായി! ഇനിയിപ്പം കോട്ടയ്ക്കലച്ചനോടു പാപമേറ്റുപറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ഇനി ക്രിസ്തു തിരിച്ചുവന്നാൽ പറയും, നിങ്ങളിൽ കുറ്റമില്ലാത്തവർ അവനെ വെടിവയ്ക്കട്ടെയെന്ന്!'
‘അങ്ങനെയല്ലല്ലോ ബൈബിളിൽ പറഞ്ഞിരിക്കുന്നത്...'
‘കല്ലേറൊക്കെ ബൈബിളിൽ. ഇപ്പോൾ എങ്ങോട്ടു തിരിഞ്ഞാലും വെടിവയ്​പല്ലേ? ഈയിടെ അറ്റ്​ലാൻറയിൽ വംശവെറിയുടെ പേരിൽ പത്തു ചൈനീസ് സ്ത്രീകളെ വെടിവച്ചു കൊന്നു. അവരാ അമേരിക്കയിൽ കൊറോണ വൈറസ് കൊണ്ടുവന്നതെന്നുപറഞ്ഞാ എല്ലാത്തിനേം തീർത്തത്. കൊളറാഡോയിൽ സിക്കുകാരെക്കൊന്നതും വംശവെറി... അങ്ങനെ എത്രയെത്ര സംഭവങ്ങൾ!'

മറുതലയ്ക്കൽനിന്ന് അനക്കമൊന്നുമുണ്ടായില്ല. റെയ്ഞ്ച് പോയെന്നാണു കരുതിയത്. പിന്നെ മനസ്സിലായി, അച്ചന്റെ റെയ്ഞ്ചാണു പോയതെന്ന്! ഇങ്ങനെ തലയ്ക്കു റെയ്ഞ്ചില്ലാത്തവരുണ്ടെങ്കിലല്ലേ മതങ്ങൾക്കും പുരോഹിതൻമാരുക്കുമൊക്കെ നിലനിൽപ്പുള്ളൂ! അതു കോട്ടയ്ക്കലച്ചനു മാത്രമല്ല, എല്ലാ മതനേതാക്കൾക്കുമറിയാം.
‘സ്വർഗമില്ലെന്നും പുനർജ്ജൻമമില്ലെന്നുമുള്ള തിരിച്ചറിവ് എന്നുണ്ടാകുന്നോ അന്നു തീരാനുള്ളതേയുള്ളു നമ്മുടെ പ്രധാനപ്രശ്നങ്ങളൊക്കെ. പക്ഷേ അതുമാത്രം പൗരോഹിത്യം പരമരഹസ്യമായി സൂക്ഷിക്കുന്നു... അതല്ലേ അച്ചോ സത്യം?'
‘ഹലോ... ഹലോ... നീ കാറോടിക്കുവല്ലേ? റേഞ്ച് പോകുന്നു... ഞാൻ പിന്നെ വിളിക്കാം.'

ഫാദർ ഇമ്മാനുവൽ കോട്ടയ്ക്കൽ തടിതപ്പി. ജിമ്മി ജോയി എന്ന സത്യക്രിസ്ത്യാനിയെ ഒന്നുകൂടി മാമോദീസ മുക്കാനുള്ള കോട്ടയ്ക്കലച്ചന്റെ പദ്ധതി പൊളിഞ്ഞു.
എക്സ്പ്രസ് ഹൈവേയിലൂടെ കഷ്ടിച്ചു സ്പീഡ് ലിമിറ്റിലാണു ഡ്രൈവ് ചെയ്തിരുന്നതെന്ന് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ഒരു പശുപ്പറ്റത്തെ കടന്നപ്പോൾ വീണ്ടും മീനു വിളിച്ചു. അവൾ ഒരു മുഖവുരയുമില്ലാതെ പറഞ്ഞു: ‘എനിക്കു മനസ്സിലായി, ജിമ്മിച്ചനെ ഒന്നുകൂടി മുക്കാനാ കോട്ടയ്ക്കലച്ചൻ വിളിച്ചതെന്ന്!'

ഒരിയ്ക്കൽ ഗൃഹസന്ദർശനത്തിനു വന്നപ്പോൾ അച്ചനെക്കൊണ്ടു തലതൊടീപ്പിച്ചു നെറ്റിയിൽ കുരിശുവരപ്പിച്ചനുഗ്രഹിപ്പിച്ചതു ഞാൻ മറന്നിട്ടില്ല. അതൊകൊണ്ടൊന്നും എനിക്കൊരു മാറ്റവും വന്നിട്ടില്ലെന്ന് അവൾക്കറിയാം.
‘ഓ, ഇനിയെന്നെ വിളിക്കുമെന്നു തോന്നുന്നില്ല.'
ഞാൻ തറപ്പിച്ചുപറഞ്ഞു.
‘അതുപിന്നെ എനിക്കറിയരുതോ, ജിമ്മിച്ചൻ അച്ചനെ നല്ലതുപോലെയൊന്നു കുമ്പസാരിച്ചു കുളിപ്പിച്ചുകിടത്തിക്കാണുമെന്ന്!'
‘അതൊക്കെ വന്നിട്ടു പറയാം.'
‘വരുന്നവഴി മറക്കാതെ ഗ്രോസറിക്കടയിൽ കയറണം. അലക്സ്മോനു പാലു മേടിക്കണം. ബാക്കി ലിസ്റ്റ് ഇപ്പോൾത്തന്നെ ടെക്സ്റ്റ് ചെയ്തേക്കാം. ഒന്നു സൂക്ഷിച്ചോണം. മാസ്‌ക് വയ്ക്കാൻ മറക്കരുത്. സാനിറ്റൈസർ കൈയിലുണ്ടല്ലോ, അല്ലേ?'
‘അതൊക്കെപ്പിന്നെ മറക്കാൻ പറ്റുമോ! ഇങ്ങനെ പോയാൽ സ്വർഗത്തിൽ ചെന്നാലും മാസ്‌ക് വേണ്ടിവരും.'
‘അതു സ്വർഗത്തിൽ പോകുന്നവർക്കല്ലേ!', അവൾ പരിഹസിച്ചു.

എന്തായാലും രാവിലെ ഭാര്യയുടെവക പണി കിട്ടിയല്ലോ എന്നൊക്കെയോർത്തുകൊണ്ട് അടുത്ത എക്സിറ്റെടുത്തു. മഴ ചാറിത്തുടങ്ങിയിരുന്നു. താഴ്വാരത്തു കണ്ട ലേക്ക്സൈഡിലേക്കു ഡ്രൈവ് ചെയ്തു. അപ്പോൾ മനസ്സു നിറയെ തലേന്നുകണ്ട സിനിമയായിരുന്നു. അതിലെ കോടതിരംഗങ്ങൾ; അതിന്റെ ലെൻസിംഗ്; വിപ്ലവകാരികളായ കഥാപാത്രങ്ങളുടെ വികാരപ്രകടനങ്ങൾ... ഫെയ്സ്ബുക്കിൽ ഒരു റിവ്യൂ പോസ്റ്റ് ചെയ്യണമെന്നു തോന്നി.
അച്ചനോട്, ‘ദി ട്രയൽ ഓഫ് ചിക്കാഗോ' കാണാൻ പറയേണ്ടതായിരുന്നു. അതിന്റെ ക്ലൈമാക്സിൽ ഞാനും മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കിപ്പോയതാണ്! സ്പീൽബെർഗ് ചെയ്യാനിരുന്ന പടമായിരുന്നു. പിന്നെയെന്തുകാണ്ടാവാം അദ്ദേഹം പിൻമാറിയത്?

തടാകത്തിന്റെ കരയിലെത്തിയപ്പോൾ മഴ ഏതാണ്ടു നിലച്ചിരുന്നു. കാർ പാർക്ക് ചെയ്തപ്പോൾ വീണ്ടും മീനു വിളിച്ചെങ്കിലും അതെടുക്കാൻ തോന്നിയില്ല. ഫോൺ കുറച്ചുനേരം ചിലച്ചു കട്ടായി. ഞാൻ കാറിൽനിന്നിറങ്ങി നടപ്പാതയ്ക്കടുത്തുള്ള ബെഞ്ചിൽപ്പോയിരുന്നു. ആറടിയകലത്തിൽ കരയ്ക്കിരുന്നു ചൂണ്ടയിടുന്നവരിൽ കുട്ടികളും വൃദ്ധൻമാരും ചെറുപ്പാരായ സ്ത്രീപുരുഷൻമാരുമുണ്ട്. എല്ലാവരും പല നിറങ്ങളിലുള്ള മാസ്‌കുകളാണു വച്ചിരുന്നെങ്കിലും അവയിലൊളിച്ചിരുന്നതെല്ലാം ഒരേ മുഖങ്ങളാണെന്നു തോന്നി.

അവരെ ശ്രദ്ധിച്ചും ശ്രദ്ധിക്കാതെയും നടന്നു. പോക്കറ്റിൽനിന്നു സാനിറ്റൈസറെടുത്തു കൈകളിൽ നന്നായി പുരട്ടി. ഞാൻ തടാകം വലംവയ്ക്കാനിറങ്ങിയപ്പോൾ അവരെല്ലാം മീൻപിടിത്തമുപേക്ഷിച്ചു തടാകത്തിലേക്കിറങ്ങുന്നതു കണ്ടു. തടാകത്തിലെ തണുത്തുറഞ്ഞ വെള്ളത്തെപ്പോലും അവഗണിച്ചുകൊണ്ട് അവർ ഒരേ നിരയിൽ കൂട്ടത്തോടെ നീന്തുകയാണ്. ഇവരിൽ ആരൊക്കെയാകും അക്കരെയെത്തുക, ആർക്കറിയാം!

ഞാൻ അസ്വസ്ഥതയോടെ ഓടിച്ചെന്നു കാറിൽക്കയറിയിരുന്നു.
‘അടഞ്ഞുകിടന്ന വലിയ പള്ളി വാടകയ്ക്കെടുത്ത് അതിനുള്ളിൽ സെറ്റിട്ടാണ് ട്രയൽ ഓഫ് ചിക്കാഗോ സെവനിലെ കോടതിരംഗങ്ങൾ ചിത്രീകരിച്ചത്...'
ഞാൻ ഫോണിൽ ടൈപ്പ് ചെയ്ത്, റിവ്യൂ പോസ്റ്റ് ചെയ്തു. ആദ്യലൈക്ക് മീനുവിന്റെ വകയായിരുന്നു. 'ലാൽസലാം' എന്നൊരു കമന്റും!

അവളുടെ ഇമോജിക്ക്, ഞാൻ ചിത്രത്തിലെ ഒരു ഡയലോഗ് മറുപടിയായി എഴുതി: ‘Martin is dead... Malcom is dead... Bobby is dead... Jesus is dead!' ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


തമ്പി ആൻറണി

കഥാകൃത്ത്, നോവലിസ്​റ്റ്​, നടൻ, സിനിമാ നിർമാതാവ്​. ഇടിചക്കപ്ലാമൂട് പോലീസ് സ്റ്റേഷൻ (നാടകം), മല ചവിട്ടുന്ന ദൈവങ്ങൾ (കവിത സമാഹാരം), ഭൂതത്താൻകുന്ന്, കൂനംപാറ കവലയും, ഏകാന്തതയുടെ നിമിഷങ്ങൾ (നോവലുകൾ) വാസ്കോഡിഗാമ, പെൺബൈക്കർ, മരക്കിഴവൻ (ചെറുകഥാ സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments