വെള്ളിയോടൻ

ലയിൽ കുടുമ കെട്ടിയ കുറുപ്പന്മാരുടെ കണ്ണുകൾ, ആകാശത്തേക്ക് കുന്തിച്ച് നിൽക്കാൻ തുടങ്ങിയിട്ട് നേരമേറെയായി. നിലാവിന്റെ നോട്ടത്തിന്, പരിഹാസച്ചിരിയുടെ ചുവ. പാറുവിനാണോ കുറുപ്പന്മാർക്കാണോ നിലാവ് വെളിച്ചം വിതറുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മേഘങ്ങൾക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും നിലാവ് അവരെ വാശി കയറ്റി. ഇന്നും അവളെ തൊടാൻ കിട്ടില്ലെന്ന്.

ഇന്നത്തേത് കൂടി, ഈ കാത്തിരിപ്പ് അവസാനിപ്പിക്കുമെന്നും ഇന്ന് പാറുവിൻറെ തൊലി ഉരിയുമെന്നും തലയിൽ കുടുമ അധികമില്ലാത്ത ചെറുക്കൻ കുറുപ്പൻ ഉച്ചത്തിൽ പറഞ്ഞുറപ്പിച്ചു.

"പാറൂ, ഇന്ന് നിനക്ക് രക്ഷയില്ല. പറമ്പ് മുഴുവൻ കുറുപ്പന്മാരും മാപ്ലാരുമാണ്. നേരെ താഴെയിറങ്ങി വാ’’.

കമുക് കൊടുങ്കാറ്റിലെന്ന പോലെ ആടിയുലഞ്ഞു. കമുകിൻപട്ടയുടെ ആട്ടക്കാറ്റിൽ കുറുപ്പന്മാരുടെ കുടുമകളിൽ ചിലത് ചിതറിപ്പോയി.ചിതറിപ്പോയ കുടുമകൾ, സമയമേതും കളയാതെ, അവരവർ തന്നെ ചുറ്റിക്കെട്ടി. കുടുമ ചുറ്റിക്കെട്ടുന്നതിനിടയിൽ , ചിലരുടെയൊക്കെ ഒറ്റമുണ്ട് ഊർന്ന് പോയി. ഉടുമുണ്ട് ഊർന്നുപോയപ്പോഴാണ്, അവരിൽ ചിലരുടെ ജന്മസ്ഥാനം ആകാശം നോക്കി നിൽക്കുന്നത് വെളിച്ചത്തായത്. റാന്തലുകാർ ആ കാഴ്ച കാണാതിരിക്കാൻ, റാന്തൽ മറച്ചു പിടിച്ചു.

ഒരു കുല അടയ്ക്ക പാറുവിന്റെ പല്ലുകൾക്കിടയിൽ ഞെരിപിരി കൊണ്ടു. ഒരിക്കൽ കൂടി കമുക് ഉലഞ്ഞതും പാറു ഭാരം കുറഞ്ഞൊരു അണ്ണാറക്കണ്ണനായി മാറി, മറ്റേ കമുകിലേക്ക് ഒരൊറ്റച്ചാട്ടം. കുറുപ്പന്മാർ അതിശയത്തിൽ കണ്ണുകൾ ചിമ്മിത്തുറന്ന് രണ്ട് കൈകളും മേലേക്കുയർത്തി. പാറു നിലത്ത് വീണ്, ഉടൽ ചിതറിപ്പോകരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. പാറുവിനെക്കിട്ടിയാൽ ഉടൽ വസൂലാക്കണമെന്ന്, പ്രമാണിത്തത്തിൽ താരതമ്യേന മൂപ്പുള്ള കുറുപ്പന്മാർ, കാലേക്കൂട്ടി തീരുമാനിച്ചിരുന്നു.

ജീവിത്തിന്റെ ഉലച്ചിൽ പോലെ കമുക് പലവട്ടം ആടിയുലഞ്ഞു. ഇതിന് മുമ്പും പാറു കമുകിൽ നിന്ന് കമുകിലേക്ക് ചാടിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ കമുക് വല്ലാതെ ക്ഷോഭിക്കുന്നു. ഉച്ചിയിൽ പിടുത്തം മുറുക്കിയിട്ടും കമുക് നിർത്തുന്നില്ല. പാറു കണ്ണുകൾ ഇറുകെയടച്ചു. താഴെ പുരുഷാരമാണ്. കുറുപ്പന്മാരും മാപ്പിളമാരും.

നട്ടെല്ലിൽ നിന്നും ഒരു വേദന, വലിയൊരു ഇരമ്പലായി, തലച്ചോറിലേക്ക് ഓടിക്കയറി.

ഉരുട്ടിക്കാവിലെ ബഗോതിയോട് പിണങ്ങേണ്ടായിരുന്നു. കഴിഞ്ഞ മാസം കുറുപ്പന്മാരും മാപ്പിളമാരും കൊപ്രക്കളത്തിൽ വെച്ച് വളഞ്ഞ്, അടയ്ക്ക പിടിച്ചോണ്ട് പോയതിൽ പിന്നെ ബഗോതിയോട് മിണ്ടിയിട്ടില്ല. നേർച്ചക്കടം കാവിൽ വെച്ചേൽപിച്ചിട്ടാണ്, കൊപ്രക്കളത്തിലേക്ക് പോയത്. എന്നിട്ടും…
അന്ന് ഒരു വിധേനയാണ് അവരുടെ കൈയിൽ പെടാതെ രക്ഷപ്പെട്ടത്. പിണങ്ങേണ്ടായിരുന്നു. ബഗോതി പിണങ്ങിയാൽ കമുകും പിണങ്ങും. കമുക് പിണങ്ങിയാൽ.
ഓഹ്, ഉടലാകെ ഒരു ഞെട്ടലുണ്ടായി.

ഒരു പടലം അടയ്ക്കാക്കുല ബഗോതിക്ക്…
കണ്ണടച്ച് നേർന്നു. പിണക്കം മാറിയിട്ടുണ്ടാകും. അതാണ് കമുകിന്റെ ആട്ടം നേർത്ത് നേർത്ത് ഇല്ലാതായത്.

പാറു അടയ്ക്ക പറിച്ചു തുടങ്ങി.

കുറുപ്പാൾക്കൂട്ടത്തിന്റെ കലപില ശബ്ദം പാറുവിന്റെ കാതുകളിലേക്ക് അടുക്കും ചിട്ടയുമില്ലാതെ പാഞ്ഞു കയറി.

താഴേക്ക് നോക്കി.
എണ്ണമില്ലാത്തത്ര കണ്ണുകളിൽ കുഞ്ഞ് നിലാവുകൾ കൂട് കൂട്ടിയിരിക്കുന്നു.

‘‘പാറൂ, താഴേക്ക് ഊർന്നിറങ്ങിക്കോ. മര്യാദയ്ക്ക് വന്നാൽ ഞാള് ഇന്നെ എടങ്ങാറാക്കൂല… ല്ലാച്ചാ അറിയാലോ...ൻറച്ഛന്റെ ഗതി തന്ന്യാർക്കും ഇന്ക്കൂം", പ്രമാണിക്കുറുപ്പന്റെ വാക്കുകൾ ചതിക്കൂടാണെന്ന് പാറുവിന് അറിയാതെയല്ല. അച്ഛൻ എന്ന വാക്ക് കേട്ടതും, ഒരു ഇടിവാൾ അവളെ തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ പാഞ്ഞു പോയതും ഒരുമിച്ചായിരുന്നു.

ശരീരമുണർന്നു. മനസ്സും ചിന്തകളും ഉറങ്ങി. അടയ്ക്കാ കുല കടിച്ച് പിടിച്ച് അരയിൽ നിന്ന് പിച്ചാത്തിയൂരി. മുഴുക്കനെ പഴുത്ത രണ്ട് പടലമുണ്ട്, ഈ കമുകിലും. പല്ല് കൊണ്ട് കടിച്ച് അടയ്ക്കാ പടലമെടുത്ത് അരയിൽ തിരുകി. കമുകിൻ പട്ട കൊണ്ടുതന്നെയാണ് അരപ്പട്ട കെട്ട്യതും. മുട്ടോളമെത്തുന്ന ഒറ്റ മുണ്ട് ഊർന്ന് പോകാതിരിക്കാനും അടയ്ക്കാകുല തൂക്കിയിടാനുമാണ് അരപ്പട്ട.

കുറുപ്പന്മാരുടെ കണ്ണുകൾ ഇപ്പോഴും തഥൈവ. ഒറ്റമുണ്ടിൽ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പാറുവിൻറെ നഗ്നതയിലേക്കാണ്. മുണ്ടിനടിയിൽ പാറു കോണകം ചുറ്റിയിട്ടുണ്ട്. അതിന് മേലെ ഒരു തോർത്തും. നിലാവിനെ മേഘങ്ങൾ മറച്ച്, താഴെ ഇരുട്ടായി. കൂരിരുട്ടായി. ഇരുട്ടിൽ പാറു, രണ്ടാമത്തെ കുലയും അരിഞ്ഞു.

മടപ്പള്ളിയാറ് ഉയർന്നുപൊങ്ങി. കർക്കിടകപ്പെയ്ത്താണ്. മഴയൊന്ന് ശമിക്കാൻ കാത്തതാണ് പാറു. ഊര് പട്ടിണിയാണ്. പണിയ ഊരിലേക്ക് സായിപ്പന്മാർ വരൂല. കടത്തനാട് രാജായുടെ ആളുകൾ തീരെയും.

പണിയർ പട്ടിണിയായാൽ ആർക്കെന്താ ചേതം?

നെല്ലും തേങ്ങയും അടയ്ക്കയും കുറുപ്പന്മാരും നായന്മാരും മാപ്പിളമാരും അടക്കി വെച്ചിരിക്കുകയാണ്. ചക്കയും മാങ്ങയും അവർ തന്നെ. കാട്ടാനകളും നരിയും കാണാതെ, കാട്ടിലെ വിറക് വെട്ടിയിട്ട് വേണം പണിയർ ജീവിക്കാൻ.ചിലപ്പോഴൊക്കെ തേനീച്ചക്കൂട്ടിൽ നിന്നുള്ള തേനും.

അരയേക്കർ പറമ്പ് നിറയെ കമുകാണ്. ചുവന്ന് മുഴുത്ത അടയ്ക്കയുള്ള കമുകുകളാണ്. മഴക്കോള് നിറഞ്ഞ് കാത്തിരിക്കുന്നുണ്ട്. പാറു അടയ്ക്ക പറിച്ച് കഴിഞ്ഞിട്ട് വേണം, ഒന്ന് പെയ്തൊഴിയാൻ.

ഉരുട്ടിക്കാവിലെ ബഗോതിക്ക് കൊടുക്കാനുള്ളത് കൊടുത്തിട്ട് വേണം, നാളെ ഇരുട്ടുന്നതിന് മുമ്പ് കൊടകിലെത്തിക്കാൻ. കുടകിലാകുമ്പോൾ, വില ഇത്തിരി കുറഞ്ഞാലും കുറുപ്പന്മാരുടെ ശല്യമുണ്ടാവില്ല. കൊപ്രക്കളത്തിൽ ഇനി വിൽക്കാൻ പോകുന്നത് പന്തിയല്ല. കുറുപ്പന്മാരും മാപ്പിളമാരും ചേർന്ന്, അവിടുന്ന് വളഞ്ഞതിൽപ്പിന്നെ, ആ വഴി അടച്ചുതന്നെ വെച്ചു. അടയ്ക്കയെല്ലാം ഇട്ടെറിഞ്ഞ് ഓടി രക്ഷപ്പെട്ടതാണ്.

പാറുവിൻറെ ശരീരം വിയർത്തു. കിതച്ചു. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കയറി. ഇരുപതോളം കമുകിൽ നിന്ന് അടയ്ക്കകൾ പറിച്ചു. ഓരോ കമുകും അവൾക്കായി കുനിഞ്ഞ് കൊടുക്കുന്നത് പോലെ കുറുപ്പന്മാർക്ക് തോന്നി. കമുകുകൾ എന്തിനാണ് അവളെയിങ്ങനെ സഹായിക്കുന്നതെന്ന് അവരിൽ ചിലർക്ക് തോന്നാതിരുന്നില്ല.

ഇന്നത്തേത് കഴിഞ്ഞു. തളർന്നു. അരയ്ക്ക് ചുറ്റും ചുമലിലും അടയ്ക്കാ കുലകളാണ്. താഴെ ഇറങ്ങുകയെന്നാൽ, ശത്രുക്കളിലേക്ക് സ്വയം എറിഞ്ഞു കൊടുക്കലാണ്. കുറുപ്പന്മാരുടെ മുഖങ്ങളെല്ലാം വികൃതമായിരിക്കുന്നു.

മടപ്പള്ളിയാറ് നിറഞ്ഞൊഴുകുകയാണ്. വെള്ളത്തിൻറെ നിറമാകെ മാറിയിരിക്കുന്നു. ആറ്റിനപ്പുറമാണ് ബഗോതിയുള്ളത്. പണിയരേയും കുറുപ്പന്മാരേയും അതിരിടുന്നത് മടപ്പള്ളിയാറാണ്. ഒതുക്കമില്ലാത്തൊരു തൂക്കുപാലമുണ്ട്. പലകൾ ഇളകി, കമ്പിയടർന്നൊരു തൂക്കുപാലം. തൂക്കൂപാലത്തിൽ ഇളകിയാടിയാണ് പാറു ഇക്കരെയെത്തിയത്. മൂന്നാൾ പൊക്കത്തിലെത്തിയിട്ടും, വെള്ളം ആകാശത്തേക്ക് തിടുക്കം കൂട്ടുകയാണ്. വെള്ളം കുറഞ്ഞൊരു കാലത്താണ്, നീന്താൻ പഠിച്ചത്.

"മാതൻ വല്യ നീന്തക്കാരനാ. മാതന്റെ മോളും നീന്താണ്ടിരിക്കൂല’’, പണിയ കാരണവന്മാർ പാറുക്കുട്ടിയുടെ നീന്തൽ കണ്ട്, സന്തോഷിച്ചു. മടപ്പള്ളിയാറിൽ അച്ഛന്റെ മുഖം വരച്ചത് പോലെ. പാറുവിൽ വെറുപ്പ് പതച്ചുകയറി. അവരിൽ ചിലർ ഇപ്പോഴും മാതനെ മർദ്ദിച്ച കഥ വീമ്പ് പറയാറുണ്ട്.

"ഓന്റെ അണ്ടീൽ പിടിച്ച് ഞെരണ്ടിയപ്പോ, ഒരലർച്ചണ്ടാർന്നു… കള്ളൻ മാതൻ’’, അതേ പ്രമാണി തന്നെയാണ് തന്നെയിപ്പോൾ താഴേക്ക് വിളിക്കുന്നത്.

"പാറൂ, ഇഞ്ഞ് എറങ്ങി വാ. ഒന്നും ചെയ്യൂല’’.
പാറുവിന്, മുകളിൽ നോക്കി പിളർന്നിരിക്കുന്ന വായിലേക്ക് മൂത്രമൊഴിച്ചു കൊടുക്കാൻ തോന്നി. പാറുവിന്റെ മനസ്സ് ചിരിച്ചു.

"നല്ലോര് നീന്തക്കാരനായ മാതനെ മടപ്പള്ളിയാറ്റിൽ തന്നെ ഇറക്കി വിട്ടല്ലോ ഓല്", പണിയ ഊരുകളിലെ പെണ്ണുങ്ങൾ കണ്ണീരൊഴുക്കിയും ആണുങ്ങൾ കണ്ണീർ തടഞ്ഞ് നിർത്തിയും സങ്കടപ്പെട്ടു.

എല്ലാ കർക്കിടകവും ഊരിൽ പട്ടിണിക്കാലം തന്നെ. കാട്ടിലേക്ക് പോയിട്ട് കാര്യമില്ല. മരത്തടികളെല്ലാം നനഞ്ഞ് കുതിർന്നിട്ടുണ്ടാകും. പണിയരെല്ലാം ഓലക്കുടിലിൽ കുന്തിച്ചിരിക്കുന്നു. തിന്നാതെയും കുടിക്കാതെയും.

കുറുപ്പന്മാർ അച്ഛനെയും വളഞ്ഞതാണ്.

"നാണ്വോ , അരിയും ചായപ്പോടീം കൊറച്ച് ഉപ്പും മേണം . ഈന് കണക്കാക്കീറ്റ്’’.

പീടികക്കോലായിൽ രണ്ട് തേങ്ങ നാണുവിനെ പായാരം നോക്കി. നാണു പക്ഷേ നോക്കിയത് മാതന്റെ മുഖത്തേക്കാണ്. അരിയും സാധനവും തൂക്കിയില്ല.

"ഇനിക്കേട്ന്നാ ഈ തേങ്ങ കിട്ടീന്?"
രണ്ട് സെൻറിലെ ഓലക്കുടിലിന് ചുറ്റും തെങ്ങുകളൊന്നുമില്ലെന്ന് അറിയാത്തവരാരുമില്ല, മടപ്പള്ളിയാറ്റിന് ഇപ്പുറത്തും അപ്പുറത്തും.

"ഇഞ്ഞ് കാനൂല് ചോയിക്കാണ്ട് സാദനെടുക്ക്"

പണിയനായാലും കുറുപ്പനായാലും സാധനം വാങ്ങുന്നവൻറെ മൂല്യം മാതന് നിശ്ചയമാണ്.

നാണുവിന്റെ മുഖത്ത് അരിശം വരിഞ്ഞു മുറുക്കി.

പണിയെന്റൊരു ഹുങ്ക്. സാധനങ്ങൾ എടുക്കാതെ പീടികയുടെ പിന്നിലേക്ക് മുണ്ട് വലിച്ചു കയറ്റിയിറങ്ങി. പീത്താൻ പോയതായിരിക്കും.മാതൻ മനസ്സിലുറപ്പിച്ചു.

‘കുടീലെത്തീട്ട് മേണം പാറൂന് എന്തേലും ഉണ്ടാക്കിക്കൊടുക്കാൻ. ചപ്പിലക്കും. പൈക്കുന്നുണ്ടാകും.രണ്ടീസായി ഒന്നും വെച്ചില്യ’, മനസ്സ് മുറിഞ്ഞു.

ബഗോതിയോട് പറഞ്ഞിട്ടാണ് കുടീന്നിറങ്ങിയത്. തൂക്കുപാലം കടന്നാൽ എന്തെങ്കിലും കിട്ടുമായിരിക്കും. നീണ്ട് കിടക്കുന്ന പറമ്പാണ്. ഏതോ കുറുപ്പൻറേതാകാനേ തരമുള്ളൂ.വെറുതെ കയറിയൊന്നു പരതി. രണ്ട് തേങ്ങൾ അനാഥമായിക്കിടക്കുന്നു. നനഞ്ഞ് കുതിർന്നത്.

ഇറങ്ങാൻ നേരത്ത് ചപ്പില പറഞ്ഞതാണ്, ‘രണ്ടീസായി കുഞ്ഞ്യോള്. മ്മളെ സാരല്യ’.
ഒന്നും പറഞ്ഞില്ല. ബഗോതിയെ മനസ്സിലിട്ടു.

ആ ബഗോതി കനിഞ്ഞതാണീ തേങ്ങ. എടുക്കുന്നത് പാപമാവില്ല. ന്യായാന്യായങ്ങളുടെ വാദപ്രതിവാദങ്ങൾ മനസ്സിൽ ഉരുണ്ടുകൂടി. കുഞ്ഞ്യോൾക്ക് പരിപ്പും ചോറും വെച്ച് കൊടുക്കണം. പൈപ്പ് മാറെ തിന്നട്ടെ.

"മുറുക്കാൻ പോയതാ"

ചുണ്ടിന്റെ ഇരു വശങ്ങളിലൂടെ വെറ്റിലക്കറയൊലിപ്പിച്ച്, നാണു കയറിവന്നു. രണ്ട് വിരലുകൾ ചുണ്ടിന്മേൽ അമർത്തിപ്പിടിച്ച്, അതിന്റെ വിടവിലൂടെ നീട്ടിത്തുപ്പി.

"ഇഞ്ഞി ബേം സാദനെടുക്ക്. മയ എനീം പെയ്ന്നേന് മുമ്പേ, പിരക്കെത്തണം", മാതന് ആധിയായി. വിശപ്പെന്ന ആധി ഭയമെന്ന ആധിയിലേക്ക് വഴി മാറാൻ അധികസമയം വേണ്ടിവന്നില്ല. നിലത്ത് അമർത്തിച്ചവിട്ടി അഞ്ചാറ് കുറുപ്പന്മാർ പീടികക്കോലായിൽ ഉറച്ച് നിന്നു. ആധിയുണ്ടെങ്കിലും മാതൻ എഴുന്നേൽക്കുകയോ മാറിയിരിക്കുകയോ ചെയ്തില്ല. അയിത്തമാണെങ്കിൽ ഓല് മാറിപ്പൊയ്ക്കോട്ടേ. മാതൻ മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ട്. ഒന്നല്ല പല തവണ.

"മാതനെ ഒരിക്കലെൻറെ കയീ കിട്ടും’’, മടപ്പള്ളിയാറ്റിന്റെ വരമ്പിൽ നിന്നൊരിക്കൽ വഴി മാറിക്കൊടുക്കാതിരുന്ന ദേഷ്യത്തിൽ കുറുപ്പൻ പ്രമാണി ഒരിക്കൽ പറഞ്ഞതാണ്.

"മാതാ", മാതൻ നോക്കി, തല ചെരിച്ച്.
"ഇന്ക്കേട്ന്നാ ഈ തേങ്ങ കിട്ട്യേ?"
കുറുപ്പന്റെ ചോദ്യം കേട്ട് നാണു ചിരിച്ചു.
"പറെടാ"
"ബഗോതി തന്നതാ", ഏമാനേ എന്ന ചേർക്കലുകളില്ലാതെ മാതൻ പറഞ്ഞു.
"അഹമ്മതി പറയുന്നോ ബലാലേ", കൂട്ടത്തിലേതോ മാപ്പിളയാണ് അത് പറഞ്ഞത്.
പീടികക്കോലായിൽ കുറുപ്പന്മാരുടെ എണ്ണം കൂടി. മാപ്പിളമാരുടെയും. കച്ചവടം നടന്നില്ലേലും പണിയനെ കുടുക്കിയ സന്തോഷത്തിലാണ് നാണു.
കുറുപ്പന്റെ പറമ്പിലെ നാട്ട് മാവിൽ മാതന്റെ തൊലി ഉരഞ്ഞ് പൊട്ടി. കയറ് വരിഞ്ഞ് മുറുകി. ചോര പൊടിഞ്ഞിടത്ത് ഉറുമ്പുകൾ കൂട്ടം കൂടി നിന്നു. നീറ്റലും ഉറുമ്പ് കടിയും കുറുപ്പന്മാരുടെ അടിയും എല്ലാം ചേർന്ന് മാതന്റെ ഉടൽ വീർത്തു.

എന്നാലും ബഗോതി ചതിച്ചല്ലോ. അല്ലേലും ഈ ബഗോതി എന്നും പെണ്ണുങ്ങളോടാ കൂട്ട്. വേദനകൾക്കിടയിലും മാതൻ പരിഭവിച്ചു.
"കള്ളൻ മാതൻ, കള്ളൻ മാതൻ", ഈ വിളി കേട്ട് കൊണ്ടാണ് ചപ്പിലയും പാറുവും ഓടിയെത്തിയത്. "തീണ്ടാരിക്കൊച്ച് തീണ്ടാരിക്കൊച്ച്" എന്ന് പറഞ്ഞ് ആരോ പാറുവിനെ ചവിട്ടിത്തെറിപ്പിച്ചു. "അച്ഛനെ ബിട്ടേക്ക്", കൈ കൂപ്പി പാറു കുറുപ്പൻ പ്രമാണിയുടെ അടുത്തേക്ക് പോകുമ്പോഴായിരുന്നു, അവൾ ചവിട്ടേറ്റ് മാതന്റെ കീഴെ വീണത്.

"ചപ്പിലേ, കുഞ്ഞീനേം കൂട്ടി പോ", കുഴഞ്ഞ നാവ് കൊണ്ട് മാതൻ അത്രയും പറഞ്ഞൊപ്പിച്ചു. ആരോ കല്ലെറിഞ്ഞപ്പോഴാണ്, ചപ്പില അവളേയും കൂട്ടി അവിടുന്ന് ഓടിയത്. കാൽ മുന്നോട്ട് പായുമ്പോഴും കണ്ണുകൾ പിന്തിരിഞ്ഞു കൊണ്ടേയിരുന്നു. മാവും മാതനും ഒന്നായലിഞ്ഞ കാഴ്ചയിൽ അവരുടെ ഓട്ടത്തിന് വേഗത കൂടി.

രണ്ടാം നാളിൽ മാതൻ മടപ്പള്ളിയാറ്റിൽ ഒഴുകുന്നത് കണ്ടെന്ന് ആരൊക്കെയോ അമ്മയോട് പറയുന്നത് പാറു കേട്ടു.

പാറു കമുക് ആഞ്ഞ് കുലച്ചു. കമുകിൻ പട്ട പറമ്പിലാകെ കൊടുങ്കാറ്റ് വിതറി. ബഗോതി ആർത്ത് ചിരിച്ചു. മടപ്പള്ളിയാറ് കരയെ വലിച്ചുകീറി , കുത്തി നോവിച്ചു. പാറുവിന്റെ മേലാകെ അടയ്ക്കാക്കുല കൊണ്ട് ആഭരണച്ചാർത്ത്. കുറുപ്പന്മാരുടെ ഉദ്ധരിച്ച ലിംഗം താഴ്ന്ന് മൂത്രമൊഴിച്ചു.

പാറു വീണ്ടും വീണ്ടും ആഞ്ഞുലച്ചു. പറമ്പിലെ കമുകുകളെല്ലാം ആടിയുലഞ്ഞ് താണ്ഢവമാടി. ഭൂമിയെ മുത്തമിടാനെന്ന വിധം കമുക് ഒരു വശത്തേക്ക് താഴ്ന്നു. കുറുപ്പന്മാർ ചിതറി. പാറു ഒരു കാൽ നിലത്തമർത്തിച്ചവിട്ടി, കമുകിനെ ഉയർത്തി വിട്ടു. ശരമെയ്ത്ത് പോലെ. കമുക് ഉയർന്ന് പൊങ്ങി മറുവശത്തേക്ക് ചാഞ്ഞു വളഞ്ഞു.ഒരു പ്രണയാലിംഗനം പോലെ അവൾ മടപ്പള്ളിയാറിനെ പുണർന്നു. കമുക് ചിരിച്ച്, നിവർന്നു. അടയ്ക്കാപ്പെണ്ണ് നീന്തി.ബഗോതിയുടെ കരയിലേക്ക്.

ബഗോതിയുടെ മുമ്പിൽ അടയ്ക്കാ കുലകൾ കൂമ്പാരമിട്ടു. ‘ഛെ’ എന്ന് കുറുപ്പന്മാർ മുറുമുറുത്തു. പാറു ഒറ്റ മുണ്ടും തോർത്തും അഴിച്ചു. കുറുപ്പന്മാർ സ്തംഭിച്ചു. നനഞ്ഞ കോണകം ഊരിയെടുത്ത് മടപ്പള്ളിയാറ്റിലേക്കെറിഞ്ഞു. പാറുവിന്റെ നഗ്നത കണ്ട, കുറുപ്പന്മാരുടെ ജന്മസ്ഥാനം വീണ്ടും ആകാശത്തേക്കുയർന്നു. മടപ്പള്ളിയാറ് കോണകവും വലിച്ച് അറബിക്കടലിലേക്ക് നീന്തി. കുറുപ്പന്മാർ ദേഷ്യം മറന്ന് ചിരിച്ചു.

പാറു ബഗോതിയെ പുണർന്ന് ഉമ്മ വെച്ചു. ബഗോതിക്ക് അപ്പോൾ നാണമായിരുന്നു. ചിലപ്പോഴങ്ങനെയാണ്, ദൈവവും നാണിച്ചു പോകും.

(പിര – വീട്)


Summary: Pira, Malyalam short story written by Velliyodan published in Truecopy Webzine packet 252.


വെള്ളിയോടൻ

കഥാകൃത്ത്, നോവലിസ്റ്റ്. കഥകളും നോവലുകളും ഇംഗ്ലീഷ്, തമിഴ്, അറബി, കന്നഡ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 20 വർഷമായി ഷാർജയിൽ അക്കൗണ്ടൻറ്.

Comments