അവിനാശ്​ ഉദയഭാനു.

രാവിലെ സൈക്കിളിൽ

വധിക്ക് വന്നപ്പോൾ
രാവിലെ സൈക്കിളെടുത്തിറങ്ങി
നഗരത്തിലേക്ക്.

നെറ്റിയിൽ കുറി വരച്ച
സിഗ്നൽ പോസ്റ്റുകൾക്ക്‌ ചുറ്റും
ഹോർണുകളുടെ ഭജന
തുടങ്ങിയിട്ടില്ലായിരുന്നു.

പള്ളയിൽ അരിമാവ് നിറയാനുള്ള
കല്ലുമ്മക്കായകൾ
തൊണ്ടുപുതച്ചുറങ്ങുമ്പോൾ
വെള്ളമെടുത്തു വരുന്ന തട്ടുകടക്കാരനെ
സൂര്യൻ
പാളി നോക്കുന്നുണ്ടായിരുന്നു.

റോഡിൽ
വട്ടത്തിൽ കറങ്ങുന്ന പെഡലുമായി
സൈക്കിൾ
കണ്ണ് തുറന്നു
നീണ്ടു നീണ്ടു വരുന്ന
ദൂരത്തെ നോക്കുന്നു.

അടുക്കളയിൽ
വട്ടത്തിൽ കറങ്ങുന്ന പിടിയുമായി
നൂൽപ്പുട്ടിന്റെ അച്ച്‌
കണ്ണ് തുറന്നു
നീണ്ടു നീണ്ടു വരുന്ന
നൂലുകളെ നോക്കുന്നു.

(കറങ്ങുന്ന ഭൂമിയിലെ
ഉയരെ പോകുന്ന ലിഫ്റ്റിൽ വെച്ച്
ആദ്യമായി ഉമ്മ വെച്ചപ്പോഴാണ്
പ്രണയത്തിന്റെ താക്കോൽ തന്നു
ഉടൽ വഴങ്ങിയതും )

ചക്രങ്ങളെ പൂവുകളായും
പൂക്കളെ നൂൽപ്പുട്ടായും
നൂലുകളെ തൂവാലയായും
തൂവാലയെ പ്രാവുകളായും
പറത്തി വിടാറുള്ള എന്റെ ഭാവന
അതിന്റെ ദുർമേദസ്സുകളിൽ നിന്നും
ബലിഷ്ടമായ പേശികൾ
കടഞ്ഞെടുക്കുന്നുണ്ട്.

ആകെ വിയർത്തു
വിശക്കുന്നുമുണ്ട്
എനിക്കൊന്നു കുളിക്കണം.

വിയർപ്പ് - വിശപ്പ്‌ എന്നീ
വാക്കുകളിൽ
ഘടിപ്പിച്ച ചങ്ങലയിൽ
ലോകത്തിന്റെ പെഡൽ
​വെറുതെ കറങ്ങട്ടെ.
​▮​​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അവിനാശ്​ ഉദയഭാനു

കവി. മലമുകളിലെ വീട്, വൃദ്ധ, റേഡിയോ എന്ന കവിതാസമാഹാരം കിൻഡിൽ പതിപ്പായി പുറത്തിറക്കിയിട്ടുണ്ട്.

Comments