ചിത്രീകരണം : ശശി ഭാസ്ക്കരൻ

പൊയിലോത്ത് ഡെർബി

അധ്യായം പത്തൊമ്പത് : തെയ്യൻ

ഗൂഢാലോചനയുടെ രണ്ടാം ദിവസം പുലർച്ചക്ക് ബോൾഷെവിക്കുകൾ എളമ്പിലാക്കലെ കൈയ്യാലകൾ എടുത്തു ചാടി.

പറങ്ങോടന്റെ അച്ഛൻ തെയ്യനാണ് എളമ്പിലാക്കലെ എര്തുകളെ പോറ്റി യിരുന്നത്.കണ്ണപ്പനും മൈലനും പുള്ളിയും അയാളുടെ തെറ്റിക്കോലിന്റെ വരുതിക്ക് നിക്കുമായിരുന്നു.തെയ്യന്റെ നാൽക്കാലികൾക്കൊപ്പമുള്ള ജീവിതം എന്നും സൂര്യനുദിക്കും മുമ്പ് തുടങ്ങി.റാന്തൽ വെളിച്ചത്തിൽ അകിടിലേക്ക് അവന്റെ കൈകൾ നീണ്ടു വരുമ്പോൾ പശുക്കൾ മുലകൾ വിറപ്പിച്ച് ചെറുതായി അമറും.കിടാവുകൾ തുള്ളിയെഴുന്നേൽക്കും.പത്തു പന്ത്രണ്ടോളം പശുക്കളെ ഇരുന്ന ഇരുപ്പിൽ കറന്ന് നിരങ്ങി നിരങ്ങി തൊഴുത്തിന്റെ അറ്റത്തെത്തുമ്പോഴേക്കും സൂര്യനുദിച്ചിട്ടുണ്ടാവും.കന്ന്പൂട്ടലുള്ള കാലത്ത് അയാളുടെ ജോലിഭാരം പിന്നെയും കൂടും.മോന്തകൊട്ട കെട്ടിയ മൂരികളെയും തെളിച്ച് കണ്ടത്തിലൂടെ ചരിക്കുന്ന തെയ്യൻ ഒറ്റത്തേരിൽ യുദ്ധത്തിനിറങ്ങിയ ഏതോ ദ്രാവിഡയോദ്ധാവിനെ അനുസ്മരിപ്പിച്ചു.പകലത്തെ പണികഴിഞ്ഞാൽ അയാൾ കാടിന്റെ അതിർത്തികളിലൂടെ സഞ്ചരിക്കും.ഊർച്ചമരത്തിന് വള്ളികെട്ടാൻ പാകമുള്ള കാഞ്ഞിരക്കൊമ്പുകൾ മുറിച്ചെടുത്ത് പറ്റിയാൽ തോട്ടിലിറങ്ങി, ഒറ്റാലു വച്ച് മീൻപിടിച്ചിട്ടേ അയാൾ തിരിച്ചെത്തു.വൈകുന്നേരങ്ങളിൽ കാളകളെയും മൂരിക്കുട്ടന്മാരെയും കുളിപ്പിക്കുന്നതാണ് അയാൾക്ക് ഏറ്റവും ഇഷ്ടമുള്ള ജോലി. ചാണകവും ചളിയും ഉരച്ചുകളഞ്ഞ്, ശകലം എണ്ണതടവി, കുഞ്ചിരോമങ്ങളിൽ വിരൽ കടത്തി ശരീരം മാലിസ്സിട്ട് മിനുക്കുമ്പോൾ ചാണകഗന്ധം വിട്ട് നാൽക്കലികളുടെ രോമകൂപങ്ങളിൽ നിന്ന് ഒരു വശ്യഗന്ധം പുറത്തേക്ക് വമിക്കും.തെയ്യനത് ആർത്തിയോടെ വലിച്ചു കയറ്റും.വേനലിൽ പൊടിപ്പൂട്ടുകഴിഞ്ഞാൽ പിന്നെ കുറച്ചുകാലം വലിയ പണികളില്ല.കവുങ്ങിൻകണ്ടങ്ങളിൽ ഉണങ്ങി വീണ പട്ടകൾ പെറുകിയെടുത്ത് വളക്കുണ്ടിലിട്ട് കത്തിച്ച് രാത്രികാലങ്ങളിൽ തീകായും.ആ ചാരവും ഉണങ്ങിയ ചാണകവും കലർത്തിയാണ് കൃഷിക്ക് വേണ്ട വളം നിർമ്മിക്കുന്നത്.ചിലപ്പോൾ കവുങ്ങിൻപ്പട്ടകളുടെ മെത്തയിൽ മലർന്നു കിടന്ന് തെയ്യൻ ആകാശത്തിൽ മേഞ്ഞു നടക്കുന്ന നക്ഷത്രങ്ങളെ നിരീക്ഷിക്കും.ഈ നക്ഷത്രങ്ങളെയെല്ലാം മേയ്ക്കുന്ന ഒരുത്തൻ ആകാശത്തെവിടെയോ ഉണ്ട്.ക്ഷീരപഥത്തിന്റെ ഏതോ മൂലക്കിരുന്ന് ഓരോ നക്ഷത്രങ്ങളെയായി അവൻ കറക്കുകയാണ്.തെയ്യൻ ചിരിക്കും.

ഇടവപ്പാതിക്ക് അവന് പിടിപ്പത് പണിയാണ്.ആദ്യത്തെ മഴ ഭൂമി തൊടുംമുമ്പ് തൊഴുത്തുകൾ കെട്ടി മേയണം.ചാണകക്കുണ്ടുകളിൽ ശീമക്കൊന്നചാറ് കലക്കണം.പുതിയ എരുതുകൾക്ക് മൂക്കുകയറിടണം.മഴപിടിച്ചാലും പണികൾക്ക് കുറവില്ല.ചീനുള്ളി ചതച്ച് കുരുമുളകും കൂട്ടി കറുകയിൽ പൊതിഞ്ഞാണ് കന്നുകളെ തീറ്റിക്കുക.ജലദോഷം പിടിക്കാതിരിക്കാനും ആരോഗ്യം നിലനിർത്താനും അതാണ് കാലികൾക്കുള്ള മരുന്ന്.അങ്ങനെ സ്വയം മറന്ന് എളമ്പിലാക്കലെ കാലികളുടെ കൂടെ നാൽക്കാലിജീവിതം നയിച്ച പറങ്ങോടന്റെ അച്ഛൻ തെയ്യനെ ഒരു ദിവസം യാതൊരു മുന്നറിയിപ്പും കൂടാതെ പറഞ്ഞു വിടുകയാണുണ്ടായത്.മകൻ പറങ്ങോടൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി എന്ന കുറ്റത്തിന്റെ പുറത്താണ് എളമ്പിലാക്കലുകാർ തെയ്യനെ കാര്യകാരണങ്ങൾ ബോധിപ്പിക്കാതെ പുറത്താക്കിയത്.തെയ്യൻ എന്തു ചെയ്യണമെന്ന് തിട്ടമില്ലാതെ എളമ്പിലാക്കലെ മുറ്റത്തു തന്നെ തലചൊറിഞ്ഞു നിന്നു.പയ്ക്കൾ തൊഴുത്തിനകത്തു കിടന്ന് അസഹിഷ്ണുതയോടെ അയാളെ നോക്കി അമറി.ഉച്ചയോടെ തെയ്യൻ ആരോടും മിണ്ടാതെ തലതാഴ്ത്തി തിരിച്ചു പോന്നു.വഴിയരികിൽ കണ്ട കമ്മ്യൂണിസ്റ്റ്പച്ചക്കാടുകളൊക്കെ തെറ്റിക്കോലു കൊണ്ട് അടിച്ച് പൊളിച്ച് അരിശം തീർത്ത് തെയ്യൻ പുരയിൽ വന്നു കയറി.പിന്നീടയാൾ മറ്റു പണികൾക്കൊന്നും പോയില്ല.പൊയിലോത്ത് ഇമ്മുണ്ണിചേകോന്റെ ചായപ്പീടികയിൽ റേഡീയോറിസീവറിന്റെ മുരട്ടിൽ പകലന്തിയോളം തെയ്യൻ തപസ്സിരുന്നു.ഇടക്കെല്ലാം വഴി തെറ്റിപോയ മകനെ പഴിച്ചു.എന്നാലും ഏതെങ്കിലും പാടവരമ്പത്ത് നല്ല ചോരത്തണ്ടൻ പുല്ലുകൾ വളർന്ന് നിൽക്കുന്നത് കാണുമ്പോൾ അയാൾക്ക് പൊറുക്കില്ല.കത്ത്യാളുമായി കൂനികൂടിയ ശരീരവും താങ്ങി അയാളിറങ്ങും. സ്ഥലകാലബോധം മറന്ന് പുല്ലരിഞ്ഞു കൂട്ടും.രാത്രിയിൽ അരിഞ്ഞു കൂട്ടിയ പുല്ല് എളമ്പിലാക്കലെ തൊഴുത്തിന് ചുറ്റുവട്ടത്തെവിടെയെങ്കിലും കൊണ്ടുവച്ച് ആരുടെയും കണ്ണിൽപ്പെടാതെ തിരിച്ചു പോരും.ട്രാക്ട്ടറുകളുടെ കടന്നു വരവോടെ എളമ്പിലാക്കലെ തൊഴുത്തുകളിൽ നിന്ന് കാളകളും മൂരികളും ഒഴിഞ്ഞു പോയി.പാടത്തുകൂടെ കടകട ശബ്ദമുണ്ടാക്കി നീങ്ങുന്ന യന്ത്രജന്തുക്കളെ തെയ്യൻ അവജ്ഞയോടെ നോക്കി നിന്നു.കന്നുപൂട്ട് അവസാനിച്ചിരുന്നെങ്കിലും ഉറപ്പുള്ള കാഞ്ഞിരവള്ളികൾ തിരഞ്ഞ് അയാൾ ഇടക്കിടെ കാടുകയറി കൊണ്ടിരുന്നു.കുളിപ്പിച്ച പശുക്കളുടെ മണംപിടിക്കാൻ തൊഴുത്തിന്റെ അരികിൽ പതുങ്ങി നിന്ന തെയ്യനെ ഒരു ദിവസം കളരിയിൽ കസർത്ത് നടത്തിക്കൊണ്ടിരുന്ന കുറിക്കാർ കണ്ടുപിടിച്ച് ചെകിടിനടിച്ച് പറഞ്ഞു വിട്ടു.നാലു ദിവസം കഴിഞ്ഞ് കാട്ടിൽ തേനെടുക്കാൻ പോയ ചിലരാണ് കാഞ്ഞിരത്തിൽ തൂങ്ങി നിൽക്കുന്ന തെയ്യനെ കണ്ടത്.
അങ്ങനെ പടുമരണപ്പെട്ടുപോയ തെയ്യന്റെ മകൻ കോംമ്രേഡ് പറങ്ങോടനാണ് ബോൾഷെവിക്കുകളുടെ ഓപ്പറേഷനിലെ മർമ്മപ്രധാനമായ കാലിമോഷണം പ്ലാൻചെയ്തതും നടപ്പിലാക്കിയതും.ചാഴിയും സുഗതനും തറവാടിന് പടിഞ്ഞാറ് ഭാഗത്തുള്ള പറമ്പിൽ സതീശന്റെ സിഗ്‌നലിന് കാത്തു നിന്നു.തൊഴുത്തിനടുത്തുള്ള ചാരക്കുണ്ടുകളിൽ നിന്ന് നേർത്ത ശബ്ദത്തിൽ പൊട്ടലും ചീറ്റലും കേൾക്കുന്നുണ്ട്.നേർത്ത പുകപടലങ്ങൾ അതിൽ നിന്ന് പുറത്തേക്കിറങ്ങി ഇരുട്ടിൽ ചില ചിത്രങ്ങൾ വരച്ച് അന്തരീക്ഷത്തിൽ ലയിച്ചു.കറവക്കാരെത്താൻ ഇനിയും സമയമെടുക്കും.മനുഷ്യരുടെ സാമിപ്യം തിരിച്ചറിഞ്ഞ പശുക്കൾ തലവെട്ടിച്ചും വാലുചുഴറ്റിയും പ്രതികരിച്ചു തുടങ്ങി.പറങ്ങോടൻ ചുണ്ടിനിടയിലൂടെ ചില പ്രത്യേകശബ്ദവീചികൾ പുറപ്പെടുവിച്ച്, കഴുത്തിലും പള്ളയിലും ഉഴിഞ്ഞ് പശുക്കളെ ശാന്തരാക്കി.പറങ്ങോടന്റെ സിഗ്‌നൽ കിട്ടിയപാടെ ചാഴിയും സുഗതനും തൊടിയിലെ വരമ്പുകൾ കവച്ചു ചാടി തൊഴുത്തിന് പിറകിലെത്തി.പശുക്കളെ കെട്ടിയ കയറുകൾ ഓരോന്നായി അഴിച്ചെടുത്ത് അവർ ഓരോന്നിനെയായി പുറത്തേക്ക് തെളിച്ചിറക്കി.പറങ്ങോടൻ നീട്ടിയ കറുക കെട്ടിനു പിറകെ മണംപിടിച്ച് പശുക്കൾ നടന്നു തുടങ്ങി.

സൂര്യനുദിച്ചപ്പോൾ ബോൾഷെവിക്കുകൾ പയ്ക്കളെയും തെളിച്ച് ഞാറ്റു കണ്ടത്തിലേക്കിറങ്ങി.കണ്ണെത്താ ദൂരം പുഞ്ചയുടെ പച്ചപ്പാണ്.അതിനു നടുവിൽ എല്ലാക്കാലത്തും വസൂരി കീറിവച്ച പാടു പോലെ കിടന്നിരുന്ന മൈതാനം.അവിടെ ഞാറ്റുതലകൾ എടുത്തു പിടിച്ചു നിൽക്കുന്നു.പച്ച കണ്ടിടങ്ങളിലൊക്കെ പശുക്കളുടെ പരുക്കൻ നാവിഴഞ്ഞുപോയി.പൊയിലോത്തുകാർ അമ്പരപ്പോടെ പാടത്തേക്ക് നോക്കി നിന്നു.നീളൻകുറിക്കാരിൽ ചിലർ ചീറി വന്നെങ്കിലും പയ്ക്കളെ കണ്ടപ്പോൾ തൊടാതെ അറച്ചു നിന്നു.പശുക്കളും കന്നുകുട്ടികളും എളമ്പിലാക്കലെ തൊഴുത്തിലേതു തന്നെ ! അടിപൊട്ടിയപ്പോഴേക്കും ആളുകൾ രണ്ടു ചേരികളായി തിരിഞ്ഞിരുന്നു.ദേശം ഇരു ചേരികളിലായി നിന്ന് തല്ലി.പൂളക്കമ്പുകളും പട്ടികകഷ്ണങ്ങളും പലരുടെയും നടുമ്പുറത്തും വാരിയിലും വീണു.ഉച്ചയോടടുത്ത് പോലീസ് എത്തിപ്പെടും വരെ ദേശത്ത് പലയിടങ്ങളിലായി ചെറുതും വലുതുമായ തമ്മിലടികൾ നടന്നു കൊണ്ടിരുന്നു.പിന്നീടുള്ള പത്തു ദിവസങ്ങൾ പൊയിലോത്ത് ദേശത്തെ പിടിച്ചു കുലുക്കുകയായിരുന്നു.പാർട്ടിക്കാർ കറന്റു പോസ്റ്റിലടിച്ച സ്റ്റെൻസിലുകൾ മുഴുവൻ ഒരു രാത്രി കൊണ്ട് കരി ഓയിലിൽ മുങ്ങി.പിറ്റേന്ന് ഉച്ചനേരത്ത് പച്ചവെളിച്ചത്തിൽ എളമ്പിലാക്കലെ കളരി നിന്നു കത്തുന്നതാണ് കണ്ടത്.പോലീസുകാർ ബോൾഷെവിക്കുകളെ താളിക്കിടിച്ച് കടുക്കവെള്ളം കുടിപ്പിച്ചു.ദേശത്ത് അവിടവിടെ സ്റ്റീൽബോംബുകൾ പൊട്ടുന്നുണ്ടായിരുന്നു.പത്താംദിവസം സർവ്വ കക്ഷിയോഗം വിളിച്ചു ചേർക്കപ്പെട്ടു.ഡി.വൈ.എസ്.പിയുടെ മധ്യസ്ഥത്തിൽ ടൂർണമെന്റ് നടത്താമെന്നായി.പാർട്ടിക്കും തറവാട്ടുകാർക്കും ഒരു പോലെ വാശിയായിരുന്നു.എളമ്പിലാക്കലുകാരുടെ സംഘധ്വനിക്ക് വേണ്ടി എസ്.ബി.ടിയുടെ കളിക്കാരാണ് ഇറങ്ങിയത്.സെമിയിൽ ഗ്യാലക്‌സിയെ 1-0 ന് മറികടന്ന ബോൾഷെവിക്കുകൾ കപ്പുറപ്പിച്ച മട്ടിലാണ് ഫൈനലിനിറങ്ങിയത്.ഒമേഗാ അഴിക്കോടിനെ 5-0 മലർത്തിയ എസ്.ബി.ടിക്കാർക്ക് ഫൈനൽ ഈസി വോക്കോവറാകുമെന്ന് എല്ലാവരും കരുതി.ഫൈനലിൽ പക്ഷെ കളി കടുത്തു.ടൂബ് ലൈറ്റ് വെട്ടത്തിൽ കുമ്മായം തെറിപ്പിച്ച് പാഞ്ഞ ചാൾസ് ബെക്കു, സംഘധ്വനിയുടെ ബാങ്കുകാരെ ഫൈനൽ വിസിൽ വരെ അടക്കി നിർത്തി.കളി സഡൺഡെത്തിലേക്ക്! എളമ്പിലാക്കലുകാർ ചാൾസിനെ നോക്കി പല്ലു ഞെരിച്ചു.

"ഏതാടാ ആ കരിമ്പൊലയൻ'

ആക്രോശങ്ങൾക്കിടയിൽ രണ്ടു ടീമും ആദ്യ രണ്ട് കിക്കുകളും വലയിലാക്കി.മുന്നാമത്തേതിൽ സംഘധ്വനിയുടെ രാജീവിന് പാളി.പന്ത് പോസ്റ്റിലിടിച്ച് പറന്നു.പൊടി പാറുന്ന രാത്രിയിൽ പൊയിലോത്തുകാർ നോക്കി നിൽക്കെ ബോൾഷെവിക്കുകൾ മാധവൻ നായരെ വേട്ടയാടി പിടിക്കാനൊരുങ്ങി.പക്ഷെ ബെക്കുവിന്റെ കനത്ത അടി ഗോളി വലത്തോട്ടു ചാടി കുത്തിയകറ്റി.സ്‌കോർ ബോഡിൽ ദേശവും മാധവൻ നായരും പിന്നെയും ബാലബലം.അടുത്തത് ഭാഗ്യപരീക്ഷണമെന്ന് കരുതി കവുങ്ങിൻ കാലുകളിൽ നിന്ന ഗ്യാലറി ചെറുതായി ഇരമ്പിയപ്പോൾ ടോസിടാനാഞ്ഞവരെ തടുത്ത് കുറിക്കാരിറങ്ങി.പിന്നാലെ പോലീസുകാരും.ആരോ അപ്പോൾ ട്യൂബ് ലൈറ്റുകൾ എറിഞ്ഞുടച്ചു.അന്ധകാരം ആക്രോശങ്ങൾക്കിടയിലേക്ക് ഇഴഞ്ഞു കയറി.ഇരുട്ടിൽ ചവിട്ടിലും കുത്തിലും അവസാനിച്ച ആ രാത്രി പൊയിലോത്തുകാരുടെ ചുണ്ടിനും കപ്പിനുമിടയിൽ ശിഷ്ടകാലമത്രയും തിണർത്തു കിടന്നു.

അധ്യായം ഇരുപത് : കാലസൂത്ര

നീണ്ട ശീതയുദ്ധകാലങ്ങൾ കഴിഞ്ഞ് രണ്ടായിരത്തി ഇരുപത്തി രണ്ടാം ആണ്ടിലാണ് പിന്നീട് എം.മാധവൻനായർ എവർ റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യ ടൂർണമെന്റ് പുനരുജ്ജീവിപ്പിക്കുന്നത്.അക്കാലത്തിനിടക്ക് പൊയിലോത്തെ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി എളമ്പിലാക്കലുകാർക്കൊപ്പം വളർന്നിരുന്നു.അധികാരകേന്ദ്രങ്ങളിൽ അവർക്കുണ്ടായിരുന്ന ബാർഗെയിനിംഗ് പവറിന്റെ മുന്നിലാണ് എളമ്പിലാക്കലുകാർ ഒടുവിൽ വഴങ്ങിക്കൊടുത്തത്.

ഫൈനൽ ദിവസം പഴയ പീടികമാളിക മുറിയിലേക്ക് അപരിചിതനായ ഒരാൾ കയറി വന്നു.സതീശനും ഭാസകരേട്ടനും അവിടെ സംസാരിച്ചിരിക്കുകയായിരുന്നു.വന്നു കയറിയ ആൾ സതീശനെ അന്വേഷിച്ചു.

"ഇവിടെ ആരാണ് വൺ മിസ്റ്റർ സതീശൻ?'

ആഗതൻ ഇരുവരെയും നോക്കി ചോദിച്ചു.ഭാസ്‌കരേട്ടൻ ചാരുകസേരയിൽ തണ്ടാസ്‌കണ്ടത്തിലേക്ക് നോക്കി കിടന്ന സതീശനെ ചൂണ്ടിക്കാണിച്ചു.

"മിസ്റ്റർ സതീശനോട് എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.ഇപ്പോൾ സമയമുണ്ടാകുമോ ?'

സതീശൻ ചാരുകസേരയിൽ നിന്ന് എഴുന്നേറ്റ് നേരെയിരുന്നു.

"പറാപ്പാ എന്താ കാര്യം
? '

ആഗതൻ പറയാതെ തന്നെ നിരത്തിയിട്ട ചുവന്ന പ്ലാസ്റ്റിക് കസേരകളിൽ ഒന്നിൽ കയറി ഇരുന്നു.

"മിസ്റ്റർ സതീശൻ, ഞാനിപ്പോൾ വരുന്നത് കാലസൂത്ര സെന്റ്രൽ ജയിലിൽ നിന്നാണ്.നിങ്ങൾ ശ്രദ്ധിച്ചിരുന്നോ എന്നെനിക്കറിയില്ല.ഇന്നലത്തെ പത്രങ്ങളിൽ യു.എ.പി.എ ചുമത്തപ്പെട്ട് കാലസൂത്ര സെന്റ്രൽ ജയിലിൽ കഴിഞ്ഞ 29 വർഷങ്ങളായി തടവിലായിരുന്ന ഒരു മലയാളി മുസൽമാൻ മരണപ്പെട്ട വാർത്തയുണ്ടായിരുന്നു.വൺ മിസ്റ്റർ മുത്തുറാവുത്തർ.മലയാളപത്രങ്ങൾ ആ വാർത്തക്ക് വലിയ പ്രാധാന്യം കൊടുത്തിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്.അയാളുടെ മകൻ കാലസൂത്രയിൽ വച്ചു നടന്ന ഒരു എൻകൗണ്ടറിൽ കൊല്ലപെട്ടു എന്നാണ് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ മനസ്സിലായത്.അതു പക്ഷെ ഒരു ഫെയ്ക് എൻകൗണ്ടർ ആയിരിക്കാമെന്നാണ് ഞങ്ങൾ കരുതുന്നത്.ഞങ്ങളുടേത് ഇന്ത്യയിൽ അന്യായമായി യു.എ.പി.എ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന ആളുകൾക്ക് നിയമസഹായം നൽകി വരുന്ന ഇടത് ആഭിമുഖ്യമുള്ള അഭിഭാഷകരുടെ സംഘടനയാണ്.മുത്തുറാവുത്തരുടെ കേസും അടുത്തിടെയായി ഞങ്ങളുടെ സംഘടനയാണ് ഹാന്റിൽ ചെയ്തിരുന്നത്.റാവുത്തരുടെ കേസിൽ ആദ്യം കോർട്ടിൽ മൂവ് ചെയ്ത ബെയിൽപെറ്റീഷനിൽ നിങ്ങളുടെ പേര് കണ്ടിരുന്നു.പിന്നീട് അവിടെയുള്ള ചില ഇടത് ട്രെയ്ഡ് യൂണിയനുകൾ അയാളുടെ കേസ് ഏറ്റെടുത്തു.പാക്കിസ്ഥാൻ ഇൻവോൾവ്‌മെന്റ് തെളിയിക്കുന്ന സോളിഡ് എവിഡെൻസ് പ്രോസിക്ക്യൂഷന്റെ പക്കലുണ്ടായിരുന്നത് കൊണ്ട് അവർക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.എന്നാലും ഒരു പാക്മിലിറ്ററി മുദ്രയുള്ള റൈഫിൾ ഈ പ്രദേശത്ത് എങ്ങനെ വന്നു പെട്ടു എന്നത് ഇപ്പോഴും വളരെ മിസ്റ്റീരിയസ് ആയിട്ടുള്ളൊരു കാര്യമാണ്.മെയ്ബി ആ ലാന്റ്‌ലോഡ്‌സിന് ഈ കേസിലുള്ള ഇൻവോൾവ്‌മെന്റ് മൂലം ഇയാൾ പെട്ടുപോയതായിരിക്കാം. എനിവേ ജയിൽ അധികൃതർ പറയുന്നത് നിങ്ങളല്ലാതെ മറ്റൊരു മലയാളിയും അയാളെ ജയിലിൽ സന്ദർശിച്ചിട്ടില്ല എന്നാണ്.മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞാൻ റാവുത്തറെ കണ്ടിരുന്നു.അയാൾ ഞങ്ങളോട് പറഞ്ഞത് അയാൾക്ക് നാട്ടിൽ പത്ത് സെന്റ് പുരയിടവും നാല് കറവപശുക്കളും ഉണ്ടെന്നാണ്.ജയിലിൽ വച്ച് താൻ മരിക്കുകയാണെങ്കിൽ മേൽപ്പറഞ്ഞ വസ്തുവകകൾ നിങ്ങളുടെ പേരിൽ നൽകാനാണ് അയാൾ താൽപര്യപ്പെട്ടിരുന്നത്.ഇപ്പോൾ റാവുത്തർ മരിച്ച സ്ഥിതിക്ക് പ്രൊപ്പർട്ടി കൈമാറ്റം ചെയ്യുന്നതിന് മറ്റു നിയമപ്രശ്‌നങ്ങളൊന്നുമില്ല.രജിസ്റ്റർ ഓഫീസിൽ ചില ഫോർമാലിറ്റീസ് ഉണ്ട് താങ്കൾക്ക് സൗകര്യമുള്ള ഒരു ദിവസം പറഞ്ഞാൽ എനിക്ക് കാര്യങ്ങൾ മുന്നോട്ടു നീക്കമായിരുന്നു.പിന്നെ.. റാവുത്തർ പറഞ്ഞത് അയാളുടെ പശുക്കൾ നിങ്ങളുടെ സംരക്ഷണയിലാണുള്ളതെന്നാണ്.അവ ഇപ്പോഴും ജീവനോടെ ഉണ്ടെങ്കിൽ അറക്കാൻ കൊടുക്കരുതെന്ന് അയാൾ നിങ്ങളോട് അപേക്ഷിച്ചതായി പറയാൻ പറഞ്ഞു.അത് കാര്യമാക്കണ്ട അവസാനകാലത്ത് അയാൾക്ക് ചില്ലറ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.'

സതീശൻ കുറച്ചു നേരം നിശബ്ദനായി കസേരയുടെ കൈകളിൽ കൈയ്യമർത്തി ഇരുന്നു.പിന്നെ എഴുന്നേൽക്കണോ വേണ്ടയോ എന്ന ഭാവത്തിൽ ഒന്നു രണ്ടുവട്ടം കസേരയിൽ ഇരുന്നിളകി. ഇടറുന്ന സ്വരത്തിൽ സതീശൻ പറഞ്ഞു.

"ഇന്ന് കുറച്ച് തെരക്ക്ള്ള ദെവസാന്ന്.ഇങ്ങടെ നമ്പർ തര്വോ. ഞാൻ ബിളിക്കാ..'

"ഓകെ മിസ്റ്റർ സതീശൻ.ഞാനിവിടെ കണ്ണൂരിൽ തന്നെയുണ്ടാവും.ഇതാണെന്റെ കാഡ്. നിങ്ങൾ ഫ്രീയാവുമ്പോൾ വിളിക്കു.അപ്പോൾ ഞാനിറങ്ങട്ടേ..?'

"അല്ല ഒര് കാര്യം.. പേരെനക്കറിയൂല..'

"അഡ്വക്കറ്റ്. ഗിരീഷ് സത്യനാരായണൻ.എന്താ സതീശൻ പറയു..'
"മരിച്ചിട്ട് റാവുത്തരുടെ ബോഡി എന്താ ചെയ്‌തേ..?''

"സോറി.. മിസ്റ്റർ സതീശൻ റാവുത്തർക്ക് മറ്റു ബന്ധുക്കൾ ആരും ഇല്ലാത്തതു കൊണ്ട് ബോഡി ക്രിമേഷൻ ഒക്കെ ജയിൽ അധികൃതർ നേരിട്ടാണ് നടത്തിയത്.സോ റിലീജിയസ് റിച്ച്വൽസ് ഒന്നും ഫോളോ ചെയ്തിട്ടുണ്ടാവാൻ സാധ്യതയില്ല.നിങ്ങൾക്കറിയാമല്ലോ അവരുടെ കണ്ണിൽ മരണപ്പെട്ടത് ശത്രുരാജ്യത്തിന് വേണ്ടി പണിയെടുത്ത ഒരു രാജ്യദ്രോഹിയാണ്.'
സതീശൻ ദീർഘമായി ഒന്നു നിശ്വസിച്ചു.ഗിരീഷ് സത്യനാരായണൻ യാത്ര പറഞ്ഞ് ഇറങ്ങിപ്പോയി.സതീശന് പിറകിൽ നിന്ന നായിക് ഭാസ്‌കരന്റെ മുഖപേശികൾ വലിഞ്ഞു മുറുകിയിരുന്നു.അയാൾ ചാരുകസേരക്കരികിലായി മുട്ടു കുത്തിയിരുന്നു.കുറേ നേരത്തെ നിശബ്ദതക്ക് ശേഷം ഭാസ്‌കരൻ സംസാരിച്ചു.

"സതീശാ... എനക്കൊരു ബിഷ്യം പറയാന്ണ്ട്.നെന്നോടെങ്കിലും പറയണം.പറയാതെ എനക്കിനി ആവൂല..'

അയാൾ കസേരക്കൈയോട് മുഖം ചേർത്ത് ഒരു കുഞ്ഞിനെ പോലെ ഏങ്ങി കരയാൻ തുടങ്ങി.

"ഭാസ്‌കരാ.. എന്ത്ന്നാടാ ഇത് പിള്ളറെ പോലെ.'

സതീശൻ മുഖം പൊത്തിക്കരയുന്ന ഭാസ്‌കരനെ കുലുക്കി വിളിച്ചു.ഭാസ്‌കരൻ നനഞ്ഞു കുതിർന്ന കണ്ണുകൾ തുടച്ച് സതീശനെ നോക്കി.

"കളരീല് അന്നാ തോക്ക് കുഴിച്ചിട്ടത് ഞാനാന്ന്.പോലീസ് അന്നെ പിടിക്കാതിരിക്കാൻ വേണ്ടിട്ടാണ് ഞാൻ പാർട്ടീല് കൂടിയത്.ആ റാവുത്തരെ പോലീസ് കൊണ്ടോയപ്പൊ ഞാൻ മിണ്ടിയില്ല അനക്ക് പേടിയായി.ഇത് നോക്കറോ..'

അയാൾ അരയിലെ ചരടുപൊട്ടിച്ചെടുത്ത് അതിനറ്റത്ത് ഞാത്തിയിട്ട ഏലസ് പോലുള്ളൊരു വസ്തു ഉയർത്തി കാട്ടി.

"അന്ന് പോലീസുകാർക്ക് കിട്ടാതെ പോയ തിരയാന്നിത് ഞാനാന്നത് ചെയ്തത് സതീശാ..'

അയാൾ ഏങ്ങലടിച്ചു കരഞ്ഞു.സതീശൻ ഒന്നും മിണ്ടിയില്ല.അയാൾ ഇളക്കമില്ലാതെ, ചാരുകസേരയിൽ മാളികമുറിയുടെ അട്ടം നോക്കി കിടന്നു.

നായിക് ഭാസ്‌കരൻ തന്റെ വില്ലീസ് ജീപ്പിൽ ചുരമിറങ്ങുകയായിരുന്നു.താഴെ പോലീസ് സ്റ്റേഷനാണ് അയാളുടെ ലക്ഷ്യം.നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. കളിയാരവത്തിൽ മുങ്ങി പോയ പൊയിലോത്ത് ദേശം ഏറെ മുകളിലാണ്.ചുരത്തിലേക്ക് കോടയിറങ്ങി തുടങ്ങുന്നു.ഈ കാലത്ത് പക്ഷെ അത് പതിവില്ലാത്തതാണ്.അയാൾ ഹെഡ്‌ലൈറ്റ് ബ്രൈറ്റ് ചെയ്ത് ഗിയർ ഡൗൺ ചെയ്തു.പുതുതായി ഫിറ്റ് ചെയ്ത സിസ്റ്റത്തിൽ എഫ്.എം പ്രക്ഷേപണം തുടങ്ങി.ആർ.ജെ വൈശാഖിന്റെ വർത്തമാനത്തിനിടയിൽ വിളിച്ച ഏതോ പ്രേഷകൻ ഒരു പഴയ ഹിന്ദി മെലഡി ആവശ്യപ്പെട്ടു.കിഷോർ കുമാറും ആഷാ ബോസ്ലേയും ചേർന്ന് ആലപിച്ച ഗാനം.ആ സംഗീതത്തിന്റെ വശ്യസൗന്ദര്യത്തിൽ ലയിച്ച് പതുക്കെ ചുരമിറങ്ങിയ ജീപ്പിനു മുന്നിലേക്ക് ഒരാൾ കൈ കാണിച്ചു.മുൻ ഇന്ത്യൻ ഇന്റർനാഷണൽ ടോണി സെബാസ്റ്റ്യൻ! ▮

​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments